പതിമൂന്ന് മന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തി യു ഡി എഫ് മന്ത്രിസഭ വികസിപ്പിക്കുമ്പോള്‍ അഴിമതി വിരുദ്ധ മന്ത്രിസഭ എന്ന യു ഡി എഫ് വാഗ്ദാനം പാഴ്‌വാക്കായി മാറുകയാണ്. ഇരുപതംഗ മന്ത്രിസഭയില്‍ എട്ടുപേര്‍ പുതുമുഖങ്ങളായിട്ടും അരഡസനോളം വരുന്ന മുന്‍മന്ത്രിമാര്‍ അഴിമതിയുമായി ബന്ധപ്പെട്ട ദുര്‍ഗന്ധം പേറുന്നവരാണ്. അഴിമതി, സ്ത്രീപീഡന കേസുകളില്‍പ്പെട്ടവരെ മന്ത്രിസഭയിലേക്ക് പരിഗണിക്കരുതെന്ന പൊതുസമൂഹത്തിന്റെ ആഗ്രഹമാണ് ഇവിടെ ചവിട്ടിമെതിക്കപ്പെട്ടിരിക്കുന്നത്. ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിസഭയുടെ ഭാഗമാകുന്ന അടൂര്‍ പ്രകാശ്, ഡോ. എം കെ മുനീര്‍, പി ജെ ജോസഫ് തുടങ്ങിയ മുന്‍മന്ത്രിമാര്‍ അഴിമതി കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നേരിട്ടവരോ നേരിടുന്നവരോ ആണ്.
കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരില്‍ ഭക്ഷ്യമന്ത്രിയായിരുന്ന അടൂര്‍ പ്രകാശിന് മന്ത്രിപദത്തിലേക്ക് വഴിയൊരുക്കാന്‍ അദ്ദേഹത്തിനെതിരെയുള്ള അഴിമതിക്കേസ് അട്ടിമറിക്കുന്നതിനായി പുനരന്വേഷണത്തിന് ഉത്തരവിടുന്ന തീരുമാനമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സ്വീകരിച്ചത്. റേഷന്‍ മൊത്തവ്യാപാര ഡിപ്പോ അനുവദിക്കുന്നതിന് കെ പി സി സി എക്‌സിക്യൂട്ടീവ് അംഗമായിരുന്ന എന്‍ കെ അബ്ദുറഹ്മാനോട് മന്ത്രിയായിരുന്ന അടൂര്‍ പ്രകാശ് 25 ലക്ഷം രൂപ കോഴ ചോദിച്ചുവെന്നാണ് കേസ്. കോഴ നല്‍കാത്തതിനാല്‍ റഹ്മാന് ലൈസന്‍സ് നിഷേധിക്കുകയായിരുന്നു. അടൂര്‍ പ്രകാശിനും പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വി രാജുവിനുമെതിരെ അബ്ദുറഹ്മാന്‍ മൊഴിനല്‍കിയതിനെ തുടര്‍ന്ന് കോഴിക്കോട് വിജിലന്‍സ് കോടതിയില്‍കേസ് രജിസ്റ്റര്‍ ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചു. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ഉടന്‍ ഈ കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. കോടതിയുടെ പരിഗണനയിലുള്ള കേസായതിനാല്‍ കോടതിയുടെ സമ്മതത്തോടെ മാത്രമേ പുനരന്വേഷണം നടത്താനാകൂ എന്ന നിയമവ്യവസ്ഥ കണക്കിലെടുക്കാതെയാണ് ഇപ്പോള്‍ പുനരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ഡോ. എം കെ മുനീറും വിജിലന്‍സ് അന്വേഷണം നേരിടുകയാണ്. പൊതുമരാമത്ത് പ്രവൃത്തികളുടെ മറവില്‍ ആയിരം കോടിയോളം രൂപയുടെ നഷ്ടം പൊതു ഖജനാവിനുണ്ടാക്കിയെന്നാണ് മുനീറിനെതിരെയുള്ള ആരോപണം. കെ എസ് ടി പി പദ്ധതിയിലെ അഴിമതികളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടന്നുവരികയാണ്. മഞ്ചേരി റോഡ്‌സ് ഡിവിഷനില്‍ നടന്ന 94 കോടി രൂപയുടെ 32 വര്‍ക്കുകളെക്കുറിച്ചും അന്വേഷണം നടക്കുന്നു. കടമായി വാങ്ങിയ 20 ലക്ഷം രൂപ തിരികെ നല്‍കാതിരുന്നതിനെത്തുടര്‍ന്ന് പി ഡബ്ല്യൂ ഡി കോണ്‍ട്രാക്ടര്‍ എ ഇബ്രാഹിംകുട്ടി കോടതിയില്‍ കേസ് ഫയല്‍ചെയ്തു. ഇതടക്കം പലരില്‍നിന്നായി പണം വാങ്ങിയതിനും മുനീറിന്റെ പേരില്‍ കേസുണ്ട്. സംസ്ഥാന സഹകരണബാങ്കില്‍നിന്ന് ഇന്ത്യാവിഷന്റെ പേരില്‍ എടുത്ത മൂന്ന് കോടി രൂപ വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരിലും വിജിലന്‍സ് അന്വേഷണം നടന്നുവരികയാണ്.
മുന്‍ മന്ത്രി പി ജെ ജോസഫിനെതിരെ തലസ്ഥാന റോഡ് വികസന പദ്ധതിയിലെ ക്രമക്കേട്, പുഷ്പകൃഷിയിലെ അഴിമതി, വിമാനയാത്രാ വിവാദം എന്നിവയാണ് നിലവിലുള്ളത്. ഇതിനു പുറമെ കഴിഞ്ഞ ദിവസം മറ്റൊരു പീഡനക്കേസ് കൂടി അദ്ദേഹത്തിനെതിരെ തൊടുപുഴ മജിസ്‌ട്രേറ്റ് കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. പുഷ്പകൃഷിയില്‍ ഏകദേശം 25 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായാണ് ആരോപിക്കപ്പെടുന്നത്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഫ്‌ലോറികള്‍ച്ചറിസ്റ്റസിന് (എഫ് ഐ എഫ്) അനുവദിച്ച ഫണ്ട് വിനിയോഗിച്ചതില്‍ ക്രമക്കേടുണ്ടെന്ന് ആരോപണമാണ് പ്രസിഡന്റായിരുന്ന ജോസഫിനെതിരെയുള്ളത്. ഫണ്ട് ഉപയോഗത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് 2003 ഡിസംബറിലാണ് വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. കേസില്‍ എഫ് ഐ എഫിനായി 45 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നാണ് പരാതിക്കാര്‍ സൂചിപ്പിച്ചത്. വ്യാപാരാടിസ്ഥാനത്തില്‍ പുഷ്പകൃഷി നടത്തുന്നതിനായി 1995ല്‍ 201 ലക്ഷം രൂപയുടെ പദ്ധിതിയാണ് എഫ് ഐ എഫിന് സര്‍ക്കാര്‍ അനുവദിച്ചത്. ഇതില്‍ 45 ലക്ഷം രൂപ മൂന്ന് തവണകളായി നല്‍കിയിട്ടുമുണ്ട്. എന്നാല്‍ 25 ലക്ഷം രൂപയുടെ കണക്കുമാത്രമേ ഫെഡറേഷന്‍ സര്‍ക്കാറിന് നല്‍കിയിട്ടുള്ളു. പല തവണ ആവശ്യപ്പെട്ടിട്ടും ബാക്കി 20 ലക്ഷത്തിന്റെ കണക്ക് ഫെഡറേഷന്‍ ഭാരവാഹികള്‍ സര്‍ക്കാറിനെ ബോധിപ്പിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് പത്രികയോട് അനുബന്ധിച്ച് പി ജെ ജോസഫ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സര്‍ക്കാരിന് നഷ്ടപ്പെട്ട 24,92,158 രൂപ തിരിച്ചടയ്ക്കാനുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. തലസ്ഥാന റോഡ് വികസന പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ടും അന്വേഷണം നീളുന്നത് പി ജെ ജോസഫിനും മോന്‍സ് ജോസഫിനുമെതിരെയാണ്. കരാറെടുത്ത കമ്പനിക്ക് 125 കോടി രൂപ നഷ്ടപരിഹാരം നല്‍കിയതിലൂടെ സര്‍ക്കാരിന്് വന്‍നഷ്ടം ഉണ്ടാക്കിയെന്നാണ് ആരോപണം. ഇതു സംബന്ധിച്ച് വിജിലന്‍സിനെക്കൊണ്ട് അന്വേഷണം നടത്താന്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഉത്തരവ് പുറത്തിറക്കാതെ പുതിയ സര്‍ക്കാര്‍ഇത് അട്ടിമറിക്കുകയായിരുന്നു. പി കെ കുഞ്ഞാലിക്കുട്ടി, കെ എം മാണി, ടി എം ജേക്കബ് തുടങ്ങിയവരുടെ പേരിലും വിവിധ അഴിമതി ആരോപണങ്ങള്‍ പലകാലത്തായി ഉയര്‍ന്നുവന്നിട്ടുണ്ട്.
*****
രാജേഷ് വെമ്പായം, ജനയുഗം 230511
പതിമൂന്ന് മന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തി യു ഡി എഫ് മന്ത്രിസഭ വികസിപ്പിക്കുമ്പോള്‍ അഴിമതി വിരുദ്ധ മന്ത്രിസഭ എന്ന യു ഡി എഫ് വാഗ്ദാനം പാഴ്‌വാക്കായി മാറുകയാണ്. ഇരുപതംഗ മന്ത്രിസഭയില്‍ എട്ടുപേര്‍ പുതുമുഖങ്ങളായിട്ടും അരഡസനോളം വരുന്ന മുന്‍മന്ത്രിമാര്‍ അഴിമതിയുമായി ബന്ധപ്പെട്ട ദുര്‍ഗന്ധം പേറുന്നവരാണ്. അഴിമതി, സ്ത്രീപീഡന കേസുകളില്‍പ്പെട്ടവരെ മന്ത്രിസഭയിലേക്ക് പരിഗണിക്കരുതെന്ന പൊതുസമൂഹത്തിന്റെ ആഗ്രഹമാണ് ഇവിടെ ചവിട്ടിമെതിക്കപ്പെട്ടിരിക്കുന്നത്. ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിസഭയുടെ ഭാഗമാകുന്ന അടൂര്‍ പ്രകാശ്, ഡോ. എം കെ മുനീര്‍, പി ജെ ജോസഫ് തുടങ്ങിയ മുന്‍മന്ത്രിമാര്‍ അഴിമതി കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നേരിട്ടവരോ നേരിടുന്നവരോ ആണ്.
ReplyDelete