അധികാരക്കൊതി ചില മനുഷ്യരെ അതികഠിനമായ ലഹരിപോലെ വേട്ടയാടും. ആ ലഹരിയില്‍ ചിലര്‍ ഉന്മാദാവസ്ഥയിലെത്തും. മറ്റുചിലര്‍ അന്നേവരെ പറഞ്ഞും പാടിയും നടന്നത് പാടേ തള്ളിക്കളഞ്ഞ്, അതുവരെയുണ്ടായിരുന്ന തന്നെ തന്നെ മറന്ന്, പാമ്പ് തൊലിയുരിയുന്നതുപോലെ വ്യക്തിത്വം ഉപേക്ഷിച്ച് സ്വയം അവഹേളിതനായി അന്നേവരെ എതിര്‍ത്തിരുന്നവരുടെ തിണ്ണ നിരങ്ങാന്‍ തുടങ്ങും. അത്തരത്തില്‍പെട്ട ഒരാളായി തീര്‍ന്നിരിക്കുന്നു ഇന്നലെ മുസ്‌ലീം ലീഗില്‍ അംഗത്വം സ്വീകരിച്ച എം റഹ്മത്തുള്ള. അധികാര മോഹത്താല്‍ ഉന്മാദാവസ്ഥയില്‍ എത്തിപ്പെടുന്നവര്‍ ഒരിക്കലും ജനങ്ങള്‍ എന്തു ചിന്തിക്കും എങ്ങനെ പ്രതികരിക്കും എന്നൊന്നും ആലോചിക്കുകയില്ലെന്ന് തീര്‍ച്ചയാണല്ലോ?
സി പി ഐ വിട്ട് മുസ്‌ലീം ലീഗില്‍ ചേരാന്‍ തീരുമാനിച്ചതിന് കാരണമായി പത്രസമ്മേളനത്തില്‍ റഹ്മത്തുള്ള പറഞ്ഞ കാര്യങ്ങള്‍ ആരെയും കുലുങ്ങികുലുങ്ങി ചിരിക്കുവാന്‍ നിര്‍ബന്ധിതമാക്കുന്ന വമ്പന്‍ ഫലിതങ്ങളാണ്. വര്‍ഗ്ഗ സമരംപോലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പ്രധാനപ്പെട്ടതാണ് സാമൂഹ്യസമത്വമെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അതു ചെയ്യുന്നില്ലെന്നും മതന്യൂനപക്ഷത്തെ-പ്രത്യേകിച്ച് മുസ്‌ലീം സമുദായത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തുടര്‍ച്ചയായി അവഗണിക്കുന്നുവെന്നും ഒറ്റ രാത്രി ഇരുട്ടി വെളുത്തപ്പോള്‍ റഹ്മത്തുള്ളയ്ക്ക് ബോധ്യമായിപോല്‍. പി എസ് സി അംഗങ്ങളെ നിശ്ചയിച്ചപ്പോള്‍ സി പി ഐ മുസ്‌ലീങ്ങളെ പരിഗണിക്കാത്തതിലും നിയമസഭ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കാത്തതിലും കനത്ത കുണ്ഠിതമുണ്ടായതുകൊണ്ട് സി പി ഐയില്‍ നിന്ന് രാജിവയ്ക്കുന്നുവെന്നാണ് ഈ 'റെഡിമെയ്ഡ് സമുദായ സ്‌നേഹി'യുടെ വെളിപ്പെടുത്തല്‍.
സി പി ഐ മതന്യൂനപക്ഷങ്ങളെ അവഗണിക്കുന്നുവെന്ന് മനസ്സിലാക്കാന്‍ അദ്ദേഹം തന്നെ പറഞ്ഞതുപോലെ 38 വര്‍ഷക്കാലത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനം റഹ്മത്തുള്ളയ്ക്ക് വേണ്ടി വന്നത് തീര്‍ത്തും കഷ്ടം തന്നെ. ഇത്രയും വലിയ സമുദായ സ്‌നേഹി, മതന്യൂനപക്ഷ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപിടിക്കുവാന്‍ വെമ്പുന്ന ഒരാള്‍ക്ക് ഇങ്ങനെയൊരു കൊടിയ സത്യം പിടികിട്ടുവാന്‍ ഇത്ര ദീര്‍ഘകാലം വേണ്ടി വന്നത് ആശ്ചര്യകരമാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിച്ചവര്‍ക്കെല്ലാം പറഞ്ഞതെല്ലാം കല്ലുവെച്ച നുണയാണെന്നും അധികാരക്കൊതിയാണ് ഈ അഞ്ചാം പത്തി പണിയ്ക്ക് പ്രേരിപ്പിച്ചതെന്നും ബോധ്യപ്പെടും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രവും വിട്ടുവീഴ്ചയില്ലാതെ തുടരുന്ന നിലപാടുകളും അറിയുന്നവരാകെ ഈ രാഷ്ട്രീയ വഞ്ചകന്റെ വാചാടോപ കസര്‍ത്തിനെ പുച്ഛിച്ചു തള്ളുകയും ചെയ്യും.
കമ്മ്യൂണിസ്റ്റുകാരനാവുക എന്നതിന്റെ അര്‍ഥം നല്ല മനുഷ്യനാവുക എന്നതുകൂടിയാണ്. കമ്മ്യൂണസ്റ്റുകാരനും നല്ല മനുഷ്യനുമായാല്‍ പിന്നെ സദാസമയം തന്റെ സമുദായത്തെക്കുറിച്ചും മതത്തെക്കുറിച്ചും ചിന്തിച്ചു നടക്കാന്‍ കഴിയില്ല. എല്ലാ മനുഷ്യരും മനുഷ്യരാണെന്ന ചിന്തയായിരിക്കും കമ്മ്യൂണിസ്റ്റുകാരെ നയിക്കുക. എന്നാല്‍ റഹ്മത്തുള്ളയുടെ ഇപ്പോഴത്തെ വാക്കുകള്‍ വ്യക്തമാക്കുന്നത് അദ്ദേഹം ഒരു കമ്മ്യൂണിസ്റ്റുകാരനായി രൂപപ്പെടാതെ കമ്മ്യൂണിസ്റ്റാണെന്ന് നടിച്ചു കഴിയുകയായിരുന്നുവെന്നാണ്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുസ്‌ലീം മതന്യൂനപക്ഷത്തെ വിശേഷിച്ചും ന്യൂനപക്ഷങ്ങളെ പൊതുവിലും അവഗണിക്കുന്നുവെന്ന റഹ്മത്തുള്ളയുടെ പ്രസ്താവന സ്വന്തം അനുഭവങ്ങളെയും തനിക്കു കിട്ടിയ അവസരങ്ങളെയും മനപൂര്‍വം മറന്നുകൊണ്ടുള്ളതാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന എക്‌സിക്യുട്ടീവിലും ദേശീയ കൗണ്‍സിലിലും പ്രവര്‍ത്തിക്കുവാന്‍ അവസരം കൈവന്ന റഹ്മത്തുള്ള ന്യൂനപക്ഷ അവഗണനയെക്കുറിച്ച് പറയുന്നത് ആത്മവഞ്ചന കൂടിയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം സി പി ഐ പ്രതിനിധിയായി ഭവന നിര്‍മാണ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം വഹിച്ചതും നിയമസഭയിലും ലോക്‌സഭയിലും മത്സരിക്കാന്‍ പലവട്ടം പാര്‍ട്ടി അവസരം നല്‍കിയതും സി പി ഐയുടെ മുസ്‌ലീം അവഗണനകൊണ്ടായിരുന്നുവോ?
പി എസ് സി അംഗത്വം മുസ്‌ലീങ്ങള്‍ക്ക് നല്‍കാതെ സി പി ഐ അവഹേളിച്ചു എന്ന ആക്ഷേപവും വസ്തുതാവിരുദ്ധമാണ്. തനിക്കോ തന്റെ കുടുംബാംഗങ്ങള്‍ക്കോ പി എസ് സി അംഗത്വം ലഭിച്ചില്ലെങ്കില്‍ അതാണ് അദ്ദേഹത്തിന്റെ ഭാഷയില്‍ മുസ്‌ലീം അവഗണന. ഇ പി മുഹമ്മദലി, എം നസീര്‍, അയിഷാ ബീവി എന്നിവരെല്ലാം സി പി ഐ പ്രതിനിധികളായി പി എസ് സി അംഗങ്ങളായിരുന്നത് ഏറെ മുമ്പായിരുന്നില്ല. അവരാരും അവരുടെ മതത്തിന്റെ പേരില്‍ നിയോഗിക്കപ്പെട്ടവരല്ല. പാരമ്പര്യത്തിന്റെയും സംശുദ്ധ ജീവിതത്തിന്റെയും പ്രവര്‍ത്തന വൈഭവത്തിന്റയും അടിസ്ഥാനത്തിലാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓരോ ഘട്ടത്തിലും ഓരോരോ തലങ്ങളിലേക്ക് വ്യക്തികളെ പരിഗണിക്കുന്നതിന്റെ മുഖ്യമാനദണ്ഡം മതവും ജാതിയുമാണെന്ന് വിവേകമുള്ളവരാരും കരുതുകയില്ല.
മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നതും പോരാടുന്നതും കമ്മ്യൂണിസ്റ്റുകാരാണെന്ന് ജനങ്ങള്‍ക്ക് അനുഭവങ്ങളിലൂടെ ബോധ്യപ്പെട്ടിട്ടുള്ളതാണ്. വര്‍ഗീയ ഫാസിസ്റ്റുകളുടെ ന്യൂനപക്ഷ പീഡനത്തിനും ഭീകരതയ്ക്കുമെതിരെ അടിയുറച്ച സമീപനമാണ് എക്കാലവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേത്. ഗുജറാത്തിലെ വംശഹത്യാ പരീക്ഷണ കാലത്തും വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ അരങ്ങേറിയപ്പോഴും കന്യാസ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടപ്പോഴും മിഷണറി ചുട്ടുകൊല്ലപ്പെട്ടപ്പോഴും മാറാടുകള്‍ ഉണ്ടാവുകയും ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവര്‍ അഭയാര്‍ഥികളായി മാറ്റപ്പെട്ടപ്പോഴും മതന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി ശബ്ദിച്ചതിലും ആശയ സമരം നയിക്കുന്നതിലും മുന്നില്‍ നിന്നത് കമ്മ്യൂണിസ്റ്റുകാരാണെന്ന് ജനങ്ങള്‍ക്കറിയാം. അധികാര രാഷ്ട്രീയം സംരക്ഷിക്കുന്നതിനായി നിസംഗ സമീപനം പുലര്‍ത്തുകയും ബാബ്‌റി മസ്ജിദ് തകര്‍ക്കാന്‍ കൂട്ടുനിന്ന ശക്തികള്‍ക്കൊപ്പം നിലയുറപ്പിക്കുകയും കോണ്‍ഗ്രസ്-ലീഗ്-ബി ജെ പി സഖ്യത്തില്‍ മുഖ്യ പങ്കാളിയാവുകയും ചെയ്തവരുടെ കൂടാരമാണ് ന്യൂനപക്ഷ സംരക്ഷകരുടെ ഏകതാവളം എന്ന റഹ്മത്തുള്ളയുടെ മൗഢ്യം വിവേകമുള്ളവര്‍ പുച്ഛിച്ചു തള്ളും.
പാര്‍ട്ടിയില്‍ നിന്നുകൊണ്ടു തന്നെ പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരെ നിലപാട് സ്വീകരിച്ചതിന് കടുത്ത ശിക്ഷണ നടപടികള്‍ക്ക് വിധേയനാകേണ്ടിവരുമെന്ന് ഉറപ്പായ ഘട്ടത്തില്‍ ഇന്നലെ വരെ താന്‍ പരസ്യമായി എതിര്‍ത്തു പോന്നിരുന്നവരുടെ പടിക്കല്‍ ചെന്ന് അഭയാര്‍ഥിയെപോലെ നില്‍ക്കുന്ന ഒരാള്‍ ന്യൂനപക്ഷ പ്രേമം വിളമ്പുമ്പോള്‍ രാഷ്ട്രീയ സത്യസന്ധതയില്ലായ്മയും നിലവാരമില്ലായ്മയുമാണ് വെളിപ്പെടുന്നത്.
റഹ്മത്തുള്ളയെ പോലുള്ള രാഷ്ട്രീയ വഞ്ചകര്‍ സ്ഥാപിത താല്‍പര്യ സംരക്ഷണത്തിനും അധികാരത്തിന്റെ അപ്പകഷണങ്ങള്‍ക്കും വേണ്ടി പാര്‍ട്ടി വിട്ടുപോകുന്നതുകൊണ്ട് പ്രസ്ഥാനത്തിന് ഗുണമല്ലാതെ മറ്റൊന്നും വരാനില്ല. ഇത്തരക്കാരുടെ കൊഴിഞ്ഞുപോക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നേരിയ ഒരു പോറല്‍പോലും ഏല്‍പ്പിക്കുകയില്ലെന്ന് പാര്‍ട്ടി കടന്നുവന്ന വഴികളെയും കാലത്തെയും കുറിച്ചറിയുന്ന ആര്‍ക്കും മനസ്സിലാവുന്നതേയുള്ളു.
*****
വി പി ഉണ്ണികൃഷ്ണന്‍, കടപ്പാട് :ജനയുഗം
കമ്മ്യൂണിസ്റ്റുകാരനാവുക എന്നതിന്റെ അര്‍ഥം നല്ല മനുഷ്യനാവുക എന്നതുകൂടിയാണ്. കമ്മ്യൂണസ്റ്റുകാരനും നല്ല മനുഷ്യനുമായാല്‍ പിന്നെ സദാസമയം തന്റെ സമുദായത്തെക്കുറിച്ചും മതത്തെക്കുറിച്ചും ചിന്തിച്ചു നടക്കാന്‍ കഴിയില്ല. എല്ലാ മനുഷ്യരും മനുഷ്യരാണെന്ന ചിന്തയായിരിക്കും കമ്മ്യൂണിസ്റ്റുകാരെ നയിക്കുക. എന്നാല്‍ റഹ്മത്തുള്ളയുടെ ഇപ്പോഴത്തെ വാക്കുകള്‍ വ്യക്തമാക്കുന്നത് അദ്ദേഹം ഒരു കമ്മ്യൂണിസ്റ്റുകാരനായി രൂപപ്പെടാതെ കമ്മ്യൂണിസ്റ്റാണെന്ന് നടിച്ചു കഴിയുകയായിരുന്നുവെന്നാണ്.
ReplyDelete