മുപ്പതുദിവസം പിന്നിട്ട യു ഡി എഫ് സര്‍ക്കാര്‍ പിന്നിട്ട ദിനങ്ങളില്‍ കൈവരിച്ച നേട്ടങ്ങള്‍ വിശദീകരിച്ചു കൊണ്ടുള്ള പ്രചാരണം ആരംഭിച്ചിരിക്കുകയാണ്. ഒരു വിഭാഗം മാധ്യമങ്ങള്‍ ഈ അവകാശവാദങ്ങള്‍ അതേ പടി അംഗീകരിച്ചുകൊണ്ട് സര്‍ക്കാരിനെ വാനോളം പുകഴ്‌ത്തുകയും സര്‍ക്കാരിനെച്ചൊല്ലി വാചാലരാവുകയും ചെയ്യുന്നുണ്ട്. 30 ദിവസം കൊണ്ട് യു ഡി എഫ് സര്‍ക്കാര്‍ കൈവരിച്ചു എന്ന് അവര്‍ അവകാശപ്പെടുന്ന നേട്ടങ്ങളുടെ ഉള്ളിലേക്കിറങ്ങി പരിശോധിച്ചാല്‍ ഈ അവകാശവാദങ്ങള്‍ വെറും പൊള്ളയും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള പ്രചരണതന്ത്രവും മാത്രമാണെന്ന് കാണാനാകും.
കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിയ പല പദ്ധതികളും മുപ്പതുദിവസത്തെ തങ്ങളുടെ നേട്ടമാണെന്ന് അവകാശപ്പെടാനുള്ള ഉളുപ്പില്ലായ്‌മ സംസ്ഥാന സര്‍ക്കാര്‍ കാണിച്ചിരിക്കുന്നു എന്നത് അത്ഭുതകരമാണ്. മുപ്പതുദിവസത്തെ പ്രധാന നേട്ടമായി സര്‍ക്കാര്‍ അവകാശപ്പെടുന്നത്, കാലവര്‍ഷത്തില്‍ വീട് തകര്‍ന്നവര്‍ക്കുള്ള നഷ്ടപരിഹാരം 35000 രൂപയില്‍ നിന്ന് ഒരുലക്ഷമാക്കി ഉയര്‍ത്തി എന്നതാണ്. ഇതിനു പുറമെ പാമ്പുകടിയേറ്റ് മരിക്കുന്നവര്‍ക്കും ഇടിമിന്നലേറ്റ് മരിക്കുന്നവര്‍ക്കും ഒരുലക്ഷം വീതം നല്‍കാന്‍ തീരുമാനിച്ചതും പ്രധാനനേട്ടമായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അവകാശപ്പെടുന്നു. ഇതു മാത്രം മതി സര്‍ക്കാരിന്റെ അവകാശവാദങ്ങളിലെ പൊള്ളത്തരം മനസ്സിലാക്കാന്‍.
എല്‍ ഡി എഫ് സര്‍ക്കാരാണ് കാലവര്‍ഷത്തില്‍ വീട് തകരുന്നവര്‍ക്കുള്ള നഷ്ടപരിഹാരം 35000 രൂപയില്‍ നിന്ന് ഒരുലക്ഷം രൂപയാക്കിയത്. ഇതിനു പുറമെ ഇടിമിന്നല്‍ കെടുതികളെ കാലവര്‍ഷക്കെടുതികളുടെ പരിധിയില്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടതും എല്‍ ഡി എഫ് സര്‍ക്കാരാണ്. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഇത് നടപ്പാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. പാമ്പുകടിയേറ്റ് മരണപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരമായി ഒരു ലക്ഷം നല്‍കാന്‍ തീരുമാനിച്ചത് എല്‍ ഡി എഫ് സര്‍ക്കാരാണ്. ഈ പ്രഖ്യാപനങ്ങള്‍ നിയമസഭയില്‍ റവന്യൂമന്ത്രി കെ പി രാജേന്ദ്രനും വനംമന്ത്രി ബിനോയ് വിശ്വവും നടത്തുകയും ചെയ്‌തതാണ്. അതെല്ലാം വിസ്‌മരിച്ച് ആ നടപടികളെല്ലാം തങ്ങളുടെ പട്ടികയില്‍ ചേര്‍ക്കാനുള്ള യു ഡി എഫ് സര്‍ക്കാരിന്റെ നീക്കം പരിഹാസ്യമാണ്.
യു ഡി എഫ് സര്‍ക്കാരിന്റെ 30 ദിവസങ്ങള്‍ വിദ്യാഭ്യാസമേഖലയില്‍ സൃഷ്ടിച്ചത് സാര്‍വതിക്രമായ ആശയക്കുഴപ്പവും അരാജകത്വവും മാത്രമാണ്. സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകളും സര്‍ക്കാരും തമ്മില്‍ നടത്തിയ ഒത്തുകളിയുടെ ഭാഗമായി മെഡിക്കല്‍ പ്രവേശനത്തിന് മെറിറ്റ് സീറ്റുകള്‍ പൂര്‍ണമായി ഇല്ലാതായി. 100 ശതമാനം സീറ്റിലും മാനേജ്‌മെന്റുകള്‍ക്ക് സ്വന്തം നിലയില്‍ പ്രവേശനം നല്‍കാനുള്ള അവസരമൊരുക്കിക്കൊടുത്തു എന്നതാണ് 30 ദിവസത്തെ സര്‍ക്കാരിന്റെ പ്രധാന `നേട്ടം'. ഇതിനു പുറമെ നൂറുകണക്കിന് സി ബി എസ് ഇ, ഐ സി എസ് ഇ വിദ്യാലയങ്ങള്‍ക്ക് അനുമതി നല്‍കി പൊതുവിദ്യാഭ്യാസരംഗത്തെ തകര്‍ക്കുന്ന പ്രഖ്യാപനവും ഉണ്ടായത് ഈ 30 ദിവസത്തിനുള്ളിലാണ്. ഇതും തങ്ങളുടെ നേട്ടമാണെന്ന് യു ഡി എഫ് സര്‍ക്കാര്‍ അവകാശപ്പെടുന്നു.
മലയാളഭാഷ ഒന്നാംഭാഷയാക്കുന്നതിനു തീരുമാനിച്ചുവെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്ന മറ്റൊരു നേട്ടം. എല്‍ ഡി എഫ് സര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഈ വര്‍ഷം മുതല്‍ നടപ്പാക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ആ തീരുമാനം യു ഡി എഫ് സര്‍ക്കാര്‍ അട്ടിമറിക്കുകയാണുണ്ടായത്. ഈ അധ്യയനവര്‍ഷം മലയാളം ഒന്നാംഭാഷയാക്കാനുള്ള ഒരു തയാറെടുപ്പും നടത്തിയിട്ടില്ല. ഈ വര്‍ഷം ആ തീരുമാനം നടപ്പാകില്ലെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. പ്ലസ്‌ടു സീറ്റുകള്‍ 20 ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത് വലിയ നേട്ടമായി സര്‍ക്കാര്‍ പറയുന്നു. ഇത് എല്ലാ അധ്യയനവര്‍ഷവും സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന സാധാരണ നടപടിക്രമം മാത്രമാണ്.
ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്ന കാര്യത്തില്‍ രാജ്യത്തിനാകെ മാതൃകയായിരുന്നു എല്‍ ഡി എഫ് സര്‍ക്കാര്‍. 26,000 ഏക്കറോളം ഭൂമി എല്‍ ഡി എഫ് സര്‍ക്കാര്‍ വിതരണം ചെയ്‌തിരുന്നു. 6000-ല്‍പ്പരം ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമിവിതരണത്തിനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ചാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരം വിട്ടുപോകുന്നത്. ഈ ഭൂമി വിതരണം ചെയ്യാനുള്ള നടപടി സ്വീകരിച്ചുവെന്നത് മറ്റൊരു വലിയ നേട്ടമായി യു ഡി എഫ് കൊട്ടിഘോഷിക്കുന്നു. കാലാവധി തീര്‍ന്ന പി എസ് സി റാങ്ക്‌ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ തീരുമാനിച്ചതും നേട്ടമായി യു ഡി എഫ് അവകാശപ്പെടുന്നു. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ആരംഭിച്ചതു മുതല്‍ നിയമനപ്രക്രിയ തടസപ്പെട്ട മൂന്നുമാസത്തെ കാലാവധി മാത്രമാണ് റാങ്ക്‌ലിസ്റ്റുകള്‍ക്ക് നീട്ടി നല്‍കിയിരിക്കുന്നത്. ഇതാകട്ടെ പി എസ് സിയുടെ ഒരു സ്വാഭാവിക നടപടിക്രമം മാത്രമാണ്.
കണമല, പുല്ലുമേട് ദുരന്തത്തില്‍പ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരം എല്‍ ഡി എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അതും 30 ദിവസത്തെ നേട്ടമായി ഉമ്മന്‍ചാണ്ടി അവകാശപ്പെടുന്നുണ്ട്. എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിയ ചെങ്ങറ പാക്കേജിലെ പോരായ്‌മകള്‍ കണ്ടെത്തി പരിഹരിക്കുമെന്നും കുട്ടനാട് പാക്കേജ് നടപ്പാക്കുമെന്നുമുള്ള കേവലമായ പ്രഖ്യാപനങ്ങളാണ് 30 ദിവസത്തെ നേട്ടങ്ങളെന്ന പേരില്‍ സര്‍ക്കാര്‍ അവതരിപ്പിച്ചത്. കൊച്ചി മെട്രോ പദ്ധതി നടപ്പാക്കാന്‍ പുതിയ മാതൃക സ്വീകരിക്കുമെന്നുള്ള പ്രഖ്യാപനവും നടത്തിയിട്ടുണ്ട്. ഇവയെല്ലാം കേവലം പ്രഖ്യാപനങ്ങള്‍ മാത്രമാണ്; 30 ദിവസത്തിനുള്ളില്‍ നടപ്പാക്കിയ പദ്ധതികളല്ല. എന്നിട്ടും `അതിവേഗത്തിന്റെ 30 ദിനങ്ങള്‍' എന്ന പേരില്‍ ഇവയും നേട്ടങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നു. നടപ്പാക്കിയെന്നു അവകാശപ്പെടുന്ന പദ്ധതികള്‍ ഒന്നും തന്നെയില്ലെന്നു പറയാം.
കേരളത്തിലെ സാധാരണ ജനങ്ങള്‍ നേരിടുന്ന വിലക്കയറ്റം പരിഹരിക്കാന്‍ 30 ദിവസത്തിനുള്ളില്‍ ഒരു നടപടിയും സ്വീകരിച്ചതായി സര്‍ക്കാര്‍ അവകാശപ്പെടുന്നില്ല. മാത്രമല്ല, പാല്‍വില വര്‍ധിപ്പിക്കുമെന്ന് മന്ത്രി പ്രഖ്യാപിക്കുകയും ചെയ്‌തു. ഇതു സംബന്ധിച്ച് മില്‍മയും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള കേസ് കോടതിയിലിരിക്കുമ്പോഴാണ് സര്‍ക്കാര്‍ വിലവര്‍ധനവിനെ അനുകൂലിച്ചത്. വൈദ്യുതിച്ചാര്‍ജ് വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനം വൈദ്യുതിമന്ത്രിയും നടത്തിക്കഴിഞ്ഞു.
30 ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ ജീവനക്കാരെ മാനദണ്ഡമില്ലാതെ സ്ഥലംമാറ്റുകയും പ്രധാന തസ്‌തികകളില്‍ ഇഷ്ടക്കാരെ തിരുകിക്കയറ്റുകയും ചെയ്‌തുവെന്ന് ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിനെ നിയമിക്കുന്നതില്‍ അഴിമതി നടക്കുന്നുവെന്ന ആക്ഷേപവും 30 ദിവസത്തിനുള്ളില്‍ സര്‍ക്കാരിനു കേള്‍ക്കേണ്ടി വന്നു.
ട്രോളിംഗ് നിരോധനം ആരംഭിച്ചു ദിവസങ്ങള്‍ പിന്നിട്ടിട്ടും മത്സ്യത്തൊഴിലാളിക്ക് എല്‍ ഡി എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച 3000 രൂപയുടെ സഹായധനം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇതുവരെയും നല്‍കാന്‍ തയാറായിട്ടില്ല. കാലവര്‍ഷം ആരംഭിച്ചതോടെ റോഡുകള്‍ പലതും തകര്‍ന്നു. അത് പുനരുദ്ധരിക്കാന്‍ ഒരു മാസമായിട്ടും ഒരു നടപടിയും സര്‍ക്കാര്‍ ഭാഗത്തു നിന്നുണ്ടായിട്ടില്ല. മൂന്നാറില്‍ ഭൂമികൈയേറ്റം സന്ദര്‍ശിക്കാന്‍ പോയ റവന്യൂമന്ത്രി കോണ്‍ഗ്രസ് നേതാക്കളുടെ കൈയേറ്റസ്ഥലങ്ങള്‍ സന്ദര്‍ശിക്കാതെ മടങ്ങിയതും വാര്‍ത്തയായിരുന്നു.
രാഷ്ട്രീയമായ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി ചില വിജിലന്‍സ് അന്വേഷണങ്ങള്‍ പ്രഖ്യാപിച്ചത് അഴിമതിക്കെതിരെ പോരാട്ടമെന്ന മട്ടില്‍ അവതരിപ്പിച്ചിരിക്കുന്നു. അഴിമതിക്കേസുകളില്‍ പ്രതികളായിട്ടുള്ളവരും വിവിധ ആരോപണങ്ങള്‍ നേരിടുന്നവരുമായ ഒരു കൂട്ടം മന്ത്രിമാര്‍ നയിക്കുന്ന ഒരു സര്‍ക്കാരിന്റെ അഴിമതിവിരുദ്ധ പ്രഖ്യാപനം എത്ര പരിഹാസ്യമാണെന്ന് ജനങ്ങള്‍ക്ക് തിരിച്ചറിയാനാകും.
ചുരുക്കത്തില്‍ അസത്യങ്ങളും അര്‍ധസത്യങ്ങളും നിറഞ്ഞ പ്രഖ്യാപന പെരുമഴയിലൂടെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തട്ടിപ്പാണ് 30 ദിവസത്തെ നേട്ടങ്ങള്‍ പ്രഖ്യാപിച്ചതിലൂടെ ഉമ്മന്‍ചാണ്ടി നടത്തിയത്. യു ഡി എഫിനെ വാഴ്‌ത്തിപ്പാടാന്‍ വെമ്പല്‍കൊള്ളുന്ന ഏതാനും ചില മാധ്യമങ്ങള്‍ ആ തട്ടിപ്പിനു കൂട്ടുനില്‍ക്കുന്നുവെന്നു മാത്രം.
*
അരുണ്‍ കെ എസ് ജനയുഗം 19 ജൂണ്‍ 2011
മുപ്പതുദിവസം പിന്നിട്ട യു ഡി എഫ് സര്‍ക്കാര്‍ പിന്നിട്ട ദിനങ്ങളില്‍ കൈവരിച്ച നേട്ടങ്ങള്‍ വിശദീകരിച്ചു കൊണ്ടുള്ള പ്രചാരണം ആരംഭിച്ചിരിക്കുകയാണ്. ഒരു വിഭാഗം മാധ്യമങ്ങള്‍ ഈ അവകാശവാദങ്ങള്‍ അതേ പടി അംഗീകരിച്ചുകൊണ്ട് സര്‍ക്കാരിനെ വാനോളം പുകഴ്‌ത്തുകയും സര്‍ക്കാരിനെച്ചൊല്ലി വാചാലരാവുകയും ചെയ്യുന്നുണ്ട്. 30 ദിവസം കൊണ്ട് യു ഡി എഫ് സര്‍ക്കാര്‍ കൈവരിച്ചു എന്ന് അവര്‍ അവകാശപ്പെടുന്ന നേട്ടങ്ങളുടെ ഉള്ളിലേക്കിറങ്ങി പരിശോധിച്ചാല്‍ ഈ അവകാശവാദങ്ങള്‍ വെറും പൊള്ളയും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള പ്രചരണതന്ത്രവും മാത്രമാണെന്ന് കാണാനാകും.
ReplyDeleteGood. LALSALAM
ReplyDelete