ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെപ്പോലെ കേരളത്തിലും കൃഷിക്കാര്‍ ദുസ്സഹമായ പാട്ടവും വാരവും ജന്മിമാര്‍ക്ക് നല്‍കി അടിമത്തസമാന ജീവിതം നയിച്ചുവന്ന കാലം. കുടിയാന്മാരും കര്‍ഷകത്തൊഴിലാളികളും ആരാന്റെ ഭൂമിയില്‍ അടിമകളെപ്പോലെ കഴിഞ്ഞ ആ കാലത്താണ് 1957ലെ ഇ എം എസ് സര്‍ക്കാര്‍ ഭൂപരിഷ്കരണ നിയമം കൊണ്ടുവന്നത്. അതിന്റെ അടിസ്ഥാനത്തില്‍ ഭൂവുടമാ ബന്ധങ്ങളിലുണ്ടായ മാറ്റം കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക-സാമ്പത്തിക ജീവിതത്തെ മെച്ചപ്പെടുത്തുകയും നാടിനെ പുരോഗതിയിലേക്ക് നയിക്കുകയും ചെയ്തത് ചരിത്രത്തിന്റെ ഭാഗമാണ്. ഭൂവുടമാ ബന്ധങ്ങളിലുണ്ടായ പൊളിച്ചെഴുത്തുമൂലം നിരാശരായ പഴയ ഭൂസ്വാമിമാരും അവരുടെ വക്താക്കളും ഈ ചരിത്രസത്യം മറക്കാനോ മറയ്ക്കാനോ ശ്രമിച്ചാലും സത്യം സത്യമായിത്തന്നെ അവശേഷിക്കും.
ഐസിഎസ്ഇ പാഠ്യപദ്ധതിയില്‍ ഏഴാംക്ലാസിലെ മലയാളം പാഠപുസ്തകത്തിലെ മുരിക്കന്‍ എന്ന പേരിലുള്ള ആറാം പാഠമാണ് ഇത്തരത്തിലുള്ള ചിന്തകള്‍ ഉണര്‍ത്തുന്നത്. പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ടി ജെ എസ് ജോര്‍ജ് എഴുതിയ ജീവചരിത്ര പുസ്തകത്തിന്റെ ചെറിയൊരു ഭാഗമാണിത്. ഔത എന്ന പേരിലറിയപ്പെട്ട ജോസഫ് മുരിക്കന്‍ കുട്ടനാട്ടിലെ വേമ്പനാട്ടു കായലില്‍ റാണി (600 ഏക്കര്‍), ചിത്തിര (900 ഏക്കര്‍), മാര്‍ത്താണ്ഡം (652 ഏക്കര്‍) എന്നീ പാടശേഖരങ്ങള്‍ കൃഷിക്ക് ഉപയുക്തമാക്കി ലാഭകരമായി കൃഷി ചെയ്തുപോന്നുവെന്നും, എന്നാല്‍ ഭൂപരിഷ്കരണത്തെതുടര്‍ന്ന് ഇ എം എസ് സര്‍ക്കാര്‍ ആ ഭൂമി മിച്ചഭൂമിയായി പിടിച്ചെടുത്ത് പാര്‍ടി അംഗങ്ങള്‍ക്ക് വീതിച്ചുകൊടുത്തെന്നും കൃഷിയറിയാത്ത പാര്‍ടി അംഗങ്ങള്‍ അവിടം കൃഷിചെയ്യാതെ നശിപ്പിച്ചെന്നും ദരിദ്രനായിപ്പോയ മുരിക്കന്‍ ഹൃദയംപൊട്ടി മരിച്ചെന്നുമാണ് ടി ജെ എസ് ജോര്‍ജ് പറഞ്ഞുവയ്ക്കുന്നത്. പ്രായോഗിക ബുദ്ധിയില്ലാത്ത കമ്യൂണിസ്റ്റുകാര്‍ നാടിന് ദോഷംചെയ്തു എന്നുകൂടി പാഠഭാഗത്തില്‍ പറയുന്നുണ്ട്. എന്നാല്‍ , മുരിക്കന്‍ എങ്ങനെ കായല്‍രാജാവായെന്നും അവിടെ എങ്ങനെയാണ് കൃഷി ഉണ്ടായതെന്നും മുരിക്കന്റെ ഭൂമി മിച്ചഭൂമിയായി എങ്ങനെയാണ് സര്‍ക്കാര്‍ ഏറ്റെടുത്തതെന്നും പിന്നീട് കായല്‍ക്കൃഷി നിലച്ചുപോകുന്ന സ്ഥിതിയിലേക്ക് എങ്ങനെ കാര്യങ്ങളെത്തി എന്നുമൊക്കെ അറിയുന്ന കുട്ടനാട്ടുകാരുടെയെങ്കിലും മുന്നില്‍ ഇത്തരം വസ്തുതാവിരുദ്ധ പ്രചാരണവും ചരിത്രനിഷേധവും കമ്യൂണിസ്റ്റ് വിരുദ്ധതയും വിലപ്പോകില്ല. നാല്‍പ്പതുകളുടെ ആദ്യംമുതല്‍ കുട്ടനാടന്‍ പാടശേഖരങ്ങളില്‍ കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിച്ചും അവരുടെ അവകാശാനുകൂല്യങ്ങള്‍ക്കുവേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയും അനുഭവമുള്ളയാളാണ് ഈ ലേഖകന്‍ . അതിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത് ജോര്‍ജിന്റെ വാദമുഖങ്ങള്‍ വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും പുതുതലമുറയെ തെറ്റിദ്ധരിപ്പിക്കുന്നതുമാണ് എന്ന്. ഇത് പാഠപുസ്തകത്തില്‍ കൊണ്ടുവന്നതിലാണ് ആകെ ദുരുദ്ദേശ്യം പ്രകടമാകുന്നത്.
കുട്ടനാട്ടിലെ റാണി, ചിത്തിര, മാര്‍ത്താണ്ഡം കായലുകള്‍ കൃഷിയോഗ്യമാക്കിയതില്‍ മുരിക്കന്റെ പങ്ക് ആരും കുറച്ചുകാണുന്നില്ല. എന്നാല്‍ , ആയിരക്കണക്കിനു കര്‍ഷകത്തൊഴിലാളികളുടെ അധ്വാനമാണ് കൃഷിനിലങ്ങള്‍ യാഥാര്‍ഥ്യമാക്കിയതെന്ന അടിസ്ഥാനവശം വിസ്മരിക്കരുത്. മുരിക്കന് പരമ്പരാഗതമായി കിട്ടിയ സ്വത്തല്ല ഈ കായല്‍നിലങ്ങള്‍ . തിരുവിതാംകൂര്‍ രാജ്യത്തിന്റെ അധീനതയിലായിരുന്നു ഈ കായലുകള്‍ . ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിന് അന്നത്തെ രാജഭരണം സ്വീകരിച്ച നടപടികളുടെ ഭാഗമായി ഇവ മുരിക്കനെ ഏല്‍പ്പിച്ചു. ഇതാകട്ടെ, 1930കളിലെ ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ നടപടി ആവശ്യപ്പെട്ട് കയര്‍ത്തൊഴിലാളികളും കര്‍ഷകത്തൊഴിലാളികളും നടത്തിയ പ്രക്ഷോഭത്തെതുടര്‍ന്നുമായിരുന്നു. രാജവാഴ്ച ഭരണകാലത്ത് ഇങ്ങനെ മുരിക്കന്റെ ചുമതലയില്‍ വന്ന കായലുകള്‍ ആയിരക്കണക്കിനു കര്‍ഷകത്തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിച്ചാണ് ചിറകെട്ടി കായല്‍നിലങ്ങളാക്കിയത്.
കായല്‍നിലങ്ങളൊരുക്കുന്നതിനിടയില്‍ നിരവധി തൊഴിലാളികള്‍ മരണപ്പെട്ടു. കായലില്‍ പുറംബണ്ട് കെട്ടി നിലമുണ്ടാക്കി കൃഷിചെയ്യുന്നതിന് റീജന്റ് മഹാറാണിയെ സമീപിച്ച് അനുമതി നേടുകയായിരുന്നു മുരിക്കന്‍ . റീജന്റ് റാണിയെ പ്രസാദിപ്പിക്കാനാണ് മൂന്ന് കായലുകള്‍ക്കും- പല ബ്ലോക്കുകളായി അറിയപ്പെട്ടിരുന്ന കായലുകള്‍ക്ക്- റാണി, ചിത്തിര, മാര്‍ത്താണ്ഡം എന്നീ പേരുകള്‍ നല്‍കിയത്. മുരിക്കന്റെ ഉടമസ്ഥതയില്‍ കായല്‍നിലങ്ങള്‍ കൃഷിയോഗ്യമാക്കുന്നതിനുമുമ്പുതന്നെ അനേകംപേര്‍ ചെറിയ തോതില്‍ വേമ്പനാട്ടുകായലില്‍ ചിറകെട്ടി നിലമുണ്ടാക്കി നെല്‍ക്കൃഷി നടത്തിയിരുന്നു. മൂവായിരം, മംഗലം കായല്‍ എന്നിങ്ങനെ പേരുകളിലറിയപ്പെടുന്ന നെല്‍പ്പാടങ്ങള്‍ അത്തരത്തില്‍പ്പെട്ടതാണ്.
1957ലെ ഇ എം എസ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂപരിഷ്കരണ നിയമത്തില്‍ ഒരാള്‍ക്ക് കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരിധി 15 ഏക്കറായി നിജപ്പെടുത്തിയെങ്കിലും 59ല്‍ ആ സര്‍ക്കാരിനെ കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പിരിച്ചുവിട്ടതിനെത്തുടര്‍ന്ന് ഇതു പ്രയോഗത്തില്‍ വരുത്താന്‍ കഴിഞ്ഞില്ല. പിന്നീട് വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ , കൃഷിക്കാര്‍ക്കും കുടികിടപ്പുകാര്‍ക്കും അനുകൂലമായ നിയമത്തിലെ വകുപ്പുകള്‍ മാറ്റിമറിച്ചു. 1967ല്‍ ഇ എം എസ് സര്‍ക്കാര്‍ രണ്ടാംതവണയും അധികാരത്തില്‍ വന്നപ്പോള്‍ , കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭൂവുടമകള്‍ക്ക് അനുകൂലമായി ഭേദപ്പെടുത്തിയ ഭാഗങ്ങള്‍ വെട്ടിമാറ്റുകയും കൃഷിക്കാര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും കുടികിടപ്പുകാര്‍ക്കും അനുകൂലമായ വകുപ്പുകള്‍ പൂര്‍വാധികം ശക്തമായി ഉള്‍പ്പെടുത്തുകയുംചെയ്തു. പക്ഷേ, രണ്ടുവര്‍ഷമേ ആ സര്‍ക്കാര്‍ അധികാരത്തില്‍ തുടര്‍ന്നുള്ളൂ എന്നതിനാല്‍ ഭൂപരിഷ്കരണ നിയമം വിഭാവനംചെയ്തതുപോലെ നടപ്പാക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ കൃഷിക്കാര്‍ക്ക് പാട്ട-വാര ഭൂമിയും ഭൂരഹിതര്‍ക്ക് കുടികിടപ്പായി കിട്ടിയതിന്റെ അവകാശവും പൂര്‍ണമായി ലഭിക്കാന്‍ അവസരമുണ്ടായില്ല. ഈ പശ്ചാത്തലത്തിലാണ് 1969 ഡിസംബര്‍ 14ന് ആലപ്പുഴ അറവുകാട് മൈതാനിയില്‍ ലക്ഷക്കണക്കിനു കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ഒത്തുചേര്‍ന്നത്. ആ മഹാസമ്മേളനത്തില്‍വച്ച് 1970 ജനുവരി ഒന്നുമുതല്‍ കൃഷിക്കാരന്റെ പാട്ട-വാര ഭൂമിയിലും കുടികിടപ്പു ഭൂമിയിലും അവകാശം സ്ഥാപിക്കുന്നതിനുള്ള പ്രക്ഷോഭം ആരംഭിക്കുമെന്ന സമ്മേളനതീരുമാനം എ കെ ജി പ്രഖ്യാപിച്ചു. പില്‍ക്കാലത്ത് പശ്ചിമ ബംഗാളില്‍ ഭൂപരിഷ്കരണ നിയമത്തിന്റെ ശില്‍പ്പിയായിത്തീര്‍ന്ന ഹരേകൃഷ്ണ കോനാരുള്‍പ്പെടെയുള്ളവര്‍ അതില്‍ പങ്കെടുത്തു. അന്ന് കര്‍ഷകത്തൊഴിലാളി യൂണിയന്‍ പ്രസിഡന്റായിരുന്ന ഈ ലേഖകനായിരുന്നു എ കെ ജിയുടെ പ്രമേയത്തെ പിന്‍താങ്ങി പ്രസംഗിച്ചത്. ജനുവരി ഒന്നിന് സമരം ആരംഭിക്കുകയുംചെയ്തു. ഈ സമരത്തിനിടയിലാണ് 1970 ജൂലൈ 27ന് പൊലീസ് വെടിവയ്പില്‍ കള്ളിക്കാട് ഭാര്‍ഗവിയും നീലകണ്ഠനും രക്തസാക്ഷികളായത്. റാണി, ചിത്തിര, മാര്‍ത്താണ്ഡം കായല്‍നിലങ്ങളില്‍ മിച്ചഭൂമി സമരത്തിന്റെ ഭാഗമായി അവകാശം സ്ഥാപിക്കാന്‍ ചെങ്കൊടി നാട്ടിയത് ഈ ലേഖകനായിരുന്നു. ഈ സമരത്തിന്റെ രണ്ടാംഘട്ടത്തിലായിരുന്നു മിച്ചഭൂമി ഏറ്റെടുക്കുന്നതിനു സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. അന്ന് സി അച്യുതമേനോനായിരുന്നു മുഖ്യമന്ത്രിയെങ്കിലും ഭരണം ഭൂപരിഷ്കരണ വിരുദ്ധ ശക്തികളായ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരുന്നു. ഈ ഘട്ടത്തിലായിരുന്നു കര്‍ഷക-കര്‍ഷകത്തൊഴിലാളി പ്രക്ഷോഭത്തിന്റെ ഫലമായി മുരിക്കനടക്കമുള്ളവരുടെ മിച്ചഭൂമി നിയമവിധേയമായി സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇങ്ങനെ ഏറ്റെടുത്ത ഭൂമി ഭൂരഹിതര്‍ക്ക് വിതണം ചെയ്യുന്നതിനു പിന്നെയും സമരം സംഘടിപ്പിക്കേണ്ടിവന്നു. ഇതിനിടയില്‍ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ കൃഷി നടത്തിയെങ്കിലും നഷ്ടമായിരുന്നു. ഒടുവില്‍ മിച്ചഭൂമി വിതരണംചെയ്യുന്നതിന് ഭൂരഹിതരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.
അന്നത്തെ യുഡിഎഫ് ഘടകകക്ഷികളായിരുന്ന കോണ്‍ഗ്രസ്, സിപിഐ, ആര്‍എസ്പി എന്നീ കക്ഷികള്‍ക്കും പ്രധാന പ്രതിപക്ഷ പാര്‍ടിയായ സിപിഐ എമ്മിനുമായി നാലായി ഭാഗിച്ചാണ് ഭൂവിതരണ നടപടികള്‍ സ്വീകരിച്ചത്. ഇതനുസരിച്ച് മിച്ചഭൂമി വിതരണംചെയ്തത് അടിയന്തരാവസ്ഥക്കാലത്താണ്. അതുകൊണ്ടുതന്നെ അനര്‍ഹര്‍ക്കായിരുന്നു ഭൂമി ഏറെയും ലഭിച്ചത്. ഐഎന്‍ടിയുസി നേതാക്കള്‍ക്കടക്കം ഭൂമി നല്‍കി. യഥാര്‍ഥ ഭൂരഹിത കര്‍ഷകത്തൊഴിലാളികളായ വളരെ കുറച്ചുപേര്‍ക്കേ ഭൂമി ലഭിച്ചുള്ളൂ. അനര്‍ഹര്‍ക്ക് അന്നത്തെ ഭരണസ്വാധീനത്തില്‍ ഭൂമി നല്‍കിയതുകൊണ്ടാണ് കൃഷി നടക്കാതെ പോയത്. തികച്ചും അശാസ്ത്രീയമായും അന്യായമായുമുള്ള ഒരുതരം വീതംവയ്പ് രീതിയിലാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ കായല്‍നിലം വിതരണംചെയ്തത്. ഭൂമി ലഭിച്ചവര്‍ക്കുതന്നെ പട്ടയം നല്‍കിയില്ല. ഇതിനായി വീണ്ടും സമരം നടത്തേണ്ടിവന്നു. തുടര്‍ന്ന് 1987ല്‍ വന്ന നായനാര്‍ സര്‍ക്കാരാണ് പട്ടയം നല്‍കിയത്. ഇതിനുശേഷം കര്‍ഷകത്തൊഴിലാളികളുടെ സഹകരണ സംഘങ്ങള്‍ ലാഭകരമായി കൃഷിചെയ്തു.
1991-96 കാലത്ത് വെള്ളപ്പൊക്കത്തില്‍ മൂന്ന് കായല്‍ നിലങ്ങളിലും മടവീണ് കൃഷിയാകെ നശിച്ചു. അനര്‍ഹര്‍ , തങ്ങള്‍ക്ക് ലഭിച്ച ഭൂമി കൈമാറ്റംചെയ്ത് സ്ഥലംവിട്ടു. യഥാര്‍ഥ കര്‍ഷകത്തൊഴിലാളികള്‍ക്ക് ലക്ഷങ്ങള്‍ മുടക്കി മടകെട്ടാന്‍ കഴിയുമായിരുന്നില്ല. അന്നത്തെ സര്‍ക്കാരാകട്ടെ സഹായമൊന്നും ചെയ്തതുമില്ല. എന്നാല്‍ , മാര്‍ത്താണ്ഡം പാടശേഖരത്തില്‍മാത്രം സഹകരണാടിസ്ഥാനത്തില്‍ കൃഷി നടത്തി. ഇവിടെ ഭൂമി ലഭിച്ചവര്‍ ഭൂരിപക്ഷവും യഥാര്‍ഥ ഭൂരഹിത കര്‍ഷകത്തൊഴിലാളികളായതുകൊണ്ടാണ് അത് സാധ്യമായത്. 1996ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ കായല്‍നിലങ്ങളിലെ കൃഷി ലാഭകരമായി നടത്തുന്നതിന് 25 കോടിയുടെ പ്രോജക്ട് തയ്യാറാക്കി. നബാര്‍ഡ് അതിന് അനുമതി നല്‍കുകയും പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനംചെയ്യുകയും ചെയ്തു. തുടര്‍ന്ന് 2001ല്‍വന്ന യുഡിഎഫ് സര്‍ക്കാര്‍ ഈ പ്രോജക്ട് നടപ്പാക്കാന്‍ ചെറുവിരല്‍ അനക്കിയില്ല. ആ പ്രോജക്ട് നടപ്പാക്കിയിരുന്നെങ്കില്‍ കുട്ടനാട്ടിലെ കായല്‍ക്കൃഷിയാകെ പുതിയ ചരിത്രം സൃഷ്ടിക്കുമായിരുന്നു. യുഡിഎഫ് ഭരണകാലത്ത് കൃഷിയിറക്കാന്‍ ഒന്നുംചെയ്തില്ലെന്നു മാത്രമല്ല ചിത്തിരക്കായലില്‍ ഡ്രഡ്ജിങ്ങിന് അനുവാദം കൊടുക്കുകയുംചെയ്തു. ഇതുമൂലം കായല്‍നിലം കൃഷിയിറക്കാനാകാത്തവിധം കുഴികളായി. ഇനി കൃഷിയിറക്കാന്‍ വലിയ ശ്രമം ആവശ്യമാണ്. അത് കുട്ടനാട് പാക്കേജിന്റെ ഭാഗമായി നടപ്പാക്കേണ്ടിയിരുന്നു. ഇതിനാവശ്യമായ നടപടിയാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. അതിന് സഹായകരമായ നിലപാടാണ് കര്‍ഷകത്തൊഴിലാളികളടക്കമുള്ളവര്‍ സ്വീകരിച്ചത്. അത് ഇനി നടപ്പാക്കേണ്ട ബാധ്യത ഈ സര്‍ക്കാരിനാണ്. അതിലൂടെ കായല്‍നിലങ്ങളിലെ കൃഷി ഫലപ്രദമാക്കാന്‍ കഴിയണം. ഇടതുപക്ഷ സര്‍ക്കാരിന്റെ നിരന്തര സമ്മര്‍ദഫലമായാണ് കുട്ടനാട് പാക്കേജ് അംഗീകരിച്ചത്. ആ പാക്കേജില്‍ത്തന്നെ കായല്‍നിലങ്ങളില്‍ പുറംബണ്ട് കോണ്‍ക്രീറ്റ് വാള്‍ കെട്ടുന്നതിനുള്ള വിപുലമായ പ്രോജക്ട് ഉള്‍പ്പെടുത്തിക്കാന്‍ തുടര്‍ച്ചയായ ശ്രമം നടത്തി. ഇത്തരമൊരു പ്രത്യേക സാഹചര്യം രാജ്യത്ത് മറ്റെവിടെയുമില്ലാത്തതിനാലാകാം ഈ പ്രോജക്ട് കേന്ദ്രത്തെ ബോധ്യപ്പെടുത്തല്‍ ശ്രമകരമായ പ്രവര്‍ത്തനമായിരുന്നു. അത് ബോധ്യപ്പെടുത്തുകയും അനുമതി നേടുകയും ഇപ്പോള്‍ കായലിന്റെ പുറംബണ്ട് കോണ്‍ക്രീറ്റ് പണി തുടരാന്‍ നടപടി ആരംഭിക്കുകയും ചെയ്തിരിക്കുന്നു. ചേറുകൊണ്ട് വരമ്പ് കുത്തി വെള്ളം പമ്പ് ചെയ്തുകളഞ്ഞ് കായലുകളെ പാടങ്ങളാക്കുക എന്നത് മുരിക്കന്റെ കണ്ടുപിടിത്തമായിരുന്നില്ല. സി ബ്ലോക്ക്, ആര്‍ ബ്ലോക്ക്, മെത്രാന്‍ കായല്‍ നിലങ്ങളെല്ലാം ഉണ്ടായിക്കഴിഞ്ഞശേഷമാണ് എസ്ടി കായല്‍ നിലങ്ങളുണ്ടായത്.
തിരുവിതാംകൂര്‍ സര്‍ക്കാരാണ് ബഹുജന സമ്മര്‍ദവും ഭക്ഷ്യക്ഷാമവും കണക്കിലെടുത്ത് കായലുകളില്‍ വരമ്പ് കുത്തി നിലമുണ്ടാക്കാന്‍ തീരുമാനിച്ചത്. ക്യുഎസ്ടി (റാണി, ചിത്തിര, മാര്‍ത്താണ്ഡം) എന്നറിയപ്പെടുന്ന കായലില്‍ സര്‍വേ നടത്തിയതും വരമ്പ് കുത്തുന്നതിനുള്ള ചുമതലക്കാരനായി ഒരു പാട്ടക്കാരനെപ്പോലെ മുരിക്കനെ ചുമതലപ്പെടുത്തിയതും അതിന് മുരിക്കന് സാമ്പത്തികസഹായം നല്‍കിയതുമെല്ലാം അന്നത്തെ റീജന്റ് സര്‍ക്കാരാണ്. ഇങ്ങനെ തന്റെ അധീനതയില്‍ വന്ന കായല്‍നിലത്ത് മൂന്ന് പതിറ്റാണ്ടോളം നെല്‍ക്കൃഷിചെയ്ത് വമ്പിച്ച ധനം സ്വരുക്കൂട്ടാന്‍ മുരിക്കന് കഴിഞ്ഞു. അതില്‍നിന്നുണ്ടായ വന്‍ ലാഭമുപയോഗിച്ച് പല ജില്ലയിലായി എസ്റ്റേറ്റുകളുള്‍പ്പെടെ വമ്പിച്ച ഭൂസ്വത്തുണ്ടാക്കാന്‍ മുരിക്കനും കുടുംബത്തിനും സാധിച്ചു. ക്യുഎസ്ടി കായല്‍നിലങ്ങളില്‍നിന്ന് ഉണ്ടാക്കിയ അളവറ്റ ധനമുപയോഗിച്ച് കായല്‍നിലം സംരക്ഷിക്കാന്‍ കോണ്‍ക്രീറ്റ് വാളുണ്ടാക്കാമായിരുന്നു. മുരിക്കന്‍ അതിനൊന്നും മുതിര്‍ന്നില്ല. എന്നാല്‍ , ആര്‍ ബ്ലോക്ക് പോലുള്ള കായല്‍നിലങ്ങളില്‍ അറുപതുകളില്‍ത്തന്നെ കോണ്‍ക്രീറ്റ് വാളുണ്ടാക്കാന്‍ ഡച്ച് സ്കീം പ്രകാരവും മറ്റും മറ്റ് ചില കര്‍ഷകര്‍ക്ക് സാധിച്ചു. അതുകൊണ്ട് ടി ജെ എസ് ജോര്‍ജ് പറയുന്നതുപോലെയല്ല കാര്യങ്ങള്‍ നടന്നത്. മുരിക്കന്റെ എട്ട് മക്കള്‍ക്ക് ഓരോരുത്തര്‍ക്കും 12 ഏക്കര്‍ വീതവും മുരിക്കന് 15 ഏക്കറുമുള്‍പ്പെടെ 111 ഏക്കര്‍ ഈ കായല്‍ പാടശേഖരത്തില്‍ത്തന്നെ സുപ്രീംകോടതി നിര്‍ദേശപ്രകാരം നല്‍കിയിരുന്നതുമാണ്. അത് അവരിപ്പോഴും പാട്ടത്തിനു നല്‍കി കൃഷി നടത്തുന്നുമുണ്ട്. അതുകൊണ്ട് തന്റെ കൃഷിഭൂമിയെല്ലാം അന്യാധീനപ്പെട്ടതിലുള്ള ദുഃഖഭാരംകൊണ്ട് മുരിക്കന്‍ ഹൃദയം പൊട്ടിമരിച്ചെന്നെല്ലാമുള്ള പരാമര്‍ശങ്ങള്‍ ശുദ്ധ അവാസ്തവമാണ്. നിരവധി സ്ഥലത്ത് കോടിക്കണക്കിനു രൂപ വിലവരുന്ന എസ്റ്റേറ്റും മറ്റ് ഭൂമികളും ഉള്ളപ്പോള്‍ , സുപ്രീംകോടതി ഇത്രയും നല്‍കിയെന്നതുതന്നെ അദ്ദേഹത്തിനോട് കാട്ടിയ വലിയ സൗമനസ്യമാണെന്നതാണ് വസ്തുത.
*
വി എസ് അച്യുതാനന്ദന്‍ ദേശാഭിമാനി 04 ആഗസ്റ്റ് 2011
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെപ്പോലെ കേരളത്തിലും കൃഷിക്കാര്‍ ദുസ്സഹമായ പാട്ടവും വാരവും ജന്മിമാര്‍ക്ക് നല്‍കി അടിമത്തസമാന ജീവിതം നയിച്ചുവന്ന കാലം. കുടിയാന്മാരും കര്‍ഷകത്തൊഴിലാളികളും ആരാന്റെ ഭൂമിയില്‍ അടിമകളെപ്പോലെ കഴിഞ്ഞ ആ കാലത്താണ് 1957ലെ ഇ എം എസ് സര്‍ക്കാര്‍ ഭൂപരിഷ്കരണ നിയമം കൊണ്ടുവന്നത്. അതിന്റെ അടിസ്ഥാനത്തില്‍ ഭൂവുടമാ ബന്ധങ്ങളിലുണ്ടായ മാറ്റം കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക-സാമ്പത്തിക ജീവിതത്തെ മെച്ചപ്പെടുത്തുകയും നാടിനെ പുരോഗതിയിലേക്ക് നയിക്കുകയും ചെയ്തത് ചരിത്രത്തിന്റെ ഭാഗമാണ്. ഭൂവുടമാ ബന്ധങ്ങളിലുണ്ടായ പൊളിച്ചെഴുത്തുമൂലം നിരാശരായ പഴയ ഭൂസ്വാമിമാരും അവരുടെ വക്താക്കളും ഈ ചരിത്രസത്യം മറക്കാനോ മറയ്ക്കാനോ ശ്രമിച്ചാലും സത്യം സത്യമായിത്തന്നെ അവശേഷിക്കും.
ReplyDelete