Friday, October 28, 2011

ചെറുകാട്: കാലത്തിന്റെ സര്‍ഗാത്മക ശക്തി

ഇന്ന് ചെറുകാടിന്റെ മുപ്പത്തിഅഞ്ചാമത് ചരമ വാർഷിക ദിനം

1976ന് മുമ്പുള്ള ഏകദേശം നാല് പതിറ്റാണ്ടുകാലം നിര്‍ഭയവും രാഷ്ട്രീയ പ്രത്യയശാസ്ത്ര പ്രചോദിതവും സാമൂഹ്യ നിഷ്ഠയുമാര്‍ന്ന സപര്യയിലൂടെ മലയാള സാഹിത്യത്തെ പുരോഗമന വഴിത്താരയിലൂടെ നയിച്ച വിപ്ലവസാഹിത്യകാരനാണ് ചെറുകാട്. വള്ളുവനാടന്‍ മണ്ണിന്റെ വീര്യവും അവിടത്തെ ജനങ്ങളുടെ സ്വാതന്ത്ര്യദാഹവും ഇച്ഛാശക്തിയും ചെറുകാടിന്റെ സാഹിത്യകൃതികളില്‍ പ്രതിഫലിക്കുന്നു. അധീശ മേല്‍ക്കോയ്മയ്ക്കും ജാതീയവും വര്‍ഗീയവുമായ അടിച്ചമര്‍ത്തലുകള്‍ക്കും ജന്മിത്ത ചൂഷണത്തിനും വിധേയരായ പാവപ്പെട്ട കൃഷിക്കാര്‍ക്കും തൊഴിലാളികള്‍ക്കും വിമോചനത്തിന്റെ പാത തുറന്നുകൊടുത്ത സാമൂഹ്യവും രാഷ്ട്രീയവുമായ വിപ്ലവാശയങ്ങള്‍ നിറഞ്ഞതാണ് ചെറുകാടിന്റെ സാഹിത്യസൃഷ്ടികള്‍ . കമ്യൂണിസ്റ്റ് സാഹിത്യകാരനാണെന്ന് ഉറക്കെ പ്രഖ്യാപിച്ച്, നെഞ്ചുവിരിച്ച് തൊഴിലാളികളോടും കൃഷിക്കാരോടും ഒപ്പം നടന്ന ചെറുകാട് തൊഴിലാളിവര്‍ഗത്തിന്റേതായ പുതിയ ജീവിതബോധം ആവിഷ്കരിക്കുകയാണ് തന്റെ കൃതികളിലൂടെ ചെയ്തത്.

ചെറുകാടിന്റെ കൃതികളില്‍ അധ്വാനവര്‍ഗത്തിന്റെ വേദനാജനകമായ ജീവിതചലനങ്ങള്‍ ഉള്‍ക്കൊള്ളുന്നു. വര്‍ഗസംഘര്‍ഷത്തിലെ രാഷ്ട്രീയ പരിപ്രേക്ഷ്യം സര്‍ഗാത്മകമായി അവതരിപ്പിക്കാന്‍ ചെറുകാടിന് കഴിഞ്ഞിരുന്നു. രാഷ്ട്രീയം സാഹിത്യകാരന് അന്യമാണെന്ന യാഥാസ്ഥിതിക ചിന്താഗതി തിരുത്തിക്കുറിച്ച എഴുത്തുകാരനാണ് ചെറുകാട്. രാഷ്ട്രീയം സാഹിത്യകാരന്റെ സര്‍ഗാത്മകശക്തിയെയും വീക്ഷണത്തെയും ചുരുക്കുമെന്ന വലതുപക്ഷ ചിന്ത തെറ്റാണെന്ന് അദ്ദേഹത്തിന്റെ സൃഷ്ടികള്‍ സാക്ഷ്യപ്പെടുത്തുന്നു. കവിത, നാടകം, ചെറുകഥ, നോവല്‍ , ആത്മകഥ എന്നീ വിവിധ സാഹിത്യമേഖലകളില്‍ സൂര്യപ്രഭയോടെ പ്രകാശിക്കുന്നതാണ് ചെറുകാടിന്റെ സാഹിത്യലോകം. സമസ്ത ബോധത്തിന്റെ മുള പൊട്ടുന്നവയാണ് ചെറുകാടിന്റെ കവിതകള്‍ . പുതുയുഗത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ ഉള്‍ച്ചൂട് അദ്ദേഹത്തിന്റെ കവിതകളുടെ ശക്തിയാണ്. സ്ത്രീസ്വാതന്ത്ര്യത്തിനു വേണ്ടി വിട്ടുവീഴ്ചയില്ലാതെ പടപൊരുതിയ ചെറുകാടിന്റെ ആത്മവീര്യം ആ കവിതകളില്‍ പ്രതിഫലിക്കുന്നു. അദ്ദേഹം ജീവിച്ച കാലത്തെ രാഷ്ട്രീയ-സാമൂഹ്യ ജീവിത സമസ്യകളോട് ചടുലമായും സരസമായും ചെറുകാട് പ്രതികരിച്ചത് തന്റെ തുള്ളല്‍കവിതകളിലൂടെയാണ്. മരണപത്രം, മണ്ണിന്റെ മാറില്‍ , ശനിദശ, മരുമകള്‍ , മുത്തശ്ശി, ഭൂപ്രഭു, പ്രമാണി, ദേവലോകം എന്നിവയാണ് ചെറുകാടിന്റെ നോവലുകള്‍ . വള്ളുവനാട്ടിലെ നമ്പൂതിരി ഇല്ലങ്ങളിലെ ആഭ്യന്തര സമരങ്ങളാണ് "മരണപത്ര"ത്തില്‍ പ്രതിപാദിക്കുന്നത്. മണ്ണിനോട് പടവെട്ടി ജീവിക്കുന്ന വള്ളുവനാട്ടിലെ കൃഷിക്കാരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് "മണ്ണിന്റെ മാറി"ലെ ഇതിവൃത്തം. ഈ നോവലിന്റെ തുടര്‍ച്ചയാണ് "ഭൂപ്രഭു". സ്വാതന്ത്ര്യസമരകാലത്തിന് ശേഷമുള്ള രാഷ്ട്രീയ പശ്ചാത്തലത്തില്‍ കമ്യൂണിസ്റ്റ് ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച വിപ്ലവകാരികളെ പൊലീസ് നിര്‍ദയം മര്‍ദിക്കുന്ന അനുഭവങ്ങളുടെ ആവിഷ്കാരമാണ് "ശനിദശ". 1959 ലെ വിമോചനസമരമാണ് "ശനിദശ"യ്ക്ക് ആധാരം. "മരുമകള്‍" തകര്‍ന്നുകൊണ്ടിരിക്കുന്ന മരുമക്കത്തായത്തിന്റെ കഥ പറയുന്നു. മലബാറിലെ അധ്യാപക പ്രസ്ഥാനത്തിന്റെ കരുത്തുറ്റ കഥയാണ് "മുത്തശ്ശി"യില്‍ പ്രതിപാദിക്കുന്നത്.

പുരോഗതിക്ക് വിഘാതമായ ഏതു ശക്തിയോടും കലാപമുയര്‍ത്തുന്ന സാഹിത്യകാരനാണ് ചെറുകാട്. അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ ഇത്തരം കലാപങ്ങളുടെ ചലനാത്മകമായ ഘടകങ്ങളാണ്. മുദ്രമോതിരം, ചൂട്ടല്‍മൂരി, ചെകുത്താന്റെ കൂട് എന്നീ കഥാസമാഹാരങ്ങളില്‍ അധ്യാപകരുടെയും കൃഷിക്കാരുടെയും ജീവിതം യഥാതഥമായി ചിത്രീകരിക്കുന്നു. കൂട്ടുകുടുംബ ജീവിതത്തിന്റെ താളവും താളപ്പിഴകളും ജന്മിത്വത്തിന്റെ നാശവുമെല്ലാം കഥകളില്‍ തീവ്രതയോടെ ആവിഷ്കരിച്ചിട്ടുണ്ട്. നമ്മളൊന്ന്, തറവാടിത്തം, മനുഷ്യഹൃദയങ്ങള്‍ , വിശുദ്ധനുണ, കുട്ടിത്തമ്പുരാന്‍ , അണക്കെട്ട് തുടങ്ങിയ ചെറുകാടിന്റെ നാടകങ്ങള്‍ ഗ്രാമജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകളും വള്ളുവനാടന്‍ കൃഷിക്കാരുടെ മുന്നേറ്റവും മതസൗഹാര്‍ദവും പ്രത്യേകിച്ച് ഹിന്ദു- മുസ്ലിം മൈത്രിയും മാനവികവും വൈകാരികവുമായ തലത്തില്‍ ചെറുകാട് ചിത്രീകരിക്കുന്നു.

ചെറുകാടിന്റെ ആത്മകഥയായ "ജീവിതപ്പാത" സ്വന്തം ജീവിതകഥയേക്കാളേറെ താന്‍ വളര്‍ന്നുവന്ന രാഷ്ട്രീയ-സാമൂഹ്യ ജീവിത പശ്ചാത്തലത്തിന്റെയും ഒരു സാമൂഹ്യാവ്യവസ്ഥയ്ക്കുവേണ്ടി രാഷ്ട്രീയമായും സര്‍ഗാത്മകമായും നടത്തിയ പോരാട്ടത്തിന്റെയും വികാരതീക്ഷ്ണമായ ആവിഷ്കാരമാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും പ്രസ്ഥാനം ഉയര്‍ത്തിപ്പിടിച്ച ജനകീയ പ്രത്യയശാസ്ത്രത്തിന്റെയും ക്രമാനുഗത വളര്‍ച്ചയില്‍ പുരോഗതിയും സംഭാവനകളും ഈ ആത്മകഥയില്‍ വായിച്ചറിയാം. കേരളത്തെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായ ചരിത്രരേഖകൂടിയാണിത്. ദേശാഭിമാനി സ്റ്റഡി സര്‍ക്കിളിന്റെ തുടക്കംമുതല്‍ ആ പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്തായിരുന്നു ചെറുകാട്. പുരോഗമന സാഹിത്യ പ്രസ്ഥാനം ഉയര്‍ത്തിപ്പിടിച്ച സാഹിത്യവീക്ഷണം എഴുത്തുകാരിലും സമൂഹത്തിലും എത്തിക്കാന്‍ പ്രതിജ്ഞാബദ്ധതയോടെ അദ്ദേഹം പ്രയത്നിച്ചു. സ്റ്റഡി സര്‍ക്കിളിന്റെ വേദികളില്‍ ചെറുകാടിന്റെ സാന്നിധ്യം ആവേശവും ശക്തിയുമായിരുന്നു. അക്ഷോഭ്യമായ ആ രാഷ്ട്രീയ സാഹിത്യ നിലപാട് പുതിയ തലമുറയ്ക്ക് വെളിച്ചം നല്‍കി. സാഹിത്യ സംബന്ധിയായ ആശയസമരത്തില്‍ ചെറുകാട് മുന്‍പന്തിയില്‍ നിന്നു. അനുഭവങ്ങളുടെയും പ്രത്യയശാസ്ത്രപരമായ ഉറപ്പിന്റെയും അടിസ്ഥാനത്തില്‍ ജീവിതത്തില്‍ അധിഷ്ഠിതമായ പുതിയ സാഹിത്യാവബോധം വളര്‍ത്തുകയായിരുന്നു ചെറുകാടിന്റെ ലക്ഷ്യം.

കമ്യൂണിസ്റ്റ് രാഷ്ട്രീയ ദര്‍ശനത്തെ സ്വന്തം ജീവിതത്തിന്റെ വെളിച്ചമാക്കി, ആ വെളിച്ചത്തില്‍ പുതിയ സാമൂഹ്യ സൃഷ്ടിക്ക് പ്രേരകമായ സര്‍ഗാത്മകജീവിതമാണ് അദ്ദേഹം നയിച്ചത്. വ്യക്തിപരവും സര്‍ഗാത്മകവും പ്രത്യയശാസ്ത്രപരവുമായ ചെറുകാടിന്റെ ഊര്‍ജം പുരോഗമന സാഹിത്യപ്രസ്ഥാനം ശരിയായി ഉള്‍ക്കൊള്ളണം. അത് ഈ കാലഘട്ടത്തില്‍ അനിവാര്യമാണ്. മുഖംമൂടി ധരിച്ച് രംഗത്തുവരാന്‍ അദ്ദേഹത്തിനറിയില്ല. സ്വന്തം മാളത്തില്‍ വലകെട്ടി അത് തന്റെ സിംഹാസനമാണെന്ന് കരുതി ഊറ്റം കൊള്ളാന്‍ ചെറുകാട് തയ്യാറായില്ല. അദ്ദേഹത്തിന് തനതായ മാളങ്ങളില്ല. അധ്വാനിക്കുന്ന വര്‍ഗത്തിന്റെ തുറന്ന ജീവിതത്തില്‍ ചെറുകാട് കൂടുറപ്പിച്ചിരുന്നു. അവിടെ ചെന്നെത്തുന്ന പുതിയ എഴുത്തുകാരെ ആചാര്യന്റെയും ഉത്തമസുഹൃത്തിന്റെയും തെളിഞ്ഞ മനസ്സോടെ വിളിച്ചിരുത്തി സൃഷ്ടിയുടെയും സൃഷ്ടിക്ക് പ്രേരകമായി നിലകൊള്ളുന്ന സാമൂഹ്യ പ്രതിഭാസങ്ങളെയും കുറിച്ച് ഉള്‍ക്കനത്തോടെ അദ്ദേഹം സംസാരിക്കും. അത്തരക്കാരുടെ ഏക "ഷെല്‍ട്ടര്‍" ചെറുകാട് തന്നെ.


*****


എരുമേലി പരമേശ്വരന്‍പിള്ള, ദേശാഭിമാനി 28-10-2011

1 comment:

  1. കമ്യൂണിസ്റ്റ് രാഷ്ട്രീയ ദര്‍ശനത്തെ സ്വന്തം ജീവിതത്തിന്റെ വെളിച്ചമാക്കി, ആ വെളിച്ചത്തില്‍ പുതിയ സാമൂഹ്യ സൃഷ്ടിക്ക് പ്രേരകമായ സര്‍ഗാത്മകജീവിതമാണ് അദ്ദേഹം നയിച്ചത്. വ്യക്തിപരവും സര്‍ഗാത്മകവും പ്രത്യയശാസ്ത്രപരവുമായ ചെറുകാടിന്റെ ഊര്‍ജം പുരോഗമന സാഹിത്യപ്രസ്ഥാനം ശരിയായി ഉള്‍ക്കൊള്ളണം. അത് ഈ കാലഘട്ടത്തില്‍ അനിവാര്യമാണ്. മുഖംമൂടി ധരിച്ച് രംഗത്തുവരാന്‍ അദ്ദേഹത്തിനറിയില്ല. സ്വന്തം മാളത്തില്‍ വലകെട്ടി അത് തന്റെ സിംഹാസനമാണെന്ന് കരുതി ഊറ്റം കൊള്ളാന്‍ ചെറുകാട് തയ്യാറായില്ല. അദ്ദേഹത്തിന് തനതായ മാളങ്ങളില്ല. അധ്വാനിക്കുന്ന വര്‍ഗത്തിന്റെ തുറന്ന ജീവിതത്തില്‍ ചെറുകാട് കൂടുറപ്പിച്ചിരുന്നു. അവിടെ ചെന്നെത്തുന്ന പുതിയ എഴുത്തുകാരെ ആചാര്യന്റെയും ഉത്തമസുഹൃത്തിന്റെയും തെളിഞ്ഞ മനസ്സോടെ വിളിച്ചിരുത്തി സൃഷ്ടിയുടെയും സൃഷ്ടിക്ക് പ്രേരകമായി നിലകൊള്ളുന്ന സാമൂഹ്യ പ്രതിഭാസങ്ങളെയും കുറിച്ച് ഉള്‍ക്കനത്തോടെ അദ്ദേഹം സംസാരിക്കും. അത്തരക്കാരുടെ ഏക "ഷെല്‍ട്ടര്‍" ചെറുകാട് തന്നെ.

    ReplyDelete