Sunday, October 9, 2011

ജനസംഖ്യാ നിയന്ത്രണത്തിന് കേരളത്തില്‍ നിയമം എന്തിന്?

കുട്ടികളുടെയും സ്ത്രീകളുടെയും അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി ജസ്റ്റീസ് കൃഷ്ണയ്യരുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട കമ്മീഷന്‍ അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ശക്തമായ ചര്‍ച്ചകളും വിവാദങ്ങളും ഉയര്‍ന്നുവന്നിരിക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള എത്രയോ നല്ല നിര്‍ദേശങ്ങള്‍ അതില്‍ അടങ്ങിയിട്ടുണ്ട്. അവയെക്കുറിച്ചൊന്നും ചര്‍ച്ച ചെയ്യാതെ കുടുംബാസൂത്രണത്തിന് സര്‍ക്കാര്‍ കൈക്കൊള്ളേണ്ട നടപടികളെ സംബന്ധിച്ച ശുപാര്‍ശകളില്‍ മാത്രമാണ് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നത്. എന്നുതന്നെയല്ല, അതിന് മതാടിസ്ഥാനത്തിലുള്ള വ്യാഖ്യാനം നല്‍കുന്നതിനും ചില തല്‍പരകക്ഷികള്‍ ശ്രമിക്കുന്നുണ്ട്. കുടുംബാസൂത്രണ നടപടികളെ മുമ്പുതന്നെ മതാടിസ്ഥാനത്തില്‍ എതിര്‍ത്തുവന്നിരുന്ന ചില സംഘടനകളും മതപ്രമാണിമാരും ഈ ശുപാര്‍ശകളെ അതിനിശിതമായി എതിര്‍ക്കുന്നു. അതിനെ മുമ്പുതന്നെ ജീവനിഷേധമായും മൂല്യനിരാസമായും വ്യാഖ്യാനിച്ചിരുന്നവര്‍ , ജസ്റ്റീസ് കൃഷ്ണയ്യര്‍ കമ്മീഷന്റെ ഇതുസംബന്ധിച്ച ശുപാര്‍ശയെ "ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ നയത്തോട് ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്നതാണ് " എന്ന് അധിക്ഷേപിച്ചുകൊണ്ട്, വിവാദത്തിനൊരു കമ്യൂണിസ്റ്റ് വിരുദ്ധ മുഖം നല്‍കുന്നതിനുപോലും ശ്രമിക്കുന്നുണ്ട്.

"നാടിന്റെ സംസ്കാരത്തോടും ധാര്‍മിക മൂല്യങ്ങളോടുമുള്ള അവജ്ഞയായി"ട്ടാണ് ചില മതസംഘടനകള്‍ ഈ ശുപാര്‍ശകളെ കാണുന്നത്. യാതൊരു നിയന്ത്രണവുമില്ലാതെ പെറ്റുപെരുകുന്നതാണ് ഇന്ത്യന്‍ സംസ്കാരമെന്നും ധാര്‍മിക മൂല്യമെന്നും തോന്നും, അവരുടെ ന്യായവാദം കേട്ടാല്‍ . നിരവധി ക്ഷേമാനുകൂല്യങ്ങള്‍ക്കുള്ള ശുപാര്‍ശയോടൊപ്പം വരുന്ന ഒരു ശുപാര്‍ശ മാത്രമാണിതെന്നും ഇത്തരം ശുപാര്‍ശകളടങ്ങിയ ബില്ലുകള്‍ കേന്ദ്ര ഗവണ്‍മമെന്റും ചില സംസ്ഥാന ഗവണ്‍മമെന്റുകളും മുമ്പും പരിഗണിച്ചിട്ടുണ്ടെന്നും ഉള്ള വസ്തുത എതിര്‍വാദഗതിക്കാര്‍ മറന്നുപോകുന്നു. ഉദാഹരണത്തിന് 2010ല്‍ യുപിഎ ഗവണ്‍മെന്റ് അവതരിപ്പിച്ച, ഇപ്പോള്‍ രാജ്യസഭയുടെ പരിഗണനയിലുള്ള കുടുംബാസൂത്രണം സംബന്ധിച്ച ബില്ലില്‍ , ജസ്റ്റീസ് കൃഷ്ണയ്യര്‍ കമ്മീഷന്റെ ശുപാര്‍ശകളിലുള്ളതിനേക്കാള്‍ കൂടുതല്‍ കര്‍ശനമായ വകുപ്പുകളുണ്ട്. ഒരു കുടുംബത്തില്‍ പരമാവധി രണ്ടു കുട്ടികള്‍ എന്ന വ്യവസ്ഥ ലംഘിക്കുന്ന ദമ്പതികള്‍ക്ക് അഞ്ചുകൊല്ലം വരെ തടവുശിക്ഷയും 25000 രൂപയില്‍ കുറയാത്ത പിഴയും വിധിക്കാന്‍ ആ ബില്ലില്‍ വ്യവസ്ഥയുണ്ട്. മഹാരാഷ്ട്രയില്‍ 1976 തൊട്ടുതന്നെ സമാനമായ നിയമങ്ങളുണ്ടായിട്ടുണ്ട്. 1976ലെ നിയമം പിന്നീട് കൂടുതല്‍ കര്‍ക്കശമാക്കി. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബത്തിന്റെ റേഷന്‍ കാര്‍ഡ് റദ്ദാക്കണമെന്നും സബ്സിഡി അടക്കമുള്ള ആനുകൂല്യങ്ങളെല്ലാം നിഷേധിക്കണമെന്നും നിര്‍ദ്ദേശിക്കുന്ന വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തു. 1970കളുടെ ആദ്യവര്‍ഷങ്ങളില്‍ , അടിയന്തിരാവസ്ഥ കാലത്ത് പ്രത്യേകിച്ചും, ഇന്ദിരാഗാന്ധിയുടെയും സഞ്ജയ്ഗാന്ധിയുടെയും നേതൃത്വത്തില്‍ നടപ്പാക്കിയ ക്രൂരവും കര്‍ക്കശവുമായ കുടുംബാസൂത്രണ നടപടികള്‍ ആര്‍ക്കും വിസ്മരിക്കാന്‍ കഴിയില്ലല്ലോ. വന്ധ്യംകരണത്തെ സംബന്ധിച്ച സ്റ്റെറിലൈസേഷന്‍ റൂള്‍ തുടങ്ങിയവ അന്നുതൊട്ടേ നിലവിലുണ്ട്. അതെന്തായാലും, സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ബലംപ്രയോഗിച്ച് നടപ്പാക്കപ്പെടുന്ന കുടുംബാസൂത്രണ നടപടികള്‍ ആശാസ്യമല്ലെന്നും ജനസംഖ്യാ വര്‍ധനവിന്റെ സാമൂഹ്യവും സാമ്പത്തികവും കുടുംബപരവുമായ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് ജനങ്ങളെ ബോധവല്‍ക്കരിച്ചുകൊണ്ട്, അവരുടെ സഹകരണത്തോടും സജീവമായ പങ്കാളിത്തത്തോടും കൂടിയ കുടുംബാസൂത്രണമാണ് അഭികാമ്യമെന്നും സിപിഐ എം അടക്കമുള്ള ഇടതുപക്ഷ - പുരോഗമന ശക്തികള്‍ ആദ്യംതൊട്ടേ വാദിച്ചുവന്നിട്ടുണ്ട്.

കുടുംബാസൂത്രണ സംവിധാനത്തിന്റെ ആവശ്യകതയും അനിവാര്യതയും അംഗീകരിക്കുമ്പോള്‍ത്തന്നെ, സര്‍ക്കാര്‍ നിര്‍ബന്ധപൂര്‍വം അത് നടപ്പാക്കുന്നതിനെ ഇടതുപക്ഷ ശക്തികള്‍ എതിര്‍ത്തുവന്നിട്ടുമുണ്ട്. 1901ലെ സെന്‍സസ്സ് കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ ജനസംഖ്യ 23.84 കോടിയായിരുന്നത് 1951 ആയപ്പോഴേക്ക് 36.11 കോടിയായും 1981 ആയപ്പോഴേക്ക് 68.33 കോടിയായും വര്‍ധിച്ചു. 1991ലെ സെന്‍സസ്സ് അനുസരിച്ച് ഇന്ത്യന്‍ ജനസംഖ്യ 84.64 കോടിയും 2001ലേത് 102.87 കോടിയും ആണ്. 2011ലെ കണക്കനുസരിച്ച് അത് 121.02 കോടിയായി ഉയര്‍ന്നിരിക്കുന്നു. ഇവരില്‍ 77 ശതമാനവും 20 രൂപയില്‍ കുറഞ്ഞ പ്രതിദിന പ്രതിശീര്‍ഷ വരുമാനംകൊണ്ടാണ് ജീവിക്കുന്നതെന്ന അര്‍ജുന്‍സെന്‍ ഗുപ്ത കമ്മീഷന്റെ നിഗമനം കണക്കിലെടുക്കുമ്പോള്‍ , കുടുംബാസൂത്രണത്തിന്റെ അനിവാര്യത ആര്‍ക്കും ബോധ്യമാവും. രാജ്യത്തെ പട്ടിണിയുടെ യഥാര്‍ത്ഥ കാരണം സര്‍ക്കാര്‍ തുടര്‍ന്നുവരുന്ന സമ്പന്നപക്ഷപാതിത്വ സാമ്പത്തിക നയങ്ങളാണെങ്കിലും കുത്തനെയുള്ള ജനസംഖ്യാ വര്‍ധന കുറച്ച്, ദാരിദ്ര്യത്തിന് ഒട്ടൊരു ശമനം വരുത്താന്‍ കഴിയും. സ്വാതന്ത്ര്യത്തിനുശേഷം 1951നും 2011നും ഉള്ളില്‍ ജനസംഖ്യ മൂന്നര ഇരട്ടിയായി വര്‍ധിച്ച നാട്ടില്‍ , അടുത്ത 40 വര്‍ഷത്തിനുള്ളില്‍ വീണ്ടും ഇപ്പോഴുള്ളതിന്റെ ഇരട്ടിയായി വര്‍ദ്ധിച്ചാല്‍ എന്താവും ദാരിദ്ര്യത്തിന്റെ അവസ്ഥ എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഭക്ഷ്യധാന്യ ഉല്‍പാദനം ഈ തോതിലൊന്നും വര്‍ദ്ധിക്കുന്നില്ല എന്ന കാര്യവും നാം ഓര്‍ക്കണം. ലോക ജനസംഖ്യ 700 കോടിയില്‍ എത്തി നില്‍ക്കുന്ന ആഗോളതലത്തിലും അതുതന്നെയാണ് സ്ഥിതി. അതിനാല്‍ ജനസംഖ്യാനിയന്ത്രണം അനിവാര്യമായ ആവശ്യമാണെന്ന് സാമാന്യബുദ്ധിയുള്ള ആരും അംഗീകരിക്കുക തന്നെ ചെയ്യും. കുടുംബത്തിന്റെ ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തിക ഭദ്രത തുടങ്ങിയവ കണക്കിലെടുക്കുമ്പോള്‍ പ്രത്യേകിച്ചും. എന്നാല്‍ അതിനായി നിര്‍ബന്ധിത വന്ധ്യംകരണമടക്കമുള്ള കര്‍ശന നടപടികളും രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് ജയില്‍ശിക്ഷയും പിഴയും അവരുടെ റേഷന്‍ കാര്‍ഡ് അടക്കമുള്ള ആനുകൂല്യങ്ങള്‍ റദ്ദാക്കലും മറ്റും കെട്ടിയേല്‍പ്പിക്കുന്ന നിയമങ്ങളും നടപ്പാക്കുന്നത് രോഗത്തേക്കാള്‍ ക്രൂരമായ ചികില്‍സയായിരിക്കും. സുകുമാര്‍ അഴീക്കോടിനെപോലെയുള്ള പരിണതപ്രജ്ഞരായ വ്യക്തികള്‍ ഈ വീക്ഷണകോണില്‍നിന്നുകൊണ്ട് ജസ്റ്റീസ് കൃഷ്ണയ്യരുടെ കമ്മിറ്റിയുടെ ശുപാര്‍ശകളെ വിമര്‍ശിക്കുന്നത് യുക്തിസഹം തന്നെ.

മറിച്ച്, മതത്തിന്റെ മറവില്‍ നിന്നുകൊണ്ട് നിര്‍ബന്ധിതമായ ജനസംഖ്യാ നിയന്ത്രണത്തെ മാത്രമല്ല, ആത്മസംയമനത്തോടെയുള്ള കുടുംബാസൂത്രണത്തെപ്പോലും എതിര്‍ക്കുന്ന മതമേലധ്യക്ഷന്മാരും അവര്‍ക്കുവേണ്ടി നിലകൊള്ളുന്ന ചില ബൂര്‍ഷ്വാപത്രങ്ങളും സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍ കാണാന്‍ തയ്യാറില്ലാത്തവരാണ് - അഥവാ അതിനുനേരെ കണ്ണടയ്ക്കുന്നവരാണ്. മതാടിസ്ഥാനത്തിലുള്ള തങ്ങളുടെ അനുയായികളുടെ സംഖ്യ എണ്ണി കണക്കാക്കി, അതിന്റെ പേരില്‍ അനര്‍ഹമായ അവകാശങ്ങള്‍ തങ്ങളുടെ മതങ്ങളിലെ പ്രമാണിമാര്‍ക്ക് വാങ്ങിക്കൊടുക്കണമെന്ന ദുരുദ്ദേശ്യം മാത്രമേ അവര്‍ക്കുള്ളൂ. മതാനുയായികളുടെ സംഖ്യ കാണിച്ച് ഭയപ്പെടുത്തി വിലപേശല്‍ രാഷ്ട്രീയം കളിക്കാനുള്ള തന്ത്രമായിട്ടാണ് അവര്‍ ഈ വാദത്തെ ഉപയോഗപ്പെടുത്തുന്നത്. തങ്ങളുടെ മതങ്ങളിലെ ബഹുഭൂരിപക്ഷം വരുന്ന ദരിദ്രരേയും സാധാരണക്കാരേയും കുറിച്ച് അവര്‍ക്കൊരു ചിന്തയുമില്ല. തങ്ങളുടെ വാദം ന്യായീകരിക്കുന്നതിനുവേണ്ടി അവര്‍ ദൈവത്തെപ്പോലും കൂട്ടുപിടിക്കുന്നു. അനിയന്ത്രിതമായി പെറ്റുപെരുകാന്‍ ഏതു ദൈവമാണാവോ ആഹ്വാനം ചെയ്തിട്ടുള്ളത്? നിര്‍ബന്ധിതമായ ജനസംഖ്യാ നിയന്ത്രണം മാത്രമല്ല, സ്വമനസ്സാലെയുള്ള കുടുംബാസൂത്രണംപോലും തെറ്റാണെന്ന് ദൈവത്തെ പിടിച്ച് ആണയിടുന്ന അവര്‍ , പല യൂറോപ്യന്‍ രാജ്യങ്ങളിലും കുടുംബാസൂത്രണത്തിന് സര്‍ക്കാര്‍ എതിരാണെന്നുപോലും വാദിക്കുന്നുണ്ട്. ജര്‍മനിയെപ്പോലെയുള്ള ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ കുടുംബത്തില്‍ കൂടുതല്‍ കുഞ്ഞുങ്ങളുണ്ടാകുമ്പോള്‍ സര്‍ക്കാര്‍ ആ കുടുംബങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട് എന്ന് സമര്‍ഥിക്കുന്നു. ജനസംഖ്യാ വര്‍ധനവിനുള്ള പ്രോല്‍സാഹനമാണത്രെ അത്. പത്തുകോടി ജനങ്ങളുള്ള ജര്‍മനിയേയും 120 കോടി ജനങ്ങളുള്ള ഇന്ത്യയേയും താരതമ്യപ്പെടുത്തുന്നതില്‍ എന്താണര്‍ഥം?

അതെന്തായാലും, അവരുടെയെല്ലാം സ്വമതസംഖ്യാ വര്‍ധനാ വ്യഗ്രതയേയും അതിനുള്ള ആഹ്വാനങ്ങളേയും തള്ളിക്കളഞ്ഞുകൊണ്ട് കേരളത്തിലുള്ള ജനങ്ങള്‍ , യാതൊരു നിയമനിര്‍ബന്ധവും കൂടാതെത്തന്നെ, ബോധപൂര്‍വം ആത്മനിയന്ത്രണത്തോടെ സ്വയം കുടുംബാസൂത്രണ നടപടികള്‍ സ്വീകരിക്കുന്നുണ്ട് എന്നത് സ്വാഗതാര്‍ഹമാണ്. കഴിഞ്ഞ 40 കൊല്ലക്കാലത്തെ കേരളത്തിലെ ജനസംഖ്യാ വര്‍ധനയുടെ കണക്കെടുത്താല്‍ അത് വ്യക്തമാകും. 1981ലെ സെന്‍സസ് അനുസരിച്ച് കേരളത്തിലെ ജനസംഖ്യാ വര്‍ധന, അതിനുമുമ്പുള്ള ഒരു ദശാബ്ദകാലത്ത് 27 ശതമാനമായിരുന്നുവെങ്കില്‍ 2011ലെ സെന്‍സസ് കണക്കനുസരിച്ച് 2001-2011 കാലഘട്ടത്തില്‍ വര്‍ധന 4.86 ശതമാനം മാത്രമായിരുന്നു. അതായത് 40 കൊല്ലത്തിനുള്ളില്‍ വര്‍ധന ആറിലൊന്നായി ചുരുങ്ങി എന്നര്‍ഥം. 1991നും 2001നും ഇടയ്ക്കുള്ള ഒരു ദശാബ്ദക്കാലത്ത് ജനസംഖ്യാവര്‍ധന 9.4 ശതമാനമായിരുന്നുവെന്നും പത്തുകൊല്ലംകൊണ്ട് വര്‍ധന പകുതിയായി കുറഞ്ഞുവെന്നും നാം ഓര്‍ക്കണം. 1991-2001 കാലഘട്ടത്തില്‍ കേരളത്തിലെ ജനസംഖ്യാവര്‍ധന 9.4 ശതമാനമായിരുന്നപ്പോള്‍ ജമ്മു - കാശ്മീരില്‍ അത് 29.4 ശതമാനവും മണിപ്പൂരില്‍ 30.3 ശതമാനവും മധ്യപ്രദേശില്‍ 24.3 ശതമാനവും ഡെല്‍ഹിയില്‍ 47 ശതമാനവും രാജസ്ഥാനില്‍ 28.4 ശതമാനവും മഹാരാഷ്ട്രത്തില്‍ 22.7 ശതമാനവും ആയിരുന്നു. കേരളത്തിലെ ജനസംഖ്യാ വര്‍ധന ഈ നിരക്കില്‍ കുറയുകയാണെങ്കില്‍ , അത് പൂജ്യത്തിലെത്താന്‍ ഏറെയൊന്നും കാലം വേണ്ടിവരില്ല. ജനസംഖ്യാവര്‍ധനയില്ലാതായി, ജനസംഖ്യ കുറയാനും സാധ്യതയുണ്ട് - മരണനിരക്കിനേക്കാള്‍ കുറഞ്ഞ ജനനനിരക്ക്.

രണ്ടിലധികം കുട്ടികളുള്ള കുടുംബങ്ങള്‍ ഇന്ന് നാട്ടിന്‍പുറങ്ങളില്‍പോലും വിരളമായിരിക്കുന്നുവെന്നാണ് നാം കാണുന്നത്. വിദ്യാഭ്യാസ നിലവാരം - പ്രത്യേകിച്ചും സ്ത്രീകളുടെ വിദ്യാഭ്യാസം - ഉയരുംതോറും ഈ പ്രവണത വര്‍ദ്ധിക്കുകയും ചെയ്യുന്നുവെന്നാണ് വിവിധ ജില്ലകളില്‍ നടത്തപ്പെട്ട സര്‍വെകള്‍ വ്യക്തമാക്കുന്നത്. പെറ്റുപെരുകി മതാനുയായികളുടെ സംഖ്യ വര്‍ധിപ്പിക്കാന്‍ ആഹ്വാനം നല്‍കുകയും കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് പള്ളികളില്‍നിന്ന് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് വാഗ്ദാനം നടത്തുകയും ചെയ്യുന്ന മതമേലധ്യക്ഷന്മാരുടെ മൂക്കിനുചുവട്ടില്‍പോലും അതാണ് നടക്കുന്നത്. നിര്‍ബന്ധവും നിയമവും ഒന്നുമില്ലാതെത്തന്നെ, കേരളത്തില്‍ കാര്യക്ഷമവും ആരോഗ്യകരവുമായ കുടുംബാസൂത്രണവും ബോധവല്‍ക്കരണവും നടന്നുകൊണ്ടിരിക്കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം - പ്രത്യേകിച്ചും വിദ്യാഭ്യാസത്തിന്റെ വ്യാപനത്തോടുകൂടി. ഒരുപക്ഷേ മതപിന്‍തിരിപ്പന്മാരെ വെറളി പിടിപ്പിക്കുന്നതും അതുതന്നെയാവാം. തങ്ങളുടെ വിലപേശല്‍ക്കഴിവ് കുറയുമോ എന്ന ആശങ്ക. ജസ്റ്റീസ് കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള കമ്മീഷന്‍ കേരളത്തിലെ ഈ രചനാത്മകമായ സാമൂഹ്യ യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെയാണ് കര്‍ശനമായ നിയമം വഴിയുള്ള നിയന്ത്രണത്തിന് ശുപാര്‍ശ ചെയ്യുന്നത് എന്നതാണ് ഖേദകരം.


*****


നാരായണന്‍ ചെമ്മലശ്ശേരി, കടപ്പാട് : ചിന്ത വാരിക

4 comments:

  1. രണ്ടിലധികം കുട്ടികളുള്ള കുടുംബങ്ങള്‍ ഇന്ന് നാട്ടിന്‍പുറങ്ങളില്‍പോലും വിരളമായിരിക്കുന്നുവെന്നാണ് നാം കാണുന്നത്. വിദ്യാഭ്യാസ നിലവാരം - പ്രത്യേകിച്ചും സ്ത്രീകളുടെ വിദ്യാഭ്യാസം - ഉയരുംതോറും ഈ പ്രവണത വര്‍ദ്ധിക്കുകയും ചെയ്യുന്നുവെന്നാണ് വിവിധ ജില്ലകളില്‍ നടത്തപ്പെട്ട സര്‍വെകള്‍ വ്യക്തമാക്കുന്നത്. പെറ്റുപെരുകി മതാനുയായികളുടെ സംഖ്യ വര്‍ധിപ്പിക്കാന്‍ ആഹ്വാനം നല്‍കുകയും കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് പള്ളികളില്‍നിന്ന് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് വാഗ്ദാനം നടത്തുകയും ചെയ്യുന്ന മതമേലധ്യക്ഷന്മാരുടെ മൂക്കിനുചുവട്ടില്‍പോലും അതാണ് നടക്കുന്നത്. നിര്‍ബന്ധവും നിയമവും ഒന്നുമില്ലാതെത്തന്നെ, കേരളത്തില്‍ കാര്യക്ഷമവും ആരോഗ്യകരവുമായ കുടുംബാസൂത്രണവും ബോധവല്‍ക്കരണവും നടന്നുകൊണ്ടിരിക്കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം - പ്രത്യേകിച്ചും വിദ്യാഭ്യാസത്തിന്റെ വ്യാപനത്തോടുകൂടി. ഒരുപക്ഷേ മതപിന്‍തിരിപ്പന്മാരെ വെറളി പിടിപ്പിക്കുന്നതും അതുതന്നെയാവാം. തങ്ങളുടെ വിലപേശല്‍ക്കഴിവ് കുറയുമോ എന്ന ആശങ്ക. ജസ്റ്റീസ് കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള കമ്മീഷന്‍ കേരളത്തിലെ ഈ രചനാത്മകമായ സാമൂഹ്യ യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെയാണ് കര്‍ശനമായ നിയമം വഴിയുള്ള നിയന്ത്രണത്തിന് ശുപാര്‍ശ ചെയ്യുന്നത് എന്നതാണ് ഖേദകരം.

    ReplyDelete
  2. ജി പി രാമചന്ദ്രനെ പോലുള്ള ഒരു കമ്മ്യൂണിസ്റ്റ്‌ വര്‍ഗീയ വാദിയെ കൊണ്ട് എഴുതിച്ച ലേഖനം തൊട്ടു മുന്‍പ് കൊടുത്തിട്ട് ഈ ലേഖനം കൊടുത്തത് എന്തിനാണ് ?
    ഇതില്‍ ഏത് വിശ്വസിക്കണം ?
    കുടുംബാസൂത്രണം വേണോ വേണ്ടേ ?
    അത് ന്യുനപക്ഷ വിരുദ്ധം ആയതു കൊണ്ട് വേണ്ടാ എന്ന് പറയുന്ന ജി പി യുടെ ആശയങ്ങള്‍ കമ്മ്യൂണിസ്റ്റ്‌ ആശയങ്ങള്‍ ആണോ ?

    ReplyDelete
  3. കുട്ടേട്ടാ,

    കുടുബാസൂത്രണം വേണ്ടെന്ന് ജി പി പറഞ്ഞിട്ടില്ലല്ലോ? അത് നിയമം മൂലം നടപ്പിൽ വരുത്താനുള്ള നീക്കം ആശാസ്യമല്ല എന്നല്ലേ പറയുന്നുള്ളൂ..അത് തന്നെയല്ലേ ഈ ലേഖനത്തിന്റെ താഴെ കൊടുത്തിരിക്കുന്ന പാരയിൽ പറഞ്ഞിരിക്കുന്നത്?

    രണ്ടിലധികം കുട്ടികളുള്ള കുടുംബങ്ങള്‍ ഇന്ന് നാട്ടിന്‍പുറങ്ങളില്‍പോലും വിരളമായിരിക്കുന്നുവെന്നാണ് നാം കാണുന്നത്. വിദ്യാഭ്യാസ നിലവാരം - പ്രത്യേകിച്ചും സ്ത്രീകളുടെ വിദ്യാഭ്യാസം - ഉയരുംതോറും ഈ പ്രവണത വര്‍ദ്ധിക്കുകയും ചെയ്യുന്നുവെന്നാണ് വിവിധ ജില്ലകളില്‍ നടത്തപ്പെട്ട സര്‍വെകള്‍ വ്യക്തമാക്കുന്നത്. പെറ്റുപെരുകി മതാനുയായികളുടെ സംഖ്യ വര്‍ധിപ്പിക്കാന്‍ ആഹ്വാനം നല്‍കുകയും കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് പള്ളികളില്‍നിന്ന് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് വാഗ്ദാനം നടത്തുകയും ചെയ്യുന്ന മതമേലധ്യക്ഷന്മാരുടെ മൂക്കിനുചുവട്ടില്‍പോലും അതാണ് നടക്കുന്നത്. നിര്‍ബന്ധവും നിയമവും ഒന്നുമില്ലാതെത്തന്നെ, കേരളത്തില്‍ കാര്യക്ഷമവും ആരോഗ്യകരവുമായ കുടുംബാസൂത്രണവും ബോധവല്‍ക്കരണവും നടന്നുകൊണ്ടിരിക്കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം - പ്രത്യേകിച്ചും വിദ്യാഭ്യാസത്തിന്റെ വ്യാപനത്തോടുകൂടി. ഒരുപക്ഷേ മതപിന്‍തിരിപ്പന്മാരെ വെറളി പിടിപ്പിക്കുന്നതും അതുതന്നെയാവാം. തങ്ങളുടെ വിലപേശല്‍ക്കഴിവ് കുറയുമോ എന്ന ആശങ്ക. ജസ്റ്റീസ് കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള കമ്മീഷന്‍ കേരളത്തിലെ ഈ രചനാത്മകമായ സാമൂഹ്യ യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെയാണ് കര്‍ശനമായ നിയമം വഴിയുള്ള നിയന്ത്രണത്തിന് ശുപാര്‍ശ ചെയ്യുന്നത് എന്നതാണ് ഖേദകരം.

    ReplyDelete
  4. കൃഷ്ണ അയ്യര്‍ നിര്‍ദേശങ്ങളില്‍ സ്കൂള്‍/കോളേജ് മാനേജ്മെന്‍റുകള്‍ക്ക് എതിരായി വളരെ നല്ല നിര്ദേശങ്ങള്‍ ഉണ്ട്. അവ ഇവിടെയും ചര്‍ച്ച ചെയ്യപ്പെടാത്തത് കഷ്ടം. പതിവ് പോലെ ലൈംഗികമാണ് നമുക്ക് താത്പര്യം. തീവണ്ടി ഇടിച്ചു ഛിന്ന ഭിന്നമായ പെണ്ണിന്റെ ശവം കണ്ടാലും മറ്റെടത്തേക്കേ നാം നോക്കൂ.

    ബ്രഹ്മചാരികളായ കള്ളപ്പുരോഹിതന്‍മാര്‍ കൂടുതല്‍ സംഭോഗം ചെയ്യൂ എന്നു കുഞ്ഞാടുകളോട് പറയുന്നു. എത്ര ജുഗുപ് സാവഹമാണ് സ്ഥിതി.

    ലൈംഗിക അപവാദങ്ങളില്‍ പെടുന്ന പുരോഹിതര്‍ ഇനി മുതല്‍ ജനസംഖ്യ കൂട്ടാന്‍ ചെയ്തു പോയതാണെന്ന് ന്യായം പറയും.

    കൃഷ്ണയ്യരുടെ നല്ല നിര്‍ദേശങ്ങളിലേക്ക് ദയവായി ശ്രദ്ധ തിരിക്കുക. സമൂഹത്തില്‍ കൂടുതല്‍ ദാരിദ്ര്യം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്ന ദുഷ്ട ശക്തികളുടെ പരസ്യം ഒഴിവാക്കുക.

    ReplyDelete