Tuesday, October 18, 2011

സമാധാനത്തിന്റെ മൂന്ന് ഇലകള്‍

തീയെ തൊടാനാശ
എല്ലാ ജീവജാലങ്ങള്‍ക്കുമുണ്ട്
തീ തൊട്ടുവളര്‍ത്തിയവള്‍ നീ
തീ
അണഞ്ഞുപോയ ഭൂമിയില്‍ ഉത്ഭവിച്ച ആദ്യത്തെ തീ
ഇന്നേവരെ നിന്റെ ദേഹത്തിന്റെ ചൂടിലൂടെ നീളുന്നു
ഓരോ തുള്ളി തീയിലും നീ

എന്നെഴുതിയ തമിഴ് കവയിത്രി മാലതി മൈത്രി പെണ്ണില്‍നിന്നാണ് തീ കുരുത്തതെന്ന് അമ്മ പറഞ്ഞതായി കൂട്ടിച്ചേര്‍ക്കുന്നുമുണ്ട്. ഒരാള്‍ മരിച്ചുപോയെന്ന് കരുതിയാല്‍ ആദ്യം വായ അടച്ചുകെട്ടണം. പിന്നെയും അയാള്‍ സംസാരിക്കുന്നത് അത്ര നല്ലതല്ലെന്ന് ഓര്‍മപ്പെടുത്തിയത് ലക്ഷ്മി മണിവണ്ണനും. തീയും മരണവും കോര്‍ത്തിണക്കിക്കൊണ്ടുള്ള കവിതകള്‍ ഒന്നിച്ചുചേര്‍ക്കുമ്പോള്‍ സ്ത്രീകള്‍ നയിക്കുന്ന ബദല്‍ ജീവിതത്തിന്റെ അപരിചിതമേഖലകളിലേക്കാണ് നാം എത്തുക. അവര്‍ സംസാരിക്കുമ്പോള്‍ , പ്രവര്‍ത്തിക്കുമ്പോള്‍ , ഇടപെടുമ്പോള്‍ , കെട്ടുപാടുകള്‍ പൊട്ടുന്നതിന്റെ മുഴക്കമുണ്ടാവും. അത് പകര്‍ത്തിവയ്ക്കാന്‍ ചിലപ്പോള്‍ ഭാഷപോലും അശക്തം.
സമാധാനത്തിനുള്ള 2011ലെ നൊബേല്‍ സമ്മാനം മൂന്ന് സ്ത്രീകള്‍ പങ്കിടുമ്പോള്‍ ചരിത്രം ഒരുവട്ടം സ്തബ്ധമായിട്ടുണ്ടാകണം. ലൈബീരിയന്‍ പ്രസിഡന്റ് എലെന്‍ ജോണ്‍സണ്‍ സര്‍ലീഫ്, വനിതാ വിമോചകപ്രവര്‍ത്തക ലെയ്മ ബോവി, യെമനിലെ ജനാധിപത്യ പ്രക്ഷോഭനായിക തവക്കുല്‍ കര്‍മാന്‍ എന്നിവരാണ് വാര്‍ത്തകളുടെ നെറുകയിലെത്തിയത്. മരണഭയം ഉരുകിയൊലിക്കുന്ന ലാവപോലെ സാന്നിധ്യമറിയിക്കുന്ന സാമൂഹ്യകാലാവസ്ഥയിലാണ് മൂവരും പ്രക്ഷുബ്ധമായി പ്രവര്‍ത്തിക്കുന്നത്. അവരുടെ സമരസന്നദ്ധത തീപോലെ കത്തിക്കയറുമ്പോഴും തലോടലാവുകയാണ്. രാജ്യത്തെ ശ്മശാനമാക്കിയ ആഭ്യന്തരയുദ്ധത്തിനും അത് കിളച്ചുമറിച്ച് സൃഷ്ടിച്ച ദാരിദ്ര്യത്തിനും നടുവില്‍നിന്നാണ് വ്യത്യസ്തമായ തോതില്‍ മൂവരുടേയും സംഭാവനകള്‍ .

രാഷ്ട്രീയഭൂപടത്തില്‍ അത്രയൊന്നും അടിവര പതിക്കാത്ത ലൈബീരിയയുടെ ആധുനികചരിത്രവുമായി വെട്ടിമാറ്റാനാവാത്ത ബന്ധമാണ് സര്‍ലീഫിന് ഇന്തോനേഷ്യന്‍ യാത്രയ്ക്കിടയിലെ സിംഗപ്പുര്‍ അനുഭവം. ഇന്റര്‍നാഷണല്‍ ഹെറാള്‍ഡ് ട്രിബ്യൂണിലെ വാര്‍ത്താഭ്രമണം. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് പ്രത്യേക ഫീച്ചറുകളും പഠനങ്ങളും വാര്‍ത്തകളും. യുദ്ധം കീറിമുറിച്ച ലൈബീരിയയുടെ പുനര്‍നിര്‍മാണത്തിനുള്ള ഐക്യരാഷ്ട്രസഭാ പരിപാടിയിലെ സ്ത്രീ മുന്‍കൈ മുന്‍നിര്‍ത്തിയുള്ള ഒന്നാംപുറ വാര്‍ത്ത. തലസ്ഥാനനഗരിയില്‍ റൈഫിളുകളുമേന്തി കാവല്‍നില്‍ക്കുന്ന സൈന്യത്തിന്റെ ഭാഗമായി ഇന്ത്യന്‍ സ്ത്രീകളും. രണ്ടുലക്ഷം മനുഷ്യരെ അരിഞ്ഞുതള്ളിയ യുദ്ധം എങ്ങും പരത്തിയത് അവിശ്വാസത്തിന്റെ കാര്‍മേഘം. അവിടെ സര്‍ലീഫാണ് ഉണര്‍വിന്റെ ആകാശമെത്തിച്ചത്. ശക്തരായ സ്ത്രീകളുടെ രാജ്യം എന്ന മറ്റൊരു കുറിപ്പില്‍ സര്‍ലീഫിന്റെ മന്ത്രിസഭയെക്കുറിച്ച് എഴുതിയിട്ടുണ്ട്. 22 അംഗ ക്യാബിനറ്റില്‍ എട്ട് വനിതാ മന്ത്രിമാര്‍ . വിദേശകാര്യം, നീതിന്യായം, കൃഷി, വാണിജ്യം, കായികം, ലിംഗകാര്യവകുപ്പ് എന്നീ പ്രധാന മേഖലകളിലെല്ലാം പെണ്‍നിയന്ത്രണമാണ്. ചെയ്യാന്‍ കഴിയില്ലെന്ന് തോന്നുന്നവ മുന്നിലെത്തുമ്പോള്‍ അമ്മയെ ഓര്‍ക്കൂ എന്നതാണ് പ്രസിഡന്റിന്റെ ഉപദേശം.

"സ്ത്രീകളുടെ പ്രതിബദ്ധത കറകളഞ്ഞതാണ്. സത്യസന്ധരുമാണ് അവര്‍ . അനുഭവം അത് തെളിയിച്ചിട്ടുണ്ട്. അഴിമതിയോട് കൂടുതലും ഒട്ടിനില്‍ക്കുന്നത് പുരുഷന്മാരാണ്. ബാധ്യതകള്‍ അവരുടെ ആവശ്യങ്ങള്‍ കനത്തതാക്കുകയും ചെയ്യുന്നു....എന്ന കൂട്ടിച്ചേര്‍ക്കലും വിട്ടുകളയാനാവില്ല. 35 ലക്ഷം ജനങ്ങളുള്ള ലൈബീരിയയിലെ തൊഴിലില്ലായ്മ 85 ശതമാനമാണ്. ജനസംഖ്യയുടെ 60 ശതമാനം 25 വയസ്സിനു താഴെയുള്ളവരാണെന്നത് മറ്റൊരു പ്രതിസന്ധി. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ആദ്യ വനിതാ പ്രസിഡന്റായ സര്‍ലീഫ് മറ്റു കുറേ നേട്ടങ്ങളാലും ശ്രദ്ധേയയാണ്. കറുത്ത വര്‍ഗക്കാരിയായ ലോകത്തിലെ ആദ്യത്തെ രാഷ്ട്രനേതാവ്. 1979-80 കാലത്ത് വില്യം ടോള്‍ബെര്‍ടിന്റെ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നു. എണ്‍പതിലെ അട്ടിമറിയെത്തുടര്‍ന്ന് അവര്‍ ലൈബീരിയ വിട്ടു. പിന്നെ കുറേ അന്താര്രാഷ്ടസ്ഥാപനങ്ങളുടെ മേധാവിയായി. 14 വര്‍ഷത്തെ ആഭ്യന്തരയുദ്ധത്തിനുശേഷം 2005ല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. "വുമണ്‍ ഓഫ് ലൈബീരിയാസ് മാസ് ആക്ഷന്‍ ഫോര്‍ പീസ്" എന്ന മുന്നേറ്റമാണ് വിജയത്തിന്റെ അടിത്തറയായത്. സമാധാനപുനഃസ്ഥാപനത്തിന് അത് ആശ്രയിച്ചത് സ്ത്രീകളെ. രാഷ്ട്ര പുനര്‍നിര്‍മാണത്തിന് അമ്മമാരോടും സഹോദരിമാരോടുമുള്ള അഭ്യര്‍ഥന എന്ന പ്രസ്താവന ഏറെ ചലനങ്ങളുണ്ടാക്കി.

സര്‍ലീഫിന്റെ ഓര്‍മക്കുറിപ്പും ഇതര ലേഖനങ്ങളും ലോകശ്രദ്ധ നേടിയവയാണ്. "ദി ചൈല്‍ഡ് വില്‍ ബി ഗ്രേറ്റ്: മെമ്മോയിര്‍ ഓഫ് എ റിമാര്‍ക്കബിള്‍ ലൈഫ് ബൈ ആഫ്രിക്കാസ് ഫസ്റ്റ് വുമണ്‍ പ്രസിഡന്റ്" എന്ന ആത്മകഥ വലിയ മാധ്യമപരിഗണന ലഭിച്ചതും. "ബിക്കോസ് ഐ ആം എ ഗേള്‍" ഒരു സമാഹാരത്തിലേക്കെഴുതിയ ആത്മകഥാംശമുള്ള കുറിപ്പാണ്. ഫ്രം ഡിസാസ്റ്റര്‍ ടു ഡെവലപ്മെന്റ്, ദി ഔട്ട്ലുക്ക് ഫോര്‍ കമേഴ്സ്യല്‍ ബാങ്ക് ലെന്‍ഡിങ് ടു സബ്സഹാറന്‍ ആഫ്രിക്ക തുടങ്ങിയ സാമ്പത്തിക ശാസ്ത്രകൃതികളും അവഗണിക്കാവുന്നതല്ല. വുമണ്‍ -വാര്‍ ആന്‍ഡ് പീസ് എന്ന കൃതിയുടെ സഹ എഴുത്തുകാരികൂടിയാണ് സര്‍ലീഫ്. യുദ്ധം സ്ത്രീജീവിതത്തിലുണ്ടാക്കുന്ന അത്യഗാധമായ പ്രത്യാഘാതങ്ങള്‍ അന്വേഷിക്കുന്നതാണ് ആ പഠനം. "പ്രേ ദി ഡെവില്‍ ബാക്ക് ടു ഹെല്‍" എന്ന ഡോക്യുമെന്ററിയിലും സര്‍ലീഫിന്റെ കഥകളാണ്.


ലൈബീരിയയുടെ പിന്നിപ്പോയ ഹൃദയം കൂട്ടിയോജിപ്പിക്കുന്നതിന് സംഭാവന നല്‍കിയ ലെയ്മാബോവിയും അംഗീകരിക്കപ്പെട്ടത് മറ്റൊരു നേട്ടം. 2003ലെ സമാധാന ഉടമ്പടിയെത്തുടര്‍ന്ന് വനിതകളെ തെരഞ്ഞെടുപ്പില്‍ സജീവപങ്കാളികളാക്കിയതാണ് പ്രധാന പ്രവര്‍ത്തനം. ക്രൈസ്തവ-ഇസ്ലാം സ്ത്രീകളെ ഒരേ കുടക്കീഴില്‍ അണിനിരത്തി അവര്‍ നടത്തിയ പോരാട്ടങ്ങള്‍ക്ക് മികച്ച ഫലമാണുണ്ടായതും. "മൈറ്റി ബി അവര്‍ പവേഴ്സ്" എന്ന ബോവിയുടെ ആത്മകഥ ചോരയിറ്റുന്ന രാജ്യത്തെക്കുറിച്ചുള്ള ഞെട്ടലുകള്‍ നിറഞ്ഞതാണ്. അതൊരു പരമ്പരാഗത യുദ്ധക്കഥയല്ലെന്ന മുന്നുരപോലും വഴിമാറ്റത്തിന്റെ സൂചന നല്‍കുന്നുണ്ട്. യുദ്ധത്തിലാണ്ടുകഴിഞ്ഞ ഒരു രാജ്യത്തെ സഹോദരീബന്ധവും പ്രാര്‍ഥനയും ലിംഗാവസ്ഥയും എങ്ങനെ മാറ്റിത്തീര്‍ത്തുവെന്നതാണ് അതിന്റെ സാരാംശം. 1989ല്‍ ചാള്‍സ് ടെയ്ലര്‍ തുടങ്ങിയ സംഘര്‍ഷവേളയില്‍ ബോവിക്ക് 17 വയസ്സ് മാത്രമായിരുന്നു. ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയ അവളുടെ മനസ്സില്‍ നിറയെ വൈദ്യശാസ്ത്രരംഗമായിരുന്നു. പ്രസിഡന്റ് സാമുവല്‍ ദോയെ അട്ടിമറിക്കാന്‍ ടെയ്ലര്‍ നടത്തിയ ശ്രമം രാജ്യത്തിന്റെ പ്രതീക്ഷകള്‍ക്കൊപ്പം അവളുടെ മോഹങ്ങളും കീഴ്മേല്‍ മറിച്ചു.

ടെയ്ലറുടെ ആര്‍ത്തി സംഹാരാത്മകമായപ്പോള്‍ സമാധാനം തിരിച്ചുകൊണ്ടുവരാതെ ഭര്‍ത്താക്കന്മാരെ ലൈംഗികബന്ധത്തിന് അനുവദിക്കില്ലെന്ന് സ്ത്രീകളെക്കൊണ്ട് പ്രതിജ്ഞയെടുപ്പിച്ച പ്രതിഷേധമുറ ബോവിയുടെ കാഴ്ചപ്പാട് വികസിപ്പിച്ചതായിരുന്നു. സമാധാനം എന്ന സ്ഥാപനം ലക്ഷ്യമാക്കിയുള്ള നിരവധി സംഘടനകളിലും പ്രക്ഷോഭങ്ങളിലും നേതൃരംഗത്ത് തിളങ്ങിയ അവര്‍ സ്ത്രീമുന്നേറ്റത്തിലാണ് കൂടുതല്‍ ഊന്നിയത്. ജനാധിപത്യാവകാശത്തിലൂന്നി പ്രക്ഷോഭങ്ങള്‍ക്ക് ഇന്ധനം നല്‍കിയ പത്രപ്രവര്‍ത്തകയെന്ന നിലയിലാണ് തവക്കുല്‍ കര്‍മാനെ നൊബേല്‍ സമ്മാനം തേടിയെത്തിയത്. പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന പെരുമ നേടിയ ഈ മുപ്പത്തിരണ്ടുകാരിയുടെ ഓഫീസ് മുറി അലങ്കരിക്കുന്നത് മൂന്ന് ലോകനേതാക്കളുടെ ചിത്രങ്ങളാണ്- ഗാന്ധിജി, മാര്‍ട്ടിന്‍ ലൂഥര്‍കിങ്, മണ്ടേല എന്നിവരുടേത്. യെമന്‍ തലസ്ഥാനമായ സനായിലെ പ്രക്ഷോഭങ്ങള്‍ക്ക് തീ പിടിപ്പിച്ചത് അവരാണെന്ന് പറയുന്നത് അതിശയോക്തിയാവില്ല.

സമരഭടന്മാരെ വെടിയുതിര്‍ത്ത് തകര്‍ത്ത ചത്വരത്തില്‍ 2007മുതല്‍ എല്ലാ ചൊവ്വാഴ്ചകളിലും കര്‍മാന്റെ നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ അലയടിക്കുകയാണ്. ഇതിന്റെ പേരില്‍ പ്രസിഡന്റ് കാരാഗൃഹത്തിന്റെ ഇരുട്ടിലേക്ക് അവരെ വലിച്ചെറിയുകയുണ്ടായി. രണ്ടായിരത്തിയഞ്ചില്‍ വുമണ്‍ ജേണലിസ്റ്റ്സ് വിത്തൗട്ട് ചെയിന്‍സ് രൂപീകരിച്ചത് കര്‍മാന്റെ നേതൃത്വത്തിലായിരുന്നു. തനിക്ക് ലഭിച്ച നൊബേല്‍ അറബ് വസന്തത്തില്‍ രക്തസാക്ഷികളായവര്‍ക്കും മുറിവേല്‍ക്കപ്പെട്ടവര്‍ക്കും സമര്‍പ്പിക്കുന്നു എന്ന അവരുടെ അഭിപ്രായപ്രകടനത്തിന്റെ സന്ദേശം വിപുലമാണ്. പിന്നെ ലിബിയയും സിറിയയുമടക്കം ലോകത്തിന്റെ പല ഭാഗങ്ങളിലും മുള പൊട്ടിയ ഉണര്‍വുകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയുമായിരുന്നു. രാത്രി ഏഴുമണിക്കുശേഷം വീടിനുപുറത്തിറങ്ങാന്‍പോലും അവകാശമില്ലാത്തെ യമനിലെ സ്ത്രീകള്‍ സമരചത്വരത്തിലാണ് രാത്രി മുഴുവന്‍ കഴിയുന്നതെന്നത് കര്‍മാന്‍ പ്രത്യേകം അടിവരയിടുകയുമുണ്ടായി. ഇത് താനൊരിക്കലും കണ്ടിട്ടില്ലാത്ത സ്വപ്നങ്ങള്‍ക്കുമപ്പുറമാണെന്ന് കൂട്ടിച്ചേര്‍ക്കുകയുമാണ്. ഈ സ്ത്രീകളെക്കുറിച്ച് അഭിമാനിക്കുന്നതായും അമര്‍ത്തിപ്പറഞ്ഞു. യമനിലെ സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തണമെന്ന പ്രചാരണവും അവര്‍ ഏറ്റെടുത്തിട്ടുണ്ട്. കര്‍മാന്‍ പരമ്പരാഗതവേഷവിധാനങ്ങളെ പൂര്‍ണമായും സ്വീകരിച്ചിട്ടില്ലെന്നത് മറ്റൊരു കാര്യം.

*
അനില്‍കുമാര്‍ എ വി ദേശാ‍ഭിമാനി സ്ത്രീ സപ്ലിമെന്റ് 18 ഒക്ടോബര്‍ 2011

1 comment:

  1. തീയെ തൊടാനാശ
    എല്ലാ ജീവജാലങ്ങള്‍ക്കുമുണ്ട്
    തീ തൊട്ടുവളര്‍ത്തിയവള്‍ നീ
    തീ
    അണഞ്ഞുപോയ ഭൂമിയില്‍ ഉത്ഭവിച്ച ആദ്യത്തെ തീ
    ഇന്നേവരെ നിന്റെ ദേഹത്തിന്റെ ചൂടിലൂടെ നീളുന്നു
    ഓരോ തുള്ളി തീയിലും നീ

    എന്നെഴുതിയ തമിഴ് കവയിത്രി മാലതി മൈത്രി പെണ്ണില്‍നിന്നാണ് തീ കുരുത്തതെന്ന് അമ്മ പറഞ്ഞതായി കൂട്ടിച്ചേര്‍ക്കുന്നുമുണ്ട്. ഒരാള്‍ മരിച്ചുപോയെന്ന് കരുതിയാല്‍ ആദ്യം വായ അടച്ചുകെട്ടണം. പിന്നെയും അയാള്‍ സംസാരിക്കുന്നത് അത്ര നല്ലതല്ലെന്ന് ഓര്‍മപ്പെടുത്തിയത് ലക്ഷ്മി മണിവണ്ണനും. തീയും മരണവും കോര്‍ത്തിണക്കിക്കൊണ്ടുള്ള കവിതകള്‍ ഒന്നിച്ചുചേര്‍ക്കുമ്പോള്‍ സ്ത്രീകള്‍ നയിക്കുന്ന ബദല്‍ ജീവിതത്തിന്റെ അപരിചിതമേഖലകളിലേക്കാണ് നാം എത്തുക. അവര്‍ സംസാരിക്കുമ്പോള്‍ , പ്രവര്‍ത്തിക്കുമ്പോള്‍ , ഇടപെടുമ്പോള്‍ , കെട്ടുപാടുകള്‍ പൊട്ടുന്നതിന്റെ മുഴക്കമുണ്ടാവും. അത് പകര്‍ത്തിവയ്ക്കാന്‍ ചിലപ്പോള്‍ ഭാഷപോലും അശക്തം.

    ReplyDelete