കുട്ടിക്കാലത്ത് അമ്മ പറയും: ''എടാ, സായിപ്പിന്റെ പലവ്യഞ്ജനക്കടയില്‍ പോയി കുറച്ചു സാധനം വാങ്ങിക്കൊണ്ട് വാ''.
വള്ളിനിക്കറും വലിച്ചു കയറ്റി ഞാന്‍ ഓടും. പലപ്പോഴും സാധനങ്ങളുടെ പേര് മറക്കാറുണ്ട്. അപ്പോള്‍ സായിപ്പ് പറയും, 'വീട്ടില്‍ പോയി ചോദിച്ചിട്ട് വാ'. കാശ് കുറവാണെങ്കില്‍ നാളെ വരുമ്പോള്‍ തന്നാല്‍ മതി” എന്ന് പറഞ്ഞു വിടും.
സായിപ്പിന് ആ പേര് എങ്ങനെ കിട്ടി എന്ന് ഞാന്‍ അക്കാലത്തു ആലോചിക്കുമായിരുന്നു. ഇപ്പോള്‍ ''യഥാര്‍ഥ സായിപ്പിന്റെ ഇമ്മിണി ബല്ല്യ പലവ്യഞ്ജനക്കട, 51 ശതമാനം വിദേശ നിക്ഷേപവുമായി നാട്ടില്‍ വരാന്‍ തയ്യാറെടുക്കുമ്പോള്‍, അമേരിക്കയിലെ എന്റെ ഷോപ്പിംഗ് അനുഭവങ്ങള്‍ ഉയര്‍ത്തിയ‘ചില്ലറ’ ചോദ്യങ്ങള്‍ ഓര്‍ത്തു പോകുന്നു.
എന്റെ ചോദ്യങ്ങള്‍ക്ക് മറുപടി തന്നത് സൊഹെയ്ല്‍ ആയിരുന്നു. ഡല്‍ഹിയില്‍ റീടെയില്‍ രംഗത്ത് വളരെക്കാലം ജോലി നോക്കിയിട്ടുള്ള ഈ രാജസ്ഥാന്‍കാരന്‍ പല അമേരിക്കക്കാരെയും പോലെ ഒരു മല്‍സര ഷോപ്പിംഗ്’ വിദഗ്ധനാണ്. ഡിസ്‌കൌണ്ട് ഡീല്‍ ഏതു കടയില്‍ ഉണ്ടെങ്കിലും പുള്ളിക്കാരന്‍ അതിന്റെ കൂപ്പണും എടുത്തു ഷോപ്പിങ്ങിന് ഇറങ്ങും.
ഇന്ത്യയില്‍ കാല്‍നടയായി മാത്രം സാധനം വാങ്ങാന്‍ പോയി ശീലിച്ച എനിക്ക് അമേരിക്കയിലെ ഷോപ്പിംഗ് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. വീടിന്റെ അടുത്തെങ്ങും ന്യായവിലയുള്ള കടകള്‍ ഇല്ല. സൊഹെയ്‌ലിന്റെ കൂടെ ഷോപ്പിംഗ് നടത്തുക മാത്രമാണ് ഏക പോംവഴി.
‘ബിഗ് ബോക്‌സ് സ്‌റ്റോര്‍’ എന്നും‘സൂപ്പര്‍ സെന്റര്‍ എന്നുമൊക്കെ അറിയപ്പെടുന്ന, ഫുട്ബാള്‍ സ്‌റ്റേഡിയങ്ങളുടെ വലിപ്പമുള്ള ഷോപ്പിംഗ് മാളിലേക്ക് എന്നെ ആദ്യമായി കൊണ്ടുപോകുമ്പോള്‍ സുഹെയ്ല്‍ പറഞ്ഞു: എത്രയും വേഗം ഒരു കാര്‍ എടുക്ക്. അല്ലെങ്കില്‍ തണുപ്പുകാലത്ത് അവശ്യസാധനങ്ങള്‍ ഇല്ലാതെ ബുദ്ധിമുട്ടും. ഏറ്റവും അടുത്തുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ നടന്നെത്താന്‍ തന്നെ കുറഞ്ഞത് മുക്കാല്‍ മണിക്കൂര്‍ എടുക്കും.”
എല്ലാ വാരാന്ത്യങ്ങളിലും ഈ കടകളില്‍ നല്ല തിരക്കാണ്. ‘റിഡക്ഷന്‍ സെയില്‍സും’, ‘കാഷ് ബാക്കും, ഡിസ്‌കൌണ്ട് കൂപ്പണുകളും, മോശം സാധനം തിരിച്ചു സ്വീകരിക്കലും ഒക്കെ നല്‍കി ഉപഭോക്താക്കളെ വശീകരിക്കാന്‍ എല്ലാ സ്‌റ്റോറുകളും മത്സരിക്കുന്നു. എന്നും ദിനപത്രത്തിന്റെ കൂടെ (ചിലപ്പോള്‍ പത്രത്തിന്റെ പേജുകളെക്കാള്‍ കൂടുതല്‍) ഡിസ്‌കൌണ്ട് കൂപ്പണുകള്‍ വരും. തപാല്‍ പെട്ടിയിലും നിരവധി പരസ്യക്കത്തുകള്‍. ഈ കൂപ്പണുകളും എടുത്താണ് സൊഹെയ്ല്‍ ഉള്‍പ്പെടെയുള്ള അനവധി ഉപഭോക്താക്കള്‍ കടയിലേക്ക് ഇറങ്ങുക.
ഇങ്ങനെ വിലക്കുറവ് പരസ്യം ചെയ്യുന്ന കടകള്‍ എണ്ണത്തില്‍ വളരെ കുറവാണ് എന്നത് ഞാന്‍ ശ്രദ്ധിച്ചു. വാള്‍ മാര്‍ട്ട്, സിയെഴ്‌സ്, ജെ സി പെന്നി, കെ മാര്‍ട്ട്, കോള്‍സ്, മെയെഴ്‌സ്, ജുവല്‍ ഒസ്‌കോ, മേസീസ്, ഹോം ഡിപ്പോ, ഓഫീസ് ഡിപ്പോ, ബെസ്റ്റ് ബൈ, ബ്ലൂമിംഗ്‌ഡെയ്ല്‍സ്, ടോയ്‌സ് ആര്‍ അസ്, എന്നിങ്ങനെ, വിരലില്‍ എണ്ണാവുന്നത്ര കടകളെ ഇത്രയും വലിയ രാജ്യത്ത് ഉള്ളോ?
ഇവിടെ എന്താ ചെറുകിട കച്ചവടക്കാര്‍ ഇല്ലേ?, സൊഹെയിലിനോട് ഒരു ദിവസം ചോദിച്ചു.
ഉണ്ടായിരുന്നു. ഏതു ടൗണില്‍ ഈ സൂപ്പര്‍ സ്‌റ്റോറുകള്‍ തുടങ്ങുമ്പോഴും ആദ്യത്തെ കുറേ വര്‍ഷം അവര്‍ വന്‍തോതില്‍ വില കുറച്ചു സാധനങ്ങള്‍ വില്‍ക്കും. അതിനോട് മത്സരിക്കാന്‍ കൊച്ചു കച്ചവടക്കാര്‍ക്ക് പറ്റില്ല. അങ്ങനെ അവരില്‍ മിക്കവരും കട പൂട്ടിപ്പോവും. അതാണ് പതിവ്.”
മൃഗീയമായ മത്സരത്തിലൂടെ ചെറുകിട കച്ചവടക്കാരെ ഈ ബഹു ബ്രാന്‍ഡ് വ്യാപാരക്കാര്‍ ഷട്ടര്‍ ഇടീപ്പിക്കുന്നു. വന്‍ ട്രക്കിംഗ് സന്നാഹങ്ങളോടെ വിവിധ രാജ്യങ്ങളിലെ പാടങ്ങളില്‍ വിളയുന്ന പച്ചക്കറികളും പഴങ്ങളും ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് കടയില്‍ എത്തിക്കുന്നത് കാരണം ‘ഫ്രഷ്’ ആയി സാധനങ്ങള്‍ കിട്ടുന്നു. അത് ഫ്രഷ് ആക്കാന്‍ കരീബിയന്‍ നാടുകള്‍ മുതല്‍ ചൈന വരെയുള്ള പാടങ്ങളില്‍ രാത്രികളില്‍ മെഴുകുതിരി വെളിച്ചത്തില്‍ കര്‍ഷകര്‍ വിളവെടുപ്പ് നടത്തുന്നുവെങ്കില്‍, ആര്‍ക്കു ചേതം?
“എങ്ങനെയാണ് ഇവര്‍ ഇത്രയും വില കുറച്ചു സാധനങ്ങള്‍ വില്‍ക്കുന്നത്?, തുണികള്‍ വില്‍ക്കുന്ന ഡിപ്പാര്‍ട്ട്‌മെന്റില്‍ വച്ചു സൊഹെയ്‌ലിനോട് ചോദിച്ചു.“ഈ അമേരിക്കന്‍ ബ്രാന്‍ഡ് തുണികളുടെ 'മെയ്ഡ് ഇന്‍' ലേബല്‍ ഒന്ന് സൂക്ഷിച്ചു നോക്കിയാല്‍ മനസ്സിലാവും.”
ഞാന്‍ നോക്കി: 'മെയ്ഡ് ഇന്‍ ചൈന, വിയറ്റ്‌നാം, ഹോണ്ടുറാസ്, ബംഗ്ലാദേശ്', അങ്ങനെ പോകുന്നു ലേബലുകള്‍. ഈ രാജ്യങ്ങളില്‍ വളരെ മോശമായ ഫാക്ടറികളില്‍ വിയര്‍ത്തുകുളിച്ചിരിക്കുന്ന പാവം പെണ്‍കുട്ടികളെക്കൊണ്ട് തുണിയും പാവയും നെയ്‌തെടുപ്പിക്കാന്‍ ചെലവ് ഒന്നിന് 0.18 ഡോളര്‍. നമ്മള്‍“എന്തൊരു വിലക്കുറവ്”എന്ന് സന്തോഷിക്കുന്ന തുണിയുടെ വിലയോ 15 ഡോളര്‍. രാവിലെ ഏഴു മുതല്‍ രാത്രി പത്ത് വരെ വന്‍കിട ബ്രാന്റുകളുടെ വിയര്‍പ്പ്ശാലകളില്‍ പണി ചെയ്യുമ്പോള്‍ ഒരു ശരാശരി മൂന്നാം ലോക ഫാക്ടറി തൊഴിലാളിക്ക് കിട്ടുന്ന ദിവസക്കൂലി മൂന്നു ഡോളറില്‍ കുറവ്. ലാഭം ആര്‍ക്ക്, നഷ്ടം ആര്‍ക്ക്?
അപ്പോള്‍ ഇതൊക്കെ അറിഞ്ഞിട്ടും അമേരിക്കക്കാര്‍ വെറുതേ ഇരിക്കുകയാണോ?
അല്ല. പല തരത്തിലുള്ള നീക്കങ്ങള്‍ അമേരിക്കയുടെ ഉള്ളില്‍ തന്നെ വാള്‍ മാര്‍ട്ട് പോലെയുള്ള ഷോപ്പിംഗ് ഭീമന്മാര്‍ക്കെതിരെ നടന്നിട്ടുണ്ട്. യൂണിയന്‍ തുടങ്ങാന്‍ കമ്പനി അനുവദിക്കാതിരുന്നിട്ടും നൂറുകണക്കിന് വാള്‍ മാര്‍ട്ട് തൊഴിലാളികള്‍ തങ്ങള്‍ക്കു നിഷേധിക്കപ്പെട്ട കോടിക്കണക്കിനു ഡോളറുകളുടെ ഓവര്‍ ടൈം ശമ്പളവും മറ്റു സേവനവേതനങ്ങളും നിയമയുദ്ധത്തിലൂടെ നേടിയെടുത്തു. അനേകം അമേരിക്കന്‍ പട്ടണങ്ങളില്‍ ചെറുകിട കച്ചവടക്കാരെ വാള്‍ മാര്‍ട്ട് തകര്‍ക്കുമെന്ന് മുന്‍കൂട്ടി കണ്ട നാട്ടുകാര്‍ ആ വരവിനെ സമരം ചെയ്തു ചെറുത്തു. പല തവണയായി നിയമലംഘനത്തിനു വാള്‍ മാര്‍ട്ടിന്റെ മേല്‍ പരിസ്ഥിതി സംരക്ഷണ ഏജന്‍സി കോടിക്കണക്കിനു ഡോളറിന്റെ പിഴ ചുമത്തി.
ഒരു പക്ഷെ ഇങ്ങനെ വന്‍ തോതില്‍ സ്വന്തം നാട്ടില്‍ പ്രതിരോധം കൂടിയത് കൊണ്ടാവാം അന്യ രാജ്യങ്ങളില്‍ നിക്ഷേപം നടത്താന്‍ ഇവര്‍ ഊര്‍ജിത ശ്രമങ്ങള്‍ നടത്തുന്നത്.
ഒരിക്കല്‍ സൊഹെയ്ല്‍ ചോദിച്ചു:“സാംസ് ക്ലബ്ബില്‍ വരുന്നോ?”. വാള്‍ മാര്‍ട്ടിന്റെ തന്നെ ഹോള്‍ സെയില്‍ വെയര്‍ഹൗസ് ആണ് സാംസ് ക്ലബ്ബ്. സൊഹെയ്ല്‍ അവിടെ അംഗമാണ്. പ്രളയത്തിനു തയ്യാറെടുക്കുന്ന നോഹയെ പോലെ അയാള്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നത് കണ്ടപ്പോള്‍ ചോദിച്ചു: “എന്തിനാ പത്തു റോള്‍ ടോയ്‌ലറ്റ് പേപ്പറും അഞ്ചു കുപ്പി എണ്ണയും ഒക്കെ? “
“കൂടുതല്‍ വാങ്ങുന്തോറും വില കുറയുമേന്നേ. അമേരിക്കയിലെ ഇടത്തരക്കാര്‍ പലരും അങ്ങനെയാണ് സാധനം വാങ്ങുന്നത്. ഒരു കടയില്‍ പോകണമെങ്കില്‍ ഒരു മണിക്കൂര്‍ കാര്‍ ഓടിക്കണം. ഇന്ധന വില കൂടുന്ന ഈ കാലത്ത് ആരാ എന്നും കടയില്‍ പോവുക? അപ്പോള്‍ വാങ്ങാവുന്നത്രയും വാങ്ങി കൂട്ടുക തന്നെ.”
കഴിഞ്ഞ വ്യാഴാഴ്ച ഇവിടെ ‘താങ്ക്‌സ് ഗിവിംഗ്’ എന്ന അവധിദിവസം ആയിരുന്നു. ആ വാരാന്ത്യം മുഴുവന്‍ ഒരു വന്‍കിടവ്യാപാര മേളയാണ്. 'ബ്ലാക്ക് ഫ്രൈഡേ' എന്നറിയപ്പെടുന്ന വെള്ളിയാഴ്ച എല്ലാ കടകളും ആദായ ഡീല്കളുമായി രാത്രിമുഴുവനും തുറന്നു പ്രവര്‍ത്തിക്കും. ചിലതു വ്യാഴാഴ്ച തന്നെ വില്‍പ്പന തുടങ്ങും. ഈ കടകളുടെ മുമ്പില്‍ ആളുകള്‍ കൊടുംതണുപ്പ് സഹിച്ചു ക്യൂ നിന്നു. പോരാത്തതിന് തിങ്കളാഴ്ച ഇതേ കടകള്‍ ഇന്റര്‍നെറ്റ് വഴി 'സൈബര്‍ മണ്‍ഡേ' എന്ന പേരിലും കച്ചവടം പൊടി പൊടിച്ചു.
ആ വാരാന്ത്യത്തില്‍ റെക്കോര്‍ഡ് തകര്‍ത്ത ഷോപ്പിംഗ് നടന്നുവെന്ന് നാഷണല്‍ റീടെയില്‍ ഫെഡറേഷന്‍ കണക്കുകള്‍ സൂചിപ്പിക്കുന്നു. 22.6 കോടി ആളുകള്‍ 52.4 ബില്യന്‍ ഡോളറിനു സാധനം വാങ്ങിക്കൂട്ടി: കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഏഴു ശതമാനം കൂടുതല്‍. 'സൈബര്‍' തിങ്കളാഴ്ചയില്‍, മുന്‍ വര്‍ഷത്തേക്കാള്‍ 22 ശതമാനം വര്‍ധനയില്‍, 1.3 ബില്യന്‍ ഡോളറിന്റെ സാധനങ്ങള്‍ വിറ്റഴിഞ്ഞു.
ഉപഭോഗമാണ് സമ്പദ്ഘടന നന്നാവാന്‍ ആവശ്യം എന്ന തെറ്റായ ചിന്ത നിലവിലുള്ള അമേരിക്കയില്‍, അത്യാഗ്രഹം ഒരു നല്ല വികാരമാണ്. അതോ 'സാമ്പത്തിക'രംഗം ഇനിയും തകരും എന്ന് ഭയന്ന് ഇവിടെ എല്ലാവരും തങ്ങളുടെ 'നോഹപ്പെട്ടകം' നിറയ്ക്കുകയാണോ?
തണുത്ത രാവിലും ഷോപ്പുകളുടെ മുന്നില്‍ തിങ്ങി നിറഞ്ഞു നില്‍ക്കുന്ന അമേരിക്കക്കാരെ കണ്ടപ്പോള്‍, നാട്ടിലെ നാല്‍ക്കവലയില്‍ നിസ്സംഗതയോടെ കടയില്‍ ഇരിക്കുന്ന സായിപ്പിന്റെ നരച്ച മുഖം ഉള്ളിലൂടെ കടന്നു പോയി.
എനിക്ക് അത് വെറും ഒരു കടയായിരുന്നില്ല; ബാല്യകാലത്തിനെ പറ്റിയുള്ള ഒരു വലിയ ഓര്‍മ്മ കൂടെയായിരുന്നു. 'സായിപ്പ്' എന്ന മൊയ്തീന്‍ സാഹിബ് ഒരു കടയുടമ മാത്രമായിരുന്നില്ല. വീട്ടിലെ പല ചടങ്ങുകള്‍ക്കും മുടങ്ങാതെ എത്തുന്ന അതിഥിയും, 'നന്നായി പഠിക്കണം കേട്ടോ' എന്ന് പ്രോത്സാഹിപ്പിക്കുന്നയാളും ആയിരുന്നു. അത്തരം സുപരിചിതമുഖങ്ങള്‍ ആയിരുന്നു നമ്മുടെ കൊച്ചു നാല്‍ക്കവലയിലെ ചെറുകിട കച്ചവടക്കാരെല്ലാം.
കഴിഞ്ഞ വര്‍ഷം നാട്ടില്‍ പോയപ്പോഴും സായിപ്പിന്റെ കട അവിടെ തന്നെ ഉണ്ടായിരുന്നു. അടുത്ത തവണ പോകുമ്പോള്‍ ഉണ്ടാകുമോ? ബഹു ബ്രാന്‍ഡ് ചില്ലറ വില്‍പ്പനയുമായി വാള്‍ മാര്‍ട്ട് പോലെയുള്ള സൂപ്പര്‍ സ്‌റ്റോറുകള്‍ എത്തുമ്പോള്‍, സായിപ്പിന്റെ കടയും അപ്രത്യക്ഷമാവുമോ?
*
ഡോ. വിനോദ് ജനാര്‍ദ്ദനന്‍ ജനയുഗം 04 ഡിസംബര്‍ 2011
കുട്ടിക്കാലത്ത് അമ്മ പറയും: ''എടാ, സായിപ്പിന്റെ പലവ്യഞ്ജനക്കടയില്‍ പോയി കുറച്ചു സാധനം വാങ്ങിക്കൊണ്ട് വാ''.
ReplyDeleteവള്ളിനിക്കറും വലിച്ചു കയറ്റി ഞാന്‍ ഓടും. പലപ്പോഴും സാധനങ്ങളുടെ പേര് മറക്കാറുണ്ട്. അപ്പോള്‍ സായിപ്പ് പറയും, 'വീട്ടില്‍ പോയി ചോദിച്ചിട്ട് വാ'. കാശ് കുറവാണെങ്കില്‍ നാളെ വരുമ്പോള്‍ തന്നാല്‍ മതി” എന്ന് പറഞ്ഞു വിടും.
സായിപ്പിന് ആ പേര് എങ്ങനെ കിട്ടി എന്ന് ഞാന്‍ അക്കാലത്തു ആലോചിക്കുമായിരുന്നു. ഇപ്പോള്‍ ''യഥാര്‍ഥ സായിപ്പിന്റെ ഇമ്മിണി ബല്ല്യ പലവ്യഞ്ജനക്കട, 51 ശതമാനം വിദേശ നിക്ഷേപവുമായി നാട്ടില്‍ വരാന്‍ തയ്യാറെടുക്കുമ്പോള്‍, അമേരിക്കയിലെ എന്റെ ഷോപ്പിംഗ് അനുഭവങ്ങള്‍ ഉയര്‍ത്തിയ‘ചില്ലറ’ ചോദ്യങ്ങള്‍ ഓര്‍ത്തു പോകുന്നു.
പ്രതികരണം ഇവിടെ:
ReplyDeleteറീട്ടെയില്‍ മേഖലയില്‍ വിദേശനിക്ഷേപം വരണം.