പഴയതുപോലെ സിനിമ കാണാന്‍ പറ്റുന്നില്ല. അതുകൊണ്ടുതന്നെ "ഇന്ത്യന്‍ റുപ്പി" കാണാന്‍ വൈകി. എറണാകുളത്ത് ഇപ്പോള്‍ രണ്ടു തരത്തില്‍ സിനിമ കാണാം. സാധാരണ തിയറ്ററുകള്‍ കൂടാതെ പത്തോളം സിനി മാക്സുകളുണ്ട്. അവരുടെ സെക്കന്‍ഡ് ഷോ രാത്രി പതിനൊന്നിനാണ്. പക്ഷേ, കുടുംബസമേതം സിനിമ കാണണമെങ്കില്‍ ആയിരം രൂപയെങ്കിലുമാകും. ആരുടേയും ശല്യമില്ലാതെ ഉയര്‍ന്ന ഇടത്തരക്കാര്‍ക്ക് സിനിമ കാണാന്‍ സൃഷ്ടിച്ച പുതിയ സങ്കേതമെന്നൊക്കെ ചിലര്‍ എഴുതുന്നുണ്ടെങ്കിലും ബഹളത്തിന് അവിടെയും കുറവുണ്ടാവില്ലെന്ന് സാള്‍ട്ട്&പെപ്പര്‍ കണ്ടപ്പോള്‍ മനസ്സിലായി. ഇന്ത്യന്‍ റുപ്പി കണ്ടത് പത്മയിലാണ്. എറണാകുളത്ത് പല ബസ്സ്റ്റോപ്പുകള്‍ക്കും സിനിമാ തിയറ്ററുകളുടെ പേരാണ്. അതില്‍ ചിലത് നിലച്ചുപോയി. മേനകയില്‍ ഇറങ്ങിയാല്‍ തിയറ്റര്‍ കാണാന്‍ കഴിയില്ല. അവിടെ പെന്റ മേനകയാണ്. പല കടകളുടേയും കേന്ദ്രം. പത്മയും ഷേണായിസും സരിതയും മറ്റും ഇപ്പോഴും സജീവമാണ്. പുതിയ സാഹചര്യത്തില്‍ അവരും നിലനില്‍പ്പിനായി പൊരുതുന്നുണ്ട്.
നാടകീയതയാണ് രഞ്ജിത്തിന്റെ സിനിമകളുടെ മുഖമുദ്ര. ഓരോ ഫ്രെയിമിലും അത് നിറഞ്ഞുകാണാം. കഥയുടെ വികാസം അതുകൊണ്ടുതന്നെ സാധാരണ കണക്കുകൂട്ടലുകളില്‍നിന്ന് വിഭിന്നമായിരിക്കും. ആഗോളവല്‍ക്കരണകാലത്തെ പണാധിപത്യത്തിന്റെ പുതിയ വഴികളാണ് കഥയുടെ പ്രമേയം. പലതരത്തിലും സിനിമ ചെയ്യാന്‍ വൈഭവമുള്ള സംവിധായകനാണ് രഞ്ജിത്ത്. അടിയും ബഹളവും ഇല്ലാതെയും ജീവന്‍ നിലനിര്‍ത്തി സിനിമ ചെയ്യാന്‍ കഴിയും. എല്ലാ ബന്ധങ്ങളെയും റൊക്കം പൈസയിലേക്ക് ചുരുക്കുന്ന കാലത്തെ വരച്ചുകാണിക്കുന്നുണ്ട്. എന്നാല്‍ , അവസാനം വീണ്ടും നാടകീയതകളുടെ വഴിയാണ്. നോട്ടിരട്ടിപ്പുകാരന്‍ മുസ്ലിം വേഷധാരിയായിരിക്കുമെന്ന പതിവു ചിന്ത ഈ സിനിമയിലും കാണാം. പൃഥ്വിരാജ് ഓരോ സിനിമയിലും തന്റെ പ്രതിഭ തെളിയിക്കുന്നുണ്ട്. ടിനി ടോം എന്ന നടനെ വെളിച്ചത്തുകൊണ്ടുവരാനും ഈ സിനിമക്ക് കഴിഞ്ഞു. അതിലുപരി തിലകനെ എത്രമാത്രം മലയാള സിനിമക്ക് നഷ്ടമായിരുന്നെന്നും ഈ ചിത്രം ഓര്‍മിപ്പിക്കുന്നു. ഇന്ത്യന്‍ റുപ്പിയുടെ വിലയിരുത്തല്‍ ഈ കോളത്തിന്റെ ഉദ്ദേശ്യമേയല്ല. സ്ക്രീനില്‍ മുല്ലനേഴിയുടെ പേര് തെളിഞ്ഞപ്പോഴാണ് പലതും ഓര്‍മയിലേക്ക് വന്നത്. മുല്ലനേഴിയുടെ വരികള്‍ സിനിമകഴിഞ്ഞാലും നമ്മളെ പിന്തുടര്‍ന്നുകൊണ്ടിരിക്കും. അശോകന്‍ ചരുവില്‍ വാരികയില്‍ മുല്ലനേഴിയെക്കുറിച്ചെഴുതിയ കുറിപ്പ് ഹൃദയസ്പര്‍ശിയായിരുന്നു. ചരുവിലിന്റെ ശൈലി ഏറെ ശ്രദ്ധേയമാണ്. മുല്ലനേഴിയുടെ സവിശേഷ വ്യക്തിത്വം വരച്ചിടുവാന്‍ ആ കുറിപ്പിനു കഴിഞ്ഞു. എക്കാലത്തും പുരോഗമന പ്രസ്ഥാനത്തിനൊപ്പം നിന്ന കവിയായിരുന്നു മുല്ലനേഴി. ഞാന്‍ കളമശ്ശേരി പോളിടെക്നിക്കില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ആര്‍ട്സ് ക്ലബ്ബ് ഉദ്ഘടനത്തിനായി മുല്ലനേഴിയെ ക്ഷണിച്ചു. അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവരുന്നതിനായി ഞാനാണ് പോയത്. രാവിലെ ബസ്സില്‍ അങ്ങോട്ടുപോയി അവിടെ നിന്ന് കാറില്‍ കൊണ്ടുവരാനായിരുന്നു പദ്ധതി.
ആലുവയില്‍ ബസ് കാത്തു രാവിലെ നില്‍ക്കുമ്പോള്‍ വലപ്പാട് പോളിയിലെ യൂണിയന്‍ ഭാരവാഹിയെ കണ്ടു. അവരുടെ പരിപാടിക്ക് മുല്ലനേഴി വന്നിട്ടുണ്ടാക്കിയ പുകില്‍ വിശദീകരിച്ചു. പരിപാടിക്ക് വരുന്ന വഴിയില്‍ മസാലദോശ വേണമെന്ന് പറഞ്ഞ് ഒരു കടയുടെ മുമ്പില്‍ വണ്ടിനിര്‍ത്തിച്ചുവെന്നും അവിടെനിന്നും മുങ്ങി സേവ നടത്തിയെന്നുമാണ് അദ്ദേഹം പറഞ്ഞത്. പരിപാടിക്ക് എത്തിയപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട നിലയിലായിരുന്നുവത്രെ. ഇതുകേട്ടതോടെ ക്ഷണിച്ചതു അപകടമായോ എന്നായി ചിന്ത. മറ്റൊരു വഴി ആലോചിക്കാന്‍ സമയവും ഇല്ല. എന്തായാലും നോക്കുകതന്നെ. ചരുവില്‍ കാണിച്ചുതന്ന വഴി അത്ര പരിചയമില്ല. ചോദിച്ച് ചോദിച്ച് വീട്ടില്‍ എത്തി. തയ്യാറായി വരുന്നതേയുള്ളൂ. എന്നോട് ഇരിക്കാന്‍ പറഞ്ഞ് കുളിക്കാന്‍ കയറി. കുറെ സമയം കഴിഞ്ഞിട്ടും ആളെ പുറത്തുകാണുന്നില്ല. മുരടനക്കി നോക്കി. തിടുക്കം കൂട്ടേണ്ടെന്നും ഇപ്പോഴിറങ്ങാമെന്നും അകത്തുനിന്നും വിളിച്ചുപറഞ്ഞു. ഇടക്ക് കുപ്പി മുട്ടുന്ന ശബ്ദം കേട്ടു. രവിലെ തന്നെ പണിപറ്റിച്ചോയെന്ന ഉല്‍ക്കണ്ഠയായി. എന്തായാലും വൈകാതെ ആളു പുറത്തുവന്നു. കുറച്ചു വഴി നടന്നു. വലിയ കുഴപ്പമില്ല. പിന്നെ കാറിലായി യാത്ര. ആലുവ എത്താറായപ്പോള്‍ വിശക്കുന്നെന്നും എവിടെയെങ്കിലും നിര്‍ത്തി ഭക്ഷണം കഴിക്കാമെന്നുമായി മുല്ലന്‍ .
വലപ്പാട് പോളി യൂണിയന്‍ ഭാരവാഹി പറഞ്ഞത് ഓര്‍മയിലേക്ക് എത്തി. ഉടന്‍ നിര്‍ത്താമെന്നു പറഞ്ഞു സമാധാനിപ്പിച്ചു. ഒരുവിധം കളമശ്ശേരിയില്‍ എത്തി. പോളിയിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞപ്പോള്‍ മുഖം പതുക്കെ മാറി. വിശക്കുന്നെന്നു പറഞ്ഞില്ലേ എന്നായി. സമയം വൈകിയെന്നും ഉദ്ഘടാനം കഴിഞ്ഞിട്ടാകാമെന്നും പറഞ്ഞു. രൂക്ഷമായ നോട്ടത്തില്‍ മറുപടി ഒതുക്കി. പ്രിന്‍സിപ്പലിന്റെ മുറിയിലേക്ക് കൊണ്ടുപോയി. ചായ കുടിക്കുന്നതിനിടയില്‍ ആകെ അസ്വസ്ഥനായി എന്നെ നോക്കി. സ്റ്റേജില്‍ ഇരുന്നപ്പോള്‍ പതുക്കെ പറഞ്ഞു. കൈവിറയ്ക്കുന്നു. ഒന്നും കഴിക്കാത്തതുകൊണ്ടാണെന്നും കുറ്റപ്പെടുത്തുന്നതുപോലെ പറഞ്ഞു. പ്രസംഗത്തിന്റെ തുടക്കം പതിവു ഊര്‍ജമില്ലാത്തതിന്റെ ക്ഷീണം പ്രകടിപ്പിക്കുന്നതായിരുന്നു. എന്നാല്‍ , പതുക്കെ അത് തന്റെ കവിതകളിലേക്ക് പടര്‍ന്നു. കത്തുന്ന വാക്കുകള്‍ കവിതയായി ഒഴുകിയിറങ്ങി. സദസ് അതിനൊപ്പം സഞ്ചരിച്ചു. കവിതയ്ക്കായി വീണ്ടും സദസ് ആവശ്യപ്പെട്ടു. മടിയില്ലാതെ അടുത്ത കവിതയിലേക്ക് കടന്നു.
പ്രസംഗം തീരുമ്പോഴേക്കും സദസ്സിനെ കൈയിലെടുത്തുകഴിഞ്ഞിരുന്നു. പരിപാടി കഴിഞ്ഞ് ബസ്സില്‍ പോകാമെന്നായി. എന്നാല്‍ , കാര്‍ അങ്ങോട്ടുതന്നെയാണെന്നും അതുകൊണ്ട് അതിലാകാമെന്നായി. ആരും കൂട്ടിനുവരേണ്ടെന്നായി അടുത്ത ആവശ്യം. അതു സമ്മതിച്ചു. വഴിയില്‍ ഭക്ഷണം വാങ്ങിക്കൊടുക്കാനും മറ്റും ഡ്രൈവറെ തന്നെ ചുമതലപ്പെടുത്തി. മനോഹരമായ കവിതകള്‍കൊണ്ട് മലയാളിയെ പലപ്പോഴും വിസ്മയിപ്പിച്ച മുല്ലനേഴിക്ക് അര്‍ഹതയുടെ അംഗീകാരം കിട്ടുന്നതില്‍ ഈ ശീലം പലപ്പോഴും തടസം നിന്നിട്ടുണ്ടാകാം. ശീലങ്ങളുടെ വ്യത്യസ്ത കാലങ്ങളിലെ മുല്ലനേഴിയെ അശോകന്‍ ചരുവില്‍ ശരിയായി അവതരിപ്പിച്ചിട്ടുണ്ട്. എപ്പോഴും തന്റെ രാഷ്ട്രീയ നിലപാടുകള്‍ മറച്ചുവയ്ക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഔപചാരികതകളുടെ വഴികളോട് പലപ്പോഴും കലഹിച്ചു. ആരുടേയും മുഖത്തുനോക്കി അഭിപ്രായം പറയുന്നതില്‍ മടികാണിച്ചില്ല. ഇന്ത്യന്‍ റുപ്പിയിലെ വരികള്‍ കേട്ടപ്പോള്‍ ഇത്രയും എഴുതണമെന്നു തോന്നിയെന്നു മാത്രം.
*
പി രാജീവ് ദേശാഭിമാനി വാരിക 03 ഡിസംബര്‍ 2011
പഴയതുപോലെ സിനിമ കാണാന്‍ പറ്റുന്നില്ല. അതുകൊണ്ടുതന്നെ "ഇന്ത്യന്‍ റുപ്പി" കാണാന്‍ വൈകി. എറണാകുളത്ത് ഇപ്പോള്‍ രണ്ടു തരത്തില്‍ സിനിമ കാണാം. സാധാരണ തിയറ്ററുകള്‍ കൂടാതെ പത്തോളം സിനി മാക്സുകളുണ്ട്. അവരുടെ സെക്കന്‍ഡ് ഷോ രാത്രി പതിനൊന്നിനാണ്. പക്ഷേ, കുടുംബസമേതം സിനിമ കാണണമെങ്കില്‍ ആയിരം രൂപയെങ്കിലുമാകും. ആരുടേയും ശല്യമില്ലാതെ ഉയര്‍ന്ന ഇടത്തരക്കാര്‍ക്ക് സിനിമ കാണാന്‍ സൃഷ്ടിച്ച പുതിയ സങ്കേതമെന്നൊക്കെ ചിലര്‍ എഴുതുന്നുണ്ടെങ്കിലും ബഹളത്തിന് അവിടെയും കുറവുണ്ടാവില്ലെന്ന് സാള്‍ട്ട്&പെപ്പര്‍ കണ്ടപ്പോള്‍ മനസ്സിലായി. ഇന്ത്യന്‍ റുപ്പി കണ്ടത് പത്മയിലാണ്. എറണാകുളത്ത് പല ബസ്സ്റ്റോപ്പുകള്‍ക്കും സിനിമാ തിയറ്ററുകളുടെ പേരാണ്. അതില്‍ ചിലത് നിലച്ചുപോയി. മേനകയില്‍ ഇറങ്ങിയാല്‍ തിയറ്റര്‍ കാണാന്‍ കഴിയില്ല. അവിടെ പെന്റ മേനകയാണ്. പല കടകളുടേയും കേന്ദ്രം. പത്മയും ഷേണായിസും സരിതയും മറ്റും ഇപ്പോഴും സജീവമാണ്. പുതിയ സാഹചര്യത്തില്‍ അവരും നിലനില്‍പ്പിനായി പൊരുതുന്നുണ്ട്.
ReplyDelete