Monday, January 16, 2012

വടകരയിലെ ചുരുട്ടുതൊഴിലാളികള്‍

വടകര:

കേരളത്തില്‍ ആദ്യമായി ബോണസ് നേടിയെടുത്ത് ചരിത്രത്തിലേക്ക്നടന്നുകയറിയവരാണ് വടകരയിലെ ചുരുട്ട് തൊഴിലാളികള്‍ . ബോണസ് എന്ന വാക്ക് തൊഴിലാളികള്‍ക്ക് തീര്‍ത്തും അപരിചിതമായ കാലത്ത് സമരം ചെയ്ത് നേടിയെടുത്തു അവര്‍ . വടകര ബീഡി സിഗാര്‍ വര്‍ക്കേഴ്സ് യൂണിയന്‍ 1944 ല്‍ രണ്ട് മാസം നീണ്ട സമരത്തിലൂടെയാണ് കേരളത്തില്‍ ആദ്യമായി ബോണസ് നേടിയെടുത്ത് ചരിത്രത്തില്‍ ഇടം പിടിച്ചത്. സംഘടിത ശക്തിയും ഉയര്‍ന്ന രാഷ്ട്രീയ ബോധവുമായിരുന്നു ഈ നേട്ടത്തിനു പിന്നില്‍ .

1937 അവസാനമാകുമ്പോഴേക്കും കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യസെല്‍ രൂപീകരിച്ചിരുന്നു. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് മാത്രം. രണ്ടുവര്‍ഷം കഴിഞ്ഞ് നടന്ന പിണറായി സമ്മേളനത്തോടെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടി നേതാക്കളില്‍ ഭൂരിപക്ഷവും കമ്യൂണിസ്റ്റ് പാര്‍ടിയില്‍ ചേര്‍ന്നു. പിണറായി സമ്മേളനത്തില്‍ പങ്കെടുത്ത കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളും പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയുമായ കേളുഏട്ടനാണ് വടകര ഐക്യത്തൊഴിലാളി യൂണിയന്‍ സ്ഥാപിച്ചത്്. കേളു ഏട്ടന്‍ പ്രസിഡന്റും പി പി ശങ്കരന്‍ സെക്രട്ടറിയുമായാണ് ഐക്യത്തൊഴിലാളി യൂണിയന്റെ ആദ്യ കമ്മിറ്റി രൂപം കൊള്ളുന്നത്. ഐക്യത്തൊഴിലാളി യൂണിയന്‍ വടകരയിലെ എല്ലാ തൊഴിലാളികളുടെയും സംയുക്ത സംഘടനയായിരുന്നു. ബീഡി- ചുരുട്ട് തൊഴിലാളികള്‍ , പ്രസ് തൊഴിലാളികള്‍ , ബാര്‍ബര്‍മാര്‍ , തുന്നല്‍ക്കാര്‍ തുടങ്ങിയവരായിരുന്നു അംഗങ്ങള്‍ .
ഐക്യത്തൊഴിലാളി യൂണിയനിലെ പ്രബല വിഭാഗം ബീഡി-ചുരുട്ട് തൊഴിലാളികളായിരുന്നു. റെയിലിന് പടിഞ്ഞാറുള്ള താഴെ അങ്ങാടിയിലായിരുന്നു ചുരുട്ട് വ്യവസായം കേന്ദ്രീകരിച്ചിരുന്നത്. ആനമാര്‍ക്ക്, കിളിമാര്‍ക്ക്, ഒട്ടകമാര്‍ക്ക്, തെങ്ങ് മാര്‍ക്ക്, ഖാദിരിയ, കട്ടാഞ്ചേരി, 501 തുടങ്ങിയവ പ്രമുഖ ചുരുട്ട് കമ്പനികളായിരുന്നു. ഇരുനൂറോളം തൊളിലാളികള്‍ ചുരുട്ട് രംഗത്തും നൂറോളം തൊഴിലാളികള്‍ ബീഡി രംഗത്തും പ്രവര്‍ത്തിച്ചിരുന്നു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന യു കുഞ്ഞിരാമന്‍ , എം കെ കുഞ്ഞിരാമന്‍ തുടങ്ങി ഒട്ടനവധി നേതാക്കള്‍ ഈ തൊഴിലാളികളുടെ ഇടയില്‍ നിന്നും വളര്‍ന്ന് വന്നവരാണ്. ഐക്യത്തൊഴിലാളി യൂണിയന്‍ പിന്നീട് ബീഡി ആന്‍ഡ് സിഗാര്‍ വര്‍ക്കേഴ്സ് യൂണിയനായി.

1944 ല്‍ ബോണസിനായി ബീഡി ആന്‍ഡ് സിഗാര്‍ വര്‍ക്കേഴ്സ് യൂണിയന്‍ ശബ്ദമുയര്‍ത്തി. മുതലാളികള്‍ മാത്രമല്ല നാട്ടുകാര്‍ പോലും അമ്പരന്നു. നീക്കിവയ്ക്കപ്പെട്ട വേതനമാണ് ബോണസ് എന്ന ശാസ്ത്രീയ ധാരണയൊന്നും അന്നുണ്ടായിരുന്നില്ല. ഓണം, വിഷു തുടങ്ങിയ നല്ല നാളുകളില്‍ പാവപ്പെട്ട തൊഴിലാളിക്ക് വല്ലതും നല്‍കിക്കൂടെ എന്ന നാടന്‍ ന്യായം മാത്രമാണ് അന്ന് തൊഴിലാളി നേതാക്കള്‍ മുന്നോട്ട്വച്ചത്. കമ്പനിപ്പടിക്കല്‍ തൊഴിലാളികള്‍ പിക്കറ്റിങ് ആരംഭിച്ചു. രണ്ട് മാസത്തോളം നീണ്ട സമരത്തെ കമ്യൂണിസ്റ്റ് പാര്‍ടിയും കര്‍ഷകസംഘവും സഹായിച്ചു. പാര്‍ടിയുടെ കുറുമ്പ്രനാട് താലൂക്ക് സെക്രട്ടറിയായിരുന്ന എം കുമാരന്‍ മാസ്റ്റര്‍ തൊഴിലാളികളെ ആവേശഭരിതരാക്കുന്ന പടപ്പാട്ടുകള്‍ എഴുതി. അന്നത്തെ ഏറ്റവും വലിയ ചുരുട്ട് കമ്പനിയുടെ മുന്നില്‍ നിന്നും തൊഴിലാളികള്‍ ആ പാട്ട് ഏറ്റുപാടി. "വാങ്ങല്ലേ നിങ്ങള്‍ , വാങ്ങല്ലേ നിങ്ങള്‍ ആനമാര്‍ക്ക് ചുരുട്ടുകള്‍ ഞങ്ങടെ ജീവരക്തമുണ്ടതില്‍ ഞങ്ങടെ ജീവനുണ്ടതില്‍" ജില്ലാ കലക്ടര്‍ വില്ല്യമിന്റെ സാന്നിധ്യത്തില്‍ നടന്ന അനുരഞ്ജന ചര്‍ച്ചയെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു. ബോണസ് എന്ന പേരില്‍ ഒരു പൈസ പോലും നല്‍കാന്‍ തയ്യാറില്ലെന്ന് പറഞ്ഞ മുതലാളിമാര്‍ ഒടുവില്‍ രണ്ട് രൂപ നല്‍കാന്‍ നിര്‍ബന്ധിതരായി. ഈ തുക ബോണസാണെന്ന് തൊഴിലാളികള്‍ക്ക് പറയാം. സൗജന്യമാണെന്ന് മുതലാളിമാര്‍ക്കും പറയാം. ഈ കരാറിലാണ് സമരം അവസാനിച്ചത്.

1946 ല്‍ സര്‍ സി പി വിളിച്ചുചേര്‍ത്ത ത്രികക്ഷി സമ്മേളനത്തെ തുടര്‍ന്നാണ് തിരുവിതാംകൂറില്‍ ആദ്യമായി ബോണസ് അനവദിച്ചത്. മലബാര്‍ , തെക്കന്‍ കര്‍ണാടക ബീഡി-ചുരുട്ട് തൊഴിലാളികള്‍ ബോണസിനായി സമരം ചെയ്തതും നേടിയെടുത്തതും 1946 ലാണ്. കമ്യൂണിസ്റ്റ് പാര്‍ടി നേതൃത്വത്തില്‍ നടന്ന അയിത്ത വിരുദ്ധ സമരം കൂത്താളിയിലെ കര്‍ഷക സമരം അധ്യാപക സമരം തുടങ്ങിയ നിരവധി സമരമുഖങ്ങളില്‍ വടകരയിലെ ബീഡി-ചുരുട്ട് തൊഴിലാളികളുടെ പങ്ക് അളവറ്റതായിരുന്നു. യൂണിയന്‍ നേതൃത്വത്തില്‍ 1952 ല്‍ ഒരു കലാസമിതി സ്ഥാപിച്ച് ബീഡി ആന്‍ഡ് സിഗാര്‍ വര്‍ക്കേഴ്സ് യൂണിയന്‍ വടകരയിലെ കലാ സമിതി പ്രസ്ഥാനത്തിന്റെ മുന്‍ഗാമികൂടിയായി.

*
ടി രാജന്‍ ദേശാ‍ഭിമാനി 15 ജനുവരി 2012

3 comments:

  1. Especially history of claas struggles

    ReplyDelete
  2. കേരളത്തില്‍ ആദ്യമായി ബോണസ് നേടിയെടുത്ത് ചരിത്രത്തിലേക്ക്നടന്നുകയറിയവരാണ് വടകരയിലെ ചുരുട്ട് തൊഴിലാളികള്‍ . ബോണസ് എന്ന വാക്ക് തൊഴിലാളികള്‍ക്ക് തീര്‍ത്തും അപരിചിതമായ കാലത്ത് സമരം ചെയ്ത് നേടിയെടുത്തു അവര്‍ . വടകര ബീഡി സിഗാര്‍ വര്‍ക്കേഴ്സ് യൂണിയന്‍ 1944 ല്‍ രണ്ട് മാസം നീണ്ട സമരത്തിലൂടെയാണ് കേരളത്തില്‍ ആദ്യമായി ബോണസ് നേടിയെടുത്ത് ചരിത്രത്തില്‍ ഇടം പിടിച്ചത്. സംഘടിത ശക്തിയും ഉയര്‍ന്ന രാഷ്ട്രീയ ബോധവുമായിരുന്നു ഈ നേട്ടത്തിനു പിന്നില്‍ .

    ReplyDelete