കണ്ണൂര്‍ ജില്ലയില്‍ വിപ്ലവ പ്രസ്ഥാനത്തിന് ഏറെ വളക്കൂറുള്ള മണ്ണായിരുന്നു ചുവന്ന ഫര്‍ക്ക എന്നറിയപ്പെട്ടിരുന്ന ഇരിക്കൂര്‍ ഫര്‍ക്ക. ഇരിക്കൂര്‍ ഫര്‍ക്കയുടെ ഭാഗമായിരുന്നു കൊളച്ചേരി, മയ്യില്‍, കണ്ടക്കൈ തുടങ്ങിയ പ്രദേശങ്ങള്‍. കമ്മ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനത്തിന് ആവേശപൂര്‍വ്വം ഓര്‍ക്കാന്‍ സാധിക്കുന്ന ഒട്ടേറെ സംഭവങ്ങളും ചരിത്രത്തെ സമ്പന്നമാക്കിയ നിരവധി നേതാക്കളുടെ പ്രവര്‍ത്തന കേന്ദ്രവുമായിരുന്നു ഈ മേഖല. മദിരാശി, കേരള നിയമസഭകളില്‍ അംഗമായിരുന്ന കര്‍ഷക - അധ്യാപക പ്രസ്ഥാനത്തിന്റെ നേതാവ് ടി സി നാരായണന്‍ നമ്പ്യാര്‍, കര്‍ഷക പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്ന വി എം വിഷ്ണു നമ്പീശന്‍ എന്ന ഭാരതീയന്‍, ചരിത്രത്തിന്റെ കാവല്‍ക്കാരനെന്ന് പി കൃഷ്ണപ്പിള്ള വിശേഷിപ്പിച്ച് ഇ കുഞ്ഞിരാമന്‍ നായര്‍, ഇ പി കൃഷ്ണന്‍ നമ്പ്യാര്‍, കെ കെ കുഞ്ഞനന്തന്‍ നമ്പ്യാര്‍ എന്നിവരൊക്കെ ഈ പ്രദേശത്തുകാരായിരുന്നു. കര്‍ഷക സംഘത്തിന്റെ സംഘാടകനും ആദ്യ സെക്രട്ടറിയുമായിരുന്ന കടയപ്രത്ത് കുഞ്ഞപ്പ എന്ന കെ എ കേരളീയന്‍, മൊറാഴ സംഭവത്തിലെ പ്രധാന പ്രതികളില്‍ ഒരാളായിരുന്ന അറാക്കല്‍ കുഞ്ഞിരാമന്‍ എന്നിവരുടെ പ്രവര്‍ത്തന മേഖലയും കൊളച്ചേരിയായിരുന്നു. ഇ എം എസ്, കെ പി ആര്‍ ഗോപാലന്‍ തുടങ്ങിയവരുടെ ഇടപെടലുകളും കൂടിയായപ്പോള്‍ ഈ മേഖല പ്രസ്ഥാനത്തിന്റെ ശക്തി കേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ടതായി മാറി.
ഇരിക്കൂര്‍ ഫര്‍ക്കയില്‍പ്പെട്ട പ്രദേശങ്ങളുടെ ഭൂതകാലം അതിഭീകരമായിരുന്നു. കല്ലായട്ടെശ്മാന്‍, കരക്കാട്ടിടം നായനാര്‍, കരുമാത്ത് ജന്മി എന്നിവരായിരുന്നു നാടുവാഴികള്‍. എത്രയുണ്ടെന്ന് അവര്‍ക്കു തന്നെ അറിയാത്തത്രയും ഭൂസ്വത്തിന്റെ ഉടമകള്‍. നാടുവാഴികള്‍ കല്‍പ്പിക്കുന്നത് അനുസരിക്കാന്‍ മാത്രം വിധിക്കപ്പെട്ട സാധാരണ മനുഷ്യര്‍. നിഷേധികളെ തൂക്കിക്കൊല്ലാന്‍ തൂക്കുമരങ്ങള്‍ വരെ സ്വന്തമായുണ്ടായിരുന്നവര്‍. അവരുടെ അധികാരനുകത്തിന്‍ കീഴില്‍ ഞെരിഞ്ഞമര്‍ന്ന് ജീവിതം നരക തുല്യമായിരുന്ന കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും. വാശി, നുരി, വെച്ചുകാണല്‍, പാട്ടം തുടങ്ങിയ അക്രമപ്പിരിവുകള്‍കൊണ്ട് പൊറുതിമുട്ടിയവര്‍. ഈ വ്യവസ്ഥയക്ക് അറുതിവരുത്തണമെന്ന് സന്ദേശവുമായെത്തിയ നേതാക്കളുടെ തീരുമാനത്തിന്റെ ഭാഗമായി 1935 ജൂലൈ 13 ന് നണിയൂരില്‍ വിഷ്ണുഭാരതീയന്‍ പ്രസിഡണ്ടും കെ എ കേരളീയന്‍ സെക്രട്ടറിയുമായി ആദ്യ കര്‍ഷകസംഘം രൂപം കൊണ്ടു. ഈ സംഭവം മലബാറിലാകെ വമ്പിച്ച അലയൊലികള്‍ സൃഷ്ടിച്ചു. തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ബോധവാന്മാരാവുകയും സംഘടിക്കാനുള്ള ശ്രമങ്ങള്‍ എല്ലാഭാഗത്തും നടക്കുകയും ചെയ്തു. ജന്മിമാരുടെയും ഗുണ്ടകളുടെയും അതിക്രമങ്ങളെ ചോദ്യം ചെയ്യാന്‍ തുടങ്ങി. അവര്‍ക്കു മുന്നില്‍ കര്‍ഷകസംഘം പുതിയ വഴിവിളക്കായി നിലകൊണ്ടു.
കര്‍ഷക സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുന്നു എന്ന് മനസ്സിലാക്കിയ ജന്മിമാര്‍ ഗുണ്ടകളെ ഉപയോഗിച്ച് പ്രവര്‍ത്തകരെ വേട്ടയാടി. 1942 - 46 കാലത്ത് നടന്ന രണ്ടാം ലോകയുദ്ധത്തിന്റെ കെടുതികളായെത്തിയ ഭക്ഷ്യക്ഷാമവും കോളറയും മൂലം മരിക്കുന്ന സ്ഥിതിയുണ്ടായപ്പോള്‍ ജന്മിമാര്‍ സംഭരിച്ചും പൂഴ്ത്തിയും വെച്ചിരുന്ന നെല്ലെടുത്ത് പട്ടിണി കിടക്കുന്നവര്‍ക്ക് വിതരണം ചെയ്യാന്‍ തീരുമാനിച്ചു. വിവിധ സ്ഥലങ്ങളില്‍ ഇത്തരം ധീരമായ പ്രവര്‍ത്തനങ്ങള്‍ നടന്നു. ജന്മിമാര്‍ പൊലീസിനെയും ഗുണ്ടകളേയുമുപയോഗിച്ച് ഇതിനെ നേരിട്ടപ്പോള്‍ കര്‍ഷകസംഘം പ്രവര്‍ത്തകര്‍ ശക്തമായ ചെറുത്ത് നില്‍പ്പ് നടത്തി.
കയരളം മേഖലയിലെ കര്‍ഷക - കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പ്രധാന പ്രവര്‍ത്തകരായിരുന്നു കുട്ട്യപ്പയും രൈരു നമ്പ്യാരും ഗോപാലനും. 1940 ലാണ് രൈരു നമ്പ്യാര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനാകുന്നത്. മുല്ലക്കൊടിയിലെ നിര്‍ധന കുടുംബത്തില്‍ ജനിച്ച കുട്ട്യപ്പ ബാലസംഘം പ്രവര്‍ത്തനത്തിലൂടെയാണ് കമ്മൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനത്തിന്റെ പ്രധാന പ്രവര്‍ത്തകനായത്. ദാരിദ്ര്യം കാരണം ചെറുപ്പത്തില്‍ തന്നെ വള്ളത്തില്‍ സഹായിയായി ജോലി ചെയ്തിരുന്നു. കണ്ടക്കൈയിലെ പെരുവങ്ങൂരിലാണ് ഗോപാലന്‍ ജനിച്ചത്. വളരെ ചെറുപ്പത്തില്‍ തന്നെ കൃഷിപ്പണിയില്‍ ഏര്‍പ്പെട്ടു. അതിനിടയിലായിരുന്നു പൊതുപ്രവര്‍ത്തനം. നാടകനടന്‍, വോളിബോള്‍ കളിക്കാരന്‍, നാട്ടുവൈദ്യന്‍ എന്നിങ്ങനെയും ഗോപാലന്‍ പ്രസിദ്ധനായിരുന്നു. നെല്ല് പിടിച്ചെടുക്കല്‍ സമരം, കണ്ടക്കൈയിലെ പുല്ല് പറിക്കല്‍ സമരം, കലം കെട്ട് വിളവെടുപ്പ് സമരങ്ങള്‍ തുടങ്ങിയ കര്‍ഷക മുന്നേറ്റങ്ങള്‍ ഈ മേഖലയില്‍ നടന്നത് ഇവരുടെ നേതൃത്വത്തിലായിരുന്നു. ഈ സംഭവങ്ങള്‍ ജന്മിമാരുടെ ഉറക്കം കെടുത്തി. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അറുതിവരുത്തുന്നതിനുള്ള ശ്രമങ്ങള്‍ ഫലിക്കുന്നില്ലെന്ന് വന്നപ്പോള്‍ പ്രധാന പ്രവര്‍ത്തകരെ വകവരുത്തുന്നതിന് അവര്‍ നീക്കം തുടങ്ങി. ഇതിനായി അവര്‍ ക്രൂരതയുടെ പര്യായമായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റേയുടെ സഹായം തേടി.
ഒരു ദിവസം മുല്ലക്കൊടിയില്‍ എത്തിയ കുട്ട്യപ്പയെ ഒരു ഗുണ്ടാതലവന്റെ സഹായത്തോടെ കസ്റ്റഡിയില്‍ എടുത്താണ് പൊലീസ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്റ് ചെയ്തത്. ചെറുപഴശ്ശി എന്ന സ്ഥലത്തുവെച്ച് ഗുണ്ടകളാണ് രൈരു നമ്പ്യാരെ പിടിച്ച് വളപട്ടണം പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് പിന്നീട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടക്കുന്നത്. മുല്ലക്കൊടിയില്‍ വെച്ച് ഒരു കോണ്‍ഗ്രസ് നേതാവിനെ അടിച്ചു എന്ന കള്ളക്കേസുണ്ടാക്കിയാണ് ഗോപാലനെ അറസ്റ്റ് ചെയ്ത് എം എസ് പി ക്കാര്‍ അവിടെത്തന്നെ സജ്ജീകരിച്ച ലോക്കപ്പിലടച്ചത്.
രൈരു നമ്പ്യാര്‍, കുട്ട്യപ്പ എന്നിവരെ കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യത്തിലെടുക്കുകയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പുറത്തിറക്കി ഇന്‍സ്‌പെക്ടര്‍ റേയുടെ നേതൃത്വത്തില്‍ ഇരുവരുടേയും കണ്ണുകള്‍ കെട്ടി പാടിക്കുന്നില്‍ എത്തിക്കുകയായിരുന്നു. കയരളത്തെ എം എസ് പി ക്യാമ്പില്‍ നിന്നും ഗോപാലനേയും ഇവിടേക്കെത്തിച്ചു. റോഡില്‍ നിന്നും മാറ്റി പാടിക്കുന്നിലെ ഏറ്റവും ഉയര്‍ന്ന പാറയ്ക്കു മുകളില്‍ കയറ്റി നിര്‍ത്തിയാണ് വെടിവെച്ച് കൊന്നത്. വെളിച്ചത്തെ ഭയക്കുന്നവര്‍ കനത്ത ഇരുട്ട് കട്ടകെട്ടി നില്‍ക്കുന്ന അര്‍ധരാത്രിയിലാണ്, 1950 മെയ് മൂന്നിന് ഈ ക്രൂരകൃത്യം ചെയ്തത്. പാടിക്കുന്ന് രക്തസാക്ഷിത്വം സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരായ സമര സംഭവങ്ങളില്‍ വേറിട്ടു നില്‍ക്കുന്ന ഒന്നാണ്. വെടിവെച്ചു കൊല്ലുവാന്‍ മാത്രമായി കള്ളജാമ്യത്തിലെടുത്തും കള്ളക്കേസ് ചുമത്തിയും മൂന്ന് സഖാക്കളെ കൊണ്ടുവന്ന് നിരത്തി നിര്‍ത്തി വധിച്ച സംഭവം ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമാണ്. രാത്രിയുടെ നിശ്ശബ്ദതയെ ഭേദിച്ച് ആ ധീരപോരാളികളുയര്‍ത്തിയ ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം നാലുദിക്കിലും പ്രതിധ്വനിച്ചു. നേതാക്കന്മാരെ വധിച്ചാല്‍ പ്രസ്ഥാനം തകരുമെന്ന് കരുതിയായിരുന്നു ആ മൂന്ന് പേരെയും വെടിവെച്ചുകൊന്നത്. എന്നാല്‍ കണക്കു കൂട്ടലുകളെ തെറ്റിച്ചുകൊണ്ട് ധീരരക്തസാക്ഷികള്‍ ആകാശത്ത് രക്തതാരകങ്ങളായി കൂടുതല്‍ പോരാട്ടങ്ങള്‍ക്കും പോരാളികള്‍ക്കും പിന്നെയും വെളിച്ചമായി തിളങ്ങിക്കൊണ്ടിരിക്കുന്നു. പാടിക്കുന്ന് രക്തസാക്ഷികളുടെ പ്രസ്ഥാനം കൂടുതല്‍ കരുത്തോടെ മുന്നേറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
*
ടി വി വല്‍സന്‍ ജനയുഗം 03 ഫെബ്രുവരി 2012

ReplyDelete