Friday, February 17, 2012

ജോര്‍ദാനോ ബ്രൂണോ- യുക്തിചിന്തയുടെ രക്തസാക്ഷി

മഹാനായ തത്വജ്ഞാനിയും, യുക്തിചിന്തകനുമായിരുന്ന ജോര്‍ദാനോ ബ്രൂണോ(Giordano Bruno)വിനെ മതഭ്രാന്തന്‍മാര്‍ ചുട്ടുകൊന്നത് 1600 ഫെബ്രുവരി 17നാണ്. ഓരോ ഫെബ്രുവരി കഴിയുന്തോറും , മതവര്‍ഗ്ഗീയ ഫാസിസ്റുകള്‍ സമൂഹത്തില്‍ വിഷവിത്തുകള്‍ ചിതറിക്കൊണ്ട് അസ്വസ്ഥതകള്‍ പരത്തുകയാണ്. ബ്രൂണോവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പുതിയ ഒരു സമൂഹ സൃഷ്ടിക്കുവേണ്ടി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരും. മനുഷ്യനെ മനുഷ്യനായി കാണുന്ന ഒരു നവസമൂഹത്തിനു വേണ്ടി ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ ധീരരായ വിപ്ളവകാരികളുടെ പ്രവര്‍ത്തനങ്ങള്‍ തീര്‍ച്ചയായും നമുക്ക് വഴികാട്ടിയാണ്.

1548-ല്‍ ഇറ്റലിയിലെ നോളയില്‍ ബ്രൂണോ ജനിച്ചു. വിദ്യാര്‍ത്ഥി ജീവിതകാലത്ത് ബ്രൂണോ കണ്ടത് സത്യം വിളിച്ചുപറയുന്നവരെ തീയ്യിലിട്ട് ചുട്ടുകൊല്ലുന്ന നിയമമായിരുന്നു. തന്റെ പതിനൊന്നാമത്തെ വയസ്സില്‍ അദ്ദേഹം ഉപരിപഠനത്തിനായി അയല്‍ദേശമായ നേപ്പിള്‍സിലേക്ക് പോയി. അക്കാലത്ത് ഫ്രാന്‍സില്‍ രൂപം കൊണ്ട് ഇറ്റലിയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ച ഒരു സംഘടനയാണ് വാള്‍സെല്‍സ്. അവര്‍ മതവിശ്വാസികളായിരുന്നുവെങ്കിലും അന്ധവിശ്വാസങ്ങളെ രൂക്ഷമായി എതിര്‍ത്തു. മരിച്ചവര്‍ക്കുവേണ്ടി നടത്തുന്ന പ്രാര്‍ത്ഥനകളെ അവര്‍ എതിര്‍ത്തു. കത്തോലിക്കാസഭയുമായി സഹകരിക്കാത്തതിന്റെ പേരില്‍ ഈ ഗ്രൂപ്പിലെ 8 പേരെ ഒറ്റദിവസം അറുത്തുകൊന്നു. 1561 - ല്‍ ബ്രൂണോവിന്റെ 13-ാം വയസ്സിലായിരുന്നു അതിക്രൂരമായ ഈ കൊലപാതകം മതഭ്രാന്തന്‍മാര്‍ നടത്തിയത്.

യുവാവായ ബ്രൂണോ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. കുട്ടികളെ പഠിപ്പിക്കാന്‍ അദ്ദേഹം അതീവ താല്‍പര്യം പ്രകടിപ്പിച്ചു. പാരീസിലായിരുന്നപ്പോള്‍ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു. മതത്തിനെതിരെ ശബ്ദിക്കുകയും, ആശയപ്രചരണം നടത്തുകയും ചെയ്യുന്നവര്‍ സ്വാഭാവികമായും, സഭയുടെ ശത്രുക്കളായി മാറുകയാണ്. ഇല്ലാത്ത ആരോപണങ്ങളുന്നയിച്ച് ബ്രൂണോവിനെ മതാധികാരികള്‍ കോടതിയില്‍ ഹാജരാക്കി. താന്‍ സത്യത്തിനുവേണ്ടി നിലകൊള്ളുന്നുവെന്നും, മതത്തിന് കീഴടങ്ങാന്‍ തയ്യാറല്ലെന്നും ബ്രൂണോ അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ തെളിയിക്കുകയായിരുന്നു. മതകോടതി ആ മഹാനായ വിപ്ളവകാരിയെ 1600 ഫിബ്രവരി 17 ന് ചുട്ടുകൊല്ലുകയായിരുന്നു.

ബ്രൂണോ ഉയര്‍ത്തിപ്പിടിച്ച സത്യസന്ധതയും, മനുഷ്യസ്നേഹവും വര്‍ത്തമാനകാലഘട്ടത്തില്‍ വളരെ പ്രസക്തമാണ്. സമൂഹത്തില്‍ വര്‍ഗ്ഗീയ ഫാസിസ്റുകളും, മതഭ്രാന്തന്‍മാരും ദേശീയതലത്തിലും, സാര്‍വ്വദേശീയ രംഗത്തും ഹിംസയുടെ വിത്തുകള്‍ പാകികൊണ്ട് സ്വൈര്യജീവിതം തകര്‍ക്കുകയും, അസ്വസ്ഥതകള്‍ പടര്‍ത്തുകയുമാണ്. ദേശീയ രാഷ്ട്രീയത്തിലും പ്രാദേശിക രംഗത്തും സ്വാധീനം ചെലുത്തി വര്‍ഗ്ഗീയ ലഹളകള്‍ സ്പോണ്‍സര്‍ ചെയ്യുന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ്. ഭരണകൂടങ്ങള്‍ വര്‍ഗ്ഗീയ ഫാസിസ്റ് ശക്തികള്‍ക്ക് കീഴടങ്ങുകയാണ്. ആഗോള ഫിനാന്‍സ് മൂലധനവും, ആള്‍ദൈവങ്ങളും വര്‍ഗ്ഗീയ ഫാസിസവുമടങ്ങുന്ന കൂട്ടുകെട്ടിനെ തകര്‍ക്കാന്‍ മുഴുവന്‍ മനുഷ്യരും ഒന്നിക്കേണ്ടതുണ്ട്. മനുഷ്യനെ മനുഷ്യനായി കാണുന്ന ഒരു പുതുയൂഗപ്പിറവിക്കുവേണ്ടി ഉണര്‍ന്നു പ്രവര്‍ത്തിക്കുക. ആ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ ബ്രൂണോവിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുക.

*
കെ.ജി. സുധാകരന്‍ കരിവള്ളൂര്‍

1 comment:

  1. മഹാനായ തത്വജ്ഞാനിയും, യുക്തിചിന്തകനുമായിരുന്ന ജോര്‍ദാനോ ബ്രൂണോ(Giordano Bruno)വിനെ മതഭ്രാന്തന്‍മാര്‍ ചുട്ടുകൊന്നത് 1600 ഫെബ്രുവരി 17നാണ്. ഓരോ ഫെബ്രുവരി കഴിയുന്തോറും , മതവര്‍ഗ്ഗീയ ഫാസിസ്റുകള്‍ സമൂഹത്തില്‍ വിഷവിത്തുകള്‍ ചിതറിക്കൊണ്ട് അസ്വസ്ഥതകള്‍ പരത്തുകയാണ്. ബ്രൂണോവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പുതിയ ഒരു സമൂഹ സൃഷ്ടിക്കുവേണ്ടി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരും. മനുഷ്യനെ മനുഷ്യനായി കാണുന്ന ഒരു നവസമൂഹത്തിനു വേണ്ടി ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ ധീരരായ വിപ്ളവകാരികളുടെ പ്രവര്‍ത്തനങ്ങള്‍ തീര്‍ച്ചയായും നമുക്ക് വഴികാട്ടിയാണ്.

    ReplyDelete