കൂട്ടക്കൊലകളും വിഭജനവും അഭയാര്‍ഥിപ്രവാഹവും കൊണ്ട് തളര്‍ന്ന ബംഗാളിന്റെ മണ്ണിലാണ് മദര്‍ തെരേസ തന്റെ മിഷണറീസ് ഓഫ് ചാരിറ്റിക്ക് തുടക്കം കുറിച്ചത്. തങ്ങളുടെ കണ്ണീരൊപ്പാന്‍ ആരെങ്കിലും വരുമെന്ന് കാത്തിരുന്ന ലക്ഷക്കണക്കിന് ജനങ്ങള്‍ തിങ്ങിനിറഞ്ഞ കൊല്‍ക്കത്ത നഗരത്തില്‍ 1950ല്‍ മദര്‍ തെരേസ തന്റെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോള്‍ വളരെ ബൃഹത്തായ ഒരു പ്രവര്‍ത്തനം കമ്യൂണിസ്റ്റ്പാര്‍ടി നടത്തുകയായിരുന്നു. ബംഗാള്‍ ക്ഷാമകാലത്തും വിഭജനപൂര്‍വ കലാപങ്ങളുടെ കാലത്തും വിഭജനത്തിനുശേഷമുള്ള അഭയാര്‍ഥിപ്രവാഹ കാലത്തും ജനങ്ങളുടെ കണ്ണീരൊപ്പാന്‍ ബംഗാളില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ് മുന്നോട്ടുവന്നത്. അശരണരായ വലിയൊരു ജനവിഭാഗവുമായുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഹൃദയബന്ധമാണ് ബംഗാളിനെ കമ്യൂണിസ്റ്റ് കോട്ടയാക്കി മാറ്റിയത്. താല്‍ക്കാലികമായ തിരിച്ചടികളുണ്ടായെങ്കിലും വിപ്ലവാശയങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും നാടായിത്തന്നെയാണ് ബംഗാള്‍ അറിയപ്പെടുക.
മദര്‍ തെരേസയുടെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും കമ്യൂണിസ്റ്റ് നേതാവ് ജ്യോതിബസുവിന്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സമാനതകളുണ്ട്. ഈ സമാനതകളാണ് ജ്യോതിബസുവും മദര്‍ തെരേസയുമായുള്ള സുദൃഢമായ സൗഹൃദത്തിന്റെ അടിസ്ഥാനം. മദര്‍ തെരേസയുടെ ജീവചരിത്ര രചനയുമായി ബന്ധപ്പെട്ട് മുന്‍ തെരഞ്ഞെടുപ്പ് കമീഷണര്‍ കൂടിയായ നവീന്‍ ചൗള ജ്യോതിബസുവുമായി സംസാരിച്ചപ്പോള്‍ മദര്‍ തെരേസയുമായുള്ള സൗഹൃദത്തിന്റെ കാരണം അന്വേഷിച്ചു. ഞങ്ങള്‍ ഇരുവരും പാവങ്ങളെ സ്നേഹിക്കുന്നു എന്നായിരുന്നു പുഞ്ചിരിച്ചുകൊണ്ട് ജ്യോതിബസുവിന്റെ മറുപടി. 1905ലെ ബംഗാള്‍ വിഭജനമാണ് വിപ്ലവ പ്രസ്ഥാനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ബ്രിട്ടീഷുകാരെ ഞെട്ടിച്ച നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയ വിപ്ലവകാരികളില്‍ കുറേപ്പേരെ കൊന്നൊടുക്കി. നിരവധി പേരെ ആന്‍ഡമാനടക്കം വിവിധ ജയിലുകളിലേക്കയച്ചു. ജയിലുകളില്‍നിന്ന് അവര്‍ കമ്യൂണിസ്റ്റ്പാര്‍ടി കെട്ടിപ്പടുക്കാന്‍ തുടങ്ങി.
1942ലെ ക്വിറ്റ് ഇന്ത്യാ സമരകാലത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ച കോണ്‍ഗ്രസിന് തൊട്ടടുത്ത വര്‍ഷം നടന്ന ബംഗാള്‍ ക്ഷാമകാലത്ത് ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കാനുള്ള ഒരു പ്രവര്‍ത്തനവും നടത്താനായില്ല. കമ്യൂണിസ്റ്റ് പാര്‍ടി ഇന്ത്യയിലെങ്ങും പ്രചാരണം നടത്തുകയും ക്ഷാമബാധിതരെ സഹായിക്കാനുള്ള നിരവധി ക്യാമ്പുകളും സമൂഹ അടുക്കളകളും സ്ഥാപിക്കുകയും ചെയ്തു. 1946-47 കാലത്ത് നടന്ന തേഭാഗ സമരം പാവപ്പെട്ട കര്‍ഷകര്‍ക്ക് ജീവിതം നല്‍കാനുള്ള കമ്യൂണിസ്റ്റ് പാര്‍ടിയുടെ പോരാട്ടമായിരുന്നു. 1946ലെ പ്രത്യക്ഷ കര്‍മപരിപാടിയില്‍ നാലായിരത്തോളം പേര്‍ കൊല്ലപ്പെട്ട കൊല്‍ക്കത്ത നഗരത്തിലും വിഭജനത്തിന്റെ മുറിവുകളേറ്റ മറ്റു പ്രദേശങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനവുമായെത്തിയതും കമ്യൂണിസ്റ്റുകാര്‍ തന്നെ. 1947ലെ അഭയാര്‍ഥിപ്രവാഹം ബംഗാളിനെ മരണതുല്യമാക്കിയിരുന്നു. കളിച്ചുവളര്‍ന്ന ഗ്രാമവും കൃഷിയിടവും കിടപ്പാടവും സംസ്കാരവുമെല്ലാം പിന്നിലുപേക്ഷിച്ച് ജീവന്‍ മാത്രം കൈയിലെടുത്ത് ഓടിപ്പോന്ന ജനലക്ഷങ്ങള്‍ . അവര്‍ക്കെല്ലാം ഒരേ കഥയാണ് പറയാനുണ്ടായിരുന്നത്.
അഭയാര്‍ഥികളില്‍ മുക്കാല്‍പങ്കും എത്തിയത് കൊല്‍ക്കത്ത നഗരത്തില്‍ . പഞ്ചാബില്‍നിന്ന് ഓടിപ്പോന്ന് ഡല്‍ഹിയില്‍ തമ്പടിച്ച അഭയാര്‍ഥികളെ പുനരധിവസിപ്പിക്കുന്നതിലായിരുന്നു നെഹ്റു സര്‍ക്കാരിന്റെ ശ്രദ്ധ മുഴുവനും. ബംഗാള്‍ അഭയാര്‍ഥികളെ അവര്‍ കണ്ടില്ലെന്നു നടിച്ചു. അഭയാര്‍ഥികള്‍ കൈയേറിയ ഒഴിഞ്ഞ സ്ഥലങ്ങളില്‍നിന്ന് അവരെ ആട്ടിയോടിക്കാന്‍ ഗുണ്ടാപ്പടയും സര്‍ക്കാര്‍ സംവിധാനങ്ങളും ശ്രമിച്ചപ്പോള്‍ അവരെ സംരക്ഷിക്കാനുള്ള ശക്തമായ പോരാട്ടങ്ങള്‍ നടത്തിയതും കമ്യൂണിസ്റ്റ് പാര്‍ടിയാണ്. അതിനാല്‍ കിഴക്കന്‍ ബംഗാളില്‍നിന്നുവന്ന് പടിഞ്ഞാറന്‍ ബംഗാളില്‍ താമസമാക്കിയ ജനവിഭാഗങ്ങള്‍ക്കിടയില്‍ കമ്യൂണിസ്റ്റ ്പാര്‍ടിക്ക് ശക്തമായ സ്വാധീനമുണ്ടായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് ജ്യോതിബസു അടക്കമുള്ള നേതാക്കളും. ഈ പശ്ചാത്തലത്തിലാണ് കൊല്‍ക്കത്തയില്‍ മദര്‍ തെരേസയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ 1950ല്‍ ആരംഭിക്കുന്നത്. ഈ ചരിത്ര പശ്ചാത്തലം വിവരിക്കാതെ ജ്യോതിബസുവും മദര്‍ തെരേസയുമായുള്ള ബന്ധം വിവരിക്കുന്നത് അപൂര്‍ണമാകും. ഇരുവരും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമായത് ജ്യോതിബസു മുഖ്യമന്ത്രിയായ ശേഷമാണ്. എപ്പോള്‍ ആവശ്യപ്പെട്ടാലും മദര്‍ തെരേസയെ കാണാനും അവരുടെ ആവശ്യങ്ങള്‍ കേള്‍ക്കാനും തയ്യാറായിരുന്ന നേതാവാണ് ജ്യോതിബസു. മദര്‍ തെരേസ കൂടിക്കാഴ്ച ആവശ്യപ്പെട്ടാല്‍ ഒട്ടും വൈകാതെ അനുവദിക്കണമെന്ന് ജ്യോതിബസു നിര്‍ദേശിച്ചിരുന്നുവെന്ന് 1977 മുതല്‍ അദ്ദേഹത്തിന്റെ സഹായിയായിരുന്ന ജൊയ്കൃഷ്ണ ഘോഷ് അനുസ്മരിച്ചിട്ടുണ്ട്. ഒരിക്കല്‍ ഡല്‍ഹിയില്‍ മദര്‍ തെരേസ അസുഖബാധിതയായി ആശുപത്രിയിലായപ്പോള്‍ എല്ലാ ദിവസവും വിളിച്ച് മദര്‍ തെരേസയുടെ സുഖവിവരങ്ങള്‍ ജ്യോതിബസു അന്വേഷിച്ചിരുന്നത് നവീന്‍ ചൗള വിവരിക്കുന്നുണ്ട്. മദര്‍ തെരേസയുടെ മരണാനന്തര ചടങ്ങുകള്‍ക്ക് വളരെ ചിട്ടയായി സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജ്യോതിബസുവിന്റെ പ്രത്യേക താല്‍പ്പര്യമുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു. മദര്‍ തെരേസയെക്കുറിച്ച് സിനിമയെടുക്കുന്നെന്നറിഞ്ഞ് ബംഗാളിന്റെ മുഴുവന്‍ സഹായവും അതിനുണ്ടാകുമെന്ന് ജ്യോതിബസു ഉറപ്പുനല്‍കിയ കാര്യം സംവിധായകന്‍ രാജീവ്നാഥ് അനുസ്മരിച്ചിരുന്നു. കൊല്‍ക്കത്തയിലെ ആചാര്യ ജഗദീശ് ചന്ദ്ര ബോസ് റോഡില്‍ മിഷണറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാന മന്ദിരവും സിപിഐ എമ്മിന്റെ സംസ്ഥാനകമ്മിറ്റി ഓഫീസും തമ്മിലുള്ള ദൂരം 100 മീറ്ററോളമാണെന്നതും കൗതുകകരമായ ഒരടുപ്പമാണ്.
ജ്യോതിബസുവും മദര്‍ തെരേസയും തമ്മിലുള്ള ബന്ധം ലോകപ്രസിദ്ധമാണ്. ഈ ബന്ധത്തിനു പിന്നിലുള്ള സാമൂഹ്യമായ കാരണം ജ്യോതിബസു വിവരിച്ചതു തന്നെയാണ്. അഗതികളുടെ അമ്മ ചെയ്ത സേവനങ്ങള്‍ക്ക് സമാനമായ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് ബംഗാളില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം നിര്‍വഹിച്ചത്. പശ്ചിമബംഗാളില്‍ 1977ല്‍ ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സ്വീകരിച്ച ചരിത്രപരമായ ഭരണനടപടികള്‍ പാവങ്ങളോടുള്ള സ്നേഹത്തിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങളാണ്. ബംഗാള്‍ ക്ഷാമവും 1959ലെ ഭക്ഷ്യപ്രസ്ഥാനവും പട്ടിണിയുടെ ചിത്രങ്ങളാണ് വരച്ചുകാട്ടുന്നത്. ബംഗാളില്‍നിന്ന് പട്ടിണി തുടച്ചുമാറ്റാനാണ് ഇടതുമുന്നണി സര്‍ക്കാര്‍ ജ്യോതിബസുവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചത്. പാവപ്പെട്ട പാട്ടകൃഷിക്കാര്‍ക്ക് കൃഷിഭൂമിയില്‍ സ്ഥിരാവകാശം നല്‍കാനായി ആരംഭിച്ച ഓപ്പറേഷന്‍ ബര്‍ഗ നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് ലക്ഷ്യം കണ്ടത്. ഭൂമിയില്‍ അവകാശം ലഭിച്ച 15 ലക്ഷം കര്‍ഷകര്‍ക്ക് കൃഷിയില്‍ പതിന്മടങ്ങ് ആവേശമുണ്ടായി. ഭൂരഹിതരായ 30 ലക്ഷം പേര്‍ക്ക് മിച്ചഭൂമി ഏറ്റെടുത്ത് വിതരണം ചെയ്തു. ബംഗാളിനെ മാറ്റിമറിച്ച ഈ നടപടികള്‍ മൂലം ഭൂമിയുടെ 85 ശതമാനവും സാധാരണക്കാരും പാവപ്പെട്ടവരുമായ കര്‍ഷകരുടെ കൈകളിലെത്തി. ഭൂമിയുടെ തന്നെ ഈ വികേന്ദ്രീകരണമാണ് ബംഗാളില്‍ പട്ടിണി അവസാനിപ്പിച്ചതെന്ന് വിലയിരുത്താം. 35 ലക്ഷം പേര്‍ മരിച്ചുവീണ ബംഗാള്‍ ക്ഷാമത്തില്‍നിന്ന് ഭക്ഷ്യോല്‍പ്പാദനത്തിലെ സ്വയംപര്യാപ്തതയിലേക്ക് ബംഗാളിനെ ഉയര്‍ത്തിയതില്‍ നിര്‍ണായക പങ്കു വഹിച്ചത് ജ്യോതിബസുവായിരുന്നു. ജ്യോതിബസു ബംഗാളിലെ ജനങ്ങളുടെ ആരാധ്യപുരുഷനായത് സാധാരണജനങ്ങള്‍ക്കു വേണ്ടി നടത്തിയ മഹത്തായ പ്രവര്‍ത്തനങ്ങള്‍കൊണ്ടാണ്. മദര്‍ തെരേസ അഗതികളുടെ കണ്ണീരൊപ്പിയാണ് ലോകം ആരാധിക്കുന്ന കാരുണ്യപ്രവര്‍ത്തകയായത്. 2010ല്‍ ജ്യോതിബസു മരിച്ചപ്പോള്‍ മിഷണറീസ് ഓഫ് ചാരിറ്റിയിലെ അമ്മമാര്‍ അദ്ദേഹത്തെ ഒരു നോക്കുകാണാന്‍ കൂട്ടമായി വന്നെത്തിയത് നേരിട്ടുകാണാന്‍ അവസരമുണ്ടായി. തങ്ങളുടെ പ്രസ്ഥാനവും പ്രവര്‍ത്തനവും ബംഗാളില്‍ അനുഭവിക്കുന്ന സുരക്ഷിതത്വത്തിന് പ്രധാന കാരണക്കാരനാണ് ജ്യോതിബസുവെന്നുള്ള തിരിച്ചറിവായിരുന്നു അതിനു പിന്നില്‍ . മദര്‍ തെരേസയോടും മിഷണറീസ് ഓഫ് ചാരിറ്റിയോടും മാത്രമുള്ള സ്നേഹമല്ല ഇത്. ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ ഏറ്റവും സുരക്ഷിതരായി പശ്ചിമ ബംഗാളില്‍ ജീവിച്ചത് ജ്യോതിബസുവിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിനു കീഴിലാണ്. വിഭജനകാലത്തെ നടുക്കുന്ന ഓര്‍മകളില്‍നിന്ന് കൊല്‍ക്കത്ത നഗരത്തെയും ബംഗാളിനെയും മോചിപ്പിച്ച് "സന്തോഷത്തിന്റെ നഗര"മായി കൊല്‍ക്കത്തയെ വിശേഷിപ്പിക്കുന്നതില്‍ എത്തിച്ച ഈ സാമൂഹ്യമാറ്റത്തിന്റെ ചാലകശക്തി കമ്യൂണിസ്റ്റ് പ്രസ്ഥാനവും അതിന് നേതൃത്വം നല്‍കിയ ജ്യോതിബസുവുമാണ്.
1984ല്‍ ഇന്ദിരഗാന്ധി വധത്തെത്തുടര്‍ന്നും 1992ല്‍ ബാബറി മസ്ജിദ് തകര്‍ത്തതിനെത്തുടര്‍ന്നും രാജ്യത്തിന്റെ പല ഭാഗങ്ങളും ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ രക്തംകൊണ്ട് കുതിര്‍ന്നപ്പോള്‍ ബംഗാളിനെ ശാന്തമാക്കി നിര്‍ത്തിയത് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ശക്തികൊണ്ടാണ്. തൊട്ടടുത്ത ഒറീസയില്‍ മിഷണറിയെ ചുട്ടുകൊന്നതും കന്ദമലില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ കൂട്ടക്കൊലയ്ക്കിരയായതും സമീപകാലത്താണ്. അവിടെയും ഉള്ള കഴിവുകള്‍വച്ച് സഹായം നല്‍കാനിറങ്ങിയത് കമ്യൂണിസ്റ്റ് പ്രസ്ഥാനമായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രിസ്ത്യന്‍ മിഷണറിമാരും കന്യാസ്ത്രീകളും ആക്രമിക്കപ്പെടുമ്പോള്‍ അവിടെയെല്ലാം ഓടിയെത്തുന്നത് ഇടതുപക്ഷ എംപിമാരും നേതാക്കളുമാണ്. ആക്രമണങ്ങളെ അപലപിക്കുന്നതും അവരാണ്. ബംഗാളിലെ കമ്യൂണിസ്റ്റുകാര്‍ ഏറെ ഇഷ്ടപ്പെടുന്ന മഹതിയാണ് മദര്‍ തെരേസ. ആ ഇഷ്ടത്തെക്കുറിച്ച് ആരോടും മറുപടി പറയേണ്ടതില്ല. യേശുക്രിസ്തുവിന്റെ മഹദ്വചനങ്ങളാണ് അവര്‍ പിന്തുടര്‍ന്നത്. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുകയെന്നാല്‍ നിന്റെ സുഖങ്ങളും സൗകര്യങ്ങളും അവരുമായി പങ്കുവയ്ക്കുകയെന്നതാണ്. പാവപ്പെട്ട ജനകോടികളെ അയല്‍ക്കാരായി കരുതിയാണ് മദര്‍ തെരേസ പ്രവര്‍ത്തിച്ചത്. ആ കര്‍മധീരതയെയും അതിനു പിന്നിലുള്ള വികാരത്തെയും ആദരിക്കുന്നതിലും സ്മരിക്കുന്നതിലും എന്തോ അപകടമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ് ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത്. മദര്‍ തെരേസയും യേശുക്രിസ്തുവും ലോകം ആരാധിക്കുന്നവരാണ്. അവരെ അനുസ്മരിക്കുന്നതില്‍ വിലക്കോ?
*
വി ജയിന്‍ ദേശാഭിമാനി വാരിക 13 ഫെബ്രുവരി 2012
കൂട്ടക്കൊലകളും വിഭജനവും അഭയാര്‍ഥിപ്രവാഹവും കൊണ്ട് തളര്‍ന്ന ബംഗാളിന്റെ മണ്ണിലാണ് മദര്‍ തെരേസ തന്റെ മിഷണറീസ് ഓഫ് ചാരിറ്റിക്ക് തുടക്കം കുറിച്ചത്. തങ്ങളുടെ കണ്ണീരൊപ്പാന്‍ ആരെങ്കിലും വരുമെന്ന് കാത്തിരുന്ന ലക്ഷക്കണക്കിന് ജനങ്ങള്‍ തിങ്ങിനിറഞ്ഞ കൊല്‍ക്കത്ത നഗരത്തില്‍ 1950ല്‍ മദര്‍ തെരേസ തന്റെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോള്‍ വളരെ ബൃഹത്തായ ഒരു പ്രവര്‍ത്തനം കമ്യൂണിസ്റ്റ്പാര്‍ടി നടത്തുകയായിരുന്നു. ബംഗാള്‍ ക്ഷാമകാലത്തും വിഭജനപൂര്‍വ കലാപങ്ങളുടെ കാലത്തും വിഭജനത്തിനുശേഷമുള്ള അഭയാര്‍ഥിപ്രവാഹ കാലത്തും ജനങ്ങളുടെ കണ്ണീരൊപ്പാന്‍ ബംഗാളില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ് മുന്നോട്ടുവന്നത്. അശരണരായ വലിയൊരു ജനവിഭാഗവുമായുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഹൃദയബന്ധമാണ് ബംഗാളിനെ കമ്യൂണിസ്റ്റ് കോട്ടയാക്കി മാറ്റിയത്. താല്‍ക്കാലികമായ തിരിച്ചടികളുണ്ടായെങ്കിലും വിപ്ലവാശയങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും നാടായിത്തന്നെയാണ് ബംഗാള്‍ അറിയപ്പെടുക.
ReplyDelete