Sunday, April 8, 2012

വീണ്ടും അറബ് വസന്തം

ഉത്തരാഫ്രിക്കയുടെ മധ്യധരണ്യാഴിതീരത്തും പശ്ചിമേഷ്യയിലുമായി വ്യാപിച്ചുകിടക്കുന്ന അറബിരാജ്യങ്ങളില്‍ വീണ്ടും വസന്തം പൂവിട്ടു തുടങ്ങിയിരിക്കുന്നു. അറബിലോകത്തിന്റെ കേന്ദ്രബിന്ദു ഈജിപ്താണ്. ഗ്രീസിലെ അലക്സാണ്ടര്‍ ചക്രവര്‍ത്തിക്കും റോമിലെ ജൂലിയസ് സീസര്‍ക്കും 18-ാം നൂറ്റാണ്ടിലെ നെപ്പോളിയനും എല്ലാം താല്‍പ്പര്യമുണ്ടായിരുന്ന രാജ്യമാണ് പിരമിഡുകളുടെ നാടായ ഈജിപ്ത്. ചരിത്രത്തില്‍, ക്ലിയോപാട്ര രാജ്ഞിയായിരുന്ന ഈജിപ്ത് ഇന്നും പടിഞ്ഞാറന്‍ശക്തികളുടെ ആകര്‍ഷണകേന്ദ്രമാണ്. മുഹമ്മദ് നബിയുടെ സാമ്രാജ്യമായ അറബ്ലോകം ഇസ്ലാംമതാനുയായികളുടേതായി. അത്ലാന്റിക് തീരത്ത് സ്പെയിന്‍മുതല്‍ ഉത്തരാഫ്രിക്കയില്‍ പശ്ചിമേഷ്യയും ഇന്ത്യയും കടന്ന് ശാന്തസമുദ്രത്തിലെ ഇന്തോനേഷ്യവരെ വ്യാപിച്ച ഇസ്ലാംനാഗരികത ലോകചരിത്രത്തിലെ ഉജ്വലമായ അധ്യായമാണ്. ഈ വിശാലമായ ഇസ്ലാമികമേഖല ശിഥിലമായി നിരവധി ചെറുരാജ്യങ്ങളായിത്തീര്‍ന്നു. ഇസ്ലാംമതം അറബികളില്‍ മാത്രമായി ഒതുങ്ങുന്നില്ല. എന്നാല്‍, അറബികള്‍ 98 ശതമാനവും മുസ്ലിങ്ങളാണ്. ഇപ്പോള്‍ അറബികളുടേത് എന്ന് വിശേഷിപ്പിക്കാവുന്ന രാജ്യങ്ങള്‍ ഇറാഖ്മുതല്‍ പടിഞ്ഞാറ് ലിബിയവരെയും പലസ്തീന്‍മുതല്‍ തെക്ക് സൗദിഅറേബ്യവരെയും സ്ഥിതിചെയ്യുന്നു.

എണ്ണയും മേധാവിത്വവും

പത്തൊമ്പതാം നൂറ്റാണ്ടില്‍ പെട്രോളിയം കണ്ടുപിടിച്ചശേഷം പാശ്ചാത്യ സാമ്രാജ്യവാദികള്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ എണ്ണക്കിണറുകള്‍ സ്ഥാപിക്കുകയും കാലക്രമേണ രാഷ്ട്രീയമേധാവിത്വം നേടുകയും ചെയ്തു. ഈ രാജ്യങ്ങളിലെല്ലാം സുല്‍ത്താന്മാര്‍ എന്ന പേരില്‍ രാജാധിപത്യമായിരുന്നു. പിന്നീട് സുല്‍ത്താന്മാര്‍ക്കെതിരെ ജനാധിപത്യവാദികള്‍ കലാപം നടത്തി. ഈജിപ്ത് ഭരിച്ച ഫാറൂഖ് രാജാവിനെ സ്ഥാനഭ്രഷ്ടനാക്കി നജീബ് എന്ന സൈനികോദ്യോഗസ്ഥന്‍ അധികാരം പിടിച്ചെടുത്തു. നജീബിനെ പുറത്താക്കി കേണല്‍ അബ്ദുള്‍നാസര്‍ അധികാരത്തിലേറി. 1950കളുടെ ആദ്യം അധികാരത്തിലെത്തിയ നാസര്‍ അറബിലോകത്തിന്റെ മാത്രമല്ല, ലോകത്തിന്റെയാകെ സാമ്രാജ്യവിരുദ്ധ സമരനായകരില്‍ ഒരാളായി. ഈജിപ്തിലെ നാസറും ഇന്ത്യയിലെ ജവാഹര്‍ലാല്‍ നെഹ്റുവും യുഗോസ്ലാവ്യയിലെ ടിറ്റോയും ചേര്‍ന്ന കൂട്ടുകെട്ടാണ് മൂന്നാംലോകരാജ്യങ്ങളുടെ ചേരിചേരാസഖ്യം (നോണ്‍ അലൈന്‍ഡ് മൂവ്മെന്റ്) രൂപീകരിച്ചത്. സോഷ്യലിസ്റ്റ് ചേരിയും സാമ്രാജ്യത്വചേരിയും തമ്മില്‍ കടുത്ത മത്സരം നടക്കുന്ന കാലമായിരുന്നു അത്. സോഷ്യലിസ്റ്റ് ചേരിയുടെ ചായ്വ് ചേരിചേരാപ്രസ്ഥാനത്തോടായിരുന്നു. സാമ്രാജ്യത്വത്തിന് വെല്ലുവിളിയായി സൂയസ് തോട് ദേശസാല്‍ക്കരിച്ച നാസറുടെ നടപടിയെ ചെറുക്കാന്‍ പാശ്ചാത്യര്‍ വ്യോമസേനയെ അയച്ചു. എന്നാല്‍, സോവിയറ്റ് നേതാവായിരുന്ന ക്രൂഷ്ചേവ് തിരിച്ചടിക്കുമെന്ന് ഭീഷണി പുറപ്പെടുവിച്ചതോടെ പടിഞ്ഞാറന്‍ ആക്രമണകാരികള്‍ വാലുംചുരുട്ടി പിന്‍വാങ്ങി.

ഒന്നാം അറബ്വസന്തം

നാസര്‍, അറബിലോകത്തിന്റെ നേതാവാകുകയും പലസ്തീനും ഇസ്രയേലും തമ്മിലുള്ള തര്‍ക്കത്തില്‍ ഇസ്രയേലിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തു. ഇസ്രയേലുമായി 1966ല്‍ യുദ്ധം ചെയ്തെങ്കിലും വിജയിച്ചില്ല. അറബിലോകത്തെ മുഴുവന്‍ ഏകോപിപ്പിക്കാന്‍ ശ്രമിച്ച നാസര്‍, യമന്‍ തുടങ്ങിയ രാജ്യങ്ങളെ ഈജിപ്തില്‍ ലയിപ്പിക്കാന്‍ വിജയകരമായ ശ്രമം നടത്തി. ഈജിപ്തിന്റെ പേരുതന്നെ മാറ്റി യുണൈറ്റഡ് അറബ് റിപ്പബ്ലിക് എന്നാക്കി. 1971ല്‍ നാസര്‍ നിര്യാതനായി. തുടര്‍ന്ന് അധികാരത്തില്‍ വന്ന അന്‍വര്‍ സാദത്ത്, അറബികളുടെ താല്‍പ്പര്യത്തിനെതിരായി ഇസ്രയേലുമായി കൂട്ടുകൂടി. 1978ല്‍ അന്‍വര്‍ സാദത്ത് ദേശാഭിമാനികളാല്‍ വധിക്കപ്പെട്ടു. അതിനുശേഷം അധികാരത്തിലെത്തിയത് ഹുസ്നി മുബാറക്കായിരുന്നു. മുബാറക് ഇസ്രയേലിനോടും പാശ്ചാത്യശക്തികളോടും മമതയിലായിരുന്നു. ഈ ഘട്ടത്തിലാണ് ടൂണീഷ്യയില്‍ ബെന്‍ അലിയുടെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരായ ജനകീയ കലാപം നടന്നത്. ബെന്‍ അലിയുടെ ഭരണകാലത്ത് അഴിമതിയും തൊഴിലില്ലായ്മയും നാണയപ്പെരുപ്പവും വര്‍ധിച്ചു. തൊഴിലില്ലായ്മയും ദാരിദ്ര്യവുംമൂലം യുവാവ് തീകൊളുത്തി ആത്മാഹുതി ചെയ്തത് അറബിരാജ്യങ്ങളെ സ്വേച്ഛാധിപത്യത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരെ പോരാടാന്‍ പ്രേരകമാക്കി. കാട്ടുതീപോലെ അറബിരാജ്യങ്ങളില്‍ വ്യാപിച്ച സമരങ്ങളെയാണ് ഒന്നാമത്തെ അറബ്വസന്തം എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്.

സൗദിഅറേബ്യ

ഈ അറബ്വസന്തത്തെ അടിയുറച്ച പാശ്ചാത്യപക്ഷപാതിയായ സൗദിഅറേബ്യ എതിര്‍ത്തു. പലയിടത്തും സംഘര്‍ഷവും വെടിവയ്പ്പും നടന്നു. യമനിലെ പ്രസിഡന്റ് ഇബ്രാഹിം സാലെയെ കൊട്ടാരം വളഞ്ഞ് ജനങ്ങള്‍ ആക്രമിച്ചു. ആക്രമണത്തിന് ഇരയായ പ്രമുഖര്‍ അഭയം കണ്ടെത്തിയത് സൗദിഅറേബ്യയിലാണ്. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ വാക്കുകൊണ്ട് ഈ ജനാധിപത്യസമരങ്ങളെ അനുകൂലിച്ചെങ്കിലും അമേരിക്കയുടെ പ്രധാന സഖ്യശക്തിയും താവളവുമായ ബഹ്റൈനിലെ ജനാധിപത്യവിപ്ലവത്തെ എതിര്‍ക്കുകയാണ് ചെയ്തത്.

എങ്ങും വസന്തം

കെട്ടടങ്ങിയെന്നു കരുതിയ അറബ്വസന്തം വീണ്ടും പൂത്തുലയുകയാണെന്ന് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നു. സിറിയയിലെ കലാപം നിരവധിപേരുടെ മരണത്തിനിടയാക്കി. അമേരിക്ക സിറിയക്കെതിരെ ഭീഷണി ഉയര്‍ത്തുകയാണ്. യമനില്‍ വീണ്ടും കലാപത്തിന്റെ ശംഖൊലികള്‍ മുഴങ്ങുന്നു. ഈജിപ്തില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ സൈനികാധികൃതര്‍ നിര്‍ബന്ധിതരായി. നിര്‍ഭാഗ്യവശാല്‍ മുസ്ലിം ബ്രദര്‍ഹുഡ് എന്ന മതമൗലികവാദികളുടെ സംഘടനയാണ് അവിടെ തെരഞ്ഞെടുപ്പില്‍ ജയിച്ചത്. ലിബിയയില്‍ നാറ്റോ (ഉത്തര അത്ലാന്റിക് ഉടമ്പടി സംഘടന) ഇടപെട്ടതിലും അവിടത്തെ ഭരണാധികാരി മു അമ്മര്‍ ഗദ്ദാഫിയെ വഞ്ചിച്ച് വധിക്കുകയും ചെയ്തതിലുമുള്ള പ്രതിഷേധവും ജനാധിപത്യ പുനഃസ്ഥാപനത്തിനായി നടക്കുന്ന സമരമാണ്. അങ്ങനെ അറബ്വസന്തം വീണ്ടും പൂക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.

*
പി ഗോവിന്ദപ്പിള്ള ദേശാഭിമാനി

1 comment:

  1. ഉത്തരാഫ്രിക്കയുടെ മധ്യധരണ്യാഴിതീരത്തും പശ്ചിമേഷ്യയിലുമായി വ്യാപിച്ചുകിടക്കുന്ന അറബിരാജ്യങ്ങളില്‍ വീണ്ടും വസന്തം പൂവിട്ടു തുടങ്ങിയിരിക്കുന്നു. അറബിലോകത്തിന്റെ കേന്ദ്രബിന്ദു ഈജിപ്താണ്. ഗ്രീസിലെ അലക്സാണ്ടര്‍ ചക്രവര്‍ത്തിക്കും റോമിലെ ജൂലിയസ് സീസര്‍ക്കും 18-ാം നൂറ്റാണ്ടിലെ നെപ്പോളിയനും എല്ലാം താല്‍പ്പര്യമുണ്ടായിരുന്ന രാജ്യമാണ് പിരമിഡുകളുടെ നാടായ ഈജിപ്ത്. ചരിത്രത്തില്‍, ക്ലിയോപാട്ര രാജ്ഞിയായിരുന്ന ഈജിപ്ത് ഇന്നും പടിഞ്ഞാറന്‍ശക്തികളുടെ ആകര്‍ഷണകേന്ദ്രമാണ്. മുഹമ്മദ് നബിയുടെ സാമ്രാജ്യമായ അറബ്ലോകം ഇസ്ലാംമതാനുയായികളുടേതായി. അത്ലാന്റിക് തീരത്ത് സ്പെയിന്‍മുതല്‍ ഉത്തരാഫ്രിക്കയില്‍ പശ്ചിമേഷ്യയും ഇന്ത്യയും കടന്ന് ശാന്തസമുദ്രത്തിലെ ഇന്തോനേഷ്യവരെ വ്യാപിച്ച ഇസ്ലാംനാഗരികത ലോകചരിത്രത്തിലെ ഉജ്വലമായ അധ്യായമാണ്. ഈ വിശാലമായ ഇസ്ലാമികമേഖല ശിഥിലമായി നിരവധി ചെറുരാജ്യങ്ങളായിത്തീര്‍ന്നു. ഇസ്ലാംമതം അറബികളില്‍ മാത്രമായി ഒതുങ്ങുന്നില്ല. എന്നാല്‍, അറബികള്‍ 98 ശതമാനവും മുസ്ലിങ്ങളാണ്. ഇപ്പോള്‍ അറബികളുടേത് എന്ന് വിശേഷിപ്പിക്കാവുന്ന രാജ്യങ്ങള്‍ ഇറാഖ്മുതല്‍ പടിഞ്ഞാറ് ലിബിയവരെയും പലസ്തീന്‍മുതല്‍ തെക്ക് സൗദിഅറേബ്യവരെയും സ്ഥിതിചെയ്യുന്നു.

    ReplyDelete