പുതുതലമുറ ബാങ്കുകള്‍ക്കുവേണ്ടി കേരളത്തിലെ സഹകരണ ബാങ്കുകളുടെ കഥ കഴിക്കാനുള്ള തീവ്രയത്നത്തിലാണ് യുഡിഎഫ് സര്‍ക്കാര്‍. അതിശക്തമായ പ്രതിഷേധമുയര്‍ത്തി ഈ ഘട്ടത്തിലേ ഈ പ്രവണതയെ ചെറുത്തില്ലെങ്കില്‍ ഏഷ്യയിലെ തന്നെ മാതൃകാസംരംഭം എന്നു വാഴ്ത്തപ്പെട്ട കേരളത്തിലെ സഹകരണമേഖലയുടെ കഥ കഴിയും. ഗ്രാമാന്തരങ്ങളില്‍വരെ കേരളത്തിന്റെ സമ്പദ്ഘടനയുടെ നാഡിമിടിപ്പായി പ്രവര്‍ത്തിക്കുന്ന ജനകീയകൂട്ടായ്മയുടെ സേവനപ്രസ്ഥാനമായ സഹകരണമേഖല ചരിത്രത്തിലെ ഒരു ഓര്‍മ മാത്രമായി അവശേഷിക്കും. അത്ര ആപല്‍ക്കരമായ നീക്കങ്ങളാണ് യുഡിഎഫ് സര്‍ക്കാരിന്റെ അധ്യക്ഷതയില്‍ കേരളത്തിലിന്നു നടക്കുന്നത്.
ഇക്കൊല്ലം സഹകരണ വാരാഘോഷമുണ്ടായില്ല. നിക്ഷേപസമാഹരണ സംരംഭമുണ്ടായില്ല. യാദൃച്ഛികമായി വന്ന വീഴ്ചകളാണിത് എന്നു കരുതിയാല്‍ തെറ്റി. സഹകരണബാങ്കുകള്‍ ഇനി വളരുകയോ ശക്തിപ്പെടുകയോ വേണ്ടതില്ല എന്ന ഭരണരാഷ്ട്രീയ കാഴ്ചപ്പാടിന്റെ പ്രതിഫലനമാണിത്. വളരരുത് എന്നു മാത്രമല്ല, തകരണം എന്നുകൂടിയുണ്ട് ഭരണാധിപന്മാര്‍ക്ക്. അതിന്റെ ഏറ്റവും പുതിയ ദൃഷ്ടാന്തമാണ് സഹകരണനിക്ഷേപങ്ങള്‍ പുതുതലമുറ ബാങ്കുകളിലേക്ക് വഴിതിരിച്ചു വിടുന്ന പരിപാടി. എണ്ണൂറുകോടിയിലേറെ രൂപ ഇത്തരത്തില്‍ പുതുതലമുറ ബാങ്കുകളിലേക്ക് ഒഴുകിമാറി എന്നാണ് കഴിഞ്ഞദിവസം ഒരു മാധ്യമം പുറത്തുവിട്ടത്. സഹകരണപ്രസ്ഥാനത്തെ പുതുതലമുറ ബാങ്കുകള്‍ക്കുവേണ്ടി തകര്‍ത്തുകൊടുത്തുകൊള്ളാമെന്ന് അച്ചാരംവാങ്ങിയിറങ്ങിയപോലെയാണ് സഹകരണമേഖലയ്ക്കുമേല്‍ ജനാധിപത്യവിരുദ്ധമായി ആധിപത്യമുറപ്പിച്ച യുഡിഎഫിന്റെ രാഷ്ട്രീയം കൈകാര്യംചെയ്യുന്നവര്‍ പ്രവര്‍ത്തിക്കുന്നത്.
സഹകരണബാങ്കുകളുടെ ഭരണം പിടിച്ചെടുക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ അതീവ വ്യഗ്രതയോടെ ഓര്‍ഡിനന്‍സിറക്കിയതെന്തിനാണെന്ന് ഇപ്പോള്‍ കൂടുതല്‍ വ്യക്തമാകുന്നു. ബന്ധപ്പെട്ട ഫയല്‍ അടിയന്തരമായി ബംഗളൂരുവിലെത്തിച്ച് ഗവര്‍ണറെക്കൊണ്ട് ഒപ്പിടുവിക്കുകയായിരുന്നു. ജനാധിപത്യപരമായും കാര്യക്ഷമമായും പ്രവര്‍ത്തിക്കുന്ന ഭരണസമിതികളെ തകര്‍ത്തെറിഞ്ഞ് അഡ്മിനിസ്ട്രേറ്റര്‍ ഭരണം സ്ഥാപിക്കാനായിരുന്നു വ്യഗ്രത. കാര്‍ഷികവായ്പ നല്‍കുന്ന പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും അര്‍ബന്‍ ബാങ്കുകള്‍ക്കും മാത്രം വോട്ടവകാശമുള്ളിടത്ത് ഇല്ലാ സംഘങ്ങളെയും കടലാസുസംഘങ്ങളെയും ഒക്കെ ഉള്‍പ്പെടുത്തി ആയിരക്കണക്കിന് പുതുവോട്ടര്‍മാരെ ഉണ്ടാക്കി ഭരണമാറ്റം സാധിക്കാനുള്ള വ്യഗ്രത. അഞ്ചുവര്‍ഷ കാലാവധിയുള്ള സംഘ ഭരണസമിതികളെ മൂന്നാംവര്‍ഷം പുറത്താക്കി ഓര്‍ഡിനന്‍സിലൂടെ പിടിച്ചെടുക്കുന്നത് സഹകരണപ്രസ്ഥാനത്തെയാകെ തകര്‍ത്ത് സഹകരണബാങ്കുകളെ പുതുതലമുറ ബാങ്കുകളെക്കൊണ്ട് പകരം വയ്പിക്കാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമാണ്. കോടികളുടെ കോഴ ഇതിനുപിന്നിലുണ്ടാകുമെന്ന സംശയത്തിനടിസ്ഥാനമുണ്ട്.
കേരളത്തിലെ ജനങ്ങള്‍ ത്യാഗോജ്വലമായ പ്രവര്‍ത്തനത്തിലൂടെ പടുത്തുയര്‍ത്തിയവയാണ് സഹകരണബാങ്കുകള്‍. പല തലമുറയുടെ വിയര്‍പ്പുണ്ട് അതിനുപിന്നില്‍. പതിനായിരക്കണക്കിനു കോടികളുടെ നിക്ഷേപങ്ങളുള്ള മഹാപ്രസ്ഥാനായി ഇത്തരം സ്ഥാപനങ്ങള്‍ വളര്‍ന്നു. ആ വളര്‍ച്ചയ്ക്കനുബന്ധമായി നാട്ടിന്‍പുറങ്ങളില്‍വരെ പുതിയ ചൈതന്യം പടര്‍ന്നു. നാടിന്റെ വികസനത്തിലും കര്‍ഷകരുടെ ക്ഷേമത്തിലും വലിയ പങ്കുവഹിക്കുന്ന ഈ സംരംഭങ്ങള്‍ നാടിന്റെ സമ്പദ്ഘടനയുടെ ചാലകശക്തിയായി വികസിച്ചു. പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങള്‍ രാജ്യത്തിനാകെ മാതൃകയായി അംഗീകരിക്കപ്പെട്ടു. രാജ്യത്തെ മൊത്തം കാര്‍ഷിക വായ്പാനിക്ഷേപം 32,803 കോടി ആയിരിക്കെ കേരളത്തില്‍ മാത്രം ഇത് 20,432 കോടിയാണ്. 70,000 കോടിയുടെ നിക്ഷേപവും മൂന്നരക്കോടി അംഗങ്ങളുമുള്ള വിപുല പ്രസ്ഥാനമായി കാര്‍ഷികവായ്പാസംഘങ്ങള്‍ രാജ്യത്തിനു മാതൃകയായി. ആന്ധ്രയിലെയും മഹാരാഷ്ട്രയിലെയും തോതില്‍ കര്‍ഷക ആത്മഹത്യകള്‍ ഇവിടെയുണ്ടാകാത്തത് ഇത്തരം സഹകരണപ്രസ്ഥാനങ്ങളുടെ സജീവ ഇടപെടല്‍ ഉണ്ടായതുകൊണ്ടുകൂടിയാണ്. ഇതുകൊണ്ടൊക്കെത്തന്നെ ഈ മേഖലയ്ക്ക് വരുന്ന ഏത് ആഘാതവും ജനജീവിതത്തിനേല്‍ക്കുന്ന ആഘാതമാണ്. ഇത് തിരിച്ചറിഞ്ഞുള്ള ശക്തമായ ചെറുത്തുനില്‍പ്പും സഹകരണ സംരക്ഷണ പോരാട്ടവുമാണ് ഇന്ന് ആവശ്യം.
ഓരോ തവണ യുഡിഎഫ് അധികാരത്തില്‍ വരുമ്പോഴും സഹകരണമേഖലയ്ക്ക് പുതിയ ആഘാതങ്ങളേല്‍ക്കുന്നതാണ് ചരിത്രം. 1991ലും 2002ലും സഹകരണമേഖലയില്‍ യുഡിഎഫ് ജനാധിപത്യക്കശാപ്പുനടത്തി. തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ ഭരണസമിതികളെ പുറത്താക്കി പിന്‍വാതിലിലൂടെ അധികാരം പിടിച്ചു. സഹകരണബാങ്ക് പടുത്തുയര്‍ത്തിയ നാട്ടുകാര്‍ക്കല്ല, പുറത്തുനിന്നുവരുന്ന ഉദ്യോഗസ്ഥര്‍ക്കാണ് ഭരണാധിപത്യമെന്നുവന്നു. അതേവിധത്തിലുള്ള ജനാധിപത്യക്കശാപ്പാണ് ഓര്‍ഡിനന്‍സിലൂടെ ഇപ്പോഴും നടപ്പാക്കിയിട്ടുള്ളത്. സഹകരണപ്രസ്ഥാനത്തെ തകര്‍ക്കാനുള്ള നടപടികള്‍ പരമ്പരയായി നീങ്ങുകയാണ്. വൈദ്യനാഥന്‍കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള പുറപ്പാടുതന്നെ ഇതിന്റെ മറ്റൊരു കണ്ണിയാണ്. നാടിന്റെ ക്ഷേമകാര്യങ്ങളിലിടപെടാന്‍ കഴിയാത്തവിധത്തില്‍ ബാങ്കുകളെ മാറ്റുന്നതാണ് കമ്മിറ്റി ശുപാര്‍ശ. രജിസ്ട്രാറുടെ കീഴിലാണെങ്കില്‍ ബാങ്ക് നടത്താന്‍ പാടില്ല. ബാങ്ക് നടത്തുകയാണെങ്കില്‍ വായ്പാ സഹകരണസംഘങ്ങള്‍ പാടില്ല. ഈ വിധത്തിലാണ് നിബന്ധന. കേരളത്തിന്റെ സവിശേഷസാന്നിധ്യം കേന്ദ്രത്തെ ബോധ്യപ്പെടുത്തി ഒഴിവുവാങ്ങുന്നതിനുപകരം വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടത്താന്‍ സമ്മതിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍. ഇത് സഹകരണബാങ്ക് സങ്കല്‍പ്പത്തിന്റെ അടിത്തറതന്നെ തകര്‍ക്കും. ഇപ്പോഴുള്ള സ്ഥാപനങ്ങളെ കേവലമായ ബാങ്കുമാത്രമായി ചുരുക്കും. മറിച്ചായാല്‍ പ്രാഥമികഅംഗസ്ഥാപനങ്ങളുടെ ബാങ്ക് പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാകും. സ്ഥാപനങ്ങള്‍ സാമ്പത്തികപ്രതിസന്ധിയിലാകും.
ബാങ്കുകള്‍ പിടിച്ചെടുക്കാനുള്ള രാഷ്ട്രീയവ്യഗ്രത മാത്രമല്ല ഇന്ന് യുഡിഎഫിനെ നയിക്കുന്നത്. അതിനപ്പുറം സഹകരണബാങ്കുകളെ തകര്‍ത്ത് പുതുതലമുറ ബാങ്കുകള്‍ക്ക് കളമൊരുക്കിക്കൊടുക്കാനുള്ള വ്യഗ്രതകൂടിയാണ്. നിക്ഷേപങ്ങള്‍ പുതുതലമുറ ബാങ്കുകളിലാക്കുന്നതും സഹകരണവാരാഘോഷം നടത്താതിരിക്കുന്നതും വായ്പാസമാഹരണഘട്ടം ആചരിക്കാതിരിക്കുന്നതുമെല്ലാം വിപുലമായ ഗൂഢപദ്ധതിയുടെ ഭാഗമാണ്. ഈ പദ്ധതി തിരിച്ചറിയാനും ചെറുത്തുതോല്‍പ്പിക്കാനും കഴിയണം. അതിനുള്ള സംഘടിതമായ പ്രതിഷേധമുന്നേറ്റമുണ്ടാകണം. ആ മുന്നേറ്റത്തിലൂടെയേ സഹകരണപ്രസ്ഥാനത്തെ പൊതുവിലും അതുമായി ബന്ധപ്പെട്ടുണ്ടായ സഹകരണബാങ്കുകളെ വിശേഷിച്ചും രക്ഷപ്പെടുത്താനാകൂ. നാടിനോടു കൂറില്ലാത്തവരേ നാട്ടുപ്രസ്ഥാനങ്ങളെ തകര്‍ക്കൂ. ഇത് നാട്ടുകാരറിയണം. ശക്തമായ പ്രതിഷേധനിര നാട്ടിലാകെ അങ്ങനെ ഉയര്‍ന്നുവരണം.
*
ദേശാഭിമാനി മുഖപ്രസംഗം 13 ഏപ്രില്‍ 2012
പുതുതലമുറ ബാങ്കുകള്‍ക്കുവേണ്ടി കേരളത്തിലെ സഹകരണ ബാങ്കുകളുടെ കഥ കഴിക്കാനുള്ള തീവ്രയത്നത്തിലാണ് യുഡിഎഫ് സര്‍ക്കാര്‍. അതിശക്തമായ പ്രതിഷേധമുയര്‍ത്തി ഈ ഘട്ടത്തിലേ ഈ പ്രവണതയെ ചെറുത്തില്ലെങ്കില്‍ ഏഷ്യയിലെ തന്നെ മാതൃകാസംരംഭം എന്നു വാഴ്ത്തപ്പെട്ട കേരളത്തിലെ സഹകരണമേഖലയുടെ കഥ കഴിയും. ഗ്രാമാന്തരങ്ങളില്‍വരെ കേരളത്തിന്റെ സമ്പദ്ഘടനയുടെ നാഡിമിടിപ്പായി പ്രവര്‍ത്തിക്കുന്ന ജനകീയകൂട്ടായ്മയുടെ സേവനപ്രസ്ഥാനമായ സഹകരണമേഖല ചരിത്രത്തിലെ ഒരു ഓര്‍മ മാത്രമായി അവശേഷിക്കും. അത്ര ആപല്‍ക്കരമായ നീക്കങ്ങളാണ് യുഡിഎഫ് സര്‍ക്കാരിന്റെ അധ്യക്ഷതയില്‍ കേരളത്തിലിന്നു നടക്കുന്നത്.
ReplyDelete