Friday, April 20, 2012

രാജ്യസുരക്ഷയും കേരളവും

പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട തടിയന്റവിട ഷമീം എന്നയാള്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് വിദേശത്തേക്കു രക്ഷപ്പെട്ടു എന്ന വാര്‍ത്ത നമ്മുടെ സംസ്ഥാനത്തെ സുരക്ഷാസംവിധാനങ്ങളുടെ അപര്യാപ്തതകളിലേക്കു മാത്രമല്ല, അവ അപര്യാപ്തമാക്കിനിര്‍ത്തുന്ന രാഷ്ട്രീയ രക്ഷാകര്‍തൃത്വങ്ങളിലേക്കുകൂടിയാണ് വിരല്‍ചൂണ്ടുന്നത്. കശ്മീരിലടക്കം ഭീകരപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചതിനും ഭീകരസംഘങ്ങളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തതിനും നിരവധി സ്ഫോടനപരമ്പരകള്‍ നടത്തിയതിനും വിചാരണ നേരിടുന്ന തടിയന്റവിട നസീറിന്റെ സഹോദരന്‍കൂടിയാണ് രക്ഷപ്പെട്ട ഷമീം. കണ്ണൂര്‍ ജില്ലാ പൊലീസ് സൂപ്രണ്ട് ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് (പിടികിട്ടാപ്പുള്ളി എന്നു പ്രഖ്യാപിക്കുന്ന) സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നതാണ്. അതു നിലനില്‍ക്കെ ഷമീമിന് എങ്ങനെ കേരളത്തില്‍ നിര്‍ബാധം സഞ്ചരിക്കാനും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് വിദേശത്തേക്ക് ഒരു തടസ്സവുംകൂടാതെ വിമാനം കയറാനും കഴിഞ്ഞു? കേരളത്തിലെ ഭരണാധികാരികള്‍ മറുപടി പറയേണ്ട ചോദ്യമാണിത്.

പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട ഏത് വ്യക്തിയുടെയും വിവരങ്ങള്‍ വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിലുള്ള സര്‍വറിലുണ്ട്. പാസ്പോര്‍ട്ട് ഹാജരാക്കുന്ന നിമിഷത്തില്‍തന്നെ ഇതിന്റെ വിവരങ്ങള്‍ അധികൃതരുടെ മുമ്പില്‍ വരും. സാധാരണ യാത്രക്കാരുടെ മുമ്പില്‍വരെ വൈതരണികള്‍ സൃഷ്ടിക്കാറുള്ള എമിഗ്രേഷന്‍ തടിയന്റവിട ഷമീം എത്തിയപ്പോള്‍ എങ്ങനെ പച്ചക്കൊടി കാട്ടി?

ഡിസംബര്‍ 23നാണ് ഷമീം കൊച്ചി വഴി രക്ഷപ്പെട്ടത്. ജനുവരി അഞ്ചിന് ഇന്റലിജന്‍സ് ബ്യൂറോ ഇക്കാര്യം എമിഗ്രേഷന്‍ വിഭാഗത്തിന്റെ ശ്രദ്ധയില്‍കൊണ്ടുവന്നപ്പോഴാണ് പ്രശ്നം പുറത്തുവരുന്നത്. ഉന്നത തലങ്ങളിലുള്ള ഇടപെടലുകളില്ലെങ്കില്‍ എമിഗ്രേഷന്‍ സര്‍വര്‍ ഷമീമിന്റെ പാസ്പോര്‍ട്ടിനുമുന്നില്‍ കണ്ണടയ്ക്കില്ല. 2011111042 നമ്പരായുള്ള ഷമീമിന്റെ ലുക്ക്ഔട്ട് നോട്ടീസ് എമിഗ്രേഷന്‍ വിഭാഗത്തിന്റെ പക്കലുണ്ടായിരുന്നുവെന്നതിന് തെളിവുണ്ട്. ഷമീം എത്തിയ ഉടന്‍ സര്‍വര്‍ പ്രവര്‍ത്തിക്കാതായെന്നും ഹാര്‍ഡ് കോപ്പി നോക്കാതെ കടത്തിവിട്ടെന്നുമാണ് അധികൃതരുടെ ഭാഷ്യം. ഷമീം വരുമ്പോള്‍ കേടാകാനുള്ള എന്ത് സംവിധാനമാണ് എമിഗ്രേഷന്‍ വിഭാഗത്തിലുള്ളത്? ഷമീം പോയശേഷം ഡിസംബര്‍ 26ന് ഷമീമിന്റെ പേരിലുള്ള ലുക്ക്ഔട്ട് നോട്ടീസ് സര്‍വറില്‍ പ്രത്യക്ഷപ്പെട്ടതിനും തെളിവുണ്ട്. കൃത്യസമയത്ത് ലുക്ക്ഔട്ട് നോട്ടീസ് മാഞ്ഞുപോയത് ഗൂഢാലോചനയുടെ ഫലമായല്ലാതെ വരാന്‍ തരമില്ല. ഇക്കാര്യത്തില്‍ ഗൗരവതരമായ അന്വേഷണം ആവശ്യമാണ്.

യുഡിഎഫ് ഭരണത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഇത്തരക്കാരെ സ്വീകരിക്കാനും രക്ഷപ്പെടുത്താനും കഴിയുന്നുവെന്ന നിലയുണ്ട്. കേന്ദ്രസര്‍ക്കാര്‍ അനഭിമതരായി പ്രഖ്യാപിച്ചിരുന്ന കുവൈത്തുകാരായ ചിലര്‍ വിമാനത്താവളത്തില്‍ വന്ന് പച്ച കവാടത്തിലൂടെയിറങ്ങി നേരെ സ്റ്റേറ്റ് കാറില്‍ രാജ്യത്താകെ കറങ്ങിയത് കേരളം മറന്നിട്ടില്ല. അനഭിമതരെ സ്വീകരിച്ച് സംസ്ഥാന അതിഥികളാക്കിയത് മുസ്ലിംലീഗ് മന്ത്രിയുടെ ശുപാര്‍ശപ്രകാരമായിരുന്നുവെന്നതും തെളിഞ്ഞു. രാജ്യസുരക്ഷയുടെ കാര്യത്തില്‍ കടുത്ത വിട്ടുവീഴ്ച കാട്ടുകയും നിയമലംഘനം നടത്തുകയും ചെയ്ത ലീഗ് മന്ത്രിമാര്‍ക്കെതിരായി ഒരു നിയമനടപടിയും അന്നുണ്ടായില്ല. പിന്നീട് വിവാദമായ ചാരക്കേസിലെ കഥാപാത്രങ്ങള്‍ പാസ്പോര്‍ട്ട് കാലാവധി കഴിഞ്ഞ് ഇവിടെ കറങ്ങിനടന്നതും അതുണ്ടാക്കിയ കോലാഹലങ്ങളും രാഷ്ട്രീയകൊടുങ്കാറ്റുകളും കേരളത്തിന്റെ ഓര്‍മയില്‍ ഇപ്പോഴുമുണ്ട്. അതും യുഡിഎഫ് ഭരണത്തില്‍തന്നെ. മാറാട് കലാപഘട്ടത്തില്‍ വിദേശത്തുനിന്ന് എഫ്എം എന്നൊരാള്‍ ഇവിടെ വന്നിരുന്നുവെന്നും മന്ത്രിമാര്‍ക്ക് അയാളുമായി ബന്ധമുണ്ടായിരുന്നുവെന്നും വന്നു. അതും യുഡിഎഫ് ഭരണഘട്ടത്തില്‍തന്നെ. എല്ലാത്തിലും മുസ്ലിംലീഗിന്റെ സാന്നിധ്യമുണ്ടായിരുന്നു. ആ ലീഗ് അന്നത്തേതിനേക്കാള്‍ ഇന്ന് ഏറെ മാറിയിരിക്കുന്നു. കേരളത്തിന്റെ ഭരണത്തെ തങ്ങളുടെ ചൊല്‍പ്പടിക്ക് നടത്തിക്കും എന്ന ഹുങ്ക് അവരെ കീഴടക്കിയിരിക്കുന്നു. ഭരണത്തിന്റെ എല്ലാ തലങ്ങളിലും ലീഗ് പിടിമുറുക്കിയിരിക്കുന്നു. ഇതിനൊപ്പം ലീഗ് പലയിടത്തും എന്‍ഡിഎഫ് എന്ന സംഘത്തിന്റെ പൊയ്മുഖമായി നില്‍ക്കുകയുംചെയ്യുന്നു. വര്‍ഗീയഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ സംരക്ഷിക്കാന്‍ ഭരണം ഉപയോഗിക്കുന്ന നിലയിലേക്ക് ലീഗ് മാറി. തങ്ങളുടെ നേതാക്കള്‍ പ്രതിക്കൂട്ടിലാവുമെന്നു വരുന്ന ഘട്ടത്തില്‍ തങ്ങള്‍ ആവശ്യപ്പെട്ടപ്രകാരം ഏര്‍പ്പെടുത്തിയ അന്വേഷണകമീഷന്റെ കഥ കഴിക്കാന്‍ തങ്ങള്‍ക്ക് കരുത്തുണ്ടെന്ന് തെളിയിച്ചിരിക്കുന്നു ലീഗ്. ഈ പശ്ചാത്തലംകൂടി ഇവിടെ കണക്കിലെടുക്കേണ്ടതുണ്ട്.

ദേശീയ സുരക്ഷയിലെ അപര്യാപ്തതകളെക്കുറിച്ച് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് രാഷ്ട്രത്തെ ജാഗ്രതപ്പെടുത്തിയ വേളയില്‍തന്നെയാണ് കേരളത്തില്‍നിന്ന് ഷമീം രക്ഷപ്പെട്ടുപോയത്. സുരക്ഷാപ്രശ്നങ്ങളാല്‍ രാജ്യമാകെ കലുഷമാവുകയാണ്. പ്രധാനമന്ത്രി സന്ദര്‍ശിക്കാനിരിക്കെ ഉള്‍ഫ തീവ്രവാദികള്‍ അസമില്‍ ബോംബ് പൊട്ടിക്കുന്നു. ഇരുപത്തൊമ്പത് ഭീകരവാദികളെ വിട്ടുകിട്ടിയില്ലെങ്കില്‍ തങ്ങള്‍ ബന്ദിയാക്കിയിട്ടുള്ള ആര്‍ജെഡി എംഎല്‍എയെ വധിക്കുമെന്ന് ഒഡിഷയില്‍ ഭീകരര്‍ ഭീഷണിമുഴക്കുന്നു. അരുണാചല്‍പ്രദേശിലും മണിപ്പുരിലും എന്നുവേണ്ട രാജ്യത്തിന്റെ പല ഭാഗങ്ങളിലും മാവോയിസ്റ്റുകള്‍ ഭീതി പടര്‍ത്തുകയും കൂട്ടക്കൊലകള്‍ നടത്തുകയും ചെയ്യുന്നു. കശ്മീരില്‍ ലഷ്കര്‍ ഇ തോയ്ബ നുഴഞ്ഞുകയറ്റം നിര്‍ബാധം നടക്കുന്നു. മുംബൈപോലുള്ള കോസ്മോപൊളിറ്റന്‍ നഗരങ്ങള്‍വരെ സുരക്ഷിതമല്ല എന്നുവരുന്നു. അതിര്‍ത്തി കടന്നു വരുന്ന ഭീകരസംഘങ്ങള്‍ക്ക് ഒരു തടസ്സവുമില്ലാതെ ഇന്ത്യയില്‍ കയറിവന്ന് സ്ഫോടനപരമ്പരകള്‍ നടത്താമെന്നായിരിക്കുന്നു. ഇങ്ങനെയെല്ലാം അതിഗുരുതരമായ സ്ഥിതിവിശേഷം ഇന്ത്യ നേരിടുകയാണ്. പോയവര്‍ഷത്തേക്കാള്‍ ഭീകരമായ തോതിലാണ് ഈ വര്‍ഷത്തെ ഭീകരപ്രവര്‍ത്തനങ്ങളെന്ന് പ്രധാനമന്ത്രിതന്നെ പറയുന്നു. നാഷണല്‍ കൗണ്ടര്‍ ടെററിസം സെന്റര്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് മെയ് അഞ്ചിന് പ്രധാനമന്ത്രി ചര്‍ച്ച നടത്താനിരിക്കുന്നു. മതമൗലികവാദികളില്‍നിന്നുമുതല്‍ മാവോയിസ്റ്റുകളില്‍നിന്നുവരെ ഗുരുതര ഭീഷണിനേരിടുകയാണ് ആഭ്യന്തരമായി ഇന്ത്യ എന്ന് പ്രധാനമന്ത്രി പറയുന്നു. ആഭ്യന്തരസുരക്ഷാ കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രതപുലര്‍ത്തേണ്ട ഘട്ടത്തിലാണ് ഭീകരരെ പരിരക്ഷിക്കുന്നവരുമായി കേരളത്തിലും പശ്ചിമബംഗാളിലും കോണ്‍ഗ്രസ് കൈകോര്‍ത്തുനില്‍ക്കുന്നത്. രാജ്യം ഇതിന് വില നല്‍കേണ്ടിവരും എന്ന പാഠം ജനങ്ങള്‍ ഇവരെ ഓര്‍മിപ്പിക്കേണ്ടിയിരിക്കുന്നു.

*
ദേശാഭിമാനി മുഖപ്രസംഗം 20 ഏപ്രില്‍ 2012

1 comment:

  1. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട തടിയന്റവിട ഷമീം എന്നയാള്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് വിദേശത്തേക്കു രക്ഷപ്പെട്ടു എന്ന വാര്‍ത്ത നമ്മുടെ സംസ്ഥാനത്തെ സുരക്ഷാസംവിധാനങ്ങളുടെ അപര്യാപ്തതകളിലേക്കു മാത്രമല്ല, അവ അപര്യാപ്തമാക്കിനിര്‍ത്തുന്ന രാഷ്ട്രീയ രക്ഷാകര്‍തൃത്വങ്ങളിലേക്കുകൂടിയാണ് വിരല്‍ചൂണ്ടുന്നത്. കശ്മീരിലടക്കം ഭീകരപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചതിനും ഭീകരസംഘങ്ങളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തതിനും നിരവധി സ്ഫോടനപരമ്പരകള്‍ നടത്തിയതിനും വിചാരണ നേരിടുന്ന തടിയന്റവിട നസീറിന്റെ സഹോദരന്‍കൂടിയാണ് രക്ഷപ്പെട്ട ഷമീം. കണ്ണൂര്‍ ജില്ലാ പൊലീസ് സൂപ്രണ്ട് ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് (പിടികിട്ടാപ്പുള്ളി എന്നു പ്രഖ്യാപിക്കുന്ന) സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നതാണ്. അതു നിലനില്‍ക്കെ ഷമീമിന് എങ്ങനെ കേരളത്തില്‍ നിര്‍ബാധം സഞ്ചരിക്കാനും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് വിദേശത്തേക്ക് ഒരു തടസ്സവുംകൂടാതെ വിമാനം കയറാനും കഴിഞ്ഞു? കേരളത്തിലെ ഭരണാധികാരികള്‍ മറുപടി പറയേണ്ട ചോദ്യമാണിത്.

    ReplyDelete