ഏതാണ്ട് നാല് വര്‍ഷം മുന്‍പ് ആണ് ഇതേ പംക്തിയില്‍ 'സൂര്യനാണ് താരം' എന്ന തലക്കെട്ടില്‍ ഒരു ലേഖനം ഈയുള്ളവന്‍ എഴുതിയത്. അന്താരാഷ്ട്ര വിപണിയില്‍ സോളാര്‍ പാനലുകള്‍ 'ഒരു വാട്ടിന് ഒരു ഡോളര്‍' എന്ന നിരക്കില്‍ വന്നു തുടങ്ങി, ഇത് വ്യാപകമായിക്കഴിഞ്ഞാല്‍ പുരപ്പുറത്തു സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വീട്ടാവശ്യത്തിനുള്ള വൈദ്യുതി സ്വയം ഉത്പാദിപ്പിക്കുന്ന സ്വപ്നം സാക്ഷാത്കരിക്കാം എന്ന് അതില്‍ എഴുതിയിരുന്നു. ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ലൈന്‍ വേണ്ട എന്നല്ല; പകല്‍ നാം ഉത്പാദിപ്പിക്കുന്ന വൈദ്യുതി ലൈനിലേക്ക് കൊടുക്കുക; എന്നിട്ട് നമുക്ക് ആവശ്യമുള്ള സമയത്ത് ആവശ്യമുള്ള അളവില്‍ വൈദ്യുതി ലൈനില്‍ നിന്ന് എടുക്കുക; അധികം എടുക്കുന്നതിനു മാത്രം കാശു കൊടുത്താല്‍ മതി.
ഇതാ ആ കാലം സമാഗതമായിരിക്കുന്നു. അന്താരാഷ്ട്ര വിപണിയില്‍ സോളാര്‍ പാനല്‍ 'വാട്ടിനു ഒരു ഡോളര്‍' എന്ന വിലയ്ക്ക് യഥേഷ്ടം കിട്ടുന്നു. കേരളത്തില്‍ ഇന്ന് വാട്ടിനു അറുപത്തഞ്ചു മുതല്‍ നൂറു രൂപ വരെ വിലയ്ക്ക് പാനലുകള്‍ ലഭ്യമാണ്. പകല്‍ സമയത്ത് വൈദ്യതി ഉത്പാദിപ്പിച്ച് ലൈനിലേക്ക് കൊടുക്കാവുന്ന സംവിധാനത്തിന് സംസ്ഥാന സര്‍ക്കാര്‍ മൂന്നിലൊന്നും കേന്ദ്ര സര്‍ക്കാര്‍ മൂന്നിലൊന്നും സബ്സിഡി നല്‍കുന്ന സ്കീം കേരള ഗവണ്‍മെന്റ് പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷേ കേരള ഇലക്ട്രിസിറ്റി ബോര്‍ഡ് ഇപ്പോഴും ഇങ്ങനെ വൈദ്യുതി സ്വീകരിക്കാന്‍ തയാറായിട്ടില്ല. ലൈനുമായി ബന്ധിപ്പിച്ച വീടുകളിലെ സംവിധാനത്തിന് കേന്ദ്ര സര്‍ക്കാരും സബ്സിഡി നല്‍കില്ലത്രെ. സാങ്കേതിക പ്രശ്നങ്ങള്‍ ആയിരിക്കാം അവരുടെ തടസത്തിനു കാരണം. വാസ്തവത്തില്‍ അവയൊക്കെ മറ്റു രാജ്യങ്ങള്‍ എന്നേ പരിഹരിച്ചു കഴിഞ്ഞതാണ്. ആണവ നിലയങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ മടിക്കാത്ത നമ്മുടെ രാജ്യത്തിന് ഇക്കാര്യത്തില്‍ എന്താണാവോ ഇത്ര പിടിവാശി. 'ദൈവം കനിഞ്ഞാലും പൂജാരി കനിയില്ല' എന്ന മട്ടിലാണ് കാര്യങ്ങള്‍. ഇത്രയും കാലം സോളാര്‍ വൈദ്യുതിക്ക് ചെലവ് കൂടുതലാണ് എന്നതായിരുന്നു ആക്ഷേപം. 'ചെലവ് ക്രമേണ കുറഞ്ഞു വരും; അപ്പോഴേക്ക് നമ്മള്‍ ചെയ്യേണ്ട ഗൃഹപാഠം ഒക്കെ ചെയ്തിരിക്കണം' എന്ന് ആവോളം പറഞ്ഞതൊന്നും ആരും ചെവിക്കൊണ്ടില്ല. ഇപ്പോള്‍ 'ആലുംകായ പഴുത്തപ്പോള്‍ കാക്കയ്ക്ക് വായ് പുണ്ണ്' എന്ന് പറഞ്ഞപോലെ, സോളാര്‍ പാനല്‍ കുറഞ്ഞ വിലയ്ക്ക് കിട്ടിത്തുടങ്ങിയപ്പോള്‍ നാം തയാറായിട്ടില്ല എന്നതാണവസ്ഥ.
പക്ഷേ ഇതൊന്നും സൌരോര്‍ജ ഉത്സാഹികളെ പിന്തിരിപ്പിക്കേണ്ട കാര്യമില്ല. പുരപ്പുറത്തു സൌര വൈദ്യുതി ഉത്പാദിപ്പിച്ച് ബാറ്ററികളില്‍ ശേഖരിച്ച് വൈകുന്നേരവും ഉപയോഗിക്കാനുള്ള സംവിധാനം ഇപ്പോള്‍ തന്നെ ഫലപ്രദം ആണ്. പക്ഷേ ബാറ്ററിയുടെ ചെലവും കൂടി വഹിക്കേണ്ടി വരും എന്ന് മാത്രം. കേരളത്തില്‍ എത്രയോ വീടുകളില്‍ 'ഇന്‍വേര്‍ട്ടര്‍' എന്ന സാധനം സ്ഥാപിച്ചിട്ടുണ്ട്. വാസ്തവത്തില്‍ ഇത് ഇലക്ട്രിസിറ്റി ബോര്‍ഡിനു ചെറിയ ദ്രോഹം ഒന്നുമല്ല ചെയ്യുന്നത്. സന്ധ്യാ സമയത്തെ ലോഡ് കുറയ്ക്കാനായിട്ടാണല്ലോ അവര്‍ ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആ സമയത്ത് ഇന്‍വേര്‍ട്ടര്‍ ഘടിപ്പിച്ചിട്ടുള്ള വീടുകളില്‍ ഇന്‍വേര്‍ട്ടറില്‍ നിന്നുള്ള കറന്റ് കൊണ്ട് അത്യാവശ്യ കാര്യങ്ങളൊക്കെ നടക്കും. പിന്നെ കറന്റു വരുമ്പോള്‍ ഇന്‍വേര്‍ട്ടര്‍ റീചാര്‍ജ് ചെയ്യാനായി ലൈനില്‍ നിന്ന് വന്‍തോതില്‍ കറന്റ് എടുക്കും. അപ്പോള്‍ വീണ്ടും ലോഡു കൂടും. ചുരുക്കത്തില്‍ ലോഡ് ഷെഡിംഗ് കൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടാതാകും. എന്നാല്‍ ഇതേ വീടുകളില്‍ തന്നെ ഇന്‍വേര്‍ട്ടര്‍ ചാര്‍ജ് ചെയ്യാനായി സോളാര്‍ പാനല്‍ വച്ചാലോ? പകല്‍ സമയത്ത് വെയില്‍ ഉള്ളപ്പോള്‍ മാത്രമേ ഇന്‍വേര്‍ട്ടര്‍ ചാര്‍ജ് ചെയ്യൂ. ബാറ്ററി രാത്രിയില്‍ കാലി ആയാലും പകല്‍ വെയില്‍ വരും വരെ കാത്തിരുന്നു മാത്രമേ അത് വീണ്ടും ചാര്‍ജ് ചെയ്യാനാവൂ എന്ന മട്ടില്‍ ക്രമീകരിക്കാന്‍ സാധിക്കും. അങ്ങനെ ക്രമീകരിച്ച സോളാര്‍ ഇന്‍വേര്‍ട്ടറുകള്‍ സ്ഥാപിച്ചവര്‍ക്ക് എന്തുകൊണ്ട് പ്രോത്സാഹനം കൊടുത്തുകൂടാ? അല്ലാത്തവയെ നിരുത്സാഹപ്പെടുത്തുകയും ചെയ്യാം. അതായത്, വീടുകളില്‍ ഇന്‍വേര്‍ട്ടറുകള്‍ സ്ഥാപിക്കുന്നവര്‍ നിര്‍ബന്ധമായും അതിന് സോളാര്‍ ചാര്‍ജറുകള്‍ വച്ചിരിക്കണം എന്ന് വ്യവസ്ഥ ഉണ്ടാക്കാം.
ഇന്‍വേര്‍ട്ടറുകള്‍ സ്ഥാപിച്ചിട്ടുള്ളവര്‍ മിക്കവരും അത്യാവശ്യം ചില ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ട ശേഷി മാത്രമേ അതിന് ഉദ്ദേശിച്ചിട്ടുണ്ടാവുകയുള്ളൂ. എന്നാല്‍ സോളാര്‍ പാനലുകളുടെ ചെലവു കുറഞ്ഞ സ്ഥിതിക്ക് വീട്ടിലെ എല്ലാ ഉപകരണങ്ങളും പ്രവര്‍ത്തിപ്പിക്കാവുന്ന സമ്പൂര്‍ണ സോളാര്‍ സിസ്റം സ്ഥാപിക്കുന്ന കാര്യം ചിലര്‍ക്കെങ്കിലും ആലോചിക്കാവുന്നതാണ്. സാങ്കേതിക കാരണങ്ങളാല്‍ എയര്‍ കണ്ടീഷണര്‍, പമ്പ് മുതലായവ ഒഴിവാക്കാം. ബാക്കി ലൈറ്റ്, ഫാന്‍, ടി വി, കമ്പ്യൂട്ടര്‍ (ഉണ്ടെങ്കില്‍) മുതലായവ ഒക്കെ ഇതിലേക്ക് ഘടിപ്പിക്കാം. ഒരു കിലോവാട്ടിന്റെ ഒരു സിസ്റം സ്ഥാപിച്ചാല്‍ വേനല്‍ക്കാലത്ത് അഞ്ചോ ആറോ യൂണിറ്റ് വൈദ്യുതി ഓരോ ദിവസവും ഉത്പാദിപ്പിക്കാം. പോരാതുള്ളത് ലൈനില്‍ നിന്നെടുക്കാവുന്ന രീതിയിലാണ് അതിന്റെ സംവിധാനം. ചെലവ് ഇന്നത്തെ സ്ഥിതിക്ക് രണ്ട് ലക്ഷം രൂപയോളം വരും. അത് ഇനിയും കുറഞ്ഞു വരും എന്ന് ഉറപ്പാണ്. ഇത്തരം സംവിധാനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ സബ്സിഡി 80,000 രൂപ കിട്ടും എന്നാണ് പറയുന്നത്. അതിന് അനെര്‍ട്ട് മുഖേന ആണ് അപേക്ഷിക്കേണ്ടത്. എന്തുകൊണ്ട് ഈ സംവിധാനത്തിന് സംസ്ഥാന സബ്സിഡി കൊടുത്തു കൂടാ? അതുകൂടി ഉണ്ടെങ്കില്‍ തീര്‍ച്ചയായും ലാഭകരം ആയ ഒരു മുതല്‍ മുടക്ക് എന്ന നിലയില്‍ ഇത് സ്ഥാപിക്കാന്‍ ഒരുപാട് പേര്‍ മുന്നോട്ടു വരും. കേരളത്തിലെ ഉയര്‍ന്ന മധ്യവര്‍ഗക്കാരായ ഒരു ലക്ഷം കുടുംബങ്ങള്‍ സ്വന്തം പുരപ്പുറത്തു സൌരോര്‍ജ സംവിധാനം സ്ഥാപിച്ചാല്‍ വേനല്‍ക്കാലത്തെ പീക്ക് ലോഡ് നൂറു മെഗാവാട്ട് കുറവ് വരും. പ്രതിദിനം അഞ്ച് ലക്ഷം യൂനിറ്റ് ഊര്‍ജവും ലാഭിക്കാം. നൂറു മെഗാവാട്ടിന്റെ ഒരു വൈദ്യുതി നിലയം സ്ഥാപിക്കാന്‍ ഇന്നത്തെ അവസ്ഥയ്ക്ക് ആയിരം ആയിരത്തി അഞ്ഞൂറ് കോടി രൂപയും അഞ്ചു പത്തു വര്‍ഷവും വേണ്ടി വരില്ലേ? ഓരോ ഉടമസ്ഥനും 50000 രൂപ വച്ചു സബ്സിഡി കൊടുത്താലും അതിനുള്ള ചെലവ് 500 കോടി രൂപയെ വരൂ. പിന്നെ എന്തേ അമാന്തം?
വാസ്തവത്തില്‍, ഓരോ വീട്ടില്‍ നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഇലക്ട്രിസിറ്റി ബോര്‍ഡ് സ്വന്തം ലൈനിലേക്ക് എടുക്കും എന്ന് വന്നാല്‍ ബാറ്ററി വേണ്ടല്ലോ. അപ്പോള്‍ ചെലവ് അന്‍പതിനായിരം രൂപയോളം കുറയും. പാനലിന്റെ വിലയില്‍ ന്യായമായും പ്രതീക്ഷിക്കാവുന്ന കുറവ് കൂടി പരിഗണിച്ചാല്‍ ഒരു കിലോ വാട്ടിന്റെ സിസ്റത്തിന് ഒന്നര ലക്ഷം രൂപയ്ക്ക് താഴെ മാത്രമേ ചെലവ് വരൂ. മൂന്നിലൊന്നു കേന്ദ്ര സര്‍ക്കാരും മൂന്നിലൊന്നു സംസ്ഥാന സര്‍ക്കാരും സബ്സിഡി തരുമെങ്കില്‍ ഉടമസ്ഥര്‍ അന്‍പതിനായിരം രൂപ മുടക്കിയാല്‍ മതിയല്ലോ. എങ്കില്‍, ഇതു തികച്ചും ലാഭകരം ആയ ഒരു സംരംഭമായി മാറും. ലോഡ് ഷെഡിങ്ങും പവര്‍ കട്ടും ഭീഷണി ഉയര്‍ത്തുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഈ സംവിധാനത്തിന് ആകര്‍ഷകത്വം കൂടുക സ്വാഭാവികം തന്നെ. ഊര്‍ജക്ഷാമം എന്ന ഉര്‍വശീ ശാപത്തെ നമുക്ക് ഉപകാരമാക്കി മാറ്റാം.
ശരിക്ക് പറഞ്ഞാല്‍, വീട്ടുകാരേക്കാള്‍ ലാഭം വ്യാപാരി വ്യവസായികള്‍ക്കും കമ്പനികള്‍ക്കും ആണ്. അവര്‍ക്ക് വൈദ്യുതി നിരക്ക് തന്നെ കൂടുതല്‍ ആണല്ലോ. അതിനും പുറമേ, ഇതിന് വേണ്ടി വാങ്ങുന്ന ഉപകരണങ്ങളുടെ ചെലവ് 'ഡിപ്രീസ്യെഷന്‍' ആയി കാണിച്ച് ആദായ നികുതിയില്‍ നേടാവുന്ന ഇളവ് മറ്റൊരു ആകര്‍ഷണം ആണ്. അപ്പോള്‍ ഒരു ലക്ഷമല്ല, പല ലക്ഷം ആവശ്യക്കാര്‍ മുന്നോട്ടു വരും എന്ന് ഉറപ്പാണ്. അതായത് ആയിരം കിലോവാട്ടിനു (ഒരു മെഗാവാട്ടിനു) 15 കോടി രൂപ. ആയിരം മെഗാവാട്ടിനു 15000 കോടി രൂപ. അതില്‍ 500 കോടി കേന്ദ്ര സര്‍ക്കാര്‍, 500 കോടി സംസ്ഥാന സര്‍ക്കാര്‍, 500 കോടി ഉപഭോക്താക്കള്‍ സ്വയം വഹിക്കുന്നു. ആയിരം മെഗാവാട്ട് സ്ഥാപിത ശേഷി ഉണ്ടാക്കാന്‍ ഇതിനേക്കാള്‍ നല്ല പബ്ളിക് പ്രൈവറ്റ് പാര്‍ട്ട്നര്‍ഷിപ് എന്തുണ്ട്?
ചുരുക്കത്തില്‍ സൌരോര്‍ജ യുഗം ഉദിച്ചിരിക്കുന്നു. അത് കാണാനുള്ള കണ്ണു നമുക്കുണ്ടോ എന്നതാണ് പ്രശ്നം.
*
ആര്‍ വി ജി മേനോന്‍ ജനയുഗം 20 ഏപ്രില്‍ 2012
അധിക വായനയ്ക്ക്
സൂര്യനാണ് താരം!
സൂര്യനാണ് താരം! 2
കേരളത്തിന് ഒരു ദീര്‍ഘകാല ഊര്‍ജനയം
ഊര്‍ജ്ജിതാശയന്‍
ഏതാണ്ട് നാല് വര്‍ഷം മുന്‍പ് ആണ് ഇതേ പംക്തിയില്‍ 'സൂര്യനാണ് താരം' എന്ന തലക്കെട്ടില്‍ ഒരു ലേഖനം ഈയുള്ളവന്‍ എഴുതിയത്. അന്താരാഷ്ട്ര വിപണിയില്‍ സോളാര്‍ പാനലുകള്‍ 'ഒരു വാട്ടിന് ഒരു ഡോളര്‍' എന്ന നിരക്കില്‍ വന്നു തുടങ്ങി, ഇത് വ്യാപകമായിക്കഴിഞ്ഞാല്‍ പുരപ്പുറത്തു സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വീട്ടാവശ്യത്തിനുള്ള വൈദ്യുതി സ്വയം ഉത്പാദിപ്പിക്കുന്ന സ്വപ്നം സാക്ഷാത്കരിക്കാം എന്ന് അതില്‍ എഴുതിയിരുന്നു. ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ലൈന്‍ വേണ്ട എന്നല്ല; പകല്‍ നാം ഉത്പാദിപ്പിക്കുന്ന വൈദ്യുതി ലൈനിലേക്ക് കൊടുക്കുക; എന്നിട്ട് നമുക്ക് ആവശ്യമുള്ള സമയത്ത് ആവശ്യമുള്ള അളവില്‍ വൈദ്യുതി ലൈനില്‍ നിന്ന് എടുക്കുക; അധികം എടുക്കുന്നതിനു മാത്രം കാശു കൊടുത്താല്‍ മതി.
ReplyDelete