Thursday, April 19, 2012

എണ്ണക്കമ്പനികള്‍ക്കുവേണ്ടി കള്ളക്കളി

വീണ്ടുമൊരു ഇന്ധനവിലവര്‍ധനയ്ക്ക് കേന്ദ്രസര്‍ക്കാര്‍ കളമൊരുക്കുകയാണ്. എണ്ണവില കൂട്ടണമെന്ന റിസര്‍വ് ബാങ്കിന്റെ നിര്‍ദേശവും എണ്ണവിലവര്‍ധനയ്ക്ക് ഇനി കാത്തിരിക്കാനാവില്ലെന്ന എണ്ണക്കമ്പനികളുടെ നിലപാടും ഇതിന്റെ സൂചനയാണ്. എണ്ണവില വര്‍ധനയ്ക്ക് ന്യായീകരണമുണ്ടെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള അഭ്യാസത്തിലാണ് യുപിഎ സര്‍ക്കാര്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതിന്റെ സൂചനകളാണ് ഇതെല്ലാം. പെട്രോള്‍വില കാര്യമായ തോതില്‍ വര്‍ധിപ്പിച്ചിട്ട് നാലുമാസം തികഞ്ഞിട്ടില്ല. അതിനുമുമ്പാണ് വീണ്ടും വില കൂട്ടണമെന്ന മുറവിളി.

2010 ജൂണില്‍ പെട്രോള്‍വില നിര്‍ണയാധികാരം കമ്പനികള്‍ക്ക് വിട്ടുകൊടുത്തതുമുതലിങ്ങോട്ട് നിരന്തരമായ വിലവര്‍ധനയാണ് നടന്നത്. സര്‍ക്കാര്‍ കൈകെട്ടി മാറിനില്‍ക്കുന്ന അവസ്ഥയാണുണ്ടായിട്ടുള്ളത്. പെട്രോള്‍വില നിര്‍ണയാധികാരം പഴയപോലെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യം നിരന്തരം ഉയര്‍ന്നിട്ടും ചെവിക്കൊള്ളാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. അതേസമയം, എണ്ണക്കമ്പനികള്‍ ഏര്‍പ്പെടുത്തുന്ന വര്‍ധനയെ നിയന്ത്രിക്കാന്‍ ഒന്നുംചെയ്യാന്‍ ഭരണക്കാര്‍ തയ്യാറുമല്ല. ഇപ്പോള്‍ എണ്ണക്കമ്പനികള്‍ പറയുന്നത് ലിറ്ററിന് 8.04 രൂപകണ്ട് വര്‍ധന ഏര്‍പ്പെടുത്തുമെന്നാണ്. "വര്‍ധിച്ച" ക്രൂഡ്ഓയില്‍ വിലയെ നേരിടാന്‍ ഇതേ മാര്‍ഗമുള്ളൂവെന്നും ഇതൊഴിവാക്കണമെങ്കില്‍ പ്രതിദിനം 49 കോടി രൂപ സര്‍ക്കാരില്‍നിന്ന് തങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കണമെന്നുമാണ് എണ്ണക്കമ്പനികള്‍ പറയുന്നത്. ഇത്തരമൊരു ധാര്‍ഷ്ട്യത്തിനുള്ള ധൈര്യം എണ്ണക്കമ്പനികള്‍ക്ക് കൊടുത്തതാരാണ്? യുപിഎ സര്‍ക്കാര്‍തന്നെയാണ്. വില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുത്തത് സര്‍ക്കാര്‍ നടപടിയാണ്. ഇത് കൃത്യമായും എണ്ണക്കമ്പനികളുമായി ചേര്‍ന്ന് സര്‍ക്കാര്‍ നടത്തുന്ന ഒത്തുകളിയാണെന്നത് കാണാന്‍ വിഷമമില്ല. എണ്ണ വില നിര്‍ണയാധികാരം സര്‍ക്കാര്‍ തിരിച്ചെടുക്കുമെന്ന ഒറ്റ പ്രസ്താവന മതി ഈ ധാര്‍ഷ്ട്യം തീരാന്‍. എന്നാല്‍, എണ്ണക്കമ്പനികളുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന സര്‍ക്കാര്‍ അത് പറയില്ല. അത് കമ്പനികള്‍ക്ക് നന്നായറിയുകയും ചെയ്യാം. ഡീസലിന്റെകൂടി വില നിര്‍ണയാധികാരം ഉപേക്ഷിക്കാന്‍പോവുന്ന മന്‍മോഹന്‍സിങ് സര്‍ക്കാര്‍ പെട്രോള്‍വില നിര്‍ണയാധികാരം തങ്ങളില്‍തന്നെ നിക്ഷിപ്തമാക്കുമെന്ന് ആരും കരുതുന്നില്ല. യുപിഎ സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത്, ഒരു വശത്ത് എണ്ണക്കമ്പനികളെക്കൊണ്ട് മുറവിളികൂട്ടിക്കുകയും മറുവശത്ത് എണ്ണവില വര്‍ധനയ്ക്ക് ന്യായമുണ്ടെന്ന് റിസര്‍വ്ബാങ്കിനെക്കൊണ്ട് പറയിക്കുകയുമാണ്. സര്‍ക്കാരിന് താങ്ങാന്‍ കഴിയാത്ത തോതിലുള്ള സബ്സിഡി അനുവദിച്ചാലേ വിലവര്‍ധന ഒഴിവാക്കാനാവൂ എന്ന പ്രതീതി പരത്തി, നാളെ എണ്ണക്കമ്പനികള്‍ ഏര്‍പ്പെടുത്താന്‍പോകുന്ന രൂക്ഷമായ വിലവര്‍ധനയ്ക്ക് ന്യായീകരണമുണ്ടാക്കാനുള്ള വ്യഗ്രതയിലാണ് സര്‍ക്കാര്‍.

പെട്രോള്‍ വിലവര്‍ധന കൂടിയേതീരൂവെന്ന് കമ്പനികള്‍ പറയുന്ന അതേ ഘട്ടത്തില്‍തന്നെയാണ് മണ്ണെണ്ണ, ഡീസല്‍, പാചകവാതകം എന്നിവയുടെ വില വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന റിസര്‍വ് ബാങ്കിന്റെ നിര്‍ദേശംവന്നത് എന്നത് ശ്രദ്ധേയമാണ്. ധനകമ്മി നികത്താന്‍ അതേ വഴിയുള്ളുവത്രേ. ഈ മൂന്നിന്റെയും വില നിര്‍ണയിക്കുന്നത് സര്‍ക്കാരാണ്. സബ്സിഡി കുറച്ച് വില വര്‍ധിപ്പിക്കുക എന്നതാണ് ഉചിതം എന്ന നിലപാടാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി സുബ്ബറാവുവിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. റിസര്‍വ് ബാങ്കിന്റെ ഈ പരസ്യ നിലപാട് പെട്രോള്‍വില വര്‍ധിപ്പിക്കണമെന്ന എണ്ണക്കമ്പനികളുടെ ആവശ്യത്തിന് ശക്തിപകരാന്‍ പാകത്തിലുള്ളതാണ്. ഇത്തരമൊരു നിര്‍ദേശം പരസ്യമായി ഈ ഘട്ടത്തില്‍ റിസര്‍വ് ബാങ്ക് മുമ്പോട്ടുവച്ചു എന്നതുതന്നെ വിചിത്രമാണ്. എല്ലാ സബ്സിഡികളും കൂടുതല്‍ ചുരുക്കിയും വില നിര്‍ണയാധികാരം കൂടിയ തോതില്‍ പുതിയ മേഖലകളില്‍ ഉപേക്ഷിച്ചും മുമ്പോട്ടുപോകാനാണ് യുപിഎ ഭരണം ഉദ്ദേശിക്കുന്നത് എന്നതിന്റെ സൂചനയാണ്, സാമ്പത്തികപ്രതിസന്ധി നേരിടാനുള്ള കടുത്ത നടപടികള്‍ക്ക് കരുതിയിരുന്നുകൊള്ളുക എന്ന കേന്ദ്രധനമന്ത്രിയുടെ മുന്നറിയിപ്പ്. സാമ്പത്തിക പരിഷ്കാരത്തിന്റെ സദ്ഫലങ്ങള്‍ രണ്ടാം തലമുറ പരിഷ്കാരത്തിന്റെ ഘട്ടത്തില്‍ വരുമെന്ന് പറഞ്ഞ് നടന്നിരുന്ന ഡോ. മന്‍മോഹന്‍സിങ് ഭരണം രണ്ടാംതലമുറ പരിഷ്കാരത്തിന്റെ സമാപനഘട്ടത്തില്‍ ജനങ്ങള്‍ക്ക് വാഗ്ദാനംചെയ്യുന്നത് കൂടുതല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്. എന്നാല്‍, ഈ ഘട്ടത്തിലും ഉദാരവല്‍ക്കരണ-ആഗോളവല്‍ക്കരണ നയങ്ങളില്‍നിന്ന് പിന്മാറാന്‍ ഇവര്‍ തയ്യാറല്ല.

കനത്ത ആഘാതങ്ങള്‍ ജനജീവിതത്തിനുമേല്‍ തുടരെ ഏല്‍ക്കുമ്പോഴും മന്‍മോഹന്‍സിങ്ങും കൂട്ടരും സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചും വികസനത്തെക്കുറിച്ചും വാചകമടിക്കുന്നത് ഇന്ന് ആര് വിശ്വസിക്കാനാണ്! ഒരു ലിറ്റര്‍ പെട്രോള്‍ ഉപയോക്താവ് വാങ്ങുമ്പോള്‍ സര്‍ക്കാരിലേക്ക് എക്സൈസ് ഡ്യൂട്ടി ഇനത്തില്‍ 14.78 രൂപ ചെല്ലുന്നുണ്ട്. ജനങ്ങളെ വിലവര്‍ധനയുടെ ആഘാതത്തില്‍നിന്ന് അല്‍പ്പമെങ്കിലും മോചിപ്പിക്കണമെന്നുണ്ടെങ്കില്‍ സര്‍ക്കാരിന് എക്സൈസ് ഡ്യൂട്ടിയില്‍ കുറവുവരുത്തിയാല്‍ മതി. അത് ചെയ്യാന്‍ അവര്‍ തയ്യാറല്ല. ഇതും എണ്ണക്കമ്പനികളുമായി ചേര്‍ന്നുള്ള കള്ളക്കളിക്ക് വേണ്ടത്ര തെളിവു തരുന്നുണ്ട്. എണ്ണക്കമ്പനികള്‍ വില കൂട്ടട്ടെ, അങ്ങനെ ഖജനാവിലേക്കുള്ള എക്സൈസ് ഡ്യൂട്ടി വരുമാനവും കൂടട്ടെ എന്ന തന്ത്രമാണ് യുപിഎ സര്‍ക്കാരിന്റേത്. ഒന്നാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം പെട്രോള്‍വിലയില്‍ പലപ്പോഴായി നൂറുശതമാനത്തിലേറെ എന്ന തോതിലാണ് വര്‍ധന വന്നത്. പെട്രോളിന്റെ വില നിര്‍ണയാധികാരം സര്‍ക്കാര്‍ കമ്പനികള്‍ക്ക് ഏല്‍പ്പിച്ചുകൊടുത്തതുമുതലിതുവരെയായി പതിമൂന്നുതവണ വിലവര്‍ധനയുണ്ടായി. ഈ ഘട്ടങ്ങളില്‍ എല്ലാ ഇന്ധനങ്ങളുടെയും വില കുത്തനെ കൂട്ടുന്നതാണ് കണ്ടത്.

വിശ്വാസവോട്ടു നേടാന്‍ വേണ്ട കുതിരക്കച്ചവടത്തിലിറക്കുന്ന കൈക്കോഴ പണംവരെ എണ്ണക്കമ്പനികളില്‍നിന്നുള്ളതാണ് എന്ന് നമ്മള്‍ കണ്ടു. ആര് പെട്രോളിയം മന്ത്രിയാവണമെന്ന് നിശ്ചയിക്കുന്നത് പ്രധാനമന്ത്രിയല്ല, എണ്ണക്കമ്പനികളാണെന്നത് തെളിഞ്ഞു. ഇത്തരമൊരു ഭരണം എണ്ണക്കമ്പനികളുടെയല്ലാതെ, ജനങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കില്ല. 73 കല്‍ക്കരിപ്പാടങ്ങള്‍ 143 സ്വകാര്യ കമ്പനികള്‍ക്കായി അനുവദിച്ചതും അങ്ങനെ 1700 കോടി ടണ്‍ കല്‍ക്കരിശേഖരം സ്വകാര്യകമ്പനികള്‍ക്ക് കൈമാറിയതും ഖജനാവിന് 85,000 കോടി രൂപയുടെ നഷ്ടം വരുത്തിയതും പാര്‍ലമെന്റില്‍തന്നെ വെളിപ്പെട്ടു. എണ്ണക്കമ്പനികളില്‍നിന്ന് പിരിച്ചെടുക്കേണ്ട ആയിരക്കണക്കിന് കോടി രൂപ എഴുതിത്തള്ളുന്നതും സമാനമായ തുകയ്ക്കുള്ള ഇളവുകള്‍ ബജറ്റിലൂടെയും അല്ലാതെയും ഇക്കൂട്ടര്‍ക്ക് അനുവദിക്കുന്നതും നമ്മള്‍ കണ്ടു. ഇങ്ങനെ എണ്ണക്കമ്പനികളുടെ ചൊല്‍പ്പടിക്കുനിന്ന് ഭരണം നടത്തുന്ന യുപിഎയും അതിനെ നയിക്കുന്ന കോണ്‍ഗ്രസും ഏറ്റവുമൊടുവില്‍ ചെയ്യുന്നത് എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിക്കുന്നത് ന്യായീകരിക്കത്തക്കതാണെന്ന് വരുത്തിത്തീര്‍ക്കുകയാണ്. റിസര്‍വ് ബാങ്കിനെവരെ അതിനായി ദുരുപയോഗിക്കുന്നതാണ് നാമിന്ന് കാണുന്നത്. ചെറുത്തുതോല്‍പ്പിക്കപ്പെടേണ്ടതാണ് ഈ കള്ളക്കളി.

*
ദേശാഭിമാനി മുഖപ്രസംഗം 19 ഏപ്രില്‍ 2012

1 comment:

  1. വീണ്ടുമൊരു ഇന്ധനവിലവര്‍ധനയ്ക്ക് കേന്ദ്രസര്‍ക്കാര്‍ കളമൊരുക്കുകയാണ്. എണ്ണവില കൂട്ടണമെന്ന റിസര്‍വ് ബാങ്കിന്റെ നിര്‍ദേശവും എണ്ണവിലവര്‍ധനയ്ക്ക് ഇനി കാത്തിരിക്കാനാവില്ലെന്ന എണ്ണക്കമ്പനികളുടെ നിലപാടും ഇതിന്റെ സൂചനയാണ്. എണ്ണവില വര്‍ധനയ്ക്ക് ന്യായീകരണമുണ്ടെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള അഭ്യാസത്തിലാണ് യുപിഎ സര്‍ക്കാര്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതിന്റെ സൂചനകളാണ് ഇതെല്ലാം. പെട്രോള്‍വില കാര്യമായ തോതില്‍ വര്‍ധിപ്പിച്ചിട്ട് നാലുമാസം തികഞ്ഞിട്ടില്ല. അതിനുമുമ്പാണ് വീണ്ടും വില കൂട്ടണമെന്ന മുറവിളി.

    ReplyDelete