Wednesday, May 16, 2012

ഒ എന്‍ വിയും എം ടിയും മഹാശ്വേതയും

സിപിഐ എമ്മിനെതിരായ രാഷ്ട്രീയ വൈരനിര്യാതനത്തിനുള്ള വ്യഗ്രതയില്‍ നമ്മുടെ സാംസ്കാരികരംഗത്തെ ദീപസ്തംഭസമാനങ്ങളായ വ്യക്തിത്വങ്ങളെപ്പോലും യുഡിഎഫ് രാഷ്ട്രീയം അപകീര്‍ത്തിപ്പെടുത്തുന്നത് മാപ്പര്‍ഹിക്കാത്ത സാംസ്കാരിക കുറ്റകൃത്യമാണ്. പതിറ്റാണ്ടുകളായി നമ്മുടെ ഭാഷയെയും സംസ്കാരത്തെയും നവീകരിക്കുകയും ശക്തിപ്പെടുത്തുകയും ഉദാത്തമായ തലത്തിലേക്ക് ഉയര്‍ത്തുകയും ചെയ്തുപോരുന്ന ആദരണീയരാണ് ഒ എന്‍ വിയും എം ടിയും. കേരളത്തിലെ ജ്ഞാനപീഠജേതാക്കള്‍ക്ക് ജ്ഞാനമില്ല പീഠംമാത്രമേയുള്ളൂവെന്ന മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം പി വീരേന്ദ്രകുമാറിന്റെ ആക്ഷേപം കേരളീയരുടെ സാംസ്കാരികാഭിമാനത്തിനുനേര്‍ക്കുള്ള അപമാനംകൂടിയാണ്. സ്വകാര്യ താല്‍പ്പര്യങ്ങളാവാം യഥാര്‍ഥ കാരണമെന്ന് സംസ്ഥാനത്തെ പൊലീസ് ഡയറക്ടര്‍ ജനറല്‍പോലും വിശദീകരിച്ച ഒരു കൊലപാതകം മുന്‍നിര്‍ത്തി സിപിഐ എമ്മിനെ കരിവാരിതേക്കാന്‍ നടത്തുന്ന പ്രചണ്ഡരാഷ്ട്രീയ പ്രചാരണത്തിന്റെ കൊടിപിടിക്കാന്‍ ഇവര്‍ സന്നദ്ധരായില്ല എന്നതാണ് വീരേന്ദ്രകുമാറിന് പ്രകോപനമായത്.

സാംസ്കാരികനായകര്‍ എപ്പോള്‍ എവിടെ എന്തുണ്ടായാലും ഉടന്‍ പ്രതികരിച്ചുകൊള്ളാമെന്ന് മുദ്രപ്പത്രത്തില്‍ എഴുതി ഒപ്പിട്ടുകൊടുത്തവരൊന്നുമല്ല. കാഴ്ചകള്‍ക്കിടയിലൂടെ കാണാനും വരികള്‍ക്കിടയിലൂടെ വായിക്കാനും കഴിയുന്നവര്‍, മാധ്യമങ്ങളും ചില രാഷ്ട്രീയ സ്വാര്‍ഥതാല്‍പ്പര്യക്കാരും സൃഷ്ടിക്കുന്ന പ്രതീതികളെ കടന്നുകാണാന്‍ കഴിയുന്നവരാണ്. പ്രചാരണങ്ങളുടെ പിന്നിലുള്ളതെന്താണെന്നും അതിന്റെ രാഷ്ട്രീയ ഗൂഢലക്ഷ്യം എന്താണെന്നും തിരിച്ചറിയാന്‍ ശേഷിയുള്ളവരാണ്. അവരുടെ ഹൃദയത്തില്‍ തട്ടുന്ന കാര്യങ്ങളില്‍ അവര്‍ പ്രതികരിക്കും. അല്ലാത്തതിനുമുമ്പില്‍ മൗനമാചരിക്കും. മനുഷ്യജീവന് ഏറ്റവുമധികം വിലകല്‍പ്പിക്കുന്നവരും അതിന്റെ ഹനം എന്തിന്റെ പേരിലായാലും അംഗീകരിക്കാത്തവരുമാണ് എം ടിയും ഒ എന്‍ വിയും എന്ന് കേരളീയര്‍ക്കറിയാം. അതേ നിലപാടുള്ളതുകൊണ്ടാണ് ഒഞ്ചിയത്തെ കൊലപാതകത്തെ സിപിഐ എം അപലപിച്ചതെന്ന് അവര്‍ മനസിലാക്കുന്നുമുണ്ടാവാം. എന്നാല്‍, നിര്‍ഭാഗ്യകരമായ ആ കൊലപാതകം മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ മുതലെടുപ്പിന് ചട്ടുകമാവാന്‍ നിന്നുകൊടുക്കേണ്ടവരല്ല ആത്മാഭിമാനമുള്ള സാഹിത്യനായകന്മാര്‍ എന്ന ചിന്ത അവരെ നയിക്കുന്നുമുണ്ടാവാം. അതിന്റെ അടിസ്ഥാനത്തില്‍ നിലപാടെടുക്കാന്‍ അവര്‍ക്ക് സര്‍വസ്വാതന്ത്ര്യവുമുണ്ട്. ആ സ്വാതന്ത്ര്യം നിഹനിച്ച് ഭീഷണിപ്പെടുത്തി അവരെ വരുതിക്കുകൊണ്ടുവരാം എന്നതാണ് വീരേന്ദ്രകുമാറിന്റെ കണക്കുകൂട്ടലെങ്കില്‍, അത് സാധിതപ്രായമാകാന്‍ പോകുന്നില്ല. രാഷ്ട്രീയവും സാംസ്കാരികവുമായ പ്രബുദ്ധത പുലര്‍ത്തുന്ന കേരളം ഈ അധിക്ഷേപത്തിനും ഭീഷണിക്കും പിന്നിലുള്ള പ്രേരണയെന്ത് എന്ന് മനസിലാക്കുകയും അതിനോട് അര്‍ഹിക്കുന്നതരത്തില്‍ പ്രതികരിക്കുകയും ചെയ്യും.

ജ്ഞാനപീഠജേതാവായ മഹാശ്വേതാദേവിയുടെ സാന്നിധ്യത്തിലാണ് കേരളത്തില്‍നിന്നുള്ള ജ്ഞാനപീഠജേതാക്കളെ വീരേന്ദ്രകുമാര്‍ അപമാനിച്ചത്. മഹാശ്വേതാദേവിയും കേരളത്തിന്റെ ജ്ഞാനപീഠജേതാക്കളും തമ്മില്‍ ഒരു വ്യത്യാസമുണ്ട്. മഹാശ്വേതാദേവിക്ക് കേരളത്തില്‍ നടക്കുന്നത് എന്താണ് എന്നറിയണമെങ്കില്‍ അവരെ ബംഗാളില്‍നിന്ന് ഇവിടേക്ക് കൂട്ടിക്കൊണ്ടുവന്ന കമ്യൂണിസ്റ്റ്വിരുദ്ധരുടെ വാക്കുകളെ ആശ്രയിക്കണം. അവരുടെ പക്കലുള്ള കണ്ണടയിലൂടെയേ അവര്‍ക്ക് കേരളത്തെ കാണാന്‍ അവസരമുള്ളൂ. കാരണം, കേരളത്തിന്റെ പൊതുസാംസ്കാരികരംഗത്തോ രാഷ്ട്രീയരംഗത്തോ ഉള്ള പ്രമുഖരായ ഒരാളുമായും ആശയക്കൈമാറ്റം നടത്താനുവദിക്കാതെ കമ്യൂണിസ്റ്റ്വിരുദ്ധ രാഷ്ട്രീയക്കാര്‍ കണ്ണാടിക്കൂട്ടിലിട്ട് എന്ന വണ്ണം കൊണ്ടുനടക്കുകയായിരുന്നു അവരെ. തങ്ങള്‍ പറയുന്നതിനപ്പുറത്ത് സത്യം വല്ലതുമുണ്ടോ എന്ന് ആരായാന്‍ അവര്‍ക്കുള്ള സ്വാതന്ത്ര്യംപോലും നിഷേധിച്ച് ഇക്കൂട്ടര്‍ അവരെ കൊണ്ടുവന്നു; കൊണ്ടുനടന്നു; തങ്ങളുടെ രാഷ്ട്രീയാഭിപ്രായങ്ങള്‍മാത്രം അവരെ പറഞ്ഞ് പഠിപ്പിച്ചു. കേരളത്തിലെ ജ്ഞാനപീഠജേതാക്കളുടെ സ്ഥിതി അതല്ല. അവര്‍ ഇവിടെ ജനിച്ചുവളര്‍ന്നവരാണ്; രാഷ്ട്രീയ സാംസ്കാരിക മുഖ്യധാരയിലൂടെ പതിറ്റാണ്ടുകളായി കടന്നുപോകുന്നവരാണ്. സമൂഹത്തെ മുമ്പോട്ടുകൊണ്ടുപോകാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന ശക്തി ഏതാണെന്നും അതിനെ കാലാകാലങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തി തകര്‍ക്കാന്‍ ശ്രമിച്ചുപോരുന്ന സ്ഥാപിതതാല്‍പ്പര്യക്കാരാരാണെന്നും അവര്‍ക്ക് തിരിച്ചറിയാം. സാംസ്കാരിക ദല്ലാളന്മാരുടെ "ബ്രീഫിങ്" ആവശ്യമുള്ളവരല്ല അവര്‍. ബ്രീഫിങ് കൊണ്ട് തെറ്റിദ്ധരിപ്പിക്കാവുന്നതുമല്ല അവരെ. മഹാശ്വേതാദേവിയെപ്പോലെ കേട്ടറിഞ്ഞല്ലാതെ കണ്ടറിഞ്ഞ് നിലപാടെടുക്കുന്നവരാണവര്‍; കാരണം കേരളത്തെയും കേരളത്തിന്റെ സാമൂഹ്യചലനങ്ങളെയും അതിന്റെ അന്തര്‍ധാരകളെയുമെല്ലാം കാലങ്ങളായി അറിയാനുള്ള അവസരം അവര്‍ക്കുണ്ട് എന്നതുതന്നെ. എം ടിയുടെയും ഒ എന്‍ വിയുടെയും വാക്കിനെയും മൗനത്തെയും ഈ പശ്ചാത്തലത്തിലാണ് കാണേണ്ടത്.

കേരളത്തിലിതാ ആദ്യമായി ഒരു കൊലപാതകമുണ്ടായിരിക്കുന്നുവെന്ന മട്ടിലാണ് വീരേന്ദ്രകുമാര്‍ പ്രചാരണം നടത്തുന്നത്. സിപിഐ എമ്മിന്റെ നൂറുകണക്കിന് സഖാക്കള്‍ വെട്ടിനുറുക്കപ്പെട്ടിട്ടുണ്ട്. അപ്പോഴൊന്നും സാംസ്കാരികനായകരുടെ പ്രതികരണമാരാഞ്ഞിട്ടില്ല ഇദ്ദേഹം. ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തെ അപലപിക്കുകയും കൊലചെയ്തവരെ പിടികൂടണമെന്ന് ആവശ്യപ്പെടുകയുംചെയ്ത സിപിഐ എമ്മിന്റെ തലയില്‍ ഈ കൊലപാതകത്തിന്റെ ഉത്തരവാദിത്തം കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നത് താല്‍ക്കാലിക രാഷ്ട്രീയലാഭത്തിനുവേണ്ടിയാണ്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയെ തോല്‍പ്പിക്കാന്‍ ഇത് ആയുധമാക്കാനാവുമോ എന്നതാണ് നോട്ടം. ഈ ഗൂഢതാല്‍പ്പര്യത്തിന് അരുനില്‍ക്കുന്നില്ല എന്നതാണ് സാംസ്കാരിക നായകരെ ഭര്‍ത്സിക്കുന്നതിനു പിന്നിലുള്ള പ്രകോപനം.

മഹാശ്വേതാദേവിക്ക് സിപിഐ എം വിരോധമുണ്ടാവുന്നത് ഇതാദ്യമല്ല. കഴിഞ്ഞ കുറെ കാലമായി അവര്‍ ആ വഴിക്കാണ്. അതുകൊണ്ടുതന്നെ മാവോയിസ്റ്റുകളും തൃണമൂല്‍സംഘവും കോണ്‍ഗ്രസും ചേര്‍ന്ന് നടത്തുന്ന സ്വന്തം മൂക്കിനുതാഴത്തെ കൂട്ടക്കൊല കാണാന്‍ അവര്‍ക്ക് കണ്ണില്ല. അതിനെതിരെ അവര്‍ ഒരു വാക്ക് ഉരിയാടിയിട്ടില്ല. അവിടെ ഒഴുകുന്ന ചോര ചോരയല്ലേ? അവിടെ ഒടുങ്ങുന്ന ജീവന്‍ ജീവനല്ലേ? പ്രബുദ്ധകേരളം മൗനത്തിലൂടെയാണെങ്കിലും മഹാശ്വേതാദേവിയോട് ഈ ചോദ്യം ചോദിക്കുന്നുണ്ട്. കേരളത്തെക്കുറിച്ച് നേരിട്ടൊന്നുമറിയാതെ, കമ്യൂണിസ്റ്റ് വിരുദ്ധ സംഘത്താല്‍ ക്ഷണിക്കപ്പെട്ട് ഇവിടെ എത്തുകയും ആ സംഘാംഗങ്ങളില്‍ നിന്നുമാത്രം വിവരങ്ങള്‍ ശേഖരിക്കുകയുംചെയ്ത് മഹാശ്വേതാദേവി നടത്തുന്ന അഭിപ്രായപ്രകടനങ്ങളുടെ കണ്ണട വേണ്ട, കേരളത്തിന്റെ നാഡിമിടിപ്പറിഞ്ഞ് ഇവിടെ ജീവിക്കുന്ന ഇവിടത്തെ ജ്ഞാനപീഠജേതാക്കള്‍ക്ക് കേരളത്തെ കാണാന്‍. മഹാശ്വേതയ്ക്ക് കിട്ടിയ "മാഗ്സസേ" പുരസ്കാരംപോലുള്ള വിദേശഅവാര്‍ഡുകള്‍ അതുകൊണ്ട് ഒ എന്‍ വിക്കും എം ടിക്കുമൊന്നും കിട്ടുകയില്ലായിരിക്കാം. പുരസ്കാരങ്ങള്‍ നോക്കി നിലപാടെടുത്തുപോന്നവരല്ലല്ലോ പണ്ടേ അവര്‍. പുരസ്കാരങ്ങള്‍കൊണ്ടല്ല, ആര്‍ജവവും മൗലികതയുമുള്ള ധീരനിലപാടുകള്‍കൊണ്ടും സര്‍ഗാത്മകതകൊണ്ടുമാണ് ഇവര്‍ എന്നും ജനമനസ്സുകളില്‍ ആദരണീയരായി നിന്നിട്ടുള്ളത്. ഒരു മാധ്യമപ്രഭുത്വത്തിന്റെയും രക്ഷാകര്‍തൃത്വത്തിന്റെ കൈപിടിച്ചല്ല ഇവര്‍ ജനമനസ്സുകളിലേക്ക് നടന്നുകയറിയത്. അതെങ്കിലും ഭീഷണിയുമായി ഇറങ്ങുന്നവര്‍ തിരിച്ചറിയണം.

*
ദേശാഭിമാനി മുഖപ്രസംഗം 16 മേയ് 2012

2 comments:

  1. സിപിഐ എമ്മിനെതിരായ രാഷ്ട്രീയ വൈരനിര്യാതനത്തിനുള്ള വ്യഗ്രതയില്‍ നമ്മുടെ സാംസ്കാരികരംഗത്തെ ദീപസ്തംഭസമാനങ്ങളായ വ്യക്തിത്വങ്ങളെപ്പോലും യുഡിഎഫ് രാഷ്ട്രീയം അപകീര്‍ത്തിപ്പെടുത്തുന്നത് മാപ്പര്‍ഹിക്കാത്ത സാംസ്കാരിക കുറ്റകൃത്യമാണ്. പതിറ്റാണ്ടുകളായി നമ്മുടെ ഭാഷയെയും സംസ്കാരത്തെയും നവീകരിക്കുകയും ശക്തിപ്പെടുത്തുകയും ഉദാത്തമായ തലത്തിലേക്ക് ഉയര്‍ത്തുകയും ചെയ്തുപോരുന്ന ആദരണീയരാണ് ഒ എന്‍ വിയും എം ടിയും. കേരളത്തിലെ ജ്ഞാനപീഠജേതാക്കള്‍ക്ക് ജ്ഞാനമില്ല പീഠംമാത്രമേയുള്ളൂവെന്ന മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം പി വീരേന്ദ്രകുമാറിന്റെ ആക്ഷേപം കേരളീയരുടെ സാംസ്കാരികാഭിമാനത്തിനുനേര്‍ക്കുള്ള അപമാനംകൂടിയാണ്. സ്വകാര്യ താല്‍പ്പര്യങ്ങളാവാം യഥാര്‍ഥ കാരണമെന്ന് സംസ്ഥാനത്തെ പൊലീസ് ഡയറക്ടര്‍ ജനറല്‍പോലും വിശദീകരിച്ച ഒരു കൊലപാതകം മുന്‍നിര്‍ത്തി സിപിഐ എമ്മിനെ കരിവാരിതേക്കാന്‍ നടത്തുന്ന പ്രചണ്ഡരാഷ്ട്രീയ പ്രചാരണത്തിന്റെ കൊടിപിടിക്കാന്‍ ഇവര്‍ സന്നദ്ധരായില്ല എന്നതാണ് വീരേന്ദ്രകുമാറിന് പ്രകോപനമായത്.

    ReplyDelete
  2. എന്തിനാണ് ഫോറം കൂടുതല്‍ വളഞ്ഞു കുത്തുന്നത്? നേരെ അങ്ങ് പറഞ്ഞാല്‍ പോരെ. സി പി എംന് എതിരായി പ്രതികരിച്ചാല്‍, സക്കറിയക്ക് കിട്ടിയത് അവര്‍ക്കും കിട്ടും.

    പിന്നെ, കൊലപതകത്തു കാരണം വ്യക്തി വൈരാഗ്യം ആല്ല പാര്‍ട്ടിയുടെ തീരുമാനം ആയിരുന്നൂ എന്ന് പറയങ്കണ്ടി രവീന്ദ്രന്‍ പോലീസിനോട് പറഞ്ഞത് വായിച്ചിരിക്കുമല്ലോ.... ആരാണ് ഈ പറയങ്കണ്ടി രവീന്ദ്രന്‍ എന്ന് പറഞ്ഞു തരേണ്ടത്‌ ഇല്ലല്ലോ...!

    ReplyDelete