Saturday, August 11, 2012

വിലക്കയറ്റവും ഭക്ഷ്യസുരക്ഷയും

അതിരൂക്ഷമായ വിലക്കയറ്റമാണ് രാജ്യം നേരിടുന്നത്. എല്ലാത്തരം സാധനങ്ങളുടെയും വിലകള്‍ ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ഭക്ഷ്യവസ്തുക്കള്‍, കെട്ടിടനിര്‍മാണ സാമഗ്രികള്‍, അസംസ്കൃത പദാര്‍ഥങ്ങള്‍, ഔഷധങ്ങള്‍, തുണിത്തരങ്ങള്‍ തുടങ്ങി സകലതിനും തീപിടിച്ച വില. കയ്യിലുള്ള പണം ഒന്നിനും തികയാത്ത നിസ്സഹായാവസ്ഥയിലാണ് ജനങ്ങള്‍. റിസര്‍വ് ബാങ്കിന്റെ കറന്‍സിനോട്ടുകള്‍ വെറും കടലാസുകഷണങ്ങളായി മാറുന്നു. നൂറുരൂപ മാറിയാല്‍ മണിക്കൂറുകള്‍ക്കകം തീരുന്ന നിലവിട്ട് അഞ്ഞൂറുരൂപ മാറിയാല്‍ മിനിറ്റുകള്‍ക്കകം തീരുന്ന സ്ഥിതി. കുറഞ്ഞ വരുമാനക്കാരും നിശ്ചിത വരുമാനക്കാരുമാണ് ഏറ്റവും കഷ്ടപ്പെടുന്നത്. കടം വാങ്ങുകയല്ലാതെ അവര്‍ക്കുമുന്നില്‍ മാര്‍ഗങ്ങളില്ല. അതല്ലെങ്കില്‍ കുറച്ചുമാത്രം സാധനങ്ങള്‍ വാങ്ങി മുണ്ടുമുറുക്കിയുടുത്ത് ജീവിക്കണം.

കെട്ടിടനിര്‍മാണമുള്‍പ്പെടെയുള്ള നിര്‍മാണമേഖല സ്തംഭനത്തിലാണ്; തൊഴിലാളികള്‍ക്കാകട്ടെ ജോലിയുമില്ല. ദാരിദ്ര്യരേഖയെ നിര്‍വചിച്ചിട്ടുള്ളത് നിശ്ചിത ഭക്ഷ്യഊര്‍ജം കിട്ടാന്‍വേണ്ട ഭക്ഷണത്തിനുള്ള തുക എന്നാണല്ലോ. ഗ്രാമങ്ങളില്‍ പ്രതിദിനം 22.42 രൂപയും പട്ടണങ്ങളില്‍ 28.35 രൂപയുമാണ് ദാരിദ്ര്യരേഖ. ഇത്രപോലും പ്രതിദിനവരുമാനമില്ലാത്ത പരമദരിദ്രരാണ് 35.46 കോടി ഇന്ത്യക്കാര്‍. അതായത് ജനസംഖ്യയുടെ 29.8 ശതമാനം. ഇത്ര വരുമാനമോ അതിനേക്കാള്‍ കുറച്ചു കൂടുതലോ ഉള്ളവരും ദരിദ്രര്‍തന്നെയാണ്. ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതിനും രാജ്യം പുരോഗമിക്കുകയാണെന്ന് പ്രചരിപ്പിക്കുന്നതിനുമാണ് ദാരിദ്ര്യരേഖ താഴ്ത്തി വരയ്ക്കുന്നത്. പ്രതിദിന ഉപഭോക്തൃചെലവ് സംബന്ധിച്ച് നാഷണല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ നടത്തിയ പഠനറിപ്പോര്‍ട്ട് ആഗസ്ത് ഒന്നിന് പുറത്തുവന്നു. ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. അങ്ങേയറ്റം ദരിദ്രരായ പത്തുശതമാനം ഗ്രാമീണരുടെ പ്രതിദിനവരുമാനം 16.78 രൂപയും പട്ടണത്തിലുള്ളവരുടേത് 23.40 രൂപയുമാണ്. ഗ്രാമങ്ങളിലെ പകുതി ജനങ്ങള്‍ പരമദരിദ്രരാണ്. വിലക്കയറ്റം ഭക്ഷ്യലഭ്യത കുറയ്ക്കും. ദരിദ്രര്‍ പരമദരിദ്രരുടെ പട്ടികയിലേക്ക് എറിയപ്പെടും; ദാരിദ്ര്യരേഖയ്ക്കുമുകളിലുള്ളവര്‍ ദരിദ്രരുടെ പട്ടികയിലേക്കും. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചനിരക്ക് മുന്നോട്ടല്ല, പിന്നോട്ടാണ്.

2004-05 മുതല്‍ 2010-11വരെ ആറുവര്‍ഷത്തെ ശരാശരി വാര്‍ഷിക വളര്‍ച്ച നിരക്ക് 8.7 ശതമാനമായിരുന്നു. 2011-12ല്‍ കേവലം 6.5 ശതമാനമായി ഇടിഞ്ഞു. 2011 മാര്‍ച്ചില്‍ അവസാനിച്ച മൂന്നുമാസം കൈവരിച്ചത് 5.2 ശതമാനം വളര്‍ച്ചമാത്രം. ദേശീയ വരുമാന വളര്‍ച്ചനിരക്ക് ഇടിയാനുള്ള കാരണങ്ങളിലൊന്ന് വിലക്കയറ്റമാണ്. എത്ര വെട്ടിക്കുറച്ചാലും അരിഭക്ഷണം ഉപേക്ഷിക്കാനാവില്ലല്ലൊ. ഒരു ഗ്രാമീണ കുടുംബം അല്ലെങ്കില്‍ പട്ടണത്തിലെ കുടുംബം കിലോഗ്രാമിന് 32 രൂപക്ക് അരി വാങ്ങിയാല്‍ അവശേഷിക്കുന്നത് എത്രയെന്ന് ആലോചിച്ചാല്‍ മതി.

വിലക്കയറ്റം വ്യവസായ- സേവന ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഡിമാന്‍ഡ് കുറയ്ക്കും. ആ മേഖലയില്‍ ഉല്‍പ്പാദനം നടത്തിയിട്ട് ഫലമില്ലെന്നുവരും. സ്വാഭാവികമായും നിക്ഷേപം ചുരുക്കും. ഒപ്പം തൊഴിലവസരങ്ങളും ചുരുങ്ങും. ഭക്ഷ്യസാധനങ്ങളുടെ മാത്രമല്ല, അസംസ്കൃതവസ്തുക്കളുടെയും എല്ലാവിധ നിര്‍മാണസാമഗ്രികളുടെയും വിലകള്‍ ഉയരുകയാണ്. ഇത് ഉല്‍പ്പാദനച്ചെലവ് വര്‍ധിപ്പിക്കും. നിക്ഷേപം ലാഭകരമല്ലാതാകും. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന മൂലധനിക്ഷേപനിരക്കാണ് 2011-12ല്‍ രേഖപ്പെടുത്തിയത്. 29.75 ശതമാനം. 2007-08ല്‍ അത് 32.9 ശതമാനമായിരുന്നു. അവിടെനിന്നാണ് 29.75ലേക്ക് താഴ്ന്നത്. ദേശീയവരുമാനത്തിന്റെ ചെറിയൊരു ഭാഗംമാത്രമേ നിക്ഷേപമായി മാറുന്നുള്ളൂ. വരുംവര്‍ഷങ്ങളില്‍ ഉല്‍പ്പാദനവും തൊഴിലും ഗണ്യമായി ഇടിയുമെന്നതിന് വേറെന്തു തെളിവാണ് വേണ്ടത്?

കാര്‍ഷിക വളര്‍ച്ച ഇപ്പോള്‍ത്തന്നെ മുന്‍വര്‍ഷത്തെ ഏഴ് ശതമാനത്തില്‍നിന്ന് 2.8 ശതമാനമായും വ്യവസായ വളര്‍ച്ച 7.6 ശതമാനത്തില്‍നിന്ന് 2.5 ശതമാനമായും ഇടിഞ്ഞിരിക്കുകയാണ്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ നല്‍കുന്ന കണക്കുകളാണിവ. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് റിസര്‍വ് ബാങ്ക് നടത്തുന്ന ശ്രമങ്ങള്‍ ഫലം തരുന്നില്ലെന്നുമാത്രമല്ല വിപരീതഫലം സൃഷ്ടിക്കുകയുംചെയ്യുന്നു. പലിശനിരക്ക് (റിപ്പോനിരക്ക്) നിരന്തരമായി ഉയര്‍ത്തിയാണ് ബാങ്ക് വായ്പയുടെ അളവ് ചുരുക്കാന്‍ റിസര്‍വ് ബാങ്ക് ശ്രമിക്കുന്നത്. റിസര്‍വ് ബാങ്ക് നിസ്സഹായമാണെന്നും പ്രവര്‍ത്തിക്കേണ്ടത് സര്‍ക്കാരാണെന്നും ഏറ്റവും ഒടുവിലെ ധനയം വ്യക്തമാക്കിക്കൊണ്ട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പ്രസ്താവിച്ചു.

വായ്പയുടെ പലിശ ആകെ ഉല്‍പ്പാദനച്ചെലവിന്റെ ഭാഗമാണ്. പലിശനിരക്ക് ഉയരുമ്പോള്‍ ഉല്‍പ്പാദനച്ചെലവ് വര്‍ധിക്കും. ഈ സ്ഥിതി മറികടക്കാന്‍ വ്യവസായികള്‍ വിദേശവായ്പകളെ ആശ്രയിക്കുന്നു. കാരണം പലിശനിരക്ക് കുറവാണ്. സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് രക്ഷപ്പെടാന്‍ ആ രാജ്യങ്ങള്‍ പലിശനിരക്ക് ഗണ്യമായി വെട്ടിക്കുറച്ചുവരികയാണ്. പക്ഷേ, വിദേശവായ്പകള്‍ (കമേര്‍ഷ്യല്‍ വായ്പകള്‍) രാജ്യത്തിന്റെ കടഭാരം വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. രാജ്യത്തിന്റെ മൊത്തം വിദേശകടത്തിന്റെ 30.2 ശതമാനം വിദേശ വായ്പകളാണ്. വായ്പ ലഭിക്കുന്നത് ഡോളറിലോ മറ്റ് വിദേശകറന്‍സികളിലോ ആണ്. വായ്പ വര്‍ധിക്കുമ്പോള്‍ ഡോളറിന് ആവശ്യമുയരും. കൂടുതല്‍ രൂപ കൊടുത്താലേ ഡോളര്‍ കിട്ടൂവെന്നു വരും. രൂപയുടെ മൂല്യമിടിയും. രൂപയുടെ മൂല്യത്തകര്‍ച്ച, ഇറക്കുമതിച്ചെലവ് വര്‍ധിപ്പിക്കും. ഇറക്കുമതിക്കൊപ്പം കയറ്റുമതിയും ഉയരുന്നില്ലെങ്കില്‍ (ഉയരുകയില്ല, കാരണം, ആഗോള സാമ്പത്തിക പ്രതിസന്ധി), വ്യാപാരകമ്മി താങ്ങാനാവാത്തവിധം ഉയരും. ഇന്ത്യയുടെ വ്യാപാരകമ്മി ഏറ്റവും ഉയര്‍ന്നതോതില്‍ എത്തിയിരിക്കുകയാണിപ്പോള്‍. ആഗോള സാമ്പത്തികപ്രതിസന്ധിയുടെ പ്രത്യാഘാതംമൂലമാണ് ദേശീയവരുമാനം ഇടിഞ്ഞതെന്ന് വാദിക്കാം. അമേരിക്കയിലേക്കും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുമാണ് ഇന്ത്യ പ്രധാനമായും കയറ്റുമതി നടത്തുന്നത്. കയറ്റുമതിയുടെ തോത് ഇടിഞ്ഞിരിക്കുന്നു. എന്നാല്‍, ദേശീയവരുമാനം ഇടിഞ്ഞതിന്റെ മുഖ്യകാരണം ആഭ്യന്തരകമ്പോളം വിപുലപ്പെടാത്തതാണ്. കൃഷിചെയ്യാന്‍ കൃഷിഭൂമിയോ തൊഴിലോ ബഹുഭൂരിപക്ഷത്തിനും ഇല്ലാത്തതാണ് ആഭ്യന്തര കമ്പോളം ചുരുങ്ങുന്നതിനുള്ള കാരണം.

ദേശീയ വരുമാന വളര്‍ച്ചനിരക്ക് കുറഞ്ഞ നിലയില്‍ (സ്റ്റാഗ്നേഷന്‍) തുടരുമ്പോള്‍ മറുവശത്ത് വിലക്കയറ്റം സകലസീമകളും ലംഘിച്ച് വളരുന്നു (ഇന്‍ഫ്ളേഷന്‍). രണ്ടും ചേര്‍ന്ന സ്റ്റാഗ്ഫ്ളേഷനാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ നേരിടുന്നത്. രണ്ടും സാധാരണക്കാരുടെ നില പരുങ്ങലിലാക്കുന്നു. വേണ്ടത്ര മഴ ലഭിക്കാത്തത് കാര്‍ഷികോല്‍പ്പാദനത്തെ പിന്നോട്ടടിക്കുമെന്ന ആശങ്ക റിസര്‍വ് ബാങ്ക് അതിന്റെ ധനയം സംബന്ധിച്ച റിപ്പോര്‍ട്ടില്‍ പങ്കുവയ്ക്കുന്നുണ്ട്. കാര്‍ഷികോല്‍പ്പാദനത്തിലെ ഇടിവ് ഭക്ഷ്യവിലകള്‍ ഇനിയുമുയര്‍ത്തും; കാര്‍ഷിക അസംസ്കൃതവസ്തുക്കളുടെ ദൗര്‍ലഭ്യം വ്യവസായ വളര്‍ച്ചയെ തളര്‍ത്തുകയുംചെയ്യും. ഇതിനെതിരായ മുന്‍കരുതല്‍ സ്വീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ ദുരിതകാലത്തേക്കു വാങ്ങി സൂക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

എന്നാല്‍, മറിച്ചാണ് സര്‍ക്കാരിന്റെ പ്രവൃത്തി. 2011-12ല്‍ മുന്‍വര്‍ഷത്തെ ഏഴ് ശതമാനത്തില്‍നിന്ന് കാര്‍ഷികോല്‍പ്പാദനം 2.8 ശതമാനമായി ഇടിഞ്ഞെങ്കിലും അരിയുടെയും ഗോതമ്പിന്റെയും വിളവ് മെച്ചമായിരുന്നു. 25.7 ടണ്‍ അരിയും ഗോതമ്പും ഉല്‍പ്പാദിപ്പിച്ചു. താങ്ങുവില നല്‍കി എഫ്സിഐ മുഖേന സമാഹരിച്ച ഭക്ഷ്യധാന്യത്തിന്റെ നല്ലൊരുഭാഗം സംഭരിച്ചുസൂക്ഷിക്കാന്‍ ഇടമില്ലാതെ കാറ്റിലും മഴയിലും നശിക്കുകയാണ്. പട്ടിണിക്കാര്‍ക്ക് കുറഞ്ഞ നിരക്കിലോ സൗജന്യമായോ വിതരണംചെയ്യാത്തതെന്തെന്ന ചോദ്യം സാധാരണക്കാരുടേത് മാത്രമല്ല; സുപ്രീംകോടതി ചോദിച്ചതും ഇതേ ചോദ്യമാണ്. സര്‍ക്കാരിന് പക്ഷെ മറുപടിയില്ല. അപ്രകാരം വിതരണംചെയ്യുമ്പോള്‍ നഷ്ടം സബ്സിഡിയായി സര്‍ക്കാര്‍ വഹിക്കണം. അതിന് സര്‍ക്കാരിന് സമ്മതമല്ല.

പകരം സ്വീകരിക്കുന്ന മാര്‍ഗമാണ് ഏറെ ഗര്‍ഹണീയം. താങ്ങുവില നല്‍കി സംഭരിച്ച അരിയും ഗോതമ്പും സബ്സിഡി നല്‍കി കുറഞ്ഞവിലയ്ക്ക് മൊത്ത വ്യാപാരികള്‍ക്കും കയറ്റുമതിക്കാര്‍ക്കും കൈമാറുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ടണ്ണിന് 12750 രൂപയ്ക്ക് സംഭരിച്ച ഗോതമ്പ് കയറ്റുമതിക്കാര്‍ക്ക് നല്‍കുന്നത് 11700 രൂപയ്ക്കാണ്. നഷ്ടം സര്‍ക്കാര്‍ വഹിക്കും. ഇങ്ങനെ വാങ്ങുന്ന ഭക്ഷ്യധാന്യം വ്യാജകൃഷിക്കാരുടെ മേല്‍വിലാസത്തില്‍ താങ്ങുവിലയ്ക്കുതന്നെ സര്‍ക്കാരിന് വില്‍ക്കുന്നു. അല്ലെങ്കില്‍ കയറ്റുമതി വിപണി ലാഭകരമെങ്കില്‍ കയറ്റുമതിചെയ്യുന്നു. അതുമല്ലെങ്കില്‍ കയറ്റുമതി നടത്തിയതായി ഇറക്കുമതി പങ്കാളിയുമായി ചേര്‍ന്ന് വ്യാജരേഖയുണ്ടാക്കി ഇന്ത്യന്‍ കമ്പോളത്തില്‍ത്തന്നെ കരിഞ്ചന്ത വിലയ്ക്ക് വില്‍ക്കുന്നു.

ഭക്ഷ്യസുരക്ഷയെക്കുറിച്ച് രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍വന്ന നാള്‍മുതല്‍ സംസാരിക്കപ്പെടുന്നതാണ്. 2011 ഫെബ്രുവരിയില്‍ ഭക്ഷ്യസുരക്ഷാനിയമത്തിന്റെ കരടുരൂപം പുറത്തിറക്കി. നീണ്ടുപോകുന്ന ചര്‍ച്ചകളല്ലാതെ ബില്‍ നിയമമാക്കുന്നതിന് ഒരു നീക്കവും നടത്തുന്നില്ല. 80 ശതമാനം ജനങ്ങള്‍ ദരിദ്രരാണെന്നതും അതില്‍ പകുതി ജനങ്ങള്‍ പരമദരിദ്രരാണെന്നതുമാണ് ഇന്ത്യന്‍ യാഥാര്‍ഥ്യം. ഇവരുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയാകണം ലക്ഷ്യം. പക്ഷെ, നിര്‍ദേശിക്കപ്പെട്ട ബില്‍, ജനങ്ങളെ മൂന്നു തട്ടുകളായി തരംതിരിച്ച് ബഹുഭൂരിപക്ഷത്തിനും ഭക്ഷ്യസുരക്ഷ നിരസിക്കുന്നു. ഒഴിവാക്കപ്പെടുന്നവരാണ് ആദ്യത്തെ വിഭാഗം. ശേഷിക്കുന്നവരെ വീണ്ടും രണ്ടായി തിരിക്കുന്നു: മുന്‍ഗണനാ വിഭാഗവും പൊതുവിഭാഗവും.  മുന്‍ഗണനാവിഭാഗ കുടുംബങ്ങളിലാണ് കിലോഗ്രാമിന് 3 രൂപ നിരക്കില്‍ പ്രതിമാസം 35 കിലോ അരിക്ക് അര്‍ഹതയുണ്ടാകുക. പൊതുവിഭാഗം കുടുംബങ്ങള്‍ താങ്ങുവിലയുടെ അമ്പതുശതമാനം വില നല്‍കണം. താങ്ങുവില ഉയര്‍ത്തുമ്പോള്‍, വിലയും കൂടും. ബിപിഎല്‍- എപിഎല്‍ ഭേദമില്ലാതെ എല്ലാ വിഭാഗം കുടുംബങ്ങള്‍ക്കും കിലോഗ്രാമിന് 2 രൂപ നിരക്കില്‍ അരി വിതരണംചെയ്ത എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതിയില്‍നിന്ന് തികച്ചും വ്യത്യസ്തമാണ് കേന്ദ്ര ഭക്ഷ്യസുരക്ഷാ നിയമത്തിലെ നിര്‍ദേശങ്ങള്‍.

പാവങ്ങള്‍ക്ക് സബ്സിഡി നല്‍കാന്‍ വിസമ്മതിക്കുന്ന സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് ഭീമമായ ആനുകൂല്യങ്ങളാണ് വച്ചുനീട്ടുന്നത്. കേന്ദ്ര സാമ്പത്തിക സര്‍വേ പ്രകാരം 2010-11ല്‍ ഭക്ഷ്യ സബ്സിഡി ഇനത്തില്‍ ചെലവായത് 62929 കോടി രൂപയാണ്. അക്കൊല്ലം കോര്‍പറേറ്റുകള്‍ക്ക് മാത്രമായി നല്‍കിയത് 88263 കോടി രൂപയുടെ ആനുകൂല്യങ്ങളാണ്. ആകെ നല്‍കപ്പെട്ട പ്രത്യക്ഷ നികുതി ഇളവാകട്ടെ 1,38,921 കോടി രൂപയും.

വ്യവസ്ഥിതിയുടെ ഉല്‍പ്പന്നമാണ് വിലക്കയറ്റം. ഉല്‍പ്പാദനവും വിതരണവും കൈയാളുന്നവര്‍ വില നിശ്ചയിക്കും. ഉല്‍പ്പാദനവും വിതരണവും സര്‍ക്കാര്‍ കൈയാളുന്ന വ്യവസ്ഥയില്‍, വില നിയന്ത്രണാധികാരം സര്‍ക്കാരിനായിരിക്കും. സ്വകാര്യ വിപണിയാണ് കൈയാളുന്നതെങ്കില്‍, മുതലാളികള്‍ വില നിയന്ത്രിക്കും. സബ്സിഡികള്‍ വെട്ടിച്ചുരുക്കിയും നിയന്ത്രണങ്ങള്‍ ഒഴിവാക്കിയും വില നിര്‍ണയാവകാശം സ്വകാര്യമേഖലയ്ക്ക് കൈമാറിയും ഊഹവ്യാപാരത്തെ പ്രോത്സാഹിപ്പിച്ചും സ്വതന്ത്ര കമ്പോളവ്യവസ്ഥ സ്ഥാപിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. ഈ നടപടികളാണ് വിലക്കയറ്റം സൃഷ്ടിക്കുന്നതും രൂക്ഷമാക്കുന്നതും. സര്‍ക്കാര്‍ ഇടപെടല്‍ ശക്തിപ്പെടുത്തുകയാണ് വിലനിയന്ത്രണത്തിനുള്ള വഴി.

*
പ്രൊഫ. കെ എന്‍ ഗംഗാധരന്‍ ദേശാഭിമാനി 11 ആഗസ്റ്റ് 2012

1 comment:

  1. അതിരൂക്ഷമായ വിലക്കയറ്റമാണ് രാജ്യം നേരിടുന്നത്. എല്ലാത്തരം സാധനങ്ങളുടെയും വിലകള്‍ ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ഭക്ഷ്യവസ്തുക്കള്‍, കെട്ടിടനിര്‍മാണ സാമഗ്രികള്‍, അസംസ്കൃത പദാര്‍ഥങ്ങള്‍, ഔഷധങ്ങള്‍, തുണിത്തരങ്ങള്‍ തുടങ്ങി സകലതിനും തീപിടിച്ച വില. കയ്യിലുള്ള പണം ഒന്നിനും തികയാത്ത നിസ്സഹായാവസ്ഥയിലാണ് ജനങ്ങള്‍. റിസര്‍വ് ബാങ്കിന്റെ കറന്‍സിനോട്ടുകള്‍ വെറും കടലാസുകഷണങ്ങളായി മാറുന്നു. നൂറുരൂപ മാറിയാല്‍ മണിക്കൂറുകള്‍ക്കകം തീരുന്ന നിലവിട്ട് അഞ്ഞൂറുരൂപ മാറിയാല്‍ മിനിറ്റുകള്‍ക്കകം തീരുന്ന സ്ഥിതി. കുറഞ്ഞ വരുമാനക്കാരും നിശ്ചിത വരുമാനക്കാരുമാണ് ഏറ്റവും കഷ്ടപ്പെടുന്നത്. കടം വാങ്ങുകയല്ലാതെ അവര്‍ക്കുമുന്നില്‍ മാര്‍ഗങ്ങളില്ല. അതല്ലെങ്കില്‍ കുറച്ചുമാത്രം സാധനങ്ങള്‍ വാങ്ങി മുണ്ടുമുറുക്കിയുടുത്ത് ജീവിക്കണം.

    ReplyDelete