Monday, January 7, 2013

പരിഹാരം ഷണ്ഡീകരണമോ?

ദില്ലിയിലെ പൈശാചികാക്രമണത്തിനെതിരെ അതിശക്തമായ പ്രതിഷേധമാണ് ഇൻഡ്യയിലെങ്ങും മുഴങ്ങിയത്. തീർച്ചയായും രോഷം അണപൊട്ടിയൊഴുകിയത് ഒരു നല്ല സൂചനയാണ്. അടിച്ചമര്‍ത്താനായി അരയും തലയും മുറുക്കി ഭരണസംവിധാനമാകെ  രംഗത്തെത്തിയത് സ്വാഭാവികവുമാണ്.രാഷ്ട്രീയ മുതലെടുപ്പിനായി ഈ വിഷയം മാറ്റിതീർക്കാനാവുമോ എന്നു നോക്കുന്നവരും ഏറെയായിരിക്കും.പക്ഷെ ഇനിയും ഇതാവർത്തിച്ചുകൂടാ എന്നു തന്നെയാണ് പ്രതിഷേധിച്ച എല്ലാ സുമനസ്സുകളും ഒറ്റക്കെട്ടായി പറഞ്ഞത്.

വ്യത്യസ്ത മണ്ഡലങ്ങളിൽ നിന്നെത്തിച്ചേർന്നവരും വിഭിന്നാശയക്കാരുമായ ഒരാൾക്കൂട്ടത്തിന്  ദിശാബോധം ഉണ്ടായിരുന്നില്ല എന്നത് നേരാണ്, അതുകൊണ്ടു തന്നെ ഉയർന്നു വന്ന ഡിമാൻഡുകളും വ്യത്യസ്തമായിരുന്നു.വധശിക്ഷ മുതൽ ഷണ്ഡീകരണം വരെയായിരുന്നു ആവശ്യങ്ങൾ.കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം എന്ന കാര്യത്തിൽ പക്ഷെ ഏകകണ്ഠമായിരുന്നു അഭിപ്രായം.കുറ്റവാളികള്‍ ആര് എന്ന ചോദ്യത്തിന്, നിഷ്ഠൂരവും പൈശാചികവുമായ അതിക്രമം നടത്തിയ ബസ് ജീവനക്കാർ എന്നു തന്നെയായിരിക്കും മറുപടി, അവർ ശിക്ഷിക്കപ്പെടുക തന്നെ വേണം..പക്ഷെ കുറ്റവാളികള്‍ അവരാണോ, അവർ മാത്രമാണോ എന്നതാണ് ചോദ്യം. അത്തരമൊരു നിരുപദ്രവകരമായ ഉത്തരത്തില്‍ പതിയിരിക്കുന്ന വലിയൊരു അജണ്ടയുണ്ട്, സാമാന്യബോധത്തിന്റെ പിഴവുണ്ട്.

സ്ത്രീശരീരം എന്നതു ചുണ്ടായി, മുലയായി, ചന്തിയായി ഊരിയെടുത്ത് കാട്ടി സദാ ഒരു സമൂഹത്തെ ഇക്കിളിപ്പെടുത്തിക്കൊണ്ട് ഞരമ്പുരോഗം വിതയ്ക്കുന്ന വമ്പൻ പരസ്യങ്ങൾ. അതിലൂടെ ഊറ്റിയെടുക്കാനാവുന്ന ലാഭത്തിന്റെ തോതനുസരിച്ച് എരിവും പുളിയും കൂട്ടണമെന്ന് ശഠിക്കുന്ന മുതലാളിത്ത ദുര. ചരക്കുവല്ക്കരണത്തിന് ഇരയായിത്തീരുന്ന സ്ത്രീയെ ഒരു സ്വതമെന്നതിലപ്പുറം ഇത്തരം അവയവസംഘാതമായി കാണാന്‍ പഠിപ്പിക്കുന്ന വ്യവസ്ഥ അപ്പുറം നിന്നു ചിരിക്കുകയാണ്. അതിനെ അതെപടി നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന എല്ലാവരും ചേര്‍ന്ന് കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും എതിരെ വിരൽ ചൂണ്ടുകയാണ്. അവിടെയാണ് പ്രതിപ്പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിര്‍ത്തേണ്ടത്, എല്ലാം കച്ചവടച്ചരക്കാക്കി മാറ്റുന്ന മുതലാളിത്തെയാണ് എന്ന് കൃത്യമായി കാണേണ്ടത്. ചുണ്ട് ഒരു ലൈംഗികാവയവമായി, പെണ്ണ് ഒരു ഉപഭോഗവസ്തു മാത്രമായി ചുരുക്കപ്പെടുന്ന ഒരു സമൂഹത്തിൽ എത്ര ഷണ്ഡീകരണം നടത്തിയാലും, എത്ര വധശിക്ഷ നടപ്പാക്കിയാലും ഇമ്മാതിരിയുള്ള കടന്നാക്രമണങ്ങള്‍ അവസാനിക്കില്ല.

ദില്ലിയിലെയും മറ്റു പ്രദേശങ്ങളിലെയും പ്രതിഷേധങ്ങളില്‍ അണി നിരന്ന പതിനായിരങ്ങള്‍ ഉണ്ടല്ലോ. അവര്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനകള്‍ ഉണ്ടല്ലോ, അവര്‍ അടിയന്തിരമായി ഏറ്റെടുക്കേണ്ട ഒരു കടമയാണ് സ്ത്രീപ്രശ്നത്തില്‍ തങ്ങള്‍ എവിടെ നില്‍ക്കുന്നു എന്ന ഒരാത്മപരിശോധന. ഫ്യൂഡല്‍ മൂല്യബോധത്തിന് മേല്‍ കെട്ടിയേല്‍പ്പിക്കപ്പെട്ട ആധുനികമുതലാളിത്ത ജീര്‍ണ്ണ ഭാവുകത്വം എത്ര മാത്രം തങ്ങളിലേക്ക് കിനിഞ്ഞിറങ്ങിയിട്ടുണ്ട് എന്ന ഒരു സ്വയം വിമര്‍ശനം. ഏത് അശ്ലീലതയും ശ്ലീലമാക്കി മാറ്റിക്കൊണ്ടിരിക്കുന്ന ഒരു ആസുരകാലത്ത് ആണ്‍കോയ്മയുടെ അതിക്രമസ്വഭാവം തങ്ങളെ ബാധിക്കില്ല എന്ന് ഉറപ്പ് വരുത്താനൊരു പുനരാലോചന.

ദില്ലിയിലെ പുതിയ ഉണര്‍വ് ഈ ദിശയില്‍ ഒരു പരിശോധനയ്ക്ക് വഴിയൊരുക്കുന്നുവെങ്കില്‍, അതായിരിക്കും മരണം വരെ പൊരുതിനിന്ന ആ പെണ്‍കുട്ടിയോട് കാട്ടാവുന്ന ഏറ്റവും വലിയ ആദരം.

*
എ.കെ.രമേശ്

image ‘Copyleft’ by Carlos Latuff

No comments:

Post a Comment