Friday, February 22, 2013

ഹെലികോപ്റ്റര്‍ ഇടപാടും എ കെ ആന്റണിയുടെ നിലപാടും

രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയ ഉന്നത നേതാക്കള്‍ക്കു സഞ്ചരിക്കാന്‍ 3600 കോടി രൂപ മുടക്കി 12 ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിന് 2010 ല്‍ കരാര്‍ ഒപ്പിടുകയും കരാര്‍ ഒപ്പിട്ടു കിട്ടുന്നതിന് ഇറ്റാലിയന്‍ കമ്പനി 362 കോടിരൂപ ഇന്ത്യക്കാരായ ഇടനിലക്കാര്‍ക്ക് കോഴയും നല്‍കി. കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഗൈസപ്പോ ഒര്‍സിയെ 2013 ഫെബ്രുവരി 11ന് ഇറ്റാലിയന്‍ പൊലീസ് അറസ്റ്റു ചെയ്ത വാര്‍ത്ത വന്നപ്പോഴാണ് ഇന്ത്യാ ഗവണ്‍മെന്റും രാജ്യത്തെ മഹാഭൂരിപക്ഷം ജനതയും ഇതറിയുന്നത്. കോഴ നല്‍കിയതായി പൊലീസ് പറയുന്ന വ്യക്തിയെ മാസങ്ങളായി നടത്തിയ അന്വേഷണത്തിനൊടുവില്‍ അറസ്റ്റു ചെയ്തു കോടതിയിലാക്കിയ വാര്‍ത്ത ലോകം മുഴുവന്‍ അറിഞ്ഞപ്പോള്‍ കോഴവാങ്ങിയതാരെന്നറിയാന്‍ ഇന്ത്യാ ഗവണ്‍മെന്റ് സി ബി ഐ അന്വേഷണത്തിനുത്തരവിടുന്നു. എന്തൊരു കാര്യക്ഷമതയുള്ള ഭരണം.

ഇന്ത്യയിലേറെ ഒച്ചപ്പാടുണ്ടാക്കിയ 2 ജി സ്‌പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ് കുംഭകോണങ്ങളുടെ കൂട്ടത്തില്‍ പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട ആദര്‍ശ് ഫഌറ്റ് കുംഭകോണം ജനങ്ങള്‍ മറന്നുകാണുകയില്ല. അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രിയെ ഇളക്കി പ്രതിഷ്ഠിച്ച് കോണ്‍ഗ്രസ് തല്‍ക്കാലം  മുഖം രക്ഷിച്ചു. പ്രതിരോധ വകുപ്പിലെ പ്രവര്‍ത്തനങ്ങളിലെ കരിനിഴല്‍ ബി ജെ പിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ ഭരണകാലത്തും നാം കണ്ടു. കാര്‍ഗില്‍ യുദ്ധസമയത്ത് ശവപ്പെട്ടി കുംഭകോണം അതിലൊന്നായിരുന്നല്ലോ.

കരസേനാ മേധാവിയായിരുന്ന ജനറല്‍ വി കെ സിംഗ്, പ്രതിരോധ വകുപ്പ് വാങ്ങിയ 600 ടെട്രാ ട്രക്ക് ഇടപാടുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തല്‍ പ്രതിരോധ മേഖലയില്‍ നടക്കുന്ന വന്‍ അഴിമതിയുടെയും പിടിപ്പുകേടിന്റെയും ഒരംശം മാത്രമേയാകുന്നുള്ളു. ഇടനിലക്കാര്‍ ഈ രംഗത്തുവാഴുന്നു എന്നു മാത്രമല്ല അവര്‍ക്ക് ഉന്നതങ്ങളിലുള്ള സ്വാധീനവും ജനറല്‍ വി കെ സിംഗിന്റെ വാക്കുകളില്‍കൂടി നാം മനസ്സിലാക്കി. 1964 ല്‍ സ്ഥാപിതമായ ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡ് തുടങ്ങിയ പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളുടെ സാങ്കേതിക വൈദഗ്ധ്യത്തിന്റെ കുറവ് എന്നും നിലനിന്നെങ്കില്‍ മാത്രമെ മറ്റു രാജ്യങ്ങളെ ആശ്രയിച്ച് അന്താരാഷ്ട്ര കരാര്‍ തരപ്പെടുത്തി ചിലര്‍ക്ക് കമ്മിഷന്‍ നേടിയെടുത്ത് കോടീശ്വരന്മാരാകാന്‍ കഴിയുകയുള്ളു. ടെട്രാ ടക്ക് ഇടപാടില്‍ അത്തരം കമ്മിഷന്‍ (കോഴ) നല്‍കുന്ന ഇടനിലക്കാര്‍ തന്നെ വന്നുകണ്ടിരുന്നു എന്നാണ് ജനറല്‍ വി കെ സിംഗ് പറഞ്ഞത്. പക്ഷേ, അദ്ദേഹത്തിന്റെ വാക്കുകളെ ഭരണക്കാര്‍ മാത്രമല്ല സാധാരണ ഇന്ത്യക്കാരും മറന്നു. കാരണം അദ്ദേഹമിപ്പോള്‍ അണ്ണാഹസാരേയുടെയും കേജരിവാളിന്റെയും കൂടെപ്പോയില്ലേ.

ഇറ്റാലിയന്‍ കമ്പനിയായ ഫിന്‍മെക്കാനിക്കയുടെ ബ്രിട്ടനിലെ സബ്‌സിഡിയറി സ്ഥാപനമായ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡയാണ് ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന് 12 ഹെലികോപ്റ്ററുകള്‍ നിര്‍മിച്ചു നല്‍കുന്നതിനുള്ള കരാര്‍ നേടിയെടുത്തത്. വ്യോമസേന അധികൃതരാണ് ഹെലികോപ്റ്ററിന്റെ കൈവശക്കാരും ഉടമസ്ഥരുമെങ്കിലും വ്യോമസേനയ്ക്ക് ഇതിന് ഉപയോഗമില്ല. കാരണം വി വി ഐ പി ക്കാരുടെ യാത്രയ്ക്കുവേണ്ടി മാത്രമേ ഇത് ഉപയോഗിക്കാവൂ. പൊതുഖജനാവ് കൊള്ളയടിക്കുന്ന ഈ ഇടപാടിലും കോണ്‍ഗ്രസിനു തുണ ബി ജെ പി തന്നെ. കാരണം 6000 മീറ്റര്‍ ഉയരത്തില്‍ പറക്കാന്‍ കഴിയണമെന്ന നിബന്ധന ഇളവു ചെയ്ത് 4500 മീറ്ററായാലും മതിയെന്നു തീരുമാനിച്ചത് ബി ജെ പി സര്‍ക്കാരിന്റെ കാലത്താണല്ലോ. ഈ ഇളവ് വന്നതുകൊണ്ടുമാത്രമാണ് അഗസ്ത വെസ്റ്റ്‌ലാന്‍ഡിന് കരാറില്‍ കക്ഷിയാകാന്‍ കഴിഞ്ഞത്. എങ്കിലും ടെന്‍ഡര്‍ ക്ഷണിച്ചത് 2006 ല്‍ ഇന്നത്തെ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി പ്രതിരോധ വകുപ്പ് മന്ത്രിയായിരിക്കുമ്പോള്‍. കരാറില്‍ ഒപ്പിട്ടത് 2010 ല്‍ എ കെ ആന്റണി പ്രതിരോധമന്ത്രിയായിരിക്കുമ്പോള്‍. ഇന്ത്യയിലെ ഉന്നതരായ ജനപ്രതിനിധികള്‍ക്ക് സഞ്ചരിക്കാന്‍ നിലവിലുള്ള വിമാനങ്ങളും ഹെലികോപ്റ്ററുകളും പോരായെന്നു തോന്നിയപ്പോള്‍ എത്രവര്‍ഷത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് 3600 കോടി രൂപ മുടക്കി 12 ഹെലികോപ്റ്ററുകള്‍ വ്യോമസേനയെക്കൊണ്ട് വാങ്ങിപ്പിക്കുവാന്‍ തീരുമാനമെടുത്തത്. അതിന് 362 കോടി രൂപ ഇന്ത്യയ്ക്ക് കോഴയും നല്‍കേണ്ടിവന്നു എന്ന് ഇറ്റാലിയന്‍ കമ്പനി മേധാവി.

ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധി സ്വീഡനില്‍ നിന്ന് ബോഫേഴ്‌സ് പീരങ്കികള്‍ വാങ്ങുന്നതിന് തീരുമാനിച്ചപ്പോള്‍ ആയുധവ്യാപാരി ഒക്‌ടോവിയോ ക്വത്‌റോചി എന്ന ഇറ്റലിക്കാരനായ ഇടനിലക്കാരന്റെ പങ്ക് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. അന്താരാഷ്ട്ര കരാറില്‍ ''കിക് ബാക്'' ഉണ്ട് എന്ന ഒരു വാദഗതിയും അന്ന് നമ്മള്‍ കേട്ടു. ബോഫേഴ്‌സ് പീരങ്കി ഇടപാടിലെ മുഖ്യപ്രതി രക്ഷപ്പെട്ടത് ഇന്ത്യന്‍ ഭരണത്തിലെ ഉന്നതര്‍ എടുത്ത രാജ്യദ്രോഹപരമായ നിലപാടുമൂലമാണ്. രാജ്യസ്‌നേഹമല്ല രാഷ്ട്രീയ താല്‍പര്യങ്ങളും സമ്പത്തുമാണ് അവര്‍ക്ക് പ്രധാനമെന്ന് അവര്‍ തെളിയിച്ചു.

ഇന്ത്യയുമായി വി വി ഐ പി  ഹെലികോപ്റ്റര്‍ കരാര്‍ ഒപ്പിടുമ്പോള്‍ ഇറ്റലിയുടെ പ്രധാനമന്ത്രിയായിരുന്ന സില്‍വിയോ ബര്‍ലൂസ് കോണി പറയുന്നത് ''അന്താരാഷ്ട്ര ബിസിനസ്സില്‍ കൈക്കൂലിയും കമ്മിഷനും അത്യാവശ്യമാണ്'' എന്നാണ്. അതുകൊണ്ടായിരിക്കാം വ്യോമസേനാമേധാവി ആയിരുന്ന എസ് പി ത്യാഗിയുടെ കുടുംബാംഗങ്ങളായ മൂന്നുപേര്‍ക്ക് ഒരു ലക്ഷം യൂറോ നല്‍കിയത്. ഇടനിലക്കാര്‍ വേറെയുമുണ്ട്. ഇന്ത്യന്‍ പ്രതിരോധ സേനയുമായി കരാര്‍ ഉണ്ടാക്കുന്നതിന് ആയുധ ദല്ലാളന്മാര്‍ ഇല്ലാതെ കഴിയില്ലയെന്ന അവസ്ഥയെങ്ങനെയുണ്ടായി എന്ന് പ്രതിരോധമന്ത്രി എ കെ ആന്റണിക്ക് അറിയില്ലേ. ക്വത്‌റോചിമാരെ ഇടനിലക്കാരാക്കി ഇന്ത്യയുടെ ഖജനാവ് ചോര്‍ത്തിയത് ആരൊക്കെയാണ്. അതിന്റെ തുടര്‍ച്ചയല്ലേ ഇപ്പോഴും നടക്കുന്നത്. കരാര്‍ ഉറപ്പാക്കുന്നതിനുവേണ്ടി 362 കോടി രൂപ ഇന്ത്യയില്‍ ചെലവഴിച്ചു എന്നാണ് ഇറ്റാലിയന്‍ ട്രൈബ്യൂണല്‍ ജഡ്ജിയുടെ മുന്നിലിരിക്കുന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത്.

വിധി വന്നതിനുശേഷമെ ഇതെല്ലാം പബ്ലിക് ഡോക്യുമെന്റ് ആവുകയുള്ളു. അതുവരെയും ഇറ്റലിയിലെ പീനല്‍ കോഡനുസരിച്ചുള്ള 'രഹസ്യ സ്വഭാവം' ആവശ്യപ്പെടുന്ന രേഖകളാണ്. ഇന്ത്യന്‍ ഹൈക്കമ്മിഷനിലെ ഒരുദ്യോഗസ്ഥന്‍ പോയി ചോദിച്ചാല്‍ ഇറ്റാലിയന്‍ കോടതിക്ക് കൊടുക്കാന്‍ കഴിയുന്ന ഒന്നല്ല. ഇന്ത്യയില്‍ നിലവിലുള്ള നിയമം ലംഘിച്ച് പാവപ്പെട്ട കേരളത്തിലെ മൂന്ന് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന ഇറ്റാലിയന്‍ നാവികരെ ഞങ്ങള്‍ വിസ്മരിച്ചുകൊള്ളാമെന്ന് ഇറ്റലി പറഞ്ഞപ്പോള്‍ ''ഓ അങ്ങനെയാകട്ടെ'' എന്ന് പറഞ്ഞവരാണ് കേന്ദ്രഭരണകര്‍ത്താക്കള്‍ എന്നതും മറന്നുപോകരുത്. അവരുടെ രാജ്യത്തിനും അവിടുത്തെ കമ്പനികള്‍ക്കും ഉണ്ടാകുന്ന നേട്ടമേ അന്താരാഷ്ട്ര ഇടപാടുകളില്‍ അവര്‍ നോക്കുകയുള്ളു.

സി ബി ഐ അന്വേഷണത്തിനുത്തരവിട്ട പ്രതിരോധമന്ത്രി ഹെലികോപ്റ്റര്‍ ഇടപാട് മരവിപ്പിക്കാനും തീരുമാനിച്ചതായി വാര്‍ത്ത ഉണ്ടായി. ബ്രിട്ടനിലാണ് ഈ ഹെലികോപ്റ്ററിന്റെ നിര്‍മാണം നടക്കുന്നത്. ബ്രിട്ടീഷ് കമ്പനിയാകട്ടെ അഗസ്റ്റവെസ്റ്റ് ലാന്‍ഡ എന്ന സബ്‌സിഡിയറി കമ്പനിക്ക് ഇതിനകം 40 ശതമാനം തുകയും കൈപ്പറ്റി 3 ഹെലികോപ്റ്റര്‍ നല്‍കുകയും ചെയ്തു. ഇടപാട് മരവിപ്പിക്കാന്‍ തീരുമാനിച്ച പ്രതിരോധമന്ത്രി എ കെ ആന്റണിയെ പ്രതിരോധ ഇടപാടുകള്‍കൂടി ചര്‍ച്ച ചെയ്യുന്നതിന് ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണുമായി ചര്‍ച്ച നടത്താനുള്ള ഉപസമിതിയില്‍പോലും ഉള്‍പ്പെടുത്തിയില്ല. അതാണ് സാക്ഷാല്‍ കോണ്‍ഗ്രസും സോണിയ-മന്‍മോഹന്‍സിംഗിന്റെ യു പി എ നേതൃത്വവും. ഇറ്റലിയോ- ബ്രിട്ടനോ ആവശ്യപ്പെട്ടാല്‍ പ്രതിരോധമന്ത്രി സ്ഥാനത്തുനിന്നും എ കെ ആന്റണിയെ മാറ്റുന്നതിനും കോണ്‍ഗ്രസ് തയ്യാറാവുമെന്ന കാര്യത്തിലും സംശയം വേണ്ട.

അഴിമതിക്കാരനല്ല എന്ന ക്ലീന്‍ ഇമേജ്‌കൊണ്ട് മാത്രം കാര്യക്ഷമമായ ചലനാത്മകവും സുതാര്യവുമായ ഭരണം നടത്താനാവില്ലെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്. തന്റെ വകുപ്പില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സമയാസമയങ്ങളില്‍ ഇടപെടാനും ബ്യൂറോക്രസിയെ നിലയ്ക്കു നിര്‍ത്താനും നിയന്ത്രിക്കാനും കഴിഞ്ഞില്ലെങ്കില്‍ കേവലം ഒരു 'നമശിവായം മജിസ്‌ട്രേറ്റിന്റെ' സ്ഥാനമേ ഏതൊരു ഭരണാധികാരിക്കും ലഭിക്കുകയുള്ളു. കേന്ദ്ര ബജറ്റിന്റെ ഏറ്റവും വലിയ പങ്കു പറ്റുന്ന പ്രതിരോധ വകുപ്പിന്റെ പ്രവര്‍ത്തനം ഇന്ന് അഴിമതിയില്‍ കുളിച്ചു നില്‍ക്കുകയാണ്. ദേശീയ സുരക്ഷിതത്വം എന്ന മറയാണ് ഈ വകുപ്പിന്റെ സുതാര്യത ഇല്ലാതാക്കുന്നത്. വിദേശരാജ്യങ്ങളിലുള്ള സര്‍ക്കാര്‍ - സ്വകാര്യ കമ്പനികളില്‍ നിന്നും കോടാനുകോടിയുടെ യുദ്ധോപകരണങ്ങള്‍ വാങ്ങുമ്പോള്‍ അവയുടെ രഹസ്യമായ ഏതു സ്വഭാവമാണ് ശത്രുരാജ്യങ്ങള്‍ക്കോ മറ്റു രാജ്യങ്ങള്‍ക്കോ മനസ്സിലാക്കാന്‍ കഴിയാത്തത്. പ്രതിരോധവകുപ്പിലെ സുതാര്യതയില്ലായ്മ ചെലവഴിക്കുന്ന കോടികളുടെ കണക്ക് ഇന്ത്യക്കാരറിയരുത് എന്നതില്‍ മാത്രമാണ്.

ഇന്ത്യയിലെ പൊതുമേഖലാ പ്രതിരോധ വ്യവസായ സ്ഥാപനങ്ങളെ സുശക്തമായ, സാങ്കേതിക മികവുള്ള ഉന്നത സ്ഥാപനങ്ങളായി മാറ്റിയെടുത്ത് സ്വയംപര്യാപ്തതനേടുന്നതിനുപകരം സ്വകാര്യവല്‍ക്കരിക്കാനും 26 ശതമാനം വരെ വിദേശനിക്ഷേപത്തിനും അനുമതി നല്‍കിയ രാഷ്ട്രീയ നയങ്ങള്‍ തിരുത്താതെ രാജ്യരക്ഷ സുരക്ഷിതമല്ല. അതോടൊപ്പം വി വി ഐ പി മാര്‍ക്ക് ഇന്ത്യയ്ക്കകത്തു സഞ്ചരിക്കുന്നതിന് ഇങ്ങനെയൊരു ധൂര്‍ത്ത് ആവശ്യമില്ലായെന്നു തീരുമാനിക്കാനുള്ള ആര്‍ജ്ജവവും പ്രതിരോധമന്ത്രി കാണിക്കണം.

*
കെ പ്രകാശ് ബാബു ജനയുഗം

No comments:

Post a Comment