Friday, September 6, 2013

ഔഷധച്ചേരുവ ഉണ്ടെങ്കില്‍ ഉല്‍പ്പന്നം മരുന്നുതന്നെ

പലതരത്തിലുള്ള സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ നിറയുകയാണ്. ചിലതെല്ലാം മരുന്ന് എന്ന മട്ടിലും വില്‍ക്കപ്പെടുന്നു. ഇവയെ മരുന്നായും സൗന്ദര്യവര്‍ധകവസ്തുവായും എങ്ങനെ വേര്‍തിരിക്കും? നികുതി നിശ്ചയിക്കുമ്പോള്‍ ഈ വേര്‍തിരിവ് ആവശ്യമാണ്. മരുന്നിനും സൗന്ദര്യവര്‍ധക ഉല്‍പ്പന്നത്തിനും രണ്ടുതരം നികുതിയാണ്. മരുന്നിന് 15 ശതമാനവും സൗന്ദര്യവര്‍ധകത്തിന് 75 ശതമാനവും. അതുകൊണ്ടുതന്നെ സെന്‍ട്രല്‍ എക്സൈസ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ക്ക് ഉല്‍പ്പന്നത്തിന്റെ വിഭാഗം നിശ്ചയിച്ചേ തീരു. ഇത്തരം നിശ്ചയിക്കല്‍ കോടതികയറല്‍ പതിവാണ്. ഈയിടെ സുപ്രീം കോടതിയിലെത്തിയത് മോയ്സ്റ്ററെക്സ് Moisturex) എന്ന ഉല്‍പ്പന്നത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ്.

ഉല്‍പ്പന്നം മരുന്നാണെന്ന് നിര്‍മാണകമ്പനിയും സൗന്ദര്യവര്‍ധകവസ്തുവെന്ന് സെന്‍ട്രല്‍ എക്സൈസും വാദിച്ചു. ട്രിബ്യൂണല്‍ വിധി ഉല്‍പ്പന്നം മരുന്നാണെന്നായിരുന്നു. ഇതിനെതിരെ സെന്‍ട്രല്‍ എക്സൈ് വകുപ്പാണ് സുപ്രീം കോടതിയിലെത്തിയത്. ഔഷധക്കൂട്ടുകള്‍ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ മരുന്നുതന്നെയാണെന്ന് കോടതി വിധിച്ചു. ചേരുവകള്‍ എത്ര കുറഞ്ഞ അളവിലാണ് അടങ്ങിയിരിക്കുന്നതെങ്കിലും ചികിത്സക്കാണ് ഉപയോഗിക്കുന്നതെങ്കില്‍ അത് മരുന്നല്ലാതാകില്ല- കോടതി വ്യക്തമാക്കി.

ചികിത്സ (Cure)ക്കാണോ പരിചരണ (Care)ത്തിനാണോ ഉല്‍പ്പന്നം ഉപയോഗിക്കുന്നത് എന്നതുതന്നെയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള ഉരകല്ലെന്ന് കേസ് തീര്‍പ്പാക്കി ജ. സുധാംശു ജ്യോതി മുഖോപാധ്യായ, ജ. കുര്യന്‍ ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. മരുന്നിനെയും സൗന്ദര്യവര്‍ധകവസ്തുവിനെയും എങ്ങനെ വേര്‍തിരിക്കുമെന്നും വിധിയില്‍ വിശദമാക്കുന്നു. 2013 ആഗസ്ത് 14നായിരുന്നു വിധി.

തൊലിയുടെ പരിചരണത്തിനാണ് മോയ്സ്റ്ററെക്സ് ഉപയോഗിക്കുന്നതെന്നും അതുകൊണ്ട് അത് സൗന്ദര്യവര്‍ധക (Cosmetic) ഉല്‍പ്പന്നമേ ആകൂ എന്നും സെന്‍ട്രല്‍ എക്സൈസ് സുപ്രീം കോടതിയിലും വാദിച്ചു. ഇത്തരം ഉല്‍പ്പന്നങ്ങളില്‍ ചില ഔഷധച്ചേരുവ (Pharmaceutical Content)കളൊക്കെ ഉണ്ടാകും. പക്ഷേ അത് മരുന്നാകില്ല. എന്നു മാത്രമല്ല, ഈ ഉല്‍പ്പന്നം ഡോക്ടറുടെ കുറിപ്പില്ലാതെ മരുന്നുകടകളില്‍ വാങ്ങാന്‍കിട്ടും. അക്കാരണത്താലും മരുന്നാകില്ല- എക്സൈസ് വകുപ്പ് വാദിച്ചു. എന്നാല്‍ ഔഷധക്കൂട്ടുകള്‍ ചേരുന്നതോടെ ഒരു ഉല്‍പ്പന്നത്തിന്റെ സ്വഭാവം മാറുമെന്ന് കമ്പനി വാദിച്ചു.

അത്തരം ചേരുവകള്‍ ഉള്ളതിനാല്‍ അത് തൊലിയുടെ പരിചരണത്തിനുള്ളതല്ല, തൊലിപ്പുറമെ ഉണ്ടാകുന്ന ചില രോഗങ്ങള്‍ക്ക് ചികിത്സിക്കാനുള്ളതാണെന്നു വ്യക്തമാണ്. മീന്‍ ചെതുമ്പല്‍പോലെ ശല്‍ക്കങ്ങള്‍ ശരീരത്തുണ്ടാകുക (Ichthyoids Vulgarism), കാല്‍ വിണ്ടുകീറുക (Fissure Foot) തുടങ്ങിയ രോഗങ്ങള്‍ക്കുള്ള ചികിത്സക്കുള്ളതാണ് തങ്ങളുടെ ഉല്‍പ്പന്നമെന്നും കമ്പനി അവകാശപ്പെട്ടു.

ഉല്‍പ്പന്നത്തിനൊപ്പമുള്ള അച്ചടിച്ച കുറിപ്പ് കോടതി വിശദമായി പരിശോധിച്ചു. മരുന്നോ സൗന്ദര്യവര്‍ധകവസ്തുവോ എന്ന തര്‍ക്കത്തില്‍ മുമ്പുണ്ടായ ഏതാനും കോടതിവിധികളും പരിശോധിച്ചു. ഇക്കാര്യത്തില്‍ തീര്‍പ്പിന് ഉപയോഗിക്കാവുന്ന ഏതാനും മാര്‍ഗനിര്‍ദേശക തത്വങ്ങള്‍ക്ക് കോടതി രൂപംനല്‍കി. അവ ഇങ്ങനെ:

$ ഒരു ഉല്‍പ്പന്നത്തില്‍ രോഗശമനത്തിനോ (Therapeutic) രോഗനിവാരണത്തിനോ (Prophylactic) ഉള്ള ഔഷധക്കൂട്ടുകള്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ അത് എത്ര അളവില്‍ എന്നത് അത്ര പ്രാധാന്യമുള്ള കാര്യമല്ല. ആ ചേരുവകളുടെ രോഗചികിത്സാശേഷി ആ ഉല്‍പ്പന്നത്തെ മരുന്നാക്കുന്നു. അത് സൗന്ദര്യവര്‍ധകവസ്തു ആകില്ല.

$ ഡോക്ടറുടെ കുറിപ്പില്ലാതെയാണ് മരുന്നുകടകളില്‍നിന്ന് വില്‍ക്കുന്നതെന്നതുകൊണ്ടു മാത്രം ഒരു ഉല്‍പ്പന്നം മരുന്നല്ലെന്ന് പെട്ടെന്ന് തീരുമാനിക്കാനാകില്ല. ഡോക്ടറുടെ കുറിപ്പില്ലാതെ വില്‍ക്കുന്ന ഒട്ടേറെ ഔഷധങ്ങളുണ്ട്.

$ ഒരു ഉല്‍പ്പന്നം മരുന്നാണോ സൗന്ദര്യവര്‍ധകമാണോ എന്നു തീരുമാനിക്കുന്നതിനുമുമ്പ് ആ ഉല്‍പ്പന്നത്തെ, വാങ്ങുന്നവര്‍ ഏതുതരത്തിലാണ് കാണുന്നതെന്ന കാര്യം പരിഗണിക്കണം. ഒരു ഉല്‍പ്പന്നത്തിന്റെ മുഖ്യ ഉപയോഗം ചികിത്സയാണെങ്കില്‍ അത് മരുന്നും പരിചരണമാണെങ്കില്‍ അത് സൗന്ദര്യവര്‍ധകവസ്തുവുമാണ്. സൗന്ദര്യവര്‍ധകവസ്തു ഒരു വ്യക്തിയുടെ ബാഹ്യരൂപവും സൗന്ദര്യവും മെച്ചപ്പെടുത്താനുള്ളതാണ്. മരുന്ന് ഒരു രോഗാവസ്ഥ ചികിത്സിക്കാനുള്ളതാണ്. ഒരു ഉല്‍പ്പന്നം, ഏതെങ്കിലും രോഗത്തിന് ചികിത്സക്കുള്ളതാണെങ്കില്‍, അതില്‍ എത്ര കുറഞ്ഞ അളവിലാണ് ഔഷധക്കൂട്ടുകള്‍ അടങ്ങിയിരിക്കുന്നതെങ്കിലും അത് ഔഷധമാകും. മോയ്സ്റ്ററെക്സ് വരണ്ട തൊലിമൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് ത്വക്ക്രോഗ വിദഗ്ധന്‍ കുറിച്ചുനല്‍കുന്ന ക്രീമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അത് മരുന്നുകടകളില്‍ ലഭ്യമാണുതാനും. തൊലിയുടെ സംരക്ഷണമല്ല മരുന്നിന്റെ മുഖ്യ ഉപയോഗം. ക്രീമിലെ ചേരുവകളില്‍നിന്ന് അത് ചികിത്സാവശ്യത്തിനുള്ളതാണെന്നു വ്യക്തമാണ്.

തൊലിയിലെ ഒരു രോഗാവസ്ഥ പരിഹരിക്കാനുള്ള മരുന്ന് ഏതാണെന്ന് സെന്‍ട്രല്‍ എക്സൈസ് താരിഫ് ആക്ടില്‍ വ്യക്തമായി പറയുന്നുണ്ട്. മേക്കപ്പിന് ഉപയോഗിക്കുന്ന വസ്തുക്കളും തൊലിപരിചരണത്തിന് ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളും മരുന്നുകളാകില്ലെന്നും പറയുന്നുണ്ട്. ഈ സാഹചര്യത്തില്‍ മോയ്സ്റ്ററെക്സ് മരുന്നാണെന്ന ടാക്സ് അപ്പലേറ്റ് ട്രിബ്യൂണല്‍ വിധിയില്‍ ഇടപെടാന്‍ കാരണമൊന്നും കാണുന്നില്ലെന്ന് വിധിയില്‍ വ്യക്തമാക്കി. സെന്‍ട്രല്‍ എക്സൈസ് വകുപ്പിന്റെ അപ്പീല്‍ കോടതി തള്ളി.

*
അഡ്വ. കെ ആര്‍ ദീപ email: advocatekrdeepa@gmail.com

No comments:

Post a Comment