Sunday, October 27, 2013

ഇന്ത്യയുടെ തലച്ചോറ് വില്‍പ്പനയ്ക്ക്

ഇന്ത്യയില്‍ നിന്നും വിദേശത്തേക്ക് ബുദ്ധിയും സര്‍ഗശക്തിയുമുള്ളവരുടെ കുടിയേറ്റം വര്‍ദ്ധിച്ചുവരികയാണ്. രാജ്യത്തെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക അനിശ്ചിതത്വം, തൊഴില്‍ പ്രശ്‌നങ്ങള്‍, വിദേശ രാജ്യങ്ങളിലെ ആകര്‍ഷണീയമായ തൊഴില്‍ അവസരങ്ങള്‍, ഉയര്‍ന്ന ജീവിത നിലവാരം,  സാമ്പത്തിക നേട്ടം തുടങ്ങിയവയാണ് വിദേശത്തേക്കുള്ള വിദഗ്ധ തൊഴിലാളികളുടെ കുടിയേറ്റത്തിന്റെ പ്രധാന കാരണങ്ങള്‍. 2001 ല്‍ യു എന്‍ ഡി പി യുടെ പഠന റിപ്പോര്‍ട്ടില്‍ വികസ്വര രാജ്യങ്ങള്‍ നേരിടുന്ന പിന്നാക്കാവസ്ഥയുടെ ഒരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് ഇത്തരം കുടിയേറ്റങ്ങളാണ്. ഇന്ത്യയും ചൈനയും അടക്കമുള്ള വികസ്വര രാജ്യങ്ങള്‍ ഈ ചൂഷണത്തിന്റെ വലയില്‍ ആണ്. പ്രധാനമായി ആഫ്രിക്കന്‍ രാജ്യങ്ങളുടെയും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുടെയും പിന്നാക്കാവസ്ഥയ്ക്ക് ഇതൊരു കാരണമാണ്. ഒരു രാജ്യത്തിന്റെ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക വികസനത്തിന് മാനവ വിഭവശേഷി ഒഴിച്ചു നിര്‍ത്താന്‍ കഴിയുന്നതല്ല. സ്വാതന്ത്ര്യ സമ്പാദനത്തിനു ശേഷമുള്ള അറുപത്തിയേഴ് വര്‍ഷക്കാലയളവില്‍ അമ്പത്തെട്ടു വര്‍ഷവും ഇന്ത്യയില്‍ ഭരണത്തിന് നേതൃത്വം കൊടുത്ത കോണ്‍ഗ്രസ് പാര്‍ട്ടിക്ക് രാജ്യം അഭിമുഖീകരിക്കുന്ന മാനവ വിഭവശേഷിയൂടെ ശോചനീയാവസ്ഥ തിരിച്ചറിയാനോ പരിഹരിക്കാനോ കഴിഞ്ഞില്ല എന്നത് ലജ്ജിപ്പിക്കുന്ന കാര്യമാണ്. ഇന്ത്യയില്‍ വര്‍ഷംതോറും.

2001 ലെ കണക്കുപ്രകാരം വര്‍ഷം തോറും 1 ലക്ഷം വിദഗ്ധ തൊഴിലാളികള്‍ ഇന്ത്യയില്‍ നിന്നും വിദേശ രാജ്യങ്ങളിലേക്ക് പോകുന്നുണ്ട്. യു കെ യിലെ ഡോക്ടര്‍മാരില്‍ പത്തില്‍ നാലും ഇന്ത്യന്‍ വംശജരാണ്. ഏതാണ്ട് അത്രത്തോളം അനുബന്ധ മേഖലയിലും പണിയെടുക്കുന്നു. ആരോഗ്യരംഗത്ത് ഇന്ത്യയിലും കേരളത്തിലും വിദഗ്ധരുടെ വലിയ വിടവ് അനുഭവപ്പെടുന്നു എന്ന വസ്തുത ഇതിനോട് ചേര്‍ന്ന് വായിക്കാവുന്നതാണ്.

പ്രവാസികാര്യവകുപ്പിന്റെ കണക്കുപ്രകാരം 25 ദശലക്ഷം ആള്‍ക്കാര്‍ ഇന്ത്യയില്‍ നിന്നും മറ്റുരാജ്യങ്ങളിലേക്ക് കുടിയേറിയിട്ടുണ്ട്. 1990 ന് ശേഷമുള്ള കുടിയേറ്റത്തിന്റെ പ്രധാന കാരണം തൊഴിലില്ലായ്മയാണ്. വിദഗ്ധ തൊഴിലാളികള്‍ യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കും കായിക അദ്ധ്വാനം വേണ്ട തൊഴിലാളികള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുമാണ് കുടിയേറുന്നത്. അമേരിക്ക, ആസ്‌ട്രേലിയ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവയാണ് ഇന്ത്യയിലെ മാനവവിഭവശേഷി കൂടുതല്‍ പ്രയോജനപ്പെടുത്തുന്നത്. വികസിത രാജ്യങ്ങള്‍ കുടിയേറ്റ നയങ്ങളില്‍ വിദഗ്ധ തൊഴിലാളികള്‍ക്ക് പ്രത്യേക പരിഗണന കൊടുക്കുന്നു. കുടിയേറുന്ന വിദഗ്ധ തൊഴിലാളികള്‍ക്ക് പൗരത്വം കൊടുത്തുകൊണ്ട് അവരെ സാമ്പത്തികമായി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

ആഗോളവത്കരണം ലോകത്തെ കുത്തക ഭീമന്‍മാര്‍ തമ്മിലുളള മത്സരമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഉല്‍പന്നങ്ങളുടെ വില വര്‍ധിപ്പിക്കാതെ വിഭവങ്ങളെ കൂടുതല്‍ ചൂഷണം ചെയ്ത് ലാഭം കൊയ്യുക എന്ന നയം കോര്‍പ്പറേറ്റ് ലോകത്ത് സാധാരണമായിക്കഴിഞ്ഞു. ഇതില്‍ അവര്‍ ഉല്‍പന്നത്തെ കൂടുതല്‍  വിപുലീകരണം ചെയ്യുന്നു. ഉല്‍പ്പന്നവിപുലീകരണത്തിന് ബുദ്ധിയും സര്‍ഗ്ഗശക്തിയുമുള്ള യുവത്വത്തെ ആവശ്യമായി വരുന്നു. അതിന് അവര്‍ തേടുന്ന മാര്‍ഗം കാമ്പസ് റിക്രൂട്ട്‌മെന്റാണ്.

സ്വതന്ത്ര ഭാരതത്തിന്റെ സാമൂഹിക ശാസ്ത്ര വികസനത്തിന് വേഗത കൂട്ടുന്നതിനു വേണ്ടി രൂപീകരിച്ച ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി എന്നീ സ്ഥാപനങ്ങളില്‍ മത്സരപരീക്ഷയില്‍ കൂടി അഡ്മിഷന്‍ കിട്ടുന്ന വിദ്യാര്‍ഥികള്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ബുദ്ധിയും സര്‍ഗ ശക്തിയും ഉള്ളവരാണ്. ഈ തലമുറയാണ് ഭാവി ഇന്ത്യയെ ശോഭനമാക്കി മാറ്റേണ്ടത്. എന്നാല്‍ ഇന്ന് ആഗോള കുത്തകകള്‍ക്ക് ഈ കാമ്പസുകള്‍ തുറന്നു കൊടുത്തിരിക്കുകയാണ്. ഐടിഐകള്‍ അഭിമാനപൂര്‍വ്വം പറയുന്നത് അവരുടെ സ്ഥാപനങ്ങളില്‍ പഠിക്കുന്ന 60% കുട്ടികള്‍ക്കും വിദേശ കമ്പനികളില്‍ ജോലികിട്ടി എന്നാണ്. അതും  ശരാശരി വരുമാനത്തേക്കാള്‍ 30% വര്‍ദ്ധനയോടെ. ഈ സ്ഥാപനങ്ങള്‍ തങ്ങളുടെ യഥാര്‍ഥ ലക്ഷ്യം മറന്നു പോകുന്നു.

ഐ ടി രംഗത്തെ സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍ നിര്‍മ്മാണ ഭീമനായ  മൈക്രോ സോഫ്ടില്‍ 34 ശതമാനവും, ഐ ബി എം ല്‍ 28 ശതമാനവും, ഇന്റല്‍ 17 ശതമാനവും, സിറോക്‌സിസ് 13 ശതമാനവും എന്‍ എ എസ് എ 36 ശതമാനവും തൊഴിലാളികള്‍ ഇന്ത്യക്കാരാണ്. (ദ ടൈംസ് ഓഫ് ഇന്ത്യ 2008 മാര്‍ച്ച് 11-ാം തീയതി)

ലോകത്തിലെ ഏറ്റവും വലിയ കുത്തക കമ്പനിയായ ഗൂഗിളിന്റെ സെര്‍ച്ച് എന്‍ജിനായ ഗൂഗിള്‍ ക്രോമിന്റെ പ്രധാന ശില്‍പ്പി ഐ ഐ ടി കാണ്‍പൂര്‍ വിദ്യാര്‍ഥി സുന്ദര്‍ പിച്ചായി ആണ്. അതുപോലെ ഗൂഗിള്‍ മാപ്പ്, ഗൂഗിള്‍ പ്ലസ് എന്നിവയുടെയും തലപ്പത്ത് ഇന്ത്യന്‍ വംശജരാണ്. ഇന്ത്യയ്ക്ക് പ്രയോജനമാകേണ്ട ബുദ്ധിയും സ്വര്‍ഗ്ഗശക്തിമുളള യുവതലമുറെയ അപഹരിച്ചെടുത്തു കൊണ്ടു പോയി പ്രയോജനപ്പെടുത്തുന്നതിന്റെ പ്രധാന ഉദാഹരണമാണിത്. ഇവരെ കണ്ടെത്താനോ, വിനിയോഗിക്കാനോ നമുക്കായിട്ടില്ല.

ചൈന ഈ പ്രശ്‌നം മനസ്സിലാക്കി വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന തങ്ങളുടെ വിദഗ്ധരായ പൗരന്മാരെ തിരികെ നാട്ടിലെത്തിക്കാന്‍ 97.5 മില്യന്‍ ഡോളറിന്റെ പദ്ധതി വിഭാവനം ചെയ്തിരിക്കുകയാണ്. ആ രാജ്യത്തിന്റെ ആഭ്യന്തര ഉല്‍പാദനത്തിന്റെ 20% വിദ്യാഭ്യാസത്തിനും ഉദ്യോഗാര്‍ഛികള്‍ക്ക് തൊഴില്‍ സിദ്ധിക്കുന്നതിനും ചെലവഴിക്കുമ്പോള്‍ ഇന്ത്യാ ഗവണ്മെന്റ് ജി ഡി പി യുടെ നാല് ശതമാനം മാത്രമാണ് വിദ്യാഭ്യാസത്തിനു വകയിരുത്തുന്നത്. ഉദ്യോഗാര്‍ഥികള്‍ക്കു വേണ്ടി ഗൗരവതരമായി യാതൊരു പദ്ധതികളും രൂപപ്പെടുത്തുന്നുമില്ല.

യു എന്‍ ഡി പി യുടെ മാനവശേഷി വികസന സൂചികയില്‍ ഇന്ത്യ 136-ാം സ്ഥാനത്താണ്. ആഫ്രിക്കയും ലാറ്റിന്‍ അമേരിക്കയും ഉള്‍പ്പെടുന്ന 156 രാജ്യങ്ങളുടെ പട്ടികയാണിത.് രാജ്യത്തിന്റെ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക വികാസത്തില്‍ ബുദ്ധിയും സര്‍ഗ്ഗശക്തിയുമുള്ള യുവത്വം അത്യാവശ്യമാണെന്ന വസ്തുത നമ്മുടെ സര്‍ക്കാര്‍ മറന്നുപോകുന്നു. പുതിയ തലമുറയെ രാജ്യത്തിന് പ്രയോജനമാക്കേണ്ടതിന് ആവശ്യമായ നയസമീപനങ്ങളെടുക്കുന്നതില്‍ ഗവണ്‍മെന്റ് വീഴ്ചവരുത്തുന്നുവെന്ന് വര്‍ധിച്ചുവരുന്ന കുടിയേറ്റങ്ങളിലൂടെ മനസ്സിലാക്കാന്‍ സാധിക്കും. പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികളുടെ എണ്ണവും പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന ഉദ്യോഗാര്‍ഥികളുടെ എണ്ണവും തമ്മില്‍ വലിയ അന്തരമാണുള്ളത്.

തൊഴിലില്ലായ്മയുടെ കാര്യത്തില്‍ രാജ്യം വളരെ വേഗതയിലാണ് സഞ്ചരിക്കുന്നത്. 2009 - 2010 കാലയളവില്‍ ആയിരത്തില്‍ 20 പേര്‍ തൊഴില്‍ രഹിതരെങ്കില്‍ 2011- 2012 കാലയളവില്‍ ആയിരത്തില്‍ 22 പേര്‍ തൊഴില്‍ രഹിതരാണ്. വര്‍ഷംതോറും തൊഴില്‍ രഹിതരാവുന്നവര്‍ 5 ശതമാനമാണ്. ഇന്ത്യയില്‍ ജോലിചെയ്യുന്നവരില്‍ മൂന്നിലൊന്നുപേരും അവരുടെ ഭാവി സ്വപ്‌നങ്ങള്‍ സഫലീകരിക്കുന്നതില്‍ സംശയാലുക്കളാണ്. കൂടുതല്‍ സുരക്ഷിതത്വവും വേതനവുമുള്ള തൊഴിലുകള്‍ സൃഷ്ടിക്കുന്നതില്‍ രാജ്യം പരാജയപ്പെടുന്നു.

ഭാവിയില്‍ ഇന്ത്യന്‍ സമ്പദ് ഘടനയെപ്പോലും ബാധിക്കുന്ന, ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്ന ഇത്തരം വിഷയങ്ങള്‍ രാജ്യം തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ് വസ്തുത. ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി ഇന്ത്യപോലും അറിയാതെ ഇന്ത്യയുടെ തലച്ചോറ് വിദേശരാജ്യങ്ങളും കുത്തക കമ്പനികളും ചൂഷണം ചെയ്യുകയാണ്. അതീവ പ്രാധ്യാന്യമുള്ള ഈ വിഷയം കണ്ടില്ലെന്നു നടിക്കുന്നത് ഭാവി ഇന്ത്യയോടു ചെയ്യുന്ന മാപ്പ് അര്‍ഹിക്കാത്ത തെറ്റാണ്.

രാജ്യത്തിന്റെ ജി ഡി പി യുടെ 10 ശതമാനമെങ്കിലും വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും വേണ്ടി മാറ്റി വച്ചുകൊണ്ട് ശക്തമായ നയരൂപീകരണം നടത്താന്‍ കഴിയണം. പ്രാഥമിക വിദ്യാഭ്യാസത്തില്‍ സര്‍ക്കാര്‍ ഊന്നല്‍ കൊടുക്കുന്നതുപോല പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ ഊന്നല്‍ കൊടുക്കാന്‍ ശ്രമിക്കണം.

രാജ്യത്ത് പ്രധാനപ്പെട്ട പ്രഫഷണല്‍ സ്ഥാപനങ്ങളില്‍ പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികളില്‍ മിടുക്കരായവര്‍ക്ക് നവസംരംഭങ്ങള്‍ തുടങ്ങുന്നതിനും തുടര്‍ വിദ്യാഭ്യാസത്തിനും പരീക്ഷണങ്ങള്‍ക്കും അവസരങ്ങള്‍ ഒരുക്കാന്‍ ഭരണകൂടം മുന്‍കൈയെടുക്കണം. രാജ്യത്തെ തൊഴിലിടങ്ങള്‍ ചുഷണരഹിതവും തൊഴില്‍ സംരക്ഷണവും ഉള്ളതാക്കണം. എങ്കില്‍ മാത്രമേ ഭാവി ഇന്ത്യ നേരിടാന്‍ പോകുന്ന ഈ വെല്ലുവിളിയെ കുറെയെങ്കിലും തടഞ്ഞുനിര്‍ത്താന്‍ കഴിയൂ.

*
അനീഷ് സഖറിയ (ലേഖകന്‍ എ ഐ എസ് എഫിന്റെ പത്തനംതിട്ട ജില്ലാ പ്രസിഡന്റും തിരുവനന്തപുരം ലാ അക്കാദമി വിദ്യാര്‍ഥിയുമാണ്.)

ജനയുഗം

1 comment:

  1. why no one is going to China or Cuba? hmm.... if you go there you will have to work :)

    ReplyDelete