ഓഹരി വിലസൂചികയുടെകുതിപ്പുനോക്കി, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ എന്തോ മഹാത്ഭുതം സംഭവിക്കുകയാണെന്നു കരുതുന്നവര്‍ കുറവല്ല. കോണ്‍ഗ്രസുകാര്‍ക്കാകട്ടെ ഓഹരിസൂചിക ഉറപ്പായും രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചയുടെ അടയാളംതന്നെ. എന്നാല്‍, ഇന്ത്യയിലെ ജനങ്ങളില്‍ 45.7 കോടിക്കുമാത്രമേ എന്തെങ്കിലും തൊഴിലുള്ളൂവെന്നും, അവരില്‍ 93 ശതമാനവും അതായത് 39.49 കോടിയും അസംഘടിതമേഖലയിലാണെന്നും,അതില്‍ 77 ശതമാനത്തിന്റെ (30.48 കോടി ആളുകളുടെ) പ്രതിദിനവരുമാനം 20 രൂപയില്‍ താഴെയാണെന്നും അറിയുമ്പോള്‍ ജനങ്ങളുടെ യഥാര്‍ഥ ജീവിതാവസ്ഥയും ഓഹരിക്കമ്പോളത്തിലെ കുതിച്ചുച്ചാട്ടവും തമ്മില്‍ കടലും കടലാടിയും തമ്മിലെ ബന്ധമേ ഉള്ളൂവെന്ന് നാം മനസ്സിലാക്കുന്നു. ജനസംഖ്യയില്‍ 28 ശതമാനം ദാരിദ്ര്യരേഖയ്ക്കു താഴെയാണെന്നും, പ്രതിദിനം ലഭിക്കുന്ന ആളോഹരി ഭക്ഷ്യോര്‍ജം 2004-05ല്‍ അതിനുമുമ്പുള്ള ഏഴുവര്‍ഷത്തിലേതിനേക്കാള്‍ 160 കലോറി കുറഞ്ഞെന്നും മൂന്നു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളില്‍ 46 ശതമാനത്തിന് നിശ്ചിത തൂക്കമില്ലെന്നും 80 ശതമാനത്തിന് മഞ്ഞപിത്തരോഗമുണ്ടെന്നും അറിയുമ്പോള്‍ നമ്മുടെ ധാരണ കുറെക്കൂടി പ്രബലപ്പെടുന്നു.
ഓഹരിവിലസൂചിക ഉയരുന്നത് എന്തുകൊണ്ട്?
ബഹുഭൂരിപക്ഷവും ദാരിദ്ര്യത്തിലും രോഗാവസ്ഥയിലും തുടരുമ്പോഴും ഓഹരിവിലസൂചിക ഉയരുന്നത് എന്തുകൊണ്ടെന്ന ചോദ്യം വളരെ പ്രസക്തമാണ്.
രാജ്യത്തെ 23 ഓഹരിവിപണികളില്‍ ഏറ്റവുമധികം വ്യാപാരം നടക്കുന്നത് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചി (ബിഎസ്ഇ) ലാണ്. പ്രമുഖങ്ങളായ 30 കമ്പനികളുടെ ഓഹരിവിലകളെ ആസ്പദമാക്കി ഉണ്ടാക്കുന്നതാണ് ബിഎസ്ഇ സെന്‍സിറ്റീവ് ഇന്‍ഡക്സ് അഥവാ ചുരുക്കരൂപത്തില്‍ സെന്‍സെക്സ്. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ 13,000 ആയിരുന്ന സെന്‍സെക്സാണ് ഇപ്പോള്‍ 19,000 ആയി ഉയര്‍ന്നത്.
വന്‍കിട കമ്പനികള്‍ അധികലാഭം കൊയ്യുമ്പോള്‍ ഓഹരികളിന്മേലുള്ള ലാഭവിഹിതം വര്‍ധിക്കും. അത്തരം ഓഹരികള്‍ക്ക് ആവശ്യക്കാര്‍ ഏറെയുണ്ടാകും. ഓഹരിവിലകള്‍ ഉയരുകയുംചെയ്യും. വിലകള്‍ ഇനിയും ഉയരുമെന്നു പ്രതീക്ഷിച്ച് കൂടുതല്‍ ഇടപാടുകാര്‍ ഓഹരികള്‍ വാങ്ങും. വിലകള്‍ വീണ്ടും ഉയരും. ഇടപാടുകാരുടെ ലാഭം പെരുകും. ഓഹരികളില്‍ നിക്ഷേപിക്കുന്നത് പ്രധാനമായും ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റുകള്‍, മ്യൂച്ചല്‍ ഫണ്ടുകള്‍, പെന്‍ഷന്‍ ഫണ്ടുകള്‍, ഇന്‍ഷുറന്‍സ് , ബാങ്കിങ്ങ് കമ്പനികള്‍ തുടങ്ങിയ വിദേശനിക്ഷേപക സ്ഥാപനങ്ങളാണ്. അത്തരം സ്ഥാപനങ്ങളുടെയും അവ നടത്തുന്ന ഇടപാടുകളുടെയും തോത് ക്രമംവിട്ട് ഉയരുകയാണ്.
വിദേശനിക്ഷേപകസ്ഥാപനങ്ങളുടെ എണ്ണം ഒരു വര്‍ഷംകൊണ്ട് 813ല്‍ നിന്ന് 1642 ആയി ഉയര്‍ന്നു. അവര്‍ക്കുവേണ്ടി നിക്ഷേപം നടത്തുന്ന ഇന്ത്യന്‍ ഇടപാടുകാരുടെ കണക്കുകള്‍ വേറെയാണ്. ഇന്ത്യന്‍ ഓഹരിവിപണി അക്ഷരാര്‍ഥത്തില്‍ വിദേശമൂലധനസ്രാവുകളുടെ നീന്തല്‍ക്കുളംതന്നെ. അവര്‍ യഥേഷ്ടം ഇന്ത്യന്‍ കമ്പനികളുടെ ഓഹരികള്‍ വാങ്ങുന്നു, വില്‍ക്കുന്നു, കണക്കില്ലാത്ത ലാഭം വാരിക്കൂട്ടുന്നു. 1992നുശേഷം 61 ബില്യന്‍ ഡോളറിന്റെവിദേശ ഓഹരിനിക്ഷേപം നടത്തപ്പെട്ടു. ഈ വര്‍ഷം ഒക്ടോബര്‍ 10വരെ 16 ബില്യന്‍ ഡോളറിന്റെ നിക്ഷേപം ഒഴുകിയെത്തി. സെപ്തംബറില്‍ മാത്രം നടത്തിയ നിക്ഷേപം 2.73 ബില്യന്‍ ഡോളറാണ്. വിദേശനിക്ഷേപത്തിന്റെ ഭീമമായ കുത്തൊഴുക്കിനാണ് ഇന്ത്യന്‍ ഓഹരിക്കമ്പോളം സാക്ഷ്യം വഹിക്കുന്നത്. ഓഹരി വിലസൂചികയുടെ കുതിച്ചുച്ചാട്ടത്തിനു കാരണം വിദേശനിക്ഷേപകരുടെ ഈ പേക്കൂത്താണ്. അല്ലാതെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ പുരോഗതിയല്ല.
ഓഹരിവ്യപാരം ഒരു ചൂതാട്ടമാണ്. വില ഉയരുമെന്നു പ്രതീക്ഷിച്ച് വാങ്ങുക; ഉയരുമ്പോള്‍ വില്‍ക്കുക. ഇതാണ് ഓഹരിവ്യാപാരം. കോടികളുടെ ഇടപാടുനടത്തുന്ന വന്‍നിക്ഷേപകര്‍ക്ക് ഓഹരിവിലയിലെ നാമമാത്ര വര്‍ധനപോലും കോടിക്കണക്കിനു രൂപയുടെ ലാഭം കൈവരുത്തും.
ലാഭസാധ്യതയുണ്ടെങ്കിലേ നിക്ഷേപം നടക്കൂ. ഇല്ലെങ്കില്‍ നിക്ഷേപം തിരിച്ചൊഴുകും. ഓഹരിവിലകള്‍ ഇടിയും. ഓഹരിക്കമ്പോളം തകരും. നീര്‍ക്കുമിളയെ ചൂണ്ടി മഹാമേരു എന്നുപറയുകയാണ്. ഏഷ്യന്‍ കടുവകളായി വിശേഷിപ്പിക്കപ്പെട്ട തായ് ലണ്ട്, ഇന്തോനേഷ്യ, തെക്കന്‍ കൊറിയ തുടങ്ങിയവയുടെ സമ്പദ് വ്യവസ്ഥ ഞൊടിയിടയില്‍ തകര്‍ന്നത് വിദേശമൂലധനത്തിന്റെ പിന്മാറ്റംമൂലമാണെന്നതാണ് ചരിത്രവസ്തുത.
ഇന്ത്യയിലെ കുത്തക കമ്പനികള്‍ വളര്‍ച്ചയുടെ പാതയിലാണ്. അവയുടെ ആസ്തിയും വിറ്റുവരവും ലാഭവും വര്‍ധിക്കുകയാണ്. സ്വാഭാവികമായും അവയുടെ ഓഹരികള്‍ക്കും പ്രിയമേറുന്നു. അമേരിക്കയിലെ 'ഫോര്‍ബസ്' മാഗസിന്റെ കണക്കനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ 40 കുത്തക വ്യവസായകുടുംബങ്ങളുടെ ആസ്തി 2006ല്‍ 106 ബില്യന്‍ ഡോളറായി രുന്നത് 2007ല്‍ 170 ബില്യന്‍ ഡോളറായി വളര്‍ന്നു. ഇതില്‍ 112 ബില്യന്‍ ഡോളറും ഏറ്റവും മുകള്‍ത്തട്ടിലെ 10 വ്യവസായകുടുംബങ്ങളുടെ ആസ്തിയാണ്. 33.3 ബില്യന്‍ ഡോളറോടെ റിലയന്‍സാണ് മുമ്പില്‍. അതീവസമ്പന്നരുടെ സ്വത്ത് വീണ്ടും വര്‍ധിച്ചതാണ് ഇന്ത്യയുടെ പ്രത്യേകത എന്ന് 'ഫോര്‍ബസ്' മാഗസിന്‍ അടിവരയിടുന്നു.
ഇന്ത്യന്‍ സമൂഹത്തിലെ ഇടത്തരം വരുമാനക്കാരുടെ എണ്ണപ്പെരുപ്പവും സര്‍ക്കാരിന്റെ ഉദാരസമീപനവും പണപ്പെരുപ്പവും കുത്തകകളുടെ വളര്‍ച്ചയ്ക്ക് കളമൊരുക്കി. വന്‍കിടക്കാര്‍ തടിച്ചുകൊഴുക്കുമ്പോഴും അസംഘടിതമേഖലയിലെ 64 ശതമാനംവരുന്ന കൃഷിക്കാരുടെയും കര്‍ഷകത്തൊഴിലാളികളുടെയും കഷ്ടസ്ഥിതി അയവില്ലാതെ തുടരുന്നു. സമൂഹത്തില്‍ വളര്‍ന്നുവരുന്ന സാമ്പത്തികാസമത്വത്തിന്റെ ചിഹ്നംകൂടിയാണ് സെന്‍സെക്സിന്റെ വര്‍ദ്ധന.
അമേരിക്കയിലെ സെന്‍ട്രല്‍ ബാങ്ക് അരശതമാനംകണ്ട് പലിശനിരക്ക് താഴ്ത്തിയതാണ് ഇന്ത്യയിലെ ഓഹരിനിക്ഷേപം ഉയരാന്‍ മറ്റൊരു കാരണം. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ തളര്‍ച്ചയില്‍നിന്ന് കൈപിടിച്ച് ഉയര്‍ത്താനാണ് പലിശനിരക്ക് താഴ്ത്തിയത്. പലിശനിരക്ക് കുറഞ്ഞപ്പോള്‍ കൂടുതല്‍ വായ്പ ലഭ്യമായി. ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിനേക്കാള്‍ ആദായകരമാണ് ഓഹരികളിലെ നിക്ഷേപമെന്നും വന്നു. രണ്ടും ചേര്‍ന്ന് ഇന്ത്യയിലേക്കുള്ള വിദേശമൂലധനപ്രവാഹം സുഗമമായി. ചുരുക്കത്തില്‍ രാജ്യത്തെ കുത്തക വ്യവസായകുടുംബങ്ങളുടെ വളര്‍ച്ചയും ആഗോളമൂലധനത്തിന്റെ കുത്തൊഴുക്കും സൃഷ്ടിച്ചതാണ് സെന്‍സെക്സിലെ കുതിച്ചുച്ചാട്ടം. രാജ്യപുരോഗതിയുടെ ചിഹ്നമല്ല അത്.
(ലേഖകന്‍: പ്രൊഫ. കെ എന്‍ ഗംഗാധരന്‍. കടപ്പാട്: ദേശാഭിമാനി ദിനപ്പത്രം)
1990 ല്‍ 1000 ആയിരുന്ന സെന്‍സെക്സ് 5000 എന്ന കടമ്പ കടക്കാന്‍ നീണ്ട 9 വര്‍ഷങ്ങള്‍ എടുത്തു.ഏഴു വര്‍ഷത്തിനു ശേഷം 2006 ഫെബ്രുവരിയിലാണ് 10000 കടന്നത്. പക്ഷെ രാജ്യത്തെ കുത്തക വ്യവസായകുടുംബങ്ങളുടെ വളര്‍ച്ചയും ആഗോളമൂലധനത്തിന്റെ കുത്തൊഴുക്കും ഒത്തു ചേര്‍ന്നുകൊണ്ട് കേവലം 19 മാസക്കാലം കൊണ്ട് ബിഎസ് ഇ സൂചികയെ 10000 പോയിന്റില്‍ നിന്നും 19000 എന്ന മറ്റൊരു നാഴികല്ല് കടത്തിയിരിക്കുകയണ്.
ReplyDeleteവന്‍കിടക്കാര്‍ തടിച്ചുകൊഴുക്കുമ്പോഴും കൃഷിക്കാരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ബഹുഭൂരിപക്ഷം ജനങ്ങളുടെയും കഷ്ടസ്ഥിതി അയവില്ലാതെ തുടരുന്ന ഇന്ത്യയില്‍ സമൂഹത്തില്‍ വളര്‍ന്നുവരുന്ന സാമ്പത്തികാസമത്വത്തിന്റെ ചിഹ്നംകൂടിയാണ് സെന്‍സെക്സിന്റെ വര്‍ദ്ധന.
കൂടുതല്‍ ലാഭം കിട്ടുന്ന മേച്ചില്‍ പുറങ്ങള്‍ തേടി വിദേശനിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വാങ്ങിയാല്‍?
"സെന്‍സെക്സിലെ കുതിച്ചുച്ചാട്ടം.രാജ്യപുരോഗതിയുടെ ചിഹ്നമല്ല അത്".
ReplyDeleteദേശാഭിമാനിയില്‍ വരുന്ന ഒരു ലേഖനത്തില്‍ നിന്നും ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കാനില്ല.
സെന്‍സക്സിലെ കുതിച്ചുചാട്ടം മാത്രം കൊണ്ട് സമ്പദ്ഘടനയെ വിലയിരുത്താനാവില്ല. എന്നാല്‍ വ്യവസായ സ്ഥാപനങ്ങളുടെ വളര്‍ച്ചയെയും വ്യവസായാനുകൂല അന്തരീക്ഷത്തെയും മനസിലാക്കുവാന്‍ ഓഹരിവിപണിയെ പഠിച്ചാല്‍ മതി. സെന്‍സെക്സിലെ കുതിച്ചുചാടുന്നു എന്നു പറയുമ്പോള്‍ ബഹുഭൂരിപക്ഷം കമ്പനികളും നല്ല നിലയില്‍ പ്രവര്‍ത്തിയ്ക്കുന്നു എന്നു തന്നെയാണ് അര്‍ത്ഥം. കമ്പനികള്‍ നന്നായി പ്രവര്‍ത്തിയ്ക്കുന്നതിന്റെ ഗുണങ്ങള്‍ -അത് കുത്തക കമ്പനികളാണെങ്കില്‍ കൂടി - സമ്പദ്ഘടന അനുഭവിയ്ക്കുകതന്നെ ചെയ്യും.
“വിദേശനിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വാങ്ങിയാല്‍?”
സാധാരണഗതിയില്‍, ഓഹരി വിപണി കുത്തനെ ഇടിയും. അതിനു ശേഷം വീണ്ടും ഉയരാന്‍ തുടങ്ങും. എന്നാല്‍ വിദേശനിക്ഷേപകര്‍ പിന്‍വാങ്ങുന്നതിനനുസരിച്ച് ആഭ്യന്തര നിക്ഷേപകസ്ഥാപനങ്ങളോ ചെറുകിട നിക്ഷേപകരോ മുപോട്ടുവരികയാണെങ്കില്‍ വിപണി ഇടിയാതിരിയ്ക്കാന്‍ പോലും സാധ്യതയുണ്ട്.
“ബഹുഭൂരിപക്ഷവും ദാരിദ്ര്യത്തിലും രോഗാവസ്ഥയിലും തുടരുമ്പോഴും .....”
ഇത് ഒരു പഴയ പല്ലവിയാണ്. കേരളത്തിലെ കാര്യമെടുത്താല്‍ തന്നെ ഇതു മനസിലാകും. കേരളത്തില്‍ പരമ്പരാഗത മേഖലകളില്‍ പണിയെടുക്കാന്‍ ആളെകിട്ടാത്ത അവസ്ഥയുടെന്നത് പരസ്യമാണ്. ഇവരൊക്കെയും നഗരങ്ങളിലെ പുതിയ തൊഴിലവസരങ്ങള്‍ തേടിപ്പോകുന്നവരാണ്.
വിഢ്ഡിത്തം മുഖമുദ്രയാക്കിയാല്‍ എന്തും സംഭവിക്കും ഓഹരി വിവണിയെ കുറിച്ചുള്ള അറിവില്ലാഴ്മ്‌യാണ് ലേഖകന്‍ ഇവിടെ എഴുതിയിരിക്കുന്നത് ഏഷ്യന്‍ കടുവകളായി വിശേഷിപ്പിക്കപ്പെട്ട തായ് ലണ്ട്, ഇന്തോനേഷ്യ,തെക്കന്‍ കൊറിയ? ഇത് എപ്പോഴാണ് ഏഷ്യന്‍ കടുവകളായിഎന്ന് പറഞ്ഞില്ല? സിങ്കപൂരായിരുന്നു പഴയ റിയല്‍ കടുവ. ഇന്തോനേഷ്യ ഇന്നുവരെയും ഒരു ചലനവും അവരുടെ ഒഹരി വിവണിയിലുണ്ടാക്കിയിട്ടില്ല. പിന്നെ സെന്‍സെക്സിന്റെ വര്‍ദ്ധന നല്ല ഒരു കാര്യം തന്നെ കുടുതല്‍ ജോലി സാധ്യതയും വിദേശ കമ്പനികളുടെ മുതല്‍മുടക്കും രാജ്യത്തിന്റെ ഭാവി ശോഭനമാക്കും ഇപ്പോള്‍ രാജ്യത്ത് അടിസ്ഥാന സൌകര്യമാണ് ആവിശ്യം സര്‍ക്കാരിന് മുതല്‍മുടക്കാന്‍ ബുദ്ധിമുട്ടാണങ്കില്‍ പ്രൈവറ്റ് കമ്പനിയ്ക്ക് കൈമാറം അല്ലങ്കില്‍ മിഡീസ്റ്റ് സമ്പത്തിക നയം പഠിച്ചു ഒരു നടപടി എടുക്കുവാന്‍ ശ്രമിക്കുക.
ReplyDeleteജോജു പറയുന്നു..” സെന്‍സെക്സ് കുതിച്ചുചാടുന്നു എന്നു പറയുമ്പോള്‍ ബഹുഭൂരിപക്ഷം കമ്പനികളും നല്ല നിലയില്‍ പ്രവര്‍ത്തിയ്ക്കുന്നു എന്നു തന്നെയാണ് അര്‍ത്ഥം. കമ്പനികള്‍ നന്നായി പ്രവര്‍ത്തിയ്ക്കുന്നതിന്റെ ഗുണങ്ങള്‍ -അത് കുത്തക കമ്പനികളാണെങ്കില്‍ കൂടി - സമ്പദ്ഘടന അനുഭവിയ്ക്കുകതന്നെ ചെയ്യും.“ 19 മാസക്കാലം കൊണ്ട് ബിഎസ് ഇ സൂചിക10000 പോയിന്റില്‍ നിന്നും 19000 ആയിത്തീരാന്‍ മാത്രം ബഹുഭൂരിപക്ഷം കമ്പനികളും നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവെന്നു പറയാന്‍ കഴിയുമോ?
ReplyDeleteഒന്നു കൂടി, ധനകാര്യമന്ത്രി ശ്രീ പി ചിദംബരം കഴിഞ്ഞ ആഴ്ച പറഞ്ഞത് ശ്രദ്ധേയമാണ് .അദ്ദേഹം പറഞ്ഞു സെന്‍സെക്സ് ഇന്‍ഡക്സിലെ കുത്തനെയുള്ള കയറ്റം എന്നെ ചിലപ്പോള്‍ അത്ഭുതപ്പെടുത്തുന്നു. ചിലപ്പോള്‍ വ്യാകുലനാക്കുന്നു. അദ്ദേഹം ഇത് പറഞ്ഞത് ഉദ്ദേശിച്ചതിലും കൂടുതല്‍ മൂലധന ഒഴുക്ക് വന്നതാണ് ഈ ഇന്‍ഡക്സിലെ കുതിച്ചുചാട്ടത്തിനു കാരണം എന്നു പറഞ്ഞുകൊണ്ടിരിക്കെത്തന്നെയാണ് എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്.
“The rather steep rise in Sensex sometimes surprises me, sometimes worries me. Our assessment is that Sensex is driven by copious inflow of funds from number of sources. I don’t think fundamentals have changed so rapidly from day to day to warrant such a steep rise,” Mr Chidambaram said at Hindustan Times Leadership Summit here today.
“വിദേശനിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വാങ്ങിയാല്‍?സാധാരണഗതിയില്‍, ഓഹരി വിപണി കുത്തനെ ഇടിയും” എന്ന് ജോജു എത്ര ലാഘവത്തോടെയാണ് പറയുന്നത് . ഇന്നലെ എന്താണ് സംഭവിച്ചത്? വിദേശ നിക്ഷേപകര്‍ക്ക് അനുവദിക്കപ്പെട്ടിരുന്ന പാര്‍ട്ടിസിപ്പേറ്ററി നോട്ടുകള്‍ പിന്‍വലിക്കാനുള്ള സെബിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വ്യാപാരം ആരംഭിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ സൂചിക ,1744 പോയിന്റ് താഴുകയായിരുന്നു. 9.2 ശതമാനത്തിന്റെ വന്‍ ഇടിവാണ് ഉണ്ടായത്. ഇതേത്തുടര്‍ന്ന് ഒരു മണിക്കൂര്‍ വ്യാപാരം നിര്‍ത്തിവച്ചു. വിപണിയിലെ കൂപ്പുകുത്തലിനെത്തുടര്‍ന്ന് ധനകാര്യമന്ത്രി പി.ചിദംബരം തന്നെ രംഗത്തുവന്നു. പാര്‍ട്ടിസിപ്പേറ്ററി നോട്ടുകള്‍ വിലക്കാന്‍ ഉദ്ദേശ്യമില്ലെന്നും ചില നിയന്ത്രണങ്ങളാണ് സെബി നിര്‍ദേശിക്കുന്നതെന്നും ചിദംബരം വ്യക്തമാക്കി. യാതൊരാശങ്കയ്ക്കും ഇടമില്ലെന്നും അദ്ദേഹം പറഞ്ഞു. വിദേശ നിക്ഷേപകരെ സ്വാഗതം ചെയ്യുന്നുവെന്നും ചിദംബരം ഉറപ്പുനല്‍കി. ഇതോടെ ഓഹരിസൂചികകള്‍ തിരിച്ചുകയറാന്‍ തുടങ്ങി.
സൂചികയുടെ തകര്‍ച്ചയോടെ നിക്ഷേപകര്‍ക്ക് എത്ര കോടി രൂപ നഷ്ടമുണ്ടായിട്ടുണ്ടാവും? വിപണിയില്‍ ഉണ്ടായ രക്തച്ചൊരിച്ചില്‍ സംയുക്തപാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടിരിക്കയാണ്. ഈ തകര്‍ച്ചയിലൂടെ ലാഭമെടുത്തത് ആരാണെന്നും അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇനി ജോജു പറയുന്നപോലെ എന്നാല്‍ വിദേശനിക്ഷേപകര്‍ പിന്‍വാങ്ങുന്നതിനനുസരിച്ച് ആഭ്യന്തര നിക്ഷേപകസ്ഥാപനങ്ങളോ ചെറുകിട നിക്ഷേപകരോ മുന്‍പോട്ടുവരികയാണെങ്കില്‍ വിപണി ഇടിയാതിരിയ്ക്കാന്‍ പോലും സാധ്യതയുണ്ട് എന്നതത്ര ശരിയാണോ. വിദേശ ധനകാര്യസ്ഥാപനങ്ങള്‍ ലാഭം എടുത്ത് പിന്‍വാങ്ങിക്കഴിയുമ്പോള്‍ തദ്ദേശീയ ധനകാര്യ സ്ഥാപനങ്ങളും മറ്റും മുന്നോട്ടുവരികയാണെങ്കില്‍ അവയുടെ സാമ്പത്തിക സ്ഥിതിയെ അത് പ്രതികൂലമായി ബാധിക്കില്ലേ? എന്നു മാത്രവുമല്ല , തദ്ദേശീയ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിധം വലുതാണ് വിദേശ നിക്ഷേപസ്ഥാപനങ്ങളുടെ മാര്‍ക്കറ്റ് ഷെയര്‍.
പ്രിയ പ്രവീണ്‍,
കിഴക്കന്‍ ഏഷ്യയിലുണ്ടായ സാമ്പത്തിക തകര്‍ച്ചയെ പൊതുവെ, ഏഷ്യന്‍ പുലികള്‍ നേരിട്ട തിരിച്ചടി എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. സിംഗപ്പൂരും ഇക്കൂട്ടത്തില്‍പ്പെടും.
ഈ തകര്‍ച്ചക്ക് വിവിധ സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും ‘ ഹോട്ട് മണി’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫൈനാന്‍സ് കാപ്പിറ്റല്‍ ലാഭം കൂടുതല്‍ കിട്ടുന്ന പുതിയ മേച്ചില്‍പ്പുറങ്ങള്‍ അന്വേഷിച്ച് പോയത് തന്നെയാണ്.