Wednesday, October 17, 2007

കേരള വികസനവും കാര്‍ഷികമേഖലയും

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ കേരളം 1957ല്‍ നടപ്പിലാക്കിയ കാര്‍ഷിക പരിഷ്ക്കരണം കേരളത്തിന്റെ വികസനത്തിന് അടിത്തറപാകി. മൂന്നു ഭാഗങ്ങളായി നിലനിന്ന കേരളത്തില്‍ മൂന്നു തരത്തിലുള്ള ഭൂബന്ധങ്ങളും നിലനിന്നിരുന്നു. വടക്കേ മലബാറിലെ ജന്മി, നാടുവാഴി സമ്പ്രദായത്തിന്റെ ഭാഗമായി നിലനിന്നിരുന്ന വാരം, പാട്ടം മറ്റ് അന്യായ പിരിവുകളും; മധ്യകേരളത്തിലെ രാജാധിപത്യ ചൂഷണവും, തെക്കന്‍ കേരളത്തിലെ ദൈവാധിഷ്ഠിതമായ ചൂഷണവും കാര്‍ഷികോല്പാദനമേഖലയുടെ വിസ്തൃതിക്കും ക്ഷമതയ്ക്കും തടസ്സമായിരുന്നു. കാര്‍ഷിക കുടുംബങ്ങളിലെ അംഗങ്ങളുടെ അദ്ധ്വാനം മുഴുവന്‍ ഉപയോഗപ്പെടുത്തിയാലും ഭൂമിയുടെ കൈവശാവകാശം സംരക്ഷിക്കാന്‍ പറ്റാത്ത സ്ഥിതിക്കും ഉല്പാദനത്തിന്റെ ഭൂരിഭാഗവും തട്ടിയെടുക്കുന്ന ജന്മി-രാജ-ദൈവ സങ്കല്പ വാഴ്ചയ്ക്കുമാണ് 1957 ലെ കര്‍ഷക ഭൂബന്ധ നിയമം മൂലം അറുതിവരുത്താന്‍ കേരളത്തില്‍ സാധിച്ചത്.

കാര്‍ഷിക പരിഷ്ക്കരണത്തിന്റെ ബാക്കിപത്രം

കേരളം നടപ്പാക്കിയ കാര്‍ഷിക പരിഷ്ക്കരണം ഭൂവുടമാബന്ധത്തില്‍ വമ്പിച്ച മാറ്റം വരുത്തി. ഗ്രാമീണ ജീവിതത്തില്‍ സാമൂഹ്യ-വര്‍ഗ്ഗ ബന്ധങ്ങള്‍ അടിമുടി ഇന്ന് മാറിയിരിക്കുന്നു. പഴയ ജന്മിയുടെ സ്ഥാനത്ത് ഉയര്‍ന്നു വന്ന മുതലാളിത്ത ഭൂപ്രഭൂക്കള്‍, പഴയ കുടിയാന്മാര്‍ക്കിടയില്‍ വളര്‍ന്നു വന്ന ഭൂപ്രഭുക്കള്‍, വ്യാപാര വ്യവസായ മേഖലയില്‍ ഉയര്‍ന്നുവന്ന പുത്തന്‍ മുതലാളിവര്‍ഗ്ഗം ഇതൊക്കെ ചേര്‍ന്ന പുതിയ കൂട്ടുകെട്ട് ഗ്രാമീണ സമൂഹത്തില്‍ രൂപപ്പെട്ടതായി കാണാം.

ജന്മിത്വ-ഭൂപ്രഭുത്വത്തെ ഇല്ലായ്മ ചെയ്തെങ്കിലും നിലവിലുള്ള ചട്ടക്കൂട് പൊളിച്ചു മാറ്റാതെ അതില്‍ തന്നെ ബൂര്‍ഷ്വാ - കാര്‍ഷിക പരിഷ്ക്കരണ നടപടികള്‍ നടപ്പായതോടെ ഭൂമിക്കുവേണ്ടി ദാഹിക്കുന്ന ജനവിഭാഗത്തിന്റെ താല്പര്യം കേരളത്തില്‍ പൂര്‍ണ്ണമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

എങ്കിലും പരിമിതമായ ഈ പരിഷ്ക്കരണ നടപടികള്‍ കേരളത്തെ മാറ്റിമറിച്ചിട്ടുണ്ട്. കൃഷിക്കാരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ജീവിതത്തിലും കാര്‍ഷിക മേഖലയിലും വലിയ മാറ്റങ്ങള്‍ തന്നെ സംഭവിച്ചു. ആരോഗ്യരംഗത്തും വിദ്യാഭ്യാസ മേഖലയിലും എടുത്തു പറയത്തക്ക മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. കൃഷിക്കാരുടെ കുടുംബത്തില്‍ കര്‍ഷികേതര ജോലിചെയ്യുന്നവരുടെ എണ്ണം അഖിലേന്ത്യാ ശരാശിയേക്കാള്‍ ഉയര്‍ന്നതാണ് എന്നതും ഈ മാറ്റത്തിന്റെ സൂചനയാണ്. ഭൂമിയുടെ വികേന്ദ്രീകരണം വഴി ഭൂവുടമസ്ഥരുടെ എണ്ണത്തില്‍ കേരളം ശ്രദ്ധേമായ നേട്ടം കൈവരിച്ചു.

ഭഷ്യവിളകളും നാണ്യവിളകളും

ഉടമസ്ഥാവകാശവും ക്രയവിക്രയത്തിനുള്ള അവകാശവും വിള ഏതെന്ന് തീരുമാനിക്കാനുള്ള അധികാരവും കൃഷിക്കാരന് ലഭിച്ചതോടെ നാണ്യവിളകളുടെ കലവറയായി കേരളം മാറി. 80 ശതമാനത്തിലധികം നാണ്യവിളകള്‍ ഉല്പാദിപ്പിക്കുന്ന സംസ്ഥാനമെന്ന ബഹുമതി കേരളം കൈവരിച്ചു. പക്ഷെ, ഭക്ഷ്യവിളകളില്‍ നിന്നും ഭക്ഷ്യേതര വിളകളിലേക്കുള്ള ഈ മാറ്റം കാര്‍ഷിക മേഖലയിലെ തൊഴിലവസരം കുറയ്ക്കുന്നതിന് കാരണമായി. കടുംകൃഷിയിലുള്ള താല്പര്യക്കുറവും ഇടവിളകളുടെ പിറകോട്ടു പോക്കും കേരളത്തിലെ കാര്‍ഷിക പ്രതിസന്ധിക്ക് ആക്കം കൂട്ടി.

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ ഒരേക്കര്‍ ഭൂമിയില്‍നിന്നുള്ള ഉല്പാദനമൂല്യത്തെ കവച്ചുവയ്ക്കുന്ന സ്ഥിതി കേരളം ഈ നാണ്യവിളകളിലൂടെ കൈവരിച്ചു. പക്ഷേ, ഉല്പാദനക്ഷമതയുടെ കാര്യത്തില്‍ ഭൂരിപക്ഷം വിളകളും പിറകോട്ടുപോവുകയാണ്. ഉല്പാദന വിസ്തൃതിയില്‍ അടിസ്ഥാന വിളകളില്‍ കുറവുവരുമ്പോള്‍ വ്യാവസായികാവശ്യങ്ങള്‍ക്കുള്ള വിളകളുടെ വിസ്തൃതി അനുദിനം വികസിച്ചുകൊണ്ടിരിക്കുന്നു. ഒരു വിളയെ നശിപ്പിച്ച് പുതുവിളയെ സ്വീകരിക്കുക എന്ന നിലയാണ് ഈ വിളവിസ്തൃതിയിലൂടെ കൈവരിച്ചത്.

കാര്‍ഷിക പരിഷ്ക്കരണവും വിള വിസ്തൃതിയും

കാര്‍ഷിക പരിഷ്ക്കരണം മൂലം വിള വിസ്തൃതി വര്‍ദ്ധിക്കേണ്ടതായിരുന്നു. ആദ്യഘട്ടത്തില്‍ ഈ വിസ്തൃതി നല്ലതുപൊലെ വര്‍ദ്ധിക്കുന്ന സ്ഥിതി കേരളത്തിലുണ്ടായി. നെല്ലുല്പാദനത്തില്‍തന്നെ 9 ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ നെല്‍കൃഷി ഉള്ള സംസ്ഥാനമായി കേരളം അന്ന് മാറിയിരുന്നു. നാളികേര ഉല്പാദനവിസ്തൃതിയിലും വര്‍ദ്ധനവുണ്ടായി. പക്ഷേ, കാര്‍ഷിക കുടുംബത്തില്‍ കാര്‍ഷികേതര ജോലി ലഭിച്ചതും അണുകുടുംബങ്ങളുടെ വ്യാപ്തിയും വിദേശപണത്തിന്റെ കടന്നുവരവും ഭൂമിയെ മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്ന നിലയും വന്നതോടെ കാര്‍ഷികോല്പാദന വിസ്തൃതി കുറയുന്നതിനിടയാക്കി.

ഇതോടൊപ്പം വിളകളില്‍ വന്ന മാറ്റം, കമ്പോളം കണ്ട് ഉല്പാദിപ്പിക്കുന്നതിലേക്ക് കൃഷിക്കാരന്‍ മാറുന്നതിന് ഇടയാക്കി. കമ്പോളാധിപത്യമുള്ള ശക്തികള്‍ കൃഷിക്കാരെ കൂലി ഉല്പാദകനാക്കി മാറ്റിയതോടെ കൃഷിക്കാരന്‍ ത്രിമുഖ ചൂഷണത്തിന്റെ ഇരയായി മാറി. ആഗോളവല്‍ക്കരണ നയങ്ങളില്‍ കാര്‍ഷിക മേഖലകൂടി ഉള്‍പ്പെട്ടതോടെ ചൂഷണത്തോത് അതിന്റെ പാരമ്യതയിലെത്തി.

ആഗോളവല്‍ക്കരണവും കാര്‍ഷികമേഖലയും

ആഗോളവല്‍ക്കരണം കാര്‍ഷികമേഖലയെ വീണ്ടും ഘടനാപരമായി മാറ്റിക്കൊണ്ടിരിക്കുന്നു. വന്‍കിട കമ്പനികള്‍ കാര്‍ഷികമേഖലയില്‍ കടന്നുകയറ്റം നടത്തിയതോടെ വ്യാവസായിക വികസനത്തിനാവശ്യമായ അസംസ്കൃത വസ്തുക്കള്‍ എന്ന നിലയില്‍ ഉല്പന്നം സ്വയം സൃഷ്ടിക്കുന്നതിനായി ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ ഉള്‍പ്പെടെ കാര്‍ഷിക മേഖലയില്‍ കടന്നുകയറി. ഇതുവഴി ഉല്പാദന മേഖലയില്‍ നിന്ന് കൃഷിക്കാര്‍ തുടച്ചുമാറ്റുപ്പെടുകയാണ് ചെയ്തത്. ബഹുരാഷ്ട്ര കമ്പനികളുടെ പാട്ടവ്യസ്ഥകള്‍ക്കു പുറമെ പുതിയ പാട്ടവ്യവസ്ഥയും ഈ മേഖലയില്‍ നടപ്പിലാക്കാന്‍ ആഗോളമേധാവിത്വത്തിലൂടെ ഇവര്‍ക്ക് സാധിക്കുന്നു. കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് ഏതുവിധേനയും ഇന്ത്യയിലേക്ക് കടന്നുവരാന്‍ സൌകര്യം ലഭിച്ചതോടെ വില കണ്ട് വിളയിറക്കുന്ന കൃഷിക്കാരന് വിളകൊയ്യുമ്പോള്‍ വിലകിട്ടാതായി.

ഈ പ്രതിസന്ധികള്‍ നീരാളിയെപ്പോലെ കാര്‍ഷികമേഖലയുടെമേല്‍ അനുദിനം പിടിമുറുക്കുകയാണ്. കേരളവികസനം ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഇതില്‍ നിന്നും കാര്‍ഷികമേഖലയെ രക്ഷിക്കാതെ കേരളത്തെ വികസനത്തിലേക്ക് നയിക്കാന്‍ കഴിയില്ല.

കാര്‍ഷികോല്പന്ന വിലയിടിവും കര്‍ഷക ആത്മഹത്യയും

കേരളത്തിലെ ഭൂരിപക്ഷം ജനതയുടെയും ജീവസന്ധാരണമാര്‍ഗ്ഗം കാര്‍ഷികമേഖല തന്നെയാണ്. കാര്‍ഷികേതര മേഖലകളില്‍ അഭയം തേടിയവര്‍ക്കും ഒരു കൈത്താങ്ങായി കാര്‍ഷിക മേഖല വര്‍ത്തിക്കുന്നു. ജീവിതത്തിന്റെ അടിത്തട്ടില്‍ കഴിയുന്ന ആദിവാസികളുടെയും ഹരിജന-പിന്നോക്ക വിഭാഗങ്ങളിലെ ഭൂരിപക്ഷം പേരുടെയും ജീവിതസംരക്ഷണത്തിന്റെ ഉറവിടം കാര്‍ഷികമേഖല തന്നെയാണ്. കാര്‍ഷികോല്പന്ന വിലയിടിവോടെ ഈ വിഭാഗത്തിന് തൊഴില്‍നഷ്ടവും വരുമാനനഷ്ടവും സംഭവിക്കുന്ന സ്ഥിതി വന്നു. ഒരുവര്‍ഷം 8000 കോടി രൂപയുടെ സാമ്പത്തിക നഷ്ടം വില നഷ്ടം മൂലം കേരളത്തില്‍ സംഭവിച്ചതോടെ, കാര്‍ഷിക മേഖലയില്‍ ആത്മഹത്യകള്‍ നിത്യസംഭവമായി മാറി. 2001 മുതല്‍ 2006 വരെ 1400 ലധികം കൃഷിക്കാര്‍ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനമായി കേരളം മാറി. കാര്‍ഷിക തകര്‍ച്ച സമൂഹത്തെ ആകെ പിടികൂടിയപ്പോള്‍ വ്യാപാരമേഖല സ്തംഭിച്ചു. ചെറുകിട ഉല്പാദനമേഖലയും തകര്‍ന്നു. ഇതിന്റെയൊക്കെ അടിസ്ഥാന കാരണം കാര്‍ഷികമേഖലയുടെ തകര്‍ച്ചയാണെന്ന് വന്നതോടെ കൃഷിക്കാര്‍ക്ക് കൃഷി ഒരു വെറുക്കപ്പെട്ട കനിയായി മാറിക്കൊണ്ടിരിക്കുന്നു.

കാര്‍ഷികോല്പന്ന വിലയിടിവ് കൊണ്ടുള്ള നേട്ടം ആര്‍ക്ക് ?

എന്നാല്‍ കൃഷിയുമായി ബന്ധപ്പെട്ട തകര്‍ച്ച കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട എല്ലാവരേയും ബാധിച്ചിട്ടില്ല. കാര്‍ഷിക മേഖലയിലെ കെടുതികള്‍ ഉല്പാദകരായ കൃഷിക്കാരെ മാത്രമാണ് ബാധിച്ചത്. ജനിതക ടെക്നോളജിയുടെ കണ്ടുപിടിത്തത്തോടെ കൃഷി എന്നത് ബഹുരാഷ്ട്ര കുത്തകകള്‍ക്ക് അഗ്രി ബിസിനസ്സാക്കി മാറ്റാനും ഭൂരിപക്ഷത്തെ നഗ്നമായി ചൂഷണം ചെയ്ത് കാര്‍ഷികമേഖലയില്‍ നിന്ന് മൂലധനം കൊയ്തു കൂട്ടുന്നതിനും സാധിക്കുന്നു.

കിലോക്ക് 65 രൂപ റബ്ബറിനു വില ഉണ്ടായിരുന്നപ്പോള്‍ നിശ്ചയിച്ച ടയര്‍ വിലയും, കൊപ്രയ്ക്ക 49 രൂപ ഉണ്ടായിരുന്നപ്പോള്‍ നിശ്ചയിച്ച സോപ്പ്, വനസ്പതി, ഹെയര്‍ ഓയില്‍ വിലയും, കാപ്പിക്ക് 65 രൂപയും കുരുമുളകിന് 240 രൂപയും ഏലത്തിന് 950 രൂപയും അടക്കയ്ക്ക് 165 ഉം ഉണ്ടായപ്പോള്‍ മുതലാളിത്തം നിശ്ചയിച്ച സംസ്ക്കരിച്ച ഉല്പന്ന വിലകളും, ഇതിന് ഉദാഹരണങ്ങളാണ്. അതുപോലെ റബ്ബറിന് 22 രൂപായും കൊപ്രയ്ക്ക് 17 രൂപായും കാപ്പിക്ക് 15 രൂപായും വിലയിടിഞ്ഞിട്ടും കാര്‍ഷികോല്പന്നങ്ങള്‍ ഉപയോഗിച്ച് വന്‍കിട മുതലാളിമാര്‍ ഉല്പാദിപ്പിക്കുന്ന ഉല്പന്നങ്ങള്‍ക്ക് ഒരു പൈസയുടെ കുറവുപോലും വരുത്തിയിട്ടില്ല. മാത്രമല്ല 4 കോടി 25 ലക്ഷം മുടക്കിയവന് 91 കോടി 56 ലക്ഷം രൂപ ടയര്‍ വ്യവസായത്തിലൂടെ മാത്രം ഒരു വര്‍ഷം കിട്ടിയ വസ്തുത വാര്‍ത്തകളിലൂടെ വെളിവായിരിക്കുന്നു.

ഈ മുതലാളിത്ത മൂലധന ചൂഷണത്തിന് കാര്‍ഷികമേഖലയെ എറിഞ്ഞു കൊടുക്കുന്നതും നഗ്നമായ കൊള്ളയ്ക്ക് വിട്ടുകൊടുക്കുന്നതും തടഞ്ഞാല്‍ കാര്‍ഷിക മേഖലയില്‍ കൈവരിക്കാവുന്ന നേട്ടം കേരളവികസനത്തിനു കുതിപ്പേകും എന്നതില്‍ തര്‍ക്കമില്ല.

നാളികേരവും റബ്ബറും

നാളികേര ഉല്പാദനത്തില്‍ കേരളം ഇന്ന് മുന്‍പന്തിയിലാണ്. 40 ലക്ഷം കുടുംബങ്ങള്‍ നാളികേര ഉല്പാദനവുമായി ബന്ധപ്പെടുന്ന കേരളത്തില്‍ ഇവിടെ ഉല്പാദിപ്പിക്കുന്ന കൊപ്രയുടെ ഭൂരിഭാഗവും ഇവിടെ സംസ്ക്കരിക്കുന്നില്ല. വെളിച്ചണ്ണയും, വനസ്പതിയും ഉല്പാദിപ്പിക്കുന്നതിന് കേരളത്തില്‍ സംവിധാനം ഉണ്ടാക്കിയാല്‍ ആയിരക്കണക്കിനു തൊഴില്‍ അവസരങ്ങള്‍ കേരളത്തില്‍ കൈവരിക്കാം. പാനീയ വില്‍പനയുടെ പറുദീസയായ കേരള കമ്പോളം കൊക്കെകോള - പെപ്സി കമ്പനികള്‍ കൈയടക്കി ഭൂഗര്‍ഭജലം ചൂഷണം ചെയ്ത് നാടിനെ വരള്‍ച്ചയിലേക്ക് നയിക്കുന്നു. മാരക വിഷജലം വിറ്റഴിച്ച് ജനങ്ങളെ ഇവര്‍ ചൂഷണം ചെയ്യുന്നു. ഈ വിപണിയില്‍ കള്ളില്‍ നിന്നും ഉല്പാദിപ്പിക്കുന്ന കള്ളിന്റെ മണമോ വീര്യമോ രുചിയോ ഇല്ലാത്ത പാനീയം (കേരസുധ) ഇറക്കിയാല്‍ തെങ്ങ്ചെത്ത് മേഖലയില്‍ മാത്രം 5 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കും.

റബ്ബറിന്റെ 95 ശതമാനം ഉല്‍പ്പാദിപ്പിക്കുന്ന കേരളത്തില്‍ റബ്ബറില്‍ നിന്ന് 35000 ത്തില്‍പ്പരം ഉല്‍പന്നം ഉണ്ടാക്കാനുള്ള കഴിവ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ 15 ശതമാനം മാത്രമാണ് കേരളത്തില്‍ സംസ്ക്കരിക്കുന്നത്. മാത്രമല്ല റബ്ബര്‍ഷീറ്റ് നിര്‍മ്മാണത്തില്‍ തന്നെ ആര്‍.എസ്.എസ്. 4 ഉം, തരംതിരിക്കാത്തത്, എന്നുമുള്ള നിലയിലേക്ക് ഭൂരിപക്ഷം റബ്ബര്‍ഷീറ്റും മാറ്റപ്പെടുമ്പോള്‍ ആര്‍.എസ്.എസ്. ഒന്നിലേക്ക് ഷീറ്റ് ഉല്‍പ്പാദനം സംഘടിത മേഖലയില്‍ നടത്തിയാല്‍ പതിനായിരക്കണക്കിനു തൊഴില്‍ സാധ്യത ഉണ്ടാക്കാം.

നെല്‍കൃഷിക്ക് പ്രോത്സാഹനം അത്യന്താപേക്ഷിതം

കേരളത്തില്‍ കടന്നുവരുന്ന 80 ശതമാനം അരിക്കും കേരളം നല്‍കുന്ന കടുത്ത കൂലിയും കമ്മീഷനും ഇടനിലകമ്മീഷനും എല്ലാംകൂടി കേരളത്തിലെ നെല്‍കൃഷിക്കാര്‍ക്ക് നെല്ല് ഉല്‍പ്പാദിപ്പിക്കുമ്പോള്‍ പ്രോത്സാഹനമായി നല്‍കിയാല്‍ കേരളത്തിലെ നെല്‍വയലുകളിലെ തരിശ്ശിടല്‍ അവസാനിപ്പിക്കാനും നെല്‍കൃഷിയെ തിരിച്ചുകൊണ്ടുവരാനും പരിസ്ഥിതി സംരക്ഷിക്കാനും സാധിക്കും. കൃഷിക്കാരന്‍ കെട്ടിപ്പടുത്ത സഹകരണ സ്ഥാപനങ്ങള്‍ ബഹുരാഷ്ട്ര കുത്തകകളുടെ ഉല്‍പ്പന്നങ്ങള്‍ ഗൃഹോപകരണങ്ങളായും സുഖഭോഗവസ്തുക്കളായും വിറ്റഴിക്കുന്നതിന് കോടികള്‍ കടമായി നല്‍കുന്നു. കാര്‍ഷിക രംഗത്ത് തൊഴില്‍ചെയ്യാന്‍ തല്‍പ്പരരായ സംഘം മെമ്പര്‍മാര്‍ക്കോ ഗ്രാമവാസികള്‍ക്കോ ഈ തുക ഉല്‍പ്പാദന സബ്‌സിഡിയായി ഉപയോഗിച്ച് നെല്‍കൃഷിയില്‍ ശ്രദ്ധവയ്ക്കാന്‍ സാധിച്ചാല്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ സാധ്യത സൃഷ്ടിക്കാന്‍ കഴിയും.

കശുവണ്ടിയും സുഗന്ധ വിളകളും

കശുവണ്ടി സംസ്ക്കരണത്തിലൂടെ ലക്ഷക്കണക്കിനു തൊഴില്‍ ലഭിക്കുന്ന കേരളത്തില്‍ തൊഴിലിനാവശ്യമായ കശുവണ്ടി ഇപ്പോഴും ഉല്‍പ്പാദിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ മേഖലയില്‍ അനുയോജ്യമായ ഭൂമി കണ്ടെത്തി ഉല്‍പ്പാദനത്തില്‍ ഇവിടെയും തൊഴില്‍ സംരംഭം സൃഷ്ടിക്കാന്‍ സാധിക്കും. കുരുമുളകിന്റെ രുചിയും ഗുണവും മണവും വടക്കേ മലബാറിന്റെ കുത്തകയാണ്. ഇന്ത്യന്‍ കുരുമുളകിന്റെ 80 ശതമാനത്തിലധികം ഉല്പാദിപ്പിക്കുന്ന കേരളത്തില്‍ കുരുമുളകിനെ അടിസ്ഥാനമാക്കിയ ഓളിയോറിസിന്‍ ഉണ്ടാക്കാനുള്ള സാങ്കേതികവിദ്യ കേരളം കൈവരിച്ചിട്ടും സംസ്ക്കരണം കേരളത്തില്‍ നടക്കുന്നില്ല. ഏലവും ജാതിയും ഗ്രാമ്പുവും കറുകപ്പട്ടയും മറ്റ് സുഗന്ധ വിളകളും അപൂര്‍വ്വമായി മാത്രമാണ് കേരളത്തില്‍ സംസ്ക്കരിക്കുന്നത്. ഇന്ത്യന്‍ അടയ്ക്കയുടെ സിംഹഭാഗവും കേരളത്തില്‍ ഉല്പാദിപ്പിച്ചിട്ടും ഇവിടെ സംസ്ക്കരണ സംവിധാനം ഇല്ലാത്തതിനാല്‍ ഈ രംഗത്തും അനുബന്ധ തൊഴില്‍ ഇല്ല.

പഴങ്ങളും പച്ചക്കറിയും

അതു പോലെ തന്നെ പഴങ്ങള്‍, പച്ചക്കറി, പാല്‍,മുട്ട എന്നിവയുടെ ഉല്പാദനത്തിലും കേരളം പിറകിലാണ്. ഈ രംഗത്ത് സ്വീകരിച്ചുവരുന്ന വികസനരീതി മാറ്റിയാല്‍ കേരളത്തില്‍ ധാരാളം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും. സമീപകാലത്തായി വളര്‍ന്നുവന്ന പൈനാപ്പിള്‍, വാഴ എന്നിവയുടെ കൃഷി, ഉല്പാദനരംഗത്ത് മുന്നേറുമ്പോഴും ഈ പഴങ്ങള്‍ സംസ്ക്കരിക്കുന്നതിന് ഉത്തരേന്ത്യന്‍ സംസ്ക്കരണ ശാലകള്‍ തേടിപ്പോകുന്നത് കാണാന്‍ കഴിയും. വാഴക്കൃഷിയിലെ തൊഴില്‍ സാധ്യത, ഉല്പാദന രീതിയിലെ അശാസ്ത്രീയത മൂലം നഷ്ടപ്പെടുമെന്ന ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഇന്നത്തെ വാഴ-കൃഷി രീതി പരിസ്ഥിതിയെ ബാധിക്കും എന്ന ചര്‍ച്ചയും ഉയര്‍ന്നു വരുന്നുണ്ട്. ഇത് പരിഹരിക്കാനായി വാഴ-കൃഷിരംഗത്ത് സഹകരണ കൂട്ടായ്മ സൃഷ്ടിച്ച് അനുയോജ്യമായ സ്ഥലവും ശാസ്ത്രീയമായ കൃഷിരീതിയും വിശ്വാസയോഗ്യമായ ഉല്പാദനരീതിയും കൈവരിച്ചാല്‍ ഒരു ഏക്കര്‍ വാഴ-കൃഷി ചെയ്യുന്നവന് പ്രതിമാസം 7000 രൂപ പ്രതിഫലം ലഭിക്കുന്ന സംവിധാനവും തൊഴിലും ഉണ്ടാക്കാന്‍ കഴിയും.

ചുരം കടന്നു വരുന്ന പപ്പായ

ഇന്നത്തെ കേരളത്തിന്റെ ഉപഭോഗസംസ്ക്കാരം മൂലം കേരളത്തിനു വെളിയില്‍ മാത്രം ഉല്പാദിപ്പിക്കുന്ന വിവിധ പഴങ്ങള്‍ക്ക് വിപുലമായ മാര്‍ക്കറ്റുള്ള സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു. ഓറഞ്ചും മുന്തിരിയും മൂസമ്പിയും പപ്പായ പോലും പുറത്തുനിന്നാണ് വരുന്നത്. ഇതില്‍ പല ഉല്പന്നങ്ങളും കേരളത്തില്‍ നിന്നും കാലാവസ്ഥയില്‍ വലിയ വ്യതിയാനമില്ലാത്ത പ്രദേശങ്ങളില്‍ ഉല്പാദിപ്പിക്കുമ്പോള്‍ കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ പഴവര്‍ഗ്ഗങ്ങള്‍ വളര്‍ത്തിയെടുക്കുന്ന പദ്ധതികള്‍ സ്വീകരിച്ചാല്‍ കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നതിന് കഴിയും.

മറ്റു ചില നിര്‍ദ്ദേശങ്ങള്‍

സമഗ്രമായ കാര്‍ഷിക നയം ആവിഷ്ക്കരിക്കുക

ബീഡി വ്യവസായത്തിനാവശ്യമായ പുകയില കര്‍ണ്ണാടകത്തില്‍ ഉണ്ടാക്കുമ്പോള്‍ പുകയില കൃഷി വിജയമാണെന്ന് കണ്ട കേരളത്തിലെ വടക്കന്‍ ജില്ലയില്‍ ഇത് എന്തുകൊണ്ട് വ്യാപിപ്പിച്ചുകൂടാ? വിലപിടിപ്പുള്ള വിദേശ മദ്യ ഉല്പാദനം ഭക്ഷ്യവസ്തുക്കളില്‍ നിന്നും ഉണ്ടാക്കാമെന്നിരിക്കെ കേരളത്തില്‍ ഇതിന് അനുയോജ്യമായ കാര്‍ഷിക വിളകള്‍ എന്തുകൊണ്ട് ഉല്പാദിപ്പിച്ചുകൂടാ? ഈ വികസനനയം കേരളം സ്വീകരിക്കുന്നതിലൂടെ വരുമാനത്തില്‍ മറ്റ് മേഖലകളുമായി തട്ടിച്ചുനോക്കി ഒട്ടും കുറവുവരാത്ത കാര്‍ഷിക മേഖലയിലേക്ക് അഭ്യസ്തവിദ്യരേയും സാങ്കേതിക വിദഗ്ദ്ധരേയും തിരിച്ചുവിടുന്ന ഒരു നയം ആവിഷ്ക്കരിക്കേണ്ടതുണ്ട്. കൃഷി എന്നതു പുച്ഛമായി കാണുകയും വേഷഭൂഷാദികളിലെ മേന്മയാണ് അന്തസ്സിന്റെ അടയാളമെന്ന് കരുതി കര്‍ഷകത്തൊഴിലാളിയുടെ വേതനംപോലും ലഭിക്കാതെ അദ്ധ്വാനശക്തി വിറ്റഴിക്കുന്ന ബിരുദധാരികളും സാങ്കേതിക വിദഗ്ദ്ധരും നിറഞ്ഞു നില്‍ക്കുന്ന കേരളത്തില്‍ സമഗ്രമായ കാര്‍ഷിക നയമുണ്ടാക്കാന്‍ പരിശ്രമിക്കുകയും ഭൂരിപക്ഷത്തിന്റെ സംരക്ഷണമെന്ന നിലയില്‍ പദ്ധതി തുകയുടെ ഭൂരിഭാഗവും സര്‍ക്കാരുകള്‍ കാര്‍ഷികമേഖലയ്ക്ക് വിനിയോഗിക്കുകയും ചെയ്യുന്ന ഒരു നയസമീപനം ഉണ്ടാകണം.

കേരള വികസനത്തില്‍ മഹത്തായ സംഭാവന കാര്‍ഷികമേഖലയ്ക്ക് നല്‍കാന്‍ സാധിക്കും. വിദേശവിപണിയും കമ്പോളശക്തികളുടെ ആവശ്യങ്ങളും മാത്രം കണക്കിലെടുത്ത് തലതിരിഞ്ഞ കൃഷിരീതി ആവിഷ്ക്കരിച്ചതിനാല്‍ കേരളത്തിലെ ഫലഭൂയിഷ്ടമായ മണ്ണ് മരിക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. 44 നദികളുടെ തറവാടായ കേരളത്തിന് 41 നദികളിലെ ജലസമ്പത്ത് ഉപയോഗിക്കാനുള്ളപ്പോഴും വെള്ളത്തിന്റെ പ്രതിസന്ധി അനുദിനം മൂര്‍ച്ഛിക്കുന്നു. വളക്കൂറുള്ള മണ്ണില്‍, മണ്ണിനെ പഠിക്കാതെ കൃഷിയിറക്കിയതിനാല്‍ മണ്ണിന്റെ അടിസ്ഥാന മൂലകങ്ങളായ എന്‍.പി.കെ.യുടെ അളവ് ആവശ്യത്തിന്റെ പകുതിപോലും ഇല്ല എന്ന വസ്തുതയും കാണേണ്ടതുണ്ട്. ഇതിന്റെ ഫലമായി പ്രകൃതിയുടെ സമതുലിതാവസ്ഥ തകരുന്നു.

കാര്‍ഷിക വിളകളെ ബാധിക്കുന്ന രോഗങ്ങള്‍

പുതിയതരം രോഗാണുക്കളുടെ ഉത്ഭവവും വൈദ്യശാസ്ത്രം പകച്ചുനില്‍ക്കുന്ന രോഗങ്ങളുടെ ആവിര്‍ഭാവവും മനുഷ്യനാശത്തിനു വഴിയൊരുക്കുന്ന മാരക രോഗങ്ങളും പടരുന്നു. കാര്‍ഷിക വിളകളെ ബാധിക്കുന്ന തെങ്ങിന്റെ മണ്ഡരിയും കവുങ്ങിന്റെ മഞ്ഞളിപ്പും കുരുമുളകിന്റെ മഞ്ഞപ്പും ദ്രുതവാട്ടവും നെല്ലിന്റെ ഓലകരിച്ചിലും ചാഴിയും റബ്ബറിന്റെ ഉല്പാനക്ഷമതയുടെ പിറകോട്ടുപോക്കും മറ്റു കാര്‍ഷിക ദുരന്തങ്ങളായി വ്യാപരിക്കുന്നു. പ്രതിവിധിയുടെ പേരില്‍ സ്വീകരിക്കുന്ന വിഷങ്ങള്‍ വിഷാഹാരിക്ക് പോലും പരിഹരിക്കാന്‍ കഴിയാത്ത മാരകമായി കേരളത്തെ നശിപ്പിക്കുന്നതു കണ്ടില്ലന്നു നടിച്ചാല്‍ ഭൂമിയുടെ മരണവും കാര്‍ഷിക മേഖലയുടെ തകര്‍ച്ചയും സാമൂഹ്യജീവിതത്തിലെ പ്രതിസന്ധിയും സംഭവിക്കുക തന്നെ ചെയ്യും.

കാര്‍ഷികാധിഷ്ഠിത വ്യവസായ വികസനനയം കാലഘട്ടത്തിന്റെ ആവശ്യം

കേരളത്തിന്റെ വികസനത്തില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ വിജയം മാത്രം ലക്ഷ്യമാക്കിയാല്‍ ഐ.ടി. യുഗത്തില്‍ പുറംതള്ളുന്നവരുടെ കോളനിയായി കേരളം മാറും. കാര്‍ഷികാധിഷ്ഠിത വ്യവസായ വികസനനയം ശാസ്ത്രസാങ്കേതിക വളര്‍ച്ചയോടൊപ്പം ഉപയോഗിച്ചാല്‍ കേരള വികസനത്തിന്റെ ആണിക്കല്ലായി കാര്‍ഷികമേഖലയെ മാറ്റാം. ഇത്തരത്തില്‍ കാര്‍ഷികമേഖലയിലൂടെ കേരളവികസനം എന്ന ലക്ഷ്യമിടുമ്പോള്‍ ഈ വികസനത്തിനു മഹത്തായ സംഭാവനകള്‍ നല്‍കേണ്ടവരാണ് കേരളത്തിലെ കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട ശാസ്ത്രലോകം. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കാര്‍ഷിക ഗവേഷണത്തിലൂടെ കൂടുതല്‍ ഉല്പാദനക്ഷമത കൈവരിക്കാനും പുതിയഇനം വിത്ത് സൃഷ്ടിക്കാനും രോഗപ്രതിരോധശേഷി കൈവരിക്കാനും കാര്‍ഷിക മേഖലയില്‍ കൃഷിക്കാരെ പിടിച്ചുനിര്‍ത്താനും സാധിക്കുമ്പോള്‍, കേരളത്തിലെ ഏറ്റവും വലിയ സര്‍വ്വകലാശാലയായ കാര്‍ഷിക സര്‍വ്വകലാശാല കേരളത്തിന്റെ കാര്‍ഷിക ഉല്പാദനത്തില്‍ ജീവനാഡിയായ നാളികേരത്തെ പിടികൂടിയ മണ്ഡരിയെയോ ഇതുപോലെ മറ്റ് വിളകളെ ബാധിച്ച മാരകരോഗങ്ങള്‍ക്കോ പരിഹാരം കാണാന്‍ കഴിയാതെ മിഴിച്ചുനില്‍ക്കുകയാണ്. ഇതിന് അറുതി വരുത്തുന്നതിന് അടിയന്തിരമായി ഇടപെടേണ്ടതുണ്ട്.

കേരള വികസനത്തില്‍ തീര്‍ച്ചയായും കാര്‍ഷികമേഖലയ്ക്ക് എന്നും പ്രാധാന്യമുണ്ട്. എടുത്താല്‍ തീരാത്ത വസ്തുവാണ് മണ്ണ്. കൊടുത്താല്‍ അതുപോലെ തിരിച്ചുതരുന്നതാണ് മണ്ണ്. മനുഷ്യവംശത്തിന്റെ നിലനില്‍പ്പിനടിസ്ഥാനം മനുഷ്യനിണങ്ങിയ മണ്ണാണ്. ഈ മണ്ണിനെ സംരക്ഷിച്ച് വികസനത്തിന് അടിത്ത പാകാം. ഇത്തരമൊരു വികസനതലം വെച്ച് കഴിഞ്ഞവര്‍ഷം നീങ്ങിയപ്പോള്‍ പ്രകടമായ മാറ്റം കേരളത്തില്‍ കാണാനിടയായി. ഉദാഹരണത്തിന് നെല്‍ക്കൃഷി മേഖലയില്‍ ആളെക്കിട്ടാനില്ലെന്നും കൃഷി ഇവിടെ വിജയിക്കില്ലെന്നും പ്രചരിപ്പിച്ചവര്‍ ഉണ്ടായിരുന്നു. എന്നാല്‍ അധികാരത്തിലിരിക്കുന്ന എല്‍.ഡി.എഫ് ഗവണ്‍മെന്റ് കഴിഞ്ഞ സീസണില്‍ 8.50 രൂപ ഒരു കിലോ നെല്ലിന് വില നല്‍കിയതോടെ 35% ഉല്‍പ്പാദനവര്‍ദ്ധന കേരളത്തിനുണ്ടായി. ഈ വര്‍ഷം ഈ തുക 9 രൂപ ആയി ഉയര്‍ത്തി, ഇനിയും നെല്‍കൃഷി വികസിക്കും. ഇവിടെ പഠിക്കാന്‍ കഴിയുന്ന വിഷയം വിലയുടെതാണെന്നാണ്.

നെല്‍കൃഷിയുടെ വികസനവും വികേന്ദ്രീകരണ ആസൂത്രണവുംനെല്‍കൃഷിയുടെ വികസനത്തിനായി പലിശ രഹിതവായ്പയും കുറഞ്ഞ പലിശ 4 ശതമാനമാക്കി നിജപ്പെടുത്തിയതും വൈദ്യുതി സൌജന്യവും നെല്‍വയല്‍ സംരക്ഷണ നിയമവും, പശ്ചാത്തല സൌകര്യങ്ങളുടെ സംരക്ഷണവും ലഭ്യമാകുന്നതോടെ ലക്ഷക്കണക്കിനു തൊഴില്‍ അവസരം ഈ രംഗത്ത് സൃഷ്ടിക്കപ്പെടും. നാളികേര കൃഷിയില്‍ തെങ്ങില്‍ നിന്നും 100 നാളികേരം എന്ന ലക്ഷ്യം നേടിയാല്‍ വമ്പിച്ച കുതിപ്പ് ഈ രംഗത്തുണ്ടാകും. എല്‍.ഡി.എഫ് സ്വീകരിച്ച നയത്തിലൂടെ - കര്‍ഷക കടാശ്വാസ നിയമം നടപ്പായതോടെ കര്‍ഷക ആത്മഹത്യയ്ക്ക് അറുതിവരുത്താന്‍ സാധിച്ചു. കടാശ്വാസ നടപടിക്ക് നീക്കിവച്ച തുക പൂര്‍ണ്ണമായി ചിലവാക്കുന്നതോടെ ഇന്ത്യയില്‍ ഒരിടത്തും ലഭിക്കാത്ത സംരക്ഷണം കേരളത്തിനു ലഭിക്കും. വരുംകാല കാര്‍ഷിക മുന്നേറ്റത്തിനു അടിത്തറ പാകുന്ന സമീപനം വികേന്ദ്രീകരണ ആസുത്രണം ആരംഭിച്ചതിന്റെ മാറ്റം കേരളത്തില്‍ കാണുന്നുണ്ട്. ഉല്പാദന മേഖലയ്ക്ക് 40% നീക്കിവയ്ക്കുന്ന ആസൂത്രണ രീതി കാര്‍ഷിക വളര്‍ച്ചയുടെ അടിത്തറ വികസിപ്പിക്കുമെന്നതില്‍ തര്‍ക്കമില്ല.കാര്‍ഷിക മേഖലയില്‍ നിക്ഷേപിക്കുന്ന ഓരോ തുകയും പാവപ്പെട്ട കര്‍ഷകത്തൊഴിലാളിയും ദരിദ്രകര്‍ഷകനും കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നതും ഗ്രാമീണ ജീവിതം മെച്ചപ്പെടുത്തുന്നതുമായിരിക്കും എന്നതില്‍ തര്‍ക്കമില്ല. ഈ നിക്ഷേപതോത് വര്‍ദ്ധിപ്പിക്കാനും കാര്‍ഷികമേഖലയെ ശക്തിപ്പെടുത്താനുമുള്ള സമീപനമാണ് ഇന്ന് തുടക്കം കുറിച്ച വിപുലീകരണത്തിലൂടെ സാധ്യമാക്കേണ്ടത്.

(ലേഖകന്‍: ശ്രീ. സി.കെ.പി. പത്മനാഭന്‍)

ഈ പരമ്പരയിലെ ആദ്യ ലേഖനം - കേരളത്തിന്റെ കാര്‍ഷിക പ്രതിസന്ധി ചരിത്രപരമായ ഒരു വിശകലനം - പ്രൊ.കോശി.പി.മാത്യു

ഈ പരമ്പരയിലെ രണ്ടാമത്തെ ലേഖനം - കാര്‍ഷിക പ്രശ്നവും പരിഹാരവും - ഡോ.കെ.എന്‍.ഹരിലാല്‍

6 comments:

  1. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ കേരളം 1957ല്‍ നടപ്പിലാക്കിയ കാര്‍ഷിക പരിഷ്ക്കരണം കേരളത്തിന്റെ വികസനത്തിന് അടിത്തറപാകി. മൂന്നു ഭാഗങ്ങളായി നിലനിന്ന കേരളത്തില്‍ മൂന്നു തരത്തിലുള്ള ഭൂബന്ധങ്ങളും നിലനിന്നിരുന്നു. വടക്കേ മലബാറിലെ ജന്മി, നാടുവാഴി സമ്പ്രദായത്തിന്റെ ഭാഗമായി നിലനിന്നിരുന്ന വാരം, പാട്ടം മറ്റ് അന്യായ പിരിവുകളും; മധ്യകേരളത്തിലെ രാജാധിപത്യ ചൂഷണവും, തെക്കന്‍ കേരളത്തിലെ ദൈവാധിഷ്ഠിതമായ ചൂഷണവും കാര്‍ഷികോല്പാദനമേഖലയുടെ വിസ്തൃതിക്കും ക്ഷമതയ്ക്കും തടസ്സമായിരുന്നു.....

    കേരള വികസനവും കാര്‍ഷിക മേഖലയും എന്ന ലേഖനം ചര്‍ച്ചകള്‍ക്കായി സമര്‍പ്പിക്കുന്നു.

    ReplyDelete
  2. “ഈ വിപണിയില്‍ കള്ളില്‍ നിന്നും ഉല്പാദിപ്പിക്കുന്ന കള്ളിന്റെ മണമോ വീര്യമോ രുചിയോ ഇല്ലാത്ത പാനീയം (കേരസുധ) ഇറക്കിയാല്‍ തെങ്ങ്ചെത്ത് മേഖലയില്‍ മാത്രം 5 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കും.” കള്ളിന്റെ മണമോ, രുചിയോ, വീര്യമൊ ഇല്ലാത്ത പാനീയം, ഹ ഹ.. ആര്‍ക്ക് വേണം? ആദ്യം ഈ ഹിപ്പോക്രസി മാറിയാല്‍ മാത്രമേ, ശരിയാ‍വൂ.

    ReplyDelete
  3. ഈ കുത്തിയിരുന്നു് എഴുതുന്ന നേരം കൊണ്ട് "അണ്ണാറക്കണ്ണനും തന്നാലായതു്" എന്ന മട്ടില്‍ വല്ലതും ചെയ്താല്‍ കുറെ പ്രതിസന്ധി ഒഴിവാകും.
    ഇളനീരിനേക്കാളും വലിയ കേരസുധയോ ?
    മലേഷ്യക്കാര്‍ ചെയ്യുന്നതു് പോലെ കേര ഉത്പന്നങ്ങള്‍ പ്രോസസ് ചെയ്തു് നമ്മുടെ നാട്ടിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെ നാലിരട്ടി വിലയ്ക്ക് വില്‍ക്കാം ! വാങ്ങാനാളുകളുടെ കയ്യില്‍ കാശുണ്ട് ഭായ് . വില എത്ര കൂട്ടാന്‍ പറ്റുന്നുവോ അത്രയും കൂട്ടുക. കാരണം വിലയുള്ളതിനേ ഈ നാട്ടില്‍ വിലയുള്ളു.

    ReplyDelete
  4. പ്രിയ റാല്‍മിനോവ്,

    താങ്കളുടെ വാദം പോസ്റ്റ് ഇടുന്നതിനു ബാധകമാണെങ്കില്‍ കമന്റിടുന്നതിന്നും ബാധകമല്ലേ? അത് ഏത് തരം സംവാദത്തേയും/പ്രവൃത്തിയേയും നിരര്‍ത്ഥകമാക്കുന്നു. നമുക്കിഷ്ടമില്ലാത്ത എന്തിനേയും ഈ പട്ടികയില്‍പെടുത്തിയാല്‍ പിന്നെ എളുപ്പമായല്ലോ അല്ലേ?

    കാര്‍ഷികോല്‍പ്പന്നങ്ങള്‍ വ്യാവസായിക അസംസ്കൃത പദാര്‍ത്ഥം മാത്രം ആയിരിക്കുന്നിടത്തോളം അതുല്‍പ്പാദിപ്പിക്കുന്ന കര്‍ഷകന് അവന്റെ അദ്ധ്വാനത്തിന് അനുസരിച്ചുള്ള ന്യായമായ പ്രതിഫലം ലഭിക്കുന്നില്ല എന്ന അനുഭവത്തിന്റെ വെളിച്ചത്തിലാണ് അവയില്‍ നിന്നും പുതിയ ഉല്‍പ്പന്നങ്ങള്‍ തദ്ദേശീയമായിതന്നെ ഉല്‍പ്പാദിപ്പിക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചത്.കേരസുധ എന്തായാലും കൊക്കൊക്കോളയേക്കാള്‍ ഭേദമായിരിക്കും എന്നു തോന്നുന്നു..

    ReplyDelete
  5. പരിമിതമായ സൌകര്യത്തില്‍ (ഫ്ലാറ്റിലെ ബാല്‍ക്കണിയില്‍) അത്യാവശ്യം പൂക്കളും കറിവേപ്പിലയും പച്ചമുളകും ഞാനുണ്ടാക്കുന്നുണ്ടു്. ഒരു സുഹൃത്തു് ജോലി ചെയ്യുന്ന ഒരു ചെറിയ കോമ്പൌണ്ടില്‍ മുരിങ്ങയും തക്കാളിയും ചില്ലറ പച്ചക്കറികളും നട്ടു് വളര്‍ത്തുന്നുമുണ്ട്. ഇതിന്റെ കൂടെത്തന്നെയാണു് കമന്റുകളും പോസ്റ്റുകളും ജീവസന്ധാരണത്തിനുള്ള ജോലിയും കുട്ടികളെ കളിപ്പിക്കലും കുളിപ്പിക്കലും മറ്റും. നാട്ടില്‍ നല്ല ഒന്നാന്തരം ജൈവകൃഷി എന്റെ പിതാവു് നടത്തുന്നുണ്ട്.
    തമിഴന്റെ സൌജന്യത്തിലല്ല ഞങ്ങള്‍ പച്ചക്കറി കഴിക്കുന്നതു്.

    ReplyDelete
  6. പ്രിയ റാല്‍മിനോവ്

    വളരെ നല്ലത്...
    ഇതുപോലെയൊക്കെയോ മറ്റു രീതിയിലോ ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യുന്നതിനിടയില്‍ത്തന്നെയായിരിക്കാം മറ്റുള്ളവരും ലേഖനങ്ങള്‍ തയ്യാറാക്കുന്നത് എന്നു കരുതിക്കൂടേ? ആ തിരക്കുകളെക്കുറിച്ചെല്ലാം ഇവിടെ വര്‍ണ്ണിക്കേണ്ടതില്ല എന്നു തന്നെ കരുതുന്നു. അണ്ണാറക്കണ്ണനും തന്നാലായത് ചെയ്യേണ്ട എന്നല്ല അതിനര്‍ത്ഥം. അങ്ങനെ എല്ലാവരും ചെയ്തിരുന്നെങ്കില്‍ ഈ ലോകം എന്നേ നന്നായി പോകുമായിരുന്നു?

    ReplyDelete