നിലനില്‍ക്കുന്ന നയപരിപാടികളുടെ അടിസ്ഥാനത്തില്‍ മുന്നോട്ടുപോകാന്‍ കഴിയാതെ വരുന്ന അവസ്ഥയെ നമുക്ക് പ്രതിസന്ധി എന്നു വിളിക്കാം. അങ്ങനെയെങ്കില്‍ കേരളത്തിന്റെ കാര്‍ഷികമേഖല ഇത്തരം ഒരു കടുത്ത പ്രതിസന്ധിയിലാണ്. ഇത് വന്‍കിട കൃഷിക്കാരെ ബാധിക്കുന്ന പ്രതിസന്ധിയല്ല; മറിച്ച് ലക്ഷോപലക്ഷം ചെറുകിട-നാമമാത്ര കര്‍ഷകരുടെയും ഈ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന കര്‍ഷക തൊഴിലാളികളുടെയും ജീവല്‍ പ്രതിസന്ധിയാണ്.
കാര്‍ഷിക പ്രതിസന്ധികളുടെ ചരിത്രം
ഉല്പാദനമേഖലകളുടെ പ്രതിസന്ധി എന്നത് 'മൂലധന' ഇടപെടലുകളുടെ സൃഷ്ടിയാണ് എന്ന് പൊതുവെ പറയാം. അങ്ങനെ നോക്കുമ്പോള്‍, കേരളത്തിന്റെ കാര്‍ഷിക പ്രതിസന്ധികളുടെ ചരിത്രം ബ്രിട്ടീഷ് അധിനിവേശവുമായി (Colonialism) അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. അധിനിവേശ കാലഘട്ടത്തിന് മുന്‍പ്, കേളത്തിന്റെ കാര്‍ഷിക സമൂഹങ്ങളില്‍ സ്വയംപര്യാപ്തതയുള്ള (Autonomous) നൂറ്റാണ്ടുകള്‍ പഴക്കമുള്ള 'ഒരു ഗ്രാമകൂട്ടായ്മ സമ്പ്രദായം' (കെ.കെ.എന്‍. കുറുപ്പ്, പുറം 115) നിലനിന്നിരുന്നു. ഇവ ഒരു വ്യാപാരരഹിത സമൂഹമായിരുന്നു.
എന്നാല്‍ വിദേശ മൂലധനത്തിന്റെ വരവ് സാമുദായികാചാരത്തിലും കൂട്ടവകാശങ്ങളിലും അധിഷ്ഠിതമായ പ്രസ്തുത വ്യവസ്ഥയെ ശിഥിലമാക്കി എന്നു മാത്രമല്ല, മേച്ചില്‍സ്ഥലങ്ങള്‍ തുടങ്ങിയവയുടെ മേലുള്ള സമൂഹത്തിന്റെ കൂട്ടവകാശം എന്നന്നേക്കുമായി അവസാനിപ്പിക്കുകയും ചെയ്തു' (അതേ പുസ്തകം). എന്നാല്‍ ഇതിന്റെ അര്‍ത്ഥം ഇത്തരം പ്രാങ് -ജന്മിത്വ(Pre-feudal) കാലഘട്ടങ്ങളില്‍ കാര്‍ഷികമേഖലയില്‍ പ്രതിസന്ധികള്‍ ഉണ്ടായിരുന്നില്ല എന്നല്ല. കാരണം ഒരു കാര്‍ഷിക ആവാസവ്യവസ്ഥ രൂപംകൊണ്ട കാലത്തുതന്നെ കാര്‍ഷിക പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ ഇത്തരം പ്രതിസന്ധികള്‍ ഒരു മൂലധന ആധിപത്യവ്യവസ്ഥയില്‍ നിന്നും തുലോം വ്യത്യസ്തമായിരുന്നു എന്നുമാത്രം. മൂലധന ആധിപത്യ വ്യവസ്ഥ ലക്ഷ്യമാക്കുന്നത് മൃഗീയമായി ഇടപെട്ട്, നിഷ്ക്കരുണം മിച്ചമൂല്യം സൃഷ്ടിച്ചെടുക്കുക എന്നതാണ്. അതിനാല്‍ കൊടിയ ചൂഷണം ക്ഷിപ്രസമയത്തിനുള്ളില്‍ സാധ്യമാക്കുക എന്നതാണ് മൂലധന അധിനിവേശത്തിന്റെ സ്വഭാവം. കേരളകാര്‍ഷിക പ്രതിസന്ധികളും ഇത്തരം മൂലധനത്തിന്റെ ഗതിവിഗതികളുമായി ബന്ധപ്പെട്ടവയാണ്.
കാര്‍ഷിക മേഖലയും കൊളോണിയല്‍ മൂലധനവും
കേരള കാര്‍ഷിക മേഖലയെ കൊളോണിയല്‍ മൂലധനം രണ്ടു രീതിയില്‍ സ്വാധീനിച്ചു. ഒന്നാമതായി, ഈ മേഖലയില്‍ നിന്ന് നികുതി - നികുതിയേതര മാര്‍ഗ്ഗങ്ങളിലൂടെ പരമാവധി മിച്ചമൂല്യം ഊറ്റിയെടുക്കാനുള്ള വ്യവസ്ഥ സൃഷ്ടിച്ചു. രണ്ടാമത്, കേരള കാര്‍ഷിക മേഖലയെ അന്തര്‍ദേശീയ വ്യാപാര ബന്ധിയാക്കി ( trade related) മാറ്റി. കാര്‍ഷിക ഉല്പന്നത്തിന്റെ 80% വും നികുതിയായി വസൂലാക്കപ്പെട്ടു. കൂടാതെ, ബ്രിട്ടീഷ് വ്യവസായങ്ങള്‍ക്ക് ആവശ്യമായ അസംസ്കൃത സാധനങ്ങള്‍ സൃഷ്ടിക്കുന്ന ഒരു ഉപഗ്രഹ കാര്‍ഷിക സമ്പദ് വ്യവസ്ഥയെ അവര്‍ ബോധപൂര്‍വ്വം സൃഷ്ടിച്ചെടുത്തു. കേരളത്തില്‍ ഫ്യൂഡല്‍ കാലത്ത് പ്രധാനമായും കയറ്റി അയയ്ക്കപ്പെട്ടത് കുരുമുളകായിരുന്നു എങ്കില്‍ പിന്നീട് വിദേശ വ്യാപാരം കയര്‍, കൊപ്ര, വെളിച്ചെണ്ണ, കാപ്പി, തേയില, റബ്ബര്‍ തുടങ്ങിയ തോട്ടവിളകളുടെ കയറ്റുമതിയും അരി, തുണി, പുകയില, മണ്ണെണ്ണ, ലോഹ ഉപകരണങ്ങള്‍ മുതലായ സാധനങ്ങളുടെ ഇറക്കുമതിയും കേന്ദ്രീകരിച്ചുമായി. ഏകീകൃത നാണ്യ -തൂക്ക- അളവ് -ചുങ്ക വ്യവസ്ഥ ഏര്‍പ്പെടുത്തിയും ഗതാഗത സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചും നാണ്യവിള പ്രധാനമായ ഒരു കാര്‍ഷിക വ്യവസ്ഥ കേരളത്തില്‍ സൃഷ്ടിച്ചെടുക്കാന്‍ ബ്രിട്ടീഷുകാര്‍ക്ക് കഴിഞ്ഞു. ചുരുക്കത്തില്‍ വാണിജ്യ (മൂലധന) പ്രധാനമായ ഒരു വ്യവസ്ഥയും ഫ്യൂഡല്‍ കാര്‍ഷിക സമൂഹവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ മൂലധന വ്യവസ്ഥ ആധിപത്യം നേടുകയായിരുന്നു.
ഒരു മൂലധന വ്യവസ്ഥയുടെ ചൂഷണ രീതികള്‍ക്ക് സ്ഥല-കാല ഐക്യരൂപമോ ബന്ധങ്ങളോ ഇല്ല. അഥവാ മൂലധനം അതിന്റെ മിച്ചമൂല്യശേഖരം എന്ന ധര്‍മ്മം എല്ലായിടത്തും ഒരേ രീതിയിലല്ല നിര്‍വ്വഹിക്കുന്നത്. അതിനുള്ളത് ഒരു പ്രയോഗസിദ്ധാന്തമാണ് (Utilitarianism). ഏതൊരു പശ്ചാത്തലമാണോ കൂടുതല്‍ മിച്ചമൂല്യ സംഗ്രഹം സാദ്ധ്യമാക്കുന്നത്, അത്തരം പശ്ചാത്തലത്തോട് ഇടപഴകിയും (Adaption) മിക്കപ്പോഴും അത്തരം പശ്ചാത്തല സൃഷ്ടി നടത്തിയും മൂലധനം അതിന്റെ ധര്‍മ്മം നിര്‍വ്വഹിക്കുന്നു. കേരളത്തിന്റെ കാര്‍ഷിക മേഖലാ മൂലധനബന്ധങ്ങളിലും ഇക്കാര്യം സുവിദിതമാണ് . ഇതിന്റെ ഉത്തമ ഉദാഹരണമാണ് മലബാര്‍-തിരുവിതാംകൂര്‍ കാര്‍ഷിക മേഖലകളിലേക്കുള്ള മൂലധന അധിനിവേശം. ബ്രിട്ടീഷ് ആധിപത്യം (മൂലധനം) മലബാറിന്റെ ജാതി - ഫ്യൂഡല്‍ വ്യവസ്ഥകളെ ശക്തിപ്പെടുത്തിയപ്പോള്‍, തിരുവിതാംകൂറിലെ ഫ്യൂഡല്‍ വ്യവസ്ഥയുടെ ശക്തിയെ ചെറിയൊരളവിലെങ്കിലും ക്ഷയിപ്പിച്ചുകൊണ്ടായിരുന്നു മിച്ചമൂല്യം സ്വരൂപിച്ചത്.
തിരുവിതാംകൂറും മലബാറും-വ്യത്യസ്ത അനുഭവങ്ങള്‍
പത്തൊന്‍പതാം നൂറ്റാണ്ടില്‍ മാര്‍ത്താണ്ഡവര്‍മ്മ രാജാവ്, മാടമ്പികളുടെ ഭൂമി പിടിച്ചെടുത്ത് കുടിയാന്മാര്‍ക്ക് നല്‍കിയതും, 1818 ല്‍ തരിശുഭൂമി കൃഷി ചെയ്യാന്‍ വിട്ടുകൊടുത്തതും, ദേവസ്വം വസ്തുക്കള്‍ കേണല്‍ മണ്‍ട്രോ ഏറ്റെടുത്തതും ഒക്കെ തിരുവിതാംകൂറില്‍ ഭൂമിയെയും കൃഷിയെയും വാണിജ്യവല്‍ക്കരണ പ്രക്രിയയ്ക്ക് വിധേയമാക്കി. അപ്രകാരം സ്വകാര്യ സമ്പന്ന കൃഷി വളര്‍ന്നു. ബ്രിട്ടീഷ് ഭരണവും വിദേശ മൂലധന ഒഴുക്കും തോട്ടം മേഖലയെ അടിസ്ഥാനപ്പെടുത്തിയുള്ള വാണിജ്യകൃഷിയെ ശക്തിപ്പെടുത്തി. എന്നാല്‍ മലബാറിലെ ബ്രിട്ടീഷ് ആധിപത്യം, ജന്മി വ്യവസ്ഥയ്ക്ക് കൂടുതല്‍ ശക്തിപകരുന്നതായിരുന്നു. ആയതിനാല്‍ അവിടെ കൃഷിക്കാരുടെ നില കൂടുതല്‍ ശോചനീയമാവുകയായിരുന്നു. 1921 ലെ മലബാര്‍ കാര്‍ഷിക കലാപങ്ങളുടെ ഒരു പ്രധാനപ്പെട്ട കാരണം അവിടെ നിലനിന്നിരുന്ന ദുരിതപൂര്‍ണ്ണമായ കാര്‍ഷിക ബന്ധങ്ങളായിരുന്നു.
അങ്ങനെ നോക്കുമ്പോള്‍ കേരളത്തിന്റെ കാര്‍ഷിക പ്രതിസന്ധി മൂലധന ശക്തികളുടെ കൊള്ളകൊടുക്കലുകളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു കാണാം. തോട്ടം മേഖലയിലേക്ക് മൂലധനത്തിന്റെ കടന്നുകയറ്റം മലബാറിനെ അപേക്ഷിച്ച് തിരുവിതാംകൂര്‍ കേന്ദ്രീകരിച്ചായിരുന്നു. തോട്ടം മേഖലയിലെ വാണിജ്യവല്‍ക്കരണം തദ്ദേശ സമ്പദ് വ്യവസ്ഥയുടെ വികസനത്തെ കാര്യമായി സഹായിച്ചില്ല. വിദേശമൂലധനം 18, 19 നൂറ്റാണ്ടുകളില്‍ നിലനിന്നിരുന്ന ജാതിവ്യവസ്ഥയില്‍ ഇടപെടാന്‍ തയ്യാറായിരുന്നില്ല എന്നതാണിതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ജാതിവ്യവസ്ഥ നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനങ്ങള്‍ (Proclamations) ഉണ്ടായിട്ടും അതു നടപ്പാക്കാന്‍ ഭരണകൂടം (കോടതികള്‍ ഉള്‍പ്പെടെ) തയ്യാറായില്ല. അതിനാല്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടുകൂടി കേരളത്തിലെ അടിമവ്യവസ്ഥ നിരോധിയ്ക്കപ്പെട്ടെങ്കിലും, ഇതേ കാലഘട്ടത്തില്‍തന്നെ തോട്ടം മേഖലയ്ക്ക് ആവശ്യമായ തൊഴിലാളികളെ ആഭ്യന്തരമായി ലഭ്യമായിരുന്നില്ല (തര്യന്‍ ജോര്‍ജ്ജ് & മൈക്കിള്‍ തരകന്‍).
കാര്‍ഷിക അടിമകളെ തോട്ടംമേഖല പ്രവര്‍ത്തിമേഖലകളിലേക്ക് വിട്ടുകൊടുക്കാന്‍ ഉടമകള്‍ തയ്യാറായില്ല,എന്നതാണതിന്റെ കാരണം. കേരളത്തിന്റെ തോട്ടം മേഖലയില്‍ കുടിയേറ്റ തൊഴിലാളികളാണ് പണിയെടുത്തിരുന്നത്. അതായത് , തോട്ടം മേഖലയുടെ ഉത്ഭവവുമായി ബന്ധപ്പെട്ട സാമ്പത്തിക പരിവര്‍ത്തന പ്രക്രിയയ്ക്ക് സമാന്തരമായി ഉണ്ടാകേണ്ട സാമൂഹ്യമായ പരിവര്‍ത്തന പ്രക്രിയ കേരളത്തില്‍ കാര്യമായി ഉണ്ടായില്ല എന്ന് സാരം. ചുരുക്കിപ്പറഞ്ഞാല്‍, വിദേശമൂലധന പ്രചോതിദമായി കേരള കാര്‍ഷിക മേഖലയില്‍ ഉണ്ടായ മാറ്റങ്ങള്‍ ആഭ്യന്തര സമ്പദ് വ്യവസ്ഥയുടെ പ്രത്യേകിച്ച് സാധാരണക്കാരായ കൃഷിക്കാരുടെ സാമ്പത്തിക നിലവാരത്തില്‍ കാര്യമായ മാറ്റം സൃഷ്ടിച്ചില്ല. മൂലധനത്തിന്റെ ഇടപെടലുകള്‍ കാര്‍ഷിക വ്യവസ്ഥയുടെ ഉല്പാദനശക്തികളെ മോചിപ്പിച്ചില്ല എന്നു സാരം. എന്നുമാത്രമല്ല, കാര്‍ഷിക വികസനം, അതിന്റെ നേട്ടങ്ങളുടെ പരിശ്രവണനം (Trickle down) പോലും ഉണ്ടാക്കിയില്ല. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ തോട്ടവല്‍ക്കരണ പ്രക്രിയയുടെ നേട്ടങ്ങള്‍ സമ്പന്ന കര്‍ഷകര്‍ ഒഴികെ,കാര്‍ഷികോല്പാദനപ്രക്രിയയിലെ ബഹുഭൂരിപക്ഷം പങ്കാളികളേയും സ്പര്‍ശിച്ചില്ല.
ലോക മാന്ദ്യവും കാര്‍ഷിക പ്രതിസന്ധിയും
കേരള കാര്‍ഷിക മേഖലയുടെ വിദേശ മൂലധന ബന്ധങ്ങള്‍ സാധാരണ കര്‍ഷകരെയും പാപ്പരീകരിച്ചുകൊണ്ടിരുന്നു. ന്യൂയോര്‍ക്കില്‍, ലണ്ടനില്‍, ആസ്റ്റര്‍ഡാമില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില ഇടിഞ്ഞാല്‍ കേരളത്തിലെ കൃഷിക്കാര്‍ പാപ്പരാകുന്ന അവസ്ഥ ഉണ്ടായിരുന്നു. ഉദാഹരണത്തിന് 1928- 36 (ലോക മാന്ദ്യ കാലഘട്ടത്തില്‍) തേങ്ങയുടെ വില 1000 ത്തിന് 60 രൂപയില്‍ നിന്നും 15 രൂപയായി (1936) കുറയുകയുണ്ടായി. ബ്രിട്ടീഷുകാര്‍ പ്രോത്സാഹിപ്പിച്ചിരുന്ന കേരകൃഷിയും കര്‍ഷകരും അവതാളത്തിലായി. രണ്ടാം ലോകമഹായുദ്ധകാലത്ത്, അരി ഇറക്കുമതി ചെയ്തിരുന്ന കേരളം, ഭക്ഷ്യ ലഭ്യതയുടെ കാര്യത്തില്‍ കടുത്ത ക്ഷാമം നേരിട്ടു.
എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ കേരള പൊതു സമൂഹത്തില്‍ നിലനിന്നിരുന്ന നിശ്ചലതയെ ഭേദിച്ചുകൊണ്ടുള്ള സാമൂഹ്യ പരിവര്‍ത്തന പ്രസ്ഥാനങ്ങള്‍ തിരുവിതാംകൂറില്‍ ഉടലെടുത്തു. ഫ്യൂഡല്‍-ജാതിവിരുദ്ധ ആശയങ്ങള്‍ ഇത്തരം പ്രസ്ഥാനങ്ങളുടെ പ്രധാന മുദ്രാവാക്യമായിരുന്നു. മലബാറിലാകട്ടെ സായുധമായിതന്നെ ഫ്യൂഡല്‍ ബന്ധങ്ങള്‍ ചോദ്യംചെയ്യപ്പെട്ടു. മലബാര്‍ കലാപം (1921) സാമ്രാജ്യത്വത്തിനും ഭൂവുടമകള്‍ക്കും എതിരെയുള്ള ഒന്നായിത്തീര്‍ന്നു. 1920കളില്‍ തൊഴിലാളി വര്‍ഗ്ഗ സംഘടനകള്‍ രൂപംകൊള്ളാന്‍ തുടങ്ങി. വടക്കന്‍ കേരളത്തില്‍ മലബാര്‍ കലാപത്തിനുശേഷം ശക്തിയായ ഫ്യൂഡല്‍ വിരുദ്ധ സമരങ്ങള്‍ ഉണ്ടായിത്തുടങ്ങി. ദേശീയ സ്വാതന്ത്ര്യ സമരപ്രസ്ഥാനങ്ങള്‍ ഇത്തരം ചെറുത്തുനില്‍പ്പുകള്‍ക്ക് ആവേശം പകര്‍ന്നു. 1930 കളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജന്മമെടുക്കുകയും സാമ്രാജ്യത്വ-ജാതി- ഫ്യൂഡല്‍ വിരുദ്ധ സമരങ്ങള്‍ക്ക് അഭൂതപൂര്‍വ്വമായ മുന്നേറ്റമുണ്ടാവുകയും ചെയ്തു. എന്നാല്‍ കൊളോണിയല്‍ ആധിപത്യം അവസാനിയ്ക്കുമ്പോഴും കേരളത്തിന്റെ കാര്‍ഷികമേഖല പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു.
1957 ലെ ഭൂപരിഷ്ക്കരണ ബില്‍
1947 വരെയുള്ള പ്രതിസന്ധിയുടെ സ്വഭാവം മുകളില്‍ സൂചിപ്പിച്ചതായിരുന്നുവെങ്കില്‍, പിന്നീട് കേരളത്തിന്റെ കാര്‍ഷിക ഉല്‍പ്പാദനത്തിന് മറ്റൊരു രൂപം നിലവില്‍വന്നു. സ്വതന്ത്ര ഇന്ത്യയുടെ വികസനത്തിന് പൊതുമേഖലക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പഞ്ചവത്സരപദ്ധതി ഒരു മാര്‍ഗമായി സ്വീകരിച്ചപ്പോള്‍, കൊളോണിയല്‍ ഭരണകാലഘട്ടത്തില്‍ നിന്നും വ്യത്യസ്ഥമായി ഒരു സംരക്ഷിത (State protected) കാര്‍ഷിക ഉല്‍പ്പാദന രീതി രൂപം കൊണ്ടു. കാര്‍ഷിക സബ് സിഡികള്‍, മെച്ചപ്പെട്ട ഉല്പന്ന വില, ജലസേചന സൌകര്യം, വിപണന സൌകര്യങ്ങള്‍ മുതലായവ ഒരുക്കിയാണ് കാര്‍ഷികമേഖലയെ പരിരക്ഷിച്ചത്. എന്നാല്‍ ഇതോടൊപ്പം 1957 ലെ ഭൂപരിഷ്ക്കരണ ബില്‍ തുറന്നുവച്ച സാമൂഹ്യ പശ്ചാത്തലം കൂടിയായപ്പോള്‍ കാര്‍ഷിക ഭൂമിയുടെ വിസ്തീര്‍ണം വര്‍ദ്ധിപ്പിക്കുന്നതിലും ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും 1960 കളില്‍ തന്നെ കേരളത്തിനു സാദ്ധ്യമായി.
1957 നുശേഷം കാര്‍ഷിക വികസനത്തില്‍ ( ഉല്‍പ്പാദനത്തിലും കൃഷി ഭൂമിയുടെ വര്‍ദ്ധനവിലും) വര്‍ദ്ധനവുണ്ടാക്കി എന്നത് യാഥാര്‍ഥ്യമാണെങ്കിലും, സാമൂഹ്യജീവിതത്തില്‍ അത് സൃഷ്ടിച്ച മാറ്റം കൂടുതല്‍ ബൃഹത്തായതാണ്. ഭൂപരിഷ്കരണ ബില്‍ നിയമമാകുന്നത് 1971 ല്‍ ആണല്ലോ. പക്ഷേ 1957 ല്‍ അവതരിപ്പിക്കപ്പെട്ട ബില്ലുകൊണ്ടുതന്നെ ജന്മിമാര്‍ ഭൂമി കൈമാറുന്നതിന് (കുറഞ്ഞ വിലയ്ക്കുള്ള വില്‍പ്പന) തയ്യാറായി. ബില്‍ നിയമമാകുന്നതിനു മുന്‍പുതന്നെ ഫ്യൂഡല്‍ ബന്ധങ്ങള്‍ ദുര്‍ബലമാകാന്‍ തുടങ്ങി. ആയതിന്‍ പ്രകാരം ഉല്‍പ്പാദനത്തില്‍ വര്‍ദ്ധനവുണ്ടായി. എന്നാല്‍ ഒരു വിരോധാഭാസമെന്നോണം 1971 നു ശേഷം കേരള കാര്‍ഷിക മേഖല, പ്രത്യേകിച്ച് 1975 നുശേഷം മുരടിക്കുകയാണുണ്ടായത്.
ഒരു പ്രത്യേക നിയമവ്യവസ്ഥയെക്കാളും, നിലനില്‍ക്കുന്ന സാമൂഹ്യ വ്യവസ്ഥകളുടെ അവസ്ഥയാണ് മാറ്റങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള നിദാനങ്ങള്‍ എന്നാണ് ഈ അനുഭവം വെളിപ്പെടുത്തുന്നത് .1957 ലെ കാര്‍ഷിക പരിഷ്കാര ബില്ല് കാര്‍ഷിക ഉല്‍പ്പാദനത്തില്‍ വരുത്തിയ മാറ്റങ്ങളേക്കാള്‍ ഏറെ പ്രാധാന്യമേറിയത് അത് ജീവിതങ്ങളില്‍ വരുത്തിയ മാറ്റം ആണ്. ഫ്യൂഡല്‍ ബന്ധങ്ങളുടെ തുടലൂരി എറിഞ്ഞ് പ്രതീക്ഷയുടെയും കര്‍മ പരിപാടികളുടെയും വിത്തും കൈക്കോട്ടുമായി 'പുതിയ പൌര' സമൂഹങ്ങളെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ ഭൂപരിഷ്ക്കരണത്തിന് കഴിഞ്ഞിട്ടുണ്ട്. അധഃസ്ഥിതര്‍ക്ക് അവര്‍ അകപ്പെട്ടുപോയ. നിശബ്ദബോധത്തിന്റെ തോടുപൊട്ടിച്ച് പുറത്തുവരാന്‍, കുട്ടികളെ സ്കൂളുകളില്‍ അയയ്ക്കാന്‍, ആധുനിക സാമൂഹ്യ ചലനങ്ങള്‍ക്ക് താന്‍കൂടി അവകാശിയാണെന്ന് ബോധ്യപ്പെടാന്‍ ഒക്കെ കഴിഞ്ഞത് ഭൂപരിഷ്കണ ബില്‍ സൃഷ്ടിച്ച പുതിയ സാമൂഹ്യ സാഹചര്യങ്ങളുടെ ഫലമായി ആയിരുന്നു. ഇത്തരം ജീവിതബന്ധിയായ ഒരു സമാന്തര പ്രക്രിയ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ ഇതുവരെയും കാണാന്‍ കഴിഞ്ഞിട്ടില്ല.
കാര്‍ഷികപ്രതിസന്ധിയുടെ കാരണങ്ങള്‍
എന്നാല്‍ 1975 നു ശേഷം കാര്‍ഷിക മേഖലയുടെ ഉല്‍പ്പാദനവും ഉല്‍പ്പാദന ക്ഷമതയും ഗണ്യമായി കുറയുകയുണ്ടായി. 1980 കളില്‍ ആരംഭിക്കുകയും 1990 കളോടുകൂടി ശക്തിപ്രാപിക്കുകയും ചെയ്ത നിയോ ലിബറല്‍ സാമ്പത്തിക നയങ്ങള്‍ കാര്‍ഷിക മേഖലയെ തകര്‍ത്ത് തരിപ്പണമാക്കുകയും സ്വാതന്ത്ര്യാനന്തര കേരളത്തില്‍ ഉണ്ടായിട്ടില്ലാത്ത കര്‍ഷക ആത്മഹത്യകള്‍ സൃഷ്ടിക്കുകയും ചെയ്തു. എന്നാല്‍ 1975 ന് ശേഷം രൂപംകൊണ്ട ഗുരുതരമായ കാര്‍ഷികപ്രതിസന്ധിയുടെ കാരണങ്ങള്‍ എന്തൊക്കെയാണ്?
1. കേരളത്തില്‍ വികസനത്തിന്റെ ഭാഗമായ സര്‍വ്വീസ് മേഖലയുടെ വളര്‍ച്ച മൂലം കാര്‍ഷികോല്പാദനോപാധിയായ ഭൂമിയുടെ ഉടമസ്ഥരായിരുന്ന ഒരു വലിയ വിഭാഗം ജനങ്ങള്‍ സേവനമേഖലാ തൊഴിലുകളില്‍ എത്തപ്പെട്ടു. എന്നാല്‍ സര്‍ക്കാര്‍ ജോലി ലഭ്യമായ ശേഷവും ഇവര്‍ കൃഷിഭൂമിയുടെ ഉടമകളായി തുടര്‍ന്നു. ചുരുക്കി പറഞ്ഞാല്‍ കൃഷിയില്‍ മുന്‍ഗണനാതാല്‍പ്പര്യം ഇല്ലാത്തവരുടെ കയ്യില്‍ ഭൂ ഉടമസ്ഥത നിലനിന്നു.
2. ഗവണ്‍മെന്റ് തലത്തില്‍ നല്‍കിയിരുന്ന പ്രത്യേക കാര്‍ഷിക സംരക്ഷണങ്ങള്‍, 1980-90 കളില്‍ ശക്തി പ്രാപിച്ച നിയോ ലിബറല്‍ സാമ്പത്തിക നയങ്ങളുടെ ഭാഗമായി ഇല്ലാതെയായി. കാര്‍ഷികവൃത്തി നഷ്ടപ്പണിയായതിനാല്‍ കൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തീര്‍ണ്ണം ക്രമേണെ കുറഞ്ഞു വന്നു.
3. വര്‍ദ്ധിച്ചു വന്ന ഗള്‍ഫ് പണത്തിന്റെ ഒഴുക്ക് ഭൂമിയെ ഒരു ഊഹക്കച്ചവട വസ്തുവാക്കി. ഭൂ ഉടമസ്ഥതയില്‍ ഇതുമൂലം ഉണ്ടായ മാറ്റം കൃഷി ഭൂമിയെ കൃഷിയില്‍ താല്‍പ്പര്യമില്ലാത്ത ഒരു വിഭാഗം ആളുകളുടെ കയ്യില്‍ എത്തിച്ചു.
4. 1990 ല്‍ ശക്തിപ്രാപിച്ച നിയോ ലിബറല്‍ സാമ്പത്തിക പരിഷ്കാരങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ഉദാരവല്‍ക്കരണ (liberalised) നയങ്ങളുടെ ഭാഗമായി കാര്‍ഷികമേഖലയില്‍ ധനമൂലധനത്തിന്റെ (Finance Capital) ക്രൂരമായ ആക്രമണം ഉണ്ടായി. 1950 കള്‍ക്ക് ശേഷം MRTP, FERA, ചുങ്ക സംരക്ഷണം തുടങ്ങിയവ മൂലം നിയന്ത്രിച്ചു നിര്‍ത്തിയിരുന്ന വിദേശമൂലധനത്തെ 1985 മുതല്‍ നിര്‍ബാധം തുറന്നുവിട്ടപ്പോള്‍ മൂലധന വ്യാപാരങ്ങള്‍ക്ക് കടുത്ത കൊളോണിയല്‍ ചൂഷണ ( നമുക്ക് ഇതിനെ പുത്തന്‍ കൊളോണിയലിസം എന്നു വിളിക്കാം) സ്വഭാവം കൈവരുകയുണ്ടായി. വിപണി ഏകീകരണം, ചുങ്ക സംരക്ഷണ നിഷേധം, WTOയുടെ ഭാഗമായി ഉണ്ടായ ഇറക്കുമതി, ഉദാരവല്‍ക്കരണം, സര്‍ക്കാര്‍ മേഖലയുടെ പെട്ടെന്നുണ്ടായ പിന്മാറ്റം തുടങ്ങിയ നയങ്ങളൊക്കെക്കൂടി ആയപ്പോള്‍, പണ്ട് "ലണ്ടനില്‍, മാഞ്ചസ്ററില്‍" എന്നതിനു പകരം ലോകത്ത് എവിടെയെങ്കിലും ധനമൂലധനം സൃഷ്ടിക്കുന്ന ആന്തോളനങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ത്തന്നെ പ്രാഥമിക വസ്തുക്കള്‍ ഉല്‍പ്പാദിപ്പിച്ച് (കുരുമുളക്, ഏലം, നെല്ല്, തെങ്ങ് തുടങ്ങിയവ) കയറ്റുമതി ചെയ്യുന്ന മൂന്നാം ലോക രാജ്യങ്ങളെ (ഇത്തരം ഉല്‍പ്പന്നങ്ങളെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുക എന്നതാണല്ലോ സാമ്രാജ്യത്വ മൂലധന താല്‍പ്പര്യം) പ്രതിസന്ധിയിലാക്കും എന്നത് ലളിതമായ സത്യം മാത്രം. കേരളത്തിലെ കര്‍ഷക പ്രതിസന്ധിയും മുഖ്യമായും ഇത്തരം മൂലധന ഇടപെടലുകളുടെ പരിണിത ഫലമാണ്. ഈ അവസ്ഥകളോട് ശക്തിയായി പ്രതികരിക്കാന്‍ കഴിയാത്ത ഗവണ്‍മെന്റാണ് ഉള്ളതെങ്കില്‍ മൂലധന താല്‍പ്പര്യം അനുസരിച്ച് പ്രതിസന്ധി ദീര്‍ഘകാലത്തേയ്ക്ക് തുടരാവുന്നതാണ്.
കേരളത്തിലെ കാര്‍ഷിക പ്രതിസന്ധിക്ക് മറ്റൊരു പ്രത്യേകതകൂടിയുണ്ട്. നേരത്തെ ഞാന്‍ സൂചിപ്പിച്ചത് ഒരു ചോദനപക്ഷ (Demand Side ) - കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വാങ്ങലുമായി ബന്ധപ്പെട്ടത്- വിശദീകരണങ്ങളോടൊപ്പം പ്രാദേശിക സ്ഥായിയായ (Internalised) പ്രശ്നങ്ങളെ കാണാതിരിയ്ക്കരുത്. എന്താണത്? 1940 കളില്‍ കേരളത്തിന്റെ പ്ലാന്റേഷന്‍ മേഖലകളില് നിന്നും വിദേശ മൂലധനം പിന്‍വാങ്ങിയപ്പോള്‍ തദ്ദേശ ക്രിസ്ത്യാനി മൂലധനം പ്രസ്തുത മേഖലയിലേക്ക് ഒഴുകി എത്തുകയുണ്ടായി. പ്ലാന്റേഷന്‍ മേഖലയില്‍ കൊളോണിയല്‍ കാലത്തു തന്നെ ഊഹക്കച്ചവടമൂല്യം (പ്ലാന്റേഷന്‍ വിളകളില്‍ നിന്നുള്ള ലാഭവും പ്ലാന്റേഷന്‍ ഭൂമിയുടെ വില വര്‍ദ്ധനവിലൂടെ ലഭ്യമാകുന്ന ധന മിച്ചവും) വര്‍ദ്ധിച്ചതായിരുന്നു. ആയതിനാല്‍ വ്യവസായത്തില്‍ പണം മുടക്കാതെ, ഇക്കൂട്ടര്‍ ഭൂരിപക്ഷവും പ്ലാന്റേഷന്‍ മേഖലയില്‍ തന്നെ നിലകൊണ്ടു.
ആഗോളവല്‍ക്കരണ കാലത്ത് വിദേശ നാണ്യ വിനിമയ നിരക്കില്‍ ഉണ്ടായ വന്‍പിച്ച വര്‍ദ്ധനവ് മലയാളികളുടെ വാങ്ങല്‍ കഴിവ് (ചോദനം) പലമടങ്ങ് വര്‍ദ്ധിപ്പിക്കുകയും അപ്രകാരമുണ്ടായ മിച്ചത്തെ ഭൂനിക്ഷേപമായി മാറ്റാന്‍ അവസരം നല്‍കുകയുമുണ്ടായി. ചുരുക്കത്തില്‍ ഇന്നിപ്പോള്‍ കൃഷി ഭൂമി ഒരു ഊഹക്കച്ചവട വസ്തുവായി മാറുകയും കൃഷിയില്‍ താല്‍പ്പര്യമില്ലാത്ത 85% ആളുകളുടെ കൈവശം അത് എത്തിച്ചേരുകയും ചെയ്തു. ഇത്തരം അവസ്ഥയില്‍ സാധാരണ ഉണ്ടാകാറുള്ള ഭൂപാട്ട വ്യവസ്ഥ (Absentee Land Lordism) കേരളത്തില്‍ വ്യാപകമായി ഉണ്ടാക്കിയിരിക്കുന്ന ഇന്നത്തെ കാര്‍ഷികമേഖലാ പ്രതിസന്ധി കൂടുതല്‍ ഗൌരവമുള്ളതാണ്.
1970-80 കളില്‍ ജനസംഖ്യയില്‍ 40% വരെ കാര്‍ഷിക മേഖലയെ ആശ്രയിച്ചു കഴിഞ്ഞിരുന്നു. എന്നാല്‍ ഇന്നും ഏതാണ്ട് ആ നിലതന്നെ തുടരുന്നു. പക്ഷേ കാര്‍ഷികമേഖലയുടെ പങ്ക്, ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം, മൊത്തം സ്റ്റേറ്റ് ഉല്‍പ്പാദനത്തിന്റെ 13% ആയി കുറയുകയുണ്ടായി. ഇതിന്റെ അര്‍ത്ഥം കാര്‍ഷികമേഖലയെ ആശ്രയിച്ചു കഴിയുന്ന 40% വരുന്ന ജനസഞ്ചയത്തിന് പങ്കുവെയ്ക്കാന്‍ 13% സ്റ്റേറ്റ് വരുമാനം മാത്രം!
പരിഹാര മാര്‍ഗ്ഗങ്ങള്‍
ഇവിടെയാണ് ആത്മഹത്യ കര്‍ഷകന്റെ മുന്നില്‍ ഒരു പരിഹാരമാര്‍ഗ്ഗമായി പ്രത്യക്ഷപ്പെടുന്നത് ! അതിനാല്‍ ഇന്നത്തെ അവസ്ഥയില്‍ കേരള വികസനമെന്നത് പ്രധാനമായും കാര്‍ഷിക മേഖല നിബദ്ധമായിരിക്കേണ്ടതാണ്. നമ്മുടേതുപോലുള്ള സമ്പദ് വ്യവസ്ഥയില്‍ കാര്‍ഷിക ഉല്‍പ്പന്ന വിലയും കാര്‍ഷിക ഉല്‍പ്പാദനവും തമ്മില്‍ ഉയര്‍ന്ന അനുബന്ധം നിലനില്‍ക്കുന്നു. പ്രൊഫ. മൈക്കള്‍ കലകസ്കി പറയുന്നതുപോലെ കാര്‍ഷിക മേഖലയില്‍ ഉല്‍പ്പന്നവില നിശ്ചയിക്കുന്നത് വിപണി ചോദനവും (Market Demand) വ്യാവസായിക ഉല്‍പ്പന്നവില നിശ്ചയിക്കുന്നത് ഉല്‍പ്പാദന ചെലവുമാണ്. അപ്രകാരം കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ആവശ്യക്കാര്‍' (Demand Factor - അഥവാ വാങ്ങുന്നവര്‍) നിശ്ചയിക്കുന്ന വിലകള്‍ ആയതുകൊണ്ട്, കാര്‍ഷിക വിളകള്‍ക്ക് വ്യാവസായിക ഉല്‍പ്പന്നത്തെക്കാളും താരതമ്യ വില കുറഞ്ഞു നില്‍ക്കും. ഉദാഹരണത്തിന് അരി, പാല്‍ മുതലായവകളുടെ വില ഗതികള്‍ ശ്രദ്ധിച്ചാല്‍ ഇത് മനസിലാകും. ഇത്തരം സന്ദര്‍ഭങ്ങളില്‍ കാര്‍ഷിക ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കാന്‍ സബ് സിഡി നല്‍കേണ്ടിവരും. കൂടാതെ , മൂലധന അധിനിവേശത്തിന്റെ വര്‍ത്തമാനകാല പശ്ചാത്തലത്തില്‍, അസംസ്കൃത വസ്തുക്കളെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ മൂലധനം നടത്തും. അതിനാല്‍ കാര്‍ഷികമേഖലയെ പെറ്റി പ്രൊഡക്ഷന്‍(ചെറുകിട) മേഖലയില്‍ ഉള്‍പ്പെടുത്തി 'സാമ്പത്തിക കൈതാങ്ങ്' നല്‍കുന്നതോടൊപ്പം സാമ്രാജ്യത്വ മൂലധന-അധിനിവേശങ്ങളില്‍ നിന്നും സംരക്ഷിക്കേണ്ടതുണ്ട്. ഇന്നത്തെ ഇന്‍ഡ്യന്‍ അവസ്ഥയില്‍ ഈ രണ്ടു കാര്യങ്ങളും നേടിയെടുക്കുന്നതിന് ശക്തിയായ ബഹുജന സമരങ്ങള്‍ ഉണ്ടാകണം.
(ലേഖകന്‍:പ്രൊഫ: കോശി. പി. മാത്യു)
ചിത്രങ്ങള്‍ക്ക് കടപ്പാട്: വിക്കിപീഡിയ, തുളസിദാസിന്റെ ബ്ലോഗ്, കേരള സര്‍ക്കാര്‍ വെബ് സൈറ്റ്.
(ഈ പരമ്പരയിലെ രണ്ടാമത്തെ ലേഖനം: “കാര്‍ഷികപ്രശ്നവും പരിഹാരവും”- ഡോ.കെ.എന്‍.ഹരിലാല്‍)
ഈ പരമ്പരയിലെ മൂന്നാമത്തെ ലേഖനം - കേരള വികസനവും കാര്‍ഷിക മേഖലയും - ശ്രീ.സി.കെ.പി.പത്മനാഭന്‍
2 comments:
കേരളത്തിന്റെ കാര്‍ഷികമേഖല ഒരു കടുത്ത പ്രതിസന്ധിയിലാണ്. ഇത് വന്‍കിട കൃഷിക്കാരെ ബാധിക്കുന്ന പ്രതിസന്ധിയല്ല; മറിച്ച് ലക്ഷോപലക്ഷം ചെറുകിട-നാമമാത്ര കര്‍ഷകരുടെയും ഈ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന കര്‍ഷക തൊഴിലാളികളുടെയും ജീവല്‍ പ്രതിസന്ധിയാണ്.
“കേരളത്തിലെ കാര്‍ഷികമേഖലയിലെ പ്രശ്നങ്ങള്‍, അതിന്റെ ചരിത്രം, പരിഹാരനിര്‍ദ്ദേശങ്ങള്‍“ എന്ന പരമ്പരയിലെ ആദ്യലേഖനം “കേരളത്തിന്റെ കാര്‍ഷിക പ്രതിസന്ധി - ചരിത്രപരമായ ഒരു വിശകലനം” ചര്‍ച്ചകള്‍ക്കായി സമര്‍പ്പിക്കുന്നു.
കേരളത്തിലെ ഭൂപരിഷ്കരണം അടിസ്ഥാനപരമായി “land to the tiller” എന്ന കമ്മ്യൂണിസ്റ്റ് പരിപാടിയല്ലാ നടപ്പിലാക്കിയത് എന്ന ദളിത് വിമര്‍ശനം തന്നെയാണ് ഈ ലേഖനത്തില്‍ പറയുന്ന “ചുരുക്കി പറഞ്ഞാല്‍ കൃഷിയില്‍ മുന്‍ഗണനാതാല്‍പ്പര്യം ഇല്ലാത്തവരുടെ കയ്യില്‍ ഭൂ ഉടമസ്ഥത നിലനിന്നു” എന്ന അവസ്ഥയ്ക്ക് കാരണം എനിക്ക് തോന്നുന്നു.
Post a Comment