Friday, July 19, 2013

അമേരിക്കയുടെ മനുഷ്യാവകാശ ലംഘനം

എഡ്വേര്‍ഡ് സ്നോഡനെ പിടിക്കാന്‍ അമേരിക്ക വഴിയില്‍ കാണുന്ന കരിയില വരെ ചിക്കിച്ചികഞ്ഞു നോക്കുകയാണ്. അമേരിക്കന്‍ ജനതയെ മാത്രമല്ല ലോകത്താകെയുള്ള ജനങ്ങളെയും നിരീക്ഷണത്തില്‍ നിര്‍ത്തുന്നതിനായി അമേരിക്ക ഇ-മെയിലുകളുടെയും ടെലഫോണ്‍ വിളികളുടെയും ഉള്ളടക്കം ലഭ്യമാക്കാനായി അവയെല്ലാം ചോര്‍ത്തുന്നുണ്ടെന്ന, ലോകത്തെയാകെ അമേരിക്കയുടെ ചാരക്കണ്ണുകള്‍ നിരീക്ഷിക്കുന്നുണ്ടെന്ന വെളിപ്പെടുത്തല്‍ നടത്തി എന്ന "കുറ്റം" ചെയ്തതിനാണ് സ്നോഡന്‍ വേട്ടയാടപ്പെടുന്നത്. ജനാധിപത്യം, സുതാര്യത, തുറന്ന സമൂഹം എന്നെല്ലാമുള്ള അമേരിക്കന്‍ പ്രചരണത്തിെന്‍റ തനിനിറമാണ് സ്നോഡന്‍ ലോകത്തിനുമുന്നില്‍ തുറന്നുകാട്ടിയത്.

സ്നോഡനെ പിടിച്ചു കൊണ്ടുപോയി ജീവിതകാലം മുഴുവന്‍ തടവറയിലെ ഇരുട്ടില്‍ അടയ്ക്കുകയോ വധിക്കുകയോ ആണ് അമേരിക്കന്‍ ഭരണകൂടത്തിെന്‍റ ലക്ഷ്യം. അമേരിക്ക ഒരിക്കലും ഇത്തരം കേസുകളില്‍ ബന്ധപ്പെട്ട കുറ്റാരോപിതര്‍ക്ക് നീതിപൂര്‍വവും നിഷ്പക്ഷവുമായ വിചാരണ, നിയമപരമായ സംരക്ഷണം നല്‍കാറില്ല എന്നതാണ് മുന്‍ അനുഭവങ്ങള്‍. വിക്കിലീക്സ് വെളിപ്പെടുത്തലിന് വേണ്ട വിവരങ്ങള്‍ ചോര്‍ത്താന്‍ സഹായിച്ചു എന്ന പേരില്‍ മാനിങ് എന്ന യുവസൈനികനെ വിചാരണ കൂടാതെ കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി കാരാഗൃഹത്തിലെ ഇരുട്ടറയില്‍ അടച്ചിരിക്കുന്നതാണ് അവസാനത്തെ ഉദാഹരണം. വിക്കിലീക്സിെന്‍റ നായകനായ ജൂലിയന്‍ അസാഞ്ചെയെയും ഇതേപോലെ കൊല്ലാക്കൊല ചെയ്യുന്നതിനോ വധിക്കാനോ വേട്ടയാടിക്കൊണ്ടിരിക്കുന്നതും നിയമവാഴ്ചയുള്ള രാജ്യമാണ് അമേരിക്ക എന്ന മേനിനടിക്കലിെന്‍റ പൊള്ളത്തരം വെളിവാക്കുന്നു. സ്നോഡനെ പിടികൂടാന്‍, തങ്ങള്‍ നടത്തുന്ന ഹീനകൃത്യങ്ങളെ ചോദ്യം ചെയ്യുന്നവരെയോ തുറന്നു കാണിക്കുന്നവരെയോ പിടികൂടാന്‍ അമേരിക്ക എല്ലാ മര്യാദകളെയും നിയമസംഹിതകളെയും കാറ്റില്‍ പറത്താന്‍ മടിക്കില്ല എന്നാണ് ബൊളീവിയന്‍ പ്രസിഡന്‍റ് ഇവൊ മൊറേത്സിെന്‍റ റഷ്യയില്‍നിന്ന് ബൊളീവിയയിലേക്കുള്ള യാത്ര തടസ്സപ്പെടുത്തിയതും അദ്ദേഹത്തെ 14 മണിക്കൂറിലേറെ വിയന്നയില്‍ ഒരു ബന്ദിയെപ്പോലെ തടഞ്ഞുവെച്ചതും തെളിയിക്കുന്നത്.

മോസ്കോവില്‍ ചേര്‍ന്ന ഊര്‍ജ ഉന്നതതല സമ്മേളനത്തില്‍ പങ്കെടുത്തശേഷം ബൊളീവിയയിലേക്ക് മടങ്ങിപ്പോകവെയാണ് ജൂലൈ രണ്ടിന് അദ്ദേഹത്തിെന്‍റ വിമാനത്തിന് തങ്ങളുടെ വ്യോമാതിര്‍ത്തിയിലൂടെ കടന്നുപോകാനുള്ള അനുമതി പോര്‍ച്ചുഗല്‍, ഇറ്റലി, സ്പെയിന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ നിഷേധിച്ചതും ആസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയില്‍ അദ്ദേഹത്തിെന്‍റ വിമാനത്തെ തോക്കിന്‍മുനയില്‍ താഴെ ഇറക്കി 14 മണിക്കൂറിലേറെ തടഞ്ഞുവെച്ചതും. അന്താരാഷ്ട്രതലത്തില്‍ തന്നെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഒടുവില്‍ മൊറേത്സിനെ ബൊളീവിയയിലേയ്ക്ക് പോകാന്‍ അനുവദിച്ചത്. ഐക്യരാഷ്ട്രസഭയിലെ ബൊളീവിയന്‍ അംബാസിഡര്‍ സാച ലിയൊറെന്തി സോളിസ് മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെ: ""ഈ രാജ്യങ്ങളുടെ തീരുമാനം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. ഔദ്യോഗിക യാത്രയിലായിരുന്ന, ഒരന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ഞങ്ങളുടെ പ്രസിഡന്‍റ് തട്ടിക്കൊണ്ടുപോകപ്പെട്ടതിനെക്കുറിച്ചാണ് ഞങ്ങള്‍ പരാതിപ്പെടുന്നത്. വൈറ്റ് ഹൗസില്‍നിന്നുള്ള ആജ്ഞ അനുസരിക്കുകയാണ് ഈ രാജ്യങ്ങള്‍ എന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് സംശയമേയില്ല. എന്തു കാര്യത്തിെന്‍റ പേരിലായാലും, ഏതുവിധത്തിലായാലും ഒരു രാജ്യത്തിെന്‍റ പ്രസിഡന്‍റിെന്‍റ നയതന്ത്ര പരിരക്ഷയുള്ള വിമാനത്തെ അതിെന്‍റ യാത്രമാര്‍ഗത്തെ തടസ്സപ്പെടുത്തുന്നതും മറ്റൊരു രാജ്യത്ത് നിര്‍ബന്ധിച്ചിറക്കുന്നതും കുറ്റകരമാണ്"". ആദ്യം ഈ ആരോപണം നിഷേധിക്കുകയും ഒഴിഞ്ഞു മാറുകയും ചെയ്ത അമേരിക്കന്‍ വിദേശകാര്യ വകുപ്പിെന്‍റ വക്താവ് ജെന്‍ സാക്കി ഒടുവില്‍ ഇങ്ങനെ സമ്മതിച്ചു: ""സ്നോഡന്‍ വിമാനമിറങ്ങാനോ വ്യോമാതിര്‍ത്തിയിലൂടെ കടന്നുപോകാനോ സാധ്യതയുള്ള ഒട്ടനവധി രാജ്യങ്ങളുമായി ഞങ്ങള്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു"". തങ്ങളുടെ നിര്‍ദേശപ്രകാരമാണ് മൊറേത്സിനെ തടഞ്ഞുവെച്ചത് എന്ന് അമേരിക്കന്‍ ഭരണകൂടം ഭംഗ്യന്തരേണ സമ്മതിക്കുകയാണ്. അങ്ങനെ എഡ്വേര്‍ഡ് സ്നോഡനെ മൊറേത്സിെന്‍റ വിമാനത്തില്‍ കൂടെ കടത്തിക്കൊണ്ടുപോവുകയാണെന്ന സംശയം തീര്‍ക്കാനാണത്രെ അദ്ദേഹത്തിെന്‍റ വിമാനം നിലത്തിറക്കി തടഞ്ഞുവെച്ചത്.

ജൂണ്‍ 23 മുതല്‍ സ്നോഡന്‍ മോസ്കോവിലെ ഷെറെമെത്യോവൊ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിയുകയാണ്. ഇന്ത്യ ഉള്‍പ്പെടെ 27 രാജ്യങ്ങളോട് സ്നോഡന്‍ രാഷ്ട്രീയ അഭയം അഭ്യര്‍ത്ഥിക്കുകയുണ്ടായി. സ്നോഡെന്‍റ പൗരത്വവും പാസ്പോര്‍ട്ടും റദ്ദു ചെയ്ത അമേരിക്ക, സ്നോഡന് രാഷ്ട്രീയാഭയം നല്‍കാതിരിക്കുന്നതിന് ഈ രാഷ്ട്രങ്ങള്‍ക്കുമേലെല്ലാം എല്ലാ വിധത്തിലുമുള്ള സമ്മര്‍ദ്ദങ്ങള്‍ ചെലുത്തുകയും ഭീഷണി പ്രയോഗിക്കുകയുമാണ്. ഇന്ത്യയാകട്ടെ സ്നോഡെന്‍റ അഭ്യര്‍ത്ഥന നിരസിച്ചുവെന്നു മാത്രമല്ല, രഹസ്യം ചോര്‍ത്തുന്ന അമേരിക്കന്‍ നടപടിയെ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ന്യായീകരിക്കുകയും ചെയ്തു. ജി 20 ഉച്ചകോടിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ വരെ നിരീക്ഷണത്തില്‍ നിര്‍ത്തിയിരുന്നു എന്ന് വെളിപ്പെടുത്തപ്പെട്ടിട്ടും ഇന്ത്യന്‍ ഭരണാധികാരികള്‍ അമേരിക്കന്‍ ഭരണകൂടത്തിനുമുന്നില്‍ മുട്ടുമടക്കി നില്‍ക്കുന്നതിെന്‍റ നാണംകെട്ട വെളിപ്പെടുത്തലാണ് സല്‍മാന്‍ ഖുര്‍ഷിദില്‍ നിന്നുണ്ടായത്. സ്നോഡനെ കിട്ടാനായി മൊറേത്സിെന്‍റ വിമാനത്തെ അരിച്ചുപെറുക്കി പരിശോധിച്ച വിയന്നയിലെ ഉദ്യോഗസ്ഥര്‍ പിന്നീട് ഖേദപ്രകടനം നടത്തിയാണത്രെ അദ്ദേഹത്തെ വിട്ടയച്ചത്. ജൂലൈ മൂന്നിന് ബൊളീവിയയില്‍ തിരിച്ചെത്തിയ മൊറേത്സിന് ജനലക്ഷങ്ങള്‍ അണിനിരന്നാണ് വരവേല്‍പ്പ് നല്‍കിയത്. ബൊളീവിയയില്‍ മാത്രമല്ല, ലാറ്റിന്‍ അമേരിക്കയിലാകെ അമേരിക്കയുടെയും യൂറോപ്യന്‍ ശിങ്കിടികളുടെയും ഈ നെറികെട്ട നടപടിക്കെതിരെ പ്രതിഷേധം ഉയരുകയുണ്ടായി. ജൂലൈ 4ന് ബൊളീവിയയിലെ കൊച്ചബാംബയില്‍ ഒത്തുകൂടിയ ദക്ഷിണ അമേരിക്കന്‍ രാഷ്ട്രത്തലവന്മാര്‍ ലാറ്റിന്‍ അമേരിക്കന്‍ ജനതയുടെയാകെ വികാരമാണ് പ്രകടിപ്പിച്ചത്. തങ്ങള്‍ മൊറേത്സിനൊപ്പമാണ് എന്ന പ്രഖ്യാപനമാണ് വെനസ്വേലയുടെ പ്രസിഡന്‍റ് നിക്കൊളാസ് മദുറൊയും അര്‍ജന്‍റീനയുടെ പ്രസിഡന്‍റ് ക്രിസ്റ്റീന ഫെര്‍ണാണ്ടസ് ഡി കിര്‍ച്ച്നറും ഇക്വഡോര്‍ പ്രസിഡന്‍റ് റാഫേല്‍ കോറിയയും ഉറുഗ്വേയ് പ്രസിഡന്‍റ് ഹോസെ ""പെപ്പേ"" മുഹിക്കയും സുറിനാം പ്രസിഡന്‍റ് ദേശി ബൗട്ടേഴ്സും പ്രഖ്യാപിച്ചത്. ക്യൂബയും നിക്കരാഗ്വയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ബൊളീവിയയ്ക്ക് പിന്തുണ പ്രകടിപ്പിക്കുകയും ചെയ്തു. മാത്രമല്ല, വെനസ്വേലയും ബൊളീവിയയും ക്യൂബയും നിക്കരാഗ്വയും സ്നോഡന് അഭയം നല്‍കാനുള്ള സന്നദ്ധത പ്രകടിപ്പിക്കുകയുമുണ്ടായി. ദക്ഷിണ അമേരിക്കന്‍ രാഷ്ട്ര നായകര്‍ ബൊളീവിയയിലെത്തി മൊറേത്സിനും ബൊളീവിയന്‍ ജനതയ്ക്കും പിന്തുണ പ്രഖ്യാപിച്ചതും ഇന്ത്യയെപ്പോലെയുള്ള വന്‍കിട രാജ്യങ്ങള്‍ അഭയം നല്‍കാന്‍ തയ്യാറാകാതിരുന്ന സ്നോഡന് ലാറ്റിനമേരിക്കയിലെ കൊച്ചു രാജ്യങ്ങള്‍ അഭയം നല്‍കാന്‍ തയ്യാറായതും സാമ്രാജ്യത്വത്തിനേറ്റ കനത്ത തിരിച്ചടിയാണ്. 1976ല്‍ ഒരു ക്യൂബന്‍ യാത്രാ വിമാനത്തിന് ബോംബ് വെച്ച് തകര്‍ത്ത് 78 ആളുകളെ കൊന്ന ലൂയി പൊസാദ കാരിലെസ് എന്ന വെനസ്വേലക്കാരനായ ഭീകരന് അഭയം നല്‍കുകയും ആ കൊടും കുറ്റവാളിയെ വിട്ടുകിട്ടണമെന്ന വെനസ്വേലയുടെ അഭ്യര്‍ത്ഥന നിരസിക്കുകയും ചെയ്ത അമേരിക്കയാണ് സ്നോഡനെ പിടികൂടുന്നതിന് എല്ലാ നിയമങ്ങളും മര്യാദകളും ലംഘിക്കുന്നത്. പൊസാദൊയെപ്പോലെ അട്ടിമറിയും കൊലപാതകവും നടത്തിയ ആളല്ല സ്നോഡന്‍. മറ്റു രാജ്യങ്ങളില്‍ അട്ടിമറികള്‍ക്കും ചാരപ്രവര്‍ത്തനങ്ങള്‍ക്കും ശിക്ഷിക്കപ്പെടാനിടയുള്ള നിരവധി പൗരന്മാര്‍ക്ക് അമേരിക്ക രാഷ്ട്രീയ അഭയം നല്‍കിയ ചരിത്രമുണ്ട്. ഇവിടെ സ്നോഡനാണെങ്കില്‍ അത്തരത്തില്‍ അട്ടിമറിയോ ചാരപ്രവര്‍ത്തനമോ നിയമലംഘനമോ നടത്തിയതായും ആരോപിക്കാനാവില്ല. അമേരിക്കയില്‍ നിലവിലുള്ള നിയമങ്ങളെപ്പോലും ലംഘിച്ച് ചാരപ്രവര്‍ത്തനം നടത്തുന്ന അമേരിക്കന്‍ ഭരണകൂടത്തിെന്‍റ ഫാസിസ്റ്റ് നടപടിയെ തുറന്നു കാണിക്കുക മാത്രമാണ് സ്നോഡന്‍ ചെയ്തത്. അത്തരത്തിലൊരാള്‍ക്ക് ഏതെങ്കിലും രാജ്യത്ത് രാഷ്ട്രീയ അഭയം തേടാനുള്ള അവകാശം നിഷേധിക്കുന്നത്, അയാളെ ഏതു ഹീനമാര്‍ഗത്തിലൂടെയും പിടികൂടാന്‍ ശ്രമിക്കുന്നത് നഗ്നമായ മനുഷ്യാവകാശ ലംഘനമാണ്. അന്താരാഷ്ട്ര നിയമങ്ങള്‍ ഉറപ്പുനല്‍കുന്ന അലംഘനീയമായ ഒരവകാശമാണ് ഏതെങ്കിലും രാജ്യത്ത് രാഷ്ട്രീയ അഭയം തേടാനുള്ള വ്യക്തിയുടെ അവകാശം. അതിനുനേരെയുള്ള കടന്നാക്രമണമാണ് അമേരിക്കന്‍ നടപടി എന്നാണ് അംനെസ്റ്റി ഇന്‍റര്‍നാഷണലിെന്‍റ ഡയറക്ടര്‍ മൈക്കേല്‍ ബോഷെനെക്ക് വ്യക്തമാക്കിയത്.

ചൈനക്കാരും റഷ്യക്കാരുമായ നിരവധിയാളുകള്‍ക്ക് അമേരിക്ക രാഷ്ട്രീയ അഭയം നല്‍കിയിട്ടുണ്ട്. ചൈനയോ റഷ്യയോ ഒന്നും അതിനെതിരെ അമേരിക്ക ചെയ്യുന്നതുപോലെ ആക്രമണപരമായ നിലപാട് സ്വീകരിച്ചിരുന്നില്ല. അമേരിക്ക ഉയര്‍ത്തിപ്പിടിക്കുന്നതായി നടിക്കുന്ന പൗരാവകാശം, മനുഷ്യാവകാശം, നിയമവാഴ്ച, ജനാധിപത്യം, തുറന്ന സമൂഹം, വ്യക്തി സ്വാതന്ത്ര്യം ഇതെല്ലാം മൂലധന താല്‍പര്യത്തിനുമുന്നില്‍ കാറ്റില്‍പ്പറത്തുമെന്നും നഗ്നമായ ഫാസിസ്റ്റ് നടപടിയിലേക്ക് തിരിയാന്‍ മടിക്കില്ലെന്നുമുള്ളതിെന്‍റ ജീവിക്കുന്ന ഉദാഹരണങ്ങളാണ് ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ കഴിയുന്ന അസാഞ്ചെയും മോസ്കോ വിമാനത്താവളത്തില്‍ കഴിയുന്ന എഡ്വേര്‍ഡ് സ്നോഡനും. സ്നോഡന് ഏതെങ്കിലും രാജ്യം അഭയം നല്‍കിയാല്‍പ്പോലും മോസ്കോ വിമാനത്താവളത്തില്‍നിന്ന് പറന്നുയരുമ്പോള്‍ തന്നെ തട്ടിക്കൊണ്ടുപോകാനുള്ള സന്നാഹമൊരുക്കി കാത്തിരിക്കുകയാണ് അമേരിക്ക എന്നതിെന്‍റ വെളിപ്പെടുത്തലാണ് മൊറേത്സിനെ തടഞ്ഞുവെച്ച നടപടി.

*
ജി വിജയകുമാര്‍ ചിന്ത വാരിക

വഴിതെറ്റിയ ബാങ്കിങ് മേഖല

1969 ജൂലൈ 19നാണ് 50 കോടി രൂപയില്‍ കൂടുതല്‍ നിക്ഷേപമുള്ള 14 ബാങ്കുകളെ ദേശസാല്‍ക്കരിച്ചത്. അതോടെ അന്ന് രാജ്യത്തുണ്ടായിരുന്ന ബാങ്ക് നിക്ഷേപത്തിന്റെ 75 ശതമാനവും സര്‍ക്കാര്‍ നിയന്ത്രണത്തിലായി. 1980ല്‍ 200 കോടി രൂപ നിക്ഷേപമുള്ള എട്ടു ബാങ്കുകളെക്കൂടി ദേശസാല്‍ക്കരിച്ചു. ഇന്ത്യയുടെ സാമ്പത്തിക- സാമൂഹിക മണ്ഡലത്തിലാകെ ശ്രദ്ധേയമായ മാറ്റംവരുത്താന്‍ ബാങ്ക് ദേശസാല്‍ക്കരണത്തിലൂടെ കഴിഞ്ഞു. ടാറ്റ, ബിര്‍ള തുടങ്ങിയ സ്വകാര്യകുത്തകകളുടെ കൈപ്പിടിയിലായിരുന്ന ബാങ്കുകള്‍ ബഹുജന മധ്യത്തിലേക്ക് വന്നതോടെ അവയുടെ പ്രവര്‍ത്തനത്തിലും സമീപനത്തിലും മൗലികമായ മാറ്റമുണ്ടായി. പട്ടണത്തില്‍മാത്രം ഒതുങ്ങിയിരുന്ന ബാങ്കുകള്‍ ഗ്രാമങ്ങളിലും ശാഖ തുറക്കാന്‍ തുടങ്ങി. കാര്‍ഷിക മേഖലയ്ക്ക് വായ്പ അനുവദിക്കുന്നതും ബാങ്കുദേശസാല്‍ക്കരണത്തെതുടര്‍ന്നാണ്. മാത്രമല്ല, മൊത്തം ബാങ്കുവായ്പയുടെ 18 ശതമാനം കൃഷി ആവശ്യങ്ങള്‍ക്ക് നീക്കിവയ്ക്കണമെന്ന നിബന്ധന വന്നു. കൃഷി, വ്യവസായം, വ്യാപാരം, വിദ്യാഭ്യാസം, സേവനമേഖല എന്നിവയെ മുന്‍ഗണനാവിഭാഗമെന്ന് പട്ടികപ്പെടുത്തി അവയ്ക്ക് ബാങ്കുകള്‍ നല്‍കുന്ന ആകെ വായ്പയില്‍ 40 ശതമാനം നീക്കിവച്ചു. ജനങ്ങളുടെ നിക്ഷേപത്തിന്റെ നല്ലൊരുശതമാനം അങ്ങനെ രാഷ്ട്രനിര്‍മാണ പ്രക്രിയയിലേക്ക് വിന്യസിക്കാന്‍ കഴിഞ്ഞു.

ഇന്ത്യ മാത്രമല്ല, അറുപതുകളിലും എഴുപതുകളിലും ദേശസാല്‍ക്കരണം നടന്ന നിരവധി വികസ്വരരാജ്യങ്ങളുണ്ട്. ബംഗ്ലാദേശ്, ചൈന, ഇന്തോനേഷ്യ, കൊറിയ, നേപ്പാള്‍, ശ്രീലങ്ക അങ്ങനെപോകുന്നു ആ ലിസ്റ്റ്. എന്നാല്‍, 1989ലെ ലോക വികസന രേഖയില്‍ ഡസന്‍ കണക്കിന് രാജ്യങ്ങളില്‍ ധനമേഖലാ ഉദാരവല്‍ക്കരണം നടപ്പാക്കിയതിന്റെ അനുഭവകഥ വിവരിക്കുന്നുണ്ട്. അറുപതുകളിലും എഴുപതുകളിലും ദേശസാല്‍ക്കരിക്കപ്പെട്ട ബാങ്കുകള്‍ എണ്‍പതുകളില്‍ സ്വകാര്യവല്‍ക്കരിക്കപ്പെടുകയും ഉദാരീകരണം നടപ്പാക്കപ്പെടുകയും ചെയ്തതോടെ ഒട്ടനവധി രാജ്യങ്ങളില്‍ ബാങ്കുകള്‍ കുത്തുപാളയെടുത്തു. സമ്പദ്വ്യവസ്ഥകള്‍ക്ക് വന്‍ തകര്‍ച്ച നേരിട്ടു. പുനര്‍ദേശസാല്‍ക്കരണമായിരുന്നു പിന്നെയുള്ള മാര്‍ഗം. ദേശസാല്‍ക്കരണത്തില്‍നിന്ന് സ്വകാര്യവല്‍ക്കരണത്തിലേക്ക്, സ്വകാര്യവല്‍ക്കരണത്തില്‍നിന്ന് പുനര്‍ദേശസാല്‍ക്കരണത്തിലേക്ക്. "95 ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ വേള്‍ഡ് ബാങ്ക് റിസര്‍ച്ച് ഒബ്സര്‍വറില്‍ ഉദാരവല്‍ക്കരണ നടപടികള്‍ക്കുശേഷം തകര്‍ന്നുപോയ ബാങ്കുകള്‍ സമ്പദ് വ്യവസ്ഥയില്‍വരുത്തിത്തീര്‍ത്ത കുഴപ്പങ്ങളെപ്പറ്റി വിവരിക്കുന്നു. ബൊളീവിയയിലെ 12 സ്വകാര്യ ബാങ്കുകളില്‍ രണ്ടെണ്ണം 1988ല്‍ ലിക്വിഡേറ്റ് ചെയ്യേണ്ടി വന്നു. ബ്രസീലിലും ഇക്വഡോറിലും പെറുവിലും വെനസ്വലയിലും ഉണ്ടായ ബാങ്കിങ് കുഴപ്പങ്ങള്‍ സമ്പദ് വ്യവസ്ഥകളെത്തന്നെ ബാധിച്ചു. പതിനഞ്ച് വര്‍ഷങ്ങള്‍ക്കകം 200 ലേറെ ബാങ്കുകളാണ് അര്‍ജന്റീനിയയില്‍ അടച്ചുപൂട്ടിയത്. ഇതില്‍ 100 ലേറെ ബാങ്കുകളെയും രക്ഷിക്കാനായി കേന്ദ്രബാങ്കിന് ഇടപെടേണ്ടിവന്നു.

ഉറുഗ്വേയില്‍ ബാങ്കോ ഡെല റിപ്പബ്ലിക്ക എന്ന സര്‍ക്കാര്‍ ബാങ്കാണ് തകര്‍ച്ച നേരിട്ട നാലു വന്‍ സ്വകാര്യ ബാങ്കുകളെ ഏറ്റെടുത്തത്. ചിലിയില്‍ ദേശസാല്‍ക്കരിക്കപ്പെട്ട ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിച്ച് കിട്ടിയതോടെ മുന്‍മുതലാളിമാര്‍ ബാങ്കുകളാകെ കുത്തിച്ചോര്‍ത്തി കുട്ടിച്ചോറാക്കി. പെറുവില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കോ ഡെല നാഷണലാണ് തകര്‍ന്നുകൊണ്ടിരുന്ന സ്വകാര്യബാങ്കുകളുടെ രക്ഷക്കെത്തിയത്. സമീപകാലാനുഭവങ്ങള്‍ പഠിപ്പിക്കുന്നതോ? 2007 ലെ സബ് പ്രൈം വായ്പാ പ്രശ്നങ്ങളെത്തുടര്‍ന്ന് തകര്‍ന്നടിഞ്ഞ 100 കണക്കിന് ബാങ്കുകള്‍ കോടിക്കണക്കിന് നിക്ഷേപകരെയാണ് കണ്ണീര്‍ കുടിപ്പിച്ചത്. ആര്‍ത്തിപൂണ്ട സ്വകാര്യ മൂലധനത്തിനെ കയറൂരി വിട്ടാലുണ്ടാകാവുന്ന ആപത്തുകള്‍ ബോധ്യപ്പെടുന്നതാണ്് ഈ അനുഭവങ്ങള്‍ ഓരോന്നും.

പഴയ പാലാ സെന്‍ട്രല്‍ ബാങ്കിന്റെ തകര്‍ച്ചയുടെ കഥകള്‍ നമ്മുടെ മനസ്സില്‍നിന്ന് ഇനിയും മാഞ്ഞു കഴിഞ്ഞിട്ടില്ല. അത്തരമൊരു അവസ്ഥയിലാണ് നാലരപ്പതിറ്റാണ്ട് മുമ്പ് രാജ്യത്തെ സമ്പദ്വ്യവസ്ഥയെയും നിക്ഷേപകരെയും രക്ഷിക്കാനായി നടത്തിയ നിയമനിര്‍മാണങ്ങളെല്ലാം തകര്‍ത്തെറിയുന്നത്. രക്ഷാവാല്‍വുകളാണ് ഊരിയെറിയുന്നത്. ഒന്നാം യുപിഎ സര്‍ക്കാരിന് ഇടതുപക്ഷ പിന്തുണ കൂടാതെ നിലനില്‍ക്കാനാവില്ല എന്ന രാഷ്ട്രീയ സാഹചര്യം അമേരിക്കന്‍ കുത്തകകളുടെ ഇടപെടലിനും വിലയ്ക്കെടുക്കലിനുംശേഷം മാറിക്കിട്ടിയല്ലോ. അതിനുള്ള പ്രത്യുപകാരമെന്ന നിലയ്ക്കാണ് വിദേശ പ്രത്യക്ഷ നിക്ഷേപത്തിന്റെ തോത് ബാങ്കിങ് മേഖലമുതല്‍ പ്രതിരോധമേഖലവരെ കൂട്ടിക്കൊടുക്കുന്നത്. അതിന് നാടന്‍ മുതലാളിമാരുടെ പിന്തുണ നേടിയെടുക്കാനാണ് സ്വകാര്യകോര്‍പറേറ്റുകള്‍ക്ക് ബാങ്കിങ് ലൈസന്‍സ് നല്‍കുന്നത്.

പഴയ പാലാ ബാങ്ക് മുതലാളിമാരും പുതിയ മുതലാളിമാരും പല ബ്ലേഡ് കമ്പനികളും ഒന്നിച്ച് ഈ രംഗത്തേക്ക് കടന്നുവന്നാല്‍ ബാങ്കിങ് മേഖലയ്ക്ക് എന്താണ് സംഭവിക്കുക എന്നറിയാന്‍ ഏറെ വിഷമിക്കേണ്ടതില്ല. പ്രാഥമിക സഹകരണ ബാങ്കുകളെ അടച്ചുപൂട്ടിക്കുക, പൊതുമേഖലാ ബാങ്കുകളുടെ വായ്പാനയം ജനവിരുദ്ധമാക്കുക, മൈക്രോഫിനാന്‍സിനെ കയറൂരിവിട്ട് സാമുദായിക സംഘടനകളുടെയും വര്‍ഗീയ സംഘടനകളുടെയും തല്‍ക്കാലത്തെ കൈയടി നേടുക, സ്വകാര്യമൂലധനതാല്‍പ്പര്യത്തിനനുസരിച്ച് സര്‍ഫൈസിപോലുള്ള നിയമങ്ങള്‍ മാറ്റിത്തീര്‍ക്കുക, ബാങ്കുകള്‍ക്ക് ഊഹക്കച്ചവടത്തിനുകൂടി അനുമതി നല്‍കുക, വിദേശികള്‍ക്ക് ഇന്ത്യന്‍ ബാങ്കുകളെ റാഞ്ചിക്കൊണ്ടുപോകാന്‍ അവസരമൊരുക്കുക, പൊതുമേഖലാ ബാങ്കുകളെ സ്വകാര്യമൂലധനത്തിന് അടിയറവയ്ക്കുക, ഇഷ്ടംപോലെ ലയനങ്ങളും ഏറ്റെടുക്കലുകളും നടത്താന്‍ പാകത്തില്‍ കോംപിറ്റീഷ്യന്‍ കമീഷന്റെ പരിധിയില്‍നിന്ന് ബാങ്കുകളെ ഒഴിവാക്കുക, അവയെ റിസര്‍വ് ബാങ്കിന്റെയും കേന്ദ്രവിജിലന്‍സ് കമീഷന്റെയും പാര്‍ലമെന്റിന്റെയും ഇടപെടലില്‍നിന്ന് രക്ഷിക്കാനാവശ്യമായ നിയമനിമാണങ്ങള്‍ നടത്തുക- അതെ, കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങള്‍ വ്യക്തമാണ്. നെഹ്റുവിന് പറ്റിയ "തെറ്റുകള്‍" തിരുത്തിക്കൊണ്ടിരിക്കുന്നവര്‍ ഇന്ദിരാഗാന്ധിയുടെ "കൈത്തെറ്റുകളും" തിരുത്തുകതന്നെയാണ്.

*
എ കെ രമേശ് ദേശാഭിമാനി

"സമര്‍ദാ": നിത്യപ്രചോദനം

ഇന്ത്യയിലെ തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവിനെയാണ് സമര്‍ മുഖര്‍ജിയുടെ നിര്യാണത്തിലൂടെ നഷ്ടമായത്. ഒരു നൂറ്റാണ്ടുനീണ്ട സമരധന്യമായ ജീവിതത്തിന്റെ ഉടമയായ സമര്‍ മുഖര്‍ജിയുടെയത്ര മുതിര്‍ന്ന, അത്രയേറെ ദൈര്‍ഘ്യമാര്‍ന്ന അനുഭവസമ്പത്തുള്ള മറ്റൊരാള്‍ സിപിഐ എമ്മില്‍ ഇല്ല. ഏറെക്കാലം ജീവിച്ചു. ജീവിച്ച ഓരോനാളും സമൂഹത്തിനുവേണ്ടിയുള്ള ത്യാഗപൂര്‍ണമായ സമര്‍പ്പണംകൊണ്ട് അര്‍ഥപൂര്‍ണമാക്കി. എല്ലാ അര്‍ഥത്തിലും അനുപമമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു സമര്‍ മുഖര്‍ജി. സാമ്രാജ്യത്വവിരുദ്ധ ദേശീയപോരാട്ടത്തിന്റെ കാലത്തെ അധിനിവേശവിരുദ്ധ ദേശീയപ്രക്ഷോഭത്തിന്റെ കാലവുമായി കണ്ണിചേര്‍ത്ത സമരഭരിതമായ ജീവിതമായിരുന്നു "സമര്‍ദാ" എന്ന് സ്നേഹാദരങ്ങളോടെ വിശേഷിപ്പിക്കപ്പെട്ട സമര്‍ മുഖര്‍ജിയുടേത്.

നവമുതലാളിത്തത്തിന്റെ ആക്രമണോത്സുകമായ നീക്കങ്ങള്‍ രാജ്യത്തിന്റെ അടിസ്ഥാന താല്‍പ്പര്യങ്ങളെത്തന്നെ നിഹനിക്കുന്ന ഈ കാലത്ത്, അതിനെതിരായ ചെറുത്തുനില്‍പ്പിന്റെ ശക്തികള്‍ക്ക് നിത്യപ്രചോദനമാണ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ വെല്ലുവിളിച്ചുകൊണ്ട് പൊതുജീവിതത്തിലേക്ക് കടന്ന സമര്‍ദായുടെ തുടര്‍ന്നിങ്ങോട്ടുള്ള ജീവിതത്തിലെ ഓരോസന്ദര്‍ഭവും. പുതിയ പോരാട്ടത്തിന്റെ കാലത്ത് ആ അനുഭവസമ്പത്ത് വലിയ മുതല്‍ക്കൂട്ടാകേണ്ടതുണ്ട്. അത്തരമൊരു നിര്‍ണായകഘട്ടത്തിലാണ് ഈ വിയോഗമെന്നത് അതുണ്ടാക്കുന്ന നഷ്ടത്തിന്റെ ആഴം കൂട്ടുന്നുണ്ട്. കൂട്ടായ നേതൃത്വത്തിലൂടെമാത്രം അതിജീവിക്കാവുന്നതാണ് സമര്‍ദായുടെ നിര്യാണമുണ്ടാക്കുന്ന വിടവ്. അത്തരം അതിജീവനങ്ങള്‍ക്ക് ഏറെ കരുത്തും പ്രചോദനവും നല്‍കുന്നുണ്ട്, ഒളിവിലും തെളിവിലും ജയിലിലുമൊക്കെയായി സമര്‍ദാ നയിച്ച പോരാട്ടങ്ങളുടെ കനലുപാറുന്ന ജീവിതം. പശ്ചിമബംഗാള്‍ നിയമസഭാംഗം, ലോക്സഭാംഗം, രാജ്യസഭാംഗം എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. പാര്‍ലമെന്റിന്റെ ഇരുസഭകളിലും സിപിഐ എമ്മിന്റെ നേതാവായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ഈ ഘട്ടങ്ങളിലൊക്കെ പുറത്തുനടക്കുന്ന പോരാട്ടങ്ങളുടെ വീറും ജനവികാരത്തിന്റെ സൂക്ഷ്മസ്പന്ദനങ്ങളും സഭയില്‍ അതിശക്തമായി പ്രതിഫലിപ്പിക്കുന്നതിന് സമര്‍ മുഖര്‍ജിക്ക് സാധിച്ചു.

1978ല്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗമായ അദ്ദേഹം 14 വര്‍ഷം പാര്‍ടിയുടെ ദേശീയ നേതൃനിരയിലെ സജീവസാന്നിധ്യമായി തുടര്‍ന്നു. 1992ല്‍ 14-ാം പാര്‍ടികോണ്‍ഗ്രസില്‍ സിപിഐ എം കണ്‍ട്രോള്‍ കമീഷന്‍ ചെയര്‍മാനായ അദ്ദേഹം പില്‍ക്കാലത്ത് കേന്ദ്രകമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായി തുടര്‍ന്നു. കലുഷമായ രാഷ്ട്രീയസന്ദര്‍ഭങ്ങളില്‍ ആശയവ്യക്തത വരുത്തുന്നതിലും ദേശീയതലത്തില്‍ സിപിഐ എമ്മിനുള്ള പങ്ക് കൂടുതല്‍ ശക്തമാക്കുന്നതിലും സമര്‍ദായുടെ പ്രവര്‍ത്തനങ്ങള്‍ വലിയ പങ്കാണ് വഹിച്ചത്. എന്നും ചാഞ്ചല്യമില്ലാതെ കൃത്യമായി പാര്‍ടി നയനിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച് നിലകൊള്ളുന്നതില്‍ സമര്‍ദാ മാതൃകയായിരുന്നു. വലതുപക്ഷ റിവിഷനിസത്തിനും ഇടതുപക്ഷ അതിസാഹസികതാ വാദങ്ങള്‍ക്കുമെതിരെയുള്ള പോരാട്ടങ്ങളില്‍ കരുത്തുറ്റ നിലപാടെടുത്ത അദ്ദേഹം ശരിയായ മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റ് കാഴ്ചപ്പാടില്‍ പാര്‍ടിസംഘടന കെട്ടിപ്പടുക്കുന്നതില്‍ കാര്യമായ പങ്കുവഹിച്ചു. വിദ്യാര്‍ഥിജീവിത ഘട്ടത്തില്‍തന്നെ സ്വാതന്ത്ര്യസമര രംഗത്തേക്കിറങ്ങിയ അദ്ദേഹം സിവില്‍ നിയമലംഘന സമരത്തിലടക്കം പങ്കുകൊണ്ടു.

സമരതീക്ഷ്ണമായ സാമൂഹിക ഇടപെടലുകളാല്‍ ഇടക്കാലത്ത് വിദ്യാഭ്യാസം മുടങ്ങിപ്പോയ അദ്ദേഹത്തെ ഒരേസമയം സമരത്തിന്റെയും പഠനത്തിന്റെയും വഴികളിലൂടെ വളര്‍ത്തിയെടുക്കുന്നതില്‍ സ്വാതന്ത്ര്യസമരസേനാനിയായിരുന്ന ബിപിന്‍ ബിഹാരി ഗാംഗുലിയാണ് സഹായിച്ചത്. അങ്ങനെയാണ് ഇടവേളയ്ക്കുശേഷം ബിരുദമെടുത്തത്. അന്നു ബിരുദമെടുത്തിറങ്ങിയ സമര്‍ മുഖര്‍ജിക്ക് ബംഗാളില്‍ ഉന്നതമായ സര്‍ക്കാര്‍ നിയമനം ഉറപ്പായിരുന്നു. എന്നാല്‍, ആ വഴിക്ക് പോകാതെ, ഹൗറയിലെ ചണമില്‍ തൊഴിലാളികളുടെ ദൈന്യതയാര്‍ന്ന ജീവിതപശ്ചാത്തലത്തിലേക്ക് ഇറങ്ങിച്ചെല്ലാനാണ് സമര്‍ദാ തീരുമാനിച്ചത്. ചണമില്‍ തൊഴിലാളികളെ സംഘടിപ്പിച്ച് സമരങ്ങളെ തീക്ഷ്ണമാക്കി അവരുടെ ജീവിതനിലയില്‍ ഗുണപരമായ മാറ്റംവരുത്താന്‍ അദ്ദേഹത്തിന് സാധിച്ചു. തുടര്‍ന്ന് ട്രേഡ് യൂണിയന്‍ രംഗത്ത് ഉറച്ചുനിന്ന സമര്‍ മുഖര്‍ജി പടിപടിയായി സിഐടിയു നേതൃത്വത്തിലേക്ക് ഉയര്‍ന്നു. സിഐടിയു രൂപീകരണംമുതല്‍തന്നെ അതിന്റെ കേന്ദ്രനേതൃത്വത്തിലുണ്ടായിരുന്നു. 1983ല്‍ ജനറല്‍ സെക്രട്ടറിയായ അദ്ദേഹം ആ സ്ഥാനത്ത് 1991 വരെ തുടര്‍ന്നു. റെയില്‍വേ തൊഴിലാളി പണിമുടക്ക്, തൊഴില്‍നിയമ ചര്‍ച്ചകള്‍ തുടങ്ങി നിരവധി കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ നേതൃപാടവം ശ്രദ്ധേയമായി. 1940ല്‍ കമ്യൂണിസ്റ്റ് പാര്‍ടി അംഗമായ സമര്‍ മുഖര്‍ജിയുടെ കമ്യൂണിസ്റ്റ് പാര്‍ടിജീവിതത്തിന്റെയത്ര ദൈര്‍ഘ്യമുള്ള പാര്‍ടിജീവിതമുള്ളവര്‍ ഇന്നു ചുരുക്കം. മുസഫര്‍ അഹമ്മദ്, എ കെ ജി തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച പാരമ്പര്യമുള്ള സമരനായകനാണ് സമര്‍. ലളിതവും കരുത്തുറ്റതുമായ ഒരു കമ്യൂണിസ്റ്റുവ്യക്തിത്വം ആര്‍ജിക്കുന്നതില്‍ അവര്‍ക്കൊപ്പമുള്ള പ്രവര്‍ത്തനം വലിയ പങ്കാണ് വഹിച്ചിട്ടുള്ളതെന്ന് സമര്‍ദാ പറഞ്ഞിട്ടുണ്ട്. സൗമ്യമായ ഭാഷ, സമഭാവനയോടെയുള്ള പെരുമാറ്റം എന്നിവ സമര്‍ദായുടെ പ്രത്യേകതകളായിരുന്നു.

പാര്‍ടിജീവിതത്തിനുവേണ്ടി കുടുംബജീവിതത്തിലേക്ക് കടക്കാതെ എല്ലാം പാര്‍ടിക്കായി അര്‍പ്പിച്ച നേതാവായിരുന്നു സമര്‍ദാ. അടിച്ചമര്‍ത്തപ്പെടുന്നവരോടും ചൂഷണംചെയ്യപ്പെടുന്നവരോടുമുള്ള കരുതലായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രതിബദ്ധതയുടെ അടിസ്ഥാനം. തന്റെ ജീവിതത്തിന്റെ തുടക്കത്തിലെ സാമൂഹ്യജീവിത പരിതസ്ഥിതികളെ പുരോഗമനാത്മകമായി വലിയൊരളവില്‍ മാറ്റിയെടുക്കുന്നതിന് തന്റെ ജീവിതംകൊണ്ടുതന്നെ സാധിച്ചുവെന്ന് അഭിമാനിക്കാവുന്നവര്‍ കുറയും. എന്നാല്‍, വളരെ കുറവായുള്ള ആ വിഭാഗത്തിന്റെ നേതൃനിരയില്‍തന്നെയാണ് സമര്‍ മുഖര്‍ജിയുടെ സ്ഥാനം. നൂറുവര്‍ഷം നീണ്ട ജീവിതത്തിനാണ് സമാപ്തിയാകുന്നത്. ഈ ആയുഷ്കാലത്തിന്റെ എട്ടുപതിറ്റാണ്ടിലേറെയും നാടിനും സമൂഹത്തിനുംവേണ്ടി വിനിയോഗിച്ചു സമര്‍ദാ. മോചനത്തിനുവേണ്ടിയുള്ള ഏതു കാലത്തെ പോരാട്ടത്തിനും ഊര്‍ജം പകരുന്ന ഓര്‍മകളായി ജനമനസ്സുകളില്‍ സമര്‍ദാ തുടര്‍ന്നും ജീവിക്കും. മരണത്തിന് അവസാനിപ്പിക്കാന്‍ കഴിയാത്തവിധം സമരമുഖങ്ങളിലെ പ്രചോദനമായി ആ ജീവിതം തുടരുമെന്നര്‍ഥം.

(ദേശാഭിമാനി മുഖപ്രസംഗം)

വിട്ടുവീഴ്ചയില്ലാത്ത പോരാളി

ഇന്ത്യന്‍ വിപ്ലവപ്രസ്ഥാനത്തിലെ ഏറ്റവും മുതിര്‍ന്ന നേതാവിനെയാണ് സമര്‍ മുഖര്‍ജിയുടെ നിര്യാണത്തിലൂടെ നഷ്ടമായത്. മാര്‍ക്സിസം-ലെനിനിസത്തിലുള്ള അചഞ്ചലമായ വിശ്വാസം, അതില്‍ ഉറച്ചുനിന്നുള്ള വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം, അര്‍പ്പണബോധത്തോടെ ത്യാഗപൂര്‍ണമായി നടത്തിയ ജനസേവനം എന്നിവയാണ് അദ്ദേഹത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശ്രദ്ധേയനാക്കിയത്. ദേശീയ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തെയും ഇക്കാലത്തെയും ബന്ധിപ്പിച്ചുനിര്‍ത്തിയ ഈടുറ്റ ഒരു കണ്ണിയായിരുന്നു മാതൃകാപരമായ ആ ജീവിതം. വ്യതിയാനങ്ങള്‍ക്കെതിരെ പാര്‍ടിയെ ശരിയായ ദിശയില്‍ നയിക്കുന്നതിനും അതിനനുസൃതമായി പാര്‍ടി സംഘടന കെട്ടിപ്പടുക്കുന്നതിനും അദ്ദേഹം നല്‍കിയ സംഭാവനകള്‍ എന്നും ഓര്‍മിക്കപ്പെടും.

കരുത്തനായ ട്രേഡ് യൂണിയന്‍ നേതാവ്, ലോക്സഭയെയും രാജ്യസഭയെയും സജീവമാക്കിയ പാര്‍ലമെന്റേറിയന്‍, പാര്‍ലമെന്ററി പാര്‍ടി നേതാവ്, പാര്‍ടി പൊളിറ്റ് ബ്യൂറോ അംഗം, സിഐടിയു ജനറല്‍സെക്രട്ടറി, സമരമുഖങ്ങളിലെ ധീരനായ പോരാളി എന്നിങ്ങനെ വ്യത്യസ്ത തലങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ചു സമര്‍ മുഖര്‍ജി. ഒരുനൂറ്റാണ്ടുകാലത്തെ പല പ്രധാന സംഭവവികാസങ്ങളിലും പങ്കാളിയാകാന്‍ അവസരം ലഭിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ആശയക്കുഴപ്പങ്ങളുടെ ഘട്ടങ്ങളില്‍ നയവ്യക്തത വരുത്തിയും ആത്മവിശ്വാസം പകര്‍ന്നും അദ്ദേഹം ഇടപെട്ടു. ആ ഇടപെടല്‍ വിഷമഘട്ടങ്ങളെ തരണംചെയ്യുന്നതില്‍ പാര്‍ടിയെ അളവറ്റരീതിയില്‍ സഹായിച്ചു. മാതൃകാപരമായ വ്യക്തിത്വം, മാതൃകാപരമായ ജീവിതം എന്നിവകൊണ്ട് അസാധാരണത്വമാര്‍ന്ന വിപ്ലവകാരിയായി ജനമനസ്സുകളില്‍ എന്നും അദ്ദേഹം നിറഞ്ഞുനില്‍ക്കും. കൂട്ടായ നേതൃത്വത്തിലൂടെ ഈ നഷ്ടത്തെ അതിജീവിച്ച് മുന്നോട്ടുപോകുന്നതിന് ആ സ്മരണ കരുത്താവും.

പിണറായി വിജയന്‍

കര്‍മയോഗിയായ നേതാവ്

സ്വന്തം താല്‍പ്പര്യങ്ങള്‍ക്കുപരി പാര്‍ടി താല്‍പ്പര്യവും രാജ്യതാല്‍പ്പര്യവും ഉയര്‍ത്തിപ്പിടിച്ച കര്‍മയോഗിയായ കമ്യൂണിസ്റ്റായിരുന്നു സമര്‍ മുഖര്‍ജി. കമ്യൂണിസ്റ്റ് പാര്‍ടിക്കും ഇടതുപക്ഷ പ്രസ്ഥാനത്തിനും അമൂല്യമായ സംഭാവനകള്‍ നല്‍കിയ പടയാളി. പാര്‍ടി പൊളിറ്റ് ബ്യൂറോ അംഗമെന്ന നിലയിലും കേന്ദ്ര കമ്മിറ്റി അംഗം എന്ന നിലയിലും പ്രവര്‍ത്തിച്ച സമര്‍പ്പിത ജീവിതത്തിന്റെ ഉടമയായിരുന്നു അദ്ദേഹം.

കണ്‍ട്രോള്‍ കമീഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ച സമര്‍ പാര്‍ടി അച്ചടക്കം കാത്തു സൂക്ഷിക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു. ലോക്സഭ-രാജ്യസഭാംഗമെന്ന നിലയിലും പ്രവര്‍ത്തിച്ച സമര്‍ കമ്യൂണിസ്റ്റുകാര്‍ എങ്ങനെയാണ് പാര്‍ലമെന്ററി പ്രവര്‍ത്തനം നടത്തേണ്ടതെന്നതിനുള്ള മാതൃകയായിരുന്നു. ബംഗാളില്‍ ഇടതുപക്ഷ പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിന് സമര്‍ നല്‍കിയ സംഭാവന നിസ്തുലമാണ്. നിസ്വാര്‍ഥമായ പാര്‍ടി പ്രവര്‍ത്തകനായ സമര്‍ എല്ലാം പാര്‍ടിക്കുവേണ്ടി ത്യജിച്ചു. ധീരനായ ആ കമ്യൂണിസ്റ്റിന്റെ സ്മരണ എന്നും ആവേശമാകും.

കോടിയേരി ബാലകൃഷ്ണന്‍

താരതമ്യമില്ലാത്ത ജനനേതാവ്

താരതമ്യമില്ലാത്ത ജനനേതാവിനെയാണ് സമര്‍ മുഖര്‍ജിയുടെ നിര്യാണത്തിലൂടെ നഷ്ടമായത്. വിദ്യാര്‍ഥിപ്രവര്‍ത്തനത്തിലൂടെ സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനത്തിലും സ്വാതന്ത്ര്യസമരത്തിലൂടെ കോണ്‍ഗ്രസിലും എത്തിയ സമര്‍ദാ തൊഴിലാളി- കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഇന്ത്യയിലെ ഏറ്റവും ഉന്നത നേതാവായും വളര്‍ന്നു. ലളിതജീവിതത്തിന്റെ മൂര്‍ത്തീമദ്ഭാവമായിരുന്ന സമര്‍ദാ ലാളിത്യവും പരിശുദ്ധിയും പുലര്‍ത്തി. ഐതിഹാസിക സമരങ്ങളാണ് പശ്ചിമബംഗാളില്‍ കമ്യൂണിസ്റ്റ് പാര്‍ടിയെ ശക്തിപ്പെടുത്തിയത്. ബംഗാള്‍ വിഭജനത്തിനെതിരെ അനുശീലന്‍ സമിതിയും ജുഗാന്തറും നടത്തിയ സായുധകലാപങ്ങളും പാര്‍ടി ഏറ്റെടുത്ത സമരങ്ങളും വിപ്ലവ പൈതൃകത്തിന് അടിത്തറയിട്ടു. പണിമുടക്കുകളും തേഭാഗ സമരവും തൊഴിലാളികളെയും കര്‍ഷകരെയും പാര്‍ടിയുടെ പിന്നില്‍ അണിനിരത്തി. ക്വിറ്റിന്ത്യാ സമരനിലപാടിനെത്തുടര്‍ന്ന് പാര്‍ടിയെ ഒറ്റപ്പെടുത്താന്‍ സംഘടിതശ്രമം ഉണ്ടായി.

ബംഗാള്‍ ക്ഷാമകാലത്ത് ഭരണകൂടവും കോണ്‍ഗ്രസും സ്തംഭിച്ചുനിന്നപ്പോള്‍ കമ്യൂണിസ്റ്റുകാരാണ് സാമൂഹ്യ അടുക്കളകളും ദുരിതാശ്വാസ ക്യാമ്പുകളും നടത്തി സഹായമെത്തിച്ചത്. പാര്‍ടിയുടെ ജനപിന്തുണ വര്‍ധിപ്പിച്ച പ്രധാനപ്പെട്ട ഇടപെടലായിരുന്നു ഇത്. പിന്നീട് നടത്തിയ പ്രധാന പ്രവര്‍ത്തനങ്ങളിലൊന്ന് വിഭജനത്തിന്റെ കാലത്തായിരുന്നു. കിഴക്കന്‍ ബംഗാളില്‍നിന്ന് കല്‍ക്കത്തയിലേക്കും പരിസരങ്ങളിലേക്കും ഒഴുകിയ ലക്ഷക്കണക്കിനാളുകള്‍ക്ക് സഹായം നല്‍കാന്‍ സര്‍ക്കാര്‍ മടിച്ചു. സ്വന്തം ഭാഷയും സംസ്കാരവും നിലനില്‍ക്കുന്ന മണ്ണില്‍ ഉറച്ചുനില്‍ക്കാന്‍ ആഗ്രഹിച്ച അഭയാര്‍ഥികളെ ആട്ടിയോടിക്കാനാണ് ശ്രമിച്ചത്. ഇവരുടെ അവകാശം സംരക്ഷിക്കാനും വാസസ്ഥലവും ജീവിതമാര്‍ഗങ്ങളും ഒരുക്കുന്നതിന് കമ്യൂണിസ്റ്റ് പാര്‍ടിയാണ് നേതൃത്വം നല്‍കിയത്. അതിന്റെ മുന്‍നിരയിലായിരുന്നു സമര്‍ദാ. ചരിത്രമേല്‍പ്പിച്ച ആ മുറിവുകളുണക്കാനും ജനതയ്ക്ക് ആശ്വാസം നല്‍കാനുമായി സമര്‍പ്പിച്ച ത്യാഗനിര്‍ഭരമായ ജീവിതമായിരുന്നു സമര്‍ദായുടേത്.

എം എ ബേബി

സമരജീവിതത്തിന് അന്ത്യം

കൊല്‍ക്കത്ത: സ്വാതന്ത്ര്യസമരസേനാനിയും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുതിര്‍ന്നനേതാക്കളില്‍ ഒരാളും പ്രഗത്ഭ പാര്‍ലമെന്റേറിയനുമായ സമര്‍ മുഖര്‍ജി അന്തരിച്ചു. വ്യാഴാഴ്ച പകല്‍ 10.30ന് സാള്‍ട്ട്ലേക്ക് എഐഎംആര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 101 വയസ്സായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബുധനാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഏഴരപ്പതിറ്റാണ്ടിന്റെ രാഷ്ട്രീയ പാരമ്പര്യമുള്ള സമര്‍ ഏതാനും വര്‍ഷം മുമ്പുവരെ പൊതുവേദികളില്‍ സജീവമായിരുന്നു. അവിവാഹിതനാണ്. അരനൂറ്റാണ്ടായി പാര്‍ക്ക് സര്‍ക്കസ് ഒമ്പതാം നമ്പര്‍ ദില്‍ക്കുഷ സ്ട്രീറ്റിലെ പാര്‍ടി കമ്യൂണിലാണ് താമസം. പാര്‍ടിക്കകത്തും പുറത്തും സമര്‍ദ എന്ന് അറിയപ്പെട്ടു. പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ പൂര്‍ണമായും പാര്‍ടിക്കാണ് നല്‍കിയത്. പാര്‍ടി നല്‍കിയ വേതനം മാത്രമാണ് സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചത്. അന്തരിക്കുമ്പോള്‍ സിപിഐ എം കേന്ദ്രകമ്മിറ്റിയില്‍ സ്ഥിരം ക്ഷണിതാവായിരുന്നു. പൊളിറ്റ് ബ്യൂറോ അംഗം, കേന്ദ്രകമ്മിറ്റി അംഗം, കേന്ദ്ര കണ്‍ട്രോള്‍ കമീഷന്‍ ചെയര്‍മാന്‍, ലോക്സഭയിലും രാജ്യസഭയിലും പാര്‍ടി നേതാവ്, സിഐടിയു ജനറല്‍സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

1971ല്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സമര്‍മുഖര്‍ജി എ കെ ജിക്കുശേഷം 1977 മുതല്‍; 1984 വരെ ലോക്സഭയിലും 1986 മുതല്‍ "98 വരെ രാജ്യസഭയിലും പാര്‍ടി നേതാവായി. 1957ല്‍ ബംഗാള്‍ നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. പകല്‍ 12ന് പാര്‍ടി നേതാക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹം സമര്‍ദയുടെ പ്രവര്‍ത്തനകേന്ദ്രവും ജന്മനാടുമായ ഹൗറയില്‍ സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിനു വച്ചു. സിഐടിയു സംസ്ഥാന കമ്മിറ്റി ഓഫീസ്, പീപ്പിള്‍സ് റിലീഫ് കമ്മിറ്റി ഓഫീസ്, അഭയാര്‍ഥി സംരക്ഷണകേന്ദ്രം എന്നിവിടങ്ങളില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. വൈകിട്ട് അഞ്ചിന് സംസ്ഥാന കമ്മിറ്റി ഓഫീസായ മുസഫര്‍ അഹമ്മദ് ഭവനില്‍ പൊതുദര്‍ശനത്തിനു വച്ചു.

പൊളിറ്റ്ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള, ബുദ്ധദേബ് ഭട്ടാചാര്യ, നിരുപംസെന്‍, വൃന്ദ കാരാട്ട്, എം എ ബേബി, സൂര്യകാന്തമിശ്ര, സംസ്ഥാന സെക്രട്ടറി ബിമന്‍ ബസു എന്നിവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. പാര്‍ടി ഓഫീസില്‍ നിന്നു വിലാപയാത്രയായി കൊണ്ടുവന്ന മൃതദേഹം നീല്‍രത്തന്‍ സര്‍ക്കാര്‍ മെഡിക്കല്‍കോളേജ് അധികൃതര്‍ക്ക് കൈമാറി. മരണാനന്തരം ശരീരം മെഡിക്കല്‍പഠനത്തിന് കൈമാറണം എന്നതായിരുന്നു അന്ത്യാഭിലാഷം.


ഗോപി

ദേശാഭിമാനി

അകാലത്തില്‍ പൊലിഞ്ഞ ഒഞ്ചിയത്തിെന്‍റ രക്തതാരകം

ജൂലൈ 5ന് രാത്രി സി എച്ച് അശോകന്‍ അന്തരിച്ചു. തീരെ അപ്രതീക്ഷിതമായിരുന്നില്ലെങ്കിലും ഞെട്ടലോടെയാണ് ആ വാര്‍ത്ത കേട്ടത്. അശോകന്‍ മരണത്തോട് അടുത്തുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹവുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്നവര്‍ കുറച്ച് ചില ദിവസങ്ങള്‍ക്കു മുന്‍പാണെങ്കിലും അറിഞ്ഞിരുന്നു. എന്നാലും ആ ദുഃഖവാര്‍ത്ത താങ്ങാവുന്നതിലും വലിയ വേദനയാണ് അശോകനെ അടുത്തറിയുന്ന ആരിലും സൃഷ്ടിച്ചിട്ടുള്ളത്. ജൂണ്‍ 20നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ അശോകന് കാന്‍സര്‍ രോഗം ബാധിച്ചിരിക്കുന്നതായി കണ്ടെത്തിയത്. കൂടുതല്‍ വിദഗ്ദ്ധ പരിശോധനയ്ക്കും ചികില്‍സയ്ക്കുമായാണ് തിരുവനന്തപുരത്തെ റീജിയണല്‍ കാന്‍സര്‍ സെന്‍ററിലേക്ക് കൊണ്ടുവന്നത്. രോഗം പരമാവധി മൂര്‍ഛിച്ചിരിക്കുന്നതായാണ് അവിടെ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. രോഗം സ്ഥിരീകരിക്കപ്പെട്ട് 15-ാം ദിവസം ആ വിലപ്പെട്ട ജീവന്‍ എന്നെന്നേയ്ക്കുമായി അസ്തമിച്ചു.

ജൂലൈ 3ന് അവസാനമായി അദ്ദേഹത്തെ കാണുമ്പോഴും ഇത്ര പെട്ടെന്ന് അന്ത്യം സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അത്ര ആത്മവിശ്വാസത്തോടെയാണ് അശോകന്‍ അന്നും സംസാരിച്ചത്. അന്തരിക്കുമ്പോള്‍ അശോകന് 61 വയസ്സ് മാത്രമേ ആയിരുന്നുള്ളൂ. ഒഞ്ചിയത്ത് പഴയ സോഷ്യലിസ്റ്റ് പാര്‍ടിയുടെ വിദ്യാര്‍ത്ഥി രംഗത്തെ പ്രവര്‍ത്തകനായാണ് അദ്ദേഹം പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. അടിയന്തരാവസ്ഥ കാലത്ത് കുറച്ചുനാള്‍ പൊലീസ് കസ്റ്റഡിയില്‍ കഴിയേണ്ടതായിവന്ന അശോകന്‍, 1977ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു. 2007ല്‍ നികുതി വകുപ്പില്‍ ഇന്‍സ്പെക്ടര്‍ തസ്തികയില്‍നിന്നാണ് അദ്ദേഹം സര്‍വീസില്‍നിന്ന് വിരമിച്ചത്. സര്‍ക്കാര്‍ സര്‍വീസില്‍ വന്നശേഷം എന്‍ജിഒ യൂണിയെന്‍റ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായ അദ്ദേഹം അതിവേഗം അതിെന്‍റ മുന്നണിപ്പോരാളികളില്‍ ഒരാളാവുകയാണുണ്ടായത്. യൂണിയെന്‍റ വടകര ബ്രാഞ്ച് സെക്രട്ടറി, കോഴിക്കോട് ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളില്‍നിന്ന് യൂണിയന്‍ ജനറല്‍ സെക്രട്ടറി വരെ എത്തിയ അശോകന്‍ ഈ നിലകളിലെല്ലാം തെന്‍റ അസാമാന്യമായ സംഘടനാപാടവം തെളിയിക്കുകയുണ്ടായി. ജീവനക്കാരുടെ ഐക്യപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിലും ഒരു സമര സംഘടന എന്ന നിലയില്‍ എന്‍ജിഒ യൂണിയനെ ഉയര്‍ത്തുന്നതിലും സി എച്ച് അശോകെന്‍റ പങ്ക് അവഗണിക്കാനാവാത്തതാണ്. സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും സമര സംഘടനയായ എഫ്എസ്ഇടിഒയുടെ ജനറല്‍ സെക്രട്ടറിയായും സംസ്ഥാന ജീവനക്കാരുടെ അഖിലേന്ത്യാ ഫെഡറേഷെന്‍റ സെക്രട്ടറിയായും ദീര്‍ഘകാലം പ്രവര്‍ത്തിച്ച അദ്ദേഹം ഇവിടങ്ങളിലെല്ലാം തെന്‍റ വ്യക്തിമുദ്ര പതിപ്പിക്കുകയുണ്ടായി.

2002 ഫെബ്രുവരിയിലെ 32 ദിവസം നീണ്ട സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ഐതിഹാസികമായ പണിമുടക്കിന് നേതൃത്വം നല്‍കിയ സമരസമിതിയുടെ ജനറല്‍ കണ്‍വീനര്‍ എന്ന നിലയില്‍ അശോകന്‍ മികവുറ്റ സംഘടനാശേഷിയാണ് പ്രകടിപ്പിച്ചത്. വിവിധ ചേരികളിലായിനിന്ന സംഘടനകളെ ഒരുമിപ്പിക്കുകയും ഒന്നിച്ച് മുന്നോട്ടുകൊണ്ടു പോവുകയും ചെയ്തതില്‍ സി എച്ച് അശോകന്‍ വലിയ പങ്കാണ് വഹിച്ചത്. ആരോടും പിണങ്ങാതെയും പരുഷമായി സംസാരിക്കാതെയും സൗമ്യഭാവത്തില്‍ ഇടപഴകിയിരുന്ന അശോകെന്‍റ സവിശേഷമായ പെരുമാറ്റവും എല്ലാപേരോടും കൂടിയാലോചിച്ച് തീരുമാനങ്ങളെടുക്കാന്‍ അദ്ദേഹം പ്രകടിപ്പിച്ച സന്നദ്ധതയും ആ സമരത്തില്‍ എല്ലാ വിഭാഗങ്ങളെയും ഒരുമിച്ചണിനിരത്തുന്നതില്‍ വലിയ പങ്കു വഹിച്ചു എന്നത് അവിസ്മരണീയമാണ്. ദീര്‍ഘകാലത്തെ സിവില്‍ സര്‍വീസ് രംഗത്തെ സംഘടനാപരമായ അനുഭവ പാരമ്പര്യവുമായാണ് സര്‍വീസില്‍നിന്ന് വിരമിച്ചശേഷം പൊതുരാഷ്ട്രീയരംഗത്ത് അശോകന്‍ എത്തിയത്. സിപിഐ എം ജില്ലാ കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പാര്‍ടി ഇരുപതാം കോണ്‍ഗ്രസ്സിനു മുന്നോടിയായി നടന്ന ഒഞ്ചിയം ഏരിയാ സമ്മേളനത്തില്‍ ഏരിയ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ആ രംഗത്തും തെന്‍റ സംഘടനാപാടവവും സൗമ്യമായ പെരുമാറ്റവും കൊണ്ട് ജനങ്ങളെ പ്രസ്ഥാനത്തോട് അടുപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത് അദ്ദേഹത്തെ രാഷ്ട്രീയ എതിരാളികളുടെ കണ്ണിലെ കരടാക്കി മാറ്റി. 2012 മെയ് മാസത്തില്‍ കേരള എന്‍ജിഒ യൂണിയെന്‍റ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം കൊല്ലത്ത് എത്തിയപ്പോഴാണ് ഒഞ്ചിയത്ത് ആര്‍എംപി നേതാവ് കൊല്ലപ്പെട്ടത്. അശോകനെ അറിയുന്ന ആര്‍ക്കും സംശയത്തിെന്‍റ കണികപോലും ഉണ്ടാവില്ല ഇത്തരമൊരു കൊലപാതകവുമായി അദ്ദേഹത്തിന് വിദൂരമായെങ്കിലും ബന്ധമുണ്ടെന്ന്. കൊലപാതകത്തിെന്‍റയും തുടര്‍ന്ന് വിരുദ്ധന്മാര്‍ സിപിഐ എമ്മിനെതിരെ അക്രമം അഴിച്ചുവിട്ടതിെന്‍റയും (അശോകെന്‍റ വീടും തകര്‍ക്കപ്പെട്ടിരുന്നു) വാര്‍ത്ത അറിഞ്ഞതിനെ തുടര്‍ന്ന് സമ്മേളനം നടന്നുകൊണ്ടിരിക്കവെ തന്നെ തിരക്കിട്ട് അദ്ദേഹം ഒഞ്ചിയത്തേക്ക് മടങ്ങിയത് തന്റെ അസാന്നിധ്യം സഖാക്കളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തിയേക്കും എന്ന ചിന്തയാലാണ്. ആ കൊലപാതകവുമായി ഒരു വിധത്തിലും ബന്ധമില്ലാതിരുന്ന അശോകനെ ഗൂഢാലോചനക്കുറ്റം ചുമത്തി കള്ളക്കേസില്‍ കുടുക്കിയത് സിപിഐ എം സംഘടനാ സംവിധാനവുമായും പാര്‍ടിയുടെ ഉയര്‍ന്ന നേതൃത്വവുമായും ഈ കേസിനെ ബന്ധപ്പെടുത്തി പാര്‍ടിയെയാകെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഒഞ്ചിയം കേസില്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി നിരവധി സിപിഐ എം നേതാക്കളുടെ പട്ടിക നല്‍കിയിരുന്നുവെന്ന സംസ്ഥാന ആഭ്യന്തര മന്ത്രിയുടെ നിയമസഭയിലെ വെളിപ്പെടുത്തല്‍ തന്നെ അത് സ്ഥിരീകരിക്കുന്നു.

അശോകനെ കേസുമായി ബന്ധപ്പെടുത്തുന്ന വ്യക്തമായ തെളിവൊന്നും ഹാജരാക്കാന്‍ പൊലീസിനു കഴിഞ്ഞില്ല എന്ന വിമര്‍ശനത്തോടെയാണ് ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. എങ്കിലും ആദ്യഘട്ടത്തില്‍ കോഴിക്കോട് ജില്ലയിലും പിന്നീട് ഒഞ്ചിയം പ്രദേശത്തും അദ്ദേഹത്തിന് പ്രവേശനം അനുവദിച്ചിരുന്നില്ല. 2012 മെയ് 17ന് പൊലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തിയ അശോകന് പിന്നീട് തെന്‍റ വീട്ടില്‍ ജീവനോടെ തിരിച്ചെത്താനായില്ല. മാസങ്ങള്‍ നീണ്ട ജയില്‍വാസവും ശാരീരികവും മാനസികവുമായ പീഡനങ്ങളും ജീവിതക്രമത്തിെന്‍റ താളം തെറ്റലും മാനസിക സംഘര്‍ഷങ്ങളുമാണ് അദ്ദേഹത്തെ രോഗബാധിതനാക്കിയത്. അതാണ് അദ്ദേഹത്തിെന്‍റ അകാല ദേഹവിയോഗത്തിനിടയാക്കിയത്. ആ രീതിയില്‍ സി എച്ച് അശോകന്‍ യുഡിഎഫിെന്‍റ ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയായി എക്കാലവും സ്മരിക്കപ്പെടും.

മരണത്തോട് അടുത്തുകൊണ്ടിരുന്നപ്പോഴും അദ്ദേഹത്തിെന്‍റ ചിന്ത നാടിനെയും നാട്ടുകാരെയും പ്രസ്ഥാനത്തെയും കുറിച്ചായിരുന്നു. ചികില്‍സ കഴിഞ്ഞ് എത്രയും വേഗം നാട്ടില്‍ തിരിച്ചെത്തി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനെക്കുറിച്ചായിരുന്നു അവസാന നിമിഷങ്ങളിലും അദ്ദേഹം സംസാരിച്ചത്. സംശയമില്ല, സഖാവ് അശോകന്‍ ഒഞ്ചിയത്തെ വിപ്ലവ മണ്ണില്‍ ജ്വലിച്ചുയര്‍ന്ന രക്തനക്ഷത്രം തന്നെയാണ്. അകാലത്തില്‍ അത് പൊലിഞ്ഞുപോയെങ്കിലും ആ ധീരസ്മരണ എക്കാലത്തും ജനമനസ്സുകളില്‍ നിറഞ്ഞുനില്‍ക്കും. ആ ധീരസഖാവിനെ കുറിച്ചുള്ള കണ്ണീരില്‍ കുതിര്‍ന്ന ഓര്‍മകള്‍ക്കുമുന്നില്‍ ഒരുപിടി രക്തപുഷ്പങ്ങള്‍. പ്രിയ സഖാവെ, ലാല്‍സലാം.

*
ജി വിജയകുമാര്‍ ചിന്ത വാരിക

Thursday, July 18, 2013

സമര്‍ദാ

1930ഒക്ടോബര്‍. ഗാന്ധിജി ആഹ്വാനം ചെയ്ത നിസ്സഹകരണ പ്രസ്ഥാനത്തില്‍ പങ്കെടുത്തതിന് സമരേന്ദ്രലാല്‍ എന്ന സ്കൂള്‍ വിദ്യാര്‍ഥിയെയും മച്ചുനന്‍ ബരിന്‍ മുഖര്‍ജിയെയും ബ്രിട്ടീഷ് പൊലീസ് പിടികൂടി കൊല്‍ക്കത്ത പ്രസിഡന്‍സി ജയിലില്‍ അടച്ചു. ഹൗറ ജില്ലയിലെ പിതാംബര്‍ സ്കൂള്‍ വിദ്യാര്‍ഥികളായ ഇവരെ ക്ലാസ് ബഹിഷ്കരിച്ച് സമരത്തില്‍ പങ്കെടുത്തതിനായിരുന്നു അറസ്റ്റുചെയ്തത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രാഷ്ട്രീയ തടവുകാരോടൊപ്പം 17 തികയാത്ത സമരേന്ദ്രലാലും ബരിനും ഒരു വര്‍ഷത്തെ തടവ്. ജയിലില്‍ സമരേന്ദ്രയുടെ ആദ്യനാളുകള്‍. മൂന്നാം ഡിവിഷന്‍ തടവുകാരെ ദ്രോഹിക്കാന്‍ നിയോഗിക്കപ്പെട്ട ക്രൂരനായ ഹവില്‍ദാര്‍ ഫത്തേ ബഹാദൂര്‍സിങ്ങിന്റെ നോട്ടപ്പുള്ളികളായി ഈ കൗമാരക്കാര്‍. ഇയാള്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ വരുമ്പോള്‍ തടവുകാര്‍ "സലാം സര്‍ക്കാര്‍" എന്ന് ഭവ്യതയോടെ പറയണമെന്നാണ് ചട്ടം. രാഷ്ട്രീയ തടവുകാര്‍ ഈ നിയമം പാലിക്കേണ്ടതില്ലെന്ന് സമരേന്ദ്രയും ബരിനും ശഠിച്ചു. മറ്റു തടവുകാര്‍ക്കും വാശിയായി. ജയില്‍ ചട്ടങ്ങള്‍ ലംഘിക്കാന്‍ ഔത്സുക്യം കാട്ടിയ ഒരു രാഷ്ട്രീയ തടവുകാരന്‍ അതിനിടെ ഫത്തേ ബഹാദൂര്‍സിങ്ങിനെ തല്ലിവീഴ്ത്തി താടിയും മുടിയും വെട്ടി. എന്നാല്‍, മറ്റൊരു വട്ടം മര്‍ദനത്തിന് അതിടയാക്കി. പക്ഷേ, "സലാം സര്‍ക്കാര്‍" എന്ന് റാന്‍ മൂളാന്‍ പിന്നീട് ഒരു തടവുകാരനെയും ആരും നിര്‍ബന്ധിച്ചിട്ടില്ല.

കൊല്‍ക്കത്തയില്‍ ദില്‍ക്കുഷ സ്ട്രീറ്റിലെ ഒമ്പതാം നമ്പര്‍ വീട്ടില്‍ പരസഹായത്തോടെ അവസാന നാളുകള്‍ പിന്നിട്ട അന്നത്തെ സമരേന്ദ്രലാല്‍ നൂറാം വയസ് കടന്നും നമുക്കൊപ്പമുണ്ടായി. പേര് പഴയ സമരേന്ദ്രലാല്‍ എന്നായിരുന്നില്ല. കോണ്‍ഗ്രസ് കുപ്പായം എന്നേ ഉപേക്ഷിച്ചു. വെളുത്ത സായിപ്പിനു പകരം കറുത്ത സായിപ്പ് ഇന്ത്യ ഭരിച്ചപ്പോള്‍ സമരം തുടര്‍ന്നു, സമരേന്ദ്രലാല്‍. കമ്യൂണിസ്റ്റുകാരനായി. കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഏറ്റവും പരമോന്നതസമതിയിലെത്തി. ഇന്ത്യയിലെ എല്ലാ കമ്യൂണിസ്റ്റുകാരും ഒരു കാരണവരെപ്പോലെ ആദരിക്കുന്ന സമര്‍ മുഖര്‍ജിയായി.

ബ്രിട്ടീഷ് കമ്പനി ജീവനക്കാരനായ സചിന്ദ്രലാല്‍ മുഖര്‍ജിയുടെയും ഗൊലാബ് സുന്ദരിദേവിയുടെയും മകനായി 1913 നവംബര്‍ ഏഴിനു ജനിച്ച സമരേന്ദ്രലാല്‍ എന്ന അവിവാഹിതന്റെ എട്ടരപ്പതിറ്റാണ്ടു നീണ്ട സമരജീവിതം പോരാളികള്‍ക്കൊരു പാഠപുസ്തകമാണ്.

ജയിലനുഭവങ്ങള്‍ സമരേന്ദ്രലാലിലെ വിപ്ലവകാരിയെ പാകപ്പെടുത്തി എടുക്കുകയായിരുന്നു. 1931ലെ ഗാന്ധിഇര്‍വിന്‍ സന്ധി പ്രകാരം സമരേന്ദ്രയും കൂട്ടരും മോചിതരായെങ്കിലും സ്കൂളില്‍ പ്രവേശനം കിട്ടിയില്ല. കൊല്‍ക്കത്ത ബൗ ബസാര്‍ സ്കൂളിലായി പിന്നെ പത്താംക്ലാസ് പഠനം. ജന്മനാടായ ആംതയിലെ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയായി പ്രവര്‍ത്തിക്കവെയാണ് മെട്രിക്കുലേഷന്‍ പാസായത്. പിന്നീട് കൊല്‍ക്കത്ത യൂണിവേഴ്സിറ്റിയില്‍ നിന്ന് ഉയര്‍ന്ന മാര്‍ക്കോടെ ബി എ പാസായി.

മുപ്പതുകളില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അലയടിച്ച ചുവന്നകാറ്റില്‍ ബംഗാളും ഉലഞ്ഞു. സമര്‍ മുഖര്‍ജിയുടെ ചിന്തയ്ക്കും കാറ്റുപിടിച്ചു. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി തോന്നി തുടങ്ങിയ കാലമായിരുന്നു അത്. സ്വാഭാവികമായും ശ്രദ്ധ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയിലേക്ക് മാറി. തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ടിയിലേക്കും പതുക്കെ ചുവടുവച്ചു. കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകനായിരുന്ന ബിനയ്റോയിയുമായുള്ള അടുപ്പമാണ് കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവുമായി അദ്ദേഹത്തെ അടുപ്പിച്ചത്. 1936 മുതല്‍ ഹൗറയിലെ ചണമില്‍ തൊഴിലാളികളെയും ചണം കൃഷിക്കാരെയും സംഘടിപ്പിക്കുന്നതിലായി ശ്രദ്ധ. 1938ല്‍ ഓള്‍ ഇന്ത്യ സ്റ്റുഡന്‍സ് ഫെഡറേഷന്‍ ഹൗറ ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കമ്യൂണിസ്റ്റ് പാര്‍ടിയുമായുള്ള ബന്ധം വളര്‍ന്നു. 1940ല്‍ പാര്‍ടി അംഗത്വം നേടി.

ചണമില്‍തൊഴിലാളികളുടെ സമരത്തിന് നേതൃത്വം നല്‍കിയതിന് അറസ്റ്റുചെയ്ത് 14 മാസം ജയിലിലിട്ടു. 1946ല്‍ കൊല്‍ക്കത്ത നഗരത്തില്‍ നടന്ന ആസൂത്രിതമായ ഹിന്ദുമുസ്ലിം വര്‍ഗീയലഹളയില്‍ നിന്ന് സാധാരണ മനുഷ്യരെ രക്ഷിക്കാന്‍ സമര്‍ മുഖര്‍ജി നടത്തിയ ധീരോദാത്തമായ പ്രവര്‍ത്തനം ബംഗാളിന്റെ ചരിത്രത്തിന്റെ ഭാഗം. ലഹള ശമിപ്പിക്കാന്‍ ശ്രമിച്ചതിന് ഇരുപക്ഷത്തെയും വര്‍ഗീയവാദികളുടെ ആക്രമണത്തിന് ഇരയായി. 1947ല്‍ രാജ്യം വിഭജിച്ചതിനെ തുടര്‍ന്ന് കിഴക്കന്‍ ബംഗാളില്‍ നിന്നെത്തിയ അഭയാര്‍ഥികളെ സഹായിക്കുന്നതിനുള്ള പ്രവര്‍ത്തനം സംഘടിപ്പിച്ചു.

1948ല്‍ കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം പാര്‍ടി കോണ്‍ഗ്രസ് പ്രതിനിധിയായി. കൊല്‍ക്കത്ത തീസിസിനെ തുടര്‍ന്ന് പാര്‍ടി നിരോധിക്കപ്പെട്ടതിനാല്‍ വീണ്ടും അറസ്റ്റ്. മൂന്നു മാസത്തിനുശേഷം വിട്ടയച്ചു. പിന്നീട് ഒളിവില്‍ പ്രവര്‍ത്തിച്ചു. 1957ല്‍ പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗമായി. 1962ലെ ചൈന യുദ്ധകാലത്ത് കമ്യൂണിസ്റ്റുകാരെ വേട്ടയാടിയപ്പോള്‍ വീണ്ടും ഒളിവില്‍. 1964ല്‍;കൊല്‍ക്കത്തയില്‍ നടന്ന ഏഴാം പാര്‍ടി കോണ്‍ഗ്രസിന്റെ ഒരുക്കങ്ങളില്‍ വ്യാപൃതനായിരിക്കെ അറസ്റ്റുചെയ്ത്് മിഡ്നാപുര്‍ ജയിലില്‍ അടച്ചു. പാര്‍ടി കോണ്‍ഗ്രസ് പ്രതിനിധിയായിരുന്നെങ്കിലും പങ്കെടുക്കാനായില്ല.

1964ല്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം. 1966ല്‍ കേന്ദ്ര കമ്മിറ്റിഅംഗമായി. "78ല്‍ പി ബി അംഗമായി. 1992-2002 കാലത്ത് കണ്‍ട്രോള്‍ കമീഷന്‍ ചെയര്‍മാന്‍. മരിക്കൂമ്പോള്‍ കേന്ദ്ര കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവ്. 1957ല്‍ നിയമസഭാ അംഗമായി. 1971ല്‍ ഹൗറയില്‍ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. "77ലും "80ലും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എ കെ ജിയോടൊപ്പമുള്ള പാര്‍ലമെന്റിലെ അനുഭവങ്ങള്‍ ആവേശത്തോടെയാണ് സമര്‍ദാ ഓര്‍ത്തിരുന്നത്.

*
എന്‍ എസ് സജിത് ദേശാഭിമാനി

കോണ്‍ഗ്രസിലെ ശീതസമരം

സോളാര്‍ തട്ടിപ്പില്‍ ജനകീയ കോടതിയില്‍ പ്രതിപ്പട്ടികയില്‍ നില്‍ക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വന്തം പാര്‍ടിയിലും മുന്നണിയിലും പ്രതിരോധത്തിലാണ്. രാജിവയ്ക്കണമെന്ന് അവര്‍ പരസ്യമായി ആവശ്യപ്പെട്ടിട്ടില്ലെങ്കിലും മുഖ്യമന്ത്രിയെ രഹസ്യമായിപ്പോലും സഹായിക്കാന്‍ ആരുമില്ല. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടെങ്കിലും മുഖ്യമന്ത്രിയെ ന്യായീകരിക്കുന്ന ഒരു പ്രസ്താവനയും അഖിലേന്ത്യാ കോണ്‍ഗ്രസ് നേതൃത്വം നടത്തിയിട്ടില്ല. കേരളത്തിലെ കോണ്‍ഗ്രസിന്റെ യഥാര്‍ഥ ഹൈക്കമാന്‍ഡായ എ കെ ആന്റണി ഭരണമാറ്റമില്ലെന്ന് പറയുമ്പോഴും നേതൃമാറ്റമില്ലെന്നു തറപ്പിച്ചുപറയുന്നില്ല. സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കാളിയല്ലെന്ന് ആന്റണിക്ക് വിശ്വസിക്കാന്‍ കഴിയാത്തതുകൊണ്ടാണ് താനൊരു ജഡ്ജിയല്ലെന്ന് പറഞ്ഞ് അദ്ദേഹം കൈമലര്‍ത്തുന്നത്.

ചിലര്‍ തന്റെ രക്തത്തിനുവേണ്ടി ദാഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞത് കോണ്‍ഗ്രസിലെ തന്റെ സഹപ്രവര്‍ത്തകരെ ഉദ്ദേശിച്ചാണ്. തന്നെ രഹസ്യനീക്കങ്ങളിലൂടെ പുകച്ചുചാടിച്ച ഉമ്മന്‍ചാണ്ടിയോട് ആന്റണിക്ക് കടുത്ത പകയുണ്ട്. ഉപമുഖ്യമന്ത്രിസ്ഥാനം, ആഭ്യന്തരമന്ത്രിപദമെന്നൊക്കെ പറഞ്ഞ് പലതവണ കബളിപ്പിക്കപ്പെട്ട രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടിയെ വെറുതെവിടാന്‍ ഇടയില്ല. കോണ്‍ഗ്രസിലേക്കുള്ള തന്റെ പുനഃപ്രവേശനത്തെ നഖശിഖാന്തം എതിര്‍ക്കുകയും മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കുകയുംചെയ്ത ഉമ്മന്‍ചാണ്ടിയെ കെ മുരളീധരന് ന്യായീകരിക്കേണ്ടതില്ലല്ലോ. ആന്റണിയില്ലാത്ത "എ" ഗ്രൂപ്പിനെ നയിക്കുന്ന ഉമ്മന്‍ചാണ്ടി സ്വന്തം ഗ്രൂപ്പില്‍പ്പെട്ടവരെയാണ് പല ഘട്ടങ്ങളിലായി വെട്ടിനിരത്തിയത്. താരപരിവേഷമുള്ള വി എം സുധീരനെ രാഷ്ട്രീയ മുഖ്യധാരയില്‍നിന്ന് ഒഴിവാക്കിയത് ഉമ്മന്‍ചാണ്ടിയാണ്. "എ" ഗ്രൂപ്പിനുവേണ്ടി കുതന്ത്രങ്ങള്‍ മെനഞ്ഞിരുന്ന ആര്യാടന്‍ മുഹമ്മദ്പോലും ഉമ്മന്‍ചാണ്ടിയില്‍നിന്ന് ബഹുദൂരം അകലെയാണ്. ആള്‍ക്കൂട്ടത്തിനു മധ്യത്തില്‍ കഴിയുന്ന തന്റെ പ്രവര്‍ത്തനശൈലി മാറ്റില്ലെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. ആള്‍ക്കൂട്ടത്താല്‍ നയിക്കപ്പെടുന്ന ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിപദവിയുടെ ബഹുമാന്യതയാണ് തകര്‍ത്തത്. അധികാരദല്ലാളന്മാരും കൊള്ളക്കാരും തട്ടിപ്പുകാരും നിറഞ്ഞ ആള്‍ക്കൂട്ടത്തിന്റെ നിക്ഷിപ്തതാല്‍പ്പര്യങ്ങളുടെ തടവറയിലാണ് മുഖ്യമന്ത്രി അകപ്പെട്ടത്. ക്രിയാത്മകമാകേണ്ട ഭരണനിര്‍വഹണത്തെയാണ് അദ്ദേഹം പ്രകടനാത്മകമാക്കിയത്.

കെ കരുണാകരന്റെ പ്രവര്‍ത്തനശൈലിയെയാണ് ആന്റണിയും ഉമ്മന്‍ചാണ്ടിയും ഒരു കാലഘട്ടം മുഴുവന്‍ എതിര്‍ത്തത്. പാര്‍ടി തീരുമാനം അനുസരിക്കാത്ത ഏകാധിപതിയായാണ് എഴുപതുകളില്‍ കരുണാകരനെ ആന്റണിവിഭാഗം ചിത്രീകരിച്ചത്. കരുണാകരന്‍ നയിച്ച ഭരണവിഭാഗവും ആന്റണി നയിച്ച സംഘടനാവിഭാഗവും തമ്മിലായിരുന്നു പോരാട്ടം. കെ കരുണാകരന് രണ്ടുതവണ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നത് പാര്‍ടിക്കുള്ളിലെ പ്രശ്നങ്ങള്‍കൊണ്ടാണ്. 1977ല്‍ രാജന്‍കേസിന്റെ പേരിലാണ് രാജിവച്ചതെങ്കിലും, ആന്റണിവിഭാഗം സ്വീകരിച്ച കടുത്തനിലപാടുമൂലമാണ് അദ്ദേഹത്തിന് പിടിച്ചുനില്‍ക്കാന്‍ കഴിയാതെപോയത്. 1995ല്‍ ചാരവൃത്തികേസിന്റെ പേരില്‍ ബഹുജനവികാരം കരുണാകരനെതിരെ ആളിക്കത്തിക്കുന്നതിനോടൊപ്പം ഭൂരിപക്ഷം കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഒപ്പിട്ട നിവേദനം ഹൈക്കമാന്‍ഡിന് നല്‍കുന്നതിലുംഉമ്മന്‍ചാണ്ടി വിജയിച്ചു. 1978ല്‍ ആന്റണി മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ കാരണമായി പറഞ്ഞത് ചിക്മംഗളൂരു ഉപതെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിക്ക് കോണ്‍ഗ്രസ് എസ് നല്‍കിയ പിന്തുണയാണ്. അക്കാലത്തെ ചില കോണ്‍ഗ്രസ് യോഗങ്ങളില്‍ "അപ്രന്റീസ് മുഖ്യമന്ത്രി" എന്നുപറഞ്ഞ് ചിലര്‍ ആക്ഷേപിച്ചതില്‍ ആന്റണി കുപിതനായിരുന്നു. കോണ്‍ഗ്രസിലെ ഭിന്നിപ്പിനുശേഷം തിരുവനന്തപുരം ഈസ്റ്റിലും പാറശാലയിലും നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ആന്റണി നയിച്ച മുന്നണി മൂന്നാംസ്ഥാനത്തേക്കു പോയതും അദ്ദേഹത്തെ ദുഃഖിതനാക്കി. ഈ അപകര്‍ഷത്തില്‍നിന്നുള്ള പലായനമായിരുന്നു അന്നത്തെ രാജി. 2004 ല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ ദയനീയപരാജയം ആന്റണിയുടെ മുഖംകറുപ്പിച്ചു. തന്നെ രാജിവയ്പിക്കുന്നതിനുള്ള ഉമ്മന്‍ചാണ്ടിയുടെയും ഒരു ലോബിയുടെയും നീക്കം മണത്തറിഞ്ഞ ആന്റണി രക്ഷപ്പെടുകയോ ഒളിച്ചോടുകയോ ആയിരുന്നു. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയതിനാല്‍ കേന്ദ്രമന്ത്രിസാധ്യതയും കണക്കുകൂട്ടി. 1964ല്‍ ആര്‍ ശങ്കറിന് മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നത് കോണ്‍ഗ്രസിലെ ഒരു വിഭാഗം അവിശ്വാസപ്രമേയം കൊണ്ടുവന്നതിനാലാണ്. പീച്ചി സംഭവത്തെതുടര്‍ന്ന് അപമാനിതനായി ആഭ്യന്തരമന്ത്രിപദം രാജിവയ്ക്കേണ്ടിവന്ന പി ടി ചാക്കോയുടെ അനുയായികളാണ് അദ്ദേഹത്തിന്റെ മരണശേഷം പടനയിച്ചത്. കോണ്‍ഗ്രസിലെ അധികാരവടംവലിയാണ് ആര്‍ ശങ്കര്‍, കെ കരുണാകരന്‍, എ കെ ആന്റണി എന്നിവരുടെ മുഖ്യമന്ത്രിക്കസേര തെറിപ്പിച്ചതെന്ന് ചുരുക്കം.

1964ല്‍ ആര്‍ ശങ്കറെ മാറ്റുന്നതില്‍ പ്രധാനപങ്കു വഹിച്ചത് മന്നത്തുപത്മനാഭനും എന്‍എസ്എസുമാണ്. ആര്‍ ശങ്കര്‍ വര്‍ഗീയവാദിയാണെന്നാണ് മന്നം അന്ന് പരസ്യമായി പറഞ്ഞത്. കരുണാകരനെയോ ആന്റണിയെയോ വര്‍ഗീയവാദിയായി ആരും ചിത്രീകരിച്ചിട്ടില്ല. എന്നാല്‍, ഉമ്മന്‍ചാണ്ടി വര്‍ഗീയവാദിയാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍ പറഞ്ഞിരുന്നു. ഉമ്മന്‍ചാണ്ടിഭരണത്തില്‍ ന്യൂനപക്ഷസമുദായശക്തികള്‍ മേധാവിത്വം പുലര്‍ത്തുന്നതാണ് എന്‍എസ്എസിന്റെ വിമര്‍ശത്തിനു മുഖ്യകാരണം. എന്നാല്‍, തെരഞ്ഞെടുപ്പുവേളയില്‍ കോണ്‍ഗ്രസ് നേതൃത്വം എന്‍എസ്എസുമായി നടത്തിയ രഹസ്യധാരണയിലെ ചില കാര്യങ്ങള്‍ ഉമ്മന്‍ചാണ്ടി കാറ്റില്‍ പറത്തിയതാണ് പ്രകോപനത്തിനു കാരണമായത്. 1976 മുതല്‍ 96 വരെ രണ്ടുദശാബ്ദക്കാലം എന്‍എസ്എസിന്റെ രാഷ്ട്രീയവിഭാഗമായ എന്‍ഡിപി, യുഡിഎഫ് ഘടകകക്ഷിയായിരുന്നു. 96ല്‍ ആന്റണിയെ എതിര്‍ത്ത എന്‍എസ്എസ് 2001ല്‍ ആന്റണിയുടെ ഉറ്റമിത്രമായി. അതുകൊണ്ടാണ് 2011ല്‍ വിലാസ്റാവുദേശ്മുഖിനെ മുന്നില്‍നിര്‍ത്തി ആന്റണി പറഞ്ഞ നിര്‍ദേശങ്ങള്‍ എന്‍എസ്എസ് അംഗീകരിച്ചത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായാല്‍ നായര്‍വിഭാഗത്തിലെ പ്രമുഖന് മന്ത്രിസഭയില്‍ താക്കോല്‍സ്ഥാനം നല്‍കണം എന്നതായിരുന്നു മുഖ്യവ്യവസ്ഥ. അതിന്റെ അടിസ്ഥാനത്തിലാണ് രമേശിനെ ഹൈക്കമാന്‍ഡ് ഹരിപ്പാട്ട് മത്സരിപ്പിച്ചത്. ആഭ്യന്തരമന്ത്രിസ്ഥാനം ലഭിക്കാതെ വന്നപ്പോള്‍ രമേശ് മന്ത്രിസഭയില്‍ പ്രവേശിച്ചില്ല. മുസ്ലിംലീഗിലെ അഞ്ചാം മന്ത്രിസ്ഥാനം സമുദായസന്തുലനം തകര്‍ത്തപ്പോള്‍ രമേശിന് ആഭ്യന്തരം എന്ന പഴയകാര്യം പൊന്തിവന്നു. എന്നാല്‍, തിരുവഞ്ചൂരിനാണ് ഉമ്മന്‍ചാണ്ടി ആ സ്ഥാനം നല്‍കിയത്. തിരുവഞ്ചൂരിന് ആഭ്യന്തരം നല്‍കിയതിനെ ആദ്യം എതിര്‍ത്തത് ആര്യാടന്‍ മുഹമ്മദാണ്. "എ" ഗ്രൂപ്പിലെതന്നെ തിരുവഞ്ചൂര്‍ വിരുദ്ധര്‍ മുഖ്യമന്ത്രി ആഭ്യന്തരം എടുക്കണമെന്ന ആവശ്യം അടുത്തകാലത്ത് ഉന്നയിച്ചിരുന്നു. രമേശ് ചെന്നിത്തലയുടെ കേരള യാത്രാവേളയിലാണ് ഇവര്‍ വാഗ്ദാനവുമായി രമേശിനെ സമീപിച്ചത്. ഉമ്മന്‍ചാണ്ടിയുടെ ദൂതന്മാര്‍ എന്ന നിലയില്‍ എം എം ഹസ്സന്‍, ബെന്നിബെഹനാന്‍, തമ്പാനൂര്‍ രവി എന്നിവര്‍ ഉപമുഖ്യമന്ത്രിപദം അഥവാ ആഭ്യന്തരമന്ത്രി എന്ന കാര്യമാണ് അവതരിപ്പിച്ചത്. പക്ഷേ, കേരളയാത്ര കഴിഞ്ഞപ്പോള്‍ ഉമ്മന്‍ചാണ്ടി മലക്കംമറിഞ്ഞു. രമേശിന് റവന്യൂവകുപ്പ് കൊടുക്കാമെന്നായി. ഉപമുഖ്യമന്ത്രി പദത്തെ മുസ്ലിംലീഗ് എതിര്‍ത്തു. ചെന്നിത്തലയെ അധികാരദുര്‍മോഹിയായി താറടിക്കാനാണ് "എ"ഗ്രൂപ്പ് ശ്രമിച്ചത്. തുല്യദുഃഖിതരായ രമേശും കെ മുരളീധരനും കൈകോര്‍ക്കുന്നത് ഈ സന്ദര്‍ഭത്തിലാണ്. ഇതൊക്കെയാണെങ്കിലും ധാര്‍മികതയുടെ പേരില്‍ ഉമ്മന്‍ചാണ്ടി രാജിവയ്ക്കില്ലെന്ന് ഉറപ്പാണ്.

അന്വേഷണത്തിന് മുഖ്യമന്ത്രിതന്നെ കൂച്ചുവിലങ്ങിട്ടിരിക്കുകയാണ്. ഉമ്മന്‍ചാണ്ടി രാജിവച്ചാല്‍ ഒന്നാമത്തെ ചോയ്സ് രമേശ് ചെന്നിത്തലയ്ക്കാണ്. ഒട്ടും കുറവല്ലാത്ത യോഗ്യതകള്‍ ഉള്ളവരാണ് വി എം സുധീരന്‍, ജി കാര്‍ത്തികേയന്‍, കെ മുരളീധരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍. വയലാര്‍ രവി ദില്ലിയില്‍ ചരടുവലിക്കുന്നുമുണ്ട്. ഉമ്മന്‍ചാണ്ടി കൂടുതല്‍ നാറണമെന്നാഗ്രഹിക്കുന്ന ആന്റണിതന്നെയാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ രാജിക്ക് എതിരായി നില്‍ക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെടും. പ്രണബ് മുഖര്‍ജിയുടെ കാലാവധി തീരുന്നതുവരെ ആന്റണി രാഷ്ട്രപതിയാകാനുള്ള സാധ്യതയുമില്ല. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ദയനീയ തോല്‍വിയുടെ പേരില്‍ ഉമ്മന്‍ചാണ്ടിക്ക് മാറേണ്ടിവരുമ്പോള്‍ ആന്റണിക്ക് പ്രത്യേക വിമാനത്തില്‍ കേരളത്തിലെത്തി മുഖ്യമന്ത്രിക്കസേരയില്‍ ഉപവിഷ്ടനാകാം.

*
ചെറിയാന്‍ ഫിലിപ്പ് ദേശാഭിമാനി

രാജ്യസുരക്ഷ പണയത്തില്‍

പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് ഒരിക്കലേ രാജിഭീഷണി മുഴക്കിയിട്ടുള്ളൂ. അത് ഒന്നാം യുപിഎ മന്ത്രിസഭയുടെ അവസാനകാലത്താണ്. ഇന്‍ഡോ-അമേരിക്കന്‍ ആണവകരാര്‍ നടപ്പാക്കാന്‍ കഴിയുന്നില്ലെങ്കില്‍ താന്‍ പ്രധാനമന്ത്രിക്കസേരയിലിരിക്കില്ലെന്ന് പാര്‍ലമെന്റില്‍ത്തന്നെ അദ്ദേഹം പ്രഖ്യാപിച്ചു. കരാര്‍ സമയബന്ധിതമായി നടപ്പാക്കുന്നത് സംബന്ധിച്ച് അമേരിക്ക "അന്ത്യശാസനം" കൊടുത്തതിനു തൊട്ടുപിന്നാലെയായിരുന്നു അത്. അമേരിക്കന്‍ താല്‍പ്പര്യം നിര്‍വഹിച്ചുകൊടുക്കാനല്ലെങ്കില്‍ പിന്നെ ഇന്ത്യയുടെ പ്രധാനമന്ത്രിസ്ഥാനം എന്തിന് എന്ന ചിന്തയായിരുന്നു പ്രധാനമന്ത്രിക്ക്. മറ്റൊരു രൂപത്തില്‍ പറഞ്ഞാല്‍, ഇന്ത്യന്‍ താല്‍പ്പര്യങ്ങള്‍ക്കെതിരെ വിദേശതാല്‍പ്പര്യങ്ങള്‍ നിറവേറ്റിക്കൊടുക്കാനുള്ളതാണ് തന്റെ അധികാരമെന്ന ബോധ്യം.

ഈ ബോധ്യംതന്നെയാണ് തൊണ്ണൂറുകളില്‍ ധനമന്ത്രിയായതുതൊട്ടിന്നോളം മന്‍മോഹന്‍സിങ്ങിനെ നയിക്കുന്നത്. പലസ്തീന്‍ പ്രശ്നത്തിലും ഇറാന്‍ പ്രശ്നത്തിലും അന്താരാഷ്ട്ര ആണവ ഏജന്‍സി നിലപാടിലും എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തിലുമൊക്കെ ദേശീയതാല്‍പ്പര്യങ്ങളെയും ഇന്ത്യന്‍ ജനതയുടെ താല്‍പ്പര്യങ്ങളെയും പൂര്‍വകാല വിദേശകാര്യനിലപാടുകളെയുമൊക്കെ ധ്വംസിക്കുന്നതിന് പ്രധാനമന്ത്രി നിര്‍ലജ്ജം മുന്നിട്ടിറങ്ങുന്നത് നമ്മള്‍ കണ്ടു. ആഗോളവല്‍ക്കരണത്തിലൂടെ അതിര്‍ത്തി ലംഘിച്ചുള്ള അനിയന്ത്രിതവും നിരുപാധികവുമായ ധനമൂലധനപ്രവാഹത്തിനുവേണ്ടി വാതില്‍ തുറന്നുകൊടുത്തതിലും അതിനനുസൃതമായ അന്തരീക്ഷം ഇവിടെയുണ്ടാക്കാന്‍, പരിമിതമായതോതിലെങ്കിലും നിലനിന്നിരുന്ന ക്ഷേമ-സേവന നടപടികളില്‍നിന്നുപോലും പിന്‍വാങ്ങി ഇന്ത്യന്‍ ജനതയുടെ ജീവിതത്തെത്തന്നെ വരിഞ്ഞുമുറുക്കുന്നതും നാം കണ്ടു. ഒരുകാലത്ത് ചേരിചേരാപ്രസ്ഥാനത്തിന്റെ നായകസ്ഥാനത്ത് തലയെടുപ്പോടെ നിന്ന ഇന്ത്യയുടെ യശസ്സ് തകര്‍ത്ത് അമേരിക്കയുടെ ഉപഗ്രഹരാജ്യമാക്കിമാറ്റുന്ന പ്രക്രിയയാണ് രണ്ടുപതിറ്റാണ്ടിലേറെക്കാലമായി ഇവിടെ തുടരുന്നത്. ഈ പ്രക്രിയയെ കുതിപ്പിക്കുന്ന നടപടിയാണ് പ്രതിരോധമടക്കം 13 മേഖലയില്‍ വിദേശനിക്ഷേപപരിധി ഉല്‍ക്കണ്ഠാജനകമാംവിധം വര്‍ധിപ്പിച്ചുള്ള ചൊവ്വാഴ്ചത്തെ കേന്ദ്രമന്ത്രിമാരുടെ പ്രത്യേക യോഗത്തിലെ തീരുമാനം. പ്രതിരോധമേഖലപോലും വിദേശമൂലധനത്തിനായി തുറന്നുവച്ചിരിക്കുന്നുവെന്നതാണ് ഏറെ ആശങ്കപ്പെടുത്തുന്ന കാര്യം. സുരക്ഷാസമിതിയുടെ അനുവാദമുണ്ടെങ്കില്‍ പ്രതിരോധരംഗത്തെ ഏതുമേഖലയിലും നൂറുശതമാനംവരെ പ്രത്യക്ഷ വിദേശനിക്ഷേപമാകാം എന്നാണ് തീരുമാനം.

പ്രതിരോധമേഖലയില്‍ വിദേശനിക്ഷേപം വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായിരുന്ന അമ്പതുകളില്‍ത്തന്നെ കേന്ദ്ര ക്യാബിനറ്റില്‍ ഗൗരവപൂര്‍ണമായ ചര്‍ച്ച നടന്നിരുന്നു. ആ മേഖല രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതാകയാല്‍ അത് വിദേശമൂലധനത്തിന് ക്രമാതീതമായി തുറന്നുകൊടുത്തുകൂടാ എന്ന തീരുമാനമാണ് അന്നുണ്ടായത്. വിദേശമൂലധനം തനിച്ചല്ല വരുന്നത്. അത് എപ്പോഴും അതിനുപിന്നിലുള്ള വൈദേശികതാല്‍പ്പര്യങ്ങളെ കൂടെ കൊണ്ടുവരും. ആ താല്‍പ്പര്യങ്ങള്‍ നമ്മുടെ ദേശീയതാല്‍പ്പര്യങ്ങള്‍ക്ക് നിരക്കുന്നതാകില്ല. ദേശീയതാല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ വിദേശരാഷ്ട്ര താല്‍പ്പര്യങ്ങള്‍ക്ക് ഇടംകൊടുത്താല്‍ ആത്യന്തികമായി അത് രാജ്യത്തിന്റെ സുരക്ഷാപരമാധികാരത്തെത്തന്നെ അപകടപ്പെടുത്തും. ഈ വിശദീകരണമുള്‍ക്കൊള്ളുന്ന ഒരു പ്രമേയംതന്നെ വി കെ കൃഷ്ണമേനോനും ലാല്‍ബഹാദൂര്‍ശാസ്ത്രിയുമൊക്കെ ഉള്‍പ്പെട്ട നെഹ്റുമന്ത്രിസഭ പണ്ട് പാസാക്കിയിരുന്നു. ആ പ്രമേയം വലിച്ചുകീറി കാറ്റില്‍പറത്തിയാണ് ഇന്ന് പ്രതിരോധരംഗത്തെ വിദേശനിക്ഷേപത്തോത് 26 ശതമാനത്തില്‍നിന്ന് 100 ശതമാനം എന്നുയര്‍ത്തിയത്.

നെഹ്റുവിന്റെ നയങ്ങളെ നെഹ്റുവിന്റെ പിന്മുറക്കാരെന്ന് അഭിമാനിക്കുന്നവര്‍തന്നെ തകര്‍ക്കുന്നതിന്റെ ഏറ്റവും ശ്രദ്ധേയമായ ദൃഷ്ടാന്തമാണിത്. 26 ശതമാനത്തിന്മേലുള്ള വിദേശനിക്ഷേപം സുരക്ഷാസമിതിയുടെ അംഗീകാരത്തോടെ മാത്രമേ പാടുള്ളൂവെന്നത് ഒരു നാട്യംമാത്രമാണ്. പ്രതിരോധരംഗത്ത് വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നാട്യം. നേരിട്ടുള്ള വിദേശനിക്ഷേപം പ്രതിരോധരംഗത്ത് 49 ശതമാനംവരെയാകാം എന്ന് പരസ്യമായി പറയുമ്പോഴും ഒഴിവാക്കാനാവാത്ത സന്ദര്‍ഭങ്ങളില്‍ അതിനു പരിധി കല്‍പിക്കേണ്ടതില്ല എന്ന് രഹസ്യമായി നിശ്ചയിച്ചിരിക്കുന്നു. സുരക്ഷാസമിതിയുടെ അനുവാദം എന്ന നിബന്ധന സാങ്കേതികം മാത്രമാണ്. പ്രതിരോധരംഗത്തെ നേരിട്ടുള്ള വിദേശനിക്ഷേപത്തോത് ഉയര്‍ത്തുന്നത് സുരക്ഷിതത്വതാല്‍പ്പര്യങ്ങള്‍ക്കനുസൃതമല്ലെന്ന് മുമ്പ് പ്രതിരോധമന്ത്രി എ കെ ആന്റണിതന്നെ അഭിപ്രായപ്പെട്ടിരുന്നതാണ്. ആ രംഗത്തെ വിദേശനിക്ഷേപത്തോത് ഉയര്‍ത്തുന്നതിനെ ആന്റണി എതിര്‍ത്തതായും കേട്ടിട്ടുണ്ട്. എന്നാല്‍, ആന്റണിയുടെ എതിര്‍പ്പ് കാര്യത്തോടടുത്തപ്പോള്‍ എങ്ങനെ അലിഞ്ഞുപോയി? പ്രതിരോധസുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്തും നിലനിര്‍ത്തേണ്ടത്ര പ്രധാനപ്പെട്ടതാണ് മന്ത്രിസ്ഥാനമെന്ന് ആന്റണി കരുതുന്നുണ്ടോ? ഇക്കാര്യം വ്യക്തമാക്കപ്പെടേണ്ടതുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ കുംഭകോണങ്ങള്‍ കൂടുതലും നടന്നിട്ടുള്ളത് പ്രതിരോധരംഗത്താണ്. ജീപ്പ് കുംഭകോണംമുതല്‍ ബൊഫോഴ്സ് വഴി അഗസ്താവെസ്റ്റ്ലാന്‍ഡുവരെ എത്രയെത്ര കുംഭകോണങ്ങള്‍. അത്തരം കുംഭകോണങ്ങളുടെ മറ്റൊരു മലവെള്ളപ്പാച്ചിലിന് ഗേറ്റ് തുറന്നുകൊടുക്കാന്‍കൂടി ഉദ്ദേശിച്ചിട്ടുണ്ടാകണം കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ആയിരക്കണക്കിനു കോടികള്‍ ഒഴുക്കാനുള്ള കോണ്‍ഗ്രസിന്റെ മുഖ്യ കറവപ്പശു പ്രതിരോധരംഗംതന്നെയാണല്ലോ. ടെലികോം, പ്രതിരോധം, ഇന്‍ഷുറന്‍സ്, ഊര്‍ജം എന്നീ മേഖലകളില്‍ തുടങ്ങി ചെറുകിട വ്യാപാരമേഖലയില്‍വരെയായി 13 രംഗങ്ങളിലാണ് നേരിട്ടുള്ള വിദേശനിക്ഷേപത്തോത് ഉയര്‍ത്തിയിട്ടുള്ളത്.

നെഹ്റൂവിയന്‍ നയങ്ങളെപ്പോലും പൊളിച്ചടുക്കുന്ന തരത്തിലുള്ള നയംമാറ്റം. നയപരമായ ഈ കാര്യം പാര്‍ലമെന്റിന്റെ ചര്‍ച്ചയ്ക്കുപോലും വിധേയമാക്കാതെയാണ് തീരുമാനിച്ചത് എന്നത് ഒരേസമയം മന്ത്രിസഭയുടെ ഭീരുത്വത്തെയും ജനപ്രതിനിധിസഭയോടുള്ള അവജ്ഞയെയുമാണ് കാണിക്കുന്നത്. ടെലികോംമേഖലയിലും നൂറുശതമാനമാണ് അനുവദിക്കുന്നത്. ആഭ്യന്തരകമ്പോളത്തിനായി ഒന്നും ബാക്കിവച്ചിട്ടില്ലെന്നര്‍ഥം. തെരഞ്ഞെടുപ്പിനെ നേരിടാന്‍ മാസങ്ങള്‍മാത്രം അവശേഷിച്ചിട്ടുള്ള സന്ദര്‍ഭത്തില്‍ തെരഞ്ഞെടുപ്പു പ്രകടനപത്രികയിലൂടെ ജനങ്ങളെ അറിയിക്കാത്തതും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതുമായ ഇത്തരമൊരു നയംമാറ്റം നടത്താന്‍ മന്‍മോഹന്‍സിങ്ങിന് എന്ത് ധാര്‍മികാവകാശമാണുള്ളത്. പൊതുതെരഞ്ഞെടുപ്പിലൂടെ തിരിച്ചുവരാനാകില്ലെന്ന് ഉറപ്പായതുകൊണ്ടുകൂടിയാകണം അവസാനകാലത്ത് ധൃതിപിടിച്ചുള്ള ഈ തീരുമാനം. രാജ്യവിരുദ്ധമായ ഈ നടപടി നടപ്പാക്കിക്കൂടാ. പൊതുതെരഞ്ഞെടുപ്പുവരെയെങ്കിലും ഇത് നടപ്പാകില്ല എന്നുറപ്പിക്കാന്‍ ദേശാഭിമാനശക്തികള്‍ ഒരുമിച്ചുനിന്ന് ശബ്ദമുയര്‍ത്തേണ്ടിയിരിക്കുന്നു.

*
ദേശാ‍ഭിമാനി മുഖപ്രസംഗം

സോളാര്‍ പ്ലാന്റ് തട്ടിപ്പിന്റെ നാള്‍വഴികള്‍

സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ കോടികളുടെ തട്ടിപ്പുകേസില്‍ അറസ്റ്റിലായ സരിത എസ് നായരും മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന ഫോണ്‍ രേഖകള്‍ ജൂണ്‍ 11ന് കൈരളി പീപ്പിള്‍ ചാനല്‍ പുറത്തുവിട്ടതോടെയാണ് അഴിമതിയുടെ കഥകള്‍ ഓരോന്നായി പുറത്തുവരുന്നത്. കണ്ണൂര്‍ ജില്ലയിലെ ഡോക്ടര്‍മാരെ സോളാര്‍പ്ലാന്റിന്റെപേരില്‍ കൂട്ടത്തോടെ കബളിപ്പിച്ച പരാതിയിന്‍മേല്‍ തലശ്ശേരി മജിസ്ട്രേട്ട് കോടതി ഏകദേശം മൂന്നുമാസത്തിനുമുമ്പ് ഉത്തരവിട്ട പ്രകാരമാണ് സരിതയെ അറസ്റ്റ്ചെയ്യാന്‍ മെയ് 23ന് പൊലീസ് തീരുമാനിച്ചത്. എന്നാല്‍ ആഭ്യന്തരമന്ത്രിയുടെ താല്‍പര്യപ്രകാരം വീണ്ടും 10 ദിവസത്തോളം അറസ്റ്റ് താമസിപ്പിച്ചു. ഇതിനിടയില്‍ ഒളിവില്‍പോയ സരിതയെ കോടതി വാറണ്ട് പുറപ്പെടുവിച്ച സാഹചര്യത്തില്‍ അറസ്റ്റ്ചെയ്യാന്‍ പൊലീസ് നിര്‍ബന്ധിതമായിത്തീര്‍ന്നു. അങ്ങനെയാണ് ജൂണ്‍ 3ന് സരിത അറസ്റ്റുചെയ്യപ്പെടുന്നത്.

ജൂണ്‍ 12: സാമ്പത്തികതട്ടിപ്പ് ലക്ഷ്യമിട്ട്, സൗരോര്‍ജ പ്ലാന്റുകളും വിന്‍ഡ്ഫാമുകളും നല്‍കാമെന്നുപറഞ്ഞ് സരിതയും സംഘവും ചേര്‍ന്ന് നിരവധി വ്യക്തികളില്‍നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്തതും മുഖ്യമന്ത്രിയുടെ ഓഫീസാണ് അതിന്റെ കേന്ദ്രമാക്കിയതെന്നും വെളിപ്പെടുത്തല്‍.

ജൂണ്‍ 13: മുഖ്യമന്ത്രിയുടെ പേഴ്സണല്‍ അസിസ്റ്റന്റും സന്തതസഹചാരിയുമായ ടെന്നി ജോപ്പനുമായി അടുത്ത ബന്ധമുണ്ടെന്ന് സരിതയുടെ വെളിപ്പെടുത്തല്‍. * തട്ടിപ്പിന്റെ മുഖ്യ പ്രവര്‍ത്തനകേന്ദ്രം സെക്രട്ടറിയറ്റും മുഖ്യമന്ത്രിയുടെ ഓഫീസും. * മുഖ്യമന്ത്രി ഫോണ്‍കോളിന്റെ ഉത്തരവാദിത്വം ടെന്നിജോപ്പനുമേല്‍ ചാരാന്‍ ശ്രമിച്ചെങ്കിലും മുഖ്യമന്ത്രിയുടെ വസതിയില്‍നിന്നും ക്ലിഫ്ഹൗസില്‍നിന്നും സരിതയെ വിളിച്ചതിന്റെ രേഖകള്‍ പുറത്ത്. * ഡല്‍ഹിയിലെ, മുഖ്യമന്ത്രിയുടെ വലംകൈയും "അനൗദ്യോഗിക" സെക്രട്ടറിയുമായ "പാവം പയ്യന്‍" എന്നറിയപ്പെടുന്ന തോമസ് കുരുവിളയ്ക്കും സരിതയ്ക്കും തമ്മില്‍ അടുത്ത ബന്ധം. സരിത അറസ്റ്റിലാവുംമുമ്പ് നിരവധി തവണ കുരുവിളയുമായും ഫോണില്‍ സംസാരിച്ചിരുന്നു. * സോളാര്‍ പ്ലാന്റ് തട്ടിപ്പുകേസില്‍ സരിത എസ് നായരും മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു. മുഖ്യമന്ത്രി ആവശ്യം നിഷേധിക്കുന്നു. * ടെന്നിജോപ്പനും സരിതയുമായുള്ള വഴിവിട്ട ബന്ധത്തെക്കുറിച്ച് താന്‍ വളരെ മുമ്പേതന്നെ സൂചന നല്‍കിയിരുന്നതായി പി സി ജോര്‍ജ്.

ജൂണ്‍ 15: മുഖ്യമന്ത്രി ഡല്‍ഹിയിലെ വിജ്ഞാനഭവനില്‍വെച്ച് സരിതയെ കണ്ടു എന്ന് തോമസ് കുരുവിള. മുഖ്യമന്ത്രി ഡല്‍ഹിയിലെത്തുമ്പോഴൊക്കെ സരിതയുമായി കൂടിക്കാഴ്ച നടത്താറുണ്ടെന്നതിന് കൂടുതല്‍ തെളിവുകള്‍. * ആരോപണവിധേയരായ ടെന്നിജോപ്പനും ഗണ്‍മാന്‍ സലിംരാജും മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍നിന്നും പുറത്താകുന്നു. * മുഖ്യമന്ത്രിയുടെ പേഴ്സണല്‍ അസിസ്റ്റന്റായ ജിക്കുമോന്‍ ജേക്കബുമായും സരിത ബന്ധം പുലര്‍ത്തിയതായി തെളിവുകള്‍. * മുഖ്യമന്ത്രി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് ആശ്യപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്കരിക്കുന്നു.

ജൂണ്‍ 16: സൗരോര്‍ജ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരനും സരിതയുടെ ഭര്‍ത്താവുമായ ബിജുരാധാകൃഷ്ണനുമായി കൊച്ചിയിലെ ഗസ്റ്റ്ഹൗസില്‍വെച്ച് മുഖ്യമന്ത്രി രഹസ്യ സംഭാഷണം നടത്തിയതിന്റെ വിവരങ്ങള്‍ പുറത്തുവരുന്നു. കെ സി ജോസഫ്, കെ സി വേണുഗോപാല്‍ എന്നിവരും സരിത തങ്ങളെ കണ്ടുവെന്ന് സമ്മതിക്കുന്നു. * സരിത എസ് നായരുടെ തട്ടിപ്പിനെക്കുറിച്ച് ആഭ്യന്തരമന്ത്രിക്ക് മൂന്നുമാസം മുമ്പേ പരാതി കിട്ടിയിരുന്നതായി വാര്‍ത്ത.

ജൂണ്‍ 17: ഇടതുപക്ഷം പ്രതിഷേധം ശക്തമാക്കുന്നു. * മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ടീം സോളാറിന്റെ ഓഫീസ് കൈമാറിയ വണ്ടിച്ചെക്കിന്റെപേരില്‍ കേസെടുക്കുന്നത് തടഞ്ഞത് ഉമ്മന്‍ചാണ്ടി. * ബിജു രാധാകൃഷ്ണനും ശാലുമേനോനും തമ്മിലുള്ള ബന്ധം പുറത്തുവരുന്നു. * തനിക്ക് വീഴ്ചപറ്റിയെന്ന് മുഖ്യമന്ത്രി. ബിജുവുമായി ചര്‍ച്ചചെയ്തത് എന്തെന്ന് വെളിപ്പെടുത്തില്ല. * പിആര്‍ഡി ഡയറക്ടര്‍ക്കും ബന്ധം. * ശാലുമേനോനും ബിജുരാധാകൃഷ്ണനുമായുള്ള കൂടുതല്‍ ബന്ധങ്ങള്‍ പുറത്തുവരുന്നു. ശാലുവിന്റെ വീട്ടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍ ആഭ്യന്തരമന്ത്രി പങ്കെടുത്തതിന്റെ തെളിവുകള്‍ പുറത്തുവരുന്നു. * തുടരന്വേഷണത്തിനായി ബിജുവിനെ കസ്റ്റഡിയിലെടുക്കുന്നു.

ജൂണ്‍ 20: കൂട്ടുപ്രതിയായ പിആര്‍ഡി ഡയറക്ടര്‍ ഫിറോസിനെ സസ്പെന്‍ഡ്ചെയ്യുന്നു. * സരിതയ്ക്ക് മുഖ്യമന്ത്രി ശുപാര്‍ശക്കത്ത് നല്‍കിയതായി അഭിഭാഷകന്റെ വെളിപ്പെടുത്തല്‍. സരിതയുടെ യാത്രാരേഖകള്‍ പുറത്തുവരുന്നു. * സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ശാലുമേനോനെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണ്ടെന്ന് ആഭ്യന്തരമന്ത്രി. * സരിത അറസ്റ്റിലായപ്പോള്‍ ബിജുരാധാകൃഷ്ണനെ മുഖ്യമന്ത്രിയുടെ ഡല്‍ഹിയിലെ അനൗദ്യോഗിക സെക്രട്ടറിയായ തോമസ് കുരുവിള ഡല്‍ഹിയില്‍ ഒളിവില്‍ പാര്‍പ്പിച്ചതിന്റെ രേഖകള്‍ പുറത്തുവരുന്നു.

ജൂണ്‍ 21: തെളിവുകളുടെ പെരുമഴതന്നെയുണ്ടായിട്ടും മുഖ്യമന്ത്രി തന്റെ പങ്കാളിത്തത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്നും വഴുതിമാറി.

ജൂണ്‍ 22: മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും സോളാര്‍ പദ്ധതിക്ക് സഹായം ലഭിച്ചതായി ബിജുവും സരിതയും വെളിപ്പെടുത്തുന്നു.

ജൂണ്‍ 23: ശാലുമേനോനെ ചോദ്യംചെയ്യുന്നു. * ശാലുമേനോന് തട്ടിപ്പില്‍ പങ്കുണ്ടെന്ന് ബിജുവും സരിതയും. രക്ഷപ്പെടാന്‍ ശാലുതന്നെ സഹായിച്ചതായും ബിജു.

ജൂണ്‍ 24: തിരുവഞ്ചൂരിന്റെ നിരീക്ഷണത്തിന്‍കീഴിലുള്ള അന്വേഷണത്തില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട പല നിര്‍ണായക തെളിവുകളും പൊലീസ് നശിപ്പിച്ചു. അന്വേഷണത്തില്‍നിന്നും മുഖ്യമന്ത്രിയേയും, മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഒഴിവാക്കി. ഇത് ചെറിയൊരു സാമ്പത്തിക തട്ടിപ്പെന്ന രീതിയില്‍ അന്വേഷണം ഒതുക്കിത്തീര്‍ക്കാനുള്ള യുഡിഎഫിന്റെ ശക്തമായ നീക്കം. * ശാലുമേനോനും ബിജുവുമായുള്ള അടുപ്പത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ബിജുവിന്റെ തട്ടിപ്പുപണം തനിക്കു ലഭിച്ചതായും ശാലു.

ജൂണ്‍ 25: മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ നിയമസഭാ സമ്മേളനംതന്നെ നിര്‍ത്തിവെയ്ക്കുന്നു.

ജൂണ്‍ 26: സോളാര്‍ തട്ടിപ്പും ഭൂമിയിടപാടുമായി ബന്ധമുള്ള സലിംരാജിന് സസ്പെന്‍ഷന്‍.  മന്ത്രിമാരുമായുള്ള സരിതയുടെ ഫോണ്‍ ബന്ധത്തിന്റെ കൂടുതല്‍ തെളിവുകള്‍.

ജൂണ്‍ 27: ആരോപണവിധേയനായ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലെ ജിക്കുമോന്‍ ജേക്കബ് രാജിവെച്ചു. സരിതയുമായി നൂറിലേറെ തവണ ജിക്കുമോന്‍ ഫോണില്‍ സംസാരിച്ചിരുന്നു. * സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ടെന്നിജോപ്പന്‍, സലിംരാജ്, ജിക്കുമോന്‍ ജേക്കബ്, പിആര്‍ഡി ഡയറക്ടര്‍ എന്നിവര്‍ പുറത്താവുകയും സരിത-ബിജുമാര്‍ അറസ്റ്റിലാവുകയും ചെയ്തിട്ടും മുഖ്യമന്ത്രിക്ക് ഞാനൊന്നുമറിഞ്ഞില്ലേ എന്ന മട്ട്. എന്നാല്‍ പറഞ്ഞതു പലതവണ മാറ്റിപ്പറയുകയും, കൊലപാതകിയായ, തട്ടിപ്പിന്റെ സൂത്രധാരനായ ബിജുരാധാകൃഷ്ണനുമായി കൊച്ചി ഗസ്റ്റ്ഹൗസില്‍വെച്ച് നടന്ന രഹസ്യ സംഭാഷണത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തുകയുമുണ്ടായില്ല.

ജൂണ്‍ 28: സോളാര്‍ പാനലിന്റെ പേരില്‍ ആറന്‍മുളയിലെ പ്രവാസി മലയാളിയില്‍നിന്നും സരിതയും ബിജുരാധാകൃഷ്ണനുംകൂടി 1.19 കോടി രൂപ തട്ടിയ കേസും പുറത്തുവരുന്നു.

ജൂണ്‍ 29: സോളാര്‍ ഇടപാടില്‍ ടെന്നി ജോപ്പന് നേരിട്ട് ബന്ധം. ജോപ്പന്‍ അറസ്റ്റിലാകുന്നു. * ടീം സോളാറിനെക്കുറിച്ച് ഊര്‍ജമന്ത്രാലയത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി കേരള റിന്യുവബിള്‍ എനര്‍ജി എന്റര്‍പ്രൈസേഴ്സ് ആന്റ് പ്രൊമോട്ടേഴ്സ് അസോസിയേഷന്‍.

ജൂണ്‍ 30: പാലക്കാട് കിന്‍ഫ്രാ പാര്‍ക്കില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിച്ചുനല്‍കാനായി പത്തനംതിട്ട സ്വദേശി ശ്രീധരന്‍നായരുമായി സരിതയും ടെന്നിജോപ്പനും 5 കോടി രൂപയുടെ കരാറുണ്ടാക്കിയതായും അതിനായി 40 ലക്ഷം രൂപയുടെ ചെക്കുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍വെച്ച് കൈമാറിയതായും ശ്രീധരന്‍നായര്‍. * ടെന്നിജോപ്പന്റെ ഇടപാടുകള്‍ തെളിഞ്ഞത് മുഖ്യമന്ത്രിയുടെ സിസിടിവി ദൃശ്യങ്ങളില്‍നിന്ന്.

ജൂലൈ 1: പത്തനംതിട്ടയിലെ അറിയപ്പെടുന്ന കോണ്‍ഗ്രസുകാരനായ ശ്രീധരന്‍നായര്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ മുഖ്യമന്ത്രിയുടെ അറിവോടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍വെച്ച് 40 ലക്ഷത്തിന്റെ ചെക്ക് സരിതയ്ക്ക് കൈമാറിയതായി പറയുന്നു. മുഖ്യമന്ത്രിയുടെ അറിവോടെ എന്നത് കൂട്ടിച്ചേര്‍ത്തതാണെന്നും അല്ലെന്നും വിവാദം. * സരിത പലതവണ ഉമ്മന്‍ചാണ്ടിയുടെ വീട്ടില്‍ പോയതായുള്ള വാര്‍ത്തകള്‍. * മുഖ്യമന്ത്രി ചെയര്‍മാനായുള്ള ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റി"ന് സരിതാനായര്‍ ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീട്ടില്‍വെച്ച് 5 ലക്ഷം രൂപ സംഭാവന നല്‍കിയതായി വാര്‍ത്ത. * ശാലുമേനോന്‍ തട്ടിപ്പില്‍ പങ്കാളിയാണെന്ന് വ്യക്തമായ തെളിവുകള്‍ കിട്ടി ആഴ്ചകള്‍ കഴിഞ്ഞിട്ടും അറസ്റ്റില്ല. * ശാലുവിനെ കേസില്‍പെടുത്തരുതെന്ന് ആഭ്യന്തരവകുപ്പില്‍നിന്ന് സമ്മര്‍ദമുള്ളതായി വാര്‍ത്ത.

ജൂലൈ 2: അന്വേഷണവും നിയമനടപടികളും അട്ടിമറിക്കാന്‍ ഉമ്മന്‍ചാണ്ടി സംഘത്തിന്റെ ഗൂഢനീക്കം. ഹര്‍ജി പിന്‍വലിക്കാന്‍ ശ്രീധരന്‍നായര്‍ക്ക് നഷ്ടപ്പെട്ടതിനെക്കാള്‍ കൂടുതല്‍ തുക വാഗ്ദാനംചെയ്യുന്നു. * സരിത തട്ടിപ്പുകാരിയെന്ന് രണ്ടുവര്‍ഷം മുമ്പേതന്നെ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നതായി ഒരു വനിതാ സിവില്‍ പൊലീസ് ഓഫീസര്‍. അതോടെതന്നെ സരിതയെക്കുറിച്ച് മുന്‍കൂട്ടി അറിഞ്ഞിരുന്നില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു.

ജൂലൈ 3: ശാലുമേനോന്റെ വീട് പാലുകാച്ചല്‍ ചടങ്ങിന് വഴിയേപോയപ്പോള്‍ കയറിയതാണെന്ന തിരുവഞ്ചൂരിന്റെ വാദവും പൊളിയുന്നു. * സരിതയും തിരുവഞ്ചൂരും അങ്ങോട്ടുമിങ്ങോട്ടും ഫോണ്‍വിളിച്ചതിന്റെ രേഖകള്‍ പുറത്ത്. * തിരുവഞ്ചൂരിന് ശാലുവുമായി അടുത്ത ബന്ധമെന്ന് തെളിയുന്ന ഫോട്ടോകള്‍ പുറത്ത്.

ജൂലൈ 4: ശ്രീധരന്‍നായരുടെ പരാതിയില്‍ തിരുത്തലില്ലെന്ന് കോടതി. * സരിതയെ താന്‍ അങ്ങോട്ട് വിളിച്ചിട്ടില്ല എന്ന ആഭ്യന്തരമന്ത്രിയുടെ "മിസ്ഡ്കോള്‍" വാദം പൊളിയുന്നു. * ആഭ്യന്തരമന്ത്രി പറഞ്ഞതെല്ലാം പച്ചക്കള്ളമെന്ന് തെളിയുന്നു.

ജൂലൈ 5: സരിതയുമായി ഫോണ്‍ബന്ധം പുലര്‍ത്തിയ യുഡിഎഫിലെ മന്ത്രിപ്പടയുടെ ലിസ്റ്റ് പുറത്തുവരുന്നു. * ഫോണ്‍വിളികള്‍ പരസ്യമാക്കിയത് ആഭ്യന്തരമന്ത്രിയാണെന്നും, അതല്ല മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും പരസ്പരം പഴിചാരല്‍. മെയ് 23ന് സരിതയെ അറസ്റ്റുചെയ്യുംമുമ്പ് ആഭ്യന്തരമന്ത്രി പൊലീസിന്റെ നീക്കം സരിതയെ വിളിച്ചറിയിച്ചതായുള്ള രേഖകള്‍ പുറത്ത്. പത്തുദിവസത്തോളം മുങ്ങിയ സരിതയെ പിന്നീടാണ് അറസ്റ്റുചെയ്യാന്‍ കഴിഞ്ഞതെന്നും, അതിനു ചുക്കാന്‍ പിടിച്ചത് ആഭ്യന്തരമന്ത്രിയെന്നുമുള്ള തെളിവുകളും പുറത്ത്. * ബിജുരാധാകൃഷ്ണനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ ശാലുവിനെതിരെ കേസെടുക്കുന്നു.

ജൂലൈ 6: ബിജുവുമായി ചേര്‍ന്ന് ശാലുമേനോന്‍ റാസിഖ് അലിയില്‍നിന്നും 76 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കോടതി ഉത്തരവിട്ടപ്രകാരം ശാലു അറസ്റ്റിലാകുന്നു.

ജൂലൈ 7: 40 ലക്ഷത്തിന്റെ ചെക്ക് നല്‍കിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് ശ്രീധരന്‍നായര്‍. മുഖ്യമന്ത്രിയുടെ പേര് കൂട്ടിച്ചേര്‍ത്തത് തന്റെ അറിവോടെ എന്നും ശ്രീധരന്‍നായര്‍.

ജൂലൈ 8: സിബിഐ അന്വേഷണത്തിന്റെപേരില്‍ ഇപ്പോഴത്തെ കേസന്വേഷണം നിര്‍ത്തിവെച്ച് സരിതയെയും കൂട്ടരെയും രക്ഷപ്പെടുത്താന്‍ യുഡിഎഫ് നീക്കം.

ജൂലൈ 9: സരിതയ്ക്കൊപ്പമാണ് മുഖ്യമന്ത്രിയെ കണ്ടതെന്നും മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലാണ് ചെക്ക് കൈമാറിയതെന്നും ശ്രീധരന്‍നായരുടെ വെളിപ്പെടുത്തല്‍. * താന്‍ നുണ പരിശോധനയ്ക്ക് തയ്യാറെന്ന് ശ്രീധരന്‍നായര്‍. * സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞതെല്ലാം കളവാണെന്ന് ഇതോടെ പൂര്‍ണമായും തെളിയുന്നു. * പ്രതിഷേധിച്ച യുവജന പ്രവര്‍ത്തകര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് അതിക്രമം. പെണ്‍കുട്ടികളെയുള്‍പ്പെടെ തല്ലിച്ചതച്ചു. ജൂലൈ 10: പ്രതിഷേധിച്ച ഇടതുപക്ഷ നേതാക്കള്‍ക്കുനേരെ ക്രൂരമായ പൊലീസ് അതിക്രമം. നിരവധി നേതാക്കള്‍ക്ക് പരിക്കേറ്റു.

*
കെ ആര്‍ മായ ചിന്ത വാരിക

Wednesday, July 17, 2013

മമതയുടെ യുദ്ധം ജനാധിപത്യത്തിനെതിരെ

പശ്ചിമബംഗാളില്‍ 1978 മുതല്‍ വികസിപ്പിച്ചെടുത്ത പഞ്ചായത്ത് രാജ് സമ്പ്രദായത്തെ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തകര്‍ക്കുകയാണ്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍കോണ്‍ഗ്രസ് അധികാരത്തില്‍ വന്നതോടെയാണ് ഇടതുപക്ഷ നേതൃത്വത്തിലുള്ള പഞ്ചായത്ത് സമിതികളെ ഭീഷണിപ്പെടുത്തിയും മറ്റും പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ പഞ്ചായത്ത്രാജിനെതിരായ ആക്രമണം ആരംഭിച്ചത്. തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് സമിതികളല്ല മറിച്ച്, ബ്ലോക്ക് വികസന ഓഫീസര്‍മാരാണ് തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടതെന്ന് തുടര്‍ന്ന് മമതസര്‍ക്കാര്‍ തീരുമാനിക്കുകയുംചെയ്തു.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് മെയില്‍ നടക്കേണ്ടതായിരുന്നു. എന്നാല്‍, സംസ്ഥാന തെരഞ്ഞെടുപ്പു കമീഷന്റെ നിര്‍ദേശത്തിന് വിരുദ്ധമായി തൃണമൂല്‍ സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് തടയാനാണ് ശ്രമിച്ചത്. തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍, അതിനാവശ്യമായ പൊലീസ് സേനയുണ്ടായിരുന്നില്ല. സംസ്ഥാന തെരഞ്ഞെടുപ്പു കമീഷന്‍ ശക്തമായ നിലപാട് സ്വീകരിച്ച് ഹൈക്കോടതിയെ സമീപിച്ചതിനാല്‍ സര്‍ക്കാരിന്റെ പദ്ധതി തടയപ്പെട്ടു. ഒടുവില്‍ ജൂലൈ 11 മുതല്‍ അഞ്ചു ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താന്‍ സുപ്രീംകോടതി തീരുമാനിച്ചു. സുരക്ഷയ്ക്കായി സംസ്ഥാന പൊലീസിനു പുറമെ കേന്ദ്രസേനയെ വിന്യസിക്കാനും പരമോന്നത കോടതി ഉത്തരവിട്ടു.

ജനാധിപത്യത്തിനെതിരെയുള്ള തുറന്ന യുദ്ധമാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പുവേളയില്‍ ദൃശ്യമായത്. സിപിഐ എമ്മിന്റെയും ഇടതുപക്ഷമുന്നണിയുടെയും ആറായിരത്തോളം സ്ഥാനാര്‍ഥികളെ നാമനിര്‍ദേശപത്രിക നല്‍കാന്‍ അനുവദിച്ചില്ല. നാമനിര്‍ദേശപത്രിക നല്‍കേണ്ട ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസിനുമുമ്പില്‍ തമ്പടിച്ച തൃണമൂല്‍ ഗുണ്ടാസംഘം നാമനിര്‍ദേശ പത്രിക നല്‍കാനെത്തുന്ന ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ക്കെതിരെ ആക്രമണം നടത്തി വിരട്ടിയോടിച്ചു. എട്ടു ജില്ലകളിലെ വിവിധ പ്രദേശങ്ങളിലായി ആറായിരത്തോളം സ്ഥാനാര്‍ഥികള്‍ക്കാണ് നാമനിര്‍ദേശ പത്രിക നല്‍കാന്‍ കഴിയാതിരുന്നത്. പത്രിക സമര്‍പ്പിച്ച പലയിടങ്ങളിലും സ്ഥാനാര്‍ഥികളെ ഭീഷണിപ്പെടുത്തി പ്രചാരണം നടത്താന്‍ അനുവദിച്ചില്ല. പലയിടങ്ങളിലും അവര്‍ക്ക് സ്വന്തം വീട്ടില്‍നിന്നും ഗ്രാമത്തില്‍നിന്നും നിര്‍ബന്ധപൂര്‍വം മാറിനില്‍ക്കേണ്ടി വന്നു.

തെരഞ്ഞെടുപ്പു തീയതി അടുത്തതോടെ തൃണമൂലിന്റെ മോട്ടോര്‍ സൈക്കിള്‍ സംഘങ്ങള്‍ നാട്ടിലിറങ്ങി. ഇടതുമുന്നണി പ്രവര്‍ത്തകരെയും ജനങ്ങളെയും പ്രചാരണം നടത്തുകയോ വോട്ട് ചെയ്യുകോ ചെയ്യരുതെന്ന് ഈ സംഘം ഭീഷണിപ്പെടുത്തി. സംസ്ഥാന തെരഞ്ഞെടുപ്പു കമീഷന്‍ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് മോട്ടോര്‍ സൈക്കിള്‍ സംഘങ്ങള്‍ നാടുചുറ്റുന്നത് നിരോധിക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. എന്നാല്‍, പൊലീസും ഭരണവിഭാഗങ്ങളും മോട്ടോര്‍ സൈക്കിള്‍ സംഘങ്ങളെ തടയാന്‍ ഒരു നടപടിയും സ്വീകരിച്ചില്ല.

ജൂലൈ 11, 15 തീയതികളിലായി രണ്ടുഘട്ട വോട്ടെടുപ്പ് കഴിഞ്ഞു. ആറ് ജില്ലകളിലാണ് വോട്ടെടുപ്പ് നടന്നത്. പശ്ചിമ മിഡ്നാപ്പുര്‍ ജില്ലയില്‍ ജനങ്ങളെ പോളിങ്ബൂത്തിലേക്ക് പോകുന്നതില്‍നിന്ന് തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ജില്ലയിലെ പകുതി ബ്ലോക്കുകളില്‍ കൃത്രിമം നടക്കുകയോ ഏകപക്ഷീയമായ വോട്ടിങ് നടക്കുകയോ ചെയ്തു. പോളിങ്ബൂത്തില്‍ വിന്യസിച്ച പൊലീസാകട്ടെ, ആക്രമണങ്ങള്‍ക്കുമുന്നില്‍ വെറും കാഴ്ചക്കാരായി നിന്നു. ഇത്തരം ആക്രമണങ്ങള്‍ ബാങ്കുറ ജില്ലയിലും മറ്റ് മൂന്നു നാല് ബ്ലോക്കുകളിലും നടന്നു. പുരുളിയ ജില്ലയില്‍മാത്രമാണ് ഇത്തരം ആക്രമണങ്ങള്‍ ഇല്ലാതിരുന്നത്.

രണ്ടാംഘട്ട വോട്ടെടുപ്പുവേളയില്‍ ബര്‍ദ്വാന്‍, കിഴക്കന്‍ മിഡ്നാപ്പുര്‍ ജില്ലകളിലും ഹൂഗ്ലി ജില്ലയുടെ ചില ഭാഗങ്ങളിലും ആക്രമണങ്ങള്‍ ആവര്‍ത്തിച്ചു. ബര്‍ദ്വാനില്‍ 849 ബൂത്തില്‍ റീപോളിങ് വേണമെന്ന് സിപിഐ എം ആവശ്യപ്പെട്ടിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ പിടിച്ചെടുത്ത ബൂത്തുകളിലും ജനങ്ങളെ വോട്ട് ചെയ്യാന്‍ അനുവദിക്കാത്ത ബൂത്തുകളിലുമാണ് റീപോളിങ് ആവശ്യപ്പെട്ടിട്ടുള്ളത്. അസന്‍സോളിനടുത്ത് വോട്ട് ചെയ്യാന്‍ പോകുമെന്നു പറഞ്ഞതിന്് വനിതാ സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവിനെ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ വധിച്ചു. ഈ റിപ്പോര്‍ട്ട് ലഭിച്ചശേഷം സംസ്ഥാന തെരഞ്ഞെടുപ്പു കമീഷണര്‍ പറഞ്ഞത് ഇങ്ങനെയാണ്: "ബര്‍ദ്വാനിലെ വോട്ടെടുപ്പ് സമാധാനപരമാണെന്നു പറയാനാകില്ല. യഥാര്‍ഥത്തില്‍ ബര്‍ദ്വാനിലെ ചില ബ്ലോക്കുകളില്‍ നടന്നത് തീര്‍ത്തും അപൂര്‍വമായ സംഭവങ്ങളാണ്". രണ്ടാംഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടന്ന മൂന്നു ജില്ലകളിലെ ഏകദേശം 1500 ബൂത്തുകളാണ് തൃണമൂലുകാര്‍ പിടിച്ചെടുത്തത്. സുപ്രീംകോടതിയെയും ഹൈക്കോടതിയെയും ധിക്കരിച്ച് കേന്ദ്രസേനയെ പോളിങ്ബൂത്തില്‍ വിന്യസിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല. അവരെ കരുതല്‍സേനയായി നിര്‍ത്തുകയായിരുന്നു. കേന്ദ്രസേനയെ വിന്യസിക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു.

പശ്ചിമബംഗാളില്‍ കണ്ടത് ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളോടുള്ള ഫാസിസ്റ്റ് രീതിയിലുള്ള ആക്രമണമാണ്. ഭരണകക്ഷിക്കു മുമ്പില്‍ വഴങ്ങിനില്‍ക്കാന്‍ തയ്യാറാകാത്ത സംസ്ഥാന തെരഞ്ഞെടുപ്പു കമീഷണര്‍ മീരപാണ്ഡെയ്ക്കെതിരെ മുഖ്യമന്ത്രിമുതല്‍ തൃണമൂല്‍കോണ്‍ഗ്രസിന്റെ എല്ലാ നേതാക്കളും ഭര്‍ത്സനങ്ങള്‍ ചൊരിയുകയും ഭീഷണി മുഴക്കുകയുംചെയ്തു. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ മമതബാനര്‍ജി വിസമ്മതിച്ചു. ഈ ആക്രമണങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും ഇടയിലും സിപിഐ എമ്മും ഇടതുപക്ഷ മുന്നണിയും തെരഞ്ഞെടുപ്പു പ്രചാരണം നടത്തി. കൂട്ടായ പ്രവര്‍ത്തനമാണ് ഇടതുമുന്നണി നടത്തിയത്.

പൊതുയോഗങ്ങളില്‍ വന്‍ ജനക്കൂട്ടമാണ് എത്തിയത്. ഭീകരാന്തരീക്ഷം നിലനില്‍ക്കുമ്പോഴും പാര്‍ടിയുടെയും ഇടതുമുന്നണിയുടെയും കേഡര്‍മാരും അംഗങ്ങളും കാട്ടിയ ധീരതയും ആത്മാര്‍ഥതയും പ്രശംസനീയമാണ്. ഭീകരത സൃഷ്ടിച്ചും ഭീഷണിപ്പെടുത്തിയും തൃണമൂല്‍ പല സീറ്റുകളിലും വിജയിക്കുമെന്ന കാര്യം വ്യക്തമാണെങ്കില്‍പ്പോലും. മൂന്നുഘട്ടം വോട്ടെടുപ്പുകൂടി പൂര്‍ത്തിയാകാനുണ്ട്. തൃണമൂല്‍കോണ്‍ഗ്രസിന് ഈ മാര്‍ഗങ്ങള്‍ സ്വീകരിക്കുകവഴി "വിജയം" നേടാന്‍ കഴിഞ്ഞേക്കാം. എന്നാല്‍, ഭീകരതയും ഭീതിയും സൃഷ്ടിച്ച് തൃണമൂല്‍കോണ്‍ഗ്രസിന് എന്നും നിലനില്‍ക്കാന്‍ കഴിയില്ല. ജനങ്ങളില്‍നിന്ന് കൂടുതല്‍ കൂടുതല്‍ അകലുകമാത്രമായിരിക്കും ഫലം. ജനങ്ങളുടെ അവകാശങ്ങളും ജനാധിപത്യവും സംരക്ഷിക്കാന്‍ ദീര്‍ഘമായ പോരാട്ടത്തിന് സിപിഐ എമ്മും ഇടതുമുന്നണിയും തീരുമാനിച്ചിരിക്കുകയാണ്. ജനങ്ങള്‍ വിജയിക്കുന്ന ദിവസം വരികതന്നെചെയ്യും.

*
പ്രകാശ് കാരാട്ട് ദേശാഭിമാനി

എന്തുകൊണ്ട് മുഖ്യമന്ത്രി കുറ്റക്കാരനാകുന്നു?

സോളാര്‍ തട്ടിപ്പില്‍ എന്താണ് ഉമ്മന്‍ചാണ്ടിയുടെ റോള്‍? മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ബന്ധം അവിതര്‍ക്കിതമായി തെളിഞ്ഞതാണ്. എത്രയോ വര്‍ഷങ്ങളായി ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും വിശ്വസ്തനായ ടെന്നി ജോപ്പന്‍ ഈ കേസിലെ മൂന്നാം പ്രതിയായി പത്തനംതിട്ട ജയിലിലാണ്. അദ്ദേഹത്തിന്റെ ഓഫീസിലെ നിര്‍ണായക ജോലികള്‍ വഹിച്ചിരുന്ന ജിക്കുമോന്‍, നിഴലായി ഒപ്പമുണ്ടായിരുന്ന ഗണ്‍മാന്‍ സലീംരാജ് എന്നിവര്‍ക്കൊക്കെ ഈ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് സ്ഥാനം നഷ്ടപ്പെട്ടത്. കോടിക്കണക്കിന് രൂപയുടെ സോളാര്‍ തട്ടിപ്പിന്റെ ഗൂഢാലോചനാകേന്ദ്രം ഉമ്മന്‍ചാണ്ടിയുടെ ഓഫീസായിരുന്നു. അക്കാര്യത്തില്‍ ഇന്നാര്‍ക്കും സംശയമില്ല. പക്ഷേ ഉമ്മന്‍ചാണ്ടിയുടെ വാദം അദ്ദേഹം മനസറിഞ്ഞ് ഒരു കുറ്റവും ചെയ്തിട്ടില്ല; അദ്ദേഹത്തിന് നേരിട്ടൊരു പങ്കുമില്ല, അദ്ദേഹമറിയാതെയാണ് ഈ തട്ടിപ്പെല്ലാം നടന്നത്.

ആദ്യം തന്നെ പറയട്ടെ, മനസറിഞ്ഞുകൊണ്ടാണോ മനസറിയാതെയാണോ കുറ്റം ചെയ്തത് എന്നത് നിയമത്തിന്റെ മുന്നില്‍ പരിഗണനാര്‍ഹമല്ല. കുറ്റം ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നതു മാത്രമാണ് പ്രശ്നം. മുഖ്യമന്ത്രി കുറ്റക്കാരനാണെന്നാണ് ഇതുവരെയുളള സൂചനകളും തെളിവുകളും വിരല്‍ചൂണ്ടുന്നത്.

ഒന്ന്) മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തരായ അനുചരന്മാരുമായി തട്ടിപ്പിന്റെ സൂത്രധാരി സരിത എസ് നായര്‍ക്ക് ഉറ്റബന്ധമുണ്ട് എന്നു തെളിയിക്കുന്ന ഫോണ്‍ വിവരങ്ങള്‍ കൈരളി - പീപ്പിള്‍ പുറത്തുവിട്ടതോടെയാണല്ലോ വിവാദം ആരംഭിച്ചത്. സരിതയുടെ ഫോണ്‍വിവരങ്ങള്‍ പോലീസാണ് ശേഖരിച്ചത്. സരിതയുടെ അറസ്റ്റു രേഖപ്പെടുത്തിയത് ജൂണ്‍ 3ന്. രേഖകള്‍ പുറത്തുവന്നത് ജൂണ്‍ 13നും. ഇതിനിടയ്ക്കുളള പത്തുദിവസങ്ങളില്‍ എന്തുനടന്നു? ഒരു വമ്പന്‍ തട്ടിപ്പുകേസിലെ പ്രതിയ്ക്ക് സംസ്ഥാനമുഖ്യമന്ത്രിയുടെ ഓഫീസുമായി നിരന്തരബന്ധമുണ്ടെന്നു വിവരം ലഭിച്ചാല്‍ പോലീസ് എന്തു ചെയ്യും? ഏറ്റവുമാദ്യം അവര്‍ ആ വിവരം മുഖ്യമന്ത്രിയെ അറിയിക്കും. സ്വാഭാവികമായ ജിജ്ഞാസയും ധാര്‍മ്മികഭീതിയും ഉത്തരവാദിത്തബോധവുമുണ്ടെങ്കില്‍ മുഖ്യമന്ത്രി എന്താണ് ചെയ്യുക? ജോപ്പനെയും സലീംരാജിനെയും ജിക്കുവിനെയുമൊക്കെ വിളിപ്പിച്ചു കാര്യമന്വേഷിക്കും. വിശദീകരണം തൃപ്തികരമായാലും ഇല്ലെങ്കിലും ഈ വിവരം പുറംലോകമറിഞ്ഞാലുണ്ടാകാവുന്ന പ്രശ്നങ്ങളൊഴിവാക്കാന്‍ തല്‍ക്കാലമെങ്കിലും അവരെ ആ സ്ഥാനങ്ങളില്‍ നിന്നു നീക്കം ചെയ്യും. എന്നാല്‍ ഇതൊന്നുമല്ല ഉണ്ടായത്.

കുറ്റവാളികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി

രണ്ട്) മുഖ്യമന്ത്രി മേല്‍പറഞ്ഞ വസ്തുതകള്‍ അറിഞ്ഞിരുന്നില്ല എന്നു വേണമെങ്കില്‍ വാദിക്കാം. എന്നാല്‍ തന്റെ ഓഫീസിലെ ഗൂഢസംഘത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വ്യക്തമായ പരാതി നേരിട്ടു കിട്ടിയിട്ടും ഒരു നടപടിയും സ്വീകരിക്കാത്തതിനെക്കുറിച്ച് എന്തു വിശദീകരണമാണ് നല്‍കുക? ഒരുകോടി അഞ്ചുലക്ഷം രൂപ സരിതാ നായര്‍ തന്നില്‍ നിന്ന് തട്ടിച്ചെടുത്തതിനെക്കുറിച്ച് ഇക്കഴിഞ്ഞ മാര്‍ച്ച് 30ന് ടി സി മാത്യുവെന്ന പ്രവാസി നേരിട്ടു പരാതി ധരിപ്പിച്ചു. മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും പിന്തുണ ടീം സോളാറിനുണ്ട് എന്നുളള തെറ്റിദ്ധാരണ കൊണ്ടാണ് ഇത്ര വലിയ തുക തമിഴ്നാട്ടില്‍ 14 മെഗാ വാട്ടിന്റെ വിന്‍ഡ് ഫാമിനും കേരളത്തില്‍ ഒരു മെഗാ വാട്ടിന്റെ സോളാര്‍ പ്ലാന്റിനും വേണ്ടി അഡ്വാന്‍സ് നല്‍കിയത്. ഈ വിശ്വാസ്യത തട്ടിപ്പുകാര്‍ക്കു നേടാന്‍ കഴിഞ്ഞത് ജോപ്പന്‍, ജിക്കുമോന്‍, സലീം രാജ് എന്നിവരുടെ ഫോണ്‍വിളികളും ഇടപെടലുകളുമായിരുന്നു എന്ന് ടി സി മാത്യു മുഖ്യമന്ത്രിയെ ധരിപ്പിച്ചു. മുഖ്യമന്ത്രിയുടെ പ്രതികരണം ഇതായിരുന്നു, "പ്രൈവറ്റ് കാര്യമായതുകൊണ്ട് എനിക്കിതില്‍ ഇടപെടാന്‍ കഴിയില്ല. ലക്ഷ്മിയെ എനിക്കറിയുകയുമില്ല (സരിത എസ് നായര്‍ ലക്ഷ്മിയെന്ന പേരിലാണ് ടി സി മാത്യുവിനെ ബന്ധപ്പെട്ടിരുന്നത്) ...... ജോപ്പന്‍ വളരെ നല്ല ആളാണ്. എപ്പോഴും എന്റെ കൂടെ കാണും. ജോപ്പന്‍ അങ്ങനെയൊന്നും ചെയ്യില്ല"". ശ്രീധരന്‍ നായരെ തന്റെ പേരുപയോഗിച്ചാണ് പറ്റിച്ചതെങ്കില്‍ അദ്ദേഹം ആദ്യം തന്നോടല്ലേ പരാതിപ്പെടേണ്ടത് എന്ന് ഇന്നലെ മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ ചോദിച്ചിരുന്നു.

സരിതയും മുഖ്യമന്ത്രിയുടെ ഓഫീസും തമ്മിലുളള ബന്ധമടക്കം വെളിപ്പെടുത്തി മുഖ്യമന്ത്രിയോട് നേരിട്ടു പരാതി ധരിപ്പിക്കുകയാണ് ടി സി മാത്യു ചെയ്തത്. എന്നിട്ട് എന്തു നടപടിയാണ് മുഖ്യമന്ത്രി സ്വീകരിച്ചത്?

മൂന്ന്) മുഖ്യമന്ത്രിയോട് പരാതി പറഞ്ഞതിന്റെ പിറ്റേന്ന് ടി സി മാത്യുവിനെ ടെലിഫോണില്‍ വിളിച്ചു സരിത ഭീഷണിപ്പെടുത്തി. "ഇരുപത്തിനാലു മണിക്കൂറിനകം നിന്നെ അഴിയെണ്ണിക്കും. ഞാന്‍ ആരാണെന്നാണ് നീ വിചാരിച്ചത്? ഈ മന്ത്രിസഭ താഴെയിറക്കാനുളള കഴിവെനിക്കുണ്ട" എന്നൊക്കെയായിരുന്നു ഭീഷണി. മുഖ്യമന്ത്രിയും മാത്യുവും തമ്മില്‍ നടന്ന സംഭാഷണത്തിലെ വിഷയം എങ്ങനെയാണ് സരിത അറിഞ്ഞത്? മുഖ്യമന്ത്രിയെ കണ്ട കാര്യം നിഷേധിക്കാനൊരു വിഫലശ്രമം മാത്യു നടത്തി. അപ്പോഴാണ് ലക്ഷ്മി, മുഖ്യമന്ത്രിയില്‍ നിന്നുതന്നെയാണ് ഈ വിവരം തനിക്കു ലഭിച്ചത് എന്നു വെളിപ്പെടുത്തിയത്. ലക്ഷ്മിയെ അറിയില്ലെന്നു പറഞ്ഞത് കളളമായിരുന്നു. ലക്ഷ്മി എന്ന പേരില്‍ അറിയില്ലെങ്കിലും സരിത എന്ന പേരില്‍ അറിയാമായിരിക്കണമല്ലോ. മാത്യു മുഖ്യമന്ത്രിയെയും സഹധര്‍മ്മിണിയെയും അവിടെയുണ്ടായിരുന്ന ഡ്യൂട്ടി ഓഫീസറെയും ലക്ഷ്മിയുടെ ഫോട്ടോ കാണിച്ചു. എന്നിട്ടും സരിതയെ തിരിച്ചറിയാന്‍ ആര്‍ക്കുമായില്ലപോലും.

നാല്) മാര്‍ച്ച് 30ന് മുഖ്യമന്ത്രിയോടു നേരിട്ടു പരാതി പറഞ്ഞ് രണ്ടുമാസത്തോളം കാത്തിരുന്നതിനു ശേഷവും നടപടിയില്ലാത്തതിനാല്‍ ഒടുവില്‍ ടിസി മാത്യുവിന് കോടതിയെ സമീപിക്കേണ്ടി വന്നു. ജൂണ്‍ 1ന് തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റു കോടതിയില്‍ അദ്ദേഹം കേസ് നല്‍കി. കോടതി നിര്‍ദ്ദേശപ്രകാരമാണ് ഈ കേസ് അന്വേഷിക്കുന്നത്. അതിനു ശേഷം ജൂണ്‍ 15ന് നേരിട്ട് രേഖാമൂലം മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പരാതി എഡിജിപിയ്ക്ക് അയച്ചുകൊടുത്തത് എന്നാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കാരണം, ഇതുവരെ ഒരന്വേഷണവും ഉണ്ടായിട്ടില്ല. പരാതി എഡിജിപിയ്ക്കും ടിസി മാത്യു നല്‍കിയിരുന്നു. മറ്റൊരു ഞെട്ടിപ്പിക്കുന്ന വിവരം പെരുമ്പാവൂര്‍ പോലീസിന്റെ കസ്റ്റഡിയിലായിരിക്കെ തന്നെ സരിത തന്നോട് ഫോണില്‍ ബന്ധപ്പെട്ടു എന്ന് ടിസി മാത്യു വെളിപ്പെടുത്തിയതാണ്. ഇതും മുഖ്യമന്ത്രിയ്ക്ക് എഴുതി നല്‍കിയ പരാതിയിലുണ്ട്. ഒരു മാസത്തിനിടയില്‍ എന്തു നടപടിയുണ്ടായി?

ജൂലൈ 9, 2012

അഞ്ച്) ക്വാറിയുടമകള്‍ക്കൊപ്പമല്ലാതെ ശ്രീധരന്‍ നായരെ മറ്റെപ്പോഴെങ്കിലും കണ്ടിരുന്നുവോ? 2012 ജൂലൈ 9 ന് കണ്ടിരുന്നുവോ എന്ന നിയമസഭയിലെ എന്റെ ചോദ്യത്തിനു മുമ്പില്‍ ഒരു നിമിഷം മുഖ്യമന്ത്രി പതറി നിന്നു. കണ്ടിട്ടില്ല എന്നുത്തരവും പറഞ്ഞു. പിന്നീട് ജൂലൈ ഒമ്പതിനു കണ്ടുവെന്നും അതു ക്വാറിയുടമകള്‍ക്കൊപ്പമായിരുന്നുവെന്നും വ്യാഖ്യാനം വന്നു. ഈ കേസിലെ ഏറ്റവും നിര്‍ണായകമായ തര്‍ക്കമാണിത്. സരിതയോടൊപ്പം ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ അന്നു കാണുകയും സോളാര്‍ പദ്ധതി ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നുവെങ്കില്‍ അത് മുഖ്യമന്ത്രിയുടെ പങ്കാളിത്തത്തിനുളള പ്രത്യക്ഷ തെളിവാണ്. ശ്രീധരന്‍ നായരുടെ മൊഴി വിശ്വസിക്കാനാവാത്തതാണെന്നും അദ്ദേഹത്തിന് ക്രെഡിബിലിറ്റി ഇല്ലെന്നുമാണ് മുഖ്യമന്ത്രി വാദിക്കുന്നത്. ക്രെഡിബിലിറ്റി ഇല്ല എന്ന വാദത്തിന് ആധാരമാക്കുന്നത് ഒറിജിനല്‍ പെറ്റീഷനില്‍ പറഞ്ഞതിന് വിരുദ്ധമാണ് 164 പ്രകാരം മജിസ്ട്രേറ്റിനു മുന്നില്‍ കൊടുത്ത മൊഴി എന്നാണ്. ഒറിജിനല്‍ പെറ്റീഷനില്‍ പറഞ്ഞതിന് വിരുദ്ധമായി ഒരു കാര്യവും ശ്രീധരന്‍ നായര്‍ മജിസ്ട്രേറ്റിനു മുന്നില്‍ പറഞ്ഞിട്ടില്ല. കൂടുതല്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുക മാത്രമാണ് ചെയ്തത്. പക്ഷേ, ഈ രണ്ടു നടപടിയ്ക്കുമിടയില്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നില്ല എന്ന ഒരു വിശദീകരണം അദ്ദേഹത്തിന്റെ പേരില്‍ പുറപ്പെടുവിക്കപ്പെടുകയുണ്ടായി. സമ്മര്‍ദങ്ങള്‍ക്കു വഴങ്ങി തന്റെ പണം തിരിച്ചുകിട്ടുമെന്നും കൂടുതല്‍ പൊല്ലാപ്പൊന്നുമില്ലാതെ പ്രശ്നം തീരട്ടെയെന്നുമുളള ചിന്തയില്‍ നിന്നാണ് ഇത്തരമൊരു വിശദീകരണക്കുറിപ്പിറക്കിയത് എന്ന് ശ്രീധരന്‍ നായര്‍ പറയുന്നു. എന്നാല്‍ ഒറിജിനല്‍ പെറ്റീഷനില്‍ മുഖ്യമന്ത്രിയോടും സംസാരിച്ചിരുന്നു എന്നത് വ്യാജമായി കൂട്ടിച്ചേര്‍ത്തതാണ് എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ തന്റെ വക്കീലിനെയും അദ്ദേഹത്തിന്റെ ഗുമസ്തനെയും കേസില്‍പെടുത്താന്‍ ശ്രമിക്കുന്നതു കണ്ടപ്പോഴാണ് സത്യം, 164 പ്രകാരം മജിസ്ട്രേറ്റിനു മുന്നില്‍ മൊഴിയായി കൊടുക്കാന്‍ തീരുമാനിച്ചത് എന്നദ്ദേഹം വിശദീകരിക്കുന്നു. അദ്ദേഹത്തിന്റെ ഇന്റര്‍വ്യൂ കണ്ടിട്ടുളളവരാരും ശ്രീധരന്‍ നായരുടെ മൊഴി അവിശ്വസിക്കില്ല. എന്നാല്‍ ആഭ്യന്തര മന്ത്രി പറയുന്നത് ഒരു ക്രെഡിബിലിറ്റിയുമില്ലാത്ത ശ്രീധരന്‍ നായരുടെ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയ്ക്കെതിരെ നടപടിയെടുക്കില്ല എന്നാണ്. നിയമസഭയിലാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്.

ശരിയായൊരന്വേഷണത്തെ മുഖ്യമന്ത്രി ഭയപ്പെടുന്നതെന്തിന്?

ആറ്) മുഖ്യമന്ത്രി പറയുന്നതാണോ ശ്രീധരന്‍ നായര്‍ പറയുന്നതാണോ ശരി എന്നതാണ് കണ്ടുപിടിക്കേണ്ടത്. സാഹചര്യത്തെളിവുകള്‍ മുഖ്യമന്ത്രിയ്ക്കെതിരാണ്. ജൂലൈ 9ന് മുഖ്യമന്ത്രിയുമായുളള കൂടിക്കാഴ്ച ഉറപ്പിച്ചിട്ടുണ്ടെന്നും സമയത്ത് എത്തണമെന്നും പറഞ്ഞ് സരിത എസ് നായര്‍, ശ്രീധരന്‍ നായര്‍ക്ക് അയച്ച ഇമെയില്‍ പുറത്തുവന്നിട്ടുണ്ട്. വ ജൂലൈ 9ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ജോപ്പന്റെ മുറിയില്‍ സരിതയും ശ്രീധരന്‍ നായരും സന്ധിച്ചുവെന്നും സോളാര്‍ പദ്ധതിയുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും പ്രത്യേക അന്വേഷണ സംഘങ്ങള്‍ തന്നെ കണ്ടെത്തിയിട്ടുണ്ട്. ജോപ്പന്റെ റിമാന്റ് റിപ്പോര്‍ട്ടില്‍ ഈ കൂടിക്കാഴ്ച സ്ഥിരീകരിച്ചിട്ടുണ്ട്. ടെന്നി ജോപ്പനും സരിതയും തമ്മില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചുനടത്തിയ കൂടിക്കാഴ്ച സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പൊലീസ് സ്ഥിരീകരിച്ചതെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ടു ചെയ്തത്. വ സരിതയും ശ്രീധരന്‍ നായരും മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചെല്ലുമ്പോള്‍ അവിടെ ശെല്‍വരാജ് എംഎല്‍എ ഉണ്ടായിരുന്നു. ഇപ്പോള്‍ നിഷേധിക്കുന്നുവെങ്കിലും, ഡെക്കാണ്‍ ക്രോണിക്കിളിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ സരിതയെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചു കണ്ടുവെന്ന് ശെല്‍വരാജ് സമ്മതിച്ചിട്ടുണ്ട്. ഈ പ്രസ്താവനയുടെ ഓഡിയോ റിക്കോര്‍ഡ് പത്രത്തിന്റെ കൈവശമുണ്ടെന്ന് ഔപചാരികമായി അവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. വ കൂടിക്കാഴ്ചയ്ക്ക് അവസാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്കു രണ്ടുലക്ഷം രൂപയുടെ ചെക്ക് സരിത നല്‍കി എന്ന് ശ്രീധരന്‍ നായര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

ശ്രീധരന്‍ നായരുടെ വെളിപ്പെടുത്തലിനു ശേഷം നിയമസഭയില്‍ എ കെ ബാലന്‍ എംഎല്‍എയുടെ ചോദ്യത്തിന് ഉത്തരമായി ഇത്തരമൊരു ചെക്ക് ലഭിച്ചതായി പത്താം തീയതി രേഖകളില്‍ ചേര്‍ത്തതായും എന്നാല്‍ പിന്നീട് ബൗണ്‍സ് ചെയ്യുകയും ചെയ്തതായി വെളിപ്പെടുത്തിയിട്ടുണ്ട്.

സത്യമറിയാന്‍

ഏഴ്) മേല്‍പ്പറഞ്ഞ സാഹചര്യത്തെളിവുകള്‍ വെച്ച് മുഖ്യമന്ത്രി കുറ്റക്കാരനാണെന്ന് വിധിക്കാമോ എന്ന ചോദ്യമുയര്‍ന്നേക്കാം. ഇതിനുത്തരം നല്‍കാന്‍ പറ്റുമായിരുന്നത് വെബ് കാമറയുടെയും സിസിടിവിയുടെയും റെക്കോര്‍ഡുകളാണ്. കഴിഞ്ഞ നവംബറില്‍ 24 മണിക്കൂറും തന്റെ ഓഫീസും ലൈവ് സ്ട്രീം ചെയ്യുന്നുണ്ടെന്നും ആര്‍ക്കെങ്കിലും മുന്‍ റെക്കോര്‍ഡുകള്‍ പരിശോധിക്കണമെങ്കില്‍ അതാകാമെന്നും മുഖ്യമന്ത്രി പരസ്യമായി പറഞ്ഞത് വിഷ്വല്‍ മീഡിയ പ്രക്ഷേപണം ചെയ്യുകയുണ്ടായി. ഇന്ന് മുഖ്യമന്ത്രി പറയുന്നത്, വെബ് കാസ്റ്റ് ലൈവ് സ്ട്രീമിംഗ് മാത്രമാണ്. വെബ്കാമിലെ ദൃശ്യങ്ങള്‍ റെക്കോഡു ചെയ്താല്‍ സംസ്ഥാനത്തിനത് വലിയ സാമ്പത്തിക ബാധ്യതയാകുമെന്നാണ്. ഒരു വര്‍ഷത്തെ ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്തു സൂക്ഷിക്കാന്‍ വെറും പതിനായിരം രൂപയുടെ ചെലവേ വരൂവെന്നാണ് ഇക്കാര്യങ്ങളില്‍ ധാരണയുളളവരുടെ അഭിപ്രായം. സിസി ടിവി ദൃശ്യങ്ങള്‍ പതിനാലു ദിവസം കഴിഞ്ഞാല്‍ ഓവര്‍റൈറ്റു ചെയ്യപ്പെട്ടു പോകുമെന്നാണ് മുഖ്യമന്ത്രി നല്‍കുന്ന വ്യാഖ്യാനം. ഓവര്‍റൈറ്റു ചെയ്യപ്പെട്ടുപോയാലും അവ വീണ്ടെടുക്കാനുള്ള സാങ്കേതിക വിദ്യ ലഭ്യമാണ് എന്ന് വിദഗ്ധര്‍ പറയുന്നു. ഇതിനു കഴിഞ്ഞാല്‍ ഖണ്ഡിതമായി നമുക്കൊരുത്തരം നല്‍കാനാവും. വെബ് കാസ്റ്റിംഗ് സ്റ്റോറു ചെയ്യുന്നതിന്റെ അധികച്ചെലവ് വേണ്ടെന്നു വെച്ച് മുഖ്യമന്ത്രി ഇതിനുളള ചെലവു വഹിക്കാന്‍ തയ്യാറാകുമോ എന്നു സംശയമാണ്.

എട്ട്) അതുകൊണ്ട് ചെലവു കുറഞ്ഞ ഒരു നിര്‍ദ്ദേശം വെയ്ക്കട്ടെ. ശ്രീധരന്‍ നായര്‍ ഒമ്പതാം തീയതി തന്നെ കണ്ടത് വലിയൊരു സംഘം ക്വാറി ഉടമസ്ഥര്‍ക്കൊപ്പമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ക്വാറി ഉടമകളുടെ നിവേദനം സോളാര്‍ പദ്ധതികള്‍ക്കുളള ചര്‍ച്ചകള്‍ക്കു ശേഷം താന്‍ നല്‍കിയെന്ന് ശ്രീധരന്‍ നായരും സമ്മതിച്ചിട്ടുണ്ട്. പക്ഷേ താനും സരിതയും ജോപ്പനും മാത്രമേ മുറിയിലുണ്ടായിരുന്നുളളൂ എന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. നിജസ്ഥിതി അറിയാനുളള പരിഹാരം ക്വാറി ഉടമസ്ഥ സംഘത്തിന്റെ എക്സിക്യൂട്ടീവ് അംഗങ്ങളുടെ എത്ര ഫോണുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉളള ടവറിനു കീഴിലുണ്ടായിരുന്നു എന്നു പരിശോധിക്കുന്നതാണ്. സരിതയുടെ ഫോണും അവിടെയുണ്ടോ എന്നും നോക്കാവുന്നതാണ്. ക്വാറി ഉടമസ്ഥ നിവേദക സംഘം വലുതായിരുന്നുവെന്നും അവരുടെ ഇടയില്‍ സോളാര്‍ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ പറ്റുമോ എന്നുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. ഈ ഉടമസ്ഥസംഘക്കാരുടെയെല്ലാം ഫോണ്‍ നമ്പര്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ടവറിന്റെ പരിധിയിലുണ്ടെങ്കില്‍ അദ്ദേഹത്തിന് സംശയത്തിന്റെ ആനുകൂല്യം നല്‍കാം. അല്ലാത്തപക്ഷം മുഖ്യമന്ത്രി പറഞ്ഞത് കളളമാണ് എന്നു തെളിയുന്നു.

ഒമ്പത്) നുണപരിശോധനയ്ക്കു വിധേയനാകാന്‍ ശ്രീധരന്‍ നായര്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അതു ചെയ്യണമെന്ന് ഞാന്‍ പറയുന്നില്ല. പക്ഷേ, എന്തുകൊണ്ട് ശ്രീധരന്‍ നായരുടെ വെല്ലുവിളി ഏറ്റെടുക്കാന്‍ നിര്‍ദേശിക്കുന്നില്ല.

അമ്പു കൊളളാത്തവരാര്?

പത്ത്) സരിതാ എസ് നായരുടെ കൂടുതല്‍ ഫോണ്‍വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ മുഖ്യമന്ത്രിയുടെ ഗ്രൂപ്പിലുളള ഏതാണ്ടെല്ലാ നേതാക്കളുമായി അവര്‍ക്ക് നിരന്തര ബന്ധമുണ്ടായിരുന്നു എന്നു തെളിഞ്ഞു. ആഭ്യന്തര മന്ത്രി മുതലുളള മന്ത്രിമാര്‍. വിഷ്ണുനാഥിനെയും സിദ്ദിഖിനെയും പോലുളള ഇളമുറക്കാര്‍. ഇവരൊക്കെ സരിത എസ് നായരുമായി ബന്ധം നിലനിര്‍ത്തിയതിന്റെ നിഷേധിക്കാനാവാത്ത തെളിവുകള്‍ പുറത്തുവന്നു. തിരുവഞ്ചൂരിന്റെയും അടൂര്‍ പ്രകാശിന്റെയും വെളിപ്പെടുത്തലുകള്‍ നിര്‍ണായകമായി. തന്റെ മണ്ഡലത്തിലുളള മറിയാമ്മ എന്ന സ്ത്രീയെ വഞ്ചിച്ച് സരിതാ എസ് നായര്‍ കുറെ പണം കൈക്കലാക്കിയെന്ന പരാതി കിട്ടിയതിനെ തുടര്‍ന്ന് പണം മടക്കിനല്‍കാന്‍ പ്രേരിപ്പിക്കാനാണ് താന്‍ അവരെ വിളിച്ചത് എന്നായിരുന്നു മന്ത്രി അടൂര്‍ പ്രകാശിന്റെ വിശദീകരണം. ഇതു മുഖവിലയ്ക്കെടുത്താലും അസ്വാഭാവികതയുണ്ട്. തട്ടിപ്പു കേസ് ഒതുക്കിത്തീര്‍ക്കാന്‍ സംസ്ഥാന മന്ത്രിയെന്തിന് മധ്യസ്ഥനാവണം? പരാതി പോലീസിന് കൈമാറി തട്ടിപ്പിന് കേസ് രജിസ്റ്റര്‍ ചെയ്യുകയല്ലേ ചെയ്യേണ്ടത്. തട്ടിപ്പുകേസില്‍പ്പെട്ട് ജയില്‍ശിക്ഷയനുഭവിച്ച ചരിത്രമുളള ആളെക്കുറിച്ചാണ് പരാതി. അങ്ങനെയൊരു ക്രിമിനലിനെക്കുറിച്ച് മന്ത്രിയ്ക്കു നേരിട്ടു പരാതി കിട്ടിയാല്‍ ഉടനെ ആ ക്രിമിനലിനെ മന്ത്രിതന്നെ നേരിട്ട് ഫോണ്‍ ചെയ്ത് തട്ടിച്ചെടുത്ത പണം മടക്കി നല്‍കാന്‍ ആവശ്യപ്പെടുന്നത് അവിശ്വസനീയമായ അനുഭവമാണ്.

തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി വി കെ രവീന്ദ്രനുമായി സരിത നേരിട്ടു ബന്ധം പുലര്‍ത്തിയതിന് തെളിവു പുറത്തുവന്നിട്ടുണ്ട്. തിരുവഞ്ചൂര്‍ സരിതയെ ഫോണില്‍ വിളിച്ചത് 2012 മെയ് 23നാണ്. ആ ദിവസം സുപ്രധാനമാണ്. കണ്ണൂരിലെ ഒരു സംഘം ഡോക്ടര്‍മാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സരിതയെ കസ്റ്റഡിയിലെടുക്കാന്‍ തലശേരി എസ്ഐ ബിജു ജോണും സംഘവും പുറപ്പെട്ടത് ഈ ദിവസമാണ്. തന്റെ മേലുദ്യോഗസ്ഥന്മാരെ അറിയിച്ച് അനുവാദം വാങ്ങിയശേഷമാണ് എസ്ഐയും സംഘവും യാത്ര തിരിച്ചത്. ഈ കേസില്‍ കണ്ണൂര്‍ ഡിവൈഎസ്പി സുകുമാരന്‍ ഇടനില നിന്നെന്ന് വാര്‍ത്തകളുണ്ടായിരുന്നു. പുറത്തുവന്ന വിവരങ്ങളനുസരിച്ച് ഈ ഡിവൈഎസ്പിയും സരിതയുമായും നിരന്തരമായ ഫോണ്‍ബന്ധങ്ങളുണ്ട്. മേല്‍പറഞ്ഞ ദിവസം രാവിലെ സരിത തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി നേരിട്ട് സംസാരിച്ചിട്ടുണ്ട്. ഉച്ചയോടെ തിരുവഞ്ചൂര്‍ സരിതയെ തിരിച്ചു വിളിക്കുകയും ചെയ്തു. മാത്രമല്ല, ഈ ദിവസം മുതല്‍ മെയ് 30 വരെ തിരുവഞ്ചൂരിന്റെ പ്രൈവറ്റ് സെക്രട്ടറി സരിതയെ ഒട്ടേറെ തവണ വിളിച്ചിട്ടുണ്ട്, സരിത തിരിച്ചും. തിരുവഞ്ചൂര്‍ അവകാശപ്പെട്ടതുപോലെ മിസ്കോള്‍ കണ്ടു തിരിച്ചു വിളിച്ചതല്ല. തിരുവഞ്ചൂരും പ്രൈവറ്റ് സെക്രട്ടറിയും സരിതയുമായി എന്താണ് സംസാരിച്ചത് എന്ന കാര്യം ഇപ്പോഴും ദുരൂഹമാണ്. കൊലക്കേസ് പ്രതി ബിജു രാധാകൃഷ്ണനുമായി എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുപറയാന്‍ ഉമ്മന്‍ചാണ്ടി മടിക്കുന്നതുപോലെ നിഗൂഢമാണ് ഈ ടെലിഫോണ്‍ ബന്ധം. മേല്‍പ്പറഞ്ഞതെല്ലാം അതിരുകവിഞ്ഞ ഭാവനകളാണെന്നും യാഥാര്‍ത്ഥ്യം വ്യത്യസ്തമാണെന്നും മുഖ്യമന്ത്രിയ്ക്കു വാദിക്കാം. അതിനുളള എല്ലാ പൗരാവകാശവും അദ്ദേഹത്തിനുണ്ട്.

തനിക്ക് മുഖ്യമന്ത്രിയുടെ പോകട്ടെ, എംഎല്‍എയുടെ പോലും പരിഗണന വേണ്ട, ഒരു സാധാരണ പൗരന്റെ പരിഗണന മതി എന്നദ്ദേഹം പ്രസ്താവിച്ചു. സാധാരണ പൗരനായ മുഖ്യമന്ത്രിയ്ക്കു കിട്ടുന്ന പരിഗണന എന്തുകൊണ്ട് ജോപ്പനു കിട്ടുന്നില്ല? ജോപ്പന്‍ ജയിലഴിക്കുളളിലാണ്. അതേ പരാതിയില്‍ത്തന്നെ മുഖ്യമന്ത്രിയ്ക്കെതിരെയുളള പരാതിയുണ്ടായിട്ടും ഒരു വിശദീകരണം പോലും അന്വേഷണ സംഘം ആവശ്യപ്പെട്ടില്ല. അതുകൊണ്ടാണ് ഞങ്ങള്‍ പറയുന്നത് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തല്‍സ്ഥാനങ്ങളില്‍ നിന്നു മാറിനിന്ന് അന്വേഷണം നടത്തണം. ഞങ്ങളുടെ കാലത്ത് എന്തെങ്കിലും അസ്വാഭാവികത നടന്നിട്ടുണ്ടെങ്കില്‍ അതും അന്വേഷിക്കുക. ഞങ്ങളാണ് ഗൂഢാലോചന നടത്തുന്നത് എന്നുണ്ടെങ്കല്‍ അതും അന്വേഷിക്കുക. സത്യം കണ്ടുപിടിക്കാനല്ല, സത്യം മറച്ചുവെയ്ക്കാനാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിസ്ഥാനത്തു തുടരുന്നത്.

*
ഡോ. ടി. എം. തോമസ് ഐസക് ചിന്ത വാരിക

രൂപ എന്താ ഇങ്ങനെ?

പരിതാപകരമായ അവസ്ഥയിലാണിന്ന് ഇന്ത്യന്‍രൂപ. അനുദിനം അതിന്റെ മൂല്യം തകരുന്നു. രൂപയുടെ മൂല്യത്തകര്‍ച്ച എന്തുകൊണ്ട് എന്ന ചോദ്യം വ്യാപകമായി ഉയരുന്നുണ്ട്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ തകരുന്നതുകൊണ്ട് എന്നതാണ് അതിനുള്ള ശരിയായ ഉത്തരം. രൂപയുടെ മൂല്യത്തകര്‍ച്ചയും സമ്പദ്വ്യവസ്ഥയും പരസ്പരപൂരകങ്ങളാണ്. സമ്പദ്വ്യവസ്ഥ തകരുമ്പോള്‍ രൂപയും രൂപ തകരുമ്പോള്‍ സമ്പദ്വ്യവസ്ഥയും തകരുമെന്നത് കേവല സാമ്പത്തികനിയമമാണ്. ആ തകര്‍ച്ച രാജ്യത്തെ ഗുരുതരമായി ബാധിക്കുമെന്നതുകൊണ്ടുതന്നെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതും പരിഹാരം കണ്ടെത്തേണ്ടതുമായ വിഷയമാണിത്.

ഇന്ത്യയുടെ വ്യാപാരകമ്മി അനുദിനം വര്‍ധിക്കുന്നു എന്നതാണ് അടിസ്ഥാനപ്രശ്നം. അതായത്, ഇറക്കുമതി വല്ലാതെ കൂടുന്നു; കയറ്റുമതി വര്‍ധിക്കുന്നുമില്ല. കയറ്റുമതി നടക്കുമ്പോള്‍ ഡോളര്‍ ഇങ്ങോട്ടുവരും. ഇറക്കുമതി ചെയ്യുമ്പോള്‍ ഡോളര്‍ വിദേശത്തേക്ക് പോകും. ഇവ തമ്മിലുള്ള വ്യത്യാസമാണല്ലോ വ്യാപാരക്കമ്മി. വ്യാപാരക്കമ്മി കൂടുന്തോറും ഡോളറിന്റെ ഡിമാന്‍ഡ് വര്‍ധിക്കും എന്നതിനാല്‍ രൂപയുടെ മൂല്യം കുറയും. രൂപയുടെ മൂല്യം തകരുന്നതോടെ ഇറക്കുമതിച്ചെലവ് വീണ്ടും വര്‍ധിക്കും എന്നതിനാല്‍ പ്രശ്നം ചാക്രികമായി തുടരും. സമ്പദ്വ്യവസ്ഥ പ്രശ്നങ്ങളില്‍നിന്ന് കൂടുതല്‍ പ്രശ്നത്തിലേക്കും.

നിയന്ത്രണങ്ങള്‍ ഒഴിവാക്കിയും ചുങ്കം കുറച്ചും ഇറക്കുമതി യഥേഷ്ടം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതിനുപിന്നില്‍ നവലിബറല്‍ സാമ്പത്തികനയങ്ങളാണ്. ഇറക്കുമതി കുറച്ച് കയറ്റുമതി വര്‍ധിപ്പിക്കുന്ന നെഹ്റൂവിയന്‍ നയത്തെയാണ് മന്‍മോഹന്‍സിങ് അട്ടിമറിച്ചത് എന്നതാണ് ഏറ്റവും ശ്രദ്ധേയം. അടിസ്ഥാനപരമായ ഈ നയംമാറ്റമാണ് രൂപയുടെ മൂല്യത്തകര്‍ച്ചയിലേക്കെത്തിച്ചത്. ഇപ്പോഴത്തെ അവസ്ഥയില്‍ മൂല്യം ഇനിയും ഇടിയാനാണ് സാധ്യത. ഇറക്കുമതി വര്‍ധിപ്പിക്കുന്നത് കയറ്റുമതി കൂട്ടാനാണെന്ന മന്‍മോഹന്‍സിങ്ങിന്റെ വാദം പാടെ തകര്‍ന്നു എന്ന് വര്‍ത്തമാനകാല കണക്കുകള്‍ വ്യക്തമാക്കുന്നു. ഇനിയും അത് തുടരുന്നുവെന്നത് കുടുതല്‍ സംഭ്രമവും സൃഷ്ടിക്കുന്നു. കയറ്റുമതി വര്‍ധിപ്പിക്കാവുന്ന മേഖലകളെല്ലാം തകരുകയാണ്. ഉദാഹരണം കാര്‍ഷികമേഖല. രാജ്യത്ത് ഏറ്റവുമധികം ജനങ്ങള്‍ ആശ്രയിച്ചിരുന്ന കാര്‍ഷികമേഖലയെ തകര്‍ത്ത് നിലംപരിശാക്കിയത് നവലിബറല്‍ നയങ്ങളായിരുന്നു. സബ്സിഡി ഇല്ലാതാക്കിയും അവധിവ്യാപാരം പ്രഖ്യാപിച്ചും പൊതുവിതരണം തകര്‍ത്തും കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി വര്‍ധിപ്പിച്ചുമാണ് കാര്‍ഷികമേഖലയുടെ ചരമക്കുറിപ്പ് എഴുതിയത്. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ പരമ്പരാഗത വ്യവസായമേഖലയില്‍നിന്ന് കയറ്റുമതി വര്‍ധനയ്ക്ക് സാധ്യതയുമില്ല. ഡബ്ല്യുടിഒ കരാറിലൂടെ 75 ശതമാനം ചുങ്കം കുറച്ചതുകൊണ്ട് ഇറക്കുമതി നിരവധി മടങ്ങ് വര്‍ധിച്ചു. സ്വര്‍ണംവരെ അനിയന്ത്രിതമായി ഇറക്കുമതി ചെയ്യുന്നു. ഭരണവര്‍ഗത്തിന്റെ ഈ നിലപാടില്‍ കാതലായ മാറ്റംവരാതെ രൂപയുടെ മൂല്യം ഉയരില്ല എന്നതാണ് സത്യം. മുമ്പ് ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ വില നിശ്ചയിച്ചിരുന്നതും നിയന്ത്രിച്ചിരുന്നതും സര്‍ക്കാരായിരുന്നു. അതുകൊണ്ടുതന്നെ അമിതമായ വിലക്കയറ്റം ഉണ്ടാകാറില്ലെന്നു മാത്രമല്ല പണപ്പെരുപ്പത്തിനും പരിധിയുണ്ടായിരുന്നു.

പക്ഷേ, 1991ല്‍ നവലിബറല്‍ നയങ്ങളുടെ കടന്നുവരവിനുശേഷം ഈ ചിത്രവും മാറി. എല്ലാ മേഖലയില്‍നിന്നും സര്‍ക്കാര്‍ പിന്‍വലിഞ്ഞതോടെ ഉല്‍പ്പന്നങ്ങളുടെ വില അനിയന്ത്രിതമായി കുതിച്ചുയര്‍ന്നു. ഈ നയത്തിന്റെ ഭാഗമായി ഇറക്കുമതി ചെലവ് മാത്രമല്ല ഇറക്കുമതി ഉല്‍പ്പന്നത്തിന്റെ വിലയും വര്‍ധിപ്പിക്കുന്നു. ഇന്ത്യ ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന വിഭവങ്ങളിലൊന്ന് എണ്ണയാണ്. ഡീസല്‍, പെട്രോള്‍ വില തീരുമാനിക്കുന്നത് കമ്പനികളാണ്. നെഹ്റൂവിയന്‍ സമ്പദ്വ്യവസ്ഥയില്‍ ഉണ്ടായിരുന്ന ഓയില്‍ പൂള്‍ അക്കൗണ്ട് പൂര്‍ണമായും എടുത്തുകളഞ്ഞു. സര്‍ക്കാരിന് നിയന്ത്രണമില്ലാത്ത മേഖലയായി അതുമാറി. ഇത് പണപ്പെരുപ്പം രൂക്ഷമാക്കാന്‍ ഇടവരുത്തി. പണപ്പെരുപ്പത്തിന്റെ വര്‍ധനയും രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നു. അമേരിക്കന്‍ ഡോളറിന്റെ മൂല്യം മെച്ചപ്പെട്ടതാണ് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് കാരണമെന്ന വാദം ബാലിശമാണ്. ഡോളറിന്റെ വിലയിടിഞ്ഞ സമയത്ത് അമേരിക്കന്‍ ഭരണകൂടം യഥാവിധി ഇടപെട്ട് ഡോളറിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിക്കാന്‍ ശ്രമിച്ചു. അവരെ സംബന്ധിച്ച് അത് ശരിയായ ദിശയിലുള്ള ഇടപെടലാണ്. പക്ഷേ, അത് ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് വഴിയൊരുക്കും എന്ന് തിരിച്ചറിഞ്ഞ് കൃത്യമായി ഇടപെടുക എന്നതാണ് ഇന്ത്യന്‍ സര്‍ക്കാരും റിസര്‍വ് ബാങ്കും ചെയ്യേണ്ടത്. അതുചെയ്യാതെ അമേരിക്കന്‍ ഡോളറിന്റെ വിലകൂടി,

നമ്മളെന്തും ചെയ്യും എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ചെയ്യേണ്ടത് ചെയ്യുകതന്നെ വേണം. നമ്മുടെ രാജ്യത്ത് 30,000 കോടി ഡോളര്‍ വിദേശനാണയ കരുതല്‍ ശേഖരമുണ്ട്. എന്നിട്ടും റിസര്‍വ് ബാങ്കിന് യാഥാര്‍ഥ്യബോധത്തോടെ ഇടപെടാന്‍ കഴിയുന്നില്ല. കാരണം, നാണയശേഖരം ഊഹക്കച്ചവട കമ്പോളത്തില്‍നിന്ന് ശേഖരിക്കപ്പെട്ടതാണ് എന്നതിനാല്‍ അതിനെ ദിശാബോധത്തോടെ, ദീര്‍ഘകാല പരിപ്രേക്ഷ്യത്തിലൂടെ ഉപയോഗിക്കാന്‍ കഴിയില്ല. ഇന്ത്യയുടെ ഉല്‍പ്പാദനവും കയറ്റുമതിയും വര്‍ധിപ്പിച്ച് ശേഖരിക്കപ്പെട്ട നാണയശേഖരണത്തെ മാത്രമേ ദീര്‍ഘകാല പരിപ്രേക്ഷ്യത്തിലൂടെ റിസര്‍വ് ബാങ്കിന് ഉപയോഗിക്കാന്‍ കഴിയൂ. ഊഹക്കച്ചവടത്തിലൂടെ ശേഖരിക്കപ്പെട്ട മൂലധനം ഏതുസമയത്തും വിഭവസ്രോതസ്സിലേക്ക് തിരിച്ചുപോകാം. രൂപയുടെ മൂല്യത്തകര്‍ച്ചകൊണ്ട് ഇറക്കുമതിച്ചെലവ് വര്‍ധിക്കുമെന്ന് സൂചിപ്പിച്ചുവല്ലോ. അതോടൊപ്പം കടത്തിന്റെ തുകയും വര്‍ധിക്കും എന്നതും ഗുരുതരമായ പ്രശ്നമാണ്. നിലവിലുള്ള കടം തന്നെ തിരിച്ചുനല്‍കുക എന്നത് ഇന്ത്യയെയും കേരളത്തെയും സംബന്ധിച്ച് ഗുരുതരമായ സാമ്പത്തികബാധ്യതയാണ്. ധനകമ്മിയും റവന്യുകമ്മിയും നിയന്ത്രണവിധേയമാക്കാന്‍ കഴിയാതെ നന്നേ വിഷമിക്കുകയാണ് രാജ്യം. ഈ സന്ദര്‍ഭത്തില്‍ രൂപയുടെ മൂല്യത്തകര്‍ച്ച കടത്തിന്റെ അളവ് കൂട്ടും എന്നതിനാല്‍ പ്രതിസന്ധി വര്‍ധിക്കുകതന്നെ ചെയ്യും.

കേരളത്തെ സംബന്ധിച്ച് ഈ പ്രശ്നങ്ങള്‍ പ്രതികൂലമാണെങ്കിലും പ്രവാസികള്‍ നിക്ഷേപിക്കുന്ന തുക വര്‍ധിക്കും എന്ന ഒരു ഗുണമുണ്ട്. പക്ഷേ, നിക്ഷേപിക്കപ്പെട്ട പണം ചെലവഴിക്കുന്നത് ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന സമ്പദ്വ്യവസ്ഥയിലാണ് എന്നതിനാല്‍ പ്രതീക്ഷിക്കുന്ന നേട്ടം കൈവരില്ല എന്നതാണ് സത്യം. രൂപയുടെ മൂല്യത്തകര്‍ച്ചയും അനുബന്ധപ്രശ്നങ്ങളും പരിഹരിക്കാന്‍ ഒരേയൊരു മാര്‍ഗമാണ് കരണീയമായിട്ടുള്ളത്. ഇപ്പോഴത്തെ സാമ്പത്തികനയം തിരുത്തുക എന്നതുതന്നെ.

*
പ്രൊഫ. സി രവീന്ദ്രനാഥ് ദേശാഭിമാനി

കാപട്യത്തിലോ അതിജീവനം

സിപിഐ എമ്മിനെക്കുറിച്ചാകുമ്പോള്‍ കേട്ടുകേള്‍വികളും ഊഹാപോഹങ്ങളും പടുസങ്കല്‍പ്പങ്ങളും "വിശ്വസനീയ" വാര്‍ത്തയായി അവതരിപ്പിക്കാമെന്ന ബൂര്‍ഷ്വാമാധ്യമങ്ങളുടെ അഹന്തയാണ്, പശ്ചിമ ബംഗാളിലെ പാര്‍ടി അക്കൗണ്ടിനെക്കുറിച്ച് വന്ന വാര്‍ത്തകള്‍ ആവര്‍ത്തിച്ച് തെളിയിക്കുന്നത്. പശ്ചിമബംഗാളില്‍ പാര്‍ടി സംസ്ഥാന സെക്രട്ടറി ബിമന്‍ബസുവിന്റെയും നിരുപംസെന്നിന്റെയും പേരിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ട് സംബന്ധിച്ചാണ്, തൃണമൂല്‍ കോണ്‍ഗ്രസ് തെറ്റിദ്ധാരണ പരത്തിയതും അത് ഏറ്റെടുത്ത് ബംഗാളിലെ ആനന്ദ് ബസാര്‍ പത്രികയും കേരളത്തിലെ മലയാള മനോരമയും വാര്‍ത്ത രചിച്ചതും. സിപിഐ എം ശേഖരിക്കുന്ന ഫണ്ടും അംഗത്വവരിയും പാര്‍ടി ലെവിയും കൈയും കണക്കുമില്ലാത്തതാണെന്നും അത് കോണ്‍ഗ്രസ് പോലുള്ള ബൂര്‍ഷ്വാ പാര്‍ടികളുടെ ശൈലിയിലാണ് കൈകാര്യം ചെയ്യുന്നതെന്നുമുള്ള തെറ്റിദ്ധാരണയുടെ ഉല്‍പ്പന്നമാണ് ആ വാര്‍ത്ത. അതിലുപരി, ബോധപൂര്‍വം തെറ്റിദ്ധാരണ പരത്താനുള്ള ശ്രമവുമാണത്.

സിപിഐ എം മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റ് പാര്‍ടിയാണ്. ഇന്ത്യയില്‍ ഭരണഘടനാനുസൃതം പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ടികളില്‍ സുതാര്യമായ സാമ്പത്തിക ഇടപാടുകള്‍ കാത്തുസൂക്ഷിക്കുന്നതും അനര്‍ഹമായ ഫണ്ട് സ്വീകരിക്കാത്തതുമായ പാര്‍ടികള്‍ ഏറെയൊന്നും വേറെയില്ല. കോര്‍പറേറ്റുകള്‍ക്ക് വിടുവേലചെയ്തും അവരില്‍നിന്ന് കണക്കില്ലാത്ത പണംപറ്റിയും കൂറ്റന്‍ അഴിമതി നടത്തിയും പണം കുന്നുകൂട്ടുന്ന കോണ്‍ഗ്രസിനെയും ബിജെപിയെയും പോലുള്ള ബൂര്‍ഷ്വാ പാര്‍ടികളുമായി സിപിഐ എമ്മിനെ താരതമ്യപ്പെടുത്താന്‍ കഴിയില്ല. അതുകൊണ്ടുതന്നെയാണ്, നാട്ടില്‍ ജനങ്ങളെ ബാധിക്കുന്ന ഏതു പ്രശ്നം ഉയര്‍ന്നുവന്നാലും എങ്ങനെ സിപിഐ എം പ്രതികരിക്കുന്നു എന്ന് ജനങ്ങള്‍ ഉറ്റുനോക്കുന്നത്. ജനങ്ങളെ മാത്രം മുന്നില്‍ കണ്ടുള്ള, കോര്‍പറേറ്റുകളുടെ വിലക്കുകളില്ലാത്ത പ്രതികരണം സിപിഐ എമ്മില്‍നിന്നുണ്ടാകുമെന്ന ഉറച്ച ബോധ്യമാണ് ആ പ്രതീക്ഷയ്ക്ക് കാരണം. അവിശ്വസനീയമായ അഴിമതികളിലും സാമ്പത്തികത്തട്ടിപ്പുകളിലും അധികാര ദുര്‍വിനിയോഗത്തിലും ആറാടിനില്‍ക്കുന്ന ബൂര്‍ഷ്വാപാര്‍ടികളെയും സിപിഐ എമ്മിനെയും ഒരു നുകത്തില്‍കെട്ടാനും "എല്ലാം കണക്ക്" എന്ന ബോധം ജനങ്ങളില്‍ സൃഷ്ടിക്കാനുമുള്ള നിരന്തരശ്രമങ്ങളില്‍ ഏറ്റവുമൊടുവിലത്തേതാണ് "ഫണ്ട് വിവാദം".

കേരളത്തില്‍ സിപിഐ എമ്മിന്റെ "സ്വത്തുകണക്കില്‍" സഹകരണസ്ഥാപനങ്ങളുടെ ആസ്തിയടക്കം ഉള്‍പ്പെടുത്തി പലരും ഇന്നും കണക്കുപറയാറുണ്ട്. നിരവധി സഹകാരികള്‍ ഒത്തൊരുമിച്ച്, സാമൂഹ്യ സേവനാര്‍ഥം സ്ഥാപിക്കുന്ന ആശുപത്രികളടക്കമുള്ള സ്ഥാപനങ്ങളുടെ സ്വത്തുവകകള്‍ പാര്‍ടിയുടേതാണെന്ന പച്ചക്കള്ളം പ്രചരിപ്പിച്ച് അവര്‍ സായുജ്യമടയുകയാണ്. രാജ്യത്തെ നിയമങ്ങള്‍ക്കും സഹകരണതത്വങ്ങള്‍ക്കുമനുസരിച്ച് പ്രവര്‍ത്തിക്കുന്ന സഹകരണസ്ഥാപനങ്ങള്‍ കര്‍ഷകരെ കടക്കെണിയില്‍നിന്ന് രക്ഷപ്പെടുത്താനും വട്ടിപ്പലിശക്കാരുടെയും ലാഭകേന്ദ്രീകൃത സ്ഥാപനങ്ങളുടെയും കൊള്ളയെ ചെറുക്കാനുമുള്ളതാണ് എന്ന പ്രാഥമികധാരണപോലും പരണത്തുവച്ചാണ് ഇത്തരം പ്രചാരണങ്ങളുണ്ടാകുന്നത്. സിപിഐ എമ്മിന് ഫണ്ട് വരുന്നത് ഒരു കോര്‍പറേറ്റിന്റെയും അനുതാപത്തില്‍നിന്നല്ല; ഒരഴിമതിയുടെയും ചാലിലൂടെയല്ല.

അംഗത്വവരിയായി ഓരോ പാര്‍ടി അംഗവും സ്ഥാനാര്‍ഥി അംഗവും പ്രതിവര്‍ഷം രണ്ടുരൂപവീതം നല്‍കുന്നു. പാര്‍ടിയില്‍ ചേരുന്ന സമയത്തോ ഓരോ വര്‍ഷവും മാര്‍ച്ച് മാസം അവസാനിക്കുന്നതിന് മുമ്പോ ഈ വരിസംഖ്യ നല്‍കാത്തപക്ഷം അംഗത്വപട്ടികയില്‍നിന്ന് ആ അംഗത്തിന്റെ പേര് നീക്കംചെയ്യപ്പെടും. വരിസംഖ്യ മുഴുവന്‍ പാര്‍ടിബ്രാഞ്ചോ ഘടകമോ പാര്‍ടികമ്മിറ്റികളിലൂടെ കേന്ദ്രകമ്മിറ്റിയെ ഏല്‍പ്പിക്കും. കേന്ദ്രകമ്മിറ്റി നിശ്ചയിക്കുന്ന പ്രകാരം പ്രതിമാസലെവി എല്ലാ പാര്‍ടിഅംഗങ്ങളും അടയ്ക്കണം. നിശ്ചിതസമയത്തെ തുടര്‍ന്ന് മൂന്നുമാസം കഴിഞ്ഞിട്ടും ലെവി അടയ്ക്കാത്ത ആളുകളുടെ പേര് പാര്‍ടി അംഗത്വപട്ടികയില്‍നിന്ന് നീക്കും. ലെവിനിരക്കുകള്‍ കേന്ദ്രകമ്മിറ്റി തീരുമാനിക്കുന്നതാണ്. അത് ഓരോരുത്തരുടെയും വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. ലോക്കല്‍-ഏരിയ, ജില്ലാ-സംസ്ഥാന കമ്മിറ്റികള്‍ക്ക് ലെവി വിഹിതം ലഭിക്കുകയും അത് പാര്‍ടി പ്രവര്‍ത്തനത്തിനായി വിനിയോഗിക്കുകയും ചെയ്യുന്നു. പൊളിറ്റ്ബ്യൂറോ സാമ്പത്തികകാര്യ ഉപസമിതി രൂപീകരിച്ച്, 10,000 രൂപ വരെയുള്ള സാമ്പത്തികകാര്യങ്ങളെയും ചെലവുകളെയും സംബന്ധിച്ച് തീരുമാനങ്ങളെടുക്കുകയും 10,000 രൂപയില്‍ അധികരിക്കുന്ന ചെലവുകളുണ്ടാകുന്ന സാമ്പത്തികകാര്യങ്ങള്‍ പിബിയുടെ പരിഗണനയ്ക്ക് വിടുകയും ചെയ്യും. സാമ്പത്തികകാര്യ ഉപസമിതി സിസിയുടെയും സിസി സ്ഥാപനങ്ങളുടെയും ത്രൈമാസ കണക്കുകള്‍ പിബിക്ക് സമര്‍പ്പിക്കും. പിബി അംഗീകരിച്ച വാര്‍ഷിക കണക്കുകള്‍ പാര്‍ടി ഭരണഘടന വ്യവസ്ഥചെയ്യുന്ന രീതിയില്‍ അംഗീകാരത്തിനായി കേന്ദ്രകമ്മിറ്റിക്ക് സമര്‍പ്പിക്കും. പാര്‍ടി പത്രങ്ങളുടെയും മറ്റു സ്ഥാപനങ്ങളുടെയും അര്‍ധവാര്‍ഷിക കണക്കുകള്‍ ഈ ഉപസമിതിയാണ് പരിശോധിക്കുക. പാര്‍ടി ഭരണഘടനയും ചട്ടങ്ങളും ഇക്കാര്യങ്ങളെല്ലാം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. അണുവിട വ്യതിചലിക്കാതെയാണ് ഇവ പ്രാവര്‍ത്തികമാകുന്നത്. അതുകൊണ്ടുതന്നെയാണ്, ബൂര്‍ഷ്വാ പാര്‍ടികള്‍ക്ക് സ്വപ്നംകാണാന്‍ കഴിയാത്ത രീതിയില്‍ സിപിഐ എമ്മിന്റെ ഫണ്ട് കൈകാര്യം ചെയ്യപ്പെടുന്നതും കണക്കുകള്‍ നിയമാനുസൃതവും സുതാര്യവുമാകുന്നതും. പശ്ചിമ ബംഗാളിലെ പാര്‍ടി അക്കൗണ്ടും ഫണ്ടും ഇതില്‍നിന്ന് ഒട്ടും വ്യത്യസ്തമല്ല. അത് ഏതെങ്കിലും നേതാക്കളുടെ സ്വകാര്യസ്വത്തല്ല; സംസ്ഥാനകമ്മിറ്റിയുടേത് തന്നെയാണെന്ന് പാര്‍ടി പൊളിറ്റ്ബ്യൂറോ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളുടെയും കണക്കുകള്‍ ഒരുമിച്ച് ചേര്‍ത്താണ് ആദായനികുതി വിഭാഗത്തിന് നല്‍കാറുള്ളത്. അതില്‍ പശ്ചിമബംഗാള്‍ സംസ്ഥാനകമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ടും ഉള്‍പ്പെടും. കണക്കില്ലാത്ത വിദേശ നിക്ഷേപവും രഹസ്യഫണ്ടും കൈകാര്യം ചെയ്യുന്ന തൃണമൂല്‍ കോണ്‍ഗ്രസിനും മലയാള മനോരമയെപ്പോലുള്ള ബൂര്‍ഷ്വാ മാധ്യമങ്ങള്‍ക്കും ഇത് മനസ്സിലാകില്ല. ചിട്ടിഫണ്ട് തട്ടിപ്പിലും ജനദ്രോഹനയങ്ങളിലും മുഖംനഷ്ടപ്പെട്ട തൃണമൂല്‍കോണ്‍ഗ്രസിനും സോളാര്‍ അഴിമതിയില്‍ ആടിയുലയുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിനും മൃതസഞ്ജീവനിയാകും എന്ന് ധരിച്ചാണ് കള്ളപ്രചാരണം മാധ്യമങ്ങള്‍ ഏറ്റെടുത്തത്. ഇത്തരം കാപട്യങ്ങളും കല്‍പ്പിതകഥകളും മനോരമയ്ക്ക് ഉപ്പുകൂട്ടാതെ വിഴുങ്ങാം- അത് ജനങ്ങള്‍ വിശ്വസിക്കുമെന്നുമാത്രം കരുതരുത്.

*
ദേശാഭിമാനി മുഖപ്രസംഗം

കുത്തകകളുടെ തൊഴിലാളി "സ്നേഹം"

വാള്‍മാര്‍ട്ട്, ഹോം ഡിപ്പോ, മക്ഡൊണാള്‍ഡ്, ടാക്കൊബെല്‍ തുടങ്ങിയ അമേരിക്കയിലെ പ്രമുഖ വ്യാപാരസ്ഥാപനങ്ങള്‍ തങ്ങളുടെ തുച്ഛവേതനക്കാരായ തൊഴിലാളികളുടെ മണിക്കൂര്‍കൂലി ഡെബിറ്റ് കാര്‍ഡായി നല്‍കുന്നത് ഇതിനോടകം വിവാദമായിട്ടുണ്ട്. കൂലി ബാങ്ക് ചെക്കായി നല്‍കുകയോ നേരിട്ട് ബാങ്കില്‍ നിക്ഷേപിക്കുകയോ ചെയ്യുന്നതിനുപകരം എടിഎം മെഷീനില്‍ ഉപയോഗിക്കാവുന്ന കാര്‍ഡുകളാണ് നല്‍കുന്നത്. ചെറിയ ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളവര്‍ക്കും അക്കൗണ്ട്തന്നെ ഇല്ലാത്തവര്‍ക്കുമാണ് ഇത്തരം കാര്‍ഡുകള്‍ നല്‍കുന്നത്. മുന്‍കൂറായി പണം നിക്ഷേപിച്ചിട്ടുള്ള ഇത്തരം കാര്‍ഡുകള്‍ എടിഎം കൗണ്ടറില്‍ ഉപയോഗിച്ച് പണം പിന്‍വലിക്കാം. ഇത്തരം പ്രീപെയ്ഡ് ഡെബിറ്റ് കാര്‍ഡുകള്‍ പരമ്പരാഗത ബാങ്ക് അക്കൗണ്ടുകളേക്കാള്‍ കൂടുതല്‍ ഫീസ് ഈടാക്കി ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.

വിവിധ കമ്പനികളുടെ ഇത്തരം പ്രീപെയ്ഡ് കാര്‍ഡുകളെക്കുറിച്ച് കണ്‍സ്യൂമര്‍ റിപ്പോര്‍ട്ട് എന്ന സ്ഥാപനം നടത്തിയ പഠനത്തില്‍കണ്ടെത്തിയത് 2.95 മുതല്‍ 9.95 ഡോളര്‍വരെ മാസവരിസംഖ്യയായി ഉപയോക്താവില്‍നിന്ന് ഈടാക്കുന്നുവെന്നാണ്. പണം പിന്‍വലിച്ചശേഷം എടിഎമ്മില്‍ ബാലന്‍സ് പരിശോധിക്കുന്നതിനുപോലും 0.45 മുതല്‍ ഒരു ഡോളര്‍വരെ ഈടാക്കുന്നു. ചില ബാങ്കുകള്‍ ഒറ്റത്തവണ തുക പിന്‍വലിക്കുന്നതിന് 1.75 ഡോളറും സ്റ്റേറ്റ്മെന്റ് പ്രിന്റ് എടുക്കുന്നതിന് 2.95 ഡോളറുമാണ് ഈടാക്കുന്നത്. ആറ് ഡോളറാണ് കാര്‍ഡ് പുതുക്കി നല്‍കുന്നതിന്. നിശ്ചിത സമയത്തിനകം കാര്‍ഡിലെ തുക ചെലവഴിച്ചില്ലെങ്കില്‍ ഏഴുഡോളര്‍ ഈടാക്കിയാണ് അതു പുതുക്കി നല്‍കുന്നത്. സ്വന്തമായി ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന് കഴിയാത്തവരും ബാങ്കുമായി ഒരു ബന്ധവുമില്ലാത്തവരുമായ വലിയൊരു വിഭാഗം ജനങ്ങളാണ് ഇത്തരം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരിലേറെയും. അമേരിക്കയിലെ 28.3 ശതമാനം കുടുംബങ്ങള്‍ തങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ മുഖ്യധാരാ ബാങ്കുകളിലൂടെയല്ല നടത്താറുള്ളത്. ഇവരാണ് ചെറിയ ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളവര്‍ അല്ലെങ്കില്‍ ബാങ്കുമായി ഒരു ബന്ധവുമില്ലാത്ത വിഭാഗം എന്ന് അറിയപ്പെടുന്നത് . ഈ വിഭാഗം ജനങ്ങളുടെ സംഖ്യ വര്‍ധിച്ചുവരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടികാട്ടുന്നത്.

നാലുവര്‍ഷം മുമ്പ് ഒന്‍പത് മില്യണ്‍ കുടുംബങ്ങള്‍ ബാങ്കുമായി ഒരു രീതിയിലുമുള്ള ഇടപാടും നടത്താറില്ലായിരുന്നുവെങ്കില്‍ ഇന്നത് 10 മില്യണായി. മറ്റൊരു 24 മില്യണ്‍ കുടുംബങ്ങള്‍ ചെറിയ ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടെങ്കില്‍പോലും പ്രീപെയ്ഡ് പോലെയുള്ള മാര്‍ഗങ്ങളാണ് ഉപയോഗിക്കുന്നത്. വേതനം പ്രീപെയ്ഡ് ഡെബിറ്റ് കാര്‍ഡുകളിലേക്കു മാറ്റുന്നതുമൂലം തൊഴിലാളികള്‍ക്ക് വലിയതുക പലവിധ ബാങ്കിങ് ഫീസുകളായി നല്‍കേണ്ടിവരുന്നു. ഇങ്ങനെ ഏറ്റവും കുറഞ്ഞ വേതനം ലഭിക്കുന്ന വിഭാഗത്തിന്റെ നല്ലൊരു സംഖ്യയാണ് ബാങ്കുകള്‍ തട്ടിയെടുക്കുന്നത്. ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും ഓവര്‍ ഡ്രാഫ്റ്റുകള്‍ക്കും മറ്റും ബാങ്കുകള്‍ വസൂലാക്കിയിരുന്ന നിരവധി ഫീസുകള്‍ നിര്‍ത്തലാക്കി ഒബാമ ഭരണകൂടം ഉപയോക്താക്കളെ സംരക്ഷിക്കുന്നുണ്ട്. ആ വിധത്തില്‍ ബാങ്കുകള്‍ക്കുണ്ടാകുന്ന ഭീമമായ നഷ്ടം കുറയ്ക്കുന്നതിനാണ് ഒരു ഉപഭോക്തൃസംരക്ഷണനിയമവും ബാധകമല്ലാത്ത പാവങ്ങളുടെ തുച്ഛമായ ശമ്പളം കവരുന്നത്. പ്രമുഖ ബാങ്കിങ് ഗ്രൂപ്പുകളായ സിറ്റി ഗ്രൂപ്പ്, ബാങ്ക് ഓഫ് അമേരിക്ക എന്നിവര്‍ ഇക്കാര്യത്തില്‍ മുന്‍പന്തിയിലാണ്്. എന്നാല്‍, ഈ കമ്പനികള്‍ അവകാശപ്പെടുന്നത് ശമ്പളം പ്രീപെയ്ഡ് ഡെബിറ്റ് കാര്‍ഡായോ അല്ലെങ്കില്‍ പഴയ രീതിയില്‍ ചെക്ക് ആയോ മതി എന്ന് തീരുമാനിക്കാന്‍ തൊഴിലാളികള്‍ക്ക് അവസരമുണ്ടെന്നാണ്. എന്നാല്‍, ഈ അവകാശവാദം കമ്പനി രേഖകളില്‍ മാത്രമൊതുങ്ങുന്നു എന്നാണ് തൊഴിലാളികളും ഉപഭോക്തൃ സമിതികളും പറയുന്നത്. ഏറ്റവും കുറഞ്ഞ വേതനം പറ്റുന്ന തൊഴിലാളികള്‍ക്ക് തങ്ങളുടെ പ്രതിഫലം കൈയിലെത്തണമെങ്കില്‍ അതിനും നിരവധി ഫീസുകള്‍ നല്‍കേണ്ടി വരുന്നു. സ്വന്തം ശമ്പളം കിട്ടാന്‍പോലും പണം ചെലവാക്കേണ്ട ദയനീയാവസ്ഥ. അമേരിക്കയിലെ 25 സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ കമ്പനികള്‍ക്ക് പേപ്പര്‍ ചെക്ക് നിര്‍ത്തലാക്കാനും പകരം പ്രീപെയ്ഡ് കാര്‍ഡുകള്‍ നല്‍കാനും നിയമപരമായി കഴിയും. ഇങ്ങനെ പേ ചെക്കിനുപകരം പ്രീപെയ്ഡ് ഡെബിറ്റ് കാര്‍ഡുകള്‍ തൊഴിലാളികള്‍ക്കു നല്‍കുന്നത് ന്യൂയോര്‍ക്ക്് അറ്റോര്‍ണി ജനറലിന്റെ ഓഫീസ് പരിശോധിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

*
റജി പി ജോര്‍ജ് (ന്യൂയോര്‍ക്ക്) ദേശാഭിമാനി

Tuesday, July 16, 2013

നീതിന്യായ വ്യവസ്ഥയ്ക്ക് നേരെ ഒരു നിറതോക്ക്

വര്‍ഗീസ് വധക്കേസ്സില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഐ ജി ലക്ഷ്മണയെ ശിക്ഷാകാലാവധി കഴിയുന്നതിന് മുമ്പ് വിട്ടയച്ച നടപടി ഏറെ വിവാദപരമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. ആരോഗ്യം ക്ഷയിച്ചവരും 75 വയസ്സ് കഴിഞ്ഞവരുമായ തടവുപുള്ളികളെ വിട്ടയക്കാമെന്ന കേരള ജയില്‍ചട്ടം 1958-ലെ 537, 538, 539 എന്നിവയനുസരിച്ചാണ് ലക്ഷ്മണയുടെ മോചനത്തിനുള്ള അവസരം യുഡിഎഫ് സര്‍ക്കാര്‍ സൃഷ്ടിച്ചെടുത്തത്. കസ്റ്റഡിയിലെടുത്ത ഒരാളെ ക്രൂരമായ പീഡനങ്ങള്‍ക്ക് ശേഷം വെടിവെച്ചുകൊല്ലാന്‍ ഉത്തരവിട്ട ലക്ഷ്മ ണയെ നീണ്ട 40 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാന്‍ കഴിഞ്ഞത്. നിയമപരവും ജനകീയവുമായ മനുഷ്യാവകാശ പോരാട്ടങ്ങളുടെ ഫലമായിട്ടാണ് സിബിഐ അന്വേഷണത്തിലൂടെ വര്‍ഗീസ് വധത്തിന് ഉത്തരവാദിയായ ഈ പൊലീസ് ഉദ്യോഗസ്ഥന്‍ നീതിപീഠത്തിന് മുന്നില്‍ എത്തിയത്.

കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ച വര്‍ഗീസിന്റെ പൈശാചികമായ കൊലപാതകത്തിന്റെ സാഹചര്യങ്ങളെ വിശകലനം ചെയ്ത് സിബിഐ കോടതി നടത്തിയ നിരീക്ഷണം വളരെ പ്രസക്തമാണ്. നക്സല്‍ വേട്ടയുടെ മറവില്‍ നാല് പതിറ്റാണ്ടിന് മുമ്പ് വര്‍ഗീസിനെ പിടിച്ചുകൊണ്ടുപോയി പൊലീസ് കൊലപ്പെടുത്തുകയാണെന്ന് സ്ഥിരീകരിച്ചുകൊണ്ട് സിബിഐ കോടതി ജഡ്ജി വിധിപ്രസ്താവനയില്‍ എഴുതിയത്; ""സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഭരണഘടനയുടെയും നിയമവ്യവസ്ഥയുടെയും ശൈശവദശയില്‍ യുവജനങ്ങള്‍ തൃപ്തരായിരുന്നില്ല. ഈ സാഹചര്യത്തില്‍ വളര്‍ന്നുവന്ന അനീതിയും അക്രമങ്ങളുമാണ് യുവജനതയെ നക്സല്‍ പ്രസ്ഥാനങ്ങള്‍ പോലെയുള്ള തീവ്രവാദ പ്രസ്ഥാനങ്ങളിലേക്ക് വഴിതിരിച്ചത്. എന്നാല്‍ രോഗത്തെ ചികിത്സിക്കേണ്ടതിന് പകരം രോഗിയെ കൊന്നൊടുക്കാനാണ് ശ്രമിച്ചത്. ഭരണഘടനാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളും നിയമം നടപ്പാക്കലും മികച്ച വിദ്യാഭ്യാസവും തൊഴില്‍സംരംഭങ്ങളും നല്‍കുന്ന മികച്ച രാഷ്ട്രീയ വ്യക്തിത്വങ്ങള്‍ക്കേ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുവാന്‍ കഴിയൂ. എല്ലാ കാലത്തും സത്യത്തെ മൂടിവെക്കാനാവില്ല. ഒരിക്കല്‍ അത് പുറത്തുവരും"". കരുണാകരനെപോലുള്ള സ്വേച്ഛാധികാരികളായ ഭരണാധികാരികളുടെ സംരക്ഷണയിലും പരിലാളനയിലുമാണ് ലക്ഷ്മണ ഉള്‍പ്പെടെയുള്ള ക്രിമിനലുകളായ പൊലീസ് മേധാവികള്‍ നിയമത്തിന്റെ പിടിയില്‍ പെടാതെ നാല് ദശകത്തോളം കേരളത്തില്‍ വിലസിയത്. വര്‍ഗീസ് വധത്തിനുശേഷം അടിയന്തരാവസ്ഥയുടെ കിരാതനാളുകളില്‍ കേരളമാകെ കോണ്‍സന്‍ട്രേഷന്‍ കേമ്പുകള്‍ സൃഷ്ടിച്ചത്. 2010 ഒക്ടോബര്‍ 28ന് വര്‍ഗീസിന്റെ മരണത്തിന് കാരണക്കാരനായ ലക്ഷ്മണക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് എറണാകുളം സിബിഐ കോടതി ജഡ്ജി എസ് വിജയചന്ദ്രന്‍ എഴുതിയ വിധിന്യായത്തില്‍ വര്‍ഗീസിനെ വെടിവെച്ചുകൊല്ലുവാന്‍ മുന്‍ സിആര്‍പി കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍നായര്‍ക്ക് ആജ്ഞ നല്‍കിയത് ലക്ഷ്മണയാണെന്ന് തെളിഞ്ഞതായി പ്രസ്താവിച്ചു.

""കേസിന്റെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലവും തെളിവുകളിലൂടെയും വിസ്താരത്തിലൂടെയും വെളിവായിരിക്കുകയാണ്. മാത്രമല്ല, ഇതൊരു കസ്റ്റഡി അതിക്രമവും കൊലപാതകവും കൂടിയാണെന്നും"" -കോടതി വ്യക്തമാക്കി. നാല് ദശകങ്ങള്‍ക്ക് മുമ്പ് നടന്ന അതിനിഷ്ഠുരമായ കൊലപാതകത്തെക്കുറിച്ചുള്ള സത്യം സ്വര്‍ണത്തളിക കൊണ്ട് ഇക്കാലമത്രയും മൂടിവെച്ചിരിക്കുകയായിരുന്നുവെന്ന് നിരീക്ഷിച്ച കോടതി സത്യത്തിന്റെ ആത്യന്തിക വിജയത്തെക്കുറിച്ചുള്ള പ്രത്യാശയോടെയാണ് വിധിന്യായത്തില്‍ ഇങ്ങനെ എഴുതിയത്: ""തീവ്രവാദിയോ ഭീകരവാദിയോ നക്സലൈറ്റോ ആരുമായിക്കൊള്ളട്ടെ, പ്രതിയെ കോടതിയില്‍ ഹാജരാക്കുവാന്‍ ചുമതലപ്പെട്ട പൊലീസിന്റെ കസ്റ്റഡിയില്‍ കൊല്ലപ്പെടുന്നതിന്റെ കുറ്റം കാലപ്പഴക്കത്തില്‍ ഇല്ലാതാവില്ല. ലിഖിത ഭരണഘടനയുള്ള രാജ്യത്ത് ദശാബ്ദങ്ങള്‍ പിന്നിട്ടെങ്കിലും കൊല ന്യായീകരിക്കപ്പെടുകയില്ല. എത്ര ക്രൂരകൃത്യം ചെയ്തവരായാലും ശിക്ഷിക്കാന്‍ അന്വേഷണ ഏജന്‍സി ആളല്ല. ഭരണഘടനയുടെ അന്തസ്സത്തയ്ക്കും നിയമവാഴ്ചക്കും സ്വാഭാവികനീതി നിയമങ്ങള്‍ക്കും മനുഷ്യ മനസ്സാക്ഷിക്കും നിരക്കുന്നതല്ല അത്"".

കസ്റ്റഡിമരണങ്ങളും വ്യാജഏറ്റുമുട്ടല്‍ കൊലപാതകങ്ങളും വ്യാപകമായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യത്തില്‍ വര്‍ഗീസ് വധക്കേസില്‍ ലക്ഷ്മ ണയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചുകൊണ്ടുള്ള ഈ വിധിന്യായത്തിലെ നിരീക്ഷണങ്ങള്‍ അങ്ങേയറ്റം പ്രസക്തമാണ്. മനുഷ്യാവകാശങ്ങളെ ചവിട്ടിമെതിച്ച് നിയമത്തിനതീതമായി പ്രവര്‍ത്തിക്കുന്ന ഭരണാധികാരികള്‍ക്കും ഉന്നത പൊലീസുദ്യോഗസ്ഥര്‍ക്കുമുള്ള ശക്തമായ താക്കീതായാണ് ജനാധിപത്യ വിശ്വാസികള്‍ ഈ വിധിയെ ആവേശപൂര്‍വം എതിരേറ്റത്. അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന നിലയില്‍ 302-ാം വകുപ്പനുസരിച്ച് കൊലപാതകിയെന്ന് തെളിഞ്ഞ ലക്ഷ്മണക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നാണ് കേരളീയ സമൂഹം ആഗ്രഹിച്ചത്. എല്ലാ കുറ്റവാളികളായ പൊലീസുദ്യോഗസ്ഥര്‍ക്കും പാഠമാകേണ്ടതാണ് ഈ വിധി. അതിന്റെ അന്തസ്സത്തയെ തന്നെ നിരാകരിച്ചുകൊണ്ടാണ് ഇപ്പോള്‍ ജയില്‍ചട്ടത്തിലെ തടവുപുള്ളികള്‍ക്കനുകൂലമായ വ്യവസ്ഥയിലെ പഴുതുകള്‍ ഉപയോഗപ്പെടുത്തി യുഡിഎഫ് സര്‍ക്കാര്‍ ലക്ഷ്മണയെ വിട്ടയച്ചത്. ജയില്‍മോചിതനായ ലക്ഷ്മണ മാധ്യമങ്ങള്‍ക്ക് മുമ്പില്‍വന്ന് ജുഡീഷ്യറിയെത്തന്നെ അധിക്ഷേപിക്കുകയാണ് ചെയ്തത്. തനിക്കെതിരായി നടന്ന ഗൂഢാലോചനയാണ് വര്‍ഗീസ് വധത്തില്‍ തന്നെ പ്രതിയാക്കിയതെന്നും തെളിവുകളില്ലാതെ സിബിഐ കോടതി ഏകപക്ഷീയമായി ശിക്ഷിക്കുകയായിരുന്നുവെന്നുമാണ് ലക്ഷ്മണ തട്ടിവിട്ടത്.

നമ്മുടെ നാട്ടിലൊരു ചൊല്ലുണ്ട്. അരിയും തിന്ന് ആളെയും കടിച്ച് പിന്നെയും നായ മുന്നോട്ട്. ഈ ചൊല്ലിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് സിബിഐ കോടതി ജഡ്ജിക്കെതിരെ ലക്ഷ്മണ ആക്രോശിച്ചത്. ലക്ഷ്മണയുടെ വാദമനുസരിച്ച് പൊലീസ് അസോസിയേഷന്‍ നേതാക്കളും നക്സല്‍ നേതാക്കളും നടത്തിയ ഗൂഢാലോചനയുടെ ഫലമായി തനിക്കെതിരായി കെട്ടിച്ചമച്ചതാണ് ഈ കേസ്. രാമചന്ദ്രന്‍നായരെന്ന സിആര്‍പിഎഫ് കോണ്‍സ്റ്റബിളിനെ അതിന് കരുവാക്കുകയായിരുന്നുപോലും. 1970ല്‍ വര്‍ഗീസ് കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിലാണെന്ന അച്ചുതമേനോന്‍ സര്‍ക്കാറിന്റെ പ്രചാരണം ക്രൂരമായ കസ്റ്റഡി മര്‍ദനങ്ങളെയും നിഷ്ഠുരമായ കൊലപാതകത്തെയും മറച്ചുവെക്കാനാണെന്ന് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഇ എം എസ് നിയമസഭയില്‍ ഉന്നയിച്ചതാണ്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഈ ക്രൂരമായ കൊലപാതകത്തെയും ഭരണകൂട ഭീകരതയെയും കുറിച്ച് ഇ എം എസ് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു. അന്നത്തെ പ്രതിപക്ഷത്തിന്റെ ഈ ആവശ്യങ്ങളെല്ലാം ആഭ്യന്തരമന്ത്രിയായിരുന്ന സി എച്ച് മുഹമ്മദ്കോയ നിരാകരിക്കുകയായിരുന്നു. മാത്രമല്ല അന്നത്തെ സിപിഐ(എംഎല്‍) ന്റെ മുഖപത്രമായ ലിബറേഷനില്‍ വര്‍ഗീസിനെ കസ്റ്റഡിയില്‍ കൊലപ്പെടുത്തിയതാണെന്ന പ്രതിപക്ഷ പ്രചാരണം അദ്ദേഹത്തിന്റ വിപ്ലവധീരതയെ അപമാനിക്കാനാണെന്ന് എഴുതി. ഇതിനെ കച്ചിത്തുരുമ്പാക്കിയാണ് വര്‍ഗീസിനെ കസ്റ്റഡിയില്‍വെച്ച് കൊലപ്പെടുത്തിയതാണെന്ന പ്രതിപക്ഷ ആരോപണത്തെ സര്‍ക്കാര്‍ നേരിട്ടത്. വര്‍ഗീസ് വധത്തിനെതിരെ ഉയര്‍ന്നുവന്ന ജനരോഷത്തില്‍പ്പെട്ടുഴലുന്ന അന്നത്തെ ആഭ്യന്തര വകുപ്പിനെ രക്ഷിക്കുവാന്‍ ഇത് (ലിബറേഷന്‍ റിപ്പോര്‍ട്ട്) ""സ്വര്‍ഗത്തില്‍ നിന്നെന്നപോലെ ഒരു വൈക്കോല്‍ തുരുമ്പ് പ്രത്യക്ഷപ്പെട്ടത് പോലെയായി"" എന്ന് അജിതയുടെ ഓര്‍മക്കുറിപ്പില്‍ പറയുന്നുണ്ട്. നക്സലൈറ്റുകളുടെ അതിതീവ്രവാദപരവും നിരുത്തരവാദപരവുമായ നിലപാടുകള്‍ വര്‍ഗീസ് വധമുള്‍പ്പെടെയുള്ള ഭരണകൂട ഭീകരതക്കെതിരായ ജനാധിപത്യ പോരാട്ടങ്ങള്‍ക്ക് തടസ്സം സൃഷ്ടിച്ചിരുന്നു. തീവ്രവാദപരവും വിഭാഗീയവുമായ നിലപാടുകള്‍ എങ്ങനെയാണ് ഭരണകൂടത്തിന് തന്നെ സഹായകരമാവുന്നതെന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഈ സംഭവം.

വര്‍ഗീസിന്റെ കൊലപാതകത്തിനുത്തരവാദിയായ ലക്ഷ്മണ ഇപ്പോള്‍ ഗൂഢാലോചനാ സിദ്ധാന്തവുമായി തനിക്കെതിരായി വിധിയെഴുതിയ ജഡ്ജിയെവരെ അധിക്ഷേപിക്കുന്നത് എത്ര വലിയ കുറ്റങ്ങള്‍ ചെയ്താലും തന്നെപ്പോലുള്ളവര്‍ക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യങ്ങളില്‍ രക്ഷപ്പെടാന്‍ കഴിയുമെന്ന അഹന്താപൂര്‍ണമായ നിലപാടില്‍ നിന്നുകൊണ്ടാണ്. അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കണ്ട് കോടതി ജീവപര്യന്തം തടവിന് വിധിച്ച ഒരു കുറ്റവാളിയെ വിട്ടയക്കുന്നതില്‍ ഒരു നീതീകരണവും മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നവര്‍ക്ക് കാണാന്‍ കഴിയില്ല. ഏറ്റുമുട്ടലില്‍ വര്‍ഗീസ് കൊല്ലപ്പെട്ടതാണെന്ന പൊലീസ് രേഖ കെട്ടിച്ചമച്ചതാണെന്നും വര്‍ഗീസിനെ പിടിച്ചുകൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നുമുള്ള സത്യമാണ് 1998-ലെ രാമചന്ദ്രന്‍നായരുടെ വെളിപ്പെടുത്തലിലൂടെ (ഏറ്റുപറച്ചില്‍) വ്യക്തമായത്. വര്‍ഗീസ് കേസിന്റെ വഴിത്തിരിവായിരുന്നു ഈ ഏറ്റുപറച്ചില്‍. 1970 ഫെബ്രുവരി 18നാണ് വയനാട്ടിലെ തിരുനെല്ലി കുമ്പാരകുനിയില്‍ വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത വര്‍ഗീസിനെ വെടിവെച്ചുകൊന്നത്. ലക്ഷ്മണ, വിജയന്‍ തുടങ്ങിയ മേലുദ്യോഗസ്ഥന്മാരുടെ ഭീഷണിക്കും സമ്മര്‍ദത്തിനും വഴങ്ങി താന്‍ വര്‍ഗീസിനെ വെടിവെച്ചു കൊല്ലുകയായിരുന്നുവെന്നതായിരുന്നു രാമചന്ദ്രന്‍നായരുടെ ഏറ്റുപറച്ചില്‍.

ഇതേതുടര്‍ന്ന് ഈ കേസിന്റെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് 4 പെറ്റീഷനുകള്‍ ഹൈക്കോടതിയുടെ പരിഗണനക്ക്വന്നു. വര്‍ഗീസിന്റെ സഹോദരന്‍ എ തോമസ്, കൊച്ചിയിലെ നിയമവേദി, വര്‍ഗീസിന്റെ സന്തതസഹചാരിയായിരുന്ന ചോമന്‍ മൂപ്പന്‍, സിപിഐ(എംഎല്‍) റെഡ് ഫ്ളാഗ് സംസ്ഥാനകമ്മിറ്റി, എം ദിവാകരന്‍ തുടങ്ങിയവരായിരുന്നു ഹരജി നല്‍കിയത്. ഈ കേസില്‍ 1999 ജനുവരി 11ന് കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ കക്ഷി ചേര്‍ന്നു. 1999 ജനുവരി 27ന് ജസ്റ്റിസ് സി എസ് രാജന്റെ ബെഞ്ച് കേസ് സിബിഐക്ക് വിടാനുള്ള വിധി പ്രസ്താവിച്ചു. ലക്ഷ്മണ കുറ്റപ്പെടുത്തുന്നത് പോലെ തെളിവുകളില്ലാതെ സാമൂഹ്യസമ്മര്‍ദത്തിന്റെ ഫലമായി സിബിഐ കോടതി ശിക്ഷ വിധിക്കുകയായിരുന്നില്ല. സിബിഐ കോടതിയില്‍ ഹാജരാക്കിയ 45 രേഖകളും കേസിലെ 72 സാക്ഷികളില്‍ 31 പേരെയും പരിശോധിക്കുകയും വിസ്തരിക്കുകയും ചെയ്തു. വളരെ സംഭവബഹുലമായിരുന്നു കേസിന്റെ വിചാരണകാലം. 2002 ഡിസംബര്‍ 11നാണ് സിബിഐ കുറ്റപത്രം സമര്‍പ്പിക്കുന്നത്. ഇതിനിടയില്‍ കേസ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മൂന്നാംപ്രതി പി വിജയന്‍ സുപ്രീംകോടതിയെ സമീപിച്ചു. അദ്ദേഹത്തിന്റെ ഹരജി സുപ്രീംകോടതി തള്ളുകയാണുണ്ടായത്.

2010 ഏപ്രില്‍ 7ന് സിബിഐ സ്പെഷല്‍ കോടതി മുമ്പാകെ കേസിന്റെ വിചാരണ ആരംഭിച്ചു. രണ്ടാം പ്രതി മുന്‍ ഐജി ലക്ഷ്മണ, മൂന്നാംപ്രതി മുന്‍ ഡിജിപി പി വിജയന്‍ എന്നിവരാണ് വിചാരണ നേരിട്ട പ്രതികള്‍. വര്‍ഗീസിനെ കൈകള്‍ പിന്നില്‍കെട്ടി കൊണ്ടുപോകുന്നത് കാണുകയും പിറ്റേ ദിവസം മൃതശരീരം തിരിച്ചറിയുകയും ചെയ്ത തിരുനെല്ലിയിലെ പ്രഭാകരവാര്യര്‍, വര്‍ഗീസിന്റെ മൃതശരീരം പൊതിഞ്ഞ് വാനില്‍ കയറ്റിയ ആദിവാസിയായ കരിമ്പന്‍, കൈ കെട്ടി കൊണ്ടുപോകുന്നത് കാണുകയും മൃതശരീരം തിരിച്ചറിയുകയുംചെയ്ത ജോഗി തുടങ്ങിയവരെ കോടതി വിസ്തരിച്ചു. വര്‍ഗീസിന്റെ സഹോദരന്‍ എ തോമസ്, വര്‍ഗീസിനെ വെടിവെയ്ക്കുവാന്‍ രാമചന്ദ്രന്‍നായരെ ലക്ഷ്മണ നിര്‍ബന്ധിച്ചത് കാണുകയും വെടിവെപ്പിന് സാക്ഷിയാവുകയും ചെയ്ത സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ മുഹമ്മദ് ഹനീഫ തുടങ്ങിയവരെയെല്ലാം കോടതി വിസ്തരിച്ചു. ഇപ്പോള്‍ ലക്ഷ്മണ പറയുന്നത് മുഹമ്മദ് ഹനീഫയുടെ മൊഴി തെളിവായെടുത്തത് ശരിയായില്ലെന്നാണ്. വര്‍ഗീസിനെ പച്ചക്ക് പിടിച്ചുകൊണ്ടുപോകുമ്പോള്‍ കോടതിയില്‍ ഹാജരാക്കുമെന്നാണ് താന്‍ കരുതിയതെന്നും കണ്ണും കൈയും കെട്ടി പാറയില്‍ ചാരിനിര്‍ത്തി വെടിവെച്ചുകൊല്ലുന്നത് ചിന്തിക്കുവാന്‍ പോലും കഴിയുമായിരുന്നില്ലെന്നാണ് ഹനീഫ പറഞ്ഞത്. ലക്ഷ്മണയും വിജയനും ദൂരെ മാറിനിന്ന് ഇതിനെല്ലാം നേതൃത്വം കൊടുക്കുകയായിരുന്നു. ലക്ഷ്മണയുടെ ആജ്ഞയനുസരിച്ചാണ് രാമചന്ദ്രന്‍നായര്‍ വെടിവെച്ചതെന്നാണ് ഹനീഫയുടെ മൊഴി. കൊന്നശേഷം നാടന്‍തോക്ക് കൊണ്ടുവന്ന് വര്‍ഗീസിന്റെ കൈയില്‍ പിടിപ്പിക്കുകയായിരുന്നു. താന്‍ നിര്‍ദേശിച്ച് നടത്തിയ കൊലപാതകത്തിന് ഉത്തരവാദി രാമചന്ദ്രന്‍ നായരും ഹനീഫയുമാണെന്ന് പറഞ്ഞ് ഇപ്പോള്‍ പുതിയ ഗൂഢാലോചനക്കഥയുണ്ടാക്കുകയാണ്. സിആര്‍പിഎഫുകാര്‍ നടത്തിയ വെടിവെപ്പിന് എനിക്ക് ഉത്തരവ് നല്‍കാന്‍ പറ്റില്ലെന്നാണ് ഈ നരാധമന്‍ മനസ്സാക്ഷിക്കുത്തില്ലാതെ തട്ടിവിടുന്നത്. എല്ലാവിധ നിയമങ്ങള്‍ക്കും വിരുദ്ധമായി നടത്തിയ നിഷ്ഠുരമായ കൊലപാതകം നക്സല്‍വേട്ടയുടെ മറവില്‍ അരങ്ങേറിയ ഭരണകൂട ഭീകരതയുടെ ഫലമായിരുന്നു.

രാമചന്ദ്രന്‍നായരുടെ ഏറ്റുപറച്ചില്‍ പൊങ്ങച്ചക്കാരന്റെ പുലമ്പലാണെന്നും കേസിലെ സാഷികള്‍ സിബിഐക്ക് നല്‍കിയ മൊഴികളും കോടതിയില്‍ നല്‍കിയ മൊഴികളും തമ്മില്‍ വ്യത്യാസമുണ്ടെന്നാണല്ലോ ലക്ഷ്മണക്ക് വേണ്ടി ഹാജരായ പ്രഗത്ഭരായ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുവാന്‍ ബാധ്യസ്ഥരായ ഭരണകൂടത്തിലെ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ നീചകൃത്യത്തിന് പരമാവധി ശിക്ഷ നല്‍കണമെന്നാണ് സിബിഐ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ വൈക്കം ആര്‍ പുരുഷോത്തമന്‍ നായര്‍ വാദിച്ചത്. വധശിക്ഷ ലഭിക്കാവുന്ന പൊങ്ങച്ചം ആരും നടത്താറില്ലെന്നും രാമചന്ദ്രന്‍നായരുടെ കുറ്റമൊഴി പരിഗണിക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. കാട്ടിനകത്ത് പൊലീസല്ലാതെ സ്വതന്ത്ര സാക്ഷികളുണ്ടാവുക എളുപ്പമല്ലെന്നും എല്ലാ സാക്ഷികളെയും വിസ്തരിക്കേണ്ടതില്ലെന്നും സാങ്കേതിക തെളിവുകളേക്കാള്‍ സാഹചര്യ തെളിവുകളെയും സാക്ഷിമൊഴികളെയുമാണ് കണക്കിലെടുക്കേണ്ടതെന്നും സുപ്രീംകോടതി വിധികളനുസരിച്ച് പ്രോസിക്യൂഷനും വാദിച്ചു. വെടിവെക്കുന്നതിന് ദൃക്സാക്ഷിയായ ഹനീഫയും വര്‍ഗീസിനെ കസ്റ്റഡിയിലെടുക്കുന്നത് കാണുകയും മൃതശരീരം തിരിച്ചറിയുകയും ചെയ്ത ആദിവാസികളും ഈ കുറ്റകൃത്യത്തിനുള്ള ആധികാരികതക്ക് അസന്ദിഗ്ധമായ തെളിവുകളാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

മേലുദ്യോഗസ്ഥരുടെ ഭീഷണിയെ തുടര്‍ന്ന് കുറ്റകൃത്യം ചെയ്ത രാമചന്ദ്രന്‍നായര്‍ അനുഭവിച്ച മാനസിക വ്യഥയാണ് അവസാന ഘട്ടത്തിലെങ്കിലും സത്യം തുറന്നുപറയാന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചത്. കുറ്റബോധം സൃഷ്ടിച്ച അഗാധമായ പ്രയാസങ്ങളില്‍നിന്നുള്ള വിമുക്തിയായിരുന്നു രാമചന്ദ്രന്‍ നായരുടെ ഏറ്റുപറച്ചില്‍. സുപ്രീംകോടതിയുടെ ശ്രദ്ധേയമായ ആ വിധിപ്രസ്താവം ഓര്‍മിപ്പിച്ചുകൊണ്ടാണ് സിബിഐ കോടതി ജഡ്ജി ലക്ഷ്മണക്ക് ശിക്ഷ വിധിക്കുന്നത്. ""പൊലീസ് അതിക്രമങ്ങളും കസ്റ്റഡിയിലുള്ള പ്രതികളെ കൊലപ്പെടുത്തുന്നതും മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. ഇവ ഉന്മൂലനം ചെയ്യുവാന്‍ സര്‍ക്കാര്‍ നടപടികളെടുത്തില്ലെങ്കില്‍ നിയമവാഴ്ച വെറും പ്രഹസനമാവുകയും ജനങ്ങള്‍ക്ക് സര്‍ക്കാറിലും ജനാധിപത്യത്തിലുമുള്ള വിശ്വാസം തകരുകയും ചെയ്യും"" എന്നും ""പൊലീസിന്റെ ക്രൂരവും മൃഗീയവുമായ പ്രവൃത്തികള്‍ ജനങ്ങളുടെ മനസ്സില്‍ ആഴത്തിലുള്ള മുറിപ്പാടുകള്‍ സൃഷ്ടിക്കുന്നുവെന്നും"" കോടതി നിരീക്ഷിച്ചു. നീതിന്യായവ്യവസ്ഥയെ നോക്കുകുത്തിയാക്കിക്കൊണ്ടാണ് ഭരണകൂട ഭീകരത എല്ലാ കാലത്തും ആവര്‍ത്തിക്കുന്നതെന്നും അതിന് കടിഞ്ഞാണിടാന്‍ ജനാധിപത്യ വ്യവസ്ഥയ്ക്ക് ഉത്തരവാദിത്തമുണ്ടെന്നുമെന്നാണ് വര്‍ഗീസ് കേസിന്റെ വിധിപ്രസ്താവം അടിവരയിട്ടത്. ഇപ്പോള്‍ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കാതെ പുറത്തിറങ്ങിയ ലക്ഷ്മണ നീതിന്യായവ്യവസ്ഥയെ അധിക്ഷേപിക്കുകയാണ്. തന്റെ സഹജമായ ക്രിമിനല്‍ മനോഭാവം നിയമത്തിന് അതീതനാണെന്ന അഹന്താപരമായ നിലപാട് പുറത്തെടുക്കുകയാണ്.

ലക്ഷ്മണയുടെ പൂര്‍വചരിത്രം ഒരുപക്ഷേ ഇന്നത്തെ തലമുറക്ക് കേട്ടറിവ് മാത്രമാണ്. കേരളത്തിലെ ഭരണകൂട ഭീകരതയുടെ ചരിത്രത്തോട് ചേര്‍ന്നുനില്‍ക്കുന്ന കറുത്ത നാമങ്ങളില്‍ ഒന്നാണ് ലക്ഷ്മണയുടേത്. 1969ല്‍ ആദ്യത്തെ ആന്റി നക്സല്‍ സ്ക്വാഡ് രൂപീകരിക്കുമ്പോള്‍ അതിലംഗമായിരുന്നു ലക്ഷ്മണ. ജയറാം പടിക്കലിന്റെ നേതൃത്വത്തില്‍ മധുസൂദനന്‍, മുരളി കൃഷ്ണദാസ്, ലക്ഷ്മണ തുടങ്ങിയവര്‍ നേതൃത്വം കൊടുത്ത ആ സംഘം മൂന്നാംമുറ പ്രയോഗങ്ങളുടെയും ലോക്കപ്പ് പീഡനങ്ങളുടെയും ആവിഷ്കര്‍ത്താക്കളായിരുന്നു. കോണ്‍ഗ്രസ് നേതൃത്വം കൊടുത്ത ഐക്യമുന്നണി സര്‍ക്കാറിന്റെ സംരക്ഷണയിലാണ് ഈ ക്രിമിനല്‍സംഘം കേരളമാകെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ സ്ഥാപിച്ചത്. അറസ്റ്റ് ചെയ്യാന്‍ തെളിവുകള്‍ വേണ്ട, ആരെയും അറസ്റ്റ് ചെയ്യാം, കോടതിയില്‍ ഹാജരാക്കേണ്ട, ആരോടും മറുപടി പറയേണ്ട എന്ന രീതിയില്‍ നിയമവാഴ്ചക്ക് അതീതമായി പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സാണ് ഈ സ്ക്വാഡിന് നല്‍കിയത്.

തിരുവനന്തപുരം പേട്ടക്കടുത്ത് ഇവര്‍ സ്ഥാപിച്ച കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് കക്കയം ഉള്‍പ്പെടെയുള്ള അടിയന്തരാവസ്ഥയിലെ പീഡനകേന്ദ്രങ്ങളുടെ പരീക്ഷണകേന്ദ്രമായിരുന്നു. ലോക്കല്‍ പൊലീസിലെ ഏറ്റവും ഭീകരരായ മര്‍ദകവീരന്മാരെ തെരഞ്ഞുപിടിച്ച് കേമ്പിലെത്തിച്ച് പരിശീലനം നല്‍കുകയായിരുന്നു. ഉരുട്ടലടക്കമുള്ള മര്‍ദനമുറകള്‍ പഠിപ്പിക്കുകയായിരുന്നു. പേട്ടയിലെ ക്യാമ്പില്‍ മര്‍ദനമേറ്റ് മൃതപ്രായരായ നിരപരാധികളുടെ വൃഷണം പിടിച്ചുഞെരിച്ച് അവര്‍ വേദനകൊണ്ടു പുളയുമ്പോള്‍ ഭ്രാന്തമായ അട്ടഹാസത്തോടെ ആഹ്ലാദിക്കുക ലക്ഷ്മണയുടെ പതിവ് വിനോദമായിരുന്നത്രേ. ഇത്തരം ഉന്നത പൊലീസുദ്യോഗസ്ഥര്‍ക്ക് ഓരോ ട്രേഡ്മാര്‍ക്ക് മര്‍ദനമുറയുമുണ്ടായിരുന്നുവെന്ന് അവരുടെ മൃഗീയതകള്‍ക്ക് ഇരകളാക്കപ്പെട്ട പലരും പറഞ്ഞിട്ടുണ്ട്.

അടിയന്തിരാവസ്ഥക്ക് ശേഷം രാജന്‍കേസില്‍ വിചാരണ നേരിട്ടപ്പോള്‍ ജയറാം പടിക്കലും ലക്ഷ്മണയുമെല്ലാം ഞങ്ങള്‍ മക്കളെപ്പോലും തല്ലാത്തവരാണെന്ന് വിലപിച്ചിരുന്നു. മലയാളിയുടെ ഓര്‍മകളില്‍ ഭീതി പടര്‍ത്തിയ അടിയന്തരാവസ്ഥ ഉള്‍പ്പെടെയുള്ള കരാളദിനങ്ങളില്‍ ലോക്കപ്പ് മുറികളില്‍ മനുഷ്യരെ പച്ചയായി പിച്ചിച്ചീന്തിയവരാണിവര്‍. കക്കയം കേസിന്റെ നേരിട്ടുള്ള ഉത്തരവാദിത്തം ലക്ഷ്മണക്കായിരുന്നു. ഇവരുടെ സ്കോട്ട്ലണ്ട് യാര്‍ഡ് ശാസ്ത്രീയ മുറകള്‍ പൈശാചികമായ മര്‍ദനമുറകളല്ലാതെ മറ്റൊന്നുമായിരുന്നില്ല. കലാകൗമുദിയിലും മലയാളം വാരികയിലും 1997ല്‍ ജയറാംപടിക്കല്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ഇവരുടെ മനസ്സിലിരിപ്പ് വ്യക്തമാക്കിത്തരുന്നതാണ്.

അടിയന്തരാവസ്ഥ ഒരു 10 വര്‍ഷം നീണ്ടുകിട്ടിയിരുന്നെങ്കില്‍ കേരളത്തില്‍നിന്ന് കമ്യൂണിസ്റ്റുകാരെ വേരൊടെ പറിച്ചുകളയുമായിരുന്നുവെന്നാണ് പടിക്കല്‍ ധിക്കാരപൂര്‍വം പറഞ്ഞത്. കമ്യൂണിസത്തില്‍നിന്ന് കേരളത്തെ രക്ഷിക്കാന്‍ അവസരം പാര്‍ത്തിരിക്കുന്ന വലതുപക്ഷശക്തികളുടെ എക്കാലത്തെയും മാനസപുത്രന്മാരാണ് ഈ പൊലീസ് മേധാവികള്‍. കോടതി ശിക്ഷിച്ച ലക്ഷ്മണയെ നിയമത്തിന്റെ പഴുതുകള്‍ ഉപയോഗപ്പെടുത്തി മോചിപ്പിച്ച യുഡിഎഫ് സര്‍ക്കാര്‍ കുറ്റവാളികളും തങ്ങളുടെ ഇംഗിതമനുസരിച്ച് എതിരാളികളായ രാഷ്ട്രീയ പ്രവര്‍ത്തകരെ വേട്ടയാടുന്നവരുമായ പൊലീസ് മേധാവികള്‍ക്ക് ആത്മവിശ്വാസം പകരുകയാണ്. ഏത് നീതിന്യായ സംവിധാനം ശിക്ഷ നല്‍കിയാലും തങ്ങളുടെ ഭരണാധികാരം എവിടെയും എല്ലാകാലത്തും നിങ്ങളുടെ രക്ഷക്ക് ഉണ്ടാവുമെന്ന സന്ദേശം നല്‍കുകയാണ്. നിയമവാഴ്ചക്കും മനുഷ്യാവകാശങ്ങള്‍ക്കും ഭീഷണിയായിത്തീരുന്ന പൊലീസ് മേധാവികളെ എല്ലാകാലത്തും ഞങ്ങള്‍ സംരക്ഷിച്ചുകൊള്ളുമെന്ന സന്ദേശം. കോടതി ശിക്ഷിച്ചാലും നിയമത്തിന്റെ പഴുതുകളുപയോഗിച്ച് രക്ഷപ്പെടുത്തുമെന്ന സന്ദേശമാണ് നല്‍കുന്നത്.

*
കെ ടി കുഞ്ഞിക്കണ്ണന്‍ ദേശാഭിമാനി വാരിക

അന്നവര്‍ നക്സല്‍ വേട്ടക്ക് കൂട്ടുനിന്നു

ആദ്യം ദുരന്തമായും പിന്നെ പ്രഹസനമായും..