Saturday, July 13, 2013

പൗരാവകാശത്തിന്റെ നിഷേധം

ഒരു ഇന്ത്യന്‍ പൗരന്‍ എന്തെങ്കിലും ഒരു കേസില്‍ പ്രതിയായി പൊലീസ് കസ്റ്റഡിയിലോ ജയിലിലോ അകപ്പെട്ടാല്‍ അയാള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്ക് കല്‍പ്പിക്കുന്ന സുപ്രീംകോടതി വിധി പൗരാവകാശത്തിന്റെ നഗ്നമായ ലംഘനമാണെന്ന് പറയേണ്ടിവന്നതില്‍ ഖേദമുണ്ട്. പൊലീസ് കസ്റ്റഡിയിലോ ജയിലിലോ ആയിരിക്കുമ്പോള്‍ വോട്ടുചെയ്യാന്‍ അവകാശമില്ലെന്നും അതിനാല്‍ വോട്ടുചെയ്യാന്‍ അവകാശമില്ലാത്തയാള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും അവകാശമില്ലെന്ന വ്യാഖ്യാനത്തിലാണ് സുപ്രീംകോടതി വിധി കല്‍പ്പിച്ചിരിക്കുന്നത്. ജനപ്രതിനിധികള്‍ക്കിടയിലെ കുറ്റകൃത്യം തടയാനുള്ള ഒരു മാര്‍ഗമാണ് ഈ വിധിയെന്നാണ് കോടതി കരുതുന്നത്. രോഗം ശമിപ്പിക്കാന്‍ രോഗിയെത്തന്നെ കൊല്ലുക എന്ന ദൗര്‍ഭാഗ്യകരമായ അവസ്ഥാവിശേഷമായിമാത്രമേ ഇതിനെ കാണാന്‍കഴിയൂ. പരമോന്നത നീതിപീഠത്തിന്റെ ഉദ്ദേശ്യശുദ്ധിയെ ഞങ്ങള്‍ ചോദ്യംചെയ്യുന്നില്ല. വര്‍ധിച്ചുവരുന്ന കുറ്റകൃത്യം തടയേണ്ടതാണെന്ന കാര്യത്തിലും രണ്ടഭിപ്രായമില്ല. എന്നാല്‍, രോഗകാരണം പരിശോധിച്ചറിയാതെയുള്ള ചികിത്സ ഗുണത്തേക്കാള്‍ ദോഷമാണ് ചെയ്യുക. പൊലീസ് കസ്റ്റഡിയിലോ ജയിലിലോ കഴിയുന്ന ആള്‍ക്ക് വോട്ടവകാശം വിനിയോഗിക്കാന്‍ സൗകര്യമില്ലെന്നത് ശരിതന്നെ. എന്നാല്‍, അത്തരക്കാരുടെ പേര് സമ്മതിദാനപ്പട്ടികയില്‍നിന്ന് നീക്കംചെയ്യാറില്ല. കസ്റ്റഡിയില്‍നിന്നോ ജയിലില്‍നിന്നോ പുറത്തുവന്നാല്‍ അയാള്‍ക്ക് വോട്ടവകാശം വിനിയോഗിക്കാം. കുറ്റംചെയ്തതായി തെളിഞ്ഞ ഒരാളെ അല്ല പൊലീസ് കസ്റ്റഡിയിലോ തടവറയിലോ വയ്ക്കുന്നത്. കുറ്റകൃത്യം തെളിയിക്കപ്പെടുന്നതുവരെ അയാളെ നിരപരാധിയായി കാണണമെന്നാണ് നിയമം അനുശാസിക്കുന്നത്. കീഴ്ക്കോടതി ശിക്ഷിച്ചാല്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ അവകാശമുണ്ട്. സുപ്രീംകോടതിവരെ അപ്പീല്‍ സമര്‍പ്പിക്കാം. ചില സംഭവങ്ങളില്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിക്കാനും അവകാശമുണ്ട്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു സ്ഥാനാര്‍ഥിക്ക് ഇങ്ങനെ അവസരം നിഷേധിക്കുന്നത് ജനാധിപത്യവ്യവസ്ഥയുടെതന്നെ തകര്‍ച്ചയ്ക്ക് ഇടവരുത്തുകയില്ലേ എന്ന സംശയം നിലനില്‍ക്കുന്നു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വസ്തുനിഷ്ഠസാഹചര്യം കണക്കിലെടുക്കാതെയുള്ള വിധിയായിമാത്രമേ ഇതിനെ കാണാന്‍കഴിയൂ. ബഹുകക്ഷി ഭരണസമ്പ്രദായം നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. പ്രതിപക്ഷത്തുള്ളവരെ മനപ്പൂര്‍വം കള്ളക്കേസില്‍ പ്രതിചേര്‍ത്ത് ജയിലിലടച്ച സംഭവങ്ങള്‍ വിരളമല്ല. സിബിഐ എന്ന കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സിയെ കൂട്ടിലിട്ട തത്തയാണെന്ന് വിശേഷിപ്പിച്ചത് ഇതേ സുപ്രീംകോടതിയാണല്ലോ. ഭരണകക്ഷിയില്‍പ്പെട്ട കുറ്റവാളികളെ രക്ഷപ്പെടുത്താനും പ്രതിപക്ഷകക്ഷികളില്‍പ്പെട്ടവരെ കീഴ്പെടുത്താനും വരുതിയില്‍ വരുത്താനും ആവശ്യമെന്നു കണ്ടാല്‍ ശിക്ഷിക്കാനും ഈ ഏജന്‍സിയെ ദുരുപയോഗംചെയ്ത അനുഭവം ആര്‍ക്കും അറിയാത്തതല്ല. പല കേസിലും സുപ്രീംകോടതിക്ക് നേരിട്ട് ഇടപെടേണ്ടിവന്നിട്ടുണ്ട്; കേന്ദ്ര സര്‍ക്കാരിനെ നിശിതമായി വിമര്‍ശിക്കേണ്ടി വന്നിട്ടുണ്ട്; ചിലപ്പോള്‍ കുറ്റപ്പെടുത്തേണ്ടിയും. ഈ സാഹചര്യത്തില്‍, തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പ്രതിപക്ഷകക്ഷികളില്‍നിന്ന് മത്സരിക്കാന്‍ സാധ്യതയുള്ള വ്യക്തികളെ കള്ളക്കേസില്‍ പ്രതിചേര്‍ത്ത് തടങ്കലില്‍ വയ്ക്കാനും പൊലീസ് കസ്റ്റഡിയില്‍ വയ്ക്കാനും ഭരണകക്ഷിക്ക് വിഷമമില്ല. നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്തി കുറ്റവിമുക്തനായി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവസരം നഷ്ടപ്പെടുത്തുന്നത് നീതിനിഷേധമാണ്.

ഭരണഘടന ഒരു പൗരന് നല്‍കുന്ന പൗരാവകാശം അന്യൂനമായി സംരക്ഷിക്കാന്‍ ബാധ്യതയുള്ള സുപ്രീംകോടതി അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുംവിധം അത് നിഷേധിക്കുന്നത് ന്യായീകരിക്കാന്‍ കഴിയുന്നതാണോ? അടുത്തകാലത്ത് കേരളത്തിലുണ്ടായ അനുഭവങ്ങള്‍ ഇതോടനുബന്ധിച്ച് ഓര്‍ക്കുന്നത് നന്നായിരിക്കും. ചന്ദ്രശേഖരന്‍, ഫൈസല്‍, ഷുക്കൂര്‍ വധക്കേസുകളില്‍ സിപിഐ എം നേതാക്കളെ പ്രതിചേര്‍ത്ത് ജയിലിലടയ്ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ടത് പരസ്യമാണ്. ഇതുമായി ബന്ധപ്പെട്ട് സിപിഐ എം നേതാക്കളും പ്രവര്‍ത്തകരും ഇപ്പോഴും ജയിലില്‍ കഴിയുകയാണ്. നിരപരാധിത്വം തെളിയിക്കുന്നതുവരെ അവര്‍ക്ക് തടവറയില്‍ കഴിയേണ്ടിവരും. കേരള നിയമസഭയില്‍ ആഭ്യന്തരമന്ത്രി കഴിഞ്ഞദിവസം വെളിപ്പെടുത്തിയ ചില വിവരങ്ങള്‍ ഞെട്ടലുളവാക്കുന്നതാണ്. സിപിഐ എം നേതാക്കളെ കൊലപാതകക്കേസില്‍ പ്രതിചേര്‍ത്ത് ജയിലിലടയ്ക്കാന്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രി നേരിട്ട് ഇടപെട്ടുവെന്നാണ് അദ്ദേഹം നിയമസഭയില്‍ വെളിപ്പെടുത്തിയത്. ജയിലിലടയ്ക്കേണ്ടതായ സിപിഐ എം നേതാക്കളുടെ പട്ടികതന്നെ നല്‍കിയെന്ന് പറയുന്നു. അവരിലാരെയൊക്കെ പ്രതിചേര്‍ത്തു, ആരെയൊക്കെ ചേര്‍ത്തില്ല എന്നൊന്നും ആഭ്യന്തരമന്ത്രി വിശദീകരിച്ചതായി കണ്ടില്ല. ബാഹ്യ ഇടപെടല്‍മൂലം പലരെയും ജയിലിലടച്ചുവെന്ന അനിഷേധ്യമായ വസ്തുതയാണ് ആഭ്യന്തരമന്ത്രിയുടെ വെളിപ്പെടുത്തലിലൂടെ മറനീക്കി പുറത്തുവന്നത്.

കേസ് അന്വേഷിക്കാന്‍ നിയോഗിച്ച പൊലീസ് അധികാരികള്‍ അവരുടെ സ്വന്തം ബുദ്ധിയും പരിചയസമ്പത്തും ഉപയോഗിച്ച് നിഷ്പക്ഷമായി അന്വേഷണം നടത്താന്‍, ഉത്തരവാദപ്പെട്ട മന്ത്രിമാരും നേതാക്കളും അനുവദിച്ചില്ലെന്നതാണ് വസ്തുത. അന്വേഷണത്തിന് നിയോഗിച്ച പൊലീസ് മേധാവി കൊലപാതകത്തില്‍ രാഷ്ട്രീയമില്ലെന്ന് പ്രസ്താവിച്ചപ്പോള്‍, അത് നിഷേധിച്ച് സ്വന്തം അഭിപ്രായം അടിച്ചേല്‍പ്പിക്കാന്‍ ആഭ്യന്തരമന്ത്രി രംഗത്തുവന്നു. ഇതൊക്കെ വിരല്‍ചൂണ്ടുന്നത് പ്രതിപക്ഷകക്ഷിയില്‍പ്പെട്ട നേതാക്കളെ അന്യായമായി ജയിലിലടയ്ക്കാന്‍ ഭരണകക്ഷി വൈരനിര്യാതന ബുദ്ധിയോടെ ഇടപെടുമെന്നുതന്നെയാണ്. ഇത്തരം വസ്തുതകള്‍ കണക്കിലെടുക്കാതെയാണ് സുപ്രീംകോടതി ഇപ്പോള്‍ വിധി പ്രസ്താവിച്ചത് എന്നത് ഖേദകരമാണ്. അത് പുനഃപരിശോധിക്കാന്‍ തയ്യാറാകുമെന്ന് പ്രതീക്ഷിക്കട്ടെ.

*
ദേശാഭിമാനി മുഖപ്രസംഗം

No comments: