Showing posts with label കമ്യൂണിസം. Show all posts
Showing posts with label കമ്യൂണിസം. Show all posts

Sunday, November 4, 2012

കുഞ്ഞിപ്പെണ്ണേ" നിന്നെക്കാണാന്‍

  • മലയാളിയുടെ ശ്രവ്യബോധത്തില്‍ വെള്ളിടിവീഴ്ത്തിയ നാടന്‍പാട്ടാണ് ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ രചിച്ച "നിന്നെക്കാണാന്‍" അല്ലെങ്കില്‍ "കുഞ്ഞിപ്പെണ്ണ്" എന്ന രചന. വിവാഹക്കമ്പോളത്തില്‍ വില്‍പ്പനച്ചരക്കാകുന്ന മലയാളി ദരിദ്രപെണ്‍കൊടിയുടെ നീറിയുറയുന്ന ജീവിത ചിത്രീകരണമാണ് കുഞ്ഞിപ്പെണ്ണ്. നവോത്ഥാനപ്രസ്ഥാനവും കമ്യൂണിസ്റ്റ് പ്രസ്ഥാനവും കെട്ടിപ്പടുത്ത കേരളത്തില്‍ സ്ത്രീധന സമ്പ്രദായവും ആര്‍ഭാട വിവാഹാഘോഷവും തുടരുന്നത് പുനര്‍വിചിന്തനം ചെയ്യപ്പെടേണ്ടതാണ്. സ്ത്രീതന്നെ ധനമായിരിക്കെ വിവാഹക്കമ്പോളത്തില്‍ സ്വര്‍ണവും പണവും ആധിപത്യം പുലര്‍ത്തുന്നതിന്റെ നൃശംസത തിരിച്ചറിയപ്പെടേണ്ടതാണ്.

    "നിന്നെക്കാണാന്‍ എന്നേക്കാളും
    ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ-
    എന്നിട്ടെന്തേ നിന്നെക്കാണാന്‍
    ഇന്നുവരെ വന്നില്ലാരും!

    എന്ന പൊള്ളുന്ന ചോദ്യം ഓരോ മലയാളി പൗരനോടുമുള്ള അവന്റെ മനഃസാക്ഷിയോടുള്ള വെല്ലുവിളിയാണ്. ചന്തമുണ്ടായിട്ടും എന്തേ വിവാഹംചെയ്യാന്‍ ഒരു യുവാവും വരുന്നില്ല എന്ന ചോദ്യം.

    "കാതിലൊരു മിന്നുമില്ല
    കഴുത്തിലാണേല്‍ അലക്കുമില്ല.
    കയ്യിലെന്നാല്‍ വളയുമില്ല,
    കാലിലാണേല്‍ കൊലുസുമില്ല.

    എന്നാലെന്തേ കുഞ്ഞിപ്പെണ്ണേ- നിന്നെ കാണാന്‍ ചന്തം തോന്നും. എന്നിട്ടെന്തേ നിന്നെ കെട്ടാന്‍- ഇന്നുവരെ വന്നിലാരും! കാതില്‍ മിന്നോ, കഴുത്തില്‍ അലുക്കോ, കൈയില്‍ വളയോ, കാലില്‍ കൊലുസോ ഇല്ലെങ്കിലും നിന്നെക്കാണാന്‍ ചന്തമുണ്ടല്ലോ. എന്നിട്ടെന്തേ നിന്നെ കാണാന്‍, കെട്ടാന്‍ ആരും വരാത്തതെന്തേ എന്ന ഹൃദയം പിളര്‍ക്കുന്ന ചോദ്യം ഒരു മിന്നല്‍പ്പിണരായി സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ചുണര്‍ത്തുന്നു. ഇവിടെ ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്ന കവി വര്‍ത്തമാനകാല മനുഷ്യാവസ്ഥയെ തന്റെ രചനയിലൂടെ സ്ത്രീപക്ഷത്ത് നിലകൊള്ളുന്നുണ്ട്.

    "തങ്കംപോലെ മനസ്സുണ്ടല്ലോ
    തളിരുപോലെ മിനുപ്പുണ്ടല്ലോ.
    എന്നിട്ടെന്തേ കുഞ്ഞിപ്പെണ്ണേ-
    നിന്നെ കെട്ടാന്‍ വന്നില്ലല്ലോ!

    തങ്കംപോലെ മനസ്സുണ്ടായിട്ടും തളിരുപോലെ മിനുപ്പുണ്ടായിട്ടും നിന്നെ കെട്ടാന്‍ ആരും വന്നില്ലല്ലോ എന്ന ആശങ്ക പങ്കുവയ്ക്കുന്നുണ്ട് കവി.

    "എന്നെ കാണാന്‍ വന്നോരുക്ക്
    പൊന്നുവേണം പണവും വേണം
    പുരയാണെങ്കില്‍ മേഞ്ഞതല്ല.
    പുരയിടവും ബോധിച്ചില്ല!

    എന്നെ കാണാന്‍ വരുന്നോര്‍ക്ക് പൊന്നും പണവും വേണം. അല്ലാതെ പെണ്ണിനെ അല്ല ആവശ്യമെന്ന് യുവതിയുടെ ആത്മഗതത്തിലൂടെ കവി അടിവരയിടുന്നു. ഈ നാടോടിപ്പാട്ട് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.

     "ആണൊരുത്തന്‍ ആശ തോന്നി-
     എന്നെ കാണാന്‍ വരുമൊരിക്കല്‍
    ഇല്ലേലെന്തേ നല്ലപെണ്ണേ-
    അരിവാളുണ്ട് ഏന്‍ കഴിയും!

    തന്നെ വേള്‍ക്കാന്‍ ആണൊരുത്തന്‍ വന്നില്ലേലും ഏന് അരിവാളുണ്ട്. ഏന്‍ അതുകൊണ്ട് കഴിയും എന്ന ധീരോദാത്തമായ പ്രഖ്യാപനം ഒരു കീഴാളപക്ഷ, സ്ത്രീപക്ഷ രചനയിലൂടെ എല്ലുറപ്പുള്ള കാവ്യഭാഷയും പോരാട്ടവീറും പങ്കുവയ്ക്കുന്നു ഈ രചനയിലൂടെ.


    ****

    എം സി പോള്‍, കടപ്പാട് :ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ് 

സമര്‍ദാ

1930ഒക്ടോബര്‍. ഗാന്ധിജി ആഹ്വാനം ചെയ്ത നിസ്സഹകരണ പ്രസ്ഥാനത്തില്‍ പങ്കെടുത്തതിന് സമരേന്ദ്രലാല്‍ എന്ന സ്കൂള്‍ വിദ്യാര്‍ഥിയെയും മച്ചുനന്‍ ബരിന്‍ മുഖര്‍ജിയെയും ബ്രിട്ടീഷ് പൊലീസ് പിടികൂടി കൊല്‍ക്കത്ത പ്രസിഡന്‍സി ജയിലില്‍ അടച്ചു. ഹൗറ ജില്ലയിലെ പിതാംബര്‍ സ്കൂള്‍ വിദ്യാര്‍ഥികളായ ഇവരെ ക്ലാസ് ബഹിഷ്കരിച്ച് സമരത്തില്‍ പങ്കെടുത്തതിനായിരുന്നു അറസ്റ്റുചെയ്തത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രാഷ്ട്രീയ തടവുകാരോടൊപ്പം 17 തികയാത്ത സമരേന്ദ്രലാലും ബരിനും ഒരു വര്‍ഷത്തെ തടവ്. ജയിലില്‍ സമരേന്ദ്രയുടെ ആദ്യനാളുകള്‍. മൂന്നാം ഡിവിഷന്‍ തടവുകാരെ ദ്രോഹിക്കാന്‍ നിയോഗിക്കപ്പെട്ട ക്രൂരനായ ഹവില്‍ദാര്‍ ഫത്തേ ബഹാദൂര്‍സിങ്ങിന്റെ നോട്ടപ്പുള്ളികളായി ഈ കൗമാരക്കാര്‍. ഇയാള്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ വരുമ്പോള്‍ തടവുകാര്‍ "സലാം സര്‍ക്കാര്‍" എന്ന് ഭവ്യതയോടെ പറയണമെന്നാണ് ചട്ടം.

രാഷ്ട്രീയ തടവുകാര്‍ ഈ നിയമം പാലിക്കേണ്ടതില്ലെന്ന് സമരേന്ദ്രയും ബരിനും ശഠിച്ചു. മറ്റു തടവുകാര്‍ക്കും വാശിയായി. ജയില്‍ ചട്ടങ്ങള്‍ ലംഘിക്കാന്‍ ഔത്സുക്യം കാട്ടിയ ഒരു രാഷ്ട്രീയ തടവുകാരന്‍ അതിനിടെ ഫത്തേ ബഹാദൂര്‍സിങ്ങിനെ തല്ലിവീഴ്ത്തി താടിയും മുടിയും വെട്ടി. എന്നാല്‍, മറ്റൊരു വട്ടം മര്‍ദനത്തിന് അതിടയാക്കി. പക്ഷേ, "സലാം സര്‍ക്കാര്‍" എന്ന് റാന്‍ മൂളാന്‍ പിന്നീട് ഒരു തടവുകാരനെയും ആരും നിര്‍ബന്ധിച്ചിട്ടില്ല. കൊല്‍ക്കത്തയില്‍ ദില്‍ക്കുഷ സ്ട്രീറ്റിലെ ഒമ്പതാം നമ്പര്‍ വീട്ടില്‍ പരസഹായത്തോടെ മാത്രം നടക്കാനാകുന്ന ഈ മനുഷ്യനാണ് അന്നത്തെ സമരേന്ദ്രലാല്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ആ വിദ്യാര്‍ഥി നൂറാം വയസിലേക്ക് കടക്കുന്നു. പേര് പഴയ സമരേന്ദ്രലാല്‍ എന്നല്ല. കോണ്‍ഗ്രസ് കുപ്പായം എന്നേ ഉപേക്ഷിച്ചു. വെളുത്ത സായിപ്പിനു പകരം കറുത്ത സായിപ്പ് ഇന്ത്യ ഭരിച്ചപ്പോള്‍ സമരം തുടര്‍ന്നു, സമരേന്ദ്രലാല്‍. കമ്യൂണിസ്റ്റുകാരനായി. കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഏറ്റവും പരമോന്നതസമതിയിലെത്തി. ഇന്ത്യയിലെ എല്ലാ കമ്യൂണിസ്റ്റുകാരും ഒരു കാരണവരെപ്പോലെ ആദരിക്കുന്ന സമര്‍ മുഖര്‍ജിയായി. ബ്രിട്ടീഷ് കമ്പനി ജീവനക്കാരനായ സചിന്ദ്രലാല്‍ മുഖര്‍ജിയുടെയും ഗൊലാബ് സുന്ദരിദേവിയുടെയും മകനായി 1913 നവംബര്‍ ഏഴിനു ജനിച്ച സമരേന്ദ്രലാല്‍ എന്ന അവിവാഹിതന്റെ എട്ടരപ്പതിറ്റാണ്ടു നീളുന്ന സമരജീവിതം പോരാളികള്‍ക്കൊരു പാഠപുസ്തകമാണ്.

ജയിലനുഭവങ്ങള്‍ സമരേന്ദ്രലാലിലെ വിപ്ലവകാരിയെ പാകപ്പെടുത്തി എടുക്കുകയായിരുന്നു. 1931ലെ ഗാന്ധി-ഇര്‍വിന്‍ സന്ധി പ്രകാരം സമരേന്ദ്രയും കൂട്ടരും മോചിതരായെങ്കിലും സ്കൂളില്‍ പ്രവേശനം കിട്ടിയില്ല. കൊല്‍ക്കത്ത ബൗ ബസാര്‍ സ്കൂളിലായി പിന്നെ പത്താംക്ലാസ് പഠനം. ജന്മനാടായ ആംതയിലെ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയായി പ്രവര്‍ത്തിക്കവെയാണ് മെട്രിക്കുലേഷന്‍ പാസായത്. പിന്നീട് കൊല്‍ക്കത്ത യൂണിവേഴ്സിറ്റിയില്‍ നിന്ന് ഉയര്‍ന്ന മാര്‍ക്കോടെ ബി എ പാസായി. മുപ്പതുകളില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അലയടിച്ച ചുവന്നകാറ്റില്‍ ബംഗാളും ഉലഞ്ഞു. സമര്‍ മുഖര്‍ജിയുടെ ചിന്തയ്ക്കും കാറ്റുപിടിച്ചു. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി തോന്നി തുടങ്ങിയ കാലമായിരുന്നു അത്. സ്വാഭാവികമായും ശ്രദ്ധ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയിലേക്ക് മാറി. തുടര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ടിയിലേക്കും പതുക്കെ ചുവടുവച്ചു. കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകനായിരുന്ന&ീമരൗലേ;ബിനയ്റോയിയുമായുള്ള അടുപ്പമാണ് കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവുമായി അദ്ദേഹത്തെ അടുപ്പിച്ചത്.

1936 മുതല്‍ ഹൗറയിലെ ചണമില്‍ തൊഴിലാളികളെയും ചണം കൃഷിക്കാരെയും സംഘടിപ്പിക്കുന്നതിലായി ശ്രദ്ധ. 1938ല്‍ ഓള്‍ ഇന്ത്യ സ്റ്റുഡന്‍സ് ഫെഡറേഷന്‍ ഹൗറ ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കമ്യൂണിസ്റ്റ് പാര്‍ടിയുമായുള്ള ബന്ധം വളര്‍ന്നു. 1940ല്‍ പാര്‍ടി അംഗത്വം നേടി. ചണമില്‍&ലവേ;തൊഴിലാളികളുടെ സമരത്തിന് നേതൃത്വം നല്‍കിയതിന് അറസ്റ്റുചെയ്ത് 14 മാസം ജയിലിലിട്ടു. 1946ല്‍ കൊല്‍ക്കത്ത നഗരത്തില്‍ നടന്ന ആസൂത്രിതമായ ഹിന്ദു-മുസ്ലിം വര്‍ഗീയലഹളയില്‍ നിന്ന് സാധാരണ മനുഷ്യരെ രക്ഷിക്കാന്‍ സമര്‍ മുഖര്‍ജി നടത്തിയ ധീരോദാത്തമായ പ്രവര്‍ത്തനം ബംഗാളിന്റെ ചരിത്രത്തിന്റെ ഭാഗം. ലഹള ശമിപ്പിക്കാന്‍ ശ്രമിച്ചതിന് ഇരുപക്ഷത്തെയും വര്‍ഗീയവാദികളുടെ ആക്രമണത്തിന് ഇരയായി. 1947ല്‍ രാജ്യം വിഭജിച്ചതിനെ തുടര്‍ന്ന് കിഴക്കന്‍ ബംഗാളില്‍ നിന്നെത്തിയ അഭയാര്‍ഥികളെ സഹായിക്കുന്നതിനുള്ള പ്രവര്‍ത്തനം സംഘടിപ്പിച്ചു. 1948ല്‍ കൊല്‍ക്കത്തയില്‍ നടന്നലേ;രണ്ടാം പാര്‍ടി കോണ്‍ഗ്രസ്&ലവേ;പ്രതിനിധിയായി. കൊല്‍ക്കത്ത തീസിസിനെ തുടര്‍ന്ന് പാര്‍ടി നിരോധിക്കപ്പെട്ടതിനാല്‍ വീണ്ടും അറസ്റ്റ്. മൂന്നു മാസത്തിനുശേഷം വിട്ടയച്ചു. പിന്നീട് ഒളിവില്‍ പ്രവര്‍ത്തിച്ചു. 1957ല്‍&ലവേ;പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗമായി. 1962ലെ ചൈന യുദ്ധകാലത്ത് കമ്യൂണിസ്റ്റുകാരെ വേട്ടയാടിയപ്പോള്‍ വീണ്ടും ഒളിവില്‍.

1964ല്‍;കൊല്‍ക്കത്തയില്‍&ലവേ;നടന്ന ഏഴാം പാര്‍ടി കോണ്‍ഗ്രസിന്റെ ഒരുക്കങ്ങളില്‍ വ്യാപൃതനായിരിക്കെ അറസ്റ്റുചെയ്ത്് മിഡ്നാപുര്‍ ജയിലില്‍ അടച്ചു. പാര്‍ടി കോണ്‍ഗ്രസ് പ്രതിനിധിയായിരുന്നെങ്കിലും പങ്കെടുക്കാനായില്ല. 1964ല്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം. 1966ല്‍&ലവേ;കേന്ദ്ര കമ്മിറ്റിഅംഗമായി. "78ല്‍ പി ബി അംഗമായി. 1992-2002 കാലത്ത് കണ്‍ട്രോള്‍ കമീഷന്‍ ചെയര്‍മാന്‍. ഇപ്പോള്‍ കേന്ദ്ര കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവ്. 1957ല്‍ നിയമസഭാ അംഗമായി. 1971ല്‍ ഹൗറയില്‍ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. "77ലും "80ലും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എ കെ ജിയോടൊപ്പമുള്ള പാര്‍ലമെന്റിലെ അനുഭവങ്ങള്‍ ആവേശത്തോടെയാണ് സമര്‍ദാ ഓര്‍ക്കുന്നത്.


*****

എന്‍ എസ് സജിത്

Friday, November 2, 2012

കേരള ചരിത്രത്തിലൂടെ

കണ്ടോത്തെ കുറുവടിയും കേരളീയന്റെ മരണമൊഴിയും

റഷ്യന്‍ വിപ്ലവത്തിനുംമുമ്പേ മാര്‍ക്സിനെയും പുരോഗമന ആശയങ്ങളെയും കുറിച്ച് വേവലാതി പൂണ്ട നാടാണ് കേരളം. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ ജന്മി പ്രതിനിധി പ്രഭാകര തമ്പാന്‍ നടത്തിയ പ്രതികരണം അതിന് തെളിവ്. കുടിയാന്മാര്‍ക്ക് പ്രതിഫലം നല്‍കുന്നതിനെതിരെ സ്ട്രെച്ച് സായ്പിന് എഴുതിയ കുറിപ്പിലാണ് ആ ഭയപ്രകടനം. പ്രതിഫലം അനുവദിക്കുന്നത് കാള്‍ മാര്‍ക്സിന്റെ കമ്യൂണിസ്റ്റ് തത്വപ്രകാരമാണെന്നും അക്കാരണത്താല്‍ താന്‍ അതിനെ എതിര്‍ക്കുന്നുവെന്നും അയാള്‍ പ്രഖ്യാപിച്ചു. മന്നത്ത് കൃഷ്ണന്‍നായര്‍ അവതരിപ്പിച്ച കുടിയാന്‍ബില്ലിനെക്കുറിച്ച് ജന്മിയായ തമ്പാന്‍ പറഞ്ഞത്, അത് ബോള്‍ഷെവിക് തത്വം സ്ഥാപിക്കാനുള്ള തന്ത്രമാണെന്നാണ്. ജാതീയമായ ഉച്ചനീചത്വങ്ങളെ തുടച്ചുനീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍മുതല്‍ വര്‍ഗീയതയെ ചെറുക്കാനുള്ള നിശ്ചയദാര്‍ഢ്യംതൊട്ട് പുതിയ കേരളത്തെ നിര്‍വചിക്കാനുള്ള അന്വേഷണങ്ങള്‍വരെ ഇടതുപക്ഷത്തിന്റെയും കമ്യൂണിസ്റ്റ് പാര്‍ടിയുടെയും സംഭാവനയാണ്.

നവോത്ഥാനത്തിന്റെ സന്ദേശങ്ങളും അത് ഏറ്റെടുക്കാനാകാത്ത കോണ്‍ഗ്രസിന്റെ ബലഹീനതയും തിരിച്ചറിഞ്ഞതും കമ്യൂണിസ്റ്റുകാരാണ്. താന്‍ ഒരു ഈഴവനൊപ്പം ചോറുണ്ടതില്‍ നായര്‍പ്രമാണിമാര്‍ നെറ്റിചുളിച്ച കഥ എന്‍ സി ശേഖര്‍ ഓര്‍ത്തെടുത്തിട്ടുണ്ട്. കള്ളുഷാപ്പിലുണ്ടാക്കുന്ന മീനും കപ്പയും തിന്നുന്നവര്‍ വീട്ടിലിരുന്ന് ഊണുകഴിക്കുമ്പോള്‍ ഞെട്ടുന്നതെന്തിനെന്നും അദ്ദേഹം ചോദിച്ചു. പയ്യന്നൂരിനടുത്ത കണ്ടോത്തെ പൊതുനിരത്തില്‍ സാധാരണക്കാര്‍ക്ക് നടക്കാന്‍ അവകാശമില്ലായിരുന്നു. അവിടത്തെ ക്ഷേത്രം അശുദ്ധമാകുമെന്ന് ഭയപ്പെട്ടായിരുന്നു വിലക്ക്.

എ കെ ജിയുടെയും കെ എ കേരളീയന്റെയും നേതൃത്വത്തില്‍ അവിടേക്ക് ഘോഷയാത്ര നടത്തി. ധാരാളം ഹരിജനങ്ങളും സ്ത്രീകളും അക്കൂട്ടത്തിലുണ്ടായിരുന്നു. ഘോഷയാത്രയെ യാഥാസ്ഥിതികര്‍ കടന്നാക്രമിച്ചു. വലിയ ഉലക്കയുമായി സവര്‍ണസ്ത്രീകളടക്കം അതില്‍ പങ്കെടുത്തു. അരമണിക്കൂറിലേറെ മര്‍ദനം തുടര്‍ന്നു. കണ്ടോത്തെ കുറുവടി എന്ന പ്രയോഗംപോലും പിന്നീടുണ്ടായി. എ കെ ജിയും കേരളീയനും ബോധമറ്റുവീണു. മരണം സുനിശ്ചിതമായെന്നു തോന്നിയതിനാല്‍ കേരളീയന്റെ മരണമൊഴിപോലും രേഖപ്പെടുത്തുകയുണ്ടായി. വൈക്കം- ഗുരുവായൂര്‍ സത്യഗ്രഹങ്ങള്‍ പകര്‍ന്നുനല്‍കിയ ഉണര്‍വ് കേരളമാകെ ഒട്ടേറെ മുന്നേറ്റങ്ങള്‍ക്ക് വഴികാട്ടി. അതിന്റെ ഉള്ളടക്കം വിപുലമാക്കിയതാകട്ടെ കമ്യൂണിസ്റ്റുകാരും. എ കെ ജിയുടെ നേതൃത്വത്തില്‍ നടന്ന പാലിയം സത്യഗ്രഹം മറ്റൊരു നാഴികക്കല്ല്. കടുത്ത അതിക്രമങ്ങളും അറസ്റ്റും ലാത്തിച്ചാര്‍ജും തുടര്‍ന്നുകൊണ്ടിരുന്ന അവസ്ഥയില്‍ അതിസാഹസികമായിട്ടാണ് അദ്ദേഹം സ്ഥലത്തെത്തിയത്. സമരം നേരിടാന്‍ പട്ടാളത്തെ ഇറക്കിയെന്ന വാര്‍ത്ത കേട്ടിട്ടും വളന്റിയര്‍മാര്‍ പിന്‍വാങ്ങിയില്ല. പാലിയെത്തെ റോഡില്‍ സഞ്ചാരസ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ടുള്ള സമരങ്ങളില്‍ കുറെ അന്തര്‍ജനങ്ങളും പങ്കെടുത്തു. പൊലീസ് അവരെ അതിക്രൂരമായാണ് നേരിട്ടത്. പ്രിയദത്തയ്ക്കും സാവിത്രിക്കും ഗുരുതരമായ പരിക്കേറ്റു. പൊലീസ് നടപടിക്കെതിരെ നാടുണര്‍ന്നു. എങ്ങും പ്രക്ഷോഭം. ഏറ്റമുട്ടലില്‍ എ ജി വേലായുധന്‍ രക്തസാക്ഷിയായി. ജാതികാര്‍ക്കശ്യങ്ങള്‍ അലിച്ചുകളഞ്ഞ കമ്യൂണിസ്റ്റ് അനുഭവങ്ങളിലൊന്നായിരുന്നു കമ്യൂണ്‍.

1942ല്‍ ബോംബെ രാജ്ഭവനിലാണ് ആദ്യത്തേത്. പിന്നെ കേരളത്തില്‍ കോഴിക്കോടും. ഏറ്റവും ലളിതജീവിതം. ജീവന്‍ നിലനിര്‍ത്താന്‍മാത്രമുള്ള ഭക്ഷണം. മീററ്റ് ഗൂഢാലോചനക്കേസിനെത്തുടര്‍ന്നുള്ള ജയില്‍വാസകാലത്ത് നല്‍കിയിരുന്ന നീളംകുറഞ്ഞ വസ്ത്രങ്ങള്‍ അനുകരിച്ചായിരുന്നു യൂണിഫോം. പട്ടാളച്ചിട്ടയോടെയുള്ള കമ്യൂണ്‍ പ്രവര്‍ത്തനം പല സ്ത്രീപ്പോരാളികളെയും രൂപപ്പെടുത്തി. 1917ല്‍ സഹോദരന്‍ അയ്യപ്പന്‍ ചെറായിയില്‍ നടത്തിയ പന്തിഭോജനം ചരിത്രപരമാണ്. അദ്ദേഹത്തെയും 23 കൂട്ടുകാരെയും ജാതിയില്‍നിന്ന് പുറത്താക്കിയാണ് സവര്‍ണ മനോഭാവക്കാര്‍ പ്രതികാരം തീര്‍ത്തത്. ഭക്ഷണമെന്നതിലുപരി സാമൂഹ്യവിലക്കുകള്‍ ലംഘിച്ച ആ പ്രതീകാത്മക പ്രതിഷേധത്തിന് അനുബന്ധമുണ്ടാക്കിയത് കമ്യൂണിസ്റ്റുകാരും കര്‍ഷകസംഘം പ്രവര്‍ത്തകരുമായിരുന്നു.

കൊടക്കാട്ടും പൊന്നാനിയിലും കാട്ടാമ്പള്ളിയിലും കളര്‍കോട്ടും കൊല്ലത്തും അന്തിക്കാട്ടുമെല്ലാം ധീരതയുടെ പുതിയ കൊടിയുയരുകയുമുണ്ടായി. കല്യാശേരി എലിമെന്ററി സ്കൂളില്‍ ഒരു ഹരിജന്‍ ബാലന്‍ പഠിക്കാനെത്തിയത് മേലാളര്‍ക്ക് സഹിക്കാവുന്നതിനപ്പുറമായിരുന്നു. കുമാരന്‍ എന്ന വിദ്യാര്‍ഥിയെ നായര്‍പ്രമാണിമാര്‍ തല്ലിയോടിച്ചു. ഇതിനെതിരായ പ്രതിഷേധമാണ് കെ പി ആര്‍ ഗോപാലനെപ്പോലെയുള്ളവരെ ദേശീയമുന്നേറ്റത്തിനൊപ്പം ഉറപ്പിച്ചത്.

കുടിയാന്‍ പ്രക്ഷോഭവും കുട്ടികൃഷ്ണമേനോന്‍ കമ്മിറ്റിയും

1921ലെ മലബാര്‍ കലാപത്തിന്റെ പ്രേരകശക്തികളില്‍ പ്രധാനം കുടിയാന്‍ പ്രക്ഷോഭമായിരുന്നു. 1920കളിലെ മുന്നേറ്റം കുടിയാന്മാരുടെ പേരില്‍ സംഘടിപ്പിക്കപ്പെട്ടതായിരുന്നെങ്കിലും അത് അവരില്‍ ചെറുന്യൂനപക്ഷത്തെ മാത്രമേ പ്രതിനിധീകരിച്ചിരുന്നുള്ളൂ. വെറുംപാട്ടക്കാരായ ബഹുഭൂരിപക്ഷം കൃഷിക്കാരുടെയും പ്രശ്നങ്ങളുയര്‍ത്തിയത് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയാണ്. പിന്നെ അതിന്റെ നേതൃത്വത്തില്‍ വന്ന കര്‍ഷകസംഘം. ആദ്യകാല ദേശീയവാദികളുടെ കുടിയാന്‍പ്രസ്ഥാനങ്ങള്‍ ജന്മിവിരുദ്ധമുന്നേറ്റങ്ങളെ സഹായിച്ചെങ്കിലും വെറുംപാട്ടക്കാരുടെ രക്ഷയ്ക്ക് അതൊന്നും ചെയ്തില്ല. 1931ലെ കുടിയാന്‍ നിയമ പരിഷ്കാരങ്ങള്‍ കാണക്കുടിയാന്മാര്‍ക്ക് രക്ഷയായിരുന്നു. എന്നാല്‍, വെറുംപാട്ടക്കാരുടെ അവകാശത്തെക്കുറിച്ച് നിയമം നിശബ്ദമായിരുന്നു. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞത് കര്‍ഷകസംഘവും കമ്യൂണിസ്റ്റ് പാര്‍ടിയുമായിരുന്നു. കര്‍ഷകസംഘം പ്രവര്‍ത്തകര്‍ സംഘടനാപരമായി കോണ്‍ഗ്രസിനകത്തുതന്നെയായിരുന്നതിനാല്‍, കുടിയാന്‍പ്രശ്നം സംബന്ധിക്കുന്ന പ്രചാരണങ്ങളുടെ അല കോണ്‍ഗ്രസിലും പ്രതിധ്വനിച്ചു. 1937ലെ മദിരാശി നിയമസഭാ തെരഞ്ഞെടുപ്പില്‍ അത് ഉയര്‍ന്നുവരികയുംചെയ്തു. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ അതിന്റെ മുന്നിലും പ്രശ്നം സജീവമായി. കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകാരുടെ നേതൃത്വത്തിലായ കെപിസിസിയും കുടിയാന്‍ നിയമപരിഷ്കാരത്തിനായി ശബ്ദമുയര്‍ത്തി. ഇതൊക്കെയാണ് കുട്ടികൃഷ്ണമേനോന്‍ അധ്യക്ഷനായ കമ്മിറ്റി രൂപീകരിക്കുന്നതിലേക്ക് സര്‍ക്കാരിനെ നയിച്ചത്.

കെപിസിസി പ്രസിഡന്റ് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബും ഇ കണ്ണനും ഇ എം എസുമായിരുന്നു കമ്മിറ്റിയിലെ കര്‍ഷകസംഘം പ്രതിനിധികള്‍. കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഏകകണ്ഠമായിരുന്നില്ല. ജന്മി പ്രതിനിധിയായ ആര്‍ എം പാലാട്ട് അടക്കം ഭൂരിപക്ഷം അംഗങ്ങള്‍ ഒരുവശത്തും ഇ എം എസ് ഉള്‍പ്പെടെയുള്ള ഇടതുപക്ഷ കോണ്‍ഗ്രസുകാര്‍ മറുഭാഗത്തുമായി രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങളുണ്ടായി. അങ്ങനെ ഭൂരിപക്ഷ- ന്യൂനപക്ഷ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിക്കൊണ്ടാണ് കമ്മിറ്റി പ്രവര്‍ത്തനം അവസാനിപ്പിച്ചത്. മലബാറിലെ സമ്പദ്വ്യവസ്ഥയില്‍ ബ്രിട്ടീഷ് ഭരണം വരുത്തിയ ഫലങ്ങള്‍ പരിശോധിച്ച ഇ എം എസ് തയ്യാറാക്കിയ ന്യൂനപക്ഷ റിപ്പോര്‍ട്ട്, ജന്മി- കുടിയാന്‍ ബന്ധത്തിലെ സാമ്പത്തിക ചൂഷണമാണ് ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ കാതലായ പ്രശ്നമെന്ന് തിരിച്ചറിഞ്ഞു. സമ്പദ് വ്യവസ്ഥയുടെ സ്വയംപരിഷ്കാരത്തിനും ആധുനികതയിലേക്കുള്ള വികാസത്തിനും ജന്മിത്വത്തിന്റെ നിലനില്‍പ്പ് തടസ്സമാണെന്നും നിരീക്ഷിച്ചു.

ഈ ബദല്‍ സാമ്പത്തിക കാഴ്ചപ്പാടിന്റെ ഉള്‍ക്കാഴ്ച മതവിശകലനത്തില്‍ പ്രയോഗിച്ചതിന്റെ ആദ്യ ഉദാഹരണമാണ് മലബാര്‍കലാപം. സെക്കുലര്‍ ഗവേഷണത്തിന്റെയും ശാസ്ത്രീയപഠനത്തിന്റെയും ദേശാഭിമാന വീക്ഷണത്തിന്റെയും വെളിച്ചത്തില്‍ അതിന്റെ പ്രാധാന്യം വിലയിരുത്തിയ ആദ്യശ്രമം ഇ എം എസിന്റേതായിരുന്നു. 1943ല്‍ പുറത്തുവന്ന അദ്ദേഹത്തിന്റെ "മലബാറിലെ കര്‍ഷകപ്രസ്ഥാനത്തിന്റെ ചരിത്രം" എന്ന ലഘുകൃതി അതിനാലാണ് ശ്രദ്ധേയമായത്. 1921ലെ കലാപം തുടങ്ങിയ ആഗസ്ത് മാസത്തിന്റെ ഓര്‍മ പുതുക്കി 1946 ആഗസ്തില്‍ കമ്യൂണിസ്റ്റ് പാര്‍ടി ആഹ്വാനവും താക്കീതും എന്ന പ്രസ്താവന പുറത്തിറക്കി. മതനിരപേക്ഷയുടെ അടിസ്ഥാനത്തില്‍ തുടങ്ങിയ കോണ്‍ഗ്രസ്- ഖിലാഫത്ത് പ്രസ്ഥാനം മലബാര്‍പ്രദേശത്ത് "മാപ്പിള ലഹള"യായി മാറിയതിനു തുല്യമായ സ്ഥിതിഗതികള്‍ 1946ല്‍ രാജ്യത്തിലാകെ വളരുകയാണെന്ന സൂചന നല്‍കുന്നതായി പ്രസ്താവന. സാമ്രാജ്യത്വത്തിനെതിരെ ജനങ്ങളുടെ ഏകീകൃത സമരം നയിക്കുന്നതിനുപകരം ഒരു സമുദായം മറ്റൊന്നിനെതിരായി പോരാടി ഇരുകൂട്ടരും സാമാജ്യത്വ ഭക്തന്മാരായിത്തീരുകയെന്ന ആപത്ത് മുന്നറിയിപ്പായി സൂചിപ്പിക്കുകയും ചെയ്തു.

പെണ്‍ മുന്നേറ്റങ്ങളുടെ ഇന്നലെകള്‍

സ്ത്രീകളുടെ അവകാശബോധം ജ്വലിപ്പിച്ചുണര്‍ത്തുന്നതില്‍ നിര്‍ണായകമായിരുന്നു 1945 ജൂണില്‍ തലശേരിയില്‍ ചേര്‍ന്ന ദേശീയ മഹിളാ സംഘം ഒന്നാം വാര്‍ഷിക സമ്മേളനം. സാധാരണ മനുഷ്യരുടെ പൊതുരംഗത്തേക്കുള്ള പ്രവേശനം കോണ്‍ഗ്രസ് പാര്‍ടി സംശയദൃഷ്ടിയോടെ കാണുന്ന കാലവുമായിരുന്നു അത്. ദരിദ്ര സ്ത്രീകള്‍ സംഘടനകളില്‍ കൂടുതല്‍ അണിചേരുന്നതിനെതിരെ കോണ്‍ഗ്രസുകാര്‍ മുന്‍കരുതലുകളെടുത്ത കഥയും അക്കാലത്തുണ്ടായി. പാപ്പിനിശേരിഭാഗത്ത് മഹിളാ സംഘടനയ്ക്ക് അംഗത്വഫീസ് ഏര്‍പ്പെടുത്തിയ ഗ്രേസി ആറോണിന്റെ തന്ത്രം അതിലൊന്ന്. ഈ തീരുമാനത്തെ പി യശോദയെപ്പോലുള്ള കമ്യൂണിസ്റ്റുകാര്‍ എതിര്‍ത്തതും പ്രധാനം. പുരാണപാരായണവും ശീലാവതിപോലുള്ള കൃതികളുടെ വായനയും മാത്രമായിരുന്നു അക്കാലത്ത് സ്ത്രീകളുടെ ലോകപരിചയം. ഈ സ്ഥിതിയിലേക്കാണ് സമൂഹവൈരുധ്യങ്ങള്‍ പാട്ടുകളായും ഗാനങ്ങളായും വന്നെത്തുന്നത്.

""അക്കൂട്ടരെങ്ങാനും നാട്ടി കണ്ടോ അക്കൂട്ടരെങ്ങാനും ഞാറ് തൊട്ട്വോ""

പോലുള്ള വരികള്‍ വ്യവസ്ഥയുടെ കരള്‍ പിളര്‍ക്കുന്നതായിരുന്നു.

ആലപ്പുഴയില്‍ ഈഴവ സാമൂഹ്യ പരിഷ്കരണത്തിന്റെ നിശ്വാസങ്ങളുമായി പുറത്തുവന്ന സംഘടനകളുടെ പരിമിതികളെ മറികടന്നത് ട്രേഡ് യൂണിയനുകളാണ്. തിരുവിതാംകൂര്‍ കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്റെ മേല്‍നോട്ടത്തില്‍ തൊഴിലാളി സാംസ്കാരികകേന്ദ്രവും നിലവില്‍ വന്നു. ലൈബ്രറി, നിശാപാഠശാല, വായനമുറി തുടങ്ങിയവയും കേന്ദ്രത്തിന്റെ അനുബന്ധം. ആര്‍ സുഗതന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട യുവജനസംഘം മറ്റൊരു ചുവടുവയ്പായി. മരണവീടുകളില്‍ അക്കാലത്ത് പുരാണപാരായണം ചടങ്ങുകളുടെ അനുബന്ധമായിരുന്നു. വീണപുവൂം പ്രരോദനവും പാരായണംചെയ്യുന്ന പതിവിലേക്ക് യുവജനസംഘം പ്രവര്‍ത്തകര്‍ അത് മാറ്റി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കയര്‍മേഖലയില്‍ പുരുഷന്മാരെ അപേക്ഷിച്ച് തുച്ഛമായ കൂലിയായിരുന്നു. ഈ പ്രതിസന്ധിയുടെ ഘട്ടത്തിലാണ് 1934ല്‍ കയര്‍ത്തൊഴിലാളി പണിമുടക്കിനെത്തുടര്‍ന്ന് പ്രത്യേക സ്ത്രീ സംഘടനയുണ്ടാകുന്നത്.

കളര്‍കോട് യോഗം ചേര്‍ന്ന് കെ ദേവയാനി സെക്രട്ടറിയും സൈമണ്‍ ആശാന്‍ പ്രസിഡന്റുമായി അമ്പലപ്പുഴ താലൂക്ക് കയര്‍പിരി തൊഴിലാളി യൂണിയന്‍ സ്ഥാപിതമായി. പണിക്കെത്തുന്ന സ്ത്രീകള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍പോലും സംവിധാനമുണ്ടായിരുന്നില്ല. മുട്ടുനിറയുന്ന വെള്ളത്തില്‍നിന്നായിരുന്നു കളപറിക്കലും മറ്റും. ഈ വെള്ളത്തില്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. ദാഹിക്കുമ്പോള്‍ ആ കെടുവെള്ളത്തില്‍നിന്ന് കൈകള്‍കൂട്ടി പായലും അഴുക്കും വകഞ്ഞുമാറ്റി വെള്ളം കുടിച്ചു. ചെറിയ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ക്കൊപ്പം പ്രസവകാലാനുകൂല്യങ്ങള്‍, കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യസഹായം തുടങ്ങിയ അവകാശങ്ങളും യൂണിയന്‍ ഉന്നയിച്ചു. പുന്നപ്രയിലും മറ്റും ആത്മവിദ്യാസംഘത്തിന്റെ നവീനാശയങ്ങള്‍ കൊടുങ്കാറ്റായി. വിഗ്രഹാരാധനയ്ക്കും അതിനെ മറച്ചുപിടിച്ചിരുന്ന വിശ്വാസങ്ങളുടെ കരിമ്പടങ്ങള്‍ക്കും തുളവീഴാന്‍ തുടങ്ങി. യാഥാസ്ഥിതിക ഹിന്ദുനേതൃത്വം എതിര്‍ പ്രചാരണങ്ങള്‍ തുറന്നുവിട്ടു. സ്ത്രീകളുടെ പൊതുജീവിത പ്രവേശനത്തിലൂടെ മാത്രമേ സമൂഹത്തെ മുന്നോട്ട് നയിക്കാനാവൂ എന്ന് ആത്മവിദ്യാസംഘം പഠിപ്പിച്ചു. പ്രാമാണിക സമൂഹത്തിനും യാഥാസ്ഥിതിക ഹിന്ദുമതത്തിനുമെതിരായ സാമൂഹ്യ പ്രതിഷേധത്തില്‍ നാരായണഗുരുവിന്റെ തത്വശാസ്ത്രം തീയരിലെയും ഈഴവരിലെയും മറ്റും പ്രമാണിവര്‍ഗം പുതിയൊരു ആയുധമായിട്ടാണ് കരുതിയത്. ഈഴവവരുടെയും തീയരുടെയും സംസ്കൃതവല്‍ക്കരണത്തിനുള്ള ഉപാധിയായാണ് എസ്എന്‍ഡിപി പ്രവര്‍ത്തിച്ചതും. ഇതിന് നേര്‍വിപരീതമായ ലോകവീക്ഷണമായിരുന്നു ആത്മവിദ്യാസംഘത്തിന്റേത്. അത് മുന്നോട്ടു കൊണ്ടുപോയത് കമ്യൂണിസ്റ്റ് പാര്‍ടിയും.

കുതിപ്പേകിയത് ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍

കേരളം മൂന്നാംലോകത്തിനും ഇന്ത്യക്കും വിസ്മയമാണ്. ജീവിത ഗുണമേന്മാ സൂചകങ്ങളുടെ അസൂയാവഹമായ പുരോഗതി സാമൂഹ്യ ശാസ്ത്രജ്ഞരുടെ ശ്രദ്ധാകേന്ദ്രമായി ഈ കൊച്ചു സംസ്ഥാനത്തെ മാറ്റുന്നു. ഉന്നത പുരോഗമന പാരമ്പര്യത്തിന്റെ ഉറവിടമായും കേരളം പരിഗണിക്കപ്പെട്ടു. ചരിത്രത്തിലേക്ക് വേരുള്ള ഈ മുന്നേറ്റങ്ങള്‍ക്ക് അടിത്തറ പാകിയത് സാമൂഹ്യ പ്രസ്ഥാനങ്ങളിലൂടെ ആര്‍ജിച്ച രാഷ്ട്രീയാവബോധമാണ്. അതോടൊപ്പം കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ കൊണ്ടുവന്ന പുരോഗമനാത്മക നിയമനിര്‍മാണങ്ങളും. ഇരുപത്തെട്ട് മാസംമാത്രം നിലനിന്ന പ്രഥമ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അംഗീകരിച്ചതും പിന്നീട് സംസ്ഥാനത്തിന്റെ സര്‍വതോമുഖമായ പുരോഗതിക്കാകമാനം ഊര്‍ജവുമായി വര്‍ത്തിച്ചത് കാര്‍ഷിക ബന്ധബില്ലാണ്. അത് അവതരിപ്പിക്കും മുമ്പ് ഒഴിപ്പിക്കലും കുടിയിറക്കലും തടയുന്ന ഓര്‍ഡിനന്‍സ് പാസാക്കിയിരുന്നു. ചൂഷണത്തിന്റെ സാധ്യതകള്‍ നിലനിര്‍ത്തിക്കൊണ്ടുള്ള നാമമാത്ര പരിഷ്കാരമെന്ന കോണ്‍ഗ്രസ് രീതിയില്‍നിന്ന് വ്യത്യസ്ത സാഹചര്യത്തിലേക്ക് ഇത് നയിച്ചു. ഫലപ്രദമായ നിലയില്‍ പരിഷ്കാരത്തിന് തുടക്കമിടണമെന്ന് കണ്ടാണ് ഒഴിപ്പിക്കലും കുടിയിറക്കലും തടഞ്ഞുകൊണ്ടുള്ള ഓര്‍ഡിനന്‍സ് ആദ്യം പുറപ്പെടുവിച്ചത്. നിയമത്തിന്റെ പഴുതും ഭരണത്തിന്റെ ശക്തിയും കൊണ്ട് ഒഴിപ്പിക്കലിന് വേറൊരു തരത്തില്‍ സാധുത നല്‍കുന്നതായിരുന്നു കോണ്‍ഗ്രസ് വിഭാവനംചെയ്ത കാര്‍ഷിക പരിഷ്കരണം.

കേരളത്തിലെ പുതിയ ഓര്‍ഡിനന്‍സും കാര്‍ഷികബന്ധ ബില്ലും ഈയര്‍ഥത്തില്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. കേന്ദ്രവും സംസ്ഥാന പ്രതിപക്ഷവും അതിലെ വ്യവസ്ഥകള്‍ക്ക് ജന്മിത്വത്തിന്റെ ചായ്വ് നല്‍കുന്നതിന് ആകുന്നതെല്ലാം ചെയ്തു. കാര്‍ഷികബന്ധം പരിഷ്കരിക്കുന്നതും അതിന്റെ മുന്നോടിയെന്ന നിലയ്ക്ക് ഒഴിപ്പിക്കലും കുടിയിറക്കലും തടയുന്നതും സ്വാഗതാര്‍ഹമാണ്. പക്ഷേ ചെറുകിടക്കാരും ഇടത്തരക്കാരുമായ ഭൂവുടമകളുടെ ജീവിതം നശിപ്പിക്കരുത് എന്ന വാദത്തിന്റെ രൂപത്തില്‍ കോണ്‍ഗ്രസിന്റെ ജന്മിപക്ഷപാതം ആവര്‍ത്തിച്ച് തലപൊക്കി. നിയമസഭയില്‍ ബില്‍ ചര്‍ച്ചക്കെടുത്തപ്പോഴും 1969ല്‍ ഭൂനിയമം പാസാക്കിയതിനുശേഷവും ഇത് തുടര്‍ന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള പ്രക്ഷോഭങ്ങളാണ് പിന്നീട് ജന്മിപീഡിത സംഘത്തിന്റെ രൂപീകരണത്തിലെത്തിയത്. കോണ്‍ഗ്രസ് സംസ്ഥാനങ്ങളിലെന്നപോലെ നിയമനിര്‍മാണ പ്രക്രിയ പൂര്‍ത്തിയായി വരുമ്പോഴേക്ക് അതിന്റെ ഫലം നുകരേണ്ടവര്‍ക്ക് അതിന് കഴിയാതാവുന്ന സ്ഥിതി കേരളത്തില്‍ ഒഴിവാക്കപ്പെട്ടു. പുതിയ നിയമവും അതിന്റെ പ്രേരകശക്തിയായ കമ്യൂണിസ്റ്റ് പാര്‍ടിയും കര്‍ഷക പ്രസ്ഥാനവും പുതിയ മാനങ്ങളിലേക്കുയര്‍ന്നു. കോണ്‍ഗ്രസ് സര്‍ക്കാരും കമ്യൂണിസ്റ്റ് സര്‍ക്കാരും തമ്മില്‍ മൗലികമായി വ്യത്യാസമുണ്ടെന്ന് ബോധ്യപ്പെടുത്താന്‍ കേരളത്തിലെ ഓര്‍ഡിനന്‍സും നിയമനിര്‍മാണവും സഹായകമായി.
പ്രഥമ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ തൊപ്പിയില്‍ നേട്ടങ്ങളുടെ മറ്റൊരു തൂവലായത് വിദ്യാഭ്യാസ ബില്ലായിരുന്നു. സ്വകാര്യ താല്‍പ്പര്യങ്ങളുടെ കച്ചവടമനഃസ്ഥിതിക്ക് കടിഞ്ഞാണിട്ട നിയമം നമ്മുടെ സാമൂഹ്യ ചരിത്രത്തില്‍ നാഴികക്കല്ലായി. ബ്രിട്ടീഷ് നയങ്ങളുടെ തുടര്‍ച്ചയെന്നോണം വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതിന്റെ ഉത്തരവാദിത്തം ഇല്ലെന്ന അര്‍ഥത്തിലാണ് കൊച്ചി- തിരുവിതാംകൂര്‍ നാട്ടുരാജ്യങ്ങളിലെ സര്‍ക്കാരുകള്‍ പെരുമാറിയത്. വിദ്യാഭ്യാസ കാര്യത്തില്‍ സര്‍ക്കാരിന് ബാധ്യതയില്ലെന്ന നിലപാടിനോട് പുരോഗമനകാരികള്‍ക്ക് യോജിക്കാനായില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൈയടക്കിവച്ച ജാതി- മത പ്രമാണിമാര്‍ വരേണ്യവും കച്ചവടാധിഷ്ഠിതവുമായ നയങ്ങളാണ് പിന്തുടര്‍ന്നത്. ഇതോടുള്ള പ്രതിഷേധങ്ങള്‍ പുതിയ രൂപഭാവങ്ങളാര്‍ജിച്ചു. 1930കള്‍ തൊട്ട് അധ്യാപക സംഘടന പ്രതികരിക്കാനും തുടങ്ങി സ്വകാര്യ മാനേജ്മെന്റിന്റെ കച്ചവടതാല്‍പ്പര്യങ്ങള്‍ക്കും ജാതി - മത പരിഗണനകള്‍ക്കും കടിഞ്ഞാണിട്ട വിദ്യാഭ്യാസ ബില്ല് പിന്തിരിപ്പന്മാരുടെ അണിയറയില്‍ ഉല്‍ക്കണ്ഠയുണ്ടാക്കി. മതത്തിനെതിരായ കടന്നാക്രമണമാണിതെന്നും ന്യൂനപക്ഷാവകാശ ധ്വംസനമാണെന്നും പ്രചാരണം നടന്നു. സംഘടിത മതനേതൃത്വത്തിന്റെ സഖ്യശക്തികളായ പത്രങ്ങള്‍ ഈ മുറവിളി ഏറ്റെടുക്കുകയും ചെയ്തു.

ഭരണഘടനയുടെ പരിധിക്കുള്ളില്‍ വിദ്യാഭ്യാസ രംഗത്തെ ജനാധിപത്യവല്‍ക്കരിക്കാനാണ് കമ്യൂണിസ്റ്റ് പാര്‍ടി അന്ന് ശ്രമിച്ചത്. അധ്യാപക നിയമനം, ശമ്പള വ്യവസ്ഥ, പിരിച്ചുവിടാനും ശിക്ഷാനടപടികള്‍ കൈക്കൊള്ളാനും മാനേജ്മെന്റിനുള്ള അവകാശം - മുതലായവയില്‍ പരിമിത നിയന്ത്രണം കൊണ്ടുവരിക മാത്രമായിരുന്നു കരട് ബില്‍. അത് നിയമസഭയില്‍ അവതരിപ്പിക്കുമ്പോള്‍ സ്വകാര്യ വിദ്യാഭ്യാസ കച്ചവടക്കാരും ജാതി - മത മേധാവികളും നടത്തിയ റാലി രണ്ടുവര്‍ഷത്തിനിടയ്ക്ക് തുടങ്ങാനിരുന്ന "വിമോചന സമര"ത്തിന്റെ കേളികൊട്ടും. ഈ സങ്കുചിത രാഷ്ട്രീയാഭാസത്തിന് എല്ലാ തരത്തിലും ഉത്തേജനമാവുകയായിരുന്നു കേന്ദ്ര കോണ്‍ഗ്രസ് നേതൃത്വവും ഒരു പരിധിവരെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും. പഴയ "വിമോചന സമര"ത്തിന്റെ മാതൃകയിലാണ് ഇപ്പോഴും കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയം കിതയ്ക്കുന്നതും.

*****

എ വി അനില്‍കുമാര്‍, കടപ്പാട് :ദേശാഭിമാനി

Wednesday, February 15, 2012

ക്രിസ്തുവും കമ്യൂണിസവും

"മാര്‍ക്സിസ്റ്റ് വിരുദ്ധനാണെന്നവകാശപ്പെടുന്ന ക്രിസ്ത്യാനി മാര്‍ക്സിസവുമായി വളരെയൊന്നും ബന്ധമില്ലാത്ത പല ഭൗതിക തത്വശാസ്ത്രങ്ങളില്‍ ഏതെങ്കിലും ഒന്നുമായിട്ടായിരിക്കാം ബന്ധം പുലര്‍ത്തുന്നത്. ഒരു ക്രിസ്ത്യാനി മാര്‍ക്സിസ്റ്റ് വിരുദ്ധനാണെന്നവകാശപ്പെട്ടാല്‍ അത് മാര്‍ക്സിന്റെ രചനകളെല്ലാം വായിച്ചിട്ടില്ലാത്തതു കൊണ്ടാവാം. ഈ എതിര്‍പ്പ് വെറും അജ്ഞതയുടെ ഒരു ലക്ഷണമാണ്. യഥാര്‍ഥത്തില്‍ ഞാനതു കാര്യമാക്കുന്നില്ല. മാര്‍ക്സിസത്തെ സംരക്ഷിക്കാനുള്ള കടപ്പാടൊന്നും എനിക്കില്ല. പക്ഷേ, ഒരു ക്രിസ്ത്യാനി കമ്യൂണിസ്റ്റ് വിരുദ്ധനാണെന്നവകാശപ്പെടുന്നത് വളരെ വ്യത്യസ്തമായൊരു കാര്യമാണ്. മാത്രമല്ല സംശയലേശമെന്യേ ഇതു നമ്മുടെ നൂറ്റാണ്ടിലെ ഏറ്റവും വലിയ അപവാദവുമാണ്".

മേല്‍കൊടുത്ത ഉദ്ധരണി മൂന്നാം ലോകരാജ്യങ്ങളിലെ പ്രമുഖ ബൈബിള്‍ വ്യാഖ്യാതാവും അഭിവന്ദ്യ വൈദികനും കൂടിയായ ഡോ. ജോസഫ് പൊര്‍ഫിമിയോ മിറാന്‍ഡയുടേതാണ്. അദ്ദേഹത്തിന്റെ ശ്രദ്ധേയ രചനയായ കമ്യൂണിസം ബൈബിളില്‍ എന്ന പുസ്തകത്തിലെ "ക്രിസ്തുമതം കമ്യൂണിസമാണ്" എന്ന ആദ്യ അധ്യായത്തിലെ ആദ്യ ഖണ്ഡികയിലാണ് ഇങ്ങനെ പറയുന്നത്.

തുടര്‍ന്ന് മറ്റൊരു ഭാഗത്ത് അദ്ദേഹം ഇതുകൂടി പറയുന്നു. "ക്രിസ്ത്യാനികളുടെ അഭാവത്തില്‍ , കമ്യൂണിസത്തിന്റെ ആശയം പ്രചരിപ്പുകൊണ്ട് മാര്‍ക്സിസ്റ്റുകള്‍ നമുക്കൊരു ഉപകാരം ചെയ്തുതരികയായിരുന്നു". ഇതില്‍ "ക്രിസ്ത്യാനികളുടെ അഭാവത്തില്‍" എന്ന പ്രയോഗം സവിശേഷ ശ്രദ്ധ നേടുന്നു.

സ്വയം ക്രിസ്ത്യാനികള്‍ എന്നവകാശപ്പെടുന്ന വലിയൊരു വിഭാഗവും അവര്‍ക്കു നേതൃത്വം കൊടുക്കുന്ന വലിയ ഇടയവൃന്ദവും നിലനില്‍ക്കെയാണ് അദ്ദേഹം "ക്രിസ്ത്യാനികളുടെ അഭാവ"ത്തിലെന്നു പറയുന്നത്. തന്റെ വിവാദ ക്രിസ്തുമത വിമര്‍ശഗ്രന്ഥമായ "ആന്റിക്രൈസ്റ്റ്"-ല്‍ "ലോകത്ത് ഒരൊറ്റ ക്രിസ്ത്യാനിയേ ഉണ്ടായിട്ടുള്ളു. അയാളാകട്ടെ കുരിശിലേറ്റപ്പെട്ടു" എന്ന ഫ്രഡറിക് നീത്ഷേയുടെ പരാമര്‍ശത്തിന് തുല്യമാണിത്. മിറാന്‍ഡാ പറയുന്നു: "കമ്യൂണിസം കൂടുതല്‍ പൂര്‍ണമാണെന്ന് നിശ്ചയിച്ചു കഴിഞ്ഞാല്‍ അത് ലോകത്തില്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ വ്യാപൃതമാകുകയാണ് യുക്തിയുക്തമായ തീരുമാനം. പക്ഷേ അതിനുപകരം കമ്യൂണിസത്തെ ചെറുക്കാന്‍ സ്വയം സമര്‍പ്പിക്കുകയും അതു സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരെ മരണംവരെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമാണ് ഇന്ന് സഭ സ്വീകരിച്ച നടപടി. (കമ്യൂണിസം) പൂര്‍ണതയുടെ മാര്‍ഗമാണെന്ന സിദ്ധാന്തത്തില്‍നിന്ന് രക്ഷപ്പെടാനുള്ള ഒരു സൂത്രവും സൈദ്ധാന്തികമായ ഒഴിഞ്ഞുമാറ്റവുമാണെന്ന് പ്രകടമാക്കാന്‍ ഇതില്‍ കൂടുതല്‍ എന്തെങ്കിലും തെളിവു വേണ്ടതില്ല". -"കമ്യൂണിസം ബൈബിളില്‍" - പ്രോഗ്രസ് പബ്ലിക്കേഷന്‍ പേജ് 32.

കേരളത്തെ കമ്യൂണിസത്തില്‍നിന്ന് രക്ഷിക്കാന്‍ 1959ല്‍ വിമോചന മസരം നടത്തുകയും ഈ അടുത്തകാലത്ത് "രണ്ടാം വിമോചന സമരം" പ്രഖ്യാപിച്ച് പിന്നീട് പിന്‍വലിക്കുകയും ചെയ്ത സഭയുടെ സ്വരത്തില്‍ ഇപ്പോള്‍ മാറ്റമുണ്ടായിത്തുടങ്ങുന്ന പശ്ചാത്തലത്തില്‍ ഡോ. മിറാന്‍ഡയുടെ പരാമര്‍ശം ഏറെ ശ്രദ്ധേയമാകുന്നു. "സ്നേഹത്തിന്റെ വഴി, അഥവാ കുരിശിന്റെ വഴിയില്‍ , നീതിയുടെ ആധിപത്യമുള്ള സമൂഹത്തിലെത്താന്‍ ക്രിസ്തു അനുശാസിക്കുന്നു. മാനവികതയുടെ പ്രായോഗികതയാണ് ഈ ദര്‍ശനം. മാര്‍ക്സിസവും നീതിക്കുവേണ്ടി നിലകൊള്ളുന്നു എന്നാണ് മനസ്സിലാക്കുന്നത്. നീതിയിലധിഷ്ഠിതമായ സാമൂഹ്യ സൃഷ്ടിയുടെ കാര്യത്തില്‍ ക്രൈസ്തവദര്‍ശനവും മാര്‍ക്സിസവും തമ്മില്‍ യോജിക്കാവുന്നതാണ്". ക്രൈസ്തവ പ്രസിദ്ധീകരണമായ "സത്യനാദ"ത്തിന്റെ ചീഫ് എഡിറ്ററും കത്തോലിക്കാ സഭയിലെ പ്രമുഖ വൈദികനുമായ ഫോ. പോള്‍ തേലക്കാടില്‍നിന്ന് ഇങ്ങനെ മാറ്റത്തിന്റെ ഒരു ശബ്ദം കേള്‍ക്കാന്‍ ഇടയാകുന്നു. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചരിത്ര പ്രദര്‍ശനത്തില്‍ ആദ്യവിപ്ലവകാരിയും രക്തസാക്ഷിയുമായി ക്രിസ്തുവിനെ ചിത്രീകരിച്ചതിനെതിരെ പരോക്ഷസമ്മര്‍ദങ്ങള്‍ക്കു വഴങ്ങി ക്രിസ്തുമത വിശ്വാസികളില്‍ ചിലരുടെ നേതൃത്വത്തില്‍ പ്രകടനം നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ഫാ. തേലക്കാടിന്റെ പ്രതികരണം ഉണ്ടായിരിക്കുന്നത്. ഇത് ഏറെ ആഹ്ലാദകരം തന്നെ. എന്നാല്‍ ഫാ. തേലക്കാടിന് ചില വിയോജിപ്പുകളുണ്ട്. അത് അദ്ദേഹം തുറന്നുപറയുന്നു.

"മാര്‍ക്സിന്റെ വഴി വര്‍ഗസമരത്തിന്റേതാണ്. ക്രൈസ്തവര്‍ സ്നേഹത്തിന്റെ വഴിയില്‍ പരസ്പരം കൂട്ടിയിണക്കി സാമൂഹ്യനീതിയുടെ പരിഷ്കരണം കൈവരിക്കാന്‍ ശ്രമിക്കുന്നു. മാര്‍ക്സിസം വര്‍ഗസമരം ഉപാധിയാക്കുന്നു. ഇതില്‍ കലാപമുണ്ട്. ഇവിടെയാണ് ക്രിസ്തുവും മാര്‍ക്സും വേര്‍പിരിയുന്നത്". ഈ പരാമര്‍ശത്തില്‍ ഒരു കൂട്ടിച്ചേര്‍ക്കല്‍ നിശ്ചയമായും ആവശ്യമുണ്ട്. മാര്‍ക്സ് വര്‍ഗസമരത്തിന്റെ വഴിയിലൂടെ വര്‍ഗരഹിത സമൂഹമാണ് ആത്യന്തിക ലക്ഷ്യമായി പ്രഖ്യാപിക്കുന്നത്. ഭരണകൂടം കൊഴിഞ്ഞു വീഴുന്ന വര്‍ഗരഹിത സമൂഹം!! ഇതുതന്നെയാണ് ക്രിസ്തു ദര്‍ശനമെന്ന് ചില ബൈബിള്‍ വ്യാഖ്യാതാക്കളും സ്ഥാപിക്കുന്നു. കൊല്ലരുത്, വ്യഭിചരിക്കരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷി പറയരുത്, വഞ്ചിക്കരുത്, പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക എന്നീ കല്പനകളെല്ലാം അനുസരിച്ചുവന്ന ഒരു ധനവാനോട് ക്രിസ്തു പറഞ്ഞു: "നിനക്കൊരു കുറവുണ്ട്; പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുക്കുക. അപ്പോള്‍ നിനക്ക് സ്വര്‍ഗത്തില്‍ നിക്ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക." ഈ വാക്കുകള്‍ കേട്ടപ്പോള്‍ അയാളുടെ മുഖം വാടി. അയാള്‍ വിഷാദിച്ച് തിരികെപ്പോയി. കാരണം അയാള്‍ക്ക് ധാരാളം സമ്പത്തുണ്ടായിരുന്നു. യേശു ചുറ്റും നോക്കിയിട്ട് ശിഷ്യന്മാരോടു പറഞ്ഞു.

"സമ്പത്തുള്ളവര്‍ക്ക് ദൈവരാജ്യത്തില്‍ പ്രവേശിക്കുക എത്ര ദുഷ്ക്കരം". അവന്റെ വാക്കുകള്‍ കേട്ട ശിഷ്യന്മാര്‍ വിസ്മയിച്ചു. യേശു വീണ്ടും അവരോട് പറഞ്ഞു. "കുഞ്ഞുങ്ങളേ! ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നത് എത്ര ദുഷ്ക്കരം. ഒട്ടകം സൂചിക്കുഴയിലൂടെ കടന്നുപോകുന്നതാണ്, ധനികന്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതിനെക്കാള്‍ എളുപ്പം". (മര്‍ക്കോസ് 10: 21-25). മത്തായി 19 : 23 - 30, ലൂക്കോസ്, 18 : 24 - 30 എന്നീ സുവിശേഷങ്ങളിലും സമാന പരാമര്‍ശങ്ങള്‍ ഉണ്ട്. ഈ ബൈബിള്‍ വാക്യങ്ങളെ അധികരിച്ച് മിറാന്‍ഡാ പറയുന്നു "വര്‍ഗരഹിത സമൂഹം മാര്‍ക്സ് കണ്ടുപിടിച്ചതല്ല. ആവിഷ്ക്കരണം മാറ്റിനിറുത്തിയാല്‍ ആശയം അസന്ദിഗ്ധമായി യേശുവിന്റെ യഥാര്‍ഥവും ഏറ്റവും അഭിപ്രായൈക്യമുള്ളതുമായ പഠനത്തിലുള്ളതാണ്".

-കമ്യൂണിസം ബൈബിളില്‍ (പേജ് 35).

മാര്‍ക്സിസം വര്‍ഗസമരത്തെ ഉപാധിയാക്കുന്നതിനാലും അതില്‍ കലാപമുള്ളതിനാലുമാണ് അതിനോടു വിയോജിച്ചുകൊണ്ട് സഭ ക്രിസ്തുവിന്റെ "സ്നേഹവഴി" തെരഞ്ഞെടുത്ത് മാറി സഞ്ചരിക്കുന്നതെന്ന ഫാ. തേലക്കാടിന്റെ നിരീക്ഷണം തികച്ചും തെറ്റാണ്. കമ്യൂണിസ്റ്റ് പാര്‍ടി ഉയര്‍ന്നവന്‍ , താണവന്‍ എന്ന ഭേദമില്ലാതെ അംഗങ്ങളെയെല്ലാം "സഖാവെ" എന്ന് അഭിസംബോധന ചെയ്യുന്നു. മാര്‍ക്സിസത്തിന്റെ ഈ "സ്നേഹവഴി" അദ്ദേഹം കാണാതെ പോകുന്നത് എന്തുകൊണ്ട്? തേലക്കാട് പറയുന്ന "സ്നേഹാനുരഞ്ജനങ്ങളുടെ" വഴി മാത്രമല്ലല്ലോ ക്രിസ്തുവും സ്വീകരിച്ചിരുന്നത്. മാര്‍ക്സിസത്തില്‍ "സ്നേഹവഴി" ഇല്ല "കലാപവഴി" മാത്രമേയുള്ളു എന്ന് പറയാതെ പറഞ്ഞുവയ്ക്കുന്ന സമീപനം ഫാ. തേലക്കാടിന്റേതു മാത്രമല്ല; സഭയുടെ നിലവിലുള്ള പൊതു സമീപനവുമാണത്. ഇത്തരം സങ്കുചിത വീക്ഷണങ്ങള്‍ ക്രിസ്തുവിനെ പ്രതി തിരുത്തേണ്ടത് സഭയുടെ സല്‍പ്പേരിന് സഹായകമാവുകയേയുള്ളു. പ്രപഞ്ചവിജ്ഞാനത്തിന് വലിയ സംഭാവനകള്‍ നല്‍കിയ മനുഷ്യസ്നേഹികളായ കോപ്പര്‍നിക്കസ്, ബ്രൂണോ, ഗലീലിയോ തുടങ്ങിയ ശാസ്ത്രജ്ഞന്മാരെ, മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത് ഏതു ക്രിസ്തു ദര്‍ശനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എന്ന് ഇപ്പോള്‍ ചോദിച്ചിട്ടു കാര്യമില്ല എങ്കിലും സഭാ നേതൃത്വത്തിന്റെ വിശ്വാസ്യതയ്ക്കേറ്റ തീരാക്കളങ്കങ്ങളായിരുന്നു ഈ ദാരുണ സംഭവങ്ങള്‍ .

ചെയ്ത തെറ്റുകള്‍ ഏറ്റുപറയാനും തിരുത്താനും സഭ എത്രയോ വൈകി എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണോ സഭ ഇപ്പോഴും പ്രവര്‍ത്തിക്കുന്നതെന്ന സംശയം പരക്കെ ഉയരുന്നുണ്ട് എന്ന കാര്യം സഭാപിതാക്കള്‍ സമചിത്തതയോടെയും വിവേകത്തോടെയും കാണേണ്ടതല്ലേ, പുതിയ ജനാധിപത്യതിനു പൊരുത്തപ്പെടാത്ത ഏകാധിപത്യ പ്രവണതയുടെ ദുഷ്ടുകള്‍ വളരെ വൈകി മാത്രം പരിശോധിച്ച് തിരുത്തുന്നത് നിഷ്ഫലമാണല്ലോ. പുതിയ കാല മാനവികതയുമായി പൊരുത്തപ്പെടാന്‍ സന്നദ്ധമാണെങ്കില്‍ സഭ അടിയന്തരമായി ചെയ്യേണ്ടത് കമ്യൂണിസത്തോടുള്ള പ്രത്യക്ഷവും പരോക്ഷവുമായ "കുരിശുയുദ്ധം" അവസാനിപ്പിക്കുക എന്നതാണ്. ക്രിസ്തുവിന്റേത് "സ്നേഹ അനുരഞ്ജനവഴി" മാത്രമാണെങ്കില്‍ ആ വഴി പിന്‍തുടര്‍ന്ന് സഭയ്ക്ക് എന്തുകൊണ്ട് മാര്‍ക്സിസവുമായി പൊരുത്തപ്പെട്ടുകൂടാ? മാര്‍ക്സും മാര്‍ക്സിസ്റ്റുകാരും കലാപകാരികളാണ് എങ്കില്‍ ക്രിസ്തുവും ക്രിസ്ത്യാനികളും കലാപകാരികളായിരുന്നിട്ടില്ലേ? അനീതികള്‍ക്ക് എതിരായിട്ടുള്ള കലാപങ്ങള്‍ക്ക് അയിത്തം കല്പിക്കേണ്ടതുണ്ടോ? "ഇരു ദര്‍ശനങ്ങള്‍ക്കും തമ്മില്‍ , ലക്ഷ്യം ഒന്നാണെങ്കിലും മാര്‍ഗങ്ങളില്‍ അടിസ്ഥാനപരമായ വ്യത്യാസമുണ്ട്. ഒരേ ലക്ഷ്യത്തിനുവേണ്ടി ഭിന്നവഴികളില്‍ സഞ്ചരിക്കുന്ന സഹോദരങ്ങളുടെ പോരായി ഈ വൈരുധ്യത്തെ കാണാന്‍ കഴിയും. സഹോദരന്മാര്‍ തമ്മില്‍ പോരടിക്കുന്നതുപോലെ, പങ്കാളിത്തവും സഹകരണവും ആകാവുന്നതേയുള്ളു. അതിലേക്കുള്ള വഴി സുഗമമാക്കുക എന്ന ലക്ഷ്യമാണ് സിപിഐ എമ്മിന്റെ സമീപനമെങ്കില്‍ സ്വാഗതാര്‍ഹമാണ്"-ഫാ. തേലക്കാട് പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകളില്‍ നിഴലിക്കുന്നത് അനുരഞ്ജനതിന്റെ സമീപനമാണ്. എന്നാല്‍ വ്യവസ്ഥാപിത സഭയുടെ സമീപനമായി അതു പരിണമിക്കുമോ എന്നതാണ് ഏറെ പ്രധാനം. സഭ ആഗോളാടിസ്ഥാനത്തില്‍ത്തന്നെ അടിത്തറയുള്ള ഒരു സ്ഥാപനമാണ്. നയപരമായിത്തന്നെയുള്ള ചില തിരുത്തലുകള്‍ക്ക് സഭ തയാറാകാതെ തേലക്കാടിന്റെ വാക്കുകള്‍ യാഥാര്‍ഥ്യമാകുമോ?

നയപരമായി സഭ വരുത്തേണ്ട തിരുത്തലില്‍ ഏറെ പ്രധാനമായത് സംബന്ധിച്ച് ഡോ. മിറാന്‍ഡാ എഴുതിയതു നോക്കുക. "അസമമായ സമ്പത്തിന്റെ നേര്‍ക്ക് ബൈബിള്‍ ചൊരിയുന്ന ശകാരം നോക്കാന്‍ ധൈര്യപ്പെടാതിരുന്നതിനാല്‍ മാത്രമാണ് പാശ്ചാത്യന്റെ ചരിത്രം ക്രിസ്തുമതത്തിന്റെ ദുര്‍വ്യാഖ്യാനമായിപ്പോയത്... ഇങ്ങനെ വഴി മാറിപ്പോയതിന്റെ ഒരു ഫലം ക്രിസ്തുദര്‍ശനം പോലും അപ്രസക്തവും വിലയില്ലാത്തതുമായ പഠനങ്ങളുടെ കള്ളപ്രചാരമായിരിക്കുന്നു എന്നതാണ്. സുവിശേഷം പറയിക്കുന്നതില്‍ യാഥാര്‍ഥ്യബോധമുണ്ടാകണമെങ്കില്‍ യേശുവിനെ മാധുര്യമൂറുന്ന അനുരഞ്ജകനായി സങ്കല്പിക്കുന്നത് നിറുത്തിയേ തീരൂ. യഥാര്‍ഥത്തില്‍ അവിടുന്ന് ഒരു മൂര്‍ച്ചയുള്ള മനുഷ്യനായിരുന്നു. സ്വയം പ്രചോദിതരായി, തന്നെ പിന്‍തുടരാനാഗ്രഹിച്ചുവന്ന ധനികരെ അവരുടെ വഴിയില്‍ മരവിപ്പിച്ചു നിര്‍ത്തിക്കൊണ്ട് "ആദ്യം പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു നല്‍കിയശേഷം എന്നെ പിന്‍തുടരുക" എന്നു പറഞ്ഞ യേശുവിനെക്കാള്‍ വിട്ടുവീഴ്ചയ്ക്ക് തയാറില്ലാത്ത ഒരാള്‍ ചരിത്രത്തില്‍ മറ്റാരെങ്കിലും ഉണ്ടോ? ഈ പ്രസ്താവനകള്‍ കര്‍ശനവും സമരോത്സുകവുമായ സ്വരത്തില്‍ മാത്രമല്ലാതെ ചെയ്തിരിക്കാന്‍ സാധ്യമല്ല - ധനത്തെപ്പറ്റി പറയുമ്പോള്‍ "അനീതിയുടെ കാശ്" (ലൂക്ക 16 : 9 - 11) എന്ന് ഉറപ്പിച്ചുപറഞ്ഞ മനുഷ്യന്റെ സ്വരത്തില്‍ ; പ്രീശന്മാരുടെയും നിയമജ്ഞരുടെയും നേര്‍ക്ക് "കപടവിശ്വാസികളെ!" എന്ന് ഏഴുപ്രാവശ്യം തുടര്‍ച്ചയായി (മത്തായി 23 : 13, 14, 15, 23, 25, 27, 29) ആക്രോശിച്ച മനുഷ്യന്റെ സ്വരത്തില്‍ , ദേവാലയത്തെപ്പറ്റി പരാമര്‍ശിക്കവെ കഠിനമായി "കല്ലിന്മേല്‍ കല്ല് ശേഷിക്കുകയില്ല" എന്നുപറയുന്ന മനുഷ്യന്റെ കര്‍ശനമായ സ്വരത്തില്‍ യേശുവിന് ഒരു വിപ്ലവകാരിയുടെ സ്വഭാവമായിരുന്നു. ഇതു നാം മനസ്സിലാക്കേണ്ട സമയമായിരിക്കുന്നു".-കമ്യൂണിസം ബൈബിളില്‍ (പേജ് 37 - 38)

ലോകചരിത്രത്തെ "മാനവികമായി" മാറ്റിത്തീര്‍ക്കുന്നതിന് നേതൃത്വം കൊടുത്ത പ്രവാചകരുടെയും രാഷ്ട്രീയ നേതാക്കളുടെയും സാമൂഹ്യ പരിഷ്കര്‍ത്താക്കളുടെയും ജീവിതം വിലയിരുത്തുമ്പോള്‍ ഈ സവിശേഷതകളെല്ലാം സാമാന്യേന അവരിലൊക്കെ കണ്ടെത്താന്‍ കഴിയും. അവര്‍ സ്നേഹത്തിന്റെയും അനുരഞ്ജനത്തിന്റെയും ആള്‍രൂപങ്ങള്‍ ആയിരിക്കുന്നതോടൊപ്പം നീതികേടുകള്‍ക്കെതിരെ കര്‍ശനമായ നിലപാടുകള്‍ സ്വീകരിച്ചിരുന്നവര്‍ കൂടിയായിരുന്നു എന്നു കാണാം. നീതികേടിനെതിരെ അനുരഞ്ജനം അനീതിക്ക് കൂട്ടുനില്‍ക്കല്‍ തന്നെയാണല്ലോ. സ്നേഹംകൊണ്ടും അനുരഞ്ജനം കൊണ്ടും മാത്രം മാറ്റി എഴുതപ്പെട്ടതല്ല ലോകചരിത്രം. "അസമമായ സമ്പത്തിന്റെ നേര്‍ക്ക് ബൈബിള്‍ ചൊരിയുന്ന ശകാരം" ഒഴിവാക്കാന്‍ അസമമായ സമ്പത്തു കൈയാളുന്നവര്‍ കണ്ടുപിടിച്ച സൂത്രവിദ്യയാണ് ക്രിസ്തുവില്‍ അവര്‍ തെറ്റായി ആരോപിച്ച "അമിത സ്നേഹ അനുരഞ്ജനങ്ങളും വിപ്ലവരാഹിത്യവും". മാര്‍ക്സിസത്തെയും ക്രിസ്റ്റ്യാനിറ്റിയെയും താരതമ്യപ്പെടുത്തുമ്പോള്‍ ഫാ. തേലക്കാട് അറിഞ്ഞോ അറിയാതെയോ പരാമര്‍ശിക്കുന്നത് തെറ്റായ ഇക്കാര്യം തന്നെയാണ്. "സ്നേഹത്തിനുവേണ്ടി പരാജയപ്പെടാനും കുരിശിലേറാനും യേശു പഠിപ്പിച്ച മാര്‍ഗമേ എനിക്കു സ്വീകാര്യമാവുകയുള്ളു" എന്നു പറയുന്ന ഫാ. തേലക്കാട് താന്‍കൂടി നേതൃത്വം കൊടുക്കുന്ന കേരള കത്തോലിക്കാ സഭാ ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് സ്വയം വിമര്‍ശനപരമായി ഒന്നു തിരിഞ്ഞുനോക്കുന്നത് നന്നായിരിക്കും എന്നുമാത്രമേ പറയാനുള്ളു. സ്നേഹത്തിനുവേണ്ടി പരാജയപ്പെട്ട ക്രിസ്തുവിന്റെ പിന്‍മുറക്കാര്‍ "സ്നേഹത്തെത്തന്നെ പരാജയപ്പെടുത്തിയ" എത്രയോ അനുഭവകഥകള്‍ പറയാനുണ്ട്.... കേരളത്തിന്റെ "തിരുഹൃദയ"ത്തിനേറ്റ മായാത്ത മുറിപ്പാടുകളായി ഇപ്പോഴും അവ അവശേഷിക്കുന്ന കാര്യം അഭിവന്ദ്യനായ അദ്ദേഹത്തിനും അറിയാത്തതൊന്നുമല്ലല്ലോ. എന്തായാലും ഫാ. തേലക്കാട് ചൂണ്ടിക്കാട്ടുന്ന ഗൗരവപൂര്‍ണവും യുക്തിസഹവുമായ ചില നിരീക്ഷണങ്ങളെ സൂക്ഷ്മമായ വിലയിരുത്തലിനു തന്നെ വിധേയമാക്കേണ്ടതുണ്ട്. അദ്ദേഹം പറയുന്നു. "കാള്‍മാര്‍ക്സ് എന്ന മനുഷ്യന് ക്രൈസ്തവ പശ്ചാത്തലമുണ്ട്്. മാര്‍ക്സ് പറഞ്ഞതനുസരിച്ച് 1800 വര്‍ഷം കഴിഞ്ഞിട്ടും ക്രിസ്തുവിന്റെ സ്നേഹം പ്രാവര്‍ത്തികമായിട്ടില്ല. അതിന് സാമൂഹ്യപരിഷ്കരണത്തിന് വേണ്ട ഊര്‍ജം ഇല്ല. അതുകൊണ്ട് മാര്‍ക്സ് വര്‍ഗസമരത്തിന്റെ പാത സ്വീകരിച്ചു. എന്നാല്‍ മാര്‍ക്സ് ചൂണ്ടിക്കാട്ടിയ വഴിയിലൂടെയുള്ള സാമൂഹ്യ പരിഷ്കരണവും വിജയിച്ചിട്ടില്ല. സ്നേഹം എപ്പോഴും വിജയിക്കുന്നില്ല"".

തികച്ചും തുറന്ന മനസ്സോടെയുള്ള ഈ മാനവിക നിരീക്ഷണങ്ങളെ മുന്‍വിധികള്‍ കൂടാതെതന്നെ നാം നോക്കിക്കാണേണ്ടതുണ്ട്. അതിനു 2000 വര്‍ഷങ്ങള്‍ക്കു മുമ്പു മുതലുള്ള ക്രൈസ്തവ ചരിത്രത്തിന്റെ പരിശോധന ആവശ്യവുമാണ്. 160-170 വര്‍ഷത്തിന്റെ മാത്രം പഴക്കമുള്ള മാര്‍ക്സിസത്തിന്റെ പരിശോധന താരതമ്യേന എളുപ്പവുമാണ്. 1800 വര്‍ഷംകൊണ്ട് നേടാന്‍ കഴിയാത്തത് 170 വര്‍ഷങ്ങള്‍കൊണ്ട് നേടുക എന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ലല്ലോ. യേശുവിനെക്കുറിച്ചുള്ള കഥകള്‍ ഏറെയും രൂപപ്പെട്ടത് "പാഗന്‍" മതവിശ്വാസത്തില്‍ നിന്നാണ്. സുമേറിയന്‍ ദൈവമായ "ഡുമൂസ്" കുഞ്ഞാട്, ദൈവത്തിന്റെ പുത്രന്‍ എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ടിരുന്നു. ഈ ദേവന്‍ പീഡാനുഭവങ്ങള്‍ക്ക് വിധേയനായി കൊല്ലപ്പെട്ടെന്നും സംസ്കാരശേഷം മൂന്നാംനാള്‍ ഉയര്‍ത്തെഴുന്നേറ്റെന്നും കഥ പ്രചരിച്ചിരുന്നു. ബാബിലോണിയക്കാരുടെ "താമൂസ്" ദേവന്‍ "കന്യക"യില്‍നിന്ന് ജനിച്ചവന്‍ എന്ന് അറിയപ്പെട്ടിരുന്നു. ഈ ദൈവവും പീഡാനുഭവങ്ങള്‍ ഏറ്റുവാങ്ങി മരിച്ചെന്നും പിന്നീട് ഉയിര്‍ത്തെഴുന്നേറ്റു എന്നും മറ്റൊരു കഥയുണ്ട്. ദുഃഖവെള്ളി, ഈസ്റ്റര്‍ എന്നിവയ്ക്ക് ഈ ദേവന്റെ കഥയുമായി ബന്ധമുണ്ട്. "ഇറ്റസ്" എന്ന ദൈവം "നല്ല ഇടയന്‍" എന്നാണ് അറിയപ്പെട്ടിരുന്നത്. മെഡിറ്ററേനിയന്‍ സംസ്കാരങ്ങളിലെല്ലാം പീഡിതരായി കൊല്ലപ്പെട്ടവരും ഉയര്‍ത്തെഴുന്നേറ്റവരുമായ നിരവധി ദൈവങ്ങളെക്കുറിച്ചുള്ള കഥകള്‍ നിറയെ കേള്‍ക്കാം. വിവിധങ്ങളായ ഈ മതവിശ്വാസങ്ങളെക്കുറിച്ച് അഗാധ ജ്ഞാനം നേടിയ വ്യക്തിയായിരുന്നു പൗലോസ്. അദ്ദേഹമാണ് ഇവയിലെ ആശയങ്ങളും പദപ്രയോഗങ്ങളും സമ്പ്രദായങ്ങളുമെല്ലാം ക്രിസ്തുമതത്തിലേക്ക് സന്നിവേശിപ്പിച്ചതെന്ന് എച്ച് ജി വെല്‍സ് പറയുന്നു. പൗലോസിന്റെ നേതൃത്വത്തില്‍ രൂപപ്പെട്ട ആദ്യകാല ക്രിസ്തീയ സഭ നിരവധി ആശയവൈരുധ്യങ്ങളെ നേരിട്ടിരുന്നു. ക്രിസ്തുമതത്തിന്റെ അടിത്തറയായി കരുതപ്പെട്ടിരുന്ന ഓരോ ആശയങ്ങളും അന്ന് വെല്ലുവിളിക്കപ്പെട്ടിരുന്നു. രണ്ടാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ മാത്രമാണ് ബിഷപ്പുമാരും പുരോഹിതന്മാരുംഉള്‍പ്പെടുന്ന "സത്യവിശ്വാസ സംരക്ഷകരുടെ" ഏകസഭ രൂപപ്പെട്ടത്. നിരവധി ക്രിസ്ത്യന്‍ ഗ്രൂപ്പുകളെ ഏകോപിപ്പിക്കാന്‍ വേണ്ടി ഇറേനിയൂസിന്റെ നേതൃത്വത്തില്‍ നാലു കാനോനിക സുവിശേഷങ്ങള്‍ ഒഴികെ മറ്റുള്ളവയെല്ലാം വിഷം പോലെ വര്‍ജ്യമാണെന്ന പ്രഖ്യാപനവുമുണ്ടായി. എന്നാല്‍ വാലന്റീനിയന്‍ ഗ്നോസ്റ്റിക്കുകള്‍ ഇത് അംഗീകരിക്കുവാന്‍ തയാറായില്ല. ജ്ഞാനസ്നാനം, കൂദാശ, പ്രാര്‍ഥന എന്നിവയെല്ലാം യഥാര്‍ഥ ജ്ഞാനത്തിന്റെ ആരംഭം മാത്രമാണെന്ന് പറഞ്ഞ് അവര്‍ നിസ്സാരവല്‍ക്കരിച്ചു. ഗ്നോസ്റ്റിക് ഗുരുക്കന്മാരുടെ ഇടയില്‍ സ്ത്രീകളും ഉണ്ടായിരുന്നു. ഇത് "സത്യവിശ്വാസ സംരക്ഷകരായ" ഇറേനിയൂസിന്റെ നേതൃസഭയ്ക്ക് തീരെ ഇഷ്ടമായിരുന്നില്ല. ക്രിസ്തുവിന്റെ രക്തസാക്ഷിത്വത്തെ സ്വര്‍ഗരാജ്യത്തിലേക്കുള്ള പ്രവേശന കവാടമായി ഉയര്‍ത്തി പ്രചരിപ്പിച്ച ഈ സഭ ഗ്നോസ്റ്റിക് ഗുരുക്കന്മാരുടെ ആഴമേറിയ ജ്ഞാനാന്വേഷണങ്ങള്‍ക്ക് ഒരിടവും നല്‍കിയിരുന്നില്ല. ഇക്കാലത്ത് റോമാസാമ്രാജ്യം ക്ഷയോന്മുഖമായിക്കൊണ്ടിരിക്കുകയായിരുന്നു. ക്രിസ്തുമതം ശക്തിപ്പെടുകയും വിഗ്രഹപൂജയോടൊപ്പം ചക്രവര്‍ത്തി പൂജയും അസ്തമിച്ചു തുടങ്ങുകയുമായിരുന്നു. തന്റെ സിംഹാസനം ഉറപ്പിക്കാന്‍ വേണ്ടി കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തി ക്രിസ്തീയ സഭയുടെ സഹകരണം തേടി. ഇഋ 313 ല്‍ മിലാന്‍ ശാസനയിലൂടെ കോണ്‍സ്റ്റന്റയിന്‍ ക്രിസ്തുമതത്തെ റോമിന്റെ അംഗീകൃത മതമായി പ്രഖ്യാപിച്ചു.

"ക്രിസ്തു ശിഷ്യതുല്യനായി" തന്നെ സ്വയം പ്രഖ്യാപിക്കുകയും ചെയ്തു. തന്റെ സാമ്രാജ്യം കൂടുതല്‍ ശക്തിപ്പെടുത്താനായി ക്രിസ്തീയ സഭയെ അദ്ദേഹം ആവോളം പ്രീണിപ്പിച്ചു. "ഒരു ദൈവം ഒരു സഭ" എന്ന അജന്‍ഡ നടപ്പാക്കുകയും ചെയ്തു. യാഥാസ്ഥിതിക സഭാവിശ്വാസം തന്റെ നിലനില്പിന് അനുപേക്ഷണീയമാണെന്ന് ചക്രവര്‍ത്തി തിരിച്ചറിഞ്ഞുകഴിഞ്ഞിരുന്നു. അതുകൊണ്ട് ക്രിസ്തുവിന് ദൈവിക പരിവേഷം നല്‍കാത്ത ഒരു ചിന്തയെയും അദ്ദേഹം വച്ചുപൊറുപ്പിച്ചില്ല. ക്രിസ്തുവിനെ പൂര്‍ണമായും അംഗീകരിച്ചിരുന്ന അരിയൂസിനെപ്പോലുള്ള ഉജ്വല ചിന്തകര്‍ , പക്ഷേ യേശുവിനെ പൂര്‍ണ ദൈവമായി അംഗീകിക്കാന്‍ തയാറായില്ല. "നശ്വരനായ മഹാനായൊരു പ്രവാചകന്‍" എന്ന പദവി നല്‍കാനേ അരിയൂസ് തയാറായുള്ളു. അരിയൂസ് ഉള്‍പ്പെടെയുള്ള സ്വതന്ത്ര ചിന്തകരെ ചക്രവര്‍ത്തി ഉന്മൂലനം ചെയ്തു. ഒപ്പം "പള്ളിമത"ത്തെ സ്ഥാപനവല്‍ക്കരിക്കുകയും ചെയ്തു. യേശുവിന്റെ മാനുഷിക അംശങ്ങളെക്കുറിച്ച് എന്തെങ്കിലും സൂചന നല്‍കിയിരുന്ന എല്ലാ ഗ്രന്ഥങ്ങളും നശിപ്പിക്കുകയും നിരോധിക്കുകയും ചെയ്തു. പൂര്‍വാധികം ശക്തനായി മാറിയ കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തിയുടെ അനുഗ്രഹാശിസ്സുകളോടെ സഭയും വളരെവേഗം ശക്തിപ്രാപിച്ചു. ചക്രവര്‍ത്തിയുടെ പിന്‍ബലത്തില്‍ സഭ സ്വത്തുവകകള്‍ വാരിക്കൂട്ടി. ബിഷപ്പുമാരെയും പുരോഹിതന്മാരെയും ചക്രവര്‍ത്തിക്കു തുല്യം അധികാരം കയ്യാളുന്നവരായി വാഴിച്ചു. ഇതിനു സഹായകങ്ങളായ നിയമങ്ങള്‍ തന്നെ രൂപപ്പെടുത്തി.....

ഇങ്ങനെയൊക്കെ സഭയുടെ അധികാരം സ്ഥാപനവല്‍ക്കരിക്കപ്പെട്ടതോടെ ക്രിസ്തുമതത്തിന്റെ സര്‍ഗാത്മകശേഷിയും ആന്തരികസത്തയും ചോര്‍ന്നുപോയി. യാന്ത്രികമായ ആചാരാനുഷ്ഠാനങ്ങള്‍ക്കപ്പുറമുള്ള ആശയതലത്തിനു യാതൊരു പ്രസക്തിയും ഇല്ലാതെയായി. ഏകശിലാ ശാസനകള്‍ക്കും ചോദ്യംചെയ്യപ്പെടാനാവാത്ത ഇടയലേഖനങ്ങള്‍ക്കും വിധേയമായി പ്രവര്‍ത്തിക്കേണ്ടിവന്ന ഒരു "ആള്‍ക്കൂട്ട മതമായി" ക്രിസ്തുമതം അധഃപതിച്ചു. അജ്ഞരും സ്വാര്‍ഥരും അക്രമാസക്തക്കാരുമായ ഒരു വലിയ അനുയായി വൃന്ദം രൂപപ്പെട്ടപ്പോള്‍ ഗ്നോസ്റ്റിക്കുകള്‍ ഒറ്റപ്പെട്ടുപോയി. അവര്‍ അസംഘടിതരായി ചെറുസംഘങ്ങള്‍ മാത്രമായി ചുരുങ്ങിപ്പോയി. സ്നേഹം, ത്യാഗം തുടങ്ങിയ കര്‍മമാര്‍ഗത്തിന് ശോഷണം സംഭവിക്കുകയും, ആചാരക്രമങ്ങള്‍ മാത്രം ശക്തി പ്രാപിക്കുകയും ചെയ്തു. ചിന്താ സ്വാതന്ത്ര്യം അനുവദിക്കാത്ത ഏതു പ്രസ്ഥാനത്തിനും നേരിടുന്ന ദുര്‍ഗതിയാണിത്. ഫാ. തേലക്കാട് പറയുമ്പോലെ "സ്നേഹം എപ്പോഴും വിജയിക്കുന്നില്ല" എന്ന ഒരു സാമാന്യ പ്രസ്താവനയില്‍ ചുരുക്കി ഒതുക്കാവുന്നതല്ല ക്രിസ്തുവിന്റെ ഭൗതിക രക്തസാക്ഷിത്വം. ഇതൊക്കെക്കൊണ്ടാണല്ലോ ക്രിസ്തുമതത്തിലെ പഴയ ഗ്നോസ്റ്റിക്കുകളുടെ പിന്‍മുറക്കാര്‍ "വിമോചനത്തിന്റെ ദൈവശാസ്ത്രവു"മായി സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരിക്കുന്നത്.

അധീശ ഭരണവര്‍ഗത്തിന്റെ തണലില്‍ പഴയകാലത്തെപ്പോലെ സ്വതന്ത്രചിന്തകളെയും ജനാധിപത്യ ബോധത്തെയും ഉന്മൂലനം ചെയ്യാനുള്ള വ്യഗ്രതയിലാണ് സഭാനേതൃത്വം ഇപ്പോഴും ഉള്ളത്. ലാറ്റിന്‍ അമേരിക്കയിലെ മൂന്നാം ലോകരാജ്യങ്ങളില്‍ വൈദികരുടെ നേതൃത്വത്തില്‍ത്തന്നെ ശക്തിപ്പെട്ടുവരുന്ന "വിമോചനത്തിന്റെ ദൈവശാസ്ത്രത്തെ" കേരളത്തിലെ പുരോഗമന പശ്ചാത്തലം ഉപയോഗപ്പെടുത്തി കേരളത്തിലെ സഭാനേതൃത്വം ഉള്‍ക്കൊള്ളേണ്ടതല്ലേ? എന്നാല്‍ സ്ഥിതി നേരെമറിച്ചാണ്. സഭാനേതൃത്വത്തില്‍ പലരും ഇതൊന്നും അറിഞ്ഞ ഭാവമേ നടിക്കാറില്ല. ഡോ. ജെ പി മിറാന്‍ഡയെപ്പോലുള്ളവരുടെ ദൈവശാസ്ത്ര കൃതികള്‍ ഘണ്ഡനാഭിപ്രായ പ്രകടനത്തിനു വേണ്ടിയെങ്കിലും ഒന്നു മറിച്ചുനോക്കാനുള്ള സന്മനസ്സ് കാട്ടേണ്ടതല്ലേ? ഈ ലേഖനത്തിലെ മുഖ്യപ്രതിപാദ്യ വിഷയമായ ഫാ. തേലക്കാടിന്റെ സംവാദാത്മക സമീപനമെങ്കിലും സഭാനേതൃത്വം പൊതുവെ പ്രകടിപ്പിക്കേണ്ടതല്ലേ? ഫാ. തേലക്കാട് ആശങ്കകളുടെ മുനനീട്ടിക്കൊണ്ടാണെങ്കിലും ഉന്നയിക്കുന്ന ചില പ്രശ്നങ്ങള്‍ സംവാദത്തിന്റെ ഒരു അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട് എന്ന് സന്തോഷപൂര്‍വം പറയേണ്ടതുണ്ട്. അദ്ദേഹം പറയുന്നു. "പ്രദര്‍ശന വിജയത്തെതുടര്‍ന്ന് പിണറായി വിജയന്‍ നല്‍കിയ വിശദീകരണം ക്രിസ്തുവിനെ ഉള്‍ക്കൊള്ളുന്നതിലേക്ക് മാര്‍ക്സിസം മാറുന്നതിന്റെ സൂചനയാണെങ്കില്‍ അത് സ്വാഗതാര്‍ഹമാണ്. അത് മതവിശ്വാസത്തിന് ആതിഥേയത്വം നല്‍കുന്നതിലേക്കുള്ള വാതില്‍ തുറക്കലാണെന്ന് കരുതട്ടെയോ? മാര്‍ക്സിസം മതവിശ്വാസം ഉള്‍ക്കൊള്ളാന്‍ തയാറാകുന്നില്ല എന്നത് അടിസ്ഥാന പ്രശ്നമായി അവശേഷിക്കുന്നു. അതു കണക്കിലെടുക്കുമ്പോള്‍ ക്രിസ്തുവും അദ്ദേഹത്തിന്റെ ദര്‍ശനവും ഏതു പരിധിവരെ മാര്‍ക്സിസത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയും എന്ന സംശയം സ്വാഭാവികമായും നിലനില്‍ക്കുന്നു". ക്രിസ്തുവിനെ ഉള്‍ക്കൊള്ളുന്നതിലേക്ക് മാര്‍ക്സിസം മാറുമോ എന്നതിനൊപ്പം ചോദിക്കേണ്ട മറ്റൊരു ചോദ്യം കൂടിയുണ്ട്. ക്രിസ്തുവിനെ ഉള്‍ക്കൊള്ളുന്നതിലേക്ക് സഭാനേതൃത്വം ഉയരുമോ എന്നതാണ് ആ ചോദ്യം. ക്രിസ്തുവിനെ ഉള്‍ക്കൊള്ളുക എന്നതിനെക്കാള്‍ ഏറെ, ചോദ്യം ചെയ്യപ്പെടാനാവാത്ത അധികാരകേന്ദ്രമായി ക്രിസ്തുമതത്തെ സ്ഥാപനവല്‍ക്കരിക്കുക എന്നതിലായിരുന്നല്ലോ സഭ എക്കാലവും ഏറെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ക്രിസ്തുവിനെ ഉള്‍ക്കൊള്ളുക എന്നാല്‍ "ക്രിസ്തുവില്‍ വിശ്വസിക്കുക" എന്ന് സഭ പൊതുവെ പറഞ്ഞുവരുന്ന സാമാന്യ പ്രസ്താവനയ്ക്കും അപ്പുറം മാനങ്ങളുണ്ട് എന്നാണ് ഈ ലേഖകന്റെ അഭിപ്രായം. "അന്വേഷിപ്പിന്‍ , കണ്ടെത്തും" എന്ന ക്രിസ്തുവചനത്തെ ഉള്‍ക്കൊള്ളേണ്ടത് മനുഷ്യസ്നേഹികളായ അന്വേഷകരെ പ്രോത്സാഹിപ്പിച്ചു കൊണ്ടായിരിക്കണം. ദൗര്‍ഭാഗ്യത്തിന് "വിശ്വാസികള്‍" അന്വേഷകരായി ഉയര്‍ന്നപ്പോഴൊക്കെ "മതനിന്ദ" എന്ന ഖഡ്ഗമുയര്‍ത്തി അന്വേഷണങ്ങളുടെയും അന്വേഷകരുടെയും ഗളഛേദം ചെയ്ത ചരിത്രമാണ് സഭയ്ക്കുള്ളത്. അപ്പോള്‍ സഭയ്ക്കുതന്നെ ക്രിസ്തുവിനെ യാഥാര്‍ഥ്യബോധത്തോടെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല എന്നു പറയേണ്ടി വരും. ഇനി മാര്‍ക്സിസത്തിന് എങ്ങനെ ക്രിസ്തുവിനെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു എന്നു നോക്കാം.

"പണ്ടത്തെ ക്രിസ്തുമത പുണ്യാളന്‍ സാധാരണ മനുഷ്യരുടെ ആത്മാവിനു പുണ്യം കിട്ടാന്‍ വേണ്ടി തന്റെ ദേഹം നിഗ്രഹിക്കുകയാണുണ്ടായത്" എന്നു പറഞ്ഞുകൊണ്ടാണ് മാര്‍ക്സ് ക്രിസ്തുവിനെ ഉള്‍ക്കൊണ്ടിരുന്നത്. സഭാസംഘടനകളുടെ പുതുരൂപങ്ങളായി മാറിയ "ഇടവക"കളെക്കാള്‍ എന്തുകൊണ്ടും മെച്ചമായിരുന്നു ക്രിസ്തുവിനെ ഉള്‍ക്കൊണ്ട ആദ്യകാല ക്രൈസ്തവ യോഗങ്ങളെന്നും അവയ്ക്ക് സാര്‍വദേശീയ പണിയാള സമാജത്തിന്റെ പ്രാദേശിക ശാഖകളുമായിട്ടാണ് കൂടുതല്‍ സാമ്യമുള്ളതെന്നും ഏണസ്റ്റ് രെനാന്‍ പറയുമ്പോള്‍ , സഭയുടെ ഇടവകയെക്കാള്‍ എന്തുകൊണ്ടും ക്രിസ്തുവോട് അടുത്തുനില്‍ക്കുന്നത് മാര്‍ക്സ് കെട്ടിപ്പടുത്ത തൊഴിലാളി സംഘടനകളാണെന്നു വരുന്നു. "മറ്റേതൊരു വിപ്ലവ പ്രസ്ഥാനവും പോലെ ക്രിസ്തുമതവും സ്ഥാപിച്ചത് ബഹുജനങ്ങളാണ്" എന്ന് എംഗല്‍സ് അര്‍ഥശങ്കക്കിടയില്ലാതെ പറയുന്നുണ്ട്. എംഗല്‍സ് "ആന്റിഡ്യൂറിംഗി"ല്‍ ഒരുഭാഗത്ത് ഇങ്ങനെ പറയുന്നു. "എല്ലാവിധ ആളുകളുടെയും സമത്വമെന്നത് പ്രാചീനര്‍ക്കിടയില്‍ ഭ്രാന്തായി കണക്കാക്കപ്പെട്ടിരുന്നു. എന്നുമാത്രമല്ല അത് കുറ്റകരവുമായിരുന്നു. സ്വാഭാവികമായും ക്രൈസ്തവ ലോകത്തില്‍ അതിന്റെ ആദ്യനാമ്പുകള്‍ പുറത്തു കണ്ടപ്പോള്‍തന്നെ അവയ്ക്കെതിരായ മര്‍ദനമുറകള്‍ സ്വീകരിക്കപ്പെടുകയും ചെയ്തിരുന്നു. ക്രൈസ്തവ ലോകത്തില്‍ ആദ്യമാദ്യം എല്ലാ മനുഷ്യരും ദൈവത്തിന്റെ മുന്നില്‍ സമന്മാരാണെന്ന ഒരു നിഷേധാത്മക സമത്വം ഉണ്ടായിരുന്നു. കുറെക്കൂടി സങ്കുചിതമായി യേശുവിന്റെ അനുഗ്രഹത്താലും രക്തത്താലും പാപമോചനം കിട്ടിയ എല്ലാ ദൈവസന്തതികളുടെയും സമത്വമായി അതിനെ വ്യാഖ്യാനിക്കാന്‍ കഴിയുമായിരുന്നു. രണ്ടായാലും അത് അടിമകളുടെ മതമെന്ന നിലയ്ക്കുള്ള ഭ്രഷ്ടരും നിസ്വരും പീഡിതരും മര്‍ദിതരുമായ ആളുകളുടെ മതമെന്ന നിലയ്ക്കുള്ള ക്രൈസ്തവസഭയുടെ പങ്കില്‍ വേരൂന്നിയതായിരുന്നു.

ക്രിസ്തുമതം വിജയിച്ചതോടെ ഈ പരിഗണന പിന്നിലേക്ക് തള്ളപ്പെടുകയും പ്രാഥമികമായ പ്രാധാന്യം വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള യാഥാസ്ഥിതികരും പാഷണ്ഡന്മാരും തമ്മിലുള്ള പ്രതിപക്ഷതയ്ക്ക് ആവുകയും ചെയ്തു". ഇങ്ങനെ ക്രിസ്തുവിനെയും ക്രിസ്റ്റ്യാനിറ്റിയെയും അത് അര്‍ഹിക്കുന്ന പരിഗണനകളോടെ ആണ് മാര്‍ക്സിസം വിലയിരുത്തിയിട്ടുള്ളത്. എന്നാല്‍ സംഘടിത സഭ എങ്ങനെ അതു ദുരുപയോഗപ്പെടുത്തുന്നു എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങള്‍ നമുക്ക് ലഭിക്കുന്നത് സര്‍ഗാത്മക രചനകളില്‍ നിന്നാണ്. ദസ്തയോവിസ്കി, ഡാവിഞ്ചി, ടോള്‍സ്റ്റോയി, സരമാഗു, ഖലീല്‍ ജിബ്രാന്‍ , കസാന്‍ത്സാക്കീസ് തുടങ്ങി ഫിലിപ്പ് പുള്‍മാന്‍ വരെയുള്ള പ്രഗത്ഭമതികള്‍ സഭയുടെ "തടങ്കലി"ലായ ക്രിസ്തുവിനെ വിമോചിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ദസ്തയോവിസ്കിയുടെ "ഉഗ്രനായ മതദ്രോഹ വിചാരകന്‍" എന്ന ഉപാഖ്യാനം ഏറ്റവും നല്ല ഉദാഹരണമാണ്.

റോമാ സഭയുടെ മതദ്രോഹ വിചാരകനായ കര്‍ദിനാള്‍ തടവിലാക്കപ്പെട്ട യേശുവിനോടു ചോദിക്കുന്നു. "നീ അവജ്ഞാപൂര്‍വം നിരസിച്ചതിനെ ഞങ്ങള്‍ ഏറ്റുവാങ്ങി... ഞങ്ങള്‍ റോമാസാമ്രാജ്യവും സീസറിന്റെ ഉടവാളും സ്വീകരിച്ചു. ലോകത്തിന്റെ ഏക ഛത്രാധിപതികള്‍ ഞങ്ങളാണെന്ന് പ്രഖ്യാപിച്ചു. ഞങ്ങളെ തടസ്സപ്പെടുത്താന്‍ നീ എന്തിനു വന്നു?.. ഞങ്ങളുടെ സാമ്രാജ്യം സ്ഥാപിതമാകും. ഞാന്‍ പറയുന്നു, ഞങ്ങളെ തടസ്സപ്പെടുത്തിയ കുറ്റത്തിന് നിന്നെ ദഹിപ്പിക്കാന്‍ പോകുന്ന ചിതയ്ക്ക് തീ കൂട്ടാന്‍ ഞാന്‍ ഒരു അടയാളം നല്‍കുന്ന മാത്രയില്‍ ഓടിക്കൂടുന്ന ആ അനുസരണയുള്ള സമൂഹത്തെ നാളെ നീ കാണാന്‍ പോകുകയാണ്". അതെ! സത്യത്തെ ക്രൂശിലേറ്റാന്‍ ഒരുങ്ങുമ്പോള്‍ സഭയ്ക്കുവേണ്ടി ഓടിക്കൂടുന്ന അനുസരണയുള്ള ഒരു ന്യൂനപക്ഷസമൂഹം "മതേതര മാനവികതയ്ക്കു" മുന്‍തൂക്കമുള്ള കേരളത്തില്‍പ്പോലും ഇപ്പോഴും നിലനില്ക്കുന്നു എന്നത് ഏറെ ദുഃഖകരമാണ്. "മതമില്ലാത്ത ജീവന്" എതിരായും "അവസാനത്തെ അത്താഴ"ത്തിന്റെ പേരില്‍ ആരോ പ്രതിഷ്ഠിച്ച പരസ്യപ്പലകയ്ക്ക് എതിരായും ഓടിക്കൂടി തെരുവില്‍ പ്രകടനം നയിക്കുന്ന ആള്‍ക്കൂട്ടം ആദര്‍ശശാലിയായ ഒരു വിപ്ലവ പ്രതീകത്തെ അപമാനിക്കുകയാണ് ചെയ്യുന്നത്.


*****


എ കെ പീതാംബരന്‍, കടപ്പാട് : ദേശാഭിമാനി വാരിക

Monday, January 9, 2012

ചുവന്ന പ്രഭാതത്തിനും മുമ്പേ ഉദിച്ച നക്ഷത്രം

ചരിത്രത്തെ ഒപ്പം കൂട്ടിയാണ് എന്‍ ചന്ദ്രശേഖരപിള്ള നെയ്യാറ്റിന്‍കരയില്‍നിന്ന് കണ്ണൂരിലേക്ക് വന്നത്. രാഷ്ട്രീയ കയറ്റിറക്കങ്ങളുടെ ചരല്‍പ്പാതകളിലൂടെ അദ്ദേഹം പിന്നീട് കേരളത്തിന്റെ കുഗ്രാമങ്ങളില്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ വിശ്രമരഹിതമായി പ്രവര്‍ത്തിച്ചു.

എന്‍ സി ശേഖര്‍ -കേരളത്തില്‍ ചുവന്ന പ്രഭാതം പിറക്കുംമുമ്പേ ഉദിച്ച നക്ഷത്രം. കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആദ്യ സെല്‍ രൂപീകരണയോഗത്തില്‍ പങ്കെടുത്ത നാലു വിപ്ലവകാരികളില്‍ ഒരാള്‍ . 1937 ജൂണിലോ ജൂലൈയിലോ കോഴിക്കോട് പാളയത്തെ പച്ചക്കറിപ്പീടികയുടെ മുകളില്‍ ഇ എം എസും പി കൃഷ്ണപിള്ളയും കെ ദാമോദരനുമൊപ്പം ആ രൂപീകരണയോഗത്തില്‍ ശേഖറും. എസ് വി ഘാട്ടെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന രഹസ്യയോഗത്തിന്റെ തുടര്‍ച്ചയായി 1939-ല്‍ പിണറായി പാറപ്രത്ത് ചേര്‍ന്ന സമ്മേളനത്തിലാണ് കമ്യൂണിസ്റ്റ് പാര്‍ടി കേരളഘടകം ഔപചാരികമായി രൂപംകൊണ്ടത്.

കമ്യൂണിസ്റ്റ് പാര്‍ടി രൂപീകരണത്തിനു മുമ്പേ കേരളത്തില്‍ കമ്യൂണിസ്റ്റ് സഹവര്‍ത്തിത്വത്തിന്റെ ചരിത്രം ആരംഭിക്കുന്നു; 1931ല്‍ എന്‍ സി ശേഖറിലൂടെ. ഒക്ടോബര്‍ വിപ്ലവം യുവാക്കളില്‍ ആവേശംനിറച്ച കാലം. ചെറുപ്പക്കാര്‍ പുതുയുഗപ്പിറവി സ്വപ്നം കണ്ടുതുടങ്ങി. ദേശീയ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച സോഷ്യലിസ്റ്റ് ചിന്താഗതിക്കാരില്‍ സത്യഗ്രഹത്തേക്കാള്‍ മൂര്‍ച്ചകൂടിയ സമരതന്ത്രം വേണമെന്ന ചിന്ത വേരൂന്നി. അങ്ങനെയാണ് 1931 മാര്‍ച്ചില്‍ കമ്യൂണിസ്റ്റ് ലീഗ് സ്ഥാപിതമായത്. എന്‍ സി ശേഖര്‍ , പൊന്നറ ശ്രീധര്‍ , എന്‍ പി ഗുരിക്കള്‍ , തിരുവട്ടാര്‍ താണുപിള്ള, ശിവശങ്കരപ്പിള്ള, ആര്‍ പി അയ്യര്‍ , തൈക്കാട് ഭാസ്കരന്‍ എന്നിവരായിരുന്നു സ്ഥാപകാംഗങ്ങള്‍ .

എന്‍ സി ആത്മകഥയായ "അഗ്നിവീഥി"യില്‍ കുറിച്ചു: "ഇന്ത്യയില്‍ കമ്യൂണിസം നിരോധിതമാണെന്നും ഇത് പരസ്യമായാല്‍ ചിലപ്പോള്‍ ജീവപര്യന്തം തടവായിരിക്കുമെന്നും അറിഞ്ഞുകൊണ്ടായിരുന്നു ഞങ്ങള്‍ കമ്യൂണിസ്റ്റുകാരാണെന്ന് പ്രഖ്യാപിച്ചത്. ഇന്ത്യയിലെ മര്‍ദിത ജനകോടികള്‍ക്ക് കോണ്‍ഗ്രസിലൂടെയോ, സത്യഗ്രഹത്തിലൂടെയോ അല്ല റഷ്യയിലേതിന് സമാനമായ സോഷ്യലിസ്റ്റ് വിപ്ലവത്തിലൂടെയാണ് മോചനമെന്ന ബോധ്യത്തിലാണ് കമ്യൂണിസ്റ്റ്് ലീഗ് സ്ഥാപിച്ചതും".

1930-സ്വാതന്ത്ര്യപ്രക്ഷോഭം പുതിയ പന്ഥാവിലേക്ക് പടര്‍ന്നുകയറി. ഗാന്ധിജിയുടെ ദണ്ഡിയാത്രക്ക് സമാന്തരമായി കെ കേളപ്പന്റെ നേതൃത്വത്തില്‍ കോഴിക്കോട്ടുനിന്ന് പയ്യന്നൂരിലേക്ക് ഉപ്പുകുറുക്കല്‍ യാത്ര. ഈ വാര്‍ത്ത കണ്ട് എന്‍ ചന്ദ്രശേഖര പിള്ളയെന്ന യുവാവ് തൈക്കാട്ടെ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിലേക്ക് അപേക്ഷ അയച്ചു. ജാഥാംഗമായതോടെ സാമാജ്ര്യത്വവിരുദ്ധ പോരാട്ടത്തില്‍ കണ്ണിചേരുകയായിരുന്നു. സംഭവബഹുലം പിന്നീട് ആ ജീവിതം. അറസ്റ്റ്്, ജയില്‍ , കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ബാട്ലിവാലയടക്കമുള്ള വിപ്ലവകാരികളുമൊത്തുള്ള സഹവാസം, കമ്യൂണിസ്റ്റ് ലീഗ്, കോണ്‍ഗ്രസ് സോഷ്യലിസ്റ്റ്് പ്രസ്ഥാനം, കമ്യൂണിസ്റ്റ്് പാര്‍ടി... എന്‍ സി ശേഖര്‍ എന്ന ചരിത്രപുരുഷനിലേക്കുള്ള പരിവര്‍ത്തനത്തിന്റെ നാള്‍വഴികള്‍ .

യോജിപ്പിലും വിയോജിപ്പിലും രാഷ്ട്രീയ ഇച്ഛാശക്തിയുടെയും കരുത്തിന്റെയും ഉറച്ച തീരുമാനങ്ങളുടെയും ഉടമയായിരുന്നു എന്‍ സി. ദേശീയ പ്രസ്ഥാനത്തിന്റെ ഉലയില്‍ തിളച്ചുരുകിയ ജീവിതത്തിന്റെയും കാരാഗൃഹം ഉരുക്കുപോലെ ദൃഢമാക്കിയ അനുഭവങ്ങളുടെയും കരുത്തില്‍ അദ്ദേഹം വിപ്ലവകാരികളുടെ നായകനായി. ഒളിവുജീവിതത്തിലെ അനുഭവങ്ങള്‍ പതറാത്ത പോരാളിയാക്കി. ട്രേഡ്യൂണിയന്‍ പ്രസ്ഥാനമായിരുന്നു മുഖ്യ പ്രവര്‍ത്തനമേഖല. അവ കെട്ടിപ്പടുക്കാന്‍ അദ്ദേഹം ഇന്ത്യയിലുടനീളം അലഞ്ഞു. ചരിത്രം എന്‍ സിയെ വിലയിരുത്തുന്നത് പലവിധത്തില്‍ . രാഷ്ട്രീയ ഭിന്നതകള്‍ അദ്ദേഹം മറയില്ലാതെ പ്രകടിപ്പിച്ചു. സ്വന്തം ബോധ്യങ്ങളില്‍ നിന്ന് കടുകിട വ്യതിചലിച്ചില്ല. 1960ല്‍ രാജ്യസഭാംഗമായിരിക്കെ പാര്‍ടി അച്ചടക്ക നടപടി. 1964ലെ പിളര്‍പ്പില്‍ സിപിഐ എമ്മിനൊപ്പം നിന്നെങ്കിലും ക്രമേണ അകന്നു. സിപിഐയില്‍ കുറച്ചുകാലം. 1986 ഡിസംബര്‍ മൂന്നിന് അന്തരിച്ചു.

അഞ്ചാം വയസ്സിലാണ് അച്ഛനെ ആദ്യമായി കണ്ടതെന്ന് മകന്‍ എടയത്ത് രവി ഓര്‍ക്കുന്നു. "എന്‍ അബ്ദുള്ളയോടൊപ്പം കോഴിക്കോട് ദേശാഭിമാനിയില്‍ ചെന്നാണ് അച്ഛനെ കണ്ടത്. പാര്‍ടി പ്രവര്‍ത്തനത്തിനിടെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്ന അദ്ദേഹം ജാമ്യത്തിലിറങ്ങിയ ഉടന്‍ . കേരളം ആരാധിക്കുന്ന വലിയ മനുഷ്യനെയും സ്നേഹനിധിയായ അച്ഛനെയും കണ്‍നിറയെ കണ്ടു. കമ്യൂണിസ്റ്റായതിനാല്‍ രോഗശയ്യയില്‍ മക്കള്‍ക്ക് മരുന്ന് എത്തിക്കുന്നതുപോലും കോണ്‍ഗ്രസുകാര്‍ വിലക്കിയിരുന്നു. അങ്ങനെയാണ് മൂത്ത രണ്ടു സഹോദരങ്ങള്‍ മരിച്ചതെന്ന് അമ്മ (ജാനകി) പറയാറുണ്ട്. 96 വയസ്സുള്ള അവര്‍ ഇപ്പോള്‍ രോഗശയ്യയിലാണ്"



*****


പി പി സതീഷ്കുമാര്‍, കടപ്പാട് : ദേശാഭിമാനി

Wednesday, December 28, 2011

ആ സിന്ദൂരപ്പൊട്ടിലേക്ക് വീണ്ടും

മറ്റൊരു ലോകം ഇനിയില്ലെന്ന് തൊണ്ണൂറുകളില്‍ ചിലര്‍ തറപ്പിച്ചു പറഞ്ഞു. അതിന് അവര്‍ക്ക് ന്യായങ്ങളുണ്ടായി. ബര്‍ലിന്‍ മതില്‍ പൊളിഞ്ഞു, ബര്‍ലിന്‍ മാളുകള്‍ ഉയര്‍ന്നു. കിഴക്കന്‍ യൂറോപ്പ് ശിഥിലമായി. 1991ല്‍ മിഖായേല്‍ ഗോര്‍ബച്ചേവ് ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞു. സോവിയറ്റ് യൂണിയന്‍ ഇല്ലാതായി. ലോകമെങ്ങുമുള്ള സോഷ്യലിസ്റ്റുകാര്‍ അണിഞ്ഞ സിന്ദൂരപ്പൊട്ടായിരുന്നു അത്. മോസ്കോ അവര്‍ക്ക് ആത്മാവായിരുന്നു.

വ്യാവസായിക വിപ്ലവം കമ്യൂണിസത്തിന്റെ ഉദയക്രിയയായിരുന്നെങ്കില്‍ വിവരസാങ്കേതിക വിപ്ലവം അതിന്റെ ഉദകക്രിയയായെന്ന നിര്‍വചനങ്ങളുണ്ടായി. ചരിത്രം അവസാനിച്ചെന്നു മാത്രമല്ല സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ സീനിയര്‍ ഫെലോ ഫ്രാന്‍സിസ് ഫുകുയാമ പറഞ്ഞത്; മാര്‍ക്സിസം മരിച്ചെന്നും മാര്‍ക്സിസത്തില്‍ വിശ്വസിക്കുന്ന അവശേഷിക്കുന്ന ചില വൃദ്ധന്മാര്‍ നേഴ്സിങ് ഹോമില്‍ പോകാന്‍ ഒരുങ്ങുകയാണെന്നും അദ്ദേഹം ക്രൂരമായി പരിഹസിച്ചു. ഇനി പ്രത്യയശാസ്ത്രങ്ങളില്ല, പ്രതിബദ്ധതകളില്ല. ലോകത്തിന്റെ പ്രവര്‍ത്തനമന്ത്രം ഒന്നുമാത്രം-വിജയം. ചരക്കുകപ്പലുകള്‍ പുതിയ കടല്‍മാര്‍ഗങ്ങള്‍ തേടി. ഓയില്‍ ടാങ്കറുകളുടെ സഞ്ചാരവേഗം കൂടി. അതിവിദൂരതകളിലേക്കും വ്യോമപാതകള്‍ തുറന്നു. അപരിഷ്കൃത ദുര്‍ഗമപ്രദേശങ്ങളെ വികസനത്തിന്റെ ഗതിവേഗങ്ങളിലേക്ക് കൊളുത്തിയിട്ടു. വിരല്‍ത്തുമ്പില്‍ വിജ്ഞാനമെത്തിച്ചു ബില്‍ഗേറ്റ്സ്.

ഈ വിസ്മയക്കാഴ്ചകളുടെ പിന്നാമ്പുറത്ത് മറ്റൊരു ലോകമുണ്ടായിരുന്നു. ഗോര്‍ബച്ചേവ് ചെങ്കൊടി താഴ്ത്തിയ വര്‍ഷംതന്നെയാണ് ആയത്തൊള്ള ഖൊമേനി "ഫത്വ" പുറപ്പെടുവിച്ചത്. അദ്ദേഹത്തിന് സല്‍മാന്‍ റുഷ്ദിയുടെ തല വേണം. ഭീകര സംഘങ്ങള്‍ സജീവമായി. വംശഹത്യ പെരുകി. രാജ്യങ്ങള്‍ വിഭജിക്കപ്പെട്ടു. ചെക്കോസ്ലോവാക്യ ചെക് റിപ്പബ്ലിക്കും, സ്ലോവാക്യയുമായി. യുഗോസ്ലാവ്യയെ സെര്‍ബിയയും, ക്രൊയേഷ്യയും, ബോസ്നിയയുമായി പങ്കിട്ടു. ഇതില്‍ മരിച്ചത് രണ്ടരലക്ഷം പേര്‍ . ബോസ്നിയ "പത്താം നരക"മായി.

അവിടത്തെ തടങ്കല്‍പ്പാളയത്തില്‍ കിടക്കേണ്ടിവന്ന കവിയും പത്രപ്രവര്‍ത്തകനുമായ റെസാക് ഹുക്കനോവിച്ച് എഴുതിയ പുസ്തകത്തിന്റെ പേരായിരുന്നു അത്- "ദി ടെന്‍ത് സര്‍ക്കിള്‍ ഓഫ് ഹെല്‍". ഈ തടങ്കല്‍പ്പാളയത്തിലേക്ക് മെഹമ്മദാലിജ എന്ന അറുപതുകാരനെ ഒരിക്കല്‍ കൊണ്ടുവന്നു. ഒപ്പം ഒരു പെണ്‍കുട്ടിയും, ഹജ്റാ. ഇരുവരെയും പരസ്യമായി നഗ്നരാക്കി. തടവുകാരുടെ മുന്നില്‍ വച്ച് ഹജ്റായുമായി ശാരീരികബന്ധത്തിലേര്‍പ്പെടാന്‍ മെഹമ്മദാലിജയോട് ആവശ്യപ്പെട്ടു. അയാള്‍ കേണപേക്ഷിച്ചു-"അരുത്". ജയിലര്‍ കുപിതനായി. സമ്മതിക്കുന്നതുവരെ പുറത്തെ മഴയില്‍ നിര്‍ത്താന്‍ ആജ്ഞാപിച്ചു. രണ്ടു മണിക്കൂര്‍ അയാളെ മഴയില്‍ നിര്‍ത്തി. തണുത്തു വിറങ്ങലിച്ച അയാളെ തിരികെ കൊണ്ടുവന്നു. പഴയ കാര്യം ആവര്‍ത്തിച്ചു. അയാള്‍ വഴങ്ങിയില്ല. ദേഷ്യം സഹിക്കാതെ ഗാര്‍ഡുകള്‍ തോക്കിന്റെ പാത്തിക്ക് ആഞ്ഞടിച്ചു. ചോര ചീറ്റി. അടികൊണ്ടു പുളഞ്ഞ മെഹമ്മദാലിജ കുഴഞ്ഞു വീണു. അയാളെ പുറത്തെ കനത്ത മഴയിലേക്ക് വലിച്ചെറിഞ്ഞു. ആ രാത്രി മുഴുവന്‍ അയാള്‍ മഴയില്‍ കിടന്നു. മഴ മാറി, നേരം പുലര്‍ന്നു, അയാള്‍ എഴുന്നേറ്റില്ല, പിന്നെ ഒരിക്കലും.. ചോരയുറഞ്ഞു പോകുന്ന ഇത്തരം സംഭവങ്ങള്‍ വിവരിക്കുന്നുണ്ട് ഹുക്കനോവിച്ച് പത്താംനരകത്തില്‍ .

ഇത് തിമൂറിന്റെയോ, ചെങ്കിസ്ഖാന്റെയോ കാലമല്ല. നാസി കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളുടെപോലും കാലമല്ല. സുതാര്യതകളുടെ കാലം, പുത്തന്‍ ആശയങ്ങളുടെ കാലം, വൈദഗ്ധ്യങ്ങളുടെ കാലം. മൂലധനത്തിന്റെ വ്യാപനത്തോടെ ജനാധിപത്യം ശക്തമാവും എന്ന് വിശ്വസിക്കപ്പെട്ട കാലം. ഏകാധിപതികള്‍ക്ക് അടയിരിക്കാന്‍ ഇരുട്ടില്ലാത്ത കാലം. ഇന്റര്‍നെറ്റിന്റെ കിളിവാതിലിലൂടെ എല്ലാം കാണാവുന്ന കാലം. എന്നിട്ടും വേള്‍ഡ് ട്രേഡ് സെന്ററിലേക്ക് ഒരു വിമാനം ഇടിച്ചിറക്കി.

ഒരിക്കല്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം ജനാധിപത്യത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ വി കെ കൃഷ്ണമേനോന്‍ കണക്കിന് പരിഹസിച്ചു: "ഇത് പുലി വെജിറ്റേറിയനാണ്" എന്ന് അവകാശപ്പെടുന്നപോലെയാണ്. ആഗോളവല്‍ക്കരണം ജനാധിപത്യത്തെക്കുറിച്ച് പറയുമ്പോള്‍ കൃഷ്ണമേനോന്റെ ഫലിതം വീണ്ടും പ്രസക്തമാവുന്നു. സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ വികസനം സാധ്യമാവുന്നതോടെ പുതിയ മധ്യവര്‍ഗം ഉയര്‍ന്നുവരും. ജനാധിപത്യത്തിന്റെ ശക്തരായ വക്താക്കളായിരിക്കും ഇവര്‍ . പരിമിതികളുടെയും പ്രതിസന്ധികളുടെയും വരമ്പുകള്‍ ഇവര്‍ തകര്‍ക്കും. ഇവരില്‍ ആശയങ്ങളുടെ ഭാരമുണ്ടാവില്ല. വ്യക്തിക്ക് എല്ലാ ഊര്‍ജങ്ങളെയും തുറന്നുവിടാനാവും. ഇതൊരു തുറന്ന ലോകമാവുകയാണ്. ഇങ്ങനെയായിരുന്നു പുതിയ കാലത്തിന്റെ രാഷ്ട്രമീമാംസ.

പക്ഷേ, സംഭവിച്ചത് മറ്റൊന്നാണ്. ആഗോളവല്‍ക്കരണത്തിന് മൂന്നു പതിറ്റാണ്ടു തികഞ്ഞപ്പോള്‍ വാള്‍സ്ട്രീറ്റിലേക്ക് ജാഥ നീങ്ങി. ഒരു ശതമാനത്തിന്റെ തീന്‍മേശ അലങ്കരിക്കാനല്ല 99 ശതമാനം എന്നവര്‍ പ്രഖ്യാപിക്കുന്നു. ആര്‍ക്കുവേണ്ടിയാണ് ജനാധിപത്യം? ഒരു ശതമാനത്തിനു വേണ്ടിയോ? 99 ശതമാനത്തിനു വേണ്ടിയോ? ഈ 99 ശതമാനത്തില്‍ വീടുവയ്ക്കാന്‍ നിവൃത്തിയില്ലാത്തവരുണ്ട്, ആരോഗ്യ ഇന്‍ഷുറന്‍സ് നഷ്ടപ്പെട്ടവരുണ്ട്, കടത്തില്‍ കുടുങ്ങിയവരുണ്ട്, വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തവരുണ്ട്. ഒരു ശതമാനത്തിലോ? ഒരു ചെറിയ സ്ഥിതിവിവരക്കണക്ക് ഇതിന് ഉത്തരമാവും. ഫോര്‍ബ്സിന്റെ കണക്കുപ്രകാരം 1982ല്‍ ഏറ്റവും ധനികരായ 400 കുടുംബങ്ങളുടെ ആകെ ആസ്തി 9200 കോടി ഡോളര്‍ . 1995ല്‍ ഇത് 48000 കോടി ഡോളര്‍ . മള്‍ട്ടി നാഷണല്‍ കമ്പനികളുടെ പ്രവര്‍ത്തനത്തിലേ "മള്‍ട്ടി നാഷണാലിറ്റി"യുള്ളു. ലക്ഷ്യത്തില്‍ , ലാഭത്തില്‍ , ഉടമസ്ഥതയില്‍ അത് "നാഷണലാ"ണ്.

ഇപ്പോള്‍ ഫുകുയാമ ചിരിക്കുന്നില്ല. മധ്യവര്‍ഗം തകരുമ്പോള്‍ ജനാധിപത്യം പിടിച്ചു നില്‍ക്കുമോ എന്നാണ് അദ്ദേഹത്തിന്റെ ആശങ്ക. ഒന്ന് സമ്മതിച്ചു; പറഞ്ഞതെല്ലാം പാഴായി. മധ്യവര്‍ഗം തകരുകയാണ്്. "ബൂര്‍ഷ്വാസിയില്ലെങ്കില്‍ ജനാധിപത്യമില്ല" എന്ന സാമൂഹ്യശാസ്ത്രജ്ഞന്‍ ബാരിങ്ടണ്‍ മൂറിന്റെ നിഗമനത്തിലൂടെയാണ് ഫുകുയാമയുടെ അപഗ്രഥനം. "വളര്‍ച്ചയെത്തിയ മുതലാളിത്തം തൊഴിലാളി വര്‍ഗത്തെയല്ല സൃഷ്ടിക്കുന്നത്. മധ്യവര്‍ഗത്തെയാണ്. മധ്യവര്‍ഗമാണ് ജനാധിപത്യത്തെ നിലനിര്‍ത്തുന്നത്. ആ മധ്യവര്‍ഗത്തെ ആഗോളവല്‍ക്കരണം ഇല്ലാതാക്കുന്നു" എന്ന് ഫുകുയാമ ഭയക്കുന്നു.

സ്വഭാവവും കഴിവുകളും വ്യത്യസ്തമാവുന്ന കാലത്തോളം അസമത്വങ്ങളും ഉണ്ടാവും. സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടം ഈ അസമത്വം വലുതാക്കി. ഇത് വെറും യന്ത്രങ്ങളുടെ കാലമല്ല. സമര്‍ഥമായ യന്ത്രങ്ങളുടെ കാലമാണ്. ഇവിടെ വിദഗ്ധര്‍ പോരാ, അതിവിദഗ്ധര്‍ തന്നെ വേണം. അവര്‍ ഉയര്‍ന്നുവരുന്നു. മറ്റുള്ളവര്‍ പുറന്തള്ളപ്പെടുന്നു. തൊഴില്‍സാധ്യത കുറയുന്നു. സാമ്പത്തിക അടിത്തറ ഇളകുന്നു, സാമൂഹ്യഭദ്രത തകരുന്നു. വികസനത്തില്‍ വികസിച്ചത് എന്താണ്?

മാറുകയായിരുന്നു വല്ലാത്ത വേഗത്തില്‍ ലോകം. 1960ല്‍ ഹിപ്പികള്‍ , 80ല്‍ യുപ്പികള്‍ , 2000ത്തില്‍ സിപ്പികള്‍ . 2011ല്‍ വെറും പ്രാഥമികാവശ്യങ്ങള്‍ക്കുവേണ്ടി ജാഥകള്‍! വികസനം വരാനിരിക്കുന്നതേയുള്ളു എന്നായിരുന്നു മുന്നറിയിപ്പ്. കഴിഞ്ഞുപോയ കാല്‍നൂറ്റാണ്ട് വെറും റിഹേഴ്സല്‍ മാത്രം! പക്ഷേ, ടെക്കികള്‍ ലോകത്തെ തെളിച്ചത് ശൂന്യതയിലേക്കായിരുന്നു, ഭൗതികമായും ആത്മീയമായും.

ഉള്ളുലയ്ക്കുന്ന ചോദ്യങ്ങള്‍ ഉയരുമ്പോള്‍ ലോകം വീണ്ടും മാര്‍ക്സിനെ വായിക്കാനെടുക്കുന്നു. വീണ്ടും ആ സിന്ദൂരപ്പൊട്ടിലേക്ക്.

"നീ ആരാണ്?" എന്ന ചോദ്യം ഓരോ കാലഘട്ടവും ആവര്‍ത്തിക്കുന്നു. തത്വചിന്തകര്‍ അതിന് ഉത്തരവും തേടുന്നു. ഓരോ ഉത്തരവും വീണ്ടും ചോദ്യങ്ങളിലേക്ക് നയിച്ചു. പൂര്‍ണത തേടുന്ന അപൂര്‍ണ ബിന്ദുക്കളായി ഈ പ്രഹേളിക കാലത്തിനൊപ്പം സഞ്ചരിച്ചു. മനുഷ്യനെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തുന്ന ഈ ചോദ്യം രണ്ടു ധാരകളായി ഒഴുകി. ഒന്ന് വിശ്വാസപ്രമാണങ്ങളായി, മതവിശ്വാസങ്ങളായി ധാര്‍മിക മണ്ഡലത്തില്‍ പ്രവേശിച്ചു. മറ്റൊന്ന് അധികാരത്തോടുള്ള കലഹമായി, വിപ്ലവങ്ങളായി ഭൗതിക മണ്ഡലത്തില്‍ പ്രവേശിച്ചു.

പ്രപഞ്ചം ഇരുളിലാണ്ടപ്പോള്‍ വിശ്വസമുദ്രത്തില്‍ ഉറങ്ങിക്കിടന്ന മഹാവിഷ്ണുവിനോട് ബ്രഹ്മാവ് ഈ ചോദ്യം ചോദിക്കുന്നു: "നീ ആരാണ്?" കൂര്‍മ പുരാണമാണ് ഈ കഥ പറയുന്നത്. വിഷ്ണു തിരിച്ചും ചോദിച്ചു: "നീ ആരാണ്?" പരസ്പരം പരകായ പ്രവേശം നടത്തി അവര്‍ ഇതിന് ഉത്തരം തേടുന്നു. ബ്രഹ്മാവ് അകത്തുകടന്നപ്പോള്‍ വിഷ്ണു ശരീരത്തിലെ എല്ലാ ബഹിര്‍ഗമന മാര്‍ഗങ്ങളും അടച്ചു. പക്ഷേ, ചോദ്യങ്ങള്‍ അവസാനിച്ചില്ല. ജ്ഞാനിയായ യാജ്ഞവല്‍ക്യനെ ചോദ്യംകൊണ്ട് പൊറുതി മുട്ടിക്കുന്നുണ്ട് ഗാര്‍ഗി എന്ന സ്ത്രീ. ക്ഷമ നശിച്ച യാജ്ഞവല്‍ക്യന്‍ കോപിച്ചു. "ഇനി ചോദിച്ചാല്‍ നിന്റെ തല പൊട്ടിത്തെറിക്കും" എന്ന് ശപിച്ചു.

സംശയങ്ങളുടെ ശിരസ്സറ്റു വീണില്ല. ഉത്തരങ്ങള്‍ക്കു പിന്നാലെ ചോദ്യങ്ങള്‍ സഞ്ചരിച്ചുകൊണ്ടേയിരുന്നു, മനുഷ്യനെ ചുറ്റുന്ന നിഴലായി. ചിലപ്പോള്‍ മുന്നില്‍ , ചിലപ്പോള്‍ പിന്നില്‍ . പ്ലേറ്റോക്കും അരിസ്റ്റോട്ടിലിനും ചോദ്യങ്ങള്‍ ആരംഭിക്കുന്നത് അത്ഭുതത്തില്‍ നിന്നാണ്. ഹോട്ടലില്‍ കിടക്കുന്ന മെനുപോലുള്ള ഉത്തരങ്ങളോട് അവര്‍ കലഹിച്ചു. പ്രോത്തഗോറസ് വാദപ്രതിവാദങ്ങള്‍ക്ക് ഒരു വഴിത്തിരിവ് നല്‍കി. മനുഷ്യനായിരുന്നു പ്രോത്തഗോറസിന്റെ അളവുകോല്‍ . ഓരോരുത്തരുടെയും കണ്ടെത്തലുകള്‍ അവരുടെ ശരികളാണ്. സത്യത്തിനും അസത്യത്തിനുമിടയില്‍ ശാശ്വതമായ വേര്‍തിരിവുകളില്ല. എല്ലാം വൈയക്തികമാണ്. ഒരു പ്രത്യേക കാലത്ത്, പ്രത്യേക സമയത്ത് രൂപപ്പെടുന്നവമാത്രമാണ് അത്.
മനുഷ്യനും അവന്റെ ജീവിതവും മുഖ്യവിഷയമായപ്പോള്‍ പ്രതീക്ഷകളും സ്വപ്നങ്ങളുമുണ്ടായി. മനുഷ്യനെക്കുറിച്ചുള്ള ഏറ്റവും മനോഹരമായ സ്വപ്നം മാര്‍ക്സിന്റേതായിരുന്നു. പക്ഷേ, അതിന്റെ മീതെ "ഉട്ടോപ്യ" എന്ന ആണിയടിച്ചു. ഇതിനെ വ്യാമോഹം എന്ന കടുത്ത വാക്കുപയോഗിച്ചു തന്നെ പരിഭാഷപ്പെടുത്താം. എങ്കില്‍ എന്താണ് വ്യാമോഹമല്ലാത്തത്? പ്ലേറ്റോവിന്റെ "റിപ്പബ്ലിക്" വ്യാമോഹമാണ്. ദാന്തെയുടെ "ദെ മൊണാര്‍ക്കിയ" വ്യാമോഹമാണ്. ഇമ്മാനുവല്‍ കാന്റിന്റെ "ശാശ്വത സമാധാനം" വ്യാമോഹമാണ്. റസ്സലിന്റെ "ലോക ഗവണ്‍മെന്റ്" വ്യാമോഹമാണ്. സ്വര്‍ഗരാജ്യം വ്യാമോഹമല്ലേ? രാമരാജ്യം വ്യാമോഹമല്ലേ? "സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം" പോലും വ്യാമോഹമല്ലേ?

മുതലാളിത്തം വാഗ്ദാനംചെയ്യുന്ന "സമ്പന്ന ജീവിതാവസരം" വ്യാമോഹമല്ലേ? "മനുഷ്യമുഖമുള്ള ഉദാരവല്‍ക്കരണം" വ്യാമോഹമല്ലേ? ഉള്ളുലയ്ക്കുന്ന ചോദ്യങ്ങള്‍ ഉയരുമ്പോള്‍ ലോകം വീണ്ടും മാര്‍ക്സിനെ വായിക്കാനെടുക്കുന്നു. വീണ്ടും ആ സിന്ദൂരപ്പൊട്ടിലേക്ക്.


*****

എം എം പൗലോസ്, deshabhimani 281211

Monday, November 7, 2011

സോവിയറ്റ് അനുഭവവും ഒരു മുഖപ്രസംഗവും

1917ലെ ഐതിഹാസികമായ ഒക്ടോബര്‍ വിപ്ലവത്തിന്റെ 94-ാംവാര്‍ഷികമാണിന്ന്. കമ്യൂണിസം എന്താണെന്ന് എംഗല്‍സിനോട് ചോദിച്ചപ്പോള്‍ , മനുഷ്യരാശിയെ അടിമത്തസാഹചര്യത്തില്‍നിന്ന് വിമോചിപ്പിക്കാനുള്ള തത്വശാസ്ത്രം എന്നാണ് മറുപടി നല്‍കിയത്. ഇത് നേരാണെന്ന് ഒക്ടോബര്‍ വിപ്ലവത്തെതുടര്‍ന്ന് 74 വര്‍ഷത്തോളം നിലനിന്ന സോവിയറ്റ്യൂണിയനിലെ സോഷ്യലിസ്റ്റ്വ്യവസ്ഥ ലോകത്തെ ബോധ്യപ്പെടുത്തി. 15 ഘടക റിപ്പബ്ലിക്കുകള്‍ ചേര്‍ന്ന് യുഎസ്എസ്ആര്‍ രൂപംകൊണ്ടു. 28 കോടി ജനങ്ങളുണ്ടായിരുന്ന നാട് വിശപ്പ്, വിലക്കയറ്റം, തൊഴിലില്ലായ്മ, പാര്‍പ്പിടമില്ലായ്മ, വേശ്യാവൃത്തി തുടങ്ങിയ സാമൂഹ്യതിന്മകൾ ഇല്ലാത്തതായിരുന്നു. അതിന് വഴിതുറന്ന കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചെങ്കൊടി 20 വര്‍ഷംമുമ്പ് ക്രെംലിന്‍ കൊട്ടാരത്തിനുമുകളില്‍നിന്ന് അഴിച്ചുമാറ്റി. മുതലാളിത്ത സ്വര്‍ഗമായ അമേരിക്കയിലെ ജീവിതശൈലിയെപ്പറ്റിയുള്ള വ്യാമോഹം ജനങ്ങളില്‍ ഒരു വിഭാഗത്തെ കബളിപ്പിച്ചു. ഒപ്പം ഗോര്‍ബച്ചേവിനെയും കൂട്ടാളികളെയും അമേരിക്കന്‍ സാമ്രാജ്യത്വം വിലയ്ക്കെടുത്തു. അങ്ങനെ മറ്റൊരു ലോക മഹായുദ്ധമില്ലാതെ ആദ്യത്തെ സോഷ്യലിസ്റ്റ് രാജ്യത്തെ ശിഥിലമാക്കി മുതലാളിത്തം പുനഃസ്ഥാപിച്ചു.

1989ല്‍ സോവിയറ്റ്യൂണിയനില്‍ നടന്ന ഹിതപരിശോധനയില്‍ 80 ശതമാനം ആളുകളും സോവിയറ്റ്യൂണിയന്‍ ഒന്നായി നില്‍ക്കണമെന്ന ആഗ്രഹമാണ് പ്രകടിപ്പിച്ചത്. എന്നിട്ടും, മാലകെട്ടാന്‍ ഏല്‍പ്പിച്ച കുരങ്ങനെപ്പോലെ സോവിയറ്റ്യൂണിയനെ ഗോര്‍ബച്ചേവ് ശിഥിലമാക്കി. സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ടിയെ നിരോധിക്കുകയും അതിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും കമ്യൂണിസം പരാജയപ്പെട്ടുവെന്ന് പ്രഖ്യാപിക്കുകയുംചെയ്തു. ആഗോളകമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ അമേരിക്കയും കൂട്ടാളികളും ഉപയോഗിച്ച ഒരായുധമായി ഗോര്‍ബച്ചേവും സംഘവും മാറി. ഇതേത്തുടര്‍ന്ന് മലയാളമനോരമ മുഖപ്രസംഗത്തിലൂടെ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഒരു ഉപദേശം നല്‍കി. സോവിയറ്റ് സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ സിപിഐ എമ്മിനെ പിരിച്ചുവിടണമെന്നായിരുന്നു മനോരമയുടെ ഉപദേശം. പാര്‍ടിയും പാര്‍ടി ജനറല്‍സെക്രട്ടറിയായിരുന്ന ഇ എം എസും അതിനെ നിരാകരിക്കുകയും ഈ തിരിച്ചടിയെ അതിജീവിക്കാന്‍ സോഷ്യലിസത്തിന് കരുത്തുണ്ടെന്ന് തികഞ്ഞ ആത്മവിശ്വാസത്തോടെ പ്രഖ്യാപിക്കുകയുംചെയ്തു. സോഷ്യലിസമോ മുതിലാളിത്തമോ അഭികാമ്യം എന്ന ചോദ്യത്തിന്, സോഷ്യലിസമാണ് ശരിയെന്ന് സോവിയറ്റ് പതനത്തിന് ശേഷമുള്ള 20 വര്‍ഷത്തെ അനുഭവം ബോധ്യപ്പെടുത്തുന്നു. ഇതിന്റെ കരുത്തിലാണ് 20-ാം പാര്‍ടി കോണ്‍ഗ്രസിലേക്ക് സിപിഐ എം പോകുന്നത്. ഇന്ത്യ ഉള്‍പ്പെടെ ഏഷ്യന്‍ -ആഫ്രിക്കന്‍ -ലാറ്റിനമേരിക്കന്‍ ഭൂഖണ്ഡങ്ങളിലെ നൂറിലധികം രാജ്യങ്ങളെ സാമ്രാജ്യത്വനുകത്തില്‍ നിന്ന് മോചിപ്പിച്ചത് ഒക്ടോബര്‍ വിപ്ലവത്തിന്റെ വിജയമാണ്. വിമോചിത രാജ്യങ്ങളുടെ സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിന് സോവിയറ്റ്യൂണിയനും മറ്റ് സോഷ്യലിസ്റ്റ് രാജ്യങ്ങളും നല്‍കിയ സഹായം അമേരിക്കയുടെ അധിനിവേശയുദ്ധങ്ങളുടെ ഈ ഘട്ടത്തില്‍ പ്രത്യേകം സ്മരിക്കേണ്ടതാണ്. 1980 കളുടെ അവസാനത്തില്‍ കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും 1991 ല്‍ സോവിയറ്റ്യൂണിയനിലും സോഷ്യലിസ്റ്റ് ഭരണം തകര്‍ന്നതിനെതുടര്‍ന്ന് ആ തകര്‍ച്ചയ്ക്കുള്ള കാരണങ്ങള്‍ ആഴത്തില്‍ വിലയിരുത്തുകയും വ്യക്തമായ നിഗമനങ്ങളിലെത്തുകയുംചെയ്ത പാര്‍ടിയാണ് സിപിഐ എം. സോഷ്യലിസത്തിനുണ്ടായ തിരിച്ചടി താല്‍ക്കാലികമാണെന്ന് പാര്‍ടിയുടെ 14-ാം കോണ്‍ഗ്രസ് വ്യക്തമാക്കി.

മാര്‍ക്സിസം-ലെനിനിസത്തിന് എന്തെങ്കിലും പിശക് സംഭവിച്ചതുകൊണ്ടല്ല, മറിച്ച്, പ്രയോഗത്തിലെ പിശക് കൊണ്ടാണ് ഇത് സംഭവിച്ചതെന്നും അതിനാല്‍ , തിരിച്ചടിയെ അതിജീവിക്കാന്‍ സോഷ്യലിസത്തിന് കരുത്തുണ്ടെന്നും പാര്‍ടി കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ക്കേറ്റ തിരിച്ചടിയെ സംബന്ധിച്ച് വിശദമായ ഒരു പ്രത്യയശാസ്ത്രരേഖയും പാര്‍ടികോണ്‍ഗ്രസ് അംഗീകരിച്ചു. സോഷ്യലിസ്റ്റ് നിര്‍മാണപ്രക്രിയയിലെ മൂന്ന് വസ്തുനിഷ്ഠ പ്രശ്നങ്ങള്‍ ആ രേഖയില്‍ ചൂണ്ടിക്കാട്ടി. ഒന്ന്, ആസൂത്രണത്തിന്റെയും സാമ്പത്തികമാനേജ്മെന്റിന്റെയും രീതികളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തുന്നതില്‍ വന്ന പോരായ്മ. രണ്ട്, സ്വത്തിന്റെ രൂപങ്ങളെ യാന്ത്രികവും ഏകപക്ഷീയവുമായി കൈകാര്യംചെയ്തതിനാല്‍ വ്യക്തികളുടെ മുന്‍കൈ നശിക്കുകയും അന്യവല്‍ക്കരണത്തിന് ഇടയാക്കുകയും ചെയ്തത്. വിപ്ലവം വിജയിക്കുന്ന പിന്നോക്ക രാജ്യങ്ങളില്‍ ഉല്‍പ്പാദനോപാധികളുടെ സാമൂഹ്യവല്‍ക്കരണം സുദീര്‍ഘമായ പ്രക്രിയയായിരിക്കും. ഇതു പൂര്‍ണമായും ഉള്‍ക്കൊണ്ടില്ല. മൂന്ന്, കേന്ദ്രീകൃത ആസൂത്രണത്തിന്റെ പേരില്‍ കമ്പോളത്തെ ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ പോരായ്മ സംഭവിച്ചു. ഈ പോരായ്മ 1970 കളുടെ മധ്യത്തില്‍ റഷ്യയില്‍ സാമ്പത്തികവളര്‍ച്ച മന്ദഗതിയിലാക്കുകയും ജനങ്ങളില്‍ അസംതൃപ്തി ഉളവാക്കുകയുംചെയ്തു. ഈ പോരായ്മകള്‍ ചൂണ്ടിക്കാണിച്ചതിനോടൊപ്പം, 74 വര്‍ഷക്കാലം നിലനിന്ന സോഷ്യലിസ്റ്റ് സാമൂഹ്യനിര്‍മാണം ലോകത്തെല്ലായിടത്തുമുള്ള മനുഷ്യസ്നേഹികളില്‍ ഉണര്‍ത്തിയ മതിപ്പ് വരുംകാല സമൂഹത്തെയും സ്വാധീനിക്കുമെന്ന് ഓര്‍മപ്പെടുത്തുകയും ചെയ്തു.

മുതലാളിത്തത്തില്‍ സഹജമായ തൊഴിലില്ലായ്മയെ നിഷ്കാസനംചെയ്തും വ്യക്തിജീവിതത്തിന് ആവശ്യമായ സാധനങ്ങള്‍ ചുരുങ്ങിയവിലയ്ക്ക് ലഭ്യമാക്കിയും പാര്‍പ്പിടപ്രശ്നത്തിന് പരിഹാരം നല്‍കിയും വിദ്യാഭ്യാസ-വൈദ്യസഹായാദി സേവന സൗകര്യങ്ങള്‍ സാര്‍വത്രികമാക്കിയുമുള്ള ഒരു പുതിയ സമൂഹമാണ് സോവിയറ്റ്യൂണിയന്‍ ലോകത്തിന് നല്‍കിയത്. ഇങ്ങനെ സമത്വസുന്ദരമായ സമൂഹം ലോകത്തിന് ആവേശമായി മാറുകയും ലോകജനസംഖ്യയുടെ മൂന്നിലൊന്ന് സോഷ്യലിസത്തിന്റെ കൊടിക്കൂറ ഉയര്‍ത്തിപ്പിടിക്കുകയുംചെയ്യുന്ന സ്ഥിതിയിലേക്ക് എത്തുകയുംചെയ്തു. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രൂപീകരണത്തിനും ഒക്ടോബര്‍വിപ്ലവം സ്വാധീനഘടകമായി. എന്നാല്‍ , സോവിയറ്റ്യൂണിയന്‍ ശിഥിലമായതിനെത്തുടര്‍ന്ന് മുതലാളിത്തവും സാമ്രാജ്യത്വവും മാത്രമാണ് ഇനി കരണീയമെന്നും മറ്റു മാര്‍ഗങ്ങളില്ലായെന്നുമുള്ള (ഠവലൃല ശെ ിീ മഹലേൃിമശേ്ല ഠകചഅ) കീഴടങ്ങല്‍ ആശയം പ്രബലമായി. എന്നിട്ടും സോഷ്യലിസമാണ് ഉത്തരം (ടീരശമഹശൊ ശെ വേല മിെംലൃ ടകഠഅ) എന്ന മുദ്രാവാക്യം കമ്യൂണിസ്റ്റുകാര്‍ ഉയര്‍ത്തി. ആ മുദ്രാവാക്യത്തിന്റെ പ്രസക്തി അടിവരയിടുന്നതാണ് വാള്‍സ്ട്രീറ്റ് പ്രക്ഷോഭമുള്‍പ്പെടെയുള്ള ലോകസംഭവവികാസങ്ങള്‍ . ചൈന, ക്യൂബ, വിയറ്റ്നാം, ഉത്തരകൊറിയ എന്നീ സോഷ്യലിസ്റ്റ് രാജ്യങ്ങളിലായി ലോകജനസംഖ്യയുടെ നാലിലൊന്നിലധികം നിവസിക്കുന്നു. ലാറ്റിനമേരിക്കയിലെ മുക്കാല്‍ ഡസനോളം രാജ്യങ്ങള്‍ ഇടതുപക്ഷ കൊടിക്കൂറയുമായി അമേരിക്ക ഉയര്‍ത്തിപ്പിടിക്കുന്ന നവ ഉദാരവല്‍ക്കരണ സാമ്പത്തികനയത്തിനെതിരായ പാതയില്‍ മുന്നേറുന്നു. സോവിയറ്റ്യൂണിയന്റെ തകര്‍ച്ചയെത്തുടര്‍ന്ന് ക്രെംലിന്‍ കൊട്ടാരത്തിന്റെ മുകളില്‍നിന്ന് അഴിച്ചുവച്ച ചെങ്കൊടി അവിടെത്തന്നെ സൂക്ഷിക്കണമെന്ന് യെട്സിനോട് പറഞ്ഞ കമ്യൂണിസ്റ്റുകാരുടെ താക്കീത് യാഥാര്‍ഥ്യമാകുകയാണ്. ലെനിന്റെ ശവശരീരം സൂക്ഷിച്ചിരുന്ന ലെനിന്‍ മുസോളിയത്തിന് മാസങ്ങളോളം കമ്യൂണിസ്റ്റുകാര്‍ കാവല്‍ കിടന്നു. അങ്ങനെ കാവല്‍കിടന്നവരെ മാറ്റാന്‍ മാസങ്ങളായി റഷ്യന്‍ പട്ടാളക്കാര്‍ക്ക് കഴിഞ്ഞിരുന്നില്ല. സോവിയറ്റ് കമ്യൂണിസ്റ്റുകാരുടെ പാരമ്പര്യം സ്വന്തം ചോരകൊണ്ട് ചരിത്രമെഴുതിയതിന്റേതാണ്. മാനവചരിത്രത്തിലെ നിണമണിഞ്ഞ ആ ഏടുകള്‍ ആര്‍ക്കും മായ്ക്കാനാകില്ല.

32 ലക്ഷം കമ്യൂണിസ്റ്റ് പാര്‍ടി അംഗങ്ങള്‍ , പാര്‍ടിക്കാര്‍ഡ് പോക്കറ്റിലിട്ട്, ഹിറ്റ്ലര്‍ക്കെതിരെ പൊരുതിമരിച്ചിരുന്നു. അവരുടെ പിന്മുറക്കാരാണ് ആ താക്കീത് നല്‍കിയത്. സോഷ്യലിസത്തില്‍നിന്ന് മുതലാളിത്തത്തിലേക്കുപോയ സോവിയറ്റ്യൂണിയനിലെ 15 റിപ്പബ്ലിക്കിലും ബഹുഭൂരിപക്ഷത്തിന്റെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. പട്ടിണി, തൊഴിലില്ലായ്മ, വേശ്യാവൃത്തി, വിലക്കയറ്റം ഇതെല്ലാം തിരിച്ചുവന്നു. വര്‍ഗീയതയും ഭീകരതയും വംശീയ കലാപങ്ങളും മാഫിയസംഘങ്ങളും ക്രിമിനല്‍വാഴ്ചയും ആധിപത്യം നേടി. ഈ അനുഭവം ലോകത്തെല്ലായിടത്തുമുള്ള മനുഷ്യസ്നേഹികളെ സോഷ്യലിസത്തോട് അനുഭാവമുള്ളവരാക്കി മാറ്റുകയാണ്. മുതലാളിത്തസ്വര്‍ഗമായ അമേരിക്കയില്‍പോലും പ്രക്ഷോഭം പടരുമ്പോള്‍ ചെഗുവേരയുടെ ചിത്രം ആലേഖനംചെയ്ത ചെങ്കൊടികള്‍ ഉയരുന്നത് ഇതിന്റെ ഭാഗമായാണ്. റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ പുതുതായി 50 ലക്ഷംപേര്‍ അംഗങ്ങളായതിന്റെ വാര്‍ത്ത സമീപസമയത്താണ് പുറത്തുവന്നത്. ഇതെല്ലാം വ്യക്തമാക്കുന്നത് സോവിയറ്റ് നാടും കമ്യൂണിസ്റ്റ്പാര്‍ടിയും തിരിച്ചുവരുമെന്നുതന്നെയാണ്. പക്ഷേ, അത് സോഷ്യലിസത്തിന് പുതിയൊരു മാതൃകയുമായിട്ടായിരിക്കും. ചരിത്രത്തിന്റെ ഈ ചുവരെഴുത്ത് വായിക്കാനുള്ള ത്രാണിയില്ലാതെയാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ്പാര്‍ടി പിരിച്ചുവിടണമെന്ന് മുഖപ്രസംഗമെഴുതിയ മലയാളമനോരമ ഇപ്പോഴും പണ്ടത്തേക്കാള്‍ രൂക്ഷമായ കമ്യൂണിസ്റ്റ്വിരുദ്ധത തുടരുന്നത്. ചരിത്രത്തിന്റെ ചവറ്റുകൊട്ട ഇത്തരം സാമ്രാജ്യത്വ വൈതാളികര്‍ക്കുള്ളതാണ്. ഇടയ്ക്കു സംഭവിക്കാവുന്ന ചുഴികളിലോ മലരികളിലോപെട്ട് തകരുന്നതല്ല കമ്യൂണിസ്റ്റ് പ്രസ്ഥാനം. ഒക്ടോബര്‍ വിപ്ലവത്തിന്റെ വെളിച്ചം മനുഷ്യരാശിയുടെ സോഷ്യലിസത്തിലേക്കുള്ള പ്രയാണത്തില്‍ എന്നും വഴികാട്ടിയാകും.


*****


ആര്‍ എസ് ബാബു

Saturday, August 27, 2011

നാടകം ഒരു പ്രക്രിയയാണ്

പി എം താജ് അനുസ്മരണ പരിപാടികളോട് ബന്ധപ്പെട്ട് ജൂലൈ 28, 29, 30 തീയതികളില്‍ പ്രസന്ന ഒരിക്കല്‍കൂടി കോഴിക്കോട്ടെത്തി. കോഴിക്കോട്ടെന്നല്ല ഏത് നഗരത്തിലെത്തുമ്പോഴും പ്രസന്ന ഒരു സാധാരണക്കാരനായി ജനങ്ങള്‍ക്കിടയിലൂടെ നടക്കുന്നു. പച്ചക്കറി മാര്‍ക്കറ്റിലും മത്സ്യച്ചന്തയിലും ക്ഷേത്രങ്ങളിലും അങ്ങനെ ജനങ്ങള്‍ കൂടുന്നിടത്തെല്ലാം പ്രസന്ന നടന്നെത്തുന്നു. അഭിമുഖത്തിനായി ഞങ്ങള്‍ പ്രസന്ന താമസിക്കുന്ന അളകാപുരിഹോട്ടലിലെത്തുമ്പോള്‍ അദ്ദേഹം പച്ചക്കറി മാര്‍ക്കറ്റിലൂടെ ഒരു നടത്തവും കഴിഞ്ഞ് തിരിച്ചെത്തിയിട്ടേയുള്ളു.

പി എം താജിനെ അനുസ്മരിക്കാന്‍ മുമ്പും പ്രസന്ന കോഴിക്കോട്ടെത്തിയിട്ടുണ്ട്. 1970കളുടെ രണ്ടാം പകുതിയില്‍ , കൃത്യമായി പറഞ്ഞാല്‍ 1977ല്‍ തൃശൂരില്‍ വച്ചുനടന്ന ഒരു ചെറുകാട് സ്മാരക മെയ്ദിന അക്കാദമിയില്‍ വച്ചാണ് ഞങ്ങള്‍ -താജും ഞാനും പ്രസന്നയെ ആദ്യമായി കണ്ടുമുട്ടുന്നത്. ഏതാണ്ട് പതിനഞ്ചു ദിവസത്തിലധികം നീണ്ടുനിന്ന ഒരു നാടക പഠനക്യാമ്പായിരുന്നു മെയ്ദിന അക്കാദമി. വി അരവിന്ദാക്ഷന്‍, എം പി പരമേശ്വരന്‍ തുടങ്ങിയ പ്രഗത്ഭമതികളുടെ നേതൃത്വത്തിലായിരുന്നു ആ ക്യാമ്പ്. ക്യാമ്പിന്റെ ഡയറക്ടര്‍ അന്ന് "സമുദായ"യുടെ ജീവനാഡിയായ പ്രസന്നയായിരുന്നു. ആ ക്യാമ്പിന്റെ ഉല്പന്നം എന്ന നിലയില്‍ അടിയന്തരാവസ്ഥക്കാലത്ത് കാണ്‍പൂരിലെ തുകല്‍ത്തൊഴിലാളികളുടെ നേര്‍ക്കു നടന്ന ഒരു വെടിവയ്പ്പിന്റെ ഓര്‍മ താജ് നാടകരൂപത്തില്‍ അവതരിപ്പിക്കുകയുമുണ്ടായി.

അന്നത്തെ അക്കാദമിയില്‍ ജോസ് ചിറമ്മലിനെപ്പോലെ മറ്റു നാടകപ്രതിഭകള്‍ പങ്കെടുത്തിരുന്നതിനെക്കുറിച്ചും പ്രസന്ന ഓര്‍മിച്ചു. കൂട്ടത്തില്‍ ഈയിടെ തൃശൂരില്‍ ഒരാവശ്യത്തിനു വന്നപ്പോള്‍ തന്റെ പതിവ് നടത്തത്തിനിടെ വീണ്ടും എം പി പരമേശ്വരനെ കണ്ടതിനെക്കുറിച്ച് പറഞ്ഞു. വി അരവിന്ദാക്ഷനെ കാണണം എന്ന് ആഗ്രഹമുണ്ടായിട്ടും കാണാന്‍ കഴിയാതെ പോയതിന്റെ ദുഃഖം സൂചിപ്പിച്ചു. ഇ എം എസുമായുണ്ടായിരുന്ന ആത്മബന്ധത്തെക്കുറിച്ചും മറ്റും വളരെ വൈകാരികമായിത്തന്നെ തന്റെ ഓര്‍മകള്‍ അദ്ദേഹം പങ്കുവച്ചു. മണിപ്പാലില്‍ ചികിത്സയ്ക്കുവന്ന ഇ എം എസ് തന്നെ കാണണമെന്നറിയിച്ചതും രാമചന്ദ്രറാവു എന്ന തന്റെ സഖാവിനുവേണ്ടി ചെയ്തുകൊടുക്കേണ്ട ഒരു കാര്യത്തെക്കുറിച്ചു പറഞ്ഞതും മറ്റുമായി സംഭാഷണം. മെല്ലെ പഴയ നാടകപ്രവര്‍ത്തനത്തിന്റെ നാളുകളിലേക്കും മറ്റും സ്വാഭാവികമായി എത്തിച്ചേരുകയും ചെയ്തു.

1951 ഫെബ്രുവരി 10ന് കര്‍ണാടകയിലെ ഒരു സാധാരണ ഇടത്തരം കുടുംബത്തില്‍ പ്രസന്ന ജനിച്ചു. ആര്‍ പി പ്രസന്നകുമാര്‍ എന്ന പേരില്‍നിന്ന് പ്രസന്ന എന്ന തൂലികാനാമം. യക്ഷഗാനം പോലെയുള്ള നാടോടിദൃശ്യരൂപങ്ങളിലൂടെ നാടകത്തോടുള്ള പ്രണയം ആരംഭിക്കുന്നു. നാടകക്കമ്പം പ്രസന്നയെ കൊണ്ടുചെന്നെത്തിച്ചത് ഡല്‍ഹി നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയിലാണ്. നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍നിന്ന് പെര്‍ഫോമിങ് ആര്‍ടില്‍ ബിരുദം. 1970കളില്‍ "സമുദായ" എന്ന ജനകീയ നാടകട്രൂപ്പിന് ജന്മം നല്‍കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. തന്നോടൊപ്പം പ്രവര്‍ത്തിച്ച മറ്റു നാടക പ്രവര്‍ത്തകരോടു ചേര്‍ന്ന് നഗരങ്ങളില്‍നിന്ന് ഗ്രാമങ്ങളിലേക്ക് നാടകത്തെ പ്രമേയത്തിലും അവതരണ രീതികളിലുമെല്ലാം പരിഷ്കാരങ്ങള്‍ വരുത്തി ഇറക്കിക്കൊണ്ടു വരാന്‍ "സമുദായ" ശ്രമിച്ചു. സമുദായയ്ക്ക് ഒരു ബുള്ളറ്റിനും ഉണ്ടായിരുന്നു-. "സമുദായ വാര്‍ത്താപത്ര".

കര്‍ണാടകത്തില്‍ ബ്രാഹ്മണവത്കരണത്തിനെതിരെ എല്ലാ ജീവിതരംഗങ്ങളിലും മുന്നേറ്റം ശക്തമായ ഒരു കാലമാണത്. രാംമനോഹര്‍ ലോഹ്യയുടെ സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്കും കമ്യൂണിസ്റ്റ് ആശയങ്ങള്‍ക്കും രാഷ്ട്രീയരംഗത്ത് പുതിയ ഉണര്‍വുണ്ടാക്കാന്‍ കഴിഞ്ഞ ഒരു കാലഘട്ടം. പൂര്‍ണമായും ജനകീയ പങ്കാളിത്തത്തോടെയും ജനകീയ ഫണ്ടിങ്ങോടെയും ആയിരുന്നു സമുദായയുടെ പ്രവര്‍ത്തനം. നാടകങ്ങളോടു കൂടിയ ജാഥകളില്‍ ചിലപ്പോള്‍ രണ്ടുരൂപ സംഭാവന കിട്ടാന്‍ മണിക്കൂറുകളോളം കാര്യങ്ങള്‍ വിശദീകരിക്കേണ്ടി വരും. പക്ഷേ രണ്ടു രൂപയേക്കാള്‍ പ്രധാനമായിരുന്നു സമുദായയ്ക്ക് ആ ബോധവത്കരണങ്ങള്‍ .

യാത്രയ്ക്കിടയിലാണ് കര്‍ണാടകത്തിലെ "ഹെഗ്ഗോഡു" എന്ന ഗ്രാമത്തിലെത്തുന്നത്. പശ്ചിമഘട്ട സാനുവില്‍ കിടക്കുന്ന ഒരു കൊച്ചുഗ്രാമം-നമ്മള്‍ പരിസ്ഥിതി നാശത്തിനു കാരണമായി നഗരവത്കരണത്തെയും വ്യവസായവത്കരണത്തെയും കുറിച്ചൊക്കെ പറയുന്നു. പക്ഷേ തനി ഗ്രാമീണര്‍ക്കും പരിസ്ഥിതി വിരുദ്ധരാകാന്‍ കഴിയും എന്ന് ഹെഗ്ഗോഡു ഗ്രാമത്തില്‍വച്ച് പ്രസന്ന മനസ്സിലാക്കി. കൈത്തറിത്തൊഴിലാളികളാണ് ഹെഗ്ഗോഡുവില്‍ ഏറെയും. അവര്‍ക്കുവേണ്ടി "ചര്‍ക്ക" എന്നൊരു സംഘടന പ്രസന്ന ആരംഭിച്ചു. നാടകം മാത്രം പോര ജീവിതവൃത്തിയും പ്രധാനമാണെന്ന പുതിയ തിരിച്ചറിവ്.

നഗരങ്ങളില്‍നിന്ന് കലാകാരന്മാര്‍ , ആരോഗ്യപ്രവര്‍ത്തകര്‍ , സാമ്പത്തിക ശാസ്ത്രജ്ഞര്‍ , സാങ്കേതിക വിദഗ്ധര്‍ അവര്‍ക്കൊക്കെ ഗ്രാമജീവിതത്തില്‍ ഇടപെടാനും സഹായിക്കാനും കഴിയും എന്ന് "ചര്‍ക്ക"യുടെ പ്രവര്‍ത്തനങ്ങളിലൂടെ പ്രസന്ന തെളിയിക്കുന്നു. ഇരുപതു കൊല്ലമായി-ഇന്നും "ചര്‍ക്ക" കര്‍ണാടക കൈത്തറി രംഗത്ത് ഒരു സജീവ സാന്നിധ്യമാണ്. ചര്‍ക്കയുമായുള്ള ചങ്ങാത്തംകൊണ്ടോ എന്തോ മാര്‍ക്സിസത്തിന് ഗാന്ധിസവുമായി നിരന്തരസംവാദം നടത്തിക്കൊണ്ടു മാത്രമേ മുന്നോട്ടുപോകാന്‍ കഴിയൂ എന്ന് പ്രസന്ന വാദിക്കുന്നുണ്ട്. ഒപ്പം സാധാരണക്കാരന്റെ വിശ്വാസങ്ങളെ മുഖവിലയ്ക്കെടുത്തും അംഗീകരിച്ചും കൊണ്ടു മാത്രമേ കമ്യൂണിസ്റ്റ് പാര്‍ടിക്ക് മുന്നോട്ടുപോകാന്‍ കഴിയൂ എന്നും പ്രസന്ന സിദ്ധാന്തിക്കുന്നു. ദൈവത്തെയും വിശ്വാസങ്ങളെയും നിഷേധിക്കുകയല്ല പുതിയ വെളിച്ചത്തില്‍ പ്രയോജനപ്പെടുത്തുകയും വ്യാഖ്യാനിക്കുകയുമാണ് വേണ്ടതെന്നു പ്രസന്ന അഭിപ്രായപ്പെടുന്നുണ്ട്.

ഗിരീഷ് കര്‍ണാടിന്റെ തുഗ്ലക്ക്, ഗാന്ധി, ഗലീലിയോവിന്റെ ജീവിതം, തായ് (ബ്രെഹ്തിന്റെ മദര്‍ കറേജ് ആന്‍ഡ് ഹെര്‍ ചില്‍ഡ്രന്‍ എന്ന നാടകത്തെ ആധാരമാക്കി) ആചാര്യ താര്‍തുഫ്, ലാല്‍ ഘാസ്പര്‍ നീലേ ഘോഡേ, ഏക്ലോക് കഥ, ശാകുന്തളം, ഫ്യൂജിയാമ, ദാങ്കേയ മുഞ്ചിന ദിനഗളു, കടദിദ നീരു, ഉത്തരരാമചരിത്, The broken arrow of cupid (കാമദേവന്റെ പൊട്ടിയ അമ്പ്) ഷേക്സ്പിയറുടെ ഹാംലറ്റ് ഇങ്ങനെ നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്തു. ഇൻ സെര്‍ച്ച് ഓഫ് ആന്‍ ഐഡിയോളജി (ദൂരദര്‍ശനുവേണ്ടി) ഗോകക് (വി കെ ഗോകക്കിനെക്കുറിച്ച് സാഹിത്യ അക്കാദമിക്കുവേണ്ടി) തുടങ്ങിയ ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്തു. നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ 2007ലെ ബി വി കാരന്ത് അവാര്‍ഡ്, 1999-2000 വര്‍ഷത്തില്‍ സംവിധാനത്തിനുള്ള സംഗീതനാടക അക്കാദമി അവാര്‍ഡ് എന്നിവ പ്രസന്നയ്ക്കു ലഭിച്ച പുരസ്കാരങ്ങളാണ്. തൃണമൂല തലങ്ങളിലെ രംഗവേദി എന്ന വിഷയത്തെക്കുറിച്ച് കെ വി സുബ്ബണ്ണയുമായി നടത്തിയ അഭിമുഖവും പ്രസന്നയെ പ്രസിദ്ധനാക്കി. പ്രസന്നയുമായുള്ള അഭിമുഖത്തിലേക്ക്

കെ പി മോഹനന്‍ : "സമുദായ"യുടെ പ്രവര്‍ത്തന കാലത്താണല്ലോ താങ്കളുടെ കേരളത്തിലേക്കുള്ള വരവും നമ്മുടെ പരിചയപ്പെടലും. ആ കാലത്തെക്കുറിച്ചുള്ള ഓര്‍മകള്‍ എന്തെല്ലാമാണ്? സമൂഹത്തിന്റെ അടിത്തട്ടിലെ രംഗവേദി പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ സഫലമായെന്ന തോന്നലുണ്ടോ?

പ്രസന്ന: മറ്റു നാടകപ്രവര്‍ത്തകരും ഞാനും തമ്മിലുള്ള വ്യത്യാസം-കഴിവുകളെക്കുറിച്ചല്ല-ഒരു കാര്യം ഉറപ്പാണ്, എനിക്ക് സാമ്പത്തികം പ്രശ്നമേ ആയിരുന്നില്ല. ഒരു കാര്യം ഉറപ്പായിരുന്നു-ഒന്നു ചെയ്യണം എന്നു തീരുമാനിച്ചാല്‍ കാശ് താനേ വന്നുകൊള്ളും. ആര്‍ക്കുവേണ്ടിയാണോ നിങ്ങള്‍ ഒരു കാര്യം ചെയ്യുന്നത് നിങ്ങള്‍ക്ക് കാശ് അവര്‍ തന്നുകൊള്ളും- ഇതാണ് എന്റെ ആദ്യകാല നാടകപ്രവര്‍ത്തനങ്ങളില്‍ ഞാന്‍ പഠിച്ച ഏറ്റവും വലിയ പാഠം. സാമ്പത്തികമായ അച്ചടക്കം പ്രധാനമായിരുന്നു. ജനങ്ങള്‍ക്കുവേണ്ടി ഒരു കാര്യം ചെയ്യുമ്പോള്‍ ചെറിയ തുട്ടുകളായാല്‍പ്പോലും അവര്‍ കാശുണ്ടാക്കിത്തരും. പലതരം ഫണ്ടിങ് ഏജന്‍സികളെക്കുറിച്ച് നാം പറയുന്നു- സിഐഎ, കെജിബി...ആരായാലും ഫണ്ടിങ് നിന്നാല്‍ പരിപാടി ആകെ പൊളിയും. ജനങ്ങള്‍ തരുന്ന നാണയത്തുട്ടുകള്‍ വാങ്ങി കാര്യം നടത്തുമ്പോള്‍ ആ കുഴപ്പം ഇല്ല. വലിയ ഫണ്ടിങ് ഏജന്‍സികള്‍ സാമ്പത്തികസഹായം നല്കി നിര്‍മിക്കുന്ന ഏതൊരു വസ്തുവും ഫണ്ടിങ് നില്ക്കുന്ന നിമിഷം തകരും. ജനങ്ങളുടെ കാശും പങ്കാളിത്തവുമാകുമ്പോള്‍ അത് ഏറെക്കാലം നില്ക്കും. ചിലപ്പോള്‍ പതുക്കെ മാത്രമേ കാര്യം നീങ്ങൂ എന്നുമാത്രം. നമുക്ക് കൂടുതലായൊരുത്തരവാദിത്ത ബോധവുമുണ്ടാകും. അതെ. അങ്ങനെയാണ് സാംസ്കാരിക ജാഥകളുടെ തുടക്കം. കര്‍ണാടകത്തില്‍ അത്തരം ജാഥകളുടെ തുടക്കം ഞങ്ങളാണ്. എല്ലാം കെട്ടിപ്പെറുക്കി ഒരിടത്തെത്തുന്നു. എല്ലാം ഇറക്കിവച്ച് ഫണ്ട്പിരിവിനിറങ്ങുകയായി. രണ്ടു രൂപയൊക്കെയാണ് കിട്ടുക. അതിനുതന്നെ ഒരുപാട് വാദപ്രതിവാദം വേണ്ടിവരും. വിരുദ്ധരായ ആള്‍ക്കാര്‍ മുന്‍പേ തന്നെ പോയി പറഞ്ഞിട്ടുണ്ടാകും. നോക്കൂ, ഇത് ഇന്ന ആവശ്യത്തിനു വേണ്ടിയുള്ള ജാഥയാണ്. ഇന്ന പ്രത്യയശാസ്ത്രക്കാരുടേതാണ്. അങ്ങനെയൊക്കെ എല്ലാത്തിനും ഉത്തരം പറയണം. സമുദായയിലെ അംഗങ്ങളൊക്കെ അങ്ങനെ രൂപപ്പെട്ടു വന്നവരാണ്.

അങ്ങനെ തുറന്നടിച്ച പ്രചാരണങ്ങള്‍ ആയിരുന്നോ അവ.

ചിലപ്പോള്‍ അങ്ങനെയും വേണ്ടിവരും. ഈ സമുദായ ട്രൂപ്പിന്റെ സാമ്പത്തികശാസ്ത്ര പശ്ചാത്തലത്തില്‍ നിന്നാണ് ഞാന്‍ ഒരു സഹകരണ സംരംഭത്തിലേക്ക് വരുന്നത്. "ചര്‍ക്ക" എന്നപേരില്‍ കൈത്തറി മേഖലയിലെ തൊഴിലാളികള്‍ക്കുവേണ്ടിയൊരു സംരംഭം.

അതു വടക്കന്‍ കര്‍ണാടകത്തിലായിരുന്നോ

അല്ല. ഹെഗ്ഗോഡു എന്ന എന്റെ ഗ്രാമത്തില്‍ . ഞാന്‍ കൈത്തറി മേഖലയിലേക്ക് ആകര്‍ഷിക്കപ്പെട്ടത് തിയറ്ററിലൂടെയാണ്. പ്രധാന കാരണം എഴുപതുകളിലും മറ്റും വന്ന രാഷ്ട്രീയ മാറ്റങ്ങളാണ്. അടിയന്തരാവസ്ഥ... അങ്ങനെ പലതും. സമുദായയ്ക്ക് ഒട്ടനവധി തിരിച്ചടികള്‍ നേരിടേണ്ടിവന്നു. പിന്നെ സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ പതനം. കര്‍ണാടകത്തില്‍ത്തന്നെ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തില്‍ വന്ന മാറ്റങ്ങള്‍ അങ്ങനെ പലതും. രാജീവ്ഗാന്ധിയുടെ ചിരിക്കുന്ന മുഖം, ഹെഗ്ഡേയുടെ ചിരിക്കുന്ന മുഖം-ഒരുപാട് പ്രവര്‍ത്തകര്‍ സമുദായ വിട്ടുപോയി.

കൂട്ടത്തില്‍ ചോദിക്കട്ടെ. കര്‍ണാടകത്തിന് ഒരു സമ്പന്നമായ രംഗവേദി പാരമ്പര്യമുണ്ടല്ലോ. അതിനെന്തുപറ്റി? ഗിരീഷ് കര്‍ണാട്, ഗിരീഷ് കാസറവള്ളി, ബി വി കാറന്ത് അങ്ങനെ വലിയ മനുഷ്യരുടെ കാലം.

അതിനൊന്നും പറ്റിയിട്ടില്ല. അമച്വര്‍ നാടകവേദി എന്നുപറയുന്ന നാടകവേദിക്ക് ചില പതനങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം. പക്ഷേ ഞാന്‍ പറയും, രാജ്യത്തെ മൊത്തത്തിലെടുത്താല്‍ കര്‍ണാടകത്തിലാണ് നാടകരംഗത്ത് കാര്യമായെന്തെങ്കിലും ഇപ്പോഴും നടക്കുന്നത്. ക്യാമ്പസ് തിയറ്ററുകളെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. വലിയൊരു പ്രസ്ഥാനമെന്നൊന്നും പറയുന്നില്ല. പക്ഷേ ശ്രദ്ധേയമായ ഒന്നാണത്. ഒരു ഇരുപതു രംഗവേദി പ്രവര്‍ത്തകരെയെങ്കിലും മാതൃകാപരമായി ഈ രംഗത്ത് എടുത്തുകാണിക്കാന്‍ എനിക്കു കഴിയും. പ്രധാനമായും അവര്‍ കുട്ടികളുടെ നാടകവേദി, കലാലയ നാടകവേദികളുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. നാളെ കര്‍ണാടക നാടകവേദി തിരിച്ചുവരുന്നത് ഇവരിലൂടെയായിരിക്കും. പൊതുവെ തൊഴിലാളി- കര്‍ഷകരംഗങ്ങളില്‍നിന്ന് ഞങ്ങള്‍ ക്യാമ്പസുകളിലേക്ക് മാറുകയാണ്. എന്താണെന്ന് ചോദിച്ചാല്‍ എഴുപതുകളില്‍ രംഗവേദിയ്ക്കുവേണ്ടി എന്തും ചെയ്യാന്‍ തയ്യാറായ ഒരു മധ്യവര്‍ഗം ഉണ്ടായിരുന്നു. ഇന്നവര്‍ തങ്ങളുടെ കുട്ടികളെക്കുറിച്ചാണ് ഉത്കണ്ഠ കൊള്ളുന്നത്. തങ്ങളുടെ കുട്ടികളെ സാംസ്കാരികമായി നഷ്ടപ്പെടും എന്ന പേടി അവര്‍ക്കുണ്ട്. ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ , ഐടി വിദ്യാഭ്യാസം, ഐ ടി തൊഴില്‍ മേഖലകള്‍ -ഇന്നലെ നമ്മളെ വന്നുകണ്ട സുന്ദരനായ ചെറുപ്പക്കാരനില്ലേ താജിന്റെ മകന്‍ , ഇംഗ്ലണ്ടിലാണ്-താജിന്റെ മകന്‍ ഇംഗ്ലണ്ടില്‍ -ഇത് കാലത്തിനുവന്ന മാറ്റമാണ്. ആരെയും തെറ്റു പറയാനില്ല. താജിന്റെ മനസ്സില്‍ , അദ്ദേഹമുണ്ടായിരുന്നെങ്കില്‍ , തന്റെ മകന്റെ സാംസ്കാരിക പൈതൃക നഷ്ടത്തെച്ചൊല്ലി ഒരു ഉത്കണ്ഠ ഉണ്ടാകില്ലേ, ഇത് ഇന്ന് പൊതുവെ എല്ലാ രക്ഷിതാക്കള്‍ക്കും ഉണ്ട്. ഇവര്‍ നല്ല ഒരു വിദ്യാഭ്യാസ നാടകവേദിക്കുവേണ്ടി എന്തും ചെയ്യാന്‍ തയ്യാറാണ്. കാശും മറ്റെന്തു സഹായവും. കാരണം തങ്ങളുടെ സംസ്കാരം തിരിച്ചുപിടിക്കാനുള്ള ഒരു മാര്‍ഗമാണത്. വലിയ സാധ്യതകള്‍ ഉള്ള ഒരു മേഖലയാണത്. കുട്ടികളുടെ നാടകവേദിക്കുവേണ്ടി ഈ മധ്യവര്‍ഗ രക്ഷിതാക്കള്‍ എന്തും ചെയ്യാന്‍ തയ്യാറാകും.

അപ്പോള്‍ താങ്കള്‍ ഇന്നലെ പ്രസംഗത്തില്‍ ചൂണ്ടിക്കാണിച്ചതുപോലെ നമ്മുടെ സാംസ്കാരിക മൂല്യങ്ങള്‍ നാടകവേദിയിലൂടെ; ക്യാമ്പസ് നാടകവേദിയിലൂടെ വേണം തിരിച്ചുപിടിക്കാന്‍ .

അതെ. ഒരര്‍ഥത്തില്‍ തിയറ്റര്‍ ആണ് എപ്പോഴും സജീവതയില്‍ നിലനില്ക്കുന്ന ഒരു രൂപം. രംഗവേദിയില്‍ സാങ്കേതികവിദ്യ വലിയ മാറ്റം വരുത്തിയിട്ടുണ്ടാകും. പക്ഷേ ജീവിതം അവിടെനിന്ന് വഴിമാറിപ്പോയിട്ടില്ല. കൃഷിപോലും ജീവിതത്തില്‍ നിന്നകന്നുപോയി. പക്ഷേ നാടകത്തിനു പോകാന്‍ കഴിയില്ല. അത് എന്നും ജീവിതത്തോടൊപ്പമുണ്ടാകും.

ശരി. താങ്കള്‍ ജീവിതവുമായി ഇഴചേര്‍ന്ന നാടകവേദിയെക്കുറിച്ച് പറയുന്നു. പക്ഷേ അങ്ങനെ ഇഴ ചേരത്തക്കവിധം ലളിതവും അഭികാമ്യവുമാണോ നമ്മുടെ ജീവിതം.

വളരെ ശരിയാണ്. പക്ഷേ നാടകം ഇന്നില്‍നിന്ന് തുടങ്ങുന്നു. ഇന്നിനപ്പുറത്തേക്കു പോകുന്നു, അഥവാ ലക്ഷ്യം വയ്ക്കുന്നു.

അതെ. അതുതന്നെയാണ് ഞാന്‍ പ്രതീക്ഷിച്ച ഉത്തരം.

അതെ, നിങ്ങളുടെ കുട്ടി പുതിയ വിദ്യാഭ്യാസംകൊണ്ട് മലയാളമേ സംസാരിക്കാന്‍ ശ്രമിക്കാത്ത ഒരാളായി മാറുന്നു. ഒരു വാക്യത്തില്‍ മുക്കാല്‍പങ്കും ഇംഗ്ലീഷ്-ശരി നിന്റെ മംഗ്ലീഷുമായി നീ വാ-നാടകവേദി അവനെ സ്വീകരിക്കുന്നു. അവനെ സ്വീകരിക്കാന്‍ രംഗവേദി തയ്യാറാണ്. ഇതാകണം സമീപനം. മറ്റൊരു കാര്യം. നാടകത്തില്‍ അന്തിമഫലം പോലെതന്നെ പ്രധാനമാണ് അതിലേക്കു നടന്നടുക്കുന്ന വഴിയും. product എന്നതിനേക്കാള്‍ process എന്നതാണ് തിയറ്ററിന്റെ രീതി. ഇക്കാരണത്താലും നാടകം യാന്ത്രികലോകത്തിനെതിരാണ്. ഓരോ യന്ത്രവും ഉല്പന്നലക്ഷ്യമാണ്, പൂര്‍ണതയെ ലക്ഷ്യം വയ്ക്കുന്നതാണ്. നാടകവേദി അങ്ങനെ അല്ലേ അല്ല-തീര്‍ച്ചയായും നാടവേദിക്ക് ലക്ഷ്യം പ്രധാനമാണ്. അതിനേക്കാള്‍ പ്രധാനമാണ് അതിലേക്കെത്താനുള്ള റിഹേഴ്സല്‍ . ഏറ്റവും മോശമായ ഒരു നാടകമായാലും നമ്മള്‍ ഇരുന്നു കാണും. കാരണം അതിന്റെ പിറകില്‍ രണ്ടോ മൂന്നോ മാസത്തെ പ്രവര്‍ത്തനമുണ്ട്. പ്രേക്ഷകര്‍ അതംഗീകരിക്കും. അടുത്ത നാടകത്തില്‍ ഇവര്‍ വിജയിക്കും എന്നു പ്രതീക്ഷിക്കുകയും ചെയ്യും. മാത്രമല്ല, ഇന്നു ഞാന്‍ വെറും ഒരു പ്രേക്ഷകനാണെങ്കിലും നാളെ എനിക്കും ഒരു നാടകം ചെയ്യേണ്ടി വന്നേക്കാം എന്ന ബോധം അവനുണ്ട്. ഇതൊരു ചാക്രികമായ പ്രവൃത്തിയാണ്. ഒന്നിലധികം കാരണങ്ങളാല്‍ നാടകവേദി പ്രവര്‍ത്തനം ചാക്രികമാണ്. വാചികമായ കാര്യങ്ങളെ ഒരു എഴുത്താക്കി മാറ്റി അതിനെ വീണ്ടും വാചികമാക്കി മാറ്റി- അങ്ങനെ നിരന്തരം ജീവിതവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കും. "കാവ്യേഷു നാടകം രമ്യം" എന്നു കാളിദാസന്‍ പറയുമ്പോള്‍ വാക്കും സമൂഹവും തമ്മിലുള്ള, ഭാഷയും ഭാഷണവും തമ്മിലുള്ള ഈ ബന്ധത്തെത്തന്നെയാണുദ്ദേശിക്കുന്നത്.

ഞങ്ങള്‍ കേരളത്തില്‍ പൊതുവെ നാടകം കണ്ണിന്റെ കലയാണെന്നു കരുതുന്നവരാണ്-വാചികത്തോട് ഞങ്ങള്‍ക്ക് ആഭിമുഖ്യം രണ്ടാമതു മാത്രമാണ്.

കേരളത്തിന്റെ ഈ രീതിയോട് എനിക്ക് വലിയ യോജിപ്പില്ല. കേരള നാടകവേദി കൂടുതല്‍ പരീക്ഷണാത്മകവും ദൃശ്യപരവുമാണ്. നിങ്ങള്‍ക്ക് നല്ലൊരു വാങ്മയ പാരമ്പര്യമുണ്ടല്ലോ. രംഗവേദി കണ്ണിനോടല്ല വാക്കിനോടാണ് അടുക്കേണ്ടത്. വാക്കില്‍ നിന്നകന്ന് നാടകവേദിക്ക് നില്ക്കാനാകില്ല. നാടകം കണ്ണിന്റെ കല മാത്രമാണെന്ന് പറയുന്നത് അസംബന്ധമാണ്.

താങ്കളുടെ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയുമായുള്ള ദീര്‍ഘകാലബന്ധം വച്ചു ചോദിയ്ക്കട്ടെ. നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ കൂടുതല്‍ കൂടുതല്‍ ഡല്‍ഹി സ്കൂള്‍ ഓഫ് ഡ്രാമയായി മാറുന്നുണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ പരിഹാരം എങ്ങനെയാണ്?

വലിയ പ്രതീക്ഷകളോടെയാണ് - ദേശീയമായ കാഴ്ചപ്പാടോടെയാണ് ഇത്തരം ദേശീയ സ്ഥാപനങ്ങളൊക്കെ തുടങ്ങിയത്. നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ തുടങ്ങിയത് പ്രാദേശിക നാടകവേദി പ്രവര്‍ത്തകര്‍ക്കൊക്കെ നല്ല പരിശീലനം കൊടുത്ത് പ്രാദേശിക നാടകവേദികളിലേക്ക്തന്നെ പ്രവര്‍ത്തനങ്ങള്‍ക്കായി തിരികെ പറഞ്ഞയക്കാന്‍ വേണ്ടിയാണ്. സേലത്ത് ഹാന്‍ഡ്ലൂം ടെക്നോളജി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയതും ഇതേ ലക്ഷ്യത്തോടെയാണ്. ഇത്തരം സ്ഥാപനങ്ങളൊക്കെ നൂറു ശതമാനവും അവയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമായാണ് നിലകൊള്ളുന്നത്. നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ ഇരുപതുപേരെ പരിശീലിപ്പിക്കുന്നു എന്നു വയ്ക്കുക. അതില്‍ പതിനെട്ടുപേരും മുംബൈയിലേക്കാണ് വണ്ടികയറുന്നത്. കേരളത്തില്‍നിന്നു വന്നവരൊന്നും കേരളത്തിലേക്കല്ല മടങ്ങിപ്പോകുന്നതെന്നര്‍ഥം. ഹാന്‍ഡ്ലൂം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാന്‍ വന്നവരൊക്കെ പവര്‍ലൂം വ്യവസായത്തിലേക്ക് ചെന്നെത്തുന്ന പോലെത്തെ ഒരു അനുഭവം. ഒരു പിന്‍മടക്കം സാധ്യമല്ലാത്ത രീതിയിലായിത്തീര്‍ന്നിരിക്കുന്നു കാര്യങ്ങള്‍ . വന്നേടത്തേക്ക് തന്നെ പരിശീലനത്തിനുശേഷം മടങ്ങിച്ചെല്ലാനും പ്രാദേശിക തലങ്ങളില്‍ പ്രവര്‍ത്തിക്കാനും ഇത്തരം സ്ഥാപനങ്ങള്‍ പഠിപ്പിക്കണം. നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ ഇന്ത്യയിലെ എല്ലാ പ്രാദേശിക ഭാഷകളിലും പരിശീലനക്കളരികള്‍ സംവിധാനം ചെയ്യണം. ഇതോടെ പ്രശ്നങ്ങള്‍ തീരുമോ എന്നു ചോദിച്ചാല്‍ ഇല്ല. പക്ഷേ പഠിച്ചിറങ്ങിയവര്‍ മുംബൈ ടെലിവിഷനിലേക്കോ കര്‍ണാടക ടെലിവിഷനിലേക്കോ പോകുന്നതില്ലാതാകും. നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ പ്രവര്‍ത്തനം തീര്‍ച്ചയായും വികേന്ദ്രീകരിക്കപ്പെടണം. ഏതുതരം കേന്ദ്രീകരണവും ഫാസിസമാണ്.

കര്‍ണാടക രാഷ്ട്രീയത്തെപ്പറ്റി എന്തുപറയുന്നു?

എന്തുപറയാന്‍! എനിക്കു നമ്മുടെ ജനങ്ങളെപ്പറ്റിയാണ് പരാതി. പ്രതികരണം കുറഞ്ഞുപോകുന്നു. അവര്‍ വിചാരിച്ച രീതിയില്‍ വളരുന്നില്ല.

ഞാന്‍ ചോദിക്കുന്നത്-രാമകൃഷ്ണ ഹെഗ്ഡേ, കരുത്തുറ്റ ഒരു സോഷ്യലിസ്റ്റ് പശ്ചാത്തലം.. അവിടെനിന്നൊക്കെ വന്ന് ഇപ്പോള്‍ ഒരു മുഖ്യമന്ത്രിയും മുന്‍ മുഖ്യമന്ത്രിയും നെഞ്ചുകീറി നേരു കാട്ടുന്നത് ധര്‍മസ്ഥലയില്‍ വന്നിട്ടാണ്- ധര്‍മസ്ഥലയാണ് രാഷ്ട്രീയം തീരുമാനിക്കുന്നത്.

= അതെ. ധര്‍മസ്ഥല, മറ്റു മഠാധിപതികള്‍ , ഉപരിവര്‍ഗ പ്രമാണിമാര്‍ . ഒരു ചെറിയ മഠാധീശനുപോലും മുഖ്യമന്ത്രിയെ നേരിട്ടു വിളിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. വളരെ നിര്‍ഭാഗ്യകരമായ അവസ്ഥ-ഇവിടെ ഞാന്‍ താലോലിക്കുന്ന ഒരാശയം വരുന്നത്-സോഷ്യലിസവും ദൈവവും-മഠങ്ങളും ദൈവങ്ങളും ഒന്നല്ലല്ലോ. ദൈവം മതാധിഷ്ഠിതമാകണമെന്നുപോലുമില്ല. ദൈവത്തെ ഓര്‍ക്കാന്‍ എന്തിനു മതം? ദൈവത്തെ സോഷ്യലിസം എന്നു കരുതിയാല്‍ എന്താണ് തെറ്റ്?

അതൊരു വലിയ ഉട്ടോപ്യന്‍ ആശയമാണ്.

അതെ. ഉട്ടോപ്യന്‍ എന്നല്ല. ഭാവനാത്മകം എന്നുപറയാം. എന്തുകൊണ്ട് നമുക്ക് വിഭാവനം ചെയ്തുകൂട! ദൈവം ഒരു സാമൂഹ്യാസ്തിത്വമാണ്. ദൈവത്തെ-രാമനെ-നമുക്ക് ഹിന്ദുത്വ തീവ്രവാദികള്‍ക്ക് വിട്ടുകൊടുത്തുകൂട. വലതുപക്ഷ രാഷ്ട്രീയത്തില്‍നിന്ന് ദൈവത്തെ വീണ്ടെടുക്കണം-സാംസ്കാരികരംഗത്ത് ശ്രദ്ധയോടെ വളരെ ഫലപ്രദമായി ചെയ്യേണ്ട ഒരു പ്രക്രിയയാണിതെന്നു തോന്നുന്നു.

താങ്കളുടെ സാഹിത്യ രചനകളെപ്പറ്റി

തിയറ്ററിനോടു ബന്ധപ്പെട്ട് ഞാനെഴുതിയ ഒരു പുസ്തകമുണ്ട് "നടനയപാഠകളു"-ഒട്ടും സാങ്കേതികമാകരുതെന്ന് നിര്‍ബന്ധബുദ്ധിയോടെ എഴുതിയ ഒരു കൃതി. അതേസമയം നാട്യശാസ്ത്രത്തിന്റെ ഒക്കെ ഒരു സംസ്കാരം അതിലുണ്ടുതാനും. നമ്മുടെ നാട്യസമ്പ്രദായത്തിലെ ജനകീയ അംശങ്ങളെക്കുറിച്ചും ഞാന്‍ അതില്‍ കൈകാര്യം ചെയ്യുന്നുണ്ട്. മറ്റൊരു പുസ്തകം എന്റെ ചിന്തകളില്‍ വന്ന മാറ്റത്തെത്തന്നെ സൂചിപ്പിക്കുന്നുണ്ട്. "യന്ത്രകളന്നു കളച്ചോത്ത ബന്നി"(വരൂ ഈ യന്ത്രങ്ങളെ നമുക്ക് അപനിര്‍മിക്കാം) കുറേക്കൂടി ഗാന്ധിയന്‍ ചിന്തകളിലേക്ക് ചായുന്ന ഒരു പുസ്തകമാണത്. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഗാന്ധിസവുമായി- അല്ലെങ്കില്‍ അതിനെ ഇന്ത്യന്‍ ജീവിതശൈലി എന്നു വിളിക്കാം- ഒരു സംവാദം തീര്‍ച്ചയായും വേണ്ടിവരും. യന്ത്രങ്ങളൊക്കെ സോഫ്റ്റ്വെയറുകളായി മാറുന്നതിനോടുള്ള ഒരു വിയോജിപ്പാണത്. യന്ത്രങ്ങള്‍ ജീവിതത്തില്‍ നിന്നുള്ള വ്യതിചലനമോ അന്യവത്കരണമോ ആകാതെ കൈകളുടെ ഒരു വ്യാപനം (Extension) ആയി മാറണം എന്ന കാഴ്ചപ്പാട് പൂര്‍ണമായും അംഗീകരിച്ചുകൊണ്ടല്ല എങ്കിലും ചൈനാ മാര്‍ക്കറ്റില്‍നിന്ന് നമുക്ക് ഒരുപാട് പാഠങ്ങള്‍ പഠിക്കാനുണ്ട്. "ദേശി ജീവനപദ്ധതി" (ദേശീയ ജീവിതശൈലി) ആണ് മറ്റൊരു പുസ്തകം. ദൈവം, സ്വത്വം, ഭാഷ തുടങ്ങിയ സൂക്ഷ്മമായ കാര്യങ്ങളെക്കുറിച്ചൊന്നും ഇടതുപക്ഷ സംസ്കാര മണ്ഡലം വേണ്ടപോലെ പരിഗണിച്ചിട്ടില്ലെന്ന ഒരു പരാതിയില്‍നിന്നാണ് ഈ പുസ്തകം രൂപംകൊള്ളുന്നത്. ഇതിന്റെ ഫലം വലതുപക്ഷ രാഷ്ട്രീയം അതിനെ സമര്‍ഥമായി മുതലെടുക്കുന്നു എന്നതാണ്. ഗോവിന്ദാചാര്യയുടെ "സോഷ്യല്‍ എന്‍ജിനിയറിങ്" എന്നൊക്കെപ്പറയുന്ന ജാടകള്‍ അങ്ങനെ രൂപംകൊള്ളുന്നതാണ്്. പ്രാദേശിക സ്വാഭിമാനങ്ങളില്‍ ഊതിയെടുക്കാവുന്ന ഒരുപാട് അഗ്നികള്‍ ഉറങ്ങിക്കിടക്കുന്നുണ്ടെന്നാണ് എനിക്കു തോന്നുന്നത്. മറ്റൊരു പുസ്തകം മനസ്സിലുള്ളത് "ദേവരു മെച്ചുവ സമാജ് വാദ"(ദൈവവും സോഷ്യലിസവും)-ഞാന്‍ നേരത്തെ പറഞ്ഞ കാര്യങ്ങളുടെ ഒരു വിപുലനം.

അതെ, വളരെ വ്യത്യസ്തമായ രീതിയിലാണ് പ്രസന്ന ചിന്തിച്ചുകൊണ്ടിരിക്കുന്നത്. മാര്‍ക്സിസത്തില്‍ കാലൂന്നി നില്ക്കുമ്പോള്‍ത്തന്നെ ഇതര ചിന്താപദ്ധതികളും പ്രാദേശിക സ്വത്വങ്ങളുമായി ഉദാരമായ ആശയവിനിമയം നടത്തണം എന്നതാണ് ആ ചിന്തകളുടെ കാതല്‍ . മാറ്റിത്തീര്‍ക്കേണ്ട ജനസമൂഹം ഇന്ത്യയുടെ കാര്യത്തിലെങ്കിലും അതീവ സങ്കീര്‍ണമാണെന്ന കാഴ്ചപ്പാട് സാംസ്കാരിക പ്രവര്‍ത്തകനുണ്ടായേ തീരൂ എന്ന് പ്രസന്ന തറപ്പിച്ചുപറയുന്നു. ഒപ്പം ലാളിത്യമാണ് ദേശീയ ജീവിതശൈലി എന്ന് ആവര്‍ത്തിക്കുകയും ചെയ്യുന്നു.


*****


പ്രസന്നയുമായി കെ പി മോഹനൻ നടത്തിയ അഭിമുഖം, കടപ്പാട് : ദേശാഭിമാനി വാരിക


അധിക വായനയ്‌ക്ക് : An acting activist all the way

Monday, August 15, 2011

സ്വാതന്ത്ര്യ ദിന ചിന്തകള്‍ - 2011, ആഗസ്റ്റു്, 15

ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 65-ആം വാര്‍ഷികം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം കോളനി ഭരണത്തിനെതിരെ ലോകമാകെ വീശിയടിച്ച സ്വാതന്ത്ര്യ വാഞ്ഛയുടെ, മാനവ മോചനം എന്ന പൊതു സാമൂഹ്യ പ്രക്രിയയുടെ ഭാഗം തന്നെയായിരുന്നു. ഇന്ത്യന്‍ ജനതയുടെ സര്‍വ്വതോമുഖമായ പുരോഗതിയും സൌഖ്യവുമായിരുന്നു സ്വാതന്ത്ര്യ സമരത്തില്‍ അണിനിരന്ന ജനങ്ങളുടെ ലക്ഷ്യം. സമരത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന വളര്‍ന്നു കൊണ്ടിരുന്ന മുതലാളിത്തമാകട്ടെ അവരുടെ സ്വാതന്ത്ര്യമായിരുന്നു ലക്ഷ്യമിട്ടതു്. ജനങ്ങളുടെ സ്വാതന്ത്ര്യാഭിനിവേശത്തെ അവര്‍ ഉത്തേജിപ്പിക്കുകയും വളര്‍ത്തുകയും ചെയ്തെന്നതു് ശരിയും നല്ലതുമായിരുന്നു. മുതലാളിത്തം തന്നെ ശൈശവ ദശയിലായിരുന്ന ഇന്ത്യയില്‍ തൊഴിലാളി വര്‍ഗ്ഗം ശൈശവ ദശ പിന്നിട്ടിരുന്നില്ല. സ്വാഭാവികമായും അധികാരമേറ്റെടുത്ത മുതലാളിത്തം മുതലാളിത്ത പാത സ്വീകരിച്ചു. അതിന്റെ സ്വാഭാവിക നേട്ടങ്ങള്‍ ജനങ്ങളുടെ ജീവിത നിലവാരത്തിലും പ്രതിഫലിച്ചു. സ്വാതന്ത്ര്യത്തിന്റെ ആദ്യ പതിറ്റാണ്ടുകളില്‍ കുറേയേറെ ഗുണ ഫലങ്ങള്‍ താഴേക്കു് അരിച്ചിറങ്ങി കിട്ടിയിരുന്നു. മുതലാളിത്തം അതിന്റെ നിക്ഷിപ്ത താല്പര്യങ്ങള്‍ സംരക്ഷിച്ചു് കൊണ്ടു് മാത്രമാണു് മുന്നേറിയതു്. അവരുടെ വളര്‍ച്ച, അവരുടെ മൂലധന വികാസം, ജനങ്ങളുടെ ചെലവിലാകാനേ തരമുണ്ടായിരുന്നുള്ളു. അതു് തന്നെ നടന്നു. ഇന്നു്, വളര്‍ന്നു് കഴിഞ്ഞ ഇന്ത്യന്‍ മുതലാളിത്തത്തിനു് അനുയോജ്യമായ കൂട്ടു് ആഗോള മുതലാളിത്തം തന്നെയായി കഴിഞ്ഞു. രാജ്യത്തിന്റേയും ജനങ്ങളുടേയും സ്വാതന്ത്ര്യമോ സുസ്ഥിതിയോ ഇന്നു് ഇന്ത്യന്‍ കുത്തക മുതലാളിത്തത്തിനു് പ്രശ്നമല്ലാതായി. അവര്‍ക്കിന്നു് ആവശ്യമായ സ്വാതന്ത്ര്യം ലോക കമ്പോളത്തില്‍ മത്സരിക്കാനുള്ള സ്വാതന്ത്ര്യമാണെന്നവര്‍ തിരിച്ചറിയുന്നു. അതിനായി ആഗോള ധന മൂലധനത്തിന്റെ ഭാഗമായി ഇന്ത്യന്‍ കുത്തക മൂലധനവും ലയിക്കുന്നു. ചെറുകിട ഇടത്തരം മുതലാളിമാരും കര്‍ഷകരും തൊഴിലാളികളും ഈ ധന മൂലധനത്തിന്റെ ചൂഷണത്തിനു് വിധേയമാക്കപ്പെടുകയാണു്.

ഇന്ത്യ സ്വന്തം കാലില്‍ നിന്നിരുന്നെങ്കില്‍, അതിനായി സമാന സാഹചര്യത്തിലുള്ള ഇതര രാജ്യങ്ങളുമായി ചേര്‍ന്നു് നീങ്ങിയിരുന്നെങ്കില്‍ ധനമൂലധനം ആഗോളമായി നേരിടുന്ന പ്രതിസന്ധിയില്‍ നിന്നു് വലിയൊരളവു് രക്ഷപ്പെട്ടു് നില്കാന്‍ ഇന്ത്യയ്ക്കു് കഴിയുമായിരുന്നു. എന്നാല്‍ ആഗോള ധനമൂലധനവുമായി ഇന്ത്യയുടെ കെട്ടുപിണയല്‍ ഇന്ത്യയേയും ആഗോള ധന മൂലധന പ്രതിസന്ധിയുടെ നേരിട്ടുള്ള ഇരയായി മാറ്റിയിരിക്കുന്നു. ആഗോള മൂലധനത്തോടൊപ്പം ഒന്നിച്ചു് മുങ്ങുക എന്ന തീരുമാനം ഇന്ത്യന്‍ കുത്തക മൂലധനം എടുത്തതിന്റെ പരിണിതിയാണു് എണ്‍പതുകളില്‍ ആരംഭിച്ചു് തൊണ്ണൂറുകളില്‍ ശക്തി പ്രാപിച്ച ഉദാരവല്കരണവും തുടര്‍ന്നു് വന്ന യുപിഎ സര്‍ക്കാരിന്റെ നയ-നടപടികളും അമേരിക്കയോടുള്ള വിധേയത്വവും. അടുത്ത കാലത്തു് നടന്ന ഈ മാറ്റങ്ങള്‍ ഇന്ത്യന്‍ ജനതയുടെ മോചനത്തിന്റെ പാത സാര്‍വ്വ ദേശീയ തൊഴിലാളിവര്‍ഗ്ഗ മോചനത്തിന്റെ പാതയോടു് കൂടുതല്‍ സമാന്തരമാക്കി മാറ്റിയിരിക്കുന്നു.

മാനവ രാശി മോചനം സ്വപ്നം കണ്ടു് തുടങ്ങിയിട്ടു് വര്‍ഷങ്ങളെത്രയായെന്നതിനു് കണക്കില്ല. ഒട്ടേറെ സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍ വന്നു പോയി. പല മതങ്ങളും നിലവില്‍ വന്നു. പല ചിന്താ സരണികളും രൂപപ്പെട്ടു. അവയെല്ലാം വളര്‍ന്നു വികസിച്ചു. കാരണം, മനുഷ്യന്‍ മോചനം ആഗ്രഹിച്ചു, അവയെല്ലാം മാനവ മോചനം വാഗ്ദാനം ചെയ്തു. മിക്കവയും ആഗ്രഹ പ്രകടനങ്ങള്‍ മാത്രമായിരുന്നു. ചിലവ മാത്രം പരീക്ഷണങ്ങളും. അകാലത്തിലുള്ള പരീക്ഷണങ്ങള്‍ ഒട്ടേറെ പാഠങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിന് ഇടയാക്കിയെങ്കിലും സ്വാഭാവികമായും പരാജയപ്പെട്ടു. നിലനിന്നവയെല്ലാം അധികാരത്തിന്റെ തണലിലോ അധികാരത്തിന്റെ കേന്ദ്രം തന്നെയായോ മാറി, മാനവ മോചന പ്രസ്ഥാനങ്ങള്‍ക്കു് വിലങ്ങു തടി സൃഷ്ടിക്കുന്നു.

വസ്തു നിഷ്ഠമായും ശാസ്ത്രീയമായും മാനവ മോചനത്തിനുള്ള പാത ചൂണ്ടിക്കാണിച്ചതു്, വളര്‍ന്നു് വരുന്ന തൊഴിലാളി വര്‍ഗ്ഗത്തേയും അവരുടെ ഐക്യത്തേയും മുന്നില്‍ കണ്ട മാര്‍ക്സും എംഗല്‍സുമായിരുന്നു. അവരതു ചെയ്തത്, അന്നേവരെ നിലവില്‍ വന്ന എല്ലാ മാനവ മോചന സരണികളും പരിശോധിച്ചും വിശകലനം ചെയ്തും വിലയിരുത്തിയുമായിരുന്നു. മാനവ മോചനത്തിന്റെ ഉപകരണം തൊഴിലാളി വര്‍ഗ്ഗമായിരിക്കുമെന്നു് അവര്‍ കണ്ടെത്തി. തൊഴിലാളി വര്‍ഗ്ഗത്തിന്റെ നിര്‍ണ്ണായക പങ്കും അവരുടെ വര്‍ദ്ധിച്ചു വരിക മാത്രം ചെയ്യുന്ന എണ്ണവും അതിനാല്‍ തന്നെ ശക്തിയും മേധാവി വര്‍ഗ്ഗത്താല്‍ തന്നെ സൃഷ്ടിക്കപ്പെടുകയും നിലനിര്‍ത്തപ്പെടുകയും സംഘടിപ്പിക്കപ്പെടുകയും അവരുടെ ചൂഷണത്താല്‍ ഐക്യപ്പെടാന്‍ നിര്‍ബ്ബന്ധിക്കപ്പെടുകയും ചെയ്യുന്ന ഉരുത്തിരിഞ്ഞു വരുന്ന ഭൌതിക യാഥാര്‍ത്ഥ്യങ്ങളെ വിലയിരുത്തിയുമാണ് അവരതു് ചെയ്തത്.

അവര്‍ ദീര്‍ഘ ദര്‍ശനം നടത്തിയ ആഗോള മുതലാളിത്ത പ്രതിസന്ധിയും തൊഴിലാളി വര്‍ഗ്ഗ സാര്‍വ്വ ദേശീയതയും ഇന്ന് യാഥാര്‍ത്ഥ്യമായിരിക്കുന്നു. വികസിച്ചു വരുന്ന വാര്‍ത്താ വിനിമയ-ഗതാഗത ശൃംഖലകളും അവയെ ആധാരമാക്കി വളരുന്ന ആഗോള വ്യാപാരവുമാണ് അവരെ വ്യവസായ സമ്പദ്ഘടനയുടെ ഗതിവിഗതികളും അതിലൂടെ ഉരുത്തിരിയുന്ന ആഗോള മൂലധനവും അതിന്റെ സ്വാഭാവിക പ്രതിഫലനമായി തൊഴിലാളി വര്‍ഗ്ഗ സാര്‍വ്വദേശീയതയും, അവ തമ്മിലുള്ള വര്‍ഗ്ഗ സമരവും തൊഴിലാളി വര്‍ഗ്ഗത്തിന്റെ വിജയവും പ്രഖ്യാപിക്കാന്‍ സഹായിച്ചത്. അന്നു്, 8 മണിക്കൂര്‍ തൊഴില്‍ സമയം നിയമപരമായ അവകാശമായി നേടുന്നതിനു വേണ്ടി നടന്ന തൊഴിലാളി വര്‍ഗ്ഗ മുന്നേറ്റം വിപ്ലവകാരിയായ വര്‍ഗ്ഗത്തെ കണ്ടെത്തുന്നതില്‍ അവര്‍ക്ക് സഹായകമായി. മൂലധനാധിപത്യത്തെ അവര്‍ വിശകലനം ചെയ്തതില്‍ കൂടുതലായി നാളിതു വരെ ആരും ചെയ്തിട്ടില്ല. മൂലധനത്തിന്റെ ചലനാത്മകതയും ചടുലതയും അവര്‍ പ്രവചിച്ചതു് പോലെ തന്നെ പ്രകടമാക്കപ്പെടുന്നു. അതിലൂടെ, വിവര വിനിയ മേഖലയുടെ വികാസം മൂലധനാധിപത്യത്തിന്റെ വികാസത്തിനു വഴിയൊരുക്കി. പുതിയ കമ്പോളങ്ങള്‍ കണ്ടെത്താനും വെട്ടിപ്പിടിക്കാനും അതിനു കഴിഞ്ഞു. ലോകമാകെ വ്യാപിക്കാന്‍ കഴിഞ്ഞു. ദേശീയ വ്യവസായാടിത്തറകള്‍ കടപുഴക്കി ആഗോള മൂലധനാധിപത്യം ഉറപ്പിക്കാന്‍ ചരക്കുകളുടെ കുറഞ്ഞ വിലയും പുതിയ വിപണന തന്ത്രങ്ങളും സഹായിച്ചു. ഇന്നു് പ്രതിസന്ധിയും ആഗോളമായി. അരങ്ങേറിക്കൊണ്ടിരിക്കുന്ന വിവര വിനിമയ വിപ്ലവം മൂലധന വ്യാപനത്തിന്റേതെന്ന പോലെ തൊഴിലാളി വര്‍ഗ്ഗ സാര്‍വ്വദേശീയതയുടേയും മൂര്‍ത്തവും ശക്തവുമായ ഉപകരണമായി പരിണമിച്ചിരിക്കുന്നു. തൊഴിലാളി വര്‍ഗ്ഗം ഇനി അതിന്റെ ചരിത്രപരമായ കടമ നിര്‍വ്വഹിക്കുകയേ വേണ്ടൂ.

സമൂഹത്തെയാകെ എല്ലാ വിധ മര്‍ദ്ദനത്തില്‍ നിന്നും ചൂഷണത്തില്‍ നിന്നും വര്‍ഗ്ഗ വ്യത്യാസത്തില്‍ നിന്നും വര്‍ഗ്ഗ സമരങ്ങളില്‍ നിന്നും എന്നെന്നേയ്ക്കുമായി മോചിപ്പിക്കാതെ നിലവില്‍ മുതലാളിത്തത്തിന്റെ മര്‍ദ്ദനത്തിനും ചൂഷണത്തിനും വിധേയമായിട്ടുള്ള തൊഴിലാളി വര്‍ഗ്ഗത്തിന് സ്വയം മോചനം നേടാനാവില്ല എന്നതാണു് തൊഴിലാളി വര്‍ഗ്ഗ വിപ്ലവത്തിന്റെ സാംഗത്യവും അനിവാര്യതയും ഉറപ്പും. വിപ്ലവം തനിയെ നടക്കുകയല്ല, മറിച്ചു് അതു് ജനങ്ങള്‍ നടത്തുകയാണ്. തൊഴിലാളി വര്‍ഗ്ഗം നേതൃത്വം ഏറ്റെടുക്കുകയാണ്. അത്തരം കടമ ഏറ്റെടുക്കാന്‍ ഉരുത്തിരിയുന്ന സാമൂഹ്യ സാഹചര്യങ്ങളില്‍ തൊഴിലാളി വര്‍ഗ്ഗം നിര്‍ബ്ബന്ധിക്കപ്പെടുകയാണ് എന്നതാണു് അനിവാര്യത. തൊഴിലാളി വര്‍ഗ്ഗ വിപ്ലവം സാരാംശത്തില്‍ ആഗോളമാണെങ്കിലും രൂപത്തില്‍ ദേശീയമാണു്. കാരണം, ഓരോ രാജ്യത്തും അതാതിടങ്ങളിലെ തൊഴിലാളി വര്‍ഗ്ഗത്തിന് മാത്രമേ അവിടങ്ങളിലെ മൂലധനാധിപത്യവുമായി കണക്കു് തീര്‍ക്കാനാവൂ എന്നു് മാര്‍ക്സ് പണ്ടേ നിരീക്ഷിച്ചതു് ഇന്നും ശരിയായി തന്നെ തുടരുകയാണ്.

ഇതിലേക്കു് വിരല്‍ ചൂണ്ടുന്ന ഒട്ടേറെ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങള്‍ ഉരുത്തിരിഞ്ഞു കൊണ്ടിരിക്കുന്ന ഉദ്ദിഗ്ന ദശാസന്ധിയിലൂടെയാണു് ലോകം കടന്നു പോകുന്നതു്. ആശയ രംഗത്തു് മാര്‍ക്സിസത്തിനു് ശേഷം പ്രായോഗിക വിപ്ലവ രാഷ്ട്രീയത്തില്‍ ലെനിനിസം പോലെ പ്രധാനമാണു് തൊഴിലാളി വര്‍ഗ്ഗ സമര മുഖത്തു് മുതലാളിത്തത്തെ നേര്‍ക്കു് നേര്‍ നേരിടാന്‍ തൊഴിലാളി വര്‍ഗ്ഗത്തെ ശാക്തീകരിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനവും വിവിധ വിജ്ഞാന സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളും നിലയുറപ്പിച്ചു കഴിഞ്ഞു എന്നത്. മുതലാളിത്തത്തെ, അതിന്റെ ആധുനിക കേന്ദ്രീകരണമായ ആഗോള ധന മൂലധനാധിപത്യത്തെ തൊലിയുരിച്ചു കാട്ടുന്നതില്‍ വിക്കീ ലീക്സ് പോലയുള്ള സ്വാതന്ത്ര്യ പ്രസ്ഥാനങ്ങള്‍ ആഗോള മൂലധനാധിപത്യത്തെ നേര്‍ക്കു നേര്‍ വെല്ലുവിളിക്കുകയാണിന്നു്. പുതിയ വാര്‍ത്താവിനിയ സംവിധാനങ്ങളുടെ സഹായത്തോടെ ലോകമാകെ രാഷ്ട്രീയ രംഗത്ത് പുതിയ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ മുള പൊട്ടുന്നു. തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യത്തിന്റെ ഉപകരണവും ഉപാധിയുമായി തൊഴിലാളികള്‍ക്ക് മാത്രം വഴങ്ങുന്നതും സ്വത്തവകാശത്തിന് സാംഗത്യമില്ലാത്തതുമായി സ്വതന്ത്ര വിജ്ഞാന സമ്പത്ത് മാറിക്കഴിഞ്ഞിരിക്കുന്നു.

ആഗോള ധനമൂലധനത്തിന്റെ (അതിനോട് ഉത്ഗ്രഥിക്കപ്പെട്ടിരിക്കുന്ന ദേശീയ കുത്തക മൂലധനത്തിന്റേയും) നിലനില്പ് ഇന്ന് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. അതിന്റെ ഇടിയുന്ന ലാഭത്തോത് തനി കൊള്ളയിലൂടെയല്ലാതെ ഇനിയൊരു നിമിഷം നിലനില്‍ക്കാനതിന് കഴിയില്ലെന്ന സ്ഥിതിയിലെത്തിച്ചിരിക്കുന്നു. വെറും തട്ടിപ്പ് മാത്രമായി മാറിയിട്ടുള്ള പുതിയ ധന ഇടപാടുകളും ധന ഉപകരണങ്ങളും അവയുടെ ക്രയവിക്രയവും ഓഹരി വിപണിയിലെ ചൂതാട്ടവും ഒന്നും മിച്ചമോ ലാഭമോ സൃഷ്ടിക്കുന്നില്ല. മേല്‍ പ്രക്രിയകളെല്ലാം ലാഭം പങ്കുവെപ്പിന്റെ രീതികളില്‍ മാത്രമേ മാറ്റം വരുത്തുന്നുള്ളു. ചുരുക്കം, മുതലാളിമാര്‍ തമ്മിലുള്ള കടിപിടി മാത്രമാണത് പ്രകടമാക്കുന്നത്. ഒഹരി ഉടമകള്‍ കബളിപ്പിക്കപ്പെടുക മാത്രമാണതിലൂടെ നടക്കുന്നത്. യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളില്‍ ധന മൂലധനം പിടിച്ചു നില്കുന്നത് തനി കൊള്ളയിലൂടെയാണ്. വിവര സാങ്കേതിക വിദ്യയുടെ പേരില്‍ ഇതര മേഖലകളില്‍ നിന്നുള്ള സമ്പത്തു് വലിച്ചെടുക്കുക, മൂലധന ഉടമകള്‍ക്കു് ലാഭനിരക്കു് നിലനിര്‍ത്താനായി നികുതി ഇളവുകള്‍ നല്‍കുക, 'ആധാര്‍' പോലെ പുതിയ മേച്ചില്‍ സ്ഥലങ്ങള്‍ സൃഷ്ടിച്ച് ജനങ്ങളെ കൊള്ളയടിക്കുക, പെന്‍ഷന്‍ ഫണ്ടും, ബാങ്ക് മൂലധനവും അടക്കം പൊതു മേഖലാ ആസ്തികള്‍ കൈമാറുക, ഊര്‍ജ്ജ സ്രോതസുകള്‍, വനഭൂമി, ജല സ്രോതസുകള്‍ തുടങ്ങിയ പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കുക, സ്പെക്ട്രം പോലുള്ള പുതിയ വിഭവങ്ങളെ ചരക്കാക്കി മാറ്റി ആസ്തി വര്‍ദ്ധിപ്പിക്കുക തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ പൊതു സ്വത്തിന്റെ കൊള്ളയാണു് നടക്കുന്നത്. പക്ഷെ, ഇത്തരത്തില്‍ കൊള്ളയിലൂടെ സമാഹരിക്കുന്ന ആസ്തികള്‍ ഓഹരി വിപണിയില്‍ ലാഭത്തിന്റെ കണക്ക് കാണിക്കാന്‍ ഉപകരിക്കുമെങ്കിലും വരും വര്‍ഷങ്ങളില്‍ ആ പുതിയ ആസ്തികള്‍ക്കും കൂടി ആവശ്യമായത്ര മിച്ചം (ലാഭം) കണ്ടെത്തണമെന്ന ഊരാക്കുടുക്കിലേക്ക് ആഗോള ധന മൂലധന വ്യവസ്ഥ അതി വേഗം മുതലക്കൂപ്പ് കുത്തുകയാണു്. ലോക വ്യാപാരക്കുഴപ്പം ഈ പ്രതിസന്ധി മൂര്‍ച്ഛിപ്പിക്കുന്നു.

മാനവ രാശിയുടെ മോചനത്തിനുള്ള ഭൌതികാടിത്തറ രൂപപ്പെട്ടിരിക്കുന്നു. നേതൃത്വം കൊടുക്കാനാവശ്യമായ ആത്മ നിഷ്ഠ ഘടകം, രാഷ്ട്രീയ സംഘടനയും, നിലവില്‍ വന്നിരിക്കുന്നു. മാനവ രാശിയെ എന്നെന്നേയ്ക്കുമായി എല്ലാ വിധ മര്‍ദ്ദനങ്ങളില്‍ നിന്നും ചുഷണങ്ങളില്‍ നിന്നും വര്‍ഗ്ഗ വ്യത്യാസത്തില്‍ നിന്നും വര്‍ഗ്ഗ വൈരങ്ങളില്‍ നിന്നും ഈ കാലഹരണപ്പെട്ട സാമൂഹ്യ വ്യവസ്ഥ സൃഷ്ടിക്കുന്ന ദുഷ്ടുകളില്‍ നിന്നും മോചിപ്പിക്കാന്‍ തൊഴിലാളി വര്‍ഗ്ഗം ആധുനിക സങ്കേതങ്ങളാല്‍ ശാക്തീകരിക്കപ്പെടുക മാത്രമാണിനി വേണ്ടതു്. അതിനുള്ള ഉപകരണം, ആഗോള വിവര വിനിമയ ശൃംഖലയും സ്ഥാപിതമായിരിക്കുന്നു. അതെടുത്തുപയോഗിക്കുകയേ വേണ്ടൂ.

സ്വാതന്ത്ര്യം കയ്യെത്തും ദൂരത്തായിരിക്കുന്നു.


*****


ജോസഫ് തോമസ്

Wednesday, July 27, 2011

പച്ചക്കള്ളം പാഠപുസ്തകമാക്കിയാല്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി ജെ എസ് ജോര്‍ജ് എഴുതിയ ഒരു ലേഖനത്തിന്റെ ചെറിയ ഭാഗം കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഐസിഎസ്ഇ പാഠ്യപദ്ധതിയില്‍ ഏഴാം ക്ലാസിലെ മലയാളം പാഠപുസ്തകത്തിലെ ആറാം പാഠത്തില്‍ ചേര്‍ത്തിട്ടുണ്ട്. "മുരിക്കന്‍" എന്നാണ് പാഠത്തിന്റെ പേര്. അതിന്റെ ഉള്ളടക്കം ഇതാണ്. "ഔത എന്ന പേരിലറിയപ്പെട്ടിരുന്ന ജോസഫ് മുരിക്കന്‍ എന്ന സുറിയാനി ക്രിസ്ത്യാനി കര്‍ഷകന്‍ കുട്ടനാട്ടില്‍ 900, 652, 600 എന്നീ ക്രമത്തില്‍ വിസ്തീര്‍ണമുള്ള മൂന്ന് പാഠശേഖരങ്ങള്‍ കൃഷിക്ക് ഉപയുക്തമാക്കി നെല്ല് വിളയിച്ചു. പക്ഷേ ഇ എം എസ് സര്‍ക്കാര്‍ ആ ഭൂമി മുരിക്കനില്‍നിന്ന് പിടിച്ചെടുത്ത് പാര്‍ടി അംഗങ്ങള്‍ക്ക് വീതിച്ചുകൊടുത്തു. ഭൂപരിഷ്കാരത്തിന്റെ പേരിലാണ് അത് ചെയ്തത്. കൃഷിയറിയാത്ത പാര്‍ടി അംഗങ്ങള്‍ അവിടം കൃഷിചെയ്തില്ല. ദരിദ്രനായിപ്പോയ മുരിക്കന്‍ ഹൃദയംപൊട്ടി മരിച്ചു. പ്രായോഗികബുദ്ധിയില്ലാത്ത കമ്യൂണിസ്റ്റുകാര്‍ നാടിന് ദോഷംചെയ്തു."

ഇത് പച്ചക്കള്ളമാണെന്ന് കേരളത്തിലെ ഭൂപരിഷ്കരണത്തിന്റെ ചരിത്രമറിയുന്ന ആര്‍ക്കുമറിയാം. ഈ പച്ചക്കള്ളം പാഠപുസ്തകമാക്കിയവര്‍ ആരായിരുന്നാലും വൃത്താന്തപത്രപ്രവര്‍ത്തനത്തിന്റെ കുലപതിയായിരുന്ന സ്വദേശാഭിമാനിയുടെ വാക്കുകള്‍ കടമെടുത്തുപറഞ്ഞാല്‍ , അവരെ "പട്ടിത്തുടലില്‍ കെട്ടി കുതിരക്കവഞ്ചികൊണ്ടടിക്കണം." മുതിര്‍ന്നവര്‍ക്ക് പച്ചക്കള്ളമെന്ന് അറിയാവുന്ന കാര്യം കുട്ടികള്‍ പഠിക്കുന്നത് സത്യമെന്ന വിശ്വാസത്തിലാണ്. അവര്‍ ജീവിതാന്ത്യംവരെ കമ്യൂണിസ്റ്റുകാര്‍ പരമദുഷ്ടന്മാരാണെന്ന വിശ്വാസത്തിലായിരിക്കും പെരുമാറുന്നത്. കേരളത്തിന്റെയും ഭാരതത്തിന്റെയും പൊതുജീവിതത്തില്‍ ജനപ്രതിനിധികളായും ഭരണകര്‍ത്താക്കളായും പ്രവര്‍ത്തിക്കേണ്ടവരാണ് ഇന്നത്തെ വിദ്യാര്‍ഥികള്‍ . അവരെ പച്ചക്കള്ളം പഠിപ്പിക്കാമോ?

സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാലയങ്ങളില്‍ എന്തു നടക്കുന്നുവെന്ന് ആരും അന്വേഷിക്കാറില്ല. എന്താണ് നടക്കുന്നതെന്നതിന്റെ തെളിവാണ് "മുരിക്കന്‍". മേല്‍പ്പറഞ്ഞതരം വിദ്യാലയങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ യുഡിഎഫ് സര്‍ക്കാര്‍ വെമ്പല്‍ക്കൊള്ളുന്നതിന്റെ രഹസ്യം ഇപ്പോള്‍ വ്യക്തമാകുന്നുണ്ട്. അവിടേക്ക് കുട്ടികളെ അയക്കാന്‍ തിടുക്കംകൂട്ടുന്ന രക്ഷിതാക്കളുടെ മനോഭാവവും വ്യക്തമാകുന്നുണ്ട്.

"മുരിക്കന്‍" വായിച്ചാല്‍ മനസിലാകാത്ത ചില കാര്യങ്ങളുണ്ട്. പഴയ തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലായിരുന്ന കുട്ടനാട്ടിലെ കായല്‍നിലം മുരിക്കന് ലഭിച്ചതെങ്ങനെ? അയാള്‍ സര്‍ക്കാരില്‍നിന്ന് വിലയ്ക്കു വാങ്ങിയതാണോ? അതോ നെല്‍കൃഷിയെ പ്രോത്സാഹിപ്പിച്ച് പട്ടിണി അകറ്റുന്നതിനു വേണ്ടി പാട്ടത്തിന് നല്‍കിയതോ? സര്‍ക്കാര്‍ഭൂമി പാട്ടത്തിനെടുക്കുകയും പിന്നീട് പട്ടയം സമ്പാദിച്ച് സ്വന്തമാക്കുകയുംചെയ്തതാണ് എന്നതാണ് സത്യം. അത് ടി ജെ എസ് ജോര്‍ജ് പറയുന്നില്ല.

1957ല്‍ അധികാരത്തിലെത്തിയ ഇ എം എസ് സര്‍ക്കാരല്ല മുരിക്കന്റെ ഭൂമി മിച്ചഭൂമിയാക്കിയത്. പാട്ടക്കുടിയാന്മാരെ ജന്മിമാരുടെ ഒഴിപ്പിക്കലില്‍നിന്ന് രക്ഷിക്കുകയും അവര്‍ക്ക് ഭൂമിയില്‍ ഉടമസ്ഥാവകാശം നല്‍കുന്നതുമായ നിയമം നടപ്പാക്കുകയാണ് ഇ എം എസ് സര്‍ക്കാര്‍ ചെയ്തത്. മുരിക്കന്‍ പാട്ടക്കുടിയാനായിരുന്നില്ല. അയാള്‍ പട്ടയമുടമസ്ഥനായിരുന്നു. 1967ല്‍ അധികാരത്തില്‍ വന്ന രണ്ടാം കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂപരിഷ്കരണ നിയമപ്രകാരമാണ് കൈവശഭൂമിക്ക് പരിധി നിശ്ചയിക്കുകയും മിച്ചഭൂമി കുടികിടപ്പുകാരന് വീതിച്ചുകൊടുക്കുകയും ചെയ്തത്. 900 ഏക്കറുള്ള ചിത്തിരക്കായലും 652 ഏക്കറുള്ള മാര്‍ത്താണ്ഡന്‍ കായലും 600 ഏക്കറുള്ള റാഞ്ചിക്കായലും (ആകെ 2152 ഏക്കര്‍) മുരിക്കനും കുടുംബത്തിനും കൈവശം വയ്ക്കാന്‍ കേരള നിയമസഭ പാസാക്കിയ ഭൂപരിഷ്കരണ നിയമപ്രകാരം സാധ്യമല്ല. ആ നിയമം പാസാക്കിയ നിയമസഭയില്‍ അനുകൂലമായി വോട്ടുചെയ്തവരുടെ കൂട്ടത്തില്‍ മുസ്ലിം ലീഗുകാരും കേരള കോണ്‍ഗ്രസുകാരും ആര്‍എസ്പിക്കാരും കോണ്‍ഗ്രസുകാരുമുണ്ടായിരുന്നു. നിയമം നിലവില്‍ വന്ന 1972ല്‍ മുഖ്യമന്ത്രിയായിരുന്നത് സി അച്യുതമേനോനായിരുന്നുവെങ്കിലും ഭരണം നിയന്ത്രിച്ചിരുന്നത് കെ കരുണാകരന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസാണ്. ആ സര്‍ക്കാരിനെക്കൊണ്ട് നിയമനിര്‍മാണം നടത്തിക്കാന്‍ എ കെ ജിയുടെ നേതൃത്വത്തില്‍ മിച്ചഭൂമി സമരം ചെയ്യേണ്ടിവന്നു.

"ചിത്തിരക്കായലില്‍ ചിറകറ്റുവീഴുന്ന
പട്ടിണിപ്പാവങ്ങള്‍ ഞങ്ങള്‍",
"മാര്‍ത്താണ്ഡന്‍ കായലിന്‍ കൈതവരമ്പത്തു
നാട്ടിയ കൊടി ഞങ്ങള്‍ മാറ്റുകയില്ലൊരുനാളും"

എന്നുമൊക്കെ തൊണ്ടപൊട്ടിപ്പാടിയ കര്‍ഷകത്തൊഴിലാളികള്‍ നിഷ്ഠുരമായ പൊലീസ് മര്‍ദനം സഹിച്ചിട്ടാണ് ഒരു തുണ്ട് ഭൂമിയില്‍ അവകാശം നേടിയെടുത്തത്.

ഹനുമാന്‍ മരുത്വാമല പൊക്കിയെടുത്ത കഥ പോലെ ഔത മുരിക്കന്‍ വെള്ളത്തില്‍ കിടന്ന കായല്‍നിലത്തെ ഒറ്റയ്ക്ക് പൊക്കിയെടുക്കുകയായിരുന്നില്ല. 2152 ഏക്കര്‍ കായല്‍നിലം ചക്രം ചവിട്ടി വെള്ളം മാറ്റി കൃഷിചെയ്യാന്‍ പതിനായിരക്കണക്കിന് കര്‍ഷകത്തൊഴിലാളികള്‍ ആവശ്യമായിരുന്നു. അവരുടെ സേവനത്തെ അവഗണിച്ച് മുരിക്കന്‍ എന്ന ഒറ്റയാന്‍ നേടിയെടുത്തതിനെ കമ്യൂണിസ്റ്റുകാര്‍ തകര്‍ത്തുകളഞ്ഞെന്നു പറയുന്നത് ചരിത്രനിഷേധമാണ്. ആ കര്‍ഷകത്തൊഴിലാളികളുടെ പിന്മുറക്കാര്‍ ഇന്നും കുട്ടനാട്ടില്‍ ജീവിച്ചിരിപ്പുണ്ട്. അവരുടെ അനുഭവങ്ങളെയും ഓര്‍മകളെയും അവഹേളിക്കുന്നതാണ് ഈ പാഠപുസ്തകം.

പത്താം ക്ലാസിലെ സാമൂഹികശാസ്ത്രം പാഠപുസ്തകത്തില്‍ യൂറോപ്പിലെ കത്തോലിക്കാ സഭയില്‍ നടന്ന ആഭ്യന്തര കലാപത്തെ വസ്തുനിഷ്ഠമായി അവതരിപ്പിച്ചതിനെതിരെ ചെറുന്യൂനപക്ഷത്തിന്റെ പ്രേരണയാല്‍ പുസ്തകത്തിന്റെ ഒന്നാം അധ്യായത്തെ നിരോധിച്ചു. പുറത്തുനിന്നുള്ളവര്‍ നിയന്ത്രിക്കുന്ന യുഡിഎഫ് ഭരണത്തില്‍ ഇതും ഇതിലപ്പുറവും സംഭവിക്കും. എന്നാല്‍ , പച്ചക്കള്ളം പാഠപുസ്തകത്തില്‍ ചേര്‍ക്കുന്ന അക്കാദമിക് സമിതികളും (എന്‍സിഇആര്‍ടി, സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങിയവ) ഇത് പച്ചക്കള്ളമാണെന്ന് അറിഞ്ഞുതന്നെ പഠിപ്പിക്കുന്ന അധ്യാപകരും മക്കള്‍ പഠിക്കുന്നത് പച്ചക്കള്ളമാണെന്ന് തിരിച്ചറിയുന്ന/തിരിച്ചറിയാത്ത രക്ഷിതാക്കളും കൂടി ഭാവിതലമുറയെ വഴിതെറ്റിക്കുകയാണെന്ന സത്യം തിരിച്ചറിയുന്ന കേരളസമൂഹം പ്രതികരിച്ചേ മതിയാകൂ. ചമല്‍ക്കാര ചാതുരിയോടെ കള്ളം സത്യമാണെന്ന തോന്നലുണ്ടാക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ ചമയ്ക്കുന്ന വലതുപക്ഷ മാധ്യമപ്രവര്‍ത്തകന്റെ സത്യസന്ധതയും ധാര്‍മികതയും ചോദ്യംചെയ്യപ്പെടണം.


*****

പ്രൊഫ. വി കാര്‍ത്തികേയന്‍നായര്‍, കടപ്പാട്:ദേശാഭിമാനി