Saturday, May 24, 2014

കോണ്‍ഗ്രസിനെക്കൊണ്ട് ഇനി കാര്യമില്ല

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലിതുവരെയുണ്ടാവാത്തത്ര വലിയ തകര്‍ച്ച നേരിട്ട കോണ്‍ഗ്രസ്, സ്വന്തം അണികളില്‍പോലും ആശ്വാസത്തിന്റെയോ ആത്മവിശ്വാസത്തിന്റെയോ കണിക പകരാന്‍ കഴിയാതെ നൈരാശ്യത്തിന്റെ ഇരുട്ടിലുഴലുകയാണ്.

എല്ലാ സീനിയര്‍ നേതാക്കളും ഒരേപോലെ മൗനത്തില്‍. സ്വാധീനം തിരിച്ചുപിടിക്കാന്‍ ശ്രമിക്കാമെന്ന് ഒരു വാചകംപോലും അണികളോടു പറയാന്‍ ആരുമില്ല. അടിയന്തരമായി ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗം പരാജയത്തിന്റെ ഉത്തരവാദിത്തം സോണിയക്കും രാഹുലിനുമല്ല എന്നു പ്രമേയം പാസാക്കിപ്പിരിഞ്ഞു. ആര്‍ക്കാണ് ഉത്തരവാദിത്തമെന്നു പറയുന്നില്ല. ശക്തി വീണ്ടെടുക്കാന്‍ ശ്രമിക്കുമെന്ന ഒരു സൂചനപോലും ആ യോഗം നല്‍കുകയുണ്ടായില്ല. ഭരണമില്ലെങ്കില്‍പ്പിന്നെ പാര്‍ടി എന്തിന്? ആ ചോദ്യം സ്വയം ചോദിച്ചുകൊണ്ട് എല്ലാവരും ആലസ്യത്തിലേക്കും മരവിപ്പിലേക്കും ചെന്നു വീണിരിക്കുകയാണ്. ഭരണം പോകുമ്പോള്‍ ഉണ്ടാവുന്ന ഈ മരവിപ്പാണ് സത്യത്തില്‍ നരേന്ദ്രമോഡിയെയും ബിജെപിയെയും വളര്‍ത്തിയത്. കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിലും വേണമെങ്കില്‍ കോണ്‍ഗ്രസിന് സംഘടനായന്ത്രം ശക്തമാക്കിയും അണികളില്‍ ആവേശം പകര്‍ന്നും നരേന്ദ്രമോഡിയെ ഗുജറാത്തില്‍ തോല്‍പ്പിക്കാമായിരുന്നു. എന്നാല്‍,അധികാരം നഷ്ടപ്പെട്ടതിന്റെ ആലസ്യത്തില്‍നിന്ന് ഗുജറാത്തില്‍ കോണ്‍ഗ്രസ് ഒരിക്കലും കരകയറിയില്ല എന്നതാണ് സത്യം. ഭരണം പോയതോടെ നേതാക്കള്‍ സംഘടനയെയും അണികളെയും ഉപേക്ഷിച്ചുപോയി. ആ അവസ്ഥ നരേന്ദ്രമോഡി ഉപയോഗപ്പെടുത്തി.

കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ മൗനവും നിഷ്ക്രിയത്വവും ഇന്ത്യന്‍ ജനാധിപത്യത്തിനു വലിയ ഒരു സന്ദേശം നല്‍കുന്നുണ്ട്. അത് വര്‍ഗീയാധിപത്യത്തെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് എന്തെങ്കിലും ചെയ്യും എന്നു പ്രതീക്ഷിക്കുന്നതില്‍ ഒരു കാര്യവുമില്ല എന്ന സന്ദേശമാണ്. കളിക്കാന്‍ കളമില്ല എന്ന നിലയ്ക്ക് പിന്‍വാങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സംഘപരിവാര്‍ ശക്തികള്‍ക്ക് കോണ്‍ഗ്രസ് ബദലാവുന്നതേയില്ല. ബദലാവുന്നത് ഇതര ജനാധിപത്യ മതനിരപേക്ഷ കക്ഷികളും ഇടതുപക്ഷവുമാണ്. പ്രത്യാശ അവിടെ അര്‍പ്പിച്ചിട്ടേ കാര്യമുള്ളൂ. ജനവിധിയെത്തുടര്‍ന്ന് തളര്‍ന്നുകിടക്കുന്ന ഏക പാര്‍ടി കോണ്‍ഗ്രസാണ്. സമാജ്വാദി പാര്‍ടി അതിന്റെ യുപി ഘടകത്തെ പിരിച്ചുവിട്ടു. മുപ്പത് സഹമന്ത്രിമാരെ നീക്കംചെയ്തും തിരുത്തല്‍ നടപടിയാരംഭിച്ചു. ആര്‍ജെഡി ആജന്മ വൈരികളായി കഴിയുന്നവരോടുപോലും കൈകോര്‍ക്കാന്‍ തയ്യാറാവുന്നു. നിധീഷ്കുമാറും ലാലുപ്രസാദ് യാദവും ഒരുമിക്കുന്നു. ഇങ്ങനെ ഇതര പാര്‍ടികളെല്ലാം പ്രവര്‍ത്തനിരതരാവുമ്പോഴും നടുവൊടിഞ്ഞപോലെ കിടക്കുകയാണ് കോണ്‍ഗ്രസ്.

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ കമല്‍നാഥോ എ കെ ആന്റണിയോ ദിഗ്വിജയ് സിങ്ങോ സി പി ജോഷിയോ പി ചിദംബരമോ അശോക് ഗെലോട്ടോ സുശീല്‍കുമാര്‍ ഷിന്‍ഡെയോ ഒന്നും വായ് തുറന്നിട്ടില്ല. ഈ മൗനത്തിന്റെ അര്‍ഥം വ്യക്തമാണ്. രാഹുലിനെക്കൊണ്ട് ഒരു കാര്യവുമില്ല എന്നിവര്‍ക്ക് ബോധ്യമുണ്ട്. എന്നാല്‍, രക്തത്തിലലിഞ്ഞുചേര്‍ന്ന വൈതാളികസ്വഭാവംകൊണ്ട് ഇവര്‍ക്കാര്‍ക്കും ഇതു തുറന്നുപറയാന്‍ ധൈര്യമില്ലാതാവുന്നു. താഴെനിരയിലുള്ള ചില നേതാക്കള്‍ വായ തുറന്നു തുടങ്ങിയിട്ടുണ്ട്. മിലിന്ദ് ദേവ്റയെയും പ്രിയാദത്തിനെയും പോലുള്ളവര്‍. ഇവര്‍ക്കുമറിയാം രാഹുല്‍ വിലപ്പോവുന്ന പ്രശ്നമില്ലെന്ന്. അതു പറയാതെ രാഹുലിന്റെ ഉപദേശകര്‍ ശരിയല്ല എന്നു പറഞ്ഞു നിര്‍ത്തി അവര്‍. ഉപദേശകര്‍ ശരിയല്ലെങ്കില്‍ അവരാല്‍ ഉപദേശിക്കപ്പെടുന്ന രാഹുല്‍ ശരിയാവാനിടയില്ലല്ലോ. ആ ചിന്ത പടര്‍ത്തിവിട്ടിട്ടുണ്ട് ഇവരുടെ അഭിപ്രായ പ്രകടനങ്ങള്‍. മോഡി തരംഗം അലയടിച്ചതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിനാണെന്ന് ജ്യോതിരാദിത്യസിന്ധ്യ പറയുമ്പോഴും ഉദ്ദേശ്യം വ്യക്തം. രാഹുല്‍ തങ്ങളെ രക്ഷിക്കില്ല എന്ന് കോണ്‍ഗ്രസ് ആകെ തിരിച്ചറിയുന്നുണ്ട്. എന്നാല്‍, വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍, സോണിയാ പ്രീതി തുടങ്ങിയ കാര്യങ്ങള്‍കൊണ്ട് ആരും തുറന്നുപറയാന്‍ ധൈര്യം കാട്ടുന്നില്ല. ഈ വൈതാളികത്വം കോണ്‍ഗ്രസിനെ കൂടുതല്‍ തകര്‍ച്ചയിലേക്കേ കൊണ്ടുപോവൂ.

മുമ്പൊരിക്കലും ഇതായിരുന്നില്ല സ്ഥിതി. 1977ല്‍ കോണ്‍ഗ്രസ് 154 സീറ്റുകളിലേക്ക് വീണുപോയി. ഇന്ദിരാഗാന്ധി ഏതാണ്ട് പിന്‍വലിയുന്ന നിലയിലായി. എന്നാല്‍, അന്നുപോലും ഇതര കോണ്‍ഗ്രസ് നേതാക്കള്‍ പ്രത്യാശ പകര്‍ന്നുകൊണ്ട് സംഘടനയെ ഉണര്‍ത്തിനിര്‍ത്താന്‍ ഇടപെട്ടു. കോണ്‍ഗ്രസ് 1998ല്‍ 141 സീറ്റുകളിലേക്കു വീണു. അന്നും കോണ്‍ഗ്രസ് വിട്ടുപോയിരുന്നവരെ, എന്‍ ഡി തിവാരി മുതല്‍ അര്‍ജുന്‍സിങ് വരെയുള്ളവരെ, മടക്കിക്കൊണ്ടുവന്ന് സ്വാധീനം വീണ്ടെടുക്കാനുള്ള ശ്രമമുണ്ടായി. എന്നാല്‍, ഇപ്പോള്‍ മരണവീട്ടിലെ നിശ്ശബ്ദതയിലായി കോണ്‍ഗ്രസ്. ഒരാള്‍ മരിച്ച വീട്ടില്‍ മറ്റുള്ളവര്‍ പാലിക്കുന്ന മൗനമല്ല, എല്ലാവരും മരിച്ച വീട്ടിലെ മൗനം.

പ്രതിപക്ഷ നേതാവുസ്ഥാനം ഏറ്റെടുക്കാന്‍പോലും ആളില്ല എന്നതാണു നില. രാഹുല്‍ഗാന്ധി ആ സ്ഥാനം ഏറ്റെടുക്കുന്നില്ലെങ്കില്‍ വീരപ്പമൊയ്ലി ഏറ്റെടുക്കട്ടെ എന്നതാണിപ്പോഴത്തെ അഭിപ്രായം. ഏതു നയങ്ങളാണോ കോണ്‍ഗ്രസിനെ ഈ തകര്‍ച്ചയിലേക്കു നയിച്ചത് അതേ നയത്തിന്റെ കാര്യക്കാരനായിരുന്നു മൊയ്ലി. റിലയന്‍സിന് കെജി ബേസില്‍ തുക ഇരട്ടിയാക്കി കൊടുത്തത് അന്നത്തെ ഈ മന്ത്രിയാണ്. ആ നയത്തിന്റെ വക്താവിനെത്തന്നെ വീണ്ടും നേതാവാക്കാന്‍ ആലോചിക്കുകയാണ് കോണ്‍ഗ്രസ്.

കോണ്‍ഗ്രസില്‍ ഇനി ആരും പ്രതീക്ഷയര്‍പ്പിച്ചിട്ടു കാര്യമില്ല. അതിനു മിനക്കെടാതെ ജനാധിപത്യ മതനിരപേക്ഷ ഇടതുപക്ഷബദല്‍ രാഷ്ട്രീയശക്തി വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് വേണ്ടത്. ആ ബദലിനേ ഇനി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വര്‍ഗീയതയുടെ സമഗ്രാധിപത്യത്തെ നേരിടാന്‍ കഴിയൂ.
*
deshabhimani editorial

No comments: