Showing posts with label കെ എൻ പണിക്കർ. Show all posts
Showing posts with label കെ എൻ പണിക്കർ. Show all posts

Wednesday, August 15, 2012

സ്വത്വബോധം വര്‍ഗരാഷ്ട്രീയത്തില്‍

ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ താന്‍ ആരാണെന്ന ചോദ്യം അഭിമുഖീകരിക്കാത്ത ഒരു വ്യക്തിയുമുണ്ടാകുകയില്ല. ഈ ചോദ്യത്തിന്റെ ഉത്തരം ഓരോ വ്യക്തിയും കണ്ടെത്തുന്നതില്‍ ജീവിതാനുഭവങ്ങളും സാമൂഹ്യബന്ധങ്ങളും വളരെ വലിയ സ്വാധീനം ചെലുത്തുന്നു. അതുകൊണ്ടുതന്നെ ഒരു വ്യക്തിയുടെയും സ്വയം തിരിച്ചറിവ് ഏതെങ്കിലുമൊരു യാഥാര്‍ത്ഥ്യവുമായി മാത്രം ബന്ധപ്പെട്ടതല്ല. പലതരം തിരിച്ചറിവുകളുടെ, അനുഭവങ്ങളുടെ ആകത്തുകയാണ് സാമൂഹ്യമനുഷ്യന്‍. വ്യത്യസ്തമായ, പലപ്പോഴും വൈരുദ്ധ്യാത്മകമായ, അവബോധമാണ് സാമൂഹ്യമനുഷ്യനില്‍ കുടികൊള്ളുന്നത്. പക്ഷേ, ഈ സങ്കീര്‍ണ്ണതയെ ജനസാമാന്യം വിരളമായേ ഉള്‍ക്കൊള്ളുന്നുള്ളൂ, അല്ലെങ്കില്‍ തിരിച്ചറിയുന്നുള്ളൂ. എങ്കിലും ഈ സങ്കീര്‍ണ്ണതയെ പൂര്‍ണ്ണമായും നിഷേധിക്കാനോ, നിരാകരിക്കാനോ ഒരു വ്യക്തിക്കും കഴിയുകയുമില്ല. തല്‍ഫലമായി ഈ സങ്കീര്‍ണ്ണത സാമൂഹ്യജീവിതത്തേയും രാഷ്ട്ര രൂപീകരണത്തേയും, എന്തിന് എല്ലാ ജീവിതമണ്ഡലങ്ങളേയും സ്വാധീനിക്കുന്നു.

ആധുനിക ഇന്ത്യയുടെ ചരിത്രത്തിലുണ്ടായ രണ്ടു പ്രധാനപ്പെട്ട സംഭവവികാസങ്ങള്‍ ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ രൂപീകരണവും അതില്‍ ഉള്ളടങ്ങിയിട്ടുള്ള ദേശീയതകളുടെ വളര്‍ച്ചയുമാണ്. അന്യോന്യബന്ധിതമാണെങ്കിലും ഈ രണ്ടു സംഭവവികാസങ്ങള്‍ക്കും അവയുടെതായ വ്യക്തിത്വവും വ്യത്യസ്തമായ പാതകളുമുണ്ട്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുകയും ഇന്ത്യന്‍ പൗരത്വം, താത്വികമായാണെങ്കിലും, യാഥാര്‍ത്ഥ്യമാകുകയും ചെയ്തപ്പോള്‍ ഒരു രാഷ്ട്രീയ സ്വത്വബോധത്തിന്റെ ചട്ടക്കൂട് വ്യവസ്ഥാപിക്കപ്പെട്ടു. ജനാധിപത്യപ്രക്രിയയിലും ഭരണസംവിധാനത്തിലും സാമ്പത്തിക വിതരണത്തിലുമൊക്കെ ""ഇന്ത്യ എന്ന ആശയം"" സ്വീകരിക്കപ്പെട്ടു. എങ്കിലും ഇന്ത്യ ഒരു അവബോധ യാഥാര്‍ത്ഥ്യമായി മാറിയില്ല. ഇന്ത്യക്കാരന്‍ നിലവില്‍ വന്നുമില്ല. അതിനുപകരം പരമ്പരാഗതമായ പ്രാദേശികബോധം സുശക്തമാകുകയും അതിന്റെ വേരുകള്‍ കൂടുതല്‍ കൂടുതല്‍ ആഴത്തിലിറങ്ങുകയും ചെയ്തു. തല്‍ഫലമായി രാഷ്ട്രവും പ്രദേശവും തമ്മിലുള്ള ബന്ധം വക്രീകൃതമാകുകയാണുണ്ടായത്.

ദേശീയതയും പ്രാദേശികതയും തമ്മില്‍ മഹാകവി വിഭാവനം ചെയ്ത ആരോഗ്യകരമായ പാരസ്പര്യം സാക്ഷാല്‍കരിക്കാതെപോയി. മാത്രമല്ല, പ്രാദേശികത ദേശീയതയെ പ്രാന്തവല്‍ക്കരിക്കുകയും ചെയ്തു. ഇന്ത്യക്കാര്‍ ഇല്ലാതായി. ഗുജറാത്തികളും ബംഗാളികളും കേരളീയരും അരങ്ങേറി. എല്ലാ ഉപദേശീയതകളും അവരവരുടെ വ്യക്തിത്വം അന്വേഷിച്ചിറങ്ങി. ഗുജറാത്തികള്‍ അവരുടെ "അസ്മിത" (അഭിമാനം)യേയും ബംഗാളികള്‍ സംസ്കാരത്തേയും, മലയാളികള്‍ ദൈവത്തെ തന്നെയും അവരുടെ മുഖമുദ്രയാക്കി മാറ്റി.

രാഷ്ട്രത്തിന്റെ ഈ അപനിര്‍മ്മാണത്തെ ന്യായീകരിക്കാന്‍ ഫെഡറലിസം ഉപയോഗപ്രദമാകുകയും ചെയ്തു. ഇന്ത്യന്‍ ദേശീയ രാഷ്ട്രീയം പ്രാദേശിക താല്‍പര്യങ്ങളുടെ കളിയരങ്ങായി മാറി. അതിര്‍ത്തിത്തര്‍ക്കങ്ങളും ഭാഷാപ്രശ്നങ്ങളും നദീജലം പങ്കുവെയ്ക്കലുമൊക്കെ വാസ്തവത്തില്‍ രാഷ്ട്ര - പ്രദേശ താല്‍പര്യങ്ങള്‍ തമ്മിലുള്ള വൈരുദ്ധ്യങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. പ്രാദേശികബോധം വളരെ വികലമായ രീതിയില്‍ വളര്‍ന്നുവന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. "പശ്ചിമഘട്ടങ്ങളെ കേറിയും കടന്നും അന്യമാം" രാജ്യങ്ങളിലെത്തിയ മലയാളിയുടെ സമീപനം കേരളത്തിന്റെ അതിരുകളില്‍ അടങ്ങിനില്‍ക്കുന്നു. കേരളത്തിന് പുറത്തുള്ള ലോകം മാധ്യമങ്ങള്‍ക്ക് അന്യമാണ്. കേരള മാഹാത്മ്യം തേടല്‍ മലയാളിയുടെ നിതാന്ത വിനോദമായി മാറിയിരിക്കുന്നു. മലയാളത്തിന് ക്ലാസിക്കല്‍ പദവി നേടാനുള്ള ശ്രമത്തിനുപിന്നില്‍ ജാതി - മത കക്ഷിഭേദമെന്യേ കേരളം അണിനിരന്നിരിക്കുന്നത് ഇതിന് നല്ലൊരു ഉദാഹരണമാണ്.

"കേരള വീരഗാഥ" രചിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെങ്കിലും കേരളം ഒരു സാമൂഹ്യയാഥാര്‍ത്ഥ്യമല്ല. മലയാളി എന്ന സ്വത്വബോധം വര്‍ഷംതോറും ആചരിക്കുന്ന ആചാരങ്ങളിലും ആഘോഷങ്ങളിലും അടങ്ങിനില്‍ക്കുന്നു. ഈ സന്ദര്‍ഭങ്ങള്‍ക്കുപോലും ഇപ്പോള്‍ വിള്ളല്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. വസ്ത്രധാരണത്തിലും ഭക്ഷണത്തിലും വ്യതിരേകതയ്ക്ക് ഊന്നല്‍ സിദ്ധിച്ചുകൊണ്ടിരിക്കുന്നു. വസ്ത്രവും ഭക്ഷണവും മതവ്യത്യാസത്തിന്റെ സാമൂഹ്യചിഹ്നങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. മുസ്ലീം സ്ത്രീകള്‍ ബുര്‍ഖയും പുരുഷന്മാര്‍ മടതൊപ്പിയും ധരിക്കുന്നത് മതസ്വത്വവുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ്. ഹിന്ദുക്കളുടെ ചന്ദനക്കുറിയും തഥൈവ. ഭക്ഷണരീതിയിലും മതാധിഷ്ഠിതമായ വേര്‍തിരിവു സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പശുമാംസം ജാതിമത വ്യത്യാസമില്ലാതെ ഭക്ഷിക്കുന്ന ഒരു സമൂഹത്തില്‍ കാള മുസ്ലീമുകളുടെയും കാളന്‍ ഹിന്ദുക്കളുടെയുമായി വേര്‍തിരിക്കുന്നത് മതസ്വത്വ നിര്‍മ്മിതിയുടെ ഭാഗമാണ്.

മലയാളിയുടെ സാംസ്കാരിക സ്വത്വം ദ്രുതഗതിയില്‍ മതസ്വത്വമായി മാറിക്കൊണ്ടിരിക്കുന്നു. ഇത് അഖിലേന്ത്യാതലത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണ്. ഇതിന്റെ ആരംഭം മദ്ധ്യകാലഘട്ടത്തിലാണെന്നിരുന്നാലും ഈ തിരിച്ചറിവിെന്‍റ ശക്തമായ ധ്രുവീകരണം സംഭവിച്ചത് കൊളോണിയല്‍ ഭരണകാലത്തായിരുന്നു. സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ ഐക്യത്തെയല്ല, ഭിന്നതയെയാണ് ബ്രിട്ടീഷുകാര്‍ ഉപയോഗിച്ചത്. അതുകൊണ്ട് ഇന്ത്യന്‍ ജനതയെ ഹിന്ദുക്കളും മുസ്ലീമുകളും ബ്രാഹ്മണരും ക്ഷത്രിയരുമൊക്കെയായി വിഭജിച്ചുനിര്‍ത്തി. ഈ വിഭജനത്തിന് രാഷ്ട്രീയ - സാമൂഹ്യ മാന്യത നല്‍കാനും അവര്‍ മറന്നില്ല. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും സാമൂഹ്യബന്ധങ്ങളുടെ സ്വഭാവം നിര്‍ണ്ണയിച്ചത് ജാതിമത വ്യതിരേകതകള്‍ തന്നെ. നിത്യജീവിതത്തില്‍ ജാതി, മതത്തേക്കാള്‍ കൂടുതല്‍ സ്വാധീനം ചെലുത്തി. ആധുനിക ജീവിതത്തിന്റെ സ്വാധീനം വര്‍ദ്ധിക്കുമ്പോള്‍ ജാതിയുടെ നീരാളിപ്പിടുത്തത്തില്‍നിന്ന് സമൂഹത്തിന് മുക്തിനേടാന്‍ കഴിയുമെന്നായിരുന്നു പൊതുവിശ്വാസം. പക്ഷേ സംഭവിച്ചത് നേരെമറിച്ചാണ്. ആധുനികത സൃഷ്ടിച്ച പ്രതിസന്ധിയില്‍നിന്ന് രക്ഷപ്പെടാന്‍ യാഥാസ്ഥിതികതയെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണുണ്ടായത്. അതിന്റെ ഭാഗമായി ജാതിസമ്പ്രദായം കരുത്തും സ്വീകാര്യതയും ആര്‍ജ്ജിച്ചു. ആധുനികതയും യാഥാസ്ഥിതികത്വവും തമ്മിലുള്ള വടംവലിയുടെ ഏറ്റവും നല്ല ഉദാഹരണമാണ് "അഭിമാന കൊലപാതകങ്ങള്‍". വടക്കേ ഇന്ത്യയിലെ ഗ്രാമങ്ങളിലെ അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ ജാതി മറികടന്നുകൊണ്ട് പ്രേമവിവാഹം കഴിക്കാനാഗ്രഹിക്കുന്നു. പക്ഷേ ജാതിപ്പഞ്ചായത്തുകള്‍ അതിന് അനുമതി നല്‍കുന്നില്ല. അതനുസരിക്കാത്തവരെ കൊല ചെയ്യുന്നത് ഹരിയാണയിലും രാജസ്ഥാനിലുമൊക്കെ നിത്യസംഭവങ്ങളായിരിക്കുന്നു. കേരളത്തില്‍തന്നെ ജാതി തിരിച്ചാണ് ഇപ്പോള്‍ വിവാഹപരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. ജാതിയെ മറികടന്നുകൊണ്ട് വിവാഹം കഴിക്കാനുള്ള സാദ്ധ്യത ദൈനംദിനം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ജാതിയിലധിഷ്ഠിതമായ സ്വത്വബോധം വ്യാപകമായി വളര്‍ന്നുവന്ന ഒരു പ്രദേശമാണ് കേരളം. ജാതിയുമായി ബന്ധപ്പെട്ട ചൂഷണത്തേയും അവകാശ നിഷേധത്തേയും എതിര്‍ത്ത പ്രസ്ഥാനങ്ങളാണ് ഇതിന് വഴിയൊരുക്കിയത് എന്നത് ഒരു വിരോധാഭാസമാണ്. ഇങ്ങിനെ സംഭവിച്ചത് സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങള്‍ ഓരോ ജാതിയും നേരിട്ട പരാധീനതകളെ അഭിസംബോധന ചെയ്യാന്‍ മാത്രമാണ് ശ്രമിച്ചത് എന്നതുകൊണ്ടായിരുന്നു, അവയുടെ ധൈഷണികവും ദാര്‍ശനികവുമായ സമീപനങ്ങള്‍ സാര്‍വലൗകികമായിരുന്നെങ്കില്‍ കൂടി. ശ്രീനാരായണ പ്രസ്ഥാനം ഈഴവരുടെയും പ്രത്യക്ഷദൈവസഭ ദളിതരുടെയും യോഗക്ഷേമസഭ നമ്പൂതിരിമാരുടെയും മക്തിതങ്ങള്‍ മുസ്ലീമുകളുടെയും പ്രശ്നങ്ങളെയായിരുന്നു അഭിസംബോധന ചെയ്തത്. അതുകൊണ്ട് ഈ പ്രസ്ഥാനങ്ങളെല്ലാം അവരവരുടെ സമുദായത്തെ കെട്ടുറപ്പുള്ളതാക്കി മാറ്റുന്നതില്‍ വിജയിച്ചു. പില്‍ക്കാലത്ത് അരങ്ങേറിയ നേതാക്കള്‍ സമുദായ താല്‍പര്യങ്ങളുടെ വക്താക്കളായി സമുദായ നേതൃത്വം കയ്യടക്കുകയും ചെയ്തു. ഇന്ന് കേരളം ജാതി സ്വത്വബോധത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടിട്ടുള്ളതിന്റെ കാരണം ഈ പ്രക്രിയയുടെ സ്വാധീനമാണ്. സ്വത്വബോധ വൈവിദ്ധ്യം എല്ലാ സമൂഹങ്ങളിലും നിലനില്‍ക്കുന്ന ഒരു അവസ്ഥാവിശേഷമാണ്. പക്ഷേ, സ്വത്വബോധങ്ങളെല്ലാം പരിവര്‍ത്തനവിധേയമാണ്. സാമൂഹ്യപരിവര്‍ത്തനങ്ങള്‍ സ്വത്വബോധത്തെ സ്വാധീനിക്കുകയും ചെയ്യുന്നു. അങ്ങിനെയാണെങ്കില്‍ വര്‍ഗബോധവും സ്വത്വബോധവും തമ്മിലുള്ള ബന്ധമെന്താണ്? അവ തമ്മിലുള്ള വ്യത്യാസമെന്താണ്?

സ്വത്വരാഷ്ട്രീയത്തെക്കുറിച്ചുള്ള പരിഗണനയില്‍ ഈ രണ്ടു ചോദ്യങ്ങളും വളരെ പ്രസക്തമാണ്. മത-ജാതി ലിംഗ വ്യത്യാസങ്ങളില്‍ അധിഷ്ഠിതമായ സ്വത്വബോധങ്ങള്‍ എല്ലാ സമൂഹങ്ങളിലും വ്യത്യസ്തമായ തോതിലും രീതിയിലും നിലനില്‍ക്കുന്നതായി കാണാം. സ്വത്വബോധത്തില്‍ വര്‍ഗബോധത്തിന്റെയും മറിച്ചുമുള്ള സ്വാധീനവും സ്വാഭാവികമാണ്. ഏതു ഘടകത്തിനാണ് മേല്‍ക്കോയ്മ സിദ്ധിക്കുന്നത് എന്ന പ്രശ്നം സാമൂഹ്യപരിവര്‍ത്തന പ്രക്രിയയുമായും, രാഷ്ട്രീയ - സാംസ്കാരിക ഇടപെടലുകളുമായും കെട്ടുപിണഞ്ഞുകിടക്കുന്നു. പക്ഷേ സ്വത്വബോധരാഷ്ട്രീയം ഏതെങ്കിലും ഒരു സമുദായത്തിന്റെ താല്‍പര്യങ്ങളെ പൂര്‍ണ്ണമായും അഭിസംബോധന ചെയ്യുന്നതല്ല. സാമൂഹ്യ - രാഷ്ട്രീയ സ്വാധീനമുള്ള ഒരു വിഭാഗത്തിന്റെ മാത്രം വക്താവായാണ് സ്വത്വരാഷ്ട്രീയം പ്രവര്‍ത്തിക്കുന്നത്.

സമുദായം എന്ന പരികല്‍പനയുടെ പരിമിതിയും അതുതന്നെ. സ്വത്വരാഷ്ട്രീയം മറച്ചുവെയ്ക്കാന്‍ ശ്രമിക്കുന്നതും ഈ പരിമിതിയെയാണ്. ഈ പരിമിതിയെ മറികടക്കാന്‍ കഴിയുന്നത് വര്‍ഗബോധരാഷ്ട്രീയത്തിന്നായിരിക്കും. പക്ഷേ പരിപൂര്‍ണ്ണ വര്‍ഗബോധം യാഥാര്‍ത്ഥ്യമാകുന്നത് മിക്കവാറും അസാദ്ധ്യമാണ്. കാരണം വര്‍ഗബോധത്തില്‍ മറ്റു പല പ്രത്യയശാസ്ത്രങ്ങളുടെയും സ്വാധീനം നിരന്തരമായി ഇടപെട്ടുകൊണ്ടിരിക്കുന്നു. ഉദാഹരണത്തിന് ജാതി - മത ജീവിതത്തിലുള്ള സാമ്പത്തികശ്രേണികള്‍ ആശയതലത്തില്‍ മൂടിപ്പോകുന്ന സ്ഥിതിവിശേഷം. അതുപോലെതന്നെയാണ് സ്ത്രീവിമോചനപ്രസ്ഥാനങ്ങളില്‍ സാമൂഹ്യവ്യതിരേകതയേയും പ്രത്യയശാസ്ത്ര സങ്കീര്‍ണ്ണതയേയും തിരിച്ചറിയാതിരിക്കുന്നത്.

കഴിഞ്ഞ ഒന്നു രണ്ടു ദശകങ്ങളായി കേരളത്തില്‍ സ്വത്വരാഷ്ട്രീയത്തിന് സ്വീകാര്യത വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇതിന്റെ ഗുണപാഠം വര്‍ഗരാഷ്ട്രീയം ഉള്‍ക്കൊള്ളേണ്ടതാണ്. ഈ പ്രവണതയുടെ ഒരു പ്രധാനപ്പെട്ട വശം സ്ത്രീകളുടെയും ദളിതരുടെയും ആദിവാസികളുടെയും മറ്റ് പ്രാന്തവല്‍ക്കരിക്കപ്പെട്ട സാമൂഹ്യഘടകങ്ങളുടെയും പ്രശ്നങ്ങള്‍ പരിഗണിക്കാന്‍ സമൂഹമനസ്സ് നിര്‍ബന്ധിതമായിരിക്കുന്നു എന്നതാണ്. കേരളത്തിലെ പുരോഗമന പാരമ്പര്യമുള്ള വര്‍ഗരാഷ്ട്രീയം സ്വത്വബോധ പ്രശ്നങ്ങളെ എങ്ങനെയാണ് അതില്‍ ക്രിയാത്മകമായി കണ്ണി ചേര്‍ക്കുക എന്നതിനെക്കുറിച്ച് കൂടുതല്‍ ഗൗരവപൂര്‍വ്വം ചിന്തിക്കുകയും കര്‍മ്മപരിപാടികള്‍ ആവിഷ്കരിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.

*
കെ എന്‍ പണിക്കര്‍ ചിന്ത ജന്മദിന പതിപ്പ് 2012

Monday, January 9, 2012

മാധ്യമ സ്വാതന്ത്ര്യത്തിന് അതിരുകള്‍ ആവശ്യമാണോ?

ഒരു സമൂഹത്തിന്റെ അവബോധരൂപീകരണത്തില്‍ എറ്റവും നിര്‍ണായകമായ പങ്കാണ് മാധ്യമങ്ങള്‍ക്കുള്ളത്; വിവരസാങ്കേതികവിദ്യയുടെ സര്‍വ്വവ്യാപിയായ സ്വാധീനം നിലവില്‍വന്നതിനുശേഷം പ്രത്യേകിച്ചും. അതുകൊണ്ട്തന്നെ മാധ്യമങ്ങളുടെ സ്വാതന്ത്ര്യവും അവ സ്വയംപ്രഖ്യാപിക്കുകയോ ഭരണകൂടസാമൂഹിക സ്വാധീനങ്ങളിലൂടെ പ്രഖ്യാപിക്കപ്പെടുകയോ ചെയ്യേണ്ട നിയന്ത്രണവും വളരെ പ്രാധാന്യമര്‍ഹിക്കുന്ന പ്രശ്നങ്ങളായി മാറിയിരിക്കുന്നു. ഒരു ജനാധിപത്യവ്യവസ്ഥയില്‍ അഭിപ്രായരൂപീകരണത്തിന്റെ നെടുംതൂണായ മാധ്യമങ്ങളുടെ സ്വാതന്ത്ര്യം പരിരക്ഷിക്കപ്പെടേണ്ടത് സമൂഹത്തിന്റെ പൊതുവായ കടമയും ആവശ്യവുമാണ്. പക്ഷേ, നിയന്ത്രണങ്ങളില്ലാത്ത സ്വാതന്ത്ര്യം അഭികാമ്യമാണോ? ഭരണസ്ഥാപനങ്ങളുടെയോ സാമൂഹ്യസംഘടനകളുടെയോ നിയന്ത്രണം അനുവദനീയമാണോ? അതോ മാധ്യമങ്ങള്‍ക്ക് അങ്കുശമില്ലാത്ത സ്വാതന്ത്ര്യം അഭികാമ്യമാണോ?

മാധ്യമങ്ങളുടെ ആരംഭം മുതല്‍ തന്നെ, വ്യത്യസ്ത രീതികളിലാണെങ്കിലും ഉന്നയിക്കപ്പെട്ടതാണിത്. പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ കല്‍ക്കത്തയില്‍നിന്ന് ഹിക്കി എന്ന ഇംഗ്ലീഷുകാരന്‍ പ്രസിദ്ധീകരിച്ച ബംഗാള്‍ ഗസറ്റ് എന്ന പത്രം ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഉദ്യോഗസ്ഥ വൃന്ദത്തിന്നിടയില്‍ ഒരു കോളിളക്കം തന്നെ സൃഷ്ടിച്ചു. അന്ന് ഗവര്‍ണ്ണര്‍ ജനറലായിരുന്ന വാറന്‍ഹേസ്റ്റിങ്സിനെയും മറ്റു ഉദ്യോഗസ്ഥന്മാരെയും തുടര്‍ച്ചയായും നിശിതമായും വിമര്‍ശിച്ചതായിരുന്നു അതിന് കാരണം. തല്‍ഫലമായി ബംഗാള്‍ ഗസറ്റ് നിരോധിക്കുകയും ഹിക്കിയെ "നാടുകടത്തു"കയും ചെയ്തു. ഇന്ത്യയിലെ ആദ്യ വര്‍ത്തമാനപത്രത്തിന് തന്നെ നിരോധനവും അതിന്റെ പത്രാധിപര്‍ക്ക് നാടുകടത്തലും നേരിടേണ്ടതായിവന്നു എന്നത് ഇന്ത്യയിലെ മാധ്യമചരിത്രത്തിന് വിവാദസ്വഭാവമുള്ള തുടക്കം കുറിച്ചു. തുടര്‍ന്നുണ്ടായ മാധ്യമപ്രവര്‍ത്തനം, ഭരണാധികാരികള്‍ക്ക് തലവേദനയായി മാറുമ്പോഴെല്ലാം മാധ്യമസ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടാന്‍ ശ്രമിക്കുകയും അതിനെതിരായി ഒറ്റയ്ക്കോ കൂട്ടായോ വിവിധ രീതികളുപയോഗിച്ച് പ്രതിരോധിക്കുകയും ചെയ്തതിന്റെ ചരിത്രമാണ്.

വാറന്‍ഹേസ്റ്റിങ്സിന്റെ കാലം മുതല്‍ കപില്‍സിബലിെന്‍റ മാധ്യമ നിയന്ത്രണ ശ്രമങ്ങള്‍ വരെ ചുരുളഴിയുന്നത് ഈ പ്രവണതയാണ്. കൊളോണിയല്‍ ഭരണം മാധ്യമങ്ങളെ വരുതിയില്‍ നിര്‍ത്താന്‍ നിരവധി നിയമങ്ങള്‍കൊണ്ടു വരുകയുണ്ടായി. ഇന്ത്യന്‍ ബുദ്ധിജീവികള്‍ "കറുത്തനിയമം" എന്നു വിശേഷിപ്പിച്ച ആയിരത്തിഎണ്ണൂറ്റിഇരുപത്തിനാലിലെ പത്രനിയമം മുതല്‍ സ്വാതന്ത്ര്യസമരകാലത്ത് വ്യാപകമായി ഉപയോഗിച്ച "കണ്ടുകെട്ടല്‍" നിയമം വരെ കൊളോണിയല്‍ നിയന്ത്രണങ്ങള്‍ നിരവധിയാണ്. അവയ്ക്കെതിരായ പ്രതിഷേധങ്ങളും പ്രതിരോധങ്ങളും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ അനിഷേധ്യഭാഗമായിരുന്നു. അവയുടെ സൈദ്ധാന്തിക സ്വാധീനം ഇന്ത്യന്‍ മദ്ധ്യവര്‍ഗ്ഗം പാശ്ചാത്യ രാഷ്ട്രമീമാംസയില്‍നിന്ന് ഉള്‍ക്കൊണ്ട ലിബറല്‍ ആശയങ്ങളായിരുന്നുവെങ്കിലും ഈ ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് അവര്‍ മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരങ്ങള്‍ ഏറ്റെടുത്തത്. തിരുവിതാംകൂറില്‍ ജി പരമേശ്വരന്‍പിള്ളയും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും ദിവാന്മാരുടെ ദുര്‍ഭരണത്തെ തുറന്നുകാട്ടാനും ജനാധിപത്യ അവകാശങ്ങള്‍ സ്ഥാപിക്കാനുമാണ് പത്രപ്രവര്‍ത്തനത്തെ ഉപയോഗിച്ചത്. രണ്ടുപേര്‍ക്കും സ്വന്തം നാടുവിട്ടുപോകേണ്ടിയും വന്നു. ബ്രിട്ടീഷ് ഇന്ത്യയില്‍ ഏറ്റവും പ്രമാദമായ സംഭവം ബാലഗംഗാധര തിലകനെ അദ്ദേഹമെഴുതിയ ഒരു ലേഖനത്തിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി ബര്‍മ്മയിലേയ്ക്ക് നാടുകടത്തിയതാണ്.

സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ പ്രധാനപ്പെട്ട പൈതൃകങ്ങളിലൊന്ന് മാധ്യമ സ്വാതന്ത്ര്യത്തിനോടുള്ള പ്രതിബദ്ധതയായിരുന്നു. മാധ്യമങ്ങളുടെ ധൈഷണിക സമീപനം കൊളോണിയല്‍ ഭരണത്തിന്റെ അസ്വീകാര്യതയെ തുറന്നു കാട്ടുക എന്നതായിരുന്നതുകൊണ്ട് കൊളോണിയല്‍ അടിമത്തത്തില്‍നിന്ന് മോചനം നേടാന്‍ ആവശ്യമായ രാഷ്ട്രീയ സജ്ജീകരണത്തിന് മാധ്യമങ്ങള്‍ വഴിയൊരുക്കി. സ്വാഭാവികമായും കൊളോണിയല്‍ വിരുദ്ധതയുടെ ജിഹ്വയായാണ് മാധ്യമങ്ങള്‍ക്ക് പ്രചാരം സിദ്ധിച്ചത്. ആധുനിക ഇന്ത്യയുടെ മാധ്യമമണ്ഡലത്തിന്റെ പ്രധാനപ്പെട്ട പൈതൃകം സ്വാതന്ത്ര്യപ്രസ്ഥാനത്തില്‍നിന്ന് സിദ്ധിച്ച ഈ പാരമ്പര്യമായിരുന്നെങ്കിലും, സ്വാതന്ത്ര്യാനന്തര ഭരണകാലത്ത് മാധ്യമങ്ങളുടെ സമീപനത്തിലും ബാധ്യതകളിലും മാറ്റങ്ങള്‍ ആവശ്യമായിരുന്നു. രാഷ്ട്ര പുനര്‍നിര്‍മ്മാണത്തിലും പൊതുമണ്ഡല സൃഷ്ടിയിലും മാധ്യമങ്ങള്‍ക്ക് വഹിക്കേണ്ടി വന്ന ചുമതലകള്‍ നിരവധിയാണ്; സങ്കീര്‍ണ്ണവുമാണ്. സ്വതന്ത്ര ഇന്ത്യയിലെ ബഹുഭൂരിപക്ഷം പത്രങ്ങളും മാധ്യമ സ്വാതന്ത്ര്യത്തെ ഒരു ആദര്‍ശമായി ഉയര്‍ത്തിക്കാട്ടിയെങ്കിലും സാമൂഹ്യ രാഷ്ട്രീയ അധികാരത്തെ ന്യായീകരിക്കുന്ന നിലപാടാണെടുത്തത്. അതുകൊണ്ട് അവയുടെ നിലപാട് മുതലാളിത്ത വ്യവസ്ഥയുടെ താല്‍പര്യങ്ങളെ സംരക്ഷിക്കുന്നതായിരുന്നു. മുഖ്യധാരാ മാധ്യമങ്ങളുടെ ഉടമസ്ഥത തന്നെ വ്യവസായികളുടെ കൈവശമാണല്ലോ? അതുകൊണ്ട് സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ആദ്യകാലംമുതല്‍ തന്നെ മാധ്യമങ്ങള്‍ മുതലാളിത്തത്തെ ന്യായീകരിക്കുന്ന സ്ഥാപനങ്ങളായാണ് പ്രവര്‍ത്തിച്ചത്. മാധ്യമങ്ങളില്‍ പ്രതിഫലിക്കുന്ന ജീവിതവും വാര്‍ത്തകളും സമൂഹത്തിലെ ധനാഢ്യരായ വളരെ ചെറിയ ഒരു വിഭാഗത്തിന്റെ ചെയ്തികള്‍ മാത്രമാണ് - ഉദാരവല്‍ക്കരണത്തിനുശേഷം പ്രത്യേകിച്ചും. പല ദേശീയ മാധ്യമങ്ങളിലും പ്രാധാന്യം ലഭിക്കുന്ന വാര്‍ത്തകള്‍ ഫാഷന്‍ പരേഡുകള്‍ പോലുള്ളവയാണ് എന്നത് മാധ്യമങ്ങളുടെ പൊതുസ്വഭാവത്തെയും അവസ്ഥയെയുമാണ് സൂചിപ്പിക്കുന്നത്. ദാരിദ്ര്യവും ഗ്രാമജീവിതത്തിലെ ദുരിതങ്ങളുമൊക്കെ "മാനുഷിക താല്‍പര്യമുള്ള" വാര്‍ത്തകളായി മാത്രമാണ് അവയില്‍ പ്രത്യക്ഷപ്പെടാറുള്ളത്. അതായത് മുഖ്യധാരാ മാധ്യമങ്ങള്‍ സാമൂഹ്യ രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളെ വിശകലനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വിധേയമാക്കുന്നതില്‍ വ്യക്തമായ പക്ഷപാതിത്വമുണ്ട്.

അഖിലേന്ത്യാ ചാനലുകളിലെ "സംസാരവിഷയം" മിക്കവാറും മദ്ധ്യവര്‍ഗ താല്‍പര്യങ്ങളുമായി ബന്ധപ്പെട്ടവയാണ്; മാധ്യമങ്ങളുടെ വര്‍ഗ താല്‍പര്യം വ്യക്തമാക്കുന്നവയുമാണ്. അതിന്നുള്ള പ്രധാന കാരണം മാധ്യമങ്ങളുടെ സാമ്പത്തിക, സാമൂഹ്യ, ധൈഷണിക താല്‍പര്യങ്ങള്‍ മുതലാളിത്തത്തിന്റെ വികസന പ്രക്രിയയുമായി കെട്ടുപിണഞ്ഞു കിടക്കുന്നു എന്നതാണ്. അതുകൊണ്ടുതന്നെയാണ് മുതലാളിത്ത വ്യവസ്ഥയുടെ സംരക്ഷകരായി മാധ്യമങ്ങള്‍ നില ഉറപ്പിക്കുന്നത്. തല്‍ഫലമായി രാഷ്ട്രീയ സാമൂഹ്യ വിമര്‍ശകരായി പ്രവര്‍ത്തിക്കാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കാതെ പോകുന്നു. കൂടാതെ മുതലാളിത്ത ജീവിതത്തിന്റെ ദൗര്‍ബല്യങ്ങള്‍ സ്വായത്തമാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. അത്തരമൊരു ദൗത്യം നിറവേറ്റുന്നതിനുള്ള സ്വാതന്ത്ര്യമാണ് ഇന്ന് മാധ്യമങ്ങള്‍ അവകാശപ്പെടുന്നത്. അതിന്റെ ഭാഗമായി മാധ്യമങ്ങള്‍ സംരക്ഷിക്കേണ്ട നിഷ്പക്ഷതയും ആത്മാര്‍ത്ഥതയും ധാര്‍മികതയുമൊക്കെ നഷ്ടപ്പെടുന്നു. തല്‍ഫലമായി മാധ്യമങ്ങളുടെ സ്വാധീനം പ്രതിലോമകരമായി പൊതുമണ്ഡലത്തെ സ്വാധീനിച്ചുകൊണ്ടിരിക്കുകയാണ്. സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങളെ ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യേണ്ട പൊതുമണ്ഡലം ഇന്ന് വര്‍ഗീയതക്കും അന്ധവിശ്വാസങ്ങള്‍ക്കും ക്രൂരതയ്ക്കുമൊക്കെ അടിമപ്പെട്ടതിനുള്ള പ്രധാനപ്പെട്ട ബാധ്യത മാധ്യമങ്ങള്‍ക്കാണ്. വസ്തുതകളോട് പ്രതിബദ്ധതയോ വ്യക്തിബഹുമാനമോ ഇല്ലാത്ത ഒരു മാധ്യമ സംസ്കാരം വളര്‍ന്നുവന്നിട്ടുള്ളത് ഈ സ്ഥിതിവിശേഷം സൃഷ്ടിച്ചതിനുള്ള പ്രധാന കാരണങ്ങളാണ്. കേരളത്തിലെ മാധ്യമങ്ങള്‍ ഈ പ്രവണതകള്‍ക്ക് കൂടുതല്‍ കൂടുതല്‍ അടിമപ്പെട്ടുകൊണ്ടിരിക്കുകയാണ്. കെ പി കേശവമേനോനേയും കെ എം മാത്യുവിനെയും എന്‍ വി കൃഷ്ണവാരിയരെയും കെ സുകുമാരനെയുംപോലെ പ്രഗത്ഭരായവര്‍ നയിച്ചിരുന്ന മേഖലയായിരുന്നു മാധ്യമരംഗം. അവര്‍ ശ്രദ്ധാപൂര്‍വം കെട്ടിപ്പടുത്ത മാധ്യമസംസ്കാരം ഇന്ന് തിരിച്ചറിയാന്‍ വിഷമമാണ്. കേരളത്തിലെ മിക്കവാറും എല്ലാ പത്രങ്ങളും മഞ്ഞ സ്വഭാവം കൈവരിച്ചുകൊണ്ടിരിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

മഞ്ഞപത്രങ്ങള്‍ എന്നറിയപ്പെടുന്നവയുടെ സ്വഭാവം തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ് ജനം വായിക്കുന്നത്. പക്ഷേ, ഇന്ന് പ്രചാരം സിദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രവണത, മഞ്ഞ മാധ്യമസ്വാധീനം, എല്ലാ പത്രങ്ങളിലും ചാനലുകളിലും നുഴഞ്ഞുകയറിക്കൊണ്ടിരിക്കുന്നു. ഈ മാറ്റത്തിന് കരുക്കളായി വര്‍ത്തിക്കുന്ന "ബുദ്ധിജീവി"കള്‍ക്ക് ഒരു പഞ്ഞവുമില്ല. ഉദാഹരണമായി വര്‍ഗീയവാദികളായ ചില ആഭാസന്മാര്‍ പുറപ്പെടുവിക്കുന്ന അവാസ്തവ പ്രസ്താവനകള്‍ പത്രാധിപന്മാര്‍ കണ്ണടച്ച് പ്രസിദ്ധീകരിക്കുന്നു. അവ ചൂണ്ടിക്കാട്ടിയാല്‍പോലും തിരുത്താന്‍ തയ്യാറാകുകയോ ഖേദംപ്രകടിപ്പിക്കുകയോ ചെയ്യാനുള്ള മാധ്യമസംസ്കാരം അവര്‍ക്കില്ലാതെ പോകുന്നു. സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ഉന്നത ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്ന പത്രങ്ങള്‍പോലും ഈ പ്രവണതയ്ക്ക് അടിപ്പെടുമ്പോള്‍ ഇത് എത്രമാത്രം ശക്തിയാര്‍ജിച്ചിരിക്കുന്നുവെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇത് മഞ്ഞപത്രങ്ങളുടെ രീതിയാണ്. പേരും പെരുമയുമുള്ള പത്രങ്ങള്‍പോലും സര്‍ക്കുലേഷനില്‍ കണ്ണുനട്ടുകൊണ്ട് പത്രധര്‍മം കുപ്പത്തൊട്ടിയിലെറിയുന്നത് വ്യക്തികളെ അധിക്ഷേപിക്കുന്നതിന് കൂട്ടുനില്‍ക്കുക മാത്രമല്ല, സമൂഹത്തോടു ചെയ്യുന്ന അപരാധം കൂടിയാണ്. കാരണം പരദൂഷണംകൊണ്ട് പേരുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ ന്യായീകരിക്കുന്നതിലൂടെ ഈ പത്രസാഹസികര്‍ ചെയ്യുന്നത് പൊതുമണ്ഡലത്തെ മലിനീകരിക്കാന്‍ സഹായിക്കുകയാണ്. ഇന്ന് മലയാളത്തില്‍ പത്രാധിപന്മാര്‍ വിരളമാണ്; പത്ര സാഹസികന്മാരാണ് കൂടുതല്‍ . ഈ സാഹസികന്മാര്‍ക്ക് ലക്കും ലഗാനുമില്ല. പത്രസ്വാതന്ത്ര്യത്തിന്റെ പേരില്‍ അവര്‍ സൈ്വര്യവിഹാരം നടത്തുന്നു. ഈ സൈ്വര്യവിഹാരം വ്യക്തിപരമായ വിദ്വേഷം വമിക്കാന്‍ മാത്രമല്ല ഉപയോഗിക്കപ്പെടുന്നത്. മാധ്യമ മര്യാദ നാമാവശേഷമായിരിക്കുന്ന അവസ്ഥ ഉപയോഗിച്ചുകൊണ്ടു രാഷ്ട്രീയ ലാഭത്തിനുവേണ്ടി മാധ്യമങ്ങളെ ഉപയോഗിക്കുന്നു. വര്‍ഗീയതയെ പരിപോഷിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. അരുണ്‍ ഷൂരി അദ്ദേഹത്തിന്റെ കോളം ഉപയോഗിച്ച് മതേതര ചരിത്രകാരന്മാര്‍ക്കെതിരായി അപവാദങ്ങള്‍ പ്രചരിപ്പിച്ചത് ഒരു ഉദാഹരണം.

കേരളത്തിലെ തന്നെ ഒരു ആര്‍എസ്എസ്സുകാരന്‍ മതേതരവാദികളെ അധിക്ഷേപിക്കുന്നതിന് "ആധികാരികമായ" പ്രസ്താവനകള്‍ ഇറക്കാന്‍ പത്രങ്ങളെ ഉപയോഗിച്ചത് മറ്റൊന്ന്. ഇത്തരം പ്രചരണങ്ങളെ ന്യായീകരിക്കാന്‍ മാധ്യമ സ്വാതന്ത്ര്യത്തിന്റെ കൂട്ടുപിടിക്കുകയാണ് പല പത്രാധിപന്മാരും ചെയ്യുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിന് പരിമിതികള്‍ ആവശ്യമാണോ എന്ന പ്രശ്നം ഈ സന്ദര്‍ഭത്തില്‍ പ്രസക്തമാകുന്നു. പ്രത്യേകിച്ച് സാങ്കേതികവിദ്യയുടെ സാധ്യതകള്‍ മാധ്യമങ്ങളുടെ സ്വഭാവത്തേയും സ്വാധീനത്തേയും അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ . ഇന്‍റര്‍നെറ്റിലൂടെ സാദ്ധ്യമാകുന്ന വിവരവിനിമയം അനാശാസ്യമായ സാമൂഹ്യബോധത്തിന് വഴിയൊരുക്കുമെന്ന് ഭരണാധികാരികള്‍ ഭയപ്പെടുന്നു. ഈ സാദ്ധ്യത "അപകടകരമായ" രാഷ്ട്രീയ സ്ഥിതി സൃഷ്ടിക്കാന്‍ ഉതകുന്നതാണ് എന്ന യാഥാര്‍ത്ഥ്യവും അവര്‍ തിരിച്ചറിയുന്നു. "അറബ് വസന്തം" സാദ്ധ്യമാക്കിയതിന് പിന്നില്‍ വിവര സാങ്കേതികവിദ്യയുടെ സഹായം വ്യക്തമാണ്. ഇന്ത്യയില്‍ അണ്ണാഹസാരെയുടെ സമര്‍ത്ഥകര്‍ ഒത്തുകൂടിയതു ഇന്റര്‍നെറ്റ് വഴിയും എസ്എംഎസ് ഉപയോഗിച്ചും ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞതുകൊണ്ടായിരുന്നു. അതുകൊണ്ട് ഈ പുതിയ ഉപകരണത്തിന് പരിപൂര്‍ണ്ണ സ്വാതന്ത്ര്യം അനുവദിച്ചുകൊടുക്കാന്‍ ഭരണാധികാരികള്‍ സന്നദ്ധരാകാത്തതില്‍ അല്‍ഭുതമില്ല.

ഒരു ജനാധിപത്യവ്യവസ്ഥയില്‍ മാധ്യമങ്ങള്‍ക്ക് അവകാശങ്ങള്‍ക്കൊപ്പം കടമകളുമുണ്ട്. അവകാശങ്ങളും കടമകളുമായി ബന്ധപ്പെടുത്തി മാത്രമേ മാധ്യമസ്വാതന്ത്ര്യത്തെ സമീപിക്കാന്‍ കഴിയുകയുള്ളൂ. അനിയന്ത്രിതമായ സ്വാതന്ത്ര്യം അഭികാമ്യമാണോ എന്നതിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാം. പക്ഷേ നിയന്ത്രണത്തിന്റെ സ്വഭാവവും ലക്ഷ്യവും എന്തായിരിക്കണം എന്നതിനെക്കുറിച്ച് പൊതുവില്‍ സ്വീകാര്യമായ ധാരണ സൃഷ്ടിക്കപ്പെട്ടിട്ടില്ല. ആ ധാരണ മാധ്യമ സമൂഹത്തില്‍നിന്നുതന്നെ ഉരുത്തിരിയേണ്ടതാണ്. ഭരണാധികാരികള്‍ അടിച്ചേല്‍പിക്കുന്ന നിയമങ്ങളായി കൂട. കപില്‍ സിബല്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ച നിയമങ്ങളോടുണ്ടായ പ്രതികരണം അടിച്ചേല്‍പിക്കലിനോടുള്ള പ്രതിഷേധമായിരുന്നു. ആരോഗ്യകരമായ ഒരു പ്രൊഫഷണല്‍ സംസ്കാരം മാധ്യമങ്ങള്‍ക്ക് അനിവാര്യമാണ്. ഇന്ത്യയില്‍ മാധ്യമങ്ങളെ വരുതിയില്‍ നിര്‍ത്താന്‍ ഭരണാധികാരികള്‍ ശ്രമിച്ചത് അടിയന്തരാവസ്ഥയുടെ നാളുകളിലായിരുന്നു. ആ നിയന്ത്രണത്തെ ജനങ്ങള്‍ സ്വീകരിക്കുകയുണ്ടായില്ല. അടിയന്തരാവസ്ഥയ്ക്കുശേഷമുണ്ടായ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് മാധ്യമ നിയന്ത്രണത്തോടുള്ള എതിര്‍പ്പ് ഒരു വലിയ പങ്ക് വഹിച്ചിരുന്നു. അറിയാനുള്ള അവകാശം നിഷേധിക്കപ്പെട്ടാല്‍ ജനാധിപത്യത്തിന് ഉള്‍ക്കാമ്പില്ലാതായേക്കും. ആ ഉള്‍ക്കാമ്പ് സൃഷ്ടിക്കുന്നതില്‍ മാധ്യമങ്ങളുടെ സംഭാവന ഏറെ വലിയതാണ്. അതുകൊണ്ട് മാധ്യമങ്ങള്‍ സ്വയം വിമര്‍ശനത്തിലൂടെ സാമൂഹ്യപുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളായി വളര്‍ന്നുവരേണ്ടിയിരിക്കുന്നു.

കേരളത്തിലെ ബഹുഭൂരിപക്ഷം മാധ്യമങ്ങളും അത്തരമൊരു ഭൂമിക നിറവേറ്റുന്നുണ്ടോ എന്നത് സംശയാസ്പദമാണ്. സമൂഹത്തേയും രാഷ്ട്രീയത്തേയും ഭരണത്തേയും നിരന്തരമായി, ക്രിയാത്മകമായ വിശകലനത്തിന് വിധേയമാക്കുകയാണ് മാധ്യമങ്ങളുടെ കര്‍ത്തവ്യം. ഈ കര്‍ത്തവ്യം നിറവേറ്റാനുള്ള സ്വാതന്ത്ര്യം സ്വാഭാവികമായും മാധ്യമങ്ങള്‍ക്കുണ്ടാകണം. സമൂഹത്തിന്റെ പുരോഗതിയും ആധുനികവല്‍ക്കരണവുമായിരിക്കണം മാധ്യമങ്ങളുടെ കര്‍ത്തവ്യം. പക്ഷേ, മാധ്യമങ്ങള്‍ സ്വാഭാവികമായും വ്യത്യസ്തമായ സാമൂഹ്യ രാഷ്ട്രീയ താല്‍പര്യങ്ങളെ പ്രതിനിധീകരിക്കുന്നു. പക്ഷേ, ഈ താല്‍പര്യങ്ങളെയും നിലപാടുകളെയും തുറന്ന സംവാദങ്ങള്‍ക്ക് വിധേയമാക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാവണം. എങ്കില്‍ മാത്രമേ ജനങ്ങളുടെ അഭിപ്രായരൂപീകരണത്തിലും ആരോഗ്യകരമായ ഒരു പൊതുമണ്ഡലസൃഷ്ടിയിലും മാധ്യമങ്ങള്‍ക്ക് ക്രിയാത്മകമായ പങ്ക് വഹിക്കാന്‍ കഴിയുകയുള്ളൂ. തികച്ചും സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനം എന്നൊന്നില്ല. മറ്റെല്ലാ ആശയമേഖലകളേയുംപോലെ മാധ്യമരംഗവും ഒരു സംഘടിത മേഖലയാണ്. സംഘാടനം വ്യത്യസ്തമായ ആശയസംഹിതകളുടെയും രാഷ്ട്രീയ-സാമൂഹ്യ താല്‍പ്പര്യങ്ങളുടെയും അടിസ്ഥാനത്തിലുമായിരിക്കും. ഈ യാഥാര്‍ത്ഥ്യത്തിന്റെ വെളിച്ചത്തില്‍ മാത്രമേ മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചു ചിന്തിക്കാന്‍ കഴിയുകയുള്ളൂ. കേരളത്തില്‍ നടക്കുന്ന മാധ്യമയുദ്ധങ്ങള്‍ ഈ യാഥാര്‍ത്ഥ്യത്തിന്റെ പ്രതിഫലനമാണ്.

*
കെ എന്‍ പണിക്കര്‍ ചിന്ത വാരിക 08 ജനുവരി 2012

Tuesday, November 30, 2010

ചരിത്രം സങ്കീര്‍ണമാണ്; ചരിത്ര വിശ്ളേഷണവും

2002-ല്‍ ഹിന്ദുത്വഫാഷിസ്റ്റുകള്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ ഗുജറാത്തില്‍ നടത്തിയ ആസൂത്രിതമായ വംശഹത്യയുമായി ബന്ധപ്പെട്ട് ഡോ. കെ എന്‍ പണിക്കരെ ഒരു പ്രമുഖപത്രത്തിനുവേണ്ടി ഈ ലേഖകന്‍ ഇന്റര്‍വ്യൂ ചെയ്തിരുന്നു. അഭിമുഖാരംഭത്തിനുമുമ്പുള്ള കുശലാന്വേഷണങ്ങള്‍ക്കിടയില്‍ 1989 ല്‍ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസ് പ്രസിദ്ധീകരിച്ച മലബാര്‍ കലാപത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശ്രുത ഗ്രന്ഥമായ "എഗന്‍സ്റ്റ് ലോഡ് ആന്‍ഡ് സ്റ്റേറ്റി''നെപ്പറ്റിയും ചില കാര്യങ്ങള്‍ സംസാരിച്ചു. (ഡിസി ബുക്സ് ഈ ഗ്രന്ഥം 'പ്രഭുത്വത്തിനും രാജവാഴ്ചക്കുമെതിരെ' എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്). ഈ ഗ്രന്ഥത്തിന്റെ ജീവനാഡി എന്നുതന്നെ വിശേഷിപ്പിക്കാവുന്ന രണ്ടാം അധ്യായത്തില്‍ (The Making of a Tradition) പരാമര്‍ശിക്കപ്പെടുന്ന സാമ്പ്രദായിക ബുദ്ധിജീവികളെക്കുറിച്ചാണ് ജൈവബുദ്ധിജീവിയായ പണിക്കര്‍ മാഷോട് ചില സംശയങ്ങള്‍ ചോദിച്ചത്. സാമ്പ്രദായിക- ജൈവബുദ്ധിജീവികളെപ്പറ്റിയും അവര്‍ അതത് സമൂഹങ്ങളില്‍ നിര്‍വഹിക്കുന്ന രാഷ്ട്രീയ- സാമൂഹ്യപങ്കിനെക്കുറിച്ചും ഇറ്റാലിയന്‍ മാര്‍ക്സിസ്റ്റ് ചിന്തകനായ ഗ്രാംഷി എഴുതിയത് മനസ്സില്‍വെച്ചായിരുന്നു എന്റെ ശൈശവനിലവാരത്തിലുള്ള സംശയം. അപ്പോള്‍ പണിക്കര്‍ മാഷ് കൌതുകകരമായ ഒരു വസ്തുത വെളിപ്പെടുത്തി. ഗ്രാംഷിയന്‍ ചിന്തയെ പഠനമനനങ്ങള്‍ക്ക് വിധേയമാക്കി ഏതാണ്ട് അഞ്ഞൂറില്‍പ്പരം ഗ്രന്ഥങ്ങള്‍ ലഭ്യമാണ്. അവയില്‍ ഭൂരിഭാഗം ഗ്രന്ഥങ്ങളിലൂടെയും ഗവേഷണകാലത്തും പിന്നീടും മാഷ് കടന്നുപോയിട്ടുണ്ട്. രസകരമായ വസ്തുത, അവയില്‍ പത്തിരുപതെണ്ണം ഗ്രാംഷി എന്ന മൌലികതയുള്ള മാര്‍ക്സിസ്റ്റ് ചിന്തകനെ തനി മാര്‍ക്സിസ്റ്റ് വിരുദ്ധനായി ചിത്രീകരിക്കുന്നവയാണ് എന്നതത്രേ. മലബാര്‍ കലാപത്തിന്റെയും അതിന് മുമ്പ് നടന്ന നിരവധി ചെറുകലാപങ്ങളുടെയും പ്രത്യയശാസ്ത്രപരിസരമൊരുക്കുന്നതില്‍ സാമ്പ്രദായിക ബുദ്ധിജീവികള്‍ വഹിച്ച പങ്കിനെ നിശിതമായ വിശ്ളേഷണപാടവത്തോടെ ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നതുകൊണ്ടാണ് ഇക്കാര്യം പറഞ്ഞത്.

ഈ ഗ്രന്ഥത്തില്‍ പരാമര്‍ശവിധേയമാകുന്ന, കലാപകാലത്ത് ജീവിച്ചിരുന്ന ഒരു വ്യക്തിയോട് കുടുംബപരമായ ഒരു ബന്ധം ഇവനുണ്ട്. മാപ്പിളകലാപകാരികള്‍ ഹിന്ദുജന്മിമാരെ മാത്രമല്ല, ബ്രിട്ടീഷുകാരുടെ സഹകാരികളായി വര്‍ത്തിച്ചിരുന്ന ചില മുസ്ളിം ജന്മിമാരെയും ആക്രമിച്ചിരുന്നു എന്ന് പരാമര്‍ശിക്കുന്ന ഭാഗത്ത് താഴക്കോട് അധികാരിയെക്കുറിച്ച് പറയുന്നുണ്ട് (Panikker 2001:175) താഴക്കോട് വില്ലേജ് അധികാരി ഇവന്റെ വല്ല്യാപ്പയുടെ വാപ്പയാണ്.

ഇതൊക്കെ വെറുമൊരു കൌതുകത്തിനുവേണ്ടി എഴുതിയതാണ്. അതിരിക്കട്ടെ. എന്താണ് ഈ ഗ്രന്ഥത്തെ വ്യതിരിക്തവും ശ്രദ്ധേയവുമാക്കുന്നത്? 1920കള്‍തൊട്ട് 21-ാം നൂറ്റാണ്ടിന്റെ പ്രഥമദശകംവരെ നിരവധി ഗ്രന്ഥങ്ങളും ഗവേഷണപ്രബന്ധങ്ങളും മലബാര്‍ കലാപസംബന്ധിയായി പുറത്തുവന്നിട്ടും കെ എന്‍ പണിക്കരുടെ ഈ കൃതി അവയില്‍ നിന്നെല്ലാം വേറിട്ടുമാറി, വിമര്‍ശകര്‍ക്കുപോലും അവഗണിക്കാനാവാത്ത ഒരു വിളക്കുമരമായി ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുന്നതെന്തുകൊണ്ടാണ്? ചരിത്രകുതുകികളെ ഈ ഗ്രന്ഥം അത്ഭുതപ്പെടുത്തുന്നതിന്റെ രാസവിദ്യ എന്താണ്? ഇന്ത്യയിലെയും വിദേശത്തെയും നിരവധി ആര്‍ക്കൈവുകളില്‍ സസൂക്ഷ്മം നടത്തിയ അന്വേഷണങ്ങളും ഗ്രന്ഥകാരന്‍ ഇതിനായി കമ്പോട്കമ്പ് വായിച്ച പുസ്തകങ്ങളും കലാപസമയത്ത് ജീവിച്ചിരുന്ന പ്രമുഖരും അല്ലാത്തവരുമായി വിമര്‍ശബുദ്ധ്യാ നടത്തിയ സംഭാഷണങ്ങളുമാണോ? തീര്‍ച്ചയായും ഈ ഗ്രന്ഥത്തിന്റെ അനിതരസാധാരണമായ കെട്ടുറപ്പിനും ശില്‍പ്പഭദ്രതക്കും മേല്‍പ്പറഞ്ഞ ഘടകങ്ങള്‍ സഹായകമായിട്ടുണ്ട്.

പക്ഷേ, അതല്ല പ്രധാന കാര്യം. ചരിത്രസംഭവങ്ങള ഏകഹേതുകമായി (mono causal) വ്യാഖ്യാനിച്ച് ചരിത്രമെഴുതുന്നവരുണ്ട്. അത്തരം ചരിത്രങ്ങള്‍ ഉത്സവനോട്ടീസ്പോലെയാണ്. ഉപരിപ്ളവ നിരീക്ഷണങ്ങളുടെ ഒരു വസ്തുതാവിവരണ രീതിയാണത്. സംഭവങ്ങള്‍ ബഹുഹേതുകങ്ങളാണെന്ന് മനസ്സിലാക്കി ചരിത്രമെഴുതുന്നവരാണ് കൂടുതല്‍. അവരില്‍ മിക്കവരും ചരിത്രസംഭവങ്ങള്‍ക്ക് നിദാനമായ കാരണങ്ങളെ പ്രാധാന്യത്തിനനുസരിച്ച് ഒന്നിന് പിറകെ ഒന്നായി അക്കമിട്ട് നിരത്തി എഴുതുകയാണ് പതിവ്. പിന്നെയും ഒരു കൂട്ടര്‍ - അവര്‍ സൂക്ഷ്മന്യൂനപക്ഷമാണ്- വ്യത്യസ്ത കാരണങ്ങളുടെ പരസ്പരബന്ധവും അവ തമ്മിലുള്ള സങ്കീര്‍ണവും വൈരുധ്യാത്മകവുമായ പ്രതിപ്രവര്‍ത്തനങ്ങളും ബന്ധവിച്ഛേദങ്ങളും ഉള്‍പ്പിരിവുകളും അപഗ്രഥിച്ച് ചരിത്രമെഴുതുന്നവരാണ്. അതീവ ദുഷ്കരമായ കര്‍മപരിപാടിയാണത്. കെ എന്‍ പണിക്കരുടെ ഗ്രന്ഥം മറ്റുമിക്ക മലബാര്‍ കലാപചരിത്രഗന്ഥങ്ങളില്‍നിന്നും വേറിട്ടുമാറി നില്‍ക്കുന്നത് ഈ ബിന്ദുവില്‍ വെച്ചാണ്. ഭൂതകാലവിശ്ളേഷണം സങ്കീര്‍ണ പ്രക്രിയയാണെന്നും അതിന് ചെറിയതോതിലുള്ള ബുദ്ധിവ്യായാമം പോരെന്നും വെളിപ്പെടുത്തുന്നു ഈ പ്രൌഢഗ്രന്ഥം.

മലബാര്‍ കലാപത്തെക്കുറിച്ച് ഇ എം എസ് മുന്നോട്ടുവെച്ച വ്യാഖ്യാനത്തെ പാര്‍ടിയെ 'സന്തോഷിപ്പിക്കാന്‍' വേണ്ടി കെ എന്‍ പണിക്കര്‍ ഏറ്റുപിടിച്ചതിന്റെ പരിണതഫലമാണ് ഈ ഗ്രന്ഥമെന്ന് ഡോ. എം ജി എസ് നാരായണനെപ്പോലുള്ള വിമര്‍ശകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. National questions in Kerala എന്ന ഗ്രന്ഥത്തില്‍ ഇ എം എസ് മലബാര്‍ കലാപത്തെക്കുറിച്ച് ശ്രദ്ധേയമായ ചില നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. കലാപത്തിന്റെ പൊതുസ്വഭാവം സാമ്രാജ്യത്വവിരുദ്ധവും ജന്മിത്വവിരുദ്ധവുമായിരുന്നു എന്ന് ആദ്യം ചൂണ്ടിക്കാട്ടിയത് ഇ എം എസ് തന്നെയാണ്. (ഇക്കാര്യം കെ എന്‍ പണിക്കര്‍ തന്നെ പലപാട് അടിവരയിട്ട് പറഞ്ഞിട്ടുണ്ട്). പക്ഷേ ഇ എം എസ് ഒരു അക്കാദമിക് ചരിത്രകാരനായിരുന്നില്ല. അങ്ങനെ അവകാശപ്പെട്ടിട്ടുമില്ല. ഇ എം എസിന്റെ വാദങ്ങളുടെ യാന്ത്രികമായ പുനരുല്‍പ്പാദനം മാത്രമാണ് ഈ ഗ്രന്ഥമെന്നും പാര്‍ടിയെ 'സേവിക്കാന്‍' വേണ്ടിയാണ് കെ എന്‍ പണിക്കര്‍ ഇത് എഴുതിയതെന്നും എം ജി എസ് പറയന്നത് ഒന്നര വ്യാഴവട്ടത്തോളമായി എം ജിഎസ് തുടരുന്ന വലതുപക്ഷസേവയെ മുന്‍നിര്‍ത്തി തല്‍ക്കാലം നമുക്ക് വിടാം. ചില പ്രത്യേക വിരോധം മനസ്സില്‍വെച്ച് എന്തിനെയും കാണുന്ന ഒരു സവിശേഷ 'ചരിത്രാപഗ്രഥനരീതി' എം ജി എസ് വികസിപ്പിച്ചെടുത്തിട്ട് കുറച്ചുകാലമായി. ഇത്തരം വിലകുറഞ്ഞ ഉദീരണങ്ങള്‍വഴി രീതിശാസ്ത്രപരമായി അങ്ങേയറ്റം കര്‍ക്കശത്വവും തെളിവുകളുടെ പുനര്‍വായനയില്‍ പുലര്‍ത്തുന്ന വിശ്ളേഷണപടുത്വവും അവതരണത്തിലുള്ള അസാധാരണമായ കൈയൊതുക്കവും പ്രഘോഷണംചെയ്യുന്ന ഈ ഗ്രന്ഥത്തെ 'ചെറുതാ'ക്കുന്ന വൃഥാവ്യായാമമാണ് എം ജി എസിന്റേത്.

മലബാര്‍ കലാപത്തെ സാമ്പത്തികകാരണങ്ങളുടെ 'അസംതൃപ്തനില'ങ്ങളില്‍ കുറ്റിയടിക്കാനോ മതപ്രോക്തചോദനകളുടെ തീവ്രസ്ഥലികളില്‍ പ്രതിഷ്ഠിക്കാനോ ആണ് പൊതുവെ ശ്രമിച്ചുകാണാറുള്ളത്. അല്ലെങ്കില്‍ ഇവ രണ്ടും സമാസമം ചേര്‍ത്തുള്ള 'സന്തുലിതവ്യാഖ്യാന' അഭ്യാസങ്ങളും കണ്ടുവരാറുണ്ട്. ഹിന്ദുകര്‍ഷകര്‍ ഉള്‍പ്പെടെയുള്ള മലബാറിലെ കര്‍ഷകജനസാമാന്യം ഒരുപോലെ ചൂഷിതരും അടിച്ചമര്‍ത്തപ്പെട്ടവരുമായിട്ടും എന്തുകൊണ്ട് മാപ്പിളമാര്‍ മാത്രം കലാപക്കളത്തിലിറങ്ങി എന്ന ചോദ്യം പ്രസക്തമാണ്. കെ എന്‍ പണിക്കര്‍ എഴുതുന്നത് കാണുക."അസംതൃപ്തി സംഘടിതരൂപത്തില്‍ പ്രകാശിപ്പിച്ചത് മാപ്പിളമാര്‍ മാത്രമാണ് എന്നത് കലാപത്തിന്റെ മതപരമായ ഉള്ളടക്കം എന്നതിനേക്കാളേറെ മതപരമായ സന്ദര്‍ഭത്തെയാണ് സൂചിപ്പിക്കുന്നത്... ഇത്തരത്തിലുള്ള ഒരു മതാത്മക പ്രത്യയശാസ്ത്ര പരിസരമൊരുക്കിയതില്‍ ധാരാളം ഘടകങ്ങള്‍ ഇടനിലപ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. അവയില്‍ പ്രധാനം മാപ്പിളമാര്‍ക്കിടയില്‍ നേരത്തെ നടന്ന സാമൂഹികീകരണം, ജനകീയ സംസ്കാരത്തിന്റെ സ്വാധീനം, സാമ്പ്രദായിക ബുദ്ധിജീവികളുടെ പങ്ക് എന്നിവയാണ് (Panikker 2001:49) എങ്ങനെയെല്ലാമാണ് ഈ ഘടകങ്ങളുടെ മധ്യസ്ഥത നടന്നിട്ടുള്ളത് എന്നത് ഒരു സങ്കീര്‍ണ പ്രകിയയാണ്. ഈ സങ്കീര്‍ണ പ്രക്രിയ അനാച്ഛാദനം ചെയ്യുന്നതില്‍ ഗ്രന്ഥകാരന്‍ പ്രദര്‍ശിപ്പിക്കുന്ന സൂക്ഷ്മാപഗ്രഥന വൈഭവമാണ് ഈ കൃതിയെ വ്യതിരിക്തമാക്കുന്നത്. കലാപം ഒരേസമയം കാര്‍ഷികവും മതപരവും ആയിരുന്നു എന്ന് സമര്‍ഥിക്കുകയല്ല പണിക്കര്‍. രണ്ടിന്റെയും സങ്കീര്‍ണമായ പരസ്പരബന്ധത്തെ അനാവരണം ചെയ്യുകയാണ്. ഇത് മനസ്സിലാക്കണമെങ്കില്‍ കലാപത്തെക്കുറിച്ച് എഴുതപ്പെട്ടിട്ടുള്ള ചില ശ്രദ്ധേയഗ്രന്ഥങ്ങള്‍ മുന്നോട്ടുവെക്കുന്ന വാദങ്ങളുടെ രത്നച്ചുരുക്കത്തിലൂടെ കടന്നുപോകേണ്ടതുണ്ട്. ഹിച്ച്കോക്കും ടോട്ടന്‍ഹാമും മാധവന്‍നായരും സൌമ്യേന്ദ്രനാഥടാഗോറും ഭനഗരെയും റോബര്‍ട്ട് ഹാര്‍ഡ്ഗ്രേവും മുതല്‍ എം ഗംഗാധരനും കോണ്‍റാഡ്വുഡും സ്റ്റീഫന്‍ഡേലും എം ടി അന്‍സാരിയുമുള്‍പ്പെടുന്ന ഒരു നീണ്ട നിര ഗ്രന്ഥകാരന്മാര്‍ കലാപത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്.

ഇവരില്‍ ബ്രിട്ടീഷ് മാര്‍ക്സിസ്റ്റ് ചരിത്രകാരനായ കേണ്‍റാഡ്വുഡ് ഒരു സാമ്പത്തിക വ്യാഖ്യാനമാണ് മുന്നോട്ടുവെക്കുന്നത്. മതം അദ്ദേഹത്തിന്റെ ദൃഷ്ടിയില്‍ കലാപസന്നാഹത്തിനുള്ള ഒരു ഉപാധി മാത്രമായിരുന്നു. കലാപത്തെക്കുറിച്ചുള്ള അമേരിക്കന്‍ ചരിത്രകാരനായ സ്റ്റീഫന്‍ എഫ് ഡേലിന്റെ പഠനം തികച്ചും മതകേന്ദ്രിതമാണ.് പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ മലബാറില്‍ ഉദ്യോഗസ്ഥരായിരുന്ന ടി എല്‍ സ്ട്രേഞ്ചും എച്ച് വി കൊണോലിയും മുന്നോട്ടുവെച്ച 'മാപ്പിളമതഭ്രാന്ത'ന്മാരുടെ ലഹള എന്ന പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുകയാണ് സ്റ്റീഫന്‍ ഡേല്‍. (1836 മുതല്‍ 1921 വരെ മുപ്പതില്‍പ്പരം ചെറു മാപ്പിള ലഹളകള്‍ നടന്നിരുന്നു. ഇവയെ ബ്രിട്ടീഷുകാര്‍ 'മതഭ്രാന്തരായ' മാപ്പിളമാര്‍ നടത്തിയ വിധ്വംസക കൃത്യങ്ങളായാണ് വിലയിരുത്തിയത്). ഡെയ്ലിന്റെ അഭിപ്രായത്തില്‍ കലഹശീലരായ ഒരു ചെറിയ വിഭാഗം പുരോഹിതരാല്‍ പ്രചോദിപ്പിക്കപ്പെട്ട മതാന്ധരായ മാപ്പിളമാരാണ് ഒരു മതപ്രവര്‍ത്തനമെന്ന നിലയില്‍ ഓരോ ലഹളയും നടത്തിയത്. ഈ പുരോഹിതവിഭാഗം അവരുടെ അധ്യാപനങ്ങള്‍ ജിഹാദിന്റെ ചട്ടക്കൂടിലാണ് പരുവപ്പെടുത്തിയെടുത്തത്. (Dale 1975:87) ഡെയ്ല്‍ തുടര്‍ന്നെഴുതുന്നത് ഓരോ മാപ്പിളലഹളയും 'ആത്മഹത്യാപരമായ ജിഹാദ്' ആയാണ് നടത്തപ്പെട്ടത് എന്നാണ്. മലബാറിലെ കാര്‍ഷികഘടനയില്‍ മാപ്പിളക്കുടിയാന്മാര്‍ അനുഭവിച്ചുപോന്ന പീഡനവും ചൂഷണവും ഒഴുക്കന്‍ മട്ടില്‍ ഡെയ്ല്‍ വിവരിച്ചുപോകുന്നുണ്ടെങ്കിലും അവ കലാപത്തിന് പര്യാപ്തമായ കാരണങ്ങളായി അദ്ദേഹം കാണുന്നില്ല.

മറ്റൊരു പ്രബന്ധത്തില്‍ രക്ത സാക്ഷിയാകാനുള്ള ത്വര ഇസ്ലാമിക സമൂഹത്തിന്റെ സഹജസ്വഭാവമാണെന്നും മലബാറിലെ മാപ്പിളമാരും ഈ ഇസ്ലാമിക ആദര്‍ശമാണ് മുറുകെപ്പിടിച്ചതെന്നും ഡെയ്ല്‍ എഴുതുന്നു (Dale: 1977:41) ഇനിയുമൊരു പ്രബന്ധത്തില്‍ 1921 ലെ മലബാര്‍ കലാപത്തെയും 19-ാം നൂറ്റാണ്ടില്‍ നടന്ന ചെറുകലാപങ്ങളെയും 'ആധുനികപൂര്‍വ ഭീകരവാദത്തിന്റെ' ഉദാഹരണങ്ങളായാണ് ഡെയ്ല്‍ വീക്ഷിക്കുന്നത്. മാത്രമല്ല, രാഷ്ട്രീയ ഇസ്ളാം എന്ന ഇസ്ളാമിസത്തിനാല്‍ പ്രചോദിതമായ സമകാലിക തീവ്രവാദത്തെ പഠിക്കുന്ന സാമൂഹികശാസ്ത്രജ്ഞര്‍ ചരിത്രത്തിലെ ഈ പൂര്‍വരൂപങ്ങളില്‍നിന്ന് തുടങ്ങണമെന്ന് ഡെയ്ല്‍ ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നു. (Dale: 1988)

ഡെയ്ലിന്റെ വാദമുഖങ്ങളുടെ വൃഥാസ്ഥൂലത കെ എന്‍ പണിക്കരുടെ ഗ്രന്ഥം ഒരാവര്‍ത്തി വായിക്കുന്ന ആര്‍ക്കും പിടികിട്ടും. ഇസ്ളാമിനെ പാശ്ചാത്യയുക്തിചിന്തയുടെയും ആധുനികതയുടെയും അപരസ്ഥാനത്ത് നിര്‍ത്തുന്ന പൌരസ്ത്യവാദ സമീപനത്തിന്റെ ഉല്‍പ്പന്നമാണ് ഡെയ്ല്‍ മുന്നോട്ടുവെക്കുന്ന വികല വീക്ഷണം. എഡ്വേര്‍ഡ് സെയ്ദിന്റെ ഓറിയന്റലിസ്റ്റ് വിമര്‍ശനത്തിന്റെ വിശാലമായ ചട്ടക്കൂടില്‍നിന്നുകൊണ്ട് ചരിത്രനിര്‍ധാരണം നടത്തുന്ന ചില കീഴാളപക്ഷ ചരിത്രകാരന്മാര്‍ 'പ്രാകൃതനും മതഭ്രാന്തനുമായ മാപ്പിള' എന്ന നിര്‍മിതിയുടെ ജ്ഞാനശാസ്ത്രപരവും പ്രത്യയശാസ്ത്രപരവുമായ ലക്ഷ്യവും അടിസ്ഥാനവും അനാവരണം ചെയ്തിട്ടുണ്ട്. (Ansari 2005)

എന്തുകൊണ്ട് മാപ്പിളകുടിയാന്മാരെപ്പോലെ നിസ്വരും ചൂഷിതരുമായിട്ടും ഹിന്ദുകുടിയാന്മാര്‍ കലാപത്തിന് ഒരുമ്പെട്ടില്ല എന്നതിന് യുക്തിഭദ്രമായ വിശദീകരണം പണിക്കര്‍ നല്‍കുന്നു. 19-ാം നൂറ്റാണ്ടില്‍ നടന്ന ചെറുലഹളകളില്‍ ഹിന്ദുകുടിയാന്മാരുടെ സാന്നിധ്യം ഉണ്ടായിരുന്നതേയില്ല. 1921 ല്‍ വിരലിലെണ്ണാവുന്ന ഹിന്ദുകര്‍ഷകര്‍ ലഹളയില്‍ പങ്കെടുത്തിരുന്നു.

ഇവിടെയാണ് നേരത്തെ സൂചിപ്പിച്ച സാമ്പ്രദായിക ബുദ്ധിജീവികളുടെ പങ്കും ജനകീയസംസ്കാരത്തിന്റെ സ്വാധീനവും മാപ്പിളമാര്‍ക്കിടയില്‍ 19-ാം നൂറ്റാണ്ടില്‍ തന്നെ നടന്ന സാമൂഹികീകരണവും കേന്ദ്രസ്ഥാനത്തേക്ക് വരുന്നത്. സൌകര്യത്തിനുവേണ്ടി കെ എന്‍ പണിക്കരുടെ വാദമുഖങ്ങളെ ആറ്റിക്കുറുക്കി അക്കമിട്ടുനിരത്താം.

1. മതത്തിന്റെയും സംസ്കാരത്തിന്റെയും സാമൂഹികവും പ്രത്യയശാസ്ത്രപരവുമായ മധ്യസ്ഥത കലാപപ്രവര്‍ത്തനത്തില്‍ നിര്‍ണായകമായ ഘടകങ്ങളായിരുന്നു. പക്ഷേ, ഹിന്ദുകര്‍ഷകര്‍ നിഷ്ക്രിയരായപ്പോള്‍ മാപ്പിളകര്‍ഷകര്‍ രണോത്സുകരായി കലാപത്തിലേക്ക് എടുത്തുചാടി. എന്തുകൊണ്ട്? വിഭിന്നങ്ങളായ കെട്ടുപാടുകള്‍ - മതപരം, സാമുദായികം, വൈവാഹികം- ഹിന്ദുകര്‍ഷകരെ അവരുടെ ജന്മിമാരുമായി ബന്ധിപ്പിച്ചിരുന്നു. ഹിന്ദുജന്മിമാര്‍ക്ക് മിക്കപ്പോഴും സാമ്പത്തിക അധികാരങ്ങള്‍ക്ക് പുറമെ മത-സാമുദായിക അധികാരങ്ങളുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഹിന്ദുകര്‍ഷകരുടെ കീഴ്പ്പെടല്‍ സാമ്പത്തികമണ്ഡലത്തില്‍മാത്രം ഒതുങ്ങിനിന്നില്ല. അവരുടെ വിധേയത്വം സാമൂഹികവും പ്രത്യയശാസ്ത്രപരവുമായ മറ്റിടങ്ങളിലേക്കും നീണ്ടുകിടന്നു. സാമൂഹികഭ്രഷ്ട് ഉള്‍പ്പെടെയുള്ള വിലക്കുകളിലൂടെ 'നിഷേധി'യായ ഹിന്ദുകുടിയാനെ വരച്ച വരയില്‍ നിര്‍ത്താന്‍ ജന്മിമാര്‍ക്ക് അനായാസം സാധിക്കുമായിരുന്നു. ഹിന്ദുക്കള്‍ക്കിടയിലെ സാമ്പ്രദായികബുദ്ധിജീവികള്‍ ഒന്നുകില്‍ ജന്മിമാരോ അല്ലെങ്കില്‍ അവരുമായി പലവിധത്തില്‍ അടുത്ത ബന്ധമുള്ളവരോ ആയിരുന്നു. മുസ്ളിങ്ങളെപ്പോലെ പ്രാര്‍ഥനക്കും മറ്റും ഒത്തുകൂടാന്‍ അക്കാലത്ത് മലബാറില്‍ താഴ്ന്ന ജാതിക്കാരായ ഹൈന്ദവര്‍ക്ക് പൊതുസ്ഥലങ്ങള്‍ കുറവുമായിരുന്നു.

2. അതേസമയം മതം മുസ്ളിങ്ങള്‍ക്കിടയില്‍ വിപരീതകൃത്യമാണ് നിര്‍വഹിച്ചത്. സ്വത്തുവകകളുള്ള സമ്പന്ന മേല്‍ജാതി ഹിന്ദുക്കളുമായി പാവപ്പെട്ട മുസ്ളിം കര്‍ഷക ജനസഞ്ചയത്തിന് സാംസ്കാരികമോ സാമുദായികമോ ആയ ബന്ധങ്ങള്‍ നന്നേ കുറവായിരുന്നു. മമ്പുറം തങ്ങള്‍മാരെപ്പോലുള്ള സാമ്പ്രദായിക ബുദ്ധിജീവികള്‍ കുടിയിറക്കുന്ന ജന്മിയെ കൊല്ലുന്നത് പാപമല്ലെന്നും ഇത്തരം സാമൂഹിക അനീതികളെ ഹിംസകൊണ്ട് നേരിടുന്നത് മതം വിലക്കുന്നില്ലെന്നും ഇതിനിടയില്‍ രക്തസാക്ഷിത്വം വരിക്കുന്നവര്‍ സ്വര്‍ഗസ്ഥരാകുമെന്നും മതപ്രബോധനങ്ങളിലൂടെ ഉദ്ബോധിപ്പിച്ചിരുന്നു. നീതിക്കുവേണ്ടിയുള്ള യത്നത്തില്‍ 'ഷഹീദ്' ആകുന്നതിനെ മതത്തിന്റെ പിന്‍ബലത്തില്‍ ധാര്‍മികമായും പ്രത്യയശാസ്ത്രപരമായും അവര്‍ ന്യായീകരിച്ചു. പ്രമുഖ ഉലമാക്കള്‍ മാത്രമല്ല താഴെക്കിടയിലുള്ള ഖാസിമാരും മുസല്യാന്മാരും മുല്ലമാരും മുക്രിമാരുമെല്ലാം ഇതേ ആശയപ്രപഞ്ചമാണ് പ്രേഷണം ചെയ്തത്. മുസ്ളിങ്ങള്‍ക്ക് ഹിന്ദുകുടിയാന്മാര്‍ക്കില്ലാത്ത മറ്റുചില സൌകര്യങ്ങളുമുണ്ടായിരുന്നു. ഒത്തുകൂടാനുള്ള അവസരവും സ്ഥലങ്ങളും. പള്ളികളും പെരുന്നാളുകളും നേര്‍ച്ചകളും മൌലൂദുകളും അവര്‍ക്ക് പരിഭവങ്ങളും പരിദേവനങ്ങളും പരസ്പരം പങ്കുവെക്കാനും ജന്മിമാരുടെ അനീതിക്കെതിരില്‍ ലഹളകള്‍ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും സൌകര്യം നല്‍കി. മധ്യകാല യൂറോപ്പിലെ കാര്‍ഷിക കലാപങ്ങളെക്കുറിച്ച് പഠിച്ച റോഡ്നി ഹില്‍ട്ടനെപ്പോലുള്ളവര്‍ ക്രിസ്തീയ വിരുന്നുസല്‍ക്കാരങ്ങളും പെരുന്നാളുകളും കര്‍ഷകരെ കലാപസജ്ജരാക്കുന്നതില്‍ വഹിച്ച പങ്ക് നിരീക്ഷിച്ചിട്ടുണ്ട്. യൂറോപ്പില്‍ താഴെക്കിടയിലുള്ള പുരോഹിതന്മാര്‍ കലാപകാരികള്‍ക്ക് പ്രചോദനം പകര്‍ന്നിരുന്നതായും അവര്‍ ചൂണ്ടിക്കാട്ടുന്നു. സാമ്പ്രദായിക ബുദ്ധിജീവികളില്‍ പലര്‍ക്കും അമാനുഷമായ കഴിവുകള്‍ ഉണ്ടെന്ന് മാപ്പിളമാര്‍ ദൃഢമായി വിശ്വസിച്ചു. വെളിയങ്കോട്ടെ ഉമര്‍ഖാസിക്ക് പൊലീസ് ലോക്കപ്പില്‍നിന്ന് അപ്രത്യക്ഷനാകാന്‍ കഴിയുമെന്നും ചെമ്പ്രശ്ശേരി തങ്ങള്‍ക്ക് ചീറിവരുന്ന വെടിയുണ്ടകളെ വെള്ളമോ പഞ്ഞിയോ ആക്കിമാറ്റാന്‍ കഴിയുമെന്നും മമ്പുറം തങ്ങള്‍മാര്‍ക്ക് മാറാവ്യാധികള്‍ സുഖപ്പെടുത്താനും കൊടുംവേനലില്‍ മഴ പെയ്യിക്കാനും നിലംപതിച്ച മരങ്ങളെ പൂര്‍വസ്ഥിതിയിലാക്കാനും സാധിക്കുമെന്നുമെല്ലാം അധഃസ്ഥിത മുസ്ളിംജനസാമാന്യം വിശ്വസിച്ചു. സാമ്പ്രദായിക ബുദ്ധിജീവികള്‍ പ്രക്ഷേപിച്ച മതസങ്കല്‍പ്പങ്ങളാല്‍ ക്ളിപ്തപ്പെടുത്തപ്പെട്ടതായിരുന്നു മാപ്പിളകര്‍ഷകന്റെ പ്രത്യയശാസ്ത്രലോകം. ഈ പ്രത്യയശാസ്ത്രപരിസരത്തില്‍നിന്നാണ് അനീതിക്കെതിരെ സമരം ചെയ്യാനുള്ള ഊര്‍ജം മാപ്പിളകുടിയാന്മാര്‍ സംഭരിച്ചത്.

3. കാര്‍ഷിക അസംതൃപ്തിയെ കലാപത്തിലേക്ക് പരാവര്‍ത്തനം ചെയ്യുന്നതില്‍ മതം ഒരു പ്രത്യയശാസ്ത്രമായി വര്‍ത്തിച്ചു എങ്കിലും മാപ്പിളമാര്‍ക്കിടയിലെ ഐക്യദാര്‍ഢ്യം തിരശ്ചീനമായിരുന്നു. ലംബമാനമായിരുന്നില്ല. ഗ്രാമീണമാപ്പിളമാര്‍ ഒരു വര്‍ഗമെന്ന നിലയില്‍ രൂപപ്പെടുകയോ വളരുകയോ ചെയ്തിരുന്നില്ല. അവരിലുണ്ടായിരുന്നത് നിഷേധാത്മകരൂപത്തിലുള്ള വര്‍ഗബോധമായിരുന്നു (negative class consciouness) അതായത്, ശത്രുവര്‍ഗത്തെക്കുറിച്ച് അവര്‍ക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു; സ്വന്തമായി ഒരു വര്‍ഗമെന്ന നിലക്ക് രൂപപ്പെട്ടിട്ടില്ലെങ്കിലും.

കെ എന്‍ പണിക്കര്‍ തന്റെ ഗ്രന്ഥം ഉപസംഹരിക്കുന്നത് ഇങ്ങനെയാണ്. 'കലാപകാരികളുടെ പ്രവര്‍ത്തനഗതി ഒരു കാര്യം അടിവരയിട്ട് സ്ഥാപിക്കുന്നു. ജന്മിത്വത്തിനും കൊളോണിയല്‍ ഭരണകൂടത്തിനുമെതിരെയുള്ള ഒരു അന്തര്‍ബോധമാണ് അവരെ നയിച്ചിരുന്നത്. ഈ ബോധമാകട്ടെ ബ്രിട്ടീഷ്ഭരണത്തിന്റെ ആരംഭത്തില്‍ തന്നെ തുടങ്ങിയ പ്രക്രിയയാണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ നടന്ന ചെറുകലാപങ്ങളുടെ അനുഭവജ്ഞാനത്തിലൂടെയാണ് അത് വികാസം പ്രാപിച്ചത്. വാമൊഴി പാരമ്പര്യത്തിലൂടെ വരുംതലമുറകളിലേക്ക് പ്രേഷണം ചെയ്യപ്പെട്ട ആ ചെറുകലാപങ്ങളെക്കുറിച്ചുള്ള ഓര്‍മകള്‍ കര്‍ഷക അവബോധവളര്‍ച്ചയില്‍ മര്‍മപ്രധാനമായിരുന്നു. ഇതാണ് ഒടുവില്‍ 1921 ല്‍ ജന്മികള്‍ക്കും കൊളോണിയല്‍ ഭരണകൂടത്തിനുമെതിരെയുള്ള അതിശക്തമായ കലാപമായി പ്രകാശിപ്പിക്കപ്പെട്ടത്' ഈ ഗ്രന്ഥം മുന്നോട്ടുവെക്കുന്ന കേന്ദ്രവാദവും ഇതുതന്നെ.

*
എ എം ഷിനാസ് കടപ്പാട്: ദേശാഭിമാനി വാരിക 29-11-2010

Sunday, September 19, 2010

ഡോ.കെ.എന്‍.പണിക്കര്‍ സംസാരിക്കുന്നു

ഹിന്ദുത്വശക്തികള്‍ സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തതിനെക്കുറിച്ച്, മധ്യവര്‍ഗത്തെയും 'മധ്യവര്‍ഗ ത്വ 'ത്തെയും കുറിച്ച്, ആള്‍ദൈവങ്ങളെക്കുറിച്ച്, ആരാധനാലയങ്ങളുടെ സ്വഭാവത്തെക്കുറിച്ച് , അതില്‍ മതനിരപേക്ഷവാദികള്‍ ഇടപെടേണ്ടതിനെക്കുറിച്ച് , കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ എങ്ങനെ ഇന്ത്യന്‍ പൊതു അവസ്ഥയില്‍ നിന്നും വ്യത്യസ്ഥരാകുന്നു? അവര്‍ക്ക് പ്രത്യേക വിദ്യാഭ്യാസ സാമ്പത്തികസംവരണം ആവശ്യമുണ്ടോ? തീവ്രവാദത്തെക്കുറിച്ച് 'ശത്രു'ചിന്തയെക്കുറിച്ച് ... ബാങ്ക് വര്‍ക്കേഴ്‌സ് ഫോറത്തിന് പ്രത്യേകമായി അനുവദിച്ച സവിശേഷമായ അഭിമുഖം

ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ചിന്റെ നേതൃത്വത്തിലുള്ള ഒരു ബൃഹത് പദ്ധതിയാണല്ലോ "ടുവേര്‍ഡ്‌സ് ഫ്രീഡം'' പ്രോജക്‌ട്. സ്വാതന്ത്ര്യ സമരകാലത്ത് ഹിന്ദുത്വവാദികള്‍ നടത്തിയ ബ്രിട്ടീഷ് ദാസ്യവേലയുടെ അസംഖ്യം രേഖാപരമായ തെളിവുകള്‍ ഈ പദ്ധതിയിലൂടെ താങ്കള്‍ ഉള്‍ക്കൊള്ളുന്ന ചരിത്രകാരന്മാര്‍ പുറത്തുകൊണ്ടുവന്നു. അതിനെ തുടര്‍ന്ന് അച്ചടിക്കാന്‍കൊടുത്ത താങ്കളുടെ മാനുസ്‌ക്രിപ്‌റ്റ് ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി പ്രസ്സില്‍ നിന്നും തിരിച്ചു വാങ്ങിയതും തുടര്‍ന്നുള്ള ആരോപണ പ്രത്യാരോപണങ്ങളും ഇന്ത്യയുടെ സാമൂഹിക സാംസ്‌കാരിക രാഷ്‌ട്രീയ ചരിത്ര മണ്ഡലങ്ങളെ പിടിച്ചു കുലുക്കിയ സംഭവമാണ്. ദേശസ്‌നേഹത്തിന്റെ കഥ പറഞ്ഞ് രാഷ്‌ട്രീയ സ്വാധീനം ഉറപ്പിക്കാന്‍ ശ്രമിച്ചവര്‍ യഥാര്‍ത്ഥ ചരിത്രം മുന്നില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഭയന്നോടി. ഈ സംഭവങ്ങളുടെ വെളിച്ചത്തില്‍ ഫാഷിസ്‌റ്റുകള്‍ ചരിത്രത്തെ എങ്ങനെ നോക്കിക്കാണുന്നു എന്നൊന്ന് വിശദീകരിക്കാമോ?

"സ്വാതന്ത്ര്യത്തിലേക്ക് '': വിവാദങ്ങളുടെ പശ്ചാത്തലം

ഇതൊരു പ്രധാന കാര്യമാണ്. അതിനൊരല്‍പം പശ്ചാത്തലം പറയേണ്ടതുണ്ട്. ബ്രിട്ടീഷ് സര്‍ക്കാര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ അവസാന പത്തു വര്‍ഷത്തെ തെരഞ്ഞെടുത്ത ചരിത്ര രേഖകള്‍ 'ട്രാന്‍സ്‌ഫര്‍ ഓഫ് പവര്‍: കോണ്‍സ്‌റ്റിറ്റ്യൂഷന്‍ റിലേഷന്‍സ് ബിറ്റ്വീന്‍ ബ്രിട്ടന്‍ ഏന്റ് ഇന്ത്യ - സെലക്റ്റ് ഡോക്യുമെന്റ്‌സ് ' എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. അതുകൊണ്ട് അവര്‍ ഉദ്ദേശിച്ചത് ബ്രിട്ടീഷുകാര്‍ നമുക്ക് സ്വാതന്ത്ര്യം തന്നു തിരിച്ചു പോവുന്നു എന്ന പ്രതീതി ജനിപ്പിക്കാനായിരുന്നു. അതിലെ രേഖകള്‍ ബ്രിട്ടീഷു സര്‍ക്കാര്‍ രേഖകള്‍ മാത്രമായിരുന്നു. ഇതല്ലല്ലോ നമ്മുടെ ചരിത്രകാരന്മാരുടെ കാഴ്‌ചപ്പാട്. നാം സമരം ചെയ്‌തു പിടിച്ചു വാങ്ങിയതാണ് സ്വാതന്ത്ര്യം. ഈ കാഴ്‌ചപ്പാട് വിശദീകരിക്കണം. ഈ ദിശയിലുള്ള ആലോചനയുടെ ഭാഗമായാണ് ടുവേര്‍ഡ്‌സ് ഫ്രീഡം പ്രൊജക്‌റ്റ് ഉടലെടുക്കുന്നത്. ഒരു വിപുലമായ പദ്ധതിയായിട്ടായിരുന്നു ഇത് അന്ന് വിഭാവനം ചെയ്യപ്പെട്ടത്.

രേഖാശേഖരണചുമതല നാഷണല്‍ ആര്‍ക്കൈവ്സ് ഓഫ് ഇന്ത്യയും പ്രോജക്‌റ്റിന്റെ ചുമതല ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ചും (ICHR) ഏറ്റെടുത്തു. എഡിറ്ററായി പ്രാണ്‍നാഥ്ചോപ്രയെ നിയമിച്ചു.

എന്നാല്‍ തുടങ്ങി കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രോജക്‌റ്റിന് കാര്യമായ പുരോഗതി ഉണ്ടായില്ല. ഇതിന്റെ ഒരു കാരണം രേഖകള്‍ ശേഖരിച്ചെടുക്കുക എന്നത് ഭാരിച്ച ഒരു പണി തന്നെയായിരുന്നു എന്നതാണ്. അവസാനം ചോപ്രയുടെ നേതൃത്വത്തില്‍ 1937ലെ ഒരു വോള്യം പ്രസിദ്ധീകരിച്ചു. അതിനെ വിലയിരുത്തിയപ്പോള്‍ വേണ്ടത്ര നിലവാരമില്ല, ഇന്ത്യന്‍ കാഴ്‌ചപ്പാട് പ്രതിഫലിക്കപ്പെട്ടിട്ടില്ല എന്നീ വിമര്‍ശനങ്ങള്‍ അക്കാദമീയ സമൂഹത്തില്‍ നിന്നും ഉണ്ടായി. അതിന് ശേഷം ഇത് സ്‌തംഭനാവസ്ഥയിലായി.

ആ സന്ദര്‍ഭത്തിലാണ് പ്രൊഫസര്‍ ഇര്‍ഫാന്‍ ഹബീബ് ഐ.സി.എച്ച്.ആര്‍ ചെയര്‍മാനാകുന്നത്. അദ്ദേഹം പ്രൊഫസര്‍ എസ്.ഗോപാലിനെ ഈ പ്രോജക്‌റ്റ് ഏല്‍പിച്ചു. അതോടു കൂടി പ്രോജക്‌റ്റിന്റെ സ്വഭാവത്തിന് മാറ്റം വന്നു. പ്രോജൿറ്റ് മൊത്തം ഒരാളെ ഏല്‍പ്പിക്കുകയായിരുന്നല്ലോ മുമ്പ് ചെയ്‌തിരുന്നത്. അതു മാറി ഓരോ കൊല്ലത്തെ വാള്യം ഓരോ ചരിത്രകാരന്‍ എഡിറ്റ് ചെയ്യുക. അങ്ങിനെയാണ് പുതിയ രൂപം ഉണ്ടാവുന്നത്. അതിനായി ഡോ.ഗോപാല്‍ അദ്ദേഹത്തിന്റെ സ്വാധീനം കൊണ്ട് പത്തു പേരെ കണ്ടെത്തി. ആരും ഇതു ഏറ്റെടുക്കാന്‍ താല്‍പര്യം കാണിച്ചിരുന്നില്ല. ഭാരിച്ച പണിയാണ്. 2 ലക്ഷത്തോളം പേജുകള്‍വായിച്ച് എഴുന്നൂറ്റി അമ്പത് പേജുകള്‍ തിരഞ്ഞെടുക്കണം. എസ്.ഗോപാല്‍ വളരെ ബഹുമാനിക്കപ്പെടുന്ന ചരിത്രകാരന്‍ ആയതു കൊണ്ട് അദ്ദേഹം കണ്ടെത്തിയ ഞാനടക്കമുളള പത്തു പേരും അതേറ്റെടുത്തു. പ്രൊഫ. പാര്‍ത്ഥസാരഥി ഗുപ്‌ത, പ്രൊഫസര്‍ ബിപിന്‍ ചന്ദ്ര തുടങ്ങിയ ആധുനിക ഇന്ത്യാ ചരിത്രത്തിലെ പ്രശസ്‌തരായിരുന്നു എല്ലാവരും.

അതോടുകൂടി പ്രോജൿറ്റിന് പുതിയ ജീവന്‍ വന്നു. എഡിറ്റോറിയല്‍ കമ്മിറ്റി എല്ലാമാസത്തിലും കൂടും. അഞ്ച് വര്‍ഷം കൊണ്ട് രചന അവസാനിപ്പിക്കണം. അങ്ങനെയായാല്‍ പതിനഞ്ചു വര്‍ഷത്തിനുള്ളില്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും അത് പ്രസിദ്ധീകരിക്കാന്‍ കഴിയും എന്നായിരുന്നു കണക്കുകൂട്ടിയത്.

പാര്‍ത്ഥസാരഥി ഗുപ്‌തയും ബസുദേവ ചാറ്റര്‍ജിയും ഞാനും ഈ അഞ്ച് വര്‍ഷത്തിനുള്ളില്‍ തന്നെ മാനുസ്‌ക്രിപ്‌റ്റ് ഐ.സി.എച്ച്.ആറിന് സമര്‍പ്പിച്ചു.ഇതില്‍ ആദ്യം ഗുപ്‌തയുടെ വോള്യമായി മൂന്ന് ഭാഗം പ്രസിദ്ധീകരിച്ചു. 1943 - 44 കാലത്തെ സംഭവങ്ങള്‍. 'ടുവേര്‍ഡ്‌സ് ഫ്രീഡം: ഡോക്യുമെന്റ്സ് ഓണ്‍ ദ മൂവ്മെന്റ് ഫോര്‍ ഇന്‍ഡിപെന്റന്‍‌സ് ഇന്‍ ഇന്ത്യ 1943 - 44'. അതു കഴിഞ്ഞു ബാസുദേവ ചാറ്റര്‍ജിയുടേതും പ്രസിദ്ധീകരിച്ചു. ഇനി സംഭവിച്ചത് അക്കാദമിക രംഗത്തു വളരെ ദു:ഖകരമായുള്ള അനുഭവമാണ്. ഇവിടെയാണ് നിങ്ങളുടെ ചോദ്യം വാസ്‌തവത്തില്‍ ഊന്നുന്നത്.

ആര്‍.എസ്.എസ് ഭയപ്പെട്ട ഇന്ത്യന്‍ സ്വാതന്ത്ര്യ സമരചരിത്ര രേഖകള്‍

മുമ്പു പറഞ്ഞ രണ്ടു വോള്യങ്ങളുടെ പ്രസിദ്ധീകരണത്തോടെ തന്നെ അതിനെതിരെ ആര്‍.എസ്.എസ് നേതൃത്വത്തില്‍ വലതു പക്ഷം നിശിതമായ ആരോപണങ്ങള്‍ കൊണ്ടു വന്നു. ഒന്നും അക്കാദമീയമല്ല.

അക്കാലത്താണ് വാജ്‌പേയി സര്‍ക്കാര്‍ (1996) അധികാരത്തില്‍ വരുന്നത്. ഇതിനിടയില്‍ എന്റെയും സുമിത് സര്‍ക്കാറിന്റേയും മാനുസ്‌ക്രിപ്‌റ്റുകൾ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ്സിന് കൈമാറിക്കഴിഞ്ഞിരുന്നു.

ഈ രേഖകള്‍ വെളിച്ചം കാണരുതെന്ന് ആര്‍.എസ്.എസിനു വലിയ നിര്‍ബന്ധമായിരുന്നു. ഇതിനായി ഓക്‌സ്‌ഫോര്‍ഡിനതെങ്ങിനെ കൈമാറി എന്നതിനെ സംബന്ധിച്ച് ഒരു വലിയ വിവാദം അവര്‍ കുത്തിപ്പൊക്കി. ഐ.സി.എച്ച്.ആര്‍ അനുമതി നല്‍കിയിട്ടില്ല എന്നായിരുന്നു വാദം. സത്യമതല്ല. ഐസി.എച്ച് ആറില്‍ ഈ പ്രോജക്‌റ്റ് നടത്താന്‍ ഒരു പ്രത്യേക സെല്‍ രൂപവല്‍ക്കരിച്ചിരുന്നു. തലവന്‍ എസ്.ഗോപാല്‍. ഈ സെല്ലാണ് പുസ്‌തകത്തിന്റെ എഡിറ്റിങ്ങ് നടത്തി പ്രസിദ്ധീകരിക്കാന്‍ അയച്ചു കൊടുത്തത്. ഐ.സി.എച്ച്.ആറിന്റെ പബ്ളിക്കേഷന്‍ ഡിവിഷനു ഇതില്‍ പങ്കില്ല.

വാജ്‌പേയി സര്‍ക്കാര്‍ ഐ.സി.എച്ച്ആറിന് പുതിയ ചെയര്‍മാനേയും മെമ്പര്‍ സെക്രട്ടറിയേയും നിയമിച്ചു. ചെയര്‍മാന്‍ ബി.ആര്‍.ഗ്രോവര്‍ പ്രസിദ്ധീകരണത്തിനയച്ച ഞങ്ങളുടെ മാനുസ്‌ക്രിപ്‌റ്റുകൾ മടക്കിത്തരാന്‍ ഒ.യു.പിയോട് ആവശ്യപ്പെട്ടു. അതിന് പറഞ്ഞ കാരണം അത് പബ്ളിക്കേഷന്‍ ഡിവിഷനിലൂടെയല്ല ഒ.യു.പിയില്‍ എത്തിയത് എന്നാണ്.

'ഇങ്ങനെയൊരാവശ്യം വന്നിട്ടുണ്ട്. നിങ്ങളുടെ അഭിപ്രായം അറിയണം' എന്നു ഒ.യു.പി ഞങ്ങള്‍ക്കെഴുതി. എല്ലാ വിധ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ചാണ് മാനുസ്‌ക്രിപ്‌റ്റ് ഒ.യു.പിയില്‍ എത്തിയിരിക്കുന്നതെന്നും ഓതേഴ്‌സ് എന്ന നിലയില്‍ ഞങ്ങള്‍ക്കു ചില അവകാശങ്ങള്‍ ഉണ്ട് എന്നും തിരിച്ചയച്ചാല്‍ നിയമനടപടി സ്വീകരിക്കും എന്നും ഞങ്ങള്‍ മറുപടി നല്‍കി. അപ്പോള്‍ ഐ.സി.എച്ച്.ആര്‍ കോടതിയില്‍ പോയി. ഞങ്ങളുടെ പ്രതിഷേധം വകവെക്കാതെ ഒ.യു.പി അവ മടക്കിക്കൊടുക്കുകയും ചെയ്‌തു.

തുടര്‍ന്ന് ഇതു വീണ്ടും പരിശോധിക്കാന്‍ ഐ.സി.എച്ച്.ആര്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചു. എന്റെ മാനുസ്‌ക്രിപ്‌റ്റ് 2500 പേജായിരുന്നു. പക്ഷെ ഇങ്ങനെ പരിശോധനക്ക് കൊടുത്തത് കേവലം 750 പേജ് മാത്രം. ബാക്കിയുള്ളവക്ക് എന്തു പറ്റി എന്ന് ഇന്നും അറിഞ്ഞു കൂട. സോഫ്‌റ്റ് കോപ്പിയില്‍ നിന്നും അത് മായ്ച്ചു കളയുകയും ഹാര്‍ഡ് കോപ്പി നശിപ്പിക്കപ്പെടുകയും ചെയ്‌തിരുന്നു. ഇതു ഞാനറിഞ്ഞത് വീണ്ടും കേന്ദ്രത്തില്‍ അധികാര മാറ്റം വന്നപ്പോള്‍ പ്രോജൿറ്റ് പുനരുജ്ജീവിപ്പിച്ച് അച്ചടിക്ക് കൊടുക്കാന്‍ നോക്കിയപ്പോഴാണ്. ബാക്കി ഭാഗം എവിടെ എന്നു ഞാന്‍. അതേ ഉള്ളൂ എന്ന് അവര്‍. ഞാന്‍ വസ്‌തുത പറഞ്ഞപ്പോള്‍ എല്ലാ ചെലവും വഹിച്ച് വീണ്ടും ആ രണ്ടായിരത്തി അഞ്ഞൂറ് പേജ് സമാഹരിക്കാനുള്ള ഏര്‍പ്പാടുണ്ടാക്കാമെന്നും പുതിയ സമിതി നിര്‍ദ്ദേശം വെച്ചു. പക്ഷേ ഒരു കോപ്പി എന്റെ കൈയില്‍ ഭദ്രമായിരുന്നു. ഞാനത് കൊടുത്തു. അതിന്റെ ഒരു വോള്യം പുറത്തിറങ്ങി. രണ്ടാം വോള്യം ഈ വരുന്ന ജൂലായില്‍. 1940- 41 കാലത്തെ രേഖകളാണ് അതില്‍.

ഞാന്‍ പറഞ്ഞുവന്നത് 2500 പേജില്‍ 750 പേജൊഴിച്ച് നശിപ്പിക്കപ്പെട്ടതിനെക്കുറിച്ചാണ്. നശിപ്പിക്കപ്പെട്ടതു കഴിച്ചുള്ള ബാക്കി 750 പേജും ഉന്നതനിലവാരം പുലര്‍ത്തുന്നു എന്നാണ് പിന്നീട് അവര്‍ നിയമിച്ച കമ്മിററിയും അഭിപ്രായപ്പെട്ടത്.

എന്തു കൊണ്ട് ഇത്ര എതിര്‍പ്പ് ?

പാര്‍ത്ഥസാരഥി ഗുപ്‌തയുടെ വോള്യം പുറത്തു വന്നപ്പോള്‍ തന്നെ ആര്‍.എസ്.എസും ഹിന്ദുമഹാ സഭയും ബ്രിട്ടീഷ് പക്ഷത്തു നിന്നു നടത്തിയ പ്രവര്‍ത്തനങ്ങളുടെ രേഖകളാണ് വെളിച്ചം കണ്ടത്. ഇതിലൂടെ ഇവരുടെ യഥാര്‍ത്ഥ മുഖം തുറന്നു കാട്ടപ്പെടുകയായിരുന്നു. എന്റെ വോള്യംകൂടി പുറത്തു വന്നാല്‍ എന്തൊക്കെയായിരിക്കും ജനസമക്ഷം പ്രത്യക്ഷപ്പെടുക എന്ന ഭയമായിരുന്നു അവര്‍ക്ക്. മറച്ചു വെക്കാന്‍ അത്രമാത്രം കാര്യങ്ങള്‍ അവര്‍ക്കുണ്ടായിരുന്നു എന്നര്‍ത്ഥം.
രണ്ടാം ലോകമഹായുദ്ധം തുടങ്ങിയപ്പോള്‍ ഇന്ത്യയില്‍ ബ്രിട്ടനെ സഹായിക്കാന്‍ ആരുമില്ലായിരുന്നു. വൈസ്രോയിയുടെ ഉപദേശകസമിതിയിലേക്കുള്ള ക്ഷണം കോണ്‍ഗ്രസ്സും ലീഗും നിരസിച്ചപ്പോള്‍ ആവശ്യമുള്ള ആളുകളെ തെരഞ്ഞെടുത്തോളൂ എന്നു പറഞ്ഞു ഒരു ലിസ്‌റ്റ് തന്നെ കൊടുക്കുകയാണ് ഹിന്ദുത്വ വാദികള്‍ ചെയ്‌തത്. ലിസ്‌റ്റില്‍ മൂണ്‍ഞ്ചെ മുതലായ അന്ന ത്തെ ഹിന്ദുത്വ ശക്തികളുടെ മുന്‍നിര നേതാക്കള്‍ ഉണ്ടായിരുന്നു.

'പണിക്കര്‍ ഒരു ഫാഷിസ്‌റ്റാണ്.'

അന്ന് മുരളി മനോഹര്‍ ജോഷി മാനവ വിഭവ ശേഷി മന്ത്രിയായിരുന്നല്ലോ. അദ്ദേഹത്തിനു ഞാനാദ്യം തന്നെ കണ്ണിലെ കരടായിരുന്നു. അദ്ദേഹം ഐ.സി.എച്ച്.ആര്‍ ചെയര്‍മാനായി ഗ്രോവറിനെ നിയമിച്ചപ്പോള്‍ ഇന്ത്യന്‍ എൿസ്പ്രസ്സിലെ ഒരു ലേഖിക എന്നെ വിളിച്ചു അഭിപ്രായം ആരാഞ്ഞിരുന്നു. ഞാന്‍ പ്രതികരിച്ചില്ല. ഞങ്ങള്‍ പരിചയക്കാരാണ്. മറ്റുകാര്യങ്ങളില്‍ ഞാനെങ്ങനെ അഭിപ്രായം പറയും. അദ്ദേഹത്തിന്റെ അക്കാദമിക് പിന്‍ബലത്തെക്കുറിച്ചറിയണമെങ്കില്‍ അദ്ദേഹത്തെ നിയമിച്ചവരുമായി ബന്ധപ്പെട്ടു ഒരു സ്‌റ്റേറ്റ്മെന്റ് വാങ്ങുന്നതായിരിക്കും ഉചിതം. ലേഖിക അപ്പോള്‍ മന്ത്രിയെബന്ധപ്പെട്ട് പണിക്കര്‍ ഇങ്ങനെയാണ് പറയുന്നതെന്നും നേരിട്ട് പറഞ്ഞില്ലെങ്കിലും ഗ്രോവര്‍ ഈ പദവിക്ക് യോഗ്യനല്ല എന്നാണ് ധ്വനി എന്നും ധരിപ്പിച്ചു. ജോഷി അവരോട് പറഞ്ഞത് "പണിക്കര്‍ ഈസ് എ ഫാസിസിസ്‌റ്റ് ' എന്നാണ്.

'ഔട്ട്സൈഡര്‍ ഏസ് എനിമി'യും ടൊറാന്റോ കോണ്‍ഫറന്‍സും

ഏകദേശം ഈ സമയത്താണ് ഇന്റര്‍നേഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ ഹിസ്‌റ്ററി കാനഡയിലെ ടൊറാന്റോയില്‍ നടക്കുന്നത്. അതിലേക്കു ക്ഷണിക്കപ്പെട്ട ഞാന്‍ "ഔട്ട്സൈഡര്‍ ഏസ് എനിമി'' എന്ന പ്രബന്ധമാണ് അവതരിപ്പിച്ചത്. ഇതു തടയാന്‍ അന്നത്തെ സര്‍ക്കാരും ഐ.സി.എച്ച്.ആറും, വി.എച്ച്.പിയും ആവുന്നത് ശ്രമിച്ചു. ഞാന്‍ സര്‍ക്കാര്‍ വിരുദ്ധനാണ് എന്നു തുടങ്ങിയ ആരോപണങ്ങളോടെ എന്നെ സമ്മേളനത്തില്‍ പ്രബന്ധമവതരിപ്പിക്കാന്‍ ക്ഷണിക്കരുത് എന്ന് അവര്‍ കോണ്‍ഫറന്‍സ് പ്രസിഡന്റിന് എഴുതി. പ്രസിഡന്റ് നിരാകരിച്ചു. നിങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ സമ്മേളനത്തില്‍ ചോദ്യങ്ങള്‍ ചോദിച്ച് അവിടെ ഖണ്ഡനമാവാമല്ലോ എന്നാണ് അദ്ദേഹം അവരോട് ചോദിച്ചത്.

സമര്‍പ്പിക്കാന്‍ പോകുന്ന എന്റെ പേപ്പറിനെക്കുറിച്ച് വലിയ പബ്ളിസിറ്റിയായിരുന്നു ടൊറാന്റോയില്‍. ഗ്രോവറും വി.എച്ച്.പിക്കാരുമായി 40 പേര്‍ പ്രസംഗം തടസ്സപ്പെടുത്താന്‍ എത്തിയിരുന്നു. പക്ഷെ ഒന്നിനും സാധിക്കാതെ അവര്‍ക്കു തിരിച്ചു പോരേണ്ടിവന്നു. പക്ഷേ ഇതു കൊണ്ടൊക്കെ ചില ഗുണവും ഉണ്ടായി. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ഹിന്ദുത്വ ശക്തികള്‍ നടത്തിയ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ചരിത്രത്തെപ്പറ്റി ജനകീയ താല്‍പര്യം കാര്യമായുണ്ടായി. ടുവേര്‍ഡ്‌സ് ഫ്രീഡം പ്രോജൿറ്റിനെക്കുറിച്ചും അത് തടയാന്‍ നടന്ന ശ്രമത്തെക്കുറിച്ചും ഭോപ്പാലില്‍ വെച്ച് ഒരു ചര്‍ച്ച നടന്നു. ഞാനാദ്യമായി ഇതിന്റെ ഉള്ളുകളളികള്‍ വിശദീകരിക്കുന്നത് അവിടെയാണ്.

ആര്‍.എസ്.എസും മറ്റു സംഘപരിവാര്‍ കുടുംബങ്ങളും സ്വാതന്ത്ര്യ സമരകാലത്ത് നടത്തിയ ബ്രിട്ടീഷ് പാദസേവ ഈയടുത്ത കാലത്തുള്ള സംഭവമാണ്. ചരിത്രകാരന്മാര്‍ക്കും മറ്റു സീരിയസ്സായിട്ടുള്ള പ്രവര്‍ത്തകര്‍ക്കും അതിന്റെ രേഖീയ തെളിവുകള്‍ ലഭ്യമാണ്. എന്നിട്ടും ഇത് മറച്ചു വെച്ചു കൊണ്ട് സ്വാതന്ത്ര്യ സമരകാലത്തെ ദേശസ്‌നേഹം ഒരു മുഖ്യ പ്രചരണോപാധിയാക്കാന്‍ ഹിന്ദുത്വവാദികള്‍ ശ്രമിക്കുന്നത് എന്തു കൊണ്ടാണ് ?

വളരെ വ്യക്തം. ജനങ്ങളുടെ അജ്ഞതയാണ് അവര്‍ മുതലെടുക്കുന്നത്. യഥാര്‍ത്ഥ വസ്‌തുത രേഖകളിലൂടെ പൊതു ജനങ്ങളില്‍ എത്തിച്ചിട്ടില്ലെങ്കില്‍ അവര്‍ പറയുന്നതാകും 'വസ്‌തുത'. ഉദാഹരണത്തിന് അയോധ്യാപ്രശ്‌നമെടുക്കാം. അയോധ്യയെക്കുറിച്ച് അവരുടെ കെട്ടുകഥകളാണ് നിറയെ. ജെ.എന്‍.യുവിലെ 8 - 10 വിദ്യാര്‍ത്ഥികള്‍ പറഞ്ഞു പേപ്പറുകളില്‍ വരുന്നതില്‍ എന്തെങ്കിലും കാര്യമുണ്ടോ സത്യം പുറത്തറിയേണ്ടേ? ഹിസ്‌റ്ററി സെന്ററിന്റെ നേതൃത്വത്തില്‍ ഒരു യോഗം വിളിക്കാന്‍ പറഞ്ഞു. അതില്‍ മുന്നൂറിലധികം കുട്ടികള്‍ പങ്കെടുത്തു. വെറും ചരിത്ര വിദ്യാര്‍ത്ഥികളല്ല, അല്ലാത്തവരും. അന്ന് അവര്‍ക്ക് നൽ‌കിയ വിശദീകരണമാണ് 'പൊളിറ്റിക്കല്‍ അബ്യൂസ് ഓഫ് ഹിസ്‌റ്ററി' എന്ന പേരില്‍ ലഘു ലേഖയായി പുറത്തു വന്നത്. വിവിധ ഭാഷകളിലായി ഇതിന്റെ ലക്ഷക്കണക്കിന് കോപ്പികള്‍ വിതരണം ചെയ്യപ്പെട്ട് പോയിട്ടുണ്ട്. ഇതിനോട് വസ്‌തുതാപരമായി പ്രതികരിക്കാന്‍ ആര്‍.എസ്.എസ്സിനും വി.എച്ച്.പിക്കും ഇന്നും കഴിഞ്ഞിട്ടില്ല.

'മധ്യവര്‍ഗ'വും 'മധ്യവര്‍ഗത്വ'വും

നാമിപ്പോള്‍ ഇന്ത്യന്‍ ഫാഷിസത്തെ ബന്ധപ്പെടുത്തി ജനങ്ങളുടെ അജ്ഞതയില്‍ വിശ്വസിച്ചു അതു വളരാന്‍ ശ്രമിക്കുന്നതിനെക്കുറിച്ച് പറഞ്ഞു. പക്ഷെ 'വര്‍ഗീയത' എന്ന പരികല്‍പനയെ മാത്രമെടുത്താല്‍ അത് ഇന്ന് വ്യാപകമായി എല്ലാ പ്രധാന സമൂഹങ്ങളിലും വളരുന്നില്ലേ? ഇങ്ങിനെ വളരുന്നതിന്റെ പതാകാവാഹകരായി പ്രവര്‍ത്തിക്കുന്നവര്‍ മധ്യവര്‍ഗമാണെന്ന് അങ്ങ് പലപ്പോഴും നിരീക്ഷിച്ചിട്ടുണ്ട്. വര്‍ഗീയവാദചിന്തകള്‍ പേറുന്ന 'മധ്യവര്‍ഗ'ത്തെക്കുറിച്ചു കുറച്ചു കൂടെ സൂക്ഷ്‌മമായ നിരീക്ഷണം സാധ്യമാണോ?

കേരള സന്ദര്‍ഭത്തിലാണോ ഊന്നുന്നത് ? എങ്കില്‍ അതു പറയാം. സാമ്പത്തിക സാമൂഹിക യാഥാര്‍ത്ഥ്യം എന്നതിനേക്കാള്‍ കൂടുതല്‍ ഒരു മധ്യ വര്‍ഗ രൂപീകരണം ഇവിടെ ഉണ്ട്. അതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത് ഉല്‍പ്പാദന പ്രക്രിയയും അല്ലെങ്കില്‍ പ്രവര്‍ത്തന മണ്ഡലവുമായി ബന്ധപ്പെട്ടു വളര്‍ന്നു വരുന്ന മധ്യവര്‍ഗത്തില്‍ നിന്നും വ്യത്യസ്‌തമായി 'മധ്യവര്‍ഗത്വം' ഉള്‍ക്കൊള്ളുന്ന ഒരു വിഭാഗം ഉണ്ട് എന്നാണ്. ഈ വിഭാഗം മറ്റു സാമൂഹ്യ വിഭാഗങ്ങളില്‍ നിന്നും വ്യത്യസ്‌തമായൊരു ജീവിതരീതി നയിക്കുകയോ നയിക്കുവാന്‍ ശ്രമിക്കുകയോ ചെയ്യുന്നവരാണ്.

'മധ്യവര്‍ഗത്വം' ഒരു പുതിയ പരികല്‍പനയാണെന്ന് തോന്നുന്നു. മുമ്പ് ഉപയോഗിക്കപ്പെട്ടതായി ശ്രദ്ധയില്‍ വന്നിട്ടില്ല. അതുകൊണ്ട് അതിന്റെ വിവക്ഷ ഒന്നു കൂടി വിശദമാക്കിയാല്‍ കൊള്ളാം.

'മധ്യവര്‍ഗത്വം' എന്നതു കൊണ്ട് ഞാന്‍ അര്‍ത്ഥമാക്കുന്നത് മധ്യവര്‍ഗമായിരിക്കുക എന്ന ഗുണമാണ്. (The quality of being a middle class) ഈ 'മധ്യവര്‍ഗത്വ' ചിന്തയുടെ ഒരു മേല്‍ക്കോയ്‌മ സമൂഹത്തില്‍ ആകെ ഇന്ന് വ്യാപരിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഒരു വലിയ സാംസ്‌കാരിക പ്രതിസന്ധി കേരള സമൂഹത്തിലാകെ വളര്‍ന്നു വന്നിട്ടുണ്ട്. ഈ പ്രതിസന്ധി മധ്യവര്‍ഗത്തെ വര്‍ഗീയതയുമായി കൂട്ടിയിണക്കുന്നു. അതിന്റെ അടിത്തറയായി പ്രവര്‍ത്തിക്കാന്‍ പ്രചോദനം നല്‍കുകയും ചെയ്യുന്നു. അതേസമയത്തു തന്നെ മധ്യവര്‍ഗമല്ലാത്ത സാധാരണക്കാര്‍ 'മധ്യവര്‍ഗത്വം' ഉള്‍ക്കൊള്ളുമ്പോള്‍ അവര്‍ക്കു സംഭവിക്കുന്ന നിസ്സഹായത അവരെ വര്‍ഗീയതയുടെ വൈക്കോല്‍ (Fodder) ആക്കി മാറ്റുകയും ചെയ്യുന്നു. വര്‍ഗ്ഗീയ ലഹളകളില്‍ ഈ 'മധ്യവര്‍ഗത്വ'സമൂഹം പങ്കെടുക്കുന്നത് ആക്രമണത്തിനും കൊള്ളയടിക്കലിനുമൊക്കെയാണ്.

ശാസ്‌ത്ര പഠനത്തിന്റെ സ്വഭാവം കൊണ്ട് തന്നെ ശാസ്‌ത്ര വിദ്യാര്‍ത്ഥികള്‍ക്കു കിട്ടുന്ന അറിവിനു പരിമിതികള്‍ ഉണ്ട്. വൈദ്യശാസ്‌ത്ര രംഗത്തായാലും മറ്റു ശാസ്‌ത്രപഠന രംഗത്തായാലും ആ നിലയിലുള്ള ഒരു വിദ്യാഭ്യാസം വിദ്യാഭ്യാസമല്ലാതായി തീരുകയും അത് വെറും പരിശീലനമായി രൂപാന്തരപ്പെടുകയും ചെയ്‌തിരിക്കുന്നു. (more of training) ശാസ്‌ത്രരീതിയുമായി സംവദിക്കാനുള്ള സന്ദര്‍ഭം ഈ വിദ്യാര്‍ത്ഥികള്‍ക്കു ലഭിക്കുന്നില്ല. മുമ്പ് ഐ.ഐ.ടി യില്‍ സാമൂഹിക ശാസ്‌ത്രം പഠിക്കുക എന്നത് നിര്‍ബന്ധമായിരുന്നു. ഇന്നും ഉണ്ട് ഒരു ചടങ്ങിന്. അതിനാല്‍ വിദ്യാഭ്യാസം ഒരു സമഗ്രമായ പ്രക്രിയയാകാതിരുന്നാല്‍ സംഭവിക്കുന്ന അപകടമാണ് ഇന്ന് സമൂഹം നേരിടുന്നത്.

കേരളത്തില്‍ അങ്ങയുടെ നേതൃത്വത്തിലുള്ള ഉന്നത വിദ്യാഭ്യാസ സമിതി ഇക്കാര്യം ഗൌരവപൂര്‍വ്വമായി കണക്കിലെടുത്തിട്ടുണ്ട് എന്ന് തോന്നുന്നു.

ശരിയാണ്. സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ എല്ലാ സര്‍വ്വകലാശാലകളിലും നടപ്പിലാക്കിക്കഴിഞ്ഞു.നിലവിലുള്ള ബിരുദതല വിദ്യാഭ്യാസം പൂര്‍ണ്ണമായും പൊളിച്ചെഴുതി. വിഷയങ്ങള്‍ക്കിടയിലുള്ള വലിയ മതില്‍ തകര്‍ക്കുകയാണ് ആദ്യം ചെയ്‌തത്. ഇതിലൂടെ ശ്രമിക്കുന്നത് ഒരു ഇന്റര്‍ ഡിസിപ്ളിനറി വിദ്യാഭ്യാസം നടപ്പാക്കുക എന്നതാണ്. ബി.എസ്.സിക്കും ബി.എക്കും മറ്റും ചേരുന്ന കുട്ടികള്‍ പത്ത് കോഴ്‌സുകള്‍ നിര്‍ബന്ധമായും ചെയ്‌തിരിക്കണം. അതില്‍ സയന്‍സുണ്ട്, ചരിത്രമുണ്ട് ഫിലോസഫിയുണ്ട്. അതു കഴിഞ്ഞ് മാത്രം സ്‌പെഷലൈസേഷന്‍. അങ്ങനെ പഠിച്ച് പാസായിട്ട് മാത്രം റിസേര്‍ച്ച്. അതിനുള്ള സമ്പൂര്‍ണ്ണ സൌകര്യം നമമ്മുടെ സംസ്ഥാനത്തില്ല. തുടക്കം എന്ന നിലയില്‍ മോശമല്ല. കേന്ദ്ര സര്‍ക്കാരില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഈ രീതി പഠിക്കാന്‍ ഇവിടെ വിദഗ്ധ സമിതികളെത്തുന്നുണ്ട്. അവര്‍ക്കൊക്കെ വലിയ അഭിപ്രായമാണ് നമ്മുടെ ശ്രമങ്ങളെക്കുറിച്ച്.

ആള്‍ദൈവങ്ങള്‍: മതത്തിന് എന്തു സംഭവിച്ചു?

ഫ്രാന്‍സിസ് ഫുക്കുയാമയുടെ 'ട്രസ്‌റ്റ് ' എന്ന പുസ്‌തകം പുതിയ മുതലാളിത്തകാലത്ത് അമേരിക്കന്‍ സമൂഹത്തില്‍ വന്നു കൊണ്ടിരിക്കുന്ന ക്രിമിനല്‍വല്‍ക്കരണത്തെക്കുറിച്ച് പറയുന്നുണ്ട്. പുതിയ മുതലാളിത്തത്തിന്റെ ശക്തനായ വക്താവായ അദ്ദേഹം അത് സമൂഹത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന മൂല്യബോധം മുതലാളിത്ത വ്യവസ്ഥയെ തകര്‍ക്കുന്നതിന് കാരണമാകുന്നുവെന്ന് അമേരിക്കന്‍ അനുഭവങ്ങളെ നിരീക്ഷിച്ചു കൊണ്ട് ആശങ്കപ്പെടുന്നുണ്ട്. മുതലാളിത്തം ഒരു ശാശ്വത സമ്പദ് വ്യവസ്ഥയായി നില്‍ക്കുവാന്‍ മുതലാളിത്ത പൂര്‍വ്വ മൂല്യ ബോധം, ആചാരാനുഷ്‌ഠാനങ്ങള്‍ എന്നിവ തിരിച്ചു കൊണ്ടു വരണമെന്നാണ് പ്രതിവിധിയായി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇന്ത്യയിലും വിശിഷ്യാ കേരളത്തിലും ഇന്നു കാണുന്ന കോര്‍പ്പറേറ്റ് ആള്‍ ദൈവങ്ങളെ ഫുക്കുയാമയുടെ ഈ നിരീക്ഷണവുമായി ബന്ധപ്പെടുത്തി പരിഗണിക്കാമോ? ബാങ്കുകള്‍ക്കുള്ളില്‍ ആള്‍ ദൈവ സ്വാധീനത്തെക്കുറിച്ച് ഫോറം ഒരു സാമ്പിള്‍ സര്‍വ്വെ നടത്തിയിരുന്നു. (സര്‍വ്വെഫലം അന്യത്ര ) സര്‍വ്വെയില്‍ പരിഗണിച്ച 40 പേരില്‍ 16 പേര്‍ ആള്‍ദൈവ ഭക്തന്മാരാണെന്നും ഇവരെല്ലാവരും കഴിഞ്ഞ 15 വര്‍ഷമായിട്ടാണ് ഇങ്ങനെയായതെന്നും വെളിപ്പെടുത്തുന്നു. ആള്‍ദൈവ സന്ദര്‍ശനം കൊണ്ട് എന്തു കിട്ടുന്നു എന്നു ചോദിച്ചപ്പോള്‍ 'എന്തോ ഒരു ഇത്' കിട്ടുന്നു എന്നാണ് ഏതാണ്ടെല്ലാവരുടേയും ഉത്തരം. പരമ്പരാഗതമായ മതവിശ്വാസം, ആള്‍ദൈവ വിശ്വാസം, മുതലാളിത്തം എന്നിവ ബന്ധപ്പെടുത്തി ഈ വിഷയത്തിലുള്ള അങ്ങയുടെ നിരീക്ഷണം.

നിങ്ങളുടെ സര്‍വ്വെയില്‍ കണ്ടെത്തിയ കാര്യങ്ങള്‍ അഖിലേന്ത്യാ തലത്തില്‍ നടത്തിയ സര്‍വ്വേയുമായും ഈവിഷയത്തില്‍ ആഗോളകണക്കുകളുമായും ഒത്തു പോകുന്നുണ്ട്.

മുമ്പ് ചന്ദ്രസ്വാമിയെ കേന്ദ്രീകരിച്ച് ഞാന്‍ 'ഹിന്ദുവില്‍' ഒരു ലേഖനമെഴുതിയിരുന്നു. മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ 'റിലിജിയന്‍ ഇന്‍ പബ്ളിക് സ്‌ഫിയര്‍' എന്ന വിഷയത്തെക്കുറിച്ച് ഈയിടെ സമാപന പ്രസംഗം നടത്തുകയുണ്ടായി.

ഈ വിഷയത്തെ ഇപ്പോള്‍ രണ്ടു കോണില്‍ നോക്കിക്കാണേണ്ടതുണ്ട് എന്നാണെനിക്ക് തോന്നുന്നത്. സാമൂഹ്യ ശാസ്‌ത്രജ്ഞര്‍ സാധാരണയായി ഭക്തന്മാര്‍ക്ക് എന്തു സംഭവിച്ചു, ഭക്തി എന്തു കൊണ്ടാണ് ഉണ്ടാകുന്നത്, അവരുടെ ജീവിതവും സമൂഹവും തമ്മിലുള്ള വൈരുദ്ധ്യം എന്നിങ്ങനെയായിരുന്നു പ്രശ്‌നത്തെ സമീപിച്ചിരുന്നത്. അങ്ങിനെ നോക്കുമ്പോള്‍ ഒരാളുടെ സാംസ്‌കാരിക ക്രൈസിസിന് പ്രതിവിധി കാണാനുള്ള ശ്രമം വിശ്വാസത്തില്‍ കൊണ്ടെത്തിക്കുന്നു എന്നും അതില്‍ നിന്നും ലഭിക്കുന്ന സംതൃപ്‌തിയാണ് തേടുന്നത് എന്നുമൊക്കെ നിരീക്ഷിക്കപ്പെട്ടു. അതായത് അയുക്തികത (irrationality) ഉപയോഗപ്പെടുത്തിയുള്ള എസ്‌കേപ്പിസം.

ഇതിനു പല ന്യായീകരണങ്ങളും കൊടുക്കാം. വിശ്വാസമില്ലാതെ ജീവിക്കാന്‍ പറ്റില്ല; ദൈവത്തിനോടോ അച്‌ഛനോടോ അമ്മയോടോ ഭാര്യയോടോ വിശ്വാസമാകാം. പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അവരോട് ചോദിക്കാം. നിങ്ങള്‍ക്കു സ്വന്തം യുക്തി ചിന്തയിലും വിശ്വസിക്കാം. അങ്ങനെയായാല്‍ പ്രശ്‌നം വരുമ്പോള്‍ നിങ്ങളോടു തന്നെ ചോദിക്കാം. വിശ്വാസത്തിന്റെ ന്യായീകരണം ഇങ്ങനെയൊക്കെ പോകുന്നു.

പക്ഷെ നാമിപ്പോള്‍ ചര്‍ച്ച ചെയ്യുന്ന സാമൂഹിക പ്രക്രിയ മനസ്സിലാക്കാന്‍ ഇത്തരം വിലയിരുത്തല്‍ മാത്രം പരിഹാരമാവുന്നില്ല. ഇന്ന് ചോദിക്കേണ്ട ചോദ്യം വ്യത്യസ്‌തമാണ്. ആ ചോദ്യം വ്യക്തികള്‍ക്കും സമൂഹത്തിനും എന്തു സംഭവിച്ചു എന്നതിനോടൊപ്പം തന്നെ മതത്തിനും എന്തു സംഭവിച്ചു എന്നതു കൂടിയാണ്.

14-15, 19 നൂറ്റാണ്ടുകളിലെ മതമല്ല ഇന്നത്തെ മതം. മതത്തിന്റെ സ്വഭാവം മാറിക്കഴിഞ്ഞിരിക്കുന്നു. മതം ഇന്ന് ഒരു വിശ്വാസം മാത്രമല്ല. മതം ഇന്ന് ഒരു ചരക്കാണ്. എന്തു കൊണ്ടാണ് മതം ഇന്ന് അമ്പലങ്ങളില്‍ നിന്നും കുടുംബങ്ങളില്‍ നിന്നും തെരുവുകളിലെത്തിയിരിക്കുന്നത് ? ഈ കോമോഡിഫിക്കേഷന്റെ (ചരക്കുവല്‍ക്കരണത്തിന്റെ) കാരണം നവലിബറല്‍ വ്യവസ്ഥയുടെ സ്വാധീന ഫലമാണ്. അതായത് ഈ പരിവര്‍ത്തനത്തിന്റെ പിന്നില്‍ വളരെ വലിയൊരു സംഘടനാരൂപമുണ്ട്. സാമ്പത്തികതാല്‍പര്യമുണ്ട്. ആ സാമ്പത്തിക താല്‍പര്യം മത സംഘനടകള്‍ക്കു വളരെ ആധുനികമായൊരു മുഖം കൊടുത്തിരിക്കുന്നു.

മാതാ അമൃതാനന്ദമയി നടത്തുന്ന ആശുപത്രി ഏറ്റവും ആധുനിക സൌകര്യങ്ങളുള്ള ആശുപത്രിയാണ്. അവരുടെ എഞ്ചിനീയറിങ്ങ് കോളേജ് ഏറ്റവും ആധുനികമാണ്. ഇതവര്‍ക്ക് വളരെ ആധുനികമായൊരു മുഖം കൊടുത്തിരിക്കുന്നു. ഈ സംഘടനാ രൂപം വളരെ സങ്കീര്‍ണ്ണമായ ഒരു തരത്തിലുള്ളതാണ്. ഇതിലേക്കാണ് ,ഈ പുതിയ സാഹചര്യത്തിലേക്കാണ്, മനുഷ്യന്‍ ആകര്‍ഷിക്കപ്പെടുന്നത്. ഇപ്പോള്‍ നടക്കുന്ന പില്‍ഗ്രിമേജ് ടൂറിസം (തീര്‍ത്ഥാടന വിനോദയാത്ര) ഇതിന്റെ ഭാഗമായിട്ടുള്ളതാണ്. മധ്യ വര്‍ഗത്തിനു ടൂറിസം വേണം. ടൂറിസത്തിനു വേണ്ടി വിശ്വാസം സൃഷ്‌ടിക്കപ്പെടുകയാണ്.
മനുഷ്യന് വിശ്വാസം ആവശ്യമാണെന്നതും അത് മതം കൊമോഡിഫൈ (ചരക്കുവല്‍ക്കരിക്കപ്പെടല്‍) ചെയ്യുന്നതുമാണ് ഇന്നത്തെ സ്ഥിതിവിശേഷം സൃഷ്‌ടിച്ചിട്ടുള്ളത്. ഇതിന്റെ ആകര്‍ഷണീയത വളരെ വലിയതാണെന്നതിനാല്‍ മനുഷ്യന് ഇതില്‍ നിന്നും എളുപ്പം മോചനമില്ല. ഐ.പി.എല്‍ ക്രിക്കറ്റല്ലാത്തതു പോലെ മതമിന്ന് മതമല്ല എന്നു തിരിച്ചറിയേണ്ടതുണ്ട്.

ബി.ജെ.പി തകരുകയാണെന്നും അതിന്റെ പ്രത്യ യ ശാസ്‌ത്രം പിന്നോട്ടടിക്കുകയാണെന്നും സവര്‍ണ മധ്യവര്‍ഗത്തിനെ ആവേശംകൊള്ളിക്കാന്‍ അത് ഇന്ന് ഉതകുന്നില്ല എന്നും പ്രഫുല്‍ ബിദ്വായ് അഭിപ്രായപ്പെടുന്നു. (ഫ്രണ്ട്‌ലൈന്‍ വോള്യം.27. നമ്പര്‍ 8.ഏപ്രില്‍ 10-23-2010) അതുകൊണ്ട് ബി.ജെ.പിയെ ഒറ്റപ്പെടുത്തി മതനിരപേക്ഷതയെ പുനഃദൃഡീകരിക്കുന്നതിനുള്ള ശരിയായ സമയമാണിതെന്നും പറയുന്നു. ഈ നിരീക്ഷണത്തോടുള്ള പ്രതികരണമെന്താണ് ?

ബിദ്വായിയുടെ അഭിപ്രായത്തോട് പൂര്‍ണ്ണമായി യോജിക്കുന്നില്ല. ഇന്ത്യന്‍ ഫാഷിസത്തിന്റെ ശക്തി രാഷ്‌ട്രീയമായി പിന്നോട്ടു പോയിരിക്കുന്നു എന്നതുശരി. പക്ഷെ അതിന്റെ യഥാര്‍ത്ഥശക്തി സ്രോതസ്സ് സാംസ്‌കാരിക സാമൂഹിക സ്വാധീനമാണ്. കഴിഞ്ഞ 50 വര്‍ഷത്തിലധികമായി വളര്‍ത്തിക്കൊണ്ടുവന്നത്. രാഷ്‌ട്രീയ സ്വാധീനം ഇല്ലാത്തപ്പോള്‍ പോലും ഒരു അസംബ്ളിയിലോ പാര്‍ലമെന്റിലോ നിര്‍ണ്ണായകശക്തി അല്ലാത്തപ്പോള്‍ പോലും ഇന്ത്യന്‍ ഫാഷിസം ഒരു തരത്തിലും പരിഭ്രമിച്ചിട്ടില്ല. വളരെ അവധാനതയോടുകൂടി മാത്രമാണ് പ്രവര്‍ത്തിച്ചത്. അവര്‍ക്ക് പരിഭ്രമം വന്നത് അധികാരം കൈയിലെത്തും എന്നു തോന്നിയപ്പോള്‍ മാത്രം. അതുകൊണ്ടാണ് രാഷ്‌ട്രീയമായി അടിച്ചമര്‍ത്താന്‍ സാധിച്ചാല്‍പോലും ഹിന്ദുവര്‍ഗീയതയുടെ ശക്തി അതോടുകൂടി നശിക്കില്ല എന്നു ഞാന്‍ പറയുന്നത്. അവരുടെ ശക്തി വാസ്‌തവത്തില്‍ ഒരു കള്‍ച്ചറല്‍ ലോജിക്കിലാണ്. ഇന്ത്യയുടെ സാംസ്‌കാരിക സ്വത്വത്തെ മതപരമായി വ്യാഖ്യാനിച്ച് പ്രവര്‍ത്തിക്കുന്നതാണ് അവരുടെ പ്രവര്‍ത്തന ശൈലി. അതു വളരെ സാധ്യതയുള്ള ഒരു മേഖലയാണ്.

ഇങ്ങനെ നോക്കുമ്പോള്‍ ഹിന്ദു വര്‍ശീയതയുടെ ശക്തി കുറഞ്ഞു പോയിട്ടുണ്ടോ എന്നു ചോദിക്കുകയാണെങ്കില്‍ എന്റെ ഉത്തരം ഇല്ല എന്നാണ്. പക്ഷെ ആ യാഥാര്‍ത്ഥ്യം ഒരതിര്‍ത്തിവരെ നമ്മുടെ മതേതര കക്ഷികളും മാധ്യമങ്ങളും ബുദ്ധിജീവികളും തിരിച്ചറിയുന്നില്ല. ഇത് വര്‍ഗ്ഗീയതക്കെതിരെ മതേതര പ്രവര്‍ത്തനങ്ങളുടെ സ്വഭാവവുമായി ബന്ധപ്പെട്ടതാണ്. മതേതര രാഷ്‌ട്രീയം എന്തുകൊണ്ട് വളരെ വലിയൊരു പ്രതിസന്ധിയില്‍ 5-6 വര്‍ഷങ്ങള്‍ക്കുമുമ്പ് എത്തിപ്പെട്ടു എന്നതു ഇതില്‍ തന്നെയാണ് അന്വേഷിക്കേണ്ടത്.

ഹിന്ദു ഫാഷിസ്‌റ്റു ഭീകരതക്കൊപ്പം തന്നെ ഇസ്ളാമിന്റെ പേരിലുള്ള ഭീകരാക്രമണങ്ങള്‍ക്കും വ്യാപകമായി ഇന്ത്യന്‍ സമൂഹം ഇന്ന് ഇരയാകുന്നുണ്ട്. പ്രത്യക്ഷത്തിലല്ലെങ്കിലും അനുഭവത്തില്‍ പരസ്‌പരം സഹായിക്കുന്ന ഒരു 'ഏജന്റ് പ്രെവൊക്കേറ്റര്‍' (Agent provocator) എന്ന നിലയില്‍ ഫാഷിസ്‌റ്റുകളെയും മുസ്ളീം ഭീകരവാദികളെയും കാണാമോ? മതമൌലികവാദം ഭീകരവാദത്തിലേക്ക് നയിക്കുമോ?

ഏതു വര്‍ഗീയ ചേരിതിരിവും ഒരു ശത്രുവിനെ ചൂണ്ടിക്കാട്ടിയാണ് പ്രവര്‍ത്തനസജ്ജമാകുന്നത്. ഇന്ത്യയില്‍ മുസ്ളീം, കൃസ്‌ത്യന്‍ എന്ന ശത്രുവില്ലാതെ ഹിന്ദുവര്‍ഗീയതക്ക് പ്രവര്‍ത്തിക്കുവാനാകില്ല. കഴിഞ്ഞ പത്തന്‍പത് വര്‍ഷങ്ങളായി ഇവിടെ പ്രധാനമായും മുസ്ളീം എന്ന ശത്രുവിനെ സൃഷ്‌ടിച്ചിട്ടുണ്ട്. ഭീകരവാദത്തിന്റെ ഒരു ഫലം സാധാരണക്കാരന്റെ മനസ്സില്‍ പോലും ഈ ആശയം ദൃഢീകരിക്കാന്‍ കാരണമായിട്ടുണ്ട് എന്നതാണ്. ആ അര്‍ത്ഥത്തില്‍ ഭീകരവാദം ഒരു 'ഏജന്റ് പ്രൊവൊക്കേറ്റര്‍' എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നു എന്നു നമുക്ക് കാണാന്‍ കഴിയും. പക്ഷെ അതിലുള്ള ഒരു പ്രധാനപ്പെട്ട പ്രശ്‌നം കണക്കിലെടുക്കേണ്ടത് ഭീകരവാദം ഒരു മതത്തിന്റെയും അടിസ്ഥാന പ്രമാണമായും ബന്ധപ്പെട്ടതല്ല എന്നതാണ്. പക്ഷെ മതമൌലികവാദം ഭീകരതക്ക് വഴി ഒരുക്കുന്നു. വാസ്‌തവത്തില്‍ 'ഏജന്റ് പ്രൊവൊക്കേറ്റ'റായി രംഗത്തു വരുന്നത് മത മൌലികവാദികളാണ്.

ആരാധനാലയങ്ങളും പ്രവര്‍ത്തനവും

ആരാധനാലയങ്ങളെ വര്‍ഗീയതയുടെ കേന്ദ്രങ്ങളാക്കിതീര്‍ക്കാന്‍ ഇന്ന് വ്യാപകമായി ശ്രമമുണ്ട്. ഇതെങ്ങിനെ പ്രായോഗികമായി പ്രതിരോധിക്കുമെന്നതാണ് അടിത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക - സാമൂഹിക പ്രവര്‍ത്തകര്‍ നേരിടുന്ന പ്രശ്‌നം. മതമൌലികവാദികളെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെ ഇവിടങ്ങളില്‍ ഇടപെടുന്ന മതനിരപേക്ഷ വാദികളായ പൊതുപ്രവര്‍ത്തകര്‍പോലും പിന്നീട് പൊതു സമൂഹത്തില്‍ നിന്നും വിട്ട് അമ്പലത്തിന്റെയും പള്ളിയുടെയും ആളായി മാറുന്നു. ഇത് ?

ഒരു ആരാധനാലയത്തെ എങ്ങനെയാണ് നാം നോക്കി കാണുന്നത് ! നമുക്ക് തല്‍ക്കാലം അമ്പലത്തെ എടുക്കാം. എന്താണ് അമ്പലം? എന്താണ് ഉത്സവം? അമ്പലത്തിന്റെ പ്രവര്‍ത്തനങ്ങളുടെ മൌലികസ്വഭാവം എന്താണ്? ഏതെങ്കിലും ഒരു ഭൂവുടമ അത് കൈക്കലാക്കുന്നതിന് മുമ്പ് ഒരു ഗ്രാമത്തിലെ അമ്പലം പരമ്പരാഗതമായി ഒരു 'തുറന്ന ഇട'മാണ്. ജാതിവ്യത്യാസങ്ങള്‍ നിലനില്‍ക്കുമ്പോള്‍ പോലും ഇവിടം അതിന്നതീതമാണ്. അതുകൊണ്ട് അമ്പലങ്ങളെ നാം നോക്കി കാണേണ്ടത് ആരാധനാലയങ്ങള്‍ എന്ന നിലയില്‍ മാത്രമല്ല. ആ പ്രദേശത്തിന്റെ സാംസ്‌കാരിക കേന്ദ്രമെന്ന നിലയില്‍ കൂടിയാകണം.

വിശ്വാസമില്ലാത്തവര്‍പോലും അമ്പലത്തിന്റെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ പങ്കുകൊള്ളണമോ എന്നത് സംശയമില്ലാത്ത കാര്യം. പങ്കുകൊള്ളേണ്ടത് ആവശ്യമാണ്.

ഞാനൊരിക്കല്‍ എന്റെ നാട്ടില്‍ വന്നപ്പോള്‍ അവിടുത്തെ ഒരു പ്രധാന അമ്പലത്തിലെ (അരിയന്നൂര്‍, അവിടെയാണ് കേട്ടോ കോവിലന്റെ തട്ടകം) മരംകൊണ്ടു തീര്‍ത്ത മനോഹരങ്ങളായ ശിൽ‌പങ്ങള്‍ നാശോന്മുഖമായതറിഞ്ഞു. അതു സംരക്ഷിക്കാന്‍ നടപടികളെടുക്കണമെന്ന ഉദ്ദേശ്യത്തോടെ അവിടെ പോയി. സാധാരണയായി അമ്പലത്തില്‍ പോകാത്ത ആളാണ് ഞാന്‍.

'സാറെന്താ ഇവിടെ വന്നിരിക്കുന്നത്?' നാട്ടുകാര്‍ക്ക് അത്ഭുതം. അതാരെങ്കിലും സംരക്ഷിച്ചിട്ടില്ലെങ്കില്‍ നഷ്‌ടപ്പെട്ടുപോകും. മതവും സംസ്‌കാരവും ഒന്നല്ല. എന്നാല്‍ മതവും സംസ്‌കാരവും തമ്മില്‍ ബന്ധമുണ്ട് താനും. രണ്ടും അങ്ങോട്ടും ഇങ്ങോട്ടും സ്വാധീനിക്കുന്നു. ഈ ബന്ധം തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ അമ്പലത്തോടുള്ള സമീപനത്തില്‍ വ്യക്തതയുണ്ടാകും.

രണ്ടാമതൊരു കാര്യം: അത് വളരെ പ്രധാനപ്പെട്ടതാണ്. അമ്പലങ്ങളിൽ ‍/ പള്ളികളില്‍ പങ്കെടുക്കുന്നതോടുകൂടി അവിടുത്തെ ആളായി മാറുന്ന പ്രക്രിയ പങ്കെടുക്കുന്നവരുടെ മതേതര സങ്കല്‍പ്പത്തിന്റെ ദൌര്‍ബല്യമാണ് വെളിവാക്കുന്നത്. പ്രത്യയ ശാസ്‌ത്രപഠനത്തിന്റെ പിന്‍ബലമില്ലാത്തവരാണ് ഇത്തരക്കാര്‍. യുക്തി ഭദ്രതയും വിമര്‍ശനാത്മകതയുമുള്ള സമൂഹത്തെ സൃഷ്‌ടിക്കാനുള്ള പഠനങ്ങള്‍ ഇന്ന് കാര്യമായി സംഭവിക്കുന്നില്ല. നവോത്ഥാന കാലത്ത് വി.ടി.യെ പോലുള്ളവര്‍ യാഥാസ്‌തികത്വത്തെ നേരിട്ട രീതി ഇന്ന് വശമില്ല.

ആനുഷംഗികമായി ഞാന്‍ ഒരു രസകരമായ കാര്യം പറയാം. എന്റെ വീടിന് തൊട്ടടുത്ത് ഒരു മുസ്ളീം പള്ളിയുണ്ട്. എന്റെ കുടുംബവുമായി പള്ളി സമിതിക്ക് വളരെ അടുത്ത ബന്ധമാണ്. ഞാന്‍ ഒരിക്കല്‍ വീട്ടില്‍ വന്നപ്പോള്‍ അവിടെ ഉച്ചഭാഷിണി വെച്ച് ബാങ്കുകൊടുക്കുകയാണ്. രണ്ടു ദിവസം രാത്രിയില്‍ തുടര്‍ച്ചയായി. കിടന്നുറങ്ങാന്‍ വിഷമം. ഞാന്‍ മുസ്ള്യാരുടെ അടുക്കല്‍ചെന്ന് കാര്യം പറഞ്ഞു. മുസ്ള്യാര്‍ക്ക് നൂറുശതമാനം സമ്മതം. നിര്‍ത്താം. പക്ഷെ ചെറിയൊരു നിബന്ധന: സാറ് ആദ്യം ഗുരുവായൂര്‍ അമ്പലത്തില്‍ പോയി അവിടുത്തെ സ്‌പീക്കര്‍ പരിപാടി നിര്‍ത്താന്‍ പറയണം.''ഇതും കാതലായ പ്രശ്‌നം തന്നെയാണ്. ബാങ്കും കീര്‍ത്തനങ്ങളും മൈക്കുകെട്ടി വിളിച്ചു പറഞ്ഞാണോ ആരാധന നടത്തേണ്ടത് എന്ന്. സത്യത്തില്‍ മതങ്ങള്‍ ഇത്തരം കാര്യങ്ങളില്‍ പരസ്‌പരം മത്സരിക്കുകയാണ്.

നമ്മള്‍ ഇതുവരെ ചര്‍ച്ച ചെയ്‌ത വിഷയങ്ങളുമായി നേരിട്ടുള്ളതല്ലെങ്കിലും ബന്ധമുള്ള മറ്റൊരു പ്രധാന വിഷയത്തിലേക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. ഇന്ത്യയെ മൊത്തത്തിലെടുക്കുമ്പോള്‍ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെയാണ്. സംശയമില്ല. എന്നാല്‍ കേരളത്തിന്റെ കാര്യമെടുത്താല്‍ സത്യത്തില്‍ ഇവിടെ അത്തരമൊരു ന്യൂനപക്ഷമുണ്ടോ? ഇന്ത്യക്ക് പൊതുവായി പറയുന്ന കാര്യങ്ങള്‍ കേരളത്തില്‍ അതേപടി പകര്‍ത്തുന്നത് സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളുടെ നേരെ കണ്ണടക്കലല്ലേ ? മതത്തിന്റെ അടിസ്ഥാനത്തില്‍ സാമൂഹിക- സാമ്പത്തിക മുന്നോക്ക- പിന്നോക്കാവസ്ഥ നിര്‍ണ്ണയിക്കുന്നത് തെറ്റല്ലേ ?

കേരളത്തിലെ ന്യൂനപക്ഷം ഇന്ത്യയില്‍ പൊതുവെ കാണുന്നതില്‍ നിന്നും വളരെ വ്യത്യസ്‌തമാണ്. ഒരു ന്യൂനപക്ഷ സമുദായവും ന്യൂനപക്ഷമാണെന്ന കാരണത്താല്‍ ഗുജറാത്തിലും ഒറീസയിലും പോലെ ഇവിടെ പീഡിപ്പിക്കപ്പെടുന്നില്ല.

രണ്ടാമതായി സാമ്പത്തിക ശേഷിയുടെ കാര്യം: എല്ലാ സമുദായങ്ങളും ഇക്കാര്യത്തില്‍ തങ്ങള്‍ക്കിടയില്‍ വ്യത്യസ്‌തത പുലര്‍ത്തുന്നവരാണ്. ധനികരും ദരിദ്രരും എല്ലാവരിലും ഉണ്ട്. ഉദാഹരണം കൃസ്‌ത്യാനികള്‍. അവരുടെ ഇടയില്‍ സാമ്പത്തിക ശേഷിയുള്ള വിഭാഗങ്ങള്‍ വളരെ വലുതാണ്. മുസ്ളീങ്ങളുടെ ഇടയിലും സാമ്പത്തികശേഷിയുള്ള വലിയ വിഭാഗമുണ്ട്. കൃസ്‌ത്യാനികളുടെ അത്ര വലിയതല്ലെങ്കില്‍കൂടി. ഹിന്ദുക്കളുടെ ഇടയിലും മേല്‍ജാതിക്കാരുടെ ഇടയില്‍ അതു യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ട് സാമ്പത്തികമായി മതസമുദായങ്ങളെ വേര്‍തിരിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. അതു വര്‍ഗാടിസ്ഥാനത്തില്‍ മാത്രമേ സാധ്യമാവുകയുള്ളൂ. അതേപോലെതന്നെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍, കൃസ്‌ത്യാനികള്‍ വളരെയേറെ മുന്നോട്ടുപോയ ഒരു സമുദായമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഒരു വലിയ പങ്ക് അവരുടെ കൈവശമാണ്. ഈ കാരണം കൊണ്ടാണ് കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഇത്തരം മേഖലകളില്‍ കൂടുതല്‍ ഇളവ് നല്‍കുന്നത് ഒരു റിവേഴ്‌സ് ഡിസ്‌ക്രിമിനേഷ (വിപരീത വിവേചനം) നായിമാറിയേക്കാമെന്ന് പലരും അഭിപ്രായപ്പെടുന്നത്. പക്ഷേ ഇതുകൊണ്ട് യഥാര്‍ത്ഥ ന്യൂനപക്ഷ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതില്ല എന്നോ, ന്യൂനപക്ഷ അവകാശങ്ങളൊക്കെ തിരസ്‌കരിക്കണമെന്നോ അര്‍ത്ഥമാകുന്നില്ല.

കേരളത്തിലെ ബാങ്കിങ്ങ് രംഗത്തെ ഏറ്റവും വലിയ സാംസ്‌കാരിക പ്രസിദ്ധീകരണമായ ബാങ്ക് വര്‍ക്കേഴ്സ് ഫോറം അങ്ങയുടെ ഈ പൂര്‍ണ്ണ മനസ്സോടെയുള്ള സഹകരണത്തിന് നന്ദി പറയുന്നു.

സന്തോഷം.

അഭിമുഖം: എഡിറ്റോറിയല്‍ ഡസ്‌കിനൊപ്പം ശ്രീകുമാര്‍ (ബാങ്ക് ഓഫ് ബറോഡ, തിരുവനന്തപുരം), സി.സുരേഷ്‌കുമാര്‍ (കനറാബാങ്ക്, തിരുവനന്തപുരം)