Showing posts with label ലോക കപ്പ് ഫുട്ബോള്‍. Show all posts
Showing posts with label ലോക കപ്പ് ഫുട്ബോള്‍. Show all posts

Wednesday, March 14, 2012

പ്രണബിന്റെ പ്രണയം കോര്‍പറേറ്റുകളോട്

നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനുണ്ടായ കനത്ത തോല്‍വിയും സാമ്പത്തിക വളര്‍ച്ച നിരക്കിലെ വന്‍ ഇടിവും അയവില്ലാതെ തുടരുന്ന ആഗോളസാമ്പത്തികപ്രതിസന്ധിയും ചേര്‍ന്ന് കേന്ദ്രധനമന്ത്രിയുടെ സ്ഥിതി വളരെ പരുങ്ങലിലാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ സാമ്പത്തിക പരിഷ്കരണ നടപടികളുടെ തീവ്രത കുറയ്ക്കുമോ എന്നാണ് കോര്‍പറേറ്റ് മേഖലയുടെ ആശങ്ക. പക്ഷേ, അനുഭവങ്ങളില്‍നിന്ന് ഒരിക്കലും പാഠംപഠിക്കാത്ത പാര്‍ടിയാണ് കോണ്‍ഗ്രസ് എന്നതുകൊണ്ട് സാമ്പത്തികപരിഷ്കാരങ്ങളില്‍നിന്ന് പിന്‍വാങ്ങുമെന്ന് പ്രതീക്ഷിക്കാന്‍ കാര്യമില്ല. രാജ്യത്തിനകത്തും പുറത്തുമുള്ള കോര്‍പറേറ്റുകള്‍ അതിന് സമ്മതിക്കുകയുമില്ല. ദേശീയ വരുമാന വര്‍ധനയിലെ ഇടിവ് ഞെട്ടിക്കുന്നതാണ്. മൂന്നുവര്‍ഷത്തിലെ താഴ്ന്ന വളര്‍ച്ചനിരക്കാണ് ഇക്കൊല്ലം ഉണ്ടായത്. കാര്‍ഷികവളര്‍ച്ച 11ല്‍ നിന്ന് 2.7 ശതമാനമായി ഇടിഞ്ഞു. മുന്‍വര്‍ഷത്തെ ദേശീയ വരുമാനവളര്‍ച്ചനിരക്കില്‍ എത്തണമെങ്കില്‍ അവസാന (നാലാം) പാദത്തില്‍ 13.62 ശതമാനം വളര്‍ച്ച കൈവരിക്കണം. ചരിത്രത്തിലിതുവരെ സംഭവിക്കാത്ത കാര്യമാണത്.

സാമ്പത്തികവളര്‍ച്ച കൈവരിക്കണമെങ്കില്‍ 1. കൂടുതല്‍ സര്‍ക്കാര്‍ നിക്ഷേപമുണ്ടാകണം, 2. സ്വകാര്യ നിക്ഷേപം വര്‍ധിക്കണം, 3. വിദേശ പ്രത്യക്ഷമൂലധനനിക്ഷേപം ഉയരണം. ഇവയ്ക്ക് സാധ്യത വിരളമാണ്. സ്വകാര്യനിക്ഷേപം പിന്‍വലിയാന്‍ പല കാരണങ്ങളുമുണ്ട്. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് പലിശനിരക്ക് വര്‍ധിപ്പിച്ച നടപടി ഉല്‍പ്പാദനച്ചെലവ് ഉയര്‍ത്തുകയും ലാഭം ചുരുക്കുകയുംചെയ്തു. നികുതിവരുമാനത്തേക്കാള്‍ ആഭ്യന്തരവായ്പകളെ ആശ്രയിക്കുന്ന സര്‍ക്കാര്‍നയം വായ്പാ വിപണിയെ സമ്മര്‍ദത്തിലാഴ്ത്തുകയും പലിശനിരക്ക് ഉയരാനിടവരുത്തുകയുംചെയ്തു. ഈ പരിതസ്ഥിതിയില്‍ സ്വകാര്യനിക്ഷേപം വളര്‍ത്താന്‍ ധനമന്ത്രി കൈക്കൊള്ളുന്നത് പതിവ് രീതി തന്നെയായിരിക്കും. കോര്‍പറേറ്റ് മേഖലയ്ക്ക് ക്രമംവിട്ട് ഇളവുകളും ആനുകൂല്യങ്ങളും നല്‍കുക. ബജറ്റില്‍ പ്രതീക്ഷിക്കാവുന്ന ഒരു നടപടിയാണിത്. മറ്റൊന്ന് പലിശനിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിക്കുകയാണ്. ആ ദിശയിലുള്ള ആദ്യ നടപടിയാണ് കരുതല്‍ ധനാനുപാതം മുക്കാല്‍ ശതമാനം വെട്ടിക്കുറച്ചുള്ള റിസര്‍വ് ബാങ്ക് തീരുമാനം. 48000 കോടി രൂപയുടെ അധിക പണലഭ്യത അതുമൂലം കൈവരുമെന്ന് കണക്കാക്കുന്നു. വര്‍ധിച്ചുവരുന്ന ധനകമ്മിയെക്കുറിച്ചും ധനകമ്മി നിയന്ത്രണവിധേയമാക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചും ധനമന്ത്രി ഏറെ വാചാലനാകാനാണ് സാധ്യത.

നടപ്പുവര്‍ഷത്തെ ബജറ്റ് ലക്ഷ്യമിട്ടത് 4.6 ശതമാനം (ദേശീയവരുമാനത്തിന്റെ) ധനകമ്മിയായിരുന്നു. എന്നാല്‍ , ഇപ്പോള്‍ത്തന്നെ അത് ആറുശതമാനത്തോളം ഉയര്‍ന്നിരിക്കുന്നു. ബജറ്റ് വിഭാവനംചെയ്തത് 4.13 ലക്ഷം കോടി രൂപയുടെ ധനകമ്മിയാണ്. ജനുവരി അവസാനം അത് 4.35 ലക്ഷം കോടിയില്‍ എത്തി. ഇനിയും കൂടുമെന്ന കാര്യത്തില്‍ സംശയം വേണ്ട. നികുതി സമാഹരണത്തേക്കാള്‍ വായ്പകളെ ആശ്രയിച്ചതാണ് കമ്മി ഉയരാന്‍ കാരണം. 33.82 ലക്ഷം കോടി രൂപയാണ് നടപ്പുസാമ്പത്തികവര്‍ഷം മൂന്നാംപാദത്തിലെ ആഭ്യന്തര-വിദേശകടം. ഇതില്‍ 90 ശതമാനവും ആഭ്യന്തരകടമാണ്. സബ്സിഡിച്ചെലവുകള്‍ വെട്ടിച്ചുരുക്കി കമ്മി കുറയ്ക്കുന്ന മാര്‍ഗമായിരിക്കും ധനമന്ത്രി സ്വീകരിക്കുക. സബ്സിഡിയെക്കുറിച്ച് ഓര്‍മിക്കുമ്പോള്‍ തനിക്ക് ഉറക്കം നഷ്ടപ്പെടുന്നുവെന്ന് സംസ്ഥാന ഭക്ഷ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ ധനമന്ത്രി പറഞ്ഞത് ഓര്‍മിക്കുമല്ലോ. പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരി വിറ്റ് വിഭവസമാഹരണം ഉല്‍സാഹപൂര്‍വം കൊണ്ടുപോകാനുള്ള സാധ്യത കുറവാണ്. 40,000 കോടി രൂപ ആ ഇനത്തില്‍ പ്രതീക്ഷിച്ച സ്ഥാനത്ത് ജനുവരി അവസാനംവരെ സമാഹരിച്ചത് 1115 കോടി രൂപയായിരുന്നു. അതുകൊണ്ട് സബ്സിഡികള്‍ കുറച്ച് ധനകമ്മി ചുരുക്കാനുള്ള നടപടിയാകും സ്വീകരിക്കുക.

വിദേശമൂലധനം, ഉല്‍പ്പാദനവും തൊഴിലവസരങ്ങളും സൃഷ്ടിക്കുക ഉപാധികളില്ലാതെ വിദേശ പ്രത്യക്ഷമൂലധനനിക്ഷേപം വര്‍ധിക്കുമ്പോഴാണ്. എന്നാല്‍ , ഇന്ത്യയിലേക്ക് ഒഴുകിയെത്തുന്ന മൂലധനത്തിന്റെ ഗണ്യമായ ഭാഗം ഓഹരി നിക്ഷേപമായാണ് ലഭിക്കുന്നത്. ഓഹരി നിക്ഷേപം തൊഴിലോ വരുമാനമോ സൃഷ്ടിക്കുന്നില്ല. ലാഭം മാത്രമാണ് അതിന്റെ ലക്ഷ്യം. വമ്പിച്ച വളര്‍ച്ചയാണ് ധനമൂലധനരംഗത്തുകാണാന്‍ കഴിയുക. 1993ല്‍ 1.8 ദശലക്ഷം ഡോളര്‍ ഓഹരി നിക്ഷേപം ലഭിച്ചപ്പോള്‍ 2012 ജനുവരി-ഫെബ്രുവരി മാസങ്ങളില്‍മാത്രം അത് 11575 ദശലക്ഷം (11.5 ശതകോടി) ഡോളറായി വളര്‍ന്നു. സര്‍ക്കാര്‍ നിക്ഷേപം ഉയര്‍ത്തുകയാണ് സമ്പദ്വ്യവസ്ഥയെ കൈപിടിച്ചുയര്‍ത്താനുള്ള മറ്റൊരു മാര്‍ഗം. ഇതാകട്ടെ സര്‍ക്കാര്‍ പിന്തുടരുന്ന നവലിബറല്‍ നയങ്ങള്‍ക്ക് എതിരാണെന്നുമാത്രമല്ല, വര്‍ധിച്ച നിക്ഷേപം നടത്താനുള്ള കഴിവ് സര്‍ക്കാരിനൊട്ടില്ലതാനും.

നികുതി സമാഹരണത്തില്‍ വന്‍വീഴ്ചയാണ് സംഭവിച്ചിട്ടുള്ളത്. 2011-12ലെ നികുതിലക്ഷ്യം 5.32 ലക്ഷം കോടി രൂപയായിരുന്നു. കൈവരിച്ചത് 4.24 ലക്ഷം കോടിയും. കോര്‍പറേറ്റ് നികുതിയാകട്ടെ ലക്ഷ്യത്തിനടുത്തെങ്ങും എത്തിയില്ല. 3.59 ലക്ഷം കോടി രൂപയായിരുന്നു ലക്ഷ്യം. പിരിഞ്ഞത് 2.85 ലക്ഷം കോടിയും. പരോക്ഷനികുതിലക്ഷ്യം 3.97 ലക്ഷം കോടി രൂപയായിരുന്നു. പിരിച്ചതാകട്ടെ 2.75 ലക്ഷം കോടി. ഉല്‍പ്പാദനം കുറയുമ്പോള്‍ എക്സൈസ് വരുമാനവും കയറ്റുമതി ചുരുങ്ങുമ്പോള്‍ കസ്റ്റംസ് തീരുവയും കുറയുമല്ലോ എന്നു വാദിക്കാം. പക്ഷേ, ഇവകൊണ്ടുമാത്രമല്ല രാജ്യത്തെ നികുതി വരുമാനം കുറയുന്നത്. വന്‍തോതിലുള്ള ഇളവുകളും ഒഴിവാക്കലുകളുമാണ് നികുതിവരുമാനം ഇടിയാന്‍ കാരണം. സാധാരണക്കാര്‍ക്കല്ല ഈ ഒഴിവാക്കലുകള്‍ നല്‍കപ്പെടുന്നത്. 2010-11ല്‍ 511630 കോടി രൂപയുടെ നികുതി ഇളവുകളാണ് നല്‍കിയത്. ഇതില്‍ വന്‍കിട വ്യവസായികള്‍ക്കുമാത്രമായി 88263 കോടി രൂപയുടെ ഇളവ് നല്‍കി. കയറ്റുമതിക്കാര്‍ക്ക് തലേവര്‍ഷം 37970 കോടി രൂപയുടെയും കസ്റ്റംസ് തീരുവ ഇനത്തില്‍ 218191 കോടിയുടെയും എക്സൈസ് ഇനത്തില്‍ 170765 കോടിയുടെയും ആനുകൂല്യം നല്‍കി. സാമ്പത്തികസര്‍വേയില്‍ നികുതി ചെലവുകള്‍ എന്ന രൂപത്തില്‍ ഈ വിവരങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. വന്‍കിടക്കാരുടെ നികുതിവെട്ടിപ്പുകള്‍ക്കുപുറമെയാണ് ഈ ആനുകൂല്യങ്ങള്‍ . കമ്പനികളുടെ ലാഭത്തിന്മേലുള്ള കോര്‍പറേറ്റ് നികുതി നിരക്ക് 32.4 ശതമാനമാണ്. ഫലത്തില്‍ അത് 21 ശതമാനമേ വരൂ.

ബിജെപി നേതാവും മുന്‍ധനമന്ത്രിയുമായ യശ്വന്ത് സിന്‍ഹ ചെയര്‍മാനായ ധനകാര്യപാര്‍ലമെന്ററി കമ്മിറ്റി കോര്‍പറേറ്റ് നികുതിനിരക്ക് 30 ശതമാനമായി കുറയ്ക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ വന്‍കിട ബൂര്‍ഷ്വാസിയെ പ്രീണിപ്പിക്കാന്‍ മത്സരിക്കുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്. കോടിക്കണക്കിന് രൂപയുടെ ഓഹരി-അവധി വ്യാപാരമാണ് രാജ്യത്ത് നടക്കുന്നത്. വന്‍ലാഭമാണ് ന്യൂനപക്ഷം വരുന്ന ഇടപാടുകാര്‍ ഇതുവഴി നേടുന്നത്. കടപ്പത്ര കൈമാറ്റ നികുതി ഏര്‍പ്പെടുത്തിയത് 2004ലാണ്. വളരെ കുറവാണ് നിരക്ക്. 0.025 ശതമാനം മുതല്‍ 0.25 ശതമാനം വരെ. പ്രസ്തുത നികുതി പൂര്‍ണമായും എടുത്തുകളയണമെന്നത്രെ യശ്വന്ത് സിന്‍ഹ കമ്മിറ്റി ശുപാര്‍ശ. നാഷണല്‍ കമ്മോഡിറ്റീസ് ആന്‍ഡ് ഡെറിവേറ്റീവ് എക്സ്ചേഞ്ചില്‍ 2011 ഡിസംബറില്‍മാത്രം 177595 കോടി രൂപയുടെ അവധി വ്യാപാരം നടന്നു. അവധി വ്യാപാരത്തിന്മേല്‍ ചുമത്തിയിരുന്ന നികുതി സര്‍ക്കാര്‍ നേരത്തെ പിന്‍വലിച്ചിരുന്നു. സ്വത്തും വരുമാനവും കുന്നുകൂട്ടുന്നവര്‍ സ്വത്തുനികുതി നല്‍കേണ്ടത് ന്യായം.

നാമമാത്ര നികുതിയേ ഈ ഇനത്തില്‍ സര്‍ക്കാര്‍ സമാഹരിക്കുന്നുള്ളൂ. വെറും 682 കോടി രൂപ! അഞ്ചുകോടി രൂപ സ്വത്തുള്ളവരെ സ്വത്തുനികുതിയില്‍നിന്ന് ഒഴിവാക്കണമെന്നും 50 കോടി രൂപയിലേറെ സ്വത്തുള്ളവര്‍ ഒരു ശതമാനം നികുതി നല്‍കണമെന്നുമാണ് സിന്‍ഹ കമ്മിറ്റി ശുപാര്‍ശ. കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ഒന്നൊന്നായി പ്രണബ് മുഖര്‍ജി സ്വീകരിക്കുമെന്ന് കരുതാം. ഗണ്യമായ തോതിലുള്ള നികുതിനിരക്കുവര്‍ധനയ്ക്ക് പ്രണബ് മുഖര്‍ജി ധൈര്യപ്പെടുമെന്നു തോന്നുന്നില്ല. കോണ്‍ഗ്രസിന്റെ കുറഞ്ഞുവരുന്ന ജനസമ്മതിതന്നെ കാരണം. ചില്ലറ വ്യാപാര മേഖലയിലെ വിദേശനിക്ഷേപം, ഭക്ഷ്യസുരക്ഷാനിയമം തുടങ്ങിയവയെ സംബന്ധിച്ച പരാമര്‍ശങ്ങള്‍ ഒഴിവാക്കി, സര്‍ക്കാര്‍ ഉത്തരവുകളിലൂടെ അവതരിപ്പിക്കാനായിരിക്കും ധനമന്ത്രി തുനിയുക.

*
പ്രൊഫ. കെ എന്‍ ഗംഗാധരന്‍ ദേശാഭിമാനി 14 മാര്‍ച്ച് 2012

Saturday, October 1, 2011

മാവോയിസ്റ്റ് ഭീകരത: മമതയ്ക്ക് ബോധോദയമോ?

മാവോയിസ്റ്റുകളുടെ ഹിറ്റ്ലിസ്റ്റിലാണ് താനെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചിരിക്കുന്നു. കൊല്‍ക്കത്തയിലെ ഹരീഷ്മുഖര്‍ജി റോഡിലെ വീടിനുമുന്നിലൂടെ തന്റെ തലയെടുക്കാന്‍ മാവോയിസ്റ്റുകള്‍ തക്കംപാര്‍ത്ത് തലങ്ങും വിലങ്ങും നടക്കുകയാണത്രേ. മാവോയിസ്റ്റുകളെ ജംഗിള്‍മാഫിയയെന്നും അവര്‍ വിളിച്ചു. ചരിത്രം ഇങ്ങനെയാണ്. ചില പാഠങ്ങള്‍ എത്ര കാലംകൊണ്ടും പഠിപ്പിക്കില്ല. ചില പാഠങ്ങള്‍ വളരെ പെട്ടെന്ന് പഠിപ്പിച്ചുതരും. ഒരുവര്‍ഷംമുമ്പ് മമത എന്തായിരിക്കും മാവോയിസ്റ്റുകളെക്കുറിച്ച് പറഞ്ഞിട്ടുള്ളതെന്ന് ചിന്തിക്കുന്നത് കൗതുകകരമായിരിക്കും. 2010 ആഗസ്ത് ഒമ്പത്. മാവോയിസ്റ്റുകള്‍ ഒരുക്കിയ ലാല്‍ഗഢിലെ വേദിയില്‍ മമത ബാനര്‍ജി തീവ്രവാദത്തിനെതിരെ പ്രസംഗിച്ചു. സിപിഐ എം തീവ്രവാദം നടത്തുന്നു എന്നായിരുന്നു പ്രസംഗത്തില്‍ . മാവോയിസ്റ്റ് നേതാവ് ആസാദ് കൊല്ലപ്പെട്ടതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും മമത ആവശ്യപ്പെട്ടു. മാവോയിസ്റ്റ് തീവ്രവാദത്തിനിരയായി മരിച്ച നൂറുകണക്കിന് സിപിഐ എം പ്രവര്‍ത്തകര്‍ക്കോ മാവോയിസ്റ്റ് അട്ടിമറിമൂലം മരിച്ച ജ്ഞാനേശ്വരി എക്സ്പ്രസ് യാത്രക്കാര്‍ക്കോ ആദരാഞ്ജലി അര്‍പ്പിക്കാതെയായിരുന്നു മമതയുടെ തീവ്രവാദവിരുദ്ധപ്രസംഗം. മേധ പട്കര്‍ , സ്വാമി അഗ്നിവേശ് എന്നിവരും അന്ന് വേദിയിലുണ്ടായിരുന്നു.

2007ല്‍ നന്ദിഗ്രാം കലാപത്തില്‍ തുടങ്ങിയ മാവോയിസ്റ്റ് ബാന്ധവം, മമതയെ മുഖ്യമന്ത്രിക്കസേരയില്‍ എത്തിച്ചതോടെ അവസാനിച്ചോ എന്നാണിപ്പോള്‍ സംശയം. മാവോയിസ്റ്റ് അക്രമബാധിതപ്രദേശമായ ജംഗല്‍മഹലില്‍ സമാധാനം സ്ഥാപിക്കുമെന്നും അവിടെ വികസനം കൊണ്ടുവരുമെന്നും മാവോയിസ്റ്റുകളെ പൊതുധാരയിലേക്ക് എത്തിക്കുമെന്നും മമത വാഗ്ദാനം നല്‍കി. പ്രകടനപത്രികയില്‍ ഇത് ഉള്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ , വാഗ്ദാനങ്ങള്‍ നിറവേറ്റിയില്ല. ഇപ്പോള്‍ മാവോയിസ്റ്റുകളെ തെമ്മാടികളെന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് മമത. പഞ്ചാബില്‍ അകാലിദളിനെ പിളര്‍ത്തി ദുര്‍ബലമാക്കാന്‍ ഇന്ദിരാഗാന്ധി ഒരു ഭീകരനെ വളര്‍ത്തിക്കൊണ്ടുവന്നു; ഭിന്ദ്രന്‍വാല. ഒടുവില്‍ ഭിന്ദ്രന്‍വാലയെ ഇല്ലാതാക്കാന്‍ ഇന്ദിരയ്ക്കുതന്നെ തീരുമാനിക്കേണ്ടിവന്നു. പിന്നീട് ഇന്ദിരയുടെ ജീവനെടുത്തു ഭിന്ദ്രന്‍വാലയുടെ അനുയായികള്‍ . പശ്ചിമബംഗാളില്‍ സമാനമായ അനുഭവമുണ്ടാകുമോ എന്നു മമതയുടെ വാക്കുകള്‍ സംശയമുണ്ടാക്കുകയാണ്. തന്റെ ജീവനെടുക്കാന്‍ മാവോയിസ്റ്റുകള്‍ ഓടിനടക്കുന്നുവെന്ന മമതയുടെ വാക്കുകളുടെ അര്‍ഥം മറ്റെന്താണ്? പശ്ചിമബംഗാളില്‍ സിപിഐ എമ്മിനെയും ഇടതുമുന്നണി സര്‍ക്കാരിനെയും തകര്‍ക്കാന്‍ ഏത് ക്രിമിനല്‍സംഘവുമായും കൂട്ടുകൂടാന്‍ മമത തയ്യാറായിരുന്നു. ഇടതുമുന്നണി സര്‍ക്കാരിനെ അട്ടിമറിക്കുകയെന്ന ഒറ്റലക്ഷ്യംമാത്രമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. അതിനായി നിരവധി സംഘടനകളുമായും ഏജന്‍സികളുമായും മമത കൂട്ടുകൂടി. സംസ്ഥാനത്തിന്റെ എല്ലാ പുരോഗതിയും തടയാന്‍ വികസനപ്രവര്‍ത്തനങ്ങളെ അട്ടിമറിച്ചു. അമേരിക്കന്‍ കോണ്‍സുലേറ്റിലെയും ബ്രിട്ടീഷ് കോണ്‍സുലേറ്റിലെയും ഉന്നതോദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി. മാവോയിസ്റ്റ് നേതാവ് കിഷന്‍ജിയും ഈ യോഗത്തില്‍ പങ്കെടുത്തു. നന്ദിഗ്രാമില്‍ കലാപം നടത്തുന്നതിനുമുമ്പ് മാവോയിസ്റ്റ് നേതാക്കളുമായി തൃണമൂല്‍ നേതാക്കള്‍ കൂടിയാലോചന നടത്തി. ജാര്‍ഖണ്ഡിലും ബിഹാറിലും ഛത്തീസ്ഗഢിലും ഒഡിഷയിലും പ്രവര്‍ത്തിച്ചിരുന്ന മാവോയിസ്റ്റുകള്‍ക്ക് ബംഗാളില്‍ ചുവടുറപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല.

2006 അവസാനത്തോടെയാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ സഹായത്തോടെ മാവോയിസ്റ്റുകള്‍ പശ്ചിമബംഗാളിന്റെ പടിഞ്ഞാറന്‍ ജില്ലകളില്‍ ചുവടുറപ്പിച്ചുതുടങ്ങിയത്. നന്ദിഗ്രാമില്‍ ജനങ്ങള്‍ക്കിടയില്‍ നുഴഞ്ഞുകയറി അക്രമം നടത്തുകയും അക്രമം നടത്താന്‍ പ്രേരിപ്പിക്കുകയും ചെയ്ത മാവോയിസ്റ്റുകളും തൃണമൂല്‍ കോണ്‍ഗ്രസും പിന്നീട് ജംഗല്‍മഹല്‍ പ്രദേശമാകെ തങ്ങളുടെ അക്രമരാഷ്ട്രീയത്തിനുള്ള വേദിയാക്കി. സിപിഐ എമ്മിന് അതിശക്തമായ ജനപിന്തുണയുള്ള പശ്ചിമ മേദിനിപുര്‍ , ബാങ്കുറ, പുരൂളിയ ജില്ലകളില്‍ മാവോയിസ്റ്റുകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള പശ്ചാത്തല സൗകര്യമൊരുക്കിയത് തൃണമൂല്‍ കോണ്‍ഗ്രസായിരുന്നു. മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയെ വധിക്കാന്‍ മാവോയിസ്റ്റുകള്‍ അക്രമം നടത്തി. തുടര്‍ന്ന് ലാല്‍ഗഢ് കേന്ദ്രമാക്കി മാവോയിസ്റ്റുകള്‍ തങ്ങളുടെ കൊലപാതകപരമ്പര തുടര്‍ന്നു. മാവോയിസ്റ്റുകള്‍ക്ക് ആളും അര്‍ഥവും നല്‍കിയതിനൊപ്പം മാവോയിസ്റ്റുകളുടെ മുന്നണിസംഘടനയായ പിസിപിഎയുടെ പ്രധാന പ്രവര്‍ത്തകരായി തൃണമൂല്‍ നേതാക്കള്‍ പ്രവര്‍ത്തിച്ചു. മമതയുടെ അടുത്ത അനുയായിയും തൃണമൂല്‍ കോണ്‍ഗ്രസ് പ്രാദേശികനേതാവുമായിരുന്ന ഛത്രധര്‍ മഹതോ എങ്ങനെയാണ് മാവോയിസ്റ്റുകളുടെ പ്രധാന നേതാവായി മാറിയത്? മമത മറന്നിട്ടുണ്ടാകുമെങ്കിലും ചരിത്രത്തില്‍നിന്ന് ഇത് മായ്ക്കാനാകില്ല. ജംഗല്‍മഹലില്‍ പകല്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായി പ്രത്യക്ഷപ്പെടുന്നവര്‍ രാത്രി തോക്കുമെടുത്ത് മാവോയിസ്റ്റായി മാറുന്നത് നാലുമാസംമുമ്പുവരെയുള്ള ചിത്രമായിരുന്നു. പൂര്‍വ മേദിനിപുര്‍ ജില്ലയിലെ ഒരു തൃണമൂല്‍ എംപി മാസത്തിലൊരിക്കല്‍ ജംഗല്‍മഹലിലെത്തി മാവോയിസ്റ്റുകളുടെ രഹസ്യകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് വന്‍തോതില്‍ ഫണ്ടും കൊല്ലേണ്ട സിപിഐ എം പ്രവര്‍ത്തകരുടെ ലിസ്റ്റും നല്‍കിയിരുന്നു. ഈ എംപി ജംഗല്‍മഹലിലെത്തുന്നതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ നിരവധി സിപിഐ എം പ്രവര്‍ത്തകര്‍ മാവോയിസ്റ്റ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുമുണ്ട്. തൃണമൂലിനെയും മാവോയിസ്റ്റുകളെയും വേര്‍തിരിക്കാന്‍ പറ്റാത്ത ആ കാലം അത്ര പിന്നിലല്ല. ഇടതുമുന്നണിയെയും സിപിഐ എമ്മിനെയും രാഷ്ട്രീയമായി പരാജയപ്പെടുത്തുകയെന്നത് ഒരു പ്രധാന പ്രതിപക്ഷപാര്‍ടിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്വാഭാവികമായ ലക്ഷ്യമായിരിക്കാം. അതില്‍ അസ്വാഭാവികതയൊന്നുമില്ല. എന്നാല്‍ , അതിനായി നാടിനും ജനങ്ങള്‍ക്കും ദ്രോഹമായ ഒരു രാഷ്ട്രീയസഖ്യത്തില്‍ ഏര്‍പ്പെടുകയായിരുന്നു മമതയും കൂട്ടരും ചെയ്തത്. മാവോയിസ്റ്റുകള്‍ നടത്തുന്ന നരഹത്യകളെ ന്യായീകരിക്കുകയും ഒപ്പംനിന്ന് തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ നിഗ്രഹിക്കുകയും ചെയ്തു. ഒരുപറ്റം മാധ്യമങ്ങളുടെ ധര്‍മബോധമില്ലാത്ത പിന്തുണയില്‍ ഈ നരനായാട്ട് നാലുവര്‍ഷത്തോളം പശ്ചിമബംഗാളില്‍ നടന്നതാണ്.

2009 മെയ് മുതല്‍ 2011 മാര്‍ച്ചുവരെ ജംഗല്‍മഹലില്‍ സിപിഐ എം പ്രവര്‍ത്തകര്‍ കൊല്ലപ്പെടാത്ത ദിവസങ്ങള്‍ വിരളമായിരുന്നു. എന്നാല്‍ , നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതല്‍ ജംഗല്‍മഹലിലെ അക്രമം താല്‍ക്കാലികമായി നിലച്ചു. മമത അധികാരത്തിലെത്തിയ 2011 മെയ് 20 മുതല്‍ മൂന്നരമാസംവരെയും ജംഗല്‍മഹലില്‍ അക്രമം നടന്നില്ല. ആഗസ്ത് മുതല്‍ ജംഗല്‍മഹല്‍ വീണ്ടും പഴയ അക്രമത്തിന്റെ നാളുകളിലേക്ക് മടങ്ങാന്‍ തുടങ്ങി. ആഗസ്ത് 26ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രാദേശികനേതാവ് രവീന്ദ്രനാഥമിശ്രയെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തി. സെപ്തംബര്‍ 20ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ലാല്‍മോഹന്‍ മഹതോയെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തി. സെപ്തംബര്‍ 25ന് ജാര്‍ഗ്രാമിലെ ജാര്‍ഖണ്ഡ് ജനമുക്തി മോര്‍ച്ച നേതാവ് ബാബു ബോസിനെ മാവോയിസ്റ്റുകള്‍ കൊന്നു. ഇതോടെയാണ് മമത ശക്തമായ വാക്കുകളില്‍ മാവോയിസ്റ്റുകള്‍ക്കെതിരെ തിരിഞ്ഞത്. ജംഗല്‍മഹലില്‍ വികസനം നടപ്പാക്കാന്‍ മാവോയിസ്റ്റുകള്‍ അനുവദിക്കുന്നില്ലെന്നാണ് ഇപ്പോള്‍ മമത പറയുന്നത്. താന്‍കൂടി വളര്‍ത്തിക്കൊണ്ടുവന്നവര്‍ ഭസ്മാസുരനെപ്പോലെ മമതയുടെ മുന്നില്‍ നില്‍ക്കുകയാണ്. ജംഗല്‍മഹലില്‍ വികസനമില്ലെന്നും അതുകൊണ്ടാണ് മാവോയിസ്റ്റ് ഭീകരപ്രവര്‍ത്തനം വളരുന്നതെന്നുമാണ് മമതയും കോണ്‍ഗ്രസുകാരും ഒരുപോലെ മുന്‍പ് പറഞ്ഞിരുന്നത്. ജംഗല്‍മഹലിലെ വികസനത്തെ തടസ്സപ്പെടുത്തുന്ന മാവോയിസ്റ്റുകളുടെ പ്രതിലോമരാഷ്ട്രീയത്തെ സിപിഐ എമ്മും ഇടതുപക്ഷവും നേരത്തെ തുറന്നുകാട്ടിയതാണ്. അന്നൊക്കെ മാവോയിസ്റ്റുകള്‍ക്കൊപ്പം ചേര്‍ന്ന് സിപിഐ എമ്മിനെ ആക്രമിക്കാനായിരുന്നു മമതയ്ക്ക് ഉത്സാഹം. ഇപ്പോള്‍ യാഥാര്‍ഥ്യം മമതയുടെ മുന്നില്‍ പത്തിവിടര്‍ത്തി നില്‍ക്കുകയാണ്. ലാല്‍ഗഢില്‍ മാവോയിസ്റ്റുകള്‍ ഒരുക്കിയ റാലിയില്‍ പങ്കെടുക്കുന്നത് ഒഴിവാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം മമതയോട് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ , അന്ധമായ സിപിഐ എം വിരോധംമൂലം ഇടതുമുന്നണി സര്‍ക്കാരിന് വിഷമം സൃഷ്ടിക്കാനായി ഇത്തരം അപകടകരമായ പ്രവൃത്തികള്‍ മമത തുടര്‍ന്നു. ജംഗല്‍മഹലില്‍നിന്ന് കേന്ദ്രസേനയെ എത്രയുംവേഗം പിന്‍വലിക്കണമെന്ന് മമത നാഴികയ്ക്ക് നാല്‍പ്പതുവട്ടം ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയായി അധികാരത്തിലെത്തി നാലുമാസം പിന്നിട്ടിട്ടും കേന്ദ്രസേനയെ പിന്‍വലിക്കാന്‍ മമത തയ്യാറായിട്ടില്ല. എന്താണ് പിന്‍വലിക്കാന്‍ ഇത്ര ബുദ്ധിമുട്ട്? യാഥാര്‍ഥ്യങ്ങള്‍ മമതയുടെ മുഖാമുഖം നില്‍ക്കുകയാണ്. അത്ര പെട്ടെന്നൊന്നും ജംഗല്‍മഹലിനെ സാധാരണനിലയിലാക്കാന്‍ കഴിയില്ലെന്ന് അവര്‍ക്ക് ബോധ്യമായി. ജയിലില്‍ കിടക്കുന്ന മാവോയിസ്റ്റ് നേതാക്കളെയൊക്കെ വിടുമെന്ന് അവര്‍ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ , അധികാരത്തിലെത്തി മാസങ്ങള്‍ പിന്നിട്ടിട്ടും സ്വന്തം അനുയായികൂടിയായ ഛത്രധര്‍ മഹതോ അടക്കമുള്ള മാവോയിസ്റ്റ് നേതാക്കള്‍ ജയിലഴിക്കുള്ളിലാണ്. അവിശുദ്ധമായ രാഷ്ട്രീയസഖ്യങ്ങള്‍ക്കും ജനങ്ങളെയും നാടിനെയും മറന്നുള്ള സങ്കുചിതമായ രാഷ്ട്രീയലാഭത്തിനും വേണ്ടിമമത നടത്തിയ രാഷ്ട്രീയപാപങ്ങള്‍ ഇന്ന് അവരെത്തന്നെ വേട്ടയാടുകയാണ്. ഒരുവര്‍ഷംമുമ്പ് പറഞ്ഞതൊക്കെ വിഴുങ്ങി മാവോയിസ്റ്റുകളെ തെറിപറയാന്‍ അവര്‍ തുടങ്ങിയിരിക്കുന്നു. ഇതും സമചിത്തതയോടെയല്ല. രാഷ്ട്രീയമായി മാവോയിസ്റ്റുകളെ തുറന്നുകാട്ടാനും ജനങ്ങള്‍ക്കിടയില്‍ അവരെ ഒറ്റപ്പെടുത്താനും കഴിയുന്നതാകണം രാഷ്ട്രീയനിലപാട്. അത്തരമൊരു ഉറച്ച രാഷ്ട്രീയനിലപാട് മമതയെപ്പോലെ എടുത്തുചാട്ടക്കാരിയായ ഒരു നേതാവിന് എടുക്കാന്‍ കഴിയില്ലെന്ന് അവര്‍ നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുന്നു.

*
വി ജയിന്‍ ദേശാഭിമാനി 01 ഒക്ടോബര്‍ 2011

Wednesday, May 11, 2011

തീവ്രവാദത്തിനു വളക്കൂറുള്ള മണ്ണൊരുക്കുന്നത് അമേരിക്കന്‍ നയം

ഒസാമാ ബിന്‍ ലാദന്റെ വധം തീവ്രവാദത്തിനെതിരായുള്ള യുദ്ധത്തിലെ ഏറ്റവും വലിയ ചുവടുവെയ്പ്പാണെന്നാണ് അമേരിക്കയും സഖ്യകക്ഷികളും കരുതുന്നത്. ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റു രാജ്യങ്ങളുടെ അഭിപ്രായവും ഭിന്നമല്ല. ഒരു പരിധിവരെ ഇത് വാസ്തവവുമാണ്. എന്നാല്‍ ഇതോടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചെന്നു കരുതുന്നത് മൗഢ്യമാണ്. ഇതുവരെയുള്ള രാഷ്ട്രീയ വിലയിരുത്തല്‍ അനുസരിച്ച് ഇത്തരം പ്രവൃത്തികള്‍ വര്‍ധിക്കുവാനാണ് സാധ്യത. വിരോധാഭാസമാവാം, അമേരിക്കയും അവരുടെ ചില സഖ്യകക്ഷികളും കാംഷിക്കുന്നതും ഇത്തരമൊരു ലോക സാഹചര്യമാണ്! കാരണം ഇക്കൂട്ടരെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ച് അമേരിക്കയെ സംബന്ധിച്ചിടത്തോളം-തീവ്രവാദം മറ്റു രാജ്യങ്ങളിലെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനുള്ള പഴുതാണ്. തീവ്രവാദത്തിന്റെ വളര്‍ച്ചയും തളര്‍ച്ചയും നല്ലൊരളവോളം അമേരിക്കന്‍ ഭരണകൂടത്തിന്റെ സാമ്പത്തിക-വിദേശ നയങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നാണ് പറഞ്ഞുവരുന്നത്.

ഗുവാന്റനാമോ തടവറയിലെ തടവുകാരനായിരുന്ന അഫ്ഗാന്‍ പൗരന്‍ ഷെയ്ക്ക് അബ്ദുള്‍ റഹിം മുസ്ലീം ദോസ്ത് എഴുതിയ കവിതയിലെ ഏതാനും ചില വരികള്‍ ഓര്‍മ വരുന്നു:

''അവര്‍ (അമേരിക്കക്കാര്‍) സമാധാനത്തെയും നന്മയെയുംകുറിച്ച്
ഗിരിപ്രഭാഷണം നടത്തും
സംവാദത്തിനു തയ്യാറാവും, കൊടും പാതകങ്ങളില്‍ ഏര്‍പ്പെടും
അവര്‍ സമാധാനത്തിനുവേണ്ടി യുദ്ധം ചെയ്യുന്നവരാണ്.''

ഒരു കവിത എന്ന നിലയില്‍ ഇത് എത്രത്തോളം വിലമതിക്കാനാവുമെന്നത് തര്‍ക്കിക്കപ്പെടാമെങ്കിലും, അതില്‍ സന്നിവേശിക്കപ്പെട്ടിരിക്കുന്ന ആശയം മനസിനെ വല്ലാതെ അലോസരപ്പെടുത്തുന്നു. ഏതാണ്ട് ഇതേ അര്‍ഥം ധ്വനിപ്പിക്കുന്ന വാക്കുകള്‍ ബ്രെറ്റ് റാറ്റ്‌നര്‍ സംവിധാനം ചെയ്ത സിനിമയിലെ (Rush Hour 3) ടാക്‌സിക്കാരന്‍ ഉപയോഗിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. തന്റെ വണ്ടിയില്‍ കയറിയവര്‍ (സിനിമയിലെ മുഖ്യ കഥാപാത്രങ്ങള്‍) അമേരിക്കന്‍ പൗരന്‍മാരാണെന്ന് അറിയുന്നതോടെ അദ്ദേഹം അവരോടായി പറയുന്നു-'-അമേരിക്കക്കാര്‍, അവര്‍ അകാരണമായി ജനങ്ങളെ കൊന്നൊടുക്കുന്നു.''

ദോസ്തിന്റെയും ടാക്‌സി ഡ്രൈവറുടെയും വാക്കുകളില്‍ ഒളിഞ്ഞിരിക്കുന്ന വൈരുധ്യം-സമാധാനത്തിനുവേണ്ടി യുദ്ധം ചെയ്യുന്നു; കാരണമില്ലാതെ ജനങ്ങളെ കൊന്നൊടുക്കുന്നു-ശ്രദ്ധേയമാണെങ്കിലും അതിനെക്കാള്‍ ഗൗരവമേറിയതാണ് അവയില്‍ നിറഞ്ഞുനില്‍ക്കുന്ന സാധാരണ മനുഷ്യരുടെ (പ്രത്യേകിച്ച് മൂന്നാം ലോകരാഷ്ട്രങ്ങളിലെ ജനങ്ങളുടെ) നിസഹായതയും നെഞ്ചിലെ നീറ്റലും. ഈ നിസഹായതയും നീറ്റലുമാണ് തുടക്കത്തില്‍ അമേരിക്കന്‍ വിരുദ്ധ വികാരമായും ഒടുവില്‍ തീവ്രവാദമായും പരിണമിക്കുന്നത് എന്ന് ചരിത്രം പറയുന്നു.

1945 നുശേഷമുള്ള അറുപത്തിയാറുവര്‍ഷം അമേരിക്ക യുദ്ധം നടത്തിയ രാജ്യങ്ങളുടെ എണ്ണം ഇരുപത്തിഒന്നാണ്. ഇവയില്‍ പല രാജ്യങ്ങളുമായി ഒന്നില്‍കൂടുതല്‍ തവണ അവര്‍ ബലം പരീക്ഷിച്ചിട്ടുണ്ട്. ഇറാഖില്‍ മാത്രം അമേരിക്കയുടെ യുദ്ധവെറിമൂലം മരിച്ചത് അഞ്ചുലക്ഷം കുട്ടികളാണ്. മരിച്ച മുതിര്‍ന്നവരുടെ എണ്ണം ഇതിനെക്കാള്‍ എത്രയോ വലുതാണ്. അഫ്ഗാനിസ്ഥാനിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ വിമാനങ്ങളില്‍ നിന്ന് കൃത്രിമ അവയവങ്ങള്‍ താഴേയ്ക്ക് ഇടുമ്പോള്‍ ഉണ്ടാകുന്ന തിക്കും തിരക്കും മൂലം അനേകം പേര്‍ - കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ-മരിക്കാറുണ്ടെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. ഈ അവസ്ഥ ഇപ്പോഴും തുടരുന്നു. ദോസ്ത് പറയുംപോലെ അമേരിക്കന്‍ ഭരണകൂടം സമാധാനത്തിനുവേണ്ടി നടത്തിയ യുദ്ധങ്ങളുടെ സന്തതികളാണ് ഈവിധം അംഗഭംഗം വന്ന ജനാവലി. ഇതിന്റെ മറുവശമാണ് ജനാധിപത്യസര്‍ക്കാരുകളെ അട്ടിമറിച്ചും സ്വേച്ഛാധിപത്യ ഭരണകൂടങ്ങളെ താങ്ങിനിര്‍ത്തിയും സ്വന്തം തൊപ്പിയിലെ തൂവലുകളുടെ എണ്ണം വര്‍ധിപ്പിക്കുവാന്‍ മാറിമറിവരുന്ന ഭരണകൂടങ്ങള്‍ കാണിക്കുന്ന വ്യഗ്രത. സ്‌പെയിനിലെ ജനറല്‍ ഫ്രാങ്കോയിന്‍ തുടങ്ങി ചിലിയിലെ പിനോഷെവരെയുള്ള ഭരണാധിപന്‍മാരെ താങ്ങിനിര്‍ത്തിയതും ഇത്തരം ഭരണകൂടങ്ങളെ ലോകത്തെമ്പാടും ഇപ്പോഴും നിലനിര്‍ത്തുന്നതും അമേരിക്കയാണെന്ന വസ്തുത സുവിദിതമാണല്ലോ. വിരോധാഭാസമാവാം ഇതിനെല്ലാം അമേരിക്ക ആശ്രയിക്കുന്നത് തീവ്രവാദശൃംഖലകളെയാണ്! ഇതിന്റെ ഉപോല്‍പ്പന്നമാണ് ഭസ്മാസുരവേഷമണിഞ്ഞ ഒസാമാ ബിന്‍ ലാദന്‍.

ഏറ്റവും രസകരമായ വസ്തുത, ഇത്തരം അട്ടിമറികളും 'സമാധാന യുദ്ധങ്ങളും' അമേരിക്ക നടത്തിപോരുന്നത് സ്വന്തം ബഹുരാഷ്ട്ര കുത്തകകളുടെ കച്ചവട താല്‍പര്യം സംരക്ഷിക്കുവാനാണെന്നതാണ്, വിശേഷിച്ച് ആയുധനിര്‍മാണ കമ്പനികളുടെ. രാജ്യത്തിന്റെ ജി ഡി പിയുടെ ഇരുപത്തിയഞ്ചു ശതമാനവും ആയുധകച്ചവടത്തില്‍ നിന്നാണ് വരുന്നതെന്നത് ശ്രദ്ധേയമാണ്. ആഗോളവല്‍ക്കരണമെന്നും നവലിബറലിസമെന്നുമൊക്കെ ഓമനപേരു നല്‍കി വിളിക്കുന്ന ഇത്തരം നീക്കങ്ങള്‍ മൂന്നാം ലോകത്ത് സൃഷ്ടിക്കുന്ന സാംസ്‌കാരിക പ്രശ്‌നങ്ങളും ചില്ലറയല്ല. ഒരുവേള, ഭൗതികോല്‍പ്പന്നങ്ങളെക്കാള്‍ സാംസ്‌കാരിക ഉല്‍പ്പന്നങ്ങളാണ് മൂന്നാംലോക സമൂഹങ്ങളുടെ നിലനില്‍പ്പിന് ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തുന്നത് എന്ന് വരുന്നു. ഹോളിവുഡും മക്‌ഡൊണാള്‍ഡും അമേരിക്കന്‍ ഇംഗ്ലീഷുമൊക്കെ സാംസ്‌കാരികാധിനിവേശത്തിന്റെ ചിഹ്നങ്ങളായാണ് ജനങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത്. ഇംഗ്ലീഷിന്റെ വ്യാപനംമൂലം രണ്ടാഴ്ചയില്‍ ഒരു പ്രാദേശികഭാഷ ഇല്ലാതാവുന്നു എന്നാണ് കണക്ക്. ഭാഷയുടെ അന്ത്യമെന്നാല്‍ ചിന്തയുടെയും ചരിത്രത്തിന്റെ തന്നെയും അവസാനത്തെകുറിക്കുന്നു. മാത്രമല്ല സ്വത്വസംഘര്‍ഷങ്ങളുടെ വെടിമരുന്നും അത് ഇടുന്നു.

ഇതെല്ലാം ചേര്‍ന്ന് സൃഷ്ടിക്കുന്ന നിരാശയില്‍ നിന്ന്, അരക്ഷിതബോധത്തില്‍നിന്ന്, വെറുപ്പില്‍നിന്ന് ഉടലെടുക്കുന്നതാണ് തീവ്രവാദം. ചിന്നഭിന്നമാക്കപ്പെട്ട സമൂഹങ്ങള്‍, സ്വന്തമായി മണ്ണും വിണ്ണും ഇല്ലാത്തവരുടെയും സ്വന്തം ജീവന് വിലയില്ലെന്ന് തിരിച്ചറിവുള്ളവരുടെയും ലോകം - തീവ്രവാദികളുടെ ലോകം. മതമൗലികവാദം കൂടി ഇതോട് ചേരുമ്പോള്‍ അതിന്റെ ശക്തി പതിന്‍മടങ്ങ് വര്‍ധിക്കുന്നു.

ബിന്‍ ലാദന്റെ വധംകൊണ്ട് പരിഹരിക്കുവാന്‍ കഴിയാത്ത കാര്യങ്ങളാണ് മുകളില്‍ സൂചിപ്പിച്ചവ. സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായൊരു ലോകക്രമത്തെ അംഗീകരിക്കുവാനും മറ്റുരാജ്യങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കുവാനും അമേരിക്കന്‍ ഭരണകൂടം ശീലിക്കേണ്ടിയിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. തീവ്രവാദത്തിനെതിരായുള്ള നീക്കങ്ങള്‍ ആരംഭിക്കേണ്ടത് സഹവര്‍ത്തിത്വത്തില്‍ നിന്നാണ്, മേല്‍ക്കോയ്മയില്‍ നിന്നല്ല. നിര്‍ഭാഗ്യവശാല്‍ അമേരിക്ക മനസ്സിലാക്കാത്ത ഏറ്റവും വലിയ പാഠവും ഇതുതന്നെ.

*
ഡോ. ജെ പ്രഭാഷ് ജനയുഗം 11 മേയ് 2011

Monday, July 26, 2010

Octopus St Paul: Globalising Superstition

SUPERSTITIOUS beliefs are nowadays being propagated through the most modern medium of Internet and social networking sites like the Twitter and Facebook were recently being used to mobilise millions of followers for or against St Paul, an octopus. Leaders of even very advanced nations like Spain and Germany joined the game. Leading television channels across the globe were busy cashing in on the craze that had gripped the football lovers in different parts of the world, to propagate the octopus related humbug. Wasn’t it that a new form of match fixing was being put in place?

No doubt, this sort of match fixing by the use of an octopus is different from the dubious methods of match fixing that we have seen in the case of cricket.

Why such a phenomenon? It only underlines that, still today, and quite sadly, superstition is more widespread among the people than science. This is precisely what happened in the case of the octopus Paul. Jayant Narlekar, a great astronomer, once narrated an interesting experience. He was working at Inter University Centre for Astronomy and Astrophysics. When the centre wrote to the telephones department to include its name and numbers in the telephone directory, the department did oblige the centre. However, the entry was of Inter University Centre for Astrology and Astrophysics. This was because astrology was still more popular than astronomy, explained Narlekar. This is precisely the reason the Octopus Paul phenomenon attracted more people than a scientific event could do.

The power of Internet can be harnessed for a right or wrong cause. In this case, millions of netizens (so to say) used the power of Internet to propagate this phenomenon. The media too added to the frenzy. Such things occurred in India as well. The modern telecommunications technology was, as we once saw, extensively used to popularise the superstitious belief about Lord Ganesha drinking milk. Interestingly, Lord Ganesha never even tried to drink milk afterwards. Nor did the idols of Lord Ganesha drink milk in areas that did not have teleconnectivity. The phenomenon was confined more or less to the metropolitan cities and other urban conglomerates. Similarly, even the Octopus Paul phenomenon received popularity mainly among those who have net connectivity.

The media found that the news was sensational. Television channels, which eagerly look for something that can attract the audience, found it very captivating. As it was associated with the Football World Cup mania, the superstition spread like the wildfire.

The involvement of some prominent people in the debate made it all the more popular. Spanish prime minister Jose Luis Rodriguez Zapatero announced that the Spanish government was thinking of sending bodyguards to protect the octopus from those who suffered failure despite St Paul’s prediction. Spanish environment minister Elena Espinosa said the octopus should be declared as an endangered creature. Obviously, the warring football nations like Argentina, Spain and Germany were now obsessed with the octopus. All this gave the whole controversy an added dimension. As it is, ordinary people normally have a tendency to believe and follow their leaders and heroes.

Today, our education systems, the media and the social milieus do not instill in the people a spirit of scientific inquiry. Instead, they promote superstitions, archaic beliefs and attitudes. The octopus Paul was named as a psychic octopus. All this is despite the fact that there is no evidence to support or even suggest that an octopus has intelligence to predict something.

The danger now is that football players may stop seriously practising the game and concentrate on worshipping this particular octopus --- or maybe some other octopus. The madness will not end here; many more Pauls will join the game. And not just football, it could infect even other popular sports like tennis or cricket, etc. Vested interests will always be found ready to capitalise on such widespread unscientific and superstitious beliefs. The politicians, the stock markets and others may soon adopt this phenomenon. The stock market already has a powerful speculative force, which could well push this phenomenon to further heights. Octopuses will join the bulls and bears.

Further, if an octopus can predict the outcome of a game, cannot we use it to predict the outcome of an electoral contest? Why should nations waste precious resources on conducting elections? We can well replace our electronic voting machines, ballot papers etc with octopuses. The polling booths may well be turned into octopusariums, so to say. Similarly, our educational institutions could well abandon their entrance tests and employ an octopus (or, for that matter, a parrot or a monkey), which is blessed with a mystic power, to select the candidates. Don’t such prospects look quite rosy?

*
K Nageshwar People's Democracy

Tuesday, July 6, 2010

ഗോള്‍ എന്ന കരച്ചില്‍

ജൂണ്‍മഴയില്‍ നനഞ്ഞുനിറഞ്ഞ് രാവ് ഉണര്‍ന്നിരിക്കുകയാണ്. സ്വീകരണമുറിയിലെ ടെലിവിഷന്‍ സ്ക്രീന്‍ വിശാലമായ പുല്‍പ്പരപ്പായി വളര്‍ന്നുകഴിഞ്ഞു. പുല്‍ത്തലപ്പുകളെ തഴുകി ഒരിളം കാറ്റ് കടന്നുപോകുന്നു. മഴനാരുകള്‍ക്കിടയിലൂടെ രാപ്പൂവിന്റെ ഗന്ധം കുശലം ചോദിക്കുന്നു. വിദൂരതയില്‍ കുറുങ്കുഴലിന്റെ ആത്മഹര്‍ഷം. മൈതാനത്തിന്റെ മറുകരയില്‍ വര്‍ണക്കുപ്പായമിട്ട കുറേപേര്‍ നടന്നുതുടങ്ങിയിരിക്കുന്നു. വിഹായസ്സിലേക്ക് മുഖംവിടര്‍ത്തി പ്രത്യാശയുടെ സന്ദേശഫലകങ്ങള്‍ വഴികാട്ടുന്നു.

ഉറക്കത്തെ ഉറങ്ങാന്‍വിട്ട് ആവേശപൂര്‍വം ചര്‍ച്ച നടത്തിയിരുന്നവര്‍ നിശ്ശബ്ദരായത് അവര്‍പോലും അറിഞ്ഞില്ല. അവരുടെ ഉള്ളില്‍ ഒരു പന്ത് ഉരുണ്ടുതുടങ്ങുകയാണ്. വര്‍ണക്കുപ്പായക്കാര്‍ മൈതാനം നിറഞ്ഞുകഴിഞ്ഞു. മെസി, കാക, റൊണാള്‍ഡോ, ഫാബിയാനോ, വിയ്യ...

സ്വീകരണമുറിക്ക് പൊടുന്നനെ അതിരുകള്‍ ഇല്ലാതായി. ചുമരുകളും വരാന്തയുമെല്ലാം കടന്ന് മൈതാനം വളരുകയാണ്. കാണികള്‍ ഓരോരുത്തരും വര്‍ണക്കുപ്പായവും ബൂട്ടുകളും അണിഞ്ഞിരിക്കുന്നു. മനസ്സില്‍ കളിയുടെ കൊടുങ്കാറ്റടിക്കുന്നു. ഇത് ഫുട്ബോളാണ്. എത്ര കളിച്ചാലും മുഴുമിക്കാനാവാത്ത കളി. തിരച്ചാര്‍ത്തുകളുടെ വൈവിധ്യംപോലെ സോക്കറിലും സാധ്യതകള്‍ അവസാനിക്കുന്നില്ല. മൈതാനത്ത് ഇനിയുമെത്രയോ ചിത്രത്തുന്നലുകള്‍ക്ക് ഇടം ബാക്കിയാണ്. അവ പൂര്‍ത്തിയാക്കാന്‍ തലമുറകള്‍ കാത്തുനില്‍ക്കുന്നു.

മനുഷ്യരാശിയുടെ സര്‍ഗാത്മകാന്വേഷണങ്ങളുടെ പൂര്‍ണതയാണ് ഫുട്ബോള്‍. മൈതാനത്തിന്റെ വലുപ്പമോ പന്തിന്റെ നിലവാരമോ ഒന്നും വിഷയമല്ല. കളിക്കുന്നവനും അതെ, കാഴ്ച്ചക്കാരനും അതെ. എഴുത്തും സംഗീതവും ചിത്രകലയും സിനിമയും നിസ്സാരമായിത്തീരുന്ന ഇടങ്ങളുണ്ട് ലോകത്ത്. ആസ്വാദകര്‍ പരിശീലിതരല്ലെങ്കില്‍ എല്ലാ സര്‍ഗാത്മക കലകളും തോറ്റുപോവുന്നു. അവിടെയാണ് ഫുട്ബാള്‍ വിജയിക്കുന്നത്. ഓരോ മനുഷ്യന്റെ ഉള്ളിലും ഒരു കവിയുണ്ടല്ലോ. എല്ലാ മനുഷ്യര്‍ക്കും എഴുതാവുന്ന കവിതയാണ് ഫുട്ബോള്‍. എല്ലാവര്‍ക്കും ആസ്വദിക്കാവുന്ന കാവ്യം. പണ്ഡിതനും പാമരനും ധനികനും ദരിദ്രനും ഏഷ്യക്കാരനും കറുത്തവംശജനും റെഡ് ഇന്ത്യക്കാരനും സൃഷ്ടിനടത്താവുന്ന, ആത്മാവില്‍ ഏറ്റുവാങ്ങാവുന്ന കവിത. 'ദി ബ്യൂട്ടിഫുള്‍ ഗെയിം' എന്നാണ് ഫുട്ബോളിനെ ഇംഗ്ളീഷില്‍ വിശേഷിപ്പിക്കാറ്. മനോജ്ഞമായ കളി നിശ്ചയമായും ഇതുതന്നെ.

പരാജയപ്പെട്ട കവികളാണ് നിരൂപകരെന്നു പറയാറുണ്ട്. പരാജയപ്പെട്ട കളിക്കാര്‍ എഴുത്തുകാരാവുന്നത് ഫുട്ബോളിന്റെ മാത്രം അനുഭവമാണ്. വിഖ്യാത ലാറ്റിനമേരിക്കന്‍ എഴുത്തുകാരനായ എഡ്വേഡോ ഗലിയാനോ കളിക്കളത്തില്‍ തോറ്റുപോയ കളിക്കാരനത്രെ. എഴുത്തില്‍ ജയിച്ച കളിക്കാരനും അദ്ദേഹം തന്നെ. "എന്റെ കാലുകള്‍ക്ക് കഴിയാതെപോയതാണ് കൈകള്‍കൊണ്ട് സാധിക്കാന്‍ ശ്രമിക്കുന്നത്'' എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഫുട്ബോളിനെ അത്രമേല്‍ നെഞ്ചേറ്റിയ ഒരു ജീവിതത്തിന്റെ ആത്മാലാപമാണ്. തെക്കേ അമേരിക്കയില്‍ ഏറ്റവും ആദരിക്കപ്പെടുന്ന എഴുത്തുകാരനാണ് ലാറ്റിനമേരിക്കന്‍ സാമൂഹ്യജീവിതത്തെയും ഫുട്ബോളിനെയും ആഴത്തില്‍ പഠിക്കുകയും നിരവധി പുസ്തകങ്ങള്‍ രചിക്കുകയും ചെയ്ത ഗലിയാനോ. ഫുട്ബോളിന്റെ സാമൂഹ്യമാനങ്ങള്‍ അന്വേഷിക്കുന്ന അദ്ദേഹത്തിന്റെ 'സോക്കര്‍ ഇന്‍ സണ്‍ ആന്‍ഡ് ഷാഡോ' ആധുനിക ഫുട്ബോളിലെ കറുപ്പും വെളുപ്പും അനാവരണം ചെയ്യുന്നു. ലാറ്റിനമേരിക്കയുടെ വിമോചനമോഹങ്ങളെ എക്കാലവും പിന്തുണച്ച ഗലിയാനോയ്ക്ക് എഴുത്തിന് ജീവന്‍പകരുന്ന ശുദ്ധവായുവാണ് ഫുട്ബോള്‍. വെനസ്വേല പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയ്ക്ക് സമ്മാനിക്കുകവഴി പ്രശസ്തമായ 'ഓപ്പണ്‍ വെയ്ന്‍സ് ഓഫ് ലാറ്റിന്‍ അമേരിക്ക' എന്ന കൃതിയുടെ കര്‍ത്താവെന്ന നിലയ്ക്കാണ് ഗലിയാനോ ലോകമെങ്ങും അറിയപ്പെടുന്നത്. ലാറ്റിനമേരിക്കയുടെ ചരിത്രം പൊതുവെയും യൂറോപ്യന്‍ അധിനിവേശാനന്തരകാലം സവിശേഷമായും വിശകലനം ചെയ്യുന്ന പുസ്തകം സമ്മാനിച്ചതിലൂടെ യഥാര്‍ഥത്തില്‍ ഷാവേസ് ലാറ്റിനമേരിക്കയുടെ നയപ്രഖ്യാപനമാണ് നടത്തിയത്. ഒബാമ അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതിനു തൊട്ടുമുമ്പ് ഗലിയാനോ പറഞ്ഞ വാക്കുകള്‍ ലോകത്തിന്റെ ഹൃദയവികാരമാണ്. 'ഒബാമ വെള്ളക്കൊട്ടാരത്തിലെ പാര്‍പ്പുകാരനാവുകയാണ്. ഈ കൊട്ടാരം അടിമകളായ കറുത്തവംശജര്‍ പണിതുയര്‍ത്തിയതാണ്. അദ്ദേഹം ഒരിക്കലും അക്കാര്യം മറന്നുപോകില്ലെന്ന് ഞാന്‍ പ്രത്യാശിക്കുന്നു'.

ജനാധിപത്യത്തെക്കുറിച്ചുള്ള ശുഭപ്രതീക്ഷകളാണ് ഫുട്ബോളിലും ഗലിയാനോ കണ്ടെത്തുന്നത്. കാരണം ഇത്രമേല്‍ ജനാധിപത്യ കൂട്ടായ്മയുള്ള കളി വേറെ ഏതുണ്ട്. തന്നേക്കാള്‍ കൂട്ടുകാരുടെ സ്ഥാനമറിഞ്ഞാണ് ഏതൊരാളുടെയും ഫുട്ബോളാട്ടം. ഒരു തുണ്ട് ഭൂമി, ഒരേയൊരു പന്ത്, രണ്ടറ്റത്തും ഗോളിലേക്കുള്ള അടയാളക്കല്ലുകള്‍- ഇത്രയേ വേണ്ടൂ ലോകത്തെവിടെയും ഫുട്ബോള്‍ കളിക്കാന്‍. നിയമങ്ങളാവട്ടെ അതീവ ലളിതവും ശുദ്ധവും.

ലാറ്റിനമേരിക്കയ്ക്ക് ഫുട്ബോള്‍ ഹൃദയതാളമാണ്. അവര്‍ പന്തു തട്ടുമ്പോള്‍ അപാരമായ ലയം വന്നുനിറയുന്നു. പന്ത് കൈമാറുമ്പോള്‍ ചാരുതയുടെ പൂ വിരിയുന്നു. എന്തേ മറ്റാര്‍ക്കും അതു സാധിക്കാത്തത് എന്ന ചോദ്യത്തിന് ലോകകപ്പോളം പഴക്കമുണ്ട്. കാരണം ലാറ്റിനമേരിക്കയ്ക്ക് ഫുട്ബോള്‍ സാമൂഹ്യവും സാംസ്കാരികവുമായ അന്തര്‍ധാരയാണ്. അതവര്‍ക്ക് ജീവശ്വാസമാണ്. അവിടെ ജീവിതത്തിന്റെ ഓരോ അടരും ഫുട്ബോളുമായി കെട്ടുപിണഞ്ഞു കിടക്കുന്നു.

ടെലിവിഷന്‍ സ്ക്രീനില്‍ നാം ഫുട്ബോളിനെ കൊണ്ടാടുകയാണ്. തെക്കേ അമേരിക്കയിലെ ഏതോ വിദൂര ഗ്രാമാന്തരത്തില്‍ പിറന്ന ദരിദ്രനായ ഒരു കുഞ്ഞിനെ കാകയെന്നോ ഫാബിയാനോ എന്നോ നമ്മളറിയുന്നു. എന്തുകൊണ്ട് 110 കോടി ജനങ്ങളുടെ നമ്മുടെ രാജ്യം ഫുട്ബാളില്‍ നന്നായി തോല്‍ക്കാന്‍പോലും കൊള്ളരുതാത്തവരായിപ്പോയെന്ന് വിലപിക്കുന്നു. ഓരോ കുഞ്ഞും നല്ല ഫുട്ബോള്‍ കളിക്കാരനാവണമെന്നാണ് ലാറ്റിനമേരിക്ക ആഗ്രഹിക്കുന്നത്. എല്ലാ കുഞ്ഞുങ്ങളെയും എന്‍ജിനിയറും ഡോക്ടറുമാക്കാന്‍ ഒരുമ്പിട്ടിറങ്ങിയ ഒരു നാടിന് ഫുട്ബോളിന്റെ പൂരപ്പറമ്പിലേ സ്ഥാനമുള്ളൂ. ഇന്ത്യ ലോകകപ്പിന് ആതിഥ്യമരുളാന്‍ ശ്രമിക്കുമെന്നൊരു പഴയ വാര്‍ത്തയുണ്ട്. അങ്ങനെ ലോകകപ്പ് കളിക്കേണ്ടെന്നായിരുന്നു ഫിഫ അധ്യക്ഷന്‍ സെപ് ബ്ളാറ്ററുടെ പ്രതികരണം? ആതിഥേയര്‍ക്ക് യോഗ്യതാറൌണ്ട് കളിക്കാതെത്തന്നെ ഫൈനല്‍ റൌണ്ടില്‍ പ്രവേശനമുണ്ടല്ലോ.

ജന്മനാടായ ഉറുഗ്വേയില്‍ പിറന്നുവീഴുന്ന ഓരോ കുഞ്ഞും 'ഗോള്‍' എന്നാണ് കരയാറുള്ളതെന്ന് ഗലിയാനോ എഴുതിയിട്ടുണ്ട്. ആശുപത്രികളിലെ പ്രസവവാര്‍ഡുകള്‍ 'ഗോള്‍' കരച്ചില്‍കൊണ്ട് മുഖരിതമാണെന്ന് അദ്ദേഹം പറയുമ്പോള്‍ അതിശയോക്തി തോന്നാമെങ്കിലും അന്നാടിന്റെ ലളിതവും സൂക്ഷ്മവുമായ ചിത്രമാണത്.

ഫുട്ബോള്‍, കളി മാത്രമല്ല, ജീവിതകാമനകളുടെ സമസ്ത സഞ്ചാരങ്ങളുമാണ്. മൂല്യങ്ങളുടെ മഹാപ്രസ്ഥാനമാണ്. നാസികളുടെ തടവില്‍ പീഡനങ്ങളില്‍നിന്നു രക്ഷപ്പെടാനും ജീവന്‍ നിലനിര്‍ത്താനുമായി ഫുട്ബോള്‍ കളിച്ച ജീവിതങ്ങളെക്കുറിച്ച് ലോകം കൊണ്ടാടിയ ചലച്ചിത്രങ്ങളുണ്ടായിട്ടുണ്ട്. ജീവിതവും ഫുട്ബോളും ജനാധിപത്യമൂല്യങ്ങളുമാണ് അവിടെ ഒന്നുചേരുന്നത.് കൊളംബിയയിലെ ഒരു കളിക്കാരനെക്കുറിച്ച് ഗലിയാനോ പറയുന്നത് ഫുട്ബോള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെ കഥയാണ്. ഒമര്‍ ലോറന്‍സോ ദെവന്നിയാണ് അയാള്‍. കൊളംബിയന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍. ബൊഗോട്ടയിലെ പ്രശസ്ത ടീമുകളും ചിരന്തനവൈരികളുമായ സാന്ത ഫേയും മില്യനേഴ്സും മുഖാമുഖം. നിറഞ്ഞുകവിഞ്ഞ കാണികള്‍ ഇരുപക്ഷത്തുമായി ആരവമുയര്‍ത്തുന്നു. ഉഗ്രപോരാട്ടത്തില്‍ മത്സരം അവസാനനിമിഷംവരെ സമനിലയില്‍. പെട്ടെന്ന് ദെവന്നി എതിര്‍ ഗോള്‍മുഖത്ത് കാലിടറി വീഴുന്നു. രണ്ടാമതൊന്ന് ആലോചിക്കാതെ റഫറി പെനല്‍റ്റിക്ക് വിസില്‍ മുഴക്കി. യഥാര്‍ഥത്തില്‍ അതൊരു പെനല്‍റ്റി ആയിരുന്നില്ല. ദെവന്നിയെ ആരും ഫൌള്‍ ചെയ്തതല്ല, അദ്ദേഹം കാല്‍തെറ്റി വീണതായിരുന്നു. ദെവന്നി റഫറിയുടെ അടുത്തെത്തി താങ്കള്‍ക്ക് തെറ്റുപറ്റിയെന്നും തന്നെ ആരും ഫൌള്‍ ചെയ്തിട്ടില്ലെന്നും പറഞ്ഞുനോക്കി. റഫറിക്ക് അബദ്ധം ബോധ്യമായിരുന്നു. പക്ഷേ അയാള്‍ സമ്മതിക്കാന്‍ തയ്യാറായില്ല. 'ആര്‍ത്തിരമ്പുന്ന ഈ ജനക്കൂട്ടത്തോട് തെറ്റുപറ്റിയെന്ന് എങ്ങനെ സമ്മതിക്കാനാകും. തീരുമാനം പിന്‍വലിക്കുന്നുവെന്ന് എങ്ങനെ പറയാന്‍ കഴിയും'- റഫറി ചോദിച്ചു.

എന്തു ചെയ്യണമെന്ന് ദെവന്നി ആശയക്കുഴപ്പത്തിലായി. പെനല്‍റ്റി സ്പോട്ടില്‍ പന്ത് കാത്തുനില്‍ക്കുന്നു. ഗോളി തയ്യാറായിക്കഴിഞ്ഞു. ജനം ആര്‍ത്തുവിളിക്കുന്നു. ദെവന്നി പന്തിനു പിന്നിലെത്തി. ഒരുനിമിഷം ചിന്തിച്ചു. പന്ത് ഗോള്‍വലയ്ക്കു പുറത്തേക്ക് അടിച്ചുപറത്തി സ്വന്തം മനഃസാക്ഷിക്കുമുന്നില്‍ അദ്ദേഹം വിജയിച്ചു.

ഇത് ഫുട്ബോളിലെ ഒരു സാരോപദേശ കഥയാണെന്ന് ആധുനിക പ്രൊഫഷണലുകള്‍ അപഹസിച്ചേക്കും. ഫുട്ബോള്‍ ഇന്ന് കളിയല്ല ചുമതലയും ജോലിയും ഉത്തരവാദിത്തവുമാണെന്ന് ഗലിയാനോ വിമര്‍ശിക്കുന്നത് വെറുതെയല്ല. അടരാടുക എന്ന കളിയുടെ അടിസ്ഥാനധര്‍മം വിസ്മരിക്കപ്പെടുകയും കളിക്കാതെത്തന്നെ ജയിക്കാന്‍ തന്ത്രങ്ങള്‍ മെനയുകയും അതിനായി പണം വാരിയെറിയുകയും ചെയ്യുന്നതിനെയാണ് ഗലിയാനോ ചോദ്യംചെയ്യുന്നത്. ലാറ്റിനമേരിക്കയ്ക്ക് ഹൃദയപൂര്‍വം ഫുട്ബോള്‍ കളിക്കാനാവുന്നത് അത് ജീവിതമായതുകൊണ്ടാണ്. ആഫ്രിക്കയിലും കളിയുടെ നിലമൊരുങ്ങിക്കഴിഞ്ഞു. ആ 'കറുത്തഭൂഖണ്ഡം' ലോകത്തെ വിരുന്നൂട്ടുന്ന ദിനങ്ങളാണിനി.

തെംസിന്റെ കാറ്റേറ്റ് ഉള്ളുനിറഞ്ഞ തുകല്‍തുണ്ട്
ആമസോണ്‍തടങ്ങളില്‍ വിളഞ്ഞുലയുന്നു,
നൈലിന്റെ തീരങ്ങളില്‍ കറുത്ത വിത്ത് കിളിര്‍ക്കുകയാണ്
പാതിരാസൂര്യന്റെ നാട്ടില്‍ ഒരു പന്ത് തിളച്ചുമറിയുന്നുണ്ട്
ഗംഗാതടങ്ങള്‍ കര്‍ഷകര്‍ക്കായി കാത്തിരിപ്പുതുടരുന്നു.

ഫുട്ബോളിന്റെ ഉടുപ്പ്

ലോകകപ്പിലെ തിരുവസ്ത്രങ്ങളാണ് ജഴ്സികള്‍. ദേശീയ ടീമിന്റെ കുപ്പായം ധരിച്ചെത്തുന്ന കളിക്കാര്‍ രാജ്യാതിര്‍ത്തി കാക്കാന്‍ നിയോഗിക്കപ്പെടുന്ന സൈനികരെപ്പോലെ ആത്മപ്രചോദിതരാകുന്നു. നാടിന്റെ നിറം അണിയുമ്പോള്‍ ദേശസ്നേഹത്തിന്റെ അഗാധമായ ഊര്‍ജം കളിക്കാരെ പൊതിയുന്നു. ഫുട്ബോളിനുമുന്നില്‍ യുദ്ധവും കലാപങ്ങളും വഴിമാറിയിട്ടുണ്ടെങ്കിലും കളിക്കളത്തില്‍ രാജ്യങ്ങള്‍ പടയോട്ടങ്ങളുടെ കണക്കു ചോദിക്കുന്നു. ഫുട്ബോളില്‍ ഇംഗ്ളണ്ടും അര്‍ജന്റീനയും കണ്ടുമുട്ടുമ്പോഴെല്ലാം യുദ്ധത്തിന്റെയും തിരിച്ചടിയുടെയും ഓര്‍മകളാണുണരുക. ബ്രിട്ടീഷുകാര്‍ കൈയടക്കിയ ഫാക്ലന്‍ഡ് ദ്വീപുകളുടെ സ്വാതന്ത്യ്രത്തിന് 1982ല്‍ അര്‍ജന്റീന രംഗത്തുവന്നപ്പോള്‍ മൂന്നുമാസത്തോളം നീണ്ട യുദ്ധമായി. ആ പോരാട്ടത്തിന്റെ വിക്ഷുബ്ധമായ അന്തരീക്ഷത്തിലായിരുന്നു 1986ലെ മെക്സിക്കോ ലോകകപ്പില്‍ ഇംഗ്ളണ്ട്-അര്‍ജന്റീന മുഖാമുഖം. ദേശാഭിമാന യുദ്ധമെന്നു വിശേഷിപ്പിക്കപ്പെട്ട പോരാട്ടത്തില്‍ അര്‍ജന്റീനയുടെ നീലക്കുപ്പായക്കാര്‍ രാജ്യത്തിന്റ മാനം വീണ്ടെടുത്തു. ഫുട്ബോള്‍ ഇതിഹാസം മാറഡോണ എക്കാലത്തെയും മികച്ച ഗോള്‍ കണ്ടെത്തിയ മത്സരം അങ്ങനെ ചരിത്രത്തില്‍...

ഇളംനീലയും വെള്ളയും ഇടകലര്‍ന്ന അര്‍ജന്റീനയുടെ കുപ്പായം 1978, '86 ലോകകപ്പുകളിലൂടെയാണ് ലോകമെങ്ങും പ്രചാരത്തിലായത്. വിശേഷിച്ചും 1986ലെ മാറഡോണയുടെ മാസ്മര പ്രകടനത്തെത്തുടര്‍ന്ന്. ഇന്ന് അര്‍ജന്റീനയുടെ ദേശീയ പതാകയേക്കാള്‍ ജനപ്രീതിയുള്ളതാണ് അവരുടെ ഫുട്ബോള്‍കുപ്പായം. നല്ല കളിയുടെ പ്രഖ്യാപനവും പ്രതീക്ഷയുമായി അത് ഫുട്ബോള്‍ ഭ്രാന്തന്മാരുടെ മനസ്സിളക്കുന്നു.

കാനറിപ്പക്ഷികള്‍ എന്നറിയപ്പെടുന്ന ബ്രസീലിന്റെ മഞ്ഞയും നീലയും നിറങ്ങളുള്ള വേഷം അസുലഭ സൌന്ദര്യമാര്‍ന്ന കളിയനുഭവത്തിന്റെ പ്രതീകമാണ്. ആ വര്‍ണക്കുപ്പായം ഓരോ ഫുട്ബോള്‍പ്രേമിക്കും ഉത്സാഹവും പ്രതീക്ഷയും ആവേശവുമാണ്. ബ്രസീല്‍ ജനതയുടെ ഹൃദയത്തില്‍ നീറിനില്‍ക്കുന്ന ഒരു മുറിവില്‍ ലേപനമായി തയ്യാറാക്കിയതാണ് മഞ്ഞക്കിളികളുടെ ആ ഉടുപ്പ്. 1950ലെ ലോകകപ്പിന് ബ്രസീല്‍ ആതിഥ്യമരുളിയത് നിറഞ്ഞ കിരീടപ്രതീക്ഷയോടെയായിരുന്നു. ചരിത്രപ്രസിദ്ധമായ മാറക്കാന സ്റ്റേഡിയത്തില്‍ ഉറുഗ്വേക്കെതിരെ അന്തിമയുദ്ധത്തിനിറങ്ങിയ ടീമിന്റെ കീരിടധാരണത്തിന് ബ്രസീല്‍ജനത കാത്തുനിന്നു. പക്ഷേ ആ മത്സരം ബ്രസീലിന് മഹാദുരന്തമായി. 2-1നു കളി ജയിച്ച് ഉറുഗ്വേ ലോകകപ്പ് ഏറ്റുവാങ്ങി.

ഈ തോല്‍വി ബ്രസീലിനെ ചുട്ടുപൊള്ളിച്ചു. നീലയും വെള്ളയും നിറങ്ങളുള്ള ദേശീയ കുപ്പായം ദുരന്തപ്രതീകമായി മാറി. 1954ലെ ലോകകപ്പില്‍ പുതിയ ജഴ്സിയിലേക്കു മാറാന്‍ തീരുമാനിച്ചു. ഉടുപ്പിന് രൂപകല്‍പ്പനചെയ്യാന്‍ രാജ്യവ്യാപക മത്സരം നടത്തി. 301 പേര്‍ പങ്കെടുത്തതില്‍നിന്ന് ഒരു ഡിസൈന്‍ തെരഞ്ഞെടുക്കപ്പെട്ടു. പത്രസ്ഥാപനത്തിലെ ചിത്രകാരനായ അലഡെയര്‍ ഗാര്‍ഷ്യ ഷ്ലീ എന്ന പത്തൊമ്പതുകാരന്‍ അങ്ങനെ ചരിത്രത്തിലെ ഏറ്റവും ജനപ്രീതിയുള്ള കുപ്പായത്തിന്റെ സ്രഷ്ടാവായി. നീല നിക്കറും പച്ചയില്‍ അരികുതുന്നിയ ആ മഞ്ഞക്കുപ്പായവും ലോകത്തിന്റെ ഇഷ്ടവസ്ത്രമായി. കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി ബ്രസീല്‍ എന്നാല്‍ ആ മഞ്ഞക്കുപ്പായമാണ്.

*
ടി ആര്‍ മധുകുമാര്‍ കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്

Saturday, July 3, 2010

ഉറങ്ങുന്ന ഈ ഫുട്ബോള്‍ സിംഹം എന്നാണ് ഉണരുക...

2008-ല്‍ ഓസ്ട്രിയയിലും സ്വിറ്റ്സര്‍ലന്‍ഡിലുമായി യൂറോകപ്പ് അരങ്ങുവാഴുമ്പോള്‍ മറ്റ് രണ്ട് ഭൂഖണ്ഡങ്ങളില്‍ രണ്ട് ഫുട്ബോള്‍ അത്യാഹിതങ്ങളുണ്ടായി. ആദ്യത്തേത്, 2010ലെ ലോകകപ്പിന്റെ ദക്ഷിണ അമേരിക്കന്‍ യോഗ്യതയില്‍ അഞ്ച് തവണത്തെ ലോകജേതാക്കളായ ബ്രസീലിനെ ഏകഗോളിന് പരാഗ്വെ കീഴടക്കി. രണ്ട്: സാഫ് കപ്പില്‍ പഞ്ചവിജയങ്ങളുമായെത്തിയ ഉപഭൂഖണ്ഡശക്തികളായ ഇന്ത്യയെ മാലിദ്വീപ് കുടിയിറക്കി.

എന്നാല്‍, ഫുട്ബോളിലെ ബ്രസീല്‍, ഇന്ത്യ താരമത്യവും അവിടംകൊണ്ട് അവസാനിച്ചു. കഥയുടെ ശേഷം ഭാഗം നാമിപ്പോള്‍ ദക്ഷിണാഫ്രിക്കയില്‍ കണ്ടുകൊണ്ടിരിക്കുന്നു. ബ്രസീല്‍ ആ തിരിച്ചടിയില്‍നിന്ന് കരകയറി, മേഖലയിലെ ഒന്നാമന്‍മാരായി ദക്ഷിണാഫ്രിക്കയിലിറങ്ങുകയും പതിവുപോലെ ലോകകപ്പിലെ പന്തയക്കുതിരകളായി പ്രയാണം തുടരുകയും ചെയ്യുന്നു. എന്നാല്‍, ഇന്ത്യയുടെ കാര്യമോ?

ലോകകപ്പ് ടിക്കറ്റിനായുള്ള ഇന്ത്യയുടെ ആദ്യശ്രമം ആദ്യകടമ്പയില്‍തന്നെ തകര്‍ന്നു. ഓര്‍ക്കണം, 1956ല്‍ ഒളിമ്പിക്സ് സെമിഫൈനലില്‍ കടന്ന ആദ്യ ഏഷ്യന്‍ രാജ്യമാണ് ഇന്ത്യ. അന്താരാഷ്ട്ര പരിവേഷമുണ്ടെന്നല്ലാതെ 2007ലും 2009ലും ഡല്‍ഹിയില്‍ നടന്ന സാദാ ടൂര്‍ണമെന്റായ നെഹ്റു കപ്പില്‍ തുടര്‍വിജയമാഘോഷിച്ചത് അവിടെയിരിക്കട്ടെ. മാലദ്വീപിനോടേറ്റ സാഫ് കപ്പിലെ പരാജയത്തില്‍നിന്ന് വേണം നാം 2014ല്‍ ബ്രസീലില്‍ നടക്കുന്ന ലോകകപ്പ് യോഗ്യതക്കുള്ള പാലം പണിയേണ്ടത്. 1950ല്‍ ബ്രസീല്‍ നടാടെ ആതിഥേയരായ ലോകകപ്പില്‍ പങ്കെടുക്കാമായിരുന്നു. എന്നാല്‍ പണമില്ലായ്മയും യാത്രാക്ളേശവും മുന്‍നിര്‍ത്തി ഇന്ത്യ പിന്മാറി. ഇന്ന് അത്തരം പരാധീനതകളൊന്നുമില്ല. അന്ന് നടക്കാതെ പോയ മോഹം ബ്രസീലിന്റെ മണ്ണില്‍തന്നെ യാഥാര്‍ഥ്യമാക്കാന്‍ ദൃഢനിശ്ചയത്തോടെ ഉറച്ച ചുവടു വയ്ക്കാനുള്ള നാലുവര്‍ഷമാണ് ഇനി ഇന്ത്യക്ക് മുന്നിലുള്ളത്. ആ ശ്രമത്തില്‍ നമുക്ക് വിജയിക്കാനായാല്‍ അത് ഇന്ത്യന്‍ ഫുട്ബോളില്‍ പുതിയൊരു ചക്രവാളം വെട്ടിത്തുറക്കും.

108 കോടി ജനങ്ങളുള്ള ഇന്ത്യ എന്ന മഹാരാജ്യത്തിന് എന്നെങ്കിലും ലോകകപ്പ് ഫുട്ബോളില്‍ മത്സരിക്കാനാകുമോ? ലോകകപ്പിന്റെ അലമാലകളില്‍ ഓരോ ഇന്ത്യക്കാരന്റെയും മനസില്‍ ഉയര്‍ന്നുനില്‍ക്കുന്ന ചോദ്യമാണിത്. ഒരിക്കലെങ്കിലും ആ പരമോന്നതവേദിയില്‍ പന്തുതട്ടാന്‍ കഴിഞ്ഞെങ്കിലെന്ന മോഹചിന്ത കൊണ്ടുനടക്കാത്ത ഒരാള്‍പോലും ഉണ്ടാകില്ല. എന്നാല്‍, വന്‍കരയില്‍ യോഗ്യതാമത്സരങ്ങള്‍ ജയിച്ച് ഇന്ത്യ ലോകകപ്പിന്റെ ഫൈനല്‍റൌണ്ടിലെത്തുക എന്ന മോഹം സ്വപ്നം കാണാന്‍പോലും കഴിയില്ലെന്ന് അധികം ഇന്ത്യക്കാരും കരുതുന്നു. പിന്നെ ഒരേയൊരു മാര്‍ഗമേയുള്ളൂ, ലോകപ്പ് വേദി കരസ്ഥമാക്കുക. അങ്ങനെ വന്നാല്‍ ആതിഥേയരെന്ന നിലയില്‍ ഇന്ത്യക്ക് ലോകകപ്പില്‍കളിക്കാം. പക്ഷേ, അതും സാക്ഷാല്‍ക്കരിക്കപ്പെടാന്‍ സാധ്യതയില്ല.

2014ലെ അല്ലെങ്കില്‍ 2018ലെ; പോട്ടെ 2022ലെ ലോകകപ്പ് ഫുട്ബോളിന് ഇന്ത്യ യോഗ്യത നേടുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ? ആത്മാഭിമാനം പുലര്‍ത്തുന്ന ഒരു അഭിപ്രായസര്‍വേക്കാരന്‍ ചോദിക്കാന്‍ മടിക്കുന്ന ചോദ്യമാണിത്. കൊല്‍ക്കത്തയിലെയും ഗോവയിലെയും മലപ്പുറത്തെയും ചില ഫുട്ബോള്‍ ഭ്രാന്തന്മാര്‍ മാത്രമായിരിക്കും ഈ ചോദ്യത്തിന് അനുകൂലമായി മറുപടി നല്‍കുക.

ബ്രിട്ടീഷുകാരന്‍ ബോബ് ഹഗ്ടനാണ് ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകന്‍. അദ്ദേഹത്തെപ്പോലെ കടലിനക്കരെനിന്ന് ഏത് വിദഗ്ധനെ വേണമെങ്കിലും കൊണ്ടുവരാം. പക്ഷേ, എത്ര വളമിട്ടു ചികിത്സിച്ചാലും ഇന്ത്യന്‍ ഫുട്ബോളിന്റെ കൂമ്പുചീയലിന് ശമനമുണ്ടാവില്ല. സാങ്കേതിക, സാമ്പത്തിക, ആസ്വാദകതലങ്ങളിലെല്ലാം ലോകഫുട്ബോള്‍ വന്‍ കുതിച്ചുചാട്ടം നടത്തുന്നുവെന്നതിലെ ആഹ്ളാദം ഇന്ത്യന്‍ ഫുട്ബോളിലെത്തുമ്പോള്‍ കെട്ടടങ്ങുകയാണ്. ഉയിര്‍പ്പിന്റെ നേരിയ പ്രതീക്ഷകള്‍ നല്‍കാറുണ്ടെങ്കിലും പിന്നെയും ഗ്രാഫ് നിലംപതിക്കുകയാണ്. ഇന്നലെകളില്‍ ഏറെ പിന്നില്‍ നിന്നിരുന്ന ഏഷ്യന്‍ രാജ്യങ്ങള്‍പോലും ഫിഫ റാങ്കിങ്ങില്‍ ബഹുദൂരം മുന്നോട്ടു കുതിക്കുന്നു. ദക്ഷിണകൊറിയയും ജപ്പാനും ഇറാനും സൌദി അറേബ്യയും ഉത്തരകൊറിയയുമെല്ലാം ശ്രദ്ധേയ ശക്തികളായിക്കഴിഞ്ഞു.

ഏഷ്യക്കുമപ്പുറത്ത് ഫുട്ബോളിന്റെ വിശാലമായ അതിരുകള്‍ തേടുന്ന ജപ്പാനെയും കൊറിയകളെയും ഇറാനെയുംപോലുള്ള ഇന്നത്തെ കൊമ്പന്‍ടീമുകളെയെല്ലാം അനായാസം തോല്‍പിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിരുന്നു. പ്രബലരായ ഇറാനെ കീഴടക്കിയാണ് ഇന്ത്യ ആദ്യമായി ഏഷ്യന്‍ ഗെയിംസില്‍ കിരീടമണിയുന്നത്. 1948നും '75നുമിടയ്ക്ക് നാലു തവണ നാം ദക്ഷിണകൊറിയയെ തുരത്തിയിട്ടുണ്ട്. ഇന്ന് ഇരുകൊറിയകളും ജപ്പാനും ഓഷ്യാനയില്‍നിന്നെത്തിയ ഓസ്ട്രേലിയയും ഏഷ്യയുടെ പതാകവാഹകരായി ദക്ഷിണാഫ്രിക്കയില്‍ ലോകകപ്പിനിറങ്ങി.ഫുട്ബോളില്‍ ഇന്ത്യയുടെ നിലവാരം താണുപോകാന്‍ എന്താണ് കാരണം? വാസ്തവത്തില്‍ നിലവാരം താണിട്ടില്ല. ലോകത്തിലെ മറ്റ് രാജ്യങ്ങളുടെ ഫുട്ബോളിലെ നിലവാരം ഉയര്‍ന്നപ്പോള്‍ അതോടൊപ്പം ഇന്ത്യ ഉയര്‍ന്നില്ല എന്നതാണ് സത്യം. 1950കളിലെയോ 60കളിലെയോ നിലവാരത്തില്‍തന്നെയാണ് ഇന്ത്യ. എട്ട്തവണ ഒളിമ്പിക്സ് ഹോക്കിയില്‍ ചാമ്പ്യന്‍മാരായ ഇന്ത്യക്ക് ആ കളിയിലും സംഭവിച്ച പതനം ഇതുതന്നെയാണ്. മുമ്പ് ഇന്ത്യ ഫുട്ബോളില്‍ തലയുയര്‍ത്തി നിന്നെങ്കില്‍ അതിനു കാരണം മികച്ച കളിക്കാരുടെ നിരയെ എന്നും നിലനിര്‍ത്താന്‍ കഴിഞ്ഞു എന്നതാണ്. ശൈലന്‍മന്ന, അമീര്‍ ഖാന്‍, അബ്ദുറഹിമാന്‍, മേവലാല്‍, ചുനി ഗോസ്വാമി, ലത്തീഫ്, പി കെ ബാനര്‍ജി, അരുണ്‍ഘോഷ്, ഒ ചന്ദ്രശേഖരന്‍, അഹമ്മദ് ഖാന്‍, സി ചന്ദ്രശേഖര്‍, ജര്‍ണയില്‍സിങ് അങ്ങനെപോകുന്നു ആ പട്ടിക. ക്രിക്കറ്റ്പോലെയല്ല ഫുട്ബോള്‍. ഗാവസ്കറെയും സച്ചിനെയും അനില്‍ കുംബ്ളെയും കപില്‍ദേവിനെയുംപോലെ ചില ലോകോത്തര കളിക്കാരുണ്ടെങ്കില്‍ ഇന്ത്യക്ക് ജയിക്കാന്‍ കഴിഞ്ഞെന്നിരിക്കും. ഫുട്ബോളിലാകട്ടെ എല്ലാ രംഗത്തും മികച്ച കളിക്കാര്‍ തന്നെയുണ്ടാകണം. അഥവാ, ടീംതന്നെയാണ് ഇവിടെ കളിക്കാര്‍, ലോകകപ്പില്‍ ബ്രസീല്‍, അര്‍ജന്റീന, ഇറ്റലി, ഇംഗ്ളണ്ട് തുടങ്ങിയ മിക്ക ടീമുകളിലും നാം കാണുന്നത് ഇതാണ്.

അതേസമയം ഇന്ത്യന്‍ ഫുട്ബോള്‍ പലപ്പോഴും ഒരാളെ ആശ്രയിച്ചു മാത്രം കളിക്കുന്നു. ഒന്നുകില്‍ ഇന്ദര്‍സിങ് അല്ലെങ്കില്‍ മഖന്‍സിങ് അതുമല്ലെങ്കില്‍ സുഭാഷ് ഭൌമിക് എന്നീ ഒറ്റയാന്‍മാര്‍. പിന്നീട് ആ കേന്ദ്രബിന്ദു ഐ എം വിജയനും തുടര്‍ന്ന് ബെയ്ചുങ് ബൂട്ടിയയുമായി. ഇന്ത്യന്‍ ഫുട്ബോളിനെ അടിമുടി മാറ്റിമറിക്കുമെന്ന പ്രഖ്യാപനത്തോടെ 14 വര്‍ഷം മുമ്പ് ആരംഭിച്ച ദേശീയലീഗിന്, വിദേശതാരങ്ങള്‍ ഗോളടിച്ചുകൂട്ടുന്നതിനപ്പുറത്ത്, ആഭ്യന്തരഫുട്ബോളില്‍ ഗുണപരമായ മാറ്റം സംഭവിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.രാജ്യത്തെ ഫുട്ബോള്‍ പ്രണയികളെ സംബന്ധിച്ചിടത്തോളം ആകാശത്തുകൂടി പറന്നുവന്ന്, ടി വി സ്ക്രീനില്‍ വന്നുകയറി ഹര്‍ഷോന്മാദം സൃഷ്ടിക്കുന്ന യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളികള്‍ മാത്രമാണ് ആശ്രയം. പിന്നെ ലോകകപ്പ്, യൂറോകപ്പ്, കോപ്പ അമേരിക്ക, ചാമ്പ്യന്‍സ് ലീഗ് അങ്ങനെ വൈവിധ്യമാര്‍ന്ന ലഹരികളും. പതിമൂന്ന് ലക്ഷം മാത്രം ജനസംഖ്യയുള്ള ട്രിനിഡാഡ് ടൊബാഗോയും സെര്‍ബിയ മോണ്ടെനെഗ്രോയും കാമറൂണും സെനഗലും ഘാനയും കൊറിയകളും ജപ്പാനുമൊക്കെ വിശ്വഫുട്ബോളില്‍ രചിക്കാറുള്ള വീരഗാഥകളും ഇന്ത്യയിലെ പാവം ഫുട്ബോള്‍ പ്രേമികളുടെ മനംകുളിര്‍പ്പിക്കുന്നു. പോരേ പൂരം. ദേശീയടീമിന്റെ കാര്യം അവിടെ നില്‍ക്കട്ടെ. യാക്കൂബും ബരറ്റോയും ഒഡാഫമാരുമെല്ലാം അടക്കിവാഴുന്ന ദേശീയ ഐ ലീഗില്‍ ഇന്ത്യന്‍ കളിക്കാര്‍ കാഴ്ചക്കാരായി മാറുന്നതാണ് ഇന്നത്തെ ഏറ്റവും വ്യസനകരമായ ചിത്രം.

കളിക്കാരെ വിടാം. ഹൈദരാബാദുകാരന്‍ എസ് എ റഹിമിനെപ്പോലെ ഒരു കോച്ചിനെയും നമുക്ക് ലഭിച്ചിട്ടില്ല. ഇന്ത്യന്‍ കാലാവസ്ഥയുടെ വിഘടിതസ്വഭാവത്തിനു കീഴില്‍നിന്ന് വരുന്ന കളിക്കാരുടെ വാസനകളെ എങ്ങനെ സമന്വയിപ്പിക്കണമെന്ന് റഹിം സാഹിബിന് നന്നായി അറിയാമായിരുന്നു. സ്വദേശികളും പരദേശികളുമായ ഒട്ടുവളരെ പരിശീലകര്‍ മാറിമാറി ദേശീയ ഫുട്ബോള്‍ ടീമിന്റെ ചുമതല കയ്യാളുന്നുണ്ടെങ്കിലും റഹിമിനെപ്പോലൊരു കണ്ടെത്തലുകാരനും ശിക്ഷകനും പിന്നീട് ഉണ്ടായിട്ടില്ല.

ലോകഭൂപടത്തില്‍ ഒരു പൊട്ട് മാത്രമായി കാണപ്പെടുന്ന തീരെ ചെറിയ രാജ്യങ്ങള്‍ക്കുപോലും ലോകകപ്പ് ഫുട്ബോളില്‍ കളിക്കാന്‍ കഴിയുന്നെങ്കില്‍ ജനസംഖ്യയില്‍ രണ്ടാമത്തെ രാജ്യമായ ഇന്ത്യക്ക് അത് സാധിക്കുകയില്ലെന്ന് എങ്ങന്െ വിശ്വസിക്കും. ഈ ദയനീയസ്ഥിതിയില്‍നിന്ന് മോചനം നല്‍കാനുള്ള ഏകമാര്‍ഗം യൂറോപ്പിലെയും മറ്റുംപോലെ പ്രൊഫഷണല്‍ ക്ളബ്ബുകളെ ഇവിടെ വളര്‍ത്തിയെടുക്കുകയെന്നതാണ്. പതിനഞ്ചാണ്ട് മുമ്പ് തുടങ്ങിയ ആഭ്യന്തരലീഗിന്റെ സുസംഘടിതമായ ഭൂമികയിലാണ് ജപ്പാന്‍കാര്‍ ലോകകപ്പ് മോഹങ്ങള്‍ക്ക് യാഥാര്‍ഥ്യത്തിന്റെ നിറംനല്‍കിയത്. ജയിച്ചേ അടങ്ങൂ, അല്ലെങ്കില്‍ തോല്‍പിച്ചേ അടങ്ങൂഎന്ന വാശിയോടെ കളിക്കാന്‍ കഴിവും സമര്‍പ്പണവുമുള്ള കളിക്കാരെ ഇന്ത്യയില്‍ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞാല്‍ നമുക്കും ആ വലിയ മോഹം നടക്കുമെന്ന കാര്യം തീര്‍ച്ചയാണ്.

തന്റെ എല്ലാ നടപടികളിലും ഫുട്ബോളിന്റെ നന്മ മാത്രം കാംക്ഷിക്കുന്നവനാണ് ഫിഫ അധ്യക്ഷന്‍ സെപ്പ് ബ്ളാറ്റര്‍. ഇന്ത്യയുള്‍പ്പെടെ ലോകത്തിലെ മൂന്നാംലോകക്കാരെ വിധി പദ്ധതികളിലായി ഫിഫ ഉദാരമായി സഹായിക്കുന്നു. ബുദ്ധിമാനായ ബ്ളാറ്റര്‍ പറയുന്നത് ഇന്ത്യ ഉറങ്ങുന്ന സിംഹമാണെന്നാണ്. ഇന്ത്യന്‍ ജനതയുടെ പത്തിലൊന്നുപേര്‍ ഫുട്ബോള്‍ കാണാന്‍ തുടങ്ങിയാല്‍ യൂറോപ്പിനെ വെല്ലുന്ന ടെലിവിഷന്‍ മാര്‍ക്കറ്റായി ഇന്ത്യ മാറുമെന്ന് മനസ്സിലാക്കിയ ആദ്യത്തെ ആള്‍ ബ്ളാറ്ററാണ്. നാളെയെങ്ങാന്‍ ഇന്ത്യന്‍ ഫുട്ബോള്‍ എന്ന സിംഹം ഉണര്‍ന്നാല്‍ ലോകത്തെ വിഴുങ്ങാന്‍ പോന്ന ശക്തനാകുമല്ലോ എന്ന സ്വകാര്യസന്തോഷംകൂടിയുണ്ട് ബ്ളാറ്ററുടെ ഉദാരമനസ്സില്‍. 1994ല്‍ ലീഗ് തുടങ്ങിയതിനു ശേഷം പത്തു വര്‍ഷത്തിനുള്ളില്‍ ചൈനീസ് ഫുട്ബോള്‍ മാര്‍ക്കറ്റിന്റെ മൂല്യം അഞ്ഞൂറു കോടിയായി ഉയര്‍ന്നു. ചൈനയിലെ 138 കോടിയില്‍ പകുതിയോളംപേര്‍ കളി കാണുന്നവരായി മാറിയിട്ടുണ്ടെന്നാണ് കണക്ക്. പണവും പരസ്യവും മാത്രമല്ലല്ലോപ്രധാനം. ലോകജനസംഖ്യയില്‍ പകുതിയോളം വരുന്ന ഈ രണ്ടു രാജ്യങ്ങളില്‍ കളി വളര്‍ത്താന്‍ കഴിഞ്ഞാല്‍ അത് തന്റെ ഏറ്റവും വലിയ നേട്ടമായി ഭാവിചരിത്രം രേഖപ്പെടുത്തുമെന്ന് ബ്ളാറ്റര്‍ക്കറിയാം.

വളര്‍ച്ചയുടെ സീമകള്‍ താണ്ടിക്കഴിഞ്ഞ യൂറോപ്പിനെക്കാള്‍ ഫുട്ബോള്‍ കളി വളര്‍ത്താന്‍ ഇപ്പോള്‍ പറ്റിയത് ഏഷ്യയുടെയും ആഫ്രിക്കയുടെയും മണ്ണാണ്. ഈ രണ്ട് വന്‍കരകളിലെയും ഫുട്ബോളിന്റെ പൊതുധാരയ്ക്ക് അനുസൃതമായി വളരാനും വികസിക്കാനും ഇന്ത്യന്‍ ഫുട്ബോളിനും കഴിയണം.

ലോകത്ത് മറ്റെല്ലാ രാജ്യത്തും ഫുട്ബോള്‍ കളി നിര്‍ത്തിയാലും കുഴപ്പമില്ല. ഇന്ത്യയും ചൈനയും മാത്രം കളിച്ചാല്‍ മതി കാല്‍പ്പന്തുകളി നിലനില്‍ക്കും. പണം കായ്ക്കുകയും ചെയ്യും. ഇന്ത്യ നാളെ ലോകകപ്പിനു യോഗ്യത നേടിയാല്‍ ഫുട്ബോള്‍ മാര്‍ക്കറ്റിലും അതിന്റെ ഗ്രാഫ് കുത്തനെ ഉയരും. അതിലൂടെ ലോകകപ്പ് വേദി നേടിയെടുക്കാനും ഇന്ത്യക്ക് കഴിഞ്ഞേക്കാം.

അതിനുവേണ്ടത് നാം ഇന്ത്യക്കാര്‍ വീണ്ടും ആണുങ്ങളെപ്പോലെ പന്ത് കളിച്ചുതുടങ്ങണം. ഓരോ കുട്ടിയും പന്ത് തട്ടിക്കളിക്കുന്ന നാളെയിലേക്ക് ഈ മഹാരാജ്യം എത്തണം. ഇല്ലെന്നുറപ്പാണെങ്കില്‍ ലോകത്തിന്റെ ഈ ജനകീയവിനോദത്തോട് നമുക്ക് സലാം പറയാം.

ഇന്ത്യന്‍ ഫുട്ബോള്‍ രജതരേഖകള്‍

1948: ലണ്ടന്‍ ഒളിമ്പിക്സില്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം അരങ്ങേറ്റംകുറിച്ചു.

1950: ബ്രസീലില്‍ നടന്ന ലോകകപ്പ് ഫുട്ബോളില്‍ പങ്കെടുക്കാന്‍ അവസരം കിട്ടിയെങ്കിലും പിന്‍മാറി.

1951: ഡല്‍ഹിയില്‍ പ്രഥമ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍.

1952: ഹെല്‍സിങ്കി ഒളിമ്പിക്സില്‍ പങ്കെടുത്തു.

1956: മെല്‍ബണില്‍ ഒളിമ്പിക്സ് സെമിഫൈനലിലെത്തുന്ന ആദ്യ ഏഷ്യന്‍ രാഷ്ട്രമായി മാറി.(സെമിയില്‍ യൂഗോസ്ളാവിയയോട് 4-1നു തോറ്റ ഇന്ത്യ പ്ളേ ഓഫില്‍ ബള്‍ഗേറിയയോട് 3-0ന് കീഴടങ്ങി).

1960: റോം ഒളിമ്പിക്സില്‍ പങ്കെടുത്തു.

1962: ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം.

1964: ഏഷ്യാകപ്പില്‍ രണ്ടാംസ്ഥാനം.

1966: മെര്‍ദേക കപ്പില്‍ മൂന്നാംസ്ഥാനം.

1970: ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസില്‍ വെങ്കലമെഡല്‍.

1974: ജൂനിയര്‍ ഏഷ്യാകപ്പില്‍ ഇറാനൊപ്പം സംയുക്തജേതാക്കള്‍.

1985: ബ്രസീലിലെ സാവോപോളോ ക്ളബ്ബുമായി സമനില.

1987,1991,1993,1995,1999: സാഫ് ഗെയിംസില്‍ സ്വര്‍ണം.

1993,1995,1997,2003,2005: സാഫ് കപ്പ് ചാമ്പ്യന്മാര്‍.

2002:വിയത്നാമില്‍ എല്‍ജി കപ്പ് അന്താരാഷ്ട്ര ഫുട്ബോള്‍ കിരീടം നേടി.

2007: ന്യൂഡല്‍ഹിയില്‍ നെഹ്റു കപ്പ് ജേതാക്കള്‍.

2008: സാഫ് കപ്പ് ഫൈനലില്‍ മാലിദ്വീപിനോട് തോല്‍വി.

2009: ന്യൂഡല്‍ഹിയില്‍ വീണ്ടും നെഹ്റുകപ്പ് ജയം.

*
എ എന്‍ രവീന്ദ്രദാസ് കടപ്പാട്: ദേശാഭിമാനി വാരിക

Friday, June 25, 2010

ഗോത്രത്തനിമ, അന്ധവിശ്വാസം, ആഭിചാരം

മാനവരാശിയെ ഒന്നടങ്കം ആവേശത്തിന്റെ പരകോടിയിലേക്ക് ആനയിക്കാന്‍ ഫുട്ബോളിനെപ്പോലെ മറ്റൊന്നിനും കഴിഞ്ഞിട്ടില്ല. കണ്ണീരും കിനാവും ഇഴപിരിയുന്ന കളിമുറ്റങ്ങളിലൂടെ ആ തുകല്‍പ്പന്ത് പുതിയ ലക്ഷ്യങ്ങള്‍ തേടുമ്പോള്‍ അത് ലോകത്തിന്റെ സുകൃതമാകുന്നു. സ്ഥലകാലങ്ങള്‍ക്കതീതമായി മനുഷ്യന്റെ കായികാഹ്ളാദമായിത്തീര്‍ന്ന വിനോദമാണ് കാല്‍പ്പന്തുകളി. അതുകൊണ്ടുതന്നെ ലോകകപ്പ് ഫുട്ബോള്‍ ലോകത്തിന്റെ ഉത്സവമാണ്.

എന്നാല്‍, ഫുട്ബോളിനെ കായികവിനോദമെന്നതിനെക്കാള്‍ മനുഷ്യകുലത്തിന്റെ ഗോത്രസ്വഭാവത്തോട് ചേര്‍ന്നിരിക്കുന്ന ഒന്നായി കാണാനാണ് നരവംശശാസ്ത്രജ്ഞര്‍ക്കും സാമൂഹ്യശാസ്ത്രവിചക്ഷണര്‍ക്കും ഇഷ്ടം. സമാധാനവും സാഹോദര്യവും ഈ കളിയുടെ ഉപരിതലത്തില്‍ മാത്രമാണ് ഉള്ളതെന്നും ആഴത്തിലേക്ക് അത് മനുഷ്യന്റെ പ്രാകൃതചോദനകളെ ഉണര്‍ത്തുന്ന ഒന്നാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

യഥാര്‍ഥ യുദ്ധത്തിലേതുപോലെ ചോരപ്പുഴകള്‍ ഇല്ലെന്നതൊഴിച്ചാല്‍ ആഗോളതലത്തില്‍ നടക്കുന്ന ഗോത്രയുദ്ധമാണത്രെ ഫുട്ബോള്‍. നിറപ്പകിട്ടാര്‍ന്ന വസ്ത്രങ്ങളണിഞ്ഞ്, ദേശത്തിന്റെ പതാക വീശിയെത്തുന്നവര്‍ പഴയ ഗോത്രവര്‍ഗക്കാരുടെ ആധുനികപകര്‍പ്പ് മാത്രമാണ്. ദേശീയപതാക എന്നത് ഗോത്രങ്ങളുടെ അടിസ്ഥാനലക്ഷണമാണെന്നും മത്സരം നടക്കുമ്പോള്‍ സ്റ്റേഡിയത്തിലും അതിനുശേഷം തെരുവിലും കലാപം വിതറുന്ന തെമ്മാടിക്കൂട്ടങ്ങള്‍ ഗോത്രസ്വഭാവത്തിന്റെ പകര്‍പ്പുകളാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

ഈ കളിയിലെ താരങ്ങളെ ആരാധകര്‍ ഒരുതരം അടിമസ്വഭാവത്തോടെ സേവിക്കുന്നു. താരത്തിന് കൈകൊടുക്കുമ്പോഴോ അയാളോടൊത്ത് ഫോട്ടോ എടുക്കുമ്പോഴോ ലോകം കീഴടക്കിയ അനുഭൂതിയാണ് ആരാധകര്‍ക്ക്. നിങ്ങള്‍ക്ക് നിങ്ങളുടെ കാമുകിയെ, ഭാര്യയെ മാറ്റാം. വാഹനം, ജോലി, രാഷ്ട്രീയം, സുഹൃത്തുക്കള്‍ എല്ലാം മാറാം. പക്ഷേ, നിങ്ങള്‍ക്ക് ഒരിക്കലും ഇഷ്ട ഫുട്ബോള്‍ ടീമിനെ മാറ്റാനാവില്ല. അര്‍ജന്റീനയിലും മറ്റും വിവിധ ഫുട്ബോള്‍ ക്ളബ്ബുകളുടെ ആരാധകര്‍ ബദ്ധശത്രുക്കളെപ്പോലെയാണ്. ബ്രസീലിലും ജര്‍മനിയിലും ഇംഗ്ളണ്ടിലും എന്തിന് കൊല്‍ക്കത്തയിലും ഗോവയിലുമെല്ലാം കാണുന്ന, ഭ്രാന്തിന്റെ വക്കോളമെത്തുന്ന ഈ ഫുട്ബോള്‍ കമ്പം ആരാധകരെ വ്യത്യസ്ത ഗോത്രങ്ങളാക്കി മാറ്റുന്നുവത്രെ. അങ്ങനെ നോക്കുമ്പോള്‍ ഗോത്രത്തനിമയുടെ, ദേശീയവികാരത്തിന്റെ, സ്നേഹത്തിന്റെ, പകയുടെ, വിശ്വാസങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും തന്ത്രത്തിന്റെയും മന്ത്രത്തിന്റെയും ആഭിചാരക്രിയകളുടെയുമൊക്കെ പ്രദര്‍ശനശാലയാണ് ഈ കളിമേടുകള്‍.

ഓരോ ലോകകപ്പിനും അത്തരം രസകരമായ കഥകളും വസ്തുതകളുമുണ്ട്. 80 ആണ്ട് പിന്നിടുന്ന ലോകകപ്പിലെ രസകരമായ ആ കഥകളും വിസ്മയങ്ങളും വിശേഷങ്ങളും ഓര്‍ക്കാന്‍ ഇതിലും പറ്റിയ സമയമില്ല. ഫുട്ബോള്‍ കളിയില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിരിക്കാം. ആധുനികസങ്കേതങ്ങള്‍ ഉപയോഗിക്കുന്നുണ്ടാകാം. പക്ഷേ, ഭൂരിഭാഗം കളിക്കാരും ആരാധകരും പരിശീലകരും അന്ധവിശ്വാസങ്ങളുടെ പഴയ ലോകത്തുതന്നെയാണ്. മതം, അനുഷ്ഠാനം, ജ്യോത്സ്യം, ദുര്‍മന്ത്രവാദം എന്തുതന്നെയായാലും ഫുട്ബോള്‍ ലോകത്ത് അനുയായികള്‍ക്ക് പഞ്ഞമില്ല. ദക്ഷിണാഫ്രിക്കയിലെത്തിയ ഓരോ ടീമിനുമൊപ്പം അന്ധവിശ്വാസങ്ങളുടെ ഓരോ പെട്ടികൂടി ഉണ്ടെന്നുറപ്പ്.

ഈ ലോകകപ്പില്‍ സ്പെയിനിന്റെ കോച്ചായ വിസെന്റെ ഡെല്‍ ബോസ്കിന് മഞ്ഞ കണ്ടാല്‍ ഹാലിളകില്ല. പക്ഷേ, കഴിഞ്ഞ ലോകകപ്പില്‍ അവരുടെ പരിശീലകനായിരുന്ന ലൂയി അരഗോണിസിന് മഞ്ഞ കണ്ടാല്‍ കലിയിളകുമായിരുന്നു. അന്ന് മഞ്ഞ ടീഷര്‍ട്ട് ഇട്ട് ക്യാമ്പിലെത്തിയ റൌള്‍ ഗോണ്‍സാലസിന്റെ അപ്പൂപ്പനെവരെ അരഗോണിസ് ചീത്തവിളിച്ചു. കാരണം ബ്രസീലുകാരുടേതാണ് മഞ്ഞക്കുപ്പായം. അവരുടെ ചരിത്രനേട്ടങ്ങളെല്ലാം മഞ്ഞയുടുപ്പില്‍ കയറിയതിനു ശേഷമാണെങ്കില്‍, അരഗോണിസിന് അത് നിര്‍ഭാഗ്യത്തിന്റെ നിറമാണ്. ഇക്കാര്യം അറിയാത്തതാണ് റൌളിന് വിനയായത്.

ലോകകപ്പ് ഫുട്ബോളില്‍ പങ്കെടുക്കുന്ന താരങ്ങളും പരിശീലകരും ടീമുമായി ബന്ധപ്പെട്ടവരുമെല്ലാം ഇത്തരം അന്ധവിശ്വാസങ്ങളുടെ പിടിയിലാകും. അന്ധവിശ്വാസങ്ങളെന്നു കേള്‍ക്കുമ്പോള്‍ ആഫ്രിക്കയെന്നാകും എല്ലാവരും ആദ്യമോര്‍ക്കുക. പക്ഷേ, യാഥാര്‍ഥ്യമറിയുമ്പോള്‍ മറിച്ച് പറയേണ്ടിവരും. മഞ്ഞക്കുപ്പായമിട്ട് ലോകം ജയിക്കുന്ന ബ്രസീലിനുമുണ്ട് ഇത്തരം അന്ധവിശ്വാസങ്ങള്‍. മരിയോ സഗാലോ എന്ന ഇതിഹാസകോച്ചിന് 13 എന്ന അക്കത്തോട് കടുത്ത ആരാധനയാണ്. ആ നമ്പറുള്ള ഷര്‍ട്ടേ അദ്ദേഹം ധരിക്കാറുള്ളൂ. അന്തോണിസ് പുണ്യവാളന്റെ ഭക്തയായ ഭാര്യയാണ് സഗാലോയെ പുണ്യവാളന്റെ നമ്പറായ 13ന്റെ അടിമയാക്കിയത്. കളിക്കാരനായും കോച്ചായും ലോകകപ്പ് ഉയര്‍ത്തിയ അപൂര്‍വബഹുമതിക്ക് ഉടമയാണ് സഗാലോ എന്നും ഓര്‍ക്കുക.

1986ല്‍ അര്‍ജന്റീനയെ വിശ്വവിജയത്തിലേക്ക് നയിക്കുകയും '90ല്‍ ഫൈനലിലെത്തിക്കുകയും ചെയ്ത കാര്‍ലോസ് ബിലാര്‍ഡോയും ഇക്കാര്യത്തില്‍ മോശക്കാരനല്ല. ഈ രണ്ട് ടൂര്‍ണമെന്റിലും ഇദ്ദേഹം ഒരേ ടൈതന്നെയാണ് ധരിച്ചത്. മെക്സിക്കോ ലോകകപ്പില്‍ അര്‍ജന്റീനയുടെ ആദ്യകളിക്കു മുമ്പ് ടീമിലെ ഒരു കളിക്കാരനോട് അദ്ദേഹത്തിന് ടൂത്ത്പേസ്റ്റ് വാങ്ങേണ്ടിവന്നു. കളിയില്‍ ടീം ജയിച്ചതോടെ ഫൈനല്‍വരെ, അടവുകളുടെ ആശാനെന്ന് അറിയപ്പെടുന്ന ബിലാര്‍ഡോ ടൂത്ത്പേസ്റ്റ് ഇരക്കല്‍ ശീലമാക്കി.

ദക്ഷിണാഫ്രിക്കയില്‍ ഫ്രാന്‍സിന്റെ പരിശീലകനായ റെയ്മണ്ട് ഡൊമെഷ് തന്നെയായിരുന്നു കഴിഞ്ഞതവണയും ടീമിനെ നയിച്ചത്. പക്ഷേ, അന്നദ്ദേഹം ഒരു പുകിലുണ്ടാക്കി. കളിക്കാരുടെ ജന്മനാള്‍ നോക്കിയാണ് അവരെ ടീമിലെടുത്തതെന്ന അദ്ദേഹത്തിന്റെ പ്രസ്താവന പരക്കെ എതിര്‍പ്പുണ്ടാക്കി. റോബര്‍ട്ട് പെറസിനെപ്പോലുള്ള സ്കോര്‍പ്പിയോ നാളുകാരാണ് ഇതിന്റെ ദുരന്തഫലം അനുഭവിച്ചത്. കോച്ചിന്റെ അഭിപ്രായത്തില്‍ സ്കോര്‍പ്പിയോക്കാര്‍ പരസ്പരം കൊന്നുതീരുന്നവരാണ്.

കൊമ്പന്‍പോയ വഴിയെ മോഴ എന്നാണല്ലോ ചൊല്ല്. പരിശീലകരുടെ കാര്യം ഇതാണെങ്കില്‍ കളിക്കാരുടെ കാര്യം പറയാനുണ്ടോ. 1986ലെ മെക്സിക്കോ ലോകകപ്പില്‍ സുവര്‍ണപാദുകം നേടിയ ഇംഗ്ളണ്ടിന്റെ ഗാരി ലിനേക്കര്‍ വാംഅപ്പില്‍ ഗോളിലേക്ക് പന്തടിക്കുകയേ ഇല്ല. അങ്ങനെ ചെയ്താല്‍ മത്സരത്തില്‍ ഗോളടിക്കില്ലെന്നാണ് വിശ്വാസം. അതേപോലെ ആദ്യപകുതിയില്‍ ഗോളടിച്ചില്ലെങ്കില്‍ രണ്ടാംപകുതിയില്‍ ജേഴ്സി മാറ്റും. ഗോളടിച്ചിട്ടുണ്ടെങ്കില്‍ അതേ കുപ്പായംതന്നെയാകും ധരിക്കുക.

റുമാനിയയുടെ മുന്‍താരമായ അഡ്രിയാന്‍ മുട്ടു ശാപങ്ങളൊന്നും ഏല്‍ക്കാതിരിക്കാന്‍ അടിവസ്ത്രം തലതിരിച്ച് ധരിക്കുമായിരുന്നു. അര്‍ജന്റീനയുടെ മുന്‍ ലോകകപ്പ് ഗോളി സെര്‍ജിയോ ഗൊയ്ക്കോഷ്യയാകട്ടെ പുറത്തുപറയാന്‍ കൊള്ളാത്ത ശീലക്കാരനായിരുന്നു. പെനല്‍റ്റി നേരിടാന്‍ ക്രോസ്ബാറിനു കീഴെ എത്തുംമുമ്പെ ഷോര്‍ട്സ് അല്‍പമൊന്നുയര്‍ത്തി മൂത്രമൊഴിക്കുകയായിരുന്നു ഗൊയ്ക്കോഷ്യയുടെ പതിവ്. ഗ്രൌണ്ടിലേക്ക് പോകുമ്പോള്‍ ബസ്സില്‍ ഒരേ സീറ്റില്‍ ഇരിക്കുക, എപ്പോഴും ഒരേ പാട്ട് കേള്‍ക്കുക അങ്ങനെ ഒരുപാട് അന്ധവിശ്വാസങ്ങള്‍ ഫുട്ബോള്‍ ലോകത്തുണ്ട്.

ലോകകപ്പിന് കഥകള്‍ വേറെയുമുണ്ട് പറയാന്‍. 1974ല്‍ പശ്ചിമജര്‍മനിയില്‍ നടന്ന ലോകകപ്പിന് സയര്‍ (കോംഗോ) ടീം എത്തിയത് മന്ത്രവാദികളുടെ വലിയ സംഘവുമായാണ്. ഒറ്റ ലക്ഷ്യം മാത്രം, ജയം. കണ്ടമാനം കാശുപൊടിച്ച് അത്യപൂര്‍വമായ ആഭിചാരകര്‍മങ്ങള്‍ ചെയ്തു. പക്ഷേ, ഫലം അവര്‍ക്കുതന്നെ തിരിച്ചടിയാകുകയായിരുന്നു. ആദ്യം സ്കോട്ലന്‍ഡിനോടും പിന്നെ ബ്രസീലിനോടും പരാജയപ്പെട്ട സയര്‍ ടീം യൂഗോസ്ളാവിയയോട് തോറ്റു തുന്നംപാടി (9-1).

ലോകകപ്പ് എത്തുമ്പോള്‍ തായ്ലന്‍ഡിലെ പ്രശസ്തയായ ഒരു ജ്യോതിഷിയുടെ വീട്ടില്‍ കാണികള്‍ എത്തും. വ്യാഴനില ആര്‍ക്കാണ് അനുകൂലമെന്ന് ഈ ജ്യോതിഷി പറഞ്ഞാല്‍ വാതുവെപ്പുകാര്‍ പിന്നെ മറ്റൊരു ടീമിനെക്കുറിച്ച് ചിന്തിക്കാറില്ല.

1966ലെ ജേതാക്കളായ ഇംഗ്ളണ്ടിന്റെ പരിശീലകന്‍ ആല്‍ഫ് റാംസെ വല്ലാത്തൊരു പ്രകൃതക്കാരനായിരുന്നു. ക്വാര്‍ട്ടറില്‍ ഇംഗ്ളണ്ട് അര്‍ജന്റീയെ തോല്‍പിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ ക്രൌര്യം പ്രകടമായത്. കളി കഴിഞ്ഞയുടനെ റാംസെ ഗ്രൌണ്ടിലേക്ക് കുതിക്കുന്നതു കണ്ടപ്പോള്‍ വിജയം ആഘോഷിക്കാനാണെന്നാണ് കരുതിയത്. എന്നാല്‍, തന്റെ കളിക്കാര്‍ എതിര്‍ ടീമംഗങ്ങള്‍ക്ക് സൌഹൃദത്തിന്റെ സ്മരണികയായി ജഴ്സി കൈമാറുന്നത് തടയാനാണ് അദ്ദേഹം വെപ്രാളപ്പെട്ട് കുതിച്ചത്. തന്റെ കളിക്കാരോട് റാംസെ ആക്രോശിച്ചു-'നമ്മള്‍ മൃഗങ്ങളുമായി കുപ്പായം പങ്കുവെക്കാറില്ല'.

ലോകകപ്പ് ഫുട്ബോളില്‍ ഏറ്റവും ശ്രദ്ധേയമായ വാക്കുകള്‍ ഫ്രഞ്ചുകാരനായ ഇമ്മാനുവല്‍ഗംബാര്‍ദെയുടേതാണ്. 1938ലെ ടൂര്‍ണമെന്റില്‍ സ്വീഡന്‍ 8-0ന് ക്യൂബയെ തകര്‍ത്തു. അഞ്ചു ഗോള്‍ കണ്ടപ്പോഴേക്കും, ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ അദ്ദേഹം ടൈപ്പ് റൈറ്റര്‍ അടച്ചുവെച്ചു. ' അഞ്ചു ഗോള്‍വരെ ആകാം. അതില്‍ ജര്‍ണലിസമുണ്ട്. അതിനു ശേഷമുള്ളത് സ്റ്റാറ്റിസ്റ്റിക്സ് മാത്രമായിരുന്നു' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

*
എ എന്‍ രവീന്ദ്രദാസ് കടപ്പാട്: ദേശാഭിമാനി വാരിക

Sunday, June 20, 2010

ഫുട്ബാള്‍ - കലാപങ്ങളും ഉയിര്‍ത്തെഴുന്നേല്‍പുകളും

ഫുട്ബാള്‍ വെറുമൊരു കളി മാത്രമാണോ? കോടികള്‍ മാറിമറയുന്ന, പ്രൊഫഷണല്‍ ക്ളബ്ബുകളും പരസ്യവരുമാനവും ടെലിവിഷന്‍ ലൈവ് സംപ്രേക്ഷണങ്ങളും വിപണനങ്ങളും അടങ്ങിയ വ്യാപാരമാണോ അത്? അതോ, ചരിത്രവും ചരിത്രത്തിലെ തെറ്റുതിരുത്തലും പ്രതികാരങ്ങളും രാജ്യങ്ങള്‍ തമ്മിലുള്ള പ്രതീതി യുദ്ധങ്ങളും ഗോത്രത്തനിമയുടെ പുനരായനവും എല്ലാം ഇടകലരുന്ന ഒരു ചലനാത്മക പ്രതിഭാസമോ? ഫുട്ബാള്‍ സംഗീതവും നൃത്തവും നാടകവും പ്രണയവും വീരാരാധനയും രാജ്യസ്നേഹവും രാജ്യദ്രോഹവും എല്ലാമെല്ലാമാണോ? ഉത്തരങ്ങളുണ്ട്, പക്ഷെ ഇല്ല.

നൂറു കോടിയില്‍ പരം ജനങ്ങളധിവസിക്കുന്ന ഇന്ത്യയിലെ ഫുട്ബാള്‍ ഇത്രയും നിലവാരം കുറഞ്ഞതായതെന്തുകൊണ്ട്? ലോകകപ്പിന്റെ ക്വാളിഫയിംഗ് റൌണ്ടില്‍ വെച്ചുതന്നെ അത് നിഷ്ക്കരുണം തള്ളപ്പെടുന്നതെന്തുകൊണ്ട്? ഈ കളിക്കുറവുകാരുടെ രാജ്യത്ത് പക്ഷെ ഫുട്ബാള്‍ വമ്പിച്ച ഹരമായി മനുഷ്യരുടെ മനസ്സിലും ശാരീരികാനന്ദത്തിലും ഉള്‍ച്ചേര്‍ന്നതെങ്ങനെ? മലയാളത്തനിമയുടെ ഘടകവിസ്താരങ്ങളില്‍ എന്നും മാറ്റി നിര്‍ത്തപ്പെടുന്ന മലപ്പുറത്തുകാര്‍ക്കുള്ളത്ര ഫുട്ബാള്‍ ഭ്രാന്ത് കൊല്‍ക്കത്തക്കാര്‍ക്കു കൂടിയുണ്ടാവുമോ എന്ന് സംശയമാണ്. ഫുട്ബാള്‍ രക്തത്തിലും ധമനികളിലും നിരന്തരസാന്നിദ്ധ്യമായ ലോകജനതയുടെ കാഴ്ചകള്‍, കാഴ്ചപ്പാടുകള്‍, വികാരങ്ങള്‍, ഉത്ക്കണ്ഠകള്‍, ആഹ്ളാദങ്ങള്‍, നിരാശകള്‍ എല്ലാം പ്രതിഫലിക്കുന്ന ഒരര്‍ത്ഥത്തില്‍ ഏറ്റവും മാനുഷികമായ ഒരു കായികപ്രകടനം എന്ന നിലക്ക് ഫുട്ബാള്‍, ചരിത്രത്തില്‍ പരിഗണിക്കപ്പെട്ടതെങ്ങനെ എന്ന അന്വേഷണമാണ് നാം മുന്നോട്ട് കൊണ്ടു പോകേണ്ടത്. അത്തരമൊരന്വേഷണം ഏതൊരു ചരിത്ര/രാഷ്ട്രീയ വിദ്യാര്‍ത്ഥിക്കും മനുഷ്യസ്നേഹിക്കും പ്രയോജനപ്രദമായിത്തീരുകയും ചെയ്യും.

നിഷ്കളങ്കബാല്യം മുതല്‍ പൌരുഷത്തിന്റെ പക്വത നേടിയതുവരെയുള്ള രണ്ട് പതിറ്റാണ്ടുകാലം അര്‍ജന്റീനയുടെ ശുഭാപ്തി വിശ്വാസത്തിന്റെ പ്രതീകമായിരുന്നു മറഡോണ. മറഡോണയുടെ നിരാശയായിരുന്നു അര്‍ജന്റീനയുടെ ദുരന്തം. മറഡോണയുടെ ആഘോഷമായിരുന്നു അര്‍ജന്റീനയുടെ പ്രതാപം. ദൈവസമാനമായ ഇതിഹാസമായി അര്‍ജന്റീനക്കാരും ലാറ്റിന്‍ അമേരിക്കക്കാരും ലോകരാകെയും കൊണ്ടാടുന്ന മറഡോണയെ ക്കുറിച്ചറിയുന്നതുപോലും വിസ്മയാവഹമായ അനൂഭൂതിയാണുണര്‍ത്തുക. കാരണം, മറഡോണയുടെ ഇതിഹാസ കഥ പറയുക എന്നതിനര്‍ത്ഥം; അര്‍ജന്റീനയുടെ ലാറ്റിനമേരിക്കയുടെ കഥ പറയുക എന്നര്‍ത്ഥം; ലാറ്റിനമേരിക്കയുടെ രാഷ്ട്രീയം, സംസ്കാരം, സാമൂഹികമാറ്റം എന്നിവയും ഫുട്ബാളും തമ്മിലുളള അഭേദ്യമായ ബന്ധം പഠനവിധേയമാക്കുക എന്നര്‍ത്ഥം; പട്ടാള ഭരണം, സ്വേച്ഛാധിപത്യം, അഴിമതി, യുദ്ധം, തൊഴിലില്ലായ്മ എന്നിവ അര്‍ബ്ബുദം പോലെ ബാധിച്ച അര്‍ജന്റീനയുടെ ചരിത്രം പരിശോധിക്കുക എന്നര്‍ത്ഥം; എന്നതു തന്നെയാണ്. ലാറ്റിനമേരിക്കയെ സംബന്ധിച്ച് ഫുട്ബാള്‍ കളി ഒരു കളിമാത്രമല്ല സ്വത്വബോധത്തിന്റെയും സംസ്കാരത്തിന്റെയും വര്‍ഗ്ഗപരവും ലിംഗാധിഷ്ഠിതവും ദേശിയവും പ്രാമാണികവുമായ ആശയങ്ങളെ കാക്കുകയും പ്രബലപ്പെടുത്തുകയുമാണ് അത് ചെയ്തുപോരുന്നത് എന്നതാണ് വാസ്തവം. വത്തിക്കാനില്‍ അമ്മയോടും ഭാര്യയോടുമൊപ്പം മാര്‍പ്പാപ്പയെ സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ ഡീഗോ മാറഡോണ മാര്‍പ്പാപ്പയോട് അപമാനകരമായി പെരുമാറിയതിനെക്കുറിച്ച് ഒരു ടെലിവിഷന്‍ ഇന്റര്‍വ്യൂവില്‍ സംസാരിക്കവേ, മാറഡോണ രണ്ടുതവണ പോപ്പിനെ 'പുലയാടി മോന്‍' എന്നു വിളിക്കുകയുണ്ടായി. എനിക്കു തന്ന ജപമാലക്ക് എന്താണ് പ്രത്യേകത എന്നു ചോദിച്ചപ്പോള്‍ അയാള്‍ എന്നെ കൊല്ലാന്‍ വന്നു, ആ പുലയാടി മോന്‍. എന്നിട്ടയാള്‍ പറഞ്ഞു, അത് ആശീര്‍വദിച്ച മാലയാണെന്ന്. അതെന്താ അങ്ങനെ, എനിക്ക് അറിയണമായിരുന്നു. എന്റെ അമ്മക്കും ഭാര്യക്കും ആശീര്‍വദിച്ച മാലകള്‍ പാടില്ലെന്നാണോ? (മാറഡോണ- ദൈവം, ചെകുത്താന്‍, രക്തസാക്ഷി - കെ വി അനൂപ് പേജ് 25). ഇപ്രകാരം, കത്തോലിക്കാ മതത്തിന്റെ ആത്മീയനേതാവിനെ കടുപ്പത്തിലുള്ള തെറി ലോകം മുഴുവന്‍ കാണ്‍കെ വിളിച്ചുപറഞ്ഞ മാറഡോണ, ലാറ്റിനമേരിക്കക്കാരുടെ മാത്രമല്ല, സാമ്രാജ്യത്വ വിരുദ്ധ ലോകജനതയുടെ ആകെയും ആരാധ്യപുരുഷനായി പിന്നീട് വളരുകയുമുണ്ടായി. മാറഡോണ ദൈവവും മതവുമായി പരിണമിച്ചതായും വ്യാഖ്യാനങ്ങളുണ്ട്.

1985ല്‍ നടന്ന ഹെയ്സല്‍ ദുരന്തത്തിന്റെ ഓര്‍മകള്‍ പുനര്‍ജനിപ്പിച്ചുകൊണ്ട്, കളിഭ്രാന്തും രാജ്യസ്നേഹവും കൂടിക്കലരുന്ന രക്തചലനത്തിലൂടെ ഇംഗ്ളീഷ് ആരാധകര്‍ മനുഷ്യത്വത്തിനും ജൈവസ്വഭാവത്തിനും അപ്പുറത്തുള്ള അഥവാ പരോക്ഷമായ ചില ഗോത്രസ്വഭാവം ജ്വലിപ്പിക്കുന്ന തെമ്മാടിത്തത്തിലേക്ക് വഷളാകുന്നതെങ്ങനെ എന്നന്വേഷിക്കുന്നതില്‍ അതീവ പ്രസക്തിയാണുള്ളത്. സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അതിരുകള്‍ വികസിപ്പിക്കാനും ശ്രമിച്ച ഭരണാധികാരികള്‍ നൂറ്റാണ്ടുകളായി യുദ്ധത്തിനയച്ച ഒരു ജനതയുടെ അനന്തരതലമുറയുടെ പരമ്പരാഗതമായ ആക്രമണോല്‍സുകസ്വഭാവമാണ് ഇംഗ്ളീഷ് ഫുട്ബാള്‍ ഹൂളിഗാനിസത്തിന്റെ കാരണമെന്ന് സാമൂഹികവും നരവംശശാസ്ത്രപരവുമായ വേരുകള്‍ അന്വേഷിച്ചിട്ടുള്ള ചില ഗവേഷകര്‍ നിരീക്ഷിച്ചിട്ടുണ്ട്.

ലോകഫുട്ബാള്‍ ഭൂപടത്തിന്റെ അതിര്‍ത്തിരേഖക്കുള്ളിലേക്ക് ഇന്ത്യയുടെ നൂറുകോടി മക്കളില്‍ നിന്ന് കേവലം പതിനൊന്ന് പേരെ കടത്തിവിടാന്‍ ഇന്ത്യാമഹാരാജ്യത്തിന് സാധിക്കാതെ പോയതെന്തുകൊണ്ടെന്നത് വിദഗ്ദ്ധര്‍(?) കണ്ടുപിടിക്കട്ടെ. മലബാറില്‍ ജീവിക്കുന്ന ഒരാള്‍ എന്ന നിലയില്‍ ഞാന്‍ ഈ കളിക്കുറവില്‍ ആശ്വാസം കൊള്ളുന്നു. കാരണം, ഇപ്പോഴത്തെ സ്ഥിതിക്കു പകരം ഇന്ത്യക്കും പാക്കിസ്ഥാനും രണ്ട് പ്രബല ടീമുകളെ ലോകകപ്പിലേക്ക് ക്വാളിഫൈ ചെയ്യാന്‍ കഴിഞ്ഞിരുന്നു എന്നു കരുതുക. അപ്പോള്‍ ഓരോ തെരുവിലും അര്‍ജന്റീനയുടെയും ബ്രസീലിന്റെയും ഉറുഗ്വേയുടെയും കാമറൂണിന്റെയും ജര്‍മനിയുടെയും ഇംഗ്ളണ്ടിന്റെയും ഫ്രാന്‍സിന്റെയും ഇറ്റലിയുടെയും പോര്‍ച്ചുഗലിന്റെയും ദക്ഷിണാഫ്രിക്കയുടെയും കൊടികളും ജഴ്സികളും ആരാധനയും വാഗ്വാദങ്ങളും വാതുവെപ്പുകളും തര്‍ക്കങ്ങളും അത്യാവശ്യം അടിപിടികളും നിറക്കാന്‍ ഈ നിഷ്കളങ്കരായ കളിഭ്രാന്തന്മാര്‍ക്ക് സാധിക്കില്ലല്ലോ! ക്രിക്കറ്റില്‍ പാക്കിസ്ഥാന്‍ നന്നായി കളിച്ചാലും അഭിനന്ദിച്ചാല്‍ വര്‍ഗീയകലാപം പൊട്ടിപ്പുറപ്പടുന്ന സാമുദായികസന്തുലനമാണല്ലോ ഇവിടെയുള്ളത്. യഥാര്‍ത്ഥത്തിലുള്ള സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെ കളി കാണാനുള്ള പശ്ചാത്തലം നിലനില്‍ക്കാന്‍ ഇന്ത്യക്കാര്‍ ഇനിയും നിലവാരം കുറഞ്ഞ കളി തന്നെ കളിച്ചു തുടരട്ടെ.

2006ലെ ലോകകപ്പിന്റെ ഓര്‍മകളില്‍ സജീവമായി നില്‍ക്കുന്നത് പക്ഷെ ഫ്രഞ്ച് ഫുട്ബാള്‍ ടീമിന്റെ നായകനായിരുന്ന സിനദീന്‍ സിദാന്‍, ഫൈനലില്‍ പ്രകോപിതനായി ഇറ്റാലിയന്‍ കളിക്കാരനായ മറ്റെറാസിയുടെ നെഞ്ചത്ത് തല കൂര്‍പ്പിച്ച് കുത്തിയത് ഏതു തരം തെറി കേട്ടിട്ടാണെന്നതിന്റെ ഗവേഷണമാണ്. ഫ്രാന്‍സും ഇറ്റലിയും തമ്മിലുള്ള ഫൈനല്‍ തൊണ്ണൂറു മിനുട്ടിന്റെ സാധാരണ സമയത്തില്‍ ഫലം കാണാഞ്ഞതുകൊണ്ട് അധികസമയത്തേക്ക് നീണ്ടു തുടരുകയായിരുന്നു. ഇരുപതു മിനുട്ട് അധികസമയകളിയും കഴിഞ്ഞു. 1-1 ഗോള്‍ നിലയില്‍ കളി അനിശ്ചിതത്വത്തില്‍ തന്നെ. വിജയസാധ്യത സമാസമം. ഫ്രഞ്ച് ടീമിന്റെ ക്യാപ്റ്റന്‍ സിനദീന്‍ സിദാന്‍ ദീര്‍ഘകാലത്തെ ഗംഭീരമായ കളിക്കാലത്തിനു ശേഷം വിരമിക്കുന്നതിനു തൊട്ടുമുമ്പുള്ള നിമിഷങ്ങളായിരുന്നു അവ. ടീം തോറ്റാലും ജയിച്ചാലും വീരോചിതമായ വിടവാങ്ങലിനു തൊട്ടുമുമ്പുള്ള ആ നിര്‍ണായകമുഹൂര്‍ത്തത്തില്‍ സ്വന്തം ടീമിന്റെ അമ്പതു ശതമാനം വിജയ സാധ്യത പോലും പാടെ ഇല്ലാതാക്കിക്കൊണ്ടും തന്റെ ഇത്രയും കാലത്തെ സല്‍പേരു കളഞ്ഞുകുളിച്ചു കൊണ്ടും ഉള്ള കടുത്ത കായികപ്രതികരണത്തിലേക്ക് സിദാനെ നയിച്ച എന്തു തരം തെറിയാണ് മറ്റെറാസി പറഞ്ഞിട്ടുണ്ടാവുക എന്ന കാര്യം വിസ്മയകരമായി തുടരുകയായിരുന്നു. എന്നാല്‍ ആ വിസ്മയത്തെ കൂടുതല്‍ പ്രശ്നസങ്കുലമാക്കുന്നത് അതിന്റെ രാഷ്ട്രീയവിവക്ഷകളായിരുന്നുവെന്നതാണ് സത്യം.

സീസോ എന്ന ഓമനപ്പേരിലറിയപ്പെടുന്ന സിനദീന്‍ സിദാന്‍ അള്‍ജീരിയന്‍ വംശജനായ മുസ്ളിമാണ്. 1998ലാദ്യമായി ഫ്രാന്‍സ് ബ്രസീലിനെ തോല്‍പിച്ച് ലോകകപ്പ് നേടിയത് സിദാന്റെ ഹെഡ്ഡിംഗിലൂടെ നേടിയ പ്രശസ്തമായ രണ്ടു ഗോളുകളിലൂടെയാണ്. 1998,2000,2003 എന്നീ വര്‍ഷങ്ങളില്‍ ഫിഫ വേള്‍ഡ് പ്ളെയര്‍ കിരീടം അദ്ദേഹത്തിന് ലഭിച്ചു. 2006ലെ ലോകകപ്പില്‍ സ്വര്‍ണപാദുകത്തിനും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ഫ്രാന്‍സില്‍ നിലനില്‍ക്കുന്ന അള്‍ജീരിയന്‍ വംശജരുടെ അരക്ഷിതാവസ്ഥക്കും അവരുടെ കലാപങ്ങള്‍ക്കുമിടയിലാണ് സിദാന്‍ രാജ്യത്തിന്റെ ഗാംഭീര്യം ലോകത്തിനു മുന്നില്‍ ഉയര്‍ത്തിപ്പിടിക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത് എന്നതാണ് പ്രധാനം. അള്‍ജീരിയയുടെയും ഫ്രാന്‍സിന്റെയും ഇരട്ടപൌരത്വമുള്ള സിദാന്‍ ദരിദ്രമായ ജീവിതസാഹചര്യങ്ങളില്‍ നിന്നാണ് വളര്‍ന്നു വലുതായത്. ഇത്തരം ചുറ്റുപാടുകളില്‍ നിന്നു വന്നവര്‍ സാധാരണരീതിയില്‍ പെട്ടെന്ന് പ്രതികരിക്കുകയും കടുത്ത ഭാഷയില്‍ തെറി പറയുകയും ചെയ്യുന്നവരാണെന്ന് വരേണ്യമായി പരികല്‍പനയും രൂപകല്‍പനയും ചെയ്യപ്പെടുന്ന മനശ്ശാസ്ത്രതത്വങ്ങള്‍ നിര്‍വചിച്ചിട്ടുണ്ട്. അതനുസരിച്ച് ഇത്തരം പ്രദേശങ്ങളിലെ കുട്ടികളെ മര്യാദ (ബിഹേവിയറല്‍ സയന്‍സ്) പഠിപ്പിക്കാനായി പാതിരിമാരും മറ്റുമടങ്ങിയ മനശ്ശാസ്ത്രജ്ഞ-സന്നദ്ധസേവകര്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. ഇത്തരം പ്രവര്‍ത്തകരിലൊരാള്‍ പറഞ്ഞത്, സിദാന്‍ ഇപ്രകാരം പ്രകോപിതനായത് ചേരിപ്രദേശത്തെ കുട്ടികളില്‍ ദുസ്വാധീനം ഉണ്ടാക്കുമെന്നാണ്. പക്ഷെ, സിദാന്റെ ദീര്‍ഘകാലത്തെ പെരുമാറ്റ ചരിത്രം പരിശോധിച്ചാല്‍ അദ്ദേഹം സാധാരണരീതിയില്‍ ഒരു പ്രകോപനത്തിനും വശംവദനാകാത്ത പക്കാ പ്രൊഫഷനല്‍ കളിക്കാരനായിരുന്നുവെന്ന് തെളിയും. എന്നിട്ടും സിദാനെ തന്റെയും രാഷ്ട്രത്തിന്റെയും വിജയസാധ്യതകളും ഇമേജും പാടെ നഷ്ടമാകുന്നതരം ആക്രമണത്തിനു പ്രേരിപ്പിച്ചത് ഏതു തരം തെറിയായിരിക്കും?

അധരചലനവിദഗ്ദ്ധയായ ജെസ്സീക്ക റീസ് ഈ ഏറ്റുമുട്ടലിന്റെ വീഡിയോദൃശ്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചു വെളിപ്പെടുത്തിയതിന്‍ പ്രകാരം, ഇറ്റാലിയന്‍ ഭാഷയിലാണ് മറ്റെറാസി തെറി പറഞ്ഞിട്ടുള്ളത്. അത് സിദാന് നന്നായി മനസ്സിലാവും. കാരണം, യുവെന്റസ് ക്ളബില്‍ കളിച്ച കാലത്ത് ഇറ്റാലിയന്‍ ഭാഷ പഠിക്കാനും സംസാരിക്കാനുമുള്ള അവസരം അദ്ദേഹത്തിന് സിദ്ധിച്ചു. മറ്റെറാസി പറഞ്ഞതിപ്രകാരമായിരുന്നുവത്രെ: എടാ ഈ കളി നിന്നെപ്പോലത്തെ നീഗ്രോകള്‍ക്കുള്ളതല്ല. നീ ഭീകരവാദിയായ ഒരു വേശ്യയുടെ മകനാണെന്ന് ഞങ്ങള്‍ക്കെല്ലാവര്‍ക്കുമറിയാം. മറ്റൊരു അധരചലനവിദഗ്ദ്ധന്‍ പറയുന്നത് സിദാന്റെ സഹോദരിയെ വേശ്യ എന്ന് ഒന്നിലധികം തവണ മറ്റെറാസി ആക്ഷേപിച്ചു എന്നാണ്. സിദാന്റെ പിതാവ് അള്‍ജീരിയയിലെ ഒരു ഫ്രഞ്ച് പക്ഷപാതിയായിരുന്നുവെന്ന ആക്ഷേപം മുമ്പുതന്നെ അദ്ദേഹം നിഷേധിച്ചിട്ടുള്ളതാണ്. സിദാനോടും ഫ്രഞ്ച് ടീമിനോട് മൊത്തത്തിലും ഇറ്റലിയിലെ പ്രബലമായ ഒരു വിഭാഗം തീവ്രമായ വംശീയവാശിയോടെയാണ് പെരുമാറിയിട്ടുള്ളത് എന്നതും വാസ്തവമാണ്. നീഗ്രോകളുടെയും കമ്യൂണിസ്റ്റുകളുടെയും മുസ്ളീംങ്ങളുടെയും സംഘമായ ഫ്രഞ്ച് ടീമിനെ പരാജയപ്പെടുത്തി ഇറ്റലിയുടെ ഗാംഭീര്യം പ്രഘോഷിക്കുക എന്ന് ഫാസിസ്റ് പാര്‍ടി നേതാവ് പ്രകോപനപരമാം വണ്ണം ആഹ്വാനം ചെയ്യുകയുണ്ടായി. ഫ്രഞ്ച് വംശജന്‍ ആയതില്‍ അഭിമാനിക്കുക എന്ന ആഹ്വാനത്തോടെ ഫ്രാന്‍സില്‍ പ്രവര്‍ത്തിക്കുന്ന ഫ്രണ്ട് നാഷനല്‍ എന്ന വലതുപക്ഷ പാര്‍ടിയുടെ നേതാവ് ഴാങ് മേരി ലീ പെന്‍ ആയിടക്ക് നടന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ രണ്ടാമതെത്തുകയുണ്ടായി. സിദാനെപ്പോലെ അള്‍ജീരിയന്‍ വംശജനായ ഒരു മുസ്ളിം ഫ്രാന്‍സിന്റ പ്രതീകം ആയിത്തീരുന്നതില്‍ കടുത്ത അസഹിഷ്ണുതയാണ് ലീ പെന്‍ പ്രകടിപ്പിക്കുന്നത്. എന്നാല്‍ ലീ പെന്നിനെ പരാജയപ്പെടുത്തി അധികാരത്തിലെത്തിയ ഫ്രഞ്ച് പ്രസിഡണ്ട് ഴാക് ഷിറാക് പൂച്ചെണ്ടുകളും ആലിംഗനങ്ങളും കൊണ്ടാണ് സിദാനെ സ്വീകരിച്ചത്. ഹൃദയവും ലക്ഷ്യബോധവുമുള്ള ഒരു മഹാനാണ് സിദാന്‍ എന്ന് ഷിറാക് പ്രശംസിക്കുകയുമുണ്ടായി. ലോകത്ത് ഇന്നു നിലനില്‍ക്കുന്ന അമേരിക്കന്‍/സിയോണിസ്റ്/ഫാസിസ്റ് അധിനിവേശ മനോഭാവത്തിന്റെ പീഡിതശരീരമായാണ് സിദാന്‍ പ്രതീകവല്‍ക്കരിക്കപ്പെടുന്നത്. സിദാനെ തെറി പറഞ്ഞതിലും ആ തെറിയുടെ ഭാഷാഘടനയിലും അശ്ളീലധ്വനികളിലും ആഹ്ളാദിക്കാന്‍ കാത്തുനില്‍ക്കുകയായിരുന്നു ഈ അധീശത്വത്തിന്റെ സാമാന്യബോധം എന്നു സാരം. സിദാന്‍ അപമാനിതനായി പുറത്താക്കപ്പെട്ടപ്പോള്‍ മുസ്ളിമും നീഗ്രോയും കമ്യൂണിസ്റ്റുമൊക്കെ അത്തരത്തിലേ പ്രതികരിക്കൂ, അതാണവന്റെ ജന്മസിദ്ധമായ വിധി എന്നു വ്യാഖ്യാനിക്കുകയും ചെയ്തു.

*
ജി. പി. രാമചന്ദ്രന്‍

Friday, June 18, 2010

നടനമാകാം; പക്ഷേ, ശാസ്ത്രജ്ഞനുമാകണം

അങ്ങേയറ്റം കമ്പോളവല്‍കൃതവും സംഘര്‍ഷഭരിതവുമായ ആധുനികോത്തര കാല്‍പ്പന്തുകളിയില്‍ വിജയം എന്നത് മാത്രമാണ് ഒരേയൊരു ആപ്തവാക്യം. ഒരു സെല്‍ഫ്ഗോളിന്റെ അബദ്ധത്തിന് ആന്ദ്രെ എസ്കോബാറിന്റെ നെഞ്ചിലേക്ക് വെടുയുണ്ടകള്‍ ചീറിപ്പാഞ്ഞു. ഒരൊറ്റ ഗോളിന്റെ പേരില്‍ ആഗോളപ്രശസ്തി കിട്ടുന്ന, പരാജയങ്ങള്‍ തെമ്മാടിക്കൂട്ടങ്ങള്‍ക്ക് വംശീയകലാപത്തിന് വഴിയൊരുക്കുന്ന അനിശ്ചിതത്വങ്ങളുടെ വിളനിലമാണ് ആധുനികഫുട്ബോള്‍.

ഗോളുകള്‍ വിജയത്തിന്റെ മാപിനികളെന്നപോലെ സ്വപ്നങ്ങളെ യാഥാര്‍ഥ്യമാക്കുന്നതും ഒപ്പം തകര്‍ക്കുന്നതുമാണ്. 'ആ നിമിഷത്തില്‍ ഞാന്‍ ആ മനുഷ്യനെ ഏറ്റവുമധികം വെറുത്തുപോയി'-ലോകഫുട്ബോളിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളായ ഗോര്‍ഡന്‍ ബാങ്ക്സിനെക്കുറിച്ച് ഫുട്ബോള്‍ രാജാവ് പെലെ മൊഴിഞ്ഞ വാക്കുകള്‍. 1970ലെ മെക്സിക്കോ ലോകകപ്പില്‍ ബ്രസീലും ഇംഗ്ളണ്ടും തമ്മിലുള്ള മത്സരം. വലതുപാര്‍ശ്വത്തിലൂടെ ബ്രസീലിന്റെ ജെഴ്സിഞ്ഞോ പന്തുമായി കുതിച്ചുകയറി പെനല്‍റ്റിബോക്സിലേക്ക് സെന്റര്‍ ചെയ്തു. പ്രതിരോധക്കാര്‍ക്കു മുകളില്‍ ചാടിയുയര്‍ന്ന പെലെയുടെ മിന്നുന്ന ഹെഡര്‍ ഇടതുപോസ്റ്റിലേക്ക്. സ്റ്റേഡിയം ആര്‍ത്തിരമ്പി, ഗോള്‍... പക്ഷേ, ബ്രസീലിനെയും കാണികളെയും അമ്പരപ്പിച്ചുകൊണ്ട് വലതുപോസ്റ്റില്‍നിന്ന് പറന്നെത്തിയ ബാങ്ക്സ് ഗോള്‍വലയ്ക്കു മുന്നില്‍ കുത്തിയുയര്‍ന്ന പന്ത് ബാറിനു മുകളിലൂടെ തട്ടിയകറ്റി. അമ്പരപ്പില്‍നിന്നുണര്‍ന്ന ഗ്വാദലജാറയിലെ ജനാരണ്യം നൂറ്റാണ്ടിലെ രക്ഷപ്പെടുത്തലിനെ കരഘോഷത്തോടെ എതിരേറ്റു. ബാങ്ക്സിന്റെ അദ്ഭുതപ്രകടനത്തെ പെലെപോലും അവിശ്വസനീയമെന്ന് വാഴ്ത്തി.

ഗോള്‍പോസ്റ്റിലേക്ക് നോക്കൂ. ഗോള്‍വലയുടെ കോണിലുള്ള ഉയര്‍ന്ന ഭാഗങ്ങള്‍ ശ്രദ്ധിക്കൂ. ഗോള്‍കീപ്പര്‍ക്ക് ഒരിക്കലും എത്തിപ്പിടിക്കാന്‍ കഴിയാത്ത ആ ഭാഗങ്ങള്‍. ഒരു മിന്നല്‍പോലെ മുന്നേറൂ; ഒറ്റ ലക്ഷ്യവുമായി-ഗോള്‍. ആരവങ്ങള്‍ നിങ്ങളെ പൊതിയുമ്പോഴായിരിക്കും നിങ്ങള്‍പോലും അതറിയുക. ഫുട്ബോളിന്റെ ഈ ചടുലതയും ചലനശാസ്ത്രവും മായികഭാവങ്ങളുംകൊണ്ടായിരിക്കാം ക്യാമറകള്‍ക്ക് പിന്തുടരാന്‍ കഴിയാത്ത ദൃശ്യവിനോദമെന്ന പേര് അതിനു മാത്രമായി കിട്ടിയത്. ലക്ഷ്യകേന്ദ്രത്തോട് പുറംതിരിഞ്ഞുനിന്നുകൊണ്ട് മെയ് വഴക്കത്തിന്റെ ഒരുതരം ബാലെ ഭാഷ്യത്തിലൂടെ പന്ത് തൊടുക്കുന്ന പെലെയുടെ പ്രശസ്തമായ ബൈസിക്കിള്‍ കിക്ക് വിവരണാതീതമാണ്, അത്രയുംതന്നെ അവ്യക്തതയാര്‍ന്നതും. ഗാരിഞ്ചയുടെ കരിയിലകിക്കുകളും നിര്‍വചിക്കാന്‍ കഴിയാത്ത പ്രതിഭാസമായി നില്‍ക്കുന്നു. റൊണാള്‍ഡിന്യോയുടെയും റോബര്‍ട്ടോ കാര്‍ലോസിന്റെയും ബെക്കമിന്റെയും മാസ്മരികസൌന്ദര്യമുള്ള ഫ്രീകിക്കുകളും മാറഡോണയുടെയുംമറ്റും ഫീല്‍ഡ് ഗോളുകളും ഇപ്പോഴും വിഭ്രമാത്മകവും വിസ്മയാവഹവുമായി തോന്നാം. കളിക്കളത്തില്‍ ഒരു മത്സ്യത്തെപ്പോലെ വളഞ്ഞുപുളഞ്ഞു തുഴഞ്ഞുകയറുകയും പെട്ടെന്നൊരു കുരുവിയെപ്പോലെ ചിറകടിച്ചുപറക്കുകയും എതിരാളിയുടെ കോട്ടവാതിലിനു മുമ്പില്‍ പീരങ്കിയുണ്ട ഉതിര്‍ക്കുകയും ചെയ്യുന്ന പ്രതിഭകള്‍ അങ്ങനെ എത്രയെത്ര.

ഫീല്‍ഡ് ഗോളുകള്‍ക്ക് പുറമെ ഫ്രീകിക്കുകളും പെനല്‍റ്റികളുമായി പിറക്കുന്ന ഡെഡ്ബോംബുകളും ഫുട്ബോളിന്റെ ആവനാഴിയിലെ മൂര്‍ച്ചയേറിയ ആയുധങ്ങളാണ്. എന്നാല്‍, പെനല്‍റ്റി കിക്ക് എടുക്കുന്നവരുടെ വിഹ്വലതകള്‍ക്ക് ആക്കംകൂട്ടി ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ നിയമമാറ്റം നടപ്പാക്കുന്നു. പെനല്‍റ്റി കിക്ക് എടുക്കാനുള്ള റണ്ണപ്പ് പൂര്‍ത്തിയാക്കിയ ശേഷം ഗോളടിക്കുന്നതുപോലെ അഭിനയിച്ച് ഗോളിയെ കബളിപ്പിച്ചിട്ട് എതിര്‍ദിശയിലേക്ക് ഗോളടിക്കുന്ന കലാപരിപാടി ഈ ലോകകപ്പ് മുതല്‍ നടപ്പില്ല. ലോകകപ്പിലെ താരങ്ങളില്‍ പലരുടെയും നടനവൈഭവം കണ്ടാല്‍ അവരെ ഹോളിവുഡ് റാഞ്ചുമെന്ന് തോന്നും. പക്ഷേ, രാജ്യാന്തര ഫുട്ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് (ഐഎഫ്എബി) ഫുട്ബോള്‍ താരങ്ങളെ അഭിനയത്തില്‍നിന്ന് വിലക്കുന്നില്ല. അഭിനയം വേണമെന്നുണ്ടെങ്കില്‍ റണ്ണപ്പിനിടെ ആകാം. അത് പൂര്‍ത്തിയായാല്‍പിന്നെ നേരെ കിക്കെടുക്കുക മാത്രം. നിലവില്‍ ഓടിവന്നു കിക്കെടുക്കുന്നതുപോലെ അഭിനയിച്ച് ഗോളിയെ കബളിപ്പിക്കുന്നവരുണ്ട്. അത് വിശ്വസിച്ച് ഗോളി ചാടിയാല്‍ അതിന്റെ എതിര്‍വശത്തേക്ക് പന്ത് എത്തിച്ച് ഗോള്‍ ഉറപ്പാക്കും. ഈ അടവുനയം ബ്രസീല്‍ ഫുട്ബോളില്‍ ഏതാണ്ട് വേരുറപ്പിച്ചെന്ന ആക്ഷേപത്തെത്തുടര്‍ന്നാണ് പുതിയ നിയമം ദക്ഷിണാഫ്രിക്കയില്‍ നടപ്പാക്കുന്നത്. ഒട്ടേറെ വീഡിയോദൃശ്യങ്ങള്‍ സൂക്ഷ്മമായി പഠിച്ചു വിലയിരുത്തിയതിനുശേഷമാണ് പെനല്‍റ്റി കിക്ക് സംബന്ധിച്ച് 14-ാം ചട്ടം മാറ്റിയിരിക്കുന്നത്. ഗോളികളെ പറ്റിക്കുന്ന ദൃശ്യങ്ങള്‍ കണ്ട് തങ്ങള്‍ ചിരിച്ചുപോയെന്ന് ഐഎഫ്എബി അംഗം പാട്രിക് നെല്‍സണ്‍ പറയുമ്പോള്‍ അത്തരം കാഴ്ചകള്‍ നിരവധി കണ്ടിട്ടുള്ള നമ്മളും ചിരിച്ചുമറിയാതിരിക്കുന്നതെങ്ങനെ.

119 വര്‍ഷം മുമ്പൊരു സെപ്തംബറില്‍ ആക്രിംഗ്ടണ്‍ സ്റ്റാന്‍ലിക്കെതിരായ ഫുട്ബോള്‍ മത്സരത്തില്‍ പെനല്‍റ്റി അടിക്കാന്‍ ഒരുങ്ങവെ വൂള്‍വര്‍ഹാംടണ്‍ വാണ്ടറേഴ്സിന്റെ ജോണ്‍ ഹീത്ത് സങ്കല്‍പിച്ചിരിക്കുമോ തന്റെ ഷോട്ട് ചെന്നുവീഴുക ചരിത്രത്തിലാണെന്ന്. 1891ലെ ആ കിക്കാണ് ഫുട്ബോള്‍ ചരിത്രത്തിലെ ആദ്യ സ്പോട്ട്കിക്ക്. അതിനു മാസങ്ങള്‍ക്കു മുമ്പാണ് പെനല്‍റ്റി കിക്ക് എന്ന പുതിയ ആയുധം ഫുട്ബോള്‍ ഭരണാധികാരികള്‍ അവതരിപ്പിച്ചത്.

എന്നാല്‍, പെനല്‍റ്റി കിക്കിന്റെ ശാസ്ത്രീയതയൊന്നും ജോണ്‍ ഹീത്തിന്റെ മസ്തിഷ്കത്തിലുണ്ടായിരുന്നില്ല. അദ്ദേഹം ചുമ്മാ പന്ത് വലയിലേക്ക് അടിക്കുകയേ ചെയ്തുള്ളൂ. ഒരു നൂറ്റാണ്ടിനുശേഷം പെനല്‍റ്റി ഫുട്ബോളിലെ ഏറ്റവും തന്ത്രപ്രധാനമായ, നിര്‍ണായകമായ ആയുധമായി മാറുന്നത് നാം കാണുന്നു. ഗോള്‍ലൈനിന് 12 വാര അകലെനിന്ന് കുതിച്ചുയരുന്ന സ്പോട്ട് കിക്കിനു പിന്നില്‍ കളിക്കാരന്റെ കണിശതയെക്കാള്‍ മനഃശാസ്ത്രജ്ഞന്റെയും ബയോമെക്കാനിഷ്യന്‍സിന്റെയും കായികക്ഷമതാപരിശീലകന്റെയും കൂര്‍മബുദ്ധിക്കാണ് ഇന്ന് പ്രാധാന്യം. ന്യൂട്ടണും നീല്‍സ്ബോറുമടക്കമുള്ള ഭൌതികശാസ്ത്രജ്ഞര്‍ രൂപംകൊടുത്ത ബയോമെക്കാനിക്സും മാനസികഭാവങ്ങളുടെ ശാരീരിക പ്രതിഫലനങ്ങള്‍ വിലയിരുത്തുന്ന ബയോ ആര്‍ക്കിയോളജി മുതല്‍ ക്വാണ്ടം മെക്കാനിക്സ്വരെയുള്ള ശാസ്ത്രശാഖകളും സ്പോട്ട് കിക്കുകളെ പഠനവിധേയമാക്കിയിട്ടുണ്ട്.

കടുത്ത സമ്മര്‍ദമാണ് കിക്ക് എടുക്കുന്ന ആള്‍ക്കും ഗോള്‍കീപ്പര്‍ക്കും ഒരുപോലെ ഭീഷണിയുയര്‍ത്തുന്നത്. ഈ സമ്മര്‍ദം അതിജീവിക്കാന്‍ മനശാസ്ത്രജ്ഞന്റെ സഹായം തേടുന്ന പ്രൊഫഷണല്‍ കളിക്കാരുണ്ട്. 1982നു ശേഷമുള്ള ലോകകപ്പിന്റെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ പെനല്‍റ്റിയുടെ വിജയശതമാനം ഓരോ ടൂര്‍ണമെന്റിലും 70നും 80നും ഇടയ്ക്കാണ്. കിക്ക് നേരിടുന്ന ഗോള്‍കീപ്പര്‍ക്ക് ഗോള്‍ലൈനില്‍ ചലിക്കാമെന്ന നിയമം 1998ല്‍ നടപ്പായതോടെ ഈ തോത് വര്‍ധിച്ചിട്ടേയുള്ളൂ.

കിക്കിന്റെ ദിശ നിര്‍ണയിക്കാന്‍ കിക്കെടുക്കുന്ന ആളുടെ അരക്കെട്ടിന്റെ ചലനങ്ങള്‍ നിരീക്ഷിക്കുന്നത് സഹായകമാകുമെന്ന് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു. കിക്കറുടെ അരക്കെട്ട് നിശ്ചലമായാണ് നില്‍ക്കുന്നതെങ്കില്‍ കിക്ക് വലതുവശത്തേക്ക് പോകാനാണ് സാധ്യത. അരക്കെട്ട് ചലിപ്പിച്ചുകൊണ്ട് കിക്കെടുക്കാന്‍ ഓടിത്തുടങ്ങുന്ന കളിക്കാരന്‍ പന്ത് കീപ്പറുടെ ഇടതുഭാഗത്ത് പ്ളേസുചെയ്യാന്‍ സാധ്യതകൂടും. ഗോള്‍വലയത്തിന്റെ 28 ശതമാനം കീപ്പര്‍ക്ക് നിയന്ത്രണമില്ലാത്ത മേഖലയാണെന്ന് പഠനം തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഏറ്റവും ശക്തിയോടെ തൊടുക്കുന്ന കിക്കുകള്‍ മിക്കവാറും ഗോളായി മാറും. സെക്കന്‍ഡില്‍ 20 മീറ്ററില്‍ ഏറെ വേഗതയില്‍ തൊടുക്കുന്ന സ്പോട്ട് കിക്കുകള്‍ ഭൂരിഭാഗവും ഗോളായതാണ് ചരിത്രം. അതിലും വേഗത്തില്‍ ഗോള്‍കീപ്പര്‍ക്ക് പ്രതികരിക്കാന്‍ കഴിയാറില്ല.

ഓര്‍ക്കുക, സ്പോട്ട് കിക്കുകള്‍ ആധുനിക ഫുട്ബോളിലെ വജ്രായുധമാണ്. അതിന്റെ വഴിയില്‍ ഫലിതമുണ്ട്; നടനമുണ്ട്. പക്ഷേ, പെനല്‍റ്റി ലക്ഷ്യത്തിലെത്തിക്കാന്‍ കിക്കര്‍ ശാസ്ത്രജ്ഞനുമാകണം.

*
എ എന്‍ രവീന്ദ്രദാസ് കടപ്പാട്: ദേശാഭിമാനി വാരിക

Wednesday, June 9, 2010

ഭൂമിയോളം ഒരു പന്ത്

ഹലോ, നിങ്ങള്‍ ദക്ഷിണാഫ്രിക്കയിലേക്കു പോകുന്നുണ്ടോ. ഇല്ലെങ്കിലും നിങ്ങളുടെ ഹൃദയം അവിടെയായിരിക്കും. അല്ലെങ്കില്‍ നിങ്ങള്‍ തീര്‍ത്തും ഒരരസികനായിരിക്കണം.

ഇതാ, സമയമായി. കിനാവുണ്ട്, കാര്യമുണ്ട്, കല്‍പ്പനയുണ്ട്. വിരുതും വിരോധാഭാസവുമുണ്ട്. വീഴ്ചയും പ്രതീക്ഷയും പ്രവചനവുമുണ്ട്. ഒക്കെ ചേര്‍ന്ന് ഒരു പന്തിന്റെ രൂപത്തില്‍ മുന്നിലെത്തിക്കഴിഞ്ഞു. ഭൂമിയോളം ഒരു പന്ത്- പത്തൊമ്പതാമത് ലോകകപ്പ് ഫുട്ബോള്‍.

ആഫ്രിക്കയുടെ സുകൃതമാണിത്. ഭൂഗോളത്തിലെ ഏറ്റവും ജനപ്രിയ കളിയുടെ ലോകമാമാങ്കത്തിന് നിന്ദിതരുടെയും പീഡിതരുടെയും വന്‍കര പച്ചപ്പരവതാനി ഒരുക്കുന്നത് ഒട്ടേറെ സവിശേഷതകളോടെ. ലോകമെങ്ങും വീശിയടിക്കുന്ന സോക്കറിന്റെ ആവേശക്കൊടുങ്കാറ്റിന് ദിശ ഒന്നുമാത്രം. മഴവില്ലിന്റെയും വജ്രത്തിന്റെയും നാടായ ദക്ഷിണാഫ്രിക്ക. ഭൂമിയിലെ സകലയിടങ്ങളിലുമായി അനേക ശതകോടി ഫുട്ബോള്‍ പ്രണയികള്‍ ജൂണ്‍ 11ന് ജൊഹന്നസ്ബര്‍ഗിലെ സോക്കര്‍സിറ്റിയില്‍ ആദ്യവിസില്‍ മുഴങ്ങുന്നത് കാതോര്‍ത്തിരിക്കയാണ്.

കാറ്റുനിറച്ച ഒരു തുകലുറയുടെ അര്‍ഥശൂന്യതയിലേക്ക് ബുദ്ധിയുടെയും കേളീതന്ത്രങ്ങളുടെയും നിരവധി മസ്തിഷ്കങ്ങളും ബൂട്ടുകെട്ടിയ കാലുകളും ആത്മാവ് പകര്‍ന്നുനില്‍ക്കുമ്പോള്‍ ജനസമൂഹങ്ങള്‍ ഇളകിമറിയുന്നു. മനംകുളിര്‍പ്പിക്കുന്ന സുന്ദര പദചലനങ്ങളോടെ പിഴവില്ലാത്ത വ്യാകരണത്തില്‍, തികഞ്ഞ താളനിബദ്ധതയോടെ പുല്‍മേടുകളില്‍ കവിതകള്‍ പിറക്കുന്നു. അതിനൊരു ലയമുണ്ട്, ചന്തമുണ്ട്. ജനകോടികളുടെ മിഴിയും മനവും കവര്‍ന്നെടുക്കുന്ന മാസ്മരികതയാണ് ഫുട്ബോളിന്റെ ജീവന്‍. അത് ഹൃദയഭാഷയാണ്; സഹോദരബന്ധമാണ്. യുദ്ധം, ദുരന്തം, പ്രണയം, കലഹം എന്നിവയൊക്കെയും അത് വിടപറയും. പന്ത് അതിന്റെയൊന്നും കോര്‍ട്ടിലായിരിക്കില്ല.

ലോകമെമ്പാടുമുള്ള മനുഷ്യമനസ്സുകളുടെ അടിസ്ഥാന കായികസങ്കല്‍പ്പം ഫുട്ബോളില്‍ ഉരുണ്ടുകൂടുന്നു. കളിക്കളത്തില്‍ കാണുന്നത് വെറും കായികമായ കാര്യമല്ല; ഒരു കലയാണെന്നു മനസ്സിലാക്കാനും ഫുട്ബോള്‍പ്രേമിക്കു കഴിയുന്നു. തളച്ചിടാന്‍ ശ്രമിക്കുന്നവരെ നൃത്തച്ചുവടുകളോടെ കടത്തിവെട്ടി കുതിക്കുന്ന വിങ്ങര്‍മാര്‍, ചടുല ചുവടുകളോടെ കുതിച്ചെത്തുന്ന മധ്യനിരക്കാര്‍, പന്തടക്കവും മെയ്വഴക്കവും കണ്ണഞ്ചിക്കുന്ന വിസ്ഫോടനശേഷിയുമുള്ള മുന്നേറ്റക്കാര്‍, ലക്ഷ്യംഭേദിക്കാനെത്തുന്നവരെ വരച്ചവരയില്‍ നിര്‍ത്തുന്ന പ്രതിരോധക്കാര്‍, ഏത് മിന്നലടിയും റാഞ്ചിയെടുക്കുന്ന ഗോളിമാര്‍- ഇവരെല്ലാം ഫുട്ബോളിനെ കളിയായി, കലയായി, കാവ്യമായി, സൌന്ദര്യമായി ആവിഷ്കരിക്കുകയാണ്. ഈ കളിയില്‍ സര്‍വകാല ചക്രവര്‍ത്തിയായ ഒരേയൊരു പെലെയുടെ അതുല്യപാടവവും മാറഡോണയുടെ മാന്ത്രികസ്പര്‍ശവും യോഹാന്‍ ക്രൈഫിന്റെ കലാഭംഗിനിറഞ്ഞ നീക്കങ്ങളും ഷൂട്ടിങ് പാടവവും അര്‍ജന്റീനയുടെ പുതിയ സൂപ്പര്‍താരം മെസ്സിയുടെ പടക്കുതിരയെപ്പോലുള്ള കുതിപ്പും എല്ലാം ഈ കളിയില്‍ ഓരോ കാലത്തെയും മാസ്മരികഭാവങ്ങളാണ്.

ഹൃദയവും ഞരമ്പും കോര്‍ത്തുകൊണ്ടുള്ള ബുദ്ധിപരമായ മത്സരമാണ് ഫുട്ബോള്‍. പരസ്പരം ബഹുമാനിച്ച് അച്ചടക്കത്തോടെയുള്ള യുദ്ധം. ലോകകപ്പ് മത്സരങ്ങളില്‍ നിറങ്ങളോ വ്യക്തികളോ വിഷയമാകുന്നില്ല. ഏകലോകം എന്ന ചിന്താഗതിയാണ് കാഴ്ചക്കാര്‍ പങ്കിടുക. സരളമായ ജീവിതപ്രത്യക്ഷങ്ങളായും സങ്കീര്‍ണമായ പരോക്ഷങ്ങളായും പ്രതിബിംബിക്കപ്പെടുന്ന കാല്‍പ്പന്തുകളിയില്‍ ലോകത്തിന്റെ സകലയിടങ്ങളിലുമുള്ള ജനത ഉത്സവമാഘോഷിക്കുന്നുണ്ട്. നിശ്ചിതമായ ലക്ഷ്യത്തിലേക്ക് പന്തുമായി അതിലംഘിച്ചു മുന്നേറുന്ന കൂട്ടായ്മയില്‍ ഓരോ വ്യക്തിയും ഏകാകിയാണ്. സംഘപൊരുത്തംകൊണ്ട് ഉന്നംതേടുന്ന ഫുട്ബോള്‍, ജീവിതത്തെ ഏറ്റവും സാര്‍ഥകമായി പ്രതീകവല്‍ക്കരിക്കുന്നു. ജീവിതസമാനത ഇത്രയും സുതാര്യമാക്കുന്ന മറ്റൊരു അധ്വാനത്തിന്റെ കളി വേറെയില്ല. അംബരചുംബികളിലെ വിത്തേശ്വരന്മാരും ചേരികളില്‍ ജീവിതം തളച്ചിടുന്ന ദരിദ്രനാരായണന്മാരും കറുത്തവനും വെളുത്തവനും പണ്ഡിതനും പാമരനും വൃദ്ധനും ബാലനുമെല്ലാം ഫുട്ബോള്‍ ഒരുപോലെ ഹൃദയത്തോടു ചേര്‍ത്തുവയ്ക്കുന്നു. ഓര്‍ക്കുക, പെലെയും മാറഡോണയും ക്രൈഫും ഉള്‍പ്പെടെയുള്ള ഇതിഹാസങ്ങള്‍ ദാരിദ്ര്യത്തില്‍ പിറന്നുവീണവരാണ്.

യേശുക്രിസ്തു വീണ്ടും ലോകത്ത് അവതരിക്കുകയാണെങ്കില്‍ എന്തുണ്ടാവും എന്നു ചോദിച്ചപ്പോള്‍ അജ്ഞാതനായ ഫുട്ബോള്‍ഭ്രാന്തന്റെ മറുപടി, സെന്റ് പീറ്റര്‍ ഇന്‍സൈഡ്റെറ്റ് സ്ഥാനത്തേക്കു മാറും എന്നായിരുന്നു. അപ്പോഴും പന്തിനെ പരിലാളിക്കുകയും ഗോളടിക്കുകയും മനക്കണ്ണുകൊണ്ട് കളിവായിക്കുകയുംചെയ്യുന്ന സെന്റര്‍ ഫോര്‍വേഡിന്റെ സ്ഥാനം ഗലീലായിലെ പ്രക്ഷുബ്ധമായ കടലിനെ ശാന്തമാക്കിയ ആ മഹാനുഭാവനുതന്നെയായിരിക്കും. ഇതൊരു കഥ.

കടുത്ത റോമന്‍ കത്തോലിക്കാ മതവിശ്വാസികളായ ബ്രസീലുകാരുടെ ആത്മസാക്ഷാത്കാരമായി സാവോപോളോയിലെ കുന്നിന്‍മുകളില്‍ രണ്ടു കൈയും നീട്ടി എന്തോ ആവശ്യപ്പെടുന്നതിന്റെ പ്രതീകംപോലെ മാനംമുട്ടെ നില്‍ക്കുന്ന യേശുവിന്റെ പ്രതിമയുണ്ട്. സാവോപോളോയിലെ മൈതാനങ്ങളിലും കടല്‍ത്തീരങ്ങളിലും പന്തുരുളുന്നതുകണ്ട് ആഹ്ളാദഭരിതനായ സര്‍വശക്തന്‍ ഒരു പന്ത് ഇങ്ങോട്ടടിച്ചുതരൂ എന്നാവശ്യപ്പെടുകയാണെന്ന് ബ്രസീലുകാര്‍ കരുതിപ്പോരുന്നു. കളിപ്പെരുമയിലും ആസ്വാദനശേഷിയിലും ബ്രസീലുകാര്‍ക്കും ഇറ്റലിക്കാര്‍ക്കും ഒപ്പമോ അതിലും മുന്നിലോ ആണ് മിക്ക ജനസഞ്ചയങ്ങളും. ഫുട്ബോളിന്റെ ആകൃതിയുള്ള സിസിലി ദ്വീപിനെ പന്തായി സങ്കല്‍പ്പിക്കുന്നവരാണ് ഇറ്റലിക്കാര്‍.

ദേശീയ ഫുട്ബോള്‍ ടീം ഏതൊരു ജനതയുടെയും ആശയും ആവേശവും മുദ്രണംചെയ്യുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തില്‍ ഒരു ഫുട്ബോള്‍മത്സരം വഴിത്തിരിവായി മാറിയെന്നതാണ് വസ്തുത. 1911ല്‍ കൊല്‍ക്കത്തയിലെ മോഹന്‍ബഗാന്‍ ക്ളബ് ബ്രിട്ടീഷുകാരുടെ ഈസ്റ്റ് യോര്‍ക്ഷര്‍ റെജിമെന്റിനെ തോല്‍പ്പിച്ച് ഐഎഫ്എ ഷീല്‍ഡ് നേടി. സാമ്രാജ്യത്വശക്തിയുടെ അധീശത്വം തകര്‍ത്തെറിയാന്‍ കഴിയുമെന്ന് ചൂഷിതരും മര്‍ദിതരുമായ നമ്മുടെ ജനതയ്ക്ക് അന്ന് തിരിച്ചറിവു നല്‍കിയ നിമിഷം.

ഈ ഫുട്ബോള്‍ജ്വരത്തിന് ഒരു മറുവശംകൂടിയുണ്ട്. വിവാഹപ്രായമെത്തിയ പെണ്‍മക്കള്‍ക്ക് വരന്മാരെ അന്വേഷിച്ച് പത്രങ്ങളില്‍ പരസ്യംചെയ്യുന്ന ലാറ്റിനമേരിക്കയിലെ മാതാപിതാക്കള്‍ ഒരു വ്യവസ്ഥ ഉന്നയിക്കാറുണ്ട്. വരന് ഫുട്ബോള്‍കമ്പം ഉണ്ടാകരുതെന്ന്. ജീവിച്ചിരിക്കുന്ന ഭര്‍ത്താവിന്റെ 'വിധവ'യായി തന്റെ മകള്‍ കഴിയുന്നതു കാണാന്‍ ഒരു അച്ഛനോ, അമ്മയോ ഇഷ്ടപ്പെടില്ലല്ലോ. ഫുട്ബോള്‍ലഹരി തലയ്ക്കുപിടിച്ചാല്‍ മനുഷ്യന്‍ എങ്ങനെയൊക്കെയാകാമെന്നതിന്റെ കഥയില്ലാകഥകള്‍ എത്രവേണമെങ്കിലുമുണ്ട്.

ആഹ്ളാദാരവങ്ങളുടെ കൊടുമുടിയില്‍ എല്ലാം മറന്ന് നൃത്തംചവിട്ടുന്നവരും പരാജയത്തിന്റെ പടുകുഴിയില്‍ പതിച്ച് വിലപിക്കുന്നവരും രാജ്യാതിര്‍ത്തികള്‍ക്കും വംശ, വര്‍ണ, ഭാഷാ അതിരുകള്‍ക്കും അതീതമാണ്.

ബ്രസീലിന്റെയോ, അര്‍ജന്റീനയുടെയോ വലയില്‍ ഗോള്‍ വീഴുമ്പോള്‍ അനേകായിരം മൈലുകള്‍ക്കിപ്പുറം മലപ്പുറത്തെ തെരട്ടമ്മലെന്നോ, അരീക്കോടെന്നോ ഭേദമില്ലാതെ കേരളത്തിന്റെ വിദൂരഗ്രാമങ്ങളില്‍പോലും തേങ്ങലുയരുന്നു. 2002ല്‍ ഏഷ്യയില്‍ ആദ്യമായി നടന്ന ലോകകപ്പ് ടെലിവിഷനില്‍ കണ്ടവരില്‍ ഏറ്റവുമധികംപേരും പ്രായംകൂടിയവരും ചൈനയിലായിരുന്നു. മുമ്പ് ഡേവിഡ് ബക്കമും ഇപ്പോള്‍ ജര്‍മനിയുടെ ബലാക്കും തങ്ങളുടെ ലോകകപ്പ് സ്വപ്നങ്ങള്‍ പരിക്കിനു തീറെഴുതിക്കൊടുത്തപ്പോള്‍ ഇംഗ്ളീഷുകാരും ജര്‍മന്‍കാരും മാത്രമല്ല നിരാശരായത്; മലയാളികളുമുണ്ട്. റൊണാള്‍ഡിന്യോയെ ടീമില്‍ എടുക്കാത്തതിന് കോച്ച് ദുംഗയെ പ്രാകുന്നവര്‍ പെലെയെയും മാറഡോണയെയും സ്വന്തം കുടുംബാംഗത്തെപ്പോലെ സ്നേഹിക്കുന്നു. ഫുട്ബോളിന്റെ ഈ സാര്‍വജനീനതയ്ക്ക് മറ്റൊരു കളിക്കും അവകാശപ്പെടാനില്ലാത്ത വൈകാരിക സ്പര്‍ശമുണ്ട്. അതുപോലെ വിനോദത്തിനു മുകളില്‍ ചൂതാട്ടത്തിന്റെ നിഴല്‍വീണ ഫുട്ബോളിന്റെ ദുരന്തചരിത്രത്തിലെ രക്തസാക്ഷിയായ കൊളംബിയന്‍താരം എസ്കോബാറിന്റെ ദൈന്യമായ കരച്ചിലും ചോരയുടെ ഗന്ധവും ആര്‍ക്കാണ് മറക്കാനാവുക.

ദേശീയതയുടെ പ്രാണശ്വാസമാവുന്ന ഏക കളിയല്ല ഫുട്ബോള്‍. എന്നാല്‍, ഐക്യരാഷ്ട്രസഭയേക്കാള്‍ കൂടുതല്‍ അംഗബലമുണ്ട് ഇന്ന് അന്താരാഷ്ട്ര ഫെഡറേഷന്. ഭൂമിയിലെ പകുതിയോളം ജനങ്ങളും ടെലിവിഷനില്‍ ഈ കളി കാണുന്നു. ലോകത്ത് 25 കോടിയിലേറെപ്പേര്‍ ഫുട്ബോള്‍കളിക്കാരായുണ്ടെന്നാണ് ഫിഫയുടെ കണക്ക്. വിത്തപ്രമാണികളും വിപണനക്കാരും കവര്‍ന്നിട്ടും ഫുട്ബോളിന് ഇന്നും ഒരു കളിയെന്ന നിലയില്‍ സാമൂഹികധര്‍മം നിര്‍വഹിക്കാനാവുന്നുണ്ട്. ഫുട്ബോളിന്റെ ഇന്നലെകള്‍ക്കുള്ള സ്വപ്നസദൃശമായ സുതാര്യതകള്‍ക്കുമേല്‍ പണാധിപത്യത്തിന്റെയും ചൂതാട്ടത്തിന്റെയും നിഴല്‍ വീശിയിരിക്കുന്നുവെന്നത് മറന്നുകൂടാ. അണിയറയില്‍ കോടികളുടെ പന്തയക്കെട്ടു നാടകത്തിനുകൂടി ദക്ഷിണാഫ്രിക്ക വേദിയാകുമെന്ന് ആശങ്കയുയരുന്നു. എങ്ങനെയും ജയിക്കുക എന്നത് ടീമുകളുടെ മന്ത്രമായി മാറുമ്പോള്‍ ഫിഫ ഉയര്‍ത്തുന്ന ഫെയര്‍പ്ളേ സങ്കല്‍പ്പംതന്നെ ചോദ്യമായിത്തീരുന്നു.

ലോകകപ്പ് ഫുട്ബോള്‍ ലോകത്തിന്റെ ഉത്സവമാണ്. ഇത് ഒരു മഹാഭാരതമാണ്. ഭക്തിയുടെ, വിശ്വസ്തതയുടെ, സ്നേഹത്തിന്റെ,കരുത്തിന്റെ, കൌശലത്തിന്റെ തന്ത്രങ്ങളുടെ കഥ. എല്ലാ യുദ്ധങ്ങളില്‍നിന്നും വ്യത്യസ്തമായി അന്തിമവിധിപോലെ ഒരു ജേതാവുണ്ടാകും. തികച്ചും പരിപൂര്‍ണനായ ജേതാവ്. മനുഷ്യന്‍ ഇന്നേവരെ കണ്ട ജീവിതത്തിന്റെ എല്ലാ വികാരവിക്ഷോഭങ്ങളും സ്തോഭങ്ങളും വീഴ്ചകളും ഉയിര്‍പ്പുകളും കാല്‍പ്പന്തുകളിയിലുണ്ട്.

മനുഷ്യന്റെ ധര്‍മശാസ്ത്രങ്ങളെക്കുറിച്ചും കടപ്പാടുകളെക്കുറിച്ചും എനിക്ക് ഏറ്റവും ദൃഢമായ അറിവുണ്ടാക്കിയ ഈ കളിയോട് ഞാന്‍ അത്രയേറെ ബാധ്യസ്ഥനായിരിക്കുന്നുവെന്ന് വിശ്വസാഹിത്യത്തിലെ ഉജ്വല നക്ഷത്രമായ അല്‍ബേര്‍ കമ്യു പറഞ്ഞത്, ഫുട്ബോളിനെ ആരാധിക്കുന്ന ജനകോടികളുടെ വേദപ്രമാണംതന്നെയാണ്. നാലുകൊല്ലംകൂടുമ്പോള്‍ പൂക്കുന്ന മരങ്ങളാണ് ഓരോ ലോകകപ്പും. ഓരോ നാലാമത്തെ തിരിവിലും ഫുട്ബോളിന്റെ അനന്തമായ, ആവര്‍ത്തനരഹിതമായ സൌന്ദര്യത്തിന്റെ പൂക്കാടുകള്‍ നാം കാണുന്നു. കാത്തിരിപ്പിന്റെ വിരസതയില്‍നിന്ന് കളിയുടെ ഹൃത്തടങ്ങളിലേക്ക് ഊളിയിട്ടിറങ്ങാന്‍ സമയമായി.... ഇതാ ദക്ഷിണാഫ്രിക്ക 2010.

*
എ എന്‍ രവീന്ദ്രദാസ് കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്
ചിത്രങ്ങള്‍ക്ക് കടപ്പാട്: ഫിഫ സൈറ്റ്

Saturday, June 5, 2010

സരളം, ശുദ്ധം.... പിന്നെ ഈ ചോരപ്പാടുകളോ ?

ലോക കപ്പ് ഫുട്ബോള്‍ - വിവാദങ്ങളിലൂടെ; ദുരന്ത സ്മൃതികളിലൂടെ

ബ്രസീല്‍ എന്ന അനുഭവം

നമുക്ക് ആന്ദ്രെയില്‍ നിന്നു തുടങ്ങാം. ആന്ദ്രെ എസ്കോബാര്‍ അതീവ സൌമ്യനായിരുന്നു; ശാന്തനായിരുന്നു. ഒഴിവുസമയങ്ങളില്‍ ഗിറ്റാര്‍ വായിക്കുമായിരുന്നു. പക്ഷേ, 1994ലെ യുഎസ് ലോകകപ്പ് ഫുട്ബോളില്‍ കൊളംബിയയുടെ പ്രതിരോധഭടനായ എസ്കോബാറിന് ഒരു സെല്‍ഫ് ഗോളിന്റെ വിലയായി കൊടുക്കേണ്ടിവന്നത് സ്വന്തം ജീവനായിരുന്നല്ലോ.

കളിയും ജീവിതവും തമ്മിലുള്ള അതിര്‍വരമ്പ് എത്ര ലോലമാണെന്ന് എസ്കോബാര്‍ നമ്മെ വീണ്ടും ഓര്‍മിപ്പിക്കുന്നു. 16 വര്‍ഷംമുമ്പ് കളിഭ്രാന്തന്‍മാരുടെ നിറതോക്കിനിരയാകാന്‍ ആ കളിക്കാരന്‍ ചെയ്ത പാതകമെന്തായിരുന്നു. അമേരിക്കക്കെതിരെയുള്ള മത്സരത്തില്‍ കൊളംബിയയുടെ വിശ്വസ്തനായ എസ്കോബാറിന്റെ ഒരു പിഴവിലൂടെ പന്ത് സ്വന്തം വലയില്‍ കുടുങ്ങി. പക്ഷേ, ആ ദാനഗോള്‍ കൊളംബിയക്ക് ലോകകപ്പില്‍നിന്ന് പുറത്തേക്കുള്ള വഴിയൊരുക്കി. സ്വന്തം മണ്ണില്‍ മടങ്ങിയെത്തിയ എസ്കോബാറിന് കൊളംബിയന്‍ സോക്കര്‍ കഴുകന്‍മാര്‍ കനിഞ്ഞനുവദിച്ചത് വെറും പത്തു ദിവസത്തെ ജീവിതം. കൊളംബിയയുടെ ലോകകപ്പ് വിജയത്തിനായി വാതുവെച്ച മയക്കുമരുന്നു സംഘങ്ങള്‍ക്ക് യുഎസിനോടുള്ള തോല്‍വിയും എസ്കോബാറിന്റെ സെല്‍ഫ്ഗോളും സഹിക്കാവുന്നതിനപ്പുറമായിരുന്നു.

ഫുട്ബോളിന്റെ എഴുതപ്പെട്ട ചരിത്രത്തില്‍ ഇതിനു സമാനമായ ഒരു ദുരന്തമില്ല; ബലിയുമില്ല. സെല്‍ഫ് ഗോളടിച്ചതിന് ഈ കൊളംബിയന്‍ താരത്തെ, മയക്കുമരുന്നും ചൂതാട്ടവും സാധാരണമായ ആ നാട്ടിലെ അധോലോക പരിഷകള്‍ വെടിവെച്ചുകൊല്ലുകയായിരുന്നു. ആ മുറിവില്‍നിന്നു വറ്റാത്ത ചോരച്ചാലുകള്‍ കളിക്കളങ്ങളില്‍ ഒഴുകിക്കൊണ്ടേയിരിക്കുന്നു.

മൂന്നാംലോകത്ത് പട്ടിണിയും അക്രമവും മയക്കുമരുന്നും കൂടുന്നതിനനുസരിച്ചാണത്രേ കളിഭ്രാന്തും കൂടുന്നത്. സ്വാസ്ഥ്യം നശിപ്പിക്കുന്ന വാര്‍ത്തയാണിത്. ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ നാടുകളില്‍ നിന്നു വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളില്‍ എസ്കോബാര്‍ ഒരവസാനവാക്കല്ല. നീട്ടിപ്പിടിച്ച തോക്കുകള്‍ക്ക് നെറ്റിചേര്‍ത്തുപിടിച്ച് കളിക്കാന്‍ നിര്‍ബന്ധിതമാവുന്ന കളിക്കാരുടെ രാജ്യങ്ങള്‍ പെരുകുകയാണ്.

ഫുട്ബോള്‍ പ്രേമം അതിരുകടന്നാല്‍ ഭ്രാന്തായി മാറുമെന്നതിന്റെ തെളിവാണ് എസ്കോബാറിന്റെ ദുരന്തം. എസ്കോബാറിന്റെ നെറ്റിയില്‍ തോക്കമര്‍ത്തി വെടിപൊട്ടിക്കുംമുമ്പ് ക്ഷുഭിതനായ ആ ഫുട്ബോള്‍ ഭ്രാന്തന്‍ അലറി..... നിന്റെ സെല്‍ഫ്ഗോളിന് നന്ദി. അതിനു അദ്ദേഹം മറുപടി പറഞ്ഞോ എന്നാരും പറയുന്നില്ല. അല്ലെങ്കില്‍തന്നെ ആ ഉത്തരത്തിന് എന്ത് പ്രസക്തി. ചരിത്രം ഇവിടെ മാപ്പുസാക്ഷി. പണ്ടൊരിക്കല്‍ നാസിപട്ടാളം മോസ്കോവിലെ ഡൈനമൊ കീവിന്റെ കളിക്കാരെ നിരത്തിനിര്‍ത്തി. സെല്‍ഫ് ഗോളടിക്കാത്തതായിരുന്നു കുറ്റം. ഇരുപത്തിരണ്ട് കളിക്കാര്‍ പിടഞ്ഞുവീണു. പക്ഷേ, ആരുടെ ശരീരത്തിലും ഒന്നിലേറെ ബുള്ളറ്റുകള്‍ ഉണ്ടായിരുന്നില്ല. ഉന്മത്തനായ ആരാധകനായിരുന്നില്ല. അവിടത്തെ കൊലപാതകി. എസ്കോബാറിന് ഘാതകര്‍ സമ്മാനിച്ചത് 12 വെടിയുണ്ടകളായിരുന്നല്ലോ.

ആള്‍ക്കൂട്ടത്തിന്റെ ഉന്മാദവും വിപണിയുടെ ജയഘോഷവും ദേശാഭിമാനഭ്രാന്തും മാത്രമല്ല ഉണങ്ങാത്ത മുറിവുകളുംകൂടികൊണ്ടുവരും ഫുട്ബോള്‍. ക്രീഡാലഹരിയെ യുദ്ധലഹരിയാക്കി മാറ്റുന്നവര്‍ തെരുവിലേക്കിറങ്ങി തച്ചുടയ്ക്കലിന്റെ തത്വശാസ്ത്രം രചിക്കും. പോരാട്ടമാണ് ഫുട്ബോള്‍. ഗ്രൌണ്ടില്‍ പന്തിനുവേണ്ടി പോരാടുന്ന ഇരുപത്തിരണ്ട് പേര്‍ക്കൊപ്പം ഗ്രൌണ്ടിനുപുറത്ത് ആര്‍ത്തുവിളിക്കുന്ന ആള്‍ക്കൂട്ടത്തിനും ഫുട്ബോള്‍ പോരാട്ടമാണ്.

ബൂട്ടുകെട്ടിയ കുറെ മനുഷ്യര്‍. ഒരു പന്ത് ശത്രുനിരയുടെ വിടവിലൂടെ ഗോള്‍ വലയത്തിലേക്ക് കൊണ്ടുപോകുമ്പോള്‍ വിജയത്തിനും പരാജയത്തിനുമിടയ്ക്കുള്ള അതിര്‍വരമ്പുകളെക്കുറിച്ചോര്‍ത്ത് കാണികള്‍ അസ്വസ്ഥരാകുന്നു. കരുത്തിന്റെയും ശക്തിയുടെയും ഉത്സവമാണ് ഫുട്ബോള്‍. ഓരോ ഫുട്ബോള്‍ മത്സരവും കാണികള്‍ക്ക് വ്യത്യസ്തമായ അനുഭവമാണ്. അവിശ്വസനീയതയുടെ, അമാനുഷിക ശക്തിയുടെ വീരേതിഹാസങ്ങള്‍ക്കൊപ്പം പകയുടെയും വാശിയുടെയും ചോര മണക്കുന്ന ഏറെ കഥകള്‍ ഫുട്ബോളിനു പറയാനുണ്ട്. കളി ഉയര്‍ത്തുന്ന ആവേശത്തിരകള്‍ക്കുമീതെ, രാഷ്ട്രീയത്തിന്റെ, വിദ്വേഷത്തിന്റെ, പകയുടെ മേഘങ്ങള്‍ നിഴല്‍വിരിച്ച കഥകള്‍.

ഫുട്ബോളിലെ വിജയങ്ങള്‍ മനുഷ്യന്റെ ആഹ്ളാദാവസ്ഥയുടെ ശരിയായ വിസ്ഫോടനമാണ്. തോല്‍വിയും അത് ഉളവാക്കുന്ന നിരാശയും ക്ഷോഭജനകമായ ഒരവസ്ഥയിലേക്ക് അവനെ നയിക്കുകയും ചെയ്യുന്നു. ജീവിതം പോരാട്ടമാകുമ്പോള്‍ പരാജയം മരണമാകുന്നു. ഏതൊരു കലാപത്തെയും ഈ പ്രാകൃതഗോത്ര നീതികൊണ്ടു ന്യായീകരിക്കാം. പരിശുദ്ധമായ കായിക സംസ്കാരം നാം കൊട്ടിഘോഷിക്കപ്പെടുമ്പോഴും കളിക്കളങ്ങളെ രണഭൂമിയാക്കുന്നത്, തെറ്റുകള്‍ പൊറുക്കാത്ത ഇതേ നീതിയല്ലേ.

ഫുട്ബോള്‍ മധ്യകാലഘട്ടത്തില്‍ ഇംഗ്ളീഷുകാരുടെ ഹരമായപ്പോള്‍ കളിക്കിടയിലെ അമ്രകസംഭവങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം സൃഷ്ടിക്കാനിടയായി. അതോടെ 1314ല്‍ എഡ്വേര്‍ഡ് രണ്ടാമന്‍ ചക്രവര്‍ത്തി ഫുട്ബോള്‍ കളി നിരോധിച്ച് ഉത്തരവിറക്കി. ഇന്നത്തെ രൂപത്തിലുള്ള ഫുട്ബോള്‍ 'ഹൂളിഗനിസം' ഇംഗ്ളണ്ടില്‍ ഉടലെടുത്തത് 60 കളുടെ ആദ്യത്തിലാണ്. സ്വന്തം ദേശീയ ടീമുകളെ പ്രോത്സാഹിപ്പിക്കാനുള്ള ആവേശം രണ്ടാംലോകമഹായുദ്ധത്തിനുശേഷം 50കളില്‍ യൂറോപ്പില്‍ സ്വാഭാവികമായും ഉയര്‍ന്ന നിലയിലെത്തി. എന്നാല്‍ ഇത് കളിക്കളത്തില്‍ വ്യാപകമായ അക്രമങ്ങള്‍ക്കും ഗുണ്ടാസംഘങ്ങളുടെ രൂപീകരണത്തിനും വഴിവെച്ചു. അതേസമയം കളിയുടെ ടെലിവിഷന്‍ സംപ്രേഷണം അക്രമികള്‍ക്ക് പ്രോത്സാഹനമായതായി ചില സാമൂഹിക ശാസ്ത്രജ്ഞന്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. 1998ലെ ലോകകപ്പില്‍ ഒരു ഫ്രഞ്ച് പൊലീസുകാരനെ ഫുട്ബോള്‍ കൂളികള്‍ വകവരുത്തിയത് ഈ സംഭവപരമ്പരയിലെ ഏടുകളിലൊന്നാണ്. ഫുട്ബോള്‍ തെമ്മാടികളെ നേരിടാന്‍ ഫുട്ബോള്‍ ഇന്റലിജന്‍സ് വിഭാഗം തന്നെയുണ്ട് ഇംഗ്ളണ്ടില്‍. 1989 ഡിസംബറില്‍ ആഴ്സണലും ഗ്ളാസ്കോ റേഞ്ചേഴ്സും തമ്മില്‍ നടന്ന മല്‍സരത്തിനെത്തിയ നൂറുകണക്കിനു ഫുട്ബോള്‍ ഭ്രാന്തന്‍മാരെ പിടികൂടി സ്കോട്ടിഷ് പൊലീസിനെ ഏല്‍പ്പിച്ച് ഇവര്‍ ചരിത്രം സൃഷ്ടിച്ചു. 1985ല്‍ ബ്രസല്‍സിലെ ഹെയ്സല്‍ സ്റ്റേഡിയം ദുരന്തത്തില്‍ മരിച്ചവര്‍ തൊണ്ണൂറ്റഞ്ച് എന്നാണ് ഔദ്യോഗിക കണക്ക്. ജീവിച്ചിരിക്കുന്ന രക്തസാക്ഷികളായി ആ ദുരന്തത്തിനിരയായ നിരപരാധികള്‍ നിരവധിയുണ്ടെന്നറിയുക.

ലോകകപ്പില്‍ ആയിരങ്ങള്‍ തിങ്ങിനിറയുന്ന സ്റ്റേഡിയത്തില്‍, ഭ്രാന്തിന്റെ വക്കോളമെത്തുന്ന ആവേശം അലയടിച്ചുയരുമ്പോള്‍ ചെറിയൊരു പ്രകോപനം മതി കലാപത്തിന്റെ കാട്ടുതീ പടരാന്‍. മിക്ക ലോകകപ്പുകള്‍ക്കും ഇത്തരം കറുത്ത ഏടുകളുണ്ട്. 1970ലെ മെക്സിക്കോ ലോകകപ്പിന്റെ യോഗ്യതാറൌണ്ടില്‍ ഹോണ്ടുറാസും എല്‍സാല്‍വഡോറും ഏറ്റുമുട്ടിയപ്പോള്‍, ആ പോരാട്ടം ഗാലറിയില്‍ യുദ്ധമായി മാറി. ആയിരം ജഡമായിരുന്നു ഫലം. ഇരു ടീമുകള്‍ക്കും വിജയം അവകാശപ്പെടാനായില്ല. തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മില്‍ 1969 ജൂലൈ 14ന് ആരംഭിച്ച് ആറു ദിവസത്തോളം നീണ്ട 100 മണിക്കൂര്‍ യുദ്ധത്തില്‍ ആറായിരം പേര്‍ മരിക്കുകയും അതിന്റെ ഇരട്ടിയോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആധുനിക പത്രപ്രവര്‍ത്തനത്തിന്റെ അത്ഭുതകരമായ മാതൃകയായ പോളണ്ടില്‍ ജനിച്ച റൈസാര്‍ഡ് കപുചിന്‍സ്കി 'സോക്കര്‍ വാര്‍' എന്ന രചനയിലൂടെ ലോക ഫുട്ബോളിലെ രക്തപങ്കിലമായ ഈ ഏട് വരച്ചുകാട്ടിയിട്ടുണ്ട്.

1964ല്‍ ലാറ്റിന്‍ ശക്തികളായ അര്‍ജന്റീനയും പെറുവും തമ്മിലുള്ള ഒളിമ്പിക്സ് യോഗ്യതാമത്സരം. കളി തീരുംമുമ്പേ ഗാലറികളില്‍ ഇരു ടീമുകളുടെയും ആരാധകര്‍ ഏറ്റുമുട്ടി. 318 പേരാണ് അന്നു മരിച്ചത്.

അയര്‍ലന്‍ഡും മെക്സിക്കോയുമാണ് കളത്തിലെ പകയുടെ മറ്റൊരു ദൃഷ്ടാന്തം. 94ലെ ലോകകപ്പ് യോഗ്യതയില്‍ മെക്സിക്കോ 2-1ന് അയര്‍ലന്‍ഡിനെ തോല്‍പ്പിച്ചപ്പോള്‍ ആരാധകരുടെ തമ്മിലടിയില്‍ പരിക്കേറ്റത് 36 പേര്‍. 1950ലെ ഫൈനലില്‍ ഉറുഗ്വായ് 2-1ന് ബ്രസീലിനെ തോല്‍പ്പിച്ചപ്പോള്‍ നൂറുകണക്കിന് ബ്രസീലുകാര്‍ ബോധംകെട്ടുവീണു. കളത്തിന് പുറത്ത് ആ വാര്‍ത്തകേട്ട് പലരും ഹൃദയാഘാതംകൊണ്ടു മരിച്ചു.

1930ലെ പ്രഥമ ലോകകപ്പ് കാണാന്‍ ഉറുഗ്വായിലേക്ക് അയല്‍രാജ്യമായ അര്‍ജന്റീനയില്‍ നിന്ന് ഒഴുകിയെത്തിയ ആയിരങ്ങളുടെ ഉള്ളില്‍ കളിയുടെ ആവേശം മാത്രമായിരുന്നു. എന്നാല്‍ അത് അംഗീകരിക്കാന്‍ ഉറുഗ്വായിലെ പൊലീസ് തയ്യാറായില്ല. ഗ്രൌണ്ടില്‍ കളി തിമിര്‍ക്കുമ്പോള്‍ പൊലീസ് സ്റ്റേഷനുകളില്‍ വിവസ്ത്രരായി ആയുധപരിശോധനക്ക് വിധേയരാവുകയായിരുന്നു അര്‍ജന്റീനക്കാര്‍.

അതേസമയം രാഷ്ട്രീയ വിദ്വേഷംമൂത്ത് എതിര്‍ ടീമുമായി സാങ്കല്‍പിക പോരാട്ടം നടത്തി ജയിച്ച ടീമിന്റെ കഥയും വിശ്വഫുട്ബോളിനുണ്ട്. ചിലിയിലെ കമ്യൂണിസ്റ്റുകാരെ പുറത്താക്കി വലതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍വന്ന സമയത്ത്, 1973ല്‍ അവിടെ യോഗ്യതാ മത്സരം കളിക്കാന്‍ സോവിയറ്റ് യൂണിയന്‍ തയ്യാറായില്ല. വേദി മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഫിഫ നിരാകരിച്ചു. ചിലി ടീം ഒറ്റക്കു ഗ്രൌണ്ടിലിറങ്ങി. എതിര്‍പോസ്റ്റില്‍ ഗോളടിച്ചു നിറച്ചു. കാണികള്‍ ആര്‍പ്പു വിളിച്ചു പ്രോത്സാഹിപ്പിച്ചു. കമ്യൂണിസ്റ്റ് ഭരണകാലത്ത് ജയിലായിരുന്ന സ്ഥലത്തായിരുന്നു സ്റ്റേഡിയം എന്നുകൂടി ഓര്‍ക്കുക.

1954ല്‍ സ്വിസ് ലോകകപ്പില്‍ ബേണിലെ യുദ്ധം എന്നു കുപ്രസിദ്ധി നേടിയ ബ്രസീല്‍- ഹംഗറി പോരാട്ടം കഴിഞ്ഞപ്പോള്‍ ബ്രസീല്‍ കളിക്കാര്‍ ഹംഗറിയുടെ ഡ്രസിങ് റൂമില്‍ കയറി കണ്ടവരെയെല്ലാം തല്ലി. രണ്ടു പെനല്‍റ്റി, മൂന്നു പുറത്താക്കല്‍, 12 കളിക്കാര്‍ക്ക് പരിക്ക്- ഇതായിരുന്നു ആ മത്സരത്തിന്റെ തിരുശേഷിപ്പ്. റഫറി ആര്‍തര്‍ എല്ലിസ് താന്‍ കണ്ട ഏറ്റവും വികൃതമായ മത്സരം എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്.

അങ്ങനെ ചോരയുടെയും മരണത്തിന്റെയും ഒക്കെ ഗന്ധമുള്ള എത്ര കഥകള്‍ വേണമെങ്കിലും ലോകകപ്പ് ഫുട്ബോളിന് പറയാനുണ്ടാവും. ഫുട്ബോളിന് ഐതിഹാസികമായ ഒരു ലാളിത്യമുണ്ട്. ഈ ലാളിത്യം കളികാണുന്ന മനസുകള്‍ക്കുണ്ടെന്നാണ് ഫുട്ബോള്‍ ഭ്രാന്തിനെപ്പറ്റി പുസ്തകമെഴുതിയ ജെറാള്‍ഡ്വിന്നിയുടെ അഭിപ്രായം. എന്നാല്‍ മനസില്‍ ആക്രമണങ്ങളുടെ ഇരുണ്ട വശമുള്ളവരാണ് തെമ്മാടികള്‍ എന്നദ്ദേഹം പറയുന്നു. അതേസമയം കളിയെ അതിവൈകാരികതയോടെ കാണുന്ന ലോല മനസുകളും തോല്‍വിയോ സമ്മര്‍ദമോ താങ്ങാനാവാതെ ജീവനൊടുക്കുന്ന ഒട്ടേറെ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. 1990ലെ ലോകകപ്പില്‍ കാമറൂണ്‍ ക്വാര്‍ടറില്‍ തോറ്റപ്പോള്‍ ബംഗ്ളാദേശിലെ ഒരു വീട്ടമ്മ ആത്മഹത്യ ചെയ്തു. "എന്റെ പ്രിയപ്പെട്ട ടീമിന്റെ തോല്‍വി താങ്ങാനായില്ല'' എന്ന് ഒരു കുറിപ്പും എഴുതിവെച്ചിരുന്നു. അതേ, ഫുട്ബോള്‍ അങ്ങനെയാണ്. അശാന്തമായ ക്ഷോഭവും പ്രശാന്തമായ ക്രൌരവും കറുത്ത ഫലിതവും സമ്മാനിക്കുന്ന ഫുട്ബോള്‍ എന്ന ഗെയിമിന്റെ ഭാഗമാണ് ഈ ചിരിയും കരച്ചിലും ചോരത്തുള്ളികളുമെല്ലാം. ലോകം മുഴുവന്‍ ഫുട്ബോള്‍ ജ്വരം പടര്‍ന്നുപിടിക്കുമ്പോള്‍ ഇത് നിഷ്കളങ്കമായ ഒരു വെറും കളി മാത്രമല്ലെന്ന് നാം തിരിച്ചറിയുകകൂടി വേണം.

*
എ എന്‍ രവീന്ദ്രദാസ് കടപ്പാട്: ദേശാഭിമാനി വാരിക