Showing posts with label തെലുങ്കാന. Show all posts
Showing posts with label തെലുങ്കാന. Show all posts

Friday, April 25, 2014

തെലങ്കാന സംസ്ഥാന രൂപീകരണവും ഇടതുപക്ഷത്തിന്റെ കടമകളും

2014 ജൂണ്‍ രണ്ടോടുകൂടി തെലുങ്കു സംസാരിക്കുന്ന ജനങ്ങളുള്ള രണ്ട് സംസ്ഥാനങ്ങളുണ്ടാകും. ശക്തമായ സമരത്തെതുടര്‍ന്ന് ഭാഷാടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട രാജ്യത്തെ ആദ്യ സംസ്ഥാനമായിരുന്നു ആന്ധ്രാപ്രദേശ്. ഇപ്പോള്‍, ഇന്ത്യന്‍ യൂണിയനിലെ 29-ാമത് സംസ്ഥാനമായി പ്രത്യേക തെലങ്കാന സംസ്ഥാനത്തിന്റെ രൂപീകരണത്തോടുകൂടി സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു പുതിയ അധ്യായത്തിന് തുടക്കംകുറിക്കുകയാണ്. ഈ രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലും ഇവയ്ക്കോരോന്നിനും ഉള്ളിലും പുതിയ സംഘര്‍ഷങ്ങളും വൈരുദ്ധ്യങ്ങളും ഉയര്‍ന്നുവരാനുള്ള വ്യക്തമായ സാധ്യതകളുമുണ്ട്. ഈ പശ്ചാത്തലത്തില്‍ ആ പ്രദേശങ്ങളിലെ ജനങ്ങളുടെ ക്ഷേമം, പ്രശ്നങ്ങള്‍, നയങ്ങള്‍ എന്നിവയെക്കുറിച്ച് തീരുമാനിക്കേണ്ടതും പ്രക്ഷോഭങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരേണ്ടതും അവിടത്തെ ജനങ്ങളുടെയും ജനകീയ പ്രസ്ഥാനങ്ങളുടെയും ഉത്തരവാദിത്വമാണ്. പ്രത്യേക തെലങ്കാന സംസ്ഥാനം രൂപീകരിച്ചാല്‍ മാത്രമേ തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടൂ എന്ന ആശയം തെലങ്കാന പ്രദേശത്തെ വലിയ വിഭാഗം ജനങ്ങളുടെ മനസ്സില്‍ ആഴത്തില്‍ വേരൂന്നിയതാണ്. തെലങ്കാന രാഷ്ട്രസമിതി (ടിആര്‍എസ്) ഈ അവസരത്തെ പ്രയോജനപ്പെടുത്തി. സിപിഐ എം ഒഴികെ മറ്റ് ഇടതുപക്ഷ പാര്‍ടികള്‍ ഉള്‍പ്പെടെ മറ്റു മിക്ക പാര്‍ടികളും ഈ ആവശ്യത്തിന് പിന്തുണ നല്‍കുകയായിരുന്നു. എന്നാല്‍ തെലങ്കാന മേഖലയിലെ ജനങ്ങളുമായി ഒരു ഏറ്റുമുട്ടലിന് പോകാതെതന്നെ അവരോട് സ്വന്തം നിലപാട് വിശദീകരിക്കുകയെന്ന നയമാണ് സിപിഐ എം സ്വീകരിച്ചത്.

തെലങ്കാന മേഖലയില്‍ പാര്‍ടിയും ബഹുജന സംഘടനകളും ബുദ്ധിമുട്ടുകളെയെല്ലാം ഉയര്‍ന്ന രാഷ്ട്രീയബോധത്തോടെ ധീരമായി നേരിട്ടു; ചില പ്രദേശങ്ങളില്‍ കടുത്ത അടിച്ചമര്‍ത്തലുകളും ഒറ്റപ്പെടുത്തലുകളും നേരിട്ടുകൊണ്ടുതന്നെ തങ്ങളുടെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ തെലങ്കാനയിലെ അധ്വാനിക്കുന്ന ജനങ്ങള്‍ സിപിഐ എമ്മിന്റെയും മറ്റ് ഇടതുപക്ഷ പാര്‍ടികളുടെയും ആവശ്യകത അംഗീകരിക്കുകയുണ്ടായി. സിപിഐ എമ്മിന്റെ സാന്നിധ്യമുള്ള സ്ഥലങ്ങളിലെല്ലാം കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ സിപിഐ എമ്മിനെ പിന്തുണച്ചതില്‍ ഇത് പ്രകടമാണ്. സിപിഐ എം മാത്രമാണ് സംയുക്ത ആന്ധ്രാപ്രദേശിനായി ഉറച്ച നിലപാടെടുത്തത്. വിഭജനത്തോട് ചായ്വുള്ള നിലപാട് സ്വീകരിച്ച പാര്‍ടികള്‍തന്നെ ഐക്യത്തിനായുള്ള സീമാന്ധ്രയിലെ (തെലങ്കാനയെ ഒഴിവാക്കിയശേഷമുള്ള ആന്ധ്രാപ്രദേശിന് നല്‍കിയ പേര്) ജനങ്ങളുടെ വികാരത്തെ പ്രയോജനപ്പെടുത്തുന്നതിനായി അവസരവാദപരമായി പെരുമാറി. ആ മേഖലയിലെ മറ്റു പാര്‍ടികളുടെ നടപടികളുമായി സിപിഐ എം യോജിച്ചില്ല. ഐക്യത്തിന്റെ പ്രശ്നത്തെ ഒരു പ്രദേശത്തിന്റെ പ്രശ്നം എന്ന നിലയിലല്ല സിപിഐ എം കണ്ടത്. അഖിലേന്ത്യാടിസ്ഥാനത്തിലുള്ള നയപരമായ ഒരു വിഷയം എന്ന നിലയിലാണ് പാര്‍ടി ഈ പ്രശ്നത്തെ പരിഗണിച്ചത്.

രണ്ടു പ്രദേശങ്ങളിലും മറ്റു പാര്‍ടികള്‍ തികച്ചും പരസ്പരവിരുദ്ധമായ അവസരവാദ നിലപാട് സ്വീകരിച്ചുകൊണ്ട് ജനങ്ങളെ വഞ്ചിച്ചപ്പോള്‍, രണ്ടു പ്രദേശങ്ങളിലും തത്വാധിഷ്ഠിതമായ സ്വന്തം നിലപാട് ഉയര്‍ത്തിപ്പിടിച്ച് സ്വതന്ത്രമായി നില്‍ക്കുകയായിരുന്നു സിപിഐ എം. അതേസമയംതന്നെ രണ്ടു പ്രദേശങ്ങളിലും പാര്‍ടി ജനകീയ പ്രക്ഷോഭത്തിനൊപ്പം നില്‍ക്കുകയുമുണ്ടായി. താല്‍ക്കാലിക നേട്ടങ്ങളുടെ വലയില്‍പെട്ടുപോകാതെ, ജനകീയ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായി സംയുക്ത സമരങ്ങളിലേര്‍പ്പെടേണ്ടതിന്റെ അനിവാര്യതയെ സംബന്ധിച്ച് രണ്ട് മേഖലകളിലേയും ജനങ്ങളോട് പാര്‍ടി തറപ്പിച്ചു പറഞ്ഞു. ഈ കാര്യത്തില്‍ സിപിഐ എം സീമാന്ധ്രാമേഖലയിലും അതിന്റെ പ്രാധാന്യം ഉയര്‍ത്തിപ്പിടിച്ചു. അവസാന നിമിഷംവരെ വേലിക്കുമുകളിലിരുന്ന ബിജെപി, സിപിഐ എമ്മിനുനേരെ വിമര്‍ശനമഴിച്ചുവിട്ടു. ബൂര്‍ഷ്വാപാര്‍ടികളുടെ അവസരവാദപരമായ ദുഷ്ടതന്ത്രങ്ങള്‍ക്ക് ഒപ്പം നില്‍ക്കാത്തതുകൊണ്ടാണ് സിപിഐ എം ആക്രമിക്കപ്പെട്ടത്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും മറ്റെല്ലാ പാര്‍ടികളുടെയും വഞ്ചനാപരവും അവസരവാദപരവുമായ നിലപാടുകള്‍ തുറന്നുകാണിക്കപ്പെട്ടു. സിപിഐ എമ്മിന്റെ തത്വാധിഷ്ഠിതമായ ഉറച്ച നിലപാട് സുവ്യക്തമാക്കപ്പെടുകയുമുണ്ടായി. സംസ്ഥാനത്തെ പ്രമുഖ പാര്‍ടികളായ കോണ്‍ഗ്രസും ടിഡിപിയും ഒരേപോലെ പ്രാദേശികാടിസ്ഥാനത്തില്‍ നെടുകെ പിളര്‍ന്നു. ജനങ്ങള്‍ക്കുമേലുള്ള തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്നതിനും സീമാന്ധ്രയിലെ രാഷ്ട്രീയ താല്‍പര്യങ്ങളും ഹൈദരാബാദിലെ സമ്പത്തും സംരക്ഷിക്കുന്നതിനുമായിരുന്നു ഈ പിളര്‍പ്പ്. ഈ രണ്ട് നിലപാടുകളും തമ്മിലുള്ള (സിപിഐ എമ്മിന്റെ തത്വാധിഷ്ഠിത നിലപാടും ബൂര്‍ഷ്വാ പാര്‍ടികളുടെ അവസരവാദവും) വ്യത്യാസം ജനങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അധ്വാനിക്കുന്ന ജനങ്ങളുടെ താല്‍പര്യം കണക്കിലെടുത്ത്, ഭാഷാടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട സംസ്ഥാനങ്ങള്‍ വിഭജിക്കാന്‍ പാടില്ലെന്ന തത്വാധിഷ്ഠിത നിലപാട് സിപിഐ എം കൈക്കൊണ്ടു. ഇതില്‍നിന്ന് വ്യത്യസ്തമായി, തങ്ങള്‍ക്ക് കൂടുതല്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നതിനായി ജനങ്ങളുടെ വികാരങ്ങളെ ഇളക്കിവിടുകയാണ് മറ്റുപാര്‍ടികള്‍.

ഹൈദരാബാദിനെ കേന്ദ്രഭരണപ്രദേശമാക്കി മാറ്റാനുള്ള തിരക്കിട്ട നീക്കത്തിലാണ്, ചിലര്‍. തങ്ങളുടെ നിക്ഷേപങ്ങള്‍ സംരക്ഷിക്കലാണ് അവരുടെ ലക്ഷ്യം. മറ്റുചിലരാകട്ടെ ഓഫീസുകളുടെ അന്വേഷണത്തിലേര്‍പ്പെട്ടിരിക്കുകയാണ്. ഇവ പരസ്പരവിരുദ്ധമായ നിലപാടുകളാണ്. ഈ വിധത്തില്‍ സിപിഐ എം നിലപാടിന്റെ പൊരുളും പ്രാധാന്യവും ഇരു പ്രദേശങ്ങളിലേയും ജനങ്ങള്‍ക്ക് ഒരേപോലെ വ്യക്തമായിരിക്കുകയാണ്. തൊഴിലാളിവര്‍ഗ കാഴ്പ്പാടിന്റെ അടിസ്ഥാനത്തില്‍ തത്വാധിഷ്ഠിത നിലപാട് കൈക്കൊള്ളുന്നതിന്റെ ഉദാഹരണമാണിത്. ജനകീയപ്രശ്നങ്ങള്‍ കഴിഞ്ഞ നാലുവര്‍ഷമായി ജനകീയ പ്രശ്നങ്ങള്‍ അവഗണിക്കപ്പെട്ടിരിക്കുകയാണ്. ജനങ്ങള്‍ക്കുമേല്‍ ഒട്ടനവധി ഭാരങ്ങള്‍ അടിച്ചേല്‍പിക്കപ്പെട്ടുകൊണ്ടിരുന്നപ്പോഴും ഒരു പ്രതിഷേധ ശബ്ദവും ഉയര്‍ത്തപ്പെട്ടില്ല. ഈ സാഹചര്യം മുതലെടുത്തുകൊണ്ട്, ഭരണാധികാരികള്‍ ജനങ്ങള്‍ക്കുമേല്‍ പിന്നെയും കൂടുതല്‍ ബാധ്യതകള്‍ അടിച്ചേല്‍പിക്കുകയാണ്. നിയമസഭയില്‍ ജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് ഒരു പരാമര്‍ശംപോലും ഉണ്ടാകുന്നില്ല. രണ്ടു മേഖലകളിലേയും നേതാക്കന്മാര്‍ ഒന്നുപോലെ പരസ്പരം ചെളിവാരിയെറിയുന്നതില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ദിവസങ്ങളോളം നിയമസഭാ സമ്മേളനങ്ങള്‍ നടത്താനായില്ല. ഭരണം എന്ന ഒന്നുതന്നെ ഇല്ലാത്ത അവസ്ഥയായിരുന്നു. ജനങ്ങളെ അവരുടെ വിധിക്ക് വിട്ടുകൊടുക്കുകയാണുണ്ടായത്. തൊഴിലാളികള്‍, കര്‍ഷകര്‍, ജീവനക്കാര്‍, വിദ്യാര്‍ഥികള്‍, സ്ത്രീകള്‍, കര്‍ഷകത്തൊഴിലാളികള്‍, കൈത്തൊഴിലുകാര്‍ തുടങ്ങി വ്യത്യസ്ത വര്‍ഗങ്ങളിലും വിഭാഗങ്ങളിലുംപെട്ട ജനങ്ങള്‍ നിസ്സഹായാവസ്ഥയില്‍ ഉപേക്ഷിക്കപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യങ്ങളില്‍ സിപിഐ എമ്മാണ് അവരോടൊപ്പം നിന്നത്.

വിഭജനപ്രക്രിയ നടന്നുകൊണ്ടിരുന്നപ്പോഴും സിപിഐ എം പ്രക്ഷോഭങ്ങളും സമരങ്ങളും സംഘടിപ്പിക്കുകയുണ്ടായി. മുനിസിപ്പല്‍ തൊഴിലാളികളും അംഗന്‍വാടി ജീവനക്കാരും അധ്യാപകരും മറ്റു വിവിധ വിഭാഗം ജനങ്ങളും അതാത് വിഭാഗത്തിന്റെ സംഘടനകളുടെ നേതൃത്വത്തില്‍ സമരങ്ങള്‍ സംഘടിപ്പിച്ചപ്പോള്‍ തൊഴിലാളിവര്‍ഗ പാര്‍ടി എന്ന നിലയില്‍ സിപിഐ എം അവയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റുകയുണ്ടായി. ഇപ്പോള്‍ തെലങ്കാന സംസ്ഥാനത്തിന്റെ രൂപീകരണം തീരുമാനിക്കപ്പെട്ടുകഴിഞ്ഞു. തെലങ്കാന മേഖലയിലെ ജനങ്ങള്‍ സന്തുഷ്ടരായിരിക്കെത്തന്നെ, മറുഭാഗത്തുള്ള ജനങ്ങള്‍ ദുഃഖിതരുമാണ്. വിഭജനം കാരണം തങ്ങള്‍ക്ക് നഷ്ടം സംഭവിച്ചുവെന്ന ചിന്ത സീമാന്ധ്രാ മേഖലയിലെ ജനങ്ങളുടെ മനസ്സില്‍ വലിയ ആഘാതമേല്‍പിക്കുകയുണ്ടായി. സംസ്ഥാന വിഭജനത്തോടുകൂടി തെലങ്കാന മേഖലയുടെ പ്രശ്നങ്ങളാകെ പരിഹരിക്കപ്പെട്ടുവെന്ന് പറയാനാവില്ല. ഒട്ടേറെ പ്രശ്നങ്ങള്‍ പ രിഹരിക്കപ്പെടാതെ അവശേഷിക്കുന്നു; പുതിയ ചില പ്രശ്നങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്യും. വിഭവങ്ങളുടെ വിതരണത്തിന്റെ കാര്യം വളരെ വലിയ വികാര പ്രകടനങ്ങള്‍ക്കിടയാക്കും. രണ്ടു മേഖലകളിലെയും രാഷ്ട്രീയ നേതാക്കാള്‍ ഒരേപോലെ തങ്ങളുടെ സ്വന്തം താല്‍പര്യങ്ങള്‍ക്കായി ഈ വികാരങ്ങള്‍ ആളിക്കത്തിച്ചുകൊണ്ടിരിക്കുകയാണ്. വികാരങ്ങള്‍ ഇളക്കിവിടുകയെന്ന അപകടം തെലങ്കാനയും സീമാന്ധ്രയും തമ്മില്‍ മാത്രമല്ല, ഈ ഓരോ മേഖലയ്ക്കുള്ളിലും നിലനില്‍ക്കുന്നുണ്ട്. സീമാന്ധ്രയില്‍തന്നെ പുതിയ തലസ്ഥാനം എവിടെയായിരിക്കണമെന്നതിന്റെപേരില്‍ പുതിയ വിവാദത്തിന് ഇതിനകംതന്നെ തിരികൊളുത്തിക്കഴിഞ്ഞിരിക്കുന്നു.

ജനങ്ങള്‍ക്കിടയില്‍ പരസ്പരവിദ്വേഷം സൃഷ്ടിക്കപ്പെടുന്നില്ല എന്നുറപ്പ് വരുത്തേണ്ട ഉത്തരവാദിത്വം ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിനുണ്ട്. ഇടതുപക്ഷത്തിന് പുതിയ വെല്ലുവിളികള്‍ രണ്ടു സംസ്ഥാനങ്ങള്‍ നിലവില്‍വരുന്നതോടെ ഒരു പുതിയ സാഹചര്യം സൃഷ്ടിക്കപ്പെടുകയാണ്. രാഷ്ട്രീയ സമവാക്യങ്ങളിലെ മാറ്റത്തോടെ ഇടതുപക്ഷപ്രസ്ഥാനം പുതിയ വെല്ലുവിളികള്‍ നേരിടാന്‍പോവുകയാണ്. തെലങ്കാനയില്‍ തങ്ങള്‍ക്കനുകൂലമായി സൃഷ്ടിക്കപ്പെട്ട അന്തരീക്ഷം മുതലെടുത്തുകൊണ്ട് ശക്തിയാര്‍ജിക്കാന്‍ ബിജെപിയും മറ്റു മൗലികവാദ ശക്തികളും ശ്രമിക്കുകയാണ്. തങ്ങള്‍ മാത്രമാണ് ഏക ബദല്‍ എന്ന് സ്വയം ഉയര്‍ത്തിക്കാണിക്കുകയായിരിക്കണം സംഘപരിവാറിന്റെ തന്ത്രം. ഈ സാഹചര്യത്തെ സ്വന്തം നേട്ടത്തിനായി മാറ്റിയെടുക്കുന്നതിനാണ് ബിജെപി നോക്കുന്നത്. സ്വയം ശക്തിയാര്‍ജിക്കുന്നതിന് വര്‍ഗീയ നയപരിപാടികള്‍ക്കുപുറമെ ബിജെപി പിന്നോക്ക വിഭാഗങ്ങളുടെ പിന്തുണയാര്‍ജിക്കാന്‍ മോഡിയുടെപേരും ഉപയോഗിക്കുകയാണ്. ഈ വിഭാഗങ്ങള്‍ക്കിടയിലുള്ള തങ്ങളുടെ അടിത്തറ ദുര്‍ബലമാകാതിരിക്കാനാണ് ടിഡിപി, ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കിയത്. ഇപ്പോള്‍ താല്‍ക്കാലികമായ ചില തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ അതുമൂലമുണ്ടാകാമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ടിഡിപിയെ സംബന്ധിച്ചിടത്തോളം അത് മരണമണി മുഴക്കമായിരിക്കും എന്നുറപ്പാണ്. തെലങ്കാനയില്‍ ബിജെപി ഉയര്‍ത്തുന്ന ഭീഷണി ചൂണ്ടിക്കാണിച്ചുകൊണ്ട് മുസ്ലീം മൗലികവാദ സംഘടനകളും ശക്തിപ്പെടാനുള്ള സാധ്യതയുണ്ട്. നൈസാം ഭരിച്ചിരുന്ന ഹൈദരാബാദ് സ്റ്റേറ്റിന്റെ തുടര്‍ച്ചയാണ് തെലങ്കാന എന്ന ശക്തമായ പ്രചാരണവും ചില മുസ്ലീം നേതാക്കള്‍ ആരംഭിച്ചിട്ടുണ്ട്. ഈ രണ്ട് അപകടങ്ങളെയും അല്‍പവും കുറച്ചുകാണാനാവില്ല.

പുരോഗമനവാദികളായ ചില വ്യക്തികളും സംഘടനകളും സാമാജിക തെലങ്കാനയെക്കുറിച്ച് (സാമൂഹ്യനീതിയുള്ള തെലങ്കാന) സംസാരിക്കുന്നുണ്ട്. തെലങ്കാനയിലെ തൊഴില്‍രഹിതരായ യുവാക്കളാകട്ടെ തങ്ങള്‍ക്ക് ഉടന്‍ ജോലികിട്ടുമെന്ന വ്യാമോഹത്തിലുമാണ്. ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന്, ഇന്ത്യന്‍ സമ്പദ്ഘടന തളര്‍ച്ചയിലായിരിക്കെ, ആസന്നമായ ദിനങ്ങളില്‍തന്നെ തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നില്ലെങ്കില്‍ അതുമൂലമുണ്ടാകുന്ന അസംതൃപ്തി എന്തെല്ലാം പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്ന് സങ്കല്‍പിക്കാന്‍ പ്രയാസമില്ല. ഇടതുപക്ഷ പാര്‍ടികള്‍ ശക്തിപ്പെടുന്നതിലൂടെ മാത്രമേ ഇത്തരം വെല്ലുവിളികളെ നേരിടാനാകു എന്ന് പുരോഗമന ശക്തികള്‍ മനസ്സിലാക്കണം.

അതേപോലെതന്നെ, സീമാന്ധ്രയില്‍ പുതിയ ജാതി സമവാക്യങ്ങള്‍ നിലവില്‍ വരികയാണ്. മുന്നോക്ക ജാതിക്കാരിലെ മേധാവിത്വം വഹിക്കുന്ന വര്‍ഗങ്ങള്‍ തങ്ങളുടെ സ്വാധീനം സംരക്ഷിക്കുന്നതിനായി പല പാര്‍ടികളുടെയും പിന്നില്‍ അണിനിരക്കുകയാണ്. ചില പാര്‍ടികളാകട്ടെ തങ്ങളുടെ സ്വാധീനം സംരക്ഷിക്കാനായി ജാതിസമവാക്യങ്ങള്‍ ശക്തിപ്പെടുത്തുകയാണ്. ഇതിനകംതന്നെ ദേശീയ സമ്പദ്ഘടനയില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചിട്ടുള്ളള സീമാന്ധ്രയിലെ ഒരു ചെറിയ വിഭാഗം മുതലാളിമാര്‍ തങ്ങളുടെ മൂലധനത്തിന് കൂടുതല്‍ വ്യാപനമുണ്ടാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക പാക്കേജ് തട്ടിയെടുക്കാനുള്ള ശ്രമത്തിലാണ്. അവര്‍ ഈ മേഖലയില്‍ ഒരു മൂലധന നിക്ഷേപവും നടത്തിയിട്ടുമില്ല. നേരെമറിച്ച് അവര്‍ ഈ മേഖലയില്‍നിന്ന് മൂലധന സമാഹരണം നടത്തുകയും രാജ്യത്ത് മറ്റിടങ്ങളിലും മറുനാട്ടിലുമായി നിക്ഷേപിക്കുകയുമാണ്. തങ്ങള്‍ നേരിടുന്ന ധനപ്രതിസന്ധി മറികടക്കുന്നതിന് കേന്ദ്രം പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ഉപയോഗിക്കുകയാണ് അവരുടെ ലക്ഷ്യം. നേതാക്കന്മാര്‍ ഒരു പാര്‍ടിയില്‍നിന്ന് മറ്റൊന്നിലേക്ക് ചാടിക്കൊണ്ടിരിക്കുകയാണ്. ആര് ഏതു പാര്‍ടിയിലായിരിക്കും എന്നതിന് ഒരു വ്യക്തതയുമില്ല. സീമാന്ധ്രയില്‍ കോണ്‍ഗ്രസ് ഏറെക്കുറെ തുടച്ചുനീക്കപ്പെട്ടുവെന്നാണ് പല സര്‍വെകളും സൂചിപ്പിക്കുന്നത്. തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്നതിന് പല പാര്‍ടികളും ദളിതരെയും ഗിരിവര്‍ഗക്കാരെയും ദുര്‍ബല വിഭാഗങ്ങളെയുംപോലും ഭിന്നിപ്പിക്കുകയാണ്. ബഹുജനപ്രസ്ഥാനങ്ങളുടെ പുരോഗതിക്ക് ഒരു തടസ്സമായി മാറുകയാണ്. സംസ്ഥാനത്തെ സാമൂഹിക സ്വത്വ പ്രസ്ഥാനങ്ങള്‍ മേധാവിത്വം വഹിക്കുന്ന ജാതികളും വര്‍ഗങ്ങളും നയിക്കുന്ന പ്രാദേശിക പ്രസ്ഥാനങ്ങളുമായി കൂട്ടുചേരുകയാണ്; അങ്ങനെ മേല്‍ജാതിക്കാരുടെ മേധാവിത്വത്തെ സഹായിക്കുകയാണ്. അവര്‍ക്കിടയിലെ ജനാധിപത്യശക്തികള്‍ ദുര്‍ബലമായിവരുന്നു. സര്‍ക്കാരിന്റെയും ഭരണകക്ഷികളുടെയും സഹായത്തോടെ വളരാന്‍ ആഗ്രഹിക്കുന്ന വിഭാഗങ്ങള്‍ ശക്തിപ്പെടുകയാണ്. സാമൂഹിക പ്രസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന ഒരു പ്രശ്നമാണിത്. ഇത്തരമൊരു ദശാസന്ധിയില്‍ സാമൂഹിക പ്രസ്ഥാനങ്ങള്‍ ആരോടൊപ്പം ചേരും? ഭരണവര്‍ഗത്തോടൊപ്പമോ ഇടതുപക്ഷ ജനാധിപത്യ ശക്തികള്‍ക്കൊപ്പമോ?
സര്‍ക്കാരിന്റെ സഹായമില്ലാതെ യാതൊരു പുരോഗതിയും കൈവരിക്കാനാവില്ലെന്നാണ് ചില ആളുകള്‍ വിശ്വസിക്കുന്നത്. ഈ തരത്തിലുള്ള ചിന്താഗതി സാമൂഹിക പ്രസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്താനാണ് പോകുന്നത്. സ്വത്വപ്രസ്ഥാനങ്ങള്‍ ഇടതുപാര്‍ടികള്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയാണെങ്കില്‍ തെലങ്കാനാമേഖലയിലേയും സീമാന്ധ്രമേഖലയിലെയും ജനാധിപത്യ പ്രസ്ഥാനങ്ങള്‍ ഒരേപോലെ കരുത്താര്‍ജിക്കും. പ്രത്യേക തെലങ്കാനയുടെ രൂപീകരണത്തിനര്‍ഥം പിന്നോക്ക മേഖലകളുടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടുവെന്നല്ല. രണ്ടു സംസ്ഥാനങ്ങളിലും പിന്നോക്ക പ്രദേശങ്ങളുണ്ട്. ആസന്നമായ ദിനങ്ങളില്‍ തിരഞ്ഞെടുപ്പില്‍ ഏത് ഭരണവര്‍ഗപാര്‍ടി വിജയിച്ചാലും ഈ അസമത്വങ്ങള്‍ വളരുകമാത്രമേയുള്ളൂ; അത് അല്‍പവും കുറയാനിടയില്ല. ഒന്നായിരുന്ന സംസ്ഥാനത്തിന്റെ അസമമായ വികസനത്തിന് കാരണമായ അതേ നവലിബറല്‍ നയങ്ങളാണ് അവയെല്ലാം പിന്തുടരുന്നത്. ഇതിനുപുറമെയാണ് സാമൂഹികമായ അസമത്വങ്ങള്‍. എല്ലാതരത്തിലുമുള്ള അസമത്വങ്ങള്‍ക്കുമെതിരെ സമരങ്ങള്‍ തുടരുകയാണ് ഇടതുപക്ഷപാര്‍ടികള്‍ക്കു മുമ്പിലുള്ള അടിയന്തിര കടമ. അവ സാമൂഹികവും സാമ്പത്തികവുമായ സമരങ്ങളുമായി ഒരേ സമയം മുന്നോട്ടുപോകണം; വര്‍ഗസമരം ശക്തിപ്പെടുത്തണം. തെലങ്കാന പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തില്‍ ഇടതുപക്ഷപാര്‍ടികള്‍ക്കിടയില്‍ ഭിന്നതകള്‍ ഉടലെടുത്തു. ഇപ്പോള്‍ പ്രത്യേക സംസ്ഥാനത്തിന്റെ രൂപീകരണം നടന്നതോടെ ഇനി ഈ ഭിന്നതകള്‍ക്ക് പൂര്‍ണവിരാമമിടണം. തെലങ്കാനയിലെ സായുധ കര്‍ഷക സമരത്തിന്റെയും സീമാന്ധ്രയിലെ സാമ്രാജ്യത്വ വിരുദ്ധ, സെമിന്ദാരി വിരുദ്ധ സമരങ്ങളുടെയും പിന്‍മുറക്കാരായ കമ്യൂണിസ്റ്റുപ്രസ്ഥാനത്തിനു മാത്രമേ ഈ മേഖലകളുടെ സമഗ്ര വികസനത്തിനായുള്ള സമരത്തിനോട് ഉറച്ച പ്രതിബദ്ധതയുണ്ടാകു. ഇതിനാവശ്യമായ തന്ത്രം കമ്യൂണിസ്റ്റുപാര്‍ടിക്കേ ഉണ്ടാകൂ. ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യതയുള്ള പാര്‍ടികളും ഇവയാണ്. ആ പൈതൃകം മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്. കൂട്ടായ സമരങ്ങളിലൂടെ മാത്രമേ ഇടതുപാര്‍ടികള്‍ക്ക് ഈ രണ്ട് സംസ്ഥാനങ്ങളിലും മുന്നേറാനാകു. വര്‍ഗീയ-ശിഥിലീകരണശക്തികള്‍ ശക്തിപ്പെടുന്നത് തടയുന്നതിനും ഇതാവശ്യമാണ്.

ഇടതു ജനാധിപത്യശക്തികളും വിവിധ വിഭാഗങ്ങളുടെ സാമൂഹിക പ്രസ്ഥാനങ്ങളും ഒരേ വേദിയില്‍ അണിനിരക്കേണ്ടത് ഇന്നത്തെ ചരിത്രപരമായ ഒരാവശ്യമായി മാറിയിരിക്കുന്നു. ദീര്‍ഘകാല താല്‍പര്യങ്ങളുടെ അടിസ്ഥാനത്തിലും ഇത് അനിവാര്യമാണ്. രണ്ടു സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ ഐക്യവും അവരുടെ ഭാവിയും ഉറപ്പാക്കാന്‍ അങ്ങനെ മാത്രമേ കഴിയൂ. ആയതിനാല്‍, രണ്ടു സംസ്ഥാനങ്ങളിലും ശക്തമായ ജനാധിപത്യ പ്രസ്ഥാനം കെട്ടിപ്പടുക്കുക എന്ന ഉത്തരവാദിത്വം ഇടതുപക്ഷ ശക്തികളിലും പാര്‍ടികളിലും നിക്ഷിപ്തമാണ്.

*
വി ശ്രീനിവാസറാവു

Sunday, March 2, 2014

ജനാധിപത്യത്തെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് - ബിജെപിഒത്തുകളി

തെലങ്കാനാ സംസ്ഥാന രൂപീകരണം, അതിനുവേണ്ടിയുള്ള സമരം ഒരു വിഭാഗം തെലങ്കാനക്കാര്‍ ആരംഭിച്ചകാലംമുതല്‍ മിക്ക രാഷ്ട്രീയപാര്‍ടികള്‍ക്കും ഒരു കീറാമുട്ടിയായിരുന്നു. ഫെബ്രുവരി 19 ബുധനാഴ്ചയും അത് കോണ്‍ഗ്രസിനും ബിജെപിക്കും മുമ്പില്‍ അങ്ങനെയായിരുന്നു. തലേന്ന് ആ രണ്ട് പാര്‍ടികളും കൈകോര്‍ത്താണ,് ലോകസഭയില്‍, ലോകസഭാ നടപടികളുടെ തത്സമയ സംപ്രേഷണം നിര്‍ത്തിവെച്ചും നിരീക്ഷണഗാലറികളില്‍നിന്ന് സകലരേയും ഒഴിവാക്കിയും, ഒരു ചര്‍ച്ചയും കൂടാതെ 108 വകുപ്പുകളും 13 ഷെഡ്യൂളുകളുമുള്ള ബില്‍ പാസാക്കിയത്.

തെലങ്കാനക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ മുമ്പ് കാണിച്ച അവിവേകം ഇപ്പോള്‍ ആ സംസ്ഥാന രൂപീകരണത്തിലും കോണ്‍ഗ്രസും ബിജെപിയുമൊക്കെ കാട്ടിക്കൂട്ടുന്നു. കോണ്‍ഗ്രസിന് ഒറ്റ താല്‍പര്യമേയുള്ളൂ. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അവിടെ പരമാവധി സീറ്റ് നേടണം. അതിന് അവര്‍ കണ്ട മാര്‍ഗം കോണ്‍ഗ്രസില്‍നിന്ന് നേരത്തെ വേര്‍പെട്ടുപോയി തെലങ്കാനയ്ക്കുവേണ്ടി പോരാടുന്ന ടിആര്‍എസുമായി കൂട്ടുകൂടുകയാണ്. അത് സാധ്യമാകണമെങ്കില്‍ തെലങ്കാന രൂപീകരിക്കാന്‍ കൂട്ടുനില്‍ക്കണം. മുമ്പ് ആന്ധ്രാപ്രദേശ് വെട്ടിമുറിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിനെ വാശിയോടെ എതിര്‍ത്തുനിന്ന സോണിയാഗാന്ധി അതിനെ അനുകൂലിക്കുന്നതിന് ഈ താല്‍ക്കാലികാവശ്യമല്ലാതെ മറ്റൊരു ന്യായീകരണവുമില്ല. അതുകൊണ്ടാണ് സീമാന്ധ്ര പ്രദേശത്തുകാരായ നിരവധി കോണ്‍ഗ്രസ് എംഎല്‍എമാരും എംപിമാരും മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ അതിനെ എതിര്‍ത്തത്.

ബിജെപിക്ക് ആന്ധ്രപ്രദേശില്‍ വലിയ സ്വാധീനമൊന്നുമില്ല. കലക്കവെള്ളത്തില്‍നിന്ന് എന്തെങ്കിലും പിടിച്ചെടുക്കാന്‍ കഴിയുമോ എന്നാണ് അവരുടെ നോട്ടം. അതുകൊണ്ടും മുമ്പ് പല സംസ്ഥാനങ്ങളെയും യുക്തിരഹിതമായി വിഭജിക്കുന്നതിന് നേതൃത്വം നല്‍കിയതുകൊണ്ടുമാണ് അവര്‍ തെലങ്കാനാ രൂപീകരണത്തെ പിന്താങ്ങിയത്. എന്നാല്‍, അവിടെ ടിആര്‍എസ്, കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്നതും സീമാന്ധ്രയിലെ കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ച് തുടര്‍ച്ചയായി സമരംചെയ്യുന്നതും കോണ്‍ഗ്രസ് വിടുന്നതും കണ്ടപ്പോള്‍ അവര്‍ക്കും അനുകൂലമായി അവസാനനിമിഷം ബിജെപി മാറി. ലോകസഭയില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ കൈകോര്‍ത്താണ് ഇത്തരം കാര്യങ്ങളടക്കം സഭയില്‍ ചര്‍ച്ചചെയ്യാതെ ബില്‍ പാസാക്കാന്‍ ധൃതികാണിച്ചത്. അതാണ് സീമാന്ധ്രയില്‍ നിന്നുള്ള ചില കോണ്‍ഗ്രസ് എംപിമാര്‍ അറ്റകൈ പ്രയോഗം നടത്താന്‍ ഇടയാക്കിയതും. അതിനെ തുടര്‍ന്ന് ബിജെപിയുടെ മൗനാനുവാദത്തോടെയാണ് വലിയ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന ആ ബില്‍ നിമിഷങ്ങള്‍കൊണ്ട് പാസാക്കിയതും പാര്‍ലമെന്ററി ജനാധിപത്യത്തിന് മാനക്കേടുണ്ടാക്കിയ സംഭവങ്ങള്‍ക്ക് ഇട നല്‍കിയതും. പാര്‍ലമെന്ററി ജനാധിപത്യത്തെ അരുംകൊലചെയ്ത ഈ നടപടിക്കെതിരെ കടുത്ത വിമര്‍ശനം എല്ലാ ഭാഗങ്ങളില്‍നിന്നും ഉയര്‍ന്നപ്പോള്‍ പാര്‍മെന്ററികാര്യമന്ത്രി കമല്‍നാഥ് തങ്ങള്‍ ഒറ്റയ്ക്കല്ല, ബിജെപി നേതൃത്വവുമായി ചര്‍ച്ചചെയ്ത് അവരുടെ സമ്മതത്തോടെയാണ് അതെല്ലാം ചെയ്തത് എന്ന് തുറന്നുപറഞ്ഞു. അത് ബിജെപിക്ക് ക്ഷീണമായി. മാത്രമല്ല, ഗുജറാത്ത് മുഖ്യമന്ത്രി മോഡി തെലങ്കാനാബില്‍ ചര്‍ച്ച കൂടാതെ പാസാക്കണമെന്ന് നിര്‍ദേശിച്ചതായും വാര്‍ത്ത പരന്നു. അതോടെ തങ്ങള്‍ കോണ്‍ഗ്രസുമായി കൈകോര്‍ത്തുനില്‍ക്കുകയല്ല, അവരില്‍നിന്ന് വേറിട്ടാണ് നില്‍ക്കുന്നത് എന്ന് സ്ഥാപിക്കാന്‍ ബിജെപി നിര്‍ബന്ധിതമായി.

രാജ്യസഭയില്‍ ബില്‍ വരുന്നതിനുമുമ്പേ അവര്‍ ലോകസഭ പാസാക്കിയ ബില്ലില്‍ ഭരണഘടനാലംഘനം കണ്ടതും ബില്ലിന് ഭേദഗതി നിര്‍ദേശിക്കാന്‍ തീരുമാനിച്ചതും അങ്ങനെയാണ്. അതോടെ കോണ്‍ഗ്രസ് ബിജെപിയുടെ പിന്തുണതേടാന്‍ വീണ്ടും നിര്‍ബന്ധിതമായി. കഴിയുമെങ്കില്‍ ലോകസഭ പാസാക്കിയ രൂപത്തില്‍തന്നെ ബില്‍ രാജ്യസഭയും പാസാക്കണം. അല്ലെങ്കില്‍ രാജ്യസഭ അംഗീകരിച്ച ഭേദഗതിയോടെ ബില്‍ വീണ്ടും ലോകസഭ പാസാക്കേണ്ടിവരും. അത് ഉടനെ വേണംതാനും. അതല്ലെങ്കില്‍ ബില്‍ പാസാകാതെ പോകും. ഇനി അധികം ദിവസങ്ങളില്ല. ഇങ്ങനെയൊരു അക്കിടി ബിജെപിക്കും കോണ്‍ഗ്രസിനും പറ്റിയതുകൊണ്ടാണ് 19 ാം തീയതി ബുധനാഴ്ച ഉച്ചയ്ക്കുശേഷം ബില്‍ രാജ്യസഭ ചര്‍ച്ചചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടും, അതിനായി രണ്ടുമണി മുതല്‍ അഞ്ചുമണിവരെ മൂന്നുതവണ സഭ നീട്ടിവെച്ചിട്ടും അവസാനം ഉപാധ്യക്ഷന്‍ പി ജെ കുര്യന് സഭ പിറ്റേന്നത്തേക്ക് നീട്ടിവെയ്ക്കേണ്ടിവന്നത്. ഹൈദരാബാദ് നഗരഭരണത്തില്‍ ആന്ധ്രാപ്രദേശ് ഗവര്‍ണര്‍ക്ക് പ്രത്യേകാധികാരം നല്‍കിയത് ഭരണഘടനാവിരുദ്ധമാണ് എന്ന ബിജെപിയുടെ വാദം ശരിയാവാം, തെറ്റാകാം.

എന്നാല്‍ ഒരു കാര്യം തീര്‍ച്ചയാണ്: ആന്ധ്രാപ്രദേശ് രണ്ടായി വിഭജിക്കുന്നതോടെ ഇരുസംസ്ഥാനങ്ങളും അവയിലെ ജനങ്ങളും തമ്മില്‍ പൊട്ടിപ്പുറപ്പെടാന്‍ ഇടയുള്ള വൈകാരികവും സാമ്പത്തിക പ്രേരിതവും ഭരണപരവുമായ പ്രശ്നങ്ങള്‍ നിരവധിയാണ്. ഹൈദരാബാദിലെ വിവിധ സൗകര്യങ്ങളും വികസനവും കേന്ദ്രീകരിച്ചിരിക്കുന്നത് എംപിമാരിലും എംഎല്‍എമാരിലുമാണ്. കുരുമുളക് പൊടി വിതറിയ കോണ്‍ഗ്രസ് എംപി 40,000 കോടി രൂപ ആസ്തിയുള്ള ഒരു വ്യവസായ സാമ്രാജ്യത്തിെന്‍റ അധിപനാണ് എന്നാണ് വാര്‍ത്ത. അതുപോലെ എത്ര എംപിമാര്‍ ഇരുസഭകളിലും - എംഎല്‍എമാര്‍ നിയമസഭയിലും കാലാകാലങ്ങളില്‍ അവര്‍ തെലങ്കാനയുടെ വികസനം ശ്രദ്ധിക്കാതിരുന്നതാണ് ഇപ്പോഴത്തെ വിഭജനത്തിനു പ്രേരകശക്തിയായിത്തീര്‍ന്നത്. ഇപ്പോള്‍ ലോകസഭയിലും രാജ്യസഭയിലും ബില്‍ അവതരണവുമായി ബന്ധപ്പെട്ട് തിരനോട്ടം നടത്തിയ പ്രശ്നങ്ങള്‍ ഭാവിയില്‍ ഉണ്ടാകാനിടയുള്ള നിരവധി പ്രശ്നങ്ങളുടെ നാന്ദി കുറിക്കുന്നു. ആന്ധ്രാപ്രദേശ് പുനഃസംഘടനാ ബില്ലിലെ വിവിധ വ്യവസ്ഥകള്‍ വിശദമായ ചര്‍ച്ചയ്ക്കും പരിഗണനയ്ക്കും പാര്‍ലമെന്‍റിെന്‍റ ഇരുസഭകളും വിധേയമാക്കേണ്ടതായിരുന്നു. അതുവഴി മാത്രമേ ഇരുവിഭാഗം ജനങ്ങളിലും ഉയര്‍ന്നുവന്നിരിക്കുന്ന ആശങ്കകള്‍ക്കും പരാതികള്‍ക്കും സമചിത്തതയോടെ പരിഹാരം കാണാന്‍ കഴിയുമായിരുന്നുള്ളൂ. കഴിഞ്ഞ കുറെ മാസങ്ങളായി പാര്‍ലമെന്‍റില്‍ ചര്‍ച്ച നടക്കാതിരിക്കാന്‍ ഭരണകക്ഷിയും പ്രധാന പ്രതിപക്ഷവും അവരുടേതായ കാരണങ്ങളാലും വഴികളിലും കരുക്കള്‍ നീക്കിവരികയായിരുന്നു. തിരഞ്ഞെടുപ്പ് അടുത്തതോടെ ഇതുമായി ബന്ധപ്പെട വികാരം പൊട്ടിത്തെറിയുടെ വക്കത്തെത്തിയിരുന്നു. അതുകൊണ്ടാണ് പല ദിവസങ്ങളിലും സഭകള്‍ നടക്കാതിരുന്നത്.

കൂനിന്മേല്‍ കുരുവെന്നോണമാണ് തെലങ്കാനാ രൂപീകരണം സംബന്ധിച്ച ബില്‍ ചര്‍ച്ചയ്ക്കു വരുന്നത്. അതോടെ പ്രശ്നം അതിരൂക്ഷമായി. ഈ സ്ഥിതിവിശേഷം സൃഷ്ടിച്ചതിെന്‍റ ഉത്തരവാദിത്വത്തില്‍നിന്ന് ഭരണകക്ഷിക്കോ പ്രധാന പ്രതിപക്ഷത്തിനോ ഒഴിഞ്ഞു മാറാനാവില്ല. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ ഈ രണ്ടു കക്ഷികള്‍ക്കും വലിയ ഉത്തരവാദിത്വമുണ്ട്. എന്നാല്‍, ഈ ഗവണ്‍മെന്റിന്റെ കാലത്ത് ഗവണ്‍മെന്റിന്റെ പ്രധാന കടമ ഖജനാവ് കൊള്ള ചെയ്യാന്‍ കുത്തകകളെ സഹായിക്കലായി മാറി. ബാക്കി കാര്യങ്ങളെല്ലാം "നാംകെ വാസ്തെ"യായി മാറി. പ്രധാന പ്രതിപക്ഷമാണെങ്കില്‍, തങ്ങള്‍ക്ക് ഉടന്‍ ഭരണത്തില്‍ കയറാന്‍ സഹായിക്കുന്ന വിധത്തില്‍ ഭരണമാകെ വെടക്കാക്കലാണ് തങ്ങളുടെ കടമ എന്ന മാനസികാവസ്ഥയിലുമായി. ഇരുകക്ഷികളുടെയും നേതൃത്വങ്ങളാണെങ്കില്‍ ഇതിനപ്പുറം വിശാല കാഴ്ചപ്പാടൊന്നും ഇല്ലാത്തവരും. പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം കഴിഞ്ഞ ദിവസങ്ങളില്‍ പ്രത്യക്ഷമായതുപോലെ അധഃപതിച്ചതിനു സകല രാഷ്ട്രീയ പാര്‍ടികളെയും രാഷ്ട്രീയത്തെയും അടച്ചാക്ഷേപിക്കുന്ന പ്രവണത പരക്കെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

അധഃപതനം ഉണ്ടായി എന്നത് നേരാണ്. അത് രൂപപ്പെട്ടതും വികസിച്ചതും ഭരണകക്ഷിയുടെയും പ്രധാന പ്രതിപക്ഷത്തിെന്‍റയും അധാര്‍മികവും അവിവേകവുമായ നടപടികളില്‍നിന്നാണ്. കോണ്‍ഗ്രസ്സിെന്‍റ അധികാര ഗര്‍വ്, അഴിമതി, സാമ്രാജ്യത്വ - കുത്തക പ്രീണനം, സ്വജനപക്ഷപാതം മുതലായവ ഒരുവശത്ത്. പ്രധാന പ്രതിപക്ഷ കക്ഷിയുടെ നഗ്നമായ വര്‍ഗീയതയും സാമ്രാജ്യത്വ - കുത്തക പ്രീണനം മറുവശത്തും. ഈ ചിന്താഗതിയില്‍ ഇരുകൂട്ടരും ഏറെ വ്യാപരിച്ചതിനാലാണ് ജനങ്ങളുടെ യഥാര്‍ഥ പ്രശ്നങ്ങള്‍ അവര്‍ക്ക് കാണാന്‍ കഴിയാതെ പോയത്. അതാണ് ഇപ്പോള്‍ പാര്‍ലമെന്റ് നടപടികളുടെ അധഃപതനത്തിനും തെലങ്കാനാ പ്രശ്നത്തില്‍ അത് മൂര്‍ഛിക്കുന്നതിനും ഇടയാക്കിയത്. ഈ രണ്ടു പാര്‍ടികളെയും ജനങ്ങള്‍ വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ എന്തുകൊണ്ട് അധികാരത്തില്‍ എത്തിച്ചുകൂടാ, ജനങ്ങളുടെ പ്രശ്നങ്ങള്‍ യാഥാര്‍ഥ്യബോധത്തോടെ കൈകാര്യം ചെയ്യാന്‍ കെല്‍പുള്ള ഒരു മുന്നണി കോണ്‍ഗ്രസ്സിനെയും ബിജെപിയെയും ഒഴിവാക്കിക്കൊണ്ട,് എന്തുകൊണ്ട് ഉയര്‍ന്നുവരണം എന്ന് ഈ സംഭവങ്ങള്‍ വെളിവാക്കുന്നു.

*
ചിന്ത മുഖപ്രസംഗം

Thursday, February 20, 2014

ഭാഷാസംസ്ഥാനം എന്ന സങ്കല്‍പ്പവും പൊളിക്കുന്നു

സങ്കുചിത രാഷ്ട്രീയനേട്ടത്തില്‍ കണ്ണുവച്ച് യുപിഎ സര്‍ക്കാര്‍ നടത്തുന്ന ആന്ധ്രാവിഭജനം ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടന എന്ന സങ്കല്‍പ്പത്തിന്റെ അടിത്തറയിളക്കുന്ന തരത്തിലുള്ള വിപല്‍ക്കരമായ നീക്കമാണ്. ജനങ്ങളുടെ ഒരുമ, രാഷ്ട്രത്തിന്റെ ഐക്യം എന്നിവയേക്കാള്‍പോലും പ്രധാനപ്പെട്ടത് തങ്ങളെ സംബന്ധിച്ചിടത്തോളം ചില പാര്‍ലമെന്റ് സീറ്റുകളാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍. വിപല്‍ക്കരമായ നീക്കമാണിത്.

അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും അവിശുദ്ധവുമായ കരുനീക്കങ്ങളിലൂടെയാണ് ആന്ധ്രാപ്രദേശിനെ വിഭജിച്ച് തെലങ്കാനാ സംസ്ഥാനം രൂപീകരിക്കുന്നതിനുള്ള ബില്‍ ലോക്സഭയില്‍ പാസാക്കിയെടുത്തത്. ചര്‍ച്ചപോലും ഒഴിവാക്കിയതും തടിമിടുക്കുള്ള എംപിമാരുടെ വലയത്തില്‍നിര്‍ത്തി ആഭ്യന്തരമന്ത്രിയെക്കൊണ്ട് ബില്‍ അവതരിപ്പിച്ചതും ആന്ധ്രാജനതയുടെ പൊതുവികാരം എന്ത് എന്ന് ആരായാതിരുന്നതുമൊക്കെ ജനാധിപത്യവിരുദ്ധതയുടെ തെളിവുകള്‍. ബദ്ധശത്രുക്കള്‍ എന്ന് നടിക്കുന്ന കോണ്‍ഗ്രസും ബിജെപിയും ബില്‍ പാസാക്കുന്നതില്‍ ഒരുമിച്ചത് അവിശുദ്ധതയ്ക്കുള്ള തെളിവ്.

സഭയില്‍ നടക്കുന്നത് എത്രമേല്‍ ജനാധിപത്യവിരുദ്ധമായ കാര്യങ്ങളാണ് എന്നത് ജനങ്ങള്‍ അറിയരുതെന്ന കാര്യത്തില്‍ സര്‍ക്കാരിന് പ്രത്യേക നിഷ്കര്‍ഷയുണ്ടായിരുന്നു. അതുകൊണ്ടാണ് തല്‍സമയ സംപ്രേഷണംപോലും നിര്‍ത്തിവച്ചതും ചര്‍ച്ചയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതും. രാജ്യത്തെ ബാധിക്കുന്ന സുപ്രധാനമായ ഒരു നടപടിയാണ് ചര്‍ച്ച ഒഴിവാക്കി കള്ളത്തരത്തിലൂടെ പാസാക്കിയെടുത്തത്.

ഒരേ ഭാഷ സംസാരിക്കുന്ന ഒരു ജനതയെ പരസ്പരം ഭിന്നിപ്പിച്ച് തമ്മിലടിപ്പിച്ച് മുതലെടുക്കുകയെന്ന കുടിലതന്ത്രമാണ് കോണ്‍ഗ്രസ് പ്രയോഗിച്ചത്. ആന്ധ്രാപ്രദേശില്‍ ഇനിയുണ്ടാകാന്‍ പോകുന്ന പ്രശ്നങ്ങളുടെ സൂചനകള്‍ ഇതിനകംതന്നെ കണ്ടുതുടങ്ങി. തെലങ്കാനാമേഖലയില്‍ സീമാന്ധ്രാമേഖലയില്‍നിന്നുള്ളവര്‍ക്കും സീമാന്ധ്രാമേഖലയില്‍ തെലങ്കാനയില്‍നിന്നുള്ളവര്‍ക്കും അരക്ഷിതത്വം എന്ന നില. മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡിയുടെയും എംഎല്‍എമാരുടെയും രാജി. അരാജകത്വം നിറഞ്ഞ രാഷ്ട്രീയാവസ്ഥ. ഭീതിയുടെ സാമൂഹ്യാന്തരീക്ഷം. ഇതൊക്കെ ഇനി എപ്പോള്‍ ഏത് വഴിക്കൊക്കെ വഷളാകുമെന്നത് കണ്ടറിയണം. എല്ലാത്തിനും ഉത്തരവാദികള്‍ കോണ്‍ഗ്രസും ബിജെപിയുമാണ്.

അവഗണനകൊണ്ടും അതുമൂലമുള്ള പിന്നോക്കാവസ്ഥകൊണ്ടും ഉള്ള പ്രശ്നങ്ങള്‍ ഇന്ത്യയിലെ പല സംസ്ഥാനങ്ങള്‍ക്കുമെന്നപോലെ ആന്ധ്രാപ്രദേശിനുമുണ്ട്. അതിനുള്ള പരിഹാരം അവഗണന അവസാനിപ്പിക്കുകയും സമതുലിതമായ വികസനം സാധ്യമാക്കാന്‍ നടപടിയെടുക്കുകയുമാണ്. അത് ചെയ്യേണ്ട ഉത്തരവാദിത്തമുള്ളവര്‍ അതില്‍നിന്ന് ഒഴിയാന്‍ സംസ്ഥാനത്തെ വിഭജിക്കുകയാണ് പോംവഴി എന്ന വാദം മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ചു. അവര്‍ ജനങ്ങളെ തമ്മില്‍ തല്ലിച്ച് കാര്യങ്ങള്‍ നേടാന്‍ ശ്രമിക്കുന്നു. സ്ഥാപിതതാല്‍പ്പര്യങ്ങളുള്ള മുതലാളിത്ത ശക്തികള്‍ മുതല്‍ വോട്ടിന് രാജ്യത്തേക്കാള്‍ വിലയുണ്ടെന്ന് കരുതുന്ന കോണ്‍ഗ്രസും ബിജെപിയുംവരെയാണ് ഈ സൃഗാലതന്ത്രത്തിന്റെ നടത്തിപ്പുകാര്‍. സംസ്ഥാനങ്ങള്‍ ഭാഷാടിസ്ഥാനത്തിലാവണമെന്ന് അമ്പതുകളുടെ അവസാനം തീരുമാനിച്ചത് ആഴത്തിലുള്ള വിചിന്തനങ്ങളുടെയും ദീര്‍ഘമായ ചര്‍ച്ചകളുടെയും നിരന്തരമായ പ്രക്ഷോഭങ്ങളുടെയും ഫലമായാണ്. വൈവിധ്യമാര്‍ന്ന ദേശീയതകളുടെ സമന്വയമെന്ന് വിശേഷിപ്പിക്കേണ്ട ഒരു മഹാരാജ്യത്ത് ജനങ്ങളുടെ ഒരുമയും രാഷ്ടത്തിന്റെ ഐക്യവും പരിരക്ഷിച്ച് ശക്തിപ്പെടുത്താന്‍ ഭാഷയല്ലാതെ മറ്റൊന്നും മാനദണ്ഡമാക്കാനില്ല എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അത്. അത് ശരിയായിരുന്നുവെന്ന് ചരിത്രം തെളിയിക്കുകയുംചെയ്തു.

എന്നാല്‍, ആ മാനദണ്ഡത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുകയാണ് ഇപ്പോള്‍ തെലുങ്കുഭാഷ സംസാരിക്കുന്ന ജനതയെ വെട്ടിപ്പിളര്‍ക്കുന്ന കോണ്‍ഗ്രസ്-ബിജെപി സംയുക്തനീക്കം. ഭാഷപോലുള്ള അടിസ്ഥാനങ്ങളല്ല, മറിച്ച് സങ്കുചിത അഡ്ഹോക് താല്‍പ്പര്യങ്ങളാണ് സംസ്ഥാന രൂപീകരണത്തിലും പുനഃസംഘടനയിലും മാനദണ്ഡമാവുക എന്നുവന്നാല്‍ ആപല്‍ക്കരമായ അരാജകസ്ഥിതിയിലേക്കാവും രാജ്യം പോവുക. അത്തരമൊരു വഴി തുറക്കാനുള്ള വെടിമരുന്നിടുകയാണ് യുപിഎ ആന്ധ്രാവിഭജന ബില്ലിലൂടെയും ബിജെപി അതിനു നല്‍കിയ പിന്തുണയിലൂടെയും. വിഭജനപരാമര്‍ശമുള്ള ശ്രീകൃഷ്ണാകമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് എത്രയോ കാലമായി. ഇത്രകാലം അതില്‍ തീരുമാനമെടുക്കാതെ മാറ്റിവച്ചവര്‍ ഭരണ കാലാവധി കഴിഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിടേണ്ട ഘട്ടത്തിലാണ് വിഭജനബില്ലുമായി വരുന്നത്. തെലുങ്കുഭാഷ സംസാരിക്കുന്ന ജനങ്ങളെയെന്നല്ല, അവിടത്തെ സര്‍ക്കാരിനെപ്പോലും വിശ്വാസത്തിലെടുത്തിട്ടില്ല. ഒരു ചര്‍ച്ചയും ആരുമായും നടത്തിയിട്ടില്ല. അവിവേകം നിറഞ്ഞ എടുത്തുചാട്ടം!

ഇതോടെ സംസ്ഥാന പുനഃസംഘടനയ്ക്ക് അടിസ്ഥാനം ഭാഷ എന്ന നില പൊളിയുകയാണ്. ഒരുപാട് വിഘടന നീക്കങ്ങള്‍ ഇതോടെ ശക്തിപ്പെട്ടു. അസമിലെ ബോഡോ ഭൂരിപക്ഷ പ്രദേശം ബോഡോലാന്‍ഡ് ആക്കുക, അസം-നാഗലാന്‍ഡ് എന്നിവിടങ്ങളിലെ ദീമാസാ വിഭാഗത്തിനായി ദീമാരജി സംസ്ഥാനമുണ്ടാക്കുക, പശ്ചിമബംഗാളിലെ ഡാര്‍ജിലിങ് മലനിരകളും മറ്റും ചേര്‍ത്ത് ഗൂര്‍ഖാലാന്‍ഡ് സ്ഥാപിക്കുക, യുപിയുടെ പടിഞ്ഞാറന്‍ ഭാഗത്ത് ഹരിതപ്രദേശ് സ്ഥാപിക്കുക, കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ പൂര്‍വാഞ്ചല്‍ ഉണ്ടാക്കുക, തമിഴ്നാടിന്റെ ഒരു മേഖല അടര്‍ത്തി കോങ്ങനാട് സ്ഥാപിക്കുക, ഒഡിഷയെ പിളര്‍ത്തി കോസലം സ്ഥാപിക്കുക, ബിഹാര്‍- ജാര്‍ഖണ്ഡ് പ്രദേശങ്ങളില്‍ ചിലത് യോജിപ്പിച്ച് "മിഥില" ഉണ്ടാക്കുക, മഹാരാഷ്ട്രയുടെ കിഴക്കുഭാഗം മുറിച്ചെടുത്ത് വിദര്‍ഭ സ്റ്റേറ്റ് ഉണ്ടാക്കുക, ഇപ്പോള്‍ മധ്യപ്രദേശിന്റെ ഭാഗമായി നില്‍ക്കുന്ന പഴയ വിന്ധ്യാപ്രദേശ് പുനഃസ്ഥാപിക്കുക, ഗുജറാത്ത് പിളര്‍ന്ന് സൗരാഷ്ട്രയും യുപി പിളര്‍ന്ന് അവധും സ്ഥാപിക്കുക, യുപി, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ പ്രദേശങ്ങള്‍ ചേര്‍ത്ത് ബ്രജപ്രദേശ് സ്ഥാപിക്കുക എന്നിങ്ങനെ ഒരുപാട് മുറവിളികളുയരുന്നുണ്ട്. ഗോണ്‍സ്വാനാലാന്‍ഡ്, ഗോരോലാന്‍ഡ് എന്നിങ്ങനെ പുതിയ സംസ്ഥാനങ്ങള്‍ക്കുവേണ്ടിയുള്ള ആവശ്യങ്ങള്‍ പിന്നെയുമുണ്ട്. പലതും അക്രമാസക്തമായ നിലയിലാണ്; സായുധ മുന്നേറ്റങ്ങളാണ്. ഇതിന്റെയൊക്കെ എരിതീയില്‍ എണ്ണ ഒഴിക്കുകയാണ് യുപിഎ ഭരണം.

ഭാഷാ സംസ്ഥാന രൂപീകരണം എന്ന ആവശ്യം ഉന്നയിച്ച് നിരാഹാരസമരം നടത്തി രക്തസാക്ഷിത്വം വരിച്ച പോട്ടി ശ്രീരാമുലു എന്ന ഗാന്ധിയന്റെ നാട്ടില്‍തന്നെ ഭാഷാമാനദണ്ഡം പൊളിച്ച് സംസ്ഥാനത്തെ വിഭജിക്കുന്നുവെന്നത് ക്രൂരമായ ഫലിതമാണ്. 29-ാമത് ഒരു സംസ്ഥാനമുണ്ടാവുന്നുവെങ്കിലത് രാജ്യത്തിനാകെ സന്തോഷിക്കാനും അഭിമാനിക്കാനും വകനല്‍കുന്ന വിധത്തിലാവണം. എന്നാല്‍,ഇവിടെ പോര്‍വിളിയുടെയും പരസ്പരസ്പര്‍ധയുടെയും ശത്രുതയുടെയും കലാപക്കനലുകള്‍ വിതച്ചാണ് ആന്ധ്രയെ വെട്ടിമുറിച്ച് പുതിയ സംസ്ഥാനമുണ്ടാക്കുന്നത്്. സംഭവിച്ചുകൂടാത്തതാണിത്.

*
ദേശാഭിമാനി മുഖപ്രസംഗം

Tuesday, October 22, 2013

തെലങ്കാന ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍

പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍, വ്യക്തമായ നയസമീപനത്തിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്ത് പരിഹാരം ഉണ്ടാക്കുന്നതിന്നല്ല, മറിച്ച് ചര്‍ച്ച ചെയ്യാതെ നീട്ടി നീട്ടിക്കൊണ്ടുപോയി, കൂടുതല്‍ സങ്കീര്‍ണമാക്കി സ്ഫോടനാവസ്ഥയില്‍ എത്തിക്കുന്നതിനാണ് എക്കാലത്തും കോണ്‍ഗ്രസ്സും അതിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര ഗവണ്‍മെന്‍റും ശ്രമിച്ചിട്ടുള്ളത്. ഒരു പ്രശ്നത്തില്‍ വ്യക്തമായ ഒരു നയം ആ പാര്‍ടിയ്ക്ക് ഉണ്ടെങ്കില്‍ത്തന്നെ, അത് പ്രാവര്‍ത്തികമാക്കാതെ, താല്‍ക്കാലിക സങ്കുചിത രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ആ പാര്‍ടിയുടെ നേതാക്കന്മാര്‍ തീരുമാനമെടുക്കുമ്പോള്‍ പ്രശ്നം വീണ്ടും കുഴയുന്നു. നേതൃസ്ഥാനത്ത്, ജനങ്ങളോട് ഉത്തരവാദിത്വമില്ലാത്ത, ദീര്‍ഘവീക്ഷണമില്ലാത്ത, കഴിവുകെട്ട നേതാക്കന്മാരാണ് ഇരിയ്ക്കുന്നതെങ്കില്‍, പ്രശ്നം വീണ്ടും സങ്കീര്‍ണമാകുന്നു. ഇന്ത്യയിലെ ഏത് സംസ്ഥാനത്തെ ഏത് ദീര്‍ഘകാല പ്രശ്നമെടുത്താലും, കോണ്‍ഗ്രസ്സിെന്‍റ ഈ പിടിപ്പുകേടും അനാസ്ഥയും വ്യക്തമായി കാണാം.

ഇപ്പോള്‍ ഏറ്റവും സജീവമായി നില്‍ക്കുന്ന തെലങ്കാനാ പ്രശ്നം തന്നെയാണ് അതിനുള്ള നല്ല ഉദാഹരണം. റായലസീമയും തീരദേശ ആന്ധ്രയും ആളിക്കത്തുകയാണ്. വൈദ്യുതി നിലയങ്ങളെല്ലാം അടച്ചിട്ടതുകാരണം സംസ്ഥാനം ആകെ ഇരുട്ടിലാണ്. ആശുപത്രികളിലെ ഐസിയുവും എടിഎം കൗണ്ടറുകളും പോലും അടഞ്ഞുകിടക്കുന്നു. വൈദ്യുതി ഇല്ലാത്തതിനാല്‍ തീവണ്ടികള്‍ ഒന്നും ഓടുന്നില്ല. ജീവനക്കാരുടെ സമരം കാരണം സര്‍ക്കാര്‍ ഓഫീസുകള്‍ പൂട്ടിക്കിടക്കുന്നു. ഫലത്തില്‍ ആന്ധ്രയില്‍ ഭരണം തന്നെയില്ല. കലങ്ങിയ വെള്ളത്തില്‍നിന്ന് മല്‍സ്യം പിടിയ്ക്കാനായി വൈ എസ് ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗ്മോഹന്‍ റെഡ്ഡി ഹൈദരാബാദിലും ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു ഡെല്‍ഹിയിലും നിരാഹാരസമരം നടത്തിക്കൊണ്ടിരിക്കുന്നു.

സ്വാതന്ത്ര്യത്തിന് രണ്ട് പതിറ്റാണ്ട് മുമ്പ് തന്നെ എഐസിസി സമ്മേളനം, ഭാഷാടിസ്ഥാനത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ പുനര്‍ വിഭജിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. ബ്രിട്ടീഷ് ഭരണകര്‍ത്താക്കള്‍ സ്വന്തം സ്വേച്ഛാധിപത്യഭരണം നിലനിര്‍ത്തുന്നതിനുവേണ്ടി അശാസ്ത്രീയമായി ഇന്ത്യയെ പല പ്രവിശ്യകളായി തിരിച്ചിരുന്നതിന്റെ പശ്ചാത്തലത്തിലാണ് ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കളില്‍നിന്ന് അങ്ങനെയൊരു ആവശ്യം ഉയര്‍ന്നുവന്നത്. എന്നാല്‍ സ്വാതന്ത്ര്യം നേടി ഭരണം ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ് ആ കാര്യം വിസ്മരിച്ചു. ഒടുവില്‍ ആന്ധ്രയിലും ഗുജറാത്തിലും മറ്റും ശക്തമായ സമരങ്ങള്‍ ഉയര്‍ന്നുവന്നപ്പോഴാണ് സംസ്ഥാന പുനഃസംഘടനയ്ക്ക് കോണ്‍ഗ്രസ് ഗവണ്‍മെന്‍റ് നിര്‍ബന്ധിതമായിത്തീര്‍ന്നത്. തെലുങ്കുഭാഷ സംസാരിക്കുന്ന പ്രദേശങ്ങളെ ഒന്നിപ്പിച്ച് വിശാലാന്ധ്ര രൂപീകരിക്കുന്നതിന് 1956ല്‍ സര്‍ക്കാര്‍ ഒരുങ്ങുമ്പോള്‍ത്തന്നെ, തെലങ്കാനാ പ്രദേശം പ്രത്യേക സംസ്ഥാനമാക്കി വേര്‍തിരിക്കണമെന്ന ആവശ്യം ഉയര്‍ന്നുവന്നിരുന്നു. അതില്‍ പിന്നീട് ആറുപതിറ്റാണ്ടോളം കഴിഞ്ഞു. പ്രശ്നം പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഗവണ്‍മെന്‍റുകള്‍ക്ക് കഴിഞ്ഞില്ല.

1970കളിലും 1990കളിലും മറ്റും തെലങ്കാനാ പ്രശ്നം വീണ്ടും വീണ്ടും ഉയര്‍ന്നുവന്നു. എന്നിട്ടും ഗവണ്‍മെന്‍റ് പ്രശ്നം തീര്‍ത്തില്ല. 2000-മാണ്ടിനുശേഷവും തെലങ്കാനാ മേഖല സമരകലുഷിതമായി. ഒടുവില്‍ 2004ലെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ്, തെലങ്കാനാ സംസ്ഥാനം രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ആ മേഖലയിലെ വോട്ടര്‍മാരുടെ വോട്ടു തട്ടുക എന്നതിലപ്പുറം അതിനുവേറെ ഉദ്ദേശമൊന്നുമുണ്ടായിരുന്നില്ല. 2004ല്‍ അധികാരമേറ്റ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ വാക്കു പാലിയ്ക്കാതിരുന്നതിനെ തുടര്‍ന്ന് തെലങ്കാനാ മേഖലയില്‍ സമരം ശക്തമായി. ആ സമരവും ഒരുവിധം ഒടുങ്ങിയപ്പോള്‍ 2009ലെ പൊതുതിരഞ്ഞെടുപ്പിനുശേഷം ആ വര്‍ഷം ഡിസംബര്‍ ഒടുവിലാണ് തെലങ്കാനാ സംസ്ഥാനം രൂപീകരിക്കുമെന്ന് അന്നത്തെ ആഭ്യന്തരകാര്യ മന്ത്രി പി ചിദംബരം അനവസരത്തില്‍ പ്രഖ്യാപിച്ചത്. വീണ്ടും സര്‍ക്കാരിന് അലസത. വീണ്ടും സമരം പൊട്ടിപ്പുറപ്പെട്ട്, തെലങ്കാനാ മേഖല കത്തിക്കാളിയപ്പോള്‍ ജസ്റ്റീസ് ശ്രീകൃഷ്ണയെ കമ്മീഷനായി നിയമിച്ച് തല്‍ക്കാലം മന്‍മോഹന്‍സിങ് സര്‍ക്കാര്‍ തടിതപ്പി. ആ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ആറ് ശുപാര്‍ശകളില്‍ അപ്രധാനമായ ഒന്നു മാത്രമായിരുന്നു പ്രത്യേക തെലങ്കാനാ സംസ്ഥാന രൂപീകരണം. ആ കമ്മീഷെന്‍റ റിപ്പോര്‍ട്ട് കിട്ടി രണ്ടുവര്‍ഷമായിട്ടും പരിഹാരം എങ്ങുമെത്തിയില്ല.

ഇങ്ങനെ നീണ്ടകാലത്തെ അവഗണനയും കുറ്റകരമായ അനാസ്ഥയും കോണ്‍ഗ്രസ്സിെന്‍റയും കേന്ദ്ര ഗവണ്‍മെന്‍റിന്റെയും ഭാഗത്തുനിന്നുണ്ടായതുകൊണ്ടാണ് പ്രശ്നം ഇത്രത്തോളം വഷളായത്. നയപരമായി വ്യക്തമായ ഒരു തീരുമാനമില്ലാതിരിക്കുക, ബന്ധപ്പെട്ട കക്ഷികളെയെല്ലാം വിളിച്ചിരുത്തി ചര്‍ച്ച ചെയ്ത് ഒരു ധാരണയില്‍ എത്താതിരിക്കുക, തങ്ങള്‍ എടുക്കുന്ന തീരുമാനം സ്വന്തം പാര്‍ടിയിലെ സംസ്ഥാന നേതാക്കളെയും അണികളെയുംപോലും ബോധ്യപ്പെടുത്താന്‍ കഴിയാതിരിക്കുക - ഇങ്ങനെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പിടിപ്പുകേടുകളുടെ ഒരു പരമ്പര തന്നെ തെലങ്കാനാ പ്രശ്നത്തില്‍ കാണാം. അതുകൊണ്ടാണല്ലോ തെലങ്കാനാ മേഖലയിലെ കോണ്‍ഗ്രസ്സുകാര്‍ തെലങ്കാനാ സംസ്ഥാന രൂപീകരണത്തിനുവേണ്ടിയും സീമാന്ധ്രയിലെ കോണ്‍ഗ്രസ്സുകാര്‍ അതിനെതിരായും വാദിയ്ക്കുകയും സമരം നടത്തുകയും ചെയ്യുന്നത്. ഐക്യ ആന്ധ്രയ്ക്കുവേണ്ടി സീമാന്ധ്രയില്‍ സമരം ചെയ്യുന്ന കോണ്‍ഗ്രസ് നേതാക്കന്മാര്‍, തെലങ്കാനാ മേഖലയില്‍ ചെന്നാല്‍ പാഷാണം വര്‍ക്കികളെപ്പോലെ, സംസ്ഥാന വിഭജനത്തിനുവേണ്ടിയും വാദിയ്ക്കുന്ന വിചിത്രമായ കാഴ്ചയും നാം കാണുന്നുണ്ട്. തെലങ്കാനാ സംസ്ഥാന രൂപീകരണത്തിനുള്ള തീരുമാനം കൈക്കൊണ്ട കേന്ദ്രമന്ത്രിസഭായോഗത്തില്‍ പങ്കെടുത്ത സീമാന്ധ്രയില്‍നിന്നുള്ള കേന്ദ്രമന്ത്രിമാര്‍, മന്ത്രിസഭായോഗം കഴിഞ്ഞ് പുറത്തിറങ്ങി നേരെ വിപരീതമായ അഭിപ്രായം പറയുന്നതും മന്ത്രിസ്ഥാനങ്ങള്‍ രാജിവെയ്ക്കുന്നതും നാം കണ്ടു. ഇത്ര പാപ്പരായ ഒരു പാര്‍ടിയും നേതൃത്വവും വേറെ എവിടെയെങ്കിലും ഉണ്ടാകുമോ? തെലങ്കാനാ പ്രശ്നത്തില്‍ എന്താണവരുടെ നിലപാട്? ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനം എന്ന നയം അവര്‍ ഉപേക്ഷിച്ചുവോ? ഉപേക്ഷിച്ചുവെങ്കില്‍ പിന്നെ വേറെ എന്താണടിസ്ഥാനം? അതിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടോ? പ്രാദേശിക പിന്നോക്കാവസ്ഥയുടെ പേരില്‍ പുതിയ സംസ്ഥാനം രൂപീകരിയ്ക്കുക എന്നതാണോ? പിന്നോക്കാവസ്ഥയുടെ പേരില്‍ സംസ്ഥാനം രൂപീകരിയ്ക്കാന്‍ പോയാല്‍ ഒരായിരം സംസ്ഥാനങ്ങള്‍ ഉണ്ടായാലും പ്രശ്നം തീരുമോ? ഭരണപരമായ സൗകര്യത്തിന് ചെറിയ സംസ്ഥാനങ്ങളാണ് ഉചിതം എന്നാണോ വാദം?

ഇന്ത്യയില്‍ ചെറിയ ചെറിയ സംസ്ഥാനങ്ങള്‍ ഒരു ഡസനില്‍പ്പരം ഉണ്ട്. ഏതിലെങ്കിലുമൊന്നില്‍ ഭരണസ്ഥിരതയുണ്ടോ? അവയുടെ രൂപീകരണത്തിനുശേഷം അതതു സംസ്ഥാനങ്ങളില്‍ വികസനമുണ്ടായിട്ടുണ്ടോ? ചെറിയ സംസ്ഥാനങ്ങള്‍ ഭരണപരമായ സൗകര്യത്തിനും വികസനത്തിനും ആവശ്യമാണെന്ന വാദം നിരര്‍ത്ഥകമാണ്. അവയുടെ അധികാരശക്തി കുറയുകയും കേന്ദ്ര സര്‍ക്കാരിനെ കൂടുതല്‍ കൂടുതല്‍ ആശ്രയിക്കേണ്ട ഗതികേടിലേയ്ക്ക് അവ ചെന്നെത്തുകയും ചെയ്യും. കേന്ദ്ര ഭരണത്തില്‍ അധികാരങ്ങള്‍ കേന്ദ്രീകരിക്കുന്നതിലേക്കാണ് അത് എത്തിച്ചേരുക. ചെറിയ സംസ്ഥാനങ്ങളില്‍, തിരഞ്ഞെടുപ്പ് നടന്നാലും ഇല്ലെങ്കിലും, കേന്ദ്രത്തിലെ ഭരണമാറ്റത്തിന്നനുസരിച്ച് ഭരണമാറ്റം സംഭവിക്കുന്ന വിചിത്രമായ സ്ഥിതിവിശേഷം ഇപ്പോള്‍ത്തന്നെയുണ്ടല്ലോ. വിശാലാന്ധ്ര വിഭജിയ്ക്കപ്പെടുന്നതിനോടല്ല, മറിച്ച്, വിഭജിയ്ക്കപ്പെടുമ്പോള്‍ സമ്പന്നമായ ഹൈദരാബാദും തെലങ്കാനാ മേഖലയിലെ ഖനി പ്രദേശങ്ങളും നഷ്ടപ്പെടുന്നതിനോടാണ് സീമാന്ധ്രയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിര്‍പ്പ് എന്ന്, അവരുടെ പ്രസ്താവനകള്‍ വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ മനസ്സിലാകും.

തെലങ്കാനാ മേഖലയ്ക്കുള്ളില്‍ കിടക്കുന്ന തലസ്ഥാനമായ ഹൈദരാബാദ് സീമാന്ധ്രക്കാര്‍ക്ക് നഷ്ടപ്പെടുന്നതിനുള്ള പരിഹാരം കേന്ദ്ര ഗവണ്‍മെന്‍റ് നിര്‍ദേശിക്കുന്നുണ്ട്. 10 കൊല്ലക്കാലം രണ്ട് സംസ്ഥാനക്കാരും ഹൈദരാബാദിനെ സംയുക്ത തലസ്ഥാനമായി ഉപയോഗിയ്ക്കട്ടെ, അതിനുള്ളില്‍ സീമാന്ധ്രക്കാര്‍ക്ക് പുതിയ തലസ്ഥാനം കെട്ടിപ്പടുക്കാനുള്ള സാമ്പത്തിക സഹായം ചെയ്യാം എന്നതാണിത്. എന്നാല്‍ ഇതില്‍ മൂന്ന് വഞ്ചനകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഒന്നാമത്, ഈ നിര്‍ദേശം പുതിയതല്ല. 2004ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പേ ഉയര്‍ന്നുവന്ന നിര്‍ദേശമാണിത്. ഇത്രകാലവും കേന്ദ്രം ഭരിച്ചതും കോണ്‍ഗ്രസ്സ് തന്നെ. അന്നു പറഞ്ഞത് ഗൗരവബോധത്തോടെയായിരുന്നുവെങ്കില്‍ കഴിഞ്ഞ പത്തുകൊല്ലക്കാലവും, മന്‍മോഹന്‍സിങ് ഇക്കാര്യത്തില്‍ ചെറുവിരല്‍ അനക്കാതിരുന്നത് എന്തുകൊണ്ടാണ്? ആന്ധ്രയിലെ മറ്റൊരു നഗരം തലസ്ഥാനമാക്കി ഉയര്‍ത്തുന്നതിന് പത്തുകൊല്ലംകൊണ്ട് പത്തുപൈസ വകയിരുത്താത്തതെന്തുകൊണ്ട്? അതിനാല്‍ ഒട്ടും ആത്മാര്‍ഥതയില്ലാത്ത ഒരു നിര്‍ദേശമാണത്. രണ്ടാമത്, പൊതുതിരഞ്ഞെടുപ്പ് അടുത്തെത്തിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസ് ഭരണം തന്നെ വരും എന്ന് അവരാരും കണക്കുകൂട്ടുന്നില്ല. തങ്ങള്‍ക്ക് ബാധ്യതയേറ്റെടുക്കേണ്ടതില്ലാത്ത ഒരു വാഗ്ദാനം, മന്‍മോഹന്‍സിങ് സര്‍ക്കാര്‍ നടത്തുന്നതിന് എന്താണര്‍ഥം? അതിനുള്ള തുക മുന്‍ബജറ്റില്‍ വകകൊള്ളിച്ചിട്ടൊന്നുമില്ലല്ലോ. എന്നുതന്നെയല്ല, ചാണ്ഡിഗഢിെന്‍റ അനുഭവം നമ്മുടെ മുന്നിലുണ്ടുതാനും. അതാണ് മൂന്നാമത്തെ കാര്യം.

നാല് പതിറ്റാണ്ടുമുമ്പ് പഞ്ചാബിനെ, ഭാഷാപരവും മതപരവുമായ ചില താല്‍പര്യങ്ങള്‍വെച്ചു കൊണ്ട് പഞ്ചാബും ഹരിയാണയും ആക്കി വിഭജിച്ചപ്പോള്‍, അന്നു പറഞ്ഞിരുന്നതും ഇതുപോലെത്തന്നെയാണ്. പത്തുകൊല്ലക്കാലം ചാണ്ഡിഗഢ് പൊതുതലസ്ഥാനം; ഹരിയാണക്ക് അതുകഴിഞ്ഞാല്‍ മറ്റൊരു തലസ്ഥാനത്തിന് സൗകര്യം. രണ്ടു സംസ്ഥാനങ്ങള്‍ക്കുംകൂടി ഒരൊറ്റ ഹൈക്കോടതി. പിന്നെ രണ്ടാക്കാം. എന്നാല്‍ അതൊന്നും സംഭവിച്ചില്ല. ഇന്നത്തേതിനേക്കാള്‍ ഒക്കെ ശക്തവും കേന്ദ്രീകൃതവുമായ കേന്ദ്രഭരണമാണ് അന്നുണ്ടായിരുന്നത്. ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യ - ഏകവ്യക്തി ഭരണം. യഥാര്‍ത്ഥത്തില്‍ പഞ്ചാബില്‍ പിന്നീടുണ്ടായ കലാപങ്ങള്‍ക്കെല്ലാം മൂലകാരണമായ മൂന്ന് മതേതര പ്രശ്നങ്ങളില്‍ ഒന്നാമത്തേത് ചാണ്ഡിഗഢിടെചക പദവി തന്നെയായിരുന്നു. (രണ്ടാമത്തേത് നദീജലം പങ്കുവെയ്ക്കുന്ന പ്രശ്നവും). നാല്‍പതുവര്‍ഷം കഴിഞ്ഞിട്ടും ഹരിയാണയ്ക്കോ പഞ്ചാബിനോ പുതിയ തലസ്ഥാനമുണ്ടാക്കിക്കൊടുത്തില്ല. ചാണ്ഡിഗഢിന്റെ രണ്ടു കൂട്ടരും കലഹത്തിന്നൊരുങ്ങുന്നുവെന്നു കണ്ടപ്പോള്‍, ആ നഗരത്തെ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റി, തല്‍ക്കാലം പ്രശ്നം പരിഹരിക്കുകയാണുണ്ടായത്. ആ അനുഭവം മുന്നിലുള്ളപ്പോള്‍ കേന്ദ്ര ഗവണ്‍മെന്‍റിന്റെ നിര്‍ദേശം സീമാന്ധ്രക്കാര്‍ക്ക് എങ്ങനെ സ്വീകാര്യമാകും? ഭരണം വിട്ടുപോകുന്നവരുടെ വാക്കെങ്ങിനെ വിശ്വസിയ്ക്കും? ഇങ്ങനെ പ്രശ്നം ആറുപതിറ്റാണ്ടായി നീട്ടിനീട്ടിക്കൊണ്ടുപോയി വഷളാക്കിയ കോണ്‍ഗ്രസ് പാര്‍ടിയും കേന്ദ്ര ഗവണ്‍മെന്റും തന്നെയാണ്, തെലങ്കാനയിലെയും സീമാന്ധ്രയിലെയും കുഴപ്പങ്ങള്‍ക്കെല്ലാം ഉത്തരവാദി. ഇപ്പോഴും പ്രശ്നത്തിനൊരു ശാശ്വത പരിഹാരം ഉണ്ടാക്കണം എന്ന് അവര്‍ ആഗ്രഹിക്കുന്നില്ല. ശ്രീ കൃഷ്ണ കമ്മീഷന്‍ റിപ്പോര്‍ട്ടു ലഭിച്ചതിനുശേഷം തെലങ്കാനാ പ്രശ്നത്തില്‍ രണ്ട് മൂന്ന് തവണ സര്‍വകക്ഷിയോഗം ചേര്‍ന്നുവെങ്കിലും അതിലൊന്നിലും, കോണ്‍ഗ്രസ് പാര്‍ടിയോ കേന്ദ്ര ഗവണ്‍മെേന്‍റാ അവരുടെ ഉള്ളിലിരുപ്പ് വ്യക്തമാക്കിയില്ല. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടന എന്ന തത്വം ഉപേക്ഷിയ്ക്കുകയും മറ്റൊരു തത്വവും അവലംബിയ്ക്കാതെ തോന്നിയപോലെ സംസ്ഥാന വിഭജനം നടത്തുകയും ചെയ്യുന്ന നടപടിയെ, തത്വാധിഷ്ഠിതമായി എതിര്‍ത്തത് സിപിഐ എം മാത്രമാണ്. ഐക്യ ആന്ധ്രയ്ക്കുവേണ്ടി നിലകൊണ്ടതും സിപിഐ എം മാത്രമാണ്. ഇന്ന് ഐക്യ ആന്ധ്രയ്ക്കുവേണ്ടി സമരം ചെയ്യുന്ന കോണ്‍ഗ്രസ്സുകാര്‍, "കേക്ക്" വിഭജിയ്ക്കുമ്പോള്‍ വലിയ ഭാഗം കിട്ടുമോ എന്ന് മാത്രമേ അന്ന് നോക്കിയിരുന്നുള്ളൂ. ഇപ്പോഴും സമ്പത്തിന്റെയും സ്ഥാനത്തിന്റെയും കാര്യത്തിലേ കോണ്‍ഗ്രസ്സിന് തര്‍ക്കമുള്ളൂ. നിലവില്‍ തീരദേശആന്ധ്ര, റായലസീമ, തെലങ്കാന എന്നിങ്ങനെ മൂന്ന് മേഖലയായി വിഭജിയ്ക്കപ്പെട്ടു കിടക്കുന്ന ആന്ധ്രപ്രദേശിലെ ആകെയുള്ള 23 ജില്ലകളില്‍ 10 എണ്ണം ഉള്‍പ്പെടുത്തി തെലങ്കാനാ സംസ്ഥാനം രൂപീകരിയ്ക്കാനാണ് നിര്‍ദേശം. ആകെയുള്ള 42 ലോകസഭാ മണ്ഡലങ്ങളില്‍ 17 എണ്ണം തെലങ്കാനാ മേഖലയില്‍ വരും. ആകെയുള്ള 294 അസംബ്ലി മണ്ഡലങ്ങളില്‍ 119 എണ്ണവും ആ മേഖലയില്‍ വരും. ആന്ധ്രപ്രദേശില്‍ കോണ്‍ഗ്രസ്സ് പിളരുകയും മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ മകന്‍ ജഗന്‍മോഹന്‍ റെഡ്ഡി വൈഎസ്ആര്‍ കോണ്‍ഗ്രസ് ഉണ്ടാക്കുകയും ചെയ്തതിനെ തുടര്‍ന്ന് സീമാന്ധ്രാ, മേഖലയില്‍നിന്ന് 2014ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ഏറെ സീറ്റൊന്നും ലഭിക്കുകയില്ല എന്ന് കോണ്‍ഗ്രസ്സിന് ഉറപ്പായിരിക്കുന്നു.

തെലങ്കാനാ മേഖലയിലെ തെലങ്കാനാ രാഷ്ട്രസമിതിയെ കോണ്‍ഗ്രസ്സിനോടൊപ്പം കൂട്ടുകയോ കോണ്‍ഗ്രസ്സില്‍ ലയിപ്പിക്കുകയോ ചെയ്താല്‍ ആ മേഖലയിലെ 17 ലോകസഭാ സീറ്റില്‍ കുറെയെണ്ണം അടിച്ചെടുക്കാം എന്നാണ് കോണ്‍ഗ്രസ്സിെന്‍റ ലക്ഷ്യം. എങ്ങിനെയെങ്കിലും കേന്ദ്രത്തില്‍ ഭരണം ഉറപ്പിയ്ക്കണമെങ്കില്‍ ആന്ധ്രയില്‍നിന്ന് (തെലങ്കാനയില്‍നിന്ന്) പരമാവധി സീറ്റ് ലഭിച്ചേ തീരൂ. അവസരവാദപരമായ ഇത്തരമൊരു സങ്കുചിത - രാഷ്ട്രീയ ലക്ഷ്യമല്ലാതെ മറ്റൊന്നും കോണ്‍ഗ്രസ്സിനില്ല. ഇക്കാര്യത്തില്‍ ടിഡിപിയേയും വൈ എസ് ആര്‍ കോണ്‍ഗ്രസ്സിനേയും കടത്തിവെട്ടാന്‍ കഴിയുമോ എന്നാണ് കോണ്‍ഗ്രസ്സ് നോക്കുന്നത്. ടിഡിപിയും വൈ എസ് ആര്‍ കോണ്‍ഗ്രസ്സും അതേ കളി തന്നെ കളിയ്ക്കുന്നു. അതിന്നിടയില്‍ നഷ്ടപ്പെട്ടു പോകുന്നത് നാം ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ മൂല്യങ്ങളും രാജ്യതാല്‍പര്യങ്ങളും ഐക്യബോധവും ഉദ്ഗ്രഥന വികാരവുമാണ്.

*
നാരായണന്‍ ചെമ്മലശ്ശേരി ചിന്ത വാരിക 18-10-2013

Tuesday, October 15, 2013

തീക്കൊള്ളികൊണ്ട് തല ചൊറിയുമ്പോള്‍

ഇന്ത്യയിലെ ഫെഡറല്‍ സംവിധാനത്തിന്റെ ഭദ്രമായ നിലനില്‍പ്പ് ഒരിക്കല്‍ക്കൂടി ഉത്കണ്ഠകളെയും വെല്ലുവിളികളെയും നേരിടുകയാണ്. തീരദേശ ആന്ധ്രയും രായലസീമയും ഉള്‍ക്കൊണ്ട സീമാന്ധ്രയില്‍ ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ ഒരു ദേശരാഷ്ട്രം എന്ന നിലയില്‍ ഇന്ത്യയുടെ സുസ്ഥിരതയെത്തന്നെ ഉത്കണ്ഠപ്പെടുത്തുന്നു. ആന്ധ്രസംസ്ഥാനം വിഭജിച്ച് തീരദേശ-രായലസീമ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി സീമാന്ധ്രയും മറുഭാഗത്ത് തെലങ്കാനയുമായി രണ്ടു സംസ്ഥാനങ്ങള്‍ രൂപീകരിക്കാനും പത്തുവര്‍ഷത്തേക്ക് തലസ്ഥാനമായ ഹൈദരാബാദ് രണ്ട് സംസ്ഥാനങ്ങളുടെയും തലസ്ഥാനമായി നിലനിര്‍ത്താനുമുള്ള കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിന്റെ തീരുമാനമാണ് സീമാന്ധ്രയിലെ ഇപ്പോഴത്തെ പ്രക്ഷോഭങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്. വൈദ്യുതി, ആരോഗ്യരംഗം തുടങ്ങിയ അവശ്യ തൊഴില്‍മേഖലകള്‍ പോലും പൂര്‍ണമായി സ്തംഭിപ്പിച്ചുകൊണ്ടുള്ള പ്രക്ഷോഭം ജനജീവിതത്തെ മൊത്തത്തില്‍ ചലനരഹിതമാക്കിയിരിക്കുകയാണ്.

1950കളില്‍ അതിശക്തമായ ജനകീയ പ്രക്ഷോഭങ്ങളുടെ ഫലമായി ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കാന്‍ കൈക്കൊണ്ട യുക്തിസഹവും പ്രായോഗികവുമായ തീരുമാനം അട്ടിമറിക്കപ്പെട്ടത് ഇപ്പോഴത്തെ ആന്ധ്രാ വിഭജനത്തോടെയല്ല. ജാര്‍ഖണ്ഡ്, ഉത്തരാഞ്ചല്‍ സംസ്ഥാനങ്ങളുടെ രൂപീകരണ സമയത്തുതന്നെ ഈ പ്രശ്നം നമുക്കു മുമ്പില്‍ ഉയര്‍ന്നുവന്നതാണ്. ഒരു തെറ്റായ കീഴ്വഴക്കം ആദ്യം സൃഷ്ടിക്കുകയും പിന്നീടതിനെ ഒരു പ്രമാണമായി ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന പൊതുഭരണരീതി തന്നെയാണിവിടെയും പ്രകടമാകുന്നത്. ഇന്നലെച്ചെയ്ത അബദ്ധം ഇന്നത്തെ ആചാരമാകുന്നതും നാളത്തെ ശാസ്ത്രമാകുന്നതും അതിനു ഭരണാധികാരം സമ്മതം മൂളുന്നതുമായ പൊതുരീതി ഇവിടെ പ്രകടമാകുമ്പോള്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ വലുതായിരിക്കും. അല്ലെങ്കില്‍ത്തന്നെ ഇന്ത്യയുടെ ഫെഡറല്‍സംവിധാനം പല രീതിയില്‍ ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു. കേന്ദ്ര ധനകാര്യ കമ്മീഷന്‍ സംസ്ഥാന വിഹിതങ്ങള്‍ പക്ഷപാതപരമായി വിഭജിച്ചുകൊണ്ടിരുന്നപ്പോഴും താല്‍ക്കാലിക ലാഭം മുന്‍നിര്‍ത്തിയുണ്ടാക്കുന്ന രാഷ്ട്രീയ കൂട്ടുകെട്ടുകള്‍ക്കുവേണ്ടി സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പാക്കേജുകള്‍ അനുവദിക്കുമ്പോഴുമൊക്കെ ഇതു പ്രത്യക്ഷമാകാറുണ്ടായിരുന്നു. എഴുപതുകളിലും എണ്‍പതുകളിലും കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ സംബന്ധിച്ച് വിശദമായ പഠനങ്ങളും നിലപാടു രൂപീകരണങ്ങളും ആവശ്യമായിവന്നു. ഇപ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സും ബിജെപിയുമടക്കമുള്ള ദേശീയ പാര്‍ടികള്‍ ദുര്‍ബലരാകുമ്പോള്‍ അനിവാര്യമായും രൂപംകൊള്ളുന്ന പ്രാദേശിക പാര്‍ടികള്‍ ശക്തരാകുന്നതും സങ്കുചിത താല്‍പ്പര്യങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതും കൂടുതല്‍ ഉത്കണ്ഠ ജനിപ്പിക്കുന്നു. തെലങ്കാനാ രാഷ്ട്ര സമിതി തെലങ്കാനാ സംസ്ഥാന രൂപീകരണത്തിനുവേണ്ടി നടത്തിയ പ്രക്ഷോഭങ്ങള്‍, ബിഹാറിന് ഒരു പ്രത്യേക പാക്കേജ് അനുവദിച്ചാല്‍ കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിനു പിന്തുണ നല്‍കാം എന്ന നിതീഷ്കുമാറിന്റെ നിലപാട് തുടങ്ങിയവയൊക്കെ ഇതിന്റെ ഉദാഹരണങ്ങളാണ്. കേരളത്തില്‍ മലപ്പുറം ജില്ല വിഭജിച്ച് രണ്ടു ജില്ലകളാക്കി മാറ്റാന്‍ കണക്കും കാര്യവും ഉദ്ധരിച്ച് ഒരുവിഭാഗം ബന്ദും പ്രക്ഷോഭവുമായി ഈയിടെ ഇറങ്ങിത്തിരിക്കുകയുണ്ടായല്ലോ. ഇത്തരം സങ്കുചിത താല്‍പ്പര്യങ്ങള്‍ക്ക് കീഴടങ്ങേണ്ടിവരുന്ന ദേശീയപാര്‍ടികള്‍ അപ്പപ്പോഴത്തെ നിലനില്‍പ്പിനുവേണ്ടി തന്ത്രങ്ങള്‍ മെനയുന്നത് രാഷ്ട്രീയ പക്വതയുടെ പ്രകടനമാവുകയില്ല. സംസ്ഥാനാതിര്‍ത്തികളില്‍ ദ്വിഭാഷാ, ബഹുഭാഷാ സമൂഹങ്ങള്‍ക്കിടയില്‍ പുകയുന്ന അതൃപ്തികള്‍, അന്തര്‍ സംസ്ഥാന നദീജല പ്രശ്നങ്ങള്‍ എന്നിങ്ങനെ കുടത്തിലുറങ്ങുന്ന ഭൂതങ്ങളൊക്കെ പുറത്തുവരാനിടയാക്കുന്ന തീരുമാനങ്ങള്‍ ഏതാനും വോട്ടിനും സീറ്റിനുംവേണ്ടി എടുക്കുമ്പോള്‍ ഇന്ത്യ എന്ന വികാരത്തെയാണ് അത് വ്രണപ്പെടുത്തുന്നത്.

ഇന്ത്യ എന്ന വികാരം എന്നു പറയുമ്പോള്‍ ദേശരാഷ്ട്ര രൂപീകരണങ്ങള്‍ക്കു പിറകിലെ വൈകാരിക പ്രശ്നങ്ങള്‍ വിശദമായിത്തന്നെ പരിശോധിക്കേണ്ടി വരും. ഒരു ദേശരാഷ്ട്രമെന്ന നിലയില്‍ ഇന്ത്യ ഉയര്‍ന്നുവന്ന സാഹചര്യങ്ങളെക്കുറിച്ച് ഒട്ടനവധി പര്യാലോചനകള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ സന്തോഷിച്ചവരും സംശയം കൊണ്ടവരുമുണ്ട്. ""ഭാരതമെന്നപേര്‍ കേട്ടാല്‍ അഭിമാനപൂരിതമാകണമന്തരംഗം, കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളില്‍"" എന്ന വള്ളത്തോളിന്റെ വരികള്‍ വച്ച് അപ്പോള്‍ അതിനു താഴെ തൃശൂര്‍ എന്നോ എറണാകുളമെന്നോ കേട്ടാല്‍ എന്തു ചെയ്യണം എന്നു ചോദിച്ചത് സാക്ഷാല്‍ കേസരി എ ബാലകൃഷ്ണപിള്ളയാണ്. ഈ വാദത്തോടു യോജിച്ചുകൊണ്ടല്ല ഇതിവിടെ പറഞ്ഞത്. മതംപോലെത്തന്നെ പ്രാദേശിക വികാരങ്ങളും വളരെ പെട്ടെന്ന് മുതലെടുക്കാന്‍ കഴിയുന്ന മൂലധനമാണ് എന്നു കാണിക്കാനാണ്. സാര്‍വദേശീയത, ദേശീയത, പ്രാദേശികത എന്നിവയുടെ സന്തുലിത സമവായം എന്നത് അത്യന്തം ശ്രമകരമായ കാര്യമാണെന്നും അല്‍പ്പം പിഴച്ചാല്‍ അലങ്കോലപ്പെട്ടു പോകുമെന്നും കാണിക്കാന്‍ വേണ്ടിയാണ്. ഇത്തിരിവട്ടം കാണുന്ന ഈ രാഷ്ട്രീയ കുബുദ്ധിയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ കാണിക്കുന്നത്. കുട്ടിക്കുരങ്ങ് ചുടുചോറ് മാന്തുന്നത് കണ്ട് രസിക്കുകയാണ് ബിജെപി. ഇത് തീക്കൊള്ളികൊണ്ട് തല ചൊറിയുന്നതിനു തുല്യമാണ് എന്ന് പക്വമതികള്‍ താക്കീത് ചെയ്യുന്നുമുണ്ട്.

*
കെ പി മോഹനന്‍  ദേശാഭിമാനി വാരിക 20-10-2013

Friday, October 11, 2013

ക്ഷണിച്ചുവരുത്തിയ പ്രതിഷേധം - പ്രകാശ് കാരാട്ട്

ആന്ധ്രപ്രദേശിലെ തീരദേശ ജില്ലകളും റായലസീമയും കഴിഞ്ഞ രണ്ടാഴ്ചയായി പ്രക്ഷുബ്ധമാണ്. സംസ്ഥാനത്തെ വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിനെതിരെ ഈ മേഖലയിലെ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും വിദ്യാര്‍ഥികളും ട്രാന്‍സ്പോര്‍ട്ട് ജീവനക്കാരും സമരത്തിലാണ്. ജൂലൈയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗമാണ് സംസ്ഥാനത്തെ വിഭജിക്കാന്‍ തീരുമാനിച്ചത്. ഒക്ടോബര്‍ നാലിന് കേന്ദ്രമന്ത്രിസഭ തെലങ്കാന രൂപീകരിക്കാന്‍ തീരുമാനിച്ചതോടെ സ്ഥിതി കൂടുതല്‍ വഷളായി. ഇതിനുശേഷം തീരദേശ സീമാന്ധ്രയിലെയും റായലസീമയിലെയും ജനജീവിതം നിശ്ചലമായി. വൈദ്യുതി മേഖലയിലെ ജീവനക്കാര്‍ പണിമുടക്കിയതോടെ വൈദ്യുതി കേന്ദ്രങ്ങള്‍ അടച്ചിട്ടു. ആശുപത്രികളിലെ അവശ്യ സര്‍വീസുകള്‍ക്കുപോലും വൈദ്യുതി ലഭ്യമല്ല.

ആന്ധ്രപ്രദേശ് വിഭജിക്കുന്നതിനും ഹൈദരാബാദ് നഗരം അവരില്‍നിന്ന് കവരുന്നതിനുമെതിരെയാണ് സീമാന്ധ്രയിലെ ജനരോഷം മുഴുവന്‍. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കുക എന്ന തത്വത്തിന്റെ ലംഘനമാണ് കോണ്‍ഗ്രസ് പാര്‍ടിയുടെ തീരുമാനം. സ്വാതന്ത്ര്യസമരകാലത്താണ് ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണം എന്ന ആവശ്യം ഉയര്‍ന്നത്. 1950 കളിലുണ്ടായ ശക്തമായ ജനകീയപ്രക്ഷോഭത്തിന്റെ ഫലമായാണ് ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ പുനര്‍വിഭജിച്ചത്. ആന്ധ്രപ്രദേശ് സംസ്ഥാനം രൂപംകൊണ്ടതും ഇതിന്റെ ഫലമായിരുന്നു.

തെലങ്കാന സംസ്ഥാനം രൂപീകരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത് ഏതെങ്കിലും തത്വങ്ങളുടെ അടിസ്ഥാനത്തിലായിരുന്നില്ല. മറിച്ച് സങ്കുചിതമായ രാഷ്ട്രീയ-തെരഞ്ഞെടുപ്പ് കണക്കുകൂട്ടലുകളുടെ ഭാഗമായാണ്. തീരദേശ ആന്ധ്രയിലെയും റായലസീമയിലെയും കോണ്‍ഗ്രസിന്റെ ജനസ്വാധീനമാകെ ജഗമോഹന്‍റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിലേക്ക് ഒലിച്ചുപോയി. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിന് ഈ മേഖലയില്‍ കനത്ത തിരിച്ചടിയുണ്ടാകും. ആന്ധ്രപ്രദേശില്‍ 42 ലോക്സഭാസീറ്റാണുള്ളത്. ഇതില്‍ 35 ഉം ഇപ്പോള്‍ കോണ്‍ഗ്രസിന്റെ കൈവശമാണ്. തങ്ങളാണ് തെലങ്കാന സംസ്ഥാനം രൂപീകരിച്ചതെന്നു പറഞ്ഞ് നേട്ടംകൊയ്യാനും അതുവഴി തങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ മുനയൊടിക്കാനുമാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇതുവഴി തെലങ്കാനയിലെ 17 ലോക്സഭാ സീറ്റില്‍ ഭൂരിപക്ഷവും നേടാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. തെലങ്കാന രാഷ്ട്രസമിതി (ടിആര്‍എസ്) യുമായി സഖ്യം സ്ഥാപിച്ചോ, ടിആര്‍എസിനെ കോണ്‍ഗ്രസില്‍ ലയിപ്പിച്ചോ ഈ ലക്ഷ്യംനേടാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.

തെലങ്കാന സംസ്ഥാനം രൂപീകരിക്കുമെന്ന് 2009ലും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ടിആര്‍എസ് നേതാവ് കെ ചന്ദ്രശേഖരറാവു അനിശ്ചിതകാല നിരാഹാര സമരം നടത്തിയ വേളയിലായിരുന്നു അത്. എന്നാല്‍, ഇതിനെതിരെ സീമാന്ധ്രയില്‍നിന്ന് ശക്തമായ പ്രക്ഷോഭം ഉയര്‍ന്നതോടെ കോണ്‍ഗ്രസ് ആ പ്രഖ്യാപനത്തില്‍ നിന്ന് പിന്‍വാങ്ങി.

ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനം എന്ന തത്വം ലംഘിക്കുക വഴി പണ്ടോറയുടെ പെട്ടിയാണ് കോണ്‍ഗ്രസ് തുറന്നത്. നിരവധിസംസ്ഥാന രൂപീകരണ ആവശ്യമാണ് അതിനുശേഷം ഉയര്‍ന്നത്. ഏകഭാഷ സംസാരിക്കുന്ന സംസ്ഥാനങ്ങളെ വിഭജിച്ച് ചെറിയ സംസ്ഥാനങ്ങള്‍ രൂപീകരിക്കുന്നത് ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലമാക്കും. സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി രാജ്യത്തെ ഫെഡറല്‍- ജനാധിപത്യ ഘടനയെ ക്ഷയിപ്പിക്കുന്നതില്‍ കോണ്‍ഗ്രസിന് ഒരു വിഷമവുമില്ല.

ബിജെപിയാകട്ടെ തുടക്കംമുതല്‍ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനമെന്ന തത്വത്തിനെതിരാണ്. രാജ്യത്തെ വിഭജിക്കുന്നതിലേക്ക് നയിക്കുമെന്ന് പറഞ്ഞ് ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണത്തെ ജനസംഘം എതിര്‍ത്തു. ഇപ്പോള്‍ ബിജെപിയാകട്ടെ നിരവധി ചെറിയ സംസ്ഥാനങ്ങള്‍ക്ക് രൂപം നല്‍കിവരുന്നു. ശക്തമായ കേന്ദ്രം അഥവ "അഖണ്ഡ ഭാരതം" എന്ന തങ്ങളുടെ ആശയം നടപ്പാകണമെങ്കില്‍ ചെറുതും ദുര്‍ബലവുമായ സംസ്ഥാനങ്ങളാണ് വേണ്ടതെന്ന് അവര്‍ കണക്കുകൂട്ടുന്നു.

വരുംദിവസങ്ങളില്‍ തെലുഗു ഭാഷ സംസാരിക്കുന്നവര്‍ക്കായുള്ള ഏക സംസ്ഥാനം നശിപ്പിക്കപ്പെടും. സംസ്ഥാനത്തിന്റെ വിഭജനം, നദീജലത്തിനും വൈദ്യുതിക്കും മറ്റ് വിഭവങ്ങള്‍ക്കുമായുള്ള തര്‍ക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വഴിവയ്ക്കും. മൂലധനത്തിന്റെയും ബിസിനസിന്റെയും കേന്ദ്രമായ ഹൈദരാബാദിനെ വിഭജിക്കാന്‍ കഴിയില്ല. ഭാവി തര്‍ക്കത്തിനുള്ള ഉണങ്ങാത്ത മുറിവായി ഇത് മാറും.

ആന്ധ്രപ്രദേശ് നിയമസഭയുടെ അഭിപ്രായം തേടുമ്പോള്‍ ഭൂരിപക്ഷം എംഎല്‍എമാരും സീമാന്ധ്രയില്‍ നിന്നുള്ളവരായതിനാല്‍ സംസ്ഥാന വിഭജനത്തിനെതിരെ അവര്‍ അഭിപ്രായം രേഖപ്പെടുത്തും. ഭരണഘടനയനുസരിച്ച് പാര്‍ലമെന്റാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളേണ്ടത്. നിയമസഭയുടെ തീരുമാനം അംഗീകരിക്കാന്‍ ബാധ്യതയില്ല. പ്രത്യേക സംസ്ഥാനം രൂപീകരിക്കാന്‍ പാര്‍ലമെന്റ് തീരുമാനിച്ചാല്‍ സീമാന്ധ്രയിലെ ജനങ്ങള്‍ ഈ തീരുമാനത്തിനെതിരെ പ്രതിഷേധിക്കും. ഇതോടെ സംസ്ഥാനത്തെ ജനങ്ങളുടെ ഐക്യവും സാഹോദര്യവും പീച്ചിച്ചീന്തപ്പെടും. ആന്ധ്രപ്രദേശില്‍ സിപിഐ എം മാത്രമാണ് ഐക്യ സംസ്ഥാനത്തിനായി തുടക്കംമുതല്‍ നിലകൊണ്ടത്. സിപിഐപോലും പ്രത്യേക തെലങ്കാന സംസ്ഥാനത്തിനായാണ് നിലകൊണ്ടത്. ബൂര്‍ഷ്വാപാര്‍ടികളാകട്ടെ, ഈ വിഷയത്തില്‍ പ്രാദേശിക വികാരത്തിനൊപ്പംചേര്‍ന്ന് ഭിന്നസമീപനങ്ങള്‍ കൈക്കൊണ്ടു. ചിലര്‍ പ്രത്യേക തെലങ്കാന സംസ്ഥാനത്തെ പിന്തുണയ്ക്കുകയുംചെയ്തു.

സിപിഐ എം അതിന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതിനൊപ്പം തെലുഗു സംസാരിക്കുന്ന വിവിധ വിഭാഗം ജനങ്ങളുടെ ഐക്യവും സാഹോദര്യവും തകരുന്നതില്‍ ഗൗരവമായ ഉല്‍ക്കണ്ഠ രേഖപ്പെടുത്തുകയും ചെയ്യുന്നു. കടുത്ത ഭിന്നിപ്പ് ദൃശ്യമായിരിക്കെ സംഘര്‍ഷത്തിന്റെ രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനിന്ന് രണ്ട് മേഖലകളിലെയും ജനങ്ങളുടെ സൗഹാര്‍ദത്തിനായി സിപിഐ എം നിലകൊള്ളും. സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായി രൂപംകൊണ്ട ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനത്തെ വിഭജിക്കുന്ന സംഭവം രാജ്യത്തിന്റെ ജനാധിപത്യ പുനഃസംഘടനാ പ്രക്രിയക്ക് തിരിച്ചടിയാണ്. അതിന് ദൂരവ്യാപക ഫലങ്ങളുണ്ടാകും.

*
പ്രകാശ് കാരാട്ട്

Tuesday, October 8, 2013

ആന്ധ്ര: കോണ്‍ഗ്രസിന്റെ അധികാരദുര്‍മോഹം

സീമാന്ധ്ര സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. സംസ്ഥാനത്താകെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നു. തീവണ്ടി ഗതാഗതവും ബസ് ഗതാഗതവും ഉള്‍പ്പെടെ എല്ലാം നിശ്ചലം. വൈദ്യുതി നിയന്ത്രണം സ്തംഭിച്ചത് കാരണം നാടും നഗരവും ഇരുട്ടിലാണ്. സമരം ആന്ധ്രയെ മാത്രമല്ല, കേരളമുള്‍പ്പെടെയുള്ള അയല്‍സംസ്ഥാനങ്ങളെയും ബാധിച്ചിരിക്കുന്നു. രാഷ്ട്ര തലസ്ഥാനമായ ഡല്‍ഹിയിലേക്കും സമരം വ്യാപിച്ചതായാണ് കാണുന്നത്. വൈ എസ് ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ എംപിയും തെലുങ്കുദേശം പാര്‍ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവും രാഷ്ട്ര തലസ്ഥാനമായ ഡല്‍ഹിയില്‍ നിരാഹാരസമരം ആരംഭിച്ചതോടെ എല്ലാ ജനങ്ങളുടെയും ശ്രദ്ധ ഈ വിഷയത്തില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്. പൊലീസിനെയും പട്ടാളത്തെയും ഉപയോഗിച്ച് ബഹുജനസമരം അടിച്ചമര്‍ത്താന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് കാണുന്നത്. അവര്‍ക്ക് അങ്ങനെയേ ചിന്തിക്കാന്‍ കഴിയൂ.

കോണ്‍ഗ്രസിന്റെ അധികാരദുര്‍വിനിയോഗവും ഏകാധിപത്യപ്രവണതയുമാണ് സംഭവഗതികള്‍ ഇപ്പോഴത്തെ സങ്കീര്‍ണമായ നിലവാരത്തിലേക്ക് എത്തിക്കാന്‍ കാരണം. ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ട യുപിഎ സര്‍ക്കാരും അതിന് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസും അങ്കലാപ്പിലാണ്. ആന്ധ്രയില്‍ കോണ്‍ഗ്രസ് നെടുകെ പിളര്‍ന്നാണ് വൈ എസ് ആര്‍ കോണ്‍ഗ്രസ് രൂപീകൃതമായത്. തെലുങ്ക് സംസ്ഥാനത്തിനുവേണ്ടിയുള്ള സമരം ദീര്‍ഘകാലമായി തുടരുന്നതാണ്. ഈ വിഷയത്തില്‍ കോണ്‍ഗ്രസിനകത്ത് ഏകാഭിപ്രായമില്ല. അവര്‍ക്കിടയിലുള്ള അഭിപ്രായവ്യത്യാസം പരസ്യമായി പ്രകടിപ്പിക്കാന്‍ നേതാക്കള്‍ക്ക് വൈമനസ്യവുമില്ല. എംപിമാരും എംഎല്‍എമാരും രാജിഭീഷണി മുഴക്കി സമ്മര്‍ദം ചെലുത്തുന്നു. കോണ്‍ഗ്രസിനെതിരായി പ്രവര്‍ത്തിക്കുന്നവരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കുന്ന രീതിയും അവര്‍ അവലംബിക്കുന്നുണ്ട്. വളരെ പെട്ടെന്നാണ് പുതിയ സംസ്ഥാനരൂപീകരണത്തിനുള്ള തീരുമാനം യുപിഎ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസിന്റെ അഴിമതിയും ജനദ്രോഹവും കാരണം ആ പാര്‍ടി ജനങ്ങളില്‍നിന്ന് ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്നു. 2014ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് അവര്‍ക്ക് കടുത്ത വെല്ലുവിളിയാണ്. തെരഞ്ഞെടുപ്പ് ജയിക്കാനുള്ള പതിനെട്ടടവും പയറ്റുമെന്ന് ഉറപ്പാണ്. ആന്ധ്രയില്‍ മൊത്തം 42 പാര്‍ലമെന്റ് സീറ്റാണുള്ളത്. 21 സീറ്റ് സീമാന്ധ്രയിലും 21 സീറ്റ് തെലുങ്ക് സംസ്ഥാനത്തുമാണ്. പുതിയ സംസ്ഥാനരൂപീകരണം പ്രഖ്യാപിച്ചാല്‍ അതിനുള്ള 21 സീറ്റ് സ്വന്തം കൈപ്പിടിയില്‍ ഒതുക്കാമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. സീമാന്ധ്രയില്‍ വിജയപ്രതീക്ഷയില്ല. പുതിയ സംസ്ഥാനരൂപീകരണത്തിലെ കീറാമുട്ടിയാണ് പത്തുവര്‍ഷം ഇരു സംസ്ഥാനങ്ങളുടെയും തലസ്ഥാനമായി ഹൈദരാബാദ് തുടരുമെന്നുള്ള പ്രഖ്യാപനം. കേന്ദ്രമന്ത്രി ജയ്പാല്‍ റെഡ്ഡി പറയുന്നത് വികസനം ഹൈദരാബാദില്‍ കേന്ദ്രീകരിച്ചതാണ് തര്‍ക്കത്തിന്റെ മൂലകാരണമെന്ന്. പുതിയ സംസ്ഥാനരൂപീകരണത്തിനുള്ള ആവശ്യമുയരുന്നതിന്റെ അടിസ്ഥാനകാരണം അസന്തുലിതമായ വികസനമാണ്. ശാസ്ത്രീയമായ രീതിയില്‍ ഒരു സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും വികസനം എത്തണമെന്നുള്ള കാഴ്ചപ്പാട് ഭരണാധികാരികള്‍ക്ക് ഇല്ലാതെപോകുന്നു. പലതരത്തിലുമുള്ള സമ്മര്‍ദങ്ങള്‍ക്കും വഴങ്ങാന്‍ ഇടവരുന്നു. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് അശാസ്ത്രീയമായി രൂപീകരിച്ച സംസ്ഥാനങ്ങളാണ് നിലവില്‍ ഉണ്ടായിരുന്നത്. ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായിത്തന്നെ ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ പുനര്‍വിഭജനം നടത്തണമെന്ന ആവശ്യവും ഉയര്‍ന്നുവന്നിരുന്നു. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടി ഭാഷാസംസ്ഥാനങ്ങള്‍ക്കുവേണ്ടിയാണ് വാദിച്ചത്. അതേ നയമാണ് സിപിഐ എം ഇന്ന് മുറുകെ പിടിക്കുന്നത്. ഭാഷാടിസ്ഥാനത്തില്‍ വിശാലാന്ധ്ര രൂപീകരിക്കണമെന്ന ആവശ്യത്തിനുമുന്നില്‍ കോണ്‍ഗ്രസ് ഭരണാധികാരികള്‍ മുഖംതിരിഞ്ഞു നില്‍ക്കുകയാണ് ചെയ്തത്. പ്രസിദ്ധ ഗാന്ധിയനായിരുന്ന പോട്ടി ശ്രീരാമലു ഭാഷാസംസ്ഥാനരൂപീകരണത്തിനായി അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു. കോണ്‍ഗ്രസ് അവസാന നിമിഷംവരെ ഈ സമരം കണ്ടില്ലെന്ന് നടിച്ചു. രണ്ടുമാസത്തോളം നീണ്ട നിരാഹാരത്തെ തുടര്‍ന്ന് ശ്രീരാമലുവിന് അവസാനനിമിഷം മരണത്തിന് കീഴടങ്ങേണ്ടിവന്നു. ഇത് നാടിനെയാകെ ഇളക്കിമറിച്ചു. ശ്രീരാമലുവിന്റെ രക്തസാക്ഷിത്വത്തെത്തുടര്‍ന്നാണ് ഭാഷാസംസ്ഥാന രൂപീകരണത്തിനായി ഒരു കമീഷന്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് ഭരണാധികാരികള്‍ മനസ്സില്ലാമനസ്സോടെ നിര്‍ബന്ധിതമായത്. സംസ്ഥാനരൂപീകരണത്തിന് ഭാഷ അടിസ്ഥാനമാക്കണമെന്ന തത്വത്തില്‍നിന്ന് കോണ്‍ഗ്രസ് വ്യതിചലിച്ചു. ഈ വ്യതിചലനമാണ് പുതിയ സംസ്ഥാനരൂപീകരണത്തിനുള്ള ആവശ്യമുയര്‍ത്താന്‍ പ്രേരണയായത്.

ആന്ധ്രയുടെ വിഭജനത്തെ ശക്തിയുക്തം എതിര്‍ത്തത് സിപിഐ എം മാത്രമായിരുന്നു. പാര്‍ടിയെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പ് വിജയം മാത്രമല്ല ലക്ഷ്യം, രാജ്യത്തിന്റെയും ജനങ്ങളുടെയും ഭാവിയാണ്. അതുകൊണ്ടാണ് താല്‍ക്കാലികമായി ജനങ്ങളില്‍നിന്ന് എതിര്‍പ്പ് നേരിടേണ്ടിവന്നാല്‍ പോലും ഒരു തത്വത്തില്‍ പാര്‍ടി ഉറച്ചുനിന്നത്. കോണ്‍ഗ്രസ് അതില്‍നിന്ന് വ്യതിചലിച്ചുകൊണ്ട് തെലുങ്ക് സംസ്ഥാനം രൂപീകരിക്കാന്‍ പെട്ടെന്ന് തീരുമാനിച്ചത് സമരാഗ്നി ആളിപ്പടരാന്‍ ഇടവരുത്തിയിരിക്കുന്നു. പൊലീസിനെയും പട്ടാളത്തെയും ഉപയോഗിച്ച് ഈ സമരം അടിച്ചമര്‍ത്താന്‍ മുതിര്‍ന്നാല്‍ കോണ്‍ഗ്രസിന് കടുത്ത തിരിച്ചടി ഏല്‍ക്കേണ്ടിവരും. പുതിയ സംസ്ഥാനരൂപീകരണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സമാധാനപരമായ ചര്‍ച്ചയിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രസംസ്ഥാന ഭരണാധികാരികള്‍ തയ്യാറാകണം. ഭൂതത്തെ കുടം തുറന്നുവിട്ടവര്‍തന്നെ അതിന്റെ ഭവിഷ്യത്ത് ഇല്ലാതാക്കുകയും വേണം.

*
ദേശാഭിമാനി മുഖപ്രസംഗം

Tuesday, September 24, 2013

സംസ്ഥാന പുനര്‍വിഭജന വാദങ്ങളുടെ രാഷ്ട്രീയം

തെലുങ്കാനാ സംസ്ഥാന രൂപീകരണത്തിനുവേണ്ടിയുള്ള തീരുമാനത്തോടെ ഇന്ത്യയില്‍ വ്യത്യസ്ത സംസ്ഥാനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ പുനരാരംഭിച്ചിരിക്കുകയാണ്. ഡാര്‍ജിലിങ്ങില്‍ ഗൂര്‍ഖാ ലാന്‍ഡിന് വേണ്ടി മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ബന്ദിനാണ് ആഹ്വാനം ചെയ്യപ്പെട്ടത്. ആ പ്രക്ഷോഭം അക്രമാസക്തമായ രീതിയിലാണ് പൊട്ടിപ്പുറപ്പെട്ടത്. അസമില്‍ ബോര്‍ഡോ ലാന്‍ഡിന് വേണ്ടിയുള്ള പ്രക്ഷോഭം ബന്ദാവുകയും വാര്‍ത്താവിനിമയബന്ധങ്ങള്‍ താറുമാറാക്കുകയും വംശീയ ചേരിതിരിവിന് ആക്കം കൂട്ടുകയും ചെയ്തു. സൈന്യത്തെ വിളിക്കേണ്ടി വരുന്നവിധം ഏറ്റുമുട്ടലുകളും അക്രമങ്ങളും കൊണ്ട് കലുഷിതമായി. വിദര്‍ഭ സംസ്ഥാനത്തിന് വേണ്ടിയുള്ള വാദവും ഉയര്‍ന്നുവന്നിരിക്കുകയാണ്. ഭാഷാപരമായ പുനഃസംഘടനയിലൂടെ രൂപീകരിക്കപ്പെട്ട സംസ്ഥാനങ്ങള്‍ വെട്ടിമുറിക്കപ്പെടുന്നത് ശരിയല്ല എന്ന നിലപാടാണ് സിപിഐ എമ്മിനെപ്പോലുള്ള പാര്‍ടികള്‍ വ്യക്തമാക്കിയിട്ടുള്ളത്. പിന്നോക്കാവസ്ഥക്കും വികസനമില്ലായ്മക്കും കാരണം സ്വാതന്ത്ര്യാനന്തരം ഇന്ത്യ സ്വീകരിച്ച വികസനപാതയാണ്. മുതലാളിത്ത വികസനനയങ്ങള്‍ സൃഷ്ടിച്ച അസന്തുലിതാവസ്ഥയാണ് രാജ്യത്തെ വിശാല ഭൂപ്രദേശങ്ങളിലെ വികസന മുരടിപ്പിന് കാരണം. ആവശ്യമായ പ്രദേശങ്ങളില്‍ സ്വയംഭരണം എര്‍പ്പെടുത്തുകയാണ് വേണ്ടത്. അല്ലാതെ ഭാഷാപരമായ തത്വത്തിലധിഷ്ഠിതമായ സംസ്ഥാനങ്ങളെ പുനര്‍ വിഭജിക്കണമെന്ന വാദം ഇന്ത്യയുടെ ഫെഡറല്‍ ഘടനയില്‍ അധിഷ്ഠിതമായ യൂണിറ്ററി സ്റ്റേറ്റ് സങ്കല്‍പ്പത്തെ തന്നെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുക. സങ്കുചിതവും താല്‍ക്കാലികവുമായ താല്‍പര്യങ്ങള്‍ക്കായി സംസ്ഥാന പുനര്‍വിഭജന വാദത്തെ അംഗീകരിച്ചു കൊടുക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.

കഴിഞ്ഞ ജൂലൈ 3ന് ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗമാണ് ആന്ധ്രപ്രദേശ് സംസ്ഥാനം വിഭജിച്ച് തെലുങ്കാനാ സംസ്ഥാന രൂപീകരണത്തിന് അനുമതി നല്‍കിയത്. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സമ്മര്‍ദമാണ് ഇത്തരമൊരു തീരുമാനം കോണ്‍ഗ്രസിനെയും യുപിഎ സര്‍ക്കാറിനെയുംകൊണ്ട് എടുപ്പിച്ചത്. ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറലിസത്തിന്റയും യൂണിറ്ററി സ്റ്റേറ്റ് സങ്കല്‍പ്പത്തിന്റെയും മൂല്യങ്ങളെ അവസാരവാദപരമായ നിലപാടുകളിലൂടെ കയ്യൊഴിഞ്ഞ ചരിത്രമാണ് കോണ്‍ഗ്രസ് നേതൃത്വം കൊടുത്ത കേന്ദ്ര സര്‍ക്കാരുകള്‍ക്കുള്ളത്. ഇന്ത്യയുടെ ദേശീയ ഐക്യത്തിനും ഭരണഘടനയുടെ ഫെഡറല്‍ മതേതര ഘടനയ്ക്കും ഭീഷണിയുയര്‍ത്തിക്കൊണ്ട് 1980-കളില്‍ ഉയര്‍ന്നുവന്ന എല്ലാവിധ വിഘടനവാദ പ്രസ്ഥാനങ്ങളുടെയും പിറവിക്ക് പിന്നില്‍ കോണ്‍ഗ്രസിന്റെ തത്വാധിഷ്ഠിതമല്ലാത്ത നിലപാടുകള്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. അസമിലും പഞ്ചാബിലും ഉയര്‍ന്നുവന്ന വംശീയ- മതാധിഷ്്ഠിത-വിഘടനവാദ പ്രസ്ഥാനങ്ങളെ കോണ്‍ഗ്രസ് നേതൃത്വം അവയുടെ ആവിര്‍ഭാവകാലത്ത് താലോലിച്ചു വളര്‍ത്തുകയായിരുന്നു. അസമീസ് വംശീയവാദത്തിന്റെ ചോരപ്പുഴകള്‍ സൃഷ്ടിച്ച കലാപങ്ങള്‍ക്ക് തിരികൊളുത്തിയ അസം സ്റ്റുഡന്‍സ് യൂണിയന്റെ 1980-ല്‍ ഗോഹട്ടിയില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തത് ഇന്ദിരാഗാന്ധിയായിരുന്നു. ഖാലിസ്ഥാന്‍ പ്രസ്ഥാനത്തെയും ഭിന്ദര്‍ബാലയെയും ഉപയോഗിച്ച് ജനതാപാര്‍ടി സര്‍ക്കാരിലെ ഘടകകക്ഷിയായ അകാലിദളിനെ ദുര്‍ബലപ്പെടുത്താനാണ് ഇന്ദിരാഗാന്ധി ഖാലിസ്ഥാന്‍ വിഘടന വാദികളെ ഉപയോഗിച്ചത്. അത് തീ കൊണ്ടുള്ള തലചൊറിച്ചിലാണെന്ന് കുല്‍ദീപ് നെയ്യരെപ്പോലുള്ള മുതിര്‍ന്ന പത്ര പ്രവര്‍ത്തകര്‍ അക്കാലത്തുതന്നെ ഇന്ദിരാഗാന്ധിയോട് നേരിട്ട് പറഞ്ഞിരുന്നു. ഖാലിസ്ഥാന്‍ തീവ്രവാദത്തിന്റെ ഇരയായി ഇന്ദിരാഗാന്ധിക്ക് ജീവിതം തന്നെ അവസാനിപ്പിക്കേണ്ടിവന്നു.

അസുവിന്റെ പില്‍ക്കാല രൂപാന്തരങ്ങളായ ഉള്‍ഫയും ബോര്‍ഡോ കലാപകാരികളും അസമില്‍ വംശീയ കൂട്ടക്കൊലകള്‍ അഴിച്ചുവിടുന്നതാണ് പിന്നീട് നാം കണ്ടത്. തെലുങ്കാനാ സംസ്ഥാന രൂപീകരണത്തിന് വേണ്ടിയുള്ള പ്രസ്ഥാനത്തോട് ഒരിക്കലും കോണ്‍ഗ്രസ് തത്വാധിഷ്ഠിതമായ ഒരു നിലപാട് സ്വീകരിച്ചിട്ടില്ല. എല്ലായ്പോഴും അവസരവാദപരമായ നിലപാടുകളിലൂടെ ഒഴിഞ്ഞുമാറുകയോ പ്രശ്നം നീട്ടിക്കൊണ്ടുപോകുകയോ ആണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. ജസ്റ്റിസ് ശ്രീകൃഷ്ണ കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ടുവര്‍ഷത്തിലേറെക്കാലമായിട്ടും ഒന്നുംചെയ്യാതിരുന്ന യുപിഎ സര്‍ക്കാര്‍ ഇപ്പോ ള്‍ തെലുങ്കാനാ സംസ്ഥാന രൂപീകരണത്തിന് തീരുമാനമെടുത്തത് ആസന്നമായ ലോക്സഭാ തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുകൊണ്ടാണ്. ആന്ധ്രപ്രദേശില്‍ കോണ്‍ഗ്രസിന്റെ അവസ്ഥ പരമദയനീയമാണ്. ജഗ്മോഹന്‍ റെഡി നേതൃത്വം നല്‍കുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ കഴിയാത്ത സ്ഥിതിയിലാണ്. നഷ്ടപ്പെട്ടുപോകുന്ന ജനസ്വാധീനം തെലുങ്കാനാ സംസ്ഥാന രൂപീകരണം വഴി നേടി യെടുക്കാമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേട്ടങ്ങള്‍ ഉണ്ടാക്കാമെന്ന് കരുതിയാണ് തെലുങ്കാനാ സംസ്ഥാന രൂപീകരണത്തിന് തീരുമാനമെടുത്തത്. സീമാന്ധ്രയില്‍ നേരിട്ടേക്കാവുന്ന നഷ്ടം തെലുങ്കാന വഴി ഒരളവോളം പരിഹരിക്കാമെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടലുകള്‍ അസ്ഥാനത്താവുകയാണെന്നാണ് പല രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. തെലുങ്കാനാ പ്രഖ്യാപനം വന്നതോടെ ആന്ധ്രാ സംസ്ഥാനത്തെ ഏകോപിപ്പിച്ച് നിര്‍ത്തണമെന്ന ആവശ്യമുയര്‍ത്തിയുള്ള പ്രതിഷേധങ്ങള്‍ സീമാ ആന്ധ്രയില്‍ ഉയരുകയുണ്ടായി. തീരദേശജില്ലകളിലും റായല്‍സീമ മേഖലകളിലും പ്ര ക്ഷോഭം ആഞ്ഞടിച്ചു. പണിമുടക്കുകളും പ്രകടനങ്ങളും വ്യാപകമായിരുന്നു. സംസ്ഥാനം വിഭജിക്കണമെന്ന കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായം ഉള്ളപ്പോള്‍തന്നെ, ഇങ്ങനെയൊരു തീരുമാനമെടുത്ത സാഹചര്യത്തില്‍ തെലുങ്കാനയിലെയും ആന്ധ്രപ്രദേശിലെയും ജനങ്ങള്‍ക്കിടയില്‍ സൗഹൃദ ബന്ധങ്ങള്‍ നിലനിര്‍ത്തുക എന്നത് പ്രധാനമാണ്. നദീജലം, ആസ്തികള്‍, വിഭവങ്ങള്‍ എന്നിവ പങ്കിടുന്ന കാര്യങ്ങള്‍ സൗഹാര്‍ദപരമായി കൈകാര്യം ചെയ്യപ്പെടണം. ആന്ധ്രപ്രദേശിനെ വെട്ടിമുറിച്ച് രണ്ട് സംസ്ഥാനമാക്കിയതുകൊണ്ട് ജനങ്ങളുടെ പ്രശ്നങ്ങളൊന്നും രണ്ട് സംസ്ഥാനങ്ങളിലും പരിഹരിക്കപ്പെടാന്‍ പോകുന്നില്ല. വിഭവങ്ങളും സമ്പത്തും കൈകാര്യം ചെയ്യാന്‍ രണ്ട് സംസ്ഥാനങ്ങളിലെയും ബൂര്‍ഷ്വാ ഭൂവുടമാ വര്‍ഗങ്ങളും മറ്റ് പ്രാദേശിക സമ്പന്ന വിഭാഗങ്ങളും തമ്മിലുള്ള മത്സരം ജനങ്ങള്‍ക്കിടയില്‍ വേര്‍തിരിവ് ഉണ്ടാക്കും. അനൈക്യവും വേര്‍തിരിവും സൃഷ്ടിച്ച് തൊഴിലാളികളും കര്‍ഷകരുമായ അടിസ്ഥാന ജനവിഭാഗങ്ങളില്‍ അവരുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും ദുര്‍ബലമാക്കാനാണ് ബൂര്‍ഷ്വാ വിഭാഗങ്ങള്‍ ശ്രമിക്കുക. നവലിബറല്‍ പരിഷ്കാരങ്ങള്‍ ഉപജീവനം, ഭൂമി, തൊഴില്‍, അടിസ്ഥാന സേവനങ്ങള്‍, എന്നിങ്ങനെ ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങള്‍ അപരിഹാര്യമാക്കിയിരിക്കുകയാണ്. അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിച്ചുകിട്ടാനുള്ള ജനകീയ പ്രക്ഷോഭങ്ങളെ വഴിതിരിച്ചുവിട്ട് രണ്ട് സംസ്ഥാനങ്ങളിലെയും ജനങ്ങളെ പരസ്പരം ഏറ്റുമുട്ടിക്കുന്ന നീക്കങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുകയും ജനങ്ങളെ ഭിന്നിപ്പിക്കുന്ന കുത്സിതനീക്കങ്ങളെ തടയാന്‍ ഉതകുന്ന വിധത്തില്‍ ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തിയെടുക്കുവാന്‍ ഇടതുപക്ഷത്തിന് കഴിയണം.

ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണത്തെ സംബന്ധിച്ച ശരിയായ നിലപാടുകളെ നിരാകരിക്കുന്ന ബൂര്‍ഷ്വാ അവസരവാദ വീക്ഷണങ്ങളെ വിട്ടുവീഴ്ചയില്ലാതെ തുറന്ന് കാണിക്കേണ്ടതുണ്ട്. ഭാഷാ സംസ്ഥാനങ്ങളെ സംബന്ധിച്ച സൈദ്ധാന്തികവും പ്രായോഗികവുമായ സമീപനത്തില്‍ വ്യക്തത ഉണ്ടാക്കിക്കൊണ്ടേ ഇത് സാധ്യമാവൂ. സിപിഐ എമ്മിന്റെ തെലുങ്കാന സംബന്ധിച്ച നിലപാടിനെ നിര്‍ണയിച്ചത് ഈയൊരു അടിസ്ഥാന നിലപാടാണ്. ഇന്ത്യയില്‍ ബ്രിട്ടീഷ് മൂലധന ശക്തികളും ഇന്ത്യന്‍ ബൂര്‍ഷ്വാ വര്‍ഗങ്ങളും ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണത്തെ അംഗീകരിച്ചിരുന്നില്ല. ചെറു സംസ്ഥാന വാദവും പുനര്‍വിഭജന വാദവും ഉയര്‍ത്തുന്നവര്‍ പിന്നോക്കാവസ്ഥയുടെയും പ്രാദേശിക അസംതുലനങ്ങളുടെയും യഥാര്‍ഥ കാരണം മുതലാളിത്ത വികസനമാണെന്ന യാഥാര്‍ഥ്യത്തെ മറച്ചുപിടിക്കുകയാണ്. ആഗോളവല്‍ക്കരണത്തിന്റെ രണ്ടാം തലമുറ പരിഷ്കാരങ്ങള്‍ തീവ്രഗതിയിലായതോടെ തദ്ദേശീയ ജനസമൂഹങ്ങളുടെ വിഭവങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും വിദേശ-സ്വകാര്യ മൂലധന ശക്തികള്‍ കയ്യടക്കുവാനാരംഭിച്ചു. ഇതിനെതിരായി വളര്‍ന്നുവന്ന തദ്ദേശീയ ചെറുത്തുനില്‍പ്പുകളെയും രാജ്യവ്യാപകമായ പ്രക്ഷോഭങ്ങളെയും ദുര്‍ബലപ്പെടുത്തുവാനുള്ള ആസൂത്രിത നീക്കങ്ങള്‍ എന്ന നിലയിലാണ് സംസ്ഥാനങ്ങളുടെ പുനര്‍വിഭജന വാദം ബിജെപി സര്‍ക്കാര്‍തന്നെ ഉയര്‍ത്തിക്കൊണ്ടു വന്നത്. ഉത്തരാഞ്ചല്‍, വനാഞ്ചല്‍, ഛത്തീസ്ഗഢ്്, സംസ്ഥാന രൂപീകരണ തീരുമാനം ബിജെപി സര്‍ക്കാരാണ് കൊണ്ടുവന്നത്.

ബ്രിട്ടീഷ് ഭരണകാലത്തെന്ന പോലെ ഭരണസൗകര്യം മാത്രം കണക്കിലെടുത്തുള്ള പ്രവിശ്യ (പ്രോവിന്‍സ്) സംവിധാനങ്ങളി ലേക്ക് കാര്യങ്ങള്‍ തിരിച്ചു കൊ ണ്ടുവരാനാണ് അന്താരാഷ്ട്ര ഫൈനാന്‍സ് മൂലധന ശക്തികളും ഇന്ത്യന്‍ ബൂര്‍ഷ്വാ വര്‍ഗങ്ങളും ശ്രമങ്ങളാരംഭിച്ചിരിക്കുന്നത്. ശക്തമായ ഭാഷാ സംസ്ഥാനങ്ങള്‍ക്ക് പകരം പരിഷ്കാരങ്ങള്‍ നടപ്പാ ക്കാനാവശ്യമായ ഭരണ സംവിധാനത്തിലധിഷ്ഠി തമായ ചെറു സംസ്ഥാന വാദമാണ് ഇതിന്റെ സൈ ദ്ധാന്തികര്‍ മുന്നോട്ടുവയ്ക്കുന്നത്. പ്രാദേശികവും വംശീയവുമായ സ്വത്വബോധത്തെ തട്ടിയുണര്‍ത്തി പുതിയ സംസ്ഥാന വിഭജന വാദ പ്രസ്ഥാനങ്ങളെ രൂപ പ്പെടുത്താനാണ് വലിയ കോര്‍പറേറ്റ് കമ്പനികള്‍ ഫണ്ട് ചെയ്യുന്ന എന്‍ജിഒ കളും ഗവേഷണ സ്ഥാപ നങ്ങളും ശ്രമിക്കുന്നത്. ആര്‍എസ്എസ് മുതല്‍ രാഷ്ട്രീയ ഇസ്ലാമിസ്റ്റുകള്‍ വരെ ഈയൊരു പുനര്‍ വിഭജന രാഷ്ട്രീയത്തിന്റെ വക്താക്കളായി രംഗത്തുണ്ട്. മലബാര്‍ സംസ്ഥാനമെന്ന ആശയം തന്നെ ചില മതരാഷ്ട്രീയ ഗ്രൂപ്പുകളില്‍ വ്യാപൃതരായിരിക്കുന്ന ബുദ്ധിജീവികള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്തു തുടങ്ങിയിട്ടുണ്ട്. കേരളത്തെ വിഭജിച്ച് പഴയ ബ്രിട്ടീഷ് പ്രവിശ്യയായ മലബാര്‍ പുനഃസംഘ ടിപ്പിക്കണമെന്ന വാദത്തെ എതിര്‍ത്തും അനുകൂലിച്ചും ഹിന്ദു-മുസ്ലിം വര്‍ഗീയവാദികള്‍ ഭിന്നിപ്പും ശത്രുതയും വളര്‍ത്തിയെടുക്കുവാ നുള്ള ഹീനമായ ശ്രമങ്ങളിലാണ്. ആര്‍എസ്എസ് ഒരുകാലത്തും ഭാഷാ ദേശീയതയെ അംഗീകരിച്ചിരുന്നില്ല. രാജ്യത്തിന്റെ വൈവിധ്യത്തെയും ബഹുഭാഷാ സ്വഭാവത്തെയും അവര്‍ അഖണ്ഡഭാരത സങ്കല്‍പ്പത്തിലൂടെ നിഷേധിക്കുകയായിരുന്നു. ജനതയല്ല ഭൂവിഭാഗങ്ങളാണ് അവരുടെ രാഷ്ട്ര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനം. ബര്‍മ മുതല്‍ ഗാന്ധാരം വരെയും, ലങ്കവരെയും നീളുന്ന പുരാണാധിഷ്ഠിതമായ ഒരു ആര്‍ഷഭാരതമാണ് അവര്‍ വിഭാവനം ചെയ്യുന്നത്. ചാതുര്‍ വര്‍ണാധിഷ്ഠിതമായ സമ്പ്രദായങ്ങള്‍ അഭംഗുരം തുടരുന്ന ഹിന്ദു രാഷ്ട്രമാണ് അവരുടെ സാംസ്കാരിക ദേശീയത. ഭാഷാ സംസ്ഥാനങ്ങള്‍ രൂപീകരിക്കുന്നത് ഈയൊരു ഏകീകൃത ഹിന്ദുരാഷ്ട്രത്തിന്റെ സാധ്യതക്ക് തടസ്സമാവുമെന്നാണ് ഗോള്‍വാര്‍ക്കറും മറ്റ് സംഘവിചാരകന്‍മാരും ഭയപ്പെട്ടിരുന്നത്. അവരത് തുറന്നുപറയുകയും ചെയ്തു. ഭാഷാ സംസ്ഥാന പ്രക്ഷോഭങ്ങളെ അവര്‍ പരസ്യമായി എതിര്‍ത്തു.

സംസ്ഥാനങ്ങളുടെ പുനര്‍വിഭജന വാദത്തെ ഭാഷാ സംസ്ഥാനങ്ങള്‍ക്കെതിരായ, ഇന്ത്യയുടെ ഐക്യത്തിനും ജനാധിപത്യ ഘടനക്കും ഭീഷണിയായിത്തീരാവുന്ന ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ വിധ്വംസകമായൊരു പ്രവണതയായിട്ടേ കാണാനാവൂ. ഫൈനാന്‍സ് മൂലധനത്തിന്റെ അധിനിവേശമെന്നത് ആഗോള മൂലധന വ്യവസ്ഥയുടെ ഭ്രമണപഥങ്ങളിലേക്ക് ജനസമൂഹങ്ങളെയും അവരുടെ സമ്പദ്ഘടനകളെയും ഉത്ഗ്രഥിച്ചെടുക്കുന്ന രാഷ്ട്രീയ സാംസ്കാരിക പ്രക്രിയയാണല്ലോ. ലോകമാകെ ഒരു ആഗോള ഗ്രാമമാക്കുന്ന മൂലധന പ്രക്രിയയുടെ മറുഭാഗമാണ് രാഷ്ട്രങ്ങളുടെ അസ്ഥിരീകരണവും അപദേശീയവല്‍ക്കരണവും. ബൃഹത്തും ശക്തവുമായ ദേശരാഷ്ട്രങ്ങള്‍ മൂലധനത്തിന്റെയും ചരക്കുകളുടെയും സൈ്വരവിഹാരത്തിന് തടസ്സമാവുമെന്ന് വിലയിരുത്തുന്ന സാമ്രാജ്യത്വ ശക്തികള്‍ രാഷ്ട്രങ്ങളെ തന്നെ ചെറുകഷ്ണങ്ങളായി ശിഥിലീകരിക്കുന്നു. ഈയൊരു സാര്‍വദേശീയ പശ്ചാത്തലത്തിലാണ് ചെറുസംസ്ഥാന വാദങ്ങളെയും സംസ്ഥാനങ്ങളുടെ പുനര്‍ വിഭജന നീക്കങ്ങളെയും കാണേണ്ടത്.

വംശീയതയെയും പ്രാദേശിക സ്വത്വ ബോധത്തെയും അടിസ്ഥാനമാക്കുന്ന വിഘടനപ്രസ്ഥാനങ്ങളെല്ലാം അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ രാഷ്ട്രീയത്തെയാണ് ആന്തരവല്‍ക്കരിച്ചിരിക്കുന്നത്. ആത്യന്തികമായി അധ്വാനിക്കുന്നവരുടെ ഐക്യത്തെയും യോജിച്ചുള്ള പോരാട്ടങ്ങളെയും ദുര്‍ബലപ്പെടുത്തുന്ന എല്ലാ ബൂര്‍ഷ്വാ ദേശീയ വാദങ്ങള്‍ക്കും കമ്യൂണിസ്റ്റുകാര്‍ എതിരാണ്. മാര്‍ക്സിനെ ഉദ്ധരിച്ചുകൊണ്ട് ലെനിന്‍ എഴുതിയത് വിപണിയുമായി സ്വത്വ പ്രഖ്യാപനം നടത്തുന്ന ബൂര്‍ഷ്വാ ദേശീയവാദത്തിന്റെ (സങ്കുചിത പ്രാദേശിക വാദമുള്‍പ്പെടെ)വക്താക്കളല്ല തൊഴിലാളി വര്‍ഗം എന്നാണ്. ലെനിന്‍ സ്വന്തം വാക്കുകളില്‍ രേഖപ്പെടുത്തിയത് "ഏതൊരു മര്‍ദിത രാഷ്ട്രത്തി ന്റെയും ബൂര്‍ഷ്വാ ദേശീയതയില്‍ മര്‍ദനത്തിനെതിരായ ഒരു പൊതു ജനാധിപത്യ ഉള്ളടക്കമുണ്ട്. ഈ ഉള്ളടക്കത്തെയാണ് നാം നിരുപാധികമായി പിന്തുണയ്ക്കുന്നത്".

ഇന്ത്യന്‍ ഭരണകൂടത്തിന്റെ കഴിഞ്ഞ 66 വര്‍ഷക്കാലത്തെ ഭരണനയങ്ങളും ഫൈനാന്‍സ് മൂലധനത്തിന്റെ കടന്നാക്രമണങ്ങളുമാണ് രാജ്യത്ത് സാമ്പത്തിക അസമത്വങ്ങളും പ്രാദേശിക അസംതുലനാവസ്ഥയും തീവ്രമാക്കിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരായ സമരങ്ങള്‍ വളര്‍ത്തിക്കൊണ്ടും പ്രാദേശിക ജനസമൂഹങ്ങളുടെ പിന്നോക്കാവസ്ഥക്ക് പരിഹാരമുണ്ടാക്കാന്‍ കഴിയുന്ന ബദല്‍നയങ്ങള്‍ രൂപപ്പെടുത്തിക്കൊണ്ടും ബൂര്‍ഷ്വാ സങ്കുചിത വാദത്തിന്റെ സ്വാധീനത്തില്‍പ്പെട്ടു പോകുന്ന ജനസമൂഹങ്ങളെ പൊതുജനാധിപത്യ പ്രസ്ഥാനത്തിന്റെ ഭാഗമായി അണിനിരത്താന്‍ കമ്യൂണിസ്റ്റുകാര്‍ നിരന്തരമായി ശ്രമിക്കേണ്ടതുണ്ട്. ബൂര്‍ഷ്വാ ദേശീയ വാദത്തിന്റെ ചക്രവാളത്തിനപ്പുറം എല്ലാ പ്രദേശങ്ങളിലും ദേശീയതകളിലുമുള്ള ചൂഷകരെ ഐക്യപ്പെടുത്തുവാന്‍ കഴിയുന്ന ദര്‍ശനവും രാഷ്ട്രീയവുമാണ് തൊഴിലാളിവര്‍ഗത്തിന്റേതെന്ന് ലെനിന്‍ ആവര്‍ത്തിച്ചു പഠിപ്പിക്കുന്നുണ്ട്.

*
കെ ടി കുഞ്ഞിക്കണ്ണന്‍ ദേശാഭിമാനി വാരിക 29 സെപ്തംബര്‍ 2013

Wednesday, August 29, 2012

ചരിത്രം പൊളിച്ചെഴുതുകയോ? തെലുങ്കാനയിലേക്കും കുഞ്ഞനന്തന്‍ വക തോക്ക് സപ്ലൈ

ഒന്നാം ഭാഗം കുഞ്ഞനന്തന്റെ കള്ളക്കഥ

രണ്ടാം ഭാഗം ആ തോക്കിന്റെ കഥ

ഇടപ്പള്ളി പൊലീസ്സ്റ്റേഷന്‍ ആക്രമണത്തെതുടര്‍ന്ന് ഒളിത്താവളത്തില്‍നിന്നും പൊലീസ് പിടിച്ചെടുത്ത തോക്കിന് ബെര്‍ലിന്‍ കുഞ്ഞനന്തന്‍നായര്‍ അവകാശവാദം ഉന്നയിച്ചതിന് യാതൊരടിസ്ഥാനവും ഇല്ലെന്ന് മുമ്പൊരിക്കല്‍ ഞാന്‍ എഴുതിയിരുന്നല്ലോ. അതുപോലെ വയലാറിലേക്കും തോക്കുകൊണ്ടുപോയി എന്ന അവകാശവാദവും വെറും നുണയാണെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. തെലുങ്കാന സമരത്തിനും താന്‍ തോക്ക് സപ്ലൈ ചെയ്തുവെന്ന കുഞ്ഞനന്തന്റെ അവകാശവാദത്തിന്റെ വിശ്വാസ്യതയും ചോദ്യംചെയ്യപ്പെടാതെ തരമില്ല. വയലാറിലേക്ക് തോക്ക് കൊണ്ടുപോയി എന്നു പറയുന്ന അതേ രീതിയില്‍ തന്നെയാണത്രെ തെലുങ്കാനയിലേക്കും തോക്ക് എത്തിച്ചത്. മരംകൊണ്ടുള്ള പെട്ടിയില്‍ സോപ്പുകള്‍ അടുക്കി, അതില്‍ മീതെ മൂന്ന് തോക്കുകള്‍ വച്ച് വീണ്ടും സോപ്പുകള്‍ നിരത്തി, മൂടിവച്ച് അടച്ച്, മെറ്റല്‍ ബെല്‍റ്റുകൊണ്ട് ഭദ്രമായി മുറുക്കി കെട്ടി ട്രെയിനില്‍ കയറ്റി ആണത്രേ കൊണ്ടുപോന്നത്. വാറങ്കല്‍ സ്റ്റേഷനില്‍ ഇറങ്ങി അവിടെനിന്നും കുതിരവണ്ടിയില്‍ മൂന്നുമൈല്‍ അകലെ നിര്‍ദ്ദിഷ്ട സ്ഥാനത്ത് എത്തുന്നു. കുഞ്ഞനന്തന്റെ വാക്കുകള്‍തന്നെ ഉദ്ധരിക്കട്ടെ.

""മൂന്നുവീതം യന്ത്രത്തോക്കുകളുമായി പിന്നീടും ഇതേ ഭാഗത്ത് ഇതേ മാര്‍ഗ്ഗം ഉപയോഗിച്ച്, രണ്ടുതവണ ചെന്നു. മൂന്നു തവണയായി ഒമ്പത് തോക്കുകള്‍ കല്‍ക്കട്ടയില്‍നിന്നും തെലുങ്കാനയില്‍ എത്തിച്ചു."" (പൊളിച്ചെഴുത്ത് പേജ് 147)

തെലുങ്കാന സമരനായകന്‍ പി സുന്ദരയ്യ, സമരത്തിന്റെ പശ്ചാത്തലം മുതല്‍ അവസാനംവരെയുള്ള എല്ലാ വിവരങ്ങളും നിസ്സാരമെന്നു തോന്നി തള്ളിക്കളയാവുന്നത് ഉള്‍പ്പെടെ-വിശദമായി പ്രതിപാദിച്ചുകൊണ്ട് 591 പേജുകളുള്ള ""Telengana People's Struggle and its Lessons"" എന്ന ഒരു പുസ്തകം എഴുതിയിട്ടുണ്ട്. സമരത്തിന് ആവശ്യമായ ആയുധങ്ങള്‍ എവിടെനിന്ന് എങ്ങനെയെല്ലാം കിട്ടിയെന്ന് ""ആയുധശേഖരണവും വില്ലേജ് സ്ക്വാഡുകളുടെ രൂപീകരണവും"" എന്ന ശീര്‍ഷകത്തില്‍ സുന്ദരയ്യ പറയുന്നത് ഇപ്രകാരമാണ്.

""ജനങ്ങള്‍ മുന്‍കയ്യെടുത്തു. യുവാക്കള്‍ സ്വയം വില്ലേജ് സ്ക്വാഡുകളായി രൂപംകൊണ്ടു. കിട്ടുന്നിടത്തുനിന്നെല്ലാം ആയുധങ്ങള്‍ ശേഖരിച്ചു. നായാട്ടിന് ഉപയോഗിച്ചിരുന്ന നാടന്‍ തോക്കുകള്‍, കുന്തങ്ങള്‍, കത്തികള്‍ തുടങ്ങിയവയെല്ലാം ജനങ്ങള്‍ കൊണ്ടുവന്നു. ഗ്രാമീണരുമായി ധാരണയില്‍ എത്തിയിരുന്ന പട്ടേല്‍മാരും പട്വാരിമാരും അവരുടെ കൈവശമുണ്ടായിരുന്ന ആയുധങ്ങള്‍ ജനങ്ങള്‍ക്ക് കൈമാറാന്‍ തയ്യാറായി. അങ്ങനെ കൈമാറാന്‍ വിസമ്മതിച്ചവരുടെ വീടുകളില്‍ കയ്യേറി ജനങ്ങള്‍ ആയുധങ്ങള്‍ പിടിച്ചെടുത്തു. ഒളിച്ചുവച്ച ആയുധങ്ങള്‍ കണ്ടെത്താന്‍ കഴിയാതിരുന്ന വീടുകളില്‍നിന്ന് ഒളിച്ചുവച്ച ആയുധങ്ങള്‍ പുറത്തുകടത്തിക്കൊണ്ട് പോകാതിരിക്കാന്‍ പ്രത്യേകം കാവല്‍ ഏര്‍പ്പെടുത്തി. കൈവശമുള്ള ആയുധങ്ങള്‍ ഗവണ്‍മെന്റിലേക്ക് വിട്ടുകൊടുക്കാന്‍ വേണ്ടിയുള്ള വില്ലേജ് ഉദ്യോഗസ്ഥന്മാരുടെ നടപടികളെ ജനം ചെറുത്തു തോല്‍പിച്ചു. ഉദാഹരണം കേശവപുരത്തെ ജെംഗോവന്‍ താലൂക്കിലെ പട്ടേല്‍, ഗവണ്‍മെന്റിനെ ഏല്‍പിക്കാനായി പത്തു മസ്സില്‍ ലോഡര്‍ തോക്കുകള്‍ ശേഖരിച്ചു. (തോക്കിന്‍കുഴലിന്റെ അഗ്രഭാഗത്തുകൂടി മരുന്നിട്ടു നിറയ്ക്കുന്ന തോക്കാണ് മസ്സില്‍ ലോഡര്‍) ചിറ്റഗോഡുവിലെ യുവാക്കള്‍ ഇത് മണത്തറിഞ്ഞ് പാഞ്ഞെത്തി പത്ത് തോക്കുകളും കൈവശപ്പെടുത്തി. ഇതുപോലെ ഓരോ വില്ലേജും അഞ്ചുമുതല്‍ പത്തുവരെ മസ്സില്‍ ലോഡറുകള്‍ കൈവശപ്പെടുത്തിയിരുന്നു.""

ഈ മസ്സില്‍ ലോഡറുകളെക്കൂടാതെ 12 ബോര്‍ഗണ്ണുകളും നായാട്ടു തോക്കുകളും ഉണ്ടായിരുന്നു. എല്ലാം ദേശ്മുഖുകളില്‍നിന്നും ലഭിച്ചവ. ശത്രുക്കള്‍ സ്ഥലത്തുണ്ടാവാതിരിക്കുകയോ അല്ലെങ്കില്‍ അവര്‍ ജാഗ്രത പാലിക്കാതിരിക്കുകയോ ചെയ്തപ്പോള്‍ വീടുകളില്‍നിന്നും പിടിച്ചെടുത്തവ ആണ്. ദേശ്മുഖുകളുമായി ബന്ധപ്പെട്ടവരോ അല്ലെങ്കില്‍ അവരുടെ വീടുകളിലോ വയലുകളിലോ ജോലിക്കാരായിരുന്നവരോ ആയ പാര്‍ടി അംഗങ്ങളില്‍ പലരും ഇതില്‍ വ്യാപൃതരായിരുന്നു. ദേശ്മുഖുകള്‍ ആയുധങ്ങള്‍ കരുതിവച്ചിട്ടുള്ള വിവരം ഈ സഖാക്കളില്‍നിന്നാണ് ലഭിച്ചിരുന്നത്. ഈ സഖാക്കള്‍ വഴിയായി ദേശ്മുഖുകളുടെ നീക്കങ്ങള്‍ അറിഞ്ഞിരുന്നതിനാല്‍ ആയുധങ്ങള്‍ പിടിച്ചെടുക്കാന്‍ എളുപ്പമായി. ദേശ്മുഖുകള്‍ക്ക് ചെറുത്തുനില്‍ക്കാന്‍ സാദ്ധ്യമല്ലാതിരുന്ന സാഹചര്യങ്ങളില്‍ അവരുടെ വീടുകളില്‍ കയറി ആയുധങ്ങള്‍ പിടിച്ചെടുക്കുക വളരെ എളുപ്പമായി. ജനങ്ങളും ലോക്കല്‍ സ്ക്വാഡുകളും ചേര്‍ന്ന് മസ്സില്‍ ലോഡറുകള്‍, ഷോട്ട് ഗണ്ണുകള്‍ ഉള്‍പ്പെടെ എല്ലാതരം റൈഫിളുകളും പിടിച്ചെടുത്ത് ഓരോ വില്ലേജിനും സ്ഥിരം സ്ക്വാഡുകള്‍ക്കും ആവശ്യമായ ആയുധങ്ങള്‍ കരുതി. വളരെ സമര്‍ത്ഥമായ രീതിയിലാണ് ജനങ്ങള്‍ ഇത് നിര്‍വ്വഹിച്ചിരുന്നത്.

ജംഗോവന്‍ താലൂക്കിലെ സീനപ്പള്ളി ദേശ്മുഖ്, ഹുസൂര്‍ നഗര്‍ താലൂക്കിലെ കൊണ്ടപുരം ദേശ്മുഖ്, സൂര്യപ്പെട്ട് താലൂക്കിലെ നരസിംഹറാവു, സൂര്യപ്പെട്ട് താലൂക്കിലെതന്നെ കസറലാപ്പെട്ട് ഭൂസ്വാമിമാര്‍, ചിന്തരാഘവറെഡ്ഢി, കുന്നൂരിലെ പട്ടാളക്കാരന്‍, കൊണ്ടലപ്പള്ളിയിലെ കോറം പ്രതാപറെഡ്ഡി, രാജാറാം വില്ലേജിലെ പാഗാലി മല്ല റെഡ്ഡി, കുമ്മറി കുണ്ടലിലെ ഭൂസ്വാമിയായ ജന്നറെഡ്ഡി തുടങ്ങിയവരില്‍നിന്നെല്ലാം ആയുധം പിടിച്ചെടുത്തു. അതുപോലെതന്നെ പൊലീസ് സ്റ്റേഷനുകള്‍, കസ്റ്റംസ് ഔട്ട് പോസ്റ്റുകള്‍, റെയില്‍വെ സംരക്ഷണ പൊലീസ്നിലയങ്ങള്‍ മുതലായവയും കയ്യേറി ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ബോംഗീര്‍ താലൂക്കിലെ കൊലാനപ്പള്ളി, ജംഗോവന്‍ താലൂക്കിലെ ഔത്തപുരവും റിബാര്‍ത്തിയും പെമ്പാത്തിയും, മധിര താലൂക്കിലെ മോട്ടമാറിയും ഹുസൂര്‍ നഗറിലെ മാധവഗുഡവും കരിംനഗര്‍ ജില്ലയില്‍പെട്ട ഹുസൂര്‍ബാഗ് താലൂക്കിലെ ഹുസ്നാബാദും സിദ്ധിപ്പെട്ട് താലൂക്കിലെ ദുബക്കയും ഖാനാപുരവും മറ്റും ചില ഉദാഹരണങ്ങള്‍ മാത്രം.

ജനങ്ങളും ലോക്കല്‍ സ്ക്വാഡുകളും എത്രമാത്രം സമര്‍ത്ഥമായിട്ടാണ് ശത്രുകേന്ദ്രങ്ങള്‍ കയ്യേറി ആയുധങ്ങള്‍ കൈവശപ്പെടുത്തിയത് എന്നറിയാന്‍ വംഗപ്പള്ളി റെയില്‍വെസ്റ്റേഷന്‍ ആക്രമിച്ച കഥ മാത്രം വിവരിച്ചാല്‍ മതിയാകുന്നതാണ്. വംഗപ്പള്ളി റെയില്‍വെസ്റ്റേഷനില്‍ രണ്ടു പൊലീസുകാര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഒരു ദിവസം വൈകുന്നേരം നാലുമണിക്ക് നാലു സഖാക്കള്‍ ബ്രാഹ്മണ പുരോഹിതന്മാരുടെ വേഷം അണിഞ്ഞ് റെയില്‍വെ സ്റ്റേഷന്‍ മാസ്റ്ററുടെ മുറിയിലേക്ക് കടന്നുചെന്ന് തങ്ങള്‍ക്ക് നരസിംഹ ക്ഷേത്രത്തിലേക്ക് പോകാന്‍ യാദഗിരിക്ക് ടിക്കറ്റു വേണമെന്നാവശ്യപ്പെട്ടു. അവിടെ ഒരു പൊലീസുകാരന്‍ നില്‍പുണ്ടായിരുന്നു. അയാള്‍ തോക്ക് ഭിത്തിയില്‍ ചാരിവച്ചിരിക്കുകയായിരുന്നു. രണ്ടാമത്തെ പൊലീസുകാരന്‍ സ്ഥലത്തില്ലായിരുന്നു. ബ്രാഹ്മണപുരോഹിത വേഷക്കാരില്‍ ഒരു സഖാവ് ടിക്കറ്റിന്റെ വിലയും മറ്റും സ്റ്റേഷന്‍മാസ്റ്ററോട് ചോദിച്ച് അയാളുടെ ശ്രദ്ധ തിരിച്ചുവിടുകയായിരുന്നു. അപ്പോള്‍ രണ്ടുപേര്‍ പൊലീസുകാരനെ പിടിച്ചുവച്ചു. നാലാമത്തെ സഖാവ് തോക്ക് കൈവശപ്പെടുത്തി. നാലുപേരും സ്റ്റേഷന്‍ മാസ്റ്ററേയും പൊലീസുകാരനേയും ഭയപ്പെടുത്തി തോക്കുംകൊണ്ട് അവിടെനിന്ന് കടന്നു. പിറ്റേന്ന് രാവിലെ പൊലീസുകാര്‍ യാദഗിരിഗട്ടയിലെ ക്ഷേത്രത്തില്‍ചെന്ന് തോക്ക് എടുത്തുകൊണ്ട് പോയില്ലേ എന്ന് ചോദിച്ച് ബ്രാഹ്മണ പുരോഹിതന്മാരെ മര്‍ദ്ദിച്ചു. (Telengana People's struggle and its lessons Page 63, 64, 65)

ഇതുകൂടാതെ വേറെ എവിടെനിന്നും ആയുധം കിട്ടിയതായി സൂചനപോലും ഇല്ല. നായാട്ടിനുപയോഗിക്കുന്ന നാടന്‍ തോക്കുകള്‍, മസ്സില്‍ ലാഡര്‍, ഷോട്ട്ഗണ്‍, ബോര്‍ഗണ്‍ തുടങ്ങി വിവിധ ഇനങ്ങളില്‍പ്പെട്ട തോക്കുകളെക്കുറിച്ച് പറയുമ്പോള്‍ സ്റ്റെണ്‍ഗണ്ണിനെക്കുറിച്ചുമാത്രം സുന്ദരയ്യ മൗനം പാലിക്കുമോ? അക്കാലത്ത് സഖാക്കള്‍ കാതോടുകാതില്‍ പകര്‍ന്നിരുന്ന ഒരു കഥയുണ്ട്. മുഖ്യമായും സൈനികോദ്യോഗസ്ഥന്മാര്‍ അംഗങ്ങളായിരുന്ന ഹൈദരാബാദ് കന്റോണ്‍മെന്റ് ക്ലബില്‍ ബസവപുന്നയ്യ അംഗമായി ചേര്‍ന്ന് സൈനികോദ്യോഗസ്ഥന്മാരുമായി അടുത്ത ബന്ധം സ്ഥാപിച്ചു. മദ്യപാനം നിഷിദ്ധമായി കരുതിയിരുന്ന സഖാവ് സംശയിക്കപ്പെടാതിരിക്കാനായി ""മേശമര്യാദ"" പാലിച്ച് മദ്യപാനം തുടങ്ങി. അതുവഴി കുറെ തോക്കുകള്‍ പട്ടാളക്യാമ്പില്‍നിന്നും സമരരംഗത്തേക്കു കടത്താനായി.

കല്‍ക്കട്ടയില്‍നിന്നും കൊണ്ടുവന്ന തോക്കുകള്‍ നരസയ്യയെ ഏല്‍പിച്ചുവെന്നാണ് കുഞ്ഞനന്തന്‍നായരുടെ അവകാശവാദം. വാറംഗല്‍ റെയില്‍വെസ്റ്റേഷനില്‍ ഇറങ്ങി അവിടെനിന്ന് കുതിരവണ്ടിയില്‍ കയറി നിര്‍ദ്ദിഷ്ട സ്ഥാനത്തെത്തിയപ്പോള്‍ തോക്ക് ഏറ്റെടുക്കാന്‍ തയ്യാറായി നരസയ്യ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ""എന്നെ സ്വീകരിക്കാന്‍ വന്ന ആള്‍ സഖാവ് നരസയ്യ തെലുങ്കാനയിലെ ഉജ്ജ്വലനായ പോരാളിയും, സുന്ദരയ്യയുടെ വിശ്വസ്തനും ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധന്‍, രവി നാരായണറെഡ്ഢിയുടെ ഡെപ്യൂട്ടി, ഞങ്ങള്‍ രണ്ടുപേരുംകൂടി സോപ്പ്പെട്ടി താങ്ങിയെടുത്ത്, ബംഗ്ലാവിന്റെ ഔട്ട്ഹൗസിലേക്കു കൊണ്ടുപോയി. പൊളിച്ചെഴുത്ത് (പേജ് 147)

കുഞ്ഞനന്തന്‍നായര്‍ വാനോളം പുകഴ്ത്തുന്ന ഉജ്ജ്വല പോരാളിയും ആയുധങ്ങള്‍ കൈകാര്യംചെയ്യുന്നതില്‍ വിദഗ്ധനുമായ നരസയ്യയെ കണ്ടെത്താന്‍ പി സുന്ദരയ്യയുടെ മുന്‍ സൂചിപ്പിച്ച ബൃഹദ് ഗ്രന്ഥം ഒരാവര്‍ത്തികൂടി വായിച്ചു. കുഞ്ഞനന്തന്റെ നരസയ്യയെ എങ്ങും കണ്ടില്ല. വെടികൊണ്ട് മരിച്ച പടസൂര്യപ്പെട്ടിലെ നരസയ്യ, വിദ്യാര്‍ത്ഥി പ്രവര്‍ത്തകനായ നരസയ്യ തുടങ്ങി അനേകം നരസയ്യമാരെ കണ്ടെങ്കിലും കുഞ്ഞനന്തന്റെ വെറും നരസയ്യയെ എങ്ങും കണ്ടില്ല. തെലുങ്കാന സമരവുമായി ബന്ധപ്പെട്ട സഖാക്കളുടെ പേരുകള്‍-സംസ്ഥാനകമ്മിറ്റി അംഗങ്ങള്‍, സമരനേതാക്കള്‍, രക്തസാക്ഷികള്‍-എല്ലാവരുടേയും പേരുകള്‍ പരാമര്‍ശിക്കപ്പെടണമെന്ന് നിര്‍ബന്ധം കാണിക്കുന്ന സുന്ദരയ്യ ""ഉജ്ജ്വല പോരാളിയും"" ""ആയുധങ്ങള്‍ കൈകാര്യംചെയ്യുന്നതില്‍ വിദഗ്ധനുമായ"" നരസയ്യയെ വിസ്മരിക്കുമോ? തെലുങ്കാനയിലെ നരസയ്യമാര്‍ക്കു മാത്രമല്ല, എല്ലാവര്‍ക്കും പേരിനുമുമ്പ് (ഇരട്ടപ്പേരായി) ഒന്നോ രണ്ടോ വാക്കുകള്‍ ഉണ്ട്. സുന്ദരയ്യ എന്നു പറഞ്ഞാല്‍ പോര, പുച്ചലപ്പിള്ളി സുന്ദരയ്യ എന്ന് പറയുമ്പോഴേ ആള്‍ തിരിച്ചറിയപ്പെടുകയുള്ളു. ""ഉജ്ജ്വല പോരാളിയും"" ആയുധങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധനുമായ നരസയ്യയ്ക്ക് ഇരട്ടപ്പേരില്ലേ? എന്തേ ഇരട്ടപ്പേര് വിട്ടുകളഞ്ഞത്? ""സ്റ്റാലിന്റെ മുങ്ങിക്കപ്പല്‍"" എന്ന അദ്ധ്യായത്തില്‍ പറയുന്ന ഇവാന്‍ ഇവാനിയേവിച്ച് കോസ്ലാവിനെപ്പോലെ നരസയ്യയും കുഞ്ഞനന്തന്‍നായരുടെ ഭാവനാസൃഷ്ടിയാണെന്ന് വായനക്കാര്‍ ധരിച്ചാല്‍ കുറ്റപ്പെടുത്താനാവുമോ? തെലുങ്കാനയിലേക്ക് യന്ത്രത്തോക്കുകള്‍ എത്തിച്ചുവെന്ന കുഞ്ഞനന്തന്‍നായരുടെ അവകാശവാദം വെറും വീരസ്യംപറച്ചില്‍ ആയിട്ടേ വായനക്കാര്‍ പരിഗണിക്കുകയുള്ളൂ. തോക്കുകൊണ്ടുള്ള കളി നന്നല്ല കുഞ്ഞനന്താ.

*
പയ്യപ്പിള്ളി ബാലന്‍ ചിന്ത 18 ആഗസ്റ്റ് 2012

Thursday, July 7, 2011

തെലുങ്കാന പ്രക്ഷോഭവും വസ്‌തുതകളും

തെലുങ്കാന സംസ്ഥാന രൂപീകരണത്തിനായുള്ള സമ്മര്‍ദ്ദം ഒരിക്കല്‍കൂടി ശക്തിപ്രാപിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി പാര്‍ലമെന്റംഗങ്ങളും നിയമസഭാ സാമാജികരും രാജി പരമ്പരകള്‍ സൃഷ്‌ടിച്ചുകൊണ്ടിരിക്കുകയുമാണ്‌.

തെലുങ്കാന സംസ്ഥാന രൂപീകരണത്തിനായുള്ള ആവശ്യം ശക്തിപ്പെട്ട ഘട്ടത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന്‌ തുനിയുകയായിരുന്നു കേന്ദ്രത്തിലെ ഭരണകക്ഷിയായ കോണ്‍ഗ്രസും പ്രധാന പ്രതിപക്ഷമായ ബി ജെ പിയും. കോണ്‍ഗ്രസിന്റെ പത്ത്‌ എം പിമാരും 39 എം എല്‍ എമാരുമാണ്‌ തെലുങ്കാന പ്രക്ഷോഭത്തിന്റെ പുതിയ കാലത്തെ സമ്മര്‍ദ്ദത്തിന്റെ ഭാഗമായി രാജിവച്ചത്‌. ആന്ധ്രയിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ തെലുങ്കുദേശം പാര്‍ട്ടിയുടെ 34 എം എല്‍ എമാരും രാജി സമര്‍പ്പിച്ചു. ആന്ധ്ര സര്‍ക്കാരിലെ 11 മന്ത്രിമാര്‍കൂടി രാജിവച്ച കോണ്‍ഗ്രസ്‌ എം എല്‍ എമാരില്‍ ഉള്‍പ്പെടുന്നുണ്ട്‌. നൂറിലേറെ എം എല്‍ എമാരാണ്‌ ഇതിനകം രാജി നല്‍കിയിരിക്കുന്നത്‌.

തെലുങ്കാന സംസ്ഥാന രൂപീകരണം മുന്‍നിര്‍ത്തി നിരവധി പ്രക്ഷോഭങ്ങള്‍ ഇതിനു മുന്‍പുതന്നെ ആന്ധ്രയില്‍ ഉയര്‍ന്നുവന്നിരുന്നു. അതിനെ രാഷ്‌ട്രീയ മുതലെടുപ്പിനുവേണ്ടി ഉപയോഗപ്പെടുത്തുകയാണ്‌ കോണ്‍ഗ്രസും ബി ജെ പിയും ചെയ്‌തത്‌. മറ്റ്‌ പല കാര്യങ്ങളിലും എന്നപോലെ ഒരു നാണയത്തിന്റെ ഇരുവശങ്ങളായി ഈ രണ്ട്‌ കക്ഷികളും പ്രവര്‍ത്തിക്കുകയായിരുന്നു. കേന്ദ്ര ഭരണത്തില്‍ കേവല ഭൂരിപക്ഷം ഉറപ്പാക്കുവാന്‍ പോലും യു പി എയും എന്‍ ഡി എയും തെലുങ്കാന വിഷയത്തെ ആശ്രയിച്ചു.
ചന്ദ്രശേഖരറാവു രൂപീകരിച്ച തെലുങ്കാന രാഷ്‌ട്രസമിതിയെ പ്രലോഭിപ്പിക്കുവാനും വാഗ്‌ദാനങ്ങള്‍ നല്‍കാനും രണ്ട്‌ കൂട്ടരും മത്സരിച്ചിരുന്നു എന്നത്‌ ഇന്ത്യന്‍ രാഷ്‌ട്രീയ ചരിത്രത്തിലെ യാഥാര്‍ഥ്യമാണ്‌. ചന്ദ്രശേഖരറാവുവിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി പ്രീണിപ്പിക്കുവാന്‍ ശ്രമിച്ചു.

തെലുങ്കാന സംസ്ഥാന രപീകരണവുമായി ബന്ധപ്പെട്ട രാജി സമ്മര്‍ദ്ദം ഇതാദ്യത്തെ സംഭവമല്ല. തെലുങ്കാന രാഷ്‌ട്ര സമിതിയുടെ എം പിമാരും എം എല്‍ എമാരും മുമ്പ്‌ രാജിവയ്‌ക്കുകയും ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ അതില്‍ പലരും പാര്‍ലമെന്റിലും നിയമസഭയിലും എത്തുകയും ചെയ്‌തു. തെലുങ്കാന രാഷ്‌ട്ര സമിതിയുടെ അധ്യക്ഷനായ ചന്ദ്രശേഖരറാവു ഇക്കഴിഞ്ഞ ദിവസം വീണ്ടും പാര്‍ലമെന്റ്‌ അംഗത്വസ്ഥാനം രാജിവച്ചു. രാജിവച്ച കോണ്‍ഗ്രസ്‌ പ്രതിനിധികള്‍ തങ്ങളുടെ ഹൈക്കമാന്റിന്‌ എതിരായാണ്‌ വെല്ലുവിളി ഉയര്‍ത്തുന്നത്‌. രാജിവച്ച രാജ്യസഭാ അംഗം കേശവറാവു മാധ്യമ പ്രതിനിധികളോട്‌ പറഞ്ഞത്‌ ഹൈക്കമാന്റ്‌ നല്‍കിയ ഉറപ്പ്‌ പാലിക്കണമെന്നാണ്‌. കോണ്‍ഗ്രസിന്റെ ഇക്കാര്യത്തിലുള്ള കള്ളക്കളി വ്യക്തമാക്കുന്നതാണ്‌ രാജിവച്ച എം എല്‍ എമാരുടെയും എം പിമാരുടെയും വാക്കുകള്‍.

സംസ്ഥാന രൂപീകരണ പ്രശ്‌നം ചര്‍ച്ചാവിഷയമാകുന്നത്‌ ഇതാദ്യമല്ല. സ്വാതന്ത്ര്യാനന്തരം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണിത്‌. ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാന രൂപീകരണം നടത്തണമെന്ന പൊതുനിലപാടിന്റെയും സംസ്ഥാന രൂപീകരണം സംബന്ധിച്ച്‌ നിയോഗിക്കപ്പെട്ട കമ്മിറ്റികളുടെ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ നിശ്ചയിക്കുകയായിരുന്നു.

പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റുവിനെക്കുറിച്ച്‌ സര്‍വ്വേപ്പളളി ഗോപാല്‍ എഴുതിയ ജീവചരിത്രത്തില്‍ ആന്ധ്രയുടെ രൂപീകരണത്തെക്കുറിച്ച്‌ പരാമര്‍ശിക്കുന്നുണ്ട്‌. ``ആന്ധ്രാ പ്രവിശ്യയുടെ കാര്യത്തില്‍ ആന്ധ്രക്കാരും തമിഴരും തമ്മില്‍ യോജിപ്പുണ്ടെന്ന്‌ തോന്നിയ സ്ഥിതിക്ക്‌, നെഹ്‌റുവിന്റെ വിസമ്മതത്തെ അവഗണിച്ചുകൊണ്ട്‌, കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതി 1949 നവംബറില്‍ ആന്ധ്ര ജില്ലകള്‍ ഉള്‍പ്പെടുന്ന- മദ്രാസ്‌ നഗരമില്ലാത്ത- ആന്ധ്ര പ്രവിശ്യ ഉടമ്പടി രൂപീകരിക്കാന്‍ ഗവണ്‍മെന്റിന്‌ നിര്‍ദേശം നല്‍കി. ഈ പ്രമേയമനുസരിച്ച്‌ പ്രവര്‍ത്തിക്കാന്‍ നെഹ്‌റു തീരുമാനിക്കുകയും ചെയ്‌തു. പക്ഷേ അത്‌ പൂര്‍ത്തിയായത്‌ മൂന്നുവര്‍ഷം കഴിഞ്ഞ്‌ ഇക്കാര്യത്തെചൊല്ലി നിരാഹാരം കിടന്ന ഒരാന്ധ്രാ നേതാവിന്റെ മരണത്തെതുടര്‍ന്ന്‌ ആന്ധ്ര ജില്ലകളിലുണ്ടായ മൂന്നു ദിവസത്തെ ലഹളയെ തുടര്‍ന്ന്‌ 1952 ഡിസംബര്‍ 19ന്‌ ആന്ധ്ര പ്രവിശ്യ രൂപീകരിക്കാനുള്ള തീരുമാനം ഇന്ത്യാ ഗവണ്‍മെന്റ്‌ പ്രഖ്യാപിച്ചശേഷമാണ്‌.

ആന്ധ്ര പ്രവിശ്യ രൂപീകരിക്കാനുള്ള തീരുമാനം രാജ്യത്തൊട്ടാകെ അത്തരം ആവശ്യങ്ങള്‍ ഉയര്‍ന്നുവരാനുള്ള പ്രചോദനം നല്‍കി''. ഇതു തെളിയിക്കുന്നത്‌ സംസ്ഥാന രൂപീകരണങ്ങള്‍ക്കുവേണ്ടിയുളള പ്രക്ഷോഭത്തെ നെഹ്‌റുവിന്റെ കാലത്ത്‌ കോണ്‍ഗ്രസ്‌ എങ്ങനെ അഭിമുഖീകരിച്ചു എന്നാണ്‌. ഇപ്പോഴാകട്ടെ തങ്ങളുടെ രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി ഇത്തരം പ്രക്ഷോഭങ്ങളെ എങ്ങനെ ഉപയോഗിക്കാമെന്നാണ്‌ കോണ്‍ഗ്രസ്‌ നോക്കുന്നത്‌.

സ്വന്തം താല്‍പര്യങ്ങള്‍ക്ക്‌ അനുസൃതമായി രാഷ്‌ട്രീയ നേതാക്കളും കക്ഷികള്‍ തന്നെയും യത്‌നിക്കുന്നതിന്റെ ഫലമായി ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപീകരണമെന്ന ആദ്യഘട്ടത്തിലെ ആശയം അട്ടിമറിക്കപ്പെട്ടു. ഉത്തരാഞ്ചലും ഝാര്‍ഖണ്ഡും ഛത്തീസ്‌ഗഢും ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ രൂപപ്പെട്ടത്‌ ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു. ഇതുകൂടി മുന്‍നിര്‍ത്തിയാണ്‌ തെലുങ്കാനയ്‌ക്കായുള്ള വാദം ശക്തിപ്പെടുന്നത്‌. തെലുങ്കാന സംസ്ഥാന രൂപീകരണത്തെക്കുറിച്ച്‌ അഭിപ്രായമറിയിക്കാന്‍ കമ്മിഷനെ നിയോഗിച്ച കേന്ദ്ര സര്‍ക്കാര്‍ ഭരണമുറപ്പിക്കുന്നതിനായി ചന്ദ്രശേഖരറാവു അടക്കമുള്ളവര്‍ക്ക്‌ നല്‍കിയിരുന്ന വാഗ്‌ദാനമാണ്‌ ഇപ്പോള്‍ വീണ്ടും ചര്‍ച്ചാവിഷയമായിരിക്കുന്നത്‌. സംസ്ഥാന രൂപീകരണ കാര്യത്തില്‍ രാഷ്‌ട്രീയ നാടകങ്ങള്‍ അവതരിപ്പിക്കുന്നത്‌ അക്ഷന്തവ്യമായ അപരാധമാണ്‌.

*
നന്ദകുമാര്‍ ജനയുഗം 07 ജൂലൈ 2011