Tuesday, May 20, 2014

ഒരു സര്‍വകലാശാലയുടെ ദുര്‍വിധി

തൃശൂര്‍ വിജിലന്‍സ് കോടതിവിധിയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ സ്വയം രാജിവച്ച് ഒഴിയണം; അല്ലെങ്കില്‍ ചാന്‍സലറായ ഗവര്‍ണര്‍ ആക്ട് അനുശാസിക്കുംവിധം അന്വേഷണം നടത്തി ഉചിതമായ നടപടി കൈക്കൊള്ളണം. പ്രോ-ചാന്‍സലറായ വിദ്യാഭ്യാസമന്ത്രി ഉള്‍പ്പെടെ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന പശ്ചാത്തലത്തില്‍ നിഷ്പക്ഷമായ അന്വേഷണത്തിന് ഇത് അത്യാവശ്യമാണ്. ചാന്‍സലറായ ഗവര്‍ണര്‍ക്കുവേണ്ടി ആക്ടും സ്റ്റാറ്റ്യൂട്ടും അനുസരിച്ച് ഭരണം നടത്താന്‍ ബാധ്യതപ്പെട്ട വൈസ് ചാന്‍സലര്‍മാര്‍ അത് ലംഘിക്കുമ്പോള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പ്രോ-ചാന്‍സലറായ വിദ്യാഭ്യാസമന്ത്രിക്കും ഉത്തരവാദിത്തമുണ്ട്. എന്നാല്‍, ആ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ കോടതിവിധി വന്ന് ഒരുമാസം കഴിഞ്ഞിട്ടും അദ്ദേഹം തയ്യാറായിട്ടില്ല.

യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ച മിക്കവാറും എല്ലാ വൈസ് ചാന്‍സലര്‍മാരും വിവാദങ്ങളുടെ നടുവിലാണ്. അബ്ദുറബ്ബ് മന്ത്രി ആയശേഷം വിദ്യാഭ്യാസരംഗത്ത് കൈക്കൊണ്ട നടപടികളും പരിഷ്കാരങ്ങളും ജനാധിപത്യവിരുദ്ധവും വിദ്യാഭ്യാസവിരുദ്ധവും സര്‍വോപരി വര്‍ഗീയതയെ പരിഷോപ്പിക്കുന്നതുമാണെന്നു കാണാന്‍ കഴിയും. അധികാരമേറ്റ ഉടന്‍ ആദ്യംചെയ്തത് ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍മുതല്‍ ഓപ്പണ്‍സ്കൂള്‍ ഡയറക്ടര്‍വരെയുള്ള എല്ലാ സ്ഥാനങ്ങളിലും ആജ്ഞാനുവര്‍ത്തികളായ സ്വന്തം സമുദായക്കാരെ തേടിപ്പിടിച്ച് നിയമിക്കുകയായിരുന്നു. അടുത്ത ഊഴം ഉന്നതവിദ്യാഭ്യാസമേഖലയായിരുന്നു. ജനാധിപത്യസംവിധാനത്തിലൂടെ അധികാരത്തിലിരുന്ന സര്‍വകലാശാല ഭരണസമിതികളെ കാലാവധി തീരാന്‍പോലും അനുവദിക്കാതെ പുറത്താക്കലിലൂടെയും നോമിനേഷനിലൂടെയും "സഹകരണ മോഡല്‍ ജനാധിപത്യം" നടപ്പാക്കി. കോഴിക്കോട് സര്‍വകലാശാലാ വൈസ് ചാന്‍സലറായി റിട്ട. ഹൈസ്കൂള്‍ ഹെഡ്മാസ്റ്ററെ നിയമിക്കാനുള്ള തീരുമാനം ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചു.

അക്കാദമികതലത്തില്‍ രാജ്യത്ത് ശിരസ്സുയര്‍ത്തിനിന്ന രണ്ടു സര്‍വകലാശാലകളായിരുന്നു കോഴിക്കോട് സര്‍വകലാശാലയും മഹാത്മാഗാന്ധി സര്‍വകലാശാലയും. അവ രണ്ടും യുഡിഎഫ് സര്‍ക്കാര്‍തന്നെ നിയമിച്ച വൈസ് ചാന്‍സലര്‍മാരുടെ പേരില്‍ അപമാനിതരായി ശിരസ്സ് നമിച്ച് നിലകൊള്ളുന്നു. ഏറ്റവും കൂടുതല്‍ അപമാനിതയായത് കോഴിക്കോട് സര്‍വകലാശാലയാണ്. കഴിഞ്ഞ രണ്ടരവര്‍ഷത്തെ ഭരണത്തിനിടയില്‍ ആറു വിജിലന്‍സ് കേസുകള്‍ക്ക് വിധേയനായ മറ്റൊരു വൈസ് ചാന്‍സലര്‍ ഇന്ത്യയുടെ സര്‍വകലാശാല ചരിത്രത്തില്‍ ഉണ്ടാകില്ല. ആറില്‍ മൂന്ന് കേസുകളുടെ വിധിയാണ് തൃശൂര്‍ വിജിലന്‍സ് കോടതി മാര്‍ച്ച് 19ന് തീര്‍പ്പ് കല്‍പ്പിച്ചത്. ഇതാദ്യമായാണ് ഒരു വൈസ് ചാന്‍സലര്‍ കോടതിയുടെ രൂക്ഷവിമര്‍ശത്തിന് വിധേയമാകുന്നത്. എല്ലാ അര്‍ഥത്തിലും യുഡിഎഫ് സര്‍ക്കാരിന് അനുയോജ്യനായ വൈസ് ചാന്‍സലര്‍തന്നെ. അധികാരമേറ്റ ഉടന്‍ ആദ്യംചെയ്തത് മുക്കാല്‍ കോടിയോളംരൂപ ചെലവാക്കി അഞ്ഞൂറില്‍പരം ഏക്കര്‍ വരുന്ന ക്യാമ്പസിലെ കാട് വെട്ടി വെളുപ്പിക്കുകയായിരുന്നു. നിലവിലുള്ള വിശാലമായ ഭരണകാര്യാലയത്തിനു പകരം കോടികള്‍ ചെലവിട്ട് അന്താരാഷ്ട്രനിലവാരമുള്ള ഭരണകാര്യാലയത്തിന്റെ രൂപകല്‍പ്പനയ്ക്കായി ഇറങ്ങിത്തിരിച്ച അദ്ദേഹം കൂടുതല്‍ അപഹാസ്യനാവുകയായിരുന്നു.

കേരളത്തില്‍ ഏറ്റവും വിപുലമായ ക്യാമ്പസുള്ള സര്‍വകലാശാലയാണ് കോഴിക്കോട്. തൃശൂര്‍ ജോണ്‍ മത്തായി സെന്റര്‍, ബി എഡ് സെന്റര്‍ തുടങ്ങി നിരവധി സെന്ററുകള്‍, 35 ഡിപ്പാര്‍ട്മെന്റ്, 365ല്‍പരം അഫിലിയേറ്റഡ് കോളേജ് എന്നിവ മലബാറിന്റെ അഞ്ചുജില്ലകളിലായി വ്യാപരിച്ചുകിടക്കുന്ന ഈ സര്‍വകലാശാലയ്ക്ക് സ്വന്തമാണ്. മലബാറിന്റെ വിദ്യാഭ്യാസവികസനത്തിനായി 1967ലെ ഇ എം എസ് സര്‍ക്കാര്‍ വിലയ്ക്കുവാങ്ങി സര്‍വകലാശാലയ്ക്ക് നല്‍കിയതാണ് ദേശീയപാത 47ന്റെ ഇരുവശങ്ങളിലുമായി പരന്നുകിടക്കുന്ന അഞ്ഞൂറില്‍പ്പരം ഏക്കറോളം വരുന്ന വിശാലമായ ക്യാമ്പസ്. സര്‍വകലാശാല സാമ്പത്തികഞെരുക്കത്തില്‍പെട്ടുഴറിയ ഘട്ടത്തില്‍ എല്ലാ സമിതികളുമായി കൂടിയാലോചിച്ച് അന്നത്തെ വിസി എ എന്‍ പി ഉമ്മര്‍കുട്ടി 35 ഏക്കര്‍ സ്ഥലം മൂന്നുകോടി രൂപയ്ക്ക് വില്‍ക്കുകയും ആ തുക സ്ഥിരനിക്ഷേപമായി ബാങ്കിലിടുകയുമുണ്ടായി. അതിന്റെ പലിശകൊണ്ടാണ് സര്‍വകലാശാലയുടെ അത്യാവശ്യാചെലവുകള്‍ ഇപ്പോഴും നടത്തിപ്പോരുന്നത്. വില്‍ക്കപ്പെട്ട സ്ഥലത്താണ് ഇപ്പോഴത്തെ ക്രിന്‍ഫ്രാ പാര്‍ക്ക്. ആക്ടിന്‍പ്രകാരം ബോഡി-കോര്‍പറേറ്റായ സര്‍വകലാശാലയുടെ സെനറ്റും സിന്‍ഡിക്കറ്റും ഒക്കെ ചര്‍ച്ചചെയ്ത് അംഗീകരിച്ചശേഷമാണ് അത്തരം നടപടികള്‍ കൈക്കൊണ്ടത്. എന്നാല്‍, ഇതൊന്നും ഇപ്പോഴത്തെ ഉപ-കുലപതിക്ക് ബാധകമല്ല. തന്നെ നിയമിച്ചവരോടുമാത്രമേ കൂറ് പുലര്‍ത്തേണ്ടതുള്ളൂ എന്ന നിലപാടാണ് അദ്ദേഹത്തിന്.

ആക്ടിന്‍പ്രകാരം സംസ്ഥാന സര്‍വകലാശാലകളുടെ പരമാധികാരി ഗവര്‍ണറായ ചാന്‍സലറാണ്. ചാന്‍സലര്‍ക്ക് ഒരേസമയം എല്ലാ സര്‍വകലാശാലയുടെയും ഭരണനിര്‍വഹണം നടത്താന്‍ കഴിയാത്തതുകൊണ്ടാണ് വിശ്വസ്തനായ പ്രതിനിധിയായി വൈസ് ചാന്‍സലറെ നിയമിക്കുന്നത്. അതതു സര്‍വകലാശാലകളുടെ ആക്ടും സ്റ്റാറ്റ്യൂട്ടും അനുസരിച്ച് ചാന്‍സലര്‍ക്കുവേണ്ടി നിയമവിധേയമായി പ്രവര്‍ത്തിക്കാന്‍ വൈസ് ചാന്‍സലര്‍ ബാധ്യസ്ഥനാണ്. എന്നാല്‍, ഇതൊന്നും തനിക്ക് ബാധകമല്ലെന്നും തന്നെ നിയമിച്ച രാഷ്ട്രീയ യജമാനന്മാരോടുമാത്രമേ തനിക്ക് കടപ്പാടുള്ളൂ വെന്നുമുള്ള ധാര്‍ഷ്ട്യമാണ് പ്രശസ്തമായ കോഴിക്കോട് സര്‍വാലാശാലയെ ഇന്നത്തെ ദുരവസ്ഥയിലെത്തിക്കാന്‍ കാരണം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബിരുദതലത്തില്‍ നടപ്പാക്കിയ ചോയിസ് ബേസ്ഡ് ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സമ്പ്രദായം അട്ടിമറിച്ചു. ഗവേഷകരായ അധ്യാപകരെയും വിദ്യാര്‍ഥികളെയും നിരീക്ഷണക്യാമറയ്ക്കും ബയോമെട്രിക്സ് പഞ്ചിങ്ങിനും വിധേയരാക്കി. സ്വാശ്രയലോബികള്‍ക്ക് അനര്‍ഹമായ അംഗീകാരം നല്‍കി. തനിക്കിഷ്ടമില്ലാത്ത സിന്‍ഡിക്കറ്റ് തീരുമാനം നടപ്പാക്കിയ ജീവനക്കാരെ സ്ഥലംമാറ്റിയും മെമ്മോ നല്‍കിയും പീഡിപ്പിച്ചു. തനിക്കെതിരെ പ്രതികരിച്ച ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമെതിരെ ഇതിനകം ഏഴുനൂറില്‍പ്പരം മെമ്മോ നല്‍കി. ജനാധിപത്യരീതിയിലുള്ള സംഘടനാപ്രവര്‍ത്തനങ്ങള്‍ക്കുപോലും നിരോധനം ഏര്‍പ്പെടുത്തി. യുജിസിയുടെ കര്‍ശനമായ നിര്‍ദേശങ്ങള്‍ അവഗണിച്ച് ഇഷ്ടക്കാര്‍ക്കൊക്കെ യഥേഷ്ടം സ്വാശ്രയകോഴ്സുകളും കോളേജുകളും അനുവദിച്ചു. ബിടെക് തോറ്റവരെ ജയിപ്പിച്ചും എംടെക്കിന് പ്രവേശനം നല്‍കിയും സ്വാശ്രയകോളേജ് വിദ്യാര്‍ഥിക്ക് സര്‍ക്കാര്‍ കോളേജില്‍ പ്രവേശനം നല്‍കിയും സര്‍വകലാശാലയുടെ സല്‍പ്പേര് കളങ്കപ്പെടുത്തി. ഇതാദ്യമായി പതിനൊന്നാം പദ്ധതിക്കാലത്ത് യുജിസിയില്‍നിന്ന് ലഭിച്ച പതിനാലരക്കോടിയില്‍ എട്ടുകോടിയോളംരൂപ ലാപ്സാക്കി. ഇങ്ങനെ ഒരു സര്‍വകലാശാലയെ തന്നാലാവുംവിധം വെടക്കാക്കാന്‍ അദ്ദേഹത്തിന് രണ്ടരവര്‍ഷത്തെ ഭരണംകൊണ്ട് സാധിച്ചു. ഏറെ വൈകിയാണ് വിദ്യാദാനത്തേക്കാള്‍ മഹത്തായ ദാനമാണ് ഭൂമിദാനം എന്ന് തിരിച്ചറിഞ്ഞത്. ഇക്കാര്യത്തില്‍ അദ്ദേഹവും സിന്‍ഡിക്കറ്റും കാട്ടിയ അമിതാവേശം ആരിലും സംശയമുണര്‍ത്തും. അതാണ് തൃശൂര്‍ വിജിലന്‍സ് കോടതിയുടെ വിധിപ്രസ്താവം ചൂണ്ടിക്കാട്ടുന്നത്. സര്‍വകലാശാല വക ഭൂമി ദാനംചെയ്യുന്നതായി പരസ്യം ചെയ്തിരുന്നില്ല. ഒരു സുപ്രഭാതത്തില്‍ ഇതാ വരുന്നു കുറെ അപേക്ഷകള്‍. എല്ലാം പരഞ്ഞുറപ്പിച്ചമാതിരി. അപേക്ഷകരെല്ലാം മഹാനായ സി എച്ച് മുഹമ്മദ് കോയയുടെ അനുയായികള്‍. "അതിവേഗം ബഹുദൂരം" പ്രത്യേക ചാനല്‍വഴി ഫയല്‍ നീങ്ങി. പത്തേക്കര്‍ ചോദിച്ചവര്‍ക്ക് ഇരുപത്; പതിനഞ്ച് ചോദിച്ചവര്‍ക്ക് അമ്പത് ഏക്കര്‍. ഒരു ചര്‍ച്ചയും കൂടാതെ കൈയടിച്ച് പാസാക്കി. തീരുമാനം ഉത്തരവാകുന്നതിനിടയില്‍ എവിടെയോവച്ച് ലീക്കായി. ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ അതിശക്തമായ പ്രക്ഷോഭം അഴിച്ചുവിട്ടു. ജനരോഷത്തിന്റെ മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ ഭൂമിദാനം റദ്ദാക്കി. അതോടെ ഇതിന്റെ പിന്നില്‍ നടന്ന ഗൂഢാലോചനയുടെ ചുരുളുകള്‍ ഒന്നൊന്നായി ആഴിയാന്‍ തുടങ്ങി.

പ്രശ്നം കോടതിയിലെത്തി. ഒന്നിനുപിറകെ ഒന്നായി ആറുകേസ്. മുന്‍ രജിസ്ട്രാര്‍ ടി കെ നാരായണന്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ നല്‍കിയ മൂന്ന് കേസിന്റെ വിധിപ്രസ്താവത്തിലൂടെ വിസിയുടെ നേതൃത്വത്തില്‍ നടത്തിയ വന്‍ ഗൂഢാലോചന മറനീക്കി പുറത്തുവന്നു. മന്ത്രി എം കെ മുനീര്‍ ചെയര്‍മാനായ സി എച്ച് മുഹമ്മദ് കോയ ചെയര്‍, സി എച്ച് മുഹമ്മദ് കോയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഫോര്‍ ഡെവലപ്പിങ് സൊസൈറ്റി എന്നിവയ്ക്ക് പത്തേക്കര്‍ വീതവും, പത്തോ പതിനഞ്ചോ ഇഷ്ടമുള്ളത് തരാന്‍ ആവശ്യപ്പെട്ട കോഴിക്കോട് ജില്ലാ ഒളിമ്പിക്സ് അസോസിയേഷന് 50 ഏക്കറും ബാഡ്മിന്റണ്‍ ഡെവലപ്മെന്റ് ട്രസ്റ്റിന് മൂന്നേക്കറും ഉള്‍പ്പെടെ 73 ഏക്കര്‍ ഭൂമിയാണ് ദേശീയപാത 47ന്റെ ഇരുവശത്തുമായി നല്‍കിയത്. ശതകോടികള്‍ വിലമതിക്കുന്ന ഈ ഭൂമി ഇത്ര അനവധാനതയോടെ തീറെഴുതി കൊടുക്കണമെങ്കില്‍ വൈസ് ചാന്‍സലര്‍ ഒറ്റയ്ക്ക് വിചാരിച്ചാല്‍ നടക്കില്ല. ഭരണകക്ഷിയിലെ ഉന്നതന്മാരാണ് ഈ ഭൂമി ഇടപാടില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്നും സര്‍വകലാശാല വക സ്ഥലം ഒരു പൊതുതാല്‍പ്പര്യവും കൂടാതെ സ്വകാര്യാവശ്യങ്ങള്‍ക്കായി വിട്ടുകൊടുക്കുകയാണുണ്ടായതെന്നും കോടതി കണ്ടെത്തി. സര്‍വകലാശാലയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കേണ്ട വൈസ് ചാന്‍സലറും സിന്‍ഡിക്കറ്റും ഇക്കാര്യത്തില്‍ അലംഭാവം കാണിച്ചതായി കോടതിക്ക് ബോധ്യപ്പെട്ടു. തെളിവുകള്‍ പരിശോധിച്ച കോടതി, ഭൂമിദാനം ഉദ്ദേശ്യശുദ്ധിയോടെ ഉള്ളതല്ലെന്നും മറ്റു പല താല്‍പ്പര്യങ്ങള്‍ക്കടിപ്പെട്ടും വരുംവരായ്കകള്‍ ചിന്തിക്കാതെയുമാണ് ചെയ്തതെന്നും അഭിപ്രായപ്പെട്ടു.

സര്‍വകലാശാലയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ക്കോ പഠന-ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കോ വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കോ അല്ലാതെ മറ്റാവശ്യങ്ങള്‍ക്കുവേണ്ടി ക്രയവിക്രയംചെയ്യാന്‍ പാടില്ല എന്ന ആക്ടിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി വൈസ് ചാന്‍സലറും തന്റെ രാഷ്ട്രീയ യജമാനന്മാരും ചേര്‍ന്ന് നടത്തിയ ഗൂഢാലോചന പുറത്തുകൊണ്ടുവരാനുള്ള ഉത്തരവാദിത്തം കുലപതിയായ ചാന്‍സലര്‍ക്കുണ്ട്. അത് നിര്‍വഹിക്കാനുള്ള ആര്‍ജവം അവര്‍ കാണിക്കണം. ബഹുജനപ്രഷോഭത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെയാണെങ്കിലും ഭൂമികൈമാറ്റവുമായി ബന്ധപ്പെട്ട എല്ലാ നടപടിയും റദ്ദാക്കുകയും യൂണിവേഴ്സിറ്റിയുടെ ഭൂമി നഷ്ടപ്പെടാതിരിക്കുകയും ചെയ്ത സാഹചര്യം കണക്കിലെടുത്ത് മാത്രമാണ് കേസില്‍ തുടര്‍നടപടി ആവശ്യമില്ല എന്ന് വിജിലന്‍സ് കോടതി വിധിച്ചത്. അതുകൊണ്ട് വൈസ് ചാന്‍സലറും തന്റെ രാഷ്ട്രീയ യജമാനന്മാരും ചേര്‍ന്ന് നടത്തിയ ഗൂഢാലോചന നിസ്സാരമായി കാണാന്‍ കഴിയില്ല. ഇതിന്റെ പിന്നിലെ സത്യാവസഥ കണ്ടെത്തി ജനങ്ങളെ അറിയിക്കാനും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കാനും ഭരണകൂടത്തിന് ബാധ്യതയുണ്ട്. അതിന് വൈസ് ചാന്‍സലര്‍ ആ പദവിയില്‍ തുടരുന്നത് ആശാസ്യമല്ല.

*
ഡോ. ജെ പ്രസാദ്

No comments: