Tuesday, September 29, 2009

ചാകുവോളം തൂക്കിലിടുക

കോട്ടയത്തെഴുന്നള്ളി
സത്യദൈവം,കുറ്റങ്ങൾ
കേട്ടു കശ്‌മലർക്കുറ്റ
ശിക്ഷകൾ വിധിക്കുവാൻ

തിരുനക്കരപ്പൊതു-
മൈതാനമദ്ധ്യം തന്നിൽ
കരുതിക്കെട്ടിപ്പൊക്കി-
ക്കോടതി ശോഭിക്കുന്നു.

ആരോപണങ്ങൾക്കേകും
ശിക്ഷകൾ കേൾക്കാൻ മണൽ-
ചോരാത്ത മട്ടിൽ ജനം
ചുറ്റിലും കാണാകുന്നു!

ന്യായ പീഠമേറുന്നു
ദൈവം, കുറ്റപത്രങ്ങൾ
വായിക്കുമുദ്യോഗസ്ഥൻ
യൂണിഫോമിൽ നിൽക്കുന്നു.

ഏറിറ്റുമാകാംഷ തൻ
നിമിഷം, ചെറു സൂചി
വീണിടും ശബ്‌ദം പോലു-
മലയ്‌ക്കും നിശ്ശബ്‌ദത.

2

കുറ്റവാളിതൻ കൂട്ടിൽ
മെല്ലിച്ചു തലമുടി
പറ്റെവെട്ടിയൊരെണ്ണ-
ക്കറുമ്പൻ നിന്നീടുന്നു.

തലതാഴ്‌ത്തി നിൽക്കുമാ-
പ്രതിയോ പ്രചണ്ഡമാം
പല മോഷണങ്ങളു-
മടവിൽ നടത്തിയോൻ!

കുറ്റപത്രം വായിച്ചു-
കേൾക്കവേ സർവ്വേശ്വരൻ
തെറ്റിന്നു നിജശിക്ഷ-
യീവിധം വിധിക്കുന്നു:-

“തൽക്കാലം ജനങ്ങൾതൻ
മദ്ധ്യത്തിൽ വച്ചിട്ടുള്ള
മുക്കാലി തന്നിൽ കെട്ടി
മൂന്നടി കൊടുക്കുക”

3

ചേണുറ്റ നാലാൾ പ്രതി-
ക്കൂട്ടിൽ നിൽക്കുന്നു, പെണ്ണു
കാണുവാൻ വരും യുവ-
കോമളന്മാരെപ്പോലെ!

താങ്കൾ കാതോർക്കൂ; കുറ്റം
കേൾക്കുക; പട്ടാപ്പകൽ
ബാങ്കുകൾ കവർച്ച ചെ-
യ്തീടിനാർ സംഘം കൂടി!

കുറ്റപത്രം വായിച്ചു-
കേട്ട നീതിമാൻ ദൈവം
തെറ്റിന്നു ജവം ശിക്ഷ-
യേവം നിശ്‌ചയിക്കുന്നു-

“മുഷ്‌ക്കരർ പ്രതികളി-
ലോരോരോ യുവാവിന്നും
മുക്കാലിതന്നിൽ ക്കെട്ടി
നാലടി വീതം നൽകൂ”

4

ഈശന്റെ മുന്നിൽ പ്രതി-
ക്കൂട്ടിലെത്തുന്നു കൊമ്പൻ-
മീശയുള്ളൊരു തടി-
മാടനാളനന്തരം!

ആടിനെത്തീറ്റും കൊച്ചു-
കുട്ടിയിൽ ബലാത്‌സംഗ-
പാടവം തെളിയിച്ച
കശ്‌മലൻ ഭയങ്കരൻ!

“തല മുണ്ഡനം ചെയ്തു
മുക്കാലിതന്നിൽ ക്കെട്ടി-
ത്തരമോടടിക്കട്ടെ-
യഞ്ചടി”-ചൊല്ലീ ദൈവം.

5

കാരുണ്യം തെല്ലും വേണ്ടെ-
ന്നുള്ള ഭാവത്തിൽ, മാറിൽ
താരുണ്യം തുളുമ്പുന്ന
മൂന്നു ടീനേജേഴ്‌സ് നിൽപ്പൂ.

“തന്നിഷ്‌ടം പോലെ സ്വന്തം
വീടു വിട്ടിറങ്ങിപ്പോയി
കന്യകാത്വത്തിൻ തിള-
പ്പിളകി ഭ്രമിക്കുന്നോർ ! ”

കുറ്റപത്രം വായിച്ചു-
കേൾക്കവേ സർവ്വേശനും
ചെറ്റുനേരം ചിന്തിച്ചു
ശിക്ഷ പ്രഖ്യാപിക്കുന്നു:-

“ആസനം തന്നിൽ പാടു
തടിച്ചു പൊന്തും മട്ടി-
ലാറടി വീതം നൽകി
വീട്ടിലേക്കയയ്ക്കുക.”

6

ധനമോഹത്താൽ കൊല-
പാതകം ചെയ്‌തേറുന്ന
വിന തന്നയൽ‌ക്കാർക്കു-
മാൾക്കാർക്കും വരുത്തിയോൻ

വന്നു നിൽക്കുന്നു പ്രതി-
ക്കൂട്ടിൽ, കുറ്റപത്രത്തിൽ-
നിന്നു കാര്യങ്ങൾ കേട്ടോ-
രീശ്വരൻ വചിക്കുന്നു:-

“കൊല്ലുവാനാണോ
മർത്ത്യജീവിതം കൊടുത്തു ഞാൻ?
കൊല്ലമേഴിവൻ കൊടും-
തടവിൽ കിടക്കട്ടെ.”

7

കണ്ണുകൾ തുറക്കുവിൻ
പിന്നൊരു ‘മ’ വാരിക-
തന്നുടെ പത്രാധിപർ
നിൽക്കുന്നു പ്രതിക്കൂട്ടിൽ!

ചുറ്റുമാളുകൾ കാതു-
കൂർപ്പിച്ചു നിന്നീടുമ്പോൾ
കുറ്റപത്രമീമട്ടിൽ
വായിച്ച് കേട്ടു ജനം:-

“കൊലപാതക, മാത്മ-
ഹത്യകൾ, ബലാത്‌സംഗം,
കൊടുതാം കവർച്ചകൾ,
വ്യാജജാര വേഴ്‌ചകൾ

സെൿസുതന്നഴിഞ്ഞാട്ടം,
കാമ മാദക കേളി
മിൿസു ചെയ്‌തതാം കടും-
നീല നോവലിൻ‌കൂട്ടം,

കുറ്റകൃത്യവും കുത്തി-
നിറച്ചു വാരം വാരം
ചിത്രവാരിക നാട്ടി-
ലിറക്കി, ത്തമോഗുണം

മാനവസംസ്‌ക്കാരത്തിൽ-
പരത്തി,പ്പൊതുജന-
മാനസം മലിനമാ-
ക്കീടുന്നതൊന്നാം കുറ്റം!

‘ഉത്തമ കുടുബവാ-
രിക’യെന്നുര,ച്ചോരോ
ക്ഷുദ്ര വസ്തുതയേകി-
യിക്കിളിപ്പെടുത്തിയും,

ഗുണകാംഷിയെന്നുള്ള
ഭാവേനെ നാട്ടാരുടെ
പണം ചൂഷണം ചെയ്‌വ-
തിവർ തൻ രണ്ടാം കുറ്റം! ”

8

“മതി, കൂടുതൽ വേണ്ടാ ”
ചൊല്ലി സർവേശൻ:‌-“ചിന്താ-
ഗതി ജീർണ്ണമാക്കുന്ന
കുറ്റമേ കൊടും കുറ്റം!

മോഷണം, ബലാത്‌സംഗം,
കൊലപാതകമെല്ലാം
കേവലം നാട്ടിൽ ന്യൂന-
പക്ഷത്തെ ബാധിക്കുന്നു;

ജീവിതം മലിനമാ-
ക്കുന്ന കുറ്റമോ നാടിൻ-
ഭാവിയും ബഹുജന-
നന്മയും കെടുത്തുന്നു!

ആകയാലിവർക്കുഗ്രം
ശിക്ഷ നൽകേണം; ജീവൻ-
പോകുവോളവും തൂക്കി-
ലിടുക; വേഗം വേണം! ”

9

കയ്യടിക്കുന്നു ജനം,
കച്ചോടക്കാപട്യത്തിൻ
കൈതവക്കെടുതിയിൽ
നിന്നു മോചിതരേപ്പോൽ!


***

ചെമ്മനം ചാക്കോ

Monday, September 28, 2009

താലിബാന്‍: ചരിത്രവും വര്‍ത്തമാനവും

ലോകസമാധാനത്തിനും മാനവികതയ്‌ക്കും കടുത്ത ഭീഷണി ഉയര്‍ത്തിക്കൊണ്ട് മതമൌലികവാദവും ഭീകരതയും പശ്ചിമേഷ്യ ദക്ഷിണേഷ്യ എന്നീ മേഖലകളില്‍ ശക്തിപ്പെടുകയാണ്. പാക്ക്-അഫ്‌ഗാനിസ്ഥാന്‍ അതിര്‍ത്തി പ്രദേശം, ചൈനയിലെ സിന്‍ഗുവ പ്രവിശ്യ, പാക് അധിനിവേശ കാശ്‌മീര്‍ എന്നിവ ജിഹാദി ഭീകരസംഘങ്ങളുടെ വിക്ഷേപണത്തറയായി മാറിയിട്ട് ചുരുങ്ങിയത് രണ്ട് ദശാബ്‌ദങ്ങളായി. പാലസ്‌തീനിലെ സംഘര്‍ഷങ്ങള്‍, ഇറാഖ്- അഫ്‌ഗാനിസ്ഥാന്‍ എന്നിവടങ്ങളിലെ അമേരിക്കന്‍ അധിനിവേശം, ചൈനയുടെ മതനയം, കാശ്‌മീര്‍ പ്രശ്‌നം, ഫിലിപ്പൈന്‍സിലെ ക്രൈസ്‌തവ ദേശീയത തുടങ്ങിയ നിരവധി ഘടകങ്ങള്‍ ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ ജിഹാദി ഭീകരസംഘങ്ങള്‍ക്ക് പ്രചോദനമാകുന്നുണ്ട്. പശ്ചിമേഷ്യയില്‍ നിന്നുള്ള എണ്ണയുടെ ഉത്പാദനവും വിതരണവും നിയന്ത്രിക്കാനുള്ള സാമ്രാജ്യത്വശക്തികളുടെ പരിശ്രമങ്ങളും തുടര്‍ച്ചയായ രാഷ്‌ട്രീയ-സൈനിക ഇടപെടലുകളുമാണ് മേഖലയെ നിരന്തര സംഘര്‍ഷങ്ങളുടെ വേദിയാക്കിയത്. ഇറാനിലെ ഇസ്ളാമികവിപ്ളവം (1979), സോവിയറ്റ് യൂണിയന്‍ അഫ്‌ഗാന്‍ അധിനിവേശം (1979) എന്നിവ പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്ക് മതാത്മകസ്വഭാവം നല്‍കി. 1980 കളില്‍ ഹമാസിന്റെ ഉദയത്തോടുകൂടി പാലസ്‌തീന്‍ വിമോചന സമരം ഇസ്ളാമികവല്‍ക്കരണത്തിന് വിധേയമായി. ഒരു മതേതര ദേശീയ വിമോചന സമരത്തിന്റെ വിശാല പ്രതലത്തില്‍ നിന്നും 'ഇസ്ളാമിക വിമോചനം' അതായത് 'യഹൂദ - ക്രിസ്‌ത്യന്‍ ആധിപത്യത്തില്‍ നിന്ന് പാലസ്‌തീന്‍ മുസ്ളീങ്ങളുടെ വിമോചനം' എന്ന നിലയിലേക്ക് ജിഹാദിപ്രസ്ഥാനങ്ങള്‍ പാലസ്‌തീന്‍ പ്രശ്‌നത്തെ മാറ്റിത്തീര്‍ത്തു. പാലസ്‌തീന്‍ പ്രശ്‌നത്തെ മുന്‍നിര്‍ത്തി ആഗോള വ്യാപകമായി ജിഹാദി പ്രസ്ഥാനങ്ങള്‍ വളര്‍ന്നുവരാന്‍ ഇത് കാരണമായി. ക്രിസ്‌ത്യന്‍ ദേശീയതയെ വെല്ലുവിളിച്ചുകൊണ്ട് ഭീകരവാദത്തിലേക്ക് നീങ്ങിയ ഫിലിപ്പൈന്‍സിലെ 'അബു-സയ്യാഫ് ' ജിഹാദി സംഘം പാലസ്‌തീന്റെ വിമോചനം തങ്ങളുടെ ലക്ഷ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.

1991 ല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്‌ക്കുശേഷം സംഘടിത മതങ്ങള്‍ക്കും മതബോധത്തിനും ലഭിച്ച വ്യാപകമായ അംഗീകാരം ഇസ്ളാമിന്റെ മൌലികവാദപരമായ വ്യാഖ്യാനങ്ങള്‍ക്ക് അനുകൂലമായ സാഹചര്യം സൃഷ്‌ടിച്ചു. ഇതോടൊപ്പം മധ്യേഷ്യയില്‍ ശക്തിപ്പെട്ട സാമ്രാജ്യത്വരാഷ്‌ട്രീയ-സാംസ്‌ക്കാരിക അധിനിവേശങ്ങളെ പ്രതിരോധിക്കാന്‍ 'ഇസ്ളാമിലേക്ക് മടങ്ങുക' എന്ന മുദ്രാവാക്യത്തിന് വന്‍ ജനപിന്തുണ ലഭിച്ചു. സാമ്രാജ്യത്വത്തെ പ്രതിരോധിക്കാന്‍ ഇസ്ളാമിന്റെ ജിഹാദി പാരമ്പര്യം തിരിച്ചുപിടിക്കേണ്ടത് ആവശ്യമാണെന്ന പൊതുബോധം, മധ്യേഷ്യയിലും ലോകത്തിന്റെ വിവിധഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്ന ജിഹാദി സംഘങ്ങളിലേക്ക് പെട്രോഡോളര്‍ പ്രവഹിക്കാന്‍ കാരണമായി. ഇസ്ളാമിന്റെ മൌലികവാദപരമായ വ്യാഖ്യാനവും ജിഹാദിന്റെ വീണ്ടെടുപ്പും സാമ്രാജ്യത്വവിരുദ്ധ വികാരവും കൂടിച്ചേര്‍ന്ന് സൃഷ്‌ടിച്ച ഇസ്ളാമിക തീവ്രവാദം പെട്രോഡോളറിന്റെ ഒഴുക്കോടുകൂടി ശക്തമായ സായുധസംഘങ്ങള്‍ക്ക് ജന്മം നല്‍കി.

താലിബാന്റെ വരവ്

ഇസ്ളാമിക തീവ്രവാദത്തിന്റെ പൊതുപശ്ചാത്തലത്തിലാണ് അഫ്‌ഗാനിസ്ഥാന്റെ ഗോത്രവര്‍ഗ്ഗ മേഖലകള്‍ കേന്ദ്രീകരിച്ച് താലിബാന്‍ ഉയര്‍ന്നുവന്നത്. 'വിദ്യാര്‍ത്ഥി' എന്നര്‍ത്ഥം വരുന്ന 'താലിബ് ' എന്ന പുഷ്‌തുഭാഷയിലെ പദത്തിന്റെ ബഹുവചനരൂപമാണ് താലിബാന്‍. അറബിയില്‍ നിന്നും പുഷ്‌തുഭാഷ കടം കൊണ്ടവാക്കാണിത്. അഫ്‌ഗാനില്‍ അധികാരം പിടിച്ചെടുത്ത താലിബാന്‍ 1996 മുതലമാണ് താലിബാന്‍- അഫ്‌ഗാന് അംഗീകാരം നല്‍കിയത്. താലിബാന് ‍- അഫ്‌ഗാനിസ്ഥാന്റെ ഔദ്യോഗികനാമം 'ഇസ്ളാമിക് എമിറേറ്റ് ഓഫ് അഫ്‌ഗാനിസ്ഥാന്‍' എന്ന് പുനര്‍ നാമകരണം ചെയ്യപ്പെട്ടു.

സോവിയറ്റ് സേനയ്‌ക്കെതിരായ പോരാട്ടത്തില്‍ നിരവധി മുജാഹിദ്ദീന്‍ സംഘങ്ങള്‍ അഫ്‌ഗാനിസ്ഥാനില്‍ വളര്‍ന്നുവന്നിരുന്നു. 1980 കളില്‍ റൊണാള്‍ഡ് റീഗന്‍ - മാര്‍ഗരറ്റ് താച്ചര്‍ അച്ചുതണ്ട് വന്‍തോതില്‍ ആയുധങ്ങളും പടക്കോപ്പുകളും മുജാഹിദ്ദീന്‍ സംഘങ്ങള്‍ക്ക് നല്‍കി. 1987 ല്‍ മാത്രം 65000 ടണ്‍ അമേരിക്കന്‍ നിര്‍മ്മിത ആയുധങ്ങളും വെടിക്കോപ്പുകളും അഫ്‌ഗാനിസ്ഥാനിലേക്ക് ഒഴുകി. അഫ്‌ഗാന്‍ മുജാഹിദ്ദീന്‍ സംഘങ്ങള്‍ വംശീയാടിസ്ഥാനത്തിലാണ് സംഘടിച്ചിരുന്നത്. താജിക്കുകള്‍, ഉസ്‌ബെക്കുകള്‍, മംഗളോയ്‌സ് വംശജരായ ഹസാരകള്‍ എന്നീ വംശീയ വിഭാഗങ്ങള്‍ വടക്കന്‍ അഫ്‌ഗാനിസ്ഥാന്‍ കേന്ദ്രീകരിച്ച് ഒളിപ്പോര്‍ സംഘടിപ്പിച്ചു. അഫ്‌ഗാനിസ്ഥാനിലെ ഏറ്റവും പ്രബലമായ പത്താന്‍ വംശജര്‍ 1990 കളുടെ തുടക്കത്തിലാണ് സംഘടിക്കപ്പെട്ടത്. വടക്കന്‍ പ്രദേശം നിയന്ത്രിക്കുന്ന വംശീയ വിഭാഗങ്ങളോടുള്ള പ്രതിഷേധമാണ് പത്താന്‍ തീവ്രവാദത്തിന്റെ തുടക്കത്തിന് കാരണമായത്. ഹെൿമത്യാര്‍ നേതൃത്വം നല്‍കുന്ന ഉസ്‌ബെക്ക് മുജാഹിദ്ദീനുകള്‍ ഒരു പത്താന്‍ കുടുംബത്തിലെ അംഗങ്ങളെ കൊലപ്പെടുത്തുകയും പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയും ചെയ്‌തതാണ് താലിബാന്റെ രൂപീകരണത്തിന് മുല്ല ഉമറിനെ പ്രേരിപ്പിച്ച ഘടകമെന്ന വാദം ശക്തമാണ്. പ്രസ്‌തുത കഥ താലിബാന്‍ വ്യാപകമായി പ്രചരിപ്പിക്കുകയുണ്ടായി. മുജാഹിദീനുകളുടെ വഴിവിട്ട പ്രവര്‍ത്തനങ്ങളും അനിസ്ളാമിക ജീവിതവും മുല്ല ഉമറിനെ പുതിയൊരു വിപ്ളവപാത തുറക്കാന്‍ പ്രേരിപ്പിച്ചു എന്നു കരുതുന്നതില്‍ തെറ്റില്ല.

പാക്കിസ്ഥാനിലെ മതപഠന ശാലകളില്‍ പഠിച്ച അഫ്‌ഗാന്‍ അഭയാര്‍ത്ഥികളാണ് താലിബാന്‍ പ്രസ്ഥാനത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടത്. മതപഠനം നടത്തുന്ന വിദ്യാര്‍ത്ഥികളും അവരുടെ അധ്യാപകരായ മുല്ലമാരും ചേര്‍ന്ന ഒരു സായുധസംഘമാണ് താലിബാന്‍. തെക്കന്‍ അഫ്‌ഗാനിസ്ഥാന്‍, തെക്കന്‍ പാക്കിസ്ഥാന്‍, പാക്- അഫ്‌ഗാന്‍ അതിര്‍ത്തിയിലെ ഗോത്രവര്‍ഗ്ഗമേഖലകള്‍ എന്നിവിടങ്ങളില്‍ നിന്നാണ് താലിബാന്‍ പോരാളികള്‍ പ്രധാനമായും റിക്രൂട്ട് ചെയ്യപ്പെട്ടത്.

താലിബാന്‍: പ്രത്യയശാസ്‌ത്രം

പാക്കിസ്ഥാനിലെ 'ജാമിയത്ത്- ഉലമ- ഇ-ഇസ്ളാം' ആണ് താലിബാന് ആശയ അടിത്തറ നല്‍കിയത്. ദിയോബാന്‍ഡ് സ്‌കൂളിന്റെ ഖുര്‍-ആന്‍ വ്യാഖ്യാനങ്ങള്‍, വഹാബിസം എന്നിവയാണ് താലിബാന്റെ പ്രത്യയശാസ്‌ത്രം. ഈ അര്‍ത്ഥത്തില്‍ താലിബാന്‍ ഒരു സുന്നി- വഹാബി- ഇസ്ളാമിസ്‌റ്റ് പ്രസ്ഥാനമാണ്. ഇസ്ളാമിക മതമൌലികവാദത്തോടൊപ്പം പഷ്‌തൂണ്‍ വംശീയ ദേശീയതയുംകൂടി ചേര്‍ന്നപ്പോള്‍ താലിബാന്‍ ഏറ്റവും യാഥാസ്ഥിതികമായ ഭീകരപ്രസ്ഥാനമായിമാറി. ഇസ്ളാമിക സ്വത്വത്തോടൊപ്പം പഷ്‌തൂണ്‍ വംശീയവാദ രാഷ്‌ട്രീയ നിലപാടുകള്‍ കൂടിച്ചേര്‍ന്നപ്പോള്‍ ഒരേ സമയം താലിബാന്‍ ഒരു ഇസ്ളാമിക മതമൌലികവാദ - പഷ്‌തൂണ്‍ വംശീയ രാഷ്‌ട്രീയപ്രസ്ഥാനമായി മാറി.

താലിബാന്‍ പോരാളികളില്‍ ബഹുഭൂരിപക്ഷം പത്താന്‍ വംശജരാണ്. പത്താന്‍ പോരാളികളില്‍ 95 ശതമാനത്തോളം ദുറാനി പത്താനികളാണ്. ഇതോടൊപ്പം നോര്‍ത്ത് ആഫ്രിക്ക, പശ്ചിമേഷ്യന്‍ റിപ്പബ്ളിക്കുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആഗോള ജിഹാദിപ്രസ്ഥാനത്തിലംഗങ്ങളായ ഒരു സംഘം വളണ്ടിയര്‍മാരും താലിബാന്‍ പ്രസ്ഥാനത്തിലുണ്ടായിരുന്നു. 1996 ല്‍ സുഡാനില്‍ നിന്നും ബിന്‍ലാദന്‍ അഫ്‌ഗാനിസ്ഥാനിലെത്തിയതോടെ അല്‍- ഖ്വയ്‌ദ പോരാളികള്‍ '055' 'ബ്രിഗേഡ് ' എന്ന പേരില്‍ താലിബാനില്‍ ലയിച്ചു.

അഹമ്മദ് ഷാ മസൂദ് നേതൃത്വം നല്‍കുന്ന വടക്കന്‍ സഖ്യത്തിനെതിരെ ശക്തമായ ആക്രമണമാണ് താലിബാന്‍ നടത്തിയത്. 1998 ൽ വടക്കന്‍ നഗരമായ മാസാര്‍- ഇ- ഷറീഫ് ആക്രമിച്ച താലിബാന്‍ സ്‌ത്രീകളും കുട്ടികളുമടക്കം 8000 ആളുകളെ കശാപ്പു ചെയ്തു. ഉസ്‌ബെക്കുകളേയും ഹസാരകളേയും കൂട്ടക്കൊല ചെയ്‌തത് വംശീയ ഉന്മൂലനമായിരുന്നു. ഇസ്ളാമിന്റെ മൂല്യങ്ങള്‍ക്ക് വിരുദ്ധമായി ശവശരീരങ്ങള്‍ മറവുചെയ്യാന്‍ അനുവദിക്കാതെ 6 ദിവസം ചീഞ്ഞഴുകാന്‍ വിട്ടശേഷമാണ് താലിബാന്‍ പിന്‍വാങ്ങിയത്.

താലിബാന്‍ അധികാരത്തില്‍ വന്ന ഉടനെ താജിക്ക്, ഉസ്‌ബെക്ക്, ഹസാര ബ്യൂറോക്രാറ്റുകളെ മുഴുവന്‍ പിരിച്ചുവിട്ടു. പഷ്‌തൂണ്‍ ആധിപത്യം ഇതര ഗോത്രങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിച്ചു. ഷിയാകളെ വഹാബികളേയും ദിയോബന്ദികളേയും പോലെ അമുസ്ളീങ്ങളായി പ്രഖ്യാപിച്ചു. ഷിയാ വിശ്വാസികളായ മംഗളോയ്‌സ് വംശജരായ ഹസാരമുസ്ളീങ്ങളെ അമുസ്ളീങ്ങളായി പ്രഖ്യാപിച്ച് കൊന്നൊടുക്കി. അഫ്‌ഗാന്‍ ജനസംഖ്യയുടെ 10 % ഹസാരകളാണ്.

ആധുനികതയോട് കടുത്ത വിയോജിപ്പാണ് താലിബാന്‍ പ്രകടിപ്പിച്ചത്. ഷരിയ നിയമങ്ങളും പഷ്‌തൂണ്‍ ഗോത്രനിയമങ്ങളും ചേര്‍ത്ത നിയമസംഹിതയാണ് ഭരണ (പഷ്‌തൂണ്‍ വാലി)ത്തിന്റെ അടിസ്ഥാനശില. സ്ത്രീവിരുദ്ധതയുടെ കാര്യത്തില്‍ സകല അതിര്‍ത്തികളും താലിബാന്‍ ഉല്ലംഘിച്ചു. വിദ്യാഭ്യാസം, തൊഴില്‍, സ്പോര്‍ട്സ് എന്നിവ സ്‌ത്രീകള്‍ക്ക് നിഷിദ്ധമാക്കി. വഹാബി പര്‍ദ്ദ നിര്‍ബന്ധമാക്കി. അരുവിയില്‍ തുണിയലക്കുന്നത്, തയ്യല്‍ക്കാരന്‍ അളവെടുക്കുന്നത്, ടാക്സിയില്‍ അടുത്ത ബന്ധുവായ പുരുഷന്റെ കൂടെയല്ലാതെ സഞ്ചരിക്കുന്നത് എന്നിവ നിരോധിച്ചു. ഇതൊടൊപ്പം ടി വി സിനിമ, വീഡിയോ, നൃത്തം, വീട്ടില്‍ ചിത്രങ്ങള്‍ തൂക്കിയിടുന്നത്, സ്പോര്‍ട്സ് പരിപാടികളില്‍ കൈയടിക്കുന്നത്, പട്ടം പറത്തല്‍, പന്നി, പന്നിനെയ്യ്, മനുഷ്യന്റെ മുടികൊണ്ടുണ്ടാക്കിയ സാധനങ്ങള്‍, കളിപ്പാട്ടങ്ങള്‍, ചെസ്സ്, മുഖംമൂടി, കമ്പ്യൂട്ടര്‍, മദ്യം, ലൈംഗികത, വീഞ്ഞ്, പടക്കം പ്രതിമ, സംഗീതം, താടിവടിക്കല്‍ എന്നിവ നിരോധിച്ചു. ചുരുക്കത്തില്‍ ആധുനികതയുടെ അടയാളങ്ങളായ സകലിതിനേയും താലിബാന്‍ നിഷിദ്ധമാക്കി. എന്നാല്‍ ആധുനിക സാങ്കേതികവിദ്യയുടെ ഉല്പന്നങ്ങളായ ആയുധങ്ങളും പടക്കോപ്പുകളും അവര്‍ യഥേഷ്‌ടം ഉപയോഗിച്ചു.

നിഗൂഢാത്മകവും, സമഗ്രാധിപത്യപരവുമായ സൈനിക ഭരണകൂടമാണ് താലിബാന്‍ സ്ഥാപിച്ചത്. പോരാളികള്‍ക്ക് ശമ്പളം നല്‍കിയിരുന്നില്ല. ഭക്ഷണം, വസ്‌ത്രം, ആയുധങ്ങള്‍, ഷൂസ് എന്നിവയാണ് ഭരണകൂടം പോരാളികള്‍ക്ക് നല്‍കിയത്. ഓരോ പോരാളിയുടേയും ഏറ്റവും പ്രധാനകടമ 'വിശുദ്ധയുദ്ധ'ത്തില്‍ അണിചേരുകയാണ്. ഇഹലോകവാസം എന്തുകൊണ്ടും മോശമാണ്. അതിനാല്‍ വിശുദ്ധയുദ്ധം നടത്തി സ്വര്‍ഗ്ഗം നേടുകയാണ് ഓരോ പോരാളിയുടേയും കടമ. ഇസ്ളാമിക പ്രത്യയശാസ്ത്രം 'സ്വയം രക്തസാക്ഷിയായി സ്വര്‍ഗ്ഗം നേടാന്‍' സഹായിക്കുന്ന ഒന്നായി താലിബാന്‍ വ്യാഖ്യാനിച്ചു. '1400 വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രവാചകന്‍ ജീവിച്ചപോലെ ജീവിക്കുക, പ്രവാചകനും ഖലീഫമാരും നടത്തിയതുപോലെ വിശുദ്ധയുദ്ധം നടത്തുക.' ഇതായിരുന്നു മുല്ല ഉമറിന്റെ ആഹ്വാനം.

പാക്-താലിബാന്‍

ചരിത്രത്തില്‍ അഭിരമിക്കുന്ന മതഭ്രാന്തും വംശീയഭ്രാന്തും തലയ്‌ക്കു പിടിച്ച താലിബാന്‍ പ്രസ്ഥാനത്തെ വടക്കന്‍ സഖ്യവും നാറ്റോ സൈന്യവും ചേര്‍ന്ന് 2001 ല്‍ പുറത്താക്കിയെങ്കിലും ഇതിനകം തന്നെ പാക്കിസ്ഥാന്റെ ഗോത്രമേഖലയിലേക്ക് താലിബാന്‍ വ്യാപിച്ചിരുന്നു. താലിബാന്‍ പോരാളികള്‍ക്ക് യുദ്ധതന്ത്രവും പരിശീലനവും നല്‍കിയിരുന്നത് ഐ എസ് ഐ ആണ്. താലിബാന്‍ പ്രത്യയശാസ്‌ത്രത്തിന് ഐ എസ് ഐ യിലും പാക്ക് സൈന്യത്തിനും നിര്‍ണ്ണായകസ്വാധീനം ചെലുത്താന്‍ സാധിക്കുന്നുണ്ട്.

2001-ല്‍ അഫ്‌ഗാനിസ്ഥാനില്‍ നിന്നും ചിതറപ്പെട്ട താലിബാന്‍ 2004 ല്‍ പുന:സംഘടിക്കപ്പെട്ടു. 2007 ഡിസംബറില്‍ പാക് താലിബാന്‍ പ്രഖ്യാപിക്കപ്പെട്ടു. ' തെഹ്രീക്ക്- ഇ- താലിബാന്‍ പാക്കിസ്ഥാന്‍' എന്ന പേരിലാണ് പാക് താലിബാന്‍ സംഘടിക്കപ്പെട്ടത്. ജാമിയത്ത് - ഉലമ- ഇസ്ളാം (ജെയുഐ)യുടെ തലവന്‍ മൌലാനാ ഫസല്‍ ഉര്‍റഹ്മാനാണ് പാക്താലിബാന്റെ ബുദ്ധിസ്രോതസ്സ്. ബേനസീര്‍ഭൂട്ടോയുടെ അടുത്ത സുഹൃത്തായിരുന്ന ഫസല്‍ ഉര്‍ റഹ്മാന്‍ അവര്‍ പ്രധാനമന്ത്രിയായതോടെ ഭരണതലത്തില്‍ നിര്‍ണ്ണായകമായ സ്വാധീനം നേടി. ഐ എസ് ഐ യിലും ഗവണ്‍മെന്റിലും താലിബാന്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുവാനും ഒരു പരിധിവരെ ഐ എസ് ഐ യെ താലിബാന്‍ വല്‍ക്കരിക്കുവാനും ഫസല്‍ ഉര്‍ റഹ്മാന് സാധിച്ചു. പര്‍വേശ് മുഷറഫിന്റെ ഭരണകാലത്തും ജിഹാദിസംഘങ്ങള്‍, ഐ എസ് ഐ, പാക് സൈന്യം എന്നിവയെ കൂട്ടിയിണക്കുന്ന കണ്ണിയായി ജെ യു ഐ യും മൌലാനഫസല്‍ ഉര്‍ റഹ്മാനും തുടര്‍ന്നു.

താലിബാന്‍ അഫ്‌ഗാനിസ്ഥാനില്‍ നിന്നും പുറത്താക്കപ്പെട്ടതോടെ 15000 ഓളം വരുന്ന ലഷ്‌ക്കര്‍ അഥവാ പരമ്പരാഗത ഗോത്രസേനാംഗങ്ങള്‍ പാക് പത്താന്‍ മേഖലയിലേക്ക് പലായനം ചെയ്‌തു. ക്രമേണ ഗോത്രവര്‍ഗ്ഗമേഖലയില്‍ സ്വാധീനമുറപ്പിച്ച താലിബാന്‍ സേനാംഗങ്ങള്‍ പാക്കിസ്ഥാനിലെ ഗോത്രവര്‍ഗ്ഗമേഖലയാകെ നിയന്ത്രണത്തിലാക്കി. അഫ്‌ഗാനിസ്ഥാനിലെ ഹമീദ് കര്‍സായി ഗവണ്‍മെന്റ്, പാകിസ്ഥാനിലെ അമേരിക്കന്‍ സൈനികത്താവളങ്ങള്‍ എന്നിവ ലക്ഷ്യമാക്കി 2004നുശേഷം തുടര്‍ച്ചയായി ആക്രമണങ്ങള്‍ സംഘടിപ്പിക്കാന്‍ താലിബാന് സാധിച്ചു.

പാക്കിസ്ഥാനെ അമേരിക്കന്‍ ആശ്രിതത്വത്തില്‍ നിന്ന് മോചിപ്പിച്ച് ഇസ്ളാമികവല്‍ക്കരിക്കുക അഥവാ താലിബാന്‍ വല്‍ക്കരിക്കുക എന്ന ലക്ഷ്യം 2007 ഓടുകൂടി മുഖ്യ അജണ്ടയായി താലിബാന്‍ സ്വീകരിച്ചു. ഐ എസ് ഐ, പാക് സൈന്യം, പാക് നിയന്ത്രിത കാശ്‌മീര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജിഹാദിസംഘങ്ങള്‍ എന്നിവയുടെ ശക്തമായ പിന്തുണ താലിബാന് ലഭിച്ചു. ഇതോടൊപ്പം പാക്കിസ്ഥാനില്‍ ജനാധിപത്യഗവണ്‍മെന്റ് അധികാരത്തില്‍ വന്നത് പ്രത്യക്ഷ നടപടികളിലേക്ക് നീങ്ങാന്‍ താലിബാന് പ്രചോദനമായി. പഞ്ചാബികള്‍ക്കും സിന്ധികള്‍ക്കും മേല്‍ക്കൈയുള്ള പാക് ഭരണകൂടത്തിനെതിരായ പത്താന്‍ വംശീയദേശീയതയുടെ ശക്തമായ എതിര്‍പ്പും താലിബാനെ രാഷ്‌ട്രീയാധികാരം പിടിച്ചെടുക്കാനുള്ള വിശുദ്ധയുദ്ധത്തിലേക്ക് നയിച്ചു. മേഖലയിലെ ഗോത്രമുഖ്യന്‍മാരുടെ കലവറയില്ലാത്ത പിന്തുണ താലിബാന് ലഭിച്ചതോടുകൂടി സ്വാത് വാലി, ബ്യൂണര്‍ജില്ല, തെക്കന്‍ പാക്കിസ്ഥാന്‍ എന്നിവടങ്ങളില്‍ സമാന്തര ഭരണകൂടമായി മാറാന്‍ അവര്‍ക്ക് കഴിഞ്ഞു. പാക് സൈന്യവും ഭരണകൂടവും താലിബാനോട് മൃദുസമീപനമാണ് പുലര്‍ത്തിയത്. ഈ സാഹചര്യത്തിലാണ് സര്‍ദാരി ഗവണ്‍മെന്റ് താലിബാനുമായി കരാറിലെത്തുകയും ഫെബ്രുവരി 18, 2009 മുതല്‍ സ്വാത് താഴ്വരയില്‍ 'ഷരിയനിയമം' (പഷ്‌തൂണ്‍ വാലി) നടപ്പാക്കുകയും ചെയ്‌തു. അധികം വൈകാതെ ബ്യൂണര്‍ ജില്ലയും കടന്ന് ഇസ്ളാമബാദ് പിടിച്ചെടുക്കാന്‍ താലിബാന്‍ നടത്തിയ ശ്രമമാണ് ഇപ്പോഴത്തെ സൈനിക നടപടിക്ക് നിദാനം. നാറ്റോ സൈന്യത്തിന്റെ പിന്തുണയോടെ താലിബാനെ താത്ക്കാലികമായി തുരത്താന്‍ കഴിഞ്ഞെങ്കിലും ഗോത്രവര്‍ഗ്ഗസംസ്‌ക്കാരം നിലനില്‍ക്കുന്ന പാക്-അഫ്‌ഗാന്‍ അതിര്‍ത്തി മേഖലയില്‍ ശക്തമായ സാന്നിധ്യമായി താലിബാന്‍ തുടരാനാണ് സാധ്യത.

താലിബാനെ ഒരു യഥാര്‍ത്ഥ ഇസ്ളാമിസ്‌റ്റ് പ്രസ്ഥാനമായി കാണാന്‍ കഴിയില്ല. അല്‍-ഖ്വയ്‌ദ ബന്ധം താലിബാനെ ആഗോള ജിഹാദി പ്രസ്ഥാനങ്ങളുമായി കണ്ണിചേര്‍ത്തുവെങ്കിലും വംശീയ സ്വത്വബോധത്തില്‍ നിന്നും പുറത്തുകടക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇസ്ളാമിന്റെ മാനവിക മൂല്യങ്ങളുടെ സ്ഥാനത്ത് പത്താന്‍ ഗോത്ര മൂല്യങ്ങളാണ് താലിബാന്‍ പ്രതിഷ്ഠിച്ചിട്ടുള്ളത്. സ്വാത് താഴ്വരയില്‍ അവര്‍ നടപ്പിലാക്കിയ ഷരിയ നിയമം ഇസ്ളാമില്‍ പൊതിഞ്ഞ ഗോത്രപാരമ്പര്യങ്ങള്‍ മാത്രമാണ്. കടുത്ത വംശീയബോധമാണ് താലിബാനെ സൃഷ്‌ടിക്കുകയും സംരക്ഷിക്കുകയും ചെയ്‌ത ഐ എസ് ഐയ്‌ക്കെതിരെ തിരിയാന്‍ അവരെ പ്രേരിപ്പിച്ച ഘടകം. ലോകവീക്ഷണത്തിന്റെ അഭാവം, ഖുറാന്റെ തീവ്രവാദപരമായ വ്യാഖ്യാനങ്ങള്‍, ആധുനിക വിദ്യാഭ്യാസത്തോടുള്ള എതിര്‍പ്പ്, തീവ്രവംശീയ ബോധം, ഇഹലോകവാസത്തോടുള്ള അലക്ഷ്യഭാവം, രക്തസാക്ഷിത്വം വരിക്കാനുള്ള അത്യാവേശം, തുടര്‍ച്ചയായി യുദ്ധാവസ്ഥയില്‍ തുടരാനുള്ള താത്പര്യം തങ്ങളുടെ ആവാസസ്ഥലത്ത് അതിക്രമിച്ചു കടന്ന 'അന്യനെ' തകര്‍ക്കാനുള്ള പ്രാക്തന ഗോത്ര വീര്യം എന്നിവ ഉള്‍ച്ചേര്‍ന്ന താലിബാന്‍ പോരാളിയുടെ മനസ്സില്‍ വംശീയ ഉന്മൂലനവും 'ഇസ്ളാം അല്ലെങ്കില്‍ വാള്‍' എന്ന ഭീകരവാദ ജിഹാദി ബോധവും മാത്രമേ ബാക്കിയായിട്ടുള്ളൂ. 'ആധുനിക മനുഷ്യന്‍' എന്ന വിശേഷണത്തിന് അര്‍ഹതയില്ലാത്ത താലിബാനികളെ സൃഷ്ടിച്ച സാമ്രാജ്യത്വവും അതിന്റെ വേട്ടപ്പട്ടിയായ പാക്കിസ്ഥാനും ഇപ്പോള്‍ നല്‍കുന്ന കനത്ത വില ചരിത്രത്തിന്റെ മധുരപ്രതികാരമാണ്.

***

ഡോ: പി ജെ വിന്‍സെന്റ്
കടപ്പാട്: യുവധാര

Sunday, September 27, 2009

നികുതിരഹിത കോര്‍പ്പറേറ്റ് ഭരണം

കേന്ദ്രധനകാര്യമന്ത്രിമാര്‍ ബജറ്റവതരിപ്പിക്കുമ്പോള്‍ അനുബന്ധ രേഖയായി 'ഒഴിവാക്കിയ റവന്യൂ വരുമാനം' എന്നൊരു പട്ടിക അവതരിപ്പിക്കാറുണ്ട്.. പുതിയ കോണ്‍ഗ്രസ് ഗവണ്‍മെന്റ് അധികാരമേറ്റതിനുശേഷം പ്രണാബ് കുമാര്‍ മുക്കര്‍ജി കൊണ്ടുവന്ന ബജറ്റിലും അതുണ്ടായി. കസ്റ്റംസ് ഡ്യൂട്ടി മുതല്‍ കയറ്റുമതിക്കുള്ള നികുതി ഇളവുകള്‍വരെ ഏഴോളം ഇനങ്ങളിലായി കോര്‍പ്പറേറ്റ് മേഖലക്ക് ഖജനാവ് അനുവദിച്ച ഇളവ് (2007-08 വര്‍ഷം) 2,85,052 കോടി രൂപയായിരുന്നുവെന്നാണ് പട്ടിക വെളിപ്പെടുത്തുന്നത്. ഇത് തന്നാണ്ടത്തെ നികുതിവരുമാനത്തിന്റെ 69% വരും. 1991 മുതല്‍ 2005 വരെ ഓരോ വര്‍ഷവും ഖജനാവ് കുത്തകകള്‍ക്ക് ചുരത്തിക്കൊടുത്ത പണം ഔദ്യോഗിക രേഖയായി അവതരിപ്പിച്ചിട്ടില്ലാത്തതിനാല്‍, നിശ്ചയിക്കുക പ്രയാസം. ശരാശരി 2 ലക്ഷം കോടിവച്ച് കണക്കാക്കിയാല്‍ തന്നെ (1991 മുതല്‍ 2005) 15 വര്‍ഷംകൊണ്ട് കോര്‍പ്പറേറ്റുകള്‍ 30,00,000 കോടി രൂപാ അടിച്ചെടുത്തിട്ടുണ്ട്.. ഇതൊരു ഊഹകണക്കാവുകവയ്യെന്ന് കഴിഞ്ഞ 5 വര്‍ഷത്തെ ഔദ്യോഗിക രേഖ അസന്നിഗ്ദമായി പ്രഖ്യാപിക്കുന്നുണ്ട്..(പട്ടിക 1 കാണുക)

ആഗോളവല്‍ക്കരണത്തിന്റെ നേട്ടങ്ങള്‍ വിലയിരുത്തുന്നതില്‍ വാചാലമാകുന്ന മാധ്യമങ്ങളോ; രാഷ്ട്രീയ ദല്ലാള്‍മാരോ, എന്തിന്, അതിനെതിരെ വാളോങ്ങുന്നവരില്‍ പലരുമോ കാണാതെ പോകുന്ന ഈ കണക്ക് ഇന്ത്യന്‍ ജനത വസ്തുനിഷ്ഠമായി വിലയിരുത്തുകയും; ചര്‍ച്ചചെയ്യുകയും വേണമെന്ന് ഞങ്ങള്‍ കരുതുന്നു. 1991-ല്‍ കമ്പോള- ഉദാരവല്‍ക്കരണ നയങ്ങള്‍ ഇന്ത്യക്കുമേല്‍ അടിച്ചേല്‍പ്പിച്ചവര്‍ പറഞ്ഞുപരത്തിയ കഥകള്‍ എല്ലാം കെട്ടുകഥകളാണെന്ന് വ്യക്തമാവുന്ന കാലമാണിത്.. തീര്‍ച്ചയായും കൂടുതല്‍ ശക്തമായി ഉദാരവല്‍ക്കരിക്കുമെന്ന വാശിയോടെ ദേശീയ അധികാരം നേടിയിരിക്കുന്ന കോണ്‍ഗ്രസ്സുകാരോട് - അവര്‍ നിരന്തരം ആവര്‍ത്തിച്ച 'പുരോഗതി'യും 'വളര്‍ച്ച' യും ഇന്നെവിടെയെത്തിയെന്ന് ചോദിക്കേണ്ടതുണ്ട്.. രണ്ട് ദശാബ്ദക്കാലത്തോളമായി നമ്മുടെ ഭാഗധേയം നിര്‍ണ്ണയിക്കാന്‍ ഏറ്റവും അനിവാര്യമാണ് ഉദാരവല്‍ക്കരണമെന്ന് വീമ്പുപറഞ്ഞവര്‍ 100 കോടി മനുഷ്യര്‍ക്ക് മൊത്തമായി നല്‍കുന്ന ഭക്ഷ്യസബ്സിഡിയും മണ്ണെണ്ണവിലക്കുറവും ഏറ്റവും വലിയ സൌജന്യമാണെന്ന് - എപ്പോഴും ആവര്‍ത്തിക്കുമ്പോള്‍ വര്‍ഷംതോറും കോര്‍പ്പറേറ്റുകള്‍ക്ക് ഖജനാവ് വിളമ്പിയൂട്ടുന്ന രണ്ട് ട്രില്യന്‍ രൂപയുടെ കഥ പറഞ്ഞുകൊടുക്കാന്‍ നാം ബാധ്യസ്ഥരാവുന്നു.. ഇന്ത്യന്‍ സമ്പദ്ഘടനയില്‍ സമൂലമായ മാറ്റം വരുത്താന്‍ മതിയാവുന്ന വന്‍തുക ഏതാനും വമ്പന്‍ കുത്തകകള്‍ക്ക് വീതിച്ചു കൊടുത്തിട്ടും 1991-ല്‍ ഉണ്ടായിരുന്നതിലും അധികം ദരിദ്രരേയും നിര്‍ദ്ധന തൊഴിലാളികളേയും കൊണ്ടാണ് രാജ്യം 2009ലും സഞ്ചരിക്കുന്നത്.. 12 രൂപ മുതല്‍ 20 രൂപ വരെ മാത്രം ദിവസവരുമാനമുള്ള 77% ഇന്ത്യാക്കാരുണ്ടെന്ന് സര്‍ക്കാര്‍ സ്ഥിതിവിവരകണക്കു തന്നെ വിളിച്ചുപറയുമ്പോഴാണ് ഈ 'ചുരത്തല്‍' അഭംഗുരം തുടരുന്നത്.പൌരന്റെ നികുതിനിരക്ക് 30%.. അവര്‍ക്കോ?

ഈ കഴിഞ്ഞവര്‍ഷം വരെ കോര്‍പ്പറേറ്റ് നികുതിനിരക്ക് 33.99% ആണെന്ന് സര്‍ക്കാര്‍ രേഖകള്‍ പറയും (1991-ല്‍ ഇത് 45% ആയിരുന്നു) അപ്പോള്‍ വ്യവസായികള്‍ അടയ്ക്കുന്ന നികുതിയെത്രയെന്നും, അതിന്റെ നിരക്കെത്രയെന്നും വേറൊരു ചോദ്യം ആവശ്യമില്ലന്ന് തോന്നും. എന്നാല്‍ 2007-08 വര്‍ഷം ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ അടച്ച പണവും നികുതിനിരക്കും (ധനകാര്യമന്ത്രി പാര്‍ലിമെന്റില്‍ സമര്‍പ്പിച്ചത്) ഔദ്യോഗികനിരക്കും തമ്മില്‍ വമ്പിച്ച വ്യത്യാസം വരുന്നതെന്തുകൊണ്ട്? യഥാര്‍ത്ഥ നിരക്ക് 34% ആയിരിക്കുമ്പോള്‍, അതിന്റെ 1/3 മാത്രമാണ്. ഐ.ടി. മേഖല ഖജനാവില്‍ അടച്ചതത്രെ! കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2007-08) ഇന്ത്യയിലെ ഐ.ടി. കമ്പനികള്‍ 23,475 കോടി രൂപ ലാഭമുണ്ടാക്കിയതിന് 2922 കോടി രൂപയാണ് നികുതിയായി അടച്ചത്. അതായത് 12%! ബി.പി.ഒ അടക്കമുള്ള ഐ.ടി. അധിഷ്ഠിത മേഖലയാവട്ടെ 15% നികുതിയാണ് അടച്ചത്. 5 ലക്ഷം രൂപ തൊഴിലെടുത്ത് വാര്‍ഷികവരുമാനമുണ്ടാക്കുന്ന സാധാരണപൌരന്‍ ഖജനാവില്‍ 30% നികുതിയടക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ധനമന്ത്രിയുടെ രേഖയനുസരിച്ചുകൊണ്ട് എണ്ണ പര്യവേഷണമേഖല കയ്യടക്കി വച്ചിട്ടുള്ള റിലയന്‍സ് അടക്കമുള്ളവര്‍ ഇതേകാലത്ത് നല്‍കിയത് 16% നികുതിയാണ് പോലും. റിയല്‍ എസ്റ്റേറ്റ് മാഫിയാ 18%വും ബാങ്കിംഗ് ഇതര ഫിനാന്‍ഷ്യല്‍ കമ്പനികള്‍ 19 ശതമാനവുമാണ് നികുതി അടച്ചത്. പെയിന്റ് കമ്പനികള്‍ 24 ശതമാനവും ഇരുമ്പുരുക്കുകമ്പനികള്‍ 25%വും നികുതി നല്‍കിയത്രെ. ഇന്ത്യന്‍ എഞ്ചിനീയറിംഗ് വ്യവസായികളാണ് 30% നികുതിയടച്ച ഒരേ ഒരു വിഭാഗം. ചുരുക്കത്തില്‍ കോര്‍പ്പറേറ്റുകളുടെ ശരാശരി നികുതി നിരക്ക് 22 ശതമാനമേ വരുകയുള്ളൂവെന്നാണ് ധനമന്ത്രിയുടെ പട്ടിക പറയുന്നത്. അതായത് 2007-08 വര്‍ഷം കോര്‍പ്പറേറ്റ് നികുതി മാത്രം - സര്‍ക്കാര്‍ കൈവിട്ടുകളഞ്ഞത് 62,199 കോടി രൂപാ വരും. ധനമന്ത്രിയുടെ സ്റ്റേറ്റ്മെന്റ് പ്രകാരം സെസിലുള്ള സോഫ്റ്റ് വെയര്‍ പാര്‍ക്കുകള്‍ക്ക് അടക്കം 13,000 കോടിയുടെ ഇളവ് 2008-09-ല്‍ നല്‍കിയിട്ടുണ്ട്. മുന്‍വര്‍ഷം ഇത് 11,700 കോടിയായിരുന്നു. ഐ.ടി. ബി.പി.ഒ വ്യവസായത്തിന് 7274 കോടിയാണ് (2008-09) അനുവദിച്ച ഇളവ്. മൊത്തം 20,274 കോടി രൂപ! ഇവരുടെ, നികുതി അടയ്ക്കും മുമ്പുള്ള മൊത്തംലാഭം കേവലം 40291 കോടി രൂപയായിരുന്നു. ലാഭത്തിന്റെ നേര്‍പകുതിയും ഖജനാവിന്റെ വിഹിതമായിരുന്നു.

സബ്സിഡികള്‍ നികുതിയിളവിന്റെ നാലിലൊന്ന്...!

സര്‍ക്കാര്‍ സബ്സിഡികള്‍ ഭീമമായി വെട്ടിക്കുറക്കുമ്പോള്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി അതിസമ്പന്ന ന്യൂനപക്ഷത്തിന് കൈമാറിക്കൊണ്ടിരിക്കുന്ന ദേശീയ ധനവിഹിതം എത്രയെന്ന് കാണുക. (യു.പി.എ. ഭരണകാലം)
പട്ടിക ഒന്ന്
വ്യവസായികള്‍ക്കുള്ള നികുതിയിളവും സാധാരണക്കാരുടെ സബ്സിഡിയും -ഒരു താരതമ്യം

അതിശയിക്കേണ്ട, 2009-10 ലെ മൊത്തം പദ്ധതി ചെലവിനെക്കാള്‍ ഒരു ലക്ഷം കോടി രൂപാ അധികമാണ് മുന്‍വര്‍ഷം ഖജനാവ് വേണ്ടന്നു വച്ച സമ്പന്നവര്‍ഗ്ഗ നികുതി വിഹിതം എന്നര്‍ത്ഥം. ഇത് ദേശീയ ഉല്‍പ്പാദനത്തിന്റെ 7.9% വരും. ദേശീയവരുമാനത്തില്‍ നിന്നും വിദ്യാഭ്യാസത്തിന് 3% വും ആരോഗ്യത്തിന് 1.2%വും ചിലവഴിക്കുമ്പോഴാണ് കുത്തകകള്‍ക്ക് നികുതിയിളവായി ഇത്രഭീമമായി ധനം ചിലവിടുന്നത്. ബജറ്റ് വകയിരുത്തുന്ന സബ്സിഡി ചെലവിന്റെ 4 മടങ്ങാണ് നികുതി ഇളവ്. എന്നിട്ടും ഈ ഗവണ്‍മെന്റിന്റെ മുന്‍ഗണനയും പരിഗണനയും കോര്‍പ്പറേറ്റ് പക്ഷപാതവും നമ്മുടെ മാധ്യമങ്ങളോ അവരെ ചുറ്റിപ്പറ്റിനില്‍ക്കുന്ന രാഷ്ട്രീയ മേലാളന്‍മാരോ കാണുന്നില്ല!എന്തുകൊണ്ടാണിത്? സംശയമെന്ത് അവരും അതിന്റെ ഗുണഭോക്താക്കളാണ്.

യു.പി.എ. ഭരണം ഏതാനും വ്യവസായികള്‍ക്ക് 5 വര്‍ഷം കൊണ്ട് 13 ലക്ഷം കോടി രൂപ അനുവദിച്ചപ്പോള്‍ ഇതേകാലത്ത് 90% ഇന്ത്യക്കാരുടെ മുഴുവന്‍ സബ്സിഡികളും ചേര്‍ത്താല്‍ മൂന്നുലക്ഷം കോടിയേ ഉള്ളുവെന്നാണ് കണക്കുകള്‍ വിശദീകരിക്കുന്നത്. അഥവാ ദേശീയ വരുമാനത്തിന്റെ 6.3 ശതമാനം (2009-10 ലെ ധനകമ്മിക്കുതുല്യം) വീതം, വ്യവസായ കുത്തകകള്‍ പ്രതിവര്‍ഷം ഖജനാവില്‍ നിന്ന് വരവുവെയ്ക്കുന്നു. ശതകോടീശ്വരന്മാര്‍ പെരുകുന്നത് കച്ചവടം ചെയ്തിട്ടല്ല, ഭരണദല്ലാള്‍മാര്‍വഴി ഖജനാവ് കുത്തിവിഴുങ്ങിയിട്ടാണെന്ന് സാരം.

കഴിഞ്ഞ അഞ്ചുവര്‍ഷം ഖജനാവ് കൊള്ളചെയ്തെടുത്ത ധനം; 2009-10ലെ ഇന്ത്യയുടെ വാര്‍ഷിക ബജറ്റിനെ കവച്ചുവയ്ക്കുന്നതാണ്. കേന്ദ്ര പദ്ധതികള്‍ക്കായി നീക്കിവച്ച തുകയുടെ ഇരട്ടിയാണ് 5 വര്‍ഷത്തെ നികുതി ഇളവുകള്‍. രാജ്യത്തിന്റെ വിദേശകടത്തിന്റെ 10 മടങ്ങുവരും അത്!

വേണ്ടന്നുവയ്ക്കുകയോ വാരിനല്‍കുകയോ ചെയ്യുന്ന നികുതിപ്പണം കോര്‍പ്പറേറ്റുകള്‍ക്ക് ശതകോടീശ്വരന്മാരാവാന്‍ അവസരം ഒരുക്കുമ്പോള്‍ നികുതിപിരിവിലെ അസംബന്ധപൂര്‍ണ്ണമായ അസമത്വങ്ങള്‍കൂടി അറിഞ്ഞുവയ്ക്കേണ്ടതാണ്. വേണ്ടന്നുവയ്ക്കുന്ന (2009-10) നികുതികളില്‍ 40%വും കസ്റംസ് നികുതികളാണ്. 28% എക്സൈസ് വിഹിതവും, 9% വരുമാന നികുതിയും, 15% കോര്‍പ്പറേറ്റ് നികുതികളുമാണന്ന് ബജറ്റ് രേഖകള്‍പറയുന്നുണ്ട്. ഇതില്‍ ഒരു ശതമാനംപോലും 90% വരുന്ന ദരിദ്രരുടെയോ സാധാരണക്കാരുടെയോ ജീവിതത്തിലേക്ക് എത്തിനോക്കുന്ന സൌജന്യങ്ങളല്ല.

നികുതി നല്‍കാത്തതിനാല്‍ ശതകോടീശ്വരന്മാരായി...

200910 വര്‍ഷത്തെ സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിച്ച ശ്രീ. പ്രണാബ് കുമാര്‍ മുക്കര്‍ജി അതിസമ്പന്നര്‍ക്കും വ്യവസായികള്‍ക്കും വേണ്ടി കനിഞ്ഞു നല്‍കിയ നികുതി ഇളവുകള്‍ ഏതാണ്ടിങ്ങനെ ക്രോഡീകരിക്കാം.

* 2008-09 വര്‍ഷത്തില്‍ 7997 കോടിരൂപാ ഖജനാവിലെത്തിച്ച ഫ്രിഞ്ച് ബനിഫിറ്റ് നികുതി ഉപേക്ഷിച്ചു.
* 10 ലക്ഷത്തിനുമുകളില്‍ വരുമാനമുള്ളവരില്‍ നിന്ന് ഈടാക്കിയിരുന്ന 10% സര്‍ചാര്‍ജ്ജ് വേണ്ടെന്നുവച്ചു. 2008-09 ല്‍ ഈ ഇനത്തില്‍ 6440 കോടി രൂപയാണ് ഖജനാവില്‍ എത്തിയിരുന്നത്.
* എണ്ണശുദ്ധീകരണം പ്രകൃതിവാതക ഉല്‍പ്പാദനം എന്നിവ നികുതിരഹിതമാക്കി. പ്രതിവര്‍ഷം 40 മുതല്‍ 50,000 കോടി രൂപ വരെ (ഖജനാവിലെത്താതെ) റിലയന്‍സ് അടക്കമുള്ള കുത്തകകള്‍ക്ക് ചെന്നുചേരും.* കയറ്റുമതിവ്യവസായങ്ങള്‍ക്കുള്ള നികുതി അവധി തുടരുകമാത്രമല്ല, ആഗോളമാന്ദ്യം പ്രമാണിച്ച് നടക്കാനിടയില്ലാത്ത 'കയറ്റുമതി'ക്കായി രണ്ടുവര്‍ഷ നികുതി അവധിപ്രഖ്യാപിച്ചു. കുറഞ്ഞത് 28,000 കോടിയുടെ ഇളവാണ് കോര്‍പ്പറേറ്റുകള്‍ക്ക് ലഭിക്കുന്നത്.
* പുതിയ കയറ്റിറക്കുമതിനയം പ്രഖ്യാപിച്ചു. കയറ്റുമതിക്കുള്ള സബ്സിഡിയായി 2008-09ല്‍ രാജ്യം നല്‍കിയത് 44,417 കോടി രൂപയായിരുന്നു. മുന്‍വര്‍ഷം ഇത് 56,265 കോടി ആയിരുന്നു. (കയറ്റുമതി ഭീമമായി കുറയുന്നതിനാല്‍ - ഈ വര്‍ഷം 2200 കോടി അധികം നല്‍കുന്നതാണെന്ന് നയത്തില്‍ പറയുന്നു.)
* സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച ഇറക്കിയ വിജ്ഞാപനം അനുസരിച്ച്, രാജ്യത്തെ സെസുകളില്‍ ഭൂമികൈമാറ്റ നികുതി പൂര്‍ണ്ണമായി വേണ്ടെന്നു വച്ചിട്ടുണ്ട്. ഉല്‍പ്പാദന ആവശ്യങ്ങള്‍ക്കുള്ള ഭൂമിക്ക് മാത്രമായിരുന്നു നിലവില്‍ ഇളവ്. ഇത്, സെസില്‍ ഉള്ള എല്ലാ ഭൂമി ഇടപാടുകള്‍ക്കും ബാധകമാക്കി. ഹോട്ടല്‍, വീട്, ഷോപ്പിംഗ് മാള്‍, ഗോള്‍ഫ് കോഴ്സ് തുടങ്ങിയുള്ള ആവശ്യങ്ങള്‍ക്കൊന്നും ഇനി ഭൂമി കൈമാറ്റ നികുതി വേണ്ട. (ഇതുവരെ 323 സെസുകള്‍ വിജ്ഞാപനം ചെയ്യപ്പെട്ടവയുണ്ട്. 255 എണ്ണം അംഗീകരിക്കപ്പെട്ടവയായി വേറെയുണ്ട്.) പുതിയ തീരുമാനം വഴി കോര്‍പ്പറേറ്റുകള്‍ക്ക് കൈ മാറുന്ന നികുതി വിഹിതം എത്രയെന്ന് ഊഹിക്കാവുന്നതാണ്.
* ബജറ്റ് പാസാക്കുമ്പോള്‍ മന്ത്രിപ്രഖ്യാപിച്ച ഇളവുകളില്‍ - റിയല്‍ എസ്റ്റേറ്റുകാര്‍ക്ക് രണ്ടുവര്‍ഷക്കാലത്തേക്കുള്ള നികുതി അവധിഉള്‍പ്പെടുന്നു. വ്യവസായപാര്‍ക്കുകള്‍ക്ക് രണ്ടുവര്‍ഷത്തേക്കു കൂടി നികുതിവേണ്ടാ. കാവേരി തടത്തിലെ പ്രകൃതിവാതക ഖനനത്തിന് 7 വര്‍ഷ നികുതിയവധി.. മാംസം, മല്‍സ്യം, ഡയറി വ്യവസായത്തിന് നികുതിയവധി.. ഖജനാവിലെ എത്ര ആയിരം കോടിയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് ഇതുവഴി കൈമാറിയിരിക്കുന്നതെന്ന് കണ്ടുപിടിക്കുക പ്രയാസം!
* 5 വര്‍ഷമായി ഇടതുപക്ഷ പ്രതിരോധത്താല്‍ നടക്കാതെപോയ കാര്യം ഇക്കുറി തീരുമാനമാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 74 മരുന്നുകള്‍ മാത്രം വില നിയന്ത്രണത്തില്‍പെടുത്തിയാല്‍ മതിയെന്നതാണ് പുതിയ പ്രഖ്യാപനം. 354 മരുന്നുകള്‍ക്കുളള വിലനിയന്ത്രണമാണ് അസാധുവാക്കുന്നത്.. കുത്തകമരുന്നുകമ്പനികള്‍ 4 വര്‍ഷമായി നിരന്തരം ആവശ്യപ്പെട്ട കാര്യമാണിത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ കോര്‍പ്പറേറ്റ്കള്‍ക്ക് സമ്പദ്‌വ്യവസ്ഥ തന്നെ കൈമാറുന്ന അതിവേഗ അജണ്ടയാണ് കേന്ദ്രബജറ്റിലും, എക്കണോമിക് സര്‍വ്വെയിലും ഉള്ളത്.

ദേശീയ സ്ഥിതിവിവരകണക്കുകള്‍ പ്രകാരം 90% വരുന്ന ഇന്ത്യന്‍ ഗ്രാമീണര്‍ 38 രൂപയില്‍ താഴെ വരുമാനമുള്ളവരും 12 രൂപയില്‍ താഴെ പ്രതിദിന ഭക്ഷണ ചിലവില്‍ ജീവിക്കുന്നവരുമാണ്. ഇതേ ഇന്ത്യയില്‍, വാര്‍ഷിക ഉല്‍പ്പാദനത്തിന്റെ 12% വരുന്ന ധനം നാല് ശതകോടീശ്വരന്മാര്‍ കൈവശം വച്ചിട്ടുണ്ട് (7.5 ലക്ഷം കോടി രൂപ). ഫോര്‍ബസ് മാഗസീനിന്റെ കണക്കനുസരിച്ച് ഇന്ന് (2007) ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ ശതകോടീശ്വരന്മാര്‍ ഉളളത് ഇന്ത്യയിലാണ്. (20 വര്‍ഷമായി ജപ്പാനായിരുന്നു ഈ സ്ഥാനത്ത്) 36 ഇന്ത്യന്‍ ശതകോടീശ്വരന്മാരുടെ സമ്പത്ത് 9,55,000 കോടിരൂപവരുമെന്നാണ് ഈ മാഗസിന്‍ പറഞ്ഞത്. കച്ചവടം നടത്തിയാണോ അതോ ചൂതാടിയാണോ ഇവര്‍ ആഗോള മുതലാളിമാരാവുന്നത്? കച്ചവടം ചൂതാട്ടമാവുമ്പോള്‍ സംഭവിക്കുന്ന ധന ഒഴുക്കാണ് ഒരു പ്രധാനകാരണമെന്ന് നാം ആശ്വസിക്കുന്നുണ്ട്. എന്നാല്‍ ഉദാരവല്‍ക്കരണവും, ആഗോളവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും സമജ്ഞസമായി സമ്മേളിച്ചതാണ്, ഇന്ത്യന്‍ അതിസമ്പന്നരുടെ ധനശേഷിയുടെ കുതിപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം. ദേശീയ സമ്പത്തും ദേശീയ ഖജനാവും ദേശീയ വിഭവങ്ങളും കുത്തകകള്‍ക്ക് നിരന്തരം കൈമാറിക്കൊണ്ടിരിക്കുന്നതിന്റെ പരിണിതഫലമാണ് രാജ്യം നേരിടുന്ന കടുത്ത സാമൂഹിക അസമത്വം.

ഓഹരിക്കമ്പോളം ചോര്‍ത്തുന്നത്

കടംവാങ്ങിയ ധനം കോര്‍പ്പറേറ്റുകളുടെ ക്ഷേമ ഐശ്വര്യങ്ങള്‍ക്കായി വിനിയോഗിക്കുന്ന ഭരണരാഷ്ട്രീയക്കാര്‍- ഒരു ലിറ്റര്‍ പെട്രോളിന്റെ വിലയുടെ നേര്‍പകുതിയും നികുതിയായി വരവുവക്കുകയാണെന്ന് നമുക്കറിയാം. സേവനനികുതിയെന്ന പേരില്‍ ടെപ്പ്റൈറ്റിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിനും കല്ല്യാണപന്തലിനും നികുതിപിരിക്കുന്നവര്‍ പക്ഷേ ഇന്ത്യയിലെ അതിസമ്പന്നരെയെല്ലാം നികുതി രഹിതരായി വാഴിക്കുന്നതില്‍ നിര്‍ബന്ധബുദ്ധിയുളളവരാണ്. ഇന്ത്യയില്‍ 10% വരുന്ന അതിസമ്പന്നരെ നികുതിരഹിതരാക്കി നിലനിര്‍ത്തുന്നതില്‍ ഇക്കുറിയും സര്‍ക്കാര്‍ വാശി കാണിക്കുന്നു. അതിസമ്പന്നരുടെ കൂടാരത്തില്‍ നിന്ന് ഈ വര്‍ഷം പരിച്ചെടുക്കുന്ന വെല്‍ത്ത് ടാക്സ് വെറും 325 കോടിരൂപയാണ് പോലും. മൂന്ന് ട്രില്യന്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയുടെ 'സ്വത്ത്നികുതി' വിഹിതമാണ് ഈ തുക! ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്റെ സ്വത്ത് 2,50,000 കോടിയാണ്. ഇതിന്റെ ഒരു ശതമാനം നികുതി പിരിച്ചാല്‍ 2500 കോടി രൂപാവരും!! (എന്തുകൊണ്ടാണിതെന്ന് സംശയംവരാം. സ്വത്തുനികുതിയുടെ പരിധിയില്‍ ഉല്‍പ്പാദനപരമല്ലാത്ത സ്വത്തുക്കളേവരുകയുളളുവത്രേ! വ്യവസായ ഉടമയോ ഓഹരി ഉടമയോ ബാങ്ക്നിക്ഷേപകനോ കച്ചവട കേന്ദ്രങ്ങളുടെ ഉടമകളോ ഒന്നും സ്വത്ത് നികുതി അടക്കേണ്ടതില്ല)

കോര്‍പ്പറേറ്റുകള്‍ക്കും ധനനിക്ഷേപത്തിനായിവരുന്ന മൂലധന നിക്ഷേപകര്‍ക്കും ഇന്ത്യ നികുതിരഹിത സ്വര്‍ഗ്ഗമാണെന്ന് പറയാം. മൌറീഷ്യസ് വഴി വരുന്ന യാതൊരു വിദേശനിക്ഷേപത്തിന്റെയും മേല്‍ നികുതിചുമത്താന്‍ ഇന്ത്യക്ക് അവകാശമില്ലാത്ത ഒരു ദീര്‍ഘകാല കരാര്‍ ആ രാജ്യവുമായി നാം ഒപ്പിട്ടിട്ടുണ്ട്. ഫലത്തില്‍ മൌറീഷ്യസ് വഴിയുളള വിദേശനിക്ഷേപം മുഴുവന്‍ നികുതിരഹിതമാണ്... ദേശീയ ഖജനാവ് നിറയ്ക്കാന്‍ പാകത്തിലുളള ഒരു സ്രോതസ്സാണ് നാം ഇങ്ങനെ കൊട്ടിയടച്ചിരിക്കുന്നത്.

പ്രതിദിനം 20,000 കോടി രൂപയുടെ ഓഹരി കൈമാറ്റം നടക്കുന്ന ഓഹരികമ്പോളമാണ് മുംബൈ എക്സ്ചേഞ്ച്. ഇപ്പോഴത്തെ ഓഹരി കൈമാറ്റനികുതി നിരക്ക് വെറും 0.125% ആണ്! അത് ഒരു ശതമാനമാക്കിയാല്‍ തന്നെ 80,000 കോടി രൂപയുടെ വാര്‍ഷികവരുമാനമാണ് ഖജനാവിനുണ്ടാവുക. (ഈ ഇനത്തില്‍-0.125% നിരക്കില്‍-10,000 കോടിയാണ് കഴിഞ്ഞവര്‍ഷം പിരിഞ്ഞത്) അതുപക്ഷേ കടംവാങ്ങാന്‍ ധൃതികാണിക്കുന്ന കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ അജണ്ടയല്ലെന്ന് ബജറ്റ് പ്രഖ്യാപിക്കുന്നു.

എണ്ണത്തില്‍ ഇന്ത്യയിലെ ഓഹരികമ്പോളത്തിലെ ഇടപാടുകാര്‍, (ചെറുനിക്ഷേപകര്‍ അടക്കം,) വെറും രണ്ട് കോടിയേ വരുകയുളളു. അവരില്‍ വന്‍കിടക്കാരായ കുറച്ച്പേരാണ് ചൂതാട്ടം നടത്തി മുഴുവന്‍ ലാഭവും കൊയ്യുന്നത്. കമ്പോളത്തിലെ ഊഹവ്യാപാരത്തിന്റെ ഏറ്റവും സുപ്രധാന കണ്ണികളിലൊന്നാണ് പാര്‍ട്ടിസിപ്പേറ്ററി നോട്ടുകള്‍.. പ്രതിവര്‍ഷം ശരാശരി 60,000 കോടി രൂപയുടെ ഇടപാടാണ് ഇതുവഴി നടക്കുന്നത്. ഉറവിടം വെളിപ്പെടുത്താത്ത ഈ ഫണ്ടിന്മേല്‍ യാതൊരു നികുതിയും സര്‍ക്കാര്‍ പിരിക്കുന്നില്ലെന്നതാണ് തമാശ! അതായത് അതിസമ്പന്നരും കുത്തകകളും നികുതിയില്ലാതെ വാഴുമ്പോള്‍ അവശ്യസാധനങ്ങള്‍ക്കെല്ലാം വന്‍നികുതിപിരിച്ച് ഖജനാവ് കുത്തിനിറയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്!

നികുതി വരുമാനം കുറയുന്നു, കമ്മി ഉയരുന്നു, കടം വാങ്ങി മുടിയുന്നു...
2009-10ലെ നികുതി വരുമാനം
ബജറ്റ് കണക്കുകള്‍ പറയുന്നത് (രൂപ കോടിയില്‍)

പട്ടിക രണ്ട്

നികുതി വരുമാനത്തില്‍ (ജി.ഡി.പി.യുടെ അനുപാതത്തില്‍) ഒരു ശതമാനത്തിന്റെ കുറവാണ് ഈ വര്‍ഷം വരുന്നത്. വരുമാനനികുതിയില്‍ 10,000 കോടിയുടെ കുറവ് വരുമ്പോള്‍ എക്സൈസ് കസ്റ്റംസ് നികുതികളില്‍ 12,000 കോടിയോളം ചോരുമത്രെ!

2010 മാര്‍ച്ചില്‍ ധനകമ്മി 6.8% ആയിരിക്കുമെന്ന്, ഇതില്‍ സംസ്ഥാനങ്ങളുടെ വിഹിതം കൂടിചേരുമ്പോള്‍ 12% വരെ ഉയരാമെന്നും ബജറ്റിലുണ്ട്. രാജ്യത്തിന്റെ ദേശീയ ഉല്‍പ്പാദനത്തിന്റെ 43% വരുന്നവിധം കടം വാങ്ങുമെന്നാണ് ബജറ്റ് പറയുന്നത്. ഇപ്പോള്‍ തന്നെ 1.69 ലക്ഷം കോടി രൂപ കടം വാങ്ങിക്കഴിഞ്ഞു. (ആകെ കടം വാങ്ങുന്നത് 4.51 ലക്ഷം കോടി രൂപ) പക്ഷെ പ്രതിരോധ ചിലവ് 34% കണ്ട് വര്‍ദ്ധിച്ചു. 1,05,000 കോടിയില്‍ നിന്ന് 1,41,703 കോടിയിലേക്കാണ് വര്‍ദ്ധനവ്! ആഗോളമാന്ദ്യത്തെ തുടര്‍ന്നു കയറ്റുമതിക്കാര്‍ക്കും വ്യവസായികള്‍ക്കുമായി 1,86,000 കോടി രൂപയുടെ സൌജന്യങ്ങള്‍ അനുവദിച്ചു. കയറ്റുമതികാര്‍ക്കും, ഓഹരികമ്പോളത്തിനും, വന്‍കിട മുതലാളിമാര്‍ക്കും ധനമെത്തിക്കുകയായിരുന്നു ഈ പാക്കേജിന്റെ ഒരേയൊരു ലക്ഷ്യം. ഇന്ത്യന്‍ വ്യവസായ മേഖലയില്‍ രണ്ടു ദശാബ്ദമായി സര്‍ക്കാര്‍ കൈമാറിക്കൊണ്ടിരിക്കുന്ന 'ഭീമന്‍ പാക്കേജി' ന്റെ തുടര്‍ച്ചയായിരുന്നു ഇത്. 2.7 ശതമാനം ധനകമ്മി 6.2% കണ്ട് ഉയര്‍ന്നതും ദേശീയ കടബാധ്യത 4,51,000 കോടി ആയി (2010-ല്‍) ഉയരുന്നതും കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കുന്ന വമ്പന്‍ ഇളവുകളുടെ ഫലമാണ്. രാജ്യം കടുത്ത സാമ്പത്തിക തകര്‍ച്ചയിലേക്കാണ് അതിവേഗം നടന്നു കയറുന്നതെന്ന്, ജിഡിപിയുടെ 43% ആയി കടബാധ്യത ഉയരുമ്പോള്‍ തന്നെ വ്യക്തമാണ്. (സംസ്ഥാനങ്ങളുടെ കണക്കുകൂടി ചേര്‍ത്താല്‍ കടം 60% ആവും) 2008-09 വര്‍ഷം ജി.ഡി.പി.യുടെ 11.6% ആയിരുന്ന നികുതി വരുമാനം ഈ സാമ്പത്തിക വര്‍ഷം 10.9% മാത്രമായിരിക്കുമത്രെ. ഇതെല്ലാം കുത്തകവ്യവസായികള്‍ക്ക് കേന്ദ്രഖജനാവ് അനുവദിച്ചുനല്‍കുന്ന സൌജന്യങ്ങളാണ്.

ധനക്കമ്മിയും സര്‍ക്കാര്‍ ജീവനക്കാരും പൊതുമേഖലയും....

ധനകാര്യമാധ്യമങ്ങളിലെ കോളം എഴുത്തുകാരും കോര്‍പ്പറേറ്റ്പണ്ഡിതന്മാരും വിലപിക്കുന്നത് സബ്സിഡികളും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവുമാണ് ധനകമ്മിയുടെ കാരണമെന്നാണ്. അതുപക്ഷേ അര്‍ത്ഥശൂന്യമായ കെട്ടുകഥയാണെന്ന് കോര്‍പ്പറേറ്റുകള്‍ വാങ്ങിവയ്ക്കുന്ന സൌജന്യങ്ങളുടെ ഭീകരചിത്രം വെളിവാക്കുന്നുണ്ട്. ധനമന്ത്രിയുടെ കണക്കനുസരിച്ച് 33,63,754 കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുണ്ട്. അവരുടെ 2009 -10 വര്‍ഷത്തിലെ ശമ്പളചിലവ് വെറും 85,078 കോടിരൂപയാണ്. 1,38,370 ജീവനക്കാരടങ്ങിയ റവന്യൂവകുപ്പിലെ കൂലിചിലവ് 18,000 കോടിയാണ്. 6,41029 കോടിയുടെ നികുതിപ്പണം ഖജനാവിലെത്തിക്കുന്ന ഇവരുടെ ഉല്‍പ്പാദന ക്ഷമതയും കൂലിചെലവും തമ്മില്‍ താരതമ്യം ചെയ്താല്‍ എത്രയോ, ചിലവുകുറഞ്ഞസംവിധാനമാണ് ഇതെന്നുവ്യക്തമാവും. 13,98,139 ജീവനക്കാരുളള റയില്‍വേയുടെ വാര്‍ഷിക ശമ്പളചിലവ് 35,890 കോടിയേവരുന്നുളളൂ. ഗംഭീരമായ കാര്യക്ഷമതയും ഉല്‍പ്പാദനക്ഷമതയുമാണ് റയില്‍വേയുടേത്. 20,000 കോടി രൂപാ വാര്‍ഷികഅറ്റാദായമുണ്ടാക്കുന്ന ഇന്ത്യന്‍ റയില്‍വേയോ, മെച്ചപ്പെട്ടസേവനം നടത്തുന്ന പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റോ ഒന്നും ഖജനാവിന്റെ ചിലവിലല്ല സ്വന്തം വരുമാനത്തില്‍ നിന്നാണ് ശമ്പളം നല്‍കുന്നത്. (ഉടമസ്ഥത സര്‍ക്കാരിനാണെന്നുമാത്രം)

ഉറഞ്ഞുതുളളുന്ന കമ്പോള ഗുരുക്കന്മാരുടെ ഒരാക്ഷേപഹാസ്യകഥാപാത്രം പൊതുമേഖലയാണ്. യഥാര്‍ത്ഥത്തില്‍ ഇതില്‍ ദേശീയ ഖജനാവിന്റെ വിഹിതം തുച്ഛമാണ്. പൊതുമേഖലാബാങ്കുകളും ഇന്‍ഷൂറന്‍സ് കമ്പനികളും അവരുടെ സ്വന്തം വിഭവങ്ങള്‍കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത് വര്‍ഷാവര്‍ഷം ദേശീയ ഖജനാവിലേക്ക് വന്‍തുക ഡിവിഡന്റായി അടക്കുന്ന 'കുറ്റം' മാത്രമേ അവ ചെയ്യുന്നുളളു.

ബജറ്റിന്റെ അനുബന്ധം 14 അനുസരിച്ച് പൊതുമേഖലക്കായുളള പദ്ധതിചെലവില്‍ 98,526 കോടി രൂപാ വരുന്നത് പൊതുമേഖലയില്‍ നിന്നുതന്നെയാണന്ന് രേഖപ്പെടുത്തിയിരിക്കുന്നു. അതായത് വാര്‍ഷിക പദ്ധതി ചെലവിന്റെ നേര്‍പകുതി സംഭാവന ചെയ്യുന്നത് പൊതുമേഖലയാണെന്ന് സര്‍ക്കാര്‍തന്നെ സമ്മതിക്കുകയാണ്. 2008-09 ല്‍ മാത്രം താഴെപ്പറയുന്ന പൊതുമേഖലാസ്ഥാപനങ്ങള്‍ ആഭ്യന്തരമായി സമാഹരിച്ച ധനവിഭവം 45,129 കോടി രൂപയാണെന്നും ബജറ്റിലുണ്ട്.

പൊതുമേഖലയുടെ വിഭവസമാഹരണം 2008-09
പട്ടിക മൂന്ന്
ഈ ധനസ്രോതസ്സ് നിലനിര്‍ത്തുകയും വളര്‍ത്തുകയും ചെയ്യുന്നതിന് പകരം അത്ഭുതകരമായ ആഭ്യന്തര ധനവിഭവസമാഹരണശേഷിയുളള (ദേശീയ സമ്പദ്ഘടനയുടെ വളര്‍ച്ചാനിരക്കിന്റെ ഇരട്ടി നിരക്കില്‍ വളരുന്ന 13.6%) പൊതുമേഖല സ്വകാര്യവല്‍ക്കരിക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണ് സര്‍ക്കാര്‍.

കമ്മി കുറയ്ക്കാന്‍ വേണ്ടി പ്രതിവര്‍ഷം 25,000 കോടി രൂപ വീതം ഖജനാവില്‍ വരവുവയ്ക്കാന്‍ 49% പൊതുമേഖലാ ഓഹരി വില്‍ക്കുമെന്ന് കോണ്‍ഗ്രസ്സ് ഭരണം പ്രഖ്യാപിച്ചിരിക്കെ 2006-07ല്‍ മാത്രം 247 പൊതുമേഖല സ്ഥാപനങ്ങള്‍ ഖജനാവിലടച്ചതുക എത്രയാണ് എന്നുകൂടി നോക്കുക.

പട്ടിക നാല്
തൊട്ടടുത്ത വര്‍ഷങ്ങളില്‍, 2007-08ല്‍, ഏകദേശം 1,90,000 കോടിയും കഴിഞ്ഞവര്‍ഷം 2,20,000 കോടി രൂപയും രാജ്യത്തിന്റെ പൊതുഖജനാവിന് പൊതുമേഖല സംഭാവന ചെയ്തതായി അനൌദ്യോഗിക കണക്കുകള്‍ പറയുന്നു. വിറ്റഴിക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ട ബാങ്ക് ഇന്‍ഷൂറന്‍സ് കമ്പനിതുടങ്ങിയ പൊതുമേഖലയുടെ ഖജനാവിലേക്കുളള വിഹിതം ഇതിന്റെ മൂന്നിലൊന്ന് വരുമെന്ന് കണക്കാക്കിയാല്‍ പോലും പ്രതിവര്‍ഷം ദേശീയ ഖജനാവിന്റെ നേര്‍പകുതിവിഹിതം ഇന്ത്യന്‍പൊതുമേഖലയുടെതാണെന്ന് കാണാം, അതാണ് ഇപ്പോള്‍ കൈമാറുന്നത്.

പൊതുമേഖലയിലെ തൊഴില്‍വിഹിതം

2006-07 അവസാനം ഇന്ത്യന്‍ പൊതുമേഖലയില്‍ 16.14 ലക്ഷം പേര്‍ ജോലിയെടുക്കുന്നുണ്ടായിരുന്നുവെന്നാണ് കണക്ക്. പത്തുവര്‍ഷം മുമ്പിത് 19.59 ലക്ഷമായിരുന്നു(1997-98) പത്തുവര്‍ഷം കൊണ്ട് ജീവനക്കാരുടെ എണ്ണത്തില്‍ 17.61% കുറവാണുണ്ടായത്. അന്ന് (1997-98) പൊതുമേഖലയുടെ വിറ്റുവരവിന്റെ 9.19% ശമ്പള ചിലവുണ്ടായിരുന്നുവെങ്കില്‍ പത്തുവര്‍ഷം കഴിയുമ്പോഴുളള കൂലിചെലവ് 5.54% മാത്രമാണ്! 2008 -09 ആയപ്പോഴേക്കും കൂലി ശമ്പളചിലവ് വിറ്റുവരവിന്റെ 4% ആയി താണുവെന്നാണ് ധനകാര്യഏജന്‍സികളുടെ കണക്ക്.. (പകുതിയിലും താഴെ) അതായത്. പൊതുമേഖലയില്‍ നിന്ന് രാജ്യത്തിന് ലഭിക്കുന്നത് ധനകമ്മിയാണോ, ധനവിഭവസമാഹരണമാണോ എന്ന് ഈ ലളിതമായ സ്ഥിതിവിവര കണക്കില്‍നിന്നു തന്നെ നമുക്ക് തീരുമാനിക്കാവുന്നതാണ്!

പുതിയ ടാക്സ് കോഡ് വരുന്നു

കോര്‍പ്പറേറ്റ് നികുതി 25% ആയി കുറച്ചുകൊണ്ടുള്ള പുതിയ നികുതി നിര്‍ദ്ദേശങ്ങളടങ്ങിയ ലളിതവല്‍ക്കരിച്ച ടാക്സ്കോഡ് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശമ്പളക്കാരും തൊഴിലാളികളും അടങ്ങുന്നവരെ പരമാവധി പിഴിഞ്ഞെടുക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയതാണ് പുതിയ നിയമം. 1.6 ലക്ഷം വരെ വരുമാന നികുതികൊടുക്കേണ്ടതില്ലെന്ന്, നിലവിലെ നിര്‍ദ്ദേശം അതുപോലെ തുടരുമെന്നാണ് പുതിയ രേഖയില്‍ പറയുന്നത്. 10% നികുതി നല്‍കേണ്ടവരുടെ വരുമാന പരിധി 10 ലക്ഷമാക്കിയിട്ടുണ്ട്. എന്നാല്‍, വീട്ടുവാടക അലവന്‍സ്, ലീവ്ട്രാവല്‍ അലവന്‍സ്, മെഡിക്കല്‍ റീഇംബേഴ്സ്മെന്റ്, തുടങ്ങിയവക്കെല്ലാം നികുതി നല്‍കണമെന്ന് 'കോഡില്‍' പറയുന്നു. ഗ്രാറ്റിവിറ്റി, പെന്‍ഷന്‍ കമ്മ്യൂട്ടേഷന്‍ തുക. വി.ആര്‍.എസ്. എടുത്താല്‍ കിട്ടുന്നപണം, പ്രോവിഡന്റ് ഫണ്ട് തുടങ്ങിയവയൊക്കെ പുനഃര്‍നിക്ഷേപിക്കണമെന്ന് നിയമം പറയുന്നു. അങ്ങനെ ചെയ്താലും പിന്‍വലിക്കുമ്പോള്‍ നികുതിയടക്കേണ്ട വരുമാനമായി അവ മാറുമത്രെ! 2011-ല്‍ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുള്ള പുതിയ നിര്‍ദ്ദേശങ്ങള്‍ തൊഴിലെടുക്കുന്നവരെ മുഴുവന്‍ ഇരട്ട നികുതിക്ക് വിധേയമാക്കുന്നതാണ്.

കൊള്ളമുതല്‍ അവര്‍ എവിടെ കൊണ്ടുപോകുന്നു?

ഇന്ത്യന്‍ ഖജനാവും, കമ്പോളവും കൊള്ളയടിച്ച് കൊയ്തു കൂട്ടുന്ന ധനം ലോകത്തിലെ 'നികുതി സ്വര്‍ഗ്ഗ'ങ്ങളില്‍ നിക്ഷേപിച്ച് സുരക്ഷിതരാവുകയാണ് കോര്‍പ്പറേറ്റ് ഇന്ത്യ. ധനമന്ത്രിപ്രണാബ് കുമാര്‍ മുഖര്‍ജി ലോക്സഭയില്‍ വച്ച വിവരങ്ങള്‍ അനുസരിച്ച് 2008-09ല്‍ ഇന്ത്യയില്‍ നിന്ന് വിദേശ നികുതിരഹിത മേഖലകളിലേക്ക് ഒഴുകിയ (സ്വിസ് ബാങ്കിലേക്ക് എന്നല്ല ഉദ്ദേശിച്ചത് അതിന് കണക്കില്ല, വിശദാംശങ്ങള്‍ ഇവിടെ) നിക്ഷേപം 1607 കോടി ഡോളര്‍ വരുമത്രെ! (80,350 കോടി രൂപാ) തൊട്ടുമുന്‍വര്‍ഷം ഇത് 1810 കോടി ഡോളറിന്റേതായിരുന്നു. (90,500 കോടിരൂപ) രാജ്യത്തിന് പുറത്തേക്കൊഴുകുന്ന ഈ ആഭ്യന്തരസമ്പാദ്യം പ്രത്യക്ഷനിക്ഷേപമായും വായ്പയായും ആണ് നിക്ഷേപിക്കപ്പെടുന്നത്. സിംഗപ്പൂരാണ് ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ സ്വകാര്യനിക്ഷേപം എത്തിയ രാജ്യം. 2008-09ല്‍ ഇവിടെ മാത്രമായി ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ 360 കോടി ഡോളര്‍ നിക്ഷേപിച്ചു. (18,000 കോടി ഡോളര്‍). 2007-08-ല്‍ ഇത് 41,500 കോടി രൂപയുടേതായിരുന്നുവത്രെ! സിംഗപ്പൂര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ നിക്ഷേപം എത്തിയ രാജ്യം. നെതര്‍ലാന്റാണ്. 277 കോടി ഡോളര്‍. (2008-09) നികുതി രഹിത സ്വര്‍ഗ്ഗങ്ങളായ സൈപ്രസിലും മൌറീഷ്യസിലും യഥാക്രമം 225 ഉം 180 ഉം കോടി ഡോളര്‍ വീതം നിക്ഷേപമെത്തിയെന്നാണ് 2008-09 ലെ കണക്കുകള്‍ പറഞ്ഞുതരുന്നത്.

കോര്‍പ്പറേറ്റ് ഇന്ത്യയുടെ പേരില്‍ വരവ് വെയ്ക്കപ്പെടുന്ന സൌജന്യങ്ങള്‍ ഇന്ത്യയില്‍ പുനര്‍നിക്ഷേപിക്കുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍

പൊളിയുന്നത് വികസന നയം

കയറ്റുമതി ചെയ്തു വളരാമെന്ന കേന്ദ്രമുദ്രാവാക്യമാണ് ആഗോളവല്‍ക്കരണത്തിന്റേത്. 1991-ല്‍ ആരംഭിച്ച കയറ്റുമതി വികസന തന്ത്രം 2009-ല്‍ എവിടെയെത്തിനില്‍ക്കുന്നുവെന്ന് ഔദ്യോഗികരേഖകള്‍ തന്നെ പറഞ്ഞുതരുന്നുണ്ട്. ആഗോള കയറ്റുമതി വിഹിതത്തിന്റെ 0.7% ആയിരുന്നു 1991-ല്‍ ഇന്ത്യയുടെ വിഹിതം. കമ്പോളവല്‍ക്കരണവും, ഉദാരവല്‍ക്കരണവും, വിദേശ കമ്പോളത്തെ ലക്ഷ്യംവച്ചുള്ള ഉല്‍പ്പാദനവും ഒക്കെ 18 വര്‍ഷമായി പൊടിപൊടിച്ചിട്ടും നമ്മള്‍ എത്തിയത് എവിടെയെന്ന് താഴെ കൊടുത്തിരിക്കുന്ന പട്ടിക വ്യക്തമാക്കും.

പട്ടിക അഞ്ച്
ആഭ്യന്തരകമ്പോളം വിദേശ ഉല്‍പ്പന്നങ്ങള്‍ കൊണ്ട് നിറച്ച് വന്‍ കാര്‍ഷിക വ്യവസായിക കെടുതി ഉണ്ടാക്കിക്കൊണ്ടാണ് നാമമാത്രമായ കയറ്റുമതി 'നേട്ടം' ഇന്ത്യ കൈവരിച്ചിരിക്കുന്നത്. പുരോഗതിക്കുപകരം ഈ പ്രക്രിയയില്‍ ദേശീയ ഖജനാവ് വ്യവസായ പ്രഭുക്കള്‍ കൊള്ളയടിക്കുകയും ആഭ്യന്തര കമ്പോളം വിദേശകുത്തകകള്‍ കയ്യടക്കുകയും ചെയ്തുവെന്നതാണ് നഗ്നമായ യാഥാര്‍ത്ഥ്യം. (168 ബില്യന്‍ ഡോളര്‍ വരുന്ന ഇന്ത്യന്‍ കയറ്റുമതിയുടെ 36% യൂറോപ്പിലേക്കും, 18% അമേരിക്കയിലേക്കും 16% ജപ്പാനിലേക്കുമുള്ളതാണ്.. ഈ മൂന്നു കമ്പോളവും ആഗോളസാമ്പത്തിക തകര്‍ച്ചയില്‍ വെന്തുരുകുകയാണ്.. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ അവര്‍ക്ക് നിര്‍വ്വാഹമില്ലന്നതാണ് ഇപ്പോള്‍ നാം അനുഭവിക്കുന്ന കയറ്റുമതി തകര്‍ച്ചയുടെ പൊരുള്‍) ഇത്രയും വലിയ തകര്‍ച്ചയില്‍ എത്തിനില്‍ക്കുമ്പോഴും, കയറ്റുമതിയെന്ന ഒറ്റമന്ത്രവും അതിനുവേണ്ടിയുള്ള ഖജനാവ് കൊള്ളയും, ഇറക്കുമതി ഉദാരവല്‍ക്കരണവും, സ്വതന്ത്രവ്യാപാര കരാറുകളും കോര്‍പ്പറേറ്റ് നികുതി ഇളവുകളുമായി നമ്മുടെ ഭരണകൂടം ചുറ്റിത്തിരിയുകയാണ്.. അരിച്ചിറങ്ങുന്ന പുരോഗതിയില്‍ അഭിരമിക്കുന്ന ഇന്ത്യന്‍ ഭരണവര്‍ഗ്ഗത്തെ ഓര്‍ത്ത് നമുക്ക് ലജ്ജിക്കാം.

*
അനന്തകൃഷ്ണന്‍ അടൂര്‍
കടപ്പാട്: പി.എ.ജി ബുള്ളറ്റിന്‍ ലക്കം 74

ശ്രീ അനന്തകൃഷ്ണന്റെ ഇമെയില്‍ വിലാസം :ananthakrishnanadoor അറ്റ് gmailഡോട്ട് com

അഭിനേതാവിന്റെ കാഴ്ചയും കാഴ്ചപ്പാടും

യശ:ശരീരനായ നടന്‍ ഭരത് മുരളിയുമായി ശ്യാംകൃഷ്ണന്‍ പി കെ മുന്‍പ് നടത്തിയ അഭിമുഖം.

"അഭിനയത്തിന്റെ രസതന്ത്രം എന്ന് പറയുന്നത് അഭിനയിക്കുമ്പോള്‍ നടനില്‍ സംഭവിക്കുന്ന രാസപ്രക്രിയയാണ്. അതെന്താണ്? എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നു? സ്റ്റേജില്‍ നില്‍ക്കുന്ന ഒന്നരമണിക്കൂറും മുരളി മുരളിയായിട്ടുതന്നെയാണോ? അതോ അവനെന്തെങ്കിലും മാറ്റം ഉണ്ടോ. മാറ്റം എന്ന് പറയുന്നത് കഥാപാത്രത്തിന്റെ മജ്ജയും മാംസവും പ്രത്യേകതകളും ഇയാളിലേക്ക് കയറുന്നതാണോ. ഇയാളുടെ ശരീരം ചൂടാകുന്നുണ്ട്. വിയര്‍ക്കുന്നുണ്ട്. അപ്പോള്‍ പൂര്‍ണ്ണമായ ഒരു യാഥാര്‍ത്ഥ്യബോധമില്ലാതെ അവിടെ ഒരു Subconcious പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ട് അഭിനയമില്ലാതെ മറ്റൊരു വീക്ഷണമില്ല. ഒരു പക്ഷെ മലയാളത്തില്‍ ഞാന്‍ കൂടുതല്‍ സമയം ചെലവഴിച്ചത് ആശാനെ വായിക്കാനാകും, അദ്ദേഹത്തിന്റെ വ്യക്തിജീവിതം എന്നില്‍ വളരെ വിഷമമുണ്ടാക്കിയിട്ടുണ്ട്. മിക്ക കവിതകളിലെയും കുറെ വരികളെങ്കിലും എനിക്കു മന:പാഠമാണ്. അവയിലെ അഭിനയാംശങ്ങളും നാടകമുഹൂര്‍ത്തങ്ങളുമായിരുന്നു എന്റെ മനസ്സില്‍ തറഞ്ഞത്. 'വാസവദത്തയുടെ' ചലനം പോലെയല്ല 'നളിനിയുടെ' ചലനം. ഇതൊന്നുമല്ല ലീല; വീണപൂവില്‍ വീഴുന്നത് പൂവാണെങ്കിലും അതില്‍ വലിയൊരു ജീവിതമുണ്ട്. ചിന്താവിഷ്ടയായ സീത തികച്ചും വ്യത്യസ്തമായ സൃഷ്ടിയാണ്. ഇങ്ങനെ വരുമ്പോഴാണ് ആശാന്‍ കവിതകള്‍ മനുഷ്യകഥാനുഗായികളാകുന്നത്, ആദ്യമൊക്കെ പേടിയുണ്ടായിരുന്നു, ഏറെ പഠനങ്ങള്‍ നടന്ന ആശാന്‍ കവിതകളെക്കുറിച്ച് എന്നെപ്പോലെ ഒരാള്‍ എഴുതുക. പിന്നീട് ഒരു വെളിപാടുപോലെ അതിനൊരു തുടക്കം കിട്ടി...''

മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ മുരളിയുടെ അഭിനേതാവും ആശാന്‍ കവിതയും' എന്ന കൃതിക്ക് സംഗീതനാടകഅക്കാദമിയുടെ ഈ വര്‍ഷത്തെ പുരസ്കാരം ലഭിക്കുമ്പോള്‍ മലയാളി തിരിച്ചറിയുന്നത് ഒരു നടന്റെ വായനാനുഭവമാണ്. അരങ്ങിലെ അനുഭവങ്ങളില്‍ നിന്ന് വെള്ളിത്തിരയിലൂടെയുള്ള മുരളിയുടെ അഭിനയയാത്ര 26 വര്‍ഷം പിന്നിടുമ്പോള്‍ താരപ്പൊലിമയില്‍ സ്വയം അവസാനിക്കുവാന്‍ ഈ നടന്‍ മിനക്കെടുന്നില്ല. പകരം വായനയിലൂടെ, യാത്രകളിലൂടെ, അടിയുറച്ച രാഷ്ട്രീയ വിശ്വാസത്തിലൂടെ തന്നിലെ അഭിനേതാവിനെ സ്ഫുടം ചെയ്തെടുക്കുകയാണ്. അഭിനേതാവും ആശാന്‍ കവിതയും എന്ന പുസ്തകത്തിന്റെ അവതാരികയില്‍ അയ്യപ്പപ്പണിക്കര്‍ ഇങ്ങനെ എഴുതി: 'നാടകാന്തം കവിത്വം' എന്ന് വെറുതെ ഉരുവിട്ടവരൊക്കെ പറഞ്ഞു ഫലിപ്പിക്കുവാന്‍ മറന്നുപോകുകയോ മിനക്കെടാതിരിക്കുകയോ ചെയ്ത കാര്യങ്ങള്‍ തികച്ചും അനായാസമായി തന്നെ ഈ നടന്‍ ഉദ്ധരണികളിലൂടെയും വിശദീകരണങ്ങളിലൂടെയും നമുക്ക് വിശ്വാസമാക്കി തരുന്നു. ഇവിടെ രാഷ്ട്രീയം, നാടകം, സിനിമ എന്നിവയെ കുറിച്ച് തന്റെ കാഴ്ചയും കാഴ്ചപ്പാടുകളും പങ്കുവെയ്ക്കുമ്പോള്‍ ജീവിതാനുഭവങ്ങള്‍ക്ക് മുകളില്‍ പതിയുന്ന ഒരു നടന്റെ ആത്മാര്‍ത്ഥമായ വാക്കുകള്‍ നമുക്ക് കേള്‍ക്കാന്‍ കഴിയുന്നു.

ഒരു നടനാകണം എന്ന് സ്വയം തീരുമാനിക്കുന്നസാഹചര്യവും അനുഭവവും എന്തായിരുന്നു?

എന്റെ അനുഭവത്തില്‍ വളരെ കുട്ടിക്കാലത്ത് തന്നെ അഭിനയത്തിന്റെ കാര്യത്തില്‍ ഒരു ജനിതകപ്രേരണ എന്നിലുണ്ടായിട്ടുണ്ട്. എന്നാല്‍ അത് ഈ മേഖലയില്‍ കൃത്യമായി ഇങ്ങനെയാവണം എന്നൊരു മുന്‍കാഴ്ചയൊന്നുമില്ലാതെയാണ് ആ അടുപ്പം തോന്നിയത്. അഞ്ചാം ക്ളാസില്‍ പഠിക്കുമ്പോള്‍ അദ്ധ്യാപകരോടൊപ്പം ഒരു നാടകത്തില്‍ അഭിനയിച്ചു. പിന്നീട് വായനാശാലയുടെ വാര്‍ഷികത്തിലും നാട്ടിലെ ഓണാഘോഷങ്ങള്‍ക്കുമൊക്കെ നാടകമുണ്ടാകും. അത് ഇന്ന് ഞാന്‍ മനസ്സിലാക്കുന്ന തരത്തിലുള്ള നാടകങ്ങളൊന്നുമായിരുന്നില്ല. പിന്നെ എന്തുകൊണ്ട് ഒരു നടനാകുന്നു എന്ന് systematic analysis ലൂടെ പറയുവാന്‍ കഴിയില്ല. എനിയ്ക്ക് മാത്രമല്ല, ഒരു കലാപ്രവര്‍ത്തകനും എന്തുകൊണ്ട് എന്നതിന് ഉത്തരമുണ്ടാവില്ല. ഡോക്ടറോ, എഞ്ചിനീയറോ, സയന്റിസ്റ്റോ ആകുന്ന ആള്‍ക്ക് പറയാം. പക്ഷെ ഒരാള്‍ എന്തുകൊണ്ട് ഒരു എഴുത്തുകാരനായി എന്നതിന് ഉത്തരമില്ല. അല്ലെങ്കില്‍, ഞാനെന്തുകൊണ്ട് ഒരു ആക്ടര്‍ അല്ലെങ്കില്‍ ഫിലിംമേക്കര്‍ ആകുന്നു എന്നതിന് കാരണം അജ്ഞാതമാണ്. നമ്മള്‍ പോലുമറിയാതെ അതിലേക്ക് ആകര്‍ഷിക്കപ്പെടുകയാണ് ചെയ്യുന്നത്.

പ്രശസ്ത നോവലിസ്റ്റ് പൌലോ കൊയിലൊ 'ദി ആല്‍ക്കമിസ്റ്റ്' എന്ന നോവലില്‍ പറയുന്നത് "നിങ്ങള്‍ ഒരു കാര്യത്തില്‍ ഉറച്ച് മനസ്സ് വെയ്ക്കുമ്പോള്‍ അതിന്റെ സഫലീകരണത്തിന് വേണ്ടി പ്രപഞ്ചം ഒരു ഗൂഢാലോചന നടത്തുന്നു'' എന്നാണ്. എന്റെ അനുഭവങ്ങളിലും ഇത് ശരിയാണെന്ന് തോന്നിയിട്ടുണ്ട്. . . കാരണം നാട്ടിന്‍പുറത്ത് പ്രത്യേകിച്ച് ശിക്ഷണങ്ങളൊന്നും കിട്ടാതെ നാടകത്തെ സംബന്ധിച്ച് തീര്‍ത്തും ഒരു റൊമെറ്റീരിയലായ എന്റെ സൌഹൃദങ്ങളും സഹകരണങ്ങളും ബന്ധങ്ങളുമെല്ലാം ഒരു ആംഗിളില്‍ മാത്രം പോയിന്റ് ചെയ്യുകയായിരുന്നു. പഠിക്കാനായി തിരുവനന്തപുരത്ത് എത്തുന്ന എനിക്ക് അപ്രതീക്ഷിതമായി ചില സൌഹൃദങ്ങള്‍ വീണുകിട്ടുന്നു. അതില്‍ ഒരു അഭിനേതാവുണ്ട്. സംവിധായകനുണ്ട്. മറ്റ് നടന്‍മാരും എഴുത്തുകാരുമുണ്ട്. ഞാനും ഇതിന്റെ ഒരു ഭാഗമാവുകയായിരുന്നു. എന്നും വൈകുന്നേരം റിഹേഴ്സല്‍ ക്യാമ്പില്‍ ഞാനെത്തും. ഈ ഘട്ടത്തിലാണ് കേരളാ യൂണിവേഴ്സിറ്റിയില്‍ ജോലി കിട്ടുന്നത്. ഞാന്‍ ഓഫീസ് ജോലിയില്‍ ഉഴപ്പും അഭിനയത്തില്‍ ആക്ടീവും ആയിരുന്നു. ശരിക്കും പറഞ്ഞാല്‍ നാലരയ്ക്കു ശേഷമാണ് ജീവിതം ആരംഭിക്കുന്നത്. രാത്രി ഒന്നര രണ്ടുമണിയാകും കിടക്കാന്‍, വളരെ സിസ്റ്റമാറ്റിക് ആയിട്ടുള്ള ട്രെയിനിങ് പാറ്റേണിലൂടെയാണ് ഞാന്‍ കടന്നുപോയിരുന്നത്. ഒരു നടനുവേണ്ട പ്രൈമറി സംഗതി എന്നുപറയുന്നത് ശരീരവും ശബ്ദവും; പിന്നെ അത് യൂണൈറ്റ് ചെയ്യുവാനുള്ള മനസ്സുമാണ്. ഈ പാറ്റേണിലൂടെയാണ് ഞാന്‍ ഏറെ കാലം കടന്നുപോയത്. സാമ്പത്തികമായി ഒന്നുമില്ലാത്ത ഒരു കുടുംബമായിരുന്നു എന്റേത്. ഇലക്ട്രിസിറ്റി ബോര്‍ഡില്‍ കുറച്ചുകൂടിമെച്ചപ്പെട്ട ഒരു ജോലികിട്ടുന്നത് ഈ സമയത്താണ്. പക്ഷേ തിരുവനന്തപുരം വിട്ടുപോയാല്‍ എന്റെ നാടകം അതില്‍ വരുമാനമൊന്നുമില്ലെങ്കില്‍പോലും അതിനോടുള്ള താത്പര്യംപോകും. നാടകമില്ലാത്ത വൈകുന്നേരം എന്നെ സംബന്ധിച്ചിടത്തോളം വളരെ ഡള്ളാണ്. ഈ മടുപ്പ് മാറ്റാന്‍ ഞാന്‍ ചെയ്യുന്നത് തിരുവനന്തപുരത്ത് പ്രധാനപ്പെട്ട ഏഴോളം ഹാളുകളുണ്ട്. ഏതെങ്കിലും പ്രോഗ്രാമുകള്‍ കഥകളിയോ, പ്രസംഗമോ, കൂടിയാട്ടമോ ഇതൊന്നുമില്ലെങ്കില്‍ മാര്‍ഗ്ഗിയില്‍ പോയി ചൊല്ലിയാട്ടം കണ്ടുകൊണ്ടിരിക്കും. അങ്ങനെ ഈ കണ്ടതും കേട്ടതും അറിഞ്ഞതുമൊക്കെയാണ് എന്നിലെ നടനെ ഉണര്‍ത്തിയത്.

നരേന്ദ്രപ്രസാദുമായുള്ള സൌഹൃദം മുരളിയെ എത്രമാത്രം സ്വാധീനിച്ചു?

എന്തൊക്കെയാണ് അറിയേണ്ടത് അത് എവിടെ നിന്നൊക്കെയാണ് ലഭിക്കുക എന്നതിന്റെ വഴികാട്ടിയായി നിന്നത് നരേന്ദ്രപ്രസാദ് ആയിരുന്നു. എന്നിലെ അഭിനേതാവിനെ ഫോം ചെയ്തെടുക്കുന്നതില്‍ അദ്ദേഹം നിര്‍ണ്ണായകപങ്ക് വഹിച്ചു. റിഹേഴ്സല്‍ സമയത്ത് മാത്രമല്ല, കൂടെയുള്ളപ്പോഴെല്ലാം നിരന്തരം സംവാദമായിരിക്കും. നാടകത്തെ കുറിച്ച് മാത്രമല്ല, വായിക്കുന്ന പുസ്തകത്തെ കുറിച്ചുമെല്ലാം. അദ്ദേഹത്തിന്റെ ഒരു പ്രത്യേകത എന്ന് പറയുന്നത് ഒരിക്കലും തിയറി പറയില്ല എന്നതായിരുന്നു. അതേ സമയം ലോകത്തിലെ പ്രഗത്ഭരുടെ തിയറിയും നാടകദര്‍ശനവുമെല്ലാം മന:പാഠമായിരുന്നു.ഇംഗ്ളീഷ് അദ്ധ്യാപകനായതുകൊണ്ട് ഷേക്സ്പിയര്‍ എക്സ്പേര്‍ട്ട് ആയിരുന്നു. തിയറ്ററിന്റെ പ്രാക്ടിക്കല്‍ സൈഡ് അന്വേഷിച്ച് മനസ്സിലാക്കി. അതിന്റെ ലിറ്റററി അക്സെപ്റ്റ് നന്നായി കൈകാര്യം ചെയ്യാനറിയുന്ന ആളായിരുന്നു നരേന്ദ്രപ്രസാദ്. എനിക്ക് വായനയോട് താല്‍പര്യമുണ്ടാവാന്‍ അദ്ദേഹത്തിന്റെ സാമീപ്യവും രീതികളും ഏറെ പങ്കുവഹിച്ചിട്ടുണ്ട്.

കടമ്മനിട്ടയോടൊപ്പം ഏറെ നാള്‍ ഉണ്ടായിരുന്നല്ലോ. എന്തായിരുന്നു നിങ്ങളെ തമ്മില്‍ അടുപ്പിച്ച പ്രധാന ഘടകം?

കടമ്മനിട്ടയും ഞാനും പത്ത് വര്‍ഷത്തിലധികം ഒരുമിച്ചു താമസിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പല പ്രധാന കവിതകളുടെയും പിറവിക്ക് സാക്ഷ്യം വഹിക്കുവാന്‍ ഞാനുമുണ്ടായിരുന്നു. അന്ന് ഞങ്ങളെയൊക്കെ ബന്ധിപ്പിക്കുന്ന പ്രധാന ഘടകം രാഷ്ട്രീയപ്രശ്നങ്ങളാണ്. പ്രത്യേകിച്ച് അടിയന്തരാവസ്ഥയുടെ കാലം. അത് കഴിഞ്ഞുള്ള രൂക്ഷമായ കാലാവസ്ഥ. അവിടെ വരുന്നവര്‍ ആരും തന്നെ വേറൊരു വിഷയത്തെകുറിച്ച് സംസാരിക്കുന്നവരായിരുന്നില്ല. കടമ്മനിട്ടയെ കാണുവാന്‍ വരുന്നവര്‍ ആരായാലും അത് കലയുമായി ബന്ധപ്പെട്ട ആളായിരിക്കും. ആ ബന്ധം എനിയ്ക്കുമുണ്ട്. നരേന്ദ്രപ്രസാദുമൊന്നിച്ചായിരുന്നു.

കടമ്മനിട്ടയുടെ കവിതകളെ കുറിച്ച്?

കടമ്മനിട്ടയുടെ ആധാരം എന്ന് പറയുന്നത് എഴുത്തച്ഛനാണ്. എഴുത്തച്ഛനോടും ആശാനോടുമുള്ള അസൂയ മറ്റാരോടുമില്ലെന്ന് കടമ്മനിട്ട പറയും. ഞാന്‍ ഗുരുജി എന്നാണ് വിളിക്കുന്നത്. നരേന്ദ്രപ്രസാദ് കടമ്മനിട്ടയുടെ പുസ്തകത്തിന്റെ അവതാരികയില്‍ കവിതയെഴുതാനിരിക്കുന്നകടമ്മനിട്ട കടന്നുപോകുന്ന അബോധമായ പ്രക്രിയയെ കുറിച്ച് പറയുന്നുണ്ട്. ചില വാക്കുകള്‍ കിട്ടിയില്ലെങ്കില്‍ പുള്ളി ആകെ അസ്വസ്ഥനാകും. ഇവരില്‍ നിന്നൊക്കെയാണ് ഒരു നടനാകണമെങ്കില്‍ നല്ലൊരു വായനക്കാരനാകണം എന്ന് ഞാന്‍ മനസ്സിലാക്കുന്നത്. കാരണം ഇതിന്റെ ബെയ്സ് എന്ന് പറയുന്നത് ഇമാജിനേഷന്‍ ആണ്. സങ്കല്‍പ്പിക്കുവാനുള്ള മെറ്റീരിയല്‍ എന്നുപറയുന്നത് ജീവിത സന്ദര്‍ഭങ്ങളും.

കുറത്തിപോലെ കാലഘട്ടത്തോട് കലഹിച്ചിരുന്ന കവിതകളെഴുതിയ കടമ്മനിട്ടയുടെ സമീപകാല കവിതകള്‍ക്ക് തീക്ഷ്ണത പോര എന്നുതോന്നുന്നു. കടമ്മനിട്ടയും കോമ്പ്രമൈസ് ചെയ്യുന്നു എന്ന വിമര്‍ശനത്തെ എങ്ങനെയാണ് കാണുന്നത്?

കടമ്മനിട്ട എന്ന കവിയുടെ സവിശേഷത അദ്ദേഹം ഒരു സീസണ്‍ കവിയല്ല എന്നതാണ്. എന്നുപറഞ്ഞാല്‍ നമ്മുടെ മിക്കവാറും കവികള്‍ക്കെല്ലാം പത്രമാസികകളില്‍ നിന്ന് "ഓണപതിപ്പ് ഇറക്കുന്നു. ഒരു കവിത വേണം'' എന്ന എഴുത്ത് കിട്ടും. അഞ്ച് ഓണപതിപ്പുകള്‍ക്ക് വേണ്ടി അഞ്ച് കവിതകള്‍ എഴുതുന്നവര്‍ പോലുമുണ്ട്. കടമ്മനിട്ട എല്ലാം കൂടി എഴുതിയ കവിതകള്‍ വളരെ കുറവാണ്. വലിയ social provocation ഉണ്ടാകുമ്പോഴെ കടമ്മനിട്ട കവിത എഴുതിയിട്ടുള്ളൂ. അഥവാ, എപ്പോള്‍ ആവശ്യപ്പെട്ടാലും കവിത എഴുതുവാന്‍ പറ്റുന്ന ഒരു കവിയല്ല അദ്ദേഹം. വലിയ ആന്തരികസമ്മര്‍ദ്ദങ്ങളുണ്ടാകുമ്പോള്‍, പ്രത്യേകിച്ച് എഴുതാതിരിക്കുവാന്‍ നിവൃത്തിയില്ലാത്തപ്പോഴാണ് അദ്ദേഹം കവിത എഴുതുന്നത്. അത് വലിയൊരു poet ന്റെ ലക്ഷണമാണ്. പാരമ്പര്യമായ അര്‍ച്ചനയും മാര്‍ക്സിയന്‍ ഈസ്തറ്റിക്സുമാണ് കടമ്മനിട്ട കവിതകളെ ശക്തമാക്കുന്നത്. ശങ്കരപ്പിള്ള സാറ് പറയുന്നത്, കടമ്മനിട്ട രാമകൃഷ്ണന്‍ കവിതയില്‍ എഴുതിയിരിക്കുന്നത് നാടകത്തില്‍ വരുമ്പോഴാണ് നമുക്ക് തനത് എന്ന് പറയുവാന്‍ കഴിയുന്നത് എന്നാണ്.

ഒരു നടന്‍ എന്ന നിലയില്‍ നാടകാഭിനയവും സിനിമയും എങ്ങനെയാണ് വിലയിരുത്തുക?

അഭിനയത്തിന്റെ കാര്യത്തില്‍ നാടകം പോലെ വൈവിധ്യമുള്ള ഒരു മേഖലയില്ല. സിനിമയില്‍ ഈ വൈവിധ്യമില്ല. ക്യാമറയ്ക്കുമുന്നില്‍ പതറാതെ നിന്നുപിഴയ്ക്കാന്‍ പഠിച്ചാല്‍ ആര്‍ക്കും അഭിനയിക്കാം. ഓരോ നാടകവും ആവശ്യപ്പെടുന്നത് വളരെ വ്യത്യസ്തമായ അഭിനയശേഷിയാണ്. ഒരിക്കലും ഹാംലെറ്റ് പോലെയായിരിക്കില്ല സീസര്‍ ചെയ്യുന്നത്. നാടകങ്ങള്‍ അഥവാ ഒരു നാടകകൃതി ആവശ്യപ്പെടുന്നതിന്റെ പ്രമേയപരവും അഭിനയപരവുമായ കാര്യങ്ങള്‍ വളരെ വ്യത്യസ്തമായിരിക്കും. അപ്പോള്‍ ഒരു നടനെ സംബന്ധിച്ചിടത്തോളം ഈ വൈവിധ്യം മനസ്സിലാക്കുക എന്നത് വളരെ പ്രധാനമാണ്.

സിനിമയില്‍ വൈവിധ്യമില്ല എന്നാണോ?

ഒരുനല്ല സിനിമയില്‍ അഭിനയിക്കുമ്പോള്‍ നമ്മളൊരുപാട് ഹോംവര്‍ക്കൊക്കെ ചെയ്യേണ്ടിവരും. വൈവിധ്യമാണ് ഒരു നടന്റെ ഉരകല്ല്. ഇത് നമ്മള്‍ പഠിക്കുന്നത് തിയറ്ററില്‍ നിന്നാണ്. എന്റെ വ്യക്തിപരമായുള്ള സംഭാഷണരീതിയും ചലനങ്ങളും പിന്നെ ആംഗികമായ പ്രത്യേകതകളും മാറ്റി നിര്‍ത്തിയുള്ള വേഷങ്ങള്‍ അഭിനയിക്കുമ്പോഴാണ് വ്യത്യസ്തം എന്ന് പറയുന്നത്. ദൌര്‍ഭാഗ്യവശാല്‍ അത്തരം വേഷങ്ങള്‍ സിനിമയില്‍ വളറെ കുറവാണ്. വല്ലപ്പോഴും വീണുകിട്ടിയാല്‍ ഭാഗ്യം.

നാടകവേദിയുടെ ഫിലോസഫിയും സമീപനവും എന്തായിരിക്കണം?

ഇന്ത്യയില്‍ ഒരു വലിയ നാടകപ്രതിഭ അല്ലെങ്കില്‍ സംവിധായക പ്രതിഭ ഉണ്ടായിട്ടില്ല. യൂറോപ്പിനെ അപേക്ഷിച്ച് നമുക്ക് മൈല്‍‌സ്റ്റോണ്‍സ് പോലെ ചിലയാളുകളുണ്ട്. പാശ്ചാത്യരാജ്യങ്ങളിലെ പ്രധാനപ്പെട്ട ആളുകള്‍ ഒരു പുതിയ സമീപനവും ഒരു പുതിയ ഫിലോസഫിയും അവരുടെ നാടകങ്ങള്‍ക്ക് നല്‍കുന്നത് കേരളീയമായ കഥകളി, കൂടിയാട്ടം തുടങ്ങിയ ഓറിയന്റല്‍ സോഴ്സില്‍ നിന്നാണ്. എന്നാല്‍ ഇന്ത്യയില്‍ ഇത്തരമൊരു orginal thought വന്നിട്ടില്ല. സ്റ്റാന്‍സലോവിസ്കിയും ബത്തന്‍ ഹോഗും മൈക്കള്‍ ചെക്കോവും അവിടുന്നിങ്ങോട്ട് ബര്‍തോള്‍ഡ് ബ്രഹ്ത് ആയാലും പത്തൊന്‍പതാം നൂറ്റാണ്ടിലെ മൈല്‍‌സ്റ്റോണ്‍സ് ആയിരുന്നു. ഇവരെല്ലാവരും തന്നെ സ്റ്റാന്‍സലോവിസ്കിയെ അംഗീകരിച്ചുകൊണ്ടുതന്നെയാണ് നിഷേധിച്ചിട്ടുള്ളതും. അദ്ദേഹം ചെയ്ത പ്രധാനപ്പെട്ട ഒരു സംഗതി എന്ന് പറയുന്നത് സൈക്കോഫിസിക്കല്‍ യൂണിയന്‍ എന്ന് പറയും. ഒരു നടന്റെ ഏറ്റവും വലിയ സ്ട്രെയിനാണിത്. അതിന് കാരണം ഒന്ന് കോണ്‍സെന്‍ട്രേഷനും മറ്റൊന്ന് ഇമാജിനേഷനും മനസ്സില്‍ നടക്കുമ്പോള്‍ അതിന്റെ റിസള്‍ട്ട് ശരീരത്തിലൂടെ പ്രകടമാകണം എന്നാണ്. ശരീരം ഒരിക്കലും ഒരു ശല്യമാകരുത്. ഒപ്പം മനസ്സിന്റെ ആഴങ്ങള്‍ കൂട്ടുന്നതിന് ശ്രമമുണ്ടാകുകയും വേണം. കണ്ടും കേട്ടും വായിച്ചുമെല്ലാം ഇത് തുടരേണ്ടതുണ്ട്. ഇത് അദ്ദേഹം ഡെവലപ് ചെയ്യുന്നത് ഇന്ത്യ യോഗയില്‍ നിന്നാണ്. നമ്മുടെ സാധ്യതകളെ നാം വേണ്ടപോലെ ഉപയോഗിച്ചിട്ടില്ല. ഇന്നും ഉപയോഗിക്കുന്നില്ല. വര്‍ത്തമാനകാലത്തുപോലും നാടകപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള മര്‍ദ്ദനം തുടരുന്നു. ഇറ്റാലിയന്‍ സംവിധായകനായ ദാരിയോഫോയെ ഭീകരമായി മര്‍ദ്ദിക്കുകയും ഭാര്യയെ ബലാത്സംഗം ചെയ്യുകയും ചെയ്തതുമൊക്കെ ഉദാഹരണങ്ങളാണ്. നാടകപ്രവര്‍ത്തകര്‍ക്കും സാഹിത്യകാരന്‍മാര്‍ക്കുമെതിരെയുള്ള പീഡനങ്ങളും പണ്ടുമുതല്‍ക്കേയുണ്ട്.

നമ്മുടെ തീയറ്ററിന് കലോചിതമായ മാറ്റം വരുന്നില്ല എന്നാണോ?

ഒരു പ്രതിഭ ഉണ്ടായാലേ മാറ്റം വരൂ. കേരളത്തില്‍ കണ്ടുശീലിച്ചതില്‍ നിന്ന് വ്യത്യസ്തമായി കാമ്പുള്ള പുതിയ അപ്രോച്ചിന് ഒരാള്‍ക്ക് കഴിയുന്നുണ്ടെങ്കില്‍ മാത്രമെ മാറ്റം വരൂ. പിന്നെ നാടകം വച്ചിട്ടുള്ള നമ്മുടെ തീയറ്റര്‍ ഹിസ്റ്ററി എന്ന് പറയുന്നത് വളരെ ചെറുതാണ്. ശരിക്കും കൂടിയാട്ടവും കഥകളിയുമൊക്കെയാണ് നമ്മുടെ തിയറ്റര്‍. വിശ്വനാടകവേദികടലുപോലെ പരന്ന് കിടക്കുകയാണ്. എത്രയോ തരത്തിലുള്ള നാടകങ്ങള്‍. ആ നാടകങ്ങള്‍ വിവിധ തരത്തില്‍ ആവിഷ്കരിപ്പിക്കുവാനുളള സാധ്യത പടിഞ്ഞാറന്‍ രാജ്യങ്ങളിലാണ്. ഗാരിക്കിന്റെയും എഡ്മണ്ടിന്റെയും കാലത്തുള്ള അഭിനയരീതിയല്ല ലോറന്‍സ്കിയുടെ കാലത്തുള്ളത്. ഒരു നാടകം തന്നെ പത്തും പതിനഞ്ചും ഇരുനൂറും തരത്തില്‍ അവതരിപ്പിക്കാം. ആ അവസരം നമുക്കുണ്ടായിട്ടില്ല. ലണ്ടനില്‍ ഒരേ സ്റ്റേജില്‍ കഴിഞ്ഞ 18 വര്‍ഷമായി ഹൌസ്ഫുള്‍ ആയി കളിച്ചുകൊണ്ടിരിക്കുന്ന നാടകങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അതുമാത്രമല്ല അവിടെ ഒരു നാടകനടന് സുഖമായി ജീവിക്കുകയും ചെയ്യാം.

നമ്മുടെ രാഷ്ട്രീയ നാടകവേദിയെ കുറിച്ച്?

പ്രചരണ നാടകങ്ങളാണ് രാഷ്ട്രീയ നാടകവേദിയില്‍ പ്രധാനമായും ഉണ്ടായിട്ടുള്ളത്. കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കുകയും കേരളത്തില്‍ ജന്മിത്വം നിലനില്‍ക്കുകയും ചെയ്യുന്ന കാലഘട്ടത്തില്‍ എഴുതപ്പെട്ടിട്ടുള്ളവയാണ് തോപ്പില്‍ഭാസിയുടെ നാടകങ്ങള്‍. ആ ഒരു ഘട്ടം കഴിഞ്ഞ് ഇന്നലെ, ഇന്ന്, നാളെ എന്ന തരത്തിലുള്ള നാടകങ്ങളാണ് പിന്നീടു വന്ന അശ്വമേധം, ശരശയ്യ തുടങ്ങിയ നാടകങ്ങള്‍. ഇവ അക്കാലത്ത് ഒരു സാമൂഹികവിഷയത്തിന്റെ പ്രതിഫലനവും ഒപ്പം പ്രചരണവുമായിരുന്നു. പ്രചരണമാകുമ്പോള്‍ വരുന്ന രണ്ട് പ്രശ്നങ്ങള്‍ തെരഞ്ഞെടുക്കുന്ന വിഷയങ്ങള്‍ക്ക് മുന്‍ഗണ കൊടുക്കേണ്ടിവരുന്നു എന്നതും ഇതൊരു സ്ഥാപനമായി മാറുന്നു എന്നതുമാണ്. സ്ഥാപനമാകുന്നതോടുകൂടി ഇതൊരു തൊഴില്‍ പ്രശ്നമാകുന്നു. അപ്പോള്‍ എല്ലാവര്‍ഷവും ഒരു നാടകമെഴുതുവാന്‍ നാടകകൃത്ത് നിര്‍ബന്ധിതനാവുന്നു. ഈ ഫോഴ്സ് ശരിയായ കലയ്ക്ക് ഒരു ബാധ്യതയാണ്. അഥവാ, കാലത്തെ അതിജീവിക്കുന്ന തരത്തിലുള്ള അടിസ്ഥാനപരമായ മനുഷ്യന്റെ ചില ചോദനകളും അവന്റെ പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നവയാണ് കാലത്തെ അതിജീവിക്കുന്ന നാടകങ്ങള്‍. അതിന്റെ തീം മാത്രമല്ല ഇന്റര്‍പ്രിറ്റേഷന് വിധേയമാകുന്ന അതിന്റെ ബോഡി ഇതൊക്കെചേര്‍ന്നാണ് നാടകത്തെ കാലാതിവര്‍ത്തിയാക്കുന്നത്. മറ്റൊന്ന്, വേറൊരു സാഹിത്യശാഖയെയും പോലെയല്ല നാടകം. 'നാടകാന്തം കവിത്വം' എന്നാണ് പറയുന്നത്. ഒരു കവിയാണ് നാടകകൃത്ത്. അപ്പോള്‍ അത്തരം പ്രതിഭകളാണ് പ്രധാനം. അത് വളരെ കുറവാണ്. മാര്‍ക്സിയന്‍ ദര്‍ശനങ്ങളുടെ ശക്തമായ സ്വാധീനം അതിനെ തുടര്‍ന്നുവന്ന ചിന്തകള്‍ ഏഗംല്‍സ്, ലെനിന്‍, മാവോ, ചെഗുവേര, നെരൂദയുടെ കവിതകള്‍ ഇതെല്ലാം ഇവിടെ ചര്‍ച്ചചെയ്യപ്പെട്ടു.എന്നാല്‍, മാര്‍ക്സിനെപോലെ തന്നെ ദുരിതമനുഭവിച്ച ഒരു നാടകനടനുണ്ട്. അത് ബ്രഹ്ത്താണ്, ബ്രഹ്ത്തിന്റെ ഒരു നാടകവും നമ്മള്‍ പരക്കെകണ്ടില്ല. മാര്‍ക്സിന്റെ പ്രസിദ്ധമായ തിയറിയായ അന്യവത്ക്കരണത്തിന്റെ സാധ്യത രംഗത്ത് കൊണ്ടുവരുന്നത് ബ്രഹ്താണ്. നാടകത്തില്‍ അന്യവത്ക്കരണം എന്ന് പറയുമ്പോള്‍ നാടക ഗാത്രത്തില്‍ സംഭവിക്കുന്ന രാസപരിണാമങ്ങളുമായി പ്രേക്ഷകന്‍ Imotionaly involve ചെയ്യരുത് എന്നാണ് അദ്ദേഹം പറയുന്നത്. സ്റ്റേജില്‍ നോക്കിക്കൊണ്ട് കരയുവാനും ചിരിക്കുവാനും കയ്യടിക്കുവാനുമല്ല പ്രേക്ഷകന്‍ വരുന്നത്. നാടകം ശരിക്കും പഠിപ്പിക്കലാണ്. ജീവിതത്തിന്റെ അവസ്ഥയും അതിന്റെ ക്രൂരതയും ദൈന്യതയുമാണ് സ്റ്റേജില്‍ കാണിക്കുന്നത്. മദര്‍ കറേജ് എന്ന നാടകമായാലും ഗലീലിയോ ആയാലും അതില്‍ നമ്മളുമായി താദാത്മ്യം വരും എന്നറിയുമ്പോഴേയ്ക്കും അതിന്റെ രസച്ചരട് പൊട്ടുകയും അവിടെ ഇത് നാടകമാണല്ലോ എന്ന് ചിന്തിക്കുകയും ചെയ്യുന്നു. നാടകഗാത്രത്തില്‍ നാം ഇമോഷനെ പിന്‍തള്ളുകയും ഇതാണല്ലോ അവസ്ഥ എന്ന് ചിന്തിക്കുകയും ചെയ്യുന്നു. ബ്രഹ്ത്തിന്റെ നാടകങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ഇത്തരം ജീവിതാവസ്ഥ മലയാളത്തിലെ നാടകങ്ങളില്‍ വന്നിട്ടില്ല.

നാടകവേദിയില്‍ നിന്ന് മലയാള സിനിമയില്‍ വന്ന പലരും പിന്നീട് നാടകവേദിയെ ഗൌരവമായി സമീപിക്കാറില്ല. നാടകവേദിയുടെ പിറകോട്ടു പോക്കിന് ഇതും ഒരു കാരണമല്ലെ?

നാടകത്തില്‍ നിന്ന് സിനിമയില്‍ വന്നിട്ടുള്ളവര്‍ വളരെ കുറവാണ്. അത് തന്നെ പലതരത്തിലുള്ള നാടകത്തില്‍ നിന്ന് വന്നവരാണ്. ചിലര്‍ പ്രൊഫഷണല്‍ തിയറ്ററില്‍ നിന്ന് വന്നിട്ടുള്ളവരാണ്. ചിലര്‍ സീരിയസ് നാടകവേദിയില്‍ നിന്നും വന്നിട്ടുള്ളവരാണ്. ഒരാളിന്റെ Attitude ഉം അAptitude ഉം നോക്കി എങ്ങനെ എന്നൊന്നും പറയാന്‍ കഴിയില്ല. ഞാന്‍ തന്നെ വളരെക്കാലം നാടകത്തില്‍ അഭിനയിച്ചിരുന്നില്ല. പിന്നെ ഒരു നിര്‍ബന്ധത്തിനുവഴങ്ങിയാണ് വീണ്ടും നാടകത്തില്‍ അഭിനയിക്കുന്നത്. ഈ സിനിമയുടെ ഒരു പ്രശ്നം നിലനില്‍പ്പിന്റെയും ജീവിതത്തിന്റെയും പ്രശ്നമാണ്. അതിനിടയ്ക്ക് നമുക്ക് രണ്ട് ദിവസമോ മൂന്ന് ദിവസമോ അല്ലെങ്കില്‍ ഒരാഴ്ചയോ ആണ് ഒഴിവുകിട്ടുക. അങ്ങനെ മൂന്ന് ദിവസം ഒഴിവുകിട്ടുമ്പോള്‍ ഓടിവന്ന് അഭിനയിക്കാവുന്നതല്ല നാടകം. അതിനൊരു തുടര്‍ച്ച ഉണ്ട്. റിഹേഴ്സല്‍ വേണം. രണ്ട്, സിനിമയിലഭിനയിക്കാനുളള ഏറ്റവും നല്ല ക്വാളിഫിക്കേഷന്‍ മിമിക്രിയാണ് എന്ന ഒരവബോധത്തിന്റെ കാലത്താണ് നാം ജീവിക്കുന്നത്. എന്നത് ഓര്‍ക്കണം.

നാടകം ഒഴിച്ചിട്ട സ്ഥലത്തിലേക്കല്ലെ മിമിക്രി നടന്‍മാര്‍ കയറിവരുന്നത്?

സിനിമയുടെ കാര്യത്തില്‍ ഇതൊന്നും പറയുവാന്‍ കഴിയില്ല. നമുക്കാര്‍ക്കും പരിചയമില്ലാത്ത ഒരാള്‍ ഒരു ദിവസം കൊണ്ട് സൂപ്പര്‍‌സ്റ്റാര്‍ ആകാം. അയാള്‍ക്കൊരു പക്ഷെ ഒന്നിനെ കുറിച്ചും ഒരു ധാരണയും ഉണ്ടാകണമെന്നില്ല. അയാളുടെ മാനറിസങ്ങളും പെരുമാറ്റവും ആളുകള്‍ക്ക് ഇഷ്ടപ്പെടും. മറ്റൊന്ന് സിനിമാനടന്‍ നാടകം അവതരിപ്പിക്കുമ്പോള്‍ ആളുകള്‍ വരും. വളരെയധികം പേര്‍. സിനിമാനടനെ കാണുവാന്‍ വരുന്നവരാണവര്‍. അവിടെ നാടകത്തോടുള്ള സ്നേഹനമല്ല കാണികള്‍ക്കുള്ളത്. കഥകളി കാണുവാന്‍ പോകുന്നത് കഥകളി ഭ്രാന്തന്‍മാര്‍ തന്നെയാണ്. ഇപ്പോള്‍ നളചരിതം ഒരേ കഥതന്നെ തുടര്‍ച്ചയായി പത്ത് ദിവസം കിട്ടുണ്ണി ആശാനും ഗോപി ആശാനും ആടിയാലും പിന്നെയും നാടിന്റെ നാനാഭാഗത്തുനിന്നും ആളുകള്‍ വന്നുകൊണ്ടിരിക്കും. കാരണം ഇന്നലത്തെ നടനല്ല ഇന്നത്തെ നടന്‍ എന്നവര്‍ക്കറിയാം. നാടകത്തിന്റെ ഈ അവസ്ഥയൊക്കെ പോയി. അത് നമ്മുടെ സെന്‍സിബിലിറ്റിയില്‍ വന്ന മാറ്റം തന്നെയാണ്.

സ്രഷ്ടാവിനെപ്പോലും ലജ്ജിപ്പിക്കുന്ന ശുദ്ധന്‍മാരാണ് നമ്മുടെ നായകന്‍മാര്‍ എന്ന് എഴുതിയിട്ടുണ്ടല്ലോ. നമ്മുടെ നായകന്‍മാര്‍ക്ക് എന്ത് പറ്റി?

ഇത് എവിടെ നിന്ന് വന്നുകയറിയെന്ന് എനിക്കറിയില്ല. ഇംഗ്ളീഷ് സിനിമയില്‍ ഇങ്ങനെയില്ല. തമിഴ്, മലയാളം, തെലുങ്ക് ചിത്രങ്ങളില്‍ തെലുങ്കും തമിഴും നമുക്ക് വിടാം. മലയാളത്തില്‍ ഇത് വന്നപ്പോഴാണ് സങ്കടം. ഇപ്പോള്‍ സ്ത്രീകള്‍ ജീവിതത്തിലില്ല; അവര്‍ കഥാപാത്രങ്ങളായി വരുന്നത് പാട്ടിനും ഡാന്‍സിനും മാത്രമാണ്. 60 കളിലും 70 കളിലുമാണെങ്കില്‍ സിനിമയുടെ സാങ്കേതികവിദ്യയൊന്നും ഇത്ര മികച്ചതായിരുന്നില്ല. എന്നാല്‍, ജീവിതത്തെ തൊട്ടറിഞ്ഞ എഴുത്തുകാരുടെ എണ്ണം പറഞ്ഞ കൃതികളാണ് സത്യന്‍മാഷിന്റെയും നസീറിന്റെയുമൊക്കെ കാലത്ത് അവരഭിനയിച്ച കഥാപാത്രങ്ങള്‍. വടക്കന്‍വീരഗാഥയില്‍ ഒരു പെണ്ണിന്റെ മനസ്സ് തൊട്ടറിഞ്ഞാണ് എം ടി എഴുതിയിട്ടുള്ളത്. ചന്തുവിനെ വിളിച്ചുവരുത്തുകയാണ് ആര്‍ച്ച. എന്നാല്‍, ഭര്‍ത്താവിനോട് പറയുന്നത് ഇവന്‍ അകത്ത് വലിഞ്ഞ് കയറി വന്നു എന്നാണ്. കാലത്തിലെ സെയ്ത്, വിഗ്രഹത്തിന്റെ മുഖത്ത് കാര്‍ക്കിച്ച് തുപ്പുന്ന വെളിച്ചപ്പാട്, മതം മാറുന്ന ഗോവിന്ദന്‍കുട്ടി ഇവരൊക്കെ ജീവിതത്തില്‍ ഏങ്കോണിപ്പുള്ളവരാണ്. എന്നിട്ടും എന്തുകൊണ്ട് അവരെ നായകസ്ഥാനത്ത് കാണുന്നു എന്നുചോദിച്ചാല്‍ അതൊരു കാഴ്ചപ്പാടാണ്. ആ കാഴ്ചപ്പാടിനെയാണ് നമ്മള്‍ അംഗീകരിക്കുന്നത്. അല്ലാതെ, രാവിലെ മുതല്‍ ഭസ്മക്കുറിയിട്ട് പൂണുലുമിട്ട് നടന്നതുകൊണ്ട് മനുഷ്യന്‍ നന്നാവില്ല. നിവൃത്തിയില്ല, ഇങ്ങനെയായിപ്പോയി.

അടിയുറച്ച രാഷ്ട്രീയവിശ്വാസം അഭിനയത്തെ സ്വാധീനിച്ചിട്ടുണ്ടോ?

അതില്‍ നിന്നുള്ള അനുഭവം സഹായകമായിട്ടുണ്ട്. ഇടതുപക്ഷരാഷ്ട്രീയത്തിന്റെ ചരിത്രത്തെ കുറിച്ചുള്ള ലളിതമായ ധാരണയും രാഷ്ട്രീയ ഇടപെടലും എന്നെ ഏറെ സഹായിച്ചിട്ടുണ്ട്. കാരണം, വിമോചനസമരം എന്ന് പറയുമ്പോള്‍ എന്നെപോലെയുള്ള ആളുകള്‍ക്ക് പെട്ടെന്ന് പറഞ്ഞ് നിര്‍ത്താന്‍ കഴിയില്ല. 57 ലെ മന്ത്രിസഭ, കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പ്. 68 ലെ നക്സല്‍ബാരി മൂവ്മെന്റ് ഇതൊന്നും ഒരു വാക്കില്‍ പറഞ്ഞ് നിര്‍ത്താന്‍ കഴിയില്ല. കാരണം ഞാനും ഉള്‍പ്പെട്ടവ ആണത്. അതിന്റെ പ്രതീക്ഷയും നിരാശയും എന്നെയും ബാധിച്ചിരുന്നു. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഒരാളെ രണ്ടായി വലിച്ച് കീറിയത് പോലെയാണ് എനിക്ക് ഫീല്‍ ചെയ്തത്.

അവാര്‍ഡു കിട്ടിയ കഥാപാത്രങ്ങളെ കുറിച്ച്?

അംഗീകാരം കിട്ടിയിട്ടുള്ള കഥാപാത്രങ്ങളെല്ലാം തന്നെ അമരം, ആധാരം, താലോലം, നെയ്ത്തുകാരന്‍, കാണാകിനാവ് ഇതിലൊക്കെ ചില പ്രവൃത്തികളുണ്ട്. ഇതിന് ഞാന്‍ വളരെയേറെ പ്രാധാന്യം കൊടുത്തിരുന്നു. സാധാരണ നമ്മുടെ സിനിമയില്‍ നടക്കുന്നത് പ്രസംഗങ്ങളാണ്. ഒരു മൂന്നാംകിട ഹോളിവുഡ് സിനിമയില്‍ കൂടി ഇങ്ങനെ നടന്ന് പ്രസംഗിക്കില്ല. എന്തെങ്കിലും ഒരു പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ആ ഫ്രെയിമില്‍ വരുന്ന സംഗതികളാണ് ഉണ്ടാവുക. നിര്‍ഭാഗ്യവശാല്‍ നമുക്കാണെങ്കില്‍ ഞരമ്പുവലിഞ്ഞു പിടിക്കുന്ന സംസാരങ്ങളാണ് കൂടുതലുള്ളത്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു എന്നത് തന്നെയാണ് കഥാപാത്രങ്ങളുടെ പ്രാധാന്യം.

ഒരുപാട് യാത്രകള്‍ ചെയ്തിട്ടുണ്ടല്ലോ. ഈ യാത്രകള്‍ മുരളിയിലെ നടനെ എങ്ങനെയാണ് സ്വാധീനിച്ചിട്ടുള്ളത്?

പരമാവധി സ്ഥലങ്ങളില്‍ പോവുക, പരമാവധി ജീവിതം കാണുക, അവരുടെ അവസ്ഥകളെ ശ്രദ്ധിക്കുക ഇതെല്ലാം വളരെ പ്രധാനമാണ്. ഉദാഹരണത്തിന് ഒരു ദ്രാവിഡ ആംഗ്യക്രിയയല്ല ആര്യ ആംഗ്യക്രിയ, ഒരു മദ്രാസുകാരനോ കേരളീയനോ സംസാരിക്കുന്നതുപോലെയല്ല, ഒരു നോര്‍ത്ത് ഇന്ത്യന്‍ സംസാരിക്കുന്നത്. അതിനുള്ള കാരണം ഒരു ഭാഷയ്ക്കും ഒരു ഭൂപ്രകൃതിയ്ക്കും അതിന്റെ സംസ്കാരത്തിനും പ്രത്യേകതകളുണ്ട് എന്ന് തന്നെയാണ്. നിരീക്ഷണമാണ് പ്രധാനം. ഈ നിരീക്ഷണം എന്നുപറയുന്നത് പലപ്പോഴും തെറ്റിദ്ധരിക്കുന്ന ഒരുവാക്കാണ്. പലരും പറയുന്നത് കേട്ടിട്ടുണ്ട്. കൈവണ്ടി വലിക്കുന്നത് അഭിനയിക്കണമെങ്കില്‍ പാളയത്ത് പോയികൈവണ്ടി വലിയ്ക്കുന്നത് നോക്കിക്കണ്ട് പഠിക്കണമെന്ന്. ഇത് ശരിയല്ല. നമ്മള്‍ ജീവിതത്തില്‍ ഒരു പാട് കാഴ്ചകള്‍ കാണുന്നു. അഥവാ നിരീക്ഷണ സ്വഭാവമുള്ള നടന്റെ മനസ്സിലേയ്ക്ക് കാഴ്ചകള്‍ വന്നുകയറുകയാണ്. ആ കാഴ്ചകള്‍ അവന്റെ മനസ്സില്‍ കിടക്കും. അഭിനയത്തിന്റെ രസതന്ത്രം എന്ന പുസ്തകത്തില്‍ എന്റെ അനുഭവത്തില്‍ നിന്ന് ഈ കാര്യമെഴുതിയിട്ടുണ്ട്. വിത്ത് വിതയ്ക്കാന്‍ പൂട്ടിയിട്ട നിലം പോലെയാണ് മനസ്സ്. ചില കാഴ്ചകള്‍ അവിടെയങ്ങനെ കിടക്കും. അവസരം ഒത്ത് വരുമ്പോള്‍ ഒരു പുല്‍ക്കൊടി പോലെയോ വന്‍മരം പോലെയോ അത് വളരും. രണ്ട് കാഴ്ചകളാണ് outervision നും Innervision നും ഒന്ന് പ്രകൃതിയില്‍ നിന്ന് കാണുന്ന കണ്ണും മറ്റേത് mindsight ഉം. പ്രകൃതിയില്‍ നിന്ന് കാണുന്നത് മൈന്റ് സൈറ്റിലൂടെ, ധ്യാനത്തിലൂടെ നടനില്‍ ഒരു പുതിയ രൂപത്തില്‍ വരുന്നതിനെയാണ് ഒബ്സര്‍വേഷന്‍ എന്നുപറയുന്നത്. അല്ലാതെ ഒരു മുടന്തനായി അഭിനയിക്കാന്‍ മുടന്തന്‍ നടക്കുന്നത് നോക്കിനില്‍ക്കലല്ല ഒബ്സര്‍വേഷന്‍.

താരങ്ങള്‍ അണിനിരക്കുന്ന വലിയ ആഘോഷങ്ങള്‍, അവിടെ മുരളിയുടെ സാന്നിദ്ധ്യം വളരെ കുറവാണ്. മറ്റൊരു മാര്‍ഗം സ്വയം തിരഞ്ഞെടുക്കുകയാണോ?

അതല്ല പ്രശ്നം. അമ്മ തുടങ്ങിയ സംഘടനകളും മറ്റും ഷോകള്‍ നടത്തുന്നു. അത്തരം വേദികളിലൊന്നും ഞാന്‍ ഫിറ്റല്ല എന്നെനിക്കറിയാം. കാരണം എനിക്കറിയാവുന്ന കാര്യങ്ങളല്ല അവിടെ വേണ്ടത്. അവിടെ വേണ്ടത് എനിക്കറിഞ്ഞുകൂടാ. എനിക്കറിയാവുന്നത് അത്യാവശ്യം ഒരു നാടകം അഭിനയിക്കാം. ലങ്കാലക്ഷ്മി നാടകം അഭിനയിക്കുമ്പോള്‍ ആദ്യമേതന്നെ പറയും പത്തുമുന്നൂറ് പേര് മതി. എഴുന്നേറ്റ് പോകേണ്ടവര്‍ക്ക് ആദ്യമേ പോകാം. ഫ്ളാഷ് ഫോട്ടോ ഉപയോഗിക്കരുത്. പുണ്യമായൊരു അന്തരീക്ഷം പ്രധാനമാണ് എന്നൊക്കെ മറിച്ച്, ഒരു മഹാജനക്കൂട്ടത്തിന് നടുവില്‍ എനിക്കൊന്നും ചെയ്യുവാനില്ല. ഇപ്പോഴത്തെ ഈ ഡപ്പാന്‍കൂത്ത് ഡാന്‍സ്, അതെനിക്ക് അറിഞ്ഞും കൂടാ. മിമിക്രി അറിയില്ല. അത് സത്യത്തില്‍ അവരുടെ കുറ്റമല്ല. എന്റെ കുറ്റം തന്നെയാണ്. പക്ഷെ ആ കുറ്റം ഒരു കുറവായിട്ട് ഞാന്‍ കാണുന്നില്ല....

*
കടപ്പാട്: യുവധാര

Saturday, September 26, 2009

ആസിയന്‍ കരാറും ചില സംശയങ്ങളും

ആസിയന്‍ കരാറിന് അനുകൂലമായും പ്രതികൂലമായും ഉന്നയിക്കപ്പെടുന്ന വാദങ്ങളുടെ നിജസ്ഥിതിയെന്താണ്?

1. പാമോയില്‍, കുരുമുളക്, കാപ്പി, തേയില എന്നിവ പ്രത്യേക ഉല്‍പ്പന്ന പട്ടികയിലാണ്. അതുകൊണ്ട് ആശങ്കപ്പെടാനില്ല.

ഈ നാല് ഉല്‍പ്പന്നത്തിന്റെയും തീരുവ അടിസ്ഥാനവര്‍ഷത്തെ (2007) നിരക്കില്‍ നിലനിര്‍ത്തുമെന്നല്ല കരാര്‍ വ്യവസ്ഥ. അസംസ്കൃത പാമോയിലിന്റെ തീരുവ 80 ശതമാനത്തില്‍നിന്ന് പ്രതിവര്‍ഷം നാല് ശതമാനം വീതം കുറച്ച് 2019ല്‍ 37.5 ശതമാനമാക്കും. ശുദ്ധീകരിച്ച പാമോയിലിന്റേത് 90 ശതമാനത്തില്‍നിന്ന് നാല് ശതമാനംവീതം ഇളവുചെയ്ത് 2019ല്‍ 45 ശതമാനമാക്കും. കാപ്പിയുടെ തീരുവ 100 ശതമാനത്തില്‍നിന്ന് പ്രതിവര്‍ഷം അഞ്ച് ശതമാനം വീതം ഇളവുചെയ്ത് 45 ശതമാനമായും തേയിലയുടേത് 100 ശതമാനത്തില്‍നിന്നും 45 ശതമാനമായും കുരുമുളകിന്റേത് 70 ശതമാനത്തില്‍നിന്നും ഓരോ വര്‍ഷവും കുറച്ച് 50 ശതമാനമായും വെട്ടിക്കുറയ്ക്കും. തീരുവ നിരക്ക് നിലനിര്‍ത്താനല്ല, കുറയ്ക്കാനാണ് തീരുമാനം. എന്തിനാണ് ഇവ പ്രത്യേക പട്ടികയിലാക്കിയത്. എന്തുകൊണ്ട് നെഗറ്റീവ് പട്ടികയിലെങ്കിലും ആക്കിയില്ല എന്നതിന് കേരളീയരോട് ഉത്തരം പറയേണ്ടത് കേന്ദ്രസര്‍ക്കാരാണ്; കേരളത്തിലെ പ്രതിപക്ഷമാണ്.

2. അസംസ്കൃത പാമോയിലിന് പൂജ്യം ശതമാനവും ശുദ്ധീകരിച്ച പാമോയിലിന് 7.5 ശതമാനവുമാണ് ഇപ്പോഴത്തെ നിരക്ക്. അവ യഥാക്രമം 37.5 ശതമാനവും 45 ശതമാനവും ആയി ഉയര്‍ത്താന്‍ കഴിയും.

ഈ ധാരണ തെറ്റാണ്. നിലവിലുള്ള നിരക്കാണ് അപ്ളൈഡ്റേറ്റ്. പരമാവധി ചുമത്താവുന്ന നിരക്കാണ് ബൌണ്ട് റേറ്റ്. (ചുമത്താന്‍ ബാധ്യതപ്പെട്ട നിരക്ക് എന്നു സാരം). ഈ രണ്ട് നിരക്കുകളില്‍ ഏതാണോ കുറവ് അതാകണം പ്രയോഗത്തില്‍ വരുത്തേണ്ടതെന്ന് ഡബ്ള്യുഡിഒ കരാര്‍ അനുശാസിക്കുന്നു. അതായത് പൂജ്യം ശതമാനവും 7.5 ശതമാനവും നിലനിര്‍ത്തപ്പെടും.

3. നെഗറ്റീവ് പട്ടികയില്‍ 489 ഉല്‍പ്പന്നമുണ്ട്. അവയുടെ തീരുവ നിലനിര്‍ത്തപ്പെടും.

ഈ ധാരണയ്ക്കും അടിസ്ഥാനമില്ല. 489 ഉല്‍പ്പന്നത്തില്‍ കുറെയെണ്ണത്തിന്റെയോ എല്ലാത്തിന്റെയുമോ തീരുവ, വ്യാപാരവര്‍ധന്ക്ക് തടസ്സമെന്നുകണ്ടാല്‍, തീരുവ കുറയ്ക്കപ്പെടും. ഇതുസംബന്ധിച്ച പരിശോധന ഓരോ ആണ്ടിലും നിര്‍ബന്ധമായും നടത്തണം. നെഗറ്റീവ് പട്ടിക സര്‍വകാലത്തേക്കുമുള്ള ഒറ്റമൂലിയല്ല. അവയില്‍പെട്ട ഉല്‍പ്പന്നങ്ങളുടെ തീരുവ മാറ്റമില്ലാതെ തുടരുകയുമില്ല. കേരളത്തിന് താല്‍പ്പര്യമുള്ള വളരെ കുറച്ച് കാര്‍ഷികോല്‍പ്പന്നങ്ങള്‍ മാത്രമാണ് നെഗറ്റീവ് പട്ടികയിലുള്ളത്. ടൊമാറ്റോ, ഉരുളക്കിഴങ്ങ്, ചുമന്നുള്ളി, വെളുത്തുള്ളി, ചോളം, ഓറഞ്ച്, മുന്തിരി, തണ്ണിമത്തന്‍, ആപ്പിള്‍, ചെറി, മല്ലി, ജീരകം, കടുക്, പരുത്തിക്കുരു, കപ്പലണ്ടി എണ്ണ, സഫ്ളവര്‍ ഓയില്‍, പുകയില തുടങ്ങിയ കാര്‍ഷികോല്‍പ്പന്നങ്ങളെല്ലാം പട്ടികയിലുണ്ട്. വൈന്‍, ബിയര്‍, വിസ്കി, റം, ജിന്‍, വോഡ്ക തുടങ്ങിയ കാര്‍ഷികജന്യമായ ഉല്‍പ്പന്നങ്ങളും പട്ടികയിലുണ്ട്. ഇവയൊന്നും കേരളത്തിന് ബാധകമല്ല. സമുദ്രോല്‍പ്പന്നങ്ങളില്‍ മത്തി, അയില, ചൂര, കൊഞ്ച്, നാരന്‍, ഞണ്ട്, നത്തോലി എന്നിവ പട്ടികയിലുണ്ടെങ്കിലും കേരളത്തിന്റെ സമുദ്രമേഖലയില്‍ കാണുന്ന മിക്ക മത്സ്യങ്ങളും നികുതിരഹിതമായി ഇറക്കുമതിചെയ്യാവുന്ന പട്ടികയിലാണ്. മുള്ളുവാള, ഏട്ട, പരവക്കോല, മാലന്‍, കളിമീന്‍, കിളിമീന്‍, കരിമീന്‍, നെയ്മീന്‍, നരിമീന്‍, തിരുത, ആവോലി, പരവ, പാര, ചെമ്പല്ലി, എലിച്ചൂര, തെരണ്ടി, സ്രാവ്, കലവ, കൊഴിവല, നന്തന്‍, പള്ളാത്തി, വരാല്‍, വെളിച്ചി, പൂവാലി, കോര, കാരി, സിലോപ്പി, കട്ല, ആരെല്‍ തുടങ്ങിയ മത്സ്യങ്ങളെല്ലാം സ്വതന്ത്രമായി ഇറക്കുമതിചെയ്യപ്പെടും. അയിലയും മത്തിയും ചൂണ്ടിക്കാട്ടി, മത്സ്യമേഖലയെ ആസിയന്‍ കരാര്‍ ബാധിക്കുകയില്ല എന്നു വാദിക്കുന്നത് സത്യത്തിന് നിരക്കുന്നതല്ല. കൊത്തിയരിഞ്ഞ തേങ്ങ നെഗറ്റീവ് പട്ടികയിലാണ്. പക്ഷേ, പൊതിച്ച പച്ചത്തേങ്ങ ഇറക്കുമതിചെയ്യാം. ഏലാം നെഗറ്റീവ് പട്ടികയിലാണ്. പക്ഷേ, ഏലം പൊടിയും മറ്റുല്‍പ്പന്നങ്ങളും ഇറക്കുമതിചെയ്യാം. പച്ചമരച്ചീനിയും സ്വതന്ത്ര ഇറക്കുമതി പട്ടികയിലുണ്ട്. മരച്ചീനി ചിപ്സ് നെഗറ്റീവ് പട്ടികയിലാണ്. 173 ഇനം റബര്‍ ഉല്‍പ്പന്നങ്ങളില്‍ നാലെണ്ണം മാത്രമാണ് നെഗറ്റീവ് പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുള്ളത്.

4. തീരുവ കുറയ്ക്കാന്‍ സാവകാശമുള്ളതുകൊണ്ട് അതിനിടെ ഉല്‍പ്പാദനക്ഷമത ഉയര്‍ത്തി, മത്സരശേഷി വര്‍ധിപ്പിക്കാവുന്നതാണ്.

ഇതൊരു ആഗ്രഹംമാത്രമാണ്. ഭൂരിപക്ഷം ഉല്‍പ്പന്നങ്ങളും നോര്‍മല്‍ ട്രാക്കിലാണ്. 2013 ഡിസംബറിനുമുമ്പ് തീരുവ പൂജ്യത്തിലെത്തിക്കണം. സെന്‍സിറ്റീവ് ട്രാക്കില്‍പെട്ട ഭൂരിപക്ഷം ഉല്‍പ്പന്നങ്ങളുടെയും തീരുവ, 2016 ആവുമ്പോഴേക്കും പൂജ്യത്തിലെത്തിക്കണം. ആദ്യം അഞ്ചുശതമാനമായും പിന്നീട് 4.5 ശതമാനമായും തുടര്‍ന്ന് പൂജ്യം ശതമാനമായും കുറയ്ക്കണം. ഒരു ഹെക്ടര്‍ ഭൂമിയില്‍നിന്ന് എത്ര കിലോഗ്രാം ഉല്‍പ്പന്നം എന്നതാണ് ഉല്‍പ്പാദനക്ഷമതയുടെ അളവുകോല്‍. ഒരു ഹെക്ടര്‍ സ്ഥലത്ത് വിയറ്റ്നാം 1885 കിലോഗ്രാം കുരുമുളകുണ്ടാക്കുമ്പോള്‍, ഇന്ത്യ ഉണ്ടാക്കുന്നത് 280 കിലോഗ്രാം. ഇന്ത്യയുടേതിനേക്കാള്‍ ഏതാണ്ട് ആറര ഇരട്ടിയാണ് വിയറ്റ്നാം ഉണ്ടാക്കുന്നത്. തായ്ലന്‍ഡ് ഒരു ഹെക്ടറില്‍ 1710 കിലോഗ്രാം റബര്‍ ഉല്‍പ്പാദിപ്പിക്കുന്നു. ഇന്ത്യ 820 കിലോഗ്രാമും. വിയറ്റ്നാം 1970 കിലോഗ്രാം കാപ്പി ഉണ്ടാക്കുമ്പോള്‍ ഇന്ത്യയുടെ ഉല്‍പ്പാദനക്ഷമത 839 ആണ്. ഇന്തോനേഷ്യ 6767 കിലോഗ്രാം നാളികേരം ഉണ്ടാക്കുന്നു. കേരളം ഉണ്ടാക്കുന്നത് 1025 കിലോഗ്രാം. ആസിയന്‍ രാജ്യങ്ങളുമായി ഇന്ത്യക്ക് (കേരളത്തിന്) ഓടിയെത്താനാവുകയില്ല. മുതലാളിത്ത കൃഷിരീതിയാണ് മിക്ക ആസിയന്‍ രാജ്യങ്ങളും അവലംബിക്കുന്നത്. അതായത്, പതിനായിരക്കണക്കിന് ഹെക്ടര്‍ ഭൂമിയില്‍ ആധുനിക സാങ്കേതികവിദ്യകളും യന്ത്രങ്ങളും ഉപയോഗിച്ച് കൃഷി - ഇതാണ് ആസിയന്‍ രാജ്യങ്ങളുടെ രീതി. കിലോമീറ്റര്‍ കണക്കിന് വിസ്തൃതിയില്‍ തെങ്ങും എണ്ണപ്പനയും കൃഷിചെയ്യുന്നത് മലേഷ്യയിലും ഇന്തോനേഷ്യയിലും പതിവുകാഴ്ചയാണ്. കൃഷിഭൂമി ഏതാനും ജന്മികള്‍ കൈയടക്കിവച്ചിരിക്കുന്നു. ഭൂപരിഷ്കരണം അപരിചിതമാണ്. കേരളത്തിന്റെ സ്ഥിതി തികച്ചും വിഭിന്നമാണ്. നാമമാത്ര ചെറുകിട കൃഷിക്കാരാണ് ഭൂരിപക്ഷവും. പുരയിട കൃഷിയാണ് സാധാരണം. വന്‍മുതല്‍ മുടക്കാന്‍ കെല്‍പ്പില്ല. കേരളത്തിലെ സാധാരണ കൃഷിക്കാര്‍ ഇന്തോനേഷ്യ, മലേഷ്യ, തായ്ലന്‍ഡ് തുടങ്ങിയ ആസിയന്‍ രാജ്യങ്ങളിലെ കൃഷിക്കാര്‍ക്കൊപ്പം ഓടണമെന്നുപറഞ്ഞാല്‍ പി ടി ഉഷക്കൊപ്പം എല്ലാവരും ഓടിയെത്തണമെന്നാണ്.

5. ഡംബിങ് നടത്തിയാല്‍ അതിനെ പ്രതിരോധിക്കാന്‍ കഴിയും

ഉല്‍പ്പാദിപ്പിക്കുന്ന രാജ്യത്ത് വില്‍ക്കുന്ന നിരക്കിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ മറ്റൊരു രാജ്യത്ത് വില്‍ക്കുന്നതിനെയാണ് ഡംബിങ് എന്നുപറയുന്നത്. അതായത് ഉല്‍പ്പന്നത്തിന്റെ വില കുറച്ച് പുറംവിപണിയില്‍ കൊണ്ടുചെന്നുതള്ളുക. വില കുറഞ്ഞ വിദേശ ഉല്‍പ്പന്നവുമായി വിലകൂടിയ ആഭ്യന്തര ഉല്‍പ്പന്നങ്ങള്‍ മത്സരിക്കുന്നത് ആഭ്യന്തര വ്യവസായങ്ങളുടെ തകര്‍ച്ചയ്ക്ക് ഇടവരുത്തും. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ആന്റി ഡംബിങ് നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമെന്നു വാദിക്കപ്പെടുന്നു. ആന്റി ഡമ്പിങ് നടപടി എളുപ്പമല്ല. ഡബ്ള്യൂടിഒ കരാറിന്റെ ആര്‍ട്ടിക്കിള്‍ ആറും പത്തൊമ്പതും അനുസരിച്ച് ഒന്ന്, ഡംബിങ് ഉണ്ടെന്ന് തെളിയിക്കണം. രണ്ട്, ഡംബിങ്ങിന്റെ വ്യാപ്തി തെളിയിക്കണം. മൂന്ന്, ഡംബിങ് ആഭ്യന്തരവ്യവസായത്തിന് കുഴപ്പമുണ്ടാക്കുന്നുണ്ടെന്ന് സമര്‍ഥിക്കണം. നാല്, ഡംബിങ് നടത്തുന്ന രാജ്യത്തിന് ഇക്കാര്യങ്ങളെല്ലാം ബോധ്യം വരണം. എളുപ്പമല്ല കാര്യം എന്നര്‍ഥം.

6. ഇറക്കുമതി ധാരാളം ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കും. വില കുറയും. ഉപയോക്താക്കള്‍ക്ക് ഗുണകരമാണ് ഇറക്കുമതി.

വിരുദ്ധതാല്‍പര്യങ്ങളുള്ള ഉല്‍പാദകര്‍, ഉപഭോക്താക്കള്‍ എന്ന് സമൂഹത്തെ വേര്‍തിരിക്കുന്നത് ശാസ്ത്രീയമല്ല. ഒരാള്‍ ഒരു സമയം ഉല്‍പാദകരാണ്, ഉപഭോക്താവുമാണ്. അധ്വാനശേഷി പ്രയോഗിച്ച് ഉല്‍പന്നങ്ങളും സേവനങ്ങളും ഉണ്ടാക്കുന്നവരെന്ന നിലയില്‍ തൊഴിലാളികളും ജീവനക്കാരും അധ്യാപകരുമെല്ലാം ഉല്‍പാദന പ്രവര്‍ത്തനം നടത്തുന്നവരാണ്. വരുമാനം ചെലവിട്ട് സാധനങ്ങളും സേവനങ്ങളും വാങ്ങുന്നവരെന്ന നിലയില്‍ അവര്‍ ഉപഭോക്താക്കളുമാണ്. പണം കൈയിലുള്ളവരെക്കുറിച്ചാണ് ഇപ്പറയുന്നത്. പണം ആകാശത്തുനിന്ന് ഉതിര്‍ന്നുവീഴുന്നില്ല. ഉല്‍പ്പാദനമാണ് പണത്തിന്റെ ഉറവിടം. ഉല്‍പ്പാദനത്തിലേര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് കൂലി, കൃഷിക്കാര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വിറ്റ് വരുമാനം, ഉല്‍പ്പന്നങ്ങള്‍ വ്യാപാരം ചെയ്യുന്നവര്‍ക്ക് വരുമാനം, ചുമടെടുക്കുന്നവര്‍ക്കു കൂലി, ലോറിയോടിക്കുന്നവര്‍ക്ക് കൂലി, അങ്ങനെ ഉല്‍പ്പാദന പ്രവര്‍ത്തനത്തിലൂടെയാണ് പണം സമൂഹത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. നൂറുരൂപയുടെ വരുമാനമുണ്ടായാല്‍ അത് പതിന്മടങ്ങ് കൈമാറ്റങ്ങള്‍ക്ക് ഉതകും. ഒരു റബര്‍ കൃഷിക്കാരന് റബര്‍ വിറ്റ് നൂറുരൂപ കിട്ടുന്നു എന്നിരിക്കട്ടെ. അതയാളുടെ വരുമാനമാണ്. അതുകൊണ്ടയാള്‍ അരി വാങ്ങുന്നു. അരിക്കച്ചവടക്കാരന് നൂറുരൂപ വരുമാനം കിട്ടി. അരിക്കച്ചവടക്കാരന്‍ അതുകൊണ്ട് തുണി വാങ്ങുന്നു. തുണിക്കച്ചവടക്കാരന് വരുമാനമായി. ഈ പട്ടിക ഇനിയും നീട്ടാം. എത്ര കൈമാറ്റം നടക്കുന്നുവോ അത്രയും ഇരട്ടി പണത്തിന്റെ ഫലം നൂറുരൂപ സൃഷ്ടിക്കും. തുണിക്കച്ചവടക്കാരന്‍ തുണി വില്‍ക്കുമ്പോള്‍ വീണ്ടും അയാള്‍ തുണിക്ക് ഓര്‍ഡര്‍ നല്‍കും. കൂടുതല്‍ തുണിയുണ്ടാക്കാന്‍ മില്ലുടമ കൂടുതല്‍ തൊഴിലാളികളെ നിയമിക്കും. യന്ത്രങ്ങള്‍ വാങ്ങും. നൂല്‍ വാങ്ങും. നൂലിന്റെ ആവശ്യം പരുത്തികൃഷിക്കാര്‍ക്ക് തൊഴിലും വരുമാനവുമുണ്ടാക്കും. ചുരുക്കത്തില്‍ തുണിയുല്‍പ്പാദനവുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും വരുമാനമുണ്ടാകും. ഇതിന്റെ തുടക്കം റബര്‍ കൃഷിയായിരുന്നല്ലോ. റബര്‍കൃഷി തകര്‍ന്നാലോ? തെങ്ങുകൃഷി തകര്‍ന്നാലോ? കള്ളനോട്ടും കള്ളപ്പണവും കൈകാര്യം ചെയ്യുന്നവരുടെയും ഊഹക്കച്ചവടക്കാരുടെയും പൂഴ്ത്തിവയ്പുകാരുടെയും റിയല്‍ എസ്റേറ്റ് -മദ്യ മാഫിയകളുടെയും കാര്യം ഇവിടെ പരിഗണിക്കുന്നില്ല.

7. ഇന്ത്യ ആസിയന്‍ രാജ്യങ്ങളുമായി കരാര്‍ ഒപ്പിട്ടില്ലായിരുന്നെങ്കില്‍ ചൈന ഒപ്പിടുമായിരുന്നു

ഇത് ശുദ്ധ അസംബന്ധമാണ്. ചൈന, ആസിയന്‍ രാജ്യങ്ങളുമായി ചരക്ക് വ്യാപാരകരാര്‍ 2005 ജൂലൈയിലും സേവന വ്യാപാര കരാര്‍ 2007 ജനുവരിയിലും നിക്ഷേപകരാര്‍ 2009 ആഗസ്തിലും ഒപ്പിട്ടുകഴിഞ്ഞു.

8. ചൈനക്കാകാമെങ്കില്‍ എന്തുകൊണ്ട് ഇന്ത്യക്കായിക്കൂടാ?

വ്യാപാര കരാറുകളല്ല പ്രശ്നം. കരാറിലെ കര്‍ഷകവിരുദ്ധ-ജനദ്രോഹ വ്യവസ്ഥകളാണ്. കുത്തക വ്യവസായികളുടെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങി കര്‍ഷകരെ ബലിയാടുകളാക്കുന്ന നയങ്ങളാണ് പ്രശ്നം. കേരളത്തിലെ 84 ശതമാനം കൃഷിഭൂമിയില്‍, റബറും തേയിലും കാപ്പിയും നാളികേരവും കുരുമുളകും ഏലവും ഇഞ്ചിയും മഞ്ഞളും ഉല്‍പ്പാദിപ്പിക്കുന്ന ലക്ഷക്കണക്കിന് കൃഷിക്കാരുടെയും മത്സ്യം പിടിച്ചും മത്സ്യം വിറ്റും ഉപജീവനം നടത്തുന്ന ലക്ഷക്കണക്കിന് തൊഴിലാളികളുടെയും ഉല്‍പ്പന്നങ്ങളുടെ സംസ്കരണത്തിലും വ്യാപാരത്തിലും ഏര്‍പ്പെട്ടിട്ടുള്ള ലക്ഷക്കണക്കിന് പരമ്പരാഗത തൊഴിലാളികളുടെയും ഇരുളടഞ്ഞ ഭാവിജീവിതമാണ് പ്രശ്നം.

*
പ്രൊഫ. കെ എന്‍ ഗംഗാധരന്‍ ദേശാഭിമാനി ദിനപ്പത്രം 25-26 സെപ്തംബര്‍ 09

Friday, September 25, 2009

നൂറ്റാണ്ടുമുമ്പത്തെ നാടുകടത്തല്‍

സ്വദേശാഭിമാനിയെ നാടുകടത്തിയിട്ട് നൂറുവര്‍ഷം തികയുന്നു. ആ മഹാനുഭാവന്റെ ചങ്കൂറ്റത്തെ പടിയടച്ച് പിണ്ഡംവച്ചിട്ട് എത്രകാലമായി എന്ന് മാധ്യമലോകം ആത്മപരിശോധന നടത്തേണ്ട ഘട്ടംകൂടിയാണിത്. കുമ്പളത്ത് ശങ്കുപിള്ള കോണ്‍ഗ്രസുകാരനായിരുന്നു. തന്റെ ആത്മകഥയില്‍ (എന്റെ കഴിഞ്ഞകാല സ്മരണകള്‍) അദ്ദേഹം ഇങ്ങനെ എഴുതി:

"നാല്‍പ്പതുകൊല്ലംമുമ്പ് ശ്രീ കെ രാമകൃഷ്ണപിള്ളയെ ഇവിടുത്തെ അധികാരിവര്‍ഗം നാടുകടത്തി. അന്ന് അദ്ദേഹം കൊളുത്തിയിരുന്ന ദീപം പിന്‍തലമുറക്കാരായ നാം പൊലിഞ്ഞുപോകാതെ സൂക്ഷിക്കുകയും, യാതൊന്നിനെതിരായി അദ്ദേഹം സമരകാഹളം മുഴക്കിയോ ആ ദിവാന്‍ പദം എന്നേക്കുമായി അവസാനിപ്പിക്കുകയും തിരുവിതാംകൂറില്‍ ഉത്തരവാദഭരണം സ്ഥാപിക്കുകയും ചെയ്തു. ഇവിടെ ജനകീയഭരണം സ്ഥാപിച്ച പ്രഥമവര്‍ഷത്തിലാണ് അദ്ദേഹത്തെ നാടുകടത്തി കന്നി പത്താംതീയതിയായ ഇന്ന് കണ്ണൂര്‍ കടല്‍ക്കരയില്‍നിന്ന് അദ്ദേഹത്തിന്റെ ഭൌതികാവശിഷ്ടങ്ങള്‍ ഇവിടെ കൊണ്ടുവന്നിരിക്കുന്നത്. ഇവിടത്തെ മന്ത്രിസഭയുടെ പൂര്‍ണമായ സഹകരണം ഇക്കാര്യത്തിനുണ്ടായിരിക്കുമെന്നും ഞങ്ങള്‍ പ്രതീക്ഷിച്ചു... ശ്രീ രാമകൃഷ്ണപിള്ളയുടെ ഭൌതികാവശിഷ്ടങ്ങള്‍ നിക്ഷേപിക്കുവാനും, ഒരു സ്മാരകം സ്ഥാപിക്കുവാനും രണ്ട് സെന്റ് സ്ഥലം സര്‍ക്കാരിനോടാവശ്യപ്പെട്ടു. അതെനിക്ക് ചീനി നടാനും വാഴ വയ്ക്കാനുമൊന്നുമല്ലെന്ന് ഞാന്‍ പറയേണ്ട കാര്യമില്ലല്ലോ. എന്റെ അപേക്ഷയ്ക്ക് ഒരു മറുപടി തരികയെന്ന സാമാന്യമര്യാദപോലും കാണിച്ചില്ലെന്ന് ഖേദപൂര്‍വം പറയേണ്ടിയിരിക്കുന്നു. ആദ്യമൊക്കെ തരാമെന്ന് പ്രധാനമന്ത്രി പട്ടം പറഞ്ഞു. തുടര്‍ന്നുള്ള ആലോചനയ്ക്കുശേഷം അദ്ദേഹം സാധ്യമല്ലെന്നു പറഞ്ഞു. എന്ത് പ്രധാനമന്ത്രിയാണ് ഈ പട്ടമെന്ന് ഞാന്‍ ചോദിക്കുകയാണ്? ഒരു പരമാധികാരവാദമാണുപോല്‍ അദ്ദേഹത്തിനു പ്രതിബന്ധമായി നില്‍ക്കുന്നത്. ഇതെന്തൊരു ഭോഷ്കാണ്?''

സ്വദേശാഭിമാനിയുടെ പാരമ്പര്യത്തെയും മാധ്യമ സ്വാതന്ത്ര്യത്തെയും കുറിച്ച് വീറുറ്റ വാദങ്ങളുമായി ഇന്ന് നമ്മുടെ മുന്നിലെത്തുന്ന പലരുടെയും പൂര്‍വകാലം സ്വദേശാഭിമാനിയുടെ ചിതാഭസ്മത്തെപ്പോലും സഹിക്കുന്നതായിരുന്നില്ല എന്നര്‍ഥം.

ഈശ്വരന്‍ തെറ്റുചെയ്താലും ഞാനത് റിപ്പോര്‍ട്ടുചെയ്യുമെന്നാണ് സ്വദേശാഭിമാനി പറഞ്ഞത്. ഇന്ന് ഞങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നതാണ് ശരി; അതുമാത്രമാണ് ജനങ്ങള്‍ അറിയേണ്ടത് എന്ന പ്രതിജ്ഞയാണോ മാധ്യമപ്രവര്‍ത്തനത്തിന്റെ പ്രവേശനകവാടത്തില്‍ കൊത്തിവച്ചിരിക്കുന്നതെന്ന് നമുക്ക് ചിന്തിക്കാം. വിമര്‍ശനം ഞങ്ങള്‍ക്കാകാം; നുണപറച്ചില്‍ ഞങ്ങള്‍ക്കാകാം; തമസ്കരണം ഞങ്ങള്‍ക്കാകാം-ഞങ്ങളെ വിമര്‍ശിക്കാന്‍ പാടില്ല എന്നതാണ് സമകാലിക മാധ്യമപ്രവര്‍ത്തനത്തിന്റെ മുഖ്യമുദ്രാവാക്യമെന്ന് വരുന്നു. അനീതിക്കും അസത്യങ്ങള്‍ക്കുമെതിരായ യുദ്ധമായിരുന്നു സ്വദേശാഭിമാനിയിലെ പത്രാധിപരുടേതെങ്കില്‍, നീതിയെ അനീതിയാക്കാനും സത്യത്തിനുമേല്‍ അസത്യത്തെ കയറ്റിവയ്ക്കാനും പാടുപെടുന്ന പ്രവര്‍ത്തനം മാധ്യമമുഖ്യധാരയായി മാറുന്ന പുതിയ കാലം സ്വദേശാഭിമാനിയുടെ പാരമ്പര്യത്തിന്റെ വേരറുക്കുകയാണ്. രാഷ്ട്രീയതാല്‍പര്യംവെച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതും അതിനെ മാധ്യമ സ്വാതന്ത്ര്യത്തിന്റെപേരില്‍ ന്യായീകരിക്കുന്നതുമാണ് പുതിയ 'സ്വദേശാഭിമാനിത്വ'മെന്നതും അതാണ് കൊട്ടിഘോഷിക്കപ്പെടുന്നത് എന്നതും ലജ്ജാകരംതന്നെ.

ആ ലജ്ജയില്‍നിന്ന് മുക്തിനേടി നട്ടെല്ലുയര്‍ത്തിനില്‍ക്കാനും സത്യം സത്യമായി വിളിച്ചുപറയാനുള്ള ചങ്കൂറ്റം തിരികെപ്പിടിക്കാനുമുള്ള മാധ്യമങ്ങളുടെ പുനരാലോചനയാകട്ടെ സ്വദേശാഭിമാനിയെ നാടുകടത്തിയതിന്റെ നൂറാം വാര്‍ഷികാചരണം.

*
ദേശാഭിമാനി

Thursday, September 24, 2009

സോഷ്യലിസവും ക്ഷേമവാദവും

ഉത്കൃഷ്ടമായ സമൂഹം കെട്ടിപ്പടുക്കുക മാത്രമല്ല സോഷ്യലിസം. എല്ലാവര്‍ക്കും തൊഴില്‍ (അല്ലെങ്കില്‍ ഒട്ടുമിക്കവര്‍ക്കും തൊഴിലും അതില്ലാത്തവര്‍ക്ക് തൊഴിലില്ലായ്മാവേതനവും) നല്‍കുക എന്നതു മാത്രമല്ല സോഷ്യലിസം. അത് ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കലും 'തൊട്ടിലില്‍ നിന്ന് ചുടലവരെ' അതിലെ പൌരന്മാരെ സംരക്ഷിക്കലും മാത്രമല്ല അത് സമത്വാധിഷ്ഠിത സമൂഹത്തിന്റെ ഉത്കൃഷ്ടമായ പരിപാലനം മാത്രമല്ല തീര്‍ച്ചയായും സോഷ്യലിസം ഇതെല്ലാമാണ്. അതേസമയം ഇതിനപ്പുറത്ത് മറ്റുചിലതുകൂടിയാണത്. ആന്റീഡ്യൂറിംഗില്‍, എംഗല്‍സ് ചൂണ്ടികാണിച്ചതുപോലെ, മനുഷ്യ സ്വാതന്ത്ര്യത്തെ സംബന്ധിച്ച പ്രശ്നം കൂടിയാണത്. തീര്‍ച്ചയായും, ജനങ്ങളുടെ പങ്ക്, ചരിത്രത്തിലെ വസ്തുക്കള്‍ എന്നതില്‍ നിന്ന്; ചരിത്രത്തിലെ വിഷയങ്ങളായി മാറുന്നതിന് മേല്‍പറഞ്ഞ സാമൂഹ്യ ഉപാധികള്‍, അതായത് പൂര്‍ണ്ണമായ തൊഴില്‍, ക്ഷേമരാഷ്ട്ര നടപടികള്‍, സാമൂഹ്യ-സാമ്പത്തിക അസമത്വങ്ങളിലെ കുറവ്, സമത്വാധിഷ്ഠിത വ്യവസ്ഥ എന്നിവ അവശ്യ ഉപാധികള്‍ തന്നെയാണ്. പക്ഷേ അവയൊക്കെ ചേര്‍ന്നാലും, സ്വാതന്ത്ര്യം എന്ന സങ്കല്‍പത്തോടു തുല്യം നില്‍ക്കില്ല. അതുകൊണ്ടുതന്നെ അവ സോഷ്യലിസത്തിന്റെ അന്ത:സത്തയെ പൂര്‍ണ്ണമാക്കുന്നില്ല.

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രഗല്‍ഭരായ ബൂര്‍ഷ്വാസാമ്പത്തിക ശാസ്ത്രജ്ഞനായ ജോണ്‍ മെയ്നാഡ് കെയ്ന്‍സിന്റെ രചനകള്‍, പരിശോധിച്ചാല്‍, മനുഷ്യത്വ പൂര്‍ണ്ണമായ സമൂഹം എന്ന സങ്കല്‍പവും, സോഷ്യലിസം എന്ന സങ്കല്‍പ്പവും തമ്മിലുളള അന്തരം കൃത്യമായി വെളിപ്പെടുന്നതുകാണാം. തൊഴിലാളി വര്‍ഗ്ഗത്തിന് തൊഴിലില്ലായ്മ വരുത്തിവെയ്ക്കുന്ന യാതനകളെക്കുറിച്ച് തികഞ്ഞ ബോധ്യമുണ്ടായിരുന്ന കെയ്ന്‍സ്, ആ സ്ഥിതിവിശേഷത്തെ വെറുത്തിരുന്നു. ഈ യാതനയ്ക്കറുതി വരുത്തുന്നതിനായി, മുതലാളിത്ത സമ്പദ്‌വ്യവസ്ഥയിലെ ഡിമാന്റ് മാനേജ്മെന്റില്‍ (ബൂര്‍ഷ്വാ) ഭരണകൂടത്തിന്റെ ഇടപെടലിനുളള സിദ്ധാന്തപരമായ വഴിയൊരുക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ സൈദ്ധാന്തിക പ്രവര്‍ത്തനത്തിന്റെ ലക്ഷ്യം തന്നെ. ഒരു ഉത്കൃഷ്ട സമൂഹത്തിന്റെ സൃഷ്ടിയില്‍ അദ്ദേഹം വികാരപരമായിത്തന്നെ പ്രതിബദ്ധനായിരുന്നു. ഒപ്പം, ഇത്തരത്തില്‍ പ്രതിബദ്ധരായിരിക്കുക എന്നത് സാമ്പത്തിക ശാസ്ത്രജ്ഞരുടെ കടമയാണ് എന്നുകൂടി അദ്ദേഹം വിശ്വസിച്ചു. അതുകൊണ്ടുതന്നെ, സാമ്പത്തിക ശാസ്ത്രകാരന്മാരെ "സമൂഹത്തിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാര്‍'' എന്നദ്ദേഹം വിശേഷിപ്പിച്ചു.

അതേസമയം, കെയ്ന്‍സ് തീര്‍ത്തും ഒരു സോഷ്യലിസ്റ്റ് വിരോധിയായിരുന്നു. എന്നുവച്ചാല്‍, വ്യക്തി സ്വാതന്ത്ര്യം നിഷേധിച്ച്, ഭരണകൂടത്തെ മഹത്വവല്‍ക്കരിക്കുന്ന വ്യവസ്ഥയായി സോഷ്യലിസത്തെ കാണുന്ന ബൂര്‍ഷ്വാ ബുദ്ധിജീവികള്‍ പറയുന്ന അര്‍ത്ഥത്തിലല്ല, മറിച്ച്, കുറേക്കൂടി മൌലികമായ അര്‍ത്ഥത്തില്‍ അദ്ദേഹവും സോഷ്യലിസത്തില്‍ വ്യക്തിസ്വാതന്ത്ര്യനിഷേധം കണ്ടിട്ടുണ്ടാവാം. എന്നാല്‍, സോഷ്യലിസത്തോടുളള അദ്ദേഹത്തിന്റെ എതിര്‍പ്പ് തികച്ചും അടിസ്ഥാനപരമായിരുന്നു. അത് ഈ വാക്കുകളില്‍ അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്. "മത്സ്യത്തേക്കാള്‍ ചളി ഇഷ്ടപ്പെടുന്നു, ബൂര്‍ഷ്വാസിക്കും ബുദ്ധിജീവി വൃന്ദത്തിനും - പിശുക്കുകളൊക്കെ നിലനില്‍ക്കെത്തന്നെ ജീവിതത്തിന്റെ മേന്മയും, മനുഷ്യന്റെ എല്ലാ നേട്ടങ്ങളുടെയും വിത്തുകള്‍ വഹിക്കുന്നവര്‍ അവരാണെന്നിരിക്കെ - മേലെ, അപരിഷ്കൃതനായ തൊഴിലാളിയെ പ്രതിഷ്ഠിക്കുന്ന ഒരു വിശ്വാസ പ്രമാണത്തെ ഞാനെങ്ങനെ സ്വീകരിക്കും?..... മൂല്യങ്ങള്‍ അപ്പാടെ മാറ്റിമറിക്കുന്ന വിചിത്രവും ഭീകരവുമായ പരിവര്‍ത്തനം സംഭവിക്കാത്തിടത്തോളംകാലം, വിദ്യാസമ്പന്നനും മാന്യനും ബുദ്ധിമാനുമായ, പശ്ചിമ യൂറോപ്പിന്റെ ഒരു പുത്രന് തന്റെ വൈശിഷ്ട്യം ഇവിടെ കണ്ടെത്താന്‍ പ്രയാസമാണ്.'' (essays in persuasion) മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, കെയ്ന്‍സിന്റെ എതിര്‍പ്പ്, ജനങ്ങള്‍ ചരിത്രത്തിന്റെ വിഷയങ്ങളാകുന്നതിലായിരുന്നു. തീര്‍ച്ചയായും അദ്ദേഹത്തില്‍ ദീനാനുകമ്പ നിറഞ്ഞു തുളുമ്പിയിരുന്നു. പക്ഷേ തൊഴിലാളികളുടെ നേതൃത്വത്തില്‍ മനുഷ്യരെ, ചരിത്രത്തിലെ വസ്തുക്കള്‍ എന്നതില്‍ നിന്നും വിഷയങ്ങളാക്കി മാറ്റിത്തീര്‍ക്കുന്ന സ്വാതന്ത്ര്യം എന്ന ആശയത്തോട് അദ്ദേഹം പുറം തിരിഞ്ഞുനിന്നു.

ക്ഷേമവാദവും സോഷ്യലിസവും തികച്ചും വ്യത്യസ്തങ്ങളായ സങ്കല്‍പനങ്ങളാണെങ്കിലും, അവ തമ്മില്‍ വൈരുദ്ധ്യാത്മകമായ ഒരു ബന്ധമുണ്ട്. സ്വാഭാവികമായും ഇത് കെയ്ന്‍സ് കാണുന്നില്ല എന്നതുതന്നെയാണ്,അക്കിലസിന്റെ ഉപ്പൂറ്റി പോലെ, അദ്ദേഹത്തിന്റെ സിദ്ധാന്തത്തിന്റെ പ്രധാന ദൌര്‍ബല്യവും. ബൂര്‍ഷ്വാസി എന്തുകൊണ്ടാണ് വിട്ടുവീഴ്ചയില്ലാതെ ക്ഷേമരാഷ്ട്രത്തെ എതിര്‍ക്കുന്നത് എന്നും എന്തുകൊണ്ട് സോഷ്യലിസ്റുകള്‍ ബൂര്‍ഷ്വാസമൂഹത്തിനകത്ത് ക്ഷേമരാഷ്ട്രത്തിനുവേണ്ടി ശക്തമായി പൊരുതണമെന്നും, ഈ വൈരുദ്ധ്യാത്മകത വിശദീകരിക്കുന്നുണ്ട്. ഈ വൈരുദ്ധ്യാത്മകത മൂലമാണ്, ക്ഷേമരാഷ്ട്രത്തിന്, ബൂര്‍ഷ്വാവ്യവസ്ഥയെ ദൃഢീകരിക്കാനും എക്കാലത്തേക്കും നിലനില്‍ക്കാനും അനുവദിക്കുന്ന ഒരു തരം "പാതിപണിതവീട്'' പോലെ ആകാന്‍ കഴിയാത്തത്. ബൂര്‍ഷ്വാ വ്യവസ്ഥ, എപ്പോഴും അതിനെ പിന്നാക്കം വലിക്കാന്‍ ശ്രമിക്കും. എന്നാല്‍ അതിനെ പ്രതിരോധിക്കുകയും മുന്നോട്ടുകൊണ്ടുപോവുകയും ആയിരിക്കണം എല്ലായ്പ്പോഴും സോഷ്യലിസ്റ്റുകളുടെ പരിശ്രമം.

പരിപുര്‍ണ്ണതൊഴിലും സാമൂഹ്യസുരക്ഷയും ആരോഗ്യരക്ഷയും വിദ്യാഭ്യാസവും പ്രദാനം ചെയ്യുന്നതിനായി, ഡിമാന്റ് മാനേജ്‌മെന്റിലുളള ഭരണകൂട ഇടപെടലും വരുമാനത്തിലും സ്വത്തിലും ഉളള അസമത്വം നിയന്ത്രിക്കുന്നതിനുളള ഉപാധിയായി നികുതി വ്യവസ്ഥയെ ഉപയോഗപ്പെടുത്തുന്ന നടപടിയും ഉള്‍കൊളളുന്ന ക്ഷേമരാഷ്ട്രത്തെ ബൂര്‍ഷ്വാസി എതിര്‍ക്കുന്നതിന് കാരണങ്ങള്‍ പലതാണ്. ഈ ബൂര്‍ഷ്വാ നൈതികതയെ, മൈക്കല്‍ കലേക്കി ഇങ്ങനെ പരിഹസിക്കുന്നുണ്ട്. "മറ്റ് സ്വകാര്യ സമ്പാദന മാര്‍ഗ്ഗങ്ങളില്ലാത്തിടത്തോളം നിങ്ങള്‍ നിങ്ങളുടെ നെറ്റിയിലെ വിയര്‍പ്പുകൊണ്ട് നിങ്ങളുടെ അപ്പം സമ്പാദിക്കണം'' എന്നാല്‍ അദ്ദേഹത്തിന്റെ പരിഹാസം മുതലാളിത്തത്തിന്റെ അടിസ്ഥാന നിലപാടിനു നേരെ തന്നെയായിരുന്നു. ഓരോരുത്തരുടെയും ശേഷിക്കനുസരിച്ച് പ്രതിഫലം നല്‍കുന്നു എന്നതുകൊണ്ടുതന്നെ പ്രതിഫലത്തിന്റെ വിതരണത്തില്‍ സ്വമേധയാ പ്രവര്‍ത്തിക്കുന്ന മുതലാളിത്ത വ്യവസ്ഥ "നീതിയുക്ത'മാണെന്ന തത്വത്തെയും അതില്‍ നിന്നുരുത്തിരിയുന്ന മറ്റൊരു തത്വമായ പ്രതിഫലത്തിന്റെ ഈ വിതരണത്തില്‍ ആരെങ്കിലും ഇടപെടുന്നത് അന്യായമാണെന്ന വാദത്തേയുമാണ് അദ്ദേഹം പരിഹസിച്ചത്. ആ നിലയില്‍ എല്ലാവര്‍ക്കും ചുരുങ്ങിയ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുന്നതിനുളള ഉത്തരവാദിത്വം സമൂഹം ഏറ്റെടുക്കുന്നത് ബൂര്‍ഷ്വാ വ്യവസ്ഥയുടെ നൈതികതയ്ക്ക് വിരുദ്ധവും "ന്യായരഹിത''വുമാണ് .

രണ്ടാമത്, കൃത്യമായും ഇക്കാരണത്താല്‍തന്നെ, ക്ഷേമവാദത്തെ സ്വീകരിക്കല്‍, ബൂര്‍ഷ്വാ വ്യവസ്ഥയിലുളള "അവിശ്വാസമായി കണക്കാക്കപ്പെട്ടു. ബൂര്‍ഷ്വാവ്യവസ്ഥയുടെ പ്രവര്‍ത്തനം ക്രൂരമായ ഫലങ്ങളുളവാക്കുന്നു എന്ന വാദം പൊതുവേ അംഗീകരിക്കപ്പെട്ടാല്‍, അതുമൂലം കീഴ്മേല്‍ മറിക്കപ്പെടുന്നത്, ബൂര്‍ഷ്വാവ്യവസ്ഥയുടെ സാമൂഹ്യമായ വിശ്വാസ്യതതന്നെയായിരിക്കും.

മൂന്നാമത്തെ കാരണമാണ് ഇവിടെ പ്രസക്തമാകുന്നത്.കൂലിവേലക്കാരുടെയും മറ്റ് തൊഴിലാളിവിഭാഗത്തിന്റെയും വിലപേശല്‍ശേഷി വര്‍ദ്ധിപ്പിക്കാന്‍ ക്ഷേമരാഷ്ട്ര നടപടികള്‍ സഹായിക്കുന്നുണ്ട്. ഏതാണ്ട് പൂര്‍ണ്ണമായും തൊഴില്‍ നല്‍കപ്പെടുന്നതും തൊഴിലില്ലായ്മ വേതനവും മറ്റ് സാമൂഹ്യസുരക്ഷാസംവിധാനങ്ങള്‍ നിലനില്‍ക്കുന്ന ഒരു സമ്പദ്ഘടനയില്‍ തൊഴിലാളികള്‍ക്കുമേല്‍ മേലധികാരികള്‍ പ്രയോഗിക്കുന്ന 'പിരിച്ചുവിടല്‍' എന്ന ആയുധത്തിന് തീര്‍ച്ചയായും മൂര്‍ച്ച നഷ്ടപ്പെടും.

ചുരുക്കത്തില്‍ ക്ഷേമരാഷ്ട്ര നടപടികളിലൂടെ തൊഴിലാളികളുടെ ചെറുത്തുനില്‍പ്പ് ശക്തിപ്രാപിക്കുകയാണ് ചെയ്യുന്നത്. പ്രശസ്ത ബംഗാളി സാഹിത്യകാരന്‍ മണിക് ബന്ദോപാദ്ധ്യായ, "ഛിനിയേവായ്നിക്വാനോ'' (എന്തുകൊണ്ട് അവര്‍ തട്ടിയെടുത്ത് ഭക്ഷിച്ചില്ല) എന്ന കഥയില്‍ ഒരു ചോദ്യമുയര്‍ത്തുന്നുണ്ട്. 1934 ലെ ബംഗാള്‍ ക്ഷാമകാലത്ത് ഏതാനും വാര അകലെ ഭക്ഷണം കൊണ്ടു നിറഞ്ഞ റസ്റ്റോറന്റുകളും വീടുകളും ഉണ്ടായിരുന്നപ്പോള്‍, എന്തുകൊണ്ടാണ് ഭക്ഷണം കിട്ടാതെ നിരവധി മനുഷ്യര്‍ തെരുവുകളില്‍ മരിച്ചുവീണത്? എന്തുകൊണ്ടാണവര്‍ ഈ സ്ഥലങ്ങള്‍ കൈയേറി ഭക്ഷണം തട്ടിയെടുത്ത് തങ്ങളുടെ വിശപ്പകറ്റാനും ജീവന്‍ രക്ഷിക്കാനും തുനിയാത്തത്? ഭക്ഷണമില്ലാത്ത അവസ്ഥ ചെറുക്കാനുളള ഇച്ഛാശക്തിയെ കുറയ്ക്കുന്നു എന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്. ഇതില്‍ യാഥാര്‍ത്ഥ്യമുണ്ട്. ചെറുത്തു നില്‍ക്കുവാനുളള ഇച്ഛ ശക്തമാകുന്നത്, തൊഴിലാളികള്‍ ഭൌതികമായി മെച്ചപ്പെടുമ്പോഴാണ്. ഈ ശക്തിപ്പെടുത്തലാണ് ക്ഷേമരാഷ്ട്ര നടപടികള്‍ നിര്‍വ്വഹിക്കുന്നത്.

ചെറുത്തുനില്‍പിന്റെ ഈ ശക്തിപ്പെടല്‍ തന്നെ, വസ്തുവില്‍ നിന്നും വിഷയത്തിലേക്കുളള പരിവര്‍ത്തനത്തിന്റെ ഒരു ഭാഗമാണ്. അതുകൊണ്ടുതന്നെ, ധാരണാപരമായി, ക്ഷേമവാദവും സോഷ്യലിസവും വ്യത്യസ്തമാണെങ്കിലും, അവ തമ്മില്‍ വൈരുദ്ധ്യാത്മകമായി ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യത്വപരമാകുന്നു എന്നതുകൊണ്ടും തൊഴിലെടുക്കുന്നവര്‍ക്ക് ഗുണകരമായി മാറുന്നു എന്നതുകൊണ്ടും മാത്രമല്ല, മറിച്ച് ചെറുത്തുനില്‍പ്പിനുളള തൊഴിലാളികളുടെ ശേഷി വര്‍ദ്ധിപ്പിക്കുകയും അവരെ, വസ്തുവില്‍ നിന്ന് വിഷയത്തിലേക്കുളള മാറ്റത്തിന്റെ പ്രക്രിയയില്‍ സഹായിക്കുകയും ചെയ്യുന്നു എന്നുളളതുകൊണ്ട് കൂടി, സോഷ്യലിസ്റ്റുകള്‍ ക്ഷേമരാഷ്ട്രനടപടികളെ പിന്തുണയ്ക്കേണ്ടതുണ്ട്. അങ്ങനെ വര്‍ഗ്ഗ സമരത്തിന് മൂര്‍ച്ച കൂടുന്ന പ്രക്രിയയില്‍ സഹായിക്കേണ്ടതുണ്ട്. ഇതൊഴിവാക്കുന്നതിനുവേണ്ടി ജനങ്ങളെ എന്നും വസ്തുവിന്റെ ചങ്ങലയില്‍ തളച്ചിടുന്നതിനും അവരെ ദുര്‍ബലപ്പെടുത്തി അടിമപ്പെടുത്തി, ഭിന്നിപ്പിച്ച്, അണുപ്രായമാക്കി സ്വന്തം അനുഭവത്തിനപ്പുറം ചിന്തിക്കാന്‍ കഴിയാത്തവരാക്കി മാറ്റി, എല്ലാ ക്ഷേമ രാഷ്ട്ര നടപടികളും പിന്‍വലിക്കുന്നതിനും ബൂര്‍ഷ്വാസി ഒരു നിരന്തര സമരം തന്നെ നടത്തുന്നുണ്ട്. ചില പ്രത്യേക സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തിന്റെ ഫലമായി ഇത്തരം നടപടികളുടെ സ്ഥാപനവല്‍ക്കരണം അംഗീകരിക്കേണ്ടിവരുന്നുണ്ടെങ്കിലും, ബൂര്‍ഷ്വാസിയുടെ ശ്രമം എല്ലായ്പ്പോഴും, അത് ഇല്ലായ്മ ചെയ്യാനാണ്.

ഇത് കാണാന്‍ കഴിഞ്ഞില്ല എന്നതുകൊണ്ട്, ബൂര്‍ഷ്വാസിയുടെ ഭാഗത്തുനിന്നുളള സമ്മര്‍ദ്ദഫലമായുള്ള "കെയ്നീഷ്യന്‍'' ഡിമാന്റ് മാനേജ്മെന്റിന്റെ, വിശിഷ്ടാ സാമ്പത്തിക താല്‍പര്യങ്ങളുടെ പതനം ദീര്‍ഘദര്‍ശിത്വം ചെയ്യാന്‍ കഴിഞ്ഞില്ല എന്നതാണ് കെയ്ന്‍സിന്റെ സാമൂഹ്യ സിദ്ധാന്തത്തിന്റെ ദൌര്‍ബല്യം. കെയ്നീഷ്യന്‍ ഡിമാന്റ് മാനേജ്മെന്റിന്റെ പതനം അത് അവതരിപ്പിക്കപ്പെട്ട ഭരണവാഴ്ചയില്‍ സംഭവിച്ചില്ല എന്നത് വാസ്തവമാണ്. ഭരണകൂടം പരമോന്നതവും അതിന്റെ അധികാരാതിര്‍ത്തിയില്‍, ചരക്കുകളുടെയും ധനത്തിന്റെയും സ്വതന്ത്ര സഞ്ചാരം നിയന്ത്രിക്കപ്പെട്ടിരുന്നതുമായ ഒരു പരിസരത്തിലാണ് അത് അവതരിപ്പിക്കപ്പെട്ടത്. എന്നാല്‍ അത് തകര്‍ന്നതാവട്ടെ, ധനത്തിന്റെ ആഗോളവല്‍ക്കരണം നിലനില്‍ക്കുന്ന, അതുകൊണ്ടുതന്നെ ചരക്കുകളുടെയും ധനത്തിന്റെയും സ്വതന്ത്രമായ ഒഴുക്ക് അനുവദിക്കപ്പെട്ടിട്ടുളള ഒരു വാഴ്ചയക്കകത്താണ്. എന്നാല്‍ ഈ മാറിയ പരിസരം, കെയ്നീഷ്യനിസത്തിലേക്കുളള ഒരു പിന്മടക്കത്തിനുളള ശേഷി മുതലാളിത്തത്തിനു പകര്‍ന്നു നല്‍കിയതേയുളളൂ. ഇങ്ങനെ ചെയ്യാന്‍ താല്‍പര്യപ്പെട്ടു എന്നുളളത്, ബൂര്‍ഷ്വാ വ്യവസ്ഥയ്ക്കകത്ത് ക്ഷേമവാദം ഉല്‍പാദിപ്പിക്കുന്ന, മറികടക്കാന്‍ കഴിയാത്ത വൈരുദ്ധ്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്ക് വര്‍ത്തമാനകാല ഇന്ത്യന്‍ സന്ദര്‍ഭത്തില്‍ വലിയ പ്രസക്തിയുണ്ട്. ഇടതുപക്ഷ പിന്തുണയോടെയുളള യുപിഎ ഭരണകാലത്ത്, ഇടതുപക്ഷത്തിന്റെ സമ്മര്‍ദ്ദഫലമായി, സര്‍ക്കാരിനകത്തുണ്ടായിരുന്ന നവലിബറല്‍ വ്യാഖ്യാതാക്കളുടെ എതിര്‍പ്പിനെ അവഗണിച്ചും NREGS പോലെയുളള നിരവധി നടപടികള്‍ കൈക്കൊളളുവാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ഇതേ വ്യാഖ്യാതാക്കള്‍ തന്നെ, പില്‍ക്കാലത്ത്, ഈ നടപടികള്‍ക്ക് അവകാശവാദമുന്നയിച്ചു എന്നത് വിരോധാഭാസമാണ്. എന്നാല്‍, ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് അവകാശവാദം ഉന്നയിക്കുമ്പോഴും അവ കുറേശ്ശെയായി വെട്ടിചുരുക്കുകയാണവര്‍,(ജനങ്ങള്‍ക്ക്, ഭക്ഷണത്തിന്റെ ലഭ്യത കുറയ്ക്കുന്ന, ഭക്ഷ്യാവകാശനിയമം ഏറ്റവും ഒടുവിലത്തെ ഉദാഹരണം) വാസ്തവത്തില്‍, തങ്ങള്‍ തുടര്‍ന്നുവരുന്ന നഗ്നമായ ധനിക പക്ഷപാത നയങ്ങളെ മറച്ചുവയ്ക്കുന്നതിനുളള ഒരു ഇലമറമാത്രമായിട്ടാണ് അവരിതിനെ ഉപയോഗിക്കുന്നത്. സര്‍ക്കാരാവട്ടെ, ശതകോടീശ്വരന്മാരെ സൃഷ്ടിക്കുന്നതിന് ഓഹരികമ്പോളത്തെ ജ്വലിപ്പിച്ചു നിര്‍ത്തുന്നു. ഈ ശതകോടീശ്വരന്മാര്‍ക്ക്, '' വികസന''ത്തിന്റെ പേരില്‍ വീണ്ടും കനത്ത ഔദാര്യം നല്‍കുന്നു. ആരെങ്കിലും ഇതിനെ എതിര്‍ത്താലോ?'' നിങ്ങള്‍ക്കറിയില്ലേ? നമുക്കൊരു NREGS ഉണ്ടല്ലോ'' എന്ന മറുപടിയാണ്. ചുരുക്കിചുരുക്കി കൊണ്ടുവരികയാണെങ്കിലും ഈ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ധനികര്‍ക്ക് കൂടുതല്‍ സൌജന്യം അനുവദിക്കുന്നതിനുളള ഒരു ഒഴിവുകഴിവായി മാറുന്നു.

എന്നാല്‍ ഈ ക്ഷേമപ്രവര്‍ത്തനങ്ങളാവട്ടെ, സര്‍ക്കാരിന്റെ ഭാഗത്തുനിന്നുളള വലിയ സൌജന്യമായി കണക്കാക്കപ്പെടുന്നു. NREGS പോലെയുളള നിരവധി പദ്ധതികള്‍, പേരിനെങ്കിലും, അവകാശാടിസ്ഥാനമായിട്ടുളളതാണെങ്കിലും, പ്രയോഗത്തില്‍, അതിന്റെ ഫലം അതുനടപ്പാക്കുന്ന സര്‍ക്കാരിന്റെ വിവേചനാധികാരത്തെ ആശ്രയിച്ചു നിലകൊണ്ടിരുന്ന മുന്‍ പദ്ധതികളില്‍ നിന്നും ഒട്ടും ഭിന്നമല്ല. അതുകൊണ്ട്, പാവപ്പെട്ടവര്‍ക്കും തൊഴിലെടുക്കുന്നവര്‍ക്കും ഈ നടപടികള്‍ കുറച്ചൊക്കെ ആശ്വാസം പകരുമെങ്കിലും, അവ, വസ്തുക്കള്‍ എന്ന നിലയിലുളള ജനങ്ങളുടെ പങ്ക് ഉറപ്പിക്കുക തന്നെയാണ് ചെയ്യുന്നത്. ഭരണവര്‍ഗത്തോട് കൂറുപുലര്‍ത്തുന്ന ബുദ്ധിജീവികള്‍ക്കിടയില്‍, ഇപ്പോള്‍ വളര്‍ന്നുവന്നിട്ടുളള ആത്മപ്രശംസാവ്യവഹാരം, പ്രത്യേകിച്ചും NREGS പോലുളള പദ്ധതികളുടെ ഫലമായി കോണ്‍ഗ്രസ് പാര്‍ട്ടി നല്ല പ്രകടനം കാഴ്ചവച്ചുഎന്നു കരുതുന്ന തെരഞ്ഞെടുപ്പിനു ശേഷം, ജനങ്ങളുടെ ഈ വസ്തുവല്‍ക്കരണം കൊണ്ടു നിറഞ്ഞ ഒന്നാണ്.

ക്ഷേമരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ക്ക് കൊണ്ടുവരാന്‍ കഴിയുന്ന, ചെറുക്കുവാനുളള ജനങ്ങളുടെ ഇച്ഛാശക്തി ഉയര്‍ത്തുന്ന നടപടി, ഇടതുപക്ഷത്തിന്റെ ഇടപെടലിലൂടെ പ്രായോഗികമായി ഫലപ്രദമാക്കേണ്ടതുണ്ട്. കാരണം ജനതയുടെ വസ്തുവല്‍ക്കരണത്തെ മറികടക്കുക എന്നതുതന്നെയാണ് ഇടതുപക്ഷ പരിപാടി. അതുകൊണ്ട് NREGS പോലുളള ക്ഷേമരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതില്‍ നിന്നു വ്യതിചലിക്കാനുളള ബൂര്‍ഷ്വാസിയുടെ എല്ലാ ശ്രമങ്ങളേയും തടഞ്ഞുകൊണ്ട്, അതിന്റെ നടപ്പാക്കലിനായി ഇടതുപക്ഷം ഫലപ്രദമായിത്തന്നെ ഇടപെടുകയും, അതേസമയം, ജനങ്ങളുടെ ചെറുത്തുനില്‍പ്പ് ശക്തിപ്പെടുത്തുകയും വര്‍ഗ്ഗസമരം രൂക്ഷമാക്കുകയും ചെയ്യുന്ന തരത്തില്‍, അത്തരം പദ്ധതികളില്‍ സഹജമായിത്തന്നെ അടങ്ങിയിട്ടുളളവസ്തുവല്‍ക്കരണത്തെ മറികടക്കുന്നതിനും, ആ പദ്ധതികള്‍ മുന്നോട്ടുവയ്ക്കുന്ന ഭൌതിക പിന്‍ബലത്തിന്റെ പരിസരം ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്യേണ്ടതുണ്ട്.

ഇടതുപക്ഷം പൊരുതുന്നത് കേവലം ക്ഷേമവാദത്തിനുവേണ്ടിയല്ല, മറിച്ച്, സോഷ്യലിസത്തിനുവേണ്ടിയാണ്. സോഷ്യലിസവുമായി ക്ഷേമവാദം വൈരുദ്ധ്യാത്മകമായി ബദ്ധപ്പെട്ടിരിക്കുന്നു. പക്ഷേ ഉളളടക്കം ഗുണപരമായി വ്യത്യാസപ്പെട്ടിരിക്കുന്നു.

*
പ്രഭാത് പട്നായിക് എഴുതിയ Socialism and Welfarism എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.
പരിഭാഷ നിര്‍വഹിച്ചത് ശ്രീ. സി.ബി. വേണുഗോപാല്‍
കടപ്പാട്: പി.എ.ജി ബുള്ളറ്റിന്‍ ലക്കം 74

ഈ ചുവട് വെളിച്ചത്തിലേക്ക്

അക്കൊല്ലത്തെ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ഞാന്‍ അസമിലെ ഗുവഹത്തിയിലായിരുന്നു. ദിനാചരണത്തോടനുബന്ധിച്ച് നഗരത്തില്‍ സംഘടിപ്പിച്ച ഒരു യോഗത്തില്‍ പ്രസംഗകയായി ചെല്ലാന്‍ എനിക്കും കിട്ടി ക്ഷണം....പ്രസംഗത്തിന്റെ ഭാഷയെക്കുറിച്ചുള്ള ആകുലതകളോടെയാണ് പോയത്....സ്വാഗത പ്രസംഗക ഏറെ സന്തോഷത്തോടെ "കേരള'ത്തില്‍ നിന്നുള്ള സഹോദരിയെ' സ്വാഗതം ചെയ്തു. പെട്ടെന്ന് അധ്യക്ഷ പദവിയിലിരുന്ന സ്ത്രീ എഴുന്നേറ്റ് വന്ന് എന്നെ കെട്ടിപ്പിടിച്ചാശ്ളേഷിച്ചു, ആവേശത്തോടെ, സ്നേഹത്തോടെ പറഞ്ഞു...

"കേരളം സ്ത്രീയുടെ നാടാണ്...സ്ത്രീയുടെ വ്യക്തിത്വവും അധികാരവും അംഗീകരിക്കപ്പെട്ട സ്ഥലമാണ്. അവിടെനിന്നുള്ള ഒരു സ്ത്രീ ഇവിടെ വനിതാദിന പരിപാടികള്‍ക്ക് പങ്കെടുക്കുന്നത് സന്തോഷം തരുന്ന കാര്യമാണ്.''

ഞാനന്തം വിട്ടുപോയി. അവര്‍ തന്റെ അധ്യക്ഷപ്രസംഗത്തിലും കേരളത്തിലെ സ്ത്രീയെ മുഖ്യവിഷയമാക്കി.

"കേരളത്തിലാണ് ഞങ്ങളുടെയൊക്കെ സങ്കല്‍പ്പത്തിലുള്ള സ്ത്രീ സമൂഹമുള്ളത്. വിദ്യാഭ്യാസപരമായി, ഔദ്യോഗികമായി, രാഷ്ട്രീയപരമായി, സാമൂഹികമായി ഒക്കെ ഉയര്‍ച്ച പ്രാപിച്ച സ്ത്രീകളാണ് അവിടെ ഉള്ളതെന്ന് വായിച്ചും കണ്ടും കേട്ടുമൊക്കെ അറിഞ്ഞിട്ടുണ്ട്...അവിടെ സ്ത്രീകള്‍ എങ്ങനെയാണ് പുരോഗമിച്ചതെന്നറിയാന്‍ ഞങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്.''

ആ അധ്യക്ഷ വെറും ഒരു സ്ത്രീയായിരുന്നില്ല. പ്രമുഖ അസമീസ് സാഹിത്യകാരിയായ നിരുപമ ബര്‍ഹോഗന്‍ ആയിരുന്നു അവര്‍. പിന്നീടേതാണ്ട് ഒന്നര മണിക്കൂറോളം ഞാനാ യോഗത്തില്‍ കേരളത്തെക്കുറിച്ചും ഇവിടെയുള്ള സ്ത്രീകളെക്കുറിച്ചുമൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു. ഭാഷയുടെ അതിര്‍വരമ്പുകള്‍പോലും മറന്നുകൊണ്ട്....

ഏത് നാട്ടിലുള്ളവര്‍ക്കും കേരളം ഒരു സ്വപ്നനാടാണ് എന്ന് പലവട്ടം അറിഞ്ഞിട്ടുണ്ട്. മനുഷ്യന്റെ വികസന സ്വപ്നങ്ങള്‍ക്കൊക്കെ പ്രതീക്ഷയേകുന്ന ഒരിടം.

അങ്ങനെയുള്ള ഈ പെണ്ണരശുനാട്ടില്‍ സ്ത്രീമുന്നേറ്റത്തിന്റെ ഒരു ചരിത്രമുഹൂര്‍ത്തം കൂടി...വികസന പ്രക്രിയയുടെ സര്‍വ പടവുകളിലും സ്ത്രീയെക്കൂടി കൈപിടിച്ച് കൊണ്ടുപോകുന്ന 50 ശതമാനം സംവരണമെന്ന സ്വപ്നം ഇന്നിവിടെ സാക്ഷാല്‍ക്കരിക്കുകയാണ്. മറ്റ് പലേടത്തും ഒരു ആശയമായി പോലും ഇത്തരമൊരു ചിന്ത കടന്നുവരുന്നില്ലെന്നാണ് തോന്നല്‍. പാതിയിലേറെ വരുന്ന സ്ത്രീസമൂഹത്തെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള വികസന യത്നങ്ങളൊന്നും പൂര്‍ണവിജയം കൈവരിക്കില്ലെന്ന അനുഭവം ഏറെയുണ്ട്. അത് മനസ്സിലാക്കി, സമൂഹപുരോഗതിയെക്കുറിച്ചുള്ള ആത്മാര്‍ഥമായ ഒരു കാഴ്ചപ്പാട് കൈവരിച്ചു എന്നതാണ് ത്രിതല പഞ്ചായത്തുകളിലെ സ്ത്രീസംവരണം വെളിവാക്കിത്തരുന്നത്...

സംവരണം വേണമോ വേണ്ടയോ എന്നൊക്കെ ചര്‍ച്ചയും വാദങ്ങളുമുണ്ട്...പക്ഷേ കാലാകാലങ്ങളായി അടിയുറച്ചുപോയ പുരുഷാധിപത്യ പ്രവണതകളും സങ്കല്‍പ്പങ്ങളും (സ്ത്രീയുടെ ഉള്ളിലും ഇവയുണ്ട്) മറികടന്ന് ഒരു മാറ്റം ഉണ്ടാക്കണമെങ്കില്‍ ഇത്തരമൊരു തീരുമാനം കൂടിയേ തീരൂ എന്നുറപ്പാണ്. പഞ്ചായത്ത് ഭരണത്തിന്റെ അരങ്ങില്‍ ഇപ്പോള്‍ ഉള്ള സ്ത്രീ സാന്നിധ്യവും ഇത്തരം ഒരു നിയമത്തിലൂടെയാണല്ലോ കൈവന്നത്...ഇപ്പോഴത്തെ നിയമം എല്ലാ തലങ്ങളിലും (സ്റ്റാന്‍ഡിങ് കൌണ്‍സിലുകള്‍ വരെ) സ്ത്രീ പങ്കാളിത്തം ഉണ്ടാക്കും. ഇത് കേരളത്തെപ്പോലെ ഒരു സംസ്ഥാനത്തിന് വലിയ വലിയ നേട്ടങ്ങള്‍ കൈവരിക്കാനാവുന്ന അവസരമാണ്. സ്വതവേ ഇവിടെ ഉള്ളതും, പടിപടിയായി ഇവിടത്തെ സ്ത്രീ പിടിച്ചുവാങ്ങിയതുമായ സ്വാതന്ത്യ്രത്തിന്റെ പശ്ചാത്തലത്തില്‍ വികസന പ്രക്രിയയുടെ സര്‍വതലങ്ങളിലും സ്ത്രീ എത്തുമ്പോള്‍ നാടിന് കൈവരിക്കാനാവുന്നത് ചെറിയ നേട്ടങ്ങളായിരിക്കില്ല. കൃഷിയിടങ്ങളില്‍, സര്‍ക്കാര്‍ പള്ളിക്കൂടങ്ങളില്‍, പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍, റോഡുകളുടെയും കുളങ്ങളുടെയും, കിണറുകളുടെയും ഒക്കെ സംരക്ഷണത്തില്‍, സമൂഹ ജീവിതത്തിന്റെ സമസ്തമേഖലകളിലും വീട് ഭരിച്ച് നേടിയ അനുഭവസമ്പത്തും പ്രാവീണ്യവുമായി സ്ത്രീകളെത്തുമ്പോള്‍ വികസന പരിപ്രേക്ഷ്യംതന്നെ മാറാതെ വയ്യ. സ്ത്രീയുടെ കാഴ്ചപ്പാട് പലപ്പോഴും പ്രായോഗികവും മനുഷ്യത്വപരവുമായിട്ടാണ് കാണാറുള്ളത്....അതിന്റെ ഉള്ളില്‍ ആത്മാര്‍ഥതയും കരുതലും സ്നേഹവും ത്യാഗവുമൊക്കെ കാണും. നൂറ്റാണ്ടുകളായി കുടുംബത്തിനുവേണ്ടി സ്വയം നല്‍കി നല്‍കി സ്ത്രീക്ക് സഹജമായിപ്പോയ അത്തരം വികാരങ്ങള്‍ വികസന പ്രക്രിയക്ക് മാനവിക മുഖം നല്‍കുമെന്ന വലിയ സ്വപ്നം നമുക്കൊക്കെയുണ്ട്. നമ്മുടെ വികസന പരിപാടികള്‍ക്ക് ഇന്ന് കുറവുള്ള ഒന്നാണത്.

അമ്മ, കുടുംബം പോറ്റുന്നത് നിസ്വാര്‍ഥമായും സ്നേഹത്തിന്റെ അപാരമായ തള്ളിച്ചയാലുമാണ്... ആ കാഴ്ചപ്പാടിലൂടെ സമൂഹത്തെയും കാണാനാവുന്ന സ്ത്രീകള്‍ക്ക് ഇവിടെ പുത്തന്‍ സൂര്യോദയങ്ങള്‍ ഉണ്ടാക്കാനാവും...അത് ഉണ്ടാക്കിയേ തീരൂ. ആ ഉത്തരവാദിത്തമാണ് ഈ നിയമത്തിലൂടെ സ്ത്രീകള്‍ക്ക് കൈവന്നിട്ടുള്ളത്. പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനും നന്നായിത്തന്നെ നിര്‍വഹിക്കാനും കേരളത്തിലെ സ്ത്രീസമൂഹത്തിന് കഴിയുമെന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്.

ഇത് ഗാന്ധിജിയുടെകൂടി മുഹൂര്‍ത്തമാണ്. സ്ത്രീ കഷ്ടപ്പെടുന്ന, അടിച്ചമര്‍ത്തപ്പെടുന്ന, മാറ്റി നിര്‍ത്തപ്പെടുന്ന ഒരു സമൂഹത്തിന് പൂര്‍ണമായ അര്‍ഥത്തില്‍ പുരോഗതി കൈവരിക്കാനാവില്ലെന്ന് അദ്ദേഹം പണ്ടേ പറഞ്ഞുവച്ചിരുന്നു. അര്‍ഹമായ സ്ത്രീ പങ്കാളിത്തമുള്ള ഗ്രാമസ്വരാജ് എന്ന ഗാന്ധിയന്‍ സ്വപ്നംകൂടിയാണ് പൂവണിയുന്നത്.

ചരിത്രത്തിലെ ഈ അപൂര്‍വ മുഹൂര്‍ത്തത്തില്‍ നമ്മളൊക്കെ കാണുന്ന സ്വപ്നങ്ങള്‍ ഒന്നു തന്നെയാണോ?

ആവോ എനിക്കറിയില്ല...

എന്റെ വികസന സ്വപ്നങ്ങള്‍ക്ക് സനേഹത്തിന്റെയും സാന്ത്വനത്തിന്റെയും കരുതലിന്റെയുമൊക്കെ സ്പര്‍ശങ്ങളുണ്ട്...രാഷ്ട്രീയമായും സാമൂഹ്യമായുമുള്ള വികസന സമീപനങ്ങളില്‍ സ്ത്രീസഹജമായ ആര്‍ദ്രതയും ആര്‍ജവവും കടന്നുവരുമെന്ന്, അഴിമതിയുടെ കഥകളില്‍നിന്ന് വികസന പ്രക്രിയ മോചിതമാവുമെന്ന് (പൂര്‍ണമായിട്ടാവില്ല, എങ്കിലും) സ്ത്രീപീഡനത്തിന്റെ, സ്ത്രീധനത്തിന്റെ, സ്ത്രീസങ്കടങ്ങളുടെ നോവിപ്പിക്കുന്ന അധ്യായങ്ങള്‍ അവസാനിക്കുമെന്ന്- അഗോളവല്‍ക്കരണം ഒരു കമ്പോളവസ്തുവാക്കി മാറ്റിയ സ്ത്രീസങ്കല്‍പ്പം ഉടച്ചുവാര്‍ക്കപ്പെടുമെന്ന്, ഇങ്ങനെ നമ്മളും മറുനാട്ടുകാരുമൊക്കെ സ്വപ്നം കാണുന്ന ഒരു സങ്കല്‍പ്പസമൂഹം ഇവിടെ യാഥാര്‍ഥ്യമാവുമെന്ന്...

സ്വപ്നങ്ങള്‍ക്കെന്നും ചാരുത കൂടുതലാണ്, യാഥാര്‍ഥ്യങ്ങള്‍ക്കോ പരുപരുക്കന്‍ സത്യസന്ധതയും.. ഒരു രാവ് ഉറങ്ങി വെളുക്കുമ്പോള്‍ മാറിമാറിയുന്നതല്ല നൂറ്റാണ്ടുകള്‍ മനുഷ്യനില്‍ ഉണ്ടാക്കിയെടുത്ത ധാരണകളും ശീലങ്ങളും എന്നറിയാഞ്ഞിട്ടുമല്ല..."പൂമുഖവാതില്‍ക്കല്‍ അണിഞ്ഞൊരുങ്ങി'' നില്‍ക്കാനും അടുക്കളയില്‍ തേഞ്ഞുതീരാനും കിടപ്പറയില്‍ ദാഹം തീര്‍ക്കാനും വീട്ടിനുള്ളില്‍ അടിയും തൊഴിയും ഏല്‍ക്കാനുമുള്ള ഉപകരണമാണ് സ്ത്രീയെന്ന് കരുതുന്ന പുരുഷന്മാരും സ്ത്രീകളും ഇവിടെ ഇപ്പോഴും ഒരുപാടുണ്ട്. 'ആദര്‍ശസ്ത്രീ'ക്ക് ചേരുന്ന നിര്‍വചനങ്ങള്‍ക്ക് മനുസ്മൃതിത്താളുകളിലാണ് പുരോഗമനവാദികളായ പുരുഷന്മാര്‍പോലും തെരയുന്നത്.. അത്തരക്കാര്‍ക്ക് അല്‍പ്പം അസ്വസ്ഥതയും ബുദ്ധിമുട്ടും ഒക്കെ ഉണ്ടായേക്കാം. സ്ത്രീക്ക് ശക്തി കൈവന്നാല്‍ അവര്‍ക്ക് നഷ്ടപ്പെട്ടുപോകുന്നത് സ്വന്തം സ്വാര്‍ഥതാല്‍പ്പര്യങ്ങളായിരിക്കും. പത്തു ചുവട് സ്ത്രീ മുന്നേറുമ്പോള്‍ രണ്ട് ചുവട് പിന്നോട്ട് പായുന്ന പുരുഷന്മാരിവിടെ ഏറെയുണ്ട്. സ്ത്രീയുടെ വേഗത്തില്‍ അത്തരം പുരുഷന്മാരെത്തണമെങ്കില്‍ ഒരുപാട് പണിയെടുക്കേണ്ടിവരും... അത്തരം കാഴ്ചപ്പാടുകളും നിലപാടുകളുമുള്ള സ്ത്രീകളെയും ഒപ്പം കൊണ്ടുപോകേണ്ടിവരും.

ചുവടുകള്‍ സൂക്ഷിച്ച് വയ്ക്കേണ്ടിയിരിക്കുന്നു. ഇരുട്ടില്‍നിന്ന് വെളിച്ചത്തിലെത്തുമ്പോള്‍ കുറച്ചുനേരം കണ്ണു ചിമ്മിപ്പോകുന്നതും സംഭ്രമിച്ച് പോകുന്നതും സാധാരണയാണ്. പക്ഷേ, വെളിച്ചത്തിലേക്കെത്തിയാല്‍പ്പിന്നെ വെളിച്ചം മാത്രമേയുള്ളൂ.

*
കെ എ ബീന കടപ്പാട്: ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്