കോട്ടയത്തെഴുന്നള്ളി
സത്യദൈവം,കുറ്റങ്ങൾ
കേട്ടു കശ്‌മലർക്കുറ്റ
ശിക്ഷകൾ വിധിക്കുവാൻ
തിരുനക്കരപ്പൊതു-
മൈതാനമദ്ധ്യം തന്നിൽ
കരുതിക്കെട്ടിപ്പൊക്കി-
ക്കോടതി ശോഭിക്കുന്നു.
ആരോപണങ്ങൾക്കേകും
ശിക്ഷകൾ കേൾക്കാൻ മണൽ-
ചോരാത്ത മട്ടിൽ ജനം
ചുറ്റിലും കാണാകുന്നു!
ന്യായ പീഠമേറുന്നു
ദൈവം, കുറ്റപത്രങ്ങൾ
വായിക്കുമുദ്യോഗസ്ഥൻ
യൂണിഫോമിൽ നിൽക്കുന്നു.
ഏറിറ്റുമാകാംഷ തൻ
നിമിഷം, ചെറു സൂചി
വീണിടും ശബ്‌ദം പോലു-
മലയ്‌ക്കും നിശ്ശബ്‌ദത.
2
കുറ്റവാളിതൻ കൂട്ടിൽ
മെല്ലിച്ചു തലമുടി
പറ്റെവെട്ടിയൊരെണ്ണ-
ക്കറുമ്പൻ നിന്നീടുന്നു.
തലതാഴ്‌ത്തി നിൽക്കുമാ-
പ്രതിയോ പ്രചണ്ഡമാം
പല മോഷണങ്ങളു-
മടവിൽ നടത്തിയോൻ!
കുറ്റപത്രം വായിച്ചു-
കേൾക്കവേ സർവ്വേശ്വരൻ
തെറ്റിന്നു നിജശിക്ഷ-
യീവിധം വിധിക്കുന്നു:-
“തൽക്കാലം ജനങ്ങൾതൻ
മദ്ധ്യത്തിൽ വച്ചിട്ടുള്ള
മുക്കാലി തന്നിൽ കെട്ടി
മൂന്നടി കൊടുക്കുക”
3
ചേണുറ്റ നാലാൾ പ്രതി-
ക്കൂട്ടിൽ നിൽക്കുന്നു, പെണ്ണു
കാണുവാൻ വരും യുവ-
കോമളന്മാരെപ്പോലെ!
താങ്കൾ കാതോർക്കൂ; കുറ്റം
കേൾക്കുക; പട്ടാപ്പകൽ
ബാങ്കുകൾ കവർച്ച ചെ-
യ്തീടിനാർ സംഘം കൂടി!
കുറ്റപത്രം വായിച്ചു-
കേട്ട നീതിമാൻ ദൈവം
തെറ്റിന്നു ജവം ശിക്ഷ-
യേവം നിശ്‌ചയിക്കുന്നു-
“മുഷ്‌ക്കരർ പ്രതികളി-
ലോരോരോ യുവാവിന്നും
മുക്കാലിതന്നിൽ ക്കെട്ടി
നാലടി വീതം നൽകൂ”
4
ഈശന്റെ മുന്നിൽ പ്രതി-
ക്കൂട്ടിലെത്തുന്നു കൊമ്പൻ-
മീശയുള്ളൊരു തടി-
മാടനാളനന്തരം!
ആടിനെത്തീറ്റും കൊച്ചു-
കുട്ടിയിൽ ബലാത്‌സംഗ-
പാടവം തെളിയിച്ച
കശ്‌മലൻ ഭയങ്കരൻ!
“തല മുണ്ഡനം ചെയ്തു
മുക്കാലിതന്നിൽ ക്കെട്ടി-
ത്തരമോടടിക്കട്ടെ-
യഞ്ചടി”-ചൊല്ലീ ദൈവം.
5
കാരുണ്യം തെല്ലും വേണ്ടെ-
ന്നുള്ള ഭാവത്തിൽ, മാറിൽ
താരുണ്യം തുളുമ്പുന്ന
മൂന്നു ടീനേജേഴ്‌സ് നിൽപ്പൂ.
“തന്നിഷ്‌ടം പോലെ സ്വന്തം
വീടു വിട്ടിറങ്ങിപ്പോയി
കന്യകാത്വത്തിൻ തിള-
പ്പിളകി ഭ്രമിക്കുന്നോർ ! ”
കുറ്റപത്രം വായിച്ചു-
കേൾക്കവേ സർവ്വേശനും
ചെറ്റുനേരം ചിന്തിച്ചു
ശിക്ഷ പ്രഖ്യാപിക്കുന്നു:-
“ആസനം തന്നിൽ പാടു
തടിച്ചു പൊന്തും മട്ടി-
ലാറടി വീതം നൽകി
വീട്ടിലേക്കയയ്ക്കുക.”
6
ധനമോഹത്താൽ കൊല-
പാതകം ചെയ്‌തേറുന്ന
വിന തന്നയൽക്കാർക്കു-
മാൾക്കാർക്കും വരുത്തിയോൻ
വന്നു നിൽക്കുന്നു പ്രതി-
ക്കൂട്ടിൽ, കുറ്റപത്രത്തിൽ-
നിന്നു കാര്യങ്ങൾ കേട്ടോ-
രീശ്വരൻ വചിക്കുന്നു:-
“കൊല്ലുവാനാണോ
മർത്ത്യജീവിതം കൊടുത്തു ഞാൻ?
കൊല്ലമേഴിവൻ കൊടും-
തടവിൽ കിടക്കട്ടെ.”
7
കണ്ണുകൾ തുറക്കുവിൻ
പിന്നൊരു ‘മ’ വാരിക-
തന്നുടെ പത്രാധിപർ
നിൽക്കുന്നു പ്രതിക്കൂട്ടിൽ!
ചുറ്റുമാളുകൾ കാതു-
കൂർപ്പിച്ചു നിന്നീടുമ്പോൾ
കുറ്റപത്രമീമട്ടിൽ
വായിച്ച് കേട്ടു ജനം:-
“കൊലപാതക, മാത്മ-
ഹത്യകൾ, ബലാത്‌സംഗം,
കൊടുതാം കവർച്ചകൾ,
വ്യാജജാര വേഴ്‌ചകൾ
സെൿസുതന്നഴിഞ്ഞാട്ടം,
കാമ മാദക കേളി
മിൿസു ചെയ്‌തതാം കടും-
നീല നോവലിൻകൂട്ടം,
കുറ്റകൃത്യവും കുത്തി-
നിറച്ചു വാരം വാരം
ചിത്രവാരിക നാട്ടി-
ലിറക്കി, ത്തമോഗുണം
മാനവസംസ്‌ക്കാരത്തിൽ-
പരത്തി,പ്പൊതുജന-
മാനസം മലിനമാ-
ക്കീടുന്നതൊന്നാം കുറ്റം!
‘ഉത്തമ കുടുബവാ-
രിക’യെന്നുര,ച്ചോരോ
ക്ഷുദ്ര വസ്തുതയേകി-
യിക്കിളിപ്പെടുത്തിയും,
ഗുണകാംഷിയെന്നുള്ള
ഭാവേനെ നാട്ടാരുടെ
പണം ചൂഷണം ചെയ്‌വ-
തിവർ തൻ രണ്ടാം കുറ്റം! ”
8
“മതി, കൂടുതൽ വേണ്ടാ ”
ചൊല്ലി സർവേശൻ:-“ചിന്താ-
ഗതി ജീർണ്ണമാക്കുന്ന
കുറ്റമേ കൊടും കുറ്റം!
മോഷണം, ബലാത്‌സംഗം,
കൊലപാതകമെല്ലാം
കേവലം നാട്ടിൽ ന്യൂന-
പക്ഷത്തെ ബാധിക്കുന്നു;
ജീവിതം മലിനമാ-
ക്കുന്ന കുറ്റമോ നാടിൻ-
ഭാവിയും ബഹുജന-
നന്മയും കെടുത്തുന്നു!
ആകയാലിവർക്കുഗ്രം
ശിക്ഷ നൽകേണം; ജീവൻ-
പോകുവോളവും തൂക്കി-
ലിടുക; വേഗം വേണം! ”
9
കയ്യടിക്കുന്നു ജനം,
കച്ചോടക്കാപട്യത്തിൻ
കൈതവക്കെടുതിയിൽ
നിന്നു മോചിതരേപ്പോൽ!
***
ചെമ്മനം ചാക്കോ
Subscribe to:
Post Comments (Atom)
1 comment:
സമകാലിക രാഷ്‌ട്രീയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഏറെ പ്രസക്തമായ ഒരു ചെമ്മനം കവിത
Post a Comment