ബിജെപിയെ ഗ്രസിച്ച പ്രതിസന്ധിയും ഉന്നതതലത്തിലെ തമ്മിലടിയും പാര്‍ടിയുടെ അനുഭാവികളില്‍ ആകുലതയും എതിരാളികളില്‍ ആഹ്ളാദവും സൃഷ്ടിച്ചിരിക്കുന്നു. ആ പാര്‍ടിയെ ആപത്തിലെത്തിച്ച പ്രതിസന്ധിയുടെ യഥാര്‍ഥസ്വഭാവവും കാരണവും എന്താണ് ?
നേതൃപ്രശ്നത്തെച്ചൊല്ലി ബിജെപി ശക്തമായ ഉള്‍പ്പോരിന് സാക്ഷ്യംവഹിക്കുന്നുവെന്നതാണ് പൊതുവെയുള്ള വീക്ഷണം. ഓരോ നേതാവും അവരുടെ അനുയായികളും സ്ഥാനങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുകയും നേതൃത്വത്തിനുവേണ്ടിയുള്ള ഈ വൈരത്തില്‍നിന്ന് അഭിപ്രായവ്യത്യാസങ്ങള്‍ ഉടലെടുക്കുകയും ചെയ്യുന്നു. ഇത് അങ്ങനെ തന്നെ ആയിരിക്കാം.ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം പാര്‍ലമെന്റിന്റെ ഇരുസഭയിലും പാര്‍ടിയുടെ നേതാവ് ആരായിരിക്കണമെന്നതിനെച്ചൊല്ലി രഹസ്യമായ അഭിപ്രായഭിന്നതകള്‍ ഉണ്ടായിരുന്നു. പാര്‍ടിയുടെ അടുത്ത പ്രസിഡന്റ് ആരാകണമെന്ന കാര്യത്തിലും ഏറ്റുമുട്ടല്‍ നടക്കുന്നുണ്ടെന്ന വസ്‌തുത പരക്കെ ബോധ്യമുള്ളതാണ്. പക്ഷേ, പ്രതിസന്ധിയുടെ കാരണം നേതൃപ്രശ്‌നത്തില്‍ മാത്രമായി ഒതുങ്ങുന്നതല്ല, പാര്‍ടിയിലെ പ്രശ്‌നങ്ങളുടെ ലക്ഷണമാണ് നേതൃതര്‍ക്കമായി പുറത്തുവരുന്നത്.
ആര്‍എസ്എസ് നയിക്കുന്ന പാര്‍ടിയാണ് ബിജെപി. ഇത്തരം നേതൃപ്രശ്‌നങ്ങള്‍ ബിജെപി എല്ലാസമയത്തും ആര്‍എസ്എസിന്റെ സഹായത്തോടെയാണ് പരിഹരിച്ചിരുന്നത്, പ്രധാനപ്പെട്ട കാര്യങ്ങളില്‍ ആര്‍എസ്എസ് തീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്‌തിരുന്നു. ഇപ്പോള്‍ ഭിന്നതയും ശണ്ഠയും പാര്‍ടിയുടെയും സംഘടനയുടെയും ചട്ടക്കൂട് ഭേദിച്ച് പുറത്തുവന്നത് എന്തുകൊണ്ടാണെന്ന ചോദ്യം പ്രസക്തമാകുന്നു. ലോൿസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേരിട്ട സമഗ്രപരാജയത്തിന്റെ പശ്ചാത്തലത്തിലാണ് പാര്‍ടിയില്‍ പ്രതിസന്ധി രൂപമെടുത്തത്. തെരഞ്ഞെടുപ്പില്‍ തോറ്റതും ഗവൺമെന്റ് രൂപീകരിക്കാന്‍ കഴിയാതിരുന്നതും മാത്രമല്ല പ്രശ്‌നം. രാജ്യമെമ്പാടും പാര്‍ടിയുടെ പിന്തുണ ചോര്‍ന്നുപോയി. 28 സംസ്ഥാനത്ത് 26ലും 2004ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പാര്‍ടിക്ക് ലഭിച്ച വോട്ടിന്റെ ശതമാനം കുറഞ്ഞു. ഹിന്ദുത്വമുദ്രാവാക്യം മുറുകെപ്പിടിക്കുമെന്ന് തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ബിജെപി പ്രഖ്യാപിച്ചു. ഹിന്ദുത്വ പ്രത്യയശാസ്‌ത്രത്തില്‍ വെള്ളംചേര്‍ക്കില്ലെന്ന് അവരില്‍നിന്ന് ആര്‍എസ്എസ് ഉറപ്പ് വാങ്ങി. ഇക്കാരണത്താല്‍ അവര്‍ ദേശീയ ജനാധിപത്യസഖ്യത്തിനു പൊതുപരിപാടി തയ്യാറാക്കുന്നത് ഒഴിവാക്കുക പോലും ചെയ്‌തു. കുറെക്കാലമായി ഉറവപൊട്ടിയിരുന്ന പ്രതിസന്ധി വല്ലാതെ രൂക്ഷമായത് ഈ മുദ്രാവാക്യം ജനങ്ങള്‍ തിരസ്കരിച്ചതുകൊണ്ടാണ്.
തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചിരുന്നെങ്കില്‍ അദ്വാനി പ്രധാനമന്ത്രിയാവുകയും പാര്‍ടിയിലെ വിള്ളലുകള്‍ ശമിക്കുകയും ഹിന്ദുത്വമുദ്രാവാക്യത്തിന്റെ കാര്യശേഷിയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയരാതിരിക്കുകയും ചെയ്യുമായിരുന്നു. പക്ഷേ, കാര്യങ്ങള്‍ അങ്ങനെ നടന്നില്ല. ജിന്നയെയും വിഭജനത്തെയുംകുറിച്ച് പുസ്‌തകമെഴുതിയതിന് ജസ്വന്ത് സിങ്ങിനെ പാര്‍ടിയില്‍നിന്ന് പുറത്താക്കിയത് ബിജെപിയിലെ ആശയക്കുഴപ്പത്തിനും ഭിന്നതയ്‌ക്കും തെളിവായി. ഇന്ത്യാവിഭജനത്തിന് സംഘപരിവാര്‍ എല്ലാക്കാലത്തും കുറ്റപ്പെടുത്തിവന്നത് കോൺഗ്രസിനെയാണ്. യഥാര്‍ഥത്തില്‍, 1947മുതല്‍ ആര്‍എസ്എസ് പ്രചാരണത്തിന്റെ മുഖ്യവിഷയം ഇതാണ്. രാജ്യത്തെ വഞ്ചിച്ച കോൺഗ്രസ് 'മാതൃരാജ്യത്തിന്റെ ശരീരച്ഛേദനം' നടത്തിയെന്നാണ് കുറ്റപ്പെടുത്തല്‍. മുസ്ളിങ്ങള്‍ക്ക് പ്രത്യേകരാജ്യം എന്ന മുദ്രാവാക്യം ശക്തമാക്കുന്നതില്‍ ഹിന്ദു വര്‍ഗീയവാദികള്‍ വഹിച്ച പങ്ക് സൌകര്യപൂര്‍വം വിസ്‌മരിക്കുന്നു. മറിച്ച്, ബ്രിട്ടീഷ് സാമ്രാജ്യത്വവും രണ്ട് പ്രമുഖ ബൂര്‍ഷ്വാ പാര്‍ടികളും-കോൺഗ്രസും മുസ്ളിംലീഗും-തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാറിന്റെ ഫലമാണ് വിഭജനമെന്ന് കമ്യൂണിസ്റ് പാര്‍ടി വ്യക്തമാക്കിയിട്ടുണ്ട്. ഈ കരാറിനെത്തുടര്‍ന്ന് രാജ്യം വിഭജിക്കുകയും അതത് ബൂര്‍ഷ്വ-ഭൂവുടമ വര്‍ഗങ്ങളുടെ നേതൃത്വത്തില്‍ ഇന്ത്യ, പാകിസ്ഥാന്‍ എന്നീ രണ്ട് സ്വതന്ത്രരാജ്യങ്ങള്‍ രൂപംകൊള്ളുകയുംചെയ്തു. കോൺഗ്രസ് നേതൃത്വത്തില്‍,പ്രത്യേകിച്ച് നെഹ്റുവില്‍, വിഭജനത്തിന്റെ ഉത്തരവാദിത്തം ആരോപിക്കുന്നത് ഹിന്ദുത്വപ്രത്യയശാസ്‌ത്രത്തിന് നിരക്കുന്ന സമീപനമാണ്.
വിഭജനത്തിലേക്ക് നയിച്ച സംഭവങ്ങളുമായി ബന്ധപ്പെട്ട് ജിന്നയെയോ അല്ലെങ്കില്‍ സര്‍ദാര്‍ പട്ടേലിനെയോ വസ്‌തുനിഷ്ഠമായി വിലയിരുത്തുന്നതിനോട് സംഘക്കൂട്ടത്തിന് വെറുപ്പു പോലെയാണ്. ജസ്വന്ത് സിങ്ങിന്റെ പുസ്‌തകം ഗുജറാത്തില്‍ നിരോധിച്ചത് ബിജെപിക്ക് അപമാനംമാത്രമാണ് വരുത്തിയത്. അവരുടെ സങ്കുചിത കാഴ്‌ചപ്പാടിന് വിരുദ്ധമായ എല്ലാ ചരിത്രഗവേഷണങ്ങളോടും ക്രിയാത്മകകലാസൃഷ്ടികളോടും ഹിന്ദുത്വശക്തികള്‍ കാട്ടുന്ന അസഹിഷ്‌ണുതയുടെ പശ്ചാത്തലത്തിലാണ് ഈ നിരോധനം. ബിജെപിയെ വിപല്‍ക്കരമായ അവസ്ഥയില്‍ എത്തിച്ച പ്രതിസന്ധിയുടെ കാരണങ്ങളിലേക്ക് തിരിച്ചുപോയാല്‍, ഇപ്പോള്‍ പാര്‍ടിയിലാകെ നടക്കുന്ന ഏറ്റുമുട്ടലിന്റെ കാതല്‍ പാര്‍ടിയുടെ സ്വഭാവവും പങ്കും എന്തായിരിക്കണമെന്ന പ്രശ്‌നമാണെന്ന് ബോധ്യമാകും. ഹിന്ദുത്വആശയത്തില്‍ അടിയുറച്ചുനിന്ന് 'സാംസ്‌ക്കാരിക ദേശീയത' പ്രചരിപ്പിക്കുന്ന പാര്‍ടിയാണ് ബിജെപിയെന്ന് പൊതുവെ കരുതുന്നു. ആര്‍എസ്എസിന്റെ രാഷ്‌ട്രീയ ഉപകരണമാണ് ബിജെപിയെന്ന വസ്‌തുതയുടെ പ്രതിഫലനമാണ് ഇത്. ആര്‍എസ്എസ് സാംസ്‌ക്കാരിക സംഘടനയാണെന്ന കെട്ടുകഥ അവര്‍ ആവര്‍ത്തിക്കുകയും തങ്ങളുടെ കേഡര്‍മാരെ രാഷ്‌ട്രീയ ഉപകരണമായ ബിജെപിയില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുംചെയ്യുന്നു.
ബിജെപി നേരിടുന്ന വൈരുധ്യങ്ങളുമായി അവര്‍ മല്‍പ്പിടിത്തം തുടങ്ങിയിട്ട് ഏതാനും വര്‍ഷമായി. 1998ലും 1999ലും ബിജെപി നേടിയ വിജയം, അവര്‍ തങ്ങളുടെ ആകര്‍ഷകത്വം വിപുലമാക്കുകയും അവരുടെ സങ്കുചിതവീക്ഷണങ്ങളോട് യോജിക്കാത്ത പാര്‍ടികളുമായി സഖ്യമുണ്ടാക്കുകയും ചെയ്‌താലേ അവര്‍ക്ക് മുന്നേറ്റം ഉണ്ടാകൂ എന്ന സത്യത്തിന് അടിവരയിട്ടു. അവരുടെ പ്രതിച്ഛായ വര്‍ധിപ്പിക്കുകയും ഇടുങ്ങിയ ഹിന്ദുത്വകാഴ്‌ചപ്പാട് മറികടക്കുകയും ചെയ്‌താല്‍ മാത്രമേ ബിജെപിക്ക് അധികാരത്തില്‍ വരാന്‍ കഴിയൂ എന്ന് 2004ലെ പരാജയം തെളിയിച്ചു. കടുത്ത ഹിന്ദുത്വമുദ്രാവാക്യത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് ആവര്‍ത്തിക്കുമ്പോള്‍ത്തന്നെ എന്‍ഡിഎയില്‍ കൂടുതല്‍ സഖ്യകക്ഷികളെച്ചേര്‍ത്ത് കപടമായ വിശാലപ്രതിച്ഛായ സൃഷ്‌ടിക്കാന്‍ ബിജെപി ശ്രമിച്ചു. പക്ഷേ, ഹിന്ദുത്വത്തില്‍ മുറുകെ പിടിച്ചതും വര്‍ഗീയരാഷ്‌ട്രീയം പിന്തുടര്‍ന്നതും അവരുടെ വേദി വിപുലമാക്കാനും കൂടുതല്‍ സഖ്യകക്ഷികളെ കൂട്ടാനുമുള്ള ശ്രമങ്ങള്‍ക്ക് തടസ്സമായി.
ബിജെപിയുടെ സാമ്പത്തിക, വിദേശനയങ്ങള്‍ കോഗ്രസിന്റേതില്‍നിന്ന് ഭിന്നമല്ലാത്തതിനാല്‍ ഹിന്ദുത്വം ഒഴിച്ചുനിര്‍ത്തിയാല്‍ അവര്‍ക്ക് വ്യക്തിത്വമില്ല. രണ്ടായിരത്തിനാലിലെ പരാജയം ഈ വൈരുധ്യത്തെ ഒന്നാം സ്ഥാനത്തുകൊണ്ടുവന്നു. ജിന്നവിവാദത്തിനുശേഷം പാര്‍ടി പ്രസിഡന്റ്സ്ഥാനത്തുനിന്ന് അദ്വാനിയുടെ രാജി, വളര്‍ന്നുവരുന്ന വിമതസ്വരങ്ങള്‍, ഉമാഭാരതിയുടേയും കല്യാൺസിങ്ങിന്റെയും പുറത്താക്കലുകളോ രാജികളോ ഇതെല്ലാം ബിജെപിയില്‍ വളര്‍ന്നുവരുന്ന വ്യവസ്ഥയില്ലായ്‌മയുടെ ലക്ഷണങ്ങളാണ്. എന്‍ഡിഎ വിപുലമാക്കാനും പാര്‍ടിയുടെ ഭാവിപ്രധാനമന്ത്രി സ്ഥാനാര്‍ഥി എന്ന നിലയില്‍ കൂടുതല്‍ ജനവിഭാഗങ്ങളെ ആകര്‍ഷിക്കാനും എല്‍ കെ അദ്വാനി ശ്രമിച്ചിട്ടും കുറെക്കഴിഞ്ഞപ്പോള്‍ ആര്‍എസ്എസ്-ബിജെപി കൂട്ടുകെട്ടിന്റെ സങ്കുചിതമായ വര്‍ഗീയ അജന്‍ഡയിലേക്ക് തന്നെ അദ്ദേഹത്തിന് മടങ്ങേണ്ടിവന്നു. മലെഗാവ് ബോംബ് സ്‌ഫോടനക്കേസിനോടുള്ള അദ്ദേഹത്തിന്റെ പ്രതികരണത്തില്‍നിന്ന് ഇത് വ്യക്തമാണ്. സംഘപരിവാറിലെ ആരെങ്കിലും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ നിയമത്തിന്റെ പിടിയില്‍ കൊണ്ടുവരണമെന്നാണ് അദ്വാനി ആദ്യം പറഞ്ഞത്; പിന്നീട് അദ്ദേഹം ഇതിനെ ഹിന്ദുമത പുരോഹിതരെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമായി വിശേഷിപ്പിക്കുകയും അപലപിക്കുകയുംചെയ്തു. വരുൺ ഗാന്ധിയുടെ വിഷലിപ്തമായ പ്രസംഗങ്ങളുടെ കാര്യത്തിലും അദ്വാനി ഇതേ ചാഞ്ചാട്ടമാണ് പ്രകടിപ്പിച്ചത്. രണ്ടായിരത്തി ഒന്‍പതിലുണ്ടായ തുടര്‍ച്ചയായ രണ്ടാമത്തെ പരാജയം സ്ഥിതിഗതികൾ രൂക്ഷമാക്കി.
ബിജെപി ഇപ്പോള്‍ നാല്‍ക്കവലയില്‍ നില്‍ക്കുകയാണ്. അവര്‍ക്ക് ആര്‍എസ്എസുമായി വഴി പിരിയാനും ജസ്വന്ത് സിങ് ആഗ്രഹിക്കുന്നതുപോലെ സാധാരണ വലതുപക്ഷ പാര്‍ടിയായി മാറാനും കഴിയില്ല. അരുൺ ഷൂരി ആഗ്രഹിക്കുന്നതുപോലെ ആര്‍എസ്എസിന്റെ സുഖകരമായ പരിരക്ഷയിലേക്ക് തിരിച്ചുപോകുന്നതാണ് കൂടുതല്‍ എളുപ്പമെന്ന് അവര്‍ കണ്ടെത്തും. പക്ഷേ, വ്യക്തമായ നിലയില്‍ വര്‍ഗീയ, സങ്കുചിത കക്ഷിയായി തുടരുന്നതിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ അവര്‍ കനത്ത വില നല്‍കേണ്ടിവരും. ബിജെപിയുടെ ജനിതകഘടന പരിശോധിച്ചാല്‍ അവര്‍ രണ്ടാമത്തെ വഴിയാണ് സ്വീകരിക്കുകയെന്ന് ബോധ്യമാകും.
തെരഞ്ഞെടുപ്പ് മോഹങ്ങള്‍ തകര്‍ന്നശേഷം നടത്തിയ 'ചിന്തന്‍ ബൈഠക്കില്‍' പാര്‍ടി എന്തൊക്കെ വിശകലനങ്ങള്‍ നടത്തിയാലും ഒരു കാര്യം അവരുടെ ശ്രദ്ധയില്‍പ്പെടാതെ പോകില്ല. ഹിമാചല്‍പ്രദേശിനെ ഒഴിച്ചുനിര്‍ത്തിയാല്‍ കര്‍ണാടകം മാത്രമാണ് ബിജെപിയുടെ വോട്ടിങ് ശതമാനം ഉയര്‍ന്ന ഏകസംസ്ഥാനം. ഇതിനുമുമ്പ് നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു. രണ്ടു പതിറ്റാണ്ടായി ആര്‍എസ്എസും അതിന്റെ അനുബന്ധസംഘടനകളും സംഘടിപ്പിച്ച വര്‍ഗീയസംഘര്‍ഷങ്ങള്‍, ലഹളകള്‍, വര്‍ഗീയ ധ്രുവീകരണം എന്നിവയുടെ ഫലമായാണ് ഇത് സാധ്യമായത്. ഇത്തരത്തില്‍ അടിത്തറ ഒരുക്കാതെ ഒരു ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തില്‍ ആദ്യമായി വിജയം നേടാന്‍ ബിജെപിക്ക് കഴിയുമായിരുന്നില്ല. ഹിന്ദുത്വ പണ്ഡിതന്മാരും സഹയാത്രികരും എത്ര ബൌദ്ധികക്കസര്‍ത്ത് നടത്തിയാലും ഈ സത്യം മറച്ചുവയ്ക്കാന്‍ കഴിയില്ല. ബിജെപി നേതൃത്വത്തിലെ ഇപ്പോഴത്തെ കലഹം താല്‍ക്കാലികമായി ശമിച്ചേക്കാം. എന്നാല്‍ ആര്‍എസ്എസ് കുറിപ്പടിപ്രകാരം ഉടച്ചുവാര്‍ക്കുന്ന ബിജെപി രാജ്യത്തിന് നല്ല ശകുനമാകില്ല. ഹിന്ദുത്വ വര്‍ഗീയ പ്രത്യയശാസ്‌ത്രത്തെയും രാഷ്‌ട്രീയത്തെയും നേരിടാനുള്ള ദൌത്യം പ്രസക്തവും അനിവാര്യവുമായി തുടരും.
***
പ്രകാശ് കാരാട്ട്
Subscribe to:
Post Comments (Atom)
2 comments:
ബിജെപിയെ ഗ്രസിച്ച പ്രതിസന്ധിയും ഉന്നതതലത്തിലെ തമ്മിലടിയും പാര്‍ടിയുടെ അനുഭാവികളില്‍ ആകുലതയും എതിരാളികളില്‍ ആഹ്ളാദവും സൃഷ്ടിച്ചിരിക്കുന്നു. ആ പാര്‍ടിയെ ആപത്തിലെത്തിച്ച പ്രതിസന്ധിയുടെ യഥാര്‍ഥസ്വഭാവവും കാരണവും എന്താണ് ?
പ്രകാശ് കാരാട്ടിന്റെ വിശകലനം
There is no difference between Congress and BJP except for the RSS link. That makes it very complex for both parties to get a vote share, Indian politicians are very lazy to compete based on performance, they will never want to do that.
Although BJP is a nationalist party, their policies are creating regionalism. India is a nation of nations, if you try to "create" nationalism, it will turn out to be regionalism.
I have to agree that Congress is in a much better shape than it was before and is working as one party. The only stability issue is that that unity is based on an illogical reason of Gandhi family. Think of the crisis that India will go through if there was no Sonia Gandhi or Rahul Gandhi to hold that party stable. Do you still want to call India a stable democracy?
Left parties in India has failed to fill the BIG gap between right and left. I cannot understand WHY. It is a potential time bomb if left do not somehow cover the gap soon. India desperately needs some alternatives.
Post a Comment