
മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ മുരളിയുടെ അഭിനേതാവും ആശാന്‍ കവിതയും' എന്ന കൃതിക്ക് സംഗീതനാടകഅക്കാദമിയുടെ ഈ വര്‍ഷത്തെ പുരസ്കാരം ലഭിക്കുമ്പോള്‍ മലയാളി തിരിച്ചറിയുന്നത് ഒരു നടന്റെ വായനാനുഭവമാണ്. അരങ്ങിലെ അനുഭവങ്ങളില്‍ നിന്ന് വെള്ളിത്തിരയിലൂടെയുള്ള മുരളിയുടെ അഭിനയയാത്ര 26 വര്‍ഷം പിന്നിടുമ്പോള്‍ താരപ്പൊലിമയില്‍ സ്വയം അവസാനിക്കുവാന്‍ ഈ നടന്‍ മിനക്കെടുന്നില്ല. പകരം വായനയിലൂടെ, യാത്രകളിലൂടെ, അടിയുറച്ച രാഷ്ട്രീയ വിശ്വാസത്തിലൂടെ തന്നിലെ അഭിനേതാവിനെ സ്ഫുടം ചെയ്തെടുക്കുകയാണ്. അഭിനേതാവും ആശാന്‍ കവിതയും എന്ന പുസ്തകത്തിന്റെ അവതാരികയില്‍ അയ്യപ്പപ്പണിക്കര്‍ ഇങ്ങനെ എഴുതി: 'നാടകാന്തം കവിത്വം' എന്ന് വെറുതെ ഉരുവിട്ടവരൊക്കെ പറഞ്ഞു ഫലിപ്പിക്കുവാന്‍ മറന്നുപോകുകയോ മിനക്കെടാതിരിക്കുകയോ ചെയ്ത കാര്യങ്ങള്‍ തികച്ചും അനായാസമായി തന്നെ ഈ നടന്‍ ഉദ്ധരണികളിലൂടെയും വിശദീകരണങ്ങളിലൂടെയും നമുക്ക് വിശ്വാസമാക്കി തരുന്നു. ഇവിടെ രാഷ്ട്രീയം, നാടകം, സിനിമ എന്നിവയെ കുറിച്ച് തന്റെ കാഴ്ചയും കാഴ്ചപ്പാടുകളും പങ്കുവെയ്ക്കുമ്പോള്‍ ജീവിതാനുഭവങ്ങള്‍ക്ക് മുകളില്‍ പതിയുന്ന ഒരു നടന്റെ ആത്മാര്‍ത്ഥമായ വാക്കുകള്‍ നമുക്ക് കേള്‍ക്കാന്‍ കഴിയുന്നു.
ഒരു നടനാകണം എന്ന് സ്വയം തീരുമാനിക്കുന്നസാഹചര്യവും അനുഭവവും എന്തായിരുന്നു?
എന്റെ അനുഭവത്തില്‍ വളരെ കുട്ടിക്കാലത്ത് തന്നെ അഭിനയത്തിന്റെ കാര്യത്തില്‍ ഒരു ജനിതകപ്രേരണ എന്നിലുണ്ടായിട്ടുണ്ട്. എന്നാല്‍ അത് ഈ മേഖലയില്‍ കൃത്യമായി ഇങ്ങനെയാവണം എന്നൊരു മുന്‍കാഴ്ചയൊന്നുമില്ലാതെയാണ് ആ അടുപ്പം തോന്നിയത്. അഞ്ചാം ക്ളാസില്‍ പഠിക്കുമ്പോള്‍ അദ്ധ്യാപകരോടൊപ്പം ഒരു നാടകത്തില്‍ അഭിനയിച്ചു. പിന്നീട് വായനാശാലയുടെ വാര്‍ഷികത്തിലും നാട്ടിലെ ഓണാഘോഷങ്ങള്‍ക്കുമൊക്കെ നാടകമുണ്ടാകും. അത് ഇന്ന് ഞാന്‍ മനസ്സിലാക്കുന്ന തരത്തിലുള്ള നാടകങ്ങളൊന്നുമായിരുന്നില്ല. പിന്നെ എന്തുകൊണ്ട് ഒരു നടനാകുന്നു എന്ന് systematic analysis ലൂടെ പറയുവാന്‍ കഴിയില്ല. എനിയ്ക്ക് മാത്രമല്ല, ഒരു കലാപ്രവര്‍ത്തകനും എന്തുകൊണ്ട് എന്നതിന് ഉത്തരമുണ്ടാവില്ല. ഡോക്ടറോ, എഞ്ചിനീയറോ, സയന്റിസ്റ്റോ ആകുന്ന ആള്‍ക്ക് പറയാം. പക്ഷെ ഒരാള്‍ എന്തുകൊണ്ട് ഒരു എഴുത്തുകാരനായി എന്നതിന് ഉത്തരമില്ല. അല്ലെങ്കില്‍, ഞാനെന്തുകൊണ്ട് ഒരു ആക്ടര്‍ അല്ലെങ്കില്‍ ഫിലിംമേക്കര്‍ ആകുന്നു എന്നതിന് കാരണം അജ്ഞാതമാണ്. നമ്മള്‍ പോലുമറിയാതെ അതിലേക്ക് ആകര്‍ഷിക്കപ്പെടുകയാണ് ചെയ്യുന്നത്.
പ്രശസ്ത നോവലിസ്റ്റ് പൌലോ കൊയിലൊ 'ദി ആല്‍ക്കമിസ്റ്റ്' എന്ന നോവലില്‍ പറയുന്നത് "നിങ്ങള്‍ ഒരു കാര്യത്തില്‍ ഉറച്ച് മനസ്സ് വെയ്ക്കുമ്പോള്‍ അതിന്റെ സഫലീകരണത്തിന് വേണ്ടി പ്രപഞ്ചം ഒരു ഗൂഢാലോചന നടത്തുന്നു'' എന്നാണ്. എന്റെ അനുഭവങ്ങളിലും ഇത് ശരിയാണെന്ന് തോന്നിയിട്ടുണ്ട്. . . കാരണം നാട്ടിന്‍പുറത്ത് പ്രത്യേകിച്ച് ശിക്ഷണങ്ങളൊന്നും കിട്ടാതെ നാടകത്തെ സംബന്ധിച്ച് തീര്‍ത്തും ഒരു റൊമെറ്റീരിയലായ എന്റെ സൌഹൃദങ്ങളും സഹകരണങ്ങളും ബന്ധങ്ങളുമെല്ലാം ഒരു ആംഗിളില്‍ മാത്രം പോയിന്റ് ചെയ്യുകയായിരുന്നു. പഠിക്കാനായി തിരുവനന്തപുരത്ത് എത്തുന്ന എനിക്ക് അപ്രതീക്ഷിതമായി ചില സൌഹൃദങ്ങള്‍ വീണുകിട്ടുന്നു. അതില്‍ ഒരു അഭിനേതാവുണ്ട്. സംവിധായകനുണ്ട്. മറ്റ് നടന്‍മാരും എഴുത്തുകാരുമുണ്ട്. ഞാനും ഇതിന്റെ ഒരു ഭാഗമാവുകയായിരുന്നു. എന്നും വൈകുന്നേരം റിഹേഴ്സല്‍ ക്യാമ്പില്‍ ഞാനെത്തും. ഈ ഘട്ടത്തിലാണ് കേരളാ യൂണിവേഴ്സിറ്റിയില്‍ ജോലി കിട്ടുന്നത്. ഞാന്‍ ഓഫീസ് ജോലിയില്‍ ഉഴപ്പും അഭിനയത്തില്‍ ആക്ടീവും ആയിരുന്നു. ശരിക്കും പറഞ്ഞാല്‍ നാലരയ്ക്കു ശേഷമാണ് ജീവിതം ആരംഭിക്കുന്നത്. രാത്രി ഒന്നര രണ്ടുമണിയാകും കിടക്കാന്‍, വളരെ സിസ്റ്റമാറ്റിക് ആയിട്ടുള്ള ട്രെയിനിങ് പാറ്റേണിലൂടെയാണ് ഞാന്‍ കടന്നുപോയിരുന്നത്. ഒരു നടനുവേണ്ട പ്രൈമറി സംഗതി എന്നുപറയുന്നത് ശരീരവും ശബ്ദവും; പിന്നെ അത് യൂണൈറ്റ് ചെയ്യുവാനുള്ള മനസ്സുമാണ്. ഈ പാറ്റേണിലൂടെയാണ് ഞാന്‍ ഏറെ കാലം കടന്നുപോയത്. സാമ്പത്തികമായി ഒന്നുമില്ലാത്ത ഒരു കുടുംബമായിരുന്നു എന്റേത്. ഇലക്ട്രിസിറ്റി ബോര്‍ഡില്‍ കുറച്ചുകൂടിമെച്ചപ്പെട്ട ഒരു ജോലികിട്ടുന്നത് ഈ സമയത്താണ്. പക്ഷേ തിരുവനന്തപുരം വിട്ടുപോയാല്‍ എന്റെ നാടകം അതില്‍ വരുമാനമൊന്നുമില്ലെങ്കില്‍പോലും അതിനോടുള്ള താത്പര്യംപോകും. നാടകമില്ലാത്ത വൈകുന്നേരം എന്നെ സംബന്ധിച്ചിടത്തോളം വളരെ ഡള്ളാണ്. ഈ മടുപ്പ് മാറ്റാന്‍ ഞാന്‍ ചെയ്യുന്നത് തിരുവനന്തപുരത്ത് പ്രധാനപ്പെട്ട ഏഴോളം ഹാളുകളുണ്ട്. ഏതെങ്കിലും പ്രോഗ്രാമുകള്‍ കഥകളിയോ, പ്രസംഗമോ, കൂടിയാട്ടമോ ഇതൊന്നുമില്ലെങ്കില്‍ മാര്‍ഗ്ഗിയില്‍ പോയി ചൊല്ലിയാട്ടം കണ്ടുകൊണ്ടിരിക്കും. അങ്ങനെ ഈ കണ്ടതും കേട്ടതും അറിഞ്ഞതുമൊക്കെയാണ് എന്നിലെ നടനെ ഉണര്‍ത്തിയത്.
നരേന്ദ്രപ്രസാദുമായുള്ള സൌഹൃദം മുരളിയെ എത്രമാത്രം സ്വാധീനിച്ചു?

കടമ്മനിട്ടയോടൊപ്പം ഏറെ നാള്‍ ഉണ്ടായിരുന്നല്ലോ. എന്തായിരുന്നു നിങ്ങളെ തമ്മില്‍ അടുപ്പിച്ച പ്രധാന ഘടകം?
കടമ്മനിട്ടയും ഞാനും പത്ത് വര്‍ഷത്തിലധികം ഒരുമിച്ചു താമസിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പല പ്രധാന കവിതകളുടെയും പിറവിക്ക് സാക്ഷ്യം വഹിക്കുവാന്‍ ഞാനുമുണ്ടായിരുന്നു. അന്ന് ഞങ്ങളെയൊക്കെ ബന്ധിപ്പിക്കുന്ന പ്രധാന ഘടകം രാഷ്ട്രീയപ്രശ്നങ്ങളാണ്. പ്രത്യേകിച്ച് അടിയന്തരാവസ്ഥയുടെ കാലം. അത് കഴിഞ്ഞുള്ള രൂക്ഷമായ കാലാവസ്ഥ. അവിടെ വരുന്നവര്‍ ആരും തന്നെ വേറൊരു വിഷയത്തെകുറിച്ച് സംസാരിക്കുന്നവരായിരുന്നില്ല. കടമ്മനിട്ടയെ കാണുവാന്‍ വരുന്നവര്‍ ആരായാലും അത് കലയുമായി ബന്ധപ്പെട്ട ആളായിരിക്കും. ആ ബന്ധം എനിയ്ക്കുമുണ്ട്. നരേന്ദ്രപ്രസാദുമൊന്നിച്ചായിരുന്നു.
കടമ്മനിട്ടയുടെ കവിതകളെ കുറിച്ച്?
കടമ്മനിട്ടയുടെ ആധാരം എന്ന് പറയുന്നത് എഴുത്തച്ഛനാണ്. എഴുത്തച്ഛനോടും ആശാനോടുമുള്ള അസൂയ മറ്റാരോടുമില്ലെന്ന് കടമ്മനിട്ട പറയും. ഞാന്‍ ഗുരുജി എന്നാണ് വിളിക്കുന്നത്. നരേന്ദ്രപ്രസാദ് കടമ്മനിട്ടയുടെ പുസ്തകത്തിന്റെ അവതാരികയില്‍ കവിതയെഴുതാനിരിക്കുന്നകടമ്മനിട്ട കടന്നുപോകുന്ന അബോധമായ പ്രക്രിയയെ കുറിച്ച് പറയുന്നുണ്ട്. ചില വാക്കുകള്‍ കിട്ടിയില്ലെങ്കില്‍ പുള്ളി ആകെ അസ്വസ്ഥനാകും. ഇവരില്‍ നിന്നൊക്കെയാണ് ഒരു നടനാകണമെങ്കില്‍ നല്ലൊരു വായനക്കാരനാകണം എന്ന് ഞാന്‍ മനസ്സിലാക്കുന്നത്. കാരണം ഇതിന്റെ ബെയ്സ് എന്ന് പറയുന്നത് ഇമാജിനേഷന്‍ ആണ്. സങ്കല്‍പ്പിക്കുവാനുള്ള മെറ്റീരിയല്‍ എന്നുപറയുന്നത് ജീവിത സന്ദര്‍ഭങ്ങളും.
കുറത്തിപോലെ കാലഘട്ടത്തോട് കലഹിച്ചിരുന്ന കവിതകളെഴുതിയ കടമ്മനിട്ടയുടെ സമീപകാല കവിതകള്‍ക്ക് തീക്ഷ്ണത പോര എന്നുതോന്നുന്നു. കടമ്മനിട്ടയും കോമ്പ്രമൈസ് ചെയ്യുന്നു എന്ന വിമര്‍ശനത്തെ എങ്ങനെയാണ് കാണുന്നത്?
കടമ്മനിട്ട എന്ന കവിയുടെ സവിശേഷത അദ്ദേഹം ഒരു സീസണ്‍ കവിയല്ല എന്നതാണ്. എന്നുപറഞ്ഞാല്‍ നമ്മുടെ മിക്കവാറും കവികള്‍ക്കെല്ലാം പത്രമാസികകളില്‍ നിന്ന് "ഓണപതിപ്പ് ഇറക്കുന്നു. ഒരു കവിത വേണം'' എന്ന എഴുത്ത് കിട്ടും. അഞ്ച് ഓണപതിപ്പുകള്‍ക്ക് വേണ്ടി അഞ്ച് കവിതകള്‍ എഴുതുന്നവര്‍ പോലുമുണ്ട്. കടമ്മനിട്ട എല്ലാം കൂടി എഴുതിയ കവിതകള്‍ വളരെ കുറവാണ്. വലിയ social provocation ഉണ്ടാകുമ്പോഴെ കടമ്മനിട്ട കവിത എഴുതിയിട്ടുള്ളൂ. അഥവാ, എപ്പോള്‍ ആവശ്യപ്പെട്ടാലും കവിത എഴുതുവാന്‍ പറ്റുന്ന ഒരു കവിയല്ല അദ്ദേഹം. വലിയ ആന്തരികസമ്മര്‍ദ്ദങ്ങളുണ്ടാകുമ്പോള്‍, പ്രത്യേകിച്ച് എഴുതാതിരിക്കുവാന്‍ നിവൃത്തിയില്ലാത്തപ്പോഴാണ് അദ്ദേഹം കവിത എഴുതുന്നത്. അത് വലിയൊരു poet ന്റെ ലക്ഷണമാണ്. പാരമ്പര്യമായ അര്‍ച്ചനയും മാര്‍ക്സിയന്‍ ഈസ്തറ്റിക്സുമാണ് കടമ്മനിട്ട കവിതകളെ ശക്തമാക്കുന്നത്. ശങ്കരപ്പിള്ള സാറ് പറയുന്നത്, കടമ്മനിട്ട രാമകൃഷ്ണന്‍ കവിതയില്‍ എഴുതിയിരിക്കുന്നത് നാടകത്തില്‍ വരുമ്പോഴാണ് നമുക്ക് തനത് എന്ന് പറയുവാന്‍ കഴിയുന്നത് എന്നാണ്.
ഒരു നടന്‍ എന്ന നിലയില്‍ നാടകാഭിനയവും സിനിമയും എങ്ങനെയാണ് വിലയിരുത്തുക?
അഭിനയത്തിന്റെ കാര്യത്തില്‍ നാടകം പോലെ വൈവിധ്യമുള്ള ഒരു മേഖലയില്ല. സിനിമയില്‍ ഈ വൈവിധ്യമില്ല. ക്യാമറയ്ക്കുമുന്നില്‍ പതറാതെ നിന്നുപിഴയ്ക്കാന്‍ പഠിച്ചാല്‍ ആര്‍ക്കും അഭിനയിക്കാം. ഓരോ നാടകവും ആവശ്യപ്പെടുന്നത് വളരെ വ്യത്യസ്തമായ അഭിനയശേഷിയാണ്. ഒരിക്കലും ഹാംലെറ്റ് പോലെയായിരിക്കില്ല സീസര്‍ ചെയ്യുന്നത്. നാടകങ്ങള്‍ അഥവാ ഒരു നാടകകൃതി ആവശ്യപ്പെടുന്നതിന്റെ പ്രമേയപരവും അഭിനയപരവുമായ കാര്യങ്ങള്‍ വളരെ വ്യത്യസ്തമായിരിക്കും. അപ്പോള്‍ ഒരു നടനെ സംബന്ധിച്ചിടത്തോളം ഈ വൈവിധ്യം മനസ്സിലാക്കുക എന്നത് വളരെ പ്രധാനമാണ്.
സിനിമയില്‍ വൈവിധ്യമില്ല എന്നാണോ?
ഒരുനല്ല സിനിമയില്‍ അഭിനയിക്കുമ്പോള്‍ നമ്മളൊരുപാട് ഹോംവര്‍ക്കൊക്കെ ചെയ്യേണ്ടിവരും. വൈവിധ്യമാണ് ഒരു നടന്റെ ഉരകല്ല്. ഇത് നമ്മള്‍ പഠിക്കുന്നത് തിയറ്ററില്‍ നിന്നാണ്. എന്റെ വ്യക്തിപരമായുള്ള സംഭാഷണരീതിയും ചലനങ്ങളും പിന്നെ ആംഗികമായ പ്രത്യേകതകളും മാറ്റി നിര്‍ത്തിയുള്ള വേഷങ്ങള്‍ അഭിനയിക്കുമ്പോഴാണ് വ്യത്യസ്തം എന്ന് പറയുന്നത്. ദൌര്‍ഭാഗ്യവശാല്‍ അത്തരം വേഷങ്ങള്‍ സിനിമയില്‍ വളറെ കുറവാണ്. വല്ലപ്പോഴും വീണുകിട്ടിയാല്‍ ഭാഗ്യം.
നാടകവേദിയുടെ ഫിലോസഫിയും സമീപനവും എന്തായിരിക്കണം?

നമ്മുടെ തീയറ്ററിന് കലോചിതമായ മാറ്റം വരുന്നില്ല എന്നാണോ?
ഒരു പ്രതിഭ ഉണ്ടായാലേ മാറ്റം വരൂ. കേരളത്തില്‍ കണ്ടുശീലിച്ചതില്‍ നിന്ന് വ്യത്യസ്തമായി കാമ്പുള്ള പുതിയ അപ്രോച്ചിന് ഒരാള്‍ക്ക് കഴിയുന്നുണ്ടെങ്കില്‍ മാത്രമെ മാറ്റം വരൂ. പിന്നെ നാടകം വച്ചിട്ടുള്ള നമ്മുടെ തീയറ്റര്‍ ഹിസ്റ്ററി എന്ന് പറയുന്നത് വളരെ ചെറുതാണ്. ശരിക്കും കൂടിയാട്ടവും കഥകളിയുമൊക്കെയാണ് നമ്മുടെ തിയറ്റര്‍. വിശ്വനാടകവേദികടലുപോലെ പരന്ന് കിടക്കുകയാണ്. എത്രയോ തരത്തിലുള്ള നാടകങ്ങള്‍. ആ നാടകങ്ങള്‍ വിവിധ തരത്തില്‍ ആവിഷ്കരിപ്പിക്കുവാനുളള സാധ്യത പടിഞ്ഞാറന്‍ രാജ്യങ്ങളിലാണ്. ഗാരിക്കിന്റെയും എഡ്മണ്ടിന്റെയും കാലത്തുള്ള അഭിനയരീതിയല്ല ലോറന്‍സ്കിയുടെ കാലത്തുള്ളത്. ഒരു നാടകം തന്നെ പത്തും പതിനഞ്ചും ഇരുനൂറും തരത്തില്‍ അവതരിപ്പിക്കാം. ആ അവസരം നമുക്കുണ്ടായിട്ടില്ല. ലണ്ടനില്‍ ഒരേ സ്റ്റേജില്‍ കഴിഞ്ഞ 18 വര്‍ഷമായി ഹൌസ്ഫുള്‍ ആയി കളിച്ചുകൊണ്ടിരിക്കുന്ന നാടകങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അതുമാത്രമല്ല അവിടെ ഒരു നാടകനടന് സുഖമായി ജീവിക്കുകയും ചെയ്യാം.
നമ്മുടെ രാഷ്ട്രീയ നാടകവേദിയെ കുറിച്ച്?
പ്രചരണ നാടകങ്ങളാണ് രാഷ്ട്രീയ നാടകവേദിയില്‍ പ്രധാനമായും ഉണ്ടായിട്ടുള്ളത്. കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കുകയും കേരളത്തില്‍ ജന്മിത്വം നിലനില്‍ക്കുകയും ചെയ്യുന്ന കാലഘട്ടത്തില്‍ എഴുതപ്പെട്ടിട്ടുള്ളവയാണ് തോപ്പില്‍ഭാസിയുടെ നാടകങ്ങള്‍. ആ ഒരു ഘട്ടം കഴിഞ്ഞ് ഇന്നലെ, ഇന്ന്, നാളെ എന്ന തരത്തിലുള്ള നാടകങ്ങളാണ് പിന്നീടു വന്ന അശ്വമേധം, ശരശയ്യ തുടങ്ങിയ നാടകങ്ങള്‍. ഇവ അക്കാലത്ത് ഒരു സാമൂഹികവിഷയത്തിന്റെ പ്രതിഫലനവും ഒപ്പം പ്രചരണവുമായിരുന്നു. പ്രചരണമാകുമ്പോള്‍ വരുന്ന രണ്ട് പ്രശ്നങ്ങള്‍ തെരഞ്ഞെടുക്കുന്ന വിഷയങ്ങള്‍ക്ക് മുന്‍ഗണ കൊടുക്കേണ്ടിവരുന്നു എന്നതും ഇതൊരു സ്ഥാപനമായി മാറുന്നു എന്നതുമാണ്. സ്ഥാപനമാകുന്നതോടുകൂടി ഇതൊരു തൊഴില്‍ പ്രശ്നമാകുന്നു. അപ്പോള്‍ എല്ലാവര്‍ഷവും ഒരു നാടകമെഴുതുവാന്‍ നാടകകൃത്ത് നിര്‍ബന്ധിതനാവുന്നു. ഈ ഫോഴ്സ് ശരിയായ കലയ്ക്ക് ഒരു ബാധ്യതയാണ്. അഥവാ, കാലത്തെ അതിജീവിക്കുന്ന തരത്തിലുള്ള അടിസ്ഥാനപരമായ മനുഷ്യന്റെ ചില ചോദനകളും അവന്റെ പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നവയാണ് കാലത്തെ അതിജീവിക്കുന്ന നാടകങ്ങള്‍. അതിന്റെ തീം മാത്രമല്ല ഇന്റര്‍പ്രിറ്റേഷന് വിധേയമാകുന്ന അതിന്റെ ബോഡി ഇതൊക്കെചേര്‍ന്നാണ് നാടകത്തെ കാലാതിവര്‍ത്തിയാക്കുന്നത്. മറ്റൊന്ന്, വേറൊരു സാഹിത്യശാഖയെയും പോലെയല്ല നാടകം. 'നാടകാന്തം കവിത്വം' എന്നാണ് പറയുന്നത്. ഒരു കവിയാണ് നാടകകൃത്ത്. അപ്പോള്‍ അത്തരം പ്രതിഭകളാണ് പ്രധാനം. അത് വളരെ കുറവാണ്. മാര്‍ക്സിയന്‍ ദര്‍ശനങ്ങളുടെ ശക്തമായ സ്വാധീനം അതിനെ തുടര്‍ന്നുവന്ന ചിന്തകള്‍ ഏഗംല്‍സ്, ലെനിന്‍, മാവോ, ചെഗുവേര, നെരൂദയുടെ കവിതകള്‍ ഇതെല്ലാം ഇവിടെ ചര്‍ച്ചചെയ്യപ്പെട്ടു.എന്നാല്‍, മാര്‍ക്സിനെപോലെ തന്നെ ദുരിതമനുഭവിച്ച ഒരു നാടകനടനുണ്ട്. അത് ബ്രഹ്ത്താണ്, ബ്രഹ്ത്തിന്റെ ഒരു നാടകവും നമ്മള്‍ പരക്കെകണ്ടില്ല. മാര്‍ക്സിന്റെ പ്രസിദ്ധമായ തിയറിയായ അന്യവത്ക്കരണത്തിന്റെ സാധ്യത രംഗത്ത് കൊണ്ടുവരുന്നത് ബ്രഹ്താണ്. നാടകത്തില്‍ അന്യവത്ക്കരണം എന്ന് പറയുമ്പോള്‍ നാടക ഗാത്രത്തില്‍ സംഭവിക്കുന്ന രാസപരിണാമങ്ങളുമായി പ്രേക്ഷകന്‍ Imotionaly involve ചെയ്യരുത് എന്നാണ് അദ്ദേഹം പറയുന്നത്. സ്റ്റേജില്‍ നോക്കിക്കൊണ്ട് കരയുവാനും ചിരിക്കുവാനും കയ്യടിക്കുവാനുമല്ല പ്രേക്ഷകന്‍ വരുന്നത്. നാടകം ശരിക്കും പഠിപ്പിക്കലാണ്. ജീവിതത്തിന്റെ അവസ്ഥയും അതിന്റെ ക്രൂരതയും ദൈന്യതയുമാണ് സ്റ്റേജില്‍ കാണിക്കുന്നത്. മദര്‍ കറേജ് എന്ന നാടകമായാലും ഗലീലിയോ ആയാലും അതില്‍ നമ്മളുമായി താദാത്മ്യം വരും എന്നറിയുമ്പോഴേയ്ക്കും അതിന്റെ രസച്ചരട് പൊട്ടുകയും അവിടെ ഇത് നാടകമാണല്ലോ എന്ന് ചിന്തിക്കുകയും ചെയ്യുന്നു. നാടകഗാത്രത്തില്‍ നാം ഇമോഷനെ പിന്‍തള്ളുകയും ഇതാണല്ലോ അവസ്ഥ എന്ന് ചിന്തിക്കുകയും ചെയ്യുന്നു. ബ്രഹ്ത്തിന്റെ നാടകങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ഇത്തരം ജീവിതാവസ്ഥ മലയാളത്തിലെ നാടകങ്ങളില്‍ വന്നിട്ടില്ല.
നാടകവേദിയില്‍ നിന്ന് മലയാള സിനിമയില്‍ വന്ന പലരും പിന്നീട് നാടകവേദിയെ ഗൌരവമായി സമീപിക്കാറില്ല. നാടകവേദിയുടെ പിറകോട്ടു പോക്കിന് ഇതും ഒരു കാരണമല്ലെ?
നാടകത്തില്‍ നിന്ന് സിനിമയില്‍ വന്നിട്ടുള്ളവര്‍ വളരെ കുറവാണ്. അത് തന്നെ പലതരത്തിലുള്ള നാടകത്തില്‍ നിന്ന് വന്നവരാണ്. ചിലര്‍ പ്രൊഫഷണല്‍ തിയറ്ററില്‍ നിന്ന് വന്നിട്ടുള്ളവരാണ്. ചിലര്‍ സീരിയസ് നാടകവേദിയില്‍ നിന്നും വന്നിട്ടുള്ളവരാണ്. ഒരാളിന്റെ Attitude ഉം അAptitude ഉം നോക്കി എങ്ങനെ എന്നൊന്നും പറയാന്‍ കഴിയില്ല. ഞാന്‍ തന്നെ വളരെക്കാലം നാടകത്തില്‍ അഭിനയിച്ചിരുന്നില്ല. പിന്നെ ഒരു നിര്‍ബന്ധത്തിനുവഴങ്ങിയാണ് വീണ്ടും നാടകത്തില്‍ അഭിനയിക്കുന്നത്. ഈ സിനിമയുടെ ഒരു പ്രശ്നം നിലനില്‍പ്പിന്റെയും ജീവിതത്തിന്റെയും പ്രശ്നമാണ്. അതിനിടയ്ക്ക് നമുക്ക് രണ്ട് ദിവസമോ മൂന്ന് ദിവസമോ അല്ലെങ്കില്‍ ഒരാഴ്ചയോ ആണ് ഒഴിവുകിട്ടുക. അങ്ങനെ മൂന്ന് ദിവസം ഒഴിവുകിട്ടുമ്പോള്‍ ഓടിവന്ന് അഭിനയിക്കാവുന്നതല്ല നാടകം. അതിനൊരു തുടര്‍ച്ച ഉണ്ട്. റിഹേഴ്സല്‍ വേണം. രണ്ട്, സിനിമയിലഭിനയിക്കാനുളള ഏറ്റവും നല്ല ക്വാളിഫിക്കേഷന്‍ മിമിക്രിയാണ് എന്ന ഒരവബോധത്തിന്റെ കാലത്താണ് നാം ജീവിക്കുന്നത്. എന്നത് ഓര്‍ക്കണം.
നാടകം ഒഴിച്ചിട്ട സ്ഥലത്തിലേക്കല്ലെ മിമിക്രി നടന്‍മാര്‍ കയറിവരുന്നത്?
സിനിമയുടെ കാര്യത്തില്‍ ഇതൊന്നും പറയുവാന്‍ കഴിയില്ല. നമുക്കാര്‍ക്കും പരിചയമില്ലാത്ത ഒരാള്‍ ഒരു ദിവസം കൊണ്ട് സൂപ്പര്‍സ്റ്റാര്‍ ആകാം. അയാള്‍ക്കൊരു പക്ഷെ ഒന്നിനെ കുറിച്ചും ഒരു ധാരണയും ഉണ്ടാകണമെന്നില്ല. അയാളുടെ മാനറിസങ്ങളും പെരുമാറ്റവും ആളുകള്‍ക്ക് ഇഷ്ടപ്പെടും. മറ്റൊന്ന് സിനിമാനടന്‍ നാടകം അവതരിപ്പിക്കുമ്പോള്‍ ആളുകള്‍ വരും. വളരെയധികം പേര്‍. സിനിമാനടനെ കാണുവാന്‍ വരുന്നവരാണവര്‍. അവിടെ നാടകത്തോടുള്ള സ്നേഹനമല്ല കാണികള്‍ക്കുള്ളത്. കഥകളി കാണുവാന്‍ പോകുന്നത് കഥകളി ഭ്രാന്തന്‍മാര്‍ തന്നെയാണ്. ഇപ്പോള്‍ നളചരിതം ഒരേ കഥതന്നെ തുടര്‍ച്ചയായി പത്ത് ദിവസം കിട്ടുണ്ണി ആശാനും ഗോപി ആശാനും ആടിയാലും പിന്നെയും നാടിന്റെ നാനാഭാഗത്തുനിന്നും ആളുകള്‍ വന്നുകൊണ്ടിരിക്കും. കാരണം ഇന്നലത്തെ നടനല്ല ഇന്നത്തെ നടന്‍ എന്നവര്‍ക്കറിയാം. നാടകത്തിന്റെ ഈ അവസ്ഥയൊക്കെ പോയി. അത് നമ്മുടെ സെന്‍സിബിലിറ്റിയില്‍ വന്ന മാറ്റം തന്നെയാണ്.
സ്രഷ്ടാവിനെപ്പോലും ലജ്ജിപ്പിക്കുന്ന ശുദ്ധന്‍മാരാണ് നമ്മുടെ നായകന്‍മാര്‍ എന്ന് എഴുതിയിട്ടുണ്ടല്ലോ. നമ്മുടെ നായകന്‍മാര്‍ക്ക് എന്ത് പറ്റി?
ഇത് എവിടെ നിന്ന് വന്നുകയറിയെന്ന് എനിക്കറിയില്ല. ഇംഗ്ളീഷ് സിനിമയില്‍ ഇങ്ങനെയില്ല. തമിഴ്, മലയാളം, തെലുങ്ക് ചിത്രങ്ങളില്‍ തെലുങ്കും തമിഴും നമുക്ക് വിടാം. മലയാളത്തില്‍ ഇത് വന്നപ്പോഴാണ് സങ്കടം. ഇപ്പോള്‍ സ്ത്രീകള്‍ ജീവിതത്തിലില്ല; അവര്‍ കഥാപാത്രങ്ങളായി വരുന്നത് പാട്ടിനും ഡാന്‍സിനും മാത്രമാണ്. 60 കളിലും 70 കളിലുമാണെങ്കില്‍ സിനിമയുടെ സാങ്കേതികവിദ്യയൊന്നും ഇത്ര മികച്ചതായിരുന്നില്ല. എന്നാല്‍, ജീവിതത്തെ തൊട്ടറിഞ്ഞ എഴുത്തുകാരുടെ എണ്ണം പറഞ്ഞ കൃതികളാണ് സത്യന്‍മാഷിന്റെയും നസീറിന്റെയുമൊക്കെ കാലത്ത് അവരഭിനയിച്ച കഥാപാത്രങ്ങള്‍. വടക്കന്‍വീരഗാഥയില്‍ ഒരു പെണ്ണിന്റെ മനസ്സ് തൊട്ടറിഞ്ഞാണ് എം ടി എഴുതിയിട്ടുള്ളത്. ചന്തുവിനെ വിളിച്ചുവരുത്തുകയാണ് ആര്‍ച്ച. എന്നാല്‍, ഭര്‍ത്താവിനോട് പറയുന്നത് ഇവന്‍ അകത്ത് വലിഞ്ഞ് കയറി വന്നു എന്നാണ്. കാലത്തിലെ സെയ്ത്, വിഗ്രഹത്തിന്റെ മുഖത്ത് കാര്‍ക്കിച്ച് തുപ്പുന്ന വെളിച്ചപ്പാട്, മതം മാറുന്ന ഗോവിന്ദന്‍കുട്ടി ഇവരൊക്കെ ജീവിതത്തില്‍ ഏങ്കോണിപ്പുള്ളവരാണ്. എന്നിട്ടും എന്തുകൊണ്ട് അവരെ നായകസ്ഥാനത്ത് കാണുന്നു എന്നുചോദിച്ചാല്‍ അതൊരു കാഴ്ചപ്പാടാണ്. ആ കാഴ്ചപ്പാടിനെയാണ് നമ്മള്‍ അംഗീകരിക്കുന്നത്. അല്ലാതെ, രാവിലെ മുതല്‍ ഭസ്മക്കുറിയിട്ട് പൂണുലുമിട്ട് നടന്നതുകൊണ്ട് മനുഷ്യന്‍ നന്നാവില്ല. നിവൃത്തിയില്ല, ഇങ്ങനെയായിപ്പോയി.
അടിയുറച്ച രാഷ്ട്രീയവിശ്വാസം അഭിനയത്തെ സ്വാധീനിച്ചിട്ടുണ്ടോ?
അതില്‍ നിന്നുള്ള അനുഭവം സഹായകമായിട്ടുണ്ട്. ഇടതുപക്ഷരാഷ്ട്രീയത്തിന്റെ ചരിത്രത്തെ കുറിച്ചുള്ള ലളിതമായ ധാരണയും രാഷ്ട്രീയ ഇടപെടലും എന്നെ ഏറെ സഹായിച്ചിട്ടുണ്ട്. കാരണം, വിമോചനസമരം എന്ന് പറയുമ്പോള്‍ എന്നെപോലെയുള്ള ആളുകള്‍ക്ക് പെട്ടെന്ന് പറഞ്ഞ് നിര്‍ത്താന്‍ കഴിയില്ല. 57 ലെ മന്ത്രിസഭ, കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പ്. 68 ലെ നക്സല്‍ബാരി മൂവ്മെന്റ് ഇതൊന്നും ഒരു വാക്കില്‍ പറഞ്ഞ് നിര്‍ത്താന്‍ കഴിയില്ല. കാരണം ഞാനും ഉള്‍പ്പെട്ടവ ആണത്. അതിന്റെ പ്രതീക്ഷയും നിരാശയും എന്നെയും ബാധിച്ചിരുന്നു. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഒരാളെ രണ്ടായി വലിച്ച് കീറിയത് പോലെയാണ് എനിക്ക് ഫീല്‍ ചെയ്തത്.
അവാര്‍ഡു കിട്ടിയ കഥാപാത്രങ്ങളെ കുറിച്ച്?
അംഗീകാരം കിട്ടിയിട്ടുള്ള കഥാപാത്രങ്ങളെല്ലാം തന്നെ അമരം, ആധാരം, താലോലം, നെയ്ത്തുകാരന്‍, കാണാകിനാവ് ഇതിലൊക്കെ ചില പ്രവൃത്തികളുണ്ട്. ഇതിന് ഞാന്‍ വളരെയേറെ പ്രാധാന്യം കൊടുത്തിരുന്നു. സാധാരണ നമ്മുടെ സിനിമയില്‍ നടക്കുന്നത് പ്രസംഗങ്ങളാണ്. ഒരു മൂന്നാംകിട ഹോളിവുഡ് സിനിമയില്‍ കൂടി ഇങ്ങനെ നടന്ന് പ്രസംഗിക്കില്ല. എന്തെങ്കിലും ഒരു പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ആ ഫ്രെയിമില്‍ വരുന്ന സംഗതികളാണ് ഉണ്ടാവുക. നിര്‍ഭാഗ്യവശാല്‍ നമുക്കാണെങ്കില്‍ ഞരമ്പുവലിഞ്ഞു പിടിക്കുന്ന സംസാരങ്ങളാണ് കൂടുതലുള്ളത്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു എന്നത് തന്നെയാണ് കഥാപാത്രങ്ങളുടെ പ്രാധാന്യം.
ഒരുപാട് യാത്രകള്‍ ചെയ്തിട്ടുണ്ടല്ലോ. ഈ യാത്രകള്‍ മുരളിയിലെ നടനെ എങ്ങനെയാണ് സ്വാധീനിച്ചിട്ടുള്ളത്?

താരങ്ങള്‍ അണിനിരക്കുന്ന വലിയ ആഘോഷങ്ങള്‍, അവിടെ മുരളിയുടെ സാന്നിദ്ധ്യം വളരെ കുറവാണ്. മറ്റൊരു മാര്‍ഗം സ്വയം തിരഞ്ഞെടുക്കുകയാണോ?
അതല്ല പ്രശ്നം. അമ്മ തുടങ്ങിയ സംഘടനകളും മറ്റും ഷോകള്‍ നടത്തുന്നു. അത്തരം വേദികളിലൊന്നും ഞാന്‍ ഫിറ്റല്ല എന്നെനിക്കറിയാം. കാരണം എനിക്കറിയാവുന്ന കാര്യങ്ങളല്ല അവിടെ വേണ്ടത്. അവിടെ വേണ്ടത് എനിക്കറിഞ്ഞുകൂടാ. എനിക്കറിയാവുന്നത് അത്യാവശ്യം ഒരു നാടകം അഭിനയിക്കാം. ലങ്കാലക്ഷ്മി നാടകം അഭിനയിക്കുമ്പോള്‍ ആദ്യമേതന്നെ പറയും പത്തുമുന്നൂറ് പേര് മതി. എഴുന്നേറ്റ് പോകേണ്ടവര്‍ക്ക് ആദ്യമേ പോകാം. ഫ്ളാഷ് ഫോട്ടോ ഉപയോഗിക്കരുത്. പുണ്യമായൊരു അന്തരീക്ഷം പ്രധാനമാണ് എന്നൊക്കെ മറിച്ച്, ഒരു മഹാജനക്കൂട്ടത്തിന് നടുവില്‍ എനിക്കൊന്നും ചെയ്യുവാനില്ല. ഇപ്പോഴത്തെ ഈ ഡപ്പാന്‍കൂത്ത് ഡാന്‍സ്, അതെനിക്ക് അറിഞ്ഞും കൂടാ. മിമിക്രി അറിയില്ല. അത് സത്യത്തില്‍ അവരുടെ കുറ്റമല്ല. എന്റെ കുറ്റം തന്നെയാണ്. പക്ഷെ ആ കുറ്റം ഒരു കുറവായിട്ട് ഞാന്‍ കാണുന്നില്ല....
*
കടപ്പാട്: യുവധാര
2 comments:
"അഭിനയത്തിന്റെ രസതന്ത്രം എന്ന് പറയുന്നത് അഭിനയിക്കുമ്പോള്‍ നടനില്‍ സംഭവിക്കുന്ന രാസപ്രക്രിയയാണ്. അതെന്താണ്? എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നു? സ്റ്റേജില്‍ നില്‍ക്കുന്ന ഒന്നരമണിക്കൂറും മുരളി മുരളിയായിട്ടുതന്നെയാണോ? അതോ അവനെന്തെങ്കിലും മാറ്റം ഉണ്ടോ. മാറ്റം എന്ന് പറയുന്നത് കഥാപാത്രത്തിന്റെ മജ്ജയും മാംസവും പ്രത്യേകതകളും ഇയാളിലേക്ക് കയറുന്നതാണോ. ഇയാളുടെ ശരീരം ചൂടാകുന്നുണ്ട്. വിയര്‍ക്കുന്നുണ്ട്. അപ്പോള്‍ പൂര്‍ണ്ണമായ ഒരു യാഥാര്‍ത്ഥ്യബോധമില്ലാതെ അവിടെ ഒരു Subconcious പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ട് അഭിനയമില്ലാതെ മറ്റൊരു വീക്ഷണമില്ല. ഒരു പക്ഷെ മലയാളത്തില്‍ ഞാന്‍ കൂടുതല്‍ സമയം ചെലവഴിച്ചത് ആശാനെ വായിക്കാനാകും, അദ്ദേഹത്തിന്റെ വ്യക്തിജീവിതം എന്നില്‍ വളരെ വിഷമമുണ്ടാക്കിയിട്ടുണ്ട്. മിക്ക കവിതകളിലെയും കുറെ വരികളെങ്കിലും എനിക്കു മന:പാഠമാണ്. അവയിലെ അഭിനയാംശങ്ങളും നാടകമുഹൂര്‍ത്തങ്ങളുമായിരുന്നു എന്റെ മനസ്സില്‍ തറഞ്ഞത്. 'വാസവദത്തയുടെ' ചലനം പോലെയല്ല 'നളിനിയുടെ' ചലനം. ഇതൊന്നുമല്ല ലീല; വീണപൂവില്‍ വീഴുന്നത് പൂവാണെങ്കിലും അതില്‍ വലിയൊരു ജീവിതമുണ്ട്. ചിന്താവിഷ്ടയായ സീത തികച്ചും വ്യത്യസ്തമായ സൃഷ്ടിയാണ്. ഇങ്ങനെ വരുമ്പോഴാണ് ആശാന്‍ കവിതകള്‍ മനുഷ്യകഥാനുഗായികളാകുന്നത്, ആദ്യമൊക്കെ പേടിയുണ്ടായിരുന്നു, ഏറെ പഠനങ്ങള്‍ നടന്ന ആശാന്‍ കവിതകളെക്കുറിച്ച് എന്നെപ്പോലെ ഒരാള്‍ എഴുതുക. പിന്നീട് ഒരു വെളിപാടുപോലെ അതിനൊരു തുടക്കം കിട്ടി...''
വളരെ വ്യത്യസ്തമായി തോന്നി. ഗോപി കഴിഞ്ഞാല്‍ എനിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള നടനായിരുന്നു.
Post a Comment