
ഈ കഴിഞ്ഞവര്‍ഷം വരെ കോര്‍പ്പറേറ്റ് നികുതിനിരക്ക് 33.99% ആണെന്ന് സര്‍ക്കാര്‍ രേഖകള്‍ പറയും (1991-ല്‍ ഇത് 45% ആയിരുന്നു) അപ്പോള്‍ വ്യവസായികള്‍ അടയ്ക്കുന്ന നികുതിയെത്രയെന്നും, അതിന്റെ നിരക്കെത്രയെന്നും വേറൊരു ചോദ്യം ആവശ്യമില്ലന്ന് തോന്നും. എന്നാല്‍ 2007-08 വര്‍ഷം ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ അടച്ച പണവും നികുതിനിരക്കും (ധനകാര്യമന്ത്രി പാര്‍ലിമെന്റില്‍ സമര്‍പ്പിച്ചത്) ഔദ്യോഗികനിരക്കും തമ്മില്‍ വമ്പിച്ച വ്യത്യാസം വരുന്നതെന്തുകൊണ്ട്? യഥാര്‍ത്ഥ നിരക്ക് 34% ആയിരിക്കുമ്പോള്‍, അതിന്റെ 1/3 മാത്രമാണ്. ഐ.ടി. മേഖല ഖജനാവില്‍ അടച്ചതത്രെ! കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2007-08) ഇന്ത്യയിലെ ഐ.ടി. കമ്പനികള്‍ 23,475 കോടി രൂപ ലാഭമുണ്ടാക്കിയതിന് 2922 കോടി രൂപയാണ് നികുതിയായി അടച്ചത്. അതായത് 12%! ബി.പി.ഒ അടക്കമുള്ള ഐ.ടി. അധിഷ്ഠിത മേഖലയാവട്ടെ 15% നികുതിയാണ് അടച്ചത്. 5 ലക്ഷം രൂപ തൊഴിലെടുത്ത് വാര്‍ഷികവരുമാനമുണ്ടാക്കുന്ന സാധാരണപൌരന്‍ ഖജനാവില്‍ 30% നികുതിയടക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ധനമന്ത്രിയുടെ രേഖയനുസരിച്ചുകൊണ്ട് എണ്ണ പര്യവേഷണമേഖല കയ്യടക്കി വച്ചിട്ടുള്ള റിലയന്‍സ് അടക്കമുള്ളവര്‍ ഇതേകാലത്ത് നല്‍കിയത് 16% നികുതിയാണ് പോലും. റിയല്‍ എസ്റ്റേറ്റ് മാഫിയാ 18%വും ബാങ്കിംഗ് ഇതര ഫിനാന്‍ഷ്യല്‍ കമ്പനികള്‍ 19 ശതമാനവുമാണ് നികുതി അടച്ചത്. പെയിന്റ് കമ്പനികള്‍ 24 ശതമാനവും ഇരുമ്പുരുക്കുകമ്പനികള്‍ 25%വും നികുതി നല്‍കിയത്രെ. ഇന്ത്യന്‍ എഞ്ചിനീയറിംഗ് വ്യവസായികളാണ് 30% നികുതിയടച്ച ഒരേ ഒരു വിഭാഗം. ചുരുക്കത്തില്‍ കോര്‍പ്പറേറ്റുകളുടെ ശരാശരി നികുതി നിരക്ക് 22 ശതമാനമേ വരുകയുള്ളൂവെന്നാണ് ധനമന്ത്രിയുടെ പട്ടിക പറയുന്നത്. അതായത് 2007-08 വര്‍ഷം കോര്‍പ്പറേറ്റ് നികുതി മാത്രം - സര്‍ക്കാര്‍ കൈവിട്ടുകളഞ്ഞത് 62,199 കോടി രൂപാ വരും. ധനമന്ത്രിയുടെ സ്റ്റേറ്റ്മെന്റ് പ്രകാരം സെസിലുള്ള സോഫ്റ്റ് വെയര്‍ പാര്‍ക്കുകള്‍ക്ക് അടക്കം 13,000 കോടിയുടെ ഇളവ് 2008-09-ല്‍ നല്‍കിയിട്ടുണ്ട്. മുന്‍വര്‍ഷം ഇത് 11,700 കോടിയായിരുന്നു. ഐ.ടി. ബി.പി.ഒ വ്യവസായത്തിന് 7274 കോടിയാണ് (2008-09) അനുവദിച്ച ഇളവ്. മൊത്തം 20,274 കോടി രൂപ! ഇവരുടെ, നികുതി അടയ്ക്കും മുമ്പുള്ള മൊത്തംലാഭം കേവലം 40291 കോടി രൂപയായിരുന്നു. ലാഭത്തിന്റെ നേര്‍പകുതിയും ഖജനാവിന്റെ വിഹിതമായിരുന്നു.
സബ്സിഡികള്‍ നികുതിയിളവിന്റെ നാലിലൊന്ന്...!
സര്‍ക്കാര്‍ സബ്സിഡികള്‍ ഭീമമായി വെട്ടിക്കുറക്കുമ്പോള്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി അതിസമ്പന്ന ന്യൂനപക്ഷത്തിന് കൈമാറിക്കൊണ്ടിരിക്കുന്ന ദേശീയ ധനവിഹിതം എത്രയെന്ന് കാണുക. (യു.പി.എ. ഭരണകാലം)
പട്ടിക ഒന്ന്

വ്യവസായികള്‍ക്കുള്ള നികുതിയിളവും സാധാരണക്കാരുടെ സബ്സിഡിയും -ഒരു താരതമ്യം
അതിശയിക്കേണ്ട, 2009-10 ലെ മൊത്തം പദ്ധതി ചെലവിനെക്കാള്‍ ഒരു ലക്ഷം കോടി രൂപാ അധികമാണ് മുന്‍വര്‍ഷം ഖജനാവ് വേണ്ടന്നു വച്ച സമ്പന്നവര്‍ഗ്ഗ നികുതി വിഹിതം എന്നര്‍ത്ഥം. ഇത് ദേശീയ ഉല്‍പ്പാദനത്തിന്റെ 7.9% വരും. ദേശീയവരുമാനത്തില്‍ നിന്നും വിദ്യാഭ്യാസത്തിന് 3% വും ആരോഗ്യത്തിന് 1.2%വും ചിലവഴിക്കുമ്പോഴാണ് കുത്തകകള്‍ക്ക് നികുതിയിളവായി ഇത്രഭീമമായി ധനം ചിലവിടുന്നത്. ബജറ്റ് വകയിരുത്തുന്ന സബ്സിഡി ചെലവിന്റെ 4 മടങ്ങാണ് നികുതി ഇളവ്. എന്നിട്ടും ഈ ഗവണ്‍മെന്റിന്റെ മുന്‍ഗണനയും പരിഗണനയും കോര്‍പ്പറേറ്റ് പക്ഷപാതവും നമ്മുടെ മാധ്യമങ്ങളോ അവരെ ചുറ്റിപ്പറ്റിനില്‍ക്കുന്ന രാഷ്ട്രീയ മേലാളന്‍മാരോ കാണുന്നില്ല!എന്തുകൊണ്ടാണിത്? സംശയമെന്ത് അവരും അതിന്റെ ഗുണഭോക്താക്കളാണ്.
യു.പി.എ. ഭരണം ഏതാനും വ്യവസായികള്‍ക്ക് 5 വര്‍ഷം കൊണ്ട് 13 ലക്ഷം കോടി രൂപ അനുവദിച്ചപ്പോള്‍ ഇതേകാലത്ത് 90% ഇന്ത്യക്കാരുടെ മുഴുവന്‍ സബ്സിഡികളും ചേര്‍ത്താല്‍ മൂന്നുലക്ഷം കോടിയേ ഉള്ളുവെന്നാണ് കണക്കുകള്‍ വിശദീകരിക്കുന്നത്. അഥവാ ദേശീയ വരുമാനത്തിന്റെ 6.3 ശതമാനം (2009-10 ലെ ധനകമ്മിക്കുതുല്യം) വീതം, വ്യവസായ കുത്തകകള്‍ പ്രതിവര്‍ഷം ഖജനാവില്‍ നിന്ന് വരവുവെയ്ക്കുന്നു. ശതകോടീശ്വരന്മാര്‍ പെരുകുന്നത് കച്ചവടം ചെയ്തിട്ടല്ല, ഭരണദല്ലാള്‍മാര്‍വഴി ഖജനാവ് കുത്തിവിഴുങ്ങിയിട്ടാണെന്ന് സാരം.
കഴിഞ്ഞ അഞ്ചുവര്‍ഷം ഖജനാവ് കൊള്ളചെയ്തെടുത്ത ധനം; 2009-10ലെ ഇന്ത്യയുടെ വാര്‍ഷിക ബജറ്റിനെ കവച്ചുവയ്ക്കുന്നതാണ്. കേന്ദ്ര പദ്ധതികള്‍ക്കായി നീക്കിവച്ച തുകയുടെ ഇരട്ടിയാണ് 5 വര്‍ഷത്തെ നികുതി ഇളവുകള്‍. രാജ്യത്തിന്റെ വിദേശകടത്തിന്റെ 10 മടങ്ങുവരും അത്!
വേണ്ടന്നുവയ്ക്കുകയോ വാരിനല്‍കുകയോ ചെയ്യുന്ന നികുതിപ്പണം കോര്‍പ്പറേറ്റുകള്‍ക്ക് ശതകോടീശ്വരന്മാരാവാന്‍ അവസരം ഒരുക്കുമ്പോള്‍ നികുതിപിരിവിലെ അസംബന്ധപൂര്‍ണ്ണമായ അസമത്വങ്ങള്‍കൂടി അറിഞ്ഞുവയ്ക്കേണ്ടതാണ്. വേണ്ടന്നുവയ്ക്കുന്ന (2009-10) നികുതികളില്‍ 40%വും കസ്റംസ് നികുതികളാണ്. 28% എക്സൈസ് വിഹിതവും, 9% വരുമാന നികുതിയും, 15% കോര്‍പ്പറേറ്റ് നികുതികളുമാണന്ന് ബജറ്റ് രേഖകള്‍പറയുന്നുണ്ട്. ഇതില്‍ ഒരു ശതമാനംപോലും 90% വരുന്ന ദരിദ്രരുടെയോ സാധാരണക്കാരുടെയോ ജീവിതത്തിലേക്ക് എത്തിനോക്കുന്ന സൌജന്യങ്ങളല്ല.
നികുതി നല്‍കാത്തതിനാല്‍ ശതകോടീശ്വരന്മാരായി...
200910 വര്‍ഷത്തെ സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിച്ച ശ്രീ. പ്രണാബ് കുമാര്‍ മുക്കര്‍ജി അതിസമ്പന്നര്‍ക്കും വ്യവസായികള്‍ക്കും വേണ്ടി കനിഞ്ഞു നല്‍കിയ നികുതി ഇളവുകള്‍ ഏതാണ്ടിങ്ങനെ ക്രോഡീകരിക്കാം.
* 2008-09 വര്‍ഷത്തില്‍ 7997 കോടിരൂപാ ഖജനാവിലെത്തിച്ച ഫ്രിഞ്ച് ബനിഫിറ്റ് നികുതി ഉപേക്ഷിച്ചു.
* 10 ലക്ഷത്തിനുമുകളില്‍ വരുമാനമുള്ളവരില്‍ നിന്ന് ഈടാക്കിയിരുന്ന 10% സര്‍ചാര്‍ജ്ജ് വേണ്ടെന്നുവച്ചു. 2008-09 ല്‍ ഈ ഇനത്തില്‍ 6440 കോടി രൂപയാണ് ഖജനാവില്‍ എത്തിയിരുന്നത്.
* എണ്ണശുദ്ധീകരണം പ്രകൃതിവാതക ഉല്‍പ്പാദനം എന്നിവ നികുതിരഹിതമാക്കി. പ്രതിവര്‍ഷം 40 മുതല്‍ 50,000 കോടി രൂപ വരെ (ഖജനാവിലെത്താതെ) റിലയന്‍സ് അടക്കമുള്ള കുത്തകകള്‍ക്ക് ചെന്നുചേരും.* കയറ്റുമതിവ്യവസായങ്ങള്‍ക്കുള്ള നികുതി അവധി തുടരുകമാത്രമല്ല, ആഗോളമാന്ദ്യം പ്രമാണിച്ച് നടക്കാനിടയില്ലാത്ത 'കയറ്റുമതി'ക്കായി രണ്ടുവര്‍ഷ നികുതി അവധിപ്രഖ്യാപിച്ചു. കുറഞ്ഞത് 28,000 കോടിയുടെ ഇളവാണ് കോര്‍പ്പറേറ്റുകള്‍ക്ക് ലഭിക്കുന്നത്.
* പുതിയ കയറ്റിറക്കുമതിനയം പ്രഖ്യാപിച്ചു. കയറ്റുമതിക്കുള്ള സബ്സിഡിയായി 2008-09ല്‍ രാജ്യം നല്‍കിയത് 44,417 കോടി രൂപയായിരുന്നു. മുന്‍വര്‍ഷം ഇത് 56,265 കോടി ആയിരുന്നു. (കയറ്റുമതി ഭീമമായി കുറയുന്നതിനാല്‍ - ഈ വര്‍ഷം 2200 കോടി അധികം നല്‍കുന്നതാണെന്ന് നയത്തില്‍ പറയുന്നു.)
* സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച ഇറക്കിയ വിജ്ഞാപനം അനുസരിച്ച്, രാജ്യത്തെ സെസുകളില്‍ ഭൂമികൈമാറ്റ നികുതി പൂര്‍ണ്ണമായി വേണ്ടെന്നു വച്ചിട്ടുണ്ട്. ഉല്‍പ്പാദന ആവശ്യങ്ങള്‍ക്കുള്ള ഭൂമിക്ക് മാത്രമായിരുന്നു നിലവില്‍ ഇളവ്. ഇത്, സെസില്‍ ഉള്ള എല്ലാ ഭൂമി ഇടപാടുകള്‍ക്കും ബാധകമാക്കി. ഹോട്ടല്‍, വീട്, ഷോപ്പിംഗ് മാള്‍, ഗോള്‍ഫ് കോഴ്സ് തുടങ്ങിയുള്ള ആവശ്യങ്ങള്‍ക്കൊന്നും ഇനി ഭൂമി കൈമാറ്റ നികുതി വേണ്ട. (ഇതുവരെ 323 സെസുകള്‍ വിജ്ഞാപനം ചെയ്യപ്പെട്ടവയുണ്ട്. 255 എണ്ണം അംഗീകരിക്കപ്പെട്ടവയായി വേറെയുണ്ട്.) പുതിയ തീരുമാനം വഴി കോര്‍പ്പറേറ്റുകള്‍ക്ക് കൈ മാറുന്ന നികുതി വിഹിതം എത്രയെന്ന് ഊഹിക്കാവുന്നതാണ്.
* ബജറ്റ് പാസാക്കുമ്പോള്‍ മന്ത്രിപ്രഖ്യാപിച്ച ഇളവുകളില്‍ - റിയല്‍ എസ്റ്റേറ്റുകാര്‍ക്ക് രണ്ടുവര്‍ഷക്കാലത്തേക്കുള്ള നികുതി അവധിഉള്‍പ്പെടുന്നു. വ്യവസായപാര്‍ക്കുകള്‍ക്ക് രണ്ടുവര്‍ഷത്തേക്കു കൂടി നികുതിവേണ്ടാ. കാവേരി തടത്തിലെ പ്രകൃതിവാതക ഖനനത്തിന് 7 വര്‍ഷ നികുതിയവധി.. മാംസം, മല്‍സ്യം, ഡയറി വ്യവസായത്തിന് നികുതിയവധി.. ഖജനാവിലെ എത്ര ആയിരം കോടിയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് ഇതുവഴി കൈമാറിയിരിക്കുന്നതെന്ന് കണ്ടുപിടിക്കുക പ്രയാസം!
* 5 വര്‍ഷമായി ഇടതുപക്ഷ പ്രതിരോധത്താല്‍ നടക്കാതെപോയ കാര്യം ഇക്കുറി തീരുമാനമാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 74 മരുന്നുകള്‍ മാത്രം വില നിയന്ത്രണത്തില്‍പെടുത്തിയാല്‍ മതിയെന്നതാണ് പുതിയ പ്രഖ്യാപനം. 354 മരുന്നുകള്‍ക്കുളള വിലനിയന്ത്രണമാണ് അസാധുവാക്കുന്നത്.. കുത്തകമരുന്നുകമ്പനികള്‍ 4 വര്‍ഷമായി നിരന്തരം ആവശ്യപ്പെട്ട കാര്യമാണിത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ കോര്‍പ്പറേറ്റ്കള്‍ക്ക് സമ്പദ്‌വ്യവസ്ഥ തന്നെ കൈമാറുന്ന അതിവേഗ അജണ്ടയാണ് കേന്ദ്രബജറ്റിലും, എക്കണോമിക് സര്‍വ്വെയിലും ഉള്ളത്.

ഓഹരിക്കമ്പോളം ചോര്‍ത്തുന്നത്
കടംവാങ്ങിയ ധനം കോര്‍പ്പറേറ്റുകളുടെ ക്ഷേമ ഐശ്വര്യങ്ങള്‍ക്കായി വിനിയോഗിക്കുന്ന ഭരണരാഷ്ട്രീയക്കാര്‍- ഒരു ലിറ്റര്‍ പെട്രോളിന്റെ വിലയുടെ നേര്‍പകുതിയും നികുതിയായി വരവുവക്കുകയാണെന്ന് നമുക്കറിയാം. സേവനനികുതിയെന്ന പേരില്‍ ടെപ്പ്റൈറ്റിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിനും കല്ല്യാണപന്തലിനും നികുതിപിരിക്കുന്നവര്‍ പക്ഷേ ഇന്ത്യയിലെ അതിസമ്പന്നരെയെല്ലാം നികുതി രഹിതരായി വാഴിക്കുന്നതില്‍ നിര്‍ബന്ധബുദ്ധിയുളളവരാണ്. ഇന്ത്യയില്‍ 10% വരുന്ന അതിസമ്പന്നരെ നികുതിരഹിതരാക്കി നിലനിര്‍ത്തുന്നതില്‍ ഇക്കുറിയും സര്‍ക്കാര്‍ വാശി കാണിക്കുന്നു. അതിസമ്പന്നരുടെ കൂടാരത്തില്‍ നിന്ന് ഈ വര്‍ഷം പരിച്ചെടുക്കുന്ന വെല്‍ത്ത് ടാക്സ് വെറും 325 കോടിരൂപയാണ് പോലും. മൂന്ന് ട്രില്യന്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയുടെ 'സ്വത്ത്നികുതി' വിഹിതമാണ് ഈ തുക! ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്റെ സ്വത്ത് 2,50,000 കോടിയാണ്. ഇതിന്റെ ഒരു ശതമാനം നികുതി പിരിച്ചാല്‍ 2500 കോടി രൂപാവരും!! (എന്തുകൊണ്ടാണിതെന്ന് സംശയംവരാം. സ്വത്തുനികുതിയുടെ പരിധിയില്‍ ഉല്‍പ്പാദനപരമല്ലാത്ത സ്വത്തുക്കളേവരുകയുളളുവത്രേ! വ്യവസായ ഉടമയോ ഓഹരി ഉടമയോ ബാങ്ക്നിക്ഷേപകനോ കച്ചവട കേന്ദ്രങ്ങളുടെ ഉടമകളോ ഒന്നും സ്വത്ത് നികുതി അടക്കേണ്ടതില്ല)
കോര്‍പ്പറേറ്റുകള്‍ക്കും ധനനിക്ഷേപത്തിനായിവരുന്ന മൂലധന നിക്ഷേപകര്‍ക്കും ഇന്ത്യ നികുതിരഹിത സ്വര്‍ഗ്ഗമാണെന്ന് പറയാം. മൌറീഷ്യസ് വഴി വരുന്ന യാതൊരു വിദേശനിക്ഷേപത്തിന്റെയും മേല്‍ നികുതിചുമത്താന്‍ ഇന്ത്യക്ക് അവകാശമില്ലാത്ത ഒരു ദീര്‍ഘകാല കരാര്‍ ആ രാജ്യവുമായി നാം ഒപ്പിട്ടിട്ടുണ്ട്. ഫലത്തില്‍ മൌറീഷ്യസ് വഴിയുളള വിദേശനിക്ഷേപം മുഴുവന്‍ നികുതിരഹിതമാണ്... ദേശീയ ഖജനാവ് നിറയ്ക്കാന്‍ പാകത്തിലുളള ഒരു സ്രോതസ്സാണ് നാം ഇങ്ങനെ കൊട്ടിയടച്ചിരിക്കുന്നത്.
പ്രതിദിനം 20,000 കോടി രൂപയുടെ ഓഹരി കൈമാറ്റം നടക്കുന്ന ഓഹരികമ്പോളമാണ് മുംബൈ എക്സ്ചേഞ്ച്. ഇപ്പോഴത്തെ ഓഹരി കൈമാറ്റനികുതി നിരക്ക് വെറും 0.125% ആണ്! അത് ഒരു ശതമാനമാക്കിയാല്‍ തന്നെ 80,000 കോടി രൂപയുടെ വാര്‍ഷികവരുമാനമാണ് ഖജനാവിനുണ്ടാവുക. (ഈ ഇനത്തില്‍-0.125% നിരക്കില്‍-10,000 കോടിയാണ് കഴിഞ്ഞവര്‍ഷം പിരിഞ്ഞത്) അതുപക്ഷേ കടംവാങ്ങാന്‍ ധൃതികാണിക്കുന്ന കോണ്‍ഗ്രസ്സ് സര്‍ക്കാരിന്റെ അജണ്ടയല്ലെന്ന് ബജറ്റ് പ്രഖ്യാപിക്കുന്നു.
എണ്ണത്തില്‍ ഇന്ത്യയിലെ ഓഹരികമ്പോളത്തിലെ ഇടപാടുകാര്‍, (ചെറുനിക്ഷേപകര്‍ അടക്കം,) വെറും രണ്ട് കോടിയേ വരുകയുളളു. അവരില്‍ വന്‍കിടക്കാരായ കുറച്ച്പേരാണ് ചൂതാട്ടം നടത്തി മുഴുവന്‍ ലാഭവും കൊയ്യുന്നത്. കമ്പോളത്തിലെ ഊഹവ്യാപാരത്തിന്റെ ഏറ്റവും സുപ്രധാന കണ്ണികളിലൊന്നാണ് പാര്‍ട്ടിസിപ്പേറ്ററി നോട്ടുകള്‍.. പ്രതിവര്‍ഷം ശരാശരി 60,000 കോടി രൂപയുടെ ഇടപാടാണ് ഇതുവഴി നടക്കുന്നത്. ഉറവിടം വെളിപ്പെടുത്താത്ത ഈ ഫണ്ടിന്മേല്‍ യാതൊരു നികുതിയും സര്‍ക്കാര്‍ പിരിക്കുന്നില്ലെന്നതാണ് തമാശ! അതായത് അതിസമ്പന്നരും കുത്തകകളും നികുതിയില്ലാതെ വാഴുമ്പോള്‍ അവശ്യസാധനങ്ങള്‍ക്കെല്ലാം വന്‍നികുതിപിരിച്ച് ഖജനാവ് കുത്തിനിറയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്!
നികുതി വരുമാനം കുറയുന്നു, കമ്മി ഉയരുന്നു, കടം വാങ്ങി മുടിയുന്നു...
2009-10ലെ നികുതി വരുമാനം
ബജറ്റ് കണക്കുകള്‍ പറയുന്നത് (രൂപ കോടിയില്‍)
ബജറ്റ് കണക്കുകള്‍ പറയുന്നത് (രൂപ കോടിയില്‍)
പട്ടിക രണ്ട്

നികുതി വരുമാനത്തില്‍ (ജി.ഡി.പി.യുടെ അനുപാതത്തില്‍) ഒരു ശതമാനത്തിന്റെ കുറവാണ് ഈ വര്‍ഷം വരുന്നത്. വരുമാനനികുതിയില്‍ 10,000 കോടിയുടെ കുറവ് വരുമ്പോള്‍ എക്സൈസ് കസ്റ്റംസ് നികുതികളില്‍ 12,000 കോടിയോളം ചോരുമത്രെ!
2010 മാര്‍ച്ചില്‍ ധനകമ്മി 6.8% ആയിരിക്കുമെന്ന്, ഇതില്‍ സംസ്ഥാനങ്ങളുടെ വിഹിതം കൂടിചേരുമ്പോള്‍ 12% വരെ ഉയരാമെന്നും ബജറ്റിലുണ്ട്. രാജ്യത്തിന്റെ ദേശീയ ഉല്‍പ്പാദനത്തിന്റെ 43% വരുന്നവിധം കടം വാങ്ങുമെന്നാണ് ബജറ്റ് പറയുന്നത്. ഇപ്പോള്‍ തന്നെ 1.69 ലക്ഷം കോടി രൂപ കടം വാങ്ങിക്കഴിഞ്ഞു. (ആകെ കടം വാങ്ങുന്നത് 4.51 ലക്ഷം കോടി രൂപ) പക്ഷെ പ്രതിരോധ ചിലവ് 34% കണ്ട് വര്‍ദ്ധിച്ചു. 1,05,000 കോടിയില്‍ നിന്ന് 1,41,703 കോടിയിലേക്കാണ് വര്‍ദ്ധനവ്! ആഗോളമാന്ദ്യത്തെ തുടര്‍ന്നു കയറ്റുമതിക്കാര്‍ക്കും വ്യവസായികള്‍ക്കുമായി 1,86,000 കോടി രൂപയുടെ സൌജന്യങ്ങള്‍ അനുവദിച്ചു. കയറ്റുമതികാര്‍ക്കും, ഓഹരികമ്പോളത്തിനും, വന്‍കിട മുതലാളിമാര്‍ക്കും ധനമെത്തിക്കുകയായിരുന്നു ഈ പാക്കേജിന്റെ ഒരേയൊരു ലക്ഷ്യം. ഇന്ത്യന്‍ വ്യവസായ മേഖലയില്‍ രണ്ടു ദശാബ്ദമായി സര്‍ക്കാര്‍ കൈമാറിക്കൊണ്ടിരിക്കുന്ന 'ഭീമന്‍ പാക്കേജി' ന്റെ തുടര്‍ച്ചയായിരുന്നു ഇത്. 2.7 ശതമാനം ധനകമ്മി 6.2% കണ്ട് ഉയര്‍ന്നതും ദേശീയ കടബാധ്യത 4,51,000 കോടി ആയി (2010-ല്‍) ഉയരുന്നതും കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കുന്ന വമ്പന്‍ ഇളവുകളുടെ ഫലമാണ്. രാജ്യം കടുത്ത സാമ്പത്തിക തകര്‍ച്ചയിലേക്കാണ് അതിവേഗം നടന്നു കയറുന്നതെന്ന്, ജിഡിപിയുടെ 43% ആയി കടബാധ്യത ഉയരുമ്പോള്‍ തന്നെ വ്യക്തമാണ്. (സംസ്ഥാനങ്ങളുടെ കണക്കുകൂടി ചേര്‍ത്താല്‍ കടം 60% ആവും) 2008-09 വര്‍ഷം ജി.ഡി.പി.യുടെ 11.6% ആയിരുന്ന നികുതി വരുമാനം ഈ സാമ്പത്തിക വര്‍ഷം 10.9% മാത്രമായിരിക്കുമത്രെ. ഇതെല്ലാം കുത്തകവ്യവസായികള്‍ക്ക് കേന്ദ്രഖജനാവ് അനുവദിച്ചുനല്‍കുന്ന സൌജന്യങ്ങളാണ്.
ധനക്കമ്മിയും സര്‍ക്കാര്‍ ജീവനക്കാരും പൊതുമേഖലയും....
ധനകാര്യമാധ്യമങ്ങളിലെ കോളം എഴുത്തുകാരും കോര്‍പ്പറേറ്റ്പണ്ഡിതന്മാരും വിലപിക്കുന്നത് സബ്സിഡികളും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവുമാണ് ധനകമ്മിയുടെ കാരണമെന്നാണ്. അതുപക്ഷേ അര്‍ത്ഥശൂന്യമായ കെട്ടുകഥയാണെന്ന് കോര്‍പ്പറേറ്റുകള്‍ വാങ്ങിവയ്ക്കുന്ന സൌജന്യങ്ങളുടെ ഭീകരചിത്രം വെളിവാക്കുന്നുണ്ട്. ധനമന്ത്രിയുടെ കണക്കനുസരിച്ച് 33,63,754 കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുണ്ട്. അവരുടെ 2009 -10 വര്‍ഷത്തിലെ ശമ്പളചിലവ് വെറും 85,078 കോടിരൂപയാണ്. 1,38,370 ജീവനക്കാരടങ്ങിയ റവന്യൂവകുപ്പിലെ കൂലിചിലവ് 18,000 കോടിയാണ്. 6,41029 കോടിയുടെ നികുതിപ്പണം ഖജനാവിലെത്തിക്കുന്ന ഇവരുടെ ഉല്‍പ്പാദന ക്ഷമതയും കൂലിചെലവും തമ്മില്‍ താരതമ്യം ചെയ്താല്‍ എത്രയോ, ചിലവുകുറഞ്ഞസംവിധാനമാണ് ഇതെന്നുവ്യക്തമാവും. 13,98,139 ജീവനക്കാരുളള റയില്‍വേയുടെ വാര്‍ഷിക ശമ്പളചിലവ് 35,890 കോടിയേവരുന്നുളളൂ. ഗംഭീരമായ കാര്യക്ഷമതയും ഉല്‍പ്പാദനക്ഷമതയുമാണ് റയില്‍വേയുടേത്. 20,000 കോടി രൂപാ വാര്‍ഷികഅറ്റാദായമുണ്ടാക്കുന്ന ഇന്ത്യന്‍ റയില്‍വേയോ, മെച്ചപ്പെട്ടസേവനം നടത്തുന്ന പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റോ ഒന്നും ഖജനാവിന്റെ ചിലവിലല്ല സ്വന്തം വരുമാനത്തില്‍ നിന്നാണ് ശമ്പളം നല്‍കുന്നത്. (ഉടമസ്ഥത സര്‍ക്കാരിനാണെന്നുമാത്രം)
ഉറഞ്ഞുതുളളുന്ന കമ്പോള ഗുരുക്കന്മാരുടെ ഒരാക്ഷേപഹാസ്യകഥാപാത്രം പൊതുമേഖലയാണ്. യഥാര്‍ത്ഥത്തില്‍ ഇതില്‍ ദേശീയ ഖജനാവിന്റെ വിഹിതം തുച്ഛമാണ്. പൊതുമേഖലാബാങ്കുകളും ഇന്‍ഷൂറന്‍സ് കമ്പനികളും അവരുടെ സ്വന്തം വിഭവങ്ങള്‍കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത് വര്‍ഷാവര്‍ഷം ദേശീയ ഖജനാവിലേക്ക് വന്‍തുക ഡിവിഡന്റായി അടക്കുന്ന 'കുറ്റം' മാത്രമേ അവ ചെയ്യുന്നുളളു.
ബജറ്റിന്റെ അനുബന്ധം 14 അനുസരിച്ച് പൊതുമേഖലക്കായുളള പദ്ധതിചെലവില്‍ 98,526 കോടി രൂപാ വരുന്നത് പൊതുമേഖലയില്‍ നിന്നുതന്നെയാണന്ന് രേഖപ്പെടുത്തിയിരിക്കുന്നു. അതായത് വാര്‍ഷിക പദ്ധതി ചെലവിന്റെ നേര്‍പകുതി സംഭാവന ചെയ്യുന്നത് പൊതുമേഖലയാണെന്ന് സര്‍ക്കാര്‍തന്നെ സമ്മതിക്കുകയാണ്. 2008-09 ല്‍ മാത്രം താഴെപ്പറയുന്ന പൊതുമേഖലാസ്ഥാപനങ്ങള്‍ ആഭ്യന്തരമായി സമാഹരിച്ച ധനവിഭവം 45,129 കോടി രൂപയാണെന്നും ബജറ്റിലുണ്ട്.
പൊതുമേഖലയുടെ വിഭവസമാഹരണം 2008-09
പട്ടിക മൂന്ന്

കമ്മി കുറയ്ക്കാന്‍ വേണ്ടി പ്രതിവര്‍ഷം 25,000 കോടി രൂപ വീതം ഖജനാവില്‍ വരവുവയ്ക്കാന്‍ 49% പൊതുമേഖലാ ഓഹരി വില്‍ക്കുമെന്ന് കോണ്‍ഗ്രസ്സ് ഭരണം പ്രഖ്യാപിച്ചിരിക്കെ 2006-07ല്‍ മാത്രം 247 പൊതുമേഖല സ്ഥാപനങ്ങള്‍ ഖജനാവിലടച്ചതുക എത്രയാണ് എന്നുകൂടി നോക്കുക.
പട്ടിക നാല്

പൊതുമേഖലയിലെ തൊഴില്‍വിഹിതം
2006-07 അവസാനം ഇന്ത്യന്‍ പൊതുമേഖലയില്‍ 16.14 ലക്ഷം പേര്‍ ജോലിയെടുക്കുന്നുണ്ടായിരുന്നുവെന്നാണ് കണക്ക്. പത്തുവര്‍ഷം മുമ്പിത് 19.59 ലക്ഷമായിരുന്നു(1997-98) പത്തുവര്‍ഷം കൊണ്ട് ജീവനക്കാരുടെ എണ്ണത്തില്‍ 17.61% കുറവാണുണ്ടായത്. അന്ന് (1997-98) പൊതുമേഖലയുടെ വിറ്റുവരവിന്റെ 9.19% ശമ്പള ചിലവുണ്ടായിരുന്നുവെങ്കില്‍ പത്തുവര്‍ഷം കഴിയുമ്പോഴുളള കൂലിചെലവ് 5.54% മാത്രമാണ്! 2008 -09 ആയപ്പോഴേക്കും കൂലി ശമ്പളചിലവ് വിറ്റുവരവിന്റെ 4% ആയി താണുവെന്നാണ് ധനകാര്യഏജന്‍സികളുടെ കണക്ക്.. (പകുതിയിലും താഴെ) അതായത്. പൊതുമേഖലയില്‍ നിന്ന് രാജ്യത്തിന് ലഭിക്കുന്നത് ധനകമ്മിയാണോ, ധനവിഭവസമാഹരണമാണോ എന്ന് ഈ ലളിതമായ സ്ഥിതിവിവര കണക്കില്‍നിന്നു തന്നെ നമുക്ക് തീരുമാനിക്കാവുന്നതാണ്!
പുതിയ ടാക്സ് കോഡ് വരുന്നു
കോര്‍പ്പറേറ്റ് നികുതി 25% ആയി കുറച്ചുകൊണ്ടുള്ള പുതിയ നികുതി നിര്‍ദ്ദേശങ്ങളടങ്ങിയ ലളിതവല്‍ക്കരിച്ച ടാക്സ്കോഡ് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശമ്പളക്കാരും തൊഴിലാളികളും അടങ്ങുന്നവരെ പരമാവധി പിഴിഞ്ഞെടുക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയതാണ് പുതിയ നിയമം. 1.6 ലക്ഷം വരെ വരുമാന നികുതികൊടുക്കേണ്ടതില്ലെന്ന്, നിലവിലെ നിര്‍ദ്ദേശം അതുപോലെ തുടരുമെന്നാണ് പുതിയ രേഖയില്‍ പറയുന്നത്. 10% നികുതി നല്‍കേണ്ടവരുടെ വരുമാന പരിധി 10 ലക്ഷമാക്കിയിട്ടുണ്ട്. എന്നാല്‍, വീട്ടുവാടക അലവന്‍സ്, ലീവ്ട്രാവല്‍ അലവന്‍സ്, മെഡിക്കല്‍ റീഇംബേഴ്സ്മെന്റ്, തുടങ്ങിയവക്കെല്ലാം നികുതി നല്‍കണമെന്ന് 'കോഡില്‍' പറയുന്നു. ഗ്രാറ്റിവിറ്റി, പെന്‍ഷന്‍ കമ്മ്യൂട്ടേഷന്‍ തുക. വി.ആര്‍.എസ്. എടുത്താല്‍ കിട്ടുന്നപണം, പ്രോവിഡന്റ് ഫണ്ട് തുടങ്ങിയവയൊക്കെ പുനഃര്‍നിക്ഷേപിക്കണമെന്ന് നിയമം പറയുന്നു. അങ്ങനെ ചെയ്താലും പിന്‍വലിക്കുമ്പോള്‍ നികുതിയടക്കേണ്ട വരുമാനമായി അവ മാറുമത്രെ! 2011-ല്‍ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുള്ള പുതിയ നിര്‍ദ്ദേശങ്ങള്‍ തൊഴിലെടുക്കുന്നവരെ മുഴുവന്‍ ഇരട്ട നികുതിക്ക് വിധേയമാക്കുന്നതാണ്.
കൊള്ളമുതല്‍ അവര്‍ എവിടെ കൊണ്ടുപോകുന്നു?

കോര്‍പ്പറേറ്റ് ഇന്ത്യയുടെ പേരില്‍ വരവ് വെയ്ക്കപ്പെടുന്ന സൌജന്യങ്ങള്‍ ഇന്ത്യയില്‍ പുനര്‍നിക്ഷേപിക്കുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍
പൊളിയുന്നത് വികസന നയം
കയറ്റുമതി ചെയ്തു വളരാമെന്ന കേന്ദ്രമുദ്രാവാക്യമാണ് ആഗോളവല്‍ക്കരണത്തിന്റേത്. 1991-ല്‍ ആരംഭിച്ച കയറ്റുമതി വികസന തന്ത്രം 2009-ല്‍ എവിടെയെത്തിനില്‍ക്കുന്നുവെന്ന് ഔദ്യോഗികരേഖകള്‍ തന്നെ പറഞ്ഞുതരുന്നുണ്ട്. ആഗോള കയറ്റുമതി വിഹിതത്തിന്റെ 0.7% ആയിരുന്നു 1991-ല്‍ ഇന്ത്യയുടെ വിഹിതം. കമ്പോളവല്‍ക്കരണവും, ഉദാരവല്‍ക്കരണവും, വിദേശ കമ്പോളത്തെ ലക്ഷ്യംവച്ചുള്ള ഉല്‍പ്പാദനവും ഒക്കെ 18 വര്‍ഷമായി പൊടിപൊടിച്ചിട്ടും നമ്മള്‍ എത്തിയത് എവിടെയെന്ന് താഴെ കൊടുത്തിരിക്കുന്ന പട്ടിക വ്യക്തമാക്കും.
പട്ടിക അഞ്ച്


*
അനന്തകൃഷ്ണന്‍ അടൂര്‍
കടപ്പാട്: പി.എ.ജി ബുള്ളറ്റിന്‍ ലക്കം 74
ശ്രീ അനന്തകൃഷ്ണന്റെ ഇമെയില്‍ വിലാസം :ananthakrishnanadoor അറ്റ് gmailഡോട്ട് com
2 comments:
യു.പി.എ. ഭരണം ഏതാനും വ്യവസായികള്‍ക്ക് 5 വര്‍ഷം കൊണ്ട് 13 ലക്ഷം കോടി രൂപ അനുവദിച്ചപ്പോള്‍ ഇതേകാലത്ത് 90% ഇന്ത്യക്കാരുടെ മുഴുവന്‍ സബ്സിഡികളും ചേര്‍ത്താല്‍ മൂന്നുലക്ഷം കോടിയേ ഉള്ളുവെന്നാണ് കണക്കുകള്‍ വിശദീകരിക്കുന്നത്. അഥവാ ദേശീയ വരുമാനത്തിന്റെ 6.3 ശതമാനം (2009-10 ലെ ധനകമ്മിക്കുതുല്യം) വീതം, വ്യവസായ കുത്തകകള്‍ പ്രതിവര്‍ഷം ഖജനാവില്‍ നിന്ന് വരവുവെയ്ക്കുന്നു. ശതകോടീശ്വരന്മാര്‍ പെരുകുന്നത് കച്ചവടം ചെയ്തിട്ടല്ല, ഭരണദല്ലാള്‍മാര്‍വഴി ഖജനാവ് കുത്തിവിഴുങ്ങിയിട്ടാണെന്ന് സാരം.
കഴിഞ്ഞ അഞ്ചുവര്‍ഷം ഖജനാവ് കൊള്ളചെയ്തെടുത്ത ധനം; 2009-10ലെ ഇന്ത്യയുടെ വാര്‍ഷിക ബജറ്റിനെ കവച്ചുവയ്ക്കുന്നതാണ്. കേന്ദ്ര പദ്ധതികള്‍ക്കായി നീക്കിവച്ച തുകയുടെ ഇരട്ടിയാണ് 5 വര്‍ഷത്തെ നികുതി ഇളവുകള്‍. രാജ്യത്തിന്റെ വിദേശകടത്തിന്റെ 10 മടങ്ങുവരും അത്!
വേണ്ടന്നുവയ്ക്കുകയോ വാരിനല്‍കുകയോ ചെയ്യുന്ന നികുതിപ്പണം കോര്‍പ്പറേറ്റുകള്‍ക്ക് ശതകോടീശ്വരന്മാരാവാന്‍ അവസരം ഒരുക്കുമ്പോള്‍ നികുതിപിരിവിലെ അസംബന്ധപൂര്‍ണ്ണമായ അസമത്വങ്ങള്‍കൂടി അറിഞ്ഞുവയ്ക്കേണ്ടതാണ്. വേണ്ടന്നുവയ്ക്കുന്ന (2009-10) നികുതികളില്‍ 40%വും കസ്റംസ് നികുതികളാണ്. 28% എക്സൈസ് വിഹിതവും, 9% വരുമാന നികുതിയും, 15% കോര്‍പ്പറേറ്റ് നികുതികളുമാണന്ന് ബജറ്റ് രേഖകള്‍പറയുന്നുണ്ട്. ഇതില്‍ ഒരു ശതമാനംപോലും 90% വരുന്ന ദരിദ്രരുടെയോ സാധാരണക്കാരുടെയോ ജീവിതത്തിലേക്ക് എത്തിനോക്കുന്ന സൌജന്യങ്ങളല്ല.
ഞെട്ടിപ്പിക്കുന്ന കണക്കുകള്‍!
Post a Comment