Showing posts with label ദേവസ്വം. Show all posts
Showing posts with label ദേവസ്വം. Show all posts

Friday, May 16, 2014

ഉമ്മന്‍ചാണ്ടിയുടെ രാജഭക്തി

""ഇത്ര നാളും നല്ല രീതിയിലാണ് രാജകുടുംബം ക്ഷേത്രഭരണം നടത്തിയത്. അവരെ അവഹേളിക്കുന്ന നടപടി ശരിയല്ല. അതിനോട് തീരെ യോജിപ്പില്ല"". (ഏപ്രില്‍ 25 മലയാള മനോരമ) എന്നാണ് സുപ്രീംകോടതി വിധിയോടും അതിനോട് ഉയര്‍ന്നുവന്ന പ്രതികരണങ്ങളോടുമായി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണമുണ്ടായത്. ബാര്‍ ലൈസന്‍സ് പ്രശ്നത്തില്‍ മുഖ്യമന്ത്രിയുടേതിനോട് നേര്‍വിപരീതമായ സമീപനമെടുക്കുന്ന ആദര്‍ശകുട്ടപ്പന്‍ വി എം സുധീരന്‍ ഇതിനെതിരായിട്ടൊന്നും പ്രതികരിച്ചതായി കണ്ടില്ല. ഹിന്ദു പാര്‍ലമെന്‍റ് വക്താവും ഹിന്ദുമുന്നണിയുമൊക്കെ മുഖ്യമന്ത്രിയോട് യോജിച്ചു.

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുകള്‍ കൈകാര്യം ചെയ്തുവന്നിരുന്നത് തിരുവിതാംകൂര്‍ രാജകുടുംബമായിരുന്നു. അത് സ്വകാര്യ സ്വത്തുപോലെയാണ് കൈകാര്യം ചെയ്തിരുന്നത് എന്ന് കണ്ടെത്തിയത് സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറിയാണ്. സുപ്രീംകോടതി ആ കണ്ടെത്തലിനോട് യോജിച്ചു. അതിനെ തുടര്‍ന്നാണ് ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ ഒരു ഭരണസമിതിയെ നിയോഗിച്ചത്. എന്തായാലും അമ്പത് വര്‍ഷം മുമ്പ് പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വകാര്യ അറകളില്‍ സൂക്ഷിച്ചിരുന്നയത്രയും സ്വര്‍ണ്ണം ഇന്നവിടെ ഇല്ലെന്നതാണ് വസ്തുത. അതിനര്‍ത്ഥം ഇത്രയും നാളും നല്ല രീതിയിലാണ് രാജകുടുംബം ക്ഷേത്രഭരണം നടത്തിയത് എന്ന് പറയാനാവില്ല എന്ന് തന്നെയാണ്. അതുകൊണ്ടാണ് സുപ്രീംകോടതി ഭരണസമിതിയെ മാറ്റിയത്. എന്നിട്ടും മുഖ്യമന്ത്രി രാജകുടുംബത്തെ, ശരിയായി പറഞ്ഞാല്‍ മുന്‍ രാജകുടുംബത്തെ, വെള്ളപൂശാന്‍ വ്യഗ്രത കാണിക്കുകയും സുധീരന്‍ അതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്? ഇവിടെയാണ് ഇന്ത്യന്‍ ഭരണവര്‍ഗത്തെയും അതിെന്‍റ രാഷ്ട്രീയപാര്‍ടിയായ കോണ്‍ഗ്രസിനെയുംകുറിച്ചുള്ള സിപിഐ എം വിലയിരുത്തല്‍ ശരിവെക്കയ്പ്പെടുന്നത്.

""മുതലാളിത്ത വികസന പാത പിന്തുടരുന്നതിനായി വിദേശ ഫൈനാന്‍സ് മൂലധനവുമായി കൂടുതല്‍ കൂടുതല്‍ സഹകരിക്കുന്നതും വന്‍കിട ബൂര്‍ഷ്വാസിയാല്‍ നയിക്കപ്പെടുന്നതുമായ ബൂര്‍ഷ്വാ - ഭൂപ്രഭു വര്‍ഗഭരണത്തിെന്‍റ ഉപകരണമാണ് ഇന്നത്തെ ഇന്ത്യന്‍ ഭരണകൂടം"" എന്നതാണ് ഇന്ത്യന്‍ ഭരണകൂടഘടനയെക്കുറിച്ചുള്ള സിപിഐ എം വിലയിരുത്തല്‍. ഇന്ത്യന്‍ ഭൂപ്രഭുത്വത്തെ ജാതി - ജന്മി - നാടുവാഴി മേധാവിത്വമെന്ന് ഇ എം എസ് ശരിയായി വിശകലനം ചെയ്തിട്ടുണ്ട്. ഈ ജാതി - ജന്മി - നാടുവാഴി മേധാവിത്വവുമായി സന്ധി ചെയ്തുകൊണ്ടാണ് ഇന്ത്യയില്‍ മുതലാളിത്തം വളര്‍ന്നുവന്നത്. ലോകത്തില്‍ വികസിത മുതലാളിത്ത രാജ്യങ്ങളിലൊക്കെ ഈ നാടുവാഴിത്തത്തെയും രാജവാഴ്ചയേയുമൊക്കെ ഇല്ലാതാക്കിക്കൊണ്ടാണ് മുതലാളിത്തം വളര്‍ന്നതെങ്കില്‍ ഇവിടെ അവരുമായി സന്ധി ചെയ്യുകയായിരുന്നു.

നാട്ടുരാജ്യങ്ങള്‍ക്കെതിരായി സ്വാതന്ത്ര്യസമര പ്രസ്ഥാനം തിരിയാതിരിക്കുന്നതിന് കോണ്‍ഗ്രസ് പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്നത് ചരിത്രം. അതില്‍നിന്ന് കോണ്‍ഗ്രസ് കടുകിട മാറിയിട്ടില്ലെന്നാണ് ഉമ്മന്‍ചാണ്ടിയുടെ രാജഭക്തിയില്‍നിന്ന് മനസ്സിലാക്കേണ്ടത്. സംഘപരിവാര്‍ ശക്തികള്‍ രാജഭക്തി കാണിക്കുന്നതില്‍ അല്‍ഭുതപ്പെടേണ്ടതില്ല. അവരെ സംബന്ധിച്ചിടത്തോളം ജനാധിപത്യത്തേക്കാള്‍ താല്‍പര്യം ഹിന്ദു രാജവാഴ്ചയോടാണ്. ആര്‍എസ്എസ് രൂപം കൊള്ളുന്നതുതന്നെ ബ്രിട്ടീഷ് കൊളോണിയല്‍ ആധിപത്യത്തിന്‍ കീഴില്‍ കഴിയേണ്ടിവന്ന ഹിന്ദു രാജാക്കന്മാരുടെ താല്‍പര്യ സംരക്ഷണത്തിനായാണ്. കുമ്മനവും ശ്രീധരന്‍പിള്ളയുമൊക്കെ രാജകുടുംബത്തെ പിന്താങ്ങുന്നതിെന്‍റ യുക്തി അതാണ്. കോണ്‍ഗ്രസ് വാഴ്ചക്കുകീഴിലെ മൃദുഹിന്ദുത്വമാണ് ഹിന്ദുത്വശക്തികള്‍ക്കുള്ള വളക്കൂറുള്ള മണ്ണൊരുക്കി കൊടുക്കുന്നത്. മതനിരപേക്ഷശക്തികള്‍ ഈ ആപത്തിനെ തുറന്നു കാണിക്കേണ്ടതിെന്‍റ പ്രാധാന്യമാണിത് വ്യക്തമാക്കുന്നത്.

*
കെ എ വേണുഗോപാലന്‍

Thursday, May 15, 2014

രാജവാഴ്ചയില്‍നിന്ന് നിയമ വഴികളിലേക്ക്

ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്‍റിനധികാരമുണ്ടോയെന്ന ചോദ്യത്തിനാണ് വിഖ്യാതമായ കേശവാനന്ദ ഭാരതിക്കേസില്‍ സുപ്രീം കോടതിയുടെ ഭരണഘടനാബഞ്ച് ഉത്തരം കണ്ടെത്തിയത്. അതിെന്‍റ വാദങ്ങള്‍ക്കിടയില്‍ പ്രശസ്ത അഭിഭാഷകനായിരുന്ന സെതല്‍വാദ് ഇങ്ങനെ പറഞ്ഞു. ""ഈ ഭരണഘടന നിലനില്‍ക്കുന്ന നാട്ടില്‍ നിങ്ങള്‍ ഏതു സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടാലും അതിനുംമേലെയാണ് ഭരണഘടനയുടെ സ്ഥാനം"". രാഷ്ട്രപതിയാകട്ടെ, രാജാവാകട്ടെ, ഭാരതത്തില്‍ ജനിച്ചുവീഴുന്ന ഏതൊരു ഭാരത പൗരനും, ഭരണഘടനയ്ക്കും നിയമവാഴ്ചയ്ക്കും കീഴ്പ്പെട്ടിരിക്കുമെന്നായിരുന്നു സെതല്‍വാദ് ഉന്നയിച്ചിരുന്ന വാദം. അതു ശരി വച്ച സുപ്രീം കോടതി വിധി, ഭാരതത്തിെന്‍റ ഭരണഘടനയുടെ ആധികാരികതയ്ക്കും അതിെന്‍റ അടിസ്ഥാന തത്വങ്ങളുടെ സുദൃഢതക്കും അടിയൊപ്പുവച്ചു. അത്തരമൊരു നാട്ടിലാണ് തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിെന്‍റ ഉടമസ്ഥത സംബന്ധിച്ച വിധി തീര്‍പ്പില്‍ താല്‍കാലികമായാണെങ്കിലും രാജാധികാരത്തിെന്‍റ വെണ്‍കൊറ്റക്കുട, ക്ഷേത്രത്തിെന്‍റ മേലാപ്പില്‍നിന്നും അഴിച്ചു മാറ്റാനുള്ള സുപ്രീം കോടതി വിധി ഉണ്ടായിട്ടുള്ളത്.

നിയമവാഴ്ച ആഗ്രഹിക്കുന്ന പൊതുസമൂഹം വിധിയെ സ്വാഗതം ചെയ്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാകട്ടെ, മഹാരാജാവിനേയും രാജകുടുംബത്തേയും അവഹേളിക്കുന്നതിനെ അനുകൂലിക്കുന്നില്ല എന്ന പരാമര്‍ശത്തിലൂടെ സുപ്രീം കോടതിയെ പരോക്ഷമായി വെല്ലുവിളിച്ച് രാജഭക്തി തെളിയിച്ചു. ഹൈന്ദവ മതസമൂഹത്തെ പ്രതിനിധീകരിക്കുന്നവരായി നടിക്കുന്ന ചിലരാകട്ടെ, ഇതര മതസ്ഥര്‍ കൂടി ഉള്‍പ്പെടുന്ന പൊതുസമൂഹത്തിന് കോടികളുടെ അമൂല്യസമ്പത്ത് പങ്കിട്ടുകൊടുക്കുന്ന തെറ്റായ ഏതോ നടപടിയായി സുപ്രീം കോടതി വിധിയെ ചിത്രീകരിച്ചു. ഈ പ്രചരണങ്ങള്‍ക്കെല്ലാം നടുവിലും, ക്ഷേത്രത്തിലെ നിലവറകളുടെ താക്കോല്‍, തിരുവനന്തപുരം അഡീഷണല്‍ ജില്ലാ ജഡ്ജി കെ പി ഇന്ദിരയ്ക്ക് കൈമാറാന്‍ മുന്‍ രാജകുടുംബം തയ്യാറായി. അതോടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള രാജഭരണത്തിെന്‍റ അവസാനമുദ്രയും ജനായത്ത വാഴ്ചയുടെ നിയമനിഷ്ഠകള്‍ക്ക് കീഴ്പ്പെട്ടിരിക്കുകയാണ്.

യഥാര്‍ഥത്തില്‍, ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ഭരണം തിരുവിതാംകൂര്‍ രാജകുടുംബത്തിന് വിധേയപ്പെട്ട് ഇത്രയും നാള്‍ തുടര്‍ന്നത് നീതീകരിക്കാവുന്നതാണോ? ദേശീയ സ്വാതന്ത്ര്യസമരത്തെ തുടര്‍ന്നാണ് നാട്ടുരാജ്യങ്ങളുടെ സംയോജനം സംഭവിച്ചത്. തിരുവിതാംകൂറും കൊച്ചിയും ചേര്‍ന്ന് ഒരു ലയന കരാര്‍ രൂപീകരിച്ചു. അതില്‍ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിെന്‍റ ഭരണ നടത്തിപ്പില്‍ തിരുവിതാംകൂര്‍ ഭരണാധികാരിയുടെ അവകാശാധികാരങ്ങള്‍ നിര്‍വചിച്ചിരുന്നതാണ്. പിന്നീട് 1950ല്‍ ഇന്ത്യന്‍ ഭരണഘടന നിലവില്‍വന്ന് ഭാരതം ഒരു ജനാധിപത്യ റിപ്പബ്ലിക് ആകുകയും, തിരുവിതാംകൂറിെന്‍റ മാത്രമല്ല, ഭാരതത്തിെന്‍റയാകെ ഭരണാധികാരം ഇന്ത്യയിലെ ജനങ്ങളില്‍ നിക്ഷിപ്തമാവുകയും ചെയ്തു. ഭരണഘടന പ്രാബല്യത്തിലായതോടെ ക്ഷേത്രഭരണം പൂര്‍ണമായും ജനങ്ങള്‍ക്ക് അധീനമായി. എന്നാല്‍ ക്ഷേത്രാചാരങ്ങള്‍ സംബന്ധിച്ച് ഏതെങ്കിലും അവകാശങ്ങള്‍ രാജകുടുംബത്തിന് ലഭ്യമായിട്ടുണ്ടെങ്കില്‍, അത് നഷ്ടപ്പെട്ടിട്ടുമില്ല.

ക്ഷേത്രങ്ങളുടെ ആചാരങ്ങളില്‍ താന്ത്രിക വിധിയനുസരിച്ച് ക്ഷേത്രം തന്ത്രിമാര്‍ക്കുള്ള അധികാരങ്ങള്‍പോലെ ചടങ്ങുകളിലെ പങ്കാളിത്തം മുന്‍ രാജകുടുംബത്തിന് നിഷേധിക്കാവുന്നതല്ല. പക്ഷേ ഭരണാധികാരത്തില്‍ ഉള്‍പ്പെട്ട നിയമപരമായ അവകാശങ്ങള്‍ മറ്റൊന്നാണ്. അത് കണ്ടെത്തി താല്‍കാലികമായ ഒരു വിധി പുറപ്പെടുവിച്ചുവെന്നതാണ് ഇപ്പോഴത്തെ വിധിയെ പ്രസക്തമാക്കുന്നത്. ശ്രീ പത്മനാഭസ്വാമി ക്ഷേത്രവും അതിലെ സ്വത്തുക്കളും അന്യാധീനപ്പെട്ടു പോകാതിരിക്കുന്നതിന് സഹായകരമായ ഒരു താല്‍കാലിക സംവിധാനമാണ് സുപ്രീംകോടതി ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം തയ്യാറാക്കി സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിച്ച കോടതി മുന്‍ രാജകുടുംബത്തിെന്‍റ പങ്കാളിത്തം ക്ഷേത്ര ഭരണത്തിലുണ്ടാകുന്നത് അനഭിലഷണീയമായി കണ്ടെത്തി. അതിലേക്ക് നയിച്ച പല സാഹചര്യങ്ങളും ഉണ്ട്. ഇത്രയേറെ വിലപിടിപ്പുള്ള സ്വത്തുക്കള്‍ സൂക്ഷിച്ചിട്ടുള്ള ഒരു ക്ഷേത്രത്തില്‍ എന്തുകൊണ്ട് കൃത്യമായ സ്റ്റോക്ക് രജിസ്റ്റര്‍ സൂക്ഷിക്കപ്പെട്ടില്ല? എണ്‍പതിലേറെ കൊല്ലം മുമ്പ് നടന്നതായി കണക്കാക്കപ്പെടുന്ന ഒരു കണക്കെടുപ്പിെന്‍റ രേഖകള്‍ അപ്രത്യക്ഷമായി. അമൂല്യ രത്നങ്ങള്‍ അധോലോകം വഴി വ്യാപാരം നടത്താനുദ്യമിച്ച ഒരാളുടെ കൊലപാതകം കേരളത്തിെന്‍റ ശ്രദ്ധയിലുണ്ട്. അയാളുടെ മേല്‍വിലാസം പോലും കൃത്യമായി തിട്ടപ്പെടുത്താനായിട്ടില്ല. ക്ഷേത്രത്തില്‍നിന്ന് വിലപ്പെട്ട മുതലുകള്‍ കളവുപോകുന്നതായി ധാരാളംപേര്‍ ചൂണ്ടിക്കാട്ടി. ഇതിെന്‍റയെല്ലാം പശ്ചാത്തലത്തിലാണ് നിലവറകള്‍ എത്രയേറെ ഭദ്രമാണെങ്കിലും അതിെന്‍റ താക്കോല്‍ മുന്‍ രാജകുടുംബത്തിെന്‍റ പക്കല്‍ സൂക്ഷിക്കുന്നതില്‍ അവിശ്വാസം ശക്തിപ്പെട്ടത്.

എട്ടരയോഗത്തില്‍ അല്‍പാധികാരം മാത്രം കരഗതമായിരുന്ന രാജകുടുംബം മറ്റ് എട്ട് യോഗക്കാരെയും മറികടന്ന് ഒറ്റയ്ക്ക് ക്ഷേത്ര ഭരണം പിടിച്ചെടുത്തത് രാജാധികാരത്തിെന്‍റ കരുത്തിലായിരുന്നു. അധികാരത്തിെന്‍റ മൂലസ്ഥാനം കൂടിയായി ശ്രീപത്മനാഭസ്വാമി ക്ഷേത്രം മാറി. മഹാരാജാവ് ഉടവാള്‍ തന്നെ ക്ഷേത്രസന്നിധിയില്‍ സമര്‍പ്പിച്ചതോടെ, രാജഭണ്ഡാരവും ക്ഷേത്രസ്വത്തും ഒന്നു തന്നെയെന്ന നിലയായി. അധികാരത്തിെന്‍റ തേരോട്ടത്തിെന്‍റ ഭാഗമായി കൊള്ളയടിച്ച് നേടിയതും കീഴ്പ്പെടുത്തി നേടിയതും ക്ഷേത്രത്തിലേക്ക് മുതല്‍കൂട്ടിയത്, അത് രാജ്യത്തിെന്‍റ സമ്പത്ത് സൂക്ഷിക്കുന്ന കേന്ദ്രമെന്നതിനാല്‍ കൂടിയാണ്. ക്ഷേത്രം വകയായ ഭൂമിയിലെ പാട്ടവും വാരവും ചേര്‍ത്ത് സമ്പത്ത് കുമിഞ്ഞുകൂടിയത്, രാജാധികാരത്തിെന്‍റ ഭാഗമായി ക്ഷേത്രത്തിന് കരമൊഴിവായി ലഭിച്ച ഭൂമിയുടെ വിനിയോഗം കൊണ്ടു കൂടിയാണ്. ലക്ഷങ്ങള്‍ കവിഞ്ഞ് കോടികള്‍ വിലമതിക്കുന്ന ഈ സ്വത്തുക്കള്‍ ഏതെങ്കിലും രാജകുടുംബാംഗത്തിെന്‍റ വിയര്‍പ്പിെന്‍റ പ്രതിഫലമല്ല. അതുകൊണ്ടാണ് പത്മനാഭസ്വാമി ക്ഷേത്ര സ്വത്തുക്കള്‍ മുന്‍ രാജകുടുംബത്തിെന്‍റ സ്വകാര്യ സമ്പാദ്യമല്ലെന്നും രാജ്യത്തിെന്‍റയാകെ, പൊതുസമ്പത്താണെന്നും ഗണിക്കപ്പെടുന്നത്. രാജഭരണം നിര്‍ബാധം തുടര്‍ന്നിരുന്നുവെങ്കില്‍ അത് തന്നിഷ്ടപ്രകാരം കൈകാര്യം ചെയ്യാന്‍ ഏതെങ്കിലും രാജാവ് മുതിര്‍ന്നാലും തടയാന്‍ സാധിക്കുമായിരുന്നില്ല. രാജഭരണം അവസാനിച്ച്, തിരുവിതാംകൂര്‍ രാജ്യം ഇന്ത്യന്‍ റിപ്പബ്ലിക്കില്‍ വിലയംപ്രാപിച്ചതോടെ, രാഷ്ട്രത്തിെന്‍റ വകയായ സ്വത്തുക്കളും പൊതുസ്വത്താകുമെന്നതാണ് സാമാന്യ യുക്തി. അത്രത്തോളം പോകേണ്ടതില്ലെങ്കിലും, അതിെന്‍റ വിനിയോഗത്തിന് രാജ്യത്തെ നിയമവാഴ്ചയ്ക്ക് വിധേയമായ ക്രമീകരണങ്ങള്‍ രൂപപ്പെടുത്തുന്നത് വളരെ യുക്തിസഹമായ നിലപാടാണ്. അതുയര്‍ത്തിപ്പിടിച്ചതോടെ കോടതി ചരിത്രത്തോട് നീതി ചെയ്യുകയാണുണ്ടായത്.

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം സ്വകാര്യ ക്ഷേത്രമല്ല. രാജകുടുംബത്തിെന്‍റയോ, മറ്റ് ഏതെങ്കിലും യോഗ കുടുംബത്തിെന്‍റയോ സ്വകാര്യ ക്ഷേത്രമായിരുന്നുവെങ്കില്‍, അത് കയ്യേല്‍ക്കാനോ, ഭരണനിര്‍വഹണം നടത്താനോ കോടതിക്കോ, കോടതി നിര്‍ദേശിക്കുന്ന സംവിധാനങ്ങള്‍ക്കോ സാധിക്കുമായിരുന്നില്ല. കേരളത്തില്‍ എത്രയോ സ്വകാര്യ ക്ഷേത്രങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. അവയൊന്നും ദേവസ്വം ബോര്‍ഡുകളുടെ ഭരണത്തിലുമല്ല. ചില ഹൈന്ദവ സംഘടനകള്‍ തെറ്റിദ്ധരിപ്പിക്കുന്നതുപോലെ, സ്വകാര്യ ക്ഷേത്രങ്ങളെയാകെ, കയ്യേല്‍ക്കാനോ ദേശസാല്‍ക്കരിക്കാനോ ആരും ഉദ്യമിച്ചിട്ടില്ല. അത് നിയമപരവുമല്ല. എന്നാല്‍ ഹൈന്ദവ ആരാധനാലയങ്ങളുടെ ഭരണ നടത്തിപ്പ് സംബന്ധിച്ച് 1951ലെ നിയമം ബാധകമായ ക്ഷേത്രങ്ങളുടെ പട്ടികയിലേക്ക്, കടന്നുവന്നിട്ടുള്ള ക്ഷേത്രങ്ങള്‍ ചരിത്രപരമായി നോക്കിയാല്‍ നാട്ടുരാജ്യങ്ങളുടെ പൊതുഭരണത്തിെന്‍റ ഭാഗമായി രൂപപ്പെട്ടുവന്നവയാണ്. അവയൊന്നും സ്വകാര്യ വ്യക്തികളുടെ കയ്യിലേക്ക് പോകാതിരിക്കുക മാത്രമാണ് 1951ലെ നിയമംമൂലം സംഭവിച്ചത്.

തിരു - കൊച്ചി ലയന കരാറില്‍ പത്മനാഭസ്വാമി ക്ഷേത്രവും തൃപ്പൂണിത്തുറയിലെ പൂര്‍ണ്ണത്രയീശ്വര ക്ഷേത്രവും രാജകുടുംബങ്ങളുമായി ബന്ധപ്പെട്ടുനിന്ന ക്ഷേത്രങ്ങളെന്ന നിലയില്‍, പ്രത്യേക പദവി നല്‍കപ്പെട്ട് കണക്കാക്കിവന്നവയാണ്. അതിനുശേഷം അംഗീകരിക്കപ്പെട്ട ഭരണഘടനയുടെയും ഹിന്ദുധര്‍മ സ്ഥാപനങ്ങളേയും ക്ഷേത്രങ്ങളേയും സംബന്ധിച്ച നിയമങ്ങളുടെയും അടിസ്ഥാനത്തില്‍ ഭരണനിര്‍വഹണം നടത്തേണ്ടിവരുന്നത് ഹൈന്ദവ സമൂഹത്തിെന്‍റ അവകാശങ്ങളില്‍ ആരും കയ്യേറുന്നതുകൊണ്ടല്ല. രാജകുടുംബം, ഒരു സാധാരണ കുടുംബത്തില്‍നിന്നു വ്യത്യസ്തമായി യാതൊരു പദവിയും നിയമപരമായി കയ്യാളുന്നില്ല. നിയമപരമായ ചുമതലകളും അവര്‍ക്കില്ല. ക്ഷേത്രാചാരങ്ങളില്‍ മുന്‍ രാജകുടുംബത്തിന് മുന്തിയ സ്ഥാനം നല്‍കപ്പെട്ടിട്ടുമുണ്ട്. കോടതിവിധി ആചാരങ്ങളെ വിലക്കുകയോ, അത് നിര്‍വഹിക്കുന്നതില്‍നിന്ന് രാജകുടുംബത്തെ തടയുകയോ ചെയ്യുന്നില്ല. രാജ്യത്തിെന്‍റ ഭരണം ഒഴിഞ്ഞു കൊടുക്കേണ്ടിവന്നത് രാജകുടുംബങ്ങള്‍ സ്വമേധയാ നിര്‍വഹിച്ച ഒരു കാര്യമല്ല. ജനാധിപത്യബോധത്തിെന്‍റ വികാസഗതികളില്‍ അധികാരം അവര്‍ക്ക് നഷ്ടപ്പെടുകയായിരുന്നു. അതിെന്‍റ തുടര്‍ച്ചയായി നടക്കേണ്ട നിയമപരമായ ഒരു കാര്യം തന്നെയാണ് ഇപ്പോഴത്തെ സുപ്രീംകോടതി വിധിയില്‍ സംഭവിച്ചിരിക്കുന്നത്. അതിന് കേസുമായി കോടതിയെ ചിലര്‍ക്ക് സമീപിക്കേണ്ടിവന്നു.

നവോത്ഥാന കേരളത്തില്‍ തന്നെ, അടിമസമാനമായ രാജഭക്തി പുലര്‍ത്തുന്നവര്‍ ധാരാളമുണ്ട്. അവരുടെ എണ്ണം കുറയുകയാണ്. പുതിയ തലമുറയ്ക്ക് രാജാവ് ഒരു കല്‍പിത ബിംബം മാത്രമാണ്. അനുഭവിക യാഥാര്‍ഥ്യമല്ല. അവരില്‍കൂടി രാജഭക്തി നിറയ്ക്കാനും ചരിത്രത്തിെന്‍റ രഥ്വയിലെ ഒരു പിന്മടക്കം നടത്താനുമാണ് ചില ഹൈന്ദവ സംഘടനകളുടെ ശ്രമം. അത് കേരളത്തില്‍ വിലപ്പോവില്ല എന്നതാണ് മുഖ്യമന്ത്രി മനസ്സിലാക്കേണ്ടത്. കോണ്‍ഗ്രസ് നേതാവും കേരള മുഖ്യമന്ത്രിയുമായിരുന്ന സി കേശവെന്‍റ നാസ്തികത നമുക്കോര്‍മയുണ്ട്. പണ്ഡിറ്റ് ജവഹര്‍ലാലും നാസ്തികനായിരുന്നു. അത്തരം പാരമ്പര്യങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ലെങ്കിലും, ഇപ്പോഴത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി രാജഭക്തിയുടെ പാരമ്യത്തിലേക്ക് പോയത്, രാഷ്ട്രീയത്തിെന്‍റ സങ്കുചിതത്വം കൊണ്ടാണെന്ന് ആര്‍ക്കും തിരിച്ചറിയാനാകും. സ്വന്തം രാജ്യവും ഉടവാളും അധികാര ചിഹ്നങ്ങളുമെല്ലാം ശ്രീ പത്മനാഭെന്‍റ കാല്‍ക്കല്‍ സമര്‍പ്പിച്ച് ദൈവദാസനായി ഭരണം നടത്തിവന്ന ഒരു രാജകുടുംബമാണ് മാര്‍ത്താണ്ഡവര്‍മയുടേത്. രാജഭരണം നഷ്ടപ്പെട്ടുവെങ്കിലും ശ്രീപത്മനാഭനെയെങ്കിലും തുടര്‍ന്നും ഭരിച്ചുകൊണ്ടേയിരിക്കണമെന്ന ആഗ്രഹം ചിലര്‍ക്ക് കലശലായി ഉണ്ടായത് ദൈവികതയുടെ ഉപാസനക്കുവേണ്ടിയല്ല, മറിച്ച് ലൗകികതയുടെ ആസക്തികൊണ്ടാണെന്ന് തിരിച്ചറിയപ്പെട്ടതിനാലാണ് തികച്ചും സ്വാഗതാര്‍ഹമായ ഒരു കോടതി വിധി ഉണ്ടായിരിക്കുന്നത്. ക്ഷേത്രത്തിെന്‍റ പരിപാലനവും ക്ഷേത്ര സ്വത്തിെന്‍റ സംരക്ഷണവും, സുതാര്യതയോടെയും അന്തസ്സോടെയും നിര്‍വഹിക്കാന്‍ പുതിയ സംവിധാനം ശാശ്വതമായി രൂപപ്പെടണം. അതിലേക്കുള്ള പ്രയാണത്തിലെ ആദ്യപടി മാത്രമായി ഇപ്പോഴത്തെ താല്‍കാലിക സംവിധാനത്തെ കണക്കാക്കാം.

*
അഡ്വ. കെ അനില്‍കുമാര്‍

പത്മനാഭസ്വാമി ക്ഷേത്രം: സര്‍ക്കാര്‍ ആരെയാണ് പേടിക്കുന്നത്?

ശ്രീപത്മനാസ്വാമിക്ഷേത്രം ഒരിക്കല്‍കൂടി വിവാദവിഷയമായി. ക്ഷേത്രം വസ്തുവകകളെയും കൈകാര്യകര്‍ത്തൃത്വത്തെയുംകുറിച്ചുള്ള തര്‍ക്കത്തെക്കുറിച്ച് പരിശോധിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച അമിക്കസ്ക്യൂറിയായ ഗോപാല്‍ സുബ്രഹ്മണ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ടും അതിനോട് സര്‍ക്കാരും തിരുവിതാംകൂര്‍ മുന്‍ രാജകുടുംബവും നല്‍കിയ പ്രതികരണങ്ങളുമായിരുന്നു വിവാദത്തിന് തുടക്കമിട്ടത്. വിവാദം അവസാനിപ്പിച്ചുകൊണ്ട് ജില്ലാജഡ്ജി ചെയര്‍മാനും സര്‍ക്കാര്‍ പ്രതിനിധിയുള്‍പ്പെടുന്നതുമായ അഞ്ചംഗ സമിതിയെ സുപ്രീംകോടതി നിയോഗിച്ചിരിക്കുന്നു. പഴയതുപോലെ മുന്‍ രാജാവ് (മൂലംതിരുനാള്‍ രാമവര്‍മ്മ) ട്രസ്റ്റിയായി തുടരും. ആവശ്യമുള്ള കാര്യങ്ങളില്‍ അഞ്ചംഗസമിതിക്ക് ട്രസ്റ്റിയുടെ അഭിപ്രായം തേടാം. സുപ്രീംകോടതി വിധി അതേപടി നടപ്പിലാക്കുമെന്നും മുന്‍ രാജകുടുംബത്തെ അവഹേളിക്കരുതെന്നും മുഖ്യമന്ത്രി പ്രസ്താവിച്ചിട്ടുണ്ട്.

ഭരണഘടനാബദ്ധമായ ജനാധിപത്യ വ്യവസ്ഥയിലെ ഭരണാധികാരിക്കും മുന്‍ രാജകുടുംബത്തോടുള്ള കൂറ് നിലനില്‍ക്കുന്നുണ്ടെന്നര്‍ഥം. പഴയതുപോലെ മുന്‍ രാജകുടുംബാംഗങ്ങള്‍ ക്ഷേത്രം സന്ദര്‍ശിച്ച് പ്രാര്‍ഥനയും മറ്റും നടത്തുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രശ്നം പരിഹരിച്ചതായി സുപ്രീംകോടതിക്കും മറ്റും സമാധാനിക്കാമെങ്കിലും അമിക്കസ്ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞ കാര്യങ്ങള്‍ ഗൗരവത്തോടെ പരിശോധിക്കേണ്ടതാണ്. ക്ഷേത്രത്തില്‍ സൂക്ഷിക്കപ്പെട്ട, അടുത്തകാലത്ത് ഏറെ വിവാദമായ വമ്പിച്ച സമ്പത്ത് പല രൂപങ്ങളിലും പുറത്തുകടത്താന്‍ ഈ കാലയളവില്‍ ശ്രമങ്ങള്‍ നടന്നുവെന്നാണ് റിപ്പോര്‍ട്ട്. നിലവറയില്‍ സൂക്ഷിച്ച വിഷ്ണു വിഗ്രഹത്തിന്റെ ഭാഗങ്ങള്‍പോലും കാണാനില്ലാതായിരിക്കുന്നു. നിലവറകളിലെ സ്വര്‍ണ ഉരുപ്പടികളുടെ കേടുപാടുകള്‍ തീര്‍ക്കാന്‍ മുന്‍ രാജകുടുംബം ഒരു സ്വര്‍ണപ്പണിക്കാരനെ നിയോഗിച്ചുവെന്നും അയാള്‍ ഇത്തരം കടത്തിക്കൊണ്ടുപോകലില്‍ പങ്കാളിയായിരിക്കാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഏതായാലും ക്ഷേത്രസമ്പത്തിന്റെ സംരക്ഷണത്തില്‍ സൂക്ഷ്മതയും അവധാനതയും പുലര്‍ത്താന്‍ ട്രസ്റ്റിയായ രാജകുടുംബം ശ്രദ്ധിച്ചില്ല എന്നും ഉത്രാടംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്താണ് ഇത്തരം കടത്തലുകള്‍ ഏറ്റവുമധികം സംഭവിച്ചതെന്നും സൂചനയുണ്ട്. ഇതുതന്നെയാണ് പത്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രശ്നങ്ങളെ സംബന്ധിച്ച് ആദ്യം പരാതി നല്‍കിയ സുന്ദര്‍രാജന്‍ ചൂണ്ടിക്കാണിച്ചതും. സുന്ദര്‍രാജന്റെ പരാതിയില്‍ പ്രകടിപ്പിച്ച ഉല്‍കണ്ഠയും തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍നിന്നു കിട്ടിയ സൂചനയും ശരിയാണെന്നാണ് ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. പത്മനാഭസ്വാമിക്ഷേത്രത്തിന്റെ സ്വത്ത് സാമൂഹ്യ സമ്പത്താണെന്നും അത് തിരുവിതാംകൂര്‍ മുന്‍ രാജകുടുംബത്തിന്റെയോ മറ്റേതെങ്കിലും വിശ്വാസി സമൂഹത്തിന്റെയോ സ്വകാര്യ സ്വത്തല്ലെന്നുമാണ് ഈ പ്രശ്നത്തിലിടപെട്ട് അഭിപ്രായം പറഞ്ഞ ജനാധിപത്യവാദികള്‍ ചൂണ്ടിക്കാണിച്ചത്. സുപ്രീംകോടതിയുടെ വിധി ഈ വാദത്തെ അംഗീകരിക്കുന്നു. ക്ഷേത്രമോ മറ്റേതെങ്കിലും വസ്തുവോ ഒരു വ്യക്തിയുടെയോ കുടുംബത്തിെന്‍റയോ സ്വകാര്യ സ്വത്താണെങ്കില്‍ അതയാളുടെ താല്‍പര്യമനുസരിച്ച് വിനിയോഗംചെയ്യാം. അവിടെ നഷ്ടം സംഭവിക്കുകയാണെങ്കില്‍ നഷ്ടം വസ്തുവുടമയായ വ്യക്തിക്കോ കുടുംബത്തിനോ ആണ്. നഷ്ടത്തിന് പരിഹാരം കിട്ടാന്‍ ഉടമയ്ക്ക് അവകാശവുമുണ്ട്. എന്നാല്‍ ക്ഷേത്രം ഒരു പൊതു സ്ഥാപനമാണ്. അവിടെ നടത്തുന്ന വഴിപാടുകളില്‍നിന്നും പൂജകളില്‍ നിന്നുമൊക്കെയുള്ള വരുമാനം ക്ഷേത്രത്തിനാണ് ലഭിക്കുക. അവിടത്തെ സ്വത്തിന്റെ മുഴുവനും ഉടമയും ക്ഷേത്രമാണ്.

മുന്‍ രാജാക്കന്മാര്‍ ക്ഷേത്രത്തിന്റെ ട്രസ്റ്റികള്‍ മാത്രമാണ്. അതായത് ക്ഷേത്രമെന്ന കോര്‍പറേറ്റ് സംവിധാനത്തെ നോക്കി നടത്തുന്ന വിശ്വസ്തന്‍ മാത്രമാണ് മുന്‍ രാജാവ്. ട്രസ്റ്റിയുടെ സ്ഥാനം സ്വകാര്യ ഉടമയുടേതല്ല. ഈ ലളിതമായ നിയമപരമായ യുക്തി മറികടന്ന് ക്ഷേത്രത്തിന്മേല്‍ സ്വകാര്യ ഉടമാവകാശം സ്ഥാപിക്കാനാണ് മുന്‍ രാജകുടുംബവും അവര്‍ നിയോഗിച്ച അഭിഭാഷകരും സുപ്രീംകോടതിയില്‍ ശ്രമിച്ചത്. സര്‍ക്കാര്‍ അഭിഭാഷകരും ഈ ശ്രമത്തിന് കൂട്ടുനില്‍ക്കുകയും ചെയ്തു. അമിക്കസ്ക്യൂറിയുടെ റിപ്പോര്‍ട്ട് ഉയര്‍ത്തുന്ന ലളിതവും പ്രധാനവുമായ ചോദ്യങ്ങളുണ്ട്. ക്ഷേത്രം ഒരു സ്വകാര്യ സ്ഥാപനമാണെങ്കില്‍, സ്വകാര്യ സ്ഥാപനത്തിന്റെ ആസ്തി - ബാധ്യതകളുടെ കണക്കുകള്‍ പുറത്തുകൊണ്ടുവരാനുള്ള ബാധ്യത ഉടമകള്‍ക്കുണ്ട്. ഇന്ത്യയിലെ വന്‍ ശതകോടീശ്വരന്മാര്‍ക്കും അവരുടെ സ്വത്ത് വെളിപ്പെടുത്തേണ്ട ബാധ്യതയുണ്ട്. എന്നാല്‍, ക്ഷേത്രത്തിലെ ബി നിലവറ തുറക്കാന്‍ ""വിശ്വാസ""ത്തിന്റെപേരില്‍ മുന്‍ രാജകുടുംബം സമ്മതിച്ചില്ല. ആരുടെ വിശ്വാസമെന്ന ചോദ്യത്തിന് പത്മനാഭനെ ആരാധിക്കുന്ന നിരവധി ഭക്തരുടെ വിശ്വാസമെന്ന ഉത്തരം വന്നു. എന്നാല്‍ അമിക്കസ്ക്യൂറി ചൂണ്ടിക്കാണിച്ചത് ഈ നിലവറകളുടെ ദുരൂഹതകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ അവിടെനിന്ന് സ്വര്‍ണം കടത്തുന്നുണ്ടായിരുന്നുവെന്നാണ്. അതായത് വേലിതന്നെ വിളവ് തിന്നുന്നുവെന്നര്‍ഥം. സ്വന്തം വീട്ടിലെ സ്വര്‍ണം കള്ളന്മാരെ വിട്ട് മോഷ്ടിപ്പിക്കുന്ന ഏര്‍പ്പാട് നാം സിനിമകളില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഖജനാവിന്റെ പൂട്ടും താക്കോലും കൈവശമുള്ള കാരണവര്‍തന്നെ അതു ചെയ്യേണ്ട കാര്യമില്ല. അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ അത് തനിക്കവകാശമുള്ള സമ്പത്തല്ലെന്ന ബോധ്യം മോഷ്ടിക്കുന്ന ആള്‍ക്കുമുണ്ട്. ഇതല്ലേ ക്ഷേത്രത്തിലും നടന്നത്? പൊതു സമ്പത്തായ ക്ഷേത്രത്തിലെ സ്വര്‍ണവും മറ്റമൂല്യവസ്തുക്കളും നഷ്ടപ്പെടുന്നുണ്ടെങ്കില്‍ കൊള്ളയടിക്കപ്പെടുന്നതും പൊതുസമ്പത്താണ്. കള്ളനെത്തന്നെ താക്കോല്‍ ഏല്‍പിക്കരുത് എന്നത് സാമാന്യമായ തത്വമാണ്. അതാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ വന്നത്. അതിനെ പിന്തുണച്ചാണ് സുപ്രീംകോടതിയുടെ തീരുമാനവും വന്നത്. ക്ഷേത്രഭരണത്തെ സംബന്ധിച്ച നിലവിലുള്ള സംവിധാനത്തെ മാറ്റേണ്ട നിയമപരമായ ബാധ്യതയില്ലാത്തതുകൊണ്ടാകാം മുന്‍ രാജാവിനെ ട്രസ്റ്റിയായി തുടരാന്‍ സമ്മതിച്ചത്. അവര്‍ സ്ഥിരമായി കൈകാര്യംചെയ്തു പോന്ന സമ്പത്തിനുമേല്‍ ഉടമാവകാശം സ്ഥാപിക്കാന്‍ മുന്‍ തെറ്റോ ശരിയോ ആയ കാരണങ്ങളുടെ അടിസ്ഥാനത്തില്‍ രാജകുടുംബം വെമ്പല്‍കൊള്ളുന്നത് മനസ്സിലാക്കാം. അതിനെക്കുറിച്ച് നിലവിലുള്ള നിയമങ്ങള്‍ക്കനുസരിച്ച് തീര്‍പ്പ് കല്‍പിക്കേണ്ടത് ഭരണകൂടവും കോടതിയുമാണ്. അമിക്കസ്ക്യൂറിയുടെ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ മുന്‍ രാജകുടുംബത്തിന്റെ അവകാശവാദങ്ങളുടെ കള്ളി വെളിച്ചത്താക്കുന്നതുമാണ്. ഇവിടെ വിചിത്രമായ നിലപാടെടുത്തത് സംസ്ഥാന സര്‍ക്കാരായിരുന്നു. കേരളത്തിലെ നിരവധി ക്ഷേത്രങ്ങളുടെ ഭരണം ദേവസ്വം വകുപ്പുവഴി നടത്തുന്ന സംസ്ഥാനസര്‍ക്കാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ചുള്ള തര്‍ക്കം വന്നപ്പോള്‍ അതേ നിലപാട് സ്വീകരിച്ചില്ല എന്നുമാത്രമല്ല, മുന്‍ രാജകുടുംബത്തിന്റെ അവകാശവാദങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്.

ക്ഷേത്രസമ്പത്തില്‍ തിരിമറി നടക്കുന്നതായി ആദ്യം പരാതി ഉയര്‍ന്നപ്പോഴും പിന്നീട് അമിക്കസ്ക്യൂറി റിപ്പോര്‍ട്ട് ഇത്തരം പരാതികളെ സ്ഥിരീകരിച്ചപ്പോഴും ക്ഷേത്ര ഭരണ രീതിയെ വിമര്‍ശിക്കാനോ സ്വന്തമായ സംവിധാനങ്ങള്‍ നിര്‍ദേശിക്കാനോ ഒരു ശ്രമംപോലും ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ഇപ്പോള്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ച ഭരണ സംവിധാനംപോലും നിയമത്തിന്റെ പരിധിക്കുള്ളില്‍നിന്നുകൊണ്ട് സംസ്ഥാന ഗവണ്‍മെന്റിന് ചെയ്യാമായിരുന്നു. അല്ലെങ്കില്‍ അത്തരമൊരു നിര്‍ദേശം സ്വയം സത്യവാങ്മൂലത്തിലൂടെ സുപ്രീംകോടതിക്കുമുമ്പില്‍ വയ്ക്കാമായിരുന്നു; അതുമുണ്ടായില്ല. അതായത്, ക്ഷേത്രസമ്പത്തിനെ സംബന്ധിച്ച തര്‍ക്കത്തിന്റെ മറവില്‍ വളര്‍ത്തിക്കൊണ്ടുവന്ന രാജഭക്തിയെയും ഹൈന്ദവവിശ്വാസങ്ങളെയും സംബന്ധിച്ച ശക്തമായ പ്രചരണത്തെ ശരിവയ്ക്കുകയാണ് ഫലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. ആരെയാണ് സംസ്ഥാനസര്‍ക്കാര്‍ പേടിക്കുന്നത്? ഒരുകാലത്ത് സ്വതന്ത്ര തിരുവിതാംകൂറിനുവേണ്ടി വാദിക്കുകയും പിന്നീട് രാജപ്രമുഖ് സ്ഥാനം കൈവശപ്പെടുത്തി നിലനില്‍ക്കാന്‍ ശ്രമിക്കുകയും പിന്നീട് ഭക്തിമാര്‍ഗത്തിലേക്കും ബിസിനസ് മാര്‍ഗത്തിലേക്കും തിരിയുകയും ചെയ്ത മുന്‍ രാജകുടുംബത്തെയാണോ? രാജഭക്തി ഇപ്പോഴും വ്രതമായി കൊണ്ടുനടക്കുന്ന ഏതാനും പ്രമാണിമാരെയാണോ? ശ്രീപത്മനാഭക്ഷേത്രംപോലെയുള്ള ഏതു ക്ഷേത്രത്തെ സംബന്ധിച്ചും ആള്‍ദൈവങ്ങളെ സംബന്ധിച്ചും പരാതികളും വിമര്‍ശനങ്ങളുമുയരുമ്പോള്‍ അട്ടഹസിച്ചു ചാടിപ്പുറപ്പെടുന്നവരെയാണോ? ക്ഷേത്രങ്ങള്‍ ഭക്തരുടെയും വിശ്വാസികളുടെയും കേന്ദ്രങ്ങളാകാം. അവയൊരിക്കലും അതതുകാലത്തെ നിയമങ്ങള്‍ക്കും നീതിക്രമങ്ങള്‍ക്കും അതീതമായി നിലനിന്നിട്ടില്ല. ക്ഷേത്രങ്ങളെ സംബന്ധിച്ച നിയമങ്ങളും വ്യവസ്ഥകളും മുന്‍ മറികടക്കാന്‍ രാജകുടുംബങ്ങള്‍ക്കുപോലും അധികാരമില്ല. ഇതിനൊക്കെ ഏറ്റവുമധികം തെളിവും ലഭിക്കുന്നത് പത്മനാഭസ്വാമി ക്ഷേത്രത്തില്‍നിന്നുതന്നെയാണ്.

ഇന്ന് വിശ്വാസികളും അല്ലാത്തവരുമായ ആളുകള്‍ നടത്തുന്ന പൊതു സ്ഥാപനങ്ങളെയും സ്വകാര്യ സ്ഥാപനങ്ങളെയും സംബന്ധിച്ച് വ്യക്തമായ നിയമങ്ങളുണ്ട്. ക്ഷേത്രം ഒരു സ്വകാര്യ സ്ഥാപനമായാല്‍പോലും അവിടെ മോഷണവും തിരിമറിയും നടന്നാല്‍ പിടികൂടാനും ശിക്ഷിക്കാനും വ്യവസ്ഥകളുണ്ട്. ഈ നീതിന്യായക്രമത്തിന്റെ നിര്‍വഹണം അതതുകാലത്തെ ഗവണ്‍മെന്റുകള്‍ക്കാണ്. ""മുഖംനോക്കാതെ നടപടിയെടുക്കു""മെന്ന് ഇടയ്ക്കിടെ ഗര്‍ജിക്കുന്ന നമ്മുടെ ഭരണകര്‍ത്താക്കള്‍ക്ക് കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാന്‍, അവര്‍ മുന്‍ രാജകുടുംബാംഗങ്ങളാണോ വിശ്വാസികളാണോ എന്നൊക്കെ ""മുഖം"" നോക്കേണ്ട ആവശ്യമില്ല. ഇവിടെ അങ്ങനെ നടപടിയെടുക്കാന്‍ ശ്രമിച്ചില്ല, എന്നുമാത്രമല്ല വിശ്വാസത്തിന്റെയും രാജഭക്തിയുടെയും മറവില്‍ ക്ഷേത്രമാകെ കട്ടുമുടിക്കാനുള്ള അവസരം നല്‍കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. വിശ്വാസത്തിന്റെ പേരിലുള്ള ഇത്തരം വിക്രിയകള്‍ക്കുമുമ്പില്‍ നമ്മുടെ സംസ്ഥാന സര്‍ക്കാര്‍ മുട്ടുമടക്കുന്നത് ഇതാദ്യമായല്ല. അതുകൊണ്ട് വിശ്വാസത്തെയും ഭക്തിയെയും മറ്റും ഉപയോഗിച്ച് വിലപേശാന്‍ ഇന്ന് പലരും സാമര്‍ത്ഥ്യം നേടിയിരിക്കുന്നു. മുസ്ലീം മത സമുദായത്തിലെ ബാല്യവിവാഹങ്ങള്‍ക്ക് നിയമപരമായ സാധൂകരണം നല്‍കാന്‍ സര്‍ക്കാരും അതിനെ ""പല്ലും നഖവും ഉപയോഗിച്ച്"" ന്യായീകരിക്കാന്‍ ചില മത സംഘടനകളും നടത്തിയ ശ്രമങ്ങള്‍ അടുത്തകാലത്തു നാം കണ്ടതാണ്. ഭരിക്കുന്ന പാര്‍ടിയുടെ സംഘടനാ പ്രസിഡണ്ട് മന്നം സമാധിയില്‍ കയറി ആരാധിച്ചതിനെതിരെ സമുദായ മുഖ്യന്‍ ആക്രോശിച്ചതും അതിനെതിരെ ഒന്നും ഉരിയാടാതെ ഭരണക്കാര്‍ക്ക് നില്‍ക്കേണ്ടി വന്നതും അടുത്തകാലത്തു നടന്ന സംഭവമാണ്. ഒരു ആള്‍ദൈവമഠത്തിലെ സ്ത്രീപീഡനത്തിനും തിരിമറിക്കുമെതിരെ വ്യക്തമായ ആരോപണങ്ങളുയര്‍ന്നപ്പോള്‍ ആ മഠം നടത്തുന്ന സാമൂഹ്യസേവനത്തെ നമ്മുടെ ഭരണാധികാരികള്‍ പ്രകീര്‍ത്തിച്ചതും ഈയിടെ തന്നെയാണ്. വിശ്വാസത്തിന്റെ പുറംചട്ടയുണ്ടെങ്കില്‍ ഇവിടെ എന്തു വിക്രിയയുമൊപ്പിക്കാമെന്നും അതുകണ്ടാല്‍ മുട്ടുവിറയ്ക്കുന്ന ഭരണാധികാരികളാണ് നമുക്കുള്ളതെന്നും ഇപ്പോള്‍ എല്ലാവരും മനസ്സിലാക്കിയിരിക്കുന്നു. അതുകൊണ്ടാണല്ലോ ബാര്‍ലൈസന്‍സ് പ്രശ്നത്തെക്കുറിച്ച് കേരള ബിഷപ്സ് കൗണ്‍സില്‍ അഭിപ്രായം പറയുന്നത്. വന്ദ്യപിതാക്കള്‍ക്ക് മദ്യഷാപ്പിലെന്തുകാര്യം എന്നു ചോദിക്കരുത്. പ്രശ്നം മുട്ടുവിറതന്നെയാണ്. മതസ്വാതന്ത്ര്യം പൂര്‍ണമായി ഉറപ്പുവരുത്തുകയും അതേസമയം മതനിരപേക്ഷമായ രാഷ്ട്രീയ ഭരണ സംവിധാനം ആവിഷ്കരിക്കുകയും ചെയ്യുന്ന ഭരണഘടന നമുക്കുണ്ട്. അതനുസരിച്ച് ഭരണനിര്‍വഹണം നടത്തുമെന്ന് സത്യപ്രതിജ്ഞ നടത്തി അധികാരത്തിലിരിക്കുന്ന ഭരണാധിപന്മാരാണ് നമുക്കുള്ളത്. മത സ്ഥാപനങ്ങളെയും വിശ്വാസ സംഹിതകളെയും സ്വസമുദായങ്ങളെയും സംബന്ധിച്ച പ്രശ്നങ്ങള്‍ ഉയര്‍ത്താന്‍ മറ്റെല്ലാ പൗരന്മാരെയുംപോലെ മതമേധാവികള്‍ക്കും ക്ഷേത്രഭരണക്കാര്‍ക്കും രാജാക്കന്മാര്‍ക്കും അവകാശമുണ്ട്. അത് കേള്‍ക്കാനും ഭരണഘടനയനുസരിച്ച് ഉചിതമായ തീരുമാനമെടുക്കാനും ഭരണാധികാരികളും ബാധ്യസ്ഥരാണ്. വിശ്വാസികള്‍ക്ക് സ്വന്തം വിശ്വാസത്തെ സംരക്ഷിക്കാനുള്ള പൂര്‍ണമായ അവകാശവുമുണ്ട്. പക്ഷേ, സ്വന്തം വിശ്വാസംവെച്ച് വിലപേശാന്‍ അവര്‍ക്കുള്ള അവകാശം ഭരണഘടനയനുസരിച്ചു മാത്രമാകും.

ദൈവം ചൂതാട്ടത്തിലെ കരുവാണെന്ന് ദൈവവിശ്വാസികളെങ്കിലും കരുതാന്‍ പാടില്ല. പത്മനാഭസ്വാമിക്ഷേത്രഭരണത്തെക്കുറിച്ചുള്ള വിവാദമുണ്ടായപ്പോള്‍ ചിലര്‍ വിലപേശല്‍ നടത്തിയത് ഹൈന്ദവ വിശ്വാസത്തെയും പത്മനാഭസ്വാമിയുടെ മഹനീയതയെയും മുന്‍ രാജാവും ക്ഷേത്രവും തമ്മില്‍ മറ്റൊരു ഭരണ വ്യവസ്ഥയില്‍ ഉണ്ടായിരുന്ന ബന്ധത്തെയും ഒക്കെ ആധാരമാക്കിയാണ്. ഇതില്‍ നമ്മുടെ ഭരണാധികാരികള്‍ക്കും കോടതികള്‍ക്കും എങ്ങനെ തീര്‍പ്പുകല്‍പിക്കാനാകും? അവര്‍ക്ക് ചെയ്യാവുന്ന കാര്യങ്ങള്‍ ഇന്നത്തെ മതനിരപേക്ഷ ജനാധിപത്യ വ്യവസ്ഥയുടെ കീഴിലാണ്. അതുചെയ്യാന്‍ നമ്മുടെ ഭരണാധികാരികള്‍ ശങ്കിച്ചുനിന്നു എന്നത് ജനാധിപത്യ വ്യവസ്ഥയ്ക്കുതന്നെ അപമാനമാണ്. നമ്മുടെ സമൂഹത്തില്‍ ഭൂരിപക്ഷവും ദൈവവിശ്വാസികളാണെന്നും എല്ലാ മതങ്ങളെയും ബഹുമാനിക്കേണ്ടത് നമ്മുടെ ബാധ്യതയാണെന്നും ഭരണാധികാരികള്‍ ഉത്തരം പറയുമായിരിക്കും. തീര്‍ച്ചയായും അതെ. പക്ഷേ, ഇതേ ദൈവവിശ്വാസികള്‍ ഒരു ജനാധിപത്യ സമൂഹത്തിലെ പൗരന്മാരാണെന്നും മതനിരപേക്ഷമായ നീതിന്യായ വ്യവസ്ഥയ്ക്ക് വിധേയരാണെന്നുമുള്ള വസ്തുത മറക്കാന്‍ പാടില്ല.

ക്ഷേത്ര വിഗ്രഹം മോഷ്ടിക്കുന്നയാളും ലൈംഗികപീഡനം നടത്തുന്ന സന്യാസിയും വൈദികനും കൊലപാതകിയായ മതപ്രചാരകനും ദൈവവിശ്വാസികളാണെന്ന കാരണംകൊണ്ടുമാത്രം അവരുടെ ശിക്ഷയില്ലാതാകുകയില്ല. ഇവരുടെമേല്‍ നീതിന്യായ വ്യവസ്ഥയുടെയും ജനാധിപത്യവ്യവസ്ഥയുടെയും നിയന്ത്രണം പതിയുകതന്നെ വേണം. സാമൂഹ്യമായ ഉത്തരവാദിത്വങ്ങളും ബാധ്യതകളും അവര്‍ക്കും ബാധകമാകണം. അത്തരം പ്രശ്നങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ മുട്ടുവിറയ്ക്കുന്നതും ഭയന്നോടുന്നതും ജനാധിപത്യ വ്യവസ്ഥയുടെ കീഴടങ്ങലിനെയാണ് കാണിക്കുന്നത്. നമ്മുടെ സംസ്ഥാനം ഭരിക്കുന്നയാളുകള്‍ ഇപ്പോള്‍ നിര്‍ലജ്ജം കീഴടങ്ങിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് കോടതികള്‍ക്ക് ഇടപെടേണ്ടി വരുന്നതും. ദൈവവിശ്വാസികളായ നമ്മുടെ ഭരണാധികാരികള്‍ സ്വയം ചോദിക്കേണ്ട ചോദ്യമുണ്ട്. പത്മനാഭസ്വാമിയെ, ഈശ്വരനെ, നമുക്ക് ആരാധിക്കാം, പേടിക്കാം. പക്ഷേ, ഹിന്ദു വര്‍ഗീയതയുടെ പ്രതീകമായ രാഹുല്‍ ഈശ്വറിനെയും പേടിക്കേണ്ടതുണ്ടോ?

*
കെ എന്‍ ഗണേശ് ചിന്ത വാരിക

Friday, April 25, 2014

ക്ഷേത്രങ്ങൾ പൊതുസ്വത്ത്‌ : സംഘപരിവാര കുതന്ത്രങ്ങൾ തിരിച്ചറിയണം

കേരളത്തിൽ സ്വകാര്യ-കുടുംബസ്വത്തുക്കളല്ലാത്ത എല്ലാ ക്ഷേത്രങ്ങളും നിയമസഭ പാസാക്കിയ ദേവസ്വം നിയമത്തിനുവിധേയമായി രൂപീകരിച്ച ദേവസ്വം ബോർഡുകളുടെ നിയന്ത്രണത്തിലാണ്‌ പ്രവർത്തിച്ചുവരുന്നത്‌. ക്ഷേത്ര നടത്തിപ്പ്‌ ജനാധിപത്യപരവും സുതാര്യവുമാക്കുന്നതിന്‌ ഈ സംവിധാനം പര്യാപ്‌തമാണ്‌. അഴിമതിയും കെടുകാര്യസ്ഥതയുമടക്കം പൊതുവായുള്ള പോരായ്‌മകളും പരിമിതികളും കണ്ടേക്കാമെങ്കിലും ജനങ്ങൾക്ക്‌ പൊതുവേ സ്വീകാര്യമായ സംവിധാനമാണ്‌ നിലവിലുള്ളതെന്നു പറയാം. എന്നാൽ, വർഗീയവിഷം ചീറ്റുന്ന സംഘപരിവാർ നേതാക്കൾ ഇതിനെതിരാണ്‌. അവർ ചോദിക്കുന്നത്‌ ഹിന്ദുക്ഷേത്രങ്ങളുടെ ഭരണവും സ്വത്തുക്കളും കയ്യടക്കുന്ന സർക്കാർ എന്തുകൊണ്ടാണ്‌ മുസ്‌ലിം – ക്രിസ്‌ത്യൻ ആരാധനാലയങ്ങളും സ്വത്തുക്കളും സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവരാത്തത്‌. മാത്രവുമല്ല, ഹിന്ദുക്ഷേത്രങ്ങളിലെ വരുമാനം മുഴുവൻ മുസ്‌ലിങ്ങളും ക്രിസ്‌ത്യാനികളുമടങ്ങിയ സമൂഹത്തിന്റെ പൊതു ആവശ്യങ്ങൾക്കുവേണ്ടി സർക്കാർ വകമാറ്റി ചെലവഴിക്കുന്നുവെന്നാരോപിച്ച്‌ സങ്കുചിത ഹൈന്ദവചിന്താഗതിക്കാരായ കുറെച്ചെങ്കിലും വിശ്വാസികളെ തങ്ങൾക്കനുകൂലമായി ഇളക്കിവിടാനും ശ്രമിച്ചുകൊണ്ടിരിക്കുന്നു. സംഘപരിവാർ മുന്നോട്ടുവയ്‌ക്കുന്ന ഇത്തരം ഹീനവും സങ്കുചിതവുമായ വർഗീയ പ്രചരണങ്ങളിൽ എന്തെങ്കിലും വാസ്‌തവമുണ്ടോ?

സ്വാതന്ത്ര്യത്തിനുമുമ്പുവരെ, കേരളത്തിൽ നാടുവാഴി – ജന്മി വ്യവസ്ഥയായിരുന്നുവല്ലൊ നിലനിന്നുപോന്നത്‌. സമൂഹത്തിലെ മഹാഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങൾക്ക്‌ സ്വത്തവകാശവും യാതൊരുവിധ പൗരാവകാശങ്ങളും അക്കാലത്ത്‌ ഉണ്ടായിരുന്നില്ല. സ്വാഭാവികമായും മിക്കവാറും എല്ലാ ക്ഷേത്രങ്ങളും രാജാക്കന്മാരുടേയോ ജന്മിമാരുടേയോ സ്വകാര്യ സ്വത്തുക്കളായിരുന്നു. ക്ഷേത്രങ്ങളുടെ പേരിൽ ഭൂസ്വത്തുക്കൾ എഴുതിവയ്‌ക്കുന്നതും അക്കാലത്ത്‌ പതിവായിരുന്നു. രാജാധികാരം നാടുനീങ്ങിയതോടെ രാജാക്കന്മാരുടെ അധീനതയിലുണ്ടായിരുന്ന ക്ഷേത്രങ്ങളും പൊതുസ്വത്തുക്കളായി പരിണമിച്ചു. ജനങ്ങളുടെ നികുതിപ്പണംകൊണ്ടാണ്‌ രാജാക്കന്മാർ ക്ഷേത്രങ്ങൾ നിർമിച്ചിരുന്നത്‌. ജനായത്ത വ്യവസ്ഥ സംജാതമായതോടെ അങ്ങനെ നിർമിച്ച ക്ഷേത്രങ്ങളും അനുബന്ധ സ്വത്തുവകകളും പൊതുജനങ്ങളുടേതായി മാറി. ഇത്തരത്തിൽ കൈമാറിക്കിട്ടിയ ക്ഷേത്രങ്ങളും സ്വത്തുക്കളും പരിപാലിക്കാനും നടത്തിക്കൊണ്ടുപോകാനുമാണ്‌ ദേവസ്വം നിയമങ്ങളും ദേവസ്വം ബോർഡുകളും അതിനൊരു സർക്കാർ വകുപ്പും ഉണ്ടായത്‌.

കേരളത്തിൽ ഒരു ക്ഷേത്രം പോലും നിർബന്ധപൂർവ്വം സർക്കാർ കയ്യടക്കിയിട്ടില്ല. എല്ലാം നിലനിൽപ്പിന്റേയും നടത്തിപ്പിന്റേയും ഭാഗമായി സർക്കാർ അധീനതയിൽ വന്നു ചേർന്നതാണ്‌. രാജഭരണകാലത്ത്‌ ജനങ്ങളുടെ നികുതിപ്പണംകൊണ്ട്‌ നിലനിന്നിരുന്ന കേരളത്തിലെ മഹാക്ഷേത്രങ്ങളാണ്‌ ജനായത്ത ഭരണക്രമത്തിൽ ദേവസ്വം ബോർഡുകളുടെ നിയന്ത്രണത്തിൽ വന്നത.​‍്‌ കൂടാതെ ഭൂപരിഷ്‌കരണ നിയമത്തെ തുടർന്ന്‌ അന്തിത്തിരികത്തിക്കാൻ പോലും വകയില്ലാതെ ഗതികേടിലായ ജന്മിമാരുടെ വക കുടുംബക്ഷേത്രങ്ങളും ഗ്രാമക്ഷേത്രങ്ങളും കാലക്രമത്തിൽ ദേവസ്വം ബോർഡുകളിൽ ചെന്നുചേർന്നു. വരുമാനമുള്ള മഹാക്ഷേത്രങ്ങളിലെ ധനം ഉപയോഗിച്ച്‌ തിരികത്തിക്കാൻ വകയില്ലാത്ത സാധാരണ ക്ഷേത്രങ്ങൾ പരിപാലിക്കുന്ന വലിയ ഉത്തരവാദിത്വമാണ്‌ ദേവസ്വം ബോർഡുകൾ നിർവഹിച്ചുവരുന്നത്‌. ആചാരങ്ങളും അനുഷ്ഠാനങ്ങളും കീഴ്‌വഴക്കങ്ങളും എല്ലാം പാലിച്ചുകൊണ്ട്‌, പ്രദേശവാസികളായ ഭക്തന്മാരുടെ ആഗ്രഹാഭിലാഷങ്ങൾക്കനുസരിച്ചാണ്‌ എല്ലാ ദേവസ്വം വക ക്ഷേത്രങ്ങളും ഇന്നുപ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്‌. സാമൂഹ്യവും ജനാധിപത്യപരവും നിയമപരവുമായ പൊതുനിയന്ത്രണമാണ്‌ ദേവസ്വം വക ക്ഷേത്രങ്ങൾക്കുള്ളത്‌. ജനങ്ങളുടെ നികുതിപ്പണംകൊണ്ട്‌ നിർമിച്ച ശ്രീപത്മനാഭ സ്വാമി ക്ഷേത്രം പോലുള്ള അപൂർവം ചില മഹാക്ഷേത്രങ്ങൾ, രാജഭരണം നാടുനീങ്ങിയ ഇന്നത്തെ കാലത്തും സ്വകാര്യ കുടുംബട്രസ്റ്റ്‌ വകയായി നിലനിൽക്കുന്നു എന്നത്‌ സ്‌മരണീയമാണ്‌. ക്ഷേത്രങ്ങൾ സർക്കാർ ഉടമസ്ഥതയിലാക്കാൻ നിർബന്ധപൂർവം ശ്രമിക്കുന്നില്ലെന്നതിനും ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ഉദാഹരണമാണ്‌.
കേരള നിയമസഭയിൽ വർഷാവർഷം അവതരിപ്പിക്കുന്ന ബജറ്റിൽ, സർക്കാരിന്‌ ലഭിക്കുന്ന വരുമാനത്തിൽ, “ദേവസ്വം ബോർഡുകൾ വഴി ലഭിക്കുന്ന വരവ്‌” എന്ന ഒരു `ഹെഡ്ഡ്‌` നിലവിലില്ല. അതിനർഥം ദേവസ്വം ബോർഡുകളുടെ വരവു-ചെലവുകൾ പൂർണമായും കൈകാര്യം ചെയ്യുന്നത്‌ ദേവസ്വം ബോർഡുകളാണ്‌ എന്നുതന്നെയാണ്‌. അതേസമയം ദേവസ്വംവകുപ്പിലെ ജീവനക്കാരുടെ ശമ്പളവും മറ്റു ചെലവുകളും പൊതുഖജനാവിൽ നിന്നാണ്‌ എന്ന കാര്യം വിസ്‌മരിക്കാനാവില്ല. കൂടാതെ, കേരളത്തിലെ വിവിധ ക്ഷേത്രങ്ങൾക്ക്‌ സർക്കാർ ഖജനാവിൽ നിന്ന്‌ വർഷംതോറും വൻതുകകൾ ധനസഹായമായി നൽകുന്നുണ്ട്‌. ഉദാഹരണത്തിന്‌ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്‌ പ്രതിവർഷം 20 ലക്ഷം രൂപ സർക്കാർ ധനസഹായമായി നൽകിവരുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത്‌ ഹിന്ദുക്കൾ ക്ഷേത്രത്തിൽ നൽകുന്ന കാണിക്കയിലൂടെ ലഭിക്കുന്ന വരുമാനം സർക്കാർ മറ്റാവശ്യങ്ങൾക്കായി ധൂർത്തടിക്കുകയാണെന്ന വാദം കല്ലുവെച്ച വലിയ നുണയാണെന്നാണ്‌. ഇക്കാര്യം വിശ്വാസികൾ തിരിച്ചറിയുകതന്നെ വേണം.

വർഗീയവാദികൾ വളരെ എളുപ്പത്തിൽ ഹിന്ദുവിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു ചോദ്യമാണ്‌ `എന്തുകൊണ്ട്‌ ക്രിസ്‌ത്യൻ-മുസ്‌ലിം ദേവാലയങ്ങൾ സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവരുന്നില്ലാ` എന്നത്‌. നിരർഥകമായ ഒരു പ്രകോപനമാണിത്‌. കേരളത്തിൽ അധികപക്ഷവും ഭരണം നടത്തിയത്‌ ഹിന്ദു വിശ്വാസികളായ രാജാക്കന്മാരാണെന്ന്‌ ചരിത്രം പഠിച്ചവർക്കറിയാം. കണ്ണൂരിൽ ഒരു അലിരാജ ഒഴിച്ചാൽ, കേരളത്തിൽ ക്രിസ്‌ത്യൻ-മുസ്‌ലിം രാജഭരണം നിലനിന്നിട്ടില്ല. അതുകൊണ്ട്‌ രാജഭരണത്തിന്റെ ഭാഗമായി നിർമിച്ച, പൊതുഖജനാവിൽ നിന്ന്‌ പണം മുടക്കി ഉണ്ടാക്കിയ പള്ളികളോ മോസ്‌കുകളോ കേരളത്തിൽ ഉണ്ടായിരുന്നില്ല. വിശ്വാസികൾ സ്വന്തം ചെലവിലും അധ്വാനത്തിലും പണിതുയർത്തിയ പള്ളികളും മോസ്‌കുകളുമാണ്‌ കേരളത്തിലുള്ളത്‌. അവയുടെ മേൽ സർക്കാർ നിയന്ത്രണമേർപ്പെടുത്തേണ്ട കാര്യമില്ല. എന്നാൽ, രാജഭരണത്തിന്റെ ഭാഗമായിരുന്ന ക്ഷേത്രങ്ങൾ, ജനായത്ത വ്യവസ്ഥയിൽ സർക്കാരിന്റെ ഭാഗമായതോടെ, അവയെ നിലനിർത്താനും കൊണ്ടുനടക്കാനുമുള്ള സാമൂഹ്യവും നിയമപരവുമായ സംവിധാനമായി ദേവസ്വം ബോർഡുകൾ സ്വാഭാവികമായി രൂപീകരിക്കപ്പെടുകയാണുണ്ടായത്‌.

സ്വകാര്യ മുസ്‌ലിം-ക്രിസ്‌ത്യൻ ദേവാലയങ്ങൾ ഉള്ളതുപോലെ വ്യക്തികളുടേയും വിവിധ ജാതിസംഘടനകളുടേയും നിരവധി ക്ഷേത്രങ്ങൾ ഇന്നുകേരളത്തിലുണ്ട്‌. എൻ എസ്‌ എസ്‌, എസ്‌ എൻ ഡി പി പോലുള്ള ജാതിസംഘടനകളുടെ കൈവശം നൂറുകണക്കിന്‌ വൻ ആസ്‌തിവകകളുള്ള ക്ഷേത്രങ്ങൾ ഉള്ളതായി നമുക്കറിയാം. അവയെല്ലാം അതത്‌ സമുദായാംഗങ്ങൾ സ്വന്തം ചെലവിൽ പണംമുടക്കി നിർമിച്ചു പരിപാലിച്ചു പോരുന്നവയാണ്‌. അത്തരം ആരാധനാലയങ്ങളൊന്നും ദേവസ്വം ബോർഡുകളുടേയോ സർക്കാരിന്റേയോ നിയന്ത്രണങ്ങളിൽ വരുന്നില്ല എന്ന കാര്യം മറക്കരുത്‌.

സർക്കാർ വക ദേവസ്വം ബോർഡുകൾ പിരിച്ചുവിട്ട്‌ ക്ഷേത്രങ്ങൾ വിശ്വാസികളെ ഏല്‌പിക്കണമെന്നാണ്‌ സംഘപരിവാർ വർഗീയവാദികൾ ആവശ്യപ്പെടുന്നത്‌. ഇത്‌ ജനാധിപത്യവിരുദ്ധമായ ആശയമാണ്‌. കാരണം, കേരള നിയമസഭയിലെ ഹിന്ദുമതക്കാരായ അംഗങ്ങൾ വോട്ടുചെയ്‌ത്‌ ഭൂരിപക്ഷം ലഭിക്കുന്നവരാണ്‌ ദേവസ്വം അംഗങ്ങളായി നിയമിക്കപ്പെടുന്നത്‌. ദേവസ്വം അംഗങ്ങൾ നിയമവിധേയമായി പ്രവർത്തിക്കാൻ ബാധ്യതപ്പെട്ടവരാണ്‌. നിയമത്തിന്റെ യാതൊരു നിയന്ത്രണവുമില്ലാതെ പ്രവർത്തിക്കുന്ന ക്ഷേത്രങ്ങളിലും മറ്റ്‌ ആരാധനാലയങ്ങളിലും നടക്കുന്ന വെട്ടിപ്പുകളും തട്ടിപ്പുകളും ഇന്ന്‌ അങ്ങാടിപ്പാട്ടാണ്‌. അതുപോലെ, കേരളമാകെ ക്ഷേത്രനടത്തിപ്പ്‌ കയ്യടക്കിവെച്ച സംഘപരിവാരത്തിന്‌ സർവതന്ത്രസ്വതന്ത്രമായി ക്ഷേത്രങ്ങളുടെ ഭരണം വിട്ടുനൽകി വിശ്വാസവാണിഭവും വെട്ടിപ്പും വ്യാപകമാക്കാൻ അനുവദിക്കണമെന്നാണ്‌ ദേവസ്വം ബോർഡുകൾ പിരിച്ചുവിട്ട്‌ ക്ഷേത്രങ്ങൾ വിശ്വാസികളെ ഏല്‌പിക്കണമെന്നു പറയുന്നതിലൂടെ സംഘപരിവാർ ഉദ്ദേശിക്കുന്നതെന്ന്‌ വിവേകമുള്ളവർ തിരിച്ചറിയണം.

*
ഇ എം സതീശൻ Janayugom

Thursday, April 24, 2014

സര്‍ക്കാരിന്റെ രാജഭക്തിയും "രാജാവി"ന്റെ കവര്‍ച്ചയും

രാജഭരണം മണ്ണടിഞ്ഞിട്ടും ഇല്ലാത്ത മഹാരാജാവിനെ എഴുന്നള്ളിച്ച് ദാസ്യവൃത്തി നടത്തുകയാണ് യുഡിഎഫ് സര്‍ക്കാര്‍. സര്‍ക്കാരിന്റെ പിടിപ്പുകേടും നിഷ്ക്രിയത്വവും സംസ്ഥാനത്തിന് വരുത്തിവയ്ക്കുന്ന നഷ്ടത്തിന്റെയും ദുരന്തത്തിന്റെയും പട്ടികയില്‍ പത്മനാഭസ്വാമി ക്ഷേത്രവും അതിലെ അമൂല്യ വസ്തുവകകളും കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കയാണ്. ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ രാജകുടുംബവുമായി ഒത്തുകളിക്കുകയാണെന്ന കുറ്റപത്രമാണ് അമിക്കസ്ക്യൂറി തന്റെ റിപ്പോര്‍ട്ടിലൂടെ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് ഗൗരവമേറിയതാണെന്നും പ്രശ്നങ്ങളില്‍ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും വിലയിരുത്തിയ സുപ്രീംകോടതി ഇത് സംബന്ധിച്ച ഇടക്കാല ഉത്തരവ് വ്യാഴാഴ്ച പുറപ്പെടുവിക്കും.

സുപ്രീംകോടതി നിയോഗിച്ച അമിക്കസ്ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം ഇന്ത്യന്‍ നീതിന്യായലോകത്തെ ബഹുമാന്യ വ്യക്തിത്വമാണ്. ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് 2011 ജനുവരിയില്‍ ഹൈക്കോടതി ഉത്തരവിട്ടു. അത് ചോദ്യംചെയ്ത് രാജകുടുംബം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. മൂന്നുവര്‍ഷമായി കേസ് സുപ്രീംകോടതിയില്‍ തുടരുകയാണെങ്കിലും ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമോ വേണ്ടയോ എന്ന അടിസ്ഥാന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടെടുത്തിട്ടില്ല. ക്ഷേത്രഭണ്ഡാരത്തെയും ക്ഷേത്രത്തെയും സമീപിക്കുമ്പോള്‍ വിശ്വാസഘടകത്തെയാണ് പ്രധാനമായി കാണേണ്ടതെന്നും രാജകുടുംബത്തിന് ക്ഷേത്രകാര്യങ്ങളില്‍ മേധാവിത്വമുണ്ടെന്നുമുള്ള രാജഭക്തിപരമായ നിലപാടാണ് യുഡിഎഫ് സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചത്. രാജകുടുംബത്തിന്റെ മേല്‍നോട്ടത്തിലുള്ള ഭരണസംവിധാനമാണ് ഹൈക്കോടതി വിധിക്കുശേഷവും ക്ഷേത്രത്തില്‍ തുടരുന്നത്. അതുകാരണം ഹൈക്കോടതി വിധിക്കുശേഷവും ക്ഷേത്രത്തില്‍ വന്‍തോതില്‍ സ്വര്‍ണക്കവര്‍ച്ച ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ നടന്നു എന്നാണ് അമിക്കസ്ക്യൂറി വ്യക്തമാക്കിയത്. ഈ കൊള്ളയ്ക്ക് സമാധാനം പറയേണ്ട ധാര്‍മികവും ഭരണപരവുമായ ഉത്തരവാദിത്തം യുഡിഎഫ് സര്‍ക്കാരിനുണ്ട്.

കേസില്‍ സുധീരമായ നിലപാട് സ്വീകരിക്കാന്‍ വി എം സുധീരന്‍ പ്രസിഡന്റായ കെപിസിസിക്കും കഴിഞ്ഞിട്ടില്ല എന്നത് അപമാനകരമാണ്. രാജാക്കന്മാര്‍ക്കുള്ള പ്രിവിപഴ്സ് നിര്‍ത്തലാക്കിയ ഇന്ദിരാഗാന്ധിയുടെ പേരിന്റെ ആദ്യക്ഷരം ചേര്‍ത്ത പാര്‍ടിയുടെ സംസ്ഥാന അധ്യക്ഷനാണ് സുധീരന്‍. രമേശ് ചെന്നിത്തലയുടെ കാലത്തെന്നപോലെ ഇപ്പോഴും രാജഭക്തിയിലാണ് കെപിസിസിയും ഉമ്മന്‍ചാണ്ടിഭരണവും. എന്നാല്‍, സിപിഐ എം നേരത്തെതന്നെ വ്യക്തമായ നിലപാട് ഇക്കാര്യത്തില്‍ സ്വീകരിച്ചു. തിരുപ്പതി, ഗുരുവായൂര്‍ തുടങ്ങിയ പ്രശസ്ത ക്ഷേത്രങ്ങളുടെ മാതൃകയിലുള്ള ഭരണസംവിധാനം പത്മനാഭസ്വാമി ക്ഷേത്രത്തിലും ഏര്‍പ്പെടുത്തണമെന്നാണ് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് നിര്‍ദേശിച്ചത്. സംസ്ഥാനത്തെ മുഖ്യ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അഭിപ്രായത്തിനുപോലും ചെവികൊടുക്കാതെ രാജഭരണദാസ്യത്തിലാണ് ഭരണക്കാര്‍.

പത്മനാഭസ്വാമി ക്ഷേത്രം രാജ്യത്ത് ഏറ്റവും കൂടുതല്‍ ആസ്തിയുള്ള ആരാധനാലയമാണ്. ക്ഷേത്രത്തിലെ അമൂല്യവസ്തു ശേഖരത്തിന്റെ സുരക്ഷ ഉറപ്പാക്കാനും അളവും മൂല്യവും തിട്ടപ്പെടുത്താനും സുപ്രീംകോടതി വിദഗ്ധ സമിതിയെ നിയോഗിച്ചു നടത്തിയ തെളിവെടുപ്പിനെത്തുടര്‍ന്നാണ് ഇത് വ്യക്തമായത്. ഈ തെളിവെടുപ്പ് തടസ്സപ്പെടുത്താന്‍ "ദേവപ്രശ്നം" എന്ന ഉമ്മാക്കിയുമായി ഉത്രാടം തിരുനാളിന്റെ നേതൃത്വത്തില്‍ രാജകുടുംബം ഇറങ്ങിയെങ്കിലും, അന്ധവിശ്വാസം പ്രചരിപ്പിച്ച് ക്ഷേത്രസ്വത്ത് തിട്ടപ്പെടുത്തുന്ന പ്രക്രിയയെ തടസ്സപ്പെടുത്താന്‍ നോക്കേണ്ട എന്ന താക്കീത് സുപ്രീംകോടതി നല്‍കി. എങ്കിലും "ബി" നിലവറ തുറന്നുള്ള പരിശോധന ഇതുവരെ പൂര്‍ത്തിയാക്കിയില്ല. വിദഗ്ധ സമിതിയുടെ തെളിവെടുപ്പിന് മധ്യേപോലും ക്ഷേത്രത്തില്‍നിന്ന് വന്‍തോതില്‍ സ്വര്‍ണം രാജകുടുംബാംഗങ്ങളുടെ മേല്‍നോട്ടത്തില്‍ കടത്തി എന്നാണ് അമിക്കസ്ക്യൂറി റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ഉന്നത കോണ്‍ഗ്രസ് നേതാവ് ടിവി ചര്‍ച്ചയില്‍ പ്രതികരിച്ചത് "പത്മനാഭ ദാസന്മാരാ"യ തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളെ അപമാനിക്കുന്നത് ചരിത്രമറിയാത്തവരാണെന്നാണ്. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ സത്യസന്ധതകൊണ്ടാണ് ക്ഷേത്രത്തില്‍ ഇത്രയും അമൂല്യസ്വത്തുക്കള്‍ ശേഷിക്കുന്നതെന്നായിരുന്നു ആ നേതാവ് പറഞ്ഞത്. സുപ്രീംകോടതി നിയോഗിച്ച സമിതി കണ്ടെടുത്ത സമ്പത്തില്‍ ക്ഷേത്രാചാര വിധിപ്രകാരമുള്ള സാധന സാമഗ്രികള്‍ മാത്രമല്ല, കോടികള്‍ വിലമതിക്കുന്ന പഞ്ചലോഹ വിഗ്രഹങ്ങളും സ്വര്‍ണ വിഗ്രഹങ്ങളും ആഭരണങ്ങളും സ്വര്‍ണക്കുടങ്ങളും സ്വര്‍ണപ്പാത്രങ്ങളും വെള്ളിയാഭരണങ്ങളും എല്ലാമുണ്ട്. ഈ സമ്പത്തില്‍ ഭക്തജനങ്ങള്‍ നല്‍കിയ കാണിക്കയുണ്ട്; രാജ്യവ്യാപന വേളയില്‍ കീഴടക്കപ്പെട്ട പ്രദേശങ്ങളില്‍നിന്ന് വസൂലാക്കിയ സമ്പത്തുണ്ട്; മുലക്കരം അടക്കമുള്ള ജനദ്രോഹ നികുതികളായി വന്നുചേര്‍ന്നവയുണ്ട്. ഇതെല്ലാം രാഷ്ട്രത്തിന്റെ സ്വത്താണ്; അധികാരത്തില്‍നിന്ന് പുറത്തായ രാജകുടുംബത്തിന്റേതല്ല. അതുകൊണ്ട് രാജ്യത്തിനവകാശപ്പെട്ട പൊതുസ്വത്ത് കട്ടുഭുജിച്ച രാജകുടുംബാംഗങ്ങളും ശിക്ഷാര്‍ഹരാണ്.

രാജകുടുംബാംഗങ്ങളുടെ നേതൃത്വത്തില്‍ നടന്നതായി അമിക്കസ്ക്യൂറി ചൂണ്ടിക്കാട്ടിയ കവര്‍ച്ചവസ്തുക്കള്‍ കണ്ടെത്തേണ്ട ചുമതല സംസ്ഥാന സര്‍ക്കാരിനുണ്ട്. കവര്‍ച്ച നടത്തിയവരെ പിടികൂടി ശിക്ഷിക്കേണ്ടത് നിയമപരമായ ബാധ്യതയാണ്. ഇതൊന്നും വേണ്ട, കേരളം രാജഭരണകാലത്താണ് എന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് ഭരണക്കാരുടെ നിലപാടും മൗനവും.

തിരുവിതാംകൂറിലെയും കൊച്ചിയിലെയും പഴയ നിയമപ്രകാരം രാജകുടുംബത്തിനും ബ്രാഹ്മണര്‍ക്കും പ്രത്യേക നിയമമാണ്. എന്ത് കുറ്റംചെയ്താലും ബ്രാഹ്മണര്‍ക്ക് വധശിക്ഷ പാടില്ല. പക്ഷേ, കറവയുള്ള പശുക്കളെയും ഗര്‍ഭിണികളായ പശുക്കളെയും കൊല്ലുന്നവര്‍ക്ക് വധശിക്ഷ നല്‍കാം. ഇതിനെല്ലാം അറുതിവരുത്തിയത് ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തോടെയാണ്. എന്നിട്ടും ബംഗാളില്‍ 18-ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ ഒരു ബ്രാഹ്മണനെ ഹൈക്കോടതി ശിക്ഷിച്ചപ്പോള്‍ ബ്രാഹ്മണര്‍ വലിയ പ്രതിഷേധം നടത്തി. മനുവിന്റെ ധര്‍മശാസ്ത്രപ്രകാരം ബ്രാഹ്മണരെ ശിക്ഷിച്ചുകൂടെന്ന് കോടതിയില്‍ വാദിച്ചു. കമ്പനിഭരണം അത് വകവച്ചില്ല. കമ്പനിഭരണം പോയി തദ്ദേശവാസികളുടെ ഭരണംവന്നിട്ടും കമ്പനിഭരണകാലത്ത് കാണിച്ച നീതിപോലും ഉമ്മന്‍ചാണ്ടി സര്‍ക്കാരിനില്ലേ? ഇന്നും മനുവിന്റെ ധര്‍മശാസ്ത്രത്തിലാണോ ഇക്കൂട്ടര്‍ ജീവിക്കുന്നത്!.

പത്മനാഭദാസന്മാരായി തിരുവിതാംകൂര്‍ രാജകുടുംബം രാജ്യം ഭരിച്ചതിന്റെ കേമത്വത്തെപ്പറ്റി ഇന്നും അഭിമാനപൂര്‍വം സംസാരിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍, കേരളത്തിലെ പഴയകാല കോണ്‍ഗ്രസ് നേതാവുകൂടിയായ കമ്യൂണിസ്റ്റ് ആചാര്യന്‍ ഇ എം എസ് തിരുവിതാംകൂര്‍ രാജകുടുംബത്തോട് ഉന്നയിച്ച പത്മനാഭനോടാണോ ബ്രിട്ടീഷുകാരോടാണോ കൂറ് എന്ന ചോദ്യം മറക്കരുത്. പത്മനാഭദാസനായി രാജ്യം ആദ്യം ഭരിച്ചത് 18-ാം നൂറ്റാണ്ടില്‍ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയാണ്. അക്കാലത്ത് നാടുവാഴികളുടെയും ദേശവാസികളുടെയും ക്ഷേത്രഭരണാധികാരികളുടെയും ഭരണത്തിന്‍ കീഴിലായിരുന്നു തിരുവിതാംകൂര്‍. അന്ന് കേന്ദ്രീകൃത ഭരണമില്ലായിരുന്നു. തൃപ്പാപ്പൂര്‍ സ്വരൂപം (വേണാട് രാജവംശം) പല താവഴികളിലായി നിലകൊണ്ട് തമ്മിലടിക്കുകയായിരുന്നു.

വേണാട് ഭരണത്തെ അക്ഷരാര്‍ഥത്തില്‍ നിയന്ത്രിച്ചത് എട്ടരയോഗക്കാരും (ഇവരാണ് പത്മനാഭസ്വാമി ക്ഷേത്രവും സ്വത്തും ഭരിച്ചുപോന്ന ഊരാളന്മാര്‍) എട്ടുവീട്ടില്‍ പിള്ളമാരുമായിരുന്നു. രാജകുടുംബത്തില്‍ അധികാരത്തര്‍ക്കവും അന്ന് നിലനിന്നു. മരുമക്കത്തായ സമ്പ്രദായമായിരുന്നു വേണാട് രാജവംശത്തില്‍. അതനുസരിച്ച് രാജപദവി ലഭിക്കേണ്ടത് മാര്‍ത്താണ്ഡവര്‍മയ്ക്കാണ്. എന്നാല്‍, രാമവര്‍മരാജാവിന്റെ മൂത്തമകനായ പപ്പുത്തമ്പി ഈ അവകാശവാദം അംഗീകരിച്ചില്ല. മക്കത്തായം അനുസരിച്ച് രാജപദവി ലഭിക്കണമെന്ന് തമ്പിമാര്‍ വാദിച്ചു. എന്നാല്‍, രാജപദവി ലഭിക്കാന്‍ നാടുവാഴികള്‍ മരുമക്കത്തായത്തിനായി നിലകൊണ്ടു. ഇതിനു പരിഹാരം കാണാന്‍ മാര്‍ത്താണ്ഡവര്‍മ സ്വീകരിച്ച മാര്‍ഗം പിള്ളമാരുടെയും മാടമ്പിമാരുടെയും മറ്റു നാടുവാഴികളുടെയും ഭരണം തകര്‍ക്കുകയും അവരുടെ സ്വത്തെല്ലാം കണ്ടുകെട്ടുകയും പുതിയൊരു ഭരണക്രമം നടപ്പാക്കുകയുമായിരുന്നു. ചാതുര്‍വര്‍ണ്യത്തിന്റെ കേരള പതിപ്പുപ്രകാരം നായര്‍പ്രഭുക്കളെ രാജ്യദ്രോഹ കുറ്റത്തിലുള്‍പ്പെടുത്താന്‍ പാടില്ല. ബ്രാഹ്മണരെ ഒരു പ്രകാരത്തിലും ശിക്ഷിക്കരുത്. എന്നാല്‍, മാര്‍ത്താണ്ഡവര്‍മ അതെല്ലാം കാറ്റില്‍ പറത്തി. നിരവധി നാടുവാഴികളെ കൊന്നു. നിരവധിപേരെ നാടുകടത്തി. യുദ്ധത്തില്‍ മുതിര്‍ന്ന ബ്രാഹ്മണരെ നിഷ്കരുണം വെടിവച്ചുകൊന്നു (ചങ്ങനാശേരി യുദ്ധത്തിലുള്‍പ്പെടെ ബ്രാഹ്മണരെ കൊന്നു).

കൊട്ടാരക്കര, ദേശിംഗനാട് (കൊല്ലം), കായംകുളം, വടക്കുംകൂര്‍, തെക്കുംകൂര്‍, പുറക്കാട്, പന്തളം, മീനച്ചല്‍ തുടങ്ങിയ എല്ലാ പ്രാദേശിക നാടുവാഴിത്ത കേന്ദ്രങ്ങളെയും തകര്‍ത്തു. അങ്ങനെ തിരുവിതാംകൂര്‍ രാജ്യം വിസ്തൃതമാക്കി. അപ്രകാരം കൊള്ളയടിക്കപ്പെട്ട മുതലുകളടക്കം സൂക്ഷിച്ചത് പത്മനാഭസ്വാമി ക്ഷേത്രത്തിലാണ്. ചാതുര്‍വര്‍ണ്യവും ഹൈന്ദവ ധര്‍മശാസ്ത്രവും മനുവും ഒന്നും അനുവദിക്കാത്ത വെട്ടിപ്പിടിത്തവും അതിക്രമവുമാണ് അന്ന് മാര്‍ത്താണ്ഡവര്‍മ നടത്തിയത്. അതിനെ മറികടക്കാനാണ് ഭരണവും ഭൂമിയും പത്മനാഭന്റേതായി പ്രഖ്യാപിച്ചതും താന്‍തന്നെ പത്മനാഭദാസനായിരിക്കുമെന്ന് വിളംബരമിറക്കിയതും. യുദ്ധത്തില്‍ ചില ഘട്ടങ്ങളില്‍ ബ്രിട്ടീഷുകാരുടെ സഹായവും തേടി. ഈ ചരിത്രം മുന്നില്‍വച്ചാണ് മാര്‍ത്താണ്ഡവര്‍മ തിരുവിതാംകൂര്‍ രാജ്യം കാഴ്ചവയ്ക്കുന്നത് ശ്രീപത്മനാഭനാണോ ബ്രിട്ടീഷുകാര്‍ക്കാണോ എന്ന ചോദ്യം ഇ എം എസ് ഉയര്‍ത്തിയത്.

ജനാധിപത്യ പരിഷ്കാരങ്ങള്‍ വളരെയധികം മുന്നോട്ടുപോയ സംസ്ഥാനമാണ് കേരളം. ഇവിടെ അടിമസമാനമായ രാജഭക്തി സംസ്ഥാനഭരണം ഇനിയും തുടരണമോ എന്ന ചോദ്യമാണ് ഉയരേണ്ടത്. രാജകുടുംബത്തിന്റെ കവര്‍ച്ചയില്‍നിന്ന് ഒരു ക്ഷേത്രത്തെയും അതിലെ അമൂല്യ വസ്തുവകകളെയും രക്ഷിക്കാനും വിദേശി-സ്വദേശി ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള ഭീഷണികളെ തടഞ്ഞ് സുരക്ഷിതത്വം ഉറപ്പാക്കാനുമുള്ള ചുവടുവയ്പാണ് വേണ്ടത്. അതിന് രാജകുടുംബത്തിന് മേധാവിത്വമില്ലാത്ത ഭരണസംവിധാനമാണ് ക്ഷേത്രത്തിനാവശ്യം. കൊച്ചി കോവിലകത്തെ തമ്പുരാട്ടിക്ക് അരുതായ്മകള്‍ക്ക് കൂട്ടിരുന്ന കോന്തക്കുറുപ്പിനെപോലെ സര്‍ക്കാര്‍ ഇനിയും അധഃപതിക്കരുത്.

*
ആര്‍ എസ് ബാബു

Wednesday, April 23, 2014

വേലിതന്നെ വിള തിന്നാല്‍

ഏറെ പ്രസിദ്ധമായ ആരാധനാലയമാണല്ലോ തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രം. അനന്തപുരിയുടെ പ്രശസ്തി ഇന്നത്തെ നിലയില്‍ ഉയര്‍ത്തുന്നതില്‍ പത്മനാഭസ്വാമി ക്ഷേത്രത്തിനും ഒരു സുപ്രധാന പങ്കുണ്ടെന്നത് നിഷേധിക്കാന്‍ കഴിയുന്നതല്ല. ക്ഷേത്രത്തിലെ നിലവറകള്‍ തുറന്നപ്പോള്‍, ലോകത്തില്‍തന്നെ ഇത്രയധികം നിധി സംഭരിച്ച് സൂക്ഷിച്ചിട്ടുള്ള മറ്റൊരു ആരാധനാലയം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിദഗ്ധര്‍ പറഞ്ഞത്. ക്ഷേത്രത്തില്‍ സൂക്ഷിച്ചുവച്ച അമൂല്യനിധികളുടെ യഥാര്‍ഥ മൂല്യനിര്‍ണയം ഇതേവരെ പൂര്‍ത്തിയായിട്ടില്ല. "ബി" നിലവറ തുറക്കുന്ന വിഷയം വന്നപ്പോള്‍ ദേവപ്രശ്നം നടത്തി തടയാന്‍ ശ്രമിച്ചു. അന്ധവിശ്വാസവും ക്ഷേത്രസംരക്ഷണവും ഒത്തുപോകില്ലെന്ന ധീരമായ തീരുമാനമാണ് സുപ്രീംകോടതി സ്വീകരിച്ചത്. കാലാകാലമായി ലക്ഷക്കണക്കിന് ഭക്തര്‍ ക്ഷേത്രത്തില്‍ കാണിക്കയായി നല്‍കിയ സ്വര്‍ണവും രത്നങ്ങളും മറ്റ് അമൂല്യവസ്തുക്കളും എത്രയാണെന്ന് പറഞ്ഞറിയിക്കാന്‍ പ്രയാസമാണ്. ഭക്തജനങ്ങള്‍ അവരുടെ വിശ്വാസമനുസരിച്ച് ക്ഷേത്രത്തിന് വഴിപാട് നല്‍കിയത് ഒരു കുടുംബത്തിന്റെ നന്മയ്ക്കുവേണ്ടിയോ ക്ഷേമത്തിനുവേണ്ടിയോ ധൂര്‍ത്തടിക്കാനോ അല്ല; ക്ഷേത്രത്തിന്റെ പുരോഗതി ലക്ഷ്യമാക്കിയാണ്. ക്ഷേത്രഭരണം നടത്തിയ രാജകുടുംബം ക്ഷേത്രസ്വത്തുക്കള്‍ അന്യൂനമായി സൂക്ഷിക്കാന്‍ ചുമതലയുള്ളവരാണ്. ദീര്‍ഘകാലം അങ്ങനെ ചെയ്തിട്ടുമുണ്ട്. ഇല്ലായിരുന്നെങ്കില്‍ നിലവറകളില്‍ ഇത്രയധികം നിധി സംരക്ഷിക്കപ്പെടുമായിരുന്നില്ല. അതുകൊണ്ടുതന്നെയാകണം അനന്തപുരിയിലെ ഭക്തര്‍ക്ക് രാജകുടുംബത്തോട് ഇന്നും വലിയ ബഹുമാനമുള്ളത്. രാജവാഴ്ച ദശാബ്ദങ്ങള്‍ക്കുമുമ്പ് അവസാനിച്ചെങ്കിലും രാജകുടുംബാംഗങ്ങളെ അനന്തപുരിയിലെ വലിയ വിഭാഗം ജനങ്ങള്‍ വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു എന്നുവേണം കരുതാന്‍. എന്നാല്‍, വസ്തുതകള്‍ മറനീക്കി പുറത്തുവന്നതോടെ ആ വിശ്വാസം ചോര്‍ന്നുപോകാന്‍ ഇടവന്നിരിക്കുന്നു.

ക്ഷേത്രസ്വത്തുക്കള്‍ കാത്തുസൂക്ഷിക്കാന്‍ ബാധ്യതപ്പെട്ടവര്‍ കൊള്ളചെയ്യാനും മോഷ്ടിക്കാനും നേതൃത്വം നല്‍കുന്ന നിലയാണുണ്ടായത്. വേലിതന്നെ വിള തിന്നുന്ന നിലയുണ്ടായാല്‍ വിശ്വാസം നഷ്ടപ്പെടുന്നതില്‍ വേവലാതിപ്പെട്ടിട്ട് കാര്യമില്ല. 2012ല്‍ സുപ്രീംകോടതി നിശ്ചയിച്ച വിദഗ്ധസമിതി ഒട്ടേറെ വസ്തുതകള്‍ പുറത്തുകൊണ്ടുവന്നതാണ്. എന്നാല്‍, സമിതിക്ക് വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്നാണ് പറയുന്നത്. ഏറ്റവുമൊടുവില്‍ പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട നിധിയുടെ യഥാര്‍ഥ ചിത്രം ലഭിക്കാന്‍ രാജ്യത്തെ അത്യുന്നത നീതിപീഠമായ സുപ്രീംകോടതി, കേന്ദ്രസര്‍ക്കാരിന്റെ മുന്‍ സോളിസിറ്റര്‍ ജനറലും പ്രശസ്ത അഭിഭാഷകനുമായ ഗോപാല്‍ സുബ്രഹ്മണ്യത്തെയാണ് അമിക്കസ്ക്യൂറിയായി നിയമിച്ചത്. അദ്ദേഹം വിദഗ്ധമായി അന്വേഷിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് അമ്പരപ്പുളവാക്കുന്നതാണ്. മണ്ണില്‍ ഒളിപ്പിച്ചുവച്ച് സ്വര്‍ണം ലോറിയില്‍ കടത്തിക്കൊണ്ടുപോയതായ വിവരം ഉള്‍പ്പെടെ ഇപ്പോള്‍ പുറത്തുവന്നു.

ക്ഷേത്രത്തിലെ അമൂല്യമായ സ്വത്ത് നഷ്ടപ്പെടുന്നതായുള്ള വാര്‍ത്ത മുമ്പും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍, അതിന് ആധികാരികത ഇല്ലെന്ന കാരണത്താല്‍ പലരും തള്ളിക്കളയുകയാണുണ്ടായത്. ഇപ്പോള്‍ സുപ്രീംകോടതി നിയമിച്ച അമിക്കസ്ക്യൂറിയുടെ റിപ്പോര്‍ട്ടുതന്നെ വന്നു. ക്ഷേത്രസ്വത്തുക്കള്‍ കാത്തുസൂക്ഷിക്കാന്‍ നിലവിലുള്ള സംവിധാനം അപര്യാപ്തമാണെന്ന വിവരവും വന്നു. മുമ്പുള്ള വിവരം പുറത്തുവന്നപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ നിസ്സംഗതയോടെ കാഴ്ചക്കാരായി നോക്കിനിന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യമായ സമ്പത്ത് നഷ്ടപ്പെട്ടതില്‍ യുഡിഎഫ് സര്‍ക്കാരിനും പങ്കുണ്ടെന്ന് വ്യക്തമാണ്. അഴിമതി നടത്തുന്നവര്‍ക്ക് അഴിമതി തടയാന്‍ കഴിയില്ല. അഴിമതിയില്‍നിന്ന് പൂര്‍ണമായി മോചിതരായവര്‍ക്കുമാത്രമേ അതിന് കഴിയൂ. ആത്മാര്‍ഥതയും സത്യസന്ധതയുമാണ് അഴിമതി തടയാന്‍ അവശ്യം ആവശ്യമായത്. ക്ഷേത്രസ്വത്തുക്കള്‍ സംരക്ഷിക്കുന്നതിന് തിരുവിതാംകൂര്‍ രാജകുടുംബത്തെ ക്ഷേത്രഭരണത്തില്‍നിന്ന് അകറ്റിനിര്‍ത്തണമെന്ന വളരെ പ്രധാനപ്പെട്ട നിര്‍ദേശമാണ് അമിക്കസ്ക്യൂറിയില്‍നിന്നുണ്ടായത്. അമിക്കസ്ക്യൂറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇത്തരം ഒരു നിര്‍ദേശം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള ഭരണസംവിധാനത്തില്‍ ഉടനടി മാറ്റം ആവശ്യമാണ്. സമഗ്രമായ അന്വേഷണത്തിലൂടെ ക്ഷേത്രമുതല്‍ കൊള്ളചെയ്തവരെ കണ്ടെത്തണം. കൊള്ളക്കാര്‍ക്കെതിരെ, അവരെത്രതന്നെ ഉന്നതരായിരുന്നാലും നിയമാനുസരണം കര്‍ശനമായ നടപടി സ്വീകരിക്കണം. ക്ഷേത്രസംരക്ഷണമെന്നത് വിശ്വാസികളുടെമാത്രം സ്വകാര്യപ്രശ്നമായി കാണാനുള്ള പ്രവണത അംഗീകരിക്കാന്‍ കഴിയുന്നതല്ല. ആരാധനാലയങ്ങള്‍ ഏത് മതവിഭാഗത്തിന്റേതായാലും സംരക്ഷിക്കപ്പെടണം. ക്ഷേത്രസ്വത്തും വഖഫ് സ്വത്തുക്കളും അന്യൂനമായി സംരക്ഷിക്കപ്പെടണം. പത്മനാഭസ്വാമി ക്ഷേത്രമുതല്‍ തട്ടിയെടുക്കാന്‍ നടത്തിയ ശ്രമവും അമൂല്യമായ സ്വത്തുക്കള്‍ തട്ടിയെടുത്തതും ക്രിമിനല്‍ കുറ്റംതന്നെയാണ്. ഏറ്റക്കുറച്ചിലോടെ മറ്റു ചില ക്ഷേത്രങ്ങളിലും അഴിമതി നടക്കുന്നുണ്ട്. ക്ഷേത്രത്തിന്റെ 2001 മുതലുള്ള കണക്ക് ഓഡിറ്റുചെയ്യാന്‍ മുന്‍ സിഎജി വിനോദ്റായിയെ ചുമതലപ്പെടുത്തണമെന്ന അമിക്കസ്ക്യൂറിയുടെ നിര്‍ദേശവും സ്വാഗതാര്‍ഹമാണ്.

ട്രസ്റ്റിമാരുടെ വിശ്വാസ്യതതന്നെ ചോദ്യംചെയ്യേണ്ടിവരുന്ന അനുഭവങ്ങളുണ്ട്. ക്ഷേത്രഭണ്ഡാരം എണ്ണുന്നതില്‍ ഗുരുതരമായ ക്രമക്കേടുകള്‍ സംഭവിക്കുന്നു. യഥാര്‍ഥ വരുമാനം മറച്ചുപിടിക്കുന്ന നിലയുണ്ട്. ക്ഷേത്രത്തിന് ആവശ്യമുള്ള ചന്ദനമുട്ടി വാങ്ങുന്നതില്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് രൂപയുടെ അഴിമതി പുറത്തായിട്ടും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ രക്ഷപ്പെടുന്ന സ്ഥിതിയുണ്ട്. ഇതൊക്കെ അവസാനിപ്പിച്ചേ മതിയാകൂ. ഈ വിഷയത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഒത്തുകളിയും ഒളിച്ചുകളിയും അവസാനിപ്പിക്കണം. ആരാധനാലയങ്ങളുടെ സ്വത്ത് പൊതുസ്വത്താണെന്ന പരിഗണനയില്‍ അത് സംരക്ഷിക്കാനുള്ള ചുമതലയില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ആരെയും അനുവദിച്ചുകൂടാ.

*
deshabhimani editorial

Monday, April 21, 2014

പത്‌മനാഭസ്വാമിക്ഷേത്രത്തിലെ കൊള്ളകൾ വിശ്വാസികളെയാണ്‌ വെല്ലുവിളിക്കുന്നത്‌

വിശ്വാസികളായ ദശലക്ഷക്കണക്കിനു മനുഷ്യർ ഭയഭക്തിബഹുമാനപൂർവമാണ്‌ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെ ആരാധിച്ചുപോരുന്നത്‌. അവിടത്തെ കാര്യനിർവഹണം സംബന്ധിച്ച്‌ പഠിക്കാൻ സുപ്രിം കോടതി നിയോഗിച്ച അമിക്കസ്‌ക്യൂറി റിപ്പോർട്ട പുറത്തുവന്നിരിക്കുന്നു. അതിലെ കണ്ടെത്തലുകൾ ആരേയും നടുക്കാൻ പോന്നതാണ്‌. ഈശ്വരനുമായി ബന്ധപ്പെട്ട്‌ പവിത്രമെന്ന്‌ കരുതപ്പെടുന്ന ഒരിടത്ത്‌ ഒരിക്കലും സംഭവിച്ചുകൂടാത്തത്ര അഴിമതികളും ക്രമക്കേടുകളുമാണ്‌ അവിടെ നടന്നിട്ടുളളത്‌. ക്ഷേത്രഭരണത്തിന്റെ നടത്തിപ്പുകാരും അവരെ നിയന്ത്രിക്കുന്ന തിരുവിതാംകൂർ രാജകുടുംബവും ഉത്തരം പറയേണ്ട ഒട്ടേറെ കാര്യങ്ങളാണ്‌ അമിക്കസ്‌ക്യൂറി റിപ്പോർട്ടിൽ ഉള്ളത്‌. ക്ഷേത്രസ്വത്തുക്കളെ സംബന്ധിച്ചും അവയുടെ നടത്തിപ്പുസംബന്ധിച്ചും ഉയർന്നുവന്ന വിവാദങ്ങളാണ്‌ സുപ്രിംകോടതിക്കുമുമ്പിൽ എത്തിയത്‌. അതിൽ കോടതിയെ സഹായിക്കാനായി പരമോന്നത നീതിപീഠം നിയോഗിച്ചത്‌ സോളിസിറ്റർ ജനറലായി പ്രവർത്തിച്ച അനുഭവസമ്പത്തുള്ള ഗോപാൽ സുബ്രഹ്മണ്യത്തെയാണ്‌. അദ്ദേഹം സമർപ്പിച്ച റിപ്പോർട്ടിന്‌ അതുകൊണ്ടുതന്നെ ശ്രീപത്മനാഭസ്വാമി ഭക്തരും അല്ലാത്തവരുമായ മുഴുവൻ ജനങ്ങളും അതിന്റേതായ വിശ്വാസ്യത കൽപ്പിക്കും.

നിയമവ്യാഖ്യാനത്തിന്റെ തലനാരിഴകീറി സത്യാന്വേഷണത്തിന്റെ വഴി അടപ്പിക്കാൻ പല കേന്ദ്രങ്ങളും രംഗത്തുവന്നു കഴിഞ്ഞു. അമിക്കസ്‌ക്യൂറി റിപ്പോർട്ടിലടങ്ങുന്ന ഗുരുതരമായ ക്രമക്കേടുകൾ പാടെ നിരാകരിച്ചുകൊണ്ട്‌ സാങ്കേതികത്വത്തിന്റെ മൃതശിലകൾകൊണ്ട്‌ പ്രതിരോധത്തിന്റെ കോട്ട പണിയാനാണ്‌ അവരുടെ ശ്രമമെന്ന്‌ തോന്നുന്നു. തിരുവിതാംകൂർ രാജകുടുംബത്തിന്റെ സാമൂഹിക മാന്യതയാണ്‌ ഇവിടെ തുലാസിലാടുന്നത്‌. സത്യം പുറത്തുവരാനുള്ള ന്യായമായ പരിശ്രമങ്ങൾക്ക്‌ തടയിടാൻ അവർ ശ്രമിച്ചാൽ രാജകുടുംബത്തിന്റെമേൽ പലരും ചാർത്തിക്കൊടുക്കുന്ന അന്തസും ആഭിജാത്യവുമെല്ലാം കെട്ടുകഥയാണെന്നു ജനങ്ങൾ വിധിയെഴുതും. ജനാധിപത്യ വ്യവസ്ഥയിൽ ഏറ്റവും വലിയ അധികാരകേന്ദ്രം ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാർതന്നെയാണ്‌. അതിന്റെ അധികാരാവകാശങ്ങളെല്ലാം ഭരണഘടനാദത്തമാണ്‌. സർക്കാർ ഈ വിഷയം എങ്ങനെ കൈകാര്യം ചെയ്യുമെന്ന്‌ ജനങ്ങളാകെ ഉറ്റുനോക്കുകയാണ്‌. വിഷയം പഠിച്ചുകൊണ്ടിരിക്കുന്നു എന്ന ഒഴുക്കൻ പ്രസ്‌താവനകൊണ്ട്‌ രണ്ടോ നാലോ ദിവസം തലപൂഴ്‌ത്തി ഇരിക്കാൻ ഗവൺമെന്റിനു കഴിഞ്ഞേക്കാം. അതിനുശേഷം ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണം സുതാര്യമാക്കുന്നതിന്‌ ഗവൺമെന്റ്‌ കൃത്യമായി എന്തു നടപടി സ്വീകരിക്കുമെന്നാണ്‌ ജനങ്ങൽക്കറിയേണ്ടത്‌.

മണലിനോടൊപ്പം ക്ഷേത്രത്തിൽ നിന്ന്‌ ലോറികളിൽ സ്വർണവും കടത്തിയെന്നു പറയുന്നത്‌ വഴിയേപോയ ആരെങ്കിലുമല്ല. അതിന്റെ ഒത്താശക്കാരന്‌ 20 കിലോ സ്വർണം ലഭിച്ചുവെന്നും അയാൾ അതുപയോഗിച്ച്‌ സ്വന്തം ജ്വല്ലറി തുടങ്ങിയെന്നു കണ്ടെത്തിയതും ഏതെങ്കിലും തൽപ്പരകക്ഷികളല്ല. ക്ഷേത്ര സ്വത്തുക്കളെ സംബന്ധിച്ചും നടത്തിപ്പിനെക്കുറിച്ചും തീരുമാനിക്കാൻ സുപ്രിം കോടതിയെ സഹായിച്ച അമിക്കസ്‌ക്യൂറിയാണ്‌. ദശാബ്‌ദങ്ങളുടെ നിയമവ്യാഖ്യാനപാടവവും അനുഭവ സമ്പത്തുമുള്ള തികഞ്ഞ ഈശ്വര വിശ്വാസികൂടിയായ ഒരു നിയമജ്ഞനാണ്‌ അമിക്കസ്‌ക്യൂറി. അദ്ദേഹത്തിന്റെ അഞ്ഞൂറിൽപ്പരം പേജുള്ള റിപ്പോർട്ട്‌ ഒരാവർത്തി ഓടിച്ചുവായിക്കുന്നവർപോലും മൂക്കത്തുവിരൽവച്ചുപോകും. വിശ്വാസത്തിന്റെ ചോദ്യം ചെയ്യാനാകാത്ത മേലങ്കിപുതപ്പിച്ച ആരാധനാകേന്ദ്രങ്ങളുടെ അകത്തളങ്ങളിലും, ഒരിക്കലും തുറക്കാൻ അവർ സമ്മതിക്കാത്ത നിലവറകളിലും എന്തൊക്കെയാണ്‌ നടക്കുന്നതെന്ന്‌ അറിഞ്ഞ്‌ ജനങ്ങൾ അത്‌ഭുതം കൂറുകയാണ്‌.

ക്ഷേത്രത്തിന്റെ സ്വർണം സൂക്ഷിക്കുന്ന നിലവറകളുടെ മുകളിലൂടെയുള്ള നടപ്പാത, ക്ഷേത്രത്തിന്റെ ഉള്ളറകളിൽ നിന്ന്‌ സമീപത്തുള്ള കൊട്ടാരങ്ങളിലേക്കുള്ള ഭൂഗർഭ രഹസ്യപാതകൾ, നിലവറകൾ തുറക്കാനുള്ള താക്കോൽ കൈമാറാൻ വിസമ്മതിക്കുന്ന പുത്തൻകാലത്തെ `നിധികാക്കുന്ന ഭൂതങ്ങൾ, നിർണായകമായ വിവരങ്ങൾ അറിയാവുന്ന ജീവനക്കാർക്ക്‌ ഒന്നിച്ചുണ്ടായ അസുഖംമൂലമുള്ള ലീവെടുക്കൽ, നിലവറയിൽ കാണപ്പെട്ട സ്വർണം പൂശുന്നയന്ത്രം, ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വിളക്കും ആഭരണങ്ങളും എടുത്തുകൊണ്ടുപോകുന്നതുകണ്ട ജീവനക്കാരന്റെ നേർക്കുള്ള ആസിഡ്‌ ആക്രമണം (ആ ആസിഡ്‌ ആകട്ടെ സ്വർണം` പൂശാൻ ഉപയോഗിച്ചതും) ക്ഷേത്രം വക ഭൂമിയും സ്വത്തുക്കളും ഗൂഢമായി വിറ്റഴിച്ച സംഭവം, (ഉദ്ദിഷ്‌ടകാര്യത്തിനുലഭിച്ച സഹായത്തിന്റെ പേരിൽ ഒരു രാഷ്‌ട്രീയ പാർട്ടിക്കും അവർ ശ്രീപത്മനാഭന്റെ ഭൂമി നൽകിയത്രെ!) ഭക്തർ നൽകുന്ന കാണിക്ക എണ്ണുന്നതിന്‌ ഭരമേൽപ്പിക്കപ്പെട്ട തൃശിനാപ്പള്ളിയിലെ `പത്മാകഫെ`യെപ്പറ്റിയുള്ള വിവരം- ഇങ്ങനെ നീണ്ടുപോവുകയാണ്‌. കേരളത്തിലെ ഏറ്റവും പെരുമപെറ്റ ക്ഷേത്രത്തിൽനിന്നുള്ള അന്തർരഹസ്യങ്ങൾ. 2001 മൂതൽ 2009 വരെയുള്ള എട്ട്‌ വർഷങ്ങളിൽ ഒരു ചില്ലിക്കാശുപോലും ക്ഷേത്രാധികൃതർ ആദായനികുതി നൽകിയിട്ടില്ലെന്നും കൂടി അറിയുക. 2010-2011 കാലത്തേക്ക്‌ ആദായനികുതി വകുപ്പ്‌ നോട്ടീസ്‌ നൽകിയിട്ടുള്ളത്‌ 37 ലക്ഷം രൂപയാണെന്നതും കൂടി മനസിലാക്കുമ്പോഴേ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ കുമിഞ്ഞുകൂടിയിട്ടുള്ള സമ്പത്തിന്റെ വ്യാപ്‌തി ഊഹിക്കാനാവൂ. അവിടെ നടക്കുന്ന തീവെട്ടിക്കൊള്ളകളുടെ വ്യാപ്‌തിയും അപ്പോൾ ഊഹിച്ചെടുക്കാൻ കഴിയും.

ശ്രീപത്മനാഭസ്വാമി ക്ഷേത്രം സ്വകാര്യസ്വത്തല്ലെന്നും അത്‌ പൊതുസ്വത്താണെന്നുമുള്ള മൗലിക നിലപാട്‌ അമിക്കസ്‌ക്യൂറി ഉയർത്തിപ്പിടിക്കുന്നുണ്ട്‌. ഗുരുവായൂർ ക്ഷേത്രഭരണത്തിന്റെ മാതൃകയിൽ ഇവിടേയും എന്തുകൊണ്ട്‌ കാര്യങ്ങൾ നടത്തികൂടാ എന്ന ചോദ്യം ഈ ജനാധിപത്യയുഗത്തിൽ ഗൗരവപൂർവം പരിഗണിക്കപ്പെടണം.

ദൈവത്തിന്റെയും ദേവാലയങ്ങളുടേയും മേൽവിലാസത്തിൽ നടക്കുന്ന നീചപ്രവൃത്തികൾ നിഷ്‌ക്കളങ്കമായ വിശ്വാസത്തോടുള്ള അവഹേളനവും വെല്ലുവിളിയുമാണ്‌. ദൈവത്തോട്‌ ഏറ്റവും ചേർന്നു നിൽക്കുന്നുവെന്നുവെന്ന പ്രതീതി പരത്തുന്നവർ പിശാചുക്കളെപ്പോലും നാണിപ്പിക്കുന്നവരാണെന്ന്‌ തെളിയുകയാണ്‌. അമിക്കസ്‌ക്യൂറി റിപ്പോർട്ടിൽ ഒരു ശതമാനമെങ്കിലും സത്യമുണ്ടെങ്കിൽ വിശ്വാസത്തിന്റെ മറവിൽ നടക്കുന്ന പെരുംകൊളളകളുടെ വലിപ്പം സമൂഹത്തെയാകെ അസ്വസ്ഥമാക്കും. “ഹൃദയശൂന്യമായ ലോകത്തിന്റെ ഹൃദയമായും അടിച്ചമർത്തപ്പെട്ട മനുഷ്യന്റെ നെടുവീർപ്പായും” (മാർക്‌സ്‌) കരുതപ്പെടുന്ന വിശ്വാസം അധികാരം കൈയാളുന്നവരുടെ ആർത്തികളുടെ ചവിട്ടുപടിയായി മാറുകയാണ്‌. ഈ കെട്ടുനാറുന്ന സ്ഥിതിവിശേഷം കൊഞ്ഞനംകുത്തുന്നത്‌ `സംസാരദുഃഖസാഗരം നീന്തിക്കടക്കാൻ` ദൈവത്തെ ആശ്രയിക്കുന്ന വിശ്വാസിലക്ഷങ്ങളെ നോക്കിയാണ്‌. ഇതിന്റെ കാരണങ്ങളാരായാനും കാരണക്കാരെ പിടിച്ചുകെട്ടാനും ആ സഹോദരങ്ങൾ മറ്റാരേക്കാളുമാദ്യം രംഗത്തുവരണമെന്ന്‌ ഞങ്ങൾ അഭ്യർഥിക്കുന്നു.

*
Janayugom Editorial

Tuesday, November 13, 2012

ദളിതനും സ്ത്രീയും ക്ഷേത്രത്തിനു പുറത്ത്

വിവാദമായ മലബാര്‍ ദേവസ്വം ബോര്‍ഡ് ഓര്‍ഡിനന്‍സിന്റെ നിയമവിരുദ്ധ വശങ്ങള്‍ക്കപ്പുറത്തുള്ള ഗൂഢാലോചന അങ്ങേയറ്റം വിപല്‍ക്കരമാണ്. 1936ലെ ക്ഷേത്രപ്രവേശന വിളംബരത്തോടെ നാം നേടിയെടുത്ത സംസ്കാരികവും ആത്മീയവും ധാര്‍മികവുമായ എല്ലാ നേട്ടങ്ങളെയും പാടേ തമസ്കരിക്കുന്നതാണ് ഈ കരിനിയമം. കേളപ്പനും എ കെ ഗോപാലനും കൃഷ്ണപിള്ളയും അടക്കമുള്ള ഉല്‍പ്പതിഷ്ണുക്കളായ നേതാക്കള്‍ കൊടിയ മര്‍ദനങ്ങളെ അതിജീവിച്ച് അവര്‍ണര്‍ക്ക് ക്ഷേത്രപ്രവേശനാവകാശം നേടിക്കൊടുത്തു. ആ സമരത്തിന്റെ പരിണതഫലമായിരുന്നു ക്ഷേത്ര പ്രവേശനവിളംബരം. ഗാന്ധിജിയും ശ്രീനാരായണ ഗുരുവുമടക്കമുള്ളവരുടെ പ്രവര്‍ത്തനവും അതിന്റെ പിന്നിലുണ്ടായിരുന്നു. നാം നേടിയ നവോത്ഥാനമൂല്യങ്ങളെ തകര്‍ത്ത് വീണ്ടും ക്ഷേത്രങ്ങളിലേക്ക് ജാതീയത കൊണ്ടുവരാനുള്ള ശ്രമമാണ് ഈ ബില്ലിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. എത്രയോ വര്‍ഷങ്ങളായി സ്ത്രീകള്‍ക്ക് ഉണ്ടായിരുന്ന സംവരണം എടുത്തുകളഞ്ഞു. ക്ഷേത്രങ്ങളില്‍ ഒരുശതമാനംപോലും ഭരണത്തിലോ സാമ്പത്തിക കാര്യത്തിലോ സ്ത്രീകള്‍ക്ക് പങ്കാളിത്തമില്ല. ആകെ ഉണ്ടായിരുന്നത് ദേവസ്വം ബോര്‍ഡുകളിലെ പ്രതിനിധ്യമായിരുന്നു. അത് പിന്‍വലിക്കപ്പെട്ടു. ക്ഷേത്രങ്ങളില്‍നിന്ന് ദളിതരെ പുകച്ചുചാടിക്കാനുള്ള ഗൂഢശ്രമവും നടക്കുന്നു.

നിലവിലുള്ള സര്‍ക്കാരിന് തെരഞ്ഞെടുക്കുന്ന അംഗത്തെ ഹിന്ദു എംഎല്‍എമാരില്‍നിന്ന് വിജയിപ്പിക്കാന്‍ സാധിക്കുന്നതല്ല. വിശ്വാസികളായ എംഎല്‍എമാര്‍ക്കു മാത്രമായി വോട്ടവകാശം പരിമിതപ്പെടുത്തുമ്പോള്‍ അത് സങ്കീര്‍ണമായ നിയമ തര്‍ക്കങ്ങള്‍ക്ക് ഇടവരുത്തുന്നതും സംഗതികള്‍ നിയമയുദ്ധത്തില്‍ കലാശിക്കുന്നതുമാണ്. സര്‍ക്കാരിന് അതുതന്നെയാണ് വേണ്ടത്. രണ്ട് സവര്‍ണ അംഗങ്ങളെ സര്‍ക്കാരിന് നോമിനേറ്റ് ചെയ്യാവുന്നതാണ്്. അതില്‍ ഒരാളെ പ്രസിഡന്റാക്കി ഭരണം നടത്താന്‍ സാധിക്കും. അങ്ങനെ ഹരിജന്‍ അംഗത്തിന്റെ തെരഞ്ഞെടുപ്പ് നടക്കാതാകുമ്പോഴും തര്‍ക്കത്തില്‍ നിലനില്‍ക്കുമ്പോഴും രണ്ട് സവര്‍ണ അംഗങ്ങള്‍ക്ക് സുഖമായി ഭരണം നടത്താം.

സ്ത്രീസംവരണവും ഹരിജന്‍ സംവരണവും ഇല്ലാതാക്കാനുള്ള ഗൂഢതന്ത്രമാണ് ഓര്‍ഡിനന്‍സിലൂടെ വെളിവാകുന്നത്. ഇപ്പോള്‍ തന്നെ ക്ഷേത്രഭരണത്തിലും ജോലിയിലും ഒരു ശതമാനംപോലും അവര്‍ണരും സ്ത്രീകളും ഇല്ല എന്നത് ദുഃഖസത്യമാണ്. റിക്രൂട്ട് മെന്റ് ബോര്‍ഡ് എന്ന സംവിധാനംകൂടി വരുമ്പോള്‍ സാമൂഹിക നീതിയും സംവരണതത്വങ്ങളും അട്ടിമറിക്കാന്‍ സാധിക്കും. സുതാര്യവും നിഷ്പക്ഷവും പൊതുജനങ്ങളുടെ അംഗീകാരവുമുള്ള പിഎസ്സിയെ പുറത്താക്കി റിക്രൂട്ട്മെന്റ് ബോര്‍ഡ് എന്ന സംവിധാനം വരുന്നത് അഴിമതിക്കു വേണ്ടി മാത്രമല്ല, സാമൂഹിക നീതി നിഷേധിക്കാനുംകൂടിയാണ്. ഇത്തരത്തിലുള്ള നീതിനിഷേധവും സവര്‍ണവല്‍ക്കരണവും നമ്മുടെ ക്ഷേത്രങ്ങളെ ഭക്തരില്‍നിന്ന് ഒറ്റപ്പെടുത്താനും ക്ഷേത്രങ്ങളുടെ അധഃപതനത്തിനും കാരണമാകും. കഴിഞ്ഞ കാലങ്ങളില്‍ നാം നേടിയെടുത്ത നവോത്ഥാന മൂല്യങ്ങളെ ശക്തിപ്പെടുത്താനും ക്ഷേത്രങ്ങള്‍ ഭക്തരുടെ പൊതുസ്വത്താക്കാനും ജനാധിപത്യ വ്യവസ്ഥയ്ക്കാണ് സര്‍ക്കാര്‍ പരിശ്രമിക്കേണ്ടത്. അല്ലാതെ സങ്കുചിതമായ രാഷ്ട്രീയ താല്‍പ്പര്യങ്ങളും, ജാതീയ താല്‍പ്പര്യങ്ങളും മുന്‍ നിര്‍ത്തിയുള്ള നടപടികള്‍ ക്ഷേത്രങ്ങളുടെ വികസനത്തിന് തടസ്സമാകും.

*
അഡ്വ. പി ചാത്തുക്കുട്ടി ദേശാഭിമാനി 13 നവംബര്‍ 2012

Friday, November 2, 2012

ജാതിപ്പിശാചിന്റെ അസ്ഥിപഞ്ജരം

മതനിരപേക്ഷമായ ഭരണഘടന നിലവിലിരിക്കുന്ന ഒരു രാജ്യത്തിലെ ഒരു ചെറിയ സംസ്ഥാനത്തിലെ നിയമസഭ, മതത്തിന്റെയും ഈശ്വരവിശ്വാസത്തിന്റെയും അടിസ്ഥാനത്തില്‍ നിയമനിര്‍മാണ പ്രക്രിയയില്‍ അംഗങ്ങള്‍ക്കുള്ള അധികാരം പരിമിതപ്പെടുത്തുന്നത് ഭരണഘടനാവിരുദ്ധമാണ്. മതത്തിലും ദൈവത്തിലുമുള്ള വിശ്വാസമാണ് നിയമനിര്‍മാണത്തിനുള്ള മാനദണ്ഡമെങ്കില്‍ ക്രിസ്ത്യാനിയായ മുഖ്യമന്ത്രി അധ്യക്ഷംവഹിച്ച മന്ത്രിസഭയ്ക്ക് ദേവസ്വം ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കാനും ഗവര്‍ണറോട് അംഗീകരിക്കണമെന്ന് ശുപാര്‍ശചെയ്യാനും എന്താണധികാരം? ആ മന്ത്രിസഭയിലെ ക്രിസ്ത്യാനിക്കും മുസ്ലിമിനും എന്താണധികാരം?

എച്ച് ആര്‍ ഭരദ്വാജിന്റെ സ്ഥാനത്ത് ഒരു മുസല്‍മാനായിരുന്നു ഗവര്‍ണറെങ്കില്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കാന്‍ അദ്ദേഹത്തിന് എന്താണധികാരം? ഈ ചോദ്യം മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന ആരും ഉന്നയിക്കുകയില്ല. കാരണം ജനാധിപത്യ വ്യവസ്ഥയില്‍ നിയമനിര്‍മാണാധികാരത്തില്‍ മതവിശ്വാസവും ഈശ്വരവിശ്വാസവും പ്രതിബന്ധങ്ങളല്ലായെന്ന ഭരണഘടനാതത്വം അവര്‍ അംഗീകരിക്കുന്നു. വ്യത്യസ്ത രാഷ്ട്രീയ ഭരണഖണ്ഡങ്ങള്‍ക്ക് കീഴിലായിരുന്ന മലയാളികളെ ഏകീകരിച്ച് കേരള സംസ്ഥാനമായി തീര്‍ന്നതിന്റെ 56-ാം വാര്‍ഷികാഘോഷവേളയില്‍ മലയാളികളെ ക്രിസ്ത്യാനിയും മുസല്‍മാനും ഹിന്ദുവും നിരീശ്വരവാദിയുമായി ഛിന്നഭിന്നമാക്കുന്ന ഭരണമാണ് യുഡിഎഫിന്റേത്. ആദ്യം നിയമസഭയിലെ എംഎല്‍എമാര്‍ തമ്മില്‍ ചോദിക്കും- ഹിന്ദുവാണോയെന്ന്, പിന്നെ ചോദിക്കും ഈശ്വരവിശ്വാസിയാണോയെന്ന്. പിന്നീട് സര്‍ക്കാരുദ്യോഗസ്ഥര്‍ ഈ ചോദ്യം ആവര്‍ത്തിക്കും. പിന്നീട് മലയാളികളാകെയും. പിന്നീടിവിടെ കേരളീയരുണ്ടാവില്ല; ക്രിസ്ത്യാനിയും മുസല്‍മാനും ഹിന്ദുവും നായരും ഈഴവനും പുലയനും മറ്റും മാത്രമേ ഉണ്ടാകൂ; കേരളമുണ്ടാകില്ല, ഭ്രാന്താലയമേ ഉണ്ടാകൂ. നവോത്ഥാന നായകന്മാര്‍ കുഴിച്ചുമൂടിയ ജാതിപ്പിശാചിന്റെ അസ്ഥിപഞ്ജരം കുഴിമാടത്തില്‍നിന്ന് തോണ്ടിയെടുത്ത് ആഭിചാരക്രിയയിലൂടെ ജീവന്‍വയ്പിച്ച് കേരളീയന്റെ മാനവികതയുടെ ചോര കുടിക്കാന്‍ അയക്കുകയാണ് യുഡിഎഫ് ഭരണം.

തിരുവിതാംകൂറിലെ ക്ഷേത്രങ്ങളുടെ സ്വത്തും പണവും അപഹരിക്കപ്പെടുന്നുവെന്ന വ്യാപകമായ ആക്ഷേപം വന്നപ്പോള്‍, ദിവാനായിരുന്ന ജോണ്‍ മണ്‍റോ 348 ക്ഷേത്രങ്ങള്‍ സര്‍ക്കാരിലേക്ക് ഏറ്റെടുക്കുകയും അവയുടെ സ്വത്ത് കണ്ടുകെട്ടി രാഷ്ട്രത്തിന്റേതാക്കുകയുംചെയ്തു. ക്ഷേത്രങ്ങളുടെ നിത്യനിദാനച്ചെലവിന്റെയും ഭരണത്തിന്റെയും കാര്യങ്ങള്‍ നോക്കുന്നതിന് ദേവസ്വംവകുപ്പും രൂപീകരിച്ചു. ക്ഷേത്രങ്ങളുടെ ഭരണം സര്‍ക്കാരിന്റെ ചുമതലയായി. എന്നാല്‍, പൂജാദി കാര്യങ്ങളിലോ ആചാരാനുഷ്ഠാനങ്ങളിലോ സര്‍ക്കാര്‍ ഇടപെട്ടില്ല. മണ്‍റോ കൊച്ചിയില്‍ ദിവാനായിരുന്നപ്പോള്‍ അവിടെയും 117 ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും സ്വത്ത് സര്‍ക്കാരിന്റേതാക്കുകയുംചെയ്തു. 1936ല്‍ ക്ഷേത്രപ്രവേശന വിളംബരത്തിലൂടെ തിരുവിതാംകൂറില്‍ അവര്‍ണര്‍ക്ക് ആരാധനാസ്വാതന്ത്ര്യം ലഭിച്ചത് മണ്‍റോ ഏറ്റെടുത്ത് സര്‍ക്കാരിന്റേതാക്കിയ ക്ഷേത്രങ്ങളില്‍മാത്രമാണ്. മറ്റു ക്ഷേത്രങ്ങളില്‍ അവര്‍ണര്‍ക്ക് പ്രവേശനാനുമതി ലഭിച്ചില്ല എന്ന കാര്യം ഓര്‍ക്കണം. സര്‍ക്കാര്‍ ഖജനാവില്‍നിന്ന് പണമെടുത്ത് ക്ഷേത്രത്തിന്റെ ചെലവ് നിര്‍വഹിച്ചപ്പോള്‍ ആ ഖജനാവിലേക്ക് നികുതിയിനത്തില്‍ പണം നിറച്ചിരുന്നത് അവര്‍ണനും അവിശ്വാസിയും അഹിന്ദുക്കളുമായ പ്രജകളും കൂടിയായിരുന്നു എന്ന കാര്യവും ഓര്‍ക്കുക. അതായത്, ക്ഷേത്രപ്രവേശനം നിഷിദ്ധമായിരുന്ന അവര്‍ണന്റെയും അഹിന്ദുവിന്റെയും അധ്വാനമിച്ചംകൂടിയെടുത്താണ് വിശ്വാസികളുടെ ക്ഷേത്രങ്ങളെ സര്‍ക്കാര്‍ സംരക്ഷിച്ചത് എന്ന്. സ്വാതന്ത്ര്യലബ്ധിക്കുശേഷം, 1949 ജൂലൈയില്‍ തിരുക്കൊച്ചി സംയുക്ത സംസ്ഥാനം നിലവില്‍വന്നു. രണ്ടു രാജാക്കന്മാരും തമ്മിലുണ്ടാക്കിയ കരാര്‍- കവനന്റ് അനുസരിച്ചാണ് ലയനം പൂര്‍ണമായത്. കരാറില്‍ സാക്ഷിയായി ഒപ്പിട്ടത് ഭാരതസര്‍ക്കാരിന്റെ നാട്ടുരാജ്യവകുപ്പിന്റെ സെക്രട്ടറിയായിരുന്ന വാപ്പാല പങ്കുണ്ണിമേനോന്‍. ഈ കവനന്റ് പ്രകാരമാണ് തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡ് രൂപീകൃതമായത്. തൃപ്പൂണിത്തുറയിലെ പൂര്‍ണത്രയീശക്ഷേത്രവും തിരുവനന്തപുരത്തെ പത്മനാഭ സ്വാമിക്ഷേത്രവും പ്രത്യേക ഭരണസമിതിയുടെ കീഴിലാക്കിയതും ഇതേ കവനന്റ് പ്രകാരമാണ്. രണ്ടു ദേവസ്വം ബോര്‍ഡും 1950ല്‍ നിലവില്‍വന്നു. മലബാറിലെ ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടില്ലായിരുന്നതിനാല്‍ അവിടെ ദേവസ്വംബോര്‍ഡ് രൂപീകരിക്കേണ്ടതായി വന്നില്ല. ഭഗവാന്റെ സ്വത്ത് ഭരിക്കാനാണ് ദേവസ്വം ബോര്‍ഡ് എന്ന ഭരണ സമിതിയെ ചുമതലപ്പെടുത്തിയത്. അല്ലാതെ ബോര്‍ഡ് അംഗങ്ങള്‍ ശാന്തിക്കാരാവുന്നില്ല. സ്വത്ത് എന്ന ഭൗതികവസ്തുവിന്റെ ഭരണം ഭൗതികമായിട്ടേ നിര്‍വഹിക്കാനാവൂ. അതിനുള്ള അധികാരം ഭരണകൂടത്തിനാണ്. അവിടെ വിശ്വാസവും അവിശ്വാസവും പരിഗണനാ വിഷയങ്ങളാകാന്‍ പാടില്ല. നിയുക്ത ദേവസ്വം നിയമത്തിന്റെ രാഷ്ട്രീയ പശ്ചാത്തലമെന്താണ്? മുസ്ലിം ലീഗും കേരള കോണ്‍ഗ്രസും കൂടി കേരളഭരണത്തെ കൈപ്പിടിയിലൊതുക്കിയിരിക്കുന്നു എന്ന് കോണ്‍ഗ്രസ് നേതൃത്വത്തില്‍നിന്നുതന്നെ ആക്ഷേപമുയര്‍ന്നു. പ്രതിഷേധമെന്നോണം ഭൂരിപക്ഷ ജാതികളായ നായരും ഈഴവരും സംയോജിക്കണമെന്ന ആഹ്വാനമുയരുന്നു. ചിലര്‍, ക്രിസ്ത്യാനിക്കും മുസല്‍മാനുമെതിരെ ഹിന്ദുവിന്റെ ഐക്യം എന്ന സമവാക്യമുയര്‍ത്തുന്നു. ഹിന്ദുക്കള്‍ യുഡിഎഫില്‍നിന്ന് അകലുന്നുവെന്ന തോന്നലുണ്ടായപ്പോള്‍ തിരിച്ചുപിടിക്കാനുള്ള ചൂണ്ടയില്‍ കോര്‍ത്ത ഇരയാണ് ആ അര്‍ഥത്തില്‍ ദേവസ്വംനിയമം.

രാഷ്ട്രീയ സൃഗാലബുദ്ധിയാണ് ഉമ്മന്‍ചാണ്ടി പയറ്റുന്നത്. പ്രതിപക്ഷത്തുള്ളവര്‍ ഇതിനെ എതിര്‍ക്കുമെന്നതുകൊണ്ട് ഹിന്ദുക്കളെ അവര്‍ക്കെതിരായിത്തീര്‍ക്കുകയും ചെയ്യാം. എമര്‍ജിങ് കേരളയുടെ മറവില്‍ കേരളത്തിന്റെ വിഭവങ്ങളെ വിദേശ കോര്‍പറേറ്റുകള്‍ക്ക് വിറ്റ് കമീഷന്‍ വാങ്ങാനുള്ള നീക്കം ദേവസ്വം നിയമത്തിനെതിരെയുള്ള സമരത്തിന്റെ മറവില്‍ ശ്രദ്ധിക്കാതെ പോകുമെന്നും ഭരണനേതൃത്വം കണക്കുകൂട്ടുന്നുണ്ട്. വിശ്വാസ സംരക്ഷണത്തിനായി അരയും തലയും മുറുക്കി മുറവിളി കൂട്ടുമ്പോള്‍ വയലും തണ്ണീര്‍ത്തടങ്ങളും കാവുകളും കുളങ്ങളും ടൂറിസം വികസനത്തിന്റെ മറവില്‍ ഭൂമാഫിയകള്‍ അപഹരിക്കുന്നത് അറിയുകയേ ഇല്ല. മണ്ണും വെള്ളവും വായുവും പോയാലെന്ത്, വിശ്വാസം അതല്ലേ എല്ലാം. ഇവിടെ വിശ്വാസവും അവിശ്വാസവുമല്ല പ്രശ്നം; പട്ടിണിയും വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ്. ഹിന്ദുവിനും അഹിന്ദുവിനും നാസ്തികനും പട്ടിണി ഒരുപോലെതന്നെയാണ്. പട്ടിണിക്കാരെ വിശ്വാസത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാനാകില്ല.


*****

വി കാര്‍ത്തികേയന്‍നായര്‍, കടപ്പാട് :ദേശാഭിമാനി  

അഴിമതിക്ക് വഴിതുറക്കുന്ന ദേവസ്വം ഓര്‍ഡിനന്‍സ്

ഒക്ടോബര്‍ 22ന് ചേര്‍ന്ന മന്ത്രിസഭായോഗം തിരുവിതാംകൂര്‍, കൊച്ചിന്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ പുനഃസംഘടിപ്പിക്കുന്നതിനുള്ള ആലോചന നടത്തുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ തിരുവിതാംകൂര്‍- കൊച്ചി ഹിന്ദു റിലീജിയസ് ആക്ടും മദ്രാസ് റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് ആക്ടും ഭേദഗതിചെയ്യുന്നതിനുള്ള ഓര്‍ഡിനന്‍സ് ഇറക്കുന്നതിന് തീരുമാനിച്ചു. ഈ മന്ത്രിസഭായോഗത്തിന്റെ തീരുമാനപ്രകാരം ദേവസ്വം ബോര്‍ഡ് ഭരണത്തില്‍ സുപ്രധാനമായ ചില മാറ്റങ്ങള്‍ വരാന്‍പോവുകയാണ്. അതിന്‍പ്രകാരം, ദൈവവിശ്വാസിയാണെന്ന് സത്യവാങ്മൂലം നല്‍കുന്ന ഹിന്ദു എംഎല്‍എയ്ക്കുമാത്രമേ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനാകൂ. ബോര്‍ഡില്‍ നിലവിലുള്ള വനിതാസംവരണം എടുത്തുമാറ്റും.

ദേവസ്വം നിയമനങ്ങള്‍ പിഎസ്സിയിലൂടെ നടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ഘട്ടത്തിലാണ് ഓര്‍ഡിനന്‍സിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക റിക്രൂട്ട്മെന്റ് സംവിധാനം കൊണ്ടുവരുമെന്ന് പറയുന്നത്. മാത്രമല്ല, ബോര്‍ഡിന്റെ കാലാവധി രണ്ടുവര്‍ഷമാക്കാനുള്ള നിര്‍ദേശവുമുണ്ട്. ഇത്തരമൊരു മാറ്റംവരുത്തുന്നതിനുപിന്നിലുള്ള താല്‍പ്പര്യം വളരെ വ്യക്തമാണ്. രാഷ്ട്രീയലക്ഷ്യത്തോടെ, ദേവസ്വം ബോര്‍ഡിലേക്ക് തങ്ങളുടെ താല്‍പ്പര്യക്കാരെ തിരുകിക്കയറ്റുന്നതിനും വന്‍ അഴിമതിയുടെ വേദിയായി ബോര്‍ഡിനെ മാറ്റിയെടുക്കാനുമുള്ള തന്ത്രമാണ് ഇതിനുപിന്നില്‍. ദേവസ്വം ബോര്‍ഡ് നിയമത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. 1950ലാണ് ഇതുമായി ബന്ധപ്പെട്ട മൂലനിയമം ഉണ്ടാകുന്നത്: തിരു- കൊച്ചി ഹിന്ദുമത സ്ഥാപന ആക്ട്്. 40 വര്‍ഷത്തിലേറെക്കാലം ഈ ആക്ട് ഒരു ഭേദഗതിക്കും വിധേയമാകാതെ നിലനിന്നു. പട്ടം താണുപിള്ളയെയും പനമ്പിള്ളിയെയും പോലെയുള്ള നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ തലപ്പത്തിരുന്നിട്ടും ഈ നിയമത്തിന് ഭേദഗതി വരുത്തുന്നതിന് തയ്യാറായില്ല. 1994ല്‍ കെ കരുണാകരന്റെ കാലത്താണ് ക്ഷേത്രവിശ്വാസിയായി നില്‍ക്കുന്നവര്‍ക്കുമാത്രമേ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ വോട്ടവകാശം നല്‍കൂ എന്ന് പ്രഖ്യാപിച്ചത്. എന്നാല്‍, ഇടതുപക്ഷം ഈ നിയമത്തെ അതിശക്തമായി എതിര്‍ത്തു. എങ്കിലും ഭൂരിപക്ഷം ഉപയോഗിച്ച് നിയമം പാസാക്കിയെടുക്കാനാണ് അവര്‍ തുനിഞ്ഞത്.

1950ലെ മൂലനിയമത്തില്‍ മാറ്റംവരുത്തി നടത്തിയ ഈ ഇടപെടലിലൂടെ നിയമത്തിലുണ്ടായ കറുത്തപുള്ളി മാറ്റുന്നതിനുള്ള പരിശ്രമം പിന്നീട് എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ നടന്നു. 1999 ഫെബ്രുവരി 19ന് അതിനുതകുന്ന നിയമഭേദഗതി നിയമസഭയില്‍ കൊണ്ടുവന്നു. ഭരണഘടനയെ ലംഘിക്കുന്ന, യുഡിഎഫ് കൊണ്ടുവന്ന നിയമത്തെ തിരുത്തുകയാണ് ഈ ഘട്ടത്തില്‍ ചെയ്തത്. ഭേദഗതിയെ കോണ്‍ഗ്രസ് എതിര്‍ത്തുവെങ്കിലും നിയമം പാസായി. എംഎല്‍എ എന്നത് നിയമസഭയിലേക്കുള്ള ജനങ്ങളുടെ പ്രതിനിധിയാണ്. എല്ലാവരും വോട്ടുചെയ്താണ് എംഎല്‍എയെ തെരഞ്ഞെടുക്കുന്നത്. അതിന് ജാതി- മത വ്യത്യാസങ്ങളില്ല. ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ടതായതുകൊണ്ടാണ് ദേവസ്വം ബോര്‍ഡുകളുടെ ഭരണസമിതിയില്‍ ഹിന്ദുക്കള്‍ വേണമെന്ന് നിഷ്കര്‍ഷിക്കുന്ന നിലയുണ്ടായത്. ഹിന്ദു ആരാണ് എന്നത് പ്രതിജ്ഞയുടെയോ മറ്റോ അടിസ്ഥാനത്തില്‍ നിര്‍ണയിക്കപ്പെടാവുന്നതാണോ എന്ന പ്രശ്നം ഉയര്‍ന്നുവരുന്നുണ്ട്. 1936 നവംബര്‍ 12ന് പ്രസിദ്ധപ്പെടുത്തിയ ക്ഷേത്രപ്രവേശന വിളംബരത്തില്‍ "ജനാലോ മതവിശ്വാസത്താലോ ഹിന്ദുവായ ഏതൊരാള്‍ക്കും";എന്നാണ് ഹിന്ദുവിനെപ്പറ്റി വ്യവസ്ഥചെയ്തിരിക്കുന്നത്.

വിവേകാനന്ദന്‍ പറഞ്ഞത് മുക്കോടിമുപ്പത് ദേവതകളില്‍ നിങ്ങള്‍ വിശ്വസിച്ചാലും സ്വയം വിശ്വാസമില്ലെങ്കില്‍ ഒരാള്‍ ഹിന്ദു ആകില്ലെന്നാണ്. ഹിന്ദുമതത്തില്‍ വിശ്വാസത്തിനൊപ്പം അവിശ്വാസത്തിന്റെ പാരമ്പര്യവും ഉണ്ടെന്ന കാര്യം നാം മറന്നുപോകരുത്. ഭൗതികവാദ ദര്‍ശനത്തിന്റെ വക്താവായ ചാര്‍വാകന്റെയും കണികാസിദ്ധാന്തം മുന്നോട്ടുവച്ച കണാദമഹര്‍ഷിയുടെയുമൊക്കെ ദര്‍ശനങ്ങള്‍ ഹിന്ദുമതത്തിന്റെ ഭാഗമായാണ് പൊതുവില്‍ പരിഗണിക്കപ്പെടുന്നത്. ഇങ്ങനെ വ്യത്യസ്ത ധാരകളുടെ കൂടിച്ചേരല്‍ എന്നനിലയിലാണ് പൊതുവില്‍ ഹിന്ദുമതത്തെ കണ്ടുവരുന്നത്. ആ ഒരു കാഴ്ചപ്പാടിനെ അട്ടിമറിക്കുകയാണ് യുഡിഎഫ് ചെയ്യുന്നത്. ഇത് വിശ്വാസത്തിന്റെയും മറ്റും പ്രശ്നമാണെന്ന് ധരിക്കേണ്ടതില്ല. മറിച്ച്, ദേവസ്വം ബോര്‍ഡിന്റെ അധികാരം കൈപ്പിടിയിലാക്കുന്നതിനുള്ള കുറുക്കുവഴിമാത്രമാണ്. മാത്രമല്ല, ഇത്തരമൊരു ഭേദഗതി ഭരണഘടനാപരമായ കാഴ്ചപ്പാടുകളുടെ ലംഘനംകൂടിയാണ്. ഭരണഘടനയുടെ 188-ാംവകുപ്പ് മുന്നോട്ടുവയ്ക്കുന്നത് നിയമസഭാംഗങ്ങള്‍ക്ക് രണ്ടുതരത്തിലുള്ള സത്യപ്രതിജ്ഞയാണ്. ദൈവനാമത്തിലോ ദൃഢപ്രതിജ്ഞചെയ്തോ സത്യപ്രതിജ്ഞചെയ്യാവുന്നതാണ്. എങ്ങനെ സത്യപ്രതിജ്ഞചെയ്താലും എംഎല്‍എ എന്നനിലയില്‍ തുല്യമായ അവകാശമാണ് ഉണ്ടാവുക. അതിന്റെ പേരില്‍ ഒരു വിവേചനവും ഉണ്ടാകില്ലെന്ന കാര്യവും ഭരണഘടന എടുത്തുപറയുന്നുണ്ട്. ദേവസ്വം ബോര്‍ഡ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഹിന്ദു മതത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നുമാത്രമേ പറയുന്നുള്ളൂ. അല്ലാതെ, ഈശ്വരവിശ്വാസമുള്ള ഹിന്ദു എംഎല്‍എമാര്‍ക്കുമാത്രമേ വോട്ടവകാശം ഉണ്ടാവുകയുള്ളൂ എന്ന് പറയുന്നില്ല. 1999ല്‍ ഹൈക്കോടതിയുടെ അഞ്ചംഗബെഞ്ച് ഇക്കാര്യം നിരീക്ഷിച്ചിട്ടുള്ളതാണ്. ദേവസ്വം ബോര്‍ഡ് എങ്ങനെ രൂപപ്പെട്ടുവന്നു എന്നതുകൂടി പരിശോധിക്കുമ്പോള്‍മാത്രമേ ഇക്കാര്യം വ്യക്തമാവുകയുള്ളൂ. പണ്ട് ക്ഷേത്രങ്ങളുടെ ഉടമസ്ഥാവകാശം രാജാവിനായിരുന്നു. രാജഭരണത്തിനുപകരം ജനാധിപത്യ ഭരണസംവിധാനം നിലവില്‍വന്നപ്പോള്‍ രാജാവിന്റെ സ്വത്തുക്കള്‍ സര്‍ക്കാരിലേക്ക് വന്നു. അത്തരത്തില്‍ സര്‍ക്കാരില്‍ നിക്ഷിപ്തമായ ക്ഷേത്രങ്ങളുടെ ഭരണത്തിനാണ് ദേവസ്വം ബോര്‍ഡ് രൂപീകരിക്കപ്പെട്ടത് എന്ന കാര്യം നാം മറന്നുപോകരുത്. ഇങ്ങനെ ഭരണഘടനയെയും ഹിന്ദുമതത്തെക്കുറിച്ചുള്ള പൊതുവിലുള്ള ധാരണയെയും അട്ടിമറിച്ച് പുതിയ ഓര്‍ഡിനന്‍സ് എന്തിന് കൊണ്ടുവരുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം വളരെ വ്യക്തമാണ്.

അഴിമതി നടത്താനും സ്വന്തക്കാരെ തിരുകിക്കയറ്റാനും എന്നതാണ് ആ ഉത്തരം. എല്ലാ ഹിന്ദു എംഎല്‍എമാര്‍ക്കും വോട്ട് അനുവദിച്ചാല്‍ ദേവസ്വം ബോര്‍ഡിലേക്കുള്ള നിയമസഭയുടെ പ്രതിനിധി എല്‍ഡിഎഫിന്റെ ഭാഗത്തുനിന്നാകും. അങ്ങനെ വന്നാല്‍, തങ്ങളുടെ ഇംഗിതംപോലെ കാര്യങ്ങള്‍ കൊണ്ടുപോകാന്‍ കഴിയില്ല. അത് തടയുക എന്നതാണ് ഈ ഭേദഗതിക്കുപിന്നിലുള്ള ലക്ഷ്യം. ഇതോടൊപ്പം നടപ്പാക്കപ്പെടുന്ന മറ്റു കാര്യങ്ങള്‍കൂടി പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. ദേവസ്വം ബോര്‍ഡിന്റെ നിയമനങ്ങള്‍ പിഎസ്സിക്കുപകരം പ്രത്യേക റിക്രൂട്ട്മെന്റ് ഏജന്‍സിയിലൂടെ നടത്തണമെന്നാണ് പറയുന്നത്. നിയമനത്തിന്റെ പേരില്‍ കോടികള്‍ വാരിക്കൂട്ടുന്നതിനുള്ള വഴികള്‍ തേടുകയാണ് ഇതിലൂടെ എന്നത് വ്യക്തമാണ്.

അതോടൊപ്പം, വനിതാസംവരണം എടുത്തുമാറ്റാനുള്ള തീരുമാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഏത് ക്ഷേത്രം പരിശോധിച്ചാലും അവിടെ വരുന്ന ഭക്തരില്‍ ഭൂരിപക്ഷവും സ്ത്രീകളാണെന്ന് കാണാം. അവരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും അവതരിപ്പിക്കുന്നതിനും ഭരണമേഖലകളില്‍ സ്ത്രീപങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുള്ള ജനാധിപത്യനീക്കങ്ങള്‍ക്കും തടസ്സംനില്‍ക്കുന്ന ഒന്നായി ഈ ഭേദഗതി മാറുകയാണ്. ഇത്തരത്തില്‍ അഴിമതിയുടെ കേന്ദ്രമാക്കി ദേവസ്വം ബോര്‍ഡിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ ഓര്‍ഡിനന്‍സ് എന്നു കാണണം. അതുകൊണ്ടുതന്നെ, ശരിയായ രീതിയിലുള്ള ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിന് ഈ ഓര്‍ഡിനന്‍സിനെ ഇല്ലാതാക്കുക എന്നത് ഏറെ പ്രധാനമാണ്. അതുകൊണ്ട് വിശ്വാസികള്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങള്‍ അഴിമതിക്കെതിരായുള്ള ഈ പോരാട്ടത്തില്‍ അണിനിരക്കേണ്ടതുണ്ട്.


*****

ടി ശിവദാസ മേനോന്‍, കടപ്പാട് :ദേശാഭിമാനി