Sunday, May 25, 2014

അത്ഭുതമൊന്നും സംഭവിക്കാനില്ല

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രധാന ദൗര്‍ബല്യങ്ങളിലൊന്ന്, തെരഞ്ഞെടുപ്പുകള്‍ ജനഹിതത്തിന്റെ യഥാര്‍ഥ പ്രതിഫലനമാവുന്നില്ല എന്നതാണ്. വോട്ടുചെയ്ത അറുപത്തൊമ്പതുശതമാനവും തിരസ്കരിച്ചിട്ടും 31 ശതമാനത്തിന്റെ പിന്തുണമാത്രം ലഭിച്ച ബിജെപി 282 സീറ്റുകളുമായി അധികാരത്തിലെത്തിയതില്‍ അതുതെളിയുന്നുണ്ട്. ആനുപാതികമായി പ്രാതിനിധ്യം നിശ്ചയിച്ചിരുന്നുവെങ്കില്‍, ലോക്സഭയില്‍ ബിജെപിക്ക് 169 സീറ്റിനാണര്‍ഹത എന്ന് "ദ ഹിന്ദു" പത്രം മെയ് 20ന്റെ മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഗൗരവമായി ചര്‍ച്ചചെയ്യേണ്ട വിഷയമാണത്. ആ ചര്‍ച്ച ഒരു വഴിക്കു നടക്കുമ്പോള്‍തന്നെ, നിലവിലുള്ള സംവിധാനത്തില്‍ ബിജെപി അധികാരത്തിലെത്തിയിരിക്കുന്നു എന്നത് വസ്തുതയാണ്. നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ അധികാരമേല്‍ക്കുന്ന സര്‍ക്കാരിന്റെ നയപ്രഖ്യാപനവും നടപടികളും നോക്കിയാണ് അതിനെ വിലയിരുത്തേണ്ടത് എന്നുതന്നെ ഞങ്ങള്‍ കരുതുന്നു. അക്കാര്യത്തില്‍ മുന്‍വിധികള്‍ പാടില്ല എന്ന സമീപനം അംഗീകരിക്കുകയുംചെയ്യുന്നു. ഖേദകരമെന്നു പറയട്ടെ, ഔചിത്യത്തിന്റെയും രാഷ്ട്രീയ മര്യാദയുടെയും അത്തരം പരികല്‍പ്പനകളെയൊന്നും സാധൂകരിക്കുന്ന സൂചനകള്‍ ദൗര്‍ഭാഗ്യവശാല്‍ ബിജെപി നേതൃത്വത്തില്‍നിന്ന് ലഭ്യമല്ല.

കോണ്‍ഗ്രസിന്റേതില്‍നിന്ന് വിഭിന്നമായ സാമ്പത്തിക നയങ്ങള്‍ ബിജെപി മുന്നോട്ടുവച്ചിട്ടില്ല. നരേന്ദ്രമോഡി ഇന്നലെവരെ ഭരിച്ച ഗുജറാത്തില്‍നിന്ന് "പുതിയ ഇന്ത്യ"യ്ക്കുവേണ്ടിയുള്ള എന്തെങ്കിലും അനുഭവപാഠങ്ങള്‍ ഉള്‍ക്കൊള്ളാനുമില്ല. ഇന്ത്യന്‍ ജനാധിപത്യത്തെ ഇന്ന് നയിക്കുന്നത് കോര്‍പറേറ്റ് ശക്തികളാണ്. നവലിബറല്‍ നയങ്ങളുടെ സൗകര്യത്തിലും സഹായത്തിലും ചീര്‍ത്തുവളര്‍ന്ന കോര്‍പറേറ്റുകളുടെ സന്തതിയാണ് മോഡി. ഇന്നു കാണുന്ന മോഡി പ്രഭാവം കോര്‍പറേറ്റ് പരീക്ഷണശാലകളില്‍ ജന്മംകൊണ്ട പ്രചാരണ തന്ത്രങ്ങളുടെയും ഒഴുകിയ പണത്തിന്റെയും ഉല്‍പ്പന്നമാണ്. ആ ഉപകാരസ്മരണയില്‍ കവിഞ്ഞ ഒരു സാമ്പത്തിക നയം രൂപീകരിക്കാന്‍ കോണ്‍ഗ്രസിനെന്നപോലെ മോഡിക്കും സാധ്യമല്ല. അതുകൊണ്ടുതന്നെ, കോണ്‍ഗ്രസിന്റെ ജനവിരുദ്ധ സാമ്പത്തിക നയങ്ങള്‍ക്കൊപ്പം തീവ്രവര്‍ഗീയതയുടെ ചേരുവയുമടങ്ങുന്ന ഭരണത്തിന്റെ നാളുകളാണ് മോഡിയില്‍നിന്ന് രാജ്യത്തിന് ലഭിക്കാന്‍ പോകുന്നതെന്ന യാഥാര്‍ഥ്യം അലംഘനീയമായി മുന്നില്‍ നില്‍ക്കുന്നു. ആര്‍എസ്എസും കോര്‍പറേറ്റുകളും ഒരേസമയം പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി തെരഞ്ഞെടുത്തത് നരേന്ദ്രമോഡിയെയാണ് എന്നോര്‍ക്കണം.

ഗുജറാത്ത് "മാതൃക" ഉയര്‍ത്തിക്കാട്ടിയാണ് മോഡിക്ക് "വികാസ് പുരുഷ്" മുഖംമൂടി നല്‍കിയത്. മോഡിഭരണകാലത്ത് മുസ്ലിങ്ങളെയടക്കം എല്ലാവരെയും വികസനത്തിലേക്ക് നയിച്ചു എന്നാണ് പറഞ്ഞുപരത്തിയ ഒരു വിശേഷം. 2002ലേതൊഴിച്ച്, മോഡി ഭരണത്തില്‍ ഗുജറാത്ത് വര്‍ഗീയ ആക്രമണമുക്തമായിരുന്നു എന്നത് രണ്ടാമത്തേത്. രണ്ടും കല്ലുവച്ച നുണകളായിരുന്നു. വര്‍ഗീയ കലാപങ്ങളുടെ എണ്ണത്തില്‍ 2013 ല്‍ രാജ്യത്ത് ഏറ്റവും മുകളിലുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നാണ് ഗുജറാത്ത്. ആ വര്‍ഷം ഗുജറാത്തില്‍നിന്ന് 66 വര്‍ഗീയ അക്രമസംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2012 ല്‍ ഗുജറാത്തില്‍ 57 വര്‍ഗീയ ആക്രമണങ്ങളുണ്ടായി; അഞ്ചു പേര്‍ കൊല്ലപ്പെട്ടു. ലോക്സഭയില്‍ 2012 ല്‍ അവതരിപ്പിച്ച കണക്കനുസരിച്ച് 2009 മാര്‍ച്ചിനും 2012 മാര്‍ച്ചിനും ഇടയില്‍ ഇന്ത്യയിലാകെ വര്‍ഗീയ സംഘര്‍ഷങ്ങളില്‍ 344 പേര്‍ കൊല്ലപ്പെട്ടതില്‍ 32 ജീവന്‍ പൊലിഞ്ഞത് ഗുജറാത്തിലാണ്. ഗുജറാത്ത് മാത്രമല്ല, ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും അവസ്ഥയാണിത്.

ഒരു മാന്ത്രികവടിയും തന്റെ കൈയിലുണ്ടെന്ന് നരേന്ദമോഡി ഇന്നുവരെ തെളിയിച്ചിട്ടില്ല- വര്‍ഗീയതയുടേതും നൃശംസതയുടേതുമല്ലാതെ.

കോര്‍പറേറ്റുകള്‍ക്ക് വന്‍തോതില്‍ ഇളവുകള്‍ നല്‍കിയതാണ് ഗുജറാത്ത് മാതൃകാ വികസനം. അവിടെ വിദ്യാഭ്യാസ-ആരോഗ്യസംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഫണ്ടില്ല. പ്രധാനപ്പെട്ട സാമൂഹിക മേഖലാ പദ്ധതികളിലെല്ലാം പൊതുചെലവു വെട്ടിക്കുറച്ചു. 17 പ്രധാന സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസത്തിന് പണം ചെലവഴിക്കുന്ന കാര്യത്തില്‍ ഗുജറാത്തിന് 14-ാം സ്ഥാനം. മോഡിയുടെ 10 വര്‍ഷ ഭരണത്തില്‍ വിദ്യാഭ്യാസരംഗത്തെ ശരാശരി ചെലവ് മൊത്തം ചെലവിന്റെ 13.2 ശതമാനംമാത്രം. അഖിലേന്ത്യാ ശരാശരി 14.8 ശതമാനമാണ്. ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍നിന്നുള്ള കൊഴിഞ്ഞുപോക്ക് ഗുജറാത്തില്‍ 58 ശതമാനമാണ്. അഖിലേന്ത്യാ ശരാശരിയാവട്ടെ 49 ശതമാനവും. ആരോഗ്യരംഗത്തെ്, 17 വലിയ സംസ്ഥാനങ്ങളെടുത്താല്‍ ഗുജറാത്ത് 16-ാം സ്ഥാനത്താണ്. മോഡിയെ ഒരു "വികസ" നായകനായി സ്ഥാപിക്കുന്നവര്‍ വീമ്പുപറയുന്നതിലെ ഏതാനും പൊള്ളത്തരങ്ങള്‍ മാത്രമാണിത്. ഗുജറാത്തിന്റെ യഥാര്‍ഥ ചിത്രം അതിന്റെ ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള സ്ത്രീ-പുരുഷന്മാരെ നിര്‍ലജ്ജമായി ചൂഷണംചെയ്യുന്ന ഒന്നാണ്. മത വിദ്വേഷത്തിന്റെയും കോര്‍പറേറ്റ് പ്രചാരണ തന്ത്രങ്ങളുടെയും മറവില്‍ ഈ വസ്തുതകളെ മറച്ചുവച്ചുള്ള കെട്ടിയാട്ടമാണ്, ഇന്ന് കാണുന്ന മോഡിപ്രഭാവം. ഗുജറാത്തിലെ മുണ്‍ട്രോ തുറമുഖത്തിനും മുണ്ട്ര പ്രത്യേക സാമ്പത്തിക മേഖലയ്ക്കുമായി 6700 ഹെക്ടര്‍ ഭൂമി അദാനി ഗ്രൂപ്പിന് നല്‍കി ഖജനാവിന് പതിനായിരം കോടി രൂപ നഷ്ടപ്പെടുത്തിയ നരേന്ദമോഡി, അഞ്ചരലക്ഷം കോടി രൂപയുടെ അഴിമതി നടത്തിയ യുപിഎയില്‍നിന്ന് വ്യത്യസ്തമായ ഒന്നുംതന്നെ പ്രസരിപ്പിക്കുന്നില്ല- വര്‍ഗീയതയുടെ ഭീകരദൃശ്യങ്ങളൊഴിച്ച്. യുപിഎ സര്‍ക്കാരിനെതിരായ ജനരോഷത്തെ മുതലെടുത്ത് ദേശീയതലത്തില്‍ അധികാരം പിടിച്ചെടുത്ത ആര്‍എസ്എസ് നരേന്ദമോഡിയുടെ നേതൃത്വത്തില്‍ ദിവ്യാത്ഭുത പ്രകടനമൊന്നും നടത്താന്‍ പോകുന്നില്ല എന്ന് തെളിയിക്കുന്ന വസ്തുതകളാണിത്. അതുകൊണ്ടുതന്നെ, മോഡിഭരണത്തെക്കുറിച്ച് പ്രതീക്ഷയും പ്രത്യാശയുമൊന്നും വച്ചുപുലര്‍ത്താനില്ല. മതനിരപേക്ഷ ശക്തികളുടെ കരുത്ത് വര്‍ധിപ്പിക്കുക-അപകടങ്ങളില്‍നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങുക എന്നതുമാത്രമാണ് വരുംനാളുകളിലെ വെല്ലുവിളി ഏറ്റെടുക്കാന്‍ ഇന്ത്യന്‍ ജനതയ്ക്കുമുന്നിലുള്ള മാര്‍ഗം.
*
deshabhimani

No comments: