Tuesday, May 20, 2014

ഗതാഗതമേഖലയിലെ അരാജകത്വം

കേരളത്തിന്റെ ഖജനാവ് എലികളുടെ പ്രസവാശുപത്രിയാക്കി മാറ്റി ഉമ്മന്‍ചാണ്ടിയുടെ ഭരണം. ഏത് "കടുംവെട്ടും" നടത്തി ശിഷ്ടകാലം മുന്നോട്ടുകൊണ്ടുപോകാന്‍ നടത്തുന്ന പരിശ്രമത്തിന്റെ ഭാഗമാണ് മോട്ടോര്‍വാഹനങ്ങള്‍ക്ക് ഇപ്പോള്‍ അടിച്ചേല്‍പ്പിച്ച അക്രമനികുതി. മോട്ടോര്‍വ്യവസായമാകെ വന്‍ പ്രതിസന്ധി നേരിടുന്ന വേളയിലാണ് താങ്ങാന്‍ കഴിയാത്ത ഈ നികുതി വര്‍ധന. ഒരു ഭാഗത്ത് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെയും അടിക്കടിയുള്ള വര്‍ധന, മറുഭാഗത്ത് സ്പെയര്‍പാര്‍ട്ടുകള്‍, ടയര്‍ തുടങ്ങിയ അവശ്യസാധനങ്ങളുടെ തുടര്‍ച്ചയായ വിലക്കയറ്റം. ഇപ്പോഴത്തെ കണക്കനുസരിച്ച് കേരളത്തിലെ 75 ശതമാനം വീടുകളിലും മോട്ടോര്‍വാഹനമുണ്ട്. ഏഴ് ആളുകള്‍ക്ക് രണ്ടു വാഹനം എന്നതാണ് വാഹനസാന്ദ്രത. അതുകൊണ്ടുതന്നെ ഇരുചക്രവാഹനങ്ങള്‍, കാര്‍, അന്തര്‍സംസ്ഥാന വാഹനങ്ങള്‍, ചരക്കുവാഹനങ്ങള്‍ ഉള്‍പ്പെടെ വലിയൊരു ശ്രേണി നമുക്കുണ്ട്. ഇവയ്ക്കെല്ലാം കുത്തനെ നികുതി കൂട്ടി. നികുതി വര്‍ഷാവര്‍ഷം അടയ്ക്കുന്നതിനുപകരം അഞ്ചുവര്‍ഷത്തെ നികുതി ഒന്നിച്ചടയ്ക്കണമെന്നാണ് ഉമ്മന്‍ചാണ്ടി കല്‍പ്പിച്ചിട്ടുള്ളത്.

1975ലാണ് നാഷണല്‍ പെര്‍മിറ്റ് സംവിധാനം നടപ്പായത്. നാഷണല്‍ പെര്‍മിറ്റിന്റെ നികുതി അടച്ച വാഹനങ്ങള്‍ക്ക് രാജ്യത്തെവിടെയും ഓടിക്കാം. പിന്നീടത് മേഖലാ പെര്‍മിറ്റുകളായി. ഏറ്റവും ഒടുവില്‍ ഓരോ സംസ്ഥാനത്തും പ്രവേശിക്കുന്നതിന് പ്രത്യേക നികുതി ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കി. നമ്മുടെ കോണ്‍ട്രാക്ട് കാര്യേജുകള്‍, കാറുകള്‍ തുടങ്ങിയവയുടെ കാര്യമെടുക്കാം. കാസര്‍കോട്ടുനിന്ന് മംഗലാപുരത്തേക്ക് ഒരു കോണ്‍ട്രാക്ട് കാര്യേജ് ബസ് വാടകയ്ക്കെടുത്ത് വിവാഹസംഘം യാത്രതിരിച്ചെന്നു കരുതുക. വണ്ടി വാടക ഏഴായിരമോ ഏഴായിരത്തിയഞ്ഞൂറോ മതി. അതേസമയം, സീറ്റൊന്നിന് 660 രൂപയും സര്‍ച്ചാര്‍ജും ഉള്‍പ്പെടെ 33,634 രൂപ അധികനികുതി കൊടുക്കണം. ഇത് പരമാവധി ഒരാഴ്ചക്കാലത്തേക്കു മാത്രമാണുതാനും. ഇത് കേരളത്തിലെ ടൂറിസ്റ്റ് വാഹനങ്ങളെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഗുണ്ടാപ്പിരിവുപോലെയുള്ള നികുതി വര്‍ധന അടിച്ചേല്‍പ്പിക്കുന്നത്.

2011 ജനുവരി ഒന്നിന് പെട്രോള്‍വില ലിറ്ററിന് 55 രൂപ 87 പൈസയായിരുന്നു. അതിപ്പോള്‍ 75 രൂപയിലധികമായി. ഡീസല്‍വില 37 ല്‍നിന്ന് അറുപതായി ഉയര്‍ന്നു. ഇന്ധനവിലയില്‍ വീണ്ടും കുത്തനെയുള്ള വര്‍ധനയാണ് എണ്ണക്കമ്പനികള്‍ നിര്‍ദേശിക്കുന്നത്. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് കൊള്ളലാഭമുണ്ടാക്കാന്‍ പ്രീമിയം തുക അടിക്കടി വര്‍ധിപ്പിക്കാന്‍ ഐആര്‍ഡിഎ അനുവാദം നല്‍കുകവഴി ഈ രംഗത്തും വന്‍തുകയാണ് മുടക്കേണ്ടിവരുന്നത്. 2014 ഏപ്രില്‍ ഒന്നുമുതല്‍ പ്രീമിയം തുകയില്‍ 20 ശതമാനംവരെ വര്‍ധനയാണ് വരുത്തിയത്. ഇരുചക്രവാഹനങ്ങള്‍, സ്വകാര്യ കാര്‍, പൊതു സ്വകാര്യ ചരക്കുവാഹനങ്ങള്‍, യാത്രാവാഹനങ്ങള്‍ തുടങ്ങിയവയ്ക്കെല്ലാം വര്‍ധനയുണ്ടാകും. ഓട്ടോറിക്ഷകള്‍ക്കും ടാക്സികാറുകള്‍ക്കും 20 ശതമാനമാണു വര്‍ധന. 2000ല്‍ വളരെ കുറഞ്ഞ തുകയായിരുന്നു ഇന്‍ഷുറന്‍സ് പ്രീമിയം. അത് അടിക്കടി വര്‍ധിപ്പിച്ച് വന്‍തുകയില്‍ എത്തിച്ചു. 2011 ഏപ്രിലിനും 2014 ഏപ്രിലിനുമിടയില്‍ 265 ശതമാനംവരെ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചു. പബ്ലിക്, പ്രൈവറ്റ് ത്രീവീലര്‍ ഗുഡ്സ് ക്യാരിയറിന്റെ പ്രീമിയം 20 ശതമാനം വര്‍ധിപ്പിച്ച് 4508ഉം 3701ഉം രൂപയാക്കി.

നികുതി വര്‍ധനയുടെ പ്രത്യാഘാതം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് മോട്ടോര്‍വാഹന തൊഴിലാളികളാണ്. മോട്ടോര്‍മേഖലയില്‍ പണിയെടുക്കുന്നവരിലേറെയും (ഓട്ടോറിക്ഷ, പിക്അപ്, ടാക്സി, മറ്റു ചെറുകിട വാഹനങ്ങള്‍, ചെറു ബസുകള്‍, ചരക്കുകടത്തു വാഹനങ്ങള്‍) സ്വയംതൊഴില്‍ എന്ന നിലയില്‍ വന്‍ പലിശയ്ക്ക് ബാങ്ക് വായ്പ തരപ്പെടുത്തിയും കെട്ടുതാലി പണയംവച്ചും ഈ രംഗത്തേക്ക് കടന്നുവന്നവരാണ്. ഈ പശ്ചാത്തലത്തില്‍ വേണം വാഹനികുതി വര്‍ധനയുടെ ആഘാതം പരിശോധിക്കേണ്ടത്. ഇരുചക്ര വാഹനങ്ങള്‍ക്കും നികുതിയില്‍ വര്‍ധനയുണ്ട്. മാത്രമല്ല, പഴയ ബൈക്കുകള്‍ക്ക് നികുതി അടയ്ക്കുമ്പോള്‍ അഞ്ചുവര്‍ഷത്തേക്ക് ഒന്നിച്ചടയ്ക്കുകയും വേണം. സ്വകാര്യ ചെറുകാറുടമകളെയും (പഴയ കാര്‍) അഞ്ചുവര്‍ഷത്തെ നികുതി ഒന്നിച്ചടയ്ക്കണമെന്ന വ്യവസ്ഥയില്‍നിന്ന് ഒഴിവാക്കിയിട്ടില്ല.

1500 സിസിയും അതിനു മുകളിലും കപ്പാസിറ്റിയുള്ള ടാക്സികളെയും ഓള്‍ ഇന്ത്യാ പെര്‍മിറ്റുള്ള ടൂറിസ്റ്റ് മോട്ടോര്‍ കാറുകളെയും ലക്ഷ്വറി ടാക്സിവിഭാഗത്തില്‍ ഉള്‍പ്പെടുത്തി അമിതനികുതി ചുമത്തിയിട്ടുണ്ട്. സാധാരണ ടാക്സികള്‍, ഓള്‍ ഇന്ത്യാ പെര്‍മിറ്റുള്ള ടൂറിസ്റ്റ് ടാക്സികള്‍, ലക്ഷ്വറി ടാക്സികള്‍ തുടങ്ങിയ വാഹനങ്ങള്‍ക്ക് 2014 ഏപ്രില്‍ ഒന്നിനുശേഷമുള്ള കാലയളവിലേക്ക് നിലവില്‍ നികുതി അടച്ചിട്ടുണ്ടെങ്കിലും 2014 ഏപ്രില്‍ ഒന്നുമുതല്‍ കൂടിയ നിരക്കിന്റെ ബാക്കി നികുതികൂടി അഞ്ചുവര്‍ഷത്തേക്ക് ഒരുമിച്ചടയ്ക്കണം. നാല്‍പ്പത്തൊമ്പതു സീറ്റുള്ള കോണ്‍ട്രാക്ട് കാര്യേജിന് സാധാരണനിലയില്‍ സീറ്റൊന്നിന് 750 രൂപയാണ് നികുതി അടയ്ക്കേണ്ടത്. എന്നാല്‍, യാത്രക്കാരന്റെ സൗകര്യം മാനിച്ച് സീറ്റുകളുടെ എണ്ണത്തില്‍ കുറവുവരുത്താതെതന്നെ സീറ്റിന്റെ ചാരുന്ന ഭാഗം ഒരല്‍പ്പം പിന്നോക്കം ചരിച്ച് മാറ്റംവരുത്തിയാല്‍ സീറ്റൊന്നിന് നികുതി ആയിരംരൂപയായി. സീറ്റിന്റെ കുറവ് വരാത്തതിനാല്‍ സര്‍ക്കാരിന് യഥാര്‍ഥത്തില്‍ നികുതി നഷ്ടമാകുന്നുമില്ല. കൂടുതല്‍ ഭാരം റോഡിന് താങ്ങേണ്ടിയും വരുന്നില്ല. സീറ്റിന്റെ ഇരിപ്പിടമാകട്ടെ നീക്കാന്‍ കഴിയുന്നതുമല്ല. എന്നിട്ടും ഈ നികുതി ഈടാക്കുന്നത് പകല്‍ക്കൊള്ളയല്ലാതെ മറ്റെന്താണ്. അതുപോലെ വാഹനത്തിലെ ഒരുസീറ്റ് പുഷ്ബാക്കാണെങ്കിലും വാഹനത്തെ മൊത്തം പുഷ്ബാക്ക് സീറ്റുള്ള വാഹനത്തിന്റെ ഗണത്തില്‍പ്പെടുത്തി അമിതനികുതി ഈടാക്കുന്നു.

ചില ഉദാഹരണങ്ങള്‍ നോക്കാം: ബൈക്കിന് 35 രൂപയുടെ ത്രൈമാസ നികുതിയില്‍ വര്‍ധന വരുത്തി അഞ്ചുവര്‍ഷത്തേക്ക് 900 രൂപ ഒരുമിച്ചടയ്ക്കണമെന്ന നിബന്ധനയുണ്ടാക്കി. പണിമുടക്കു പ്രഖ്യാപനത്തെതുടര്‍ന്ന് ഓട്ടോറിക്ഷകള്‍ക്ക് നികുതി വര്‍ധന ഒഴിവാക്കിയെങ്കിലും അഞ്ചുവര്‍ഷത്തെ നികുതി ഒരുമിച്ചടയ്ക്കണമെന്ന് നിര്‍ബന്ധിക്കുന്നു. സാധാരണ ടാക്സി (അംബാസഡര്‍) 1040 രൂപ പ്രതിവര്‍ഷ നികുതി അടച്ചിരുന്ന സ്ഥാനത്ത് നികുതി 1400 രൂപയായി വര്‍ധിപ്പിച്ചു; 7000 രൂപ അഞ്ചുവര്‍ഷത്തേക്ക് ഒരുമിച്ചടയ്ക്കണം. ജീപ്പ്, ഇന്നോവ, ടവേര, സൈലോ തുടങ്ങിയ ടാക്സികള്‍ക്ക് 1040 രൂപ പ്രതിവര്‍ഷ നികുതി അടച്ച സ്ഥാനത്ത് 12,000 രൂപ ദ്വിവര്‍ഷ നികുതിയായി നിശ്ചയിച്ചു. പുഷ്ബാക്ക് സീറ്റുള്ള ട്രാവലര്‍ തുടങ്ങിയ വാഹനങ്ങള്‍ക്ക് സീറ്റൊന്നിന് 530 രൂപ ആയിരുന്നത് 1000 രൂപയായി വര്‍ധിപ്പിച്ചു; അഞ്ചുവര്‍ഷത്തേക്ക് ഒന്നിച്ചടയ്ക്കുകയും വേണം. ടൂറിസ്റ്റ് ബസുകള്‍ക്ക് സീറ്റൊന്നിന് 1300 രൂപയായിരുന്നത് 8400 രൂപയാക്കി; ഈ വര്‍ധന അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ക്കും ബാധകമാക്കി. പുഷ്ബാക്ക് സീറ്റുള്ള ടൂറിസ്റ്റ് ബസുകള്‍ക്ക് സീറ്റൊന്നിന് 750 രൂപയായിരുന്നത് 2000 രൂപയായി വര്‍ധിപ്പിച്ചു. സ്ലീപ്പര്‍ ബര്‍ത്തുള്ള ടൂറിസ്റ്റ് ബസുകള്‍ക്ക് സീറ്റൊന്നിന് 1300 രൂപയില്‍നിന്ന് 3000 രൂപയാക്കി; നികുതി അഞ്ചുവര്‍ഷത്തേക്ക് ഒന്നിച്ചടയ്ക്കണം.

പിക്കപ് വാഹനങ്ങള്‍ക്ക് ദ്വിവര്‍ഷ നികുതി 850 രൂപയായിരുന്നത് അഞ്ചുവര്‍ഷത്തേക്ക് 4400 രൂപ ഒന്നിച്ചടയ്ക്കണം. 1000 കിലോഗ്രാംവരെയുള്ള ചരക്കുവാഹനങ്ങള്‍ക്ക് ദ്വിവര്‍ഷ നികുതി 880 രൂപ നല്‍കിയിരുന്നത് അഞ്ചുവര്‍ഷത്തേക്ക് 4400 രൂപയാക്കി. 1500 കിലോഗ്രാം വരെയുള്ള ചരക്കുവാഹനങ്ങള്‍ക്ക് പ്രതിവര്‍ഷം 550 രൂപ നല്‍കിയിരുന്ന സ്ഥാനത്ത് അഞ്ചുവര്‍ഷത്തേക്ക് 11,000 രൂപ നല്‍കണം. 2000 കിലോഗ്രാം വരെയുള്ള ചരക്കുവാഹനങ്ങള്‍ക്ക് പ്രതിവര്‍ഷം 550 രൂപ നല്‍കിയിരുന്ന സ്ഥാനത്ത് അഞ്ചുവര്‍ഷത്തേക്ക് 11,000 രൂപ നല്‍കണം. 3000 കിലോഗ്രാംവരെയുള്ള ചരക്കുവാഹനങ്ങള്‍ക്ക് 705 രൂപ പ്രതിവര്‍ഷ നികുതി നല്‍കിയിരുന്നത് അഞ്ചു വര്‍ഷത്തേക്ക് 14,100 രൂപയാക്കി വര്‍ധിപ്പിച്ചു. ചരക്കുകടത്തു വാഹനങ്ങളുടെ നികുതിവര്‍ധന കടുത്ത വിലക്കയറ്റം സൃഷ്ടിക്കും. അന്തര്‍സംസ്ഥാന വാഹനങ്ങളുടെ നികുതി വര്‍ധനമൂലം അന്യസംസ്ഥാനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും മറ്റും യാത്രക്കൂലിയിനത്തില്‍ വന്‍ വര്‍ധനയാണുണ്ടാകുന്നത്. ഇതിനെല്ലാംപുറമെ ആശ്ചര്യകരമായ കാര്യം വാഹനങ്ങളുടെ നികുതി സ്വീകരിക്കുമ്പോള്‍ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നുവച്ചതാണ്. ഇതുമൂലം ഇന്‍ഷുറന്‍സ് പ്രീമിയം അടയ്ക്കാതിരിക്കുന്ന പ്രവണത വര്‍ധിക്കുകയും അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ ആനുകൂല്യങ്ങള്‍ ലഭിക്കാത്ത അവസ്ഥയുണ്ടാവുകയും ചെയ്യും. റോഡ് ഗതാഗതമേഖലയില്‍ തികഞ്ഞ അരാജകത്വം സൃഷ്ടിക്കുന്നതാണ് ഈ നടപടി.

"ഈ-പേയ്മെന്റ്" സംവിധാനത്തില്‍ നികുതിയടയ്ക്കാന്‍ അനുവാദം നല്‍കിയാല്‍ വാഹന ഉടമയ്ക്ക് ക്ഷേമനികുതി വിഹിതം അടയ്ക്കാതെ രക്ഷപ്പെടാന്‍ കഴിയും. ഇപ്പോള്‍ത്തന്നെ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയുടെ പ്രവര്‍ത്തനം താറുമാറായി. ക്ഷേമനിധി ആനുകൂല്യങ്ങളില്‍ പരിമിതമായ വര്‍ധന വരുത്താനുള്ള ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനംപോലും സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. അതിനുപുറമെ 100 കോടി രൂപ ക്ഷേമനിധിയില്‍നിന്നു വകമാറ്റി സര്‍ക്കാര്‍ ഖജനാവില്‍ നിക്ഷേപിച്ചുകഴിഞ്ഞു. തൊഴിലാളി ക്ഷേമനിധിയുടെ പ്രവര്‍ത്തനം പൂര്‍ണമായും തകര്‍ക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ടെന്ന് ന്യായമായും സംശയിക്കണം. മോട്ടോര്‍ തൊഴിലാളികളുടെ നട്ടെല്ലൊടിക്കുന്ന, വാഹന ഉടമകളെയും കേരള ജനതയെ ആകെത്തന്നെയും പ്രതികൂലമായി ബാധിക്കുന്ന, മോട്ടോര്‍ വാഹനികുതി വര്‍ധനയ്ക്കെതിരെയും ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധനയ്ക്കെതിരെയും അതിശക്തമായ പോരാട്ടം സംഘടിപ്പിക്കേണ്ടതുണ്ട്. (ഓള്‍ ഇന്ത്യാ റോഡ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

*
കെ കെ ദിവാകരന്‍

No comments: