Showing posts with label വാച്ചാത്തി. Show all posts
Showing posts with label വാച്ചാത്തി. Show all posts

Sunday, January 20, 2013

ഈ സമരം ചരിത്രത്തിന്റെ ഭാഗം

പണിമുടക്കം - സര്‍ക്കാര്‍ വിജയിച്ചു; കേരളം തോറ്റു   

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ജനുവരി 8 ന് ആരംഭിച്ച പണിമുടക്കം പതിമൂന്നിന് അര്‍ധരാത്രിയില്‍ അവസാനിച്ചു. പദ്ധതി ഉപേക്ഷിക്കാതെയാണ് സമരം അവസാനിച്ചത് എന്നതില്‍ സര്‍ക്കാരിന് ആഹ്ലാദിക്കാം. ഈ പദ്ധതിയിലൂടെ 2013 ഏപ്രിലില്‍ ഒന്ന് മുതല്‍ സര്‍വീസില്‍ വരുന്നവര്‍ക്ക് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ നല്‍കണ്ട, അവരില്‍ നിന്ന് പിടിക്കുന്ന തുകയും സര്‍ക്കാര്‍ വിഹിതവും സ്വകാര്യമേഖലക്ക് കൈമാറാം, പെന്‍ഷന്‍ പരിഷ്‌കരണം, കുടുംബ പെന്‍ഷന്‍, ക്ഷാമബത്ത, ജി പി എഫ്, ഗ്രാറ്റുവിറ്റി, കമ്മ്യൂട്ടേഷന്‍ ഇവ ഭാവിയില്‍ നല്‍കണ്ട, പണമുള്ളവര്‍ സേവനം വിലകൊടുത്തു വാങ്ങും, സൗജന്യ വിദ്യാഭ്യാസം, സൗജന്യ ചികിത്സ തുടങ്ങിയവയൊക്കെ ഘട്ടംഘട്ടമായി അവസാനിപ്പിക്കും തുടങ്ങി ധാരാളം നേട്ടങ്ങളാണ് സര്‍ക്കാര്‍ സ്വപ്‌നം കാണുന്നത്. കേന്ദ്രസര്‍ക്കാരിനോടും കോണ്‍ഗ്രസ് നയത്തോടും കേരളം കൂറു പുലര്‍ത്തി എന്ന് മുഖ്യമന്ത്രിക്ക് ഇനി അഭിമാനത്തോടെ പറയാം. അങ്ങനെ ഡല്‍ഹിയിലെ സ്വാധീനം വര്‍ധിപ്പിക്കുകയും ചെയ്യാം.

ജീവനക്കാരുടെ ശമ്പളത്തിനും പെന്‍ഷനും വേണ്ടി 80 ശതമാനത്തിലധികം തുക ചെലവഴിക്കുന്നു എന്നും ബാക്കി 20 ശതമാനം തുകയാണ് 95 ശതമാനം പേര്‍ക്ക് ചെലവഴിക്കുന്നത് എന്നുമാണ് സര്‍ക്കാര്‍ നിരന്തരം പ്രചരിപ്പിക്കുന്നത്. ഈ കണക്ക് തെറ്റാണെന്ന് സര്‍ക്കാരിന്റെ ബജറ്റ് രേഖകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. 2004-2005 ല്‍ വരവിന്റെ 64.5% ശമ്പളം, പെന്‍ഷന്‍, പലിശ ഇവക്കു വേണ്ടി ചെലവഴിച്ചപ്പോള്‍ 2010-11 ല്‍ 57.99 ശതമാനമാണ് ചെലവായത്. ഈ കാലയളവില്‍ ഇവയുടെ ചെലവില്‍ 6.06% കുറവാണ് രേഖപ്പെടുത്തിയത്. ഈ കാലഘട്ടത്തില്‍ വരവില്‍ 129 ശതമാനം വര്‍ധനവുണ്ടായപ്പോള്‍ ചെലവില്‍ 98 ശതമാനത്തിന്റെ വര്‍ധനവെ ഉണ്ടായിട്ടുള്ളൂ. ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടിയാല്‍ മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും ഒരിക്കലും അത് കേട്ടതായി ഭാവിക്കില്ല. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ എല്ലാ വികസന പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് നടത്തുകയും ശമ്പളപരിഷ്‌കരണവും ക്ഷാമബത്തയും യഥാസമയം നടപ്പിലാക്കുകയും ചെയ്തശേഷം ഭരണമൊഴിയുമ്പോള്‍, 1963 കോടി രൂപ ഖജനാവില്‍ മിച്ചമുണ്ടായിരുന്ന കാര്യവും ഇവര്‍ കേട്ടതായി ഭാവിക്കില്ല. ജനദ്രോഹ നയങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ യു ഡി എഫ് സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധി ഒരു മറയാക്കി മാറ്റുകയായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു.

കേരളത്തില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ട് എന്നതും ശമ്പളം, പെന്‍ഷന്‍, പലിശ ഇവയുടെ ചെലവ് വര്‍ധിക്കുന്നുവെന്നതും യാഥാര്‍ഥ്യമാണ്. ഇതിന് ധാരാളം കാരണങ്ങളുണ്ട്. കേരളത്തില്‍ ആകെയുള്ള 103 വകുപ്പുകളില്‍ വിദ്യാഭ്യാസം, ആരോഗ്യം, പൊലീസ് എന്നീ മൂന്നു വകുപ്പുകളില്‍ കാലാകാലങ്ങളില്‍ ആയിരക്കണക്കിന് തസ്തികകള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. ജനങ്ങളുടെ ആവശ്യം കണക്കിലെടുത്താണ് ഈ തസ്തിക സൃഷ്ടിക്കല്‍. മൊത്തം ശമ്പളത്തിന്റെ 51 ശതമാനം വിദ്യാഭ്യാസത്തിന് വേണ്ടിയാണ് ചെലവഴിക്കുന്നത്. ലോകത്തെവിടെയും മലയാളികളെത്തുകയും പ്രതിവര്‍ഷം 35,000 ത്തില്‍ അധികംകോടി രൂപ കേരളത്തിലെത്തുകയും ചെയ്യുന്നതിന് പിന്നില്‍ മുഖ്യപങ്ക് വഹിച്ചത് കേരളത്തിലെ പൊതുവിദ്യാഭ്യാസമാണ്. ഇത് പാഴ്‌ചെലവല്ല. കുറഞ്ഞ പെന്‍ഷന്‍ പ്രായം, സിവില്‍ സര്‍വീസിലെ അഴിമതി, നികുതി പിരിവിലെ കാര്യക്ഷമതാ കുറവ്, ജനസംഖ്യാനുപാതികമായി കേന്ദ്രവിഹിതം ലഭിക്കാത്തത്, വിദേശ മലയാളികളുടെ പണം നാടിനു പ്രയോജനകരമായി ഉപയോഗിക്കാന്‍ കഴിയാത്തത്, കാര്‍ഷിക മേഖലയിലും മറ്റുമുള്ള ഉല്‍പ്പാദന മുരടിപ്പ്, കേരള സമൂഹത്തില്‍ വളര്‍ന്നു വരുന്ന പണിയെടുക്കുന്നതിലെ വിമുഖത, ഇതെല്ലാം സാമ്പത്തിക തകര്‍ച്ചക്കു വഴിവയ്ക്കുന്ന ഘടകങ്ങളാണ്. ഭരണകൂടവും രാഷ്ട്രീയ പാര്‍ട്ടികളും സര്‍വീസ് സംഘടനകളുമെല്ലാം തുറന്ന മനസോടെയും സ്വയം വിമര്‍ശനപരമായും ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തേണ്ട കാര്യങ്ങളാണിവ.

കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കിയെന്നും അവിടെയെങ്ങും ഇത് മൂലം ജീവനക്കാര്‍ക്ക് ഒരു നഷ്ടവും ഉണ്ടായിട്ടില്ലെന്നുമാണ് സര്‍ക്കാര്‍ വാദം. 01-01-2004 മുതല്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കിയെന്നതും അതിനെതിരെ വലിയ പ്രതിഷേധം അലയടിച്ചില്ലായെന്നതും യാഥാര്‍ഥ്യമാണ്. എന്നാല്‍ ഈ കാലയളവിലെ അനുഭവം അവരെ ബോധ്യപ്പെടുത്തിയിരിക്കുന്നത്, ഈ പുതിയ പെന്‍ഷന്‍ പദ്ധതി അപകടകരമാണ് എന്നതാണ്. പ്രചരിപ്പിക്കപ്പെട്ട വിധം ഇത് ഗുണകരമല്ലെന്ന് തിരിച്ചറിഞ്ഞ് 2012 ഡിസംബര്‍ 12 ന് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ദേശവ്യാപകമായി പണിമുടക്ക് നടത്തുകയുണ്ടായി. സംസ്ഥാന ജീവനക്കാരും ഈ വഴിയെ വന്നുകൊണ്ടിരിക്കുകയാണ്. പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കിയ ലോകത്തെ മിക്ക രാജ്യങ്ങളിലും ഇത് ഒരു ദുരന്തമായിട്ടാണ് അനുഭവപ്പെട്ടിരിക്കുന്നത്. വരും നാളുകളില്‍ ഇന്ത്യയില്‍ നടക്കുന്ന ഏറ്റവും വലിയ സമരം പങ്കാളിത്ത പെന്‍ഷന് എതിരെയുള്ളതായിരിക്കും. കേരളത്തിലെ ഭൂരിപക്ഷം ജീവനക്കാരും അധ്യാപകരും പങ്കാളിത്ത പെന്‍ഷന് അനുകൂലമാണ് എന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു ഹിതപരിശോധന നടത്തിക്കൂടെ എന്ന ചോദ്യത്തിന് ആരും മറുപടി പറഞ്ഞിട്ടില്ല.

II

ഈ സമരം ചരിത്രത്തിന്റെ ഭാഗം

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി അപകടകരമാണെന്നും ഈ പദ്ധതി നടപ്പിലാക്കിയാല്‍ ഇതിനെതിരെ ആദ്യം പണിമുടക്ക് നടത്തുന്ന സംഘടന തങ്ങളായിരിക്കുമെന്നും 'സെറ്റോ' നേതാക്കള്‍ പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ അവര്‍ പങ്കാളിത്ത പെന്‍ഷന്റെ വക്താക്കളായി മാറിയിരിക്കുന്നു. ജീവനക്കാര്‍ക്കെതിരെ സര്‍ക്കാര്‍ അവതരിപ്പിച്ച തെറ്റായ സാമ്പത്തിക കണക്കുകള്‍ അവര്‍ അംഗീകരിച്ചിരിക്കുന്നു. പണിമുടക്കം പരാജയമാണെന്ന് സ്ഥാപിക്കാന്‍ ആഭ്യന്തരമന്ത്രി അവതരിപ്പിച്ച തെറ്റായ കണക്കുകള്‍ അവര്‍ ഏറ്റു പറഞ്ഞു. പണിമുടക്കിയ വനിതകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ അറസ്റ്റ് ചെയ്യല്‍, ജയലിലടയ്ക്കല്‍, സസ്‌പെന്റ് ചെയ്യല്‍, സ്ഥലം മാറ്റല്‍ ഇവയ്‌ക്കെല്ലാം അവര്‍ കൂട്ടുനിന്നു. 70 ശതമാനത്തോളം പേര്‍ പങ്കെടുത്ത സമരം പരാജയമാണെന്നവര്‍ പ്രചരിപ്പിച്ചു.

കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ  സമയത്ത് അവര്‍ നടത്തിയ സൂചനാ പണിമുടക്കില്‍ പോലും 9 ശതമാനം പേര്‍ മാത്രമേ പണിമുടക്കിയുള്ളൂ എന്ന സത്യം അധികാരത്തിന്റെ വെളിച്ചത്തില്‍ അവര്‍ വിസ്മരിക്കുകയാണ്. ഒരു സര്‍വീസ് സംഘടന ഒരിക്കലും സര്‍ക്കാരാകരുത്. ഭരണാധികാരികള്‍ സ്വന്തം നയം നടപ്പിലാക്കിയതില്‍ സന്തോഷിക്കുക സ്വാഭാവികമാണ്. പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കുന്നതിന്റെ സന്തോഷം സര്‍ക്കാരില്‍ പ്രകടമാണ്. എന്നാല്‍ ആ സന്തോഷം സംഘടനകള്‍ പങ്കിടുന്നത് ആത്മഹത്യാപരമാണ്. 'സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 1957 മുതല്‍ നിലവിലുണ്ടായിരുന്ന സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പദ്ധതി ഇല്ലാതാക്കാന്‍ കൂട്ടുനിന്നവര്‍ എന്ന സ്ഥാനം ഇവര്‍ ചരിത്രത്തില്‍ ഉറപ്പാക്കിയിരിക്കുന്നു. ഇതിന്റെ വില ഭാവിയില്‍ ഇവര്‍ നല്‍കേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്.

ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ അഴിമതിക്കാരും പണിയെടുക്കാത്തവരും മോശമായി പെരുമാറുന്നവരുമാണ്. ഇത് പൊതുസമൂഹത്തില്‍ ജീവനക്കാരെക്കുറിച്ച് മോശമായ അഭിപ്രായം സൃഷ്ടിക്കാന്‍ കാരണമായിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു പണിമുടക്കിലും ജനങ്ങളുടെ പൂര്‍ണ സഹകരണം കിട്ടാറില്ല. ഇതിന് ജീവനക്കാരും സര്‍വീസ് സംഘടനകളും രാഷ്ട്രീയക്കാരുമെല്ലാം ഉത്തരവാദികളാണ്. ഇപ്പോഴത്തെ സമരം ജനവിരുദ്ധമാണെന്നും ആവശ്യമില്ലാത്തതാണെന്നുമുള്ള പ്രചരണം സര്‍ക്കാര്‍ ശക്തമായി അഴിച്ചുവിട്ടു. സെറ്റോ സംഘടനകള്‍ പങ്കാളിത്ത പെന്‍ഷന്റെ നേട്ടങ്ങള്‍ പ്രചരിപ്പിച്ച് പണിമുടക്കം തകര്‍ക്കാന്‍ കൂട്ടുനിന്നു. പണിമുടക്ക് ദിവസങ്ങളില്‍ ശമ്പളം കിട്ടില്ല എന്നതും പണിമുടക്കില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഒരു വിഭാഗം ജീവനക്കാര്‍ക്ക് പ്രേരണയായി. അഴിമതിക്കാരായ ഭൂരിപക്ഷം ജീവനക്കാരും പണിമുടക്ക് ദിവസം ഓഫീസിലെത്തി ജോലി ചെയ്യുകയുണ്ടായി. ഇങ്ങനെ പണിമുടക്കം പൂര്‍ണമാകാതിരിക്കാന്‍ നിരവധി കാരണങ്ങളുണ്ട്. പക്ഷേ ചരിത്രപരമായ ഈ പണിമുടക്കില്‍ പങ്കെടുക്കാതിരുന്നവരില്‍ ഇന്നല്ലെങ്കില്‍ നാളെ കുറ്റബോധം ഉണ്ടാകുമെന്നത് ഉറപ്പാണ്.

കേരളത്തിലെ ഒരു വിഭാഗം മാധ്യമങ്ങള്‍ ഈ പണിമുടക്കിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് അനുകൂലമായി പ്രതികരിച്ചിരുന്നു. മാതൃഭൂമി, കേരളകൗമുദി തുടങ്ങിയ പത്രങ്ങള്‍ പണിമുടക്കിന്റെ മുഖ്യ ആവശ്യത്തോട് യോജിപ്പ് പ്രകടിപ്പിച്ചിരുന്നില്ലായെങ്കിലും മാധ്യമ ധര്‍മ്മം നിര്‍വഹിച്ച് സമരം നടത്തിയവരുടെ അഭിപ്രായങ്ങള്‍ കൂടി  അവതരിപ്പിക്കാന്‍ തയാറായി. എന്നാല്‍ മലയാള മനോരമ തുടക്കം മുതല്‍ സമരത്തിനെതിരായിരുന്നു. എന്നുമാത്രമല്ല, പണിമുടക്കിയവരുടെ അഭിപ്രായങ്ങള്‍ നല്‍കുവാന്‍ ഒരിക്കലും തയാറായതുമില്ല.

കേരളത്തിന്റെ ചരിത്രത്തില്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തിയ ഏറ്റവും വലിയ സെക്രട്ടേറിയറ്റ് മാര്‍ച്ചായിരുന്നു നവംബര്‍ 22 ന് നടന്നത്. 27,000 പേര്‍ പങ്കെടുത്ത ഈ മാര്‍ച്ചിന്റെ ഒരു പടം അടുത്ത ദിവസം തലസ്ഥാന ജില്ലയില്‍ പോലും നല്‍കുവാന്‍ ഈ പത്രം തയാറായില്ല. പണിമുടക്കം അവസാനിച്ചതിനു ശേഷവും പണിമുടക്കിനെതിരെയുള്ള വാര്‍ത്തകള്‍ കൊണ്ട് പത്രതാളുകള്‍ നിറയ്ക്കുകയായിരുന്നു. ബാങ്ക് ജീവനക്കാരെ ബന്ധപ്പെടുത്തിയുള്ള ഡല്‍ഹിവാര്‍ത്ത ഇതിന്റെ ഭാഗമാണ്.

2002 ല്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തിയ പണിമുടക്ക് സമാനതകളില്ലാത്തതായിരുന്നു. അത്ര സമ്പൂര്‍ണമായിരുന്നു പണിമുടക്കം. അന്നും തുടക്കത്തില്‍ വേണ്ടത്ര ജനപിന്തുണ സമരത്തിനുണ്ടായിരുന്നില്ല. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഈ സ്ഥിതിക്കു മാറ്റമുണ്ടായി. 32-ാമത്തെ ദിവസം പണിമുടക്കം ഒത്തുതീര്‍പ്പായി.

ഈ പണിമുടക്കവും പരാജയമായിരുന്നുവെന്ന വിധത്തില്‍ ധാരാളം വാര്‍ത്തകള്‍ പണിമുടക്കിനു ശേഷവും മലയാള മനോരമയില്‍ വന്നിരുന്നു. എന്നാല്‍ ആ പണിമുടക്കം ശരിയായിരുന്നുവെന്നും വിജയകരമായിരുന്നുവെന്നും കാലം തെളിയിച്ചു. വെട്ടിക്കുറച്ച കുറെ ആനുകൂല്യങ്ങള്‍ ഒത്തു തീര്‍പ്പിന്റെ ഭാഗമായി യു ഡി എഫ് സര്‍ക്കാര്‍ തന്നെ പുനഃസ്ഥാപിച്ചു. സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍, ഭവന നിര്‍മ്മാണ വായ്പ തുടങ്ങി വെട്ടിക്കുറയ്ക്കപ്പെട്ട മറ്റ് ആനുകൂല്യങ്ങള്‍ എല്ലാം തുടര്‍ന്നു വന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ പുനഃസ്ഥാപിച്ചു.

ഈ പണിമുടക്കിന്റെ മുഖ്യ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. പക്ഷേ ഈ പുതിയ പെന്‍ഷന്‍ പദ്ധതിയുടെ അപകടം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്ന അവസ്ഥ പണിമുടക്കിലൂടെ ഉണ്ടായി. എല്ലാവര്‍ക്കും സ്വന്തം നിലപാട് വ്യക്തമാക്കേണ്ടി വന്നു. അപകടകരമായ മാറ്റത്തിന്റെ വേലിയേറ്റത്തിനെതിരെ ശമ്പളം നഷ്ടപ്പെടുമെന്ന് അറിഞ്ഞുതന്നെ ഭൂരിപക്ഷം ജീവനക്കാരും അധ്യാപകരും പണിമുടക്കി. സിവില്‍ സര്‍വീസില്‍ രണ്ടുതരം പൗരന്മാര്‍ ഉണ്ടാകുന്നതിന്റെ അപകടം കേരളം തിരിച്ചറിഞ്ഞു. 'സ്വന്തം ആനുകൂല്യങ്ങള്‍ ഉറപ്പിച്ച് ഭാവി തലമുറയെ ഒറ്റിക്കൊടുത്തവര്‍' എന്ന് പണിമുടക്കാത്തവരെ നോക്കി കാലം പറയുമെന്നത് ഉറപ്പ്.

ഈ പണിമുടക്കം ഇന്നു മാത്രമല്ല, ഭാവിയിലും നിരന്തരം ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടേയിരിക്കും. സമരം മറ്റുവിധത്തില്‍ തുടരുകയും ചെയ്യും. കാരണം ഇത് കേരളം കൈവരിച്ച നേട്ടങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള സമരമായിരുന്നു. ഈ സമരം ചരിത്രത്തിന്റെ ഭാഗമാണ്.

*
സി ആര്‍ ജോസ്പ്രകാശ് (ലേഖകന്‍ അധ്യാപക-സര്‍വ്വീസ് സംഘടനാ സമരസമിതി ജനറല്‍ കണ്‍വീനറാണ്) 

ജനയുഗം

Sunday, August 19, 2012

Tribal Conference Salutes Vaachathi People

EVEN after many months of the judgement in Vaachathi case, pronounced by the Dharmapuri court, the victims are yet to get compensation from the Tamilnadu government. It is absolutely shameful and outrageous, said Brinda Karat, Polit Bureau member of the Communist Party of India (Marxist).

Speaking to reporters at Dharmapuri on the sidelines of the sixth state conference of the Tamilnadu Tribal Association (TNTA), she said that “both the Dravidian parties — the DMK and the AIADMK — had not been on the side of the victims, but they have been unfortunately on the side of those who had sought to cover up this case.” The government is spending crores of rupees for several schemes, but continues to deny compensation to the Vaachathi victims.

The government is keen to protect those who are responsible for the crime and is also covering up this crime which had taken place 20 years ago at Vaachathi, a tiny tribal village in Dharmapuri district of Tamilnadu. At that time, a huge team of forest officials and armed policemen entered and vandalised the entire village and unleashed inhumane atrocities including gang rape against the hapless tribal people.

The message of the government is that nothing would happen even if the Vaachathi victims fight for 20 years to get justice from a court of law, because the government is powerful, and hence fighting against it would prove futile, Brinda said. But, she said, the message of the CPI(M) is that its stand has proved correct by every single enquiry and therefore the party would go on fighting. For, it is not a question of money but of dignity. It is shameful on the part of the Tamilnadu government that it has been found standing by the culprits, she added.

Tamilnadu was once a symbol of social reforms in defence of marginalised communities. “What was the social reform led by the Thanthai Periyar? What was the value for Periyar’s movement? It was to defend the rights of the marginalised communities. But today, the government speaks in a name of Dravidian culture while exploiting the most marginalised and vulnerable tribal communities,” Brinda said.

The Communist Party of India (Marxist) salutes the people of Vaachathi who have sent a message to not only the tribal people of Tamilnadu but to the entire tribal people living in the country that “do not compromise injustice,” she added.

Brinda also demanded that a credible commission of enquiry must investigate the atrocities meted out to the Tamils in Sri Lanka and those responsible must be punished.

The issue of Tamils in Sri Lanka is a matter of grave concern for the CPI(M) that has demanded that the Sri Lankan government must find out a political solution for protection of the rights of the Tamils without any delay.

The party also demands that the Congress-led United Progressive Alliance government at the centre should take immediate initiative and have a clear vision on the issue. There must not be any oscillation on its part, as it will not help in this situation, she added.

The main issue here is how to look at the problem and how to approach it politically.

HUGE RALLY

The sixth conference of the Tamilnadu Tribal Association (TNTA) started with a huge rally of tribal people at Dharmapuri on August 11. The rally ended with an emotion-choked public meeting where Brinda Karat, K Varadharajan (general secretary, AIKS) and Jitendra Chowdry (tribal welfare minister, Tripura) were the main speakers. TNTA president P Shanmugam presided.

Addressing the public meeting Brinda Karat said the union government and the Tamilnadu government do not bother about the welfare of the tribal people, as they have failed to recognise the 36 tribal communities living in the state as tribal people. The Kurumbars, Malayalis, Kuravas and Narikuravas and other tribal communities continue to be denied the status of tribal people, thus, also the welfare measures.

Brinda took a shot at the UPA government by saying that it is interested in pro-corporate ‘reforms’ and has never shown interest in fulfilling the minimum needs of the marginalised people living in forest and hilly areas. She welcomed the initiative of the Tamilnadu government for its free supply of 20 kg of rice for ration cardholders but said it was not sufficient to run a family and hence the quantum of rice should be increased to at least 35 kg per month.

She sarcastically accused the centre of storing foodgrains in Food Corporation of India’s godowns only for the consumption by rats and not by humans. She also said the Supreme Court of India has been insensitive to the tribal people as it said the tribal people migrating to the plains in search of jobs should not be treated as tribals. At the same time, however, NRIs are very much treated as Indian citizens when they return to the country.

Jitendra Chowdry inaugurated the conference while the TNTA vice president Chinnamuthu hoisted its flag.

The conference adopted several resolutions including one to demand early disbursement of the relief fund according to the court order for Vaachathi victims. It talked of continuing the struggle for the cause of the tribal people.

The conference elected P Shanmugam as president, S Palanisamy as general secretary and P Dillibabu, MLA, as treasurer, with a 45 member state committee.

*
S P Rajendran People's Democray 19 August 2012

Thursday, March 8, 2012

വാച്ചാത്തി പറയും; ഊരിനെ കാത്തത് ഈ കൊടി

പത്തൊമ്പത് വര്‍ഷം മുമ്പ് നടന്ന പേക്കൂത്തുകള്‍ വാച്ചാത്തിഗ്രാമം ഒരിക്കലും മറക്കില്ല. തമിഴ്നാട്ടിലെ ധര്‍മപുരി ജില്ലയിലെ ഈ ആദിവാസി ഗ്രാമത്തില്‍ നടമാടിയ ഭീകരതയെക്കുറിച്ചോര്‍ക്കുമ്പോള്‍ ഗ്രാമവാസികള്‍ ഇപ്പോഴും നടുങ്ങും. എന്നാല്‍ ഇരകള്‍ക്കൊപ്പം തോളോടു തോള്‍ ചേര്‍ന്ന് സിപിഐ എം നടത്തിയ സമരങ്ങളും നിയമപോരാട്ടങ്ങളുമാണ് വാച്ചാത്തിയുടെ മാനം കാത്തത്. ഈ ഗ്രാമത്തിനെന്നല്ല, തമിഴ്നാട്ടിലെ ആദിവാസികള്‍ക്കാകെ തന്റേടത്തോടെ നില്‍ക്കാന്‍ ഉശിരേകിയതും അവരിന്ന് നെഞ്ചോടു ചേര്‍ക്കുന്ന ചെങ്കൊടി. പുരുഷന്മാരെ മുഴുവന്‍ ആട്ടിപ്പായിച്ച് വാച്ചാത്തിയിലെ സ്ത്രീകളുടെ മാനം കവര്‍ന്ന, കുടിലുകള്‍ ചുട്ടെരിച്ച ഭീകരതക്കെതിരെ 19 വര്‍ഷമായി സിപിഐ എം നടത്തിയ ഇടപെടല്‍ പാഴായില്ല. നീതിലഭ്യമാക്കിയ പോരാട്ടത്തിന് സമാനതകളില്ല.

2011 സെപ്തംബര്‍ 29ന് വിചാരണക്കോടതി വിധി വന്നപ്പോള്‍ വനം-പൊലീസ്-റവന്യൂ ഉദ്യോഗസ്ഥരായ എല്ലാ പ്രതികള്‍ക്കും ശിക്ഷ. വിചാരണക്കിടെ മരിച്ചവര്‍ക്കെതിരെയും കോടതി പരാമര്‍ശം. ഒന്നാം പ്രതി ഡിഎഫ്ഒ ഹരികൃഷ്ണന് ജീവപര്യന്തം തടവ്, പ്രതികളില്‍ 17 പേര്‍ സ്ത്രീകളെ അപമാനിച്ചവര്‍ . ഇതില്‍ 12 പേര്‍ക്ക് 10 വര്‍ഷം വീതം തടവ്. അഞ്ച് പേര്‍ക്ക് 7 വര്‍ഷം വീതം തടവും 2000 രൂപ വീതം പിഴയും ബാക്കിയുള്ളവര്‍ക്ക് 2 വര്‍ഷം വീതം തടവും 1000 രൂപ വീതം പിഴയും.

ചിത്തേരി മലയുടെ താഴ്വരയില്‍ മലൈയാളി വിഭാഗത്തില്‍പ്പെട്ട ആദിവാസികള്‍ പാര്‍ക്കുന്ന വാച്ചാത്തിയിലേക്ക് ധര്‍മപുരിയിലെ ഹരൂരില്‍ നിന്നും 12 കിലോമീറ്റര്‍ . 1992 ജൂണ്‍ 20ന് വൈകിട്ടായിരുന്നു വാച്ചാത്തിയെ പിച്ചിച്ചീന്തിയെറിഞ്ഞത്. വനം-പൊലീസ്-റവന്യു വകുപ്പുകളിലെ 269 നരാധമന്‍മാര്‍ നിബിഡവനത്തിന്റെ നിശ്ശബ്ദത ഭഞ്ജിച്ച് ആയുധങ്ങളുമായി കോളനിയില്‍ . കണ്ണില്‍ കണ്ടവരെയെല്ലാം മര്‍ദിച്ചു. 154 വീടുകളും ചുട്ടെരിച്ചു. 18 സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടു. വൃദ്ധര്‍ക്കും ക്രൂരമര്‍ദനം. വളര്‍ത്തുമൃഗങ്ങളെ ചുട്ടുതിന്നു. നിരപരാധികളോടുള്ള പീഡനം രണ്ടുദിവസംകൂടി തുടര്‍ന്നു. കലിതീരാതെ 133 പേരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചു. രക്ഷപ്പെട്ടവര്‍ ദിവസങ്ങളോളം കാട്ടില്‍ . പിന്നീട് രഹസ്യമായി പുറത്തെത്തി സിപിഐ എം നേതാക്കളെ കണ്ടു. എം അണ്ണാമലൈ എംഎല്‍എ, ആദിവാസി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി ഷണ്‍മുഖം, എസ് ആര്‍ ഗണേശന്‍ , ബാഷാജാന്‍ , കൃഷ്ണമൂര്‍ത്തി, ചിത്തേരി പൊന്നുസ്വാമി, വിശ്വനാഥന്‍ എന്നിവര്‍ ഗ്രാമത്തിലെത്തി. മനുഷ്യാവകാശലംഘനം അവര്‍ ലോകത്തോട് വിളിച്ചുപറഞ്ഞു. സേലം സെന്‍ട്രല്‍ ജയിലില്‍ തടവിലുള്ളവരോട് സംസാരിച്ചു. അന്നത്തെ മുഖ്യമന്ത്രി ജയലളിതക്ക് പരാതി നല്‍കി. കാട്ടുകള്ളന്‍ വീരപ്പനെ സഹായിക്കുന്നവരെയും ചന്ദനമരം കടത്തിയവരെയുമാണ് അറസ്റ്റ്ചെയ്തതെന്നായിരുന്നു സര്‍ക്കാരിന്റെ ന്യായം.

അന്നത്തെ സിപിഐ എം സംസ്ഥാന സെക്രട്ടറിയും എംപിയുമായിരുന്ന എ നല്ലശിവം വാച്ചാത്തി സന്ദര്‍ശിച്ചതോടെ സ്ഥിതി മാറി. രണ്ടു പതിറ്റാണ്ടോളം നീണ്ട സമരത്തിന് അതോടെ തുടക്കം. തെളിവു നിരത്തി നല്ലശിവം സര്‍ക്കാരിനെ വെല്ലുവിളിച്ചു. മദ്രാസ് ഹൈക്കോടതിയെയും അദ്ദേഹം സമീപിച്ചു. വനം മന്ത്രിയായിരുന്ന കെ എ ചെങ്കോട്ടയ്യന്‍ നിയമസഭയില്‍ പറഞ്ഞു: "നല്ലശിവം പറഞ്ഞത് ശരിയല്ല; വയസനായ നല്ലശിവന് മലകയറി വാച്ചാത്തിയില്‍ എത്താന്‍ കഴിയില്ല". പക്ഷേ നല്ലശിവംപാര്‍ലമെന്റില്‍ വിഷയം അവതരിപ്പിച്ചതോടെ സംഭവം ദേശീയശ്രദ്ധയില്‍ . തുടര്‍ന്ന് ജനാധിപത്യമഹിളാ അസോസിയേഷന്‍ , ഡിവൈഎഫ്ഐ നേതാക്കളും വാച്ചാത്തി സന്ദര്‍ശിച്ചു. ആദിവാസികള്‍ക്കായുള്ള നിയമയുദ്ധത്തില്‍ കക്ഷിചേര്‍ന്നു. തടവില്‍ നിന്ന് മോചിതരായവര്‍ക്ക് പാത്രങ്ങള്‍ , അരി, പരിപ്പ്, ഭക്ഷണസാധനങ്ങള്‍ , തുണികള്‍ എന്നിവയെല്ലാം സിഐടിയു നല്‍കി. കേസ് നടത്താനുള്ള പണം ഹോസൂരിലെ അശോക് ലൈലാന്‍ഡ് തൊഴിലാളികള്‍ നല്‍കി.

പിന്നീടങ്ങോട്ട് നിയമപോരാട്ടം. കേസ് സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പി ഷണ്‍മുഖം നിരാഹാര സമരം നടത്തി. ഒപ്പം പല തലങ്ങളിലുമുള്ള പ്രക്ഷോഭവും. സിപിഐ എമ്മിനെ ഒറ്റപ്പെടുത്താനും ഇരകളെ പിന്തിരിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ തുടര്‍ന്നു. പ്രമാണിമാരായ പ്രതികള്‍ ജഡ്ജിമാരെപ്പോലും പരസ്യമായി ഭീഷണിപ്പെടുത്തി. തിരിച്ചറിയല്‍ പരേഡിനെത്തിയ ഇരകളെ കയ്യേറ്റം ചെയ്യാനും ശ്രമമുണ്ടായി. എന്നാല്‍ ഗ്രാമവാസികളുടെയും അവര്‍ക്ക് ധൈര്യംപകര്‍ന്ന സിപിഐ എമ്മിന്റെയും നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ എല്ലാം നിഷ്ഫലം. കേസിനൊടുവില്‍ ഇരകള്‍ക്ക് മൂന്നുകോടിയുടെ നഷ്ടപരിഹാരവും ലഭിച്ചു. വാച്ചാത്തി ഉള്‍പ്പെട്ട ഹരൂര്‍ നിയമസഭാ മണ്ഡലത്തില്‍ 1992മുതല്‍ സിപിഐ എം അനിഷേധ്യശക്തി. തമിഴ്നാട് ട്രൈബല്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ദില്ലിബാബുവാണ് ഹരൂരിലെ എംഎല്‍എ.

*
ഇ എന്‍ അജയകുമാര്‍ ദേശാഭിമാനി 08 മാര്‍ച്ച് 2012

Saturday, October 8, 2011

വാച്ചാത്തിയുടെ വേദന

തമിഴ്നാട്ടിലെ ധര്‍മപുരി ജില്ലയിലെ ആദിവാസികളുടെ കൊച്ചു ഗിരിവര്‍ഗ ഗ്രാമമായ വാച്ചാത്തി, അച്ചടിമാധ്യമങ്ങളുടെയും ഇലക്ട്രോണിക് മാധ്യമങ്ങളുടെയും പ്രമുഖ സ്ഥാനത്ത് ഇടം നേടിയത് പെട്ടെന്നാണ്. റിപ്പോര്‍ട്ടുകളുടെ പ്രളയം; സ്ഥലത്തുചെന്ന് നടത്തിയ റിപ്പോര്‍ട്ടുകള്‍ ; മുഖപ്രസംഗങ്ങള്‍പോലും ചില പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ഈ റിപ്പോര്‍ട്ടുകളെല്ലാം തന്നെ, ധര്‍മപുരി ജില്ലാ കോടതി സെപ്തംബര്‍ 29ന് നടത്തിയ ഒരു വിധിയെക്കുറിച്ചുള്ളതായിരുന്നു - തമിഴ്നാട് സംസ്ഥാനത്തിലെ വനം, റവന്യൂ, പോലീസ് വകുപ്പുകളിലെ 215 ഉദ്യോഗസ്ഥന്മാരെ വിവിധ കാലയളവുകളിലേക്ക് ശിക്ഷിച്ചുകൊണ്ടുള്ള വിധിയെക്കുറിച്ച്. ഇങ്ങനെ ശിക്ഷിക്കപ്പെട്ടവരില്‍ മൂന്ന് ഐഎഫ്എസ് ഉദ്യോഗസ്ഥന്മാരും ഉള്‍പ്പെടുന്നുണ്ട്. ഏതെങ്കിലും ക്രിമിനല്‍ കുറ്റങ്ങളെ സംബന്ധിച്ച ഒരു സാധാരണ കേസായിരുന്നില്ല അത്.

സംസ്ഥാനത്തിലെ നിയമപാലകരായ ഉദ്യോഗസ്ഥന്മാര്‍ ഈ ഗിരിവര്‍ഗ ഗ്രാമത്തിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുംനേരെ നടത്തിയ പൈശാചികവും ലജ്ജാകരവുമായ ആക്രമണത്തെ സംബന്ധിച്ച കേസായിരുന്നു അത്. സ്ത്രീകളെ ബലാല്‍സംഗം ചെയ്തു; പുരുഷന്മാരെ ആക്രമിച്ചു; കുട്ടികളെപ്പോലും വെറുതെ വിട്ടില്ല. വീട്ടുമൃഗങ്ങളെയും കോഴികളെയും പിടിച്ചുകൊണ്ടുപോയി. വീടുകള്‍ കൊള്ള ചെയ്തു; കൊള്ളിവെച്ചു. കുടിവെള്ളത്തിനുള്ള കിണറുകള്‍ മലിനമാക്കി. ചന്ദനമരം വെട്ടിവീഴ്ത്തുന്നതു കണ്ടുപിടിക്കുന്നതിനുള്ള സര്‍ച്ചിന്റെപേരിലാണ് ഇതെല്ലാം നടത്തപ്പെട്ടത്. തുടര്‍ച്ചയായി മൂന്നുദിവസമാണ് ആ ഗ്രാമത്തില്‍ ഈ ആക്രമണം നടന്നത് - 1992 ജൂണ്‍ 20, 21, 22 തീയതികളില്‍ . അവിടെ ഏതുതരത്തിലുള്ള അക്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് പുറംലോകത്തിന് അറിയാമായിരുന്നില്ല. ശരീരശേഷിയുള്ള പുരുഷന്മാരെയെല്ലാം അടിച്ചോടിച്ചു. സ്ത്രീകളെയും കുട്ടികളെയും പൈശാചികമായ ക്രൂരതയ്ക്കിരയാക്കി. അതിനൊക്കെശേഷം ഒരു കള്ളക്കേസ് കെട്ടിച്ചമച്ച് 233 പേരെ പിടിച്ച് ജയിലിലിട്ടു. 15 വൃദ്ധരും 28 കുട്ടികളും 90 സ്ത്രീകളും അതില്‍ ഉള്‍പ്പെടുന്നു.

19 കൊല്ലമെങ്കിലും കഴിഞ്ഞിട്ടാണ് വിധി വരുന്നത് എന്ന് എല്ലാ റിപ്പോര്‍ട്ടുകളും പറയുന്നുണ്ട്. എന്നാല്‍ വസ്തുതകള്‍ വെളിച്ചത്തുകൊണ്ടുവരുന്നതിനും കുറ്റവാളികളെ നിയമത്തിനുമുന്നില്‍ അണിനിരത്തുന്നതിനും ഭഗീരഥപ്രയത്നം തന്നെ വേണ്ടിവന്നു എന്ന് അവര്‍ കാണുന്നില്ല. പൈശാചിക സംഭവങ്ങളെല്ലാം നടന്ന് എത്രയോ ദിവസം കഴിഞ്ഞാണ് വാര്‍ത്തകള്‍ പുറംലോകം അറിയുന്നത്. അഖിലേന്ത്യാ കിസാന്‍ സഭയുടെ (എഐകെഎസ്) ഭാഗമായ തമിഴ്നാട് ട്രൈബല്‍ പീപ്പിള്‍സ് അസോസിയേഷന്‍ തഹസില്‍ദാരുടെ ഓഫീസിനുമുന്നില്‍ 1992 ജൂലൈ 13ന് പ്രതിഷേധ പ്രകടനം നടത്തിയപ്പോഴാണത്. സര്‍ക്കാരിന്റെഭീഷണികളെയും ഇടപെടലുകളെയും എതിര്‍പ്പിനെയും അവഗണനയേയും എല്ലാം നേരിട്ടുകൊണ്ട് ഇരുപതുകൊല്ലക്കാലത്തോളം നടത്തിയ ഐതിഹാസികമായ പോരാട്ടത്തിന്റെതുടക്കമായിരുന്നു അത്. 1992 ജൂലൈ 14ന് വാച്ചാത്തി ഗ്രാമത്തിലെത്തിയ ഒരു സംഘം സാമൂഹ്യപ്രവര്‍ത്തകര്‍ ജനങ്ങളോട് സംസാരിച്ചു; വിവരങ്ങള്‍ ശേഖരിച്ചു. അന്ന് സിപിഐ എമ്മിന്റെസംസ്ഥാന സെക്രട്ടറിയും രാജ്യസഭാംഗവുമായിരുന്ന എ നല്ലശിവന്റെ നേതൃത്വത്തില്‍ ഒരു സംഘം സിപിഐ എം നേതാക്കന്മാര്‍ ജൂലൈ 28ന് ഗ്രാമം സന്ദര്‍ശിച്ചു. കര്‍ഷകസംഘം നേതാക്കളായ കെ വരദരാജന്‍ , ജി വീരയ്യന്‍ തുടങ്ങിയവരും പാപ്പാ ഉമാനാഥും മൈഥിലീ ശിവരാമനും ആ സംഘത്തിലുണ്ടായിരുന്നു. വാച്ചാത്തിയിലെ ഹതഭാഗ്യരായ ആദിവാസികളുടെ മേല്‍ നടത്തപ്പെട്ട പൈശാചികമായ ആക്രമണത്തിന്റെവിശദാംശങ്ങള്‍ വെളിയില്‍ അറിയിച്ചത് ഈ നേതാക്കന്മാരാണ്. എന്നാല്‍ അതൊന്നും പ്രസിദ്ധീകരിക്കാന്‍ മാധ്യമങ്ങള്‍ ഒരു താല്‍പര്യവും കാണിച്ചില്ല.

അന്നത്തെ ജയലളിതാ മന്ത്രിസഭയിലെ കൃഷിവകുപ്പ് മന്ത്രിയായിരുന്ന ചെങ്കോട്ടിയന്‍ സിപിഐ എം നേതാക്കളെ പരിഹസിക്കുകയാണുണ്ടായത്. മലയുടെ മുകളിലുള്ള ഒരു ഗ്രാമമാണ് വാച്ചാത്തി, നല്ലശിവനെപോലെയുള്ള ഒരു വയസ്സന്‍ അവിടെ ചെന്നിട്ടേയുണ്ടാവില്ല എന്ന് മന്ത്രി പരിഹസിച്ചു. ബഹുമാനപ്പെട്ട പാര്‍ലമെന്‍റ് അംഗത്തോടുള്ള ബഹുമാനപ്പെട്ട മന്ത്രിയുടെ പ്രതികരണമാണത്! സിപിഐ എം ഒഴികെ മറ്റൊരു രാഷ്ട്രീയ പാര്‍ടിയും ഈ പ്രശ്നം ഗൗരവമായിട്ടെടുത്തില്ല. മദിരാശി ഹൈക്കോടതിയില്‍ എ നല്ലശിവന്‍ ഒരു പെറ്റീഷന്‍ സമര്‍പ്പിച്ചതിനുശേഷം മാത്രമാണ് ഇതിനെക്കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയത്. അതിനുമുമ്പ് ട്രൈബല്‍സ് അസോസിയേഷന്റെ ജനറല്‍ സെക്രട്ടറി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി കോടതി തള്ളുകയാണുണ്ടായത്. ദേശീയ പട്ടികജാതി - പട്ടികവര്‍ഗ കമ്മീഷന്റെ ദക്ഷിണമേഖലാ കമ്മീഷണറുടെ മുന്നില്‍ മൈഥിലി ശിവരാമന്‍ ഈ പ്രശ്നം കൊണ്ടുവന്നു. ഐഎഎസ്സുകാരിയായ കമ്മീഷണര്‍ പാമാത്തി ആഗസ്ത് 6, 7, 8 തീയതികളില്‍ ഗ്രാമം സന്ദര്‍ശിച്ച് വിശദവിവരങ്ങള്‍ സംഭരിച്ചു. ആഗസ്ത് 5ന് ഈ പ്രശ്നം പാര്‍ലമെന്‍റില്‍ ഉന്നയിക്കപ്പെട്ടു. സെപ്തംബര്‍ 3ന് സുപ്രീംകോടതിയില്‍ പെറ്റീഷന്‍ ഫയല്‍ ചെയ്യപ്പെട്ടു.

ട്രൈബല്‍ അസോസിയേഷന്റെജനറല്‍ സെക്രട്ടറി പി ഷണ്‍മുഖം സെപ്തംബര്‍ 4ന് അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു. ഇക്കാര്യത്തില്‍ കഴിയുന്ന വേഗത്തില്‍ വാദം കേള്‍ക്കണമെന്ന് സെപ്തംബര്‍ 8ന് സുപ്രീംകോടതി ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. ഹൈക്കോടതിയിലെ വാദം കേള്‍ക്കല്‍ നീണ്ടുപോയി. ഒടുവില്‍ ഐഎഎസ് ഓഫീസറായ പാമാത്തിയോട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സെപ്തംബര്‍ 11ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടു. സിബിഐ അന്വേഷണം നടത്തണം എന്ന് മദിരാശി ഹൈക്കോടതി 1995 ഫെബ്രുവരി 24ന് ഉത്തരവിട്ടു. ഈ ഘട്ടത്തില്‍പോലും സിബിഐ അന്വേഷണത്തിനെതിരായി സംസ്ഥാന ഗവണ്‍മെന്‍റ് അപ്പീല്‍ കൊടുക്കുകയാണുണ്ടായത്. അത് തള്ളപ്പെട്ടു. അതിനുശേഷമാണ് 1995ല്‍ 269 പ്രതികള്‍ അറസ്റ്റ് ചെയ്യപ്പെട്ടത്.

ബലാല്‍സംഗക്കുറ്റം ആരോപിക്കപ്പെട്ടവരെ തിരിച്ചറിയുന്നതിനുള്ള പരേഡ് നടത്താന്‍ സിബിഐ തീരുമാനിച്ചപ്പോള്‍ , പ്രതികള്‍ അതിനെ കോടതിയില്‍ ചോദ്യം ചെയ്തു. കോടതി അവരുടെ ആവശ്യം തള്ളിക്കളഞ്ഞു. 269 പ്രതികളില്‍ 155 പേര്‍ വനം വകുപ്പ് ഉദ്യോഗസ്ഥന്മാരും 108 പേര്‍ പോലീസ് ഉദ്യോഗസ്ഥന്മാരും 6 പേര്‍ റവന്യൂ ഉദ്യോഗസ്ഥന്മാരും ആയിരുന്നു. കേസ് നടത്തിപ്പിനെ തടയുന്നതിനുള്ള എല്ലാ തന്ത്രങ്ങളും അവര്‍ പയറ്റിനോക്കി. സിപിഐ എമ്മിന്റെയും മറ്റ് ബഹുജന സംഘടനകളുടെയും സഹായം ഉണ്ടായിരുന്നില്ലെങ്കില്‍ , അക്രമത്തിന്നിരയായവരില്‍ ആത്മവിശ്വാസം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കില്‍ , ഈ പ്രയത്നങ്ങളെല്ലാം തകരുകയും കുറ്റവാളികള്‍ വിജയിക്കുകയും ചെയ്യുമായിരുന്നു.

വിചാരണ ശരിയായ വിധത്തില്‍ നടക്കുന്നതിനുവേണ്ടി എത്രയോ പെറ്റീഷനുകള്‍ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടു; പ്രതിഷേധ പ്രകടനങ്ങളും റാലികളും നടത്തപ്പെട്ടു. മറ്റ് ജില്ലകളിലെ വിവിധ കോടതികളിലേയ്ക്കും ഈ കേസ് നീണ്ടു. ഒരു സ്പെഷ്യല്‍ പ്ലീഡറെ നിയമിക്കുന്നതിന് സുപ്രീംകോടതിയോട് അഭ്യര്‍ഥിച്ചു. 2002ല്‍ ഈ ആവശ്യം അംഗീകരിക്കപ്പെട്ടു. പട്ടികജാതി - പട്ടികവര്‍ഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമത്തിന്നനുസരിച്ച്, ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള പെറ്റീഷന്‍ 2002 നവംബറില്‍ ഫയല്‍ ചെയ്തു. സുപ്രീംകോടതി അതിന് നിര്‍ദ്ദേശിച്ചിട്ടുപോലും നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. നഷ്ടപരിഹാരം നല്‍കുന്നതിനെ സംബന്ധിച്ച് ഹൈക്കോടതിയില്‍നിന്ന് കര്‍ശനമായ മറ്റൊരു കല്‍പനയുണ്ടായതിനുശേഷമാണ് 124 ലക്ഷം രൂപ ഇരകള്‍ക്ക് നല്‍കിയത്.
നിരവധി കോടതികളില്‍നിന്ന് എത്രയോ ഇടപെടലുകള്‍ ഉണ്ടായതിനുശേഷമാണ് ഒടുവില്‍, 2008ല്‍ ധര്‍മപുരി ജില്ലാ കോടതിയില്‍ ശരിക്കുള്ള വിചാരണ ആരംഭിച്ചത്. എല്ലാ പ്രതികളെയും ശിക്ഷിച്ചുകൊണ്ടുള്ള വിധി ഒടുവില്‍ ഉണ്ടായിരിക്കുന്നു. ഈ കാലത്തിന്നിടയില്‍ 269 പ്രതികളില്‍ 54 പേര്‍ മരിച്ചുപോയിരുന്നു. ശിക്ഷിക്കപ്പെട്ട 215 പ്രതികളില്‍ 12 പേര്‍ 10 വര്‍ഷത്തെ കഠിനതടവ് അനുഭവിക്കണം; 17 പേര്‍ 7 വര്‍ഷത്തെ കഠിന തടവ് അനുഭവിക്കണം. മറ്റുള്ളവരെ വിവിധ കാലയളവുകളിലേക്കും ശിക്ഷിച്ചു. വിവിധ വകുപ്പുകളുടെ അടിസ്ഥാനത്തില്‍ വിവിധ കാലയളവുകളിലേയ്ക്കാണ് ഓരോരുത്തരും ശിക്ഷിയ്ക്കപ്പെട്ടിട്ടുള്ളതെങ്കിലും ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. തടവുശിക്ഷയ്ക്കുപുറമെ പ്രതികള്‍ 6.55 ലക്ഷം രൂപ പിഴ കൊടുക്കുകയും വേണം. ബലാല്‍സംഗത്തിന്നിരയായ 18 സ്ത്രീകള്‍ ഓരോരുത്തര്‍ക്കും ആശ്വാസമെന്ന നിലയില്‍ 15,000 രൂപ വീതം ലഭിക്കും. ഏറെ വൈകിയിട്ടാണ് വിധി വന്നതെങ്കിലും എല്ലാ പ്രതികളെയും ശിക്ഷിപ്പിക്കാന്‍ കഴിഞ്ഞുവെന്നത് ആശ്വാസം തന്നെയാണ്.

വിവിധ വിഭാഗങ്ങളിലുള്ളവര്‍ ഈ വിധിയെ സ്വാഗതം ചെയ്തിട്ടുണ്ട്. ആക്രമണം നടന്ന കാലത്ത് തമിഴ്നാട്ടില്‍ എഐഎഡിഎംകെ മന്ത്രിസഭയായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് ഡിഎംകെയും എഐഎഡിഎംകെയും മാറിമാറി അധികാരത്തിലെത്തി. എന്നാല്‍ അതിലൊരു സര്‍ക്കാരും ആക്രമണത്തിന് ഇരയായവരെ സഹായിക്കാന്‍ തയ്യാറായിരുന്നില്ല. പത്തൊമ്പത് കൊല്ലക്കാലത്തെ ഈ കൊടിയ ദുഃഖത്തിലെല്ലായ്പ്പോഴും, ആക്രമണത്തിന് ഇരയായവരോടൊപ്പം നിന്നത് സിപിഐ എമ്മും ട്രൈബല്‍ പീപ്പിള്‍സ് അസോസിയേഷനും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷനും ഡിവൈഎഫ്ഐയും തന്നെയാണ്. കേസ് നടത്തുന്നതിന് ആവശ്യമായ ഫണ്ട് സംഭരിക്കുന്നതിന് സിഐടിയു യൂണിയനുകള്‍ , പ്രത്യേകിച്ചും സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് യൂണിയന്‍, ഉദാരമായ സംഭാവന നല്‍കി. ആള്‍ ഇന്ത്യാ ലോയേഴ്സ് യൂണിയനിലെ അഭിഭാഷകര്‍ നല്‍കിയ പിന്തുണ പ്രത്യേകം എടുത്തു പറയേണ്ടതാണ്.

"വാച്ചാത്തി ആവര്‍ത്തിക്കുന്നത് പരിഷ്കൃത രാഷ്ട്രമായ ഇന്ത്യയ്ക്ക് അസഹ്യമാണെ"ന്ന് പറയാമെങ്കിലും, വിവിധ സ്ഥലങ്ങളില്‍ , വിവിധ രൂപങ്ങളില്‍ അത് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. അവയില്‍ വളരെ കുറച്ച് സംഭവങ്ങളേ പുറംലോകം അറിയുന്നുള്ളൂ. ഇത്തരം സാമൂഹ്യമായ അടിച്ചമര്‍ത്തലുകളും അതിക്രമങ്ങളും അവസാനിക്കുമെന്ന് ഉറപ്പുവരുത്താന്‍ എത്രയോ കാര്യങ്ങള്‍ ചെയ്യാനുണ്ട്. വാച്ചാത്തി സംഭവത്തിലെ ഇരകളെ സഹായിക്കുന്നതിനും പ്രതികളെ ശിക്ഷിപ്പിക്കുന്ന തരത്തില്‍ ഇരകളെ അണിനിരത്തി തിരിച്ചടിക്കുന്നതിനും സിപിഐ എമ്മും വിവിധ ബഹുജന സംഘടനകളും വഹിച്ച പങ്ക് ശ്ലാഘനീയമാണ്. ഈ മാസം (ഒക്ടോബര്‍) നടക്കാനിരിക്കുന്ന ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മല്‍സരിക്കുന്നത്, ബലാല്‍സംഗത്തിന്നിരയായ 18 സ്ത്രീകളില്‍ ഒരാളാണ് എന്നത് എടുത്തുപറയേണ്ടതാണ്.


*****


എ കെ പത്മനാഭന്‍, കടപ്പാട് :ചിന്ത വാരിക