Thursday, May 1, 2014

പോരാടാം ഒറ്റക്കെട്ടായി

രണ്ടു പതിറ്റാണ്ടിലേറെയായി നടപ്പാക്കിവരുന്ന നവലിബറല്‍ നയങ്ങള്‍, ജനങ്ങളില്‍ മഹാഭൂരിപക്ഷത്തെയും നിത്യദാരിദ്ര്യത്തിലേക്കും തൊഴിലില്ലായ്മയിലേക്കും വലിച്ചെറിഞ്ഞിരിക്കുന്നു. സര്‍ക്കാര്‍ കണക്കനുസരിച്ചുതന്നെ, 86 കോടി ജനതയുടെ പ്രതിദിന ശരാശരി വരുമാനം 20 രൂപയാണ്. കൊട്ടിഘോഷിച്ച, കണ്ണഞ്ചിപ്പിക്കുന്ന വളര്‍ച്ചയുണ്ടായിയെന്നത് നേരാണ്, പക്ഷേ, അത് സാധാരണ ജനങ്ങള്‍ക്കല്ല, കോര്‍പറേറ്റ് ഭീമന്മാര്‍ക്കാണ്. അവരുടെ എണ്ണം പെരുകി. ലോകസമ്പന്നന്മാരുമായി മത്സരിക്കാനും, അവരുടെ മുന്‍നിരയില്‍ അണിനിരക്കാനുമുള്ള വളര്‍ച്ച അവര്‍ക്കുണ്ടായി. ശാസ്ത്ര സാങ്കേതിക രംഗത്തുണ്ടാക്കുന്ന വികാസത്തെ ഉല്‍പ്പാദനരംഗത്ത് ഉപയോഗിച്ചുകൊണ്ടാണ് ആധുനിക മുതലാളിത്തം വികസിക്കുന്നത്. എന്നാല്‍, ആധുനിക സാങ്കേതികവിദ്യയും യന്ത്രങ്ങളുടെ വ്യാപക ഉപയോഗവും ഉല്‍പ്പാദനത്തില്‍ വര്‍ധനയുണ്ടാക്കുമെങ്കിലും തൊഴിലുള്ളവനെ തൊഴില്‍രഹിതനാക്കും. ഇത് ജനങ്ങളുടെ വാങ്ങല്‍ കഴിവു കുറയ്ക്കുകയും പുതിയ തൊഴില്‍ അന്വേഷകരുടെ മുമ്പില്‍ വാതില്‍ കൊട്ടിയടയ്ക്കുകയും ചെയ്യും. അങ്ങനെ തൊഴില്‍രഹിതരുടെ ഒരു വലിയ പടയെ സൃഷ്ടിക്കുന്നു. ചെലവു ചുരുക്കലിന്റെ പേരില്‍, ആളെ കുറയ്ക്കലും, കൂലിയും പെന്‍ഷനും സാമൂഹ്യക്ഷേമ പദ്ധതികളും വെട്ടിക്കുറയ്ക്കലും തുടരുന്നു. ഒഴിവുകളില്‍ നിയമനം നടത്തുന്നില്ല. സ്ഥിരം തൊഴിലുകളില്‍ താല്‍ക്കാലികക്കാരെയും കരാറുകാരെയും കുത്തിനിറയ്ക്കുന്നു, ഏറ്റവും വലിയ പൊതുമേഖല സ്ഥാപനങ്ങളായ റെയില്‍വേ, കമ്പിതപാല്‍, എല്‍ഐസി, ബാങ്കിങ് മേഖലകളില്‍ ലക്ഷക്കണക്കിനു ഒഴിവുകളുണ്ട്. പുതിയ നിയമനം നടത്താതെ നിലവിലുള്ള ജീവനക്കാരെക്കൊണ്ട് അമിതാധ്വാനംചെയ്യിക്കുകയാണ്. അതേസമയം, അഭ്യസ്തവിദ്യരായ 300 ലക്ഷംപേര്‍ വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ചെയ്തിട്ട് കാത്തിരിക്കുന്നു. ഏറ്റവും കൂടുതല്‍ അഭ്യസ്തവിദ്യരായ തൊഴില്‍രഹിതര്‍ കേരളത്തിലാണ്, 40 ലക്ഷം പേര്‍.

കണ്ടുപിടിത്തങ്ങളുടെ നേട്ടവും ശാസ്ത്രത്തിന്റെ വളര്‍ച്ചയും സമൂഹത്തിന്റെയാകെ വളര്‍ച്ചയ്ക്കല്ല വിനിയോഗിക്കുന്നത്. രാഷ്ട്രസമ്പത്ത് ഉപയോഗിച്ചു നടത്തുന്ന ഗവേഷണഫലങ്ങള്‍ മൂലധനശക്തികളുടെ വളര്‍ച്ചയ്ക്കായി പരിമിതപ്പെടുത്തുന്നു. ശാസ്ത്രത്തിന്റെ സിദ്ധികളില്‍നിന്ന് ജനങ്ങളെ അകറ്റി നിര്‍ത്തുക മാത്രമല്ല അവരുടെ ഉപജീവനം മുട്ടിക്കാനും ശാസ്ത്ര സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നു. 2009-10ലെ സാമ്പിള്‍ സര്‍വേ കണക്കുകള്‍പ്രകാരം തൊഴിലാളികളില്‍ 51 ശതമാനം പേര്‍ സ്വയം തൊഴിലെടുക്കുന്നവരാണ്. താല്‍ക്കാലികത്തൊഴിലാളികള്‍ 34.5 ശതമാനം പേരും, സ്ഥിരം ശമ്പളക്കാരായ തൊഴിലാളികള്‍ 15.6 ശതമാനവുമാണ്. ആകെ തൊഴിലാളികളില്‍ 84.5 ശതമാനവും സ്ഥിര വരുമാനമുള്ളവരല്ല. 15.8 ശതമാനം പേര്‍ മാത്രമാണ് സ്ഥിരവരുമാനമുള്ളവര്‍. ഇതില്‍ 85 ശതമാനം വരുന്ന അസംഘടിത- കാര്‍ഷിക- പരമ്പരാഗത മേഖലയുടെ ഇപ്പോഴത്തെ വളര്‍ച്ചനിരക്ക് പരിശോധിച്ചാല്‍, അവരുടെ പരിതാപകരമായ അവസ്ഥ കാണാന്‍ കഴിയും.

സംഘടിതമേഖലയിലെ തൊഴില്‍ അവസരങ്ങളും 1998ല്‍ 2.92 കോടിയായിരുന്നത് 2008ല്‍ 2.75 കോടിയായി കുറഞ്ഞു. തൊഴിലവസരങ്ങളുടെ ഈ താഴോട്ടുപോക്ക് ആഭ്യന്തരോല്‍പ്പാദനം (ജിഡിപി) 8 ശതമാനം വളര്‍ച്ച നേടിയ ഘട്ടത്തിലാണ്. സേവനമേഖലയുടെയും കാര്‍ഷികമേഖലയുടെയും വ്യവസായമേഖലയുടെയും വളര്‍ച്ചയുടെ ആകത്തുകയായ ആഭ്യന്തരോല്‍പ്പാദനം (ജിഡിപി) ഉയര്‍ന്നാല്‍- തൊഴില്‍ വളര്‍ച്ചനിരക്ക് ഉയരുമെന്നാണ് ഭരണാധികാരികള്‍ പറഞ്ഞിരുന്നത്. എന്നാല്‍, ഈ വളര്‍ച്ച തൊഴില്‍രഹിത വളര്‍ച്ച (jobless growth)യേക്കാള്‍ തൊഴില്‍ നഷ്ട വളര്‍ച്ചയായി മാറുകയാണുണ്ടായത്. ജിഡിപിയുടെ വളര്‍ച്ചകൊണ്ടു നേട്ടമുണ്ടായത് സാധാരണ ജനങ്ങള്‍ക്കല്ല, ധനിക വര്‍ഗത്തിനാണ്. മുകള്‍ത്തട്ടിലുള്ള 20 ശതമാനം പേര്‍ 1993-94ല്‍ ദേശീയ വരുമാനത്തിന്റെ 36.7 ശതമാനമാണ് കൈയടക്കിയിരുന്നതെങ്കില്‍ 2009-10ല്‍ 53.2 ശതമാനം ആയി അവരുടെ വിഹിതം വര്‍ധിച്ചു. അതേസമയം താഴെത്തട്ടിലുള്ള 60 ശതമാനം പേര്‍ക്ക് 1998-94ല്‍ ജിഡിപിയുടെ 38.6 ശതമാനം ലഭിച്ചിരുന്നത് 2009-10ല്‍ 27.9 ശതമാനം ആയിക്കുറഞ്ഞു. ദേശീയ വരുമാനത്തിന്റെയും സാമ്പത്തിക വളര്‍ച്ചയുടെയും ഗുണഭോക്താക്കള്‍ സമ്പന്നവര്‍ഗമാണെന്ന് ഇതില്‍നിന്ന് വ്യക്തം. 2011ല്‍ 7.9 ശതമാനം ആയിരുന്ന ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 2012-13ല്‍ 4.5 ശതമാനമായി കുറഞ്ഞു. സാമ്പത്തിക വളര്‍ച്ചയിലെ ഇടിവ് തൊഴിലില്ലായ്മ വീണ്ടും രൂക്ഷമാക്കും. സാങ്കേതിക വിദ്യയുടെ കൂടിവരുന്ന ഉപയോഗവും യന്ത്രവല്‍ക്കരണവും ഉള്ള തൊഴില്‍കൂടി ഇല്ലാതാക്കും. 2020 ആകുമ്പോഴേക്കും മൊത്തം ജനസംഖ്യയുടെ 64 ശതമാനവും തൊഴിലെടുക്കുന്നവരുടെ പ്രായത്തിലുള്ളവരാകുമെന്നാണ് കണക്ക്. എന്നാല്‍, സര്‍ക്കാര്‍ തുടരുന്ന നവലിബറല്‍ നയങ്ങളുടെ ഫലമായി തൊഴിലില്ലായ്മ അനുദിനം പെരുകുന്നു. ഇത് തൊഴില്‍ തേടിനടക്കുന്ന യുവജനങ്ങളുടെ ഭാവി ഇരുളടഞ്ഞതാക്കും.

രാജ്യത്തെ ഏറ്റവും വിലപ്പെട്ട സമ്പത്താണ് മാനവശേഷിയും ഊര്‍ജവും. അത് ഒരു ശേഷിയായി മാറണമെങ്കില്‍ അവര്‍ക്കാവശ്യമായ വിഭവങ്ങള്‍ വേണം. അത് സുലഭമായുള്ള രാജ്യമാണ് ഇന്ത്യ. എന്നാല്‍, അത് ഏതാനും പേരുടെ നിയന്ത്രണത്തിലാണിന്ന്. മാനവരാശിക്കാകെ അവകാശപ്പെട്ട വിലപ്പെട്ട വിഭവശേഷി സ്വായത്തമാക്കാനുള്ള തീവ്രമായ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുക തന്നെ വേണം. കേരളം നേരിടുന്ന ഏറ്റവും ഗൗരവമേറിയ പ്രശ്നം അഭ്യസ്തവിദ്യരായ യുവതീയുവാക്കളുടെ തൊഴിലില്ലായ്മയാണ്. 40 ലക്ഷം യുവതീ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനുള്ള ഒരു പദ്ധതി തയ്യാറാക്കാനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് താല്‍പര്യമില്ല.

ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായ വേതന വ്യവസ്ഥകളും ജീവിത സാഹചര്യങ്ങളും കൈവരിക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ തുടരുന്ന നവലിബറല്‍ നയങ്ങള്‍ വെള്ളം ചേര്‍ക്കാതെ അപ്പടി നടപ്പാക്കാന്‍ തിടുക്കം കൂട്ടുന്ന ഉമ്മന്‍ചാണ്ടിയുടെ നേതത്വത്തിലുള്ള സര്‍ക്കാരാണ് കേരളത്തിലുള്ളത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ വിലവര്‍ധന തടയുന്നതില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തായിരുന്നു. പൊതുവിതരണം ശക്തിപ്പെടുത്തിക്കൊണ്ടാണ് ആ നേട്ടം കൈവരിച്ചത്. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ ഈ വിഷുവിനുപോലും വിഷു ചന്ത സംഘടിപ്പിക്കാന്‍ തയ്യാറായില്ല. റമദാന്‍, ക്രിസ്മസ്, ഓണം നാളുകളില്‍ എല്‍ഡിഎഫ് ഭരണകാലത്ത് നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്കു സുലഭമായി ലഭിച്ചിരുന്ന കാലം, ഇന്ന് കേരളീയര്‍ക്ക് അന്യമാണ്. സാമൂഹ്യക്ഷേമ പദ്ധതികളില്‍പ്പെടുത്തി തൊഴിലാളികള്‍ക്കു ലഭിക്കേണ്ട പെന്‍ഷന്‍ 9 മാസമായി നല്‍കുന്നില്ല. പരമ്പരാഗത വ്യവസായ മേഖല തകര്‍ന്നു. രണ്ട് തൊഴിലാളികള്‍ ആത്മഹത്യചെയ്തു. നാലു ലക്ഷം തൊഴിലാളികള്‍ പണിയെടുത്തിരുന്ന സ്ഥാനത്ത് 10 ശതമാനത്തിനുപോലും പണിയില്ല. മത്സ്യം, കൈത്തറി, കശുവണ്ടി, ഈറ്റ പനമ്പ്, കള്ളുചെത്ത്, ബീഡി, ആര്‍ടിസാന്‍ മേഖലയിലും തൊഴിലില്ലായ്മ രൂക്ഷമാണ്. ബാറുകളില്‍ പണിയെടുത്തിരുന്ന നാല്‍പ്പതിനായിത്തോളം തൊഴിലാളികളുടെ കഞ്ഞികുടി മുട്ടിച്ചത് ഏതാനും ദിവസംമുമ്പാണ്. നിര്‍മാണമേഖലയുടെ സ്ഥിതി അതീവ ഗുരുതരമാണ്.

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ ഇല്ലാതാക്കിയ ആദ്യത്തെ കേരള മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടി മാറി. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷനും ശമ്പളവും എല്ലാ മാസവും ആദ്യത്തെ ആഴ്ച ലഭിച്ചിരുന്നത് മാസം പകുതി കഴിഞ്ഞിട്ടും ലഭിക്കാതായി. തൊഴിലുറപ്പു പദ്ധതിയില്‍ പണിയെടുക്കുന്ന 12 ലക്ഷത്തിലധികം വരുന്ന തൊഴിലാളിക്ക് കൂലി കൊടുക്കാനില്ല. റോഡും പള്ളിക്കൂടവും പാലവും പണിതീര്‍ത്ത കോണ്‍ട്രാക്ടര്‍ക്കും 2300 കോടിയോളം രൂപ നല്‍കാത്ത സര്‍ക്കാര്‍, വര്‍ഷാരംഭത്തിന്റെ ആദ്യ ആഴ്ചയില്‍ തന്നെ 2000 കോടി കടം വാങ്ങിയ സര്‍ക്കാര്‍- സ്ത്രീകളുടെ മാനത്തിനും ജീവനും വിലയില്ലാതാക്കിയ സര്‍ക്കാര്‍- മൂന്നു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം കോടി രൂപാ കടം വാങ്ങിയിട്ടും പോരാഞ്ഞിട്ട് തൊഴിലാളികളുടെ ക്ഷേമനിധികളില്‍ കിടക്കുന്ന തുകപോലും എടുക്കുന്ന സര്‍ക്കാര്‍- ഇത്തരം ഒരു സര്‍ക്കാര്‍ ആര്‍ക്കുവേണ്ടിയാണ്? ജനങ്ങള്‍ക്കു വേണ്ടിയുള്ളതല്ല ഈ സര്‍ക്കാര്‍. മറിച്ച് മാഫിയ സംഘങ്ങള്‍ക്കും തട്ടിപ്പുകാര്‍ക്കും ക്രിമിനലുകള്‍ക്കും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാര്‍ക്കുമുള്ളതാണ്. സര്‍ക്കാരിന്റെ ഈ നിലപാടുകള്‍ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തണം. ചോരയും നീരും നല്‍കി നേടിയ നേട്ടങ്ങളെ തിരിച്ചുപിടിക്കാനും, ഉപജീവനത്തിനുള്ള തൊഴിലവസരങ്ങള്‍ നിഷേധിക്കാനും സര്‍ക്കാരും സ്വകാര്യതാല്‍പ്പര്യങ്ങളും നടത്തുന്ന എല്ലാ കുത്സിത നീക്കങ്ങളെയും സര്‍വ ശക്തിയുമുപയോഗിച്ച് എതിര്‍ത്തു പരാജയപ്പെടുത്തുമെന്ന് മെയ്ദിനത്തില്‍ നമുക്കു പ്രതിജ്ഞയെടുക്കാം. എല്ലാപേര്‍ക്കും മാന്യവും അന്തസ്സുള്ളതുമായ തൊഴില്‍ ലഭിക്കുന്നതിനുള്ള വീറുറ്റ ഈ പോരാട്ടത്തില്‍ നമുക്ക് ഒറ്റക്കെട്ടായി അണിചേരാം.

*
ആനത്തലവട്ടം ആനന്ദന്‍ (സിഐടിയു സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)

No comments: