Showing posts with label ലോട്ടറി. Show all posts
Showing posts with label ലോട്ടറി. Show all posts

Wednesday, April 6, 2011

ലോട്ടറി : കേരള നിലപാടിന് അംഗീകാരം

അന്യസംസ്ഥാന ലോട്ടറി പ്രശ്നത്തില്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ പൂര്‍ണമായി അംഗീകരിക്കുന്നതും യുഡിഎഫ് ഉയര്‍ത്തിയ ആരോപണങ്ങളുടെ ചിറകൊടിക്കുന്നതുമാണ് ചൊവ്വാഴ്ച ഹൈക്കോടതിയിലുണ്ടായ നടപടികള്‍. കേന്ദ്ര സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യം കോടതിയില്‍ പേര്‍ത്തും പേര്‍ത്തും ആവശ്യപ്പെട്ടത് കേസില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരത്തെ കക്ഷിയാക്കരുത് എന്നാണ്. ചിദംബരം അഭിഭാഷകന്റെ ജോലി മാത്രമേ ചെയ്തിട്ടുള്ളൂവെന്നും അതിനുശേഷം അദ്ദേഹത്തിന് ലോട്ടറിക്കാരുമായി ഒരു ബന്ധവുമില്ലെന്നും അഡി. സോളിസിറ്റര്‍ ജനറലിന് വിശദീകരിക്കേണ്ടിവന്നു. കേസില്‍ വിധി പറയാനിരിക്കുന്നതേയുള്ളൂ. അതിനുമുമ്പുതന്നെ കേന്ദ്ര സര്‍ക്കാര്‍കുറ്റം തങ്ങളുടേതാണെന്ന് ഏറ്റുപറയുന്നതിന് തുല്യമായിരുന്നു ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ വാദം. എല്‍ഡിഎഫിനുനേരെ ഉയര്‍ത്തിക്കൊണ്ടുവന്ന് ഫലംകൊയ്യാമെന്നു കരുതിയ ലോട്ടറി പ്രശ്നം യുഡിഎഫിനുമേല്‍ അശനിപാതംപോലെ പതിക്കുകയാണ്.

1998ല്‍ പാസാക്കിയ കേന്ദ്ര ലോട്ടറി നിയമത്തിലെ എല്ലാ വ്യവസ്ഥകളും പാലിച്ച് ഇവിടെ സര്‍ക്കാര്‍ കേരള ലോട്ടറി നടത്തുമ്പോള്‍, അന്യസംസ്ഥാന-അന്യരാജ്യ ലോട്ടറികള്‍ നിയമത്തിലെ വ്യവസ്ഥകള്‍ നഗ്നമായി ലംഘിക്കുന്നു. അവയെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാരിനു മാത്രമാണ് അധികാരം. ഇക്കാര്യം കോടതികള്‍ ആവര്‍ത്തിച്ച് വിധിച്ചിട്ടുളളതാണ്. ഈ അധികാരം ഉപയോഗിച്ച് ലോട്ടറിക്കൊള്ളക്കാരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നുംഅവരുടെ കൊള്ളയടിയില്‍നിന്ന് കേരളത്തിലെ ജനങ്ങളെ രക്ഷിക്കണമെന്നുമാണ് എല്‍ഡിഎഫ് ആവശ്യപ്പെടുന്നത്. പക്ഷേ അതിന് കേന്ദ്രം തയ്യാറല്ല. അധികാരം സംസ്ഥാനത്തിന് നല്‍കാനും തയ്യാറല്ല. സ്വന്തം ലോട്ടറി നിരോധിച്ചാലേ അന്യരാജ്യ-അന്യസംസ്ഥാന ലോട്ടറികളെ കേരളത്തിന് നിരോധിക്കാനാവൂ. ഇതാണ് പ്രതിപക്ഷം ലോട്ടറിയുടെ പേരില്‍ തുടര്‍ച്ചയായി കള്ളപ്രചാരണം നടത്തുമ്പോള്‍ എല്‍ഡിഎഫ് വിശദീകരിച്ച യാഥാര്‍ഥ്യങ്ങള്‍. അവയ്ക്കെല്ലാം സാധൂകരണം നല്‍കാന്‍ ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ തയ്യാറായിരിക്കുന്നു എന്നാണ് അഡി. സോളിസിറ്റര്‍ ജനറലിന്റെ വാക്കുകളില്‍ വായിച്ചെടുക്കാനാവുക.

ഇത് കേന്ദ്രം പെട്ടെന്ന് നന്നാകാന്‍ തീരുമാനിച്ചതുകൊണ്ടുള്ള ചുവടുമാറ്റമായി ആര്‍ക്കും കരുതാനാകില്ല. പി ചിദംബരം നയിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ ലോട്ടറി മാഫിയക്ക് അളവറ്റ സ്വാധീനമാണുള്ളത്. കേന്ദ്രസര്‍ക്കാരിന് സംസ്ഥാന സര്‍ക്കാര്‍ അയക്കുന്ന കത്തുകളും നിവേദനങ്ങളും റിപ്പോര്‍ട്ടുകളും മറുപടിപോലും അയക്കാതെ അവഗണിക്കുകയാണ് ചിദംബരം. എല്ലാ ഘട്ടത്തിലും കോടതിയില്‍ ലോട്ടറി മാഫിയക്കനുകൂലമായ നിലപാടാണ് കേന്ദ്ര സര്‍ക്കാരും കോണ്‍ഗ്രസ് നേതൃത്വവും എടുത്തത്.

കേരളത്തിലെ വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലോട്ടറികളെ നിയന്ത്രിക്കാന്‍ നടപടിയെടുക്കുന്നതിന്റെ ഭാഗമായി സംസ്ഥാന മുഖ്യമന്ത്രിമാര്‍ മൂന്നുതവണ കത്തെഴുതിയിട്ടും നിസ്സംഗത പാലിച്ച കേന്ദ്രസര്‍ക്കാരിനെ സിംഗിള്‍ ബെഞ്ചിന്റെ വിധിന്യായത്തില്‍ രൂക്ഷമായി വിമര്‍ശിച്ചതാണ്. നാലുമാസത്തിനകം ലോട്ടറി സംബന്ധിച്ച കേരളത്തിന്റെ പരാതികളില്‍ തീര്‍പ്പു കല്‍പ്പിക്കണമെന്ന സുപ്രധാന നിര്‍ദേശവും അന്ന് കോടതി കേന്ദ്രസര്‍ക്കാരിനു നല്‍കി. എന്നാല്‍, ആ വിധി അട്ടിമറിക്കാന്‍ ലോട്ടറി മാഫിയക്കൊപ്പം കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ ചേരുന്ന കാഴ്ചയാണ് പിന്നീടു കണ്ടത്. ലോട്ടറി മാഫിയക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയ സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കണമെന്ന് കേന്ദ്ര അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വി ടി ഗോപാലന്‍ വാദിച്ചു. കേന്ദ്രസര്‍ക്കാരും ലോട്ടറി മാഫിയയും കൈകോര്‍ത്ത്, സംസ്ഥാന സര്‍ക്കാര്‍ നടപടികളെ അട്ടിമറിക്കുകയാണുണ്ടായത്. സിംഗിള്‍ ബെഞ്ചിന്റെ വിധി കേന്ദ്രസര്‍ക്കാരിന്റെ നിഷ്ക്രിയത്വത്തിനെതിരെയുളള കനത്ത പ്രഹരമായിരുന്നു. ലോട്ടറി മാഫിയക്കെതിരെ എന്തെങ്കിലും ചെയ്യേണ്ടിവരുമെന്ന് ബോധ്യപ്പെട്ടപ്പോള്‍ വിധി തന്നെ റദ്ദാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തയ്യാറായത്.

ഇരുപതിനായിരം കോടി രൂപയുടെ ആസ്തിയുള്ള ലോട്ടറി രാജാവ് മണികുമാര്‍ സുബ്ബയും ലോട്ടറി മാഫിയാ തലവന്‍ സാന്‍ഡിയാഗോ മാര്‍ട്ടിനും അടക്കമുള്ളവര്‍ക്കുവേണ്ടിയാണ് കോണ്‍ഗ്രസ് നിലകൊള്ളുന്നത്. സുബ്ബ പ്രമുഖ കോണ്‍ഗ്രസ് നേതാവാണെങ്കില്‍ മാര്‍ട്ടിന്റെ ചൊല്‍പ്പടിക്കു നില്‍ക്കുന്നവരില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരവും കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്വിയുമടക്കമുള്ള ഉന്നതരുണ്ട്. എസ്എല്‍ ഗ്രൂപ്പിന്റെ പ്ളേ വിന്‍, എസ് ആര്‍ ഗ്രൂപ്പിന്റെ ഫോര്‍ച്യൂ ൺ ലോട്ടറി, ഐപിഎല്‍ വിവാദനായകന്‍ ലളിത് മോഡിയുടെ മോഡി ഗ്രൂപ്പ്, വേണുഗോപാല്‍ ദൂതിന്റെ വീഡിയോകോൺ, പി കെ മിത്തലിന്റെ ഇസ്പാറ്റ് ഗ്രൂപ്പ് തുടങ്ങിയവയെല്ലാം ലോട്ടറിയിലൂടെ കൊള്ളനടത്താന്‍ കോണ്‍ഗ്രസിന്റെ ഒത്താശയോടെ രംഗത്തിറങ്ങിയ കമ്പനികളാണ്. ഇവര്‍ക്കുവേണ്ടിയാണ് ലോട്ടറി നിയമത്തിലെ പഴുതുകള്‍ അടയ്ക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തയ്യാറാകാത്തത്.

കേരളത്തില്‍ ലോട്ടറി മാഫിയ തഴച്ചുവളരുന്നതിന് പശ്ചാത്തലമൊരുക്കിയത് യുഡിഎഫ് ഭരിച്ചപ്പോഴാണ്. അത് മറച്ചുവച്ച് മാധ്യമസഹായത്തോടെ വിവാദം സൃഷ്ടിച്ച് എല്‍ഡിഎഫ് സര്‍ക്കാരിനെ കരിതേക്കാമെന്നാണ് യുഡിഎഫ് കരുതിയത്. പക്ഷേ, പുറത്തുവന്നത് ലോട്ടറി മാഫിയക്ക് പാദസേവ ചെയ്യുന്ന യുഡിഎഫിന്റെ തനിനിറമാണ്. കോണ്‍ഗ്രസിന്റെ ദേശീയവക്താവ് സിങ്വി വന്ന് ലോട്ടറി മാഫിയക്ക് അനുകൂലമായി ഡിവിഷന്‍ ബെഞ്ചില്‍നിന്ന് വിധി വാങ്ങിക്കൊടുത്തിട്ടും ലജ്ജയില്ലാതെ അപവാദം തുടര്‍ന്ന യുഡിഎഫ്, ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ കേരളം സ്വീകരിച്ച നടപടികളെ കോടതിയില്‍ അംഗീകരിക്കുമ്പോള്‍ എന്ത് പറയും എന്നത് കൌതുകകരമാണ്. കോടതിയുടെ അന്തിമ വിധി വരുന്നതിനുമുമ്പുതന്നെ യുഡിഎഫിന്റെ കേസ് കേന്ദ്രം പൊളിച്ചിരിക്കുന്നു; അല്ലെങ്കില്‍ പൊളിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടിരിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ നിയമപരവും നീതിയുക്തവുമായ നടപടികള്‍ മാത്രമാണ് എടുത്തതെന്നിരിക്കെ കേന്ദ്രത്തിനുമുന്നില്‍ മറ്റൊരു വഴിയില്ല. യുഡിഎഫിനും വേറെ വഴികളില്ല; സ്വന്തം കുറ്റങ്ങള്‍ ജനങ്ങളോട് ഏറ്റുപറയുകയല്ലാതെ.


*****


ദേശാഭിമാനി മുഖപ്രസംഗം 06042011

Tuesday, April 5, 2011

കോൺ‌ഗ്രസ് നേതാക്കള്‍ ലോട്ടറി മാഫിയയുടെ പണം പറ്റുന്നു

അന്യസംസ്ഥാന-അന്യരാജ്യ ലോട്ടറി ചൂതാട്ടത്തില്‍നിന്നും അവരുടെ കൊടിയ ചൂഷണത്തില്‍നിന്നും കേരളജനത മോചിതരായിരിക്കുന്നു. മാര്‍ട്ടിന്റെയും കൂട്ടരുടെയും ലോട്ടറിക്കച്ചവടം കേരളത്തില്‍ അവസാനിപ്പിച്ചതോടെയാണ് രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കും അസ്വസ്ഥത തുടങ്ങിയത്.

കേരളത്തില്‍ 2001-06ല്‍ അധികാരത്തിലിരുന്ന എ കെ ആന്റണി, ഉമ്മന്‍ചാണ്ടി ഭരണമാണ് ദിനംപ്രതി 40 കോടിയിലേറെ രൂപ കൊള്ളയടിക്കാന്‍ സിക്കിം, ഭൂട്ടാന്‍ ലോട്ടറികള്‍ക്ക് ഒത്താശചെയ്തത്. ഓരോ ദിവസവും ഇത്രയും പണം കടത്തിയ മാഫിയകള്‍ക്ക് ഇത്രയുംകാലം ഇവര്‍ ചെയ്തുവന്ന സഹായങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ജനങ്ങളെ ചൂഷണംചെയ്ത് കടത്തിയ കോടികള്‍ എന്തെല്ലാം ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു എന്നതു സംബന്ധിച്ച് സംശയങ്ങളുണ്ട്. അതുകൊണ്ടാണ് വിദേശബന്ധമുള്ള തീവ്രവാദികളെ സഹായിക്കാനും കള്ളപ്പണം വെളുപ്പിക്കാനുമെല്ലാം ഈ പണം വിനിയോഗിച്ചോ എന്ന് അന്വേഷിക്കണമെന്ന് ഞാനാവശ്യപ്പെട്ടത്.

ഇങ്ങനെ കള്ളപ്പണം ഒഴുകുന്നുണ്ടെങ്കില്‍ കേന്ദ്രധനമന്ത്രിയും കേന്ദ്രആഭ്യന്തരമന്ത്രിയും ഉള്‍പ്പെടെ കോൺ‌ഗ്രസ് നേതാക്കളുടെ ഒത്താശ കൂടിയേ തീരൂ. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും അറിയാതെയല്ല ഇതെന്നും വ്യക്തം. കേരളത്തിലെ തെരഞ്ഞെടുപ്പു ചെലവുമായി മാര്‍ട്ടിന്റെ പണത്തിന് ബന്ധമുണ്ടെന്ന് ഒരു സുപ്രഭാത്തില്‍ പറഞ്ഞത് രമേശ് ചെന്നിത്തലയാണല്ലോ. തെരഞ്ഞെടുപ്പിനായി കോൺ‌ഗ്രസ് കേരളത്തിലേക്കൊഴുക്കുന്ന തുകയുടെ സ്രോതസ്സിലേക്കാണ് ചെന്നിത്തല സൂചന നല്‍കിയത്.

ചെന്നിത്തലയോടൊപ്പമാണ് മനു അഭിഷേക് സിങ്വി കേരളത്തില്‍ വന്ന് മാര്‍ട്ടിനുവേണ്ടി വാദിച്ചത് എന്ന കാര്യം അദ്ദേഹം നിഷേധിക്കുമോ? അതേ സിങ്വിതന്നെയല്ലേ ഇന്നും കോൺ‌ഗ്രസിന്റെ വക്താവ്? അന്ന് സിങ്വിചെയ്തത് ശരിയായില്ലെന്ന് കേരളത്തിലെ കോൺ‌ഗ്രസുകാര്‍ പറഞ്ഞുനടന്നത് അവര്‍തന്നെ വിഴുങ്ങിയിരിക്കുകയാണ്.

യുഡിഎഫ് നേതൃത്വം ലോട്ടറിമാഫിയയില്‍നിന്ന് പണം പറ്റുന്നുണ്ട് എന്നതില്‍ തര്‍ക്കമില്ല. ഉമ്മന്‍ചാണ്ടി ഭരിക്കുമ്പോഴാണ് ലോട്ടറിമാഫിയക്കെതിരെ കേസെടുക്കില്ലെന്നും എടുത്ത കേസുകള്‍ പിന്‍വലിക്കുമെന്നും സുപ്രീംകോടതിയില്‍ എഴുതിക്കൊടുത്തത്. ഉമ്മന്‍ചാണ്ടിയുടെ ആ നിലപാടാണ് നിര്‍ബാധം ലോട്ടറിമാഫിയകള്‍ക്ക് നിയമം ലംഘിക്കാന്‍ അവസരമുണ്ടാക്കിയത്. സിബിഐ അന്വേഷണത്തെ ചിദംബരവും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഭയക്കുന്നുണ്ട്.
2003 ഡിസംബര്‍ 19ന് മാര്‍ട്ടിന്‍ പ്രൊമോട്ടറായ സിക്കിം, മേഘാലയ ലോട്ടറികളുടെ കേസില്‍ മാര്‍ട്ടിനുവേണ്ടി ഹാജരാവുകയും അന്നുതന്നെ മാര്‍ട്ടിനനുകൂലമായ ഇടക്കാലവിധി വാങ്ങിക്കൊടുക്കുകയും ചെയ്തത് ഇന്നത്തെ ആഭ്യന്തരമന്ത്രി ചിദംബരമാണ്. ഇത് കോൺ‌ഗ്രസ് നിഷേധിച്ചാല്‍ തെളിവ് ഹാജരാക്കാന്‍ തയ്യാറാണ്. ആയിരക്കണക്കിനു കോടി രൂപ ഖജനാവിനു നഷ്ടമുണ്ടാക്കിയ നികുതി കുടിശ്ശിക കേസില്‍ 2006 നവംബറില്‍ വാദിക്കാന്‍ വന്നത് ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരമാണ്. മാര്‍ട്ടിന്റെ ഉപ്പും ചോറുംതിന്ന് ആഭ്യന്തരമന്ത്രിക്കസേരയിലിരിക്കുന്ന ചിദംബരംതന്നെയാണ് ഇപ്പോഴും ലോട്ടറിമാഫിയക്കുപിന്നിലെ അദൃശ്യശക്തി.

കള്ളപ്പണം വെളുപ്പിക്കാനും ഭീകരവാദികളെ സഹായിക്കാനുമായി ഇവിടെനിന്നു കടത്തുന്ന പണം വിനിയോഗിക്കപ്പെടുന്നുണ്ടോ എന്ന അന്വേഷണം തീര്‍ച്ചയായും പല കോൺ‌ഗ്രസ് നേതാക്കളെയും അഴിയെണ്ണിക്കുമെന്നുറപ്പ്. അതില്‍ ചിദംബരവും കണ്ടേക്കാം, ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കണ്ടേക്കാം. അതിനാലാണ് ലോട്ടറി നിരോധിക്കാനാവശ്യപ്പെടുമ്പോള്‍ സിബിഐ അന്വേഷണത്തിനു തടസ്സവാദങ്ങളുന്നയിച്ച് കാലം കഴിക്കുന്നത്.

പച്ചക്കള്ളമാണ് ഇതുസംബന്ധിച്ച് എല്ലാ കോൺ‌ഗ്രസുകാരും പറഞ്ഞതും പറയുന്നതും എന്ന് രേഖകള്‍ സഹിതം ഞാന്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കുകയുണ്ടായി. എന്റെ കത്ത് കിട്ടിയിട്ടേ ഇല്ലെന്ന് ചിദംബരം പത്രക്കാരോട് പറഞ്ഞത് 2011 ജനുവരി നാലിനാണ്. എന്നാല്‍, കത്തുകിട്ടി എന്നറിയിച്ചുകൊണ്ട് 2010 ഡിസംബര്‍ 29ന് എനിക്കയച്ച മറുപടി ഞാന്‍ ആ പത്രസമ്മേളനത്തില്‍ വിതരണംചെയ്തപ്പോള്‍ പ്രധാനമന്ത്രിക്ക് കത്ത് കിട്ടിയില്ല എന്ന വാദവുമായി കേരളത്തിലെ കോൺ‌ഗ്രസുകാര്‍ രംഗത്തെത്തി. പ്രധാനമന്ത്രിക്ക് കത്തയച്ചതിന്റെ തെളിവും ഞാന്‍ നല്‍കി. തനിക്കല്ല സിബിഐ അന്വേഷണത്തിന് അധികാരം, അത് പ്രധാനമന്ത്രിയുടെ വകുപ്പാണ് എന്ന മുട്ടുന്യായമാണ് ചിദംബരം പറഞ്ഞത്. ചെന്നിത്തല അതേറ്റുപിടിച്ചു.

ഇതിനിടെ മുഖ്യമന്ത്രിയുടെ കത്തു കിട്ടിയിട്ടുണ്ട്, ഉടന്‍ സിബിഐ അന്വേഷണം ആരംഭിക്കുമെന്ന് സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പത്രക്കാരോട് പറഞ്ഞു. അതിനുശേഷമാണ് പ്രധാനമന്ത്രിയുടെ കത്ത് കിട്ടുന്നത്. സിബിഐ അന്വേഷണാവശ്യം ചിദംബരത്തിന് കൈമാറിയിട്ടുണ്ടെന്നു മാത്രമാണ് പ്രധാനമന്ത്രിക്കു പറയാനുണ്ടായിരുന്നത്. ചിദംബരം പറയുന്നു, പ്രധാനമന്ത്രിക്ക് കൊടുക്കണമെന്ന്. പ്രധാനമന്ത്രി പറയുന്നു, ചിദംബരത്തിന് കൊടുത്തിട്ടുണ്ടെന്ന്. കോഴിയാണോ കോഴിമുട്ടയാണോ ആദ്യമുണ്ടായത് എന്നാണ് തര്‍ക്കം.

പ്രഥമവിവര റിപ്പോര്‍ട്ടും നോട്ടിഫിക്കേഷനുമില്ലാത്തതാണ് സിബിഐ അന്വേഷണത്തിന് തടസ്സമെന്നായി അടുത്ത വാദം. അഞ്ഞൂറിലേറെ പ്രഥമവിവര റിപ്പോര്‍ട്ടുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ടെന്നും, അല്ലെങ്കില്‍ത്തന്നെ പ്രഥമവിവര റിപ്പോര്‍ട്ടും നോട്ടിഫിക്കേഷനും ആവശ്യപ്പെടാന്‍ കേന്ദ്രത്തിന് അധികാരമില്ലെന്ന് സുപ്രീംകോടതിയുടെ ഡിവിഷന്‍ ബെഞ്ച് 2008ല്‍ വിധിച്ച കാര്യവും കാണിച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ചു. എന്നാല്‍, രാജ്യാന്തര ബന്ധമുള്ള കള്ളപ്പണ ഇടപാടിനെക്കുറിച്ചുള്ള അന്വേഷണം കോൺ‌ഗ്രസ് നേതാക്കളുടെ ഉറക്കം കെടുത്തുന്നു. അവരുടെ വക്കാലത്ത് ഏറ്റെടുത്ത ചിദംബരവും സിങ്വിയും സുബ്ബയും മാത്രമല്ല, സംസ്ഥാനത്തെ കോൺ‌ഗ്രസ് നേതാക്കളും ആ അന്വേഷണത്തില്‍ കുരുങ്ങും.
2003 ഡിസംബറില്‍ താജ് മലബാറില്‍ കോൺ‌ഗ്രസ് നേതാക്കളും ലോട്ടറിമാഫിയയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയും മറ്റു പണമിടപാടുകളും അന്നുതന്നെ മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നതാണ്. കെപിസിസി രസീത് സൂക്ഷിക്കുന്നുണ്ടെങ്കില്‍ ആ കാലയളവിലെ രസീതുബുക്ക് പരിശോധിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും. ഇനിയും നാട്ടുകാരെ പറഞ്ഞുപറ്റിക്കാന്‍തന്നെയാണ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ശ്രമിക്കുന്നത്. വിരലിന്റെ മറവില്‍ ഉരല്‍ വിഴുങ്ങാമെന്നാണ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ധരിച്ചിരിക്കുന്നത്.


*****


വി എസ് അച്യുതാനന്ദന്‍, കടപ്പാട് :ദേശാഭിമാനി

Thursday, March 10, 2011

കേന്ദ്രത്തിന്റെ ലോട്ടറിത്തട്ടിപ്പ്

ലോട്ടറിപ്രശ്‌നത്തില്‍ സിബിഐ അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാരിന് എന്തുകൊണ്ടാണ് വൈമുഖ്യം എന്ന കേരള ഹൈക്കോടതിയുടെ ചോദ്യം കേന്ദ്രവും കോൺ‌ഗ്രസും ഇക്കാര്യത്തില്‍ നടത്തുന്ന കള്ളക്കളിയുടെ നിറുക പൊളിക്കുന്നുണ്ട്. ലോട്ടറിക്കാര്യത്തില്‍ ഇടതുപക്ഷത്തിനും സംസ്ഥാനസര്‍ക്കാരിനും ഗൂഢതാല്‍പ്പര്യങ്ങളുണ്ടെന്ന് കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ തുടര്‍ച്ചയായ ശ്രമം നടത്തുന്ന അതേ ശക്തികള്‍തന്നെയാണ്, ലോട്ടറി സംബന്ധിച്ച ഗൌരവതരമായ അന്വേഷണമൊന്നുമുണ്ടാവരുത് എന്ന കാര്യത്തില്‍ കടുത്ത ശാഠ്യം പുലര്‍ത്തുന്നത്. എന്തിനാണ് ഈ ഇരട്ടത്താപ്പ് എന്ന ചോദ്യം കോൺ‌ഗ്രസിനോടും അതിന്റെ നേതാക്കളോടും ചോദിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നുണ്ട് ഹൈക്കോടതിയുടെ ഈ ഇടപെടല്‍.

സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത് വി ഡി സതീശന്‍ എംഎല്‍എയാണ്. അദ്ദേഹത്തിന്റെ പാര്‍ടിതന്നെയാണ് കേന്ദ്രം ഭരിക്കുന്നത്. ആ കേന്ദ്രത്തോട് ഈ വിഷയത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് കേരളസര്‍ക്കാര്‍തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അന്വേഷണം ഒഴിവാക്കാന്‍ തീവ്രശ്രമം നടത്തുകയാണ് കേന്ദ്രം. ഈ സാഹചര്യത്തിലാണ് കേന്ദ്രം ഭരിക്കുന്ന പാര്‍ടിയുടെ നേതാവുതന്നെ സിബിഐ അന്വേഷണം തേടി ഹര്‍ജിയുമായി വന്നത് ആശ്ചര്യജനകമെന്ന് കോടതി വിശേഷിപ്പിച്ചത്. ഇതില്‍ രാഷ്‌ട്രീയമുണ്ടെന്ന് അറിയാമെന്നും അത് മുന്‍നിര്‍ത്തി കോടതിയെ ഉപകരണമാക്കാന്‍ ആരെയും അനുവദിക്കില്ലെന്നുംകൂടി കോടതി പറഞ്ഞതോടെ ജനങ്ങള്‍ക്ക് ചിത്രം കൂടുതല്‍ വ്യക്തമായി കിട്ടുന്നുണ്ട്.

ലോട്ടറി തട്ടിപ്പുകള്‍ക്കെതിരെ നിയമസാധ്യതകള്‍ മുഴുവനുപയോഗിച്ച് നടപടികളെടുക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്‌തത്. ചില കാര്യങ്ങള്‍ സംസ്ഥാനസര്‍ക്കാരിന്റെ പരിധിക്കപ്പുറത്താണ്. അതുകൊണ്ട് ആ കാര്യങ്ങളില്‍ കേന്ദ്രത്തില്‍നിന്ന് നടപടിയുണ്ടാവണമെന്ന് അഭ്യര്‍ഥിക്കുകയുംചെയ്‌തു. കേന്ദ്രത്തില്‍നിന്ന് നടപടിയുണ്ടായില്ല. എന്നുമാത്രമല്ല, കേന്ദ്രഭരണത്തെ നയിക്കുന്ന കോൺ‌ഗ്രസിന്റെ പ്രമുഖരായ നേതാക്കള്‍തന്നെ ലോട്ടറിത്തട്ടിപ്പിലെ വമ്പന്മാര്‍ക്കുവേണ്ടി കോടതിയിലും പുറത്തും വാദിക്കുന്നതും രാജ്യം കണ്ടു.

ലോട്ടറിതട്ടിപ്പുകാരുടെ വക്കാലത്തേറ്റെടുത്ത് കേരളഹൈക്കോടതിയിലും സുപ്രീംകോടതിയിലുമൊക്കെ ഹാജരായവരാണ് പി ചിദംബരം മുതല്‍ മനു അഭിഷേക് സിങ്‌വി വരെയുള്ള കോൺ‌ഗ്രസ് നേതാക്കള്‍. ഇവരൊക്കെയാണ് ലോട്ടറി കാര്യത്തില്‍ കേന്ദ്രം എന്തുചെയ്യണമെന്ന് നിശ്ചയിക്കാന്‍ തക്കവണ്ണം സ്വാധീനവും അധികാരവുമുള്ളവര്‍. ഇങ്ങനെയുള്ളവര്‍ നിര്‍ണായകസ്ഥാനങ്ങളിലിരിക്കുന്ന കോൺ‌ഗ്രസില്‍നിന്നും അതിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര യുപിഎ സര്‍ക്കാരില്‍നിന്നും ലോട്ടറിത്തട്ടിപ്പുകാര്‍ക്കെതിരെ ചെറുനടപടികളെങ്കിലുമുണ്ടാവുമെന്ന് ബോധമുള്ള ഒരാളും കരുതില്ല. അതുകൊണ്ടുതന്നെയാണ് കേന്ദ്ര ലോട്ടറിനിയമം ഭേദഗതിപ്പെടുത്തണമെന്നതുമുതല്‍ സിബിഐ അന്വേഷണം വേണമെന്നതുവരെയുള്ള കേരളത്തിലെ ഇടതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാരിന്റെ തുടര്‍ച്ചയായ ആവശ്യങ്ങള്‍ക്കുമേല്‍ നടപടിയുണ്ടാവാത്തത്.

ഗൂഢതാല്‍പ്പര്യങ്ങളുള്ളത് കോൺ‌ഗ്രസിനും അതിന്റെ നേതാക്കള്‍ക്കുമാണ്. അതിന് മറയിടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് എല്‍ഡിഎഫ് സര്‍ക്കാരിനും അതിനെ നയിക്കുന്നവര്‍ക്കുമെതിരായി കോൺ‌ഗ്രസ് ആരോപണങ്ങളുന്നയിക്കുന്നത്. അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്നാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും ഇവിടെ പ്രചരിപ്പിച്ചത്. എന്നാല്‍, അത്തരം നടപടികള്‍ കൈക്കൊള്ളാന്‍ വേണ്ട അധികാരം സംസ്ഥാനത്തിന് നല്‍കണമെന്ന കേരളത്തിന്റെ നിവേദനത്തില്‍ ഉമ്മന്‍ചാണ്ടിതന്നെയും ഒപ്പുവച്ചിരുന്നുവെന്നു വന്നതോടെ ആ കള്ളം പൊളിഞ്ഞു.

സുപ്രീംകോടതിയിലെ ലോട്ടറി കേസ് കേരളസര്‍ക്കാരിന് അനുകൂലമായി നീങ്ങിയിരുന്ന ഘട്ടത്തില്‍ കേന്ദ്രസര്‍ക്കാരാണ് ആ അവസ്ഥ പൊളിക്കാന്‍വേണ്ടി ലോട്ടറി എന്നതില്‍ ഓൺലൈന്‍ ലോട്ടറിയുംപെടുമെന്ന നിര്‍വചനത്തോടെ ലോട്ടറി നിയന്ത്രണച്ചട്ടങ്ങള്‍ ഭേദഗതിപ്പെടുത്തിയത്. കേന്ദ്രം പുറപ്പെടുവിച്ച ആ ചട്ടമാണ് കേരളത്തിന്റെ ഓൺലൈന്‍ ലോട്ടറി നിരോധനത്തെ ത്രിശങ്കുവിലാക്കിയതും ഒരു പ്രൊമോട്ടര്‍ക്ക് ഒരുദിവസം 24 നറുക്കെടുപ്പുവരെ നടത്താമെന്ന അവസ്ഥ ഒരിക്കല്‍ ഉണ്ടാക്കിവച്ചതും. കേരളം ഓൺലൈന്‍ ലോട്ടറി നിരോധിച്ച് ചട്ടമുണ്ടാക്കിയപ്പോള്‍ അതിനെ ചോദ്യംചെയ്‌ത് അത്തരം ലോട്ടറിക്കാര്‍ക്കുവേണ്ടി കോടതിയില്‍ ഹാജരായത് പി ചിദംബരമാണ്. ആ ചിദംബരം ആഭ്യന്തരമന്ത്രിയായപ്പോഴാണ് ഓൺലൈന്‍ നിയമവിധേയമാക്കുന്ന തരത്തിലുള്ള ചട്ടത്തില്‍ ഭേദഗതി വരുത്തിയത്. അന്യസംസ്ഥാന ലോട്ടറിക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാനത്തിന് അവകാശമില്ല എന്നുമാത്രമല്ല, നടപടിയെടുക്കുന്ന കാര്യം കേന്ദ്രം പരിഗണിക്കണമെന്ന് നിര്‍ദേശിക്കാന്‍ കോടതിക്ക് അവകാശമില്ല എന്നുപോലുമാണ് സുപ്രീംകോടതിയുടെ ഡിവിഷന്‍ ബെഞ്ചിനു മുമ്പില്‍ യുപിഎ സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വാദിച്ചത്. ആ വാദമാണ് കേരളത്തെ കേസില്‍ തോല്‍പ്പിച്ചത്.

ഓൺലൈന്‍ ലോട്ടറി നിരോധിച്ചതും അന്യസംസ്ഥാന ലോട്ടറികളുടെ നിയമലംഘനത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തിയതും ആ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, രജിസ്‌ട്രേഷന്‍ ക്യാന്‍സല്‍ ചെയ്യാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ കാണിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസയച്ചതും യുഡിഎഫ് സര്‍ക്കാരല്ല, എല്‍ഡിഎഫ് സര്‍ക്കാരാണ്. ഓൺലൈന്‍ ലോട്ടറിത്തട്ടിപ്പുകാര്‍ക്കെതിരായ നടപടി പിന്‍വലിക്കുമെന്ന് വിശദീകരിക്കുകയും ഇനി നടപടിയെടുക്കില്ല എന്നറിയിക്കുകയുംചെയ്യുന്ന സത്യവാങ്മൂലം സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്‌തത്. ഈ സത്യവാങ്മൂലം കേരളതാല്‍പ്പര്യങ്ങള്‍ക്ക് അപകടകരമാണെന്ന് കണ്ടെത്തി അത് ഭേദഗതിപ്പെടുത്താന്‍ അനുവദിക്കണമെന്ന് സുപ്രീംകോടതിയോട് അപേക്ഷിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്.


അന്യസംസ്ഥാന ലോട്ടറിക്കെതിരെ നടപടിയെടുക്കാന്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനുള്ള തടസ്സം ഇതുസംബന്ധിച്ച കേന്ദ്രനിയമത്തിന്റെ നാലാംവകുപ്പാണ്. അത് നീക്കം ചെയ്യണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കാന്‍ കേന്ദ്രം തയ്യാറാവാത്തത്, ആ സര്‍ക്കാരിനെ നയിക്കുന്നത് ലോട്ടറിത്തട്ടിപ്പുകാരുടെ വക്താക്കളാണ് എന്നതുകൊണ്ടുതന്നെയാണ്. ഇക്കാര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് പൂര്‍ണ പ്രതിബദ്ധതയുള്ളതുകൊണ്ടാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്. നിയമലംഘനം ചൂണ്ടിക്കാട്ടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഇതാണ് ഹൈക്കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടത്. അപ്പോഴാണ് മറ്റൊരു സംസ്ഥാനത്തെ ലോട്ടറിക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്രത്തിനേ അധികാരമുള്ളൂവെന്ന് ഹൈക്കോടതിതന്നെ പറഞ്ഞത്. തട്ടിപ്പുലോട്ടറികള്‍ക്കെതിരായി നടപടിയെടുക്കാനുള്ള അധികാരം സ്ഥാപിച്ചുകിട്ടാനായി എല്‍ഡിഎഫ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പോയി. സുപ്രീംകോടതിയാകട്ടെ, കേന്ദ്രനടപടിയുണ്ടാവുമെന്ന് പ്രത്യാശിച്ചു. പക്ഷേ, നടപടിയുണ്ടായില്ല.

സിബിഐ അന്വേഷണം വന്നാല്‍ ഇക്കാര്യങ്ങളൊക്കെ പുറത്തുവരും. കോടതി ഇതൊക്കെ പരിശോധിക്കും. അത് കേന്ദ്രത്തെയും അതിനെ നയിക്കുന്ന പി ചിദംബരം അടക്കമുള്ളവരെയും പ്രതിക്കൂട്ടിലാക്കും. ഇതറിയാവുന്നതുകൊണ്ടാണ് കേരളം ആവശ്യപ്പെട്ട സിബിഐ അന്വേഷണം സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഏതുവിധേനയും ഒഴിവാക്കാന്‍ കേന്ദ്രം ശ്രമിക്കുന്നത്. അതിന്റെ ജാള്യം മറയ്‌ക്കാനാണ് കേരളത്തില്‍ കോൺ‌ഗ്രസ് വീണ്ടും വീണ്ടും ലോട്ടറി ആരോപണത്തിന്റെ പുകമറ ഉയര്‍ത്തുന്നത്.


*****


ദേശാഭിമാനി മുഖപ്രസംഗം 10-03-2011

Saturday, March 5, 2011

ലോട്ടറി മാഫിയകളുടെ രക്ഷകര്‍ കോൺഗ്രസുതന്നെ

നുണ നൂറുതവണ ആവര്‍ത്തിച്ചാല്‍ സത്യമായി മാറും എന്ന ഗീബല്‍സിന്റെ സിദ്ധാന്തം അക്ഷരംപ്രതി പിന്തുടരുന്നവരാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍. അന്യസംസ്ഥാന ലോട്ടറി ടിക്കറ്റ് കേരളത്തില്‍ വിറ്റഴിക്കുന്നതിന് ധനമന്ത്രി തോമസ് ഐസക് പ്രോത്സാഹനം നല്‍കുന്നതായി പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും വി ഡി സതീശനുമൊക്കെ ആവര്‍ത്തിച്ച് പ്രചാരവേല നടത്തുകയാണ്. ഇപ്പോള്‍ മുഖ്യമന്ത്രി വി എസിനെയും മകനെയുമൊക്കെ ഇതിലേക്ക് വലിച്ചിഴച്ചുകൊണ്ടുവരാനും ശ്രമം നടക്കുന്നു.

സിക്കിം, ഭൂട്ടാന്‍ ലോട്ടറി ടിക്കറ്റുകള്‍ ഏറെക്കാലമായി കേരളത്തില്‍ വിറ്റഴിക്കുന്നു. ഇത് കേരളത്തിലെ പാവപ്പെട്ട ജനങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ പണം അന്യസംസ്ഥാന ലോട്ടറി ഏജന്റുമാര്‍ക്ക് കൊള്ളചെയ്തെടുക്കാന്‍ അവസരം സൃഷ്ടിക്കുകയാണെന്നതില്‍ സംശയമില്ല. അന്യ സംസ്ഥാന ലോട്ടറി ടിക്കറ്റ് കേരളത്തില്‍ വില്‍പ്പന നടത്തുന്നതു വഴി ദിവസംപ്രതി 22.6 കോടി രൂപ തട്ടിയെടുക്കുന്നു എന്ന ഒരു കണക്കും അവതരിപ്പിച്ചു കാണുന്നുണ്ട്. അതെന്തുമാകട്ടെ, അന്യസംസ്ഥാന ലോട്ടറികള്‍ കേരളത്തില്‍ വിറ്റഴിക്കുന്നത് തടയണമെന്നതില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് വ്യത്യസ്തമായ അഭിപ്രായമില്ല. അതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനില്ലെന്നതാണ് പ്രശ്നം.

ലോട്ടറി വിഷയത്തിലുള്ള കേന്ദ്രനിയമം സംസ്ഥാന സര്‍ക്കാരിന് ഈ അധികാരം നിഷേധിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ കേന്ദ്ര ലോട്ടറിനിയമത്തില്‍ ഭേദഗതിവരുത്തി സിക്കിം, ഭൂട്ടാന്‍ ലോട്ടറി ടിക്കറ്റ് കേരളത്തില്‍ വിറ്റഴിക്കുന്നത് തടയണമെന്ന് കേരളത്തിലെ ഇടതുജനാധിപത്യ മുന്നണി സര്‍ക്കാര്‍ ദീര്‍ഘകാലമായി ആവശ്യപ്പെടുന്നതാണ്. ഏറ്റവും ഒടുവില്‍ ജനുവരി 27ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരത്തിന് ഒരു കത്തെഴുതി. ലോട്ടറിനിയമം ലംഘിച്ച് ഭൂട്ടാന്‍, സിക്കിം ലോട്ടറി ടിക്കറ്റുകള്‍ കേരളത്തില്‍ വിറ്റഴിക്കുന്നത് തടയണമെന്നും അന്യസംസ്ഥാന ലോട്ടറികള്‍ സംസ്ഥാനത്തിനകത്ത് വിറ്റഴിക്കുന്നത് തടയാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരം നല്‍കിക്കൊണ്ട് കേന്ദ്ര ലോട്ടറിനിയമത്തില്‍ ഭേദഗതി വരുത്തണമെന്നുമാണ് ധനമന്ത്രി കത്തില്‍ ആവശ്യപ്പെട്ടത്.

ഈ കത്തിന് കേന്ദ്രമന്ത്രി ചിദംബരം അയച്ച മറുപടി ഡോ. തോമസ് ഐസക് പത്രസമ്മേളനത്തില്‍ പരാമര്‍ശിക്കുകയുണ്ടായി. അന്യസംസ്ഥാന ലോട്ടറിയുടെ വില്‍പ്പന തടയാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വിട്ടുകൊടുക്കാന്‍ സാധ്യമല്ലെന്നാണ് ഖണ്ഡിതമായും ചിദംബരം വ്യക്തമാക്കിയിരിക്കുന്നത്. ഈ തര്‍ക്കത്തില്‍ മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്നും ചിദംബരം നിര്‍ദേശിക്കുന്നു. ചിദംബരത്തിന്റെ ഈ കത്ത് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും വി ഡി സതീശനുമുള്ള വ്യക്തമായ മറുപടിയാണ്. കേരളത്തില്‍ അന്യസംസ്ഥാന ലോട്ടറി ടിക്കറ്റുകള്‍ വിറ്റഴിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയിലാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം പൂര്‍ണമായും പൊളിഞ്ഞിരിക്കുന്നു. തെരഞ്ഞെടുപ്പില്‍ പ്രയോഗിക്കാന്‍ കരുതിവച്ച ലോട്ടറി വിഷയം നനഞ്ഞ പടക്കംപോലെ ആയിരിക്കുന്നു. അതുകൊണ്ടാണ് ഇതേവരെ ഉന്നയിച്ച എല്ലാ ആരോപണവും പിന്‍വലിച്ച് ഉമ്മന്‍ചാണ്ടി മാപ്പ് പറയണമെന്ന് തോമസ് ഐസക് ആവശ്യപ്പെട്ടത്.

ലോട്ടറി വിഷയത്തില്‍ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പും കള്ളക്കളിയും ഞങ്ങള്‍ പലതവണ ചൂണ്ടിക്കാണിച്ചതാണ്. ലോട്ടറിക്കാര്‍ക്കെതിരെ ഒരുകേസും ഇനി എടുക്കില്ലെന്ന് കോടതിയില്‍ കട്ടായം പറഞ്ഞ സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടി. സാന്റിയാഗോ മാര്‍ട്ടിന്‍ എന്ന ലോട്ടറി ഏജന്റിന്റെ യഥാര്‍ഥ സംരക്ഷകര്‍ കോണ്‍ഗ്രസ് നേതാക്കളാണെന്ന് ഇതിനുമുമ്പുതന്നെ വ്യക്തമായതാണ്. ചിദംബരവും നളിനി ചിദംബരവുമാണ് മാര്‍ട്ടിനുവേണ്ടി പലതവണ കോടതിയില്‍ വാദിച്ചത്. ഏറ്റവും ഒടുവില്‍ കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ ഔദ്യോഗിക വക്താവ് അഭിഷേക് മനു സിങ്‌വി കേരള ഹൈക്കോടതിയില്‍ മാര്‍ട്ടിനുവേണ്ടി കേസ് വാദിച്ചു. തദ്ദേശഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ഇത് വിവാദമായപ്പോള്‍ അഭിഷേക് സിങ്‌വിയെ കോണ്‍ഗ്രസ് വക്താവിന്റെ സ്ഥാനത്തുനിന്ന് ഒഴിവാക്കിയതായി പ്രഖ്യാപനമുണ്ടായി. തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍തന്നെ അഭിഷേക് സിങ്‌വിയെ കോണ്‍ഗ്രസ് വക്താവായി വീണ്ടും നിയമിക്കുകയും ചെയ്തു. ഇത് ജനങ്ങളോടു കാണിച്ച വഞ്ചനയാണെന്നതില്‍ സംശയമില്ല.

സാന്റിയാഗോ മാര്‍ട്ടിനേക്കാളും വമ്പനായ മറ്റൊരു ലോട്ടറി ഏജന്റുണ്ട്- മണികുമാര്‍ സുബ്ബ. സുബ്ബ അസമില്‍നിന്ന് ഒന്നിലധികംതവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച് പാര്‍ലമെന്റ് അംഗമായ ആളാണ്. കോണ്‍ഗ്രസിന് പ്രതിവര്‍ഷം 4000 കോടി രൂപ സംഭാവന നല്‍കുന്ന ആളാണ്. ഇവരെല്ലാം ലോട്ടറി ഏജന്റുമാരായി വിലസുകയും ഇവര്‍ക്കുവേണ്ടി കോണ്‍ഗ്രസ് അഖിലേന്ത്യാ നേതാക്കള്‍ കോടതിയില്‍ കേസ് വാദിക്കുകയും ചെയ്യുമ്പോള്‍ അന്യസംസ്ഥാന ലോട്ടറി വില്‍പ്പന തടയാന്‍ കേന്ദ്രനിയമത്തില്‍ മാറ്റംവരുത്തുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല.

ചിദംബരത്തിന്റെ മറുപടിയോടെ എല്ലാം ഒരിക്കല്‍ക്കൂടി വ്യക്തമായിക്കഴിഞ്ഞു. ഒന്നുകില്‍ കേരളത്തിന് ചിദംബരത്തിന്റെ മധ്യസ്ഥം സ്വീകരിക്കാം. ചിദംബരം അവിടെയും വാദിക്കുന്നത് ലോട്ടറി മാഫിയക്കുവേണ്ടിയായിരിക്കുമെന്നു വ്യക്തം. അതല്ലെങ്കില്‍ കേസുമായി മുന്നോട്ടുപോകാം. കേന്ദ്രനിയമത്തില്‍ മാറ്റംവരാത്തിടത്തോളംകാലം കോടതിവിധി അനുകൂലമാകുമെന്ന് ഉറപ്പിച്ചുപറയാനും വയ്യ. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വി ഡി സതീശനും ഇനിയും ജനങ്ങളെ വഞ്ചിക്കരുത്. അന്യസംസ്ഥാന ലോട്ടറിയില്‍ കേന്ദ്രസര്‍ക്കാരിന്റെ താല്‍പ്പര്യം ലോട്ടറിമാഫിയക്ക് അനുകൂലമാണ്. നിയമത്തില്‍ മാറ്റംവരുത്തി അന്യസംസ്ഥാന ലോട്ടറി വില്‍പ്പന തടയാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരം നല്‍കാന്‍ ആത്മാര്‍ഥതയുടെ കണികയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കേന്ദ്രത്തോട് ആവശ്യപ്പെടണം. നുണ ആവര്‍ത്തിച്ചതിന് പരസ്യമായി മാപ്പ് പറയാനും തയ്യാറാകണം.


****


ദേശാഭിമാനി മുഖപ്രസംഗം 05-03-2011

Tuesday, October 12, 2010

പത്ര മുത്തശ്ശിയെ പൊളിച്ചെഴുതുമ്പോൾ

സത്യങ്ങളുടെ കഴുത്തറുക്കുന്ന കൊലപ്പുരകളാവുകയാണ് പത്രങ്ങളുടെ എഡിറ്റോറിയല്‍ ഡസ്‌കുകള്‍. എന്തും എഴുതാന്‍ കയ്യറപ്പില്ലാത്തവരുടെ വിഹാരരംഗമാണവിടം. നുണകളെഴുതുക, പിന്നീട് അവയ്ക്ക് വ്യാഖ്യാനം ചമയ്ക്കുക എന്നതാണ് വാര്‍ത്തയെഴുത്തിന്റെ ശൈലി. നുണകളും വ്യാഖ്യാനങ്ങളുമെല്ലാം സിപിഎമ്മിനും എല്‍ഡിഎഫ് സര്‍ക്കാരിനും എതിരെ. മനോരമയെന്നോ മാതൃഭൂമിയെന്നോ വ്യത്യാസമില്ലാതെ പത്രലോകം നിര്‍മ്മിക്കുന്ന നുണകള്‍ കൊണ്ടാണ് കോണ്‍ഗ്രസും യുഡിഎഫും എല്‍ഡിഎഫ് സര്‍ക്കാരിനെ ആക്രമിക്കുന്നത്.

ലോട്ടറി വിവാദത്തില്‍ മനോരമയും ആശ്രയിച്ചത് നുണകളെയാണ്. ലോട്ടറി അപവാദ പ്രചാരണത്തില്‍ ബഹുകാതം പിന്നിലായിപ്പോയതിന്റെ കേട് തീര്‍ക്കാന്‍ മാതൃഭൂമിയും രംഗത്തിറങ്ങി. കൊമ്പന്‍ പോയ വഴിയെ വെച്ചുപിടിക്കുകയാണ് മോഴയും. നുണയെഴുതുക; അത് വ്യാഖ്യാനിച്ച് പെരുംനുണയാക്കുക. ശൈലിയ്‌ക്കൊന്നും ഒരുവ്യത്യാസവുമില്ല.

ലോട്ടറിക്കേസ് - എജിയെ വിളിച്ചില്ല. അപ്പീല്‍ കൊടുത്തില്ല. സര്‍ക്കാര്‍ നിലപാട് മാര്‍ട്ടിന് തുണയായി എന്ന തലക്കെട്ടില്‍ ഇന്ന് (12-10-2010) മാതൃഭൂമി ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. സത്യവുമായി പുലബന്ധമെങ്കിലുമുളള ഏതെങ്കിലും ഒരുവാചകം ഈ വാര്‍ത്തയില്‍ കണ്ടുപിടിക്കുന്നവര്‍ക്ക് ഭൂട്ടാന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം കിട്ടും.

കേസ് നടത്താന്‍ എജിയെ സര്‍ക്കാര്‍ വിളിച്ചില്ല എന്ന് തലയ്ക്ക് വെളിവുളള ആരും ആരോപിക്കില്ല. കാരണം സര്‍ക്കാരിന്റെ കേസ് നടത്താന്‍ ഭരണഘടനാപരമായി സൃഷ്ടിക്കപ്പെട്ട സ്ഥാപനമാണ് അഡ്വക്കേറ്റ് ജനറല്‍. ഹൈക്കോടതി ജഡ്ജിയുടെ പദവിയാണ് എജിയ്ക്ക്. എജിയറിയാതെ സര്‍ക്കാരിന് കേസുകള്‍ നടത്താനാവില്ല. സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരെ കേസ് നടത്താന്‍ ഏല്‍പ്പിക്കുന്നതും ആളെ തീരുമാനിക്കുന്നതുമെല്ലാം എജിയുടെ അറിവോടെയും അംഗീകാരത്തോടെയുമാണ്. യാഥാര്‍ത്ഥ്യം അതായിരിക്കെ, എജിയെ സര്‍ക്കാര്‍ വിളിച്ചില്ല എന്ന് എത്ര ഉളുപ്പില്ലാതെയാണ് മാതൃഭൂമി ലേഖകന്‍ തട്ടിവിടുന്നത്.

ലേഖകന്റെ നിയമപാണ്ഡിത്യം പോകുന്ന വഴി നോക്കു.

ഇദ്ദേഹത്തിനൊപ്പം (സുപ്രിംകോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ നാഗേശ്വര റാവു) സംസ്ഥാന സര്‍ക്കാരിന്റെ അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍ ഒരുതവണയെങ്കിലും ഹാജരായിരുന്നെങ്കില്‍ സര്‍ക്കാര്‍ വാദങ്ങള്‍ക്ക് ബലം കൂടിയേനെയെന്ന് ഒരു വിഭാഗം നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അതാണ് കാര്യം.. സര്‍ക്കാരിന്റെ വാദം കേള്‍ക്കുമ്പോള്‍ ജഡ്ജി ഏറു കണ്ണിട്ട് നോക്കും. കസേരയിലെങ്ങാനും എജിയുണ്ടോ എന്ന്. വാദത്തിന്റെ ബലവും ബലക്കുറവും തീരുമാനിക്കുന്നത് നിയമപരമായ അതിന്റെ നിലനില്‍പ്പിലല്ല, വാദം നടക്കുമ്പോള്‍ ജഡ്ജിയുടെ മുന്നിലെ കസേരയില്‍ എജി ഉണ്ടോ ഇല്ലയോ എന്ന് നോക്കിയാണ്. എജിയില്ലെങ്കില്‍ ഏത് റാവു വന്ന് വാദിച്ചിട്ടും ഒരു ഫലവുമില്ല. ഏജിയുണ്ടെങ്കില്‍ ഏത് ശ്രേയാംസ് കുമാര്‍ വാദിച്ചാലും സര്‍ക്കാര്‍ പുല്ലുപോലെ ജയിക്കും.

സര്‍ക്കാരിന്റെ പാലങ്ങളും കെട്ടിടങ്ങളും പണിയുന്ന സ്ഥലങ്ങളില്‍ക്കൂടി എജി ഹാജരാകണമെന്നും ഈ നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയതായി നാളെ മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തേക്കാം. ബലം, സര്‍ക്കാരിന്റെ വാദങ്ങള്‍ക്ക് മാത്രം പോരല്ലോ.

വാര്‍ത്തയിലെ മറ്റൊരു വാദം ഇങ്ങനെ പോകുന്നു...

.... ലോട്ടറിക്കേസില്‍ ഏറെ വഴിത്തിരിവുണ്ടാക്കിയതാണ് 2008 ഫെബ്രുവരിയില്‍ ഹൈക്കോടതിയില്‍ നിന്നുണ്ടായ വിധി. സാന്റിയാഗോ മാര്‍ട്ടിന്റെ ലോട്ടറി വില്‍ക്കുന്നതില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് മാറ്റിക്കൊണ്ടായിരുന്നു 2008ല്‍ ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. ഈ വിധിയ്‌ക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ സന്നദ്ധത കാണിച്ചിരുന്നില്ല.

ഭൂട്ടാന്‍ ലോട്ടറിയുടെ മുന്‍കൂര്‍ നികുതി വാങ്ങാന്‍ കേരള സര്‍ക്കാര്‍ വിസമ്മതിച്ചതിനെതിരെ മേഘാ ഡിസ്ട്രിബ്യൂട്ടഴ്‌സിന്റെ പ്രൊപ്പ്രൈറ്റര്‍ ജോണ്‍ കെന്നഡി നല്‍കിയ കേസില്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് പുറപ്പെടുവിച്ച വിധിയെക്കുറിച്ചാണ് ഈ പരാമര്‍ശം. WPC 36645/2007 നമ്പര്‍ കേസില്‍ വിധി വന്നത് 25-2-2008ന്. ഈ കേസിനെതിരെ കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ നമ്പര്‍ WA 528/2008. ഈ അപ്പീല്‍ നിലനില്‍ക്കെയാണ് അപ്പീല്‍ നല്‍കിയില്ലെന്ന് തലക്കെട്ടിലും അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ സന്നദ്ധത കാണിച്ചിരുന്നില്ല എന്ന് വാര്‍ത്തയിലും മാതൃഭൂമി ലേഖകന്‍ എഴുതിപ്പിടിപ്പിച്ചത്.

മാതൃഭൂമി വ്യാഖ്യാനിക്കുന്നതു പോലെ ലോട്ടറിക്കേസിലെ വഴിത്തിരിവൊന്നുമല്ല ഈ വിധി. അന്യസംസ്ഥാന ലോട്ടറികളുടെ വില്‍പന സംബന്ധിച്ച് സുപ്രിംകോടതി പല തവണ സ്വീകരിച്ച നിലപാടുകള്‍ക്കപ്പുറം വിധിയില്‍ ഒന്നുമില്ല. ഇപ്പോഴത്തെ സര്‍ക്കാരിന്റെ കാലത്ത് തന്നെ ഈ വിധിയ്ക്ക് മുമ്പ് ശ്രദ്ധേയമായ രണ്ടുവിധികള്‍ കേരള ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. WPC 30176/2006 എന്ന കേസില്‍ 2007 ജനുവരി 10ന് ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായരും WA 101/2007, 256/2007 എന്നീ അപ്പീലുകളിന്മേല്‍ അന്നത്തെ ആക്ടിംഗ് ചീഫ് ജസ്റ്റിസ് കെ എസ് രാധാകൃഷ്ണനും ജസ്റ്റിസ് എം എന്‍ കൃഷ്ണനും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചും പുറപ്പെടുവിച്ച വിധിന്യായങ്ങളും സ്വീകരിച്ച നിലപാടുകള്‍ തന്നെയാണ് ജസ്റ്റിസ് ആന്റണി ഡൊമിനിക്കും പിന്തുടര്‍ന്നത്.

പരമോന്നത കോടതിയും കേരള ഹൈക്കോടതിയും മുമ്പ് പുറപ്പെടുവിച്ച വിധിന്യായങ്ങള്‍ക്ക് വിരുദ്ധമാണ് മുന്‍കൂര്‍ അനുമതി സ്വീകരിക്കാത്ത സര്‍ക്കാരിന്റെ നടപടിയെന്നാണ് വിധിന്യായത്തില്‍ പറയുന്നത്. അപ്പോള്‍ പിന്നെ ഈ വിധിയെങ്ങനെ വഴിത്തിരിവാകും...? രാഷ്ട്രീയനേതാക്കളുടെ പ്രസ്താവനകളും ലേഖനങ്ങളും പ്രസംഗവുമൊക്കെ വളച്ചൊടിച്ചും ദുര്‍വ്യാഖ്യാനം നടത്തിയും വാര്‍ത്ത നിര്‍മ്മിച്ച് വിലസിയവര്‍ ഇപ്പോള്‍ കോടതിവിധിയെ പിടിച്ചിരിക്കുകയാണ്. നിയമവും വിധിയുമൊക്കെ തോന്നിയതുപോലെ വ്യാഖ്യാനിക്കും. ആരു ചോദിക്കാന്‍.. ആരോട് സമാധാനം പറയാന്‍... ഒന്നുകില്‍ വാര്‍ത്ത എഴുതുന്നവര്‍ക്ക് ബോധം വേണം. അല്ലെങ്കില്‍ നുണയും ദുര്‍വ്യാഖ്യാനവും തിരിച്ചറിയാനുളള ശേഷി ഡെസ്‌കിലിരിക്കുന്നവര്‍ക്കുണ്ടാകണം. ഇതൊന്നുമില്ലെങ്കില്‍ എജിയെ വിളിച്ചില്ല, എജി വന്നിരുന്നെങ്കില്‍ വാദങ്ങള്‍ക്ക് ബലം കൂടിയേനെ തുടങ്ങിയ മണ്ടത്തരങ്ങള്‍ നാം പത്രങ്ങളില്‍ വായിക്കേണ്ടി വരും.

നുണയില്‍ തുടങ്ങുന്ന വാര്‍ത്ത ഒടുങ്ങിയതും നുണയില്‍.. അവസാന വാചകം നോക്കുക.

എന്നാല്‍ ഒരു സംസ്ഥാനത്തിന്റെ / രാജ്യത്തിന്റെ പേരില്‍ അവരുടെ അംഗീകാരമില്ലാതെ ഒരു സ്വകാര്യവ്യക്തി നിയമവിരുദ്ധമായി പണം സമ്പാദനം നടത്തുന്നതിനെതിരെ സംസ്ഥാനസര്‍ക്കാരിന് കേസെടുക്കാനും വേണ്ടിവന്നാല്‍ അറസ്റ്റ് ചെയ്യാനും അവകാശമുണ്ടായിരുന്നുവെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ചൂണ്ടിക്കാട്ടാന്‍ കുറേ നിയമവിദഗ്ധരെ സദാസമയവും കീശയില്‍ കൊണ്ടുനടക്കുന്നത് കൊണ്ട് മാതൃഭൂമി ലേഖകന് ജോലി എളുപ്പമാണ്. ഈ നിയമവിദഗ്ധരെങ്ങാനും കോടതിയില്‍ പ്രത്യക്ഷപ്പെട്ടാല്‍ ജഡ്ജിമാര്‍ കൂട്ട ആത്മഹത്യ ചെയ്യുമെന്നത് മൂന്നരത്തരം.

കേസെടുക്കാനും വേണ്ടിവന്നാല്‍ അറസ്റ്റു ചെയ്യാനുമുളള അവകാശം ഏത് നിയമത്തിലാണ് ഉളളതെന്ന് ലേഖകന്‍ പറയുന്നില്ല. ലോട്ടറി നിയമത്തിലാണോ ചട്ടത്തിലാണോ ഐപിസിയിലാണോ എന്നൊക്കെ വായനക്കാര്‍ക്ക് വേണമെങ്കില്‍ പരസ്പരം ചോദിക്കാം.

ചിദംബരത്തിന്റെ ആഭ്യന്തരമന്ത്രാലയം നീട്ടിപ്പിടിച്ചെഴുതിയ കത്തുകളാണ് തന്റെ ഔദ്യോഗികാംഗീകാരം തെളിയിക്കാന്‍ സാന്റിയാഗോ മാര്‍ട്ടിന്‍ പൊക്കിപ്പിടിക്കുന്ന ഔദ്യോഗിക മുദ്രകള്‍. ഭൂട്ടാന്റെയും സിക്കിമിന്റെയും ഔദ്യോഗിക ഏജന്റാണ് സാന്റിയാഗോ മാര്‍ട്ടിന്‍ എന്ന് കേന്ദ്രം സര്‍ട്ടിഫിക്കറ്റെഴുതുമ്പോള്‍ പിന്നെ ഏത് വകുപ്പു വെച്ചാണ് സംസ്ഥാനം കേസെടുക്കുന്നതും അറസ്റ്റ് ചെയ്യുന്നതും. കക്കാന്‍ പഠിച്ചാല്‍ നില്‍ക്കാനും പഠിക്കേണ്ടേ. ലോട്ടറി വാര്‍ത്തകള്‍ എഴുതുന്നവര്‍ക്ക് പരിശീലനം നല്‍കാന്‍ ഉടന്‍ വി ഡി സതീശന്റെ സേവനം ഏര്‍പ്പെടുത്താന്‍ വീരേന്ദ്രകുമാര്‍ തയ്യാറാകുണം.

യഥാര്‍ത്ഥ മഞ്ഞപ്പത്രം എന്ന് പി ജയരാജന്‍ എംഎല്‍എ മുമ്പ് മാതൃഭൂമിയ്ക്ക് ചാര്‍ത്തിക്കൊടുത്ത വിശേഷണം ഒട്ടും അതിശയോക്തിപരമല്ലെന്ന് തെളിയിക്കുകയാണ് ആ പത്രത്തിന്റെ ലേഖകര്‍.

*****

കടപ്പാട് : നാണമില്ലേ മാതൃഭൂമീ... ഇങ്ങനെ നുണയെഴുതാന്‍? ...?

പൊളിച്ചെഴുത്ത് ബ്ലോഗിൽ നിന്നും പുന:പ്രസിദ്ധീകരിക്കുന്നത്

Wednesday, September 8, 2010

ധനമന്ത്രിയെ വേട്ടയാടുന്നത് സുബ്ബമാര്‍ക്കുവേണ്ടി

മാധ്യമങ്ങളുടെ വ്യാജവാര്‍ത്താനിര്‍മിതിയെക്കുറിച്ച് ജുഡീഷ്യറിക്കുപോലും വിമര്‍ശം ഉന്നയിക്കേണ്ടിവന്ന നാടാണ് കേരളം. ലോട്ടറിവിവാദം രാഷ്‌ട്രീയ അജന്‍ഡയാക്കി മാറ്റുന്നതില്‍ ചില മാധ്യമങ്ങള്‍ വഹിച്ച പങ്ക് പ്രതിപക്ഷ രാഷ്‌ട്രീയ നേതാക്കളേക്കാള്‍ വലുതാണ്. റബര്‍ വിലയിടിച്ച കേന്ദ്രസര്‍ക്കാരിനെതിരെ ഒരക്ഷരം ഉരിയാടാത്ത റബര്‍പ്പത്രം ഇടതുപക്ഷ സര്‍ക്കാരിനെതിരെ ലോട്ടറിവിഷയത്തില്‍ സത്യസന്ധതയും മാധ്യമമര്യാദയുമെല്ലാം ഉപേക്ഷിച്ച് ആഞ്ഞടിക്കുകയായിരുന്നു.

കോൺഗ്രസ് നേതൃത്വവും മനോരമാദികളും രാഷ്‌ട്രീയലക്ഷ്യത്തോടെ നടത്തിയ അപവാദപ്രചാരണങ്ങളുടെ ഫലമെന്താണ് ? വൃദ്ധരും വികലാംഗരുമായ പതിനായിരക്കണക്കിന് ലോട്ടറിത്തൊഴിലാളികള്‍ പട്ടിണിയിലും ദുരിതത്തിലുമായി. ലോട്ടറിമേഖലയില്‍ മൂന്നുപേര്‍ ആത്മഹത്യചെയ്‌തു. ജോലി ആഴ്‌ചയില്‍ ഒരു ദിവസമായി കുറഞ്ഞു. വരുമാനം ഗണ്യമായി കുറയുകയും ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍തന്നെ കടുത്ത പ്രയാസത്തിലുമായി.

അന്യസംസ്ഥാന ലോട്ടറിചൂതാട്ടം തടയുകതന്നെ വേണം. എന്നാല്‍, 43 വര്‍ഷമായി സുതാര്യമായ എല്ലാ നിയമവ്യവസ്ഥയും പാലിച്ച് നടത്തുന്ന ജനങ്ങളുടെ ലോട്ടറിയായ കേരള സര്‍ക്കാര്‍ ഭാഗ്യക്കുറിയെപ്പോലും തകര്‍ക്കുന്ന പ്രചാരണം കോൺഗ്രസ് നേതൃത്വവും ചില മാധ്യമങ്ങളും എന്തിനാണ് നടത്തിയത് ? ഒരുമാസത്തിലേറെ അക്ഷരയുദ്ധവും നിഴല്‍യുദ്ധവും നടത്തിയ ഇക്കൂട്ടര്‍ക്ക് ഒരു വിധിയോ ഒരു വാചകമോ കേരള ഭാഗ്യക്കുറിയുടെ നന്മയെക്കുറിച്ചോ അത് വിറ്റ് ജീവിക്കുന്നവരുടെ ദുരിതങ്ങളെക്കുറിച്ചോ വിവരിക്കാന്‍വേണ്ടിയുണ്ടായില്ല.

മണികുമാര്‍ സുബ്ബമുതല്‍ മാര്‍ട്ടിന്‍വരെയുള്ള അന്യസംസ്ഥാന ലോട്ടറിമാഫിയ സംഘങ്ങള്‍ നടത്തുന്ന കൊള്ളയെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുകതന്നെ വേണം. അതിന് പാവപ്പെട്ട ലോട്ടറിത്തൊഴിലാളികളെ ആത്മഹത്യയിലേക്ക് തള്ളിവിടണമായിരുന്നോ?

ഇവിടെയും ലോട്ടറിമാഫിയ സംഘങ്ങളും കോൺഗ്രസുമായുള്ള ബന്ധം ബോധപൂര്‍വം മറച്ചുവച്ചു. പ്രതിപക്ഷനേതാവോ കെപിസിസി പ്രസിഡന്റോ എഐസിസി അംഗം മണികുമാര്‍ നടത്തുന്ന എംഎസ് അസോസിയറ്റ്സ് എന്ന സ്ഥാപനത്തെക്കുറിച്ചോ തമിഴ്‌നാട് പിസിസി അംഗവും എംപിയുമായ ജെ എം അരുൺ നടത്തുന്ന ലിംബ്രാസ് അസോസിയറ്റ്സ് എന്ന സ്ഥാപനത്തെക്കുറിച്ചോ വിവരിക്കില്ല.

ഇത്തരം രാഷ്‌ട്രീയക്കാര്‍ ബോധപൂര്‍വം മറന്നുപോകുന്ന കാര്യം ജനങ്ങളിലെത്തിക്കുകയാണല്ലോ മാധ്യമധര്‍മം. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ഇക്കാര്യം തമസ്‌ക്കരിച്ചെങ്കിലും തെഹല്‍ക മാഗസിനും സിഎന്‍എന്‍-ഐബിഎന്‍ കൂട്ടുകെട്ടും ഇക്കാര്യം പുറത്തുകൊണ്ടുവന്നു. 25,000 കോടി രൂപ ലോട്ടറിത്തട്ടിപ്പുകേസിലെ മുഖ്യപ്രതിയായ മണികുമാര്‍ സുബ്ബയെ രക്ഷിച്ചത് കോൺഗ്രസ് ഹൈക്കമാന്‍ഡാണെന്നും 5000 കോടി രൂപ എഐസിസിക്ക് തെരഞ്ഞെടുപ്പുഫണ്ട് നല്‍കിയെന്നുമായിരുന്നു ഇവര്‍ പുറത്തുവിട്ട വാര്‍ത്ത. 15 വര്‍ഷം കോൺഗ്രസ് എംപിയും എഐസിസി അംഗവുമായ ഒരാളെക്കുറിച്ച് വിവിധ ഏജന്‍സികള്‍ അന്വേഷണം നടത്തി കണ്ടെത്തിയ വിവരങ്ങള്‍ മനോരമയുടെ ഡിറ്റക്ടീവുകള്‍ കണ്ടില്ലപോലും.

ആഗസ്‌ത് 30ന്റെ ഹൈക്കോടതി വിധിക്കുശേഷമെങ്കിലും ധനമന്ത്രിയെ വേട്ടയാടുന്ന യൂദാസുകള്‍ 'പണി' നിര്‍ത്തുമെന്ന പ്രതീക്ഷ ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ അവരെയും നിരാശരാക്കി 'അപവാദവ്യവസായസംഘം' മുന്നോട്ടുതന്നെ. കോടതി വിധി കോൺഗ്രസ് ഉന്നയിച്ച ആരോപണത്തിന്റെ മുനയൊടിച്ചു. സിക്കിം ലോട്ടറിവകുപ്പ് നിരോധിച്ച സിക്കിം സൂപ്പര്‍ ഡീലക്‌സ്, സിക്കിം സൂപ്പര്‍ ഡിയര്‍ എന്നീ രണ്ട് ലോട്ടറിക്ക് കേരളത്തില്‍ മുന്‍കൂര്‍നികുതി വാങ്ങി നടത്താന്‍ അനുവാദം നല്‍കിയതില്‍ കോടികളുടെ അഴിമതിയുണ്ടെന്നും മേഘാ ഡിസ്‌ട്രിബ്യൂട്ടര്‍ പ്രൊമോട്ടറല്ലെന്നുമായിരുന്നു ആരോപണം. മേഘാ ഡിസ്‌ട്രിബ്യൂട്ടറുടെ കൈയില്‍നിന്ന് മുന്‍കൂര്‍നികുതി വാങ്ങണമെന്ന് കോടതി നിര്‍ദേശിക്കുമ്പോള്‍ കോടതി സ്വീകരിച്ച തെളിവ് ചിദംബരത്തിന്റെ ആഭ്യന്തരമന്ത്രാലയം മാര്‍ട്ടിന് നല്‍കിയ കത്തായിരുന്നു. കത്തിലെ ഉള്ളടക്കം ഇപ്രകാരമാണ്. "സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുടെ പ്രൊമോട്ടര്‍ മേഘാ ഡിസ്‌ട്രിബ്യൂട്ടേഴ്‌സാണ്. നികുതി അടയ്‌ക്കാന്‍ അവരെയാണ് അധികാരപ്പെടുത്തിയിരിക്കുന്നത്. ഡീലക്സും ഡിയറും നിയമവ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് സിക്കിം സര്‍ക്കാര്‍ നടത്തുന്ന ലോട്ടറികളാണ് ''.

ഈ കത്ത് കണക്കിലെടുത്ത് കോടതി പറഞ്ഞു. മുന്‍കൂര്‍നികുതി വാങ്ങണം. നിയമലംഘനം കണ്ടെത്തിയാല്‍ കേന്ദ്രത്തിലേക്ക് സംസ്ഥാനത്തിന് എഴുതാം. സംസ്ഥാനത്തിന് അര്‍ഥശങ്കയ്‌ക്കിട നല്‍കാത്തവിധം കോടതി വ്യക്തമാക്കി. നികുതി നിയമമനുസരിച്ചുള്ള അധികാരംമാത്രം. നിരോധിക്കാനും നിയന്ത്രിക്കാനുമുള്ള അധികാരം കേന്ദ്രത്തിനുമാത്രം. കേന്ദ്രസര്‍ക്കാരിനുള്ള കുറ്റപത്രംകൂടിയാണ് ഹൈക്കോടതി വിധി. നിയമത്തിന്റെ ഉദ്ദേശ്യശുദ്ധിയെ ചോര്‍ത്തിക്കളയുന്ന ചട്ടമുണ്ടാക്കിയ കേന്ദ്ര സര്‍ക്കാരാണ് മുഖ്യപ്രതി.

യുഡിഎഫ് സംസ്ഥാനത്ത് നടത്തുന്ന പ്രചാരണം തികച്ചും രാഷ്‌ട്രീയപ്രേരിതമാണ്. കേരള ഭാഗ്യക്കുറി 43 വര്‍ഷമായി നടക്കുന്നു. '98ല്‍ കേന്ദ്രനിയമം വരുന്നതിനുമുമ്പുതന്നെ വ്യക്തമായ വ്യവസ്ഥകളോടെ നടന്നുവന്നതാണ്. നാലാംവകുപ്പ് പൂഴ്ത്തിയെന്ന് പ്രചരിപ്പിക്കുന്നവര്‍ കേരള ഭാഗ്യക്കുറി നാലാംവകുപ്പിലെ 11 വ്യവസ്ഥയും പാലിക്കുന്നുണ്ടെന്ന കാര്യം മറക്കുന്നു. പതിനായിരങ്ങളുടെ ജീവിതോപാധിയും വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിനുള്ള റവന്യൂവരുമാനവുമാണ് ഹൈക്കോടതി വിധിയോടെ ഇല്ലാതാകുന്നത്.

കേരള ഭാഗ്യക്കുറിയുടെ അന്തകനല്ല ധനമന്ത്രിയും ഇടതുപക്ഷവും.ലോട്ടറിനവീകരണവും സമഗ്രക്ഷേമപദ്ധതികളും കൊണ്ടുവന്നത് തോമസ് ഐസക്കാണ്. ബോണസും പെന്‍ഷനും നല്‍കിയ മന്ത്രിയെ ആര്‍ക്കും മറക്കാനാകില്ല. മികച്ച ധനമാനേജ്‌മെന്റിലൂടെ നികുതിചോര്‍ച്ച തടയാന്‍ ഫലപ്രദമായ നടപടി സ്വീകരിക്കുകയും ഒരുദിവസംപോലും ട്രഷറി അടയ്‌ക്കാതെ സംരക്ഷിക്കുകയും എല്ലാ മേഖലയിലും വാരിക്കോരി ആനുകൂല്യം നല്‍കുകയും ചെയ്‌ത ഒരു മന്ത്രിയുടെ ചോരകുടിക്കാന്‍ ഇറങ്ങിയ യൂദാസുകളാണ് കെപിസിസി നേതൃത്വം. സംവാദത്തില്‍ ഒളിച്ചോടിയപ്പോള്‍ത്തന്നെ ഇക്കൂട്ടരുടെ രാഷ്‌ട്രീയ അജന്‍ഡ കേരളീയര്‍ക്ക് മനസ്സിലായി.

യൂദാസുകളെക്കുറിച്ച് പറഞ്ഞപ്പോള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത് ഐസക്കിന് പിന്തുണയുമായി ജയരാജന്‍ എന്നായിരുന്നു. ഇപ്പോള്‍ പറയുന്നു കണ്ണൂര്‍ ലോബി ഐസക്കിനെതിരാണെന്നും മുഖ്യമന്ത്രി ഐസക്കിനെ വെട്ടിവീഴ്ത്തിയെന്നും ഐസക്കിനെ സഹായിക്കാന്‍ ആരുമില്ലെന്നുമാണ്. ഇത്തരം പരസ്‌പരവിരുദ്ധമായ വാര്‍ത്തകള്‍ നല്‍കി മലയാളികളായ വായനക്കാരെ മന്ദബുദ്ധികളാക്കുന്ന രീതിപോലും മുഖ്യധാരാ മാധ്യമങ്ങള്‍ സ്വീകരിക്കുന്നു.

ലോട്ടറിയുടെ വിഷയത്തില്‍ ധനമന്ത്രിയോ മുഖ്യമന്ത്രിയോ ഇടതുപക്ഷ സര്‍ക്കാരോ തമ്മില്‍ വൈരുധ്യമേയില്ല. തുടര്‍ച്ചയായി ധനമന്ത്രിയെ വേട്ടയാടുമ്പോള്‍ നിയമവിരുദ്ധ അന്യസംസ്ഥാന ലോട്ടറിക്കാരുടെ പേരില്‍ നടപടി എടുക്കേണ്ടുന്ന കേന്ദ്രം നടപടി എടുക്കാതിരിക്കുമ്പോള്‍ സംസ്ഥാനത്തിന് ആകെചെയ്യാന്‍ കഴിയുന്നത് നിയമപ്രകാരം കേരള ഭാഗ്യക്കുറി നിരോധിച്ചാല്‍മാത്രമേ അന്യസംസ്ഥാന ലോട്ടറി നിരോധിക്കാന്‍ കഴിയൂവെന്ന ബിആര്‍ എന്റര്‍പ്രൈസസ് കേസിലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടുകമാത്രമാണ് ഐസക് ചെയ്‌തത്.

2005ല്‍ യുഡിഎഫ് ചെയ്‌തതുപോലെ കേരള ഭാഗ്യക്കുറി നിരോധിക്കാനല്ല നവീകരിച്ച് ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍. കേരള പേപ്പര്‍ ലോട്ടറി നികുതി നിയമത്തിന് ഭേദഗതി വരുത്താന്‍ ഒരു നിര്‍ദേശം ധനവകുപ്പ് മുന്നോട്ടുവച്ചു. നിലവിലുള്ള നികുതി ഏഴുലക്ഷം 25 ലക്ഷമായും 17 ലക്ഷം 50 ലക്ഷമായും ഉയര്‍ത്താനാണ് നിര്‍ദേശം. ആ ഫയലില്‍ മുഖ്യമന്ത്രി വിലപ്പെട്ട ഒരു അഭിപ്രായം രേഖപ്പെടുത്തി. കേന്ദ്രനിയമത്തിലെ നാലാംവകുപ്പിലെ വ്യവസ്ഥകള്‍ പാലിക്കാത്ത അന്യസംസ്ഥാന ലോട്ടറിയുടെ നികുതി സ്വീകരിക്കില്ലെന്ന്. പ്രസ്‌തുത ഫയല്‍ ധനമന്ത്രിയുടെ അടുത്തെത്തിയ ദിവസംതന്നെ ഒരു നിമിഷം വൈകാതെ സമ്മതിച്ചുവെന്നും ഓര്‍ഡിനന്‍സ് ഇറക്കാന്‍ ആവശ്യമായ നടപടികള്‍ മുഖ്യമന്ത്രി സ്വീകരിക്കണമെന്ന് രേഖപ്പെടുത്തുകയും ഫയല്‍ മുഖ്യമന്ത്രിക്ക് അയക്കുകയും ചെയ്‌തു.

വസ്‌തുത ഇതായിരിക്കെയാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും തമ്മില്‍ രൂക്ഷമായ അഭിപ്രായവ്യത്യാസമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ നീചമായ ശ്രമം നടത്തി. കുറുക്കന്റെ ബുദ്ധിയോടെ ഇത്തരം പ്രചാരണം നടത്തുന്നവര്‍ക്ക് ചുട്ടമറുപടിയായിരിക്കും സെപ്‌തംബര്‍ പത്തിന് എറണാകുളത്ത് നടക്കുന്ന കേരള ഭാഗ്യക്കുറി സംരക്ഷണ കൺവന്‍ഷന്‍.

ദുരിതത്തിലായ ലോട്ടറിത്തൊഴിലാളികള്‍ക്ക് സൌജന്യ റേഷന്‍ നല്‍കണം. രണ്ടു രൂപ അരി പദ്ധതിയില്‍ ക്ഷേമനിധി അംഗങ്ങളെ ഉള്‍പ്പെടുത്തിയ മന്ത്രിസഭാതീരുമാനം സ്വാഗതാര്‍ഹമാണ്. അതോടൊപ്പം സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലും ഈ വിഭാഗത്തെ ഉള്‍പ്പെടുത്തണം. ടിക്കറ്റ് വായ്‌പ പദ്ധതി, വില്‍പ്പന കമീഷനും സമ്മാന കമീഷനും വര്‍ധിപ്പിക്കുക, സബ് ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കുംകൂടി സമ്മാന കമീഷന്‍ നല്‍കുക, ചെറുകിടക്കാര്‍ക്ക് വര്‍ധിക്കുംവിധത്തില്‍ കമീഷന്‍ ഘടന പരിഷ്‌ക്കരിക്കുക എന്നിങ്ങനെയുള്ള നടപടികള്‍കൂടി സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി സ്വീകരിക്കേണ്ടിയിരിക്കുന്നു.

*****

എം വി ജയരാജന്‍

മാമ്മന്‍ മാത്യുവിനോട് പറയാനുളളത്

'ധര്‍മോസ്‌മദ് കുലദൈവതം' എന്ന ആപ്‌തവാക്യത്തെ 'ധര്‍മത്തെ ഞാന്‍ സദാ കൊല ചെയ്‌തുകൊണ്ടിരിക്കുന്നു' എന്ന് ഏതോ സരസന്‍ വി കെ എന്‍ ശൈലിയില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. സ്വന്തം തലക്കുറിയുടെ ഈ വ്യാഖ്യാനത്തെ ഒന്നാന്തരം 'ക്വാട്ടബിള്‍ ക്വാട്ടാ'ക്കി വളര്‍ത്തുകയാണ് മലയാളമനോരമ. തമസ്‌ക്കരണം, വളച്ചൊടിക്കല്‍, വക്രീകരണം തുടങ്ങി പ്രചാരവേലയുടെ സകല അടവും പയറ്റുന്നതാണ് ലോട്ടറിവിവാദം സംബന്ധിച്ച മനോരമ വാര്‍ത്തകള്‍.

അന്യസംസ്ഥാന ലോട്ടറിമാഫിയയുടെ നിയമലംഘനത്തെക്കുറിച്ച് ആറുവര്‍ഷത്തോളമായി കേന്ദ്രത്തിനുമുന്നില്‍ കെട്ടിക്കിടക്കുന്ന നിവേദനങ്ങളും ആവശ്യങ്ങളും പരിദേവനങ്ങളും കാണാതെയാണ് മലയാളമനോരമ ലോട്ടറിപരമ്പര എഴുതിയത്. എ കെ ആന്റണിയുടെ കാലത്ത് ഉദ്യോഗസ്ഥതലത്തില്‍ അയച്ച റിപ്പോര്‍ട്ടുകള്‍, മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടി നടത്തിയ ഓര്‍മപ്പെടുത്തലുകള്‍ ഇവയൊന്നും പരമ്പരയെഴുത്തുകാര്‍ അറിഞ്ഞില്ല. നാലാംവകുപ്പ് ലംഘനത്തിനെതിരെ നടപടി സ്വീകരിക്കാനുള്ള അവകാശം കേന്ദ്രസര്‍ക്കാരിനാണെന്ന് വ്യക്തമാക്കുന്ന എണ്ണമറ്റ കോടതിയുത്തരവുകള്‍ വായിച്ചുനോക്കാനും കോയമ്പത്തൂര്‍- സിക്കിം റൂട്ടില്‍ സര്‍ക്കീട്ടിനിറങ്ങിയ മനോരമയിലെ അപസര്‍പ്പകര്‍ ശ്രമിച്ചില്ല. ഇവയൊക്കെ തമസ്‌ക്കരിച്ച് അവര്‍ സംസ്ഥാന സര്‍ക്കാരിനോട് നിരന്തരം ചോദ്യം ചോദിച്ചുകൊണ്ടേയിരുന്നു.

വിജിലന്‍സ് അന്വേഷണറിപ്പോര്‍ട്ട് കൈയില്‍ കിട്ടി ആഴ്‌ചകള്‍ക്കകം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അത് കേന്ദ്രസര്‍ക്കാരിന് അയച്ചിട്ടും ഈ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചെന്ന പച്ചക്കള്ളം മനോരമ അച്ചടിച്ചുവച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്യസംസ്ഥാനലോട്ടറികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയ വിവരം പരമ്പരയിലെങ്ങുമില്ല. അതിനെതിരെ സമര്‍പ്പിച്ച കേസില്‍ കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായത്തില്‍ വിജിലന്‍സ് അന്വേഷണറിപ്പോര്‍ട്ടിനെക്കുറിച്ച് സൂചിപ്പിക്കുന്ന ഭാഗങ്ങളുടെ നേര്‍ക്ക് പരമ്പരയെഴുത്തുകാര്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. ഈ റിപ്പോര്‍ട്ടിന്മേല്‍ നടപടി സ്വീകരിക്കാതിരിക്കുന്നത് ഖേദകരമാണെന്ന് തുറന്നടിക്കുന്ന സര്‍വകക്ഷിസംഘത്തിന്റെ നിവേദനത്തില്‍ ഉമ്മന്‍ചാണ്ടിയും ഒപ്പിട്ടെന്ന വസ്‌തുതയും മനോരമ തമസ്‌ക്കരിച്ചു. യഥാസമയം കോടതിയിലും കേന്ദ്രസര്‍ക്കാരിനുമുന്നിലും ഹാജരാക്കിയ ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവച്ചെന്ന് അച്ചടിക്കാന്‍ ഒരു മനസ്സാക്ഷിക്കുത്തും മനോരമയ്‌ക്കുണ്ടായില്ല.

ഓര്‍ഡിനന്‍സ് വിവാദത്തിന്റെ തിരക്കഥ "ഐസക് പ്രതിരോധത്തില്‍, ലോട്ടറി നികുതി ഓര്‍ഡിനന്‍സ് വെട്ടിയത് വി എസ്, പാര്‍ട്ടി പിന്തുണച്ചില്ല, വി എസും'' എന്ന അതിഭയങ്കര വെളിപ്പെടുത്തലുമായാണ് സെപ്‌തംബര്‍ നാലിലെ മനോരമ പുറത്തിറങ്ങിയത്. സാധാരണ നറുക്കിന് ഏഴില്‍നിന്ന് 25 ലക്ഷമായും ബമ്പറിന് 17 ലക്ഷത്തില്‍നിന്ന് 50 ലക്ഷമായും നികുതി ഉയര്‍ത്തുന്ന ഓര്‍ഡിനന്‍സിന്റെ ഫയലില്‍ മുഖ്യമന്ത്രി എഴുതിയ ഒരു കുറിപ്പിനെയാണ് മനോരമയിലെ ഭാവനാശാലി ഇങ്ങനെ വളച്ചൊടിച്ചത്. സിപിഐ എം അധികാരത്തിലിരിക്കുമ്പോള്‍ പാര്‍ടി അറിയാതെ ഇത്തരമൊരു ഓര്‍ഡിനന്‍സിനെക്കുറിച്ച് ആലോചന നടക്കുമെന്ന് വിശ്വസിക്കുന്നവരെയാണോ മനോരമ രാഷ്‌ട്രീയ റിപ്പോര്‍ട്ടിങ്ങിന് നിയോഗിക്കുന്നത് എന്ന ചോദ്യം അവിടെ നില്‍ക്കട്ടെ.

ഓരോതവണ നികുതി അടയ്‌ക്കുമ്പോഴും കൂടുതല്‍ വിശദമായ സ്റേറ്റ്മെന്റ് വേണമെന്നും നാലാംവകുപ്പ് ലംഘനമില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റ് നിഷ്‌ക്കര്‍ഷിക്കണമെന്നുമൊക്കെയുള്ള നിബന്ധനങ്ങള്‍ അടങ്ങുന്നതാണ് ഓര്‍ഡിനന്‍സ്. നികുതി കൊടുക്കുന്നവര്‍ നാലാംവകുപ്പിലെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഒരു ഉപവകുപ്പുകൂടി ചേര്‍ക്കണമെന്ന് ഓര്‍ഡിനന്‍സിനുള്ള ഫയലില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഫയല്‍ വന്നയുടനെതന്നെ ഇത് അംഗീകരിച്ച് ഫയല്‍ നിയമവകുപ്പിന്റെ പരിശോധനയ്‌ക്ക് മുഖ്യമന്ത്രിവഴിതന്നെ അയക്കുകയും ചെയ്‌തു. ഈ നിര്‍ദേശത്തോടൊന്നും ആര്‍ക്കും ഒരെതിരഭിപ്രായവുമില്ല. മാത്രവുമല്ല നാലാംവകുപ്പ് നിബന്ധനകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ലോട്ടറി എന്നാണ് കേരളത്തിന്റെ നിയമത്തില്‍ പേപ്പര്‍ലോട്ടറിയെ നിര്‍വചിച്ചിരിക്കുന്നതുതന്നെ. വളരെ സ്‌പഷ്ടമായി നിയമത്തില്‍ എഴുതിയിരിക്കുന്ന കാര്യത്തെക്കുറിച്ച് ഒരു തര്‍ക്കവും ഉണ്ടാകേണ്ട കാര്യമില്ല.

ഒരു വിവാദത്തിനും അടിസ്ഥാനമില്ലാത്ത ഇക്കാര്യം വിവാദമാക്കി മാറ്റിയത് കേരളകൌമുദി കുടുംബത്തിലെ ഫ്ളാഷ് എന്ന ഉച്ചപ്പത്രത്തില്‍ ഇക്കഴിഞ്ഞ മൂന്നിന് പ്രത്യക്ഷപ്പെട്ട വാര്‍ത്തയാണ്. പ്ളാന്റ് ചെയ്യപ്പെട്ട ഈ വാര്‍ത്തയാണ് മനോരമയുടെ തലക്കെട്ടായത്. വിചിത്രമായ വാദങ്ങളാണ് വാര്‍ത്തയിലാകെ. ഓര്‍ഡിനന്‍സ് അതേപടി ഇറങ്ങിയിരുന്നെങ്കില്‍ അന്യസംസ്ഥാന ലോട്ടറിക്കാരില്‍നിന്ന് നികുതി വാങ്ങേണ്ടി വരുമായിരുന്നത്രേ! മുഖ്യമന്ത്രിയുടെ സന്ദര്‍ഭോചിതമായ ഇടപെടലിലൂടെ ഈ ഗൂഢാലോചന തകര്‍ന്നുപോലും. ഇത്തരം വ്യാഖ്യാനങ്ങള്‍ പത്രത്തിന് നല്‍കുന്നത് ആരാണെന്ന് പത്രാധിപര്‍ അന്വേഷിക്കുന്നത് നന്ന്. "വി എസ് ചേര്‍ത്ത വകുപ്പ് മുക്കാന്‍ മുമ്പും ശ്രമം. ഭേദഗതി വന്നാല്‍ ഗുണം സര്‍ക്കാര്‍ലോട്ടറിക്ക് '' എന്നായി സെപ്‌തംബര്‍ അഞ്ചിന് മനോരമ. "സിക്കിം ഭൂട്ടാന്‍ തടയപ്പെടും'' ഇതിന് ടിക്കര്‍ ബോക്‌സില്‍ വിശദീകരണവും.

കേന്ദ്ര ലോട്ടറിനിയമത്തിന്റെ നാലാംവകുപ്പിന്റെ ലംഘനമുണ്ടായാല്‍ നടപടിയെടുക്കാന്‍ സംസ്ഥാനത്തിന് അവകാശമില്ലെന്നും അതുകൊണ്ട് കേന്ദ്രം നടപടിയെടുക്കണമെന്നും ചൂണ്ടിക്കാട്ടി എത്രയോ കത്ത് മുഖ്യമന്ത്രിതന്നെ അയച്ചിട്ടുണ്ട്. സര്‍വകക്ഷി നിവേദനത്തിലും ഇക്കാര്യം അടിവരയിട്ട് ആവര്‍ത്തിക്കുന്നുണ്ട്. കൺമുന്നില്‍ കിടക്കുന്ന ഇത്തരം രേഖകളൊക്കെ അവഗണിച്ചാണ് ഈ തിരുമണ്ടന്‍ വ്യാഖ്യാനം മനോരമ ഒന്നാംപേജില്‍ തട്ടിവിട്ടത്.

തങ്ങളുടെ വാര്‍ത്താവിശകലനങ്ങളും വ്യാഖ്യാനങ്ങളും മണ്ടത്തരങ്ങളാകുന്നതില്‍ പത്രത്തിനോ അതെഴുതുന്ന ലേഖകര്‍ക്കോ നാണക്കേട് തോന്നുന്നില്ലെങ്കിലും ലോട്ടറിനിയമത്തെക്കുറിച്ച് സാമാന്യവിവരമുള്ളവരെ ലജ്ജിപ്പിക്കുന്നുണ്ട്. നിയമലംഘനത്തിനെതിരെ നടപടിയെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് എന്തെങ്കിലും അവകാശമുണ്ടെന്ന് വ്യാഖ്യാനിക്കാവുന്ന പഴുതുപോലും കേന്ദ്രനിയമത്തില്‍ ഇല്ലെന്ന് ഉറപ്പുവരുത്തുന്ന പുതിയ കേന്ദ്ര ലോട്ടറിചട്ടങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് മനോരമയുടെ ഭാവനാവിലാസങ്ങള്‍. ആ ചട്ടങ്ങളെ കോടതിയില്‍ ചോദ്യംചെയ്യുന്നത് വലിയൊരു പാതകമാണെന്നാണ് മനോരമയുടെ വ്യാഖ്യാനം.

ഈ ഓര്‍ഡിനന്‍സ് വിവാദതിരക്കഥയുടെ അടുത്ത അങ്കമെന്തെന്ന് ഇപ്പോഴേ പറഞ്ഞേക്കാം. അന്യസംസ്ഥാന ലോട്ടറി ഏജന്റുമാര്‍ സെക്ഷന്‍ 4 ലംഘനം നടത്തുന്നുവെന്ന് ആരോപിച്ച് അവരുടെ നികുതി നിരസിച്ചതിനെതിരെ കോടതിയില്‍ കേസ് നിലവിലുണ്ട്. കേസിലെ വിധി സര്‍ക്കാരിന് എതിരായാല്‍, ഓര്‍ഡിനന്‍സ് വൈകിയതുകൊണ്ടാണ് അത്തരമൊരു വിധി വന്നതെന്ന് പ്രചരിപ്പിക്കാനുള്ള അരങ്ങൊരുക്കലാണ് ഇപ്പോഴത്തെ കഥകള്‍ (അങ്ങനെയൊരു വ്യാഖ്യാനവുമായി മാതൃഭൂമി ഇക്കഴിഞ്ഞ ദിവസം രംഗപ്രവേശം ചെയ്‌തിട്ടുണ്ട്). നടപടിക്രമം പാലിച്ച് ഓര്‍ഡിനന്‍സ് പുറത്തിറങ്ങാന്‍ സ്വാഭാവികമായും വേണ്ടിവരുന്ന കാലയളവിനെ, ബോധപൂര്‍വമായ വൈകിക്കലായി വ്യാഖ്യാനിക്കുന്ന തിരക്കഥയും അണിയറയില്‍ തയ്യാറായിട്ടുണ്ട്.

പത്രപ്രവര്‍ത്തനമെന്നാല്‍ ഉപജാപമാണെന്ന് കരുതുന്ന മാധ്യമപ്രവര്‍ത്തകരുടെ ഒരു തലമുറ നമ്മുടെ സംസ്ഥാനത്തുണ്ട്. വരദാചാരിയുടെ തല, കാണാതെ പോയ സെക്രട്ടറിയറ്റ് ഫയലുകള്‍ തുടങ്ങിയ പച്ചക്കള്ളങ്ങള്‍ സൃഷ്‌ടിച്ച് ലാവ്‌ലിന്‍ കേസില്‍ പരമ്പര എഴുതിയ 'പ്രഗത്ഭമതികള്‍' ഇന്നും മനോരമയിലുമുണ്ട്. പച്ചനുണകള്‍ ബൈലൈന്‍ സഹിതം പ്രസിദ്ധീകരിക്കാനുള്ള ഉളുപ്പില്ലായ്‌മ തെളിയിക്കുന്നത് ഒന്നേയുള്ളൂ, മടങ്ങിവരാനാകാത്തവിധം, അധഃപതനത്തിന്റെ പാതാളത്തിലേക്ക് അവര്‍ താണുപോയിരിക്കുന്നു.

(ലോട്ടറിവിവാദം- മറ്റൊരു ചൂതാട്ടം എന്ന പുസ്തകത്തിലെ ഒരധ്യായത്തില്‍നിന്ന്)

*****

ഡോ. ടി എം തോമസ് ഐസക്

Monday, August 30, 2010

യുഡിഎഫും മാധ്യമങ്ങളും ആടിനെ പട്ടിയാക്കുന്നു

ഭരണഘടനയില്‍ കേന്ദ്രവിഷയമാണ് ലോട്ടറി. കേന്ദ്രസര്‍ക്കാരിന്റെ 98 ലെ ലോട്ടറി നിയന്ത്രണനിയമവും 2010 ലെ ചട്ടവും അനുസരിച്ചാണ് ഭാഗ്യക്കുറി നടത്തുന്ന 13 സംസ്ഥാനങ്ങളും പ്രവര്‍ത്തിക്കേണ്ടത്. 1967 ല്‍ ആരംഭിച്ച കേരള ഭാഗ്യക്കുറി എല്ലാ നിയമവ്യവസ്ഥകളും പാലിക്കുന്നുണ്ട്. കേന്ദ്രനിയമം വരുന്നതിനു മുമ്പുതന്നെ വ്യക്തമായ വ്യവസ്ഥകളോടെ സര്‍ക്കാര്‍ മേല്‍നോട്ടത്തിലാണ് നടത്തിവന്നത്. തുടക്കത്തില്‍ 20 ലക്ഷവും കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് 125 കോടിയും ഇപ്പോള്‍ 625 കോടിയുമാണ് പ്രതിവര്‍ഷ വിറ്റുവരവ്.

കേരള ഭാഗ്യക്കുറിയെ തകര്‍ക്കാന്‍ പല ശ്രമങ്ങളുമുണ്ടായിട്ടുണ്ട്. അതൊന്നും വിജയിച്ചില്ല. 2005 ല്‍ യുഡിഎഫ് സര്‍ക്കാര്‍ നിരോധിക്കുകപോലും ചെയ്‌തു. വികലാംഗരടക്കമുള്ള പതിനായിരങ്ങളുടെ ഉപജീവനമാര്‍ഗവും വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഖജനാവിലേക്ക് പണം നല്‍കുന്നതുമായ കേരള ഭാഗ്യക്കുറി നിരോധനത്തിനെതിരെ ജനങ്ങളാകെ രംഗത്തിറങ്ങി. നിരോധനം പിന്‍വലിക്കേണ്ടി വന്നു. ഓൺലൈൻ ലോട്ടറി കൊണ്ടുവരാനായിരുന്നു അന്ന് പേപ്പര്‍ ലോട്ടറി നിരോധിച്ചതെന്നു പിന്നീടുള്ള അനുഭവങ്ങള്‍ തെളിയിച്ചു. ഇപ്പോള്‍ യുഡിഎഫ് ഉയര്‍ത്തിക്കൊണ്ടുവന്ന ലോട്ടറി വിവാദവും അതിനുവേണ്ടിയാണ്. ഈ സമീപനമല്ല ഇടതുപക്ഷവും ലോട്ടറി മേഖലയിലെ ട്രേഡ് യൂണിയനുകളും സ്വീകരിച്ചത്. ഓൺലൈൻ ലോട്ടറി നിരോധിക്കണം, നിയമവിധേയ പേപ്പര്‍ ലോട്ടറി സംരക്ഷിക്കണം, നിയമവിരുദ്ധ അന്യസംസ്ഥാന ലോട്ടറിയുടെമേല്‍ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കണം തുടങ്ങിയ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇടതുപക്ഷം പ്രവര്‍ത്തിച്ചത്.

2006 ല്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നശേഷം കേരള ഭാഗ്യക്കുറി നവീകരിച്ച് സമഗ്രമായ ക്ഷേമനിധി നിയമം കൊണ്ടുവന്നു. യുഡിഎഫ് കാലത്ത് കടം കയറി ലോട്ടറി തൊഴിലാളികള്‍ ആത്മഹത്യ ചെയ്യേണ്ടിവന്നെങ്കില്‍ എല്‍ഡിഎഫ് ഭരണകാലത്ത് ബോണസും പെന്‍ഷനും ചികിത്സാധന സഹായവും ഉള്‍പ്പെടെയുള്ള 13 ആനുകൂല്യങ്ങള്‍ അവര്‍ക്ക് ലഭിക്കുന്നു.

അന്യസംസ്ഥാന ലോട്ടറികള്‍ പലതും ചൂതാട്ട രീതിയിലാണ് നടത്തുന്നത്. തൊഴിലാളികള്‍ക്ക് നല്‍കുന്നത് തുച്ഛമായ കമീഷന്‍ മാത്രം. കേരള ഭാഗ്യക്കുറിയുടെ 10 രൂപ ടിക്കറ്റ് വിറ്റാല്‍ 3 രൂപ ശരാശരി കിട്ടുമെങ്കില്‍ അന്യസംസ്ഥാന ലോട്ടറി വിറ്റാല്‍ 1 രൂപ പോലും കിട്ടില്ല. എല്‍ഡിഎഫ് അധികാരത്തില്‍ വന്നശേഷം കേരള ഭാഗ്യക്കുറിയിലൂടെ സര്‍ക്കാര്‍ ഖജനാവിലേക്ക് പ്രതിവര്‍ഷം 150 കോടി എത്തുന്നു. പിന്നെ എന്തിന് ഇടതുപക്ഷം അന്യസംസ്ഥാന ലോട്ടറിയെ പ്രോത്സാഹിപ്പിക്കണം? സംസ്ഥാനത്തിന്റെ പൊതുതാല്‍പ്പര്യം നിയമവിരുദ്ധ അന്യസംസ്ഥാന ലോട്ടറികള്‍ നിരോധിക്കണമെന്നാണ്. കര്‍ണാടകത്തിലെ രാത്രികാല ഗതാഗത നിരോധനത്തിനെതിരായി കേരളത്തില്‍ ഓടുന്ന കര്‍ണാടക ബസുകള്‍ നിരോധിക്കാന്‍ നമുക്ക് കഴിയാത്തതുപോലെ സുവ്യക്തമായ കാര്യമാണ് അന്യ സംസ്ഥാന ലോട്ടറി നിരോധിക്കാന്‍ നമുക്ക് അധികാരമില്ലെന്നത്. ഈ യാഥാര്‍ഥ്യം പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിപോലും അംഗീകരിച്ചതാണ്. അന്തര്‍സംസ്ഥാന ബന്ധങ്ങളുടെയും രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെയും കരാറിന്റെയും കേന്ദ്രനിയമങ്ങളുടെയും പ്രശ്‌നമാണിത്. അധികാരം മുഴുവന്‍ കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാണ്. അതുകൊണ്ടാണ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്യസംസ്ഥാന ലോട്ടറികളുടെ നിയമലംഘനത്തിനെതിരെ നടപടി സ്വീകരിക്കാന്‍ കഴിയാതിരുന്നത്.

അന്യസംസ്ഥാന ലോട്ടറി ക്രമക്കേടുമായി ബന്ധപ്പെട്ട് യുഡിഎഫും എല്‍ഡിഎഫും ഭരിക്കുമ്പോള്‍ 14 കത്തുകള്‍ കേന്ദ്രത്തിനയച്ചിട്ടുണ്ട്. കേന്ദ്രം ഒന്നും ചെയ്‌തില്ല. കാരണം ലോട്ടറി മാഫിയത്തലവന്‍ മണികുമാര്‍ സുബ്ബ കോൺഗ്രസ്എംപിയും എഐസിസി അംഗവുമാണ്. 25,000 കോടി രൂപ നികുതി വെട്ടിപ്പ് മേഘാലയയിലും നാഗാലാന്‍ഡിലും നടന്നതിനെക്കുറിച്ച് തെഹല്‍ക പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോര്‍ട്ടില്‍ മണികുമാര്‍ സുബ്ബയുടെ എംഎസ് അസോസിയേറ്റ്സ് നികുതിവെട്ടിപ്പിനു പുറമെ 5000 കോടി രൂപ സമ്മാനത്തുകയും കൊടുക്കാതിരുന്നതായി ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയതായി പറയുന്നു. (2010 ഫെബ്രുവരി 13, വോള്യം 7. 6-ാം പതിപ്പ്). ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതി കേസുകളിലൊന്നായ ഇതിന്റെ ഗതിയെന്തായി എന്ന് ഉമ്മന്‍ചാണ്ടി വിശദീകരിക്കണം.

നിരവധി ലോട്ടറി തട്ടിപ്പു കേസുകളില്‍ പ്രതിയായ സുബ്ബയെ തെഹല്‍ക വിശേഷിപ്പിക്കുന്നത് ‘'പാസ്‌റ്റ്മാസ്‌റ്റര്‍'’എന്നാണ്. മാര്‍ട്ടിനും കോൺഗ്രസുമായി അടുത്ത ബന്ധമുണ്ട്. കോൺഗ്രസ് നേതാവും എംപിയുമായ ജെ എം അരുൺ ‘ലിബ്രാസ് ’ എന്ന പ്രമുഖ ലോട്ടറി സ്ഥാപനത്തിന്റെ ഉടമയാണ്. കോൺഗ്രസ് നേതാക്കളും അവരുടെ ദത്തുപുത്രന്മാരുമാണ് അന്യസംസ്ഥാന ലോട്ടറി മുതലാളിമാരില്‍ പ്രമുഖരെന്ന് ഇതില്‍നിന്ന് വ്യക്തം. നിയമവിരുദ്ധമായി ലോട്ടറി വില്‍പ്പന നടക്കുന്ന യുപിഎ ഘടകകക്ഷി ഭരിക്കുന്ന തമിഴ്‌നാട്ടിലും ബിജെപി ഭരിക്കുന്ന കര്‍ണാടകത്തിലും കോൺഗ്രസ് ഭരിക്കുന്ന ആന്ധ്രയിലും റെയ്‌ഡ് പോലും നടത്താന്‍ കഴിയാത്തതെന്തേ?

യുഡിഎഫ് ഭരണകാലത്ത് അന്യസംസ്ഥാന ലോട്ടറിയുടെമേല്‍ നടപടി സ്വീകരിക്കില്ലെന്നു സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഈ പ്രശ്‌നം സഭയില്‍ പ്രതിപക്ഷം ഉന്നയിച്ചപ്പോള്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നായിരുന്നു അന്നത്തെ ധനമന്ത്രി വക്കം പുരുഷോത്തമന്റെ മറുപടി. ഇപ്പോള്‍ തോമസ് ഐസക്കിനെതിരെ ആക്ഷേപമുന്നയിച്ചവര്‍ ഇതോര്‍ക്കുന്നത് നന്നായിരിക്കും. ലോട്ടറി വീണ്ടും വിവാദമായപ്പോള്‍ 2009 ആഗസ്‌ത് 8 ന് മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗതീരുമാനങ്ങള്‍ ഇവയാണ്.

1)“ഓൺലൈൻ ലോട്ടറി ഒരു രൂപത്തിലും അനുവദിക്കരുത്. 2)സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഓൺലൈൻ ലോട്ടറി നിരോധനം തുടരാന്‍ സാഹചര്യം ഉണ്ടാക്കണം.
3) ഓൺലൈൻ ലോട്ടറി നിരോധനത്തെ പിന്തുണച്ചുകൊണ്ടുള്ള നിലപാട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിക്കണം.
4) ലോട്ടറി നിയന്ത്രണ നിയമത്തിലെ 6-ാം വകുപ്പ് പ്രകാരമുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കണം.

എല്ലാവരും അംഗീകരിച്ച ഈ തീരുമാനം നിവേദനമായി പ്രധാനമന്ത്രിക്കും ബന്ധപ്പെട്ട അധികാരികള്‍ക്കും അയച്ചുകൊടുത്തു. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ 2010 ഏപ്രില്‍ 1 മുതല്‍ ഓൺലൈൻ ലോട്ടറിയെന്ന ചൂതാട്ടം നിയമവിധേയമാക്കുകയാണ് ചെയ്‌തത്. പിന്നീട് സര്‍വകക്ഷി എംപിമാരുടെ സംഘം ആഭ്യന്തരമന്ത്രി പി ചിദംബരത്തെ കണ്ട് ഓൺലൈൻ ലോട്ടറി നിരോധിക്കുന്നതുള്‍പ്പെടെ മൂന്ന് ആവശ്യങ്ങള്‍ ഉന്നയിച്ചു. ഇതിനും കേന്ദ്രം പുല്ലുവില കല്‍പ്പിച്ചില്ല. നിയമവിരുദ്ധ അന്യസംസ്ഥാന ലോട്ടറിയുടെമേല്‍ നടപടിയെടുക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്നറിയാവുന്നതു കൊണ്ടാണല്ലോ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി മുതല്‍ ഐഎന്‍ടിയുസി നേതാവ് ഫിലിപ്പ് ജോസഫ് വരെ ഒപ്പിട്ട നിവേദനം കേന്ദ്രത്തിന് നല്‍കിയത്. ഇനിയെങ്കിലും സ്വന്തം മനഃസാക്ഷിയെ വഞ്ചിച്ചുള്ള പ്രതിപക്ഷത്തിന്റെ കള്ളക്കളി അവസാനിപ്പിച്ചുകൂടേ.

2010 ലെ കരട് ലോട്ടറി ചട്ടത്തിന്റെ 6-ാം വകുപ്പ് പ്രകാരം അന്യസംസ്ഥാന ലോട്ടറി ക്രമക്കേടിന്മേല്‍ നടപടി സ്വീകരിക്കാന്‍, വേണമെങ്കില്‍ നിരോധിക്കാന്‍ വ്യവസ്ഥ ചെയ്‌തിരുന്നു. എന്നാല്‍, ലോട്ടറി മാഫിയ ഇടപെട്ടതിനെത്തുടര്‍ന്ന് വ്യവസ്ഥ ഗസറ്റില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ കാണാതായി. ചട്ടത്തിലെ 5-ാം വകുപ്പ് പ്രകാരം നിയമലംഘനത്തിനെതിരെ കത്തെഴുതാന്‍ മാത്രമേ സംസ്ഥാന സര്‍ക്കാരിന് അധികാരമുള്ളൂ. 5(4) പ്രകാരമാവട്ടെ കേന്ദ്രത്തിന് മാത്രമേ നടപടി എടുക്കാന്‍ അധികാരമുള്ളൂ. കേന്ദ്രസര്‍ക്കാരില്‍ ഉമ്മന്‍ചാണ്ടിക്കാണോ മാര്‍ട്ടിനാണോ കൂടുതല്‍ സ്വാധീനം. ഉമ്മന്‍ചാണ്ടിക്കാണെങ്കില്‍ സംസ്ഥാനത്തിന് അധികാരം നല്‍കുകയോ കേന്ദ്രംതന്നെ മാര്‍ട്ടിന്‍ ലോട്ടറി നിരോധിക്കുകയോ വേണം.

2005-ല്‍ കേരളഭാഗ്യക്കുറി നിരോധിച്ച് തൊഴിലാളികളെ ആത്മഹത്യയിലേക്ക് നയിച്ചവരെ ആരും മറന്നിട്ടില്ല. കേരള ഭാഗ്യക്കുറി സംരക്ഷിക്കുകയും നിയമവിരുദ്ധ അന്യസംസ്ഥാന ലോട്ടറികളും ഓൺലൈൻ ലോട്ടറികളും നിരോധിക്കുകയുമാണ് വേണ്ടത്. അതിനായി മാര്‍ട്ടിന്മാരെയും സുബ്ബമാരെയും വിലങ്ങ് വയ്‌ക്കാനുള്ള നിയമം കേന്ദ്രം കൊണ്ടുവരിക തന്നെ വേണം.

മാര്‍ട്ടിന് കേരളത്തില്‍ വ്യാപാരം നടത്താന്‍ രജിസ്‌ട്രേഷന്‍ നല്‍കിയത് യുഡിഎഫ് ഭരിക്കുമ്പോഴാണ്. മാര്‍ട്ടിനോട് പ്രിയമില്ലെങ്കില്‍ നിയമം കൊണ്ടുവരാതിരിക്കാനും അന്യ സംസ്ഥാന ലോട്ടറി കേരളത്തില്‍ നിരോധിക്കാനും യുഡിഎഫിന് കഴിയുമായിരുന്നില്ലേ? അന്ന് 5 സംസ്ഥാനങ്ങളിലെ ലോട്ടറി കേരളത്തില്‍ നടത്തിയിരുന്നു. ഇപ്പോള്‍ രണ്ട് മാത്രം. ഉമ്മന്‍ചാണ്ടി കൊണ്ടുവന്ന നികുതി നിയമത്തില്‍ 2 ലക്ഷം രൂപയായിരുന്നു പ്രതിദിന നറുക്കെടുപ്പ് നികുതി. അത് 7 ലക്ഷം രൂപയായി എല്‍ഡിഎഫ് വര്‍ധിപ്പിച്ചു. ഭൂട്ടാന്‍ ലോട്ടറി ഇന്ത്യയില്‍ നടത്താന്‍ അനുമതി നല്‍കുന്നത് രണ്ട് രാജ്യവും തമ്മില്‍ കരാറുണ്ടാക്കിയതിനെ തുടര്‍ന്നാണ്. നിയമലംഘനം കണ്ടെത്തിയാല്‍ ലോട്ടറി വ്യാപാരം റദ്ദാക്കാന്‍ കരാറില്‍ വ്യവസ്ഥയുണ്ട്. എന്തേ ചിദംബരം റദ്ദാക്കാന്‍ നടപടി സ്വീകരിക്കാത്തത് ?

നിയമവിരുദ്ധമായ ലോട്ടറിക്കെതിരെ നിരവധി നടപടികള്‍ എല്‍ഡിഎഫ് സ്വീകരിച്ചിട്ടുണ്ട്. നിലവിലുള്ള നികുതി നിയമത്തില്‍ കേന്ദ്ര ലോട്ടറി നിയന്ത്രണ നിയമത്തിന്റെയും ചട്ടത്തിന്റെയും ലംഘനമുണ്ടായാല്‍ നികുതി സ്വീകരിക്കാതിരിക്കാന്‍ വ്യവസ്ഥ കൊണ്ടുവരാന്‍ കഴിയുമോ എന്നു പരിശോധിക്കുകയാണ് എല്‍ഡിഎഫ്. 2005ലെ ലോട്ടറി നികുതി നിയമത്തിലെ പ്രധാന ന്യൂനത പ്രൊമോട്ടര്‍ സ്റേറ്റ്മെന്റ് സമര്‍പ്പിച്ചാല്‍ സംസ്ഥാനം നികുതി സ്വീകരിക്കാന്‍ നിയമപരമായി ബാധ്യസ്ഥമാകുന്നതാണ്. ഈ പഴുതിലൂടെയാണ് മാര്‍ട്ടിന്‍ ക്രമക്കേടുകള്‍ നടത്തിയത്. പ്രൊമോട്ടറുടെ സ്റേറ്റ്മെന്റിനോടൊപ്പം സിക്കിം സര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റും ലോട്ടറി നിയന്ത്രണ നിയമത്തിലെ 4-ാം വകുപ്പിന്റെ ലംഘനമില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റും വേണമെന്നുള്ള വ്യവസ്ഥ കൊണ്ടുവന്ന് യുഡിഎഫ് നിയമത്തിലെ പഴുതുകള്‍ അടയ്‌ക്കുകയാണ് എല്‍ഡിഎഫ് ചെയ്യുന്നത്. നിയന്ത്രണങ്ങള്‍ കൊണ്ടുവരുമ്പോള്‍ സംസ്ഥാനത്തിന് അതിന് അധികാരമില്ലെന്ന് കോടതിയില്‍ പോയി ലോട്ടറി മാഫിയാ സംഘത്തിനുവേണ്ടി വാദിക്കാതിരിക്കാനെങ്കിലും നളിനി ചിദംബരത്തോടും കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകരോടും സംസ്ഥാന കോൺഗ്രസ് നേതാക്കള്‍ പറയുമോ?

ഓൺലൈൻ ചൂതാട്ടനിയമത്തിലൂടെയും നിയമലംഘനം അനുവദിക്കുകയും ചെയ്യുന്നതിലൂടെ ക്രിമിനല്‍ കുറ്റമാണ് കേന്ദ്രം ചെയ്യുന്നത്. ആടിനെ പട്ടിയാക്കുന്ന, പട്ടിയെ പേപ്പട്ടിയാക്കുന്ന പ്രചാരണ രീതിയാണ് ചില മാധ്യമങ്ങള്‍ സ്വീകരിക്കുന്നത്. കേരള ഭാഗ്യക്കുറി വില്‍പ്പന വര്‍ധിപ്പിക്കുകയാണ് അന്യസംസ്ഥാന ലോട്ടറി ചൂതാട്ടം തടയാനുള്ള പോംവഴി. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനെന്ന വിധം ലോട്ടറിയാകെ നിരോധിക്കണമെന്ന വാദം ചിലര്‍ ഉയര്‍ത്തുന്നുണ്ട്. യുഡിഎഫ് ഭരണകാലത്ത് ലോട്ടറിത്തൊഴിലാളികള്‍ ആത്മഹത്യ ചെയ്‌തത് ഇത്തരക്കാര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. സമ്പൂര്‍ണ നിരോധനമല്ല, അന്യസംസ്ഥാന ലോട്ടറി ചൂതാട്ടം അവസാനിപ്പിക്കുകയും ഓൺലൈൻ ലോട്ടറി നിരോധിക്കുകയും കേരള ഭാഗ്യക്കുറി സുതാര്യമായി എല്ലാ നിയമ വ്റ്യവസ്ഥകളും പാലിച്ച് നടത്തുകയുമാണ് വേണ്ടത്. കേരള ഭാഗ്യക്കുറി സംരക്ഷിക്കുക എന്ന മുദ്രാവാക്യം കേരളമാകെ ഏറ്റെടുക്കുക തന്നെ വേണം.

*****

എം വി ജയരാജന്‍, കടപ്പാട് : ദേശാഭിമാനി 30-08-2010

Saturday, August 28, 2010

യു.പി.എ. സര്‍ക്കാരിന്റെ നയങ്ങള്‍ നവ ഉദാരവത്ക്കരണ പ്രക്രിയയെ പരിപോഷിപ്പിക്കുന്നു

രണ്ടാമത് യു.പി.എ. സര്‍ക്കാര്‍ അതിന്റെ ഭരണത്തിന്റെ ഒരു വര്‍ഷം മെയ് 22-ന് പൂര്‍ത്തിയാക്കി. സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ഭരണനേട്ടങ്ങളെക്കുറിച്ച് വലിയ അവകാശവാദങ്ങളാണ് സര്‍ക്കാരും മുഖ്യധാരാ മാധ്യമങ്ങളും നിരത്തിയത്. എന്നാല്‍ യു.പി.എ സര്‍ക്കാരിന്റെ നയങ്ങളേയും രാഷ്‌ട്രീയത്തേയും ഒരു സൂക്‌ഷ്‌മ പരിശോധനയ്‌ക്ക് വിധേയമാക്കുകയാണെങ്കില്‍ പുത്തന്‍ സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ കൂടുതല്‍ വേഗത്തില്‍ നടപ്പിലാക്കിക്കൊണ്ട് കോണ്‍ഗ്രസ് പാര്‍ട്ടിയും ഭരണവര്‍ഗ്ഗവും രാജ്യത്തെ ജനങ്ങളുടെമേല്‍ ശക്തമായ ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണെന്ന് കാണാം.

ആഗോളവത്ക്കരണ-ഉദാരവത്ക്കരണ നയങ്ങള്‍ ഇന്‍ഡ്യയിലേയ്‌ക്ക് ഇറക്കുമതി ചെയ്യപ്പെട്ട 1991 മുതലാണ് നവ ഉദാരവത്ക്കരണ പദ്ധതി ഇന്ത്യയില്‍ കാര്യമായി നടപ്പിലാക്കുവാനാരംഭിച്ചത്. 2004-ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാപാര്‍ട്ടി പരാജയപ്പെടുകയും ഇടതുകക്ഷികളുടെ പിന്‍തുണയില്ലാതെ ആദ്യത്തെ യു.പി.എ സര്‍ക്കാരിന് ഭരിക്കുവാനാകില്ല എന്ന സ്ഥിതിവിശേഷം സംജാതമാവുകയും ചെയ്‌തപ്പോള്‍ സമ്പന്നരെ സഹായിക്കുന്നതും പാവപ്പെട്ടവരെ ദ്രോഹിക്കുന്നതുമായ നയങ്ങള്‍ പൂര്‍ണ്ണമായും നടപ്പിലാക്കുന്നതിനെ ഒരു പരിധിവരെയെങ്കിലും തടയിടുവാനായി. എന്നാല്‍ ഇടതുപക്ഷികളുടെ പിന്‍തുണയെ ആശ്രയിക്കേണ്ടതില്ലാത്തതിനാല്‍ രണ്ടാമത്തെ യു.പി.എ. സര്‍ക്കാര്‍ യാതൊരു തടസ്സവും നേരിടാതെ നവ-ലിബറല്‍ നയങ്ങള്‍ അതിശക്തമായി നടപ്പിലാക്കുകയാണ്. രണ്ടാമത്തെ യു.പി.എ. സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ചരിത്രമെന്നത് ഇന്‍ഡ്യയുടെ ജനങ്ങളുടെ നേര്‍ക്ക് നവ-ഉദാരവത്ക്രണ നയങ്ങളുടെ ആക്രമണം അഴിച്ചുവിട്ടതിന്റെ ചരിത്രമാണ്.

സാമ്പത്തിക നയം

ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് 2009 - ല്‍ യു.പി.എ സര്‍ക്കാര്‍ രണ്ടാമതും അധികാരത്തില്‍ വന്നത്. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ഫലമായി ഇന്‍ഡ്യന്‍ സമ്പദ്ഘടനയുടെ വളര്‍ച്ചാനിരക്ക് കുറഞ്ഞു. കയറ്റുമതിയില്‍ ഇടിവുണ്ടായി. ഗണ്യമായ തോതില്‍ നഷ്‌ടവും സംഭവിച്ചു. 2009 -10 കാലയളവില്‍ ഇന്‍ഡ്യയില്‍ 13 ലക്ഷം തൊഴിലാളികള്‍ക്ക് തൊഴിൽ നഷ്‌ടപ്പെടുകയുണ്ടായി എന്നാണ് കണക്കാക്കിയിരിക്കുന്നത്. വളര്‍ച്ചാനിരക്കിലും തൊഴില്‍ മേഖലയിലും തിരിച്ചടികള്‍ നേരിട്ടിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ചെലവ് വര്‍ദ്ധിപ്പിക്കാതെ സമ്പന്നര്‍ക്ക് വന്‍ നികുതിയിളവുകള്‍ നല്‍കിക്കൊണ്ടും സമ്പദ്ഘടനയ്‌ക്ക് പുത്തനുണര്‍വ് നല്‍കുവാനുള്ള സമീപനമാണ് യു.പി.എ സര്‍ക്കാര്‍ കൈക്കൊണ്ടത്. 5,02,299 കോടി രൂപയുടെ നികുതിയിളവുകളാണ് 2009-10 ല്‍ യു.പി.എ സര്‍ക്കാര്‍ അനുവദിച്ചത്. കോര്‍പ്പറേറ്റ് മേഖലയ്‌ക്ക് 79,554 കോടി രൂപയുടെയും ആദായനികുതി ദായകര്‍ക്ക് 40,929 കോടി രൂപയുടെയും ഇളവ് ലഭിച്ചു.

കോര്‍പ്പറേറ്റ് മേഖലയ്‌ക്കും സമ്പന്നര്‍ക്കും ഇത്തരത്തില്‍ വന്‍ നികുതിയിളവുകള്‍ നല്‍കുമ്പോള്‍ സാധാരണ ജനങ്ങള്‍ രാജ്യം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ദുരിതപൂര്‍ണമായ പണപ്പെരുപ്പത്താല്‍ വലയുകയാണ്. 2009 ഡിസംബര്‍ മാസം 20 ശതമാനം വരെ ഉയര്‍ന്ന ഭക്ഷ്യവസ്‌തുക്കളുടെ നാണയപ്പെരുപ്പം 2010 മെയ് മാസം 17 ശതമാനമാണ്. കേന്ദ്രം ഭരിച്ച സര്‍ക്കാരുകള്‍ തുടര്‍ച്ചയായി കാര്‍ഷികമേഖലയെ അവഗണിച്ചതിനാല്‍ സൃഷ്‌ടിക്കപ്പെട്ട ഗുരുതരമായ കാര്‍ഷിക പ്രതിസന്ധിയുടെ ഫലമാണ് ഭക്ഷ്യവസ്‌തുക്കളുടെ കാര്യത്തില്‍ ഇന്നു നാം നേരിടുന്ന ഉയര്‍ന്ന പണപ്പെരുപ്പം. കഴിഞ്ഞവര്‍ഷത്തെ വരള്‍ച്ചകാരണം 2009-10 ലെ കാര്‍ഷിക ഉത്പാദനത്തില്‍ വീണ്ടും 0.2 ശതമാനത്തിന്റെ ഇടിവുണ്ടായിരിക്കുന്നു. ഇങ്ങനെ കാര്‍ഷിക മേഖല നീണ്ടകാലമായി പ്രതിസന്ധിയെ നേരിടുന്ന അവസരത്തിലും ഈ മേഖലയ്‌ക്കുള്ള പൊതുനിക്ഷേപം 2004-05 ലെ 20 ശതമാനത്തില്‍ നിന്ന് 2008-09 ആയപ്പോഴേയ്‌ക്കും 17.6 ശതമാനമായി വെട്ടിക്കുറയ്‌ക്കപ്പെട്ടു. മാത്രവുമല്ല കാര്‍ഷിക ഉത്പാദനത്തില്‍ ഇടിവും അതുകാരണം ഭക്ഷ്യവസ്‌തുക്കളുടെ വിലക്കയറ്റവും ഉണ്ടായിട്ടുപോലും കൃഷിയെ പുനരുദ്ധീകരിക്കുന്നതിനുള്ള പ്രഖ്യാപനങ്ങളൊന്നുംതന്നെ യുപിഎ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. ഇതിന് വിപരീതമായി ഇക്കൊല്ലത്തെ കേന്ദ്രബജറ്റില്‍ ഭക്ഷ്യ സബ്‌സിഡിയില്‍ 400 കോടി രൂപയുടേയും വളങ്ങള്‍ക്കുള്ള സബ്‌സിഡിയില്‍ 3000 കോടി രൂപയുടേയും കുറവു വരുത്തുന്നതിനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.

സമ്പന്നര്‍ക്ക് വന്‍തോതില്‍ നികുതിയിളവുകള്‍ നല്‍കിയാല്‍ സര്‍ക്കാരിന് എങ്ങനെയാണ് വരുമാനമുണ്ടാകുന്നത് എന്ന ചോദ്യം ഇന്ന് വളരെ പ്രസക്തമാകുകയാണ്. എന്നാല്‍ രണ്ട് പിന്തിരിപ്പന്‍ സാമ്പത്തിക പരിപാടികള്‍ നടപ്പിലാക്കിക്കൊണ്ടാണ് സര്‍ക്കാര്‍ ഈ ചോദ്യത്തിന് ഉത്തരം കാണുവാന്‍ ശ്രമിക്കുന്നത്. പരോക്ഷ നികുതികള്‍ വര്‍ദ്ധിപ്പിക്കലാണ് ഇതില്‍ ഒന്നാമത്തേത്. പെട്രോള്‍, ഡീസല്‍ എന്നിവ ഉള്‍പ്പെടെയുള്ള നിരവധി അവശ്യസാധനങ്ങളുടെ Excise , custom തീരുവകള്‍ സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചുകഴിഞ്ഞു. ഇങ്ങനെ വരുമാനത്തിനുവേണ്ടി പരോക്ഷനികുതികളില്‍ വര്‍ദ്ധനവ് വരുത്തുമ്പോള്‍ സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ ദരിദ്രരെ പിഴിഞ്ഞ് സ്വന്തം ചിലവിനുള്ള വക കണ്ടെത്തുകയാണ്. അതേയവസരത്തില്‍ സര്‍ക്കാര്‍ സമ്പന്നര്‍ക്ക് നികുതിയിളവുകള്‍ നല്‍കുകയും ചെയ്യുന്നു. ഇപ്പോള്‍തന്നെ ജനങ്ങള്‍ വിലക്കയറ്റത്തെ നേരിടുന്ന സാഹചര്യത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ദ്ധിപ്പിക്കുന്നത് വിലക്കയറ്റത്തെ കൂടുതല്‍ രൂക്ഷമാക്കും. ധനതത്വ ശാസ്‌ത്രത്തിന്റെ ഈ അടിസ്ഥാന തത്വം പോലും സര്‍ക്കാര്‍ വിസ്‌മരിക്കക്കുകയാണ്.

വരുമാനത്തിനുള്ള മറ്റൊരു മാര്‍ഗ്ഗമായി സര്‍ക്കാര്‍ കാണുന്നത് പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റഴിക്കലിനെയാണ്. ഇതുവഴി 40,000 കോടി സ്വരൂപിക്കുവാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇടതുകക്ഷികളുടെ ശക്തമായ എതിര്‍പ്പുണ്ടായിരുന്നതിനാല്‍ ഒന്നാമത്തെ യുപിഎ സര്‍ക്കാരിന് പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കുവാനുള്ള തീരുമാനം ഉദ്ദേശിച്ചതുപോലെ നടപ്പിലാക്കുവാനായില്ല. എന്നാല്‍ കടിഞ്ഞാണിടുന്നതിന് ഇടതുപക്ഷം ഇല്ലാത്തതിനാല്‍ ഇന്നത്തെ യു.പി.എ സര്‍ക്കാര്‍ രാജ്യത്തിന്റെ പൊതു സ്വത്തുക്കളെ സ്വകാര്യവല്‍ക്കരിക്കുന്ന പരിപാടി അതിവേഗം നടപ്പിലാക്കുകയാണ്.

ചുരുക്കിപ്പറയുകയാണെങ്കില്‍ ശക്തര്‍ക്കും സമ്പന്നര്‍ക്കും മാത്രം ഗുണം ചെയ്യുന്നതാണ് ഇപ്പോഴത്തെ യുപിഎ സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍, വിലക്കയറ്റത്തിന്റെയും, തൊഴിലില്ലായ്‌മയുടേയും, അടിസ്ഥാന സൌകര്യങ്ങളുടെ അപര്യാപ്‌തതയുടേയും ദുരിതങ്ങളാല്‍ ജനങ്ങള്‍ വലയുമ്പോള്‍ സമ്പന്നര്‍ക്ക് നികുതിയിളവുകളും മറ്റാനുകൂല്യങ്ങളും യഥേഷ്‌ടം നല്‍കുകയാണ് സര്‍ക്കാര്‍.

സമ്പന്നര്‍ക്കും ഉന്നതര്‍ക്കും മാത്രം ഗുണകരമായ വലതുപക്ഷ രാഷ്‌ട്രീയത്തിന്റെ തത്വശാസ്‌ത്രത്തിനനുകൂലമായി യുപിഎ സര്‍ക്കാരിന്റെ കാഴ്‌ചപ്പാടിന്റെ ദിശമാറുന്നത് സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല. ഈ ദിശാമാറ്റത്തിന്റെ നിഴല്‍ മറ്റുമേഖലകളിലേക്കും വ്യാപിക്കുകയാണ്.

നവ ഉദാരവത്ക്കരണത്തിന്റെ മറ്റു മുഖങ്ങള്‍

ഇന്‍ഡ്യയില്‍ നവ-ഉദാരവത്ക്കരണ നയങ്ങള്‍ക്ക് സാമൂഹികവും ബൌദ്ധികവുമായ സാധുതയും പിന്തുണയും ലഭിക്കുന്നതിനായി നമ്മുടെ രാജ്യത്ത് നിലവിലുള്ള വിദ്യാഭ്യാസ സംവിധാനത്തെ അടിമുടി മാറ്റേണ്ടതായിട്ടുണ്ട്. അധികാരവര്‍ഗ്ഗത്തിന്റെ തെറ്റായ നയങ്ങളെ ചോദ്യം ചെയ്യുന്ന വൈവിധ്യങ്ങളായ ആശയങ്ങള്‍ക്ക് ജന്മം നല്‍കി ജനങ്ങളുടെ ബൌദ്ധിക വളര്‍ച്ചയെ പരിപോഷിപ്പിക്കുന്ന ഒരു ഉപാധിയായി വിദ്യാഭ്യാസ രംഗം നിലനില്‍ക്കരുതെന്ന് ഇവര്‍ക്ക് ഉറപ്പുവരുത്തേണ്ടതുണ്ട്. നവ- ഉദാരവത്ക്കരണ നയങ്ങള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്പുകളെ ദുര്‍ബലപ്പെടുത്തുന്നതിനായി വിദ്യാഭ്യാസത്തെ കച്ചവടവത്ക്കരിച്ച് ഒരു കേന്ദ്രീകൃത ഏജന്‍സിയുടെ കീഴില്‍ കൊണ്ടുവരിക എന്നതും ഭരണവര്‍ഗ്ഗത്തിന്റെ ആവശ്യമായി മാറിയിരിക്കുന്നു. ഈ ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കുന്നതിന് സഹായകമായ പരിഷ്‌ക്കാരങ്ങള്‍ തന്നെയാണ് യു.പി.എ സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കാനുദ്ദേശിക്കുന്നത്.

ഇടതുകക്ഷികളുടെ എതിര്‍പ്പുമൂലം ഒന്നാമത്തെ യു.പി.എ സര്‍ക്കാരിന് നടപ്പിലാക്കുവാന്‍ സാധിക്കാതെ പോയ വിദേശ സര്‍വകലാശാല ബില്‍ ഈ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചുകഴിഞ്ഞു. വിദേശ സര്‍വകലാശാലകള്‍ക്ക് ഇന്‍ഡ്യയില്‍ തങ്ങളുടെ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് തുറന്ന അവസരം നല്‍കണമെന്ന് ബില്ല് വ്യവസ്ഥ ചെയ്യുന്നു. സാമ്പത്തികവും ഭരണപരവും പാഠ്യവിഷയങ്ങളുമായി ബന്ധപ്പെട്ടവയുമായ കാര്യങ്ങളിലൊന്നുംതന്നെ ഈ സര്‍വ്വകലാശാലകളെ നിയന്ത്രിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനുണ്ടവില്ല. ഉന്നത നിലവാരമുള്ള വിദേശ സര്‍വ്വകലാശാലകള്‍ ഇന്‍ഡ്യയിലേക്ക് വരുന്നതോടെ നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ പുരോഗതിയ്‌ക്കായി വിദേശ സര്‍വ്വകലാശാലകളെ ആശ്രയിച്ചിട്ടില്ല. ഇന്‍ഡ്യയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണനിവലാരമുള്ള വിദ്യാഭ്യാസ പകര്‍ന്നു കൊടുക്കുക എന്ന ഉദ്ദേശത്തോടുകൂടി വിദേശ സര്‍വ്വകലാശാലകള്‍ നമ്മുടെ രാജ്യത്തേയ്‌ക്ക് വരുമെന്ന് എന്നടിസ്ഥാനത്തിലാണ് പ്രതീക്ഷിക്കുവാന്‍ കഴിയുക. വിദേശ സര്‍വ്വകലാശാലകള്‍ ഇന്‍ഡ്യയിലേയ്‌ക്ക് വന്നാല്‍ തന്നെയും ദരിദ്രരും സാധാരണക്കാരുമുള്‍പ്പെടുന്ന നമ്മുടെ സമൂഹത്തിന്റെ യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്ന വിദ്യാഭ്യാസ പദ്ധതിയായിരിക്കില്ല അവരവിടെ നടപ്പിലാക്കുന്നത്. സമ്പന്ന ചുറ്റുപാടുകളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ക്കായി രണ്ടാംതരമോ മൂന്നാം തരമോ നിലവാരം മാത്രമുള്ള വിദേശ സര്‍വകലാശാലകള്‍ ചില പഠന കേന്ദ്രങ്ങള്‍ തുറക്കുന്നതിലുപരി മറ്റൊന്നും ഇവിടെ സംഭവിക്കുവാന്‍ പോകുന്നില്ല. ഇതുകൊണ്ട് സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണമൊന്നുംതന്നെ ഉണ്ടാകില്ല.

ഉന്നത വിദ്യാഭ്യാസ മേഖലയുടെ മേല്‍ കര്‍ശനമായ നിയന്ത്രണം കൊണ്ടുവരിക എന്ന ഉദ്ദേശത്തോടുകൂടി ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും വേണ്ടിയുള്ള ഒരു ദേശീയ കമ്മീഷന്‍ (“National Commission for Higher Education and Research”) രൂപീകരിക്കുന്ന കാര്യവും യുപിഎ സര്‍ക്കാരിന്റെ പരിഗണനയിലാണ്. നിലവില്‍ വന്നുകഴിഞ്ഞാല്‍ NCHER ആയിരിക്കും ഉന്നത വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കുന്ന രാജ്യത്തെ പരമോന്നത സ്ഥാപനം. പാര്‍ലമെന്റിനോടുപോലും ഉത്തരവാദിത്വമില്ലാത്ത രീതിയിലാണ് NCHER രൂപീകരിക്കുവാന്‍ യു.പി.എ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. നവ ഉദാരവത്ക്കരണ നയങ്ങള്‍ക്കെതിരെ വിയോജിപ്പിന്റെയും എതിര്‍പ്പിന്റെയും സ്വരങ്ങള്‍ വിദ്യാഭ്യാസ മേഖലയില്‍ നിന്ന് ഉയരുന്നതോടെ എന്തുവിലകൊടുത്തും കടിഞ്ഞാണിടുന്നതിന് NCHER നെപ്പോലെയുള്ള ഒരു സംവിധാനം നിലവില്‍ വരുന്നത് അധികാരികളെ സംബന്ധിച്ചിടത്തോളം അനിവാര്യമായ ഒരു ആവശ്യമാണ്.

ജനങ്ങളുടെ താത്പര്യങ്ങളെക്കാളുപരി കുത്തകകള്‍ക്ക് ലാഭം കൊടുക്കുന്നതിന് വഴിയൊരുക്കുന്നതിനാണ് യു.പി.എ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത് എന്നതിന് മറ്റൊരു ഉദാഹരണമാണ് പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ട ആണവ ബാധ്യതാ ബില്‍. ഇന്‍ഡ്യാ-അമേരിക്ക ആണവക്കരാറിന്റെ ഭാഗമായ ഈ ബില്ലില്‍ ഒരു ആണവ ദുരന്തം സംഭവിക്കുകയാണെങ്കില്‍ ആണവനിലയങ്ങളുടെ നടത്തിപ്പുകാരായ കുത്തകകള്‍ (ഇവയില്‍ മിക്കവയും അമേരിക്കന്‍ കമ്പനികളായിരിക്കും) നല്‍കേണ്ട നഷ്‌ടപരിഹാരത്തിന് ഒരു പരിധി നിശ്ചയിച്ചിരിക്കുന്നു. 450 ദശലക്ഷം ഡോളറാണ് ബില്ലില്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്ന പരമാവധി നഷ്‌ടപരിഹാര തുക. ഇതില്‍ ആണവകമ്പനികളുടെ ബാധ്യത 60 ദശലക്ഷം ഡോളര്‍ മാത്രമായിരിക്കും. ബാക്കി തുക സര്‍ക്കാരിന്റെ ബാധ്യതയാകും.

ആണവ ബാധ്യതാ ബില്ല് പ്രകാരം നല്‍കേണ്ടി വരുന്ന നഷ്‌ട പരിഹാര തുക ഭോപ്പാല്‍ ദുരന്തരവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിശ്ചയിച്ച തുകയേക്കാള്‍ കുറവാണ് എന്നതാണ് രസകരമായ വസ്‌തുത. വാതക ദുരന്തത്തെ അപേക്ഷിച്ച് ആണവ അത്യാഹിതം പതിന്മടങ്ങ് നാശനഷ്‌ടങ്ങള്‍ വരുത്തിവെയ്‌ക്കുമെന്നിരിയ്‌ക്കെ ആണവ കമ്പനികളുടെ നഷ്‌ടപരിഹാര ബാധ്യത ഭോപ്പാല്‍ ദുരന്തത്തിന് ഇരയായവര്‍ക്ക് നല്‍കാന്‍ വേണ്ടി പ്രഖ്യാപിച്ചു തുകയേക്കാള്‍ കുറവായി നിശ്ചയിച്ചതിലൂടെ ജനങ്ങളെ ദുരിതത്തിലാഴ്ത്തിയും വിദേശ കുത്തകകള്‍ക്ക് ഇളവുകള്‍ നല്‍കുന്നതാണ് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ സമീപനമെന്ന് വ്യക്തമാക്കുകയാണ്.

ജനങ്ങളുടെ താത്പര്യങ്ങളെ പാടെ അവഗണിച്ച് കുത്തകകളേയും മൂലധനത്തേയും പരിധിവിട്ട് സഹായിക്കുന്ന നയം കേന്ദ്രസര്‍ക്കാര്‍ പിന്‍തുടരുന്നത് വിപണി സംവിധാനം സര്‍വ്വര്‍ക്കും ഗുണം ചെയ്യും എന്ന മിഥ്യാധാരണയുടെ അടിസ്ഥാനത്തിലാണ്. ബഹുഭൂരിപക്ഷം ജനങ്ങള്‍ക്ക് വിപണിയില്‍ നിന്ന് യാതൊരു പ്രയോജനവും ലഭിക്കുന്നില്ല എന്നതാണ് യഥാര്‍ത്ഥം. വിപണി ഗുണം ചെയ്യുന്നത് അഴിമതിക്കാര്‍ക്കു മാത്രമാണ്. എല്ലാ അഴിമതികളുടേയും കൂത്തരങ്ങായി കഴിഞ്ഞ ഒരു കൊല്ലത്തിനിടയില്‍ വിപണി മാറിയിരിക്കുന്നു. ഇത് യുപിഎ സര്‍ക്കാരിന് അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാര്‍ എന്ന പ്രതിച്‌ഛായ നല്‍കിയിരിക്കുന്നു.

അഴിമതികളുടെ പരമ്പര

ഒന്നാമത്തെ യുപിഎ സര്‍ക്കാരിന്റെ 5 വര്‍ഷ ഭരണകാലത്ത് നടന്നതിനേക്കാള്‍ കൂടുതല്‍ അഴിമതികള്‍ രണ്ടാമത്തെ യുപിഎ സര്‍ക്കാര്‍ ഒരു വര്‍ഷംകൊണ്ടുതന്നെ രാജ്യത്തിന് സമ്മാനിച്ചിരിക്കുകയാണ്. ഇന്‍ഡ്യന്‍ കായികരംഗത്തിന്റെ ആഗോള പ്രതിച്‌ഛയായി കൊട്ടിഘോഷിക്കപ്പെട്ട ഇന്ത്യന്‍ പ്രീമയര്‍ ലീഗ് നിഗൂഢമായ ഇടപാടപകളുടേയും, സ്വജനപക്ഷപാതത്തിന്റെയും, കുഴല്‍പണത്തിന്റെയും, കൂത്തരങ്ങാണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. കള്ളപ്പണവും ഹവാലപണവും ഇറക്കി ചൂതാടാനുള്ള വേദിയായിപ്പോലും ഐപി‌എൽ ദുരുപയോഗം ചെയ്യപ്പെടുന്നതായി സംശയിക്കപ്പെടുന്നു.
കൊച്ചിയിലേക്ക് ഒരു ഐപി‌എൽ ടീമിനെ കൊണ്ടുവരുന്നതിനായി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തതിന് കേന്ദ്രമന്ത്രിയായ ശശിതരൂരിന് സ്ഥാനമൊഴിയേണ്ടിവന്നു. ശരത് പവാര്‍, പ്രഫുല്‍ പട്ടേല്‍ എന്നീ കേന്ദ്ര മന്ത്രിമാരുടെ ഐപി‌എൽ ബന്ധങ്ങളും പരിശുദ്ധമല്ല എന്നാണ് സമീപകാലത്തെ വാര്‍ത്തകള്‍ വെളിപ്പെടുത്തുന്നത്.

ഐപി‌എൽ നെക്കുറിച്ച് ഒരു അന്വേഷണം നടത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ഐപി‌എൽ -ല്‍ അധാര്‍മ്മികവും നിയമവവിരുദ്ധവുമായ കാര്യങ്ങള്‍ നടക്കുമ്പോള്‍ സര്‍ക്കാര്‍ എന്തുചെയ്യുകയായിരുന്നു എന്ന ചോദ്യം അവശേഷിക്കുന്നു.

കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രിയുടെ നിഗൂഢമായ ഇടപാടുകള്‍ കാരണം പൊതു ഖജനാവിന് 60,000 കോടി രൂപയുടെ നഷ്‌ടം വരുത്തിവച്ച രണ്ടാം തലമുറ സ്‌പെക് ‌ട്രം അഴിമതിയുടെ കാര്യത്തില്‍ യുപിഎ സര്‍ക്കാര്‍ കുറ്റകരമായ നിസ്സംഗതയാണ് വച്ചുപുലര്‍ത്തുന്നത്. ഈ അഴിമതിയെക്കുറിച്ച് CBI അന്വേഷണം നടക്കുന്നുണ്ടെങ്കിലും യുപിഎയിലെ ഘടകകക്ഷിയായ DMK യെ പിണക്കാതിരിക്കുന്നതിനായി ടെലികോം മന്ത്രിയെ മാറ്റില്ല എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

പ്രതിപക്ഷ കക്ഷി നേതാക്കളുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയ സംഭവമാകട്ടെ സര്‍ക്കാരിന്റെ ഉന്നതങ്ങളില്‍ അഴിമതി എത്രത്തോളം വ്യാപിച്ചിരിക്കുന്നു എന്ന് വെളിപ്പെടുത്തുന്നു. തീവ്രവാദികളേയും കുറ്റവാളികളേയും പിടികൂടുവാനായി ഉപയോഗിക്കേണ്ട സജ്ജീകരണങ്ങളെ രാഷ്‌ട്രീയ എതിരാളികള്‍ക്കെതിരെ പ്രയോഗിക്കുന്നത് തീരെ തരംതാഴ്ന്ന ഒരേര്‍പ്പാടാണ്.

നിഗൂഢമായ രാഷ്‌ട്രീയ ഇടപാടുകള്‍

സഖ്യകക്ഷികളുടെ അധാര്‍മ്മിക സാമ്പത്തിക ഇടപാടുകളിലും മറ്റും ക്രമക്കേടുകളിലും യുപിഎ സര്‍ക്കാരിന്റെ അഴിമതി ഒതുങ്ങി നില്‍ക്കുന്നില്ല. ഭരണത്തില്‍ ഏതുവിധേനയും തുടരുന്നതിനായി സര്‍ക്കാര്‍ അഴിമതിയെ സ്ഥാപനവത്ക്കരിച്ചിരിക്കുന്നു. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളന സമയത്ത് പ്രതിപക്ഷം അവതരിപ്പിച്ച ഖണ്ഡനോപക്ഷേപത്തിന്‍മേല്‍ വോട്ടെടുപ്പു നടന്നപ്പോള്‍ ഇത് വ്യക്തമാക്കുകയുണ്ടായി. കുതിച്ചുയരുന്ന വിലക്കയറ്റിന്റെ പ്രശ്‌നത്തില്‍ ജനങ്ങളില്‍ നിന്നും പ്രതിപക്ഷകക്ഷികളില്‍ നിന്നും കടുത്ത സമ്മര്‍ദ്ദത്തെ നേരിടുകയായിരുന്ന സര്‍ക്കാരിന് സ്വന്തം നടപടികളെ ന്യായീകരിക്കുന്നതിനോ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ നിഷേധിക്കാനോ കഴിഞ്ഞില്ല. അതുകൊണ്ട് S.P, R.J.D, B.S.P എന്നീ കക്ഷികളുടെ പിന്തുണ ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍, അവയുമായി നിഗൂഢമായ പല നീക്കുപോക്കുകളും നടത്തി.

പ്രധാനമായും രണ്ടുവിധത്തിലാണ് സര്‍ക്കാര്‍ ഇത് ചെയ്‌തത്. ആദ്യമായി ഈ കക്ഷികളുടെ നേതാക്കള്‍ക്കെതിരെയുള്ള CBI കേസുകളുടെ അന്വേഷണം മെല്ലെയാക്കുമെന്ന് സര്‍ക്കാര്‍ അവര്‍ക്ക് ഉറപ്പ് കൊടുത്തു. രണ്ടാമതായി ഈ കക്ഷികള്‍ നേരത്തേതന്നെ എതിര്‍ത്തിരുന്ന വനിതാ സംവരണബില്‍ ലോകസഭയില്‍ അവതരിപ്പിക്കുന്നതിനുള്ള തീരുമാനം സര്‍ക്കാര്‍ നടപ്പിലാക്കിയില്ല. ജനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനല്ലാ മറിച്ച് ജനങ്ങളുടെ വികാരങ്ങളെ നിസ്സാരമായി പരിഗണിച്ച് അവരുടെമേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കുന്നതിനാണ് യുപിഎ സര്‍ക്കാര്‍ ഇതെല്ലാം ചെയ്‌തത്. നവ ഉദാരവത്ക്കരണ നയങ്ങളോടും അതിനെ പിന്‍താങ്ങുന്ന രാഷ്‌ട്രീയ കാഴ്‌ചപ്പാടിനോടും യുപിഎ സര്‍ക്കാര്‍ കാണിക്കുന്ന അതിരുകവിഞ്ഞ പ്രതിബദ്ധതയാണ് ഇതിലെല്ലാം കാണാനാകുന്നത്.

എന്തുവില കൊടുത്തും നവ-ഉദാരവത്ക്കരണ നയങ്ങള്‍ ശക്തമായി നടപ്പിലാക്കുന്നതിനാണ് കഴിഞ്ഞ ഒരു വര്‍ഷമായി യുപിഎ സര്‍ക്കാര്‍ ശ്രമിച്ചുവരുന്നത്. സാധാരണക്കാരുടെ പാര്‍ട്ടി എന്ന് കോണ്‍ഗ്രസ് ഇതുവരെ മേനി നടിക്കുകയെങ്കിലും ചെയ്‌തുവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ നാട്യം പോലും ഉപേക്ഷിച്ച് ഉന്നതന്മാര്‍ക്ക് വിടുപണിചെയ്യുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ്സ് അധഃപതിച്ചിരിക്കുകയാണ്.

*****

കടപ്പാട് : സിഐടിയു സന്ദേശം

Thursday, August 26, 2010

ലോട്ടറിരോഗം

തന്റെ സ്ഥാനാരോഹണം വിളംബരം ചെയ്ത മുഖപ്രസംഗത്തില്‍ 'പാവനമായ പത്രധര്‍മത്തിന്റെ അടയാളമുദ്രകളോടൊപ്പം പാരമ്പര്യത്തിന്റെ സുകൃതങ്ങളും നൂറ്റാണ്ടു പിന്നിട്ട മനോരമയുടെ തായ്‌വേരിലുണ്ട്' എന്നാണ് പുതിയ പത്രാധിപര്‍ മാമ്മന്‍ മാത്യു ആഗസ്ത് 19ന് അവകാശപ്പെട്ടത്. കാവ്യനീതിയെന്നു തന്നെ പറയണം, മനോരമയ്ക്കു മാത്രം അവകാശപ്പെട്ട 'പാരമ്പര്യത്തിന്റെ അടയാളമുദ്ര'കളത്രയും പതിഞ്ഞ ലോട്ടറി പരമ്പര, ഈ മുഖപ്രസംഗം അച്ചടിച്ചതിന്റെ തൊട്ടുപിറ്റേന്നാണ് പ്രസിദ്ധീകരിച്ചു തുടങ്ങിയത്. 'ഈ പരമ്പര ഇവിടെ അവസാനിക്കുന്നു; ഈ തട്ടിപ്പ് ആരവസാനിപ്പിക്കും' എന്ന ചോദ്യത്തോടെയാണ് മനോരമ ലോട്ടറി പുരാണം പൂര്‍ത്തിയാക്കുന്നത്.

അവസാനിപ്പിക്കേണ്ടത് ആരാണെന്നതില്‍ മനോരമയ്ക്കൊഴികെ മറ്റാര്‍ക്കും സംശയമില്ല. കേന്ദ്ര സര്‍ക്കാരിനാണ് അതിനുള്ള അധികാരവും ഉത്തരവാദിത്തവും. മനോരമയുടെ മാനസപുത്രന്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ അത് പറഞ്ഞിട്ടുണ്ട്. അതിങ്ങനെ: 'അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ നടപടിയെടുക്കാന്‍ എന്റെ സര്‍ക്കാരിന് ഒരധികാരവുമില്ല, ഞങ്ങള്‍ നിസ്സഹായരാണ്, അന്യസംസ്ഥാന ലോട്ടറികള്‍ തടയുന്നതിന് കേരള സംസ്ഥാന ഭാഗ്യക്കുറിയും നിരോധിക്കാന്‍ എന്റെ ഗവൺമെന്റ് നിര്‍ബന്ധിതമായി, ഇതല്ലാതെ സംസ്ഥാനത്തിന് മറ്റൊരു പോംവഴിയുമില്ല'. (കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിന് ഉമ്മന്‍ചാണ്ടി അയച്ച കത്ത്, 2005 ഫെബ്രുവരി 7)

ലോട്ടറി പ്രശ്നത്തില്‍ രണ്ടുകാര്യമേ ഉള്ളൂ. തട്ടിപ്പുനടക്കുന്നു; നടപടിയുണ്ടാകുന്നില്ല. തട്ടിപ്പുതടയാന്‍ ബാധ്യതപ്പെട്ട കേന്ദ്രം അനങ്ങുന്നില്ല. സംസ്ഥാനത്തിന് അധികാരം കൊടുക്കുന്നുമില്ല. അടിസ്ഥാനപരമായ ഈ വസ്തുതയില്‍ തൊടാതെ, ലോട്ടറി, നികുതി, കുടിശ്ശിക എന്നെല്ലാം എഴുതിപ്പെരുപ്പിച്ച് മനോരമ ഒരു തെരഞ്ഞെടുപ്പുസേവ നടത്തുകയാണ്. തോമസ് ഐസക്കിനെ ഒന്നു തോണ്ടി നോക്കുകയാണ്. അല്ലെങ്കില്‍ ഇന്ത്യയില്‍ ഏറ്റവും വലിയ ലോട്ടറി രാജാവ് കോൺഗ്രസ് നേതാവും മുന്‍ എംപിയുമായ മണി കുമാര്‍ സുബ്ബയാണ് എന്ന ഒരു വാചകമെങ്കിലും കാണുമായിരുന്നു ആ പരമ്പരയില്‍.

അന്യസംസ്ഥാന ലോട്ടറികള്‍ കേരളത്തിന്റെ സമ്പത്ത് കൊള്ളയടിക്കുകയാണെന്നതില്‍ ആര്‍ക്കുമില്ല സംശയം. അവയെ നിയന്ത്രിക്കുകയല്ല, നിരോധിക്കുക തന്നെ വേണം. അതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാട്. കേന്ദ്ര ലോട്ടറിനിയമം ലംഘിച്ചാണ് അന്യസംസ്ഥാന ലോട്ടറികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ബോധ്യപ്പെട്ടാല്‍ നിരോധിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കു നല്‍കാന്‍ കേന്ദ്രം തയ്യാറാകണമെന്ന ആവശ്യം കേട്ടുതുടങ്ങിയിട്ട് നാളുകുറെയായി. എന്തുകൊണ്ട് കേന്ദ്രം ഇങ്ങനെ പെരുമാറുന്നെന്ന് മനോരമ തന്നെ പരിശോധിക്കട്ടെ. ഏകപക്ഷീയമായി സൃഷ്ടിക്കുന്ന തെറ്റിദ്ധാരണയില്‍ യുഡിഎഫിന് രാഷ്ട്രീയ വിളവെടുപ്പ് നടത്താമെന്ന സ്വപ്നമാണ് മനോരമയ്ക്ക്.

വസ്തുതകള്‍ക്കു മുകളില്‍ കരിമ്പടം വിരിച്ച് മറുവാദങ്ങള്‍ തമസ്കരിച്ച് ഒരുതരം മാധ്യമ ഒളിസേവ. 'നാലരവര്‍ഷം എന്തു ചെയ്തു?' എന്നാണ് ചോദ്യം. അന്യസംസ്ഥാന ലോട്ടറികളുടെ നിയമലംഘനം അന്വേഷിക്കാന്‍ സിബി മാത്യൂസിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘത്തെ 2006 സെപ്തംബറില്‍ നിയോഗിച്ചത് ഇടതുമുന്നണി സര്‍ക്കാരാണ്. ആ വിവരം പരമ്പരയില്‍ ഇല്ല; എന്നാല്‍, സിബി മാത്യൂസിന്റെ റിപ്പോര്‍ട്ട് അതേപടി പകര്‍ത്തി 'സ്വന്തം' കണ്ടെത്തലാക്കുന്നതിനു മടികാട്ടിയിട്ടുമില്ല. സര്‍ക്കാര്‍ എന്തുചെയ്തെന്നു പരിശോധിക്കാന്‍ വലിയ പരമ്പരയൊന്നും എഴുതേണ്ടതില്ല-ദൈനംദിനം പത്രം വായിച്ചാല്‍ മതി. സാന്റിയാഗോ മാര്‍ട്ടിന്റെ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ് അടക്കമുളള അന്യസംസ്ഥാന ലോട്ടറി ഏജന്റുമാരുടെ രജിസ്ട്രേഷന്‍ റദ്ദാക്കാനുള്ള നോട്ടീസ് 2006 ഒക്ടോബര്‍ 27നു പുറപ്പെടുവിച്ചത് സിബി മാത്യൂസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തന്നെയാണെന്നതില്‍ മനോരമയ്ക്ക് സംശയമുണ്ടോ?

2006 നവംബര്‍ 11ന് ഈ റിപ്പോര്‍ട്ട് സംസ്ഥാന മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിന് അയച്ചത് മനോരമയ്ക്ക് അറിയില്ലേ?. അടിയന്തര നടപടി ആവശ്യപ്പെട്ട് പിന്നെയും പലതവണ കേന്ദ്രസര്‍ക്കാരിന് കത്തെഴുതിയതും ഒടുവില്‍ സര്‍വകക്ഷിയോഗം പ്രധാനമന്ത്രിക്ക് നല്‍കിയ നിവേദനത്തിലും ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് പരാമര്‍ശിച്ചതും എന്തേ പരമ്പരാന്വേഷികള്‍ മറച്ചുപിടിക്കുന്നു? അന്യസംസ്ഥാന ലോട്ടറികളുടെ നിയമലംഘനം അക്കമിട്ടു ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ട് കൊടുത്തിട്ടും കേന്ദ്രം ഒരു നടപടിയും സ്വീകരിക്കാത്തത് ഖേദകരമാണെന്നു തുറന്നടിക്കുന്ന നിവേദനത്തില്‍ തന്നെയാണ് സാക്ഷാല്‍ ഉമ്മന്‍ചാണ്ടി കൈയൊപ്പു ചാര്‍ത്തിയത്. എന്നിട്ടാണ് വിജിലന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവച്ചെന്ന പച്ചക്കള്ളം അദ്ദേഹം പ്രസംഗിച്ചുനടക്കുന്നത്. ആ പെരുങ്കള്ളത്തെ നിര്‍ലജ്ജം ന്യായീകരിക്കാന്‍ ഇപ്പോള്‍ മനോരമയും.

ആരെങ്കിലും എഴുതിക്കൊടുക്കുന്നത് ഉപ്പുകൂട്ടാതെ പരമ്പരയാക്കിയാല്‍ ഇതിലപ്പുറവും സംഭവിക്കും. ഉമ്മന്‍ചാണ്ടിയുടെ കള്ളം മനോരമയുടെ കണ്ടെത്തലാകുന്ന മറിമായം! സിക്കിം ലോട്ടറി ഏജന്റുമാരുടെ രജിസ്ട്രേഷന്‍ റദ്ദാക്കിയ നടപടി അസ്ഥിരപ്പെടുത്തിയെങ്കിലും അവര്‍ നടത്തുന്ന നിയമലംഘനത്തിന്റെ ആഴവും വ്യാപ്തിയും ക്രൌര്യവും ഹൈക്കോടതി സിംഗിള്‍ ബഞ്ചിന് ബോധ്യപ്പെട്ടിരുന്നു. സംസ്ഥാനസര്‍ക്കാര്‍ അനുഭവിക്കുന്ന നിസ്സഹായാവസ്ഥ മനസ്സിലാക്കി ജസ്റിസ് കെ ബാലകൃഷ്ണന്‍നായര്‍ വിധിന്യായത്തില്‍ രേഖപ്പെടുത്തിയ വാചകങ്ങള്‍ മനോരമയിലെ ക്വട്ടേഷന്‍ സംഘം വായിച്ചുപഠിക്കണം. വിധിന്യായത്തിലെ 24-ാം ഖണ്ഡികയില്‍ ഇങ്ങനെ പറയുന്നു

... But, I think, the matter cannot be left at that. When a State Government finds that the lottery of another State is run in violation of Section 4 of the Lotteries (Regulation) Act, 1998, the Central Government have a duty to look into the matter. The learned Special Government Pleader, at the time of hearing, handed over to me, three D O letters dated 07-02-2005, 06-04-2005 and 10-11-2006, written by the Chief Ministers of Kerala to the Central Home Ministry. From the submissions and materials available, it would appear that the Central Government has not bestowed its attention on the representations of the highest Constitutional functionaries of the Executive Government of the State. (WPC 30176/2006 dated January 10, 2007)

അടിവരയിട്ട ഭാഗത്തിന്റെ പ്രസക്തി പിന്നാലെ പരിശോധിക്കാം.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം അവഗണിച്ചെന്ന് ജസ്റിസ് കെ ബാലകൃഷ്ണന്‍നായര്‍ക്ക് ബോധ്യപ്പെട്ട മൂന്നു കത്തില്‍ രണ്ടെണ്ണം അയച്ചത് മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിയാണ്. സംസ്ഥാന ഭരണകൂത്തലവന്മാര്‍ തുടര്‍ച്ചയായി അയച്ച കത്തുകളിന്മേല്‍ കേന്ദ്രസര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് കേരള ഹൈക്കോടതിയുടെ നിരീക്ഷണം. കേരളത്തിന്റെ കത്തുകളെ പുല്ലുപോലെ അവഗണിച്ച കേന്ദ്ര ഭരണാധികാരികളാണ് അരപ്പട്ടിണിക്കാരന്റെ സമ്പാദ്യപ്പെട്ടി കൊത്തിയെടുക്കുന്ന ചൂതാട്ടക്കഴുകന്മാര്‍ക്ക് താങ്ങുംതണലുമായി നില്‍ക്കുന്നതെന്ന വസ്തുത മനോരമയുടെ പരമ്പരയിലെങ്ങും കാണില്ല.

കോടതി വിധിയിലെ അടിവരയിട്ട ഭാഗം ശ്രദ്ധിക്കുക. കേന്ദ്ര ആഭ്യന്തരമന്ത്രാലയം അവഗണിച്ചു തളളിയ രണ്ടു കത്ത് ഉമ്മന്‍ചാണ്ടി എഴുതിയിട്ടുണ്ടെന്ന വസ്തുത ഹൈക്കോടതി ജഡ്ജിയെ അറിയിച്ചത് സര്‍ക്കാര്‍ അഭിഭാഷകനാണ്. എന്നാല്‍, കേന്ദ്രത്തെ വിമര്‍ശിക്കാനുള്ള അനുവാദം മനോരമ പത്രാധിപരോ എഴുതിക്കൊടുപ്പു സിന്‍ഡിക്കേറ്റോ പകര്‍ത്തിയെഴുത്തുകാര്‍ക്ക് നല്‍കിയിട്ടില്ല. അതുകൊണ്ടവര്‍ ഉമ്മന്‍ചാണ്ടി കത്തെഴുതിയ വിവരം പുറത്തറിയിച്ച അഭിഭാഷകനു നേരെ പരമ്പരയില്‍ കുരച്ചുചാടി. ലോട്ടറി മാഫിയക്കു വേണ്ടി നിയമത്തിന്റെ സംരക്ഷണവലയം തീര്‍ക്കാന്‍ 2003ല്‍ കേരള ഹൈക്കോടതിയില്‍ പാഞ്ഞെത്തുകയും കേന്ദ്രമന്ത്രിപദം പൂകിയപ്പോള്‍ ഈ ചുമതല സന്തോഷപൂര്‍വം സ്വന്തം ഭാര്യക്ക് കൈമാറുകയും ചെയ്ത ഇന്നത്തെ കേന്ദ്രമന്ത്രി ചിദംബരത്തെ അതുവഴി ഒളിപ്പിച്ചു നിര്‍ത്തുകയും ചെയ്തു.

ലോട്ടറി മാഫിയക്കെതിരെ ചെയ്യേണ്ടതൊന്നും ചെയ്യുന്നില്ലെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിമര്‍ശം കേന്ദ്രസര്‍ക്കാരിനെ തെല്ലൊന്നുമല്ല പ്രകോപിപ്പിച്ചത്. ഡിവിഷന്‍ ബെഞ്ചില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അവതരിപ്പിച്ച വാദത്തില്‍ അത് തെളിയുന്നു. മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ് അടക്കമുള്ള ലോട്ടറി ഏജന്റുമാരുടെ രജിസ്ട്രേഷന്‍ റദ്ദാക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനില്ല എന്നായിരുന്നു ഒരു വാദം. നടപടിയെടുക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സിംഗിള്‍ ബെഞ്ച് ആവശ്യപ്പെട്ടത് അനുചിതമാണെന്നുകൂടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വി ടി ഗോപാലന്‍ വാദിച്ചു. ഇക്കാര്യങ്ങള്‍ വിധിന്യായത്തില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. കേന്ദ്ര ലോട്ടറി നിയന്ത്രണനിയമത്തിന്റെ നാലാം വകുപ്പ് ലംഘിക്കുന്ന അന്യസംസ്ഥാന ലോട്ടറി ഏജന്റുമാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാനസര്‍ക്കാരിന് ഒരധികാരവുമില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്റെ വാദം അംഗീകരിക്കാതിരിക്കാന്‍ ഡിവിഷന്‍ ബെഞ്ചിന് കഴിഞ്ഞില്ല. സാന്റിയാഗോ മാര്‍ട്ടിന്റെ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സിന്റെയടക്കം രജിസ്ട്രേഷന്‍ റദ്ദാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ച എല്ലാ നടപടിയും അന്നത്തെ ആക്ടിങ് ചീഫ് ജസ്റിസായിരുന്ന കെ എസ് രാധാകൃഷ്ണനും ജസ്റിസ് എം എന്‍ കൃഷ്ണനും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് അസാധുവാക്കി. ആരാണ് കുറ്റവാളി? സംസ്ഥാന സര്‍ക്കാര്‍ കേസ് കല്‍പ്പിച്ചുകൂട്ടി തോറ്റതോ തോല്‍പ്പിക്കാനായി കേന്ദ്രത്തിലെ വലിയ സര്‍ക്കാര്‍വക്കീലായ ഗോപാലനെ ഹൈക്കമാന്‍ഡ് പറഞ്ഞുവിട്ടതോ? ഇതിനെല്ലാമുള്ള ഉത്തരമല്ലേ മനോരമ അന്വേഷിക്കേണ്ടത്?

പ്രാര്‍ഥനകളോടെ പുനരര്‍പ്പണം എന്ന ആഗസ്ത്19ന്റെ എഡിറ്റോറിയലില്‍ മാമ്മന്‍ മാത്യു ഇങ്ങനെ പറയുന്നു... 'ഫലശൂന്യമായ രാഷ്ട്രീയകലഹങ്ങളില്‍നിന്ന് വികസനോന്മുഖമായ ഭരണസംസ്കാരത്തിലേക്ക് രാഷ്ട്രീയ ചിന്താധാരയെ വഴിമാറ്റാനാണ് മനോരമ അച്ചടി മഷി ഏറെയും ചെലവഴിച്ചിട്ടുള്ളത്...' 'വികസനോന്മുഖമായ ഭരണസംസ്കാരത്തിലേക്ക് രാഷ്ട്രീയ ചിന്താധാരയെ വഴിമാറ്റുക' എന്നു പറഞ്ഞാല്‍ ഉമ്മന്‍ചാണ്ടിയെ ഭരണമേല്‍പ്പിക്കാന്‍ വേഷംകെട്ടിയാടുക എന്നര്‍ഥം. വാളയാറില്‍ നികുതിവെട്ടിച്ചു കടത്തിയ ലോട്ടറി ടിക്കറ്റ് ലോഡ് പിടിച്ചപ്പോള്‍ മനോരമ പറയുന്നു: 'ലോട്ടറി വിവാദം കത്തിനില്‍ക്കെ സര്‍ക്കാരിനെ നോക്കുകുത്തിയാക്കി സാന്റിയാഗോ മാര്‍ട്ടിന്റെ മേഘാ ഡിസ്ട്രിബ്യൂട്ടേഴ്സ് കോടികള്‍ വിലമതിക്കുന്ന സിക്കിം ലോട്ടറി ടിക്കറ്റുകള്‍ മുന്‍കൂര്‍ നികുതിയടയ്ക്കാതെ കേരളത്തിലേക്കു കടത്തി'. ആരാണ് കടത്തുകാരെ പിടിച്ചത്? ആരാണ് പിഴ ചുമത്തിയത്? കണ്ടത്തില്‍ കുടുംബത്തില്‍നിന്നുള്ളവരല്ല-കേരള സര്‍ക്കാരിന്റെ വാണിജ്യനികുതി വകുപ്പുദ്യോഗസ്ഥരാണ്. എന്നിട്ടും സര്‍ക്കാര്‍ നോക്കുകുത്തിയാണത്രേ.

ഓണക്കാലത്ത് തിരുവനന്തപുരത്തെ ചാല മാര്‍ക്കറ്റില്‍ ചേനയുടെ മൊത്തവില സര്‍ക്കാര്‍ വില്‍പ്പനശാലയിലെ ചില്ലറവിലയേക്കാള്‍ കുറവായിരുന്നത്രേ. മനോരമ അതു കണ്ടെത്തി എഴുതി, 'പച്ചക്കറിക്ക് സര്‍ക്കാരിന്റെ കൊള്ളവില' എന്ന്. ഓണത്തിനു ന്യായവിലയ്ക്ക് സര്‍ക്കാര്‍ ഒരുക്കിയ വില്‍പ്പനശാലകളില്‍നിന്ന് പച്ചക്കറി വാങ്ങിയവരെ നോക്കി ഒരു പല്ലിളിക്കല്‍. ഇതാണ് മാധ്യമ പ്രവര്‍ത്തനം. ലോട്ടറി കൊണ്ട് എല്‍ഡിഎഫ് സര്‍ക്കാരിനെയും തോമസ് ഐസക്കിനെയും അങ്ങ് പുഴുങ്ങിക്കളയാം എന്നാഗ്രഹിക്കുന്നവരുണ്ടാകും. അവര്‍ക്ക് ഒത്താശചെയ്യേണ്ടത് മനോരമ തന്നെ. ഇനി ലോട്ടറിക്കാര്യം എഴുതുമ്പോള്‍ സുബ്ബ, ചിദംബരം എന്നിങ്ങനെയുള്ള ചില പേരുകളെങ്കിലും മനോരമ ഓര്‍ത്താല്‍ നന്ന്. അതല്ലെങ്കില്‍ പണ്ട് പത്രത്തിന്റെ തുടക്കക്കാലത്ത് നടത്തിയ 'ഷോഡതി'യുടെ കഥ ഒന്ന് ഓർമ്മിക്കുകയെങ്കിലും വേണം. പറയുമ്പോൾ എല്ലാം പറയണമല്ലോ.

*****

പി എം മനോജ്, കടപ്പാട് : ദേശാഭിമാനി 26-08-2010