മാധ്യമങ്ങളുടെ വ്യാജവാര്‍ത്താനിര്‍മിതിയെക്കുറിച്ച് ജുഡീഷ്യറിക്കുപോലും വിമര്‍ശം ഉന്നയിക്കേണ്ടിവന്ന നാടാണ് കേരളം. ലോട്ടറിവിവാദം രാഷ്‌ട്രീയ അജന്‍ഡയാക്കി മാറ്റുന്നതില്‍ ചില മാധ്യമങ്ങള്‍ വഹിച്ച പങ്ക് പ്രതിപക്ഷ രാഷ്‌ട്രീയ നേതാക്കളേക്കാള്‍ വലുതാണ്. റബര്‍ വിലയിടിച്ച കേന്ദ്രസര്‍ക്കാരിനെതിരെ ഒരക്ഷരം ഉരിയാടാത്ത റബര്‍പ്പത്രം ഇടതുപക്ഷ സര്‍ക്കാരിനെതിരെ ലോട്ടറിവിഷയത്തില്‍ സത്യസന്ധതയും മാധ്യമമര്യാദയുമെല്ലാം ഉപേക്ഷിച്ച് ആഞ്ഞടിക്കുകയായിരുന്നു.
കോൺഗ്രസ് നേതൃത്വവും മനോരമാദികളും രാഷ്‌ട്രീയലക്ഷ്യത്തോടെ നടത്തിയ അപവാദപ്രചാരണങ്ങളുടെ ഫലമെന്താണ് ? വൃദ്ധരും വികലാംഗരുമായ പതിനായിരക്കണക്കിന് ലോട്ടറിത്തൊഴിലാളികള്‍ പട്ടിണിയിലും ദുരിതത്തിലുമായി. ലോട്ടറിമേഖലയില്‍ മൂന്നുപേര്‍ ആത്മഹത്യചെയ്‌തു. ജോലി ആഴ്‌ചയില്‍ ഒരു ദിവസമായി കുറഞ്ഞു. വരുമാനം ഗണ്യമായി കുറയുകയും ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍തന്നെ കടുത്ത പ്രയാസത്തിലുമായി.
അന്യസംസ്ഥാന ലോട്ടറിചൂതാട്ടം തടയുകതന്നെ വേണം. എന്നാല്‍, 43 വര്‍ഷമായി സുതാര്യമായ എല്ലാ നിയമവ്യവസ്ഥയും പാലിച്ച് നടത്തുന്ന ജനങ്ങളുടെ ലോട്ടറിയായ കേരള സര്‍ക്കാര്‍ ഭാഗ്യക്കുറിയെപ്പോലും തകര്‍ക്കുന്ന പ്രചാരണം കോൺഗ്രസ് നേതൃത്വവും ചില മാധ്യമങ്ങളും എന്തിനാണ് നടത്തിയത് ? ഒരുമാസത്തിലേറെ അക്ഷരയുദ്ധവും നിഴല്‍യുദ്ധവും നടത്തിയ ഇക്കൂട്ടര്‍ക്ക് ഒരു വിധിയോ ഒരു വാചകമോ കേരള ഭാഗ്യക്കുറിയുടെ നന്മയെക്കുറിച്ചോ അത് വിറ്റ് ജീവിക്കുന്നവരുടെ ദുരിതങ്ങളെക്കുറിച്ചോ വിവരിക്കാന്‍വേണ്ടിയുണ്ടായില്ല.
മണികുമാര്‍ സുബ്ബമുതല്‍ മാര്‍ട്ടിന്‍വരെയുള്ള അന്യസംസ്ഥാന ലോട്ടറിമാഫിയ സംഘങ്ങള്‍ നടത്തുന്ന കൊള്ളയെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുകതന്നെ വേണം. അതിന് പാവപ്പെട്ട ലോട്ടറിത്തൊഴിലാളികളെ ആത്മഹത്യയിലേക്ക് തള്ളിവിടണമായിരുന്നോ?
ഇവിടെയും ലോട്ടറിമാഫിയ സംഘങ്ങളും കോൺഗ്രസുമായുള്ള ബന്ധം ബോധപൂര്‍വം മറച്ചുവച്ചു. പ്രതിപക്ഷനേതാവോ കെപിസിസി പ്രസിഡന്റോ എഐസിസി അംഗം മണികുമാര്‍ നടത്തുന്ന എംഎസ് അസോസിയറ്റ്സ് എന്ന സ്ഥാപനത്തെക്കുറിച്ചോ തമിഴ്‌നാട് പിസിസി അംഗവും എംപിയുമായ ജെ എം അരുൺ നടത്തുന്ന ലിംബ്രാസ് അസോസിയറ്റ്സ് എന്ന സ്ഥാപനത്തെക്കുറിച്ചോ വിവരിക്കില്ല.
ഇത്തരം രാഷ്‌ട്രീയക്കാര്‍ ബോധപൂര്‍വം മറന്നുപോകുന്ന കാര്യം ജനങ്ങളിലെത്തിക്കുകയാണല്ലോ മാധ്യമധര്‍മം. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ഇക്കാര്യം തമസ്‌ക്കരിച്ചെങ്കിലും തെഹല്‍ക മാഗസിനും സിഎന്‍എന്‍-ഐബിഎന്‍ കൂട്ടുകെട്ടും ഇക്കാര്യം പുറത്തുകൊണ്ടുവന്നു. 25,000 കോടി രൂപ ലോട്ടറിത്തട്ടിപ്പുകേസിലെ മുഖ്യപ്രതിയായ മണികുമാര്‍ സുബ്ബയെ രക്ഷിച്ചത് കോൺഗ്രസ് ഹൈക്കമാന്‍ഡാണെന്നും 5000 കോടി രൂപ എഐസിസിക്ക് തെരഞ്ഞെടുപ്പുഫണ്ട് നല്‍കിയെന്നുമായിരുന്നു ഇവര്‍ പുറത്തുവിട്ട വാര്‍ത്ത. 15 വര്‍ഷം കോൺഗ്രസ് എംപിയും എഐസിസി അംഗവുമായ ഒരാളെക്കുറിച്ച് വിവിധ ഏജന്‍സികള്‍ അന്വേഷണം നടത്തി കണ്ടെത്തിയ വിവരങ്ങള്‍ മനോരമയുടെ ഡിറ്റക്ടീവുകള്‍ കണ്ടില്ലപോലും.
ആഗസ്‌ത് 30ന്റെ ഹൈക്കോടതി വിധിക്കുശേഷമെങ്കിലും ധനമന്ത്രിയെ വേട്ടയാടുന്ന യൂദാസുകള്‍ 'പണി' നിര്‍ത്തുമെന്ന പ്രതീക്ഷ ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ അവരെയും നിരാശരാക്കി 'അപവാദവ്യവസായസംഘം' മുന്നോട്ടുതന്നെ. കോടതി വിധി കോൺഗ്രസ് ഉന്നയിച്ച ആരോപണത്തിന്റെ മുനയൊടിച്ചു. സിക്കിം ലോട്ടറിവകുപ്പ് നിരോധിച്ച സിക്കിം സൂപ്പര്‍ ഡീലക്‌സ്, സിക്കിം സൂപ്പര്‍ ഡിയര്‍ എന്നീ രണ്ട് ലോട്ടറിക്ക് കേരളത്തില്‍ മുന്‍കൂര്‍നികുതി വാങ്ങി നടത്താന്‍ അനുവാദം നല്‍കിയതില്‍ കോടികളുടെ അഴിമതിയുണ്ടെന്നും മേഘാ ഡിസ്‌ട്രിബ്യൂട്ടര്‍ പ്രൊമോട്ടറല്ലെന്നുമായിരുന്നു ആരോപണം. മേഘാ ഡിസ്‌ട്രിബ്യൂട്ടറുടെ കൈയില്‍നിന്ന് മുന്‍കൂര്‍നികുതി വാങ്ങണമെന്ന് കോടതി നിര്‍ദേശിക്കുമ്പോള്‍ കോടതി സ്വീകരിച്ച തെളിവ് ചിദംബരത്തിന്റെ ആഭ്യന്തരമന്ത്രാലയം മാര്‍ട്ടിന് നല്‍കിയ കത്തായിരുന്നു. കത്തിലെ ഉള്ളടക്കം ഇപ്രകാരമാണ്. "സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുടെ പ്രൊമോട്ടര്‍ മേഘാ ഡിസ്‌ട്രിബ്യൂട്ടേഴ്‌സാണ്. നികുതി അടയ്‌ക്കാന്‍ അവരെയാണ് അധികാരപ്പെടുത്തിയിരിക്കുന്നത്. ഡീലക്സും ഡിയറും നിയമവ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് സിക്കിം സര്‍ക്കാര്‍ നടത്തുന്ന ലോട്ടറികളാണ് ''.
ഈ കത്ത് കണക്കിലെടുത്ത് കോടതി പറഞ്ഞു. മുന്‍കൂര്‍നികുതി വാങ്ങണം. നിയമലംഘനം കണ്ടെത്തിയാല്‍ കേന്ദ്രത്തിലേക്ക് സംസ്ഥാനത്തിന് എഴുതാം. സംസ്ഥാനത്തിന് അര്‍ഥശങ്കയ്‌ക്കിട നല്‍കാത്തവിധം കോടതി വ്യക്തമാക്കി. നികുതി നിയമമനുസരിച്ചുള്ള അധികാരംമാത്രം. നിരോധിക്കാനും നിയന്ത്രിക്കാനുമുള്ള അധികാരം കേന്ദ്രത്തിനുമാത്രം. കേന്ദ്രസര്‍ക്കാരിനുള്ള കുറ്റപത്രംകൂടിയാണ് ഹൈക്കോടതി വിധി. നിയമത്തിന്റെ ഉദ്ദേശ്യശുദ്ധിയെ ചോര്‍ത്തിക്കളയുന്ന ചട്ടമുണ്ടാക്കിയ കേന്ദ്ര സര്‍ക്കാരാണ് മുഖ്യപ്രതി.
യുഡിഎഫ് സംസ്ഥാനത്ത് നടത്തുന്ന പ്രചാരണം തികച്ചും രാഷ്‌ട്രീയപ്രേരിതമാണ്. കേരള ഭാഗ്യക്കുറി 43 വര്‍ഷമായി നടക്കുന്നു. '98ല്‍ കേന്ദ്രനിയമം വരുന്നതിനുമുമ്പുതന്നെ വ്യക്തമായ വ്യവസ്ഥകളോടെ നടന്നുവന്നതാണ്. നാലാംവകുപ്പ് പൂഴ്ത്തിയെന്ന് പ്രചരിപ്പിക്കുന്നവര്‍ കേരള ഭാഗ്യക്കുറി നാലാംവകുപ്പിലെ 11 വ്യവസ്ഥയും പാലിക്കുന്നുണ്ടെന്ന കാര്യം മറക്കുന്നു. പതിനായിരങ്ങളുടെ ജീവിതോപാധിയും വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിനുള്ള റവന്യൂവരുമാനവുമാണ് ഹൈക്കോടതി വിധിയോടെ ഇല്ലാതാകുന്നത്.
കേരള ഭാഗ്യക്കുറിയുടെ അന്തകനല്ല ധനമന്ത്രിയും ഇടതുപക്ഷവും.ലോട്ടറിനവീകരണവും സമഗ്രക്ഷേമപദ്ധതികളും കൊണ്ടുവന്നത് തോമസ് ഐസക്കാണ്. ബോണസും പെന്‍ഷനും നല്‍കിയ മന്ത്രിയെ ആര്‍ക്കും മറക്കാനാകില്ല. മികച്ച ധനമാനേജ്‌മെന്റിലൂടെ നികുതിചോര്‍ച്ച തടയാന്‍ ഫലപ്രദമായ നടപടി സ്വീകരിക്കുകയും ഒരുദിവസംപോലും ട്രഷറി അടയ്‌ക്കാതെ സംരക്ഷിക്കുകയും എല്ലാ മേഖലയിലും വാരിക്കോരി ആനുകൂല്യം നല്‍കുകയും ചെയ്‌ത ഒരു മന്ത്രിയുടെ ചോരകുടിക്കാന്‍ ഇറങ്ങിയ യൂദാസുകളാണ് കെപിസിസി നേതൃത്വം. സംവാദത്തില്‍ ഒളിച്ചോടിയപ്പോള്‍ത്തന്നെ ഇക്കൂട്ടരുടെ രാഷ്‌ട്രീയ അജന്‍ഡ കേരളീയര്‍ക്ക് മനസ്സിലായി.
യൂദാസുകളെക്കുറിച്ച് പറഞ്ഞപ്പോള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത് ഐസക്കിന് പിന്തുണയുമായി ജയരാജന്‍ എന്നായിരുന്നു. ഇപ്പോള്‍ പറയുന്നു കണ്ണൂര്‍ ലോബി ഐസക്കിനെതിരാണെന്നും മുഖ്യമന്ത്രി ഐസക്കിനെ വെട്ടിവീഴ്ത്തിയെന്നും ഐസക്കിനെ സഹായിക്കാന്‍ ആരുമില്ലെന്നുമാണ്. ഇത്തരം പരസ്‌പരവിരുദ്ധമായ വാര്‍ത്തകള്‍ നല്‍കി മലയാളികളായ വായനക്കാരെ മന്ദബുദ്ധികളാക്കുന്ന രീതിപോലും മുഖ്യധാരാ മാധ്യമങ്ങള്‍ സ്വീകരിക്കുന്നു.
ലോട്ടറിയുടെ വിഷയത്തില്‍ ധനമന്ത്രിയോ മുഖ്യമന്ത്രിയോ ഇടതുപക്ഷ സര്‍ക്കാരോ തമ്മില്‍ വൈരുധ്യമേയില്ല. തുടര്‍ച്ചയായി ധനമന്ത്രിയെ വേട്ടയാടുമ്പോള്‍ നിയമവിരുദ്ധ അന്യസംസ്ഥാന ലോട്ടറിക്കാരുടെ പേരില്‍ നടപടി എടുക്കേണ്ടുന്ന കേന്ദ്രം നടപടി എടുക്കാതിരിക്കുമ്പോള്‍ സംസ്ഥാനത്തിന് ആകെചെയ്യാന്‍ കഴിയുന്നത് നിയമപ്രകാരം കേരള ഭാഗ്യക്കുറി നിരോധിച്ചാല്‍മാത്രമേ അന്യസംസ്ഥാന ലോട്ടറി നിരോധിക്കാന്‍ കഴിയൂവെന്ന ബിആര്‍ എന്റര്‍പ്രൈസസ് കേസിലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടുകമാത്രമാണ് ഐസക് ചെയ്‌തത്.
2005ല്‍ യുഡിഎഫ് ചെയ്‌തതുപോലെ കേരള ഭാഗ്യക്കുറി നിരോധിക്കാനല്ല നവീകരിച്ച് ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍. കേരള പേപ്പര്‍ ലോട്ടറി നികുതി നിയമത്തിന് ഭേദഗതി വരുത്താന്‍ ഒരു നിര്‍ദേശം ധനവകുപ്പ് മുന്നോട്ടുവച്ചു. നിലവിലുള്ള നികുതി ഏഴുലക്ഷം 25 ലക്ഷമായും 17 ലക്ഷം 50 ലക്ഷമായും ഉയര്‍ത്താനാണ് നിര്‍ദേശം. ആ ഫയലില്‍ മുഖ്യമന്ത്രി വിലപ്പെട്ട ഒരു അഭിപ്രായം രേഖപ്പെടുത്തി. കേന്ദ്രനിയമത്തിലെ നാലാംവകുപ്പിലെ വ്യവസ്ഥകള്‍ പാലിക്കാത്ത അന്യസംസ്ഥാന ലോട്ടറിയുടെ നികുതി സ്വീകരിക്കില്ലെന്ന്. പ്രസ്‌തുത ഫയല്‍ ധനമന്ത്രിയുടെ അടുത്തെത്തിയ ദിവസംതന്നെ ഒരു നിമിഷം വൈകാതെ സമ്മതിച്ചുവെന്നും ഓര്‍ഡിനന്‍സ് ഇറക്കാന്‍ ആവശ്യമായ നടപടികള്‍ മുഖ്യമന്ത്രി സ്വീകരിക്കണമെന്ന് രേഖപ്പെടുത്തുകയും ഫയല്‍ മുഖ്യമന്ത്രിക്ക് അയക്കുകയും ചെയ്‌തു.
വസ്‌തുത ഇതായിരിക്കെയാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും തമ്മില്‍ രൂക്ഷമായ അഭിപ്രായവ്യത്യാസമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ നീചമായ ശ്രമം നടത്തി. കുറുക്കന്റെ ബുദ്ധിയോടെ ഇത്തരം പ്രചാരണം നടത്തുന്നവര്‍ക്ക് ചുട്ടമറുപടിയായിരിക്കും സെപ്‌തംബര്‍ പത്തിന് എറണാകുളത്ത് നടക്കുന്ന കേരള ഭാഗ്യക്കുറി സംരക്ഷണ കൺവന്‍ഷന്‍.
ദുരിതത്തിലായ ലോട്ടറിത്തൊഴിലാളികള്‍ക്ക് സൌജന്യ റേഷന്‍ നല്‍കണം. രണ്ടു രൂപ അരി പദ്ധതിയില്‍ ക്ഷേമനിധി അംഗങ്ങളെ ഉള്‍പ്പെടുത്തിയ മന്ത്രിസഭാതീരുമാനം സ്വാഗതാര്‍ഹമാണ്. അതോടൊപ്പം സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലും ഈ വിഭാഗത്തെ ഉള്‍പ്പെടുത്തണം. ടിക്കറ്റ് വായ്‌പ പദ്ധതി, വില്‍പ്പന കമീഷനും സമ്മാന കമീഷനും വര്‍ധിപ്പിക്കുക, സബ് ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കുംകൂടി സമ്മാന കമീഷന്‍ നല്‍കുക, ചെറുകിടക്കാര്‍ക്ക് വര്‍ധിക്കുംവിധത്തില്‍ കമീഷന്‍ ഘടന പരിഷ്‌ക്കരിക്കുക എന്നിങ്ങനെയുള്ള നടപടികള്‍കൂടി സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി സ്വീകരിക്കേണ്ടിയിരിക്കുന്നു.
*****
എം വി ജയരാജന്‍
Subscribe to:
Post Comments (Atom)
2 comments:
കോണ്‍ഗ്രസ് നേതൃത്വവും മനോരമാദികളും രാഷ്‌ട്രീയലക്ഷ്യത്തോടെ നടത്തിയ അപവാദപ്രചാരണങ്ങളുടെ ഫലമെന്താണ് ? വൃദ്ധരും വികലാംഗരുമായ പതിനായിരക്കണക്കിന് ലോട്ടറിത്തൊഴിലാളികള്‍ പട്ടിണിയിലും ദുരിതത്തിലുമായി. ലോട്ടറിമേഖലയില്‍ മൂന്നുപേര്‍ ആത്മഹത്യചെയ്‌തു. ജോലി ആഴ്‌ചയില്‍ ഒരു ദിവസമായി കുറഞ്ഞു. വരുമാനം ഗണ്യമായി കുറയുകയും ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍തന്നെ കടുത്ത പ്രയാസത്തിലുമായി.
പാവപ്പെട്ട മനുഷ്യരെ ഇങ്ങനെ ലോട്ടറിയിലും,വ്യാജമദ്യത്തിലും,
റേഷന്‍/മാവേലി ക്യൂവിലും തളച്ചിടാതെ...
അവരുടെ മനസ്സിലെ ചങ്ങല തകര്‍ക്കാന്‍ ഉള്ള
പോം വഴി കണ്ടെത്താതെ...
പ്രസ്താവനകളിലൂടെയും
പ്രസംഗംങ്ങളിലൂടെയും ഗതിപിടിക്കാത്ത വാഗ്ദാനങ്ങള്‍ നല്‍കി,കൊല്ലാതെ കൊല്ലുന്ന
മനുഷ്യത്വം തൊട്ടുതെറിച്ചിട്ടില്ലാത്ത വര്‍ഗ്ഗം !!!
Post a Comment