മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ പത്രാധിപത്യത്തില്‍ മൂന്നുനാല് ദശകം മുന്‍പ് തിലകം എന്നൊരു സാഹിത്യമാസിക എറണാകുളത്ത് നിന്ന് ഇറങ്ങിയിരുന്നു - പരിഷത് മാസിക മുടങ്ങിയ വിടവില്‍ മുണ്ടശ്ശേരിയുടെ മംഗളോദയത്തിനുശേഷം കേരളസാഹിത്യസമിതി മാസികയ്‌ക്കും മാനദണ്ഡത്തിനും മാതൃകയായി എന്നു പറയാം. ഡോ. എം.എസ്. മേനോന്‍, ഡോ.എം. ലീലാവതി, പ്രൊഫ. എം. അച്ചുതന്‍, ജി.എന്‍. പിള്ള, കെ.പി. ശങ്കരന്‍ എന്നിവര്‍ ഇന്നത്തെ പ്രമുഖ എഴുത്തുകാരുടെ ആചാര്യന്മാരായി ഉയര്‍ന്നവര്‍ എഴുതി പഠിച്ച 'തിലക'ത്തിന്റെ തിലകക്കുറി 'നിന്റെ കിരീടം ആയിരിക്കട്ടെ വിനയം' എന്നായിരുന്നു. ഗുരുതുല്യനായ മഹാകവി ജിയുടെ ശിരസ്സുതൊട്ടുള്ള ഉപദേശം മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോനെ നന്നെ ബാധിച്ചിരുന്നു എന്ന് കാവ്യലോകസ്‌മരണകളുടെ മുഖഭാഗം വെളിപ്പെടുത്തുന്നുണ്ട്. വൈലോപ്പിള്ളി ആരംഭിക്കുന്നതിങ്ങനെയാണ് "കാവ്യലോകസ്‌മരണകള്‍ എന്നത് വലിയ ഒരു വാക്കാണ്. അതിലെ ആര്‍ഭാടം ഞാന്‍ ഇഷ്‌ടപ്പെടുന്നില്ല. ഒരു കവിതക്കാരന്റെ ഓര്‍മകള്‍ എന്നോ മറ്റോ പറയുന്നതാവും ഉചിതം'' മറ്റൊരിടത്ത് "മഹാകവിത്വം എനിക്ക് പറ്റാത്ത തൊപ്പിയാണ്. കവിതക്കാരന്‍ എന്ന വള്ളത്തോള്‍ പദമാണ് പാകം.'' കണ്ടില്ലേ, വിനയം കിരീടമാക്കിയത് ? വൈലോപ്പിള്ളിയുടെ ഏറ്റവും നല്ല കൃതിയാണ് കാവ്യലോകസ്‌മരണകള്‍ എന്ന് പറയുന്നില്ല. എന്നാല്‍ മലയാളത്തിലെ മികച്ച ആത്മകഥകളിലൊന്നാണിതെന്നതിന് സംശയമില്ല. അനുവാചകര്‍ വേണ്ടത്ര ആദരിച്ചുവോ ഈ കൃതിയെ എന്ന സംശയം അവശേഷിക്കുന്നു. എന്നല്ല ഒരു 'സാഹിത്യസൊള്ള് ' എന്ന് കരുതിയാല്‍ മതിയെന്ന പ്രസ്‌താവന അതിവിനയം കൊണ്ടുതന്നെ.
ആത്മാവില്‍ നിന്നൊരു നിലവിളി
ആത്മാവില്‍നിന്ന് ഒരു നിലവിളിയോടെ സ്‌മൃതിധാര പ്രവഹിച്ചതിന്റെ ഉത്തരവാദി ദേശാഭിമാനി വാരികയുടെ പത്രാധിപര്‍ എം.എന്‍. കുറുപ്പാണെന്ന സത്യവാങ്മൂലവും പ്രാരംഭത്തില്‍ തന്നെ ഉണ്ട്. എത്ര കടുത്ത നിര്‍ബന്ധം വേണ്ടിവന്നുവെന്ന് എം.എന്‍. കുറുപ്പ് ഒരിക്കല്‍ എഴുതിവച്ചിട്ടുണ്ട്. എം.എന്‍. കുറുപ്പിന്റെ ആക്രമണം, കുറുപ്പിന്റെ മര്‍ദനം എന്നൊക്കെയാണ് കവിവചനം. താന്‍ കിനാവുകാണുന്ന സ്വതന്ത്ര മനുഷ്യരുടെ ലോകം സാധിതപ്രായമാക്കാന്‍ ത്യാഗോജ്വലയത്നം ചെയ്യുന്നവരെ മാനിക്കുന്നതുകൊണ്ടാണ് ഒരു മാര്‍ക്‌സിസ്‌റ്റ് വാരികയായ ദേശാഭിമാനിയില്‍ ഈ സ്‌മരണകള്‍ പ്രത്യക്ഷപ്പെട്ടതെന്നും - കേവലം യാദൃഛികമായാണെങ്കിലും - വൈലോപ്പിള്ളി പറയുന്നുണ്ട്. ദേശാഭിമാനിയോടും കമ്യൂണിസ്‌റ്റുകാരോടുമുള്ള മമത വിളിച്ചു പറയുകയാണദ്ദേഹം.
മൂന്നു പാദങ്ങളായി കാവ്യലോക സ്‌മരണകളെ വിഭജിക്കാം. മരുമക്കത്തായ വ്യവസ്ഥയില്‍ കൂട്ടുകുടുംബത്തിലെ ജീവിതാനുഭവങ്ങള്‍ സ്വത്വം രൂപപ്പെടുത്തിയ കഥ. (സ്വതവേ നാണംകുണുങ്ങിയാണ് ഞാന്‍ - ചിത്രംവരക്കമ്പം കന്നിക്കൊയ്ത്തിന്റെ കവര്‍ ചിത്രം വരയ്‌ക്കുന്നതുവരെ എത്തിയത് - സംസ്‌കൃതം പഠിക്കാനവസരമുണ്ടായിട്ടും അതുപേക്ഷിച്ചതിന്റെ ദുഃഖം) പരിഷത് സദസ്സുകളും അക്ഷരശ്ളോക വേദികളും കവന പരീക്ഷകളും അടക്കം കവി ശിക്ഷയുടെ ഉല്‍സാഹകാലം, ഫ്യൂഡലിസ്‌റ്റ് കാലഘട്ടത്തിന്റെ ഗുണദോഷസമ്മിശ്രമായ ജീവിതാവസ്ഥയില്‍ ആരെയും കുറ്റം പറയാതെ, ആര്‍ക്കുനേരെയും കൂരമ്പെറിയാതെ, ദൌര്‍ബല്യങ്ങളും കുറ്റങ്ങളും സ്വയം ഏറ്റെടുത്തു ജീവിതാവസ്ഥ - നിഷ്‌ക്കളങ്കാത്മാവിന്റെ ജീവിതയാത്ര പറഞ്ഞതല്ല. പറയാത്തതേറെ എന്ന പ്രതീതിയാണ് നമുക്കുണ്ടാവുക.
വൈലോപ്പിള്ളിയുട ജന്മനാട് കലൂരാണ് (എറണാകുളം). കലൂരിന് കലാപാരമ്പര്യമില്ലെങ്കിലും തൊട്ടപ്പുറത്തുള്ള ഇടപ്പള്ളി സാഹിതീക്ഷേത്രമായിരുന്നു. ഇടപ്പള്ളിയിലെ ഗാനഗന്ധര്‍വനെ കവി വാഴ്ത്തിപ്പാടിയിട്ടുണ്ട്. ഇടപ്പള്ളിയും ചങ്ങമ്പുഴയും ഇടപ്പള്ളി കരുണാകരമേനോനും പഴയ തലമുറയിലെ കൊലകൊമ്പനായ മേലേടേത്ത് അച്ചുതമേനോനും വിരാജിച്ച നാട്. ഇടപ്പള്ളി സാഹിത്യപരിഷത്ത് ചരിത്രപ്രസിദ്ധമാണ്. ഇടപ്പള്ളിയിലെ ചായക്കടക്കാരനും ബീഡി തെറുപ്പുകാരനും വരെ സാഹിത്യകൌതുകമുള്ളവരാണത്രേ.
അത്രയുമല്ല ഇടപ്പള്ളിയുടെ വിശേഷം വൈലോപ്പിള്ളിയുടെ ദൃഷ്‌ടിയില്‍ ഫ്യൂഡല്‍ പാരമ്പര്യത്തില്‍ വളര്‍ന്ന് കൃഷിക്കാരായി തെളിഞ്ഞ് ബൂര്‍ഷാതലത്തിലേയ്‌ക്ക് കാലെടുത്തുവെച്ച അവരുടെ തറവാടുകള്‍ക്ക് ഉദ്യോഗസ്ഥ ബൂര്‍ഷ്വാസിയുടെ നിലവാരത്തിലേയ്‌ക്ക് ഉയരണമെന്ന അഭിലാഷമാണ് ഉണ്ടായിരുന്നത്. പുത്തന്‍ ബംഗ്ളാവുകളില്‍ പരിഷ്‌ക്കാരത്തിന്റെ വിന്‍ഡോകര്‍ട്ടനുപിന്നില്‍ വിരാജിക്കുക. സംസ്‌കൃതപദങ്ങളും നാടന്‍ മലയാളപദങ്ങളും നമ്പൂതിരി ഭാഷയും ഇംഗ്ളീഷ് വാക്കുകളും കലര്‍ന്ന അവിയല്‍ സമ്പത്താണവര്‍ക്കുണ്ടായിരുന്നത്. നാലുകെട്ടുകളും നമ്പൂതിരി സംബന്ധവും ഉള്ള പഴഞ്ചന്‍ തറവാടുകള്‍. എന്നിട്ടും മാമൂലുകളുടെ മാറാലകളില്‍ നിന്ന് തനിക്ക് മോചനം ലഭിച്ചതെങ്ങന എന്ന് വൈലോപ്പിള്ളി അല്‍ഭുതം കൂറുന്നു.
കവിതയുടെ വേരുകള്‍
അമ്മയില്‍ നിന്നാണ് കവിതാവാസന പകര്‍ന്നു കിട്ടിയതെന്ന് വൈലോപ്പിള്ളി പറയുന്നു. അമ്മ നല്ല പാട്ടുകാരിയായിരുന്നു. നോവല്‍ വായനക്കാരിയായിരുന്നു. വൈലോപ്പിള്ളി തന്നിലെ കവിതയുടെ വേരുകള്‍ കണ്ടെത്തിയത് നാട്ടിലും വീട്ടിലുമുള്ള ഈ സാഹചര്യത്തിലാണെന്നും വ്യക്തമാക്കുന്നു. കുട്ടിക്കാലത്ത് പക്ഷികളെ ലാളിക്കുന്നതില്‍ കൌതുകം കൊണ്ടുവെങ്കിലും കാക്കള്‍ മാത്രമേ വിടാതെ കൂടെ ഉണ്ടായിട്ടുള്ളൂ. വിദ്യാഭ്യാസം കുടിപ്പള്ളിക്കൂടത്തിലാരംഭിച്ച് എറണാകുളം മഹാരാജാസ് കോളെജില്‍ സമാപിപ്പിച്ചു. കവി കുറ്റിപ്പുറത്ത് കേശവന്‍ നായര്‍ കോളെജിലും ജീവിതത്തിലും സര്‍വഥാ ആദരണീയനായ ഗുരുനാഥന്‍. കണ്ണില്‍പ്പെട്ട കാവ്യപുസ്‌തകങ്ങളൊക്കെ വായിച്ചു തള്ളുക സ്വയം പരിശീലനമായി. കീറിക്കളഞ്ഞ ഒരു ശ്ളോകനാടകമാണത്രേ പ്രഥമകൃതി.
മഹാകവി രവീന്ദ്രനാഥ ടാഗൂര്‍ 1924-ല്‍ എറണാകുളത്ത് വന്നത് അത്യന്തം ആവേശത്തോടെയാണ് വൈലോപ്പിള്ളി വിവരിച്ചത്. കുമാരനാശാന്റെ ആരാധകനുമാണദ്ദേഹം. സമകാലികരായ മറ്റു മഹോന്നത കവികളില്‍ കാണുന്ന മാന്യമായ നാഗരികതയെ പൊട്ടിച്ചുയര്‍ന്നു നില്‍ക്കത്തക്കവിധം ആശാനെ ജീനിയസ്സാക്കിയത് പ്രതിഭയുടെ വന്യതയാണെന്ന് വൈലോപ്പിള്ളി കരുതുന്നു. പ്രരോദനമാണ് ആശാന്‍ കൃതികളില്‍ പ്രിയപ്പെട്ടത്. നൂറു കുറ്റം പറയാനുണ്ടെങ്കിലും ഉമാകേരളം ഉള്ളൂരിന്റെ കവിപ്രകൃതി താരുണത്തിന്റെ ഓജസ്സ് ധൂര്‍ത്തടിച്ച് കെട്ടിപ്പടുത്ത കീര്‍ത്തിപ്രഭാവത്തിന്റെ കോട്ടയാണെന്നും അദ്ദേഹം വിചാരിക്കുന്നു. വള്ളത്തോളിനോടും കുറ്റിപ്പുറത്തിനോടും അളവറ്റ ആദരവാണുള്ളത്. അവരുടെ കവിതകള്‍ തനി മുത്തുകളാണ്.
സത്യവും സൌന്ദര്യവും
എട്ടാംക്ളാസില്‍ വച്ചുതന്നെ വൈലോപ്പിള്ളി കവിത എഴുതിത്തുടങ്ങി. കവിയായി പ്രസിദ്ധനാകണമെന്ന മോഹമൊന്നും ഉണ്ടായിരുന്നില്ലത്രേ. കോളെജില്‍ ജീവശാസ്‌ത്രം ഐഛികമായെടുത്തതും കാവ്യാധ്വാവില്‍ പാഥേയമാകുമെന്ന് വിചാരിച്ചിട്ടാണ്. എന്നാല്‍ വന്നുപെട്ടത് മറിച്ചാണ്. ശാസ്‌ത്രബോധമുള്ള കവി എന്ന് തന്നെ വിളിക്കുന്നതും വാല്‍സല്യചേഷ്‌ടയാണെന്ന് വെളിപ്പെടുത്തുന്നുണ്ട്. സൌന്ദര്യത്തെക്കാളൊരുപടി മീതെ സത്യത്തെ കാണുന്നുവെന്നത് ഒരു പക്ഷേ ശാസ്‌ത്ര ശിക്ഷണത്തിന്റെ ഫലമാകാം. പറയേണ്ടത് തുറന്നുപറയുക എന്നതാണ് തന്റെ സമ്പ്രദായമെന്നും വൈലോപ്പിള്ളി പ്രഖ്യാപിക്കുന്നുണ്ട്.
"മലയാള ഭാഷയുടെ അസ്‌തിത്വം ആശങ്കാകുലമായ ഘട്ടത്തിലാണിപ്പോള്‍ എന്ന് പലരും വിലപിക്കാറുണ്ട്. ഇത്തരുണത്തില്‍ ഭാഷയുടെ രക്ഷയെച്ചൊല്ലിയുള്ള മഹാകവി വള്ളത്തോളിന്റെ വാക്കുകള്‍ ഏറെ പ്രസക്തമാണ്. "ഋഷിതുല്യനായ വിക്‌ടര്‍ ഹ്യൂഗോ പ്രാര്‍ഥിച്ചിട്ടുണ്ട്, എല്ലാ ലോകഭാഷകളുടെയും പ്രവാഹങ്ങള്‍ വന്നുചേരുന്ന വന്‍കടലാകട്ടെ എന്റെ ഭാഷയെന്ന്. ഈവിധം മലയാളത്തെക്കുറിച്ച് നമുക്കും അഭിലഷിക്കുക. അന്യഭാഷകളിലെ കൊള്ളാവുന്ന ഗ്രന്ഥങ്ങളൊക്കെ വിവര്‍ത്തനം ചെയ്‌ത് എന്റെ ഭാഷയ്‌ക്ക് മുതല്‍ക്കൂട്ടാക്കുവാന്‍ ഭാഷാപ്രണയികള്‍ തുനിയണം. വിവര്‍ത്തനംകൊണ്ടു മാത്രമല്ല സ്വന്തം കൃതികള്‍കൊണ്ടും മലയാളഭാഷയെ പോഷിപ്പിക്കണം'' ഭാഷാസ്നേഹത്തിന്റെ ഉറച്ചവേദിയില്‍നിന്ന് ഇങ്ങനെ ഇടംവലം നോക്കാതെ വെട്ടിത്തുറന്നു പറഞ്ഞ വരികള്‍ ഇപ്പോഴും പ്രസക്തമാകുന്നു. വൈലോപ്പിള്ളി ആ ഭാഗം ഉയര്‍ത്തിപ്പിടിച്ചത് അതുകൊണ്ടുതന്നെ.
കാവ്യരസം കരകവിയുന്ന ആത്മകഥയാണ് വൈലോപ്പിള്ളിയുടെ കാവ്യലോക സ്‌മരണകള്‍. അതിലൂടെ എത്രവട്ടം ഊളിയിട്ടു പോകുന്നതും മധുരാനുഭവംതന്നെ.
*****
പാലക്കീഴ് നാരായണന്‍, കടപ്പാട് : ഗ്രന്ഥാലോകം ജൂണ്‍ 2010
അധിക വായനയ്‌ക്ക് :
1. മൃതസഞ്ജീവനി
2. എല്ലാം സ്വന്തം കാവ്യജീവിതത്തിനുവേണ്ടി
3. ചരിത്രം - കവിതയ്‌ക്ക് ചൈതന്യത്തിന്റെ ഒരു സ്രോതസ്സ്
4. വൈലോപ്പിള്ളിക്കവിതയിലെ അന്തഃസംഘര്‍ഷങ്ങള്‍
5. വൈലോപ്പിള്ളിയുടെ സ്‌ത്രീസങ്കല്പം
6. വൈലോപ്പിള്ളിക്കവിതയുടെ സാമൂഹിക ഭൂമിക
7. വൈലോപ്പിള്ളി - മലയാളത്തിലെ 'റിയലിസ്‌റ്റ് ' മഹാകവി
8. പ്രകൃതിപാഠങ്ങള്‍
9. 'എന്നുടെയൊച്ച കേട്ടുവോ വേറിട്ട് ?'
Subscribe to:
Post Comments (Atom)
No comments:
Post a Comment