Sunday, September 12, 2010

ചരിത്രം - കവിതയ്‌ക്ക് ചൈതന്യത്തിന്റെ ഒരു സ്രോതസ്സ്

വൈലോപ്പിള്ളിയുടെ 'പത്മനാഭപുരത്തില്‍ 'എന്ന കൃതിയുടെ പാഠപരിശോധന

പദവിപ്പെട്ട ഒരു പേരാണല്ലോ പദ്മനാഭപുരം എന്നത്. കേരളചരിത്രത്തിലെ, കൂടുതല്‍ തിട്ടം വരുത്തിപ്പറഞ്ഞാല്‍ തിരുവിതാംകൂര്‍ ചരിത്രത്തിലെ, പല ഗതിവിഗതികളിലും ഈ ഇടം ഗണ്യമായ പങ്കു വഹിച്ചു. പല നിഗൂഢതകളും വലയം ചെയ്‌ത് ആശങ്കാനിര്‍ഭരമായിരുന്നു ഒരു കാലത്ത് പദ്മനാഭപുരം കൊട്ടാരത്തിന്റെയും പരിസരത്തിന്റെയും അന്തരീക്ഷം. വേണാടിന്റെ ഒരു കാലത്തെ ഈ ആസ്ഥാനത്ത് നില വേറൊന്നാവാന്‍ നിവൃത്തിയില്ലല്ലോ. പ്രതാപിയായ മാര്‍ത്താണ്ഡവര്‍മ പുതുക്കിപ്പണിതതാണത്രേ ഇപ്പോഴത്തെ കൊട്ടാരം. ആസ്ഥാനം എന്ന വൈഭവം വഴിയേ നഷ്‌ടപ്പെട്ടാലും, അവിടത്തെ പല അല്‍ഭുതങ്ങളും ഇപ്പോഴും സന്ദര്‍ശകര്‍ക്ക് ഭീതി കലര്‍ന്ന ആരാധനയുടെ സ്രോതസ്സായി ശേഷിക്കുന്നു.

സംസ്ഥാനപുനര്‍വിഭജനത്തോടെ പത്മനാഭപുരം കേരളത്തിന് ഒരളവോളം അന്യമായി. പക്ഷേ അതിന്റെ സംസ്‌കാരികമായ പ്രഭാവം സന്ദര്‍ശകര്‍ ഇപ്പോഴും സ്‌മരണകളില്‍ അയവിറക്കുന്നു. അതല്ല, വെറും പുറംപകിട്ടില്‍ മാത്രം പ്രലോഭിതരാവുന്നവര്‍ക്ക്, തങ്ങള്‍ വിനോദയാത്രകളില്‍ കയറിച്ചെല്ലുകയും അലസമായി കണ്ണുനടത്തുകയും ചെയ്യുന്ന മറ്റൊരു താവളം എന്ന് അവഗണിക്കാം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതിര്‍ന്ന ഒരു സഹപ്രവര്‍ത്തകനും കുറെ മൈസൂര്‍ വിദ്യാര്‍ഥികളുമൊത്ത് ഞാനവിടെ ഓട്ടപ്രദക്ഷിണം പൂര്‍ത്തിയാക്കിയത് ഓര്‍മ വരുന്നു. മൈസൂരിലെ കൊട്ടാരങ്ങളുടെ, ഗോപുരത്തിലേ ആരംഭിക്കുന്ന, ആര്‍ഭാടവുമായി ഒത്തുനോക്കിയിട്ടാവാം, പലര്‍ക്കും പ്രവേശിക്കുന്ന നേരത്ത് മുഖത്തുദിച്ചത് ഉദാസീനതയോ ഒട്ടൊരു പുച്‌ഛംതന്നെയോ ആയിരുന്നു. പിന്നെ ഉപായത്തിലായാലും ഓരോ ദൃശ്യവും ചിലരില്‍ പുനരാലോചന ഉണര്‍ത്തിയിരിക്കണം. സഹപ്രവര്‍ത്തകന്‍ പ്രകടമായ ആദരവോടെ എന്നോട് ഏറ്റുപറയാന്‍തന്നെ സങ്കോചിച്ചില്ല: ഇത് അത്യന്തം വ്യത്യസ്‌തമായ ഒരു ശൈലി. ആന്തരമായ പൊരുളും ചികഞ്ഞെടുക്കാന്‍ ദൃഷ്‌ടി ഉള്ളിലേയ്‌ക്കു ചുഴിഞ്ഞിറങ്ങുകതന്നെ വേണ്ടിവരും...

അഥവാ, അങ്ങനെയാണല്ലോ ചരിത്രം. മേലേ നിശ്ചലം നിരപായം എന്നൊക്കെ തോന്നിക്കുമ്പോഴും, ചോടേ പെട്ടെന്ന് പേര്‍ത്തെടുക്കാനാവാത്ത ചലനങ്ങള്‍ ഉരുണ്ടുകൂടുന്നുണ്ടാവും. നിതാന്തജാഗ്രത എന്നതത്രേ ചരിത്രത്തില്‍നിന്നു നിര്‍ധരിക്കേണ്ട പാഠം. അതു നിര്‍ധരിക്കല്‍തന്നെ, അന്നന്ന് ഉരുത്തിരിയുന്ന നവീനനയതന്ത്രങ്ങളെയടക്കം നേരിടാന്‍ ചരിത്രത്തില്‍ നിന്ന് നമുക്ക് നേടാവുന്ന സജ്ജീകരണം. പ്രത്യക്ഷത്തില്‍ എല്ലാം ഭദ്രം എന്ന ഭാവത്തെ തുളച്ചുകേറാന്‍ സാധിക്കണം; അല്ലാതെ, കണ്ടതിന്റെ ബാഹ്യത്താല്‍ സ്വാധീനിക്കപ്പെട്ടാല്‍ പോര. കണ്ടതിന്റെ ശുദ്ധതയാല്‍ വഞ്ചിതാവരുത്; അതിനപ്പുറത്തെ ഇരുണ്ട, ഇടുങ്ങിയ, കോണിയിലൂടെ സൂക്ഷിച്ചിറങ്ങി കാണാത്തത് വ്യാകരിക്കണം. ഭൂതകാലത്തിന്റെ ചൈതന്യത്തെ, വര്‍ത്തമാനകാലത്തിന്റെ വന്ധ്യതയ്‌ക്കും അന്ധതയ്‌ക്കുമെതിരെ പ്രതിരോധമായി സ്വീകരിക്കണം. ചരിത്രം ജഡഭാരമല്ല; പിന്നെയോ, ഏതു പ്രശ്‌നസങ്കീര്‍ണതയിലും പുതുവിവേകത്തിന്റെ ജീവധാരയാവണം. പ്രതിസന്ധികളില്‍ ചാലകശക്തിയായി ചരിത്രത്തിന്റെ പൊരുള്‍ പുനരാവാഹിക്കാന്‍ കഴിയണം. ഈ അവബോധത്തിന് അടിവരയിടുന്നതിലൂടെ, വൈലോപ്പിള്ളിയുടെ 'പദ്മനാഭപുരത്തില്‍' എന്ന കവിത അവിസ്‌മരണീയമായി മാറുന്നു.

1955-ലാണ് ഈ കവിതയുടെ പിറവി; കൃത്യപ്പെടുത്തിയാല്‍, ആ കൊല്ലത്തിന്റെ കണ്ണു മിഴിയുന്ന അന്നുതന്നെ. 1-1-1955 എന്ന് രചനയുടെ ഈ തിയതി, ഇത് ആദ്യം പ്രത്യക്ഷപ്പെട്ട "വിത്തും കൈക്കോട്ടും'' എന്ന സമാഹാരം (1956) വൈലോപ്പിള്ളി സപ്‌തതിയുടെ ഉപഹാരമായി പുറത്തുവന്ന (1984) വലിയ സമാകലനം; പിന്നെ മരണാനന്തരം പ്രസിദ്ധപ്പെടുത്തിയ (2001) സമ്പൂര്‍ണകൃതികള്‍ - എല്ലാറ്റിലും കൊടുത്തുകാണുന്നു. മറ്റു പലതിനെസംബന്ധിച്ചും നിഷ്‌കര്‍ഷിക്കാത്ത ഒന്നാണ് ഈ സംഗതി. ഈ കവിതയുടെ കാര്യത്തില്‍ വേറൊരു വിശേഷംകൂടി: മൂന്നു പതിപ്പുകളിലും അടിക്കുറിപ്പുകള്‍ക്ക് ഏറ്റക്കുറച്ചിലുകള്‍ ഒന്നുമില്ല. പഞ്ചവങ്കാട്ടിലെ നീലി എന്ന പരാമര്‍ശത്തിന്, അത്യാവശ്യമല്ല എന്നു തോന്നുമാറ്, ആദ്യം കൊടുത്ത 'ആളെത്തീനിയായ ഒരു ഘോരയക്ഷി' എന്ന കുറിപ്പ് തുടര്‍ന്നു നിലനിര്‍ത്തിയിരിക്കുന്നു.

കൊല്ലം കണിശമായിക്കിട്ടുന്നതിന് മുഖ്യമായും ഒറ്റ ഉദ്ദേശമേ ഉള്ളൂ: ചരിത്രത്തില്‍നിന്നു ചൈതന്യം നേടുക എന്ന നിഗമനം ഉരുത്തിരിക്കല്‍, എന്ന് ഏതു കവിതയിലാണ് ഈ പ്രവണത അങ്കുരിച്ചത് എന്ന് ഉറപ്പു വരുത്തുക ഞെരുക്കം. 1938ന്റെ അസ്‌തമയത്തോടടുത്ത ഉദ്ഗമമാണ് 'ശിബിയില്ല'. അതായത്, രണ്ടാംലോകമഹായുദ്ധത്തിന് അരങ്ങൊരുങ്ങുകയാണല്ലോ എന്ന നിരാശയും വിഷാദവുമാകുന്നു അതിലെ അന്തര്‍ധാര. ചരിത്രസന്ദര്‍ഭത്തെ ഇതിഹാസപുരാണങ്ങളോട് ഇഴചേര്‍ക്കുക എന്ന പ്രവണതയും 'ശിബിയില്ല'യില്‍ പ്രതിഫലിക്കുന്നു.

"ലജ്ജിച്ചുപോയീ, ചെറുതിട, മര്‍ത്ത്യനെ-
സൃഷ്‌ടിച്ചു കൈകള്‍ മലിനപ്പെടുത്തിയോന്‍''

എന്ന കടുത്ത സമാപനം അന്നത്തെ സന്ദര്‍ഭം ജനിപ്പിച്ച കനത്ത അസ്വാസ്ഥ്യത്തിനു സാക്ഷ്യമാണ്. ഇതു കഴിഞ്ഞ് ഒന്നര ദശകത്തിനുമേല്‍ അകലമുണ്ട് 'പത്മനാഭപുരത്തില്‍' എന്ന കവിതയിലേയ്‌ക്ക്. ഇടവേളയില്‍ അതാതു ഘട്ടങ്ങളിലായി ചരിത്രചൈതന്യത്തിലേയ്‌ക്കു ചായുന്ന രചനകള്‍ ആവിര്‍ഭവിക്കുന്നുമുണ്ട്. എന്നു വെച്ചാലോ: പരീക്ഷണത്തിലൂടെ പതംവന്ന ഒരു പാകം 'പത്മനാഭപുരത്തില്‍' ഫലിക്കുന്നത് ഏതും യാദൃച്‌ഛികമല്ല.

വളരെ അര്‍ഥഗര്‍ഭമാണ് ഈ കവിതയുടെ ആരംഭം. പത്മനാഭപുരം കൊട്ടാരം കാണാന്‍ ചെല്ലുന്ന സന്ദര്‍ശകര്‍ ചെരിപ്പൂരി പുറത്തുവെയ്‌ക്കണം എന്നു ചട്ടം. ഇത് വൈലോപ്പിള്ളി ശക്തമായ ഒരു അര്‍ഥകല്‍പനയ്‌ക്കു വകയാക്കുന്നു. ചെരിപ്പ് ഊരിവെച്ചു എന്നല്ല; പിന്നെയോ, ഓര്‍മക്കേടില്‍ എവിടെയോ ഊര്‍ന്നുപോയി എന്നത്രേ കവിക്ക് ഉണരുന്ന പ്രതീതി. ഏതു ചെരിപ്പ് - വര്‍ത്തമാനകാലത്തിന്റെ ദ്രവിച്ച ചെരിപ്പുതന്നെ. വര്‍ത്തമാനകാലം ആര്‍ക്കും തൃപ്‌തികരമായി തോന്നാറില്ല. അസംതൃപ്‌തികള്‍, അപര്യാപ്‌തകള്‍... ചെരിപ്പിനു ചേര്‍ത്ത 'ദ്രവിച്ച' എന്ന വിശേഷണം അതൊക്കെ ദ്യോതിപ്പിക്കുന്നു. എങ്ങനെ മോചനം നേടാം? വര്‍ത്തമാനകാലത്തെ വെറുതെ അഴിച്ചുവലിച്ചെറിയാന്‍ പറ്റുമോ? അങ്ങനെ വലിച്ചെറിഞ്ഞ് ഭൂതകാലത്തിന്റെ വ്യാപകമായ ആകാശവീഥിയില്‍ അലസയാനം നടത്താം എന്നു വ്യാമോഹിക്കുന്നവരുണ്ടാവും. വൈലോപ്പിള്ളി ഇപ്രകാരം അധിവാസസ്ഥാനം എന്ന നിലയ്‌ക്കല്ല, അന്തര്‍വീര്യം സ്വരൂപിക്കാനുള്ള സ്രോതസ്സ് എന്ന നിലയ്‌ക്കാണ്, ഭൂതകാലത്തെ സമീപിക്കുന്നത്. ഈ നിര്‍ണായകമായ അന്തരം കവിതയുടെ അവസാനത്തില്‍നിന്നു നിര്‍ധരിക്കാം. തല്‍ക്കാലം.

"ഞാനെങ്ങുവെച്ചു മറന്നുപോ,യെന്‍ വര്‍ത്ത-
മാനകാലത്തിന്‍ ദ്രവിച്ച ചെരിപ്പുകള്‍?''

എന്ന ആരംഭം, ആ നിര്‍ധാരത്തിനുള്ള മുന്നൊരുക്കമായി ശ്രദ്ധിച്ചുവെയ്‌ക്കാം. ചെരിപ്പൂരേണ്ട താമസം, താന്‍ മറ്റൊരു അനുഭവമണ്ഡലത്തില്‍ ചെന്നുപെട്ടു. പത്മാഭപുരത്തെ 'കലാശില്‍പദര്‍പണ'മായ നര്‍ത്തനശാല തന്റെ കണ്ണില്‍, കടന്നുപോയ നൂറ്റാണ്ടുകളുടെ അടഞ്ഞ വാതിലുകള്‍ ഇതാ മലര്‍ക്കെ തുറക്കയാണല്ലോ.

ഇനി, അങ്ങനെ തുറന്നതോടെ തെളിഞ്ഞ ദൃശ്യം: സരസ്വീതി മണ്ഡപം എന്നറിയപ്പെടുന്ന നൃത്തശാല; അവിടെ ദേവിയുടെ തൃക്കോവിലില്‍ ('വാഗ്‌ദേവി പാവനമാക്കിച്ചമച്ച' എന്നത്രേ കവി അതിനു കല്‍പിക്കുന്ന വിശേഷണം. 'പള്ളികൊള്ളുന്നു' എന്നോ മറ്റോ ആയിരുന്നു പദഘടനയെങ്കില്‍, വിവക്ഷിതത്തിന് എന്ത് വ്യത്യാസം നേരിട്ടേനേ എന്നു വിചാരിച്ചു നോക്കാവുന്നതാണ്). ദീപം പുഞ്ചിരിപോലെ പ്രകാശിക്കുന്നു. ചുറ്റും കല്‍ത്തൂണുകളില്‍, അവ പെറ്റു എന്നു തോന്നിക്കുന്ന, സുന്ദരിമാരുടെ ശില്‍പങ്ങള്‍; അവയുടെ കുമ്പിള്‍പോലുള്ള കൈകളില്‍, തൃക്കോവിലിലെ ദീപത്തില്‍നിന്നു കൊളുത്തിയ നെയ്‌ത്തിരികള്‍; അവ വഴി നൃത്തശാലയാകെ തരംഗിതമായ പ്രകാശത്തിന്റെ സ്വര്‍ണത്തരികള്‍ ചിന്നുന്നു. നേരം പാതിര; എന്നാലും ഇരുമങ്കമാര്‍ 'മുഗ്‌ധമൃദംഗാദിതാള'ത്തിനൊത്ത് 'മത്തമയൂരികള്‍പോലെ' നൃത്തം തകര്‍ക്കുകതന്നെയാണ്. "തെന്‍മധുരാപുരീ വീണ്‍മലര്‍വാടിയില്‍ തെഴുത്ത ചമ്പകവല്ലികള്‍'' എന്ന് കവി ഇവരെ പരിചയപ്പെടുത്തുന്നു. തുടര്‍ന്ന്, ശുചീന്ദ്രത്തെ തേവരുടെ തൃപ്പാദധൂളികളേറ്റു പൂര്‍ണത നേടിയവര്‍...

ഭാവഹാവങ്ങളുടെ വീചീവിലാസം, അംഗോപാംഗങ്ങളുടെ ആകര്‍ഷകത്വം - എല്ലാറ്റിലും കവിയുടെ കണ്ണുചെല്ലാതിരിക്കുന്നില്ല. ആ കണ്ണ് ഓടി നടക്കുന്നതേ ഉള്ളുവെങ്കില്‍, ഉറച്ച കണ്ണുകളുമായിത്തന്നെയാണ് നാലുപാടും മാലോകരുടെയും മാടമ്പിമാരുടെയും ഇരിപ്പ്. പിന്നെയുമുണ്ട് പ്രേക്ഷകര്‍: ചന്ദനക്കൊട്ടിലില്‍ സൌവര്‍ണപീഠത്തില്‍ അതാ സാക്ഷാല്‍ വേണാട്ടരചന്‍; ചുറ്റുപോര്‍മച്ചിലെ ദ്വാരങ്ങളില്‍ക്കൂടി ഉറ്റുനോക്കുന്ന തമ്പുരാട്ടിമാര്‍; പോരാ, കിഴക്കുഭാഗത്തെ വേളിമലയ്‌ക്കു മുകളില്‍ 'ആകവേ തുവെള്ളി പൂശിയ തിങ്കളും!'

ഐശ്വര്യവും ആഹ്ളാദവും വഴിയുന്ന അവസരം - എന്നല്ലേ സാധാരണ നിലയ്‌ക്കു വിചാരിക്കാവൂ? പക്ഷേ ചരിത്രത്തിന് ഏതവസരത്തിലുമുണ്ട് അസാധാരണമാവാനുള്ള സാധ്യത. പ്രശാന്തം, പ്രലോഭകം എല്ലാം, പുറമേ സൃഷ്‌ടിക്കുന്ന പ്രതീതി മാത്രം. അകമേ നിഗൂഢതകള്‍ പതുങ്ങിയിരിപ്പാവാം. കവിയുടെ ദൃഷ്‌ടി ആ സൂക്ഷ്‌മതയിലേയ്‌ക്ക് ചുഴിഞ്ഞിറങ്ങാതിരിക്കുന്നില്ല. 'ചുറ്റുമിരുട്ടത്തു പങ്ങിയിരുന്ന പൊരുന്നും വിപത്തു'കളുടെ ചൂരടിക്കുന്നുണ്ടല്ലോ. മുറ്റത്ത് അതാ എന്തോ മൂളിപ്പറന്നു വീഴുന്നു. വണ്ടാവാം; അഥവാ, ആരോ പുറത്തുനിന്ന് ഊക്കില്‍ തൊടുത്ത രഹസ്യത്തിന്റെ വാറോല ചുറ്റിയ മൊട്ടമ്പും ആവാം. അങ്ങു ദൂരെ ചെരാതിന്റെ നേര്‍ത്ത വെളിച്ചത്തില്‍ എന്തോ മന്ത്രിച്ച് വെറ്റില തേയ്‌ക്കുന്നത് പുതിയ വല്ല കുരുക്കും ഒരുക്കുന്ന എട്ടുവീട്ടില്‍ പിള്ളമാരുടെ പിണിയാളുകളാവില്ലേ? അപ്പുറത്ത് വേളിമലഞ്ചെരിവിങ്കല്‍ നിലാവുതട്ടി വേലുകള്‍ ഇടയ്‌ക്കിടെ തിളങ്ങുന്നുണ്ടല്ലോ. ഈ നാട്ടിലെ കറുത്ത മണ്ണിനെ ചോരകൊണ്ടു ചോപ്പിച്ച് കന്യാകുമാരി മണ്ണാക്കണം എന്നാവാം അവയുടെ കൊതി. എന്തിനേറെ, ഈ കൊട്ടാരത്തിലേയ്‌ക്കുള്ള ഭൂഗര്‍ഭമാര്‍ഗം വഴി, കൈയില്‍ ഊരിപ്പിടിച്ച വാളോടെ, കാല്‍ കരുതലോടെ വെച്ച്, ചതിക്കൊള്ളിയും മിന്നിച്ച്, വല്ലവനും ഇപ്പോള്‍ വരുന്നുമുണ്ടാവാം.

അതെ, ആകെ ശത്രുതയും സംഹാരപരതയും ശ്വാസം പിടിച്ചുനില്‍ക്കുന്ന ശങ്കാങ്കുലമായ സാഹചര്യം. എന്നായതോടെ, മുന്നില്‍ നടക്കുന്ന നര്‍ത്തനംപോലും, മനുഷ്യമനസ്സിനെ മത്തുപിടിപ്പിച്ച് ലക്ഷ്യം മറപ്പിക്കാന്‍വേണ്ടി വല്ല പരദേശികളും ഏര്‍പ്പാടു ചെയ്‌ത ചാരതന്ത്രമല്ലേ എന്നു കവി സംശയിക്കുന്നു. ചാരതന്ത്രത്തിന് സുന്ദരിമാരെ നിയോഗിക്കുക എന്നത് ചരിത്രത്തിന്റെ സുപരീക്ഷിതമായ ചുവടാണല്ലോ. മച്ചിലെ ദ്വാരത്തിലൂടെ എത്തിനോക്കുന്നത് കൊട്ടാരം തമ്പുരാട്ടിമാരുടെ നീള്‍ക്കണ്ണുകളാവും എന്നായിരുന്നുവല്ലോ ഇതുവരെ തന്റെ ധാരണ. ഇപ്പോള്‍ അതില്‍ തിരുത്തു വരുത്താറായിരിക്കുന്നു: ആ മിന്നിജ്വലിക്കുന്നത്, 'പഞ്ചവര്‍ണക്കിളിച്ചന്തം ചമഞ്ഞ സാക്ഷാല്‍ പഞ്ചവങ്കാട്ടിലെ നീലി'യുടെ എരിമിഴികള്‍തന്നെ! കവിക്കു തിരിച്ചറിവായി, ഈ ചുറ്റുവട്ടത്തെങ്ങും പക, വ്യഥ, ഭയം ഒക്കെ ഉന്മത്തമായിരിക്കയാണ്. അതിന്റെ നടുക്ക് ഉതിരുന്ന നൃത്തം വൈരുധ്യത്തിന്റെ വിരാടോല്‍സവമാകുന്നു...

പക, വ്യഥ, ഭയം - ഇവയെ ചഞ്ചലിക്കാതെ പ്രതിരോധിച്ചു. കൊണ്ടാണല്ലോ എക്കാലത്തും ചരിത്രത്തിന്റെ പുരോഗതി. അത്തരം പ്രതിരോധത്തിന്റെ അടയാളം വല്ലതും അവിടത്തെ സദസ്സിന്റെ മുഖത്തുനിന്നും വായിച്ചെടുക്കാമോ? നാലുപാടും ഇരിക്കുന്ന മാലോകരെയും നടുവിലെ രാജാവിനെയും കവി ശ്രദ്ധാപൂര്‍വം ഉറ്റുനോക്കുന്നു. അതോടെ പുതിയ ഉണര്‍വ് ഉദിക്കയായി: ആദ്യം കരുതിയപോലെ, കലാസ്വാദനത്തില്‍ മാത്രം മുഴുകിയ ശുദ്ധാത്മക്കളല്ലല്ലോ ഇവര്‍! അങ്ങനെ മുഴുകുന്നതായി പുറത്തേയ്‌ക്കു തോന്നിക്കുമ്പോഴും, അതിനപ്പുറമുള്ള മുതിര്‍ച്ച അവര്‍ അകത്തു സൂക്ഷിക്കുന്നു. വെറും 'പാവത്ത'ത്തില്‍ പരിമിതപ്പെടുന്നതല്ല അവരുടെ ഭാവം. നന്മ/തിന്മ, നേര്/നുണ - അത്തരം ദ്വന്ദ്വങ്ങള്‍ക്കൊക്കെ അതീതമായ, അവയുടെ അളവു പ്രസക്തമാവുന്നതിനും പുറത്തുള്ള, അടിയുറച്ച അവസ്ഥ. 'സമ്മുദാ' എന്നാണ് കവിയുടെ പദം. സമ്മോദത്തിനുപകരമായി സമനില എന്നു വ്യപദേശിക്കാനും വിരോധമുണ്ടാവില്ല. അങ്ങനെയൊരു സമനിലയാണല്ലോ പ്രതിസന്ധികളില്‍ അടി ഉലയാതിരിക്കാന്‍ നമ്മെ സഹായിക്കുക. യുദ്ധത്തിന്റെ മഹാമാതൃകയാണല്ലോ നമ്മുടെ ഇതിഹാസം ഉദ്ഗാനം ചെയ്‌ത കുരുക്ഷേത്രത്തിലെ ഏറ്റുമുട്ടല്‍? സഹോദരന്മാര്‍ തമ്മില്‍, ശത്രു എന്ന നിലയ്‌ക്കു നേര്‍ക്കേണ്ടത് ഗുരുകാരണവന്മാരെ ഇത്തരത്തില്‍ ഏറ്റവും സങ്കീര്‍ണം തന്നെ അവിടത്തെ പ്രതിസന്ധി. അതിനെ ഫലപ്രദമായി നേരിടുന്നത് പോട്ടെ, അതിന്റെ ആദ്യക്കാഴ്‌ച നേടുകയേ ഉണ്ടായുള്ളൂ, അര്‍ജുനന്‍ ഉലഞ്ഞു. ഉലച്ചില്‍ തീര്‍ക്കാന്‍ ഉപദേശിക്കപ്പെട്ടു എന്നു പ്രശസ്‌തിയുള്ള ഗീതയുടെ പൊരുളുതന്നെ, സമനില എന്ന മനസ്സിദ്ധിയില്‍ ഒതുങ്ങുന്നു എന്ന് ഉപദര്‍ശിക്കാമല്ലോ. ആ ഗീതയില്‍ നിന്ന്, അഥവാ അത് ആദര്‍ശവല്‍ക്കരിക്കുന്ന ആര്‍ഷമായ ആന്തരബലത്തില്‍നിന്ന്, അടക്കം പാഠം പകര്‍ന്നുകിട്ടി പാകം വന്നവരാവും ഇപ്പോള്‍ പത്മനാഭപുരം കൊട്ടാരത്തിലെ സദസ്സില്‍ സമ്മേളിച്ചിരിക്കുന്ന അരചനെന്നല്ല ആളുകള്‍പോലും.

ഇവിടെ പൂര്‍വികരുടെ പുകള്‍ പാടുന്ന ഒരു പ്രകരണം ഒഴിവാക്കിക്കൂടാ എന്നു വൈലോപ്പിള്ളി ഉറപ്പിക്കുന്നു. ചതി, ചാരവൃത്തി ഒന്നിനും, സമകാലികസാഹചര്യത്തിലും ഇല്ലല്ലോ പഞ്ഞം. പഞ്ഞം നേരിടുന്നത്, പതറാത്ത ധര്‍മബോധത്തിന്റെ ധൈര്യത്തോടെ അവയെ പ്രതിരോധിക്കാനുള്ള നേതൃത്വത്തിനാണ്. നേതൃത്വത്തിന്റെ പതര്‍ച്ച പാരവശ്യമായി അനുയായികളെ ബാധിക്കുക സ്വാഭാവികം. ഈ പരീക്ഷണത്തെ അതിജീവിക്കാന്‍, ചരിത്രം പകരുന്ന പാഠങ്ങളുടെ ഔഷധവീര്യം ചുരത്തല്‍ തന്റെ നിയോഗമായി വൈലോപ്പിള്ളി തിരിച്ചറിയുന്നു. ഒരു അഭിസന്ധിയും അതേ വടിവില്‍ ആവര്‍ത്തിച്ചോളണമെന്നില്ല. അതിനാല്‍ പണ്ട് ഉരുത്തിരിഞ്ഞ അഭിസന്ധികള്‍ക്ക് പണ്ടുള്ളവരില്‍ ഉദിച്ച പോംവഴികളൊന്നും സമകാലികതയില്‍ അതേ വടിവില്‍ അനുകരിച്ചോളണമെന്നുമില്ല. അങ്ങനെ അനുകരിക്കാനല്ല വൈലോപ്പിള്ളിയുടെ ഉല്‍ബോധനം. പിന്നെയോ, വടിവ് അതാതു സന്ദര്‍ഭത്തിന് അനുരൂപമായി മാറുമ്പോഴും, അതിനു പിറകില്‍ പ്രവര്‍ത്തിക്കുന്ന മൌലികമായ ആത്മവീര്യം മറന്നുകൂടാ; ആ വീര്യമാകട്ടെ, മനുഷ്യസമുദായത്തിന് ഏതു കാലത്തും മാര്‍ഗദര്‍ശകമാവാംതാനും. ആ വീര്യത്തെ ആത്മസാല്‍ക്കരിക്കാനത്രേ വൈലോപ്പിള്ളി ഇത്തരം കവിതകളിലൂടെ ഉത്തേജിപ്പിക്കുന്നത്. പുനരുത്ഥാനമല്ല, പൂര്‍വചൈതന്യത്തിന്റെ ഉചിതമായ ഉദ്ദീപനമാണ് താന്‍ ഉദ്ദേശിക്കുന്നത് എന്നു ചുരുക്കം.

അങ്ങനെ, പൂര്‍വികരുടെ പ്രശസ്‌തി അനുസ്‌മരിപ്പിക്കുന്ന ആ ഖണ്ഡികയിലേയ്‌ക്കാണ് ഇനി നമുക്ക് കടക്കേണ്ടത്. അവര്‍ക്ക് ഈ പത്മനാഭപുരം കൊട്ടാരത്തിലെ ശില്‍പങ്ങളുടെ സ്വഭാവം തന്നെ - പുറമെ തെളിയുന്ന കലാപൂര്‍ണിമ പ്രകടം; എന്നാല്‍ അതിലും പ്രധാനം, അകമേ അടരടരായി ഒതുക്കുന്ന ആത്മവീര്യം തന്നെ. 'ഉള്ളറയ്‌ക്കുള്ളിലും ഉള്ളറ' എന്ന് കവിയുടെ വാക്ക്. ഏതൊക്കെയാണ് അടരുകള്‍? ഓരോന്നായി ഇവിടെ പംക്തികള്‍ ഉദ്ധരിക്കയാവും ഉചിതം:

"ഒക്കെയുമുള്ളിലൊതുക്കുവോരാണിവര്‍,
ഒത്ത മനുഷ്യര്‍, ഉലര്‍ന്നു ജീവിക്കുവോര്‍''

സി.വി.യുടെ നോവലുകളില്‍ നാം പരിചയിച്ചിട്ടുള്ള നെടിയ വ്യക്തികള്‍ക്കു നിരക്കുന്നു ഈ വിവരണം എന്നതു യാദൃച്‌ഛികമല്ല. പേടി എന്ന ഒന്ന് ഇവരെ ബാധിക്കയേ ഇല്ല. പേടിയോട് ഇവര്‍ പുലര്‍ത്തുന്ന പുച്‌ഛം, മലയാളകവിതയില്‍ സമാനതകളില്ലാത്ത ശൈലിയില്‍ വൈലോപ്പിള്ളി വാക്കില്‍ പകരുന്നു:

"സര്‍വഭയത്തിന്‍ മുഖത്തിലും താംബൂല-
ചര്‍വണശോണമാം നിന്ദയെത്തുപ്പുവോര്‍''

"നിന്ദിച്ചുതുപ്പുക' എന്നിടത്തോളമേ മിക്കവരുടെ ഭാഷയ്‌ക്കും നാക്കു പേരൂ. അതായത് നിന്ദയെ ക്രിയയ്‌ക്കു വിശേഷണമായി നിബന്ധിക്കുന്നിടത്തോളം. വൈലോപ്പിള്ളിയാവട്ടെ, നിന്ദയെ ക്രിയയ്‌ക്കു കര്‍മമായിത്തന്നെ നിര്‍ത്തുന്നു. ആ കര്‍മത്തിനെയോ, താംബൂലചര്‍വണശോണം' എന്ന് ദൃശ്യസാധ്യത മാത്രമല്ല സ്‌പര്‍ശസാധ്യതയും തികഞ്ഞ വിശേഷണംകൊണ്ടു വ്യതിരിക്തമാക്കുകയും ചെയ്യുന്നു. സമനില എന്ന ആശയം നടേ സ്‌പര്‍ശിച്ചു. ഈ സമനിലയ്‌ക്കുള്ള വിശദീകരണമായി എടുക്കാം ഇനി വരുന്ന ഈരടികള്‍:

"അത്തലില്‍ കണ്ണലിയാത്തവ, രൈശ്വര്യ-
നര്‍ത്തനംപോലും സഗൌരവം പാര്‍ക്കുവോര്‍;
സന്തതം മിഷ്‌ടാന്നമുണ്ടതന്‍ ജീവിതം
തന്‍തലനാരിനു തുല്യമായെണ്ണുവോര്‍;''

സങ്കടമാവാം, സമൃദ്ധിയാവാം - ഒന്നിലും ഇവര്‍ അടിപ്പെട്ടുപോവുന്നില്ല. ഏതു സൌഭാഗ്യവും നിസ്സാരമെന്നു വലിച്ചെറിയാന്‍ ഇവര്‍ക്ക് ആകായ്‌കയും ഇല്ല. താന്‍ പ്രതീകവല്‍ക്കരിച്ച 'പന്തങ്ങള്‍' ഉണ്ടല്ലോ, അവയെ ഓര്‍മിപ്പിക്കുമാറ്, ഈ കാരണവന്മാരിലും കാണാം തെഴുപ്പിക്കേണ്ടത് തെഴുപ്പിക്കാനും നശിപ്പിക്കേണ്ടത് നശിപ്പിക്കാനും പോന്ന ഊര്‍ജം.

"വിസ്‌തൃതസര്‍ഗസംഹാരചണങ്ങളാ-
മഗ്നികണങ്ങളെയാവഹിച്ചീടുവോര്‍''

എന്നു വ്യപദേശിക്കപ്പെടുന്നതോടെ, ഇവര്‍ നമ്മുടെ അല്‍പത്വത്തിന് ദുഷ്പ്രാപ്യമായ വിതാനത്തിലാണ് വിരാജിക്കുന്നത് എന്നു സ്‌പഷ്‌ടം. ഇവരെ അല്‍ഭുതത്തോടെ ആരാധിക്കുകയല്ലാതെ സമകാലികതയ്‌ക്ക് വേറെന്തു സാധിക്കാനാണ്?

"വിസ്‌മയം, നമ്മുടെ പൂര്‍വിക,രെന്തൊരു
കൃഷ്‌ണശിലാകലാസൃഷ്‌ടികളാണിവര്‍!''

എന്ന് ആ അല്‍ഭുതത്തിലും ആരാധനയിലുമാണ് പ്രകരണം പൂര്‍ത്തിയാവുന്നത് എന്നതിന്റെ അര്‍ഥഗര്‍ഭത ശ്രദ്ധിക്കേണ്ടതുതന്നെ.

ഇതിനു തുല്യം എന്നു പറയാവുന്ന മറ്റൊരു പ്രകരണം. വള്ളത്തോളിലെ ഉള്ളൂ എന്നാകുന്നു എന്റെ തോന്നല്‍. ഭൂതകാലം എന്ന അവബോധം, അതിനോടുള്ള അഭിരതി - എല്ലാറ്റിനും പ്രശസ്‌തനാണല്ലോ മഹാകവി. അദ്ദേഹത്തിന്റെ 'നിങ്ങള്‍തന്‍ പോക്കു വിപരീതമാകൊലാ' എന്ന കവിതയും (സാഹിത്യമഞ്ജരി നാലാംഭാഗം) പ്രശസ്‌തം. 'വിപരീതം' എന്നതിന് വള്ളത്തോളിനെസംബന്ധിച്ചിടത്തോളം അര്‍ഥം. പൂര്‍വികരുടെ പ്രവണതകള്‍ക്കു വിരുദ്ധം എന്നായി നിജപ്പെടുന്നു. കോണ്‍ഗ്രസ്സില്‍ തല്‍ക്കാലമുണ്ടായ, തനിക്കു ചേര്‍ച്ചയില്ലാത്ത, ഒരു ചേരിപിരിവാണ് 'നിങ്ങള്‍തന്‍ പോക്കു വിപരീതമാകൊലാ' എന്ന നിര്‍ദ്ദേശത്തിനു നിമിത്തം. എന്നാലോ, ഇതിലെ പൂര്‍വികരെ പ്രശംസിക്കുന്ന ഭാഗം പ്രകരണത്തിന്റെ ആവശ്യത്തെക്കവിഞ്ഞതുമൂലവും മഹിതവുമായി തോന്നുന്നില്ലേ? ഉദാഹരണത്തിന്, ഈ കവിതയുടെ സമാപനം ഇങ്ങനെയൊരു ഈരടിയിലാണ്:

"നിത്യമുദയമെങ്ങങ്ങോട്ടു പോകനാം
അസ്‌തമയാഭിമുഖത്വം തമോഗുണം!''

ഈ അളന്നുമുറിച്ച ഈരടിയുടെ പൊരുള് എന്നതുപോലെ പ്രസക്തിയും അസന്ദിഗ്ധമാകുന്നു. അതല്ല ഇതിലെ അഞ്ചാംഖണ്ഡികയുടെ നില. അതിന് സ്വതന്ത്രം എന്നു കരുതാവുന്ന അസ്‌തിത്വം കൈവന്നിരിക്കുന്നു. വള്ളത്തോള്‍ പഠനങ്ങളില്‍ പലപ്പോഴും ആദരണീയമായ പദവി കല്‍പിക്കപ്പെട്ടും ഇരിക്കുന്നു. വരികള്‍ ഇവിടെ ഉദ്ധരിക്കുന്നതാവും പാകം:

"ദേശവും കാലവും ലോകസ്വഭാവവും
ലേശം പിഴയ്‌ക്കാതെ കണ്ടുവെയ്‌ക്കുന്നതില്‍
വിസ്‌മയനീയ ദൃക്‌പാടവമുള്ളവ-
രസ്‌മല്‍ ഗുരുക്ക, ളസത്യപരാങ്മുഖര്‍.
ഹിംസാവിഷപ്പല്ലിളക്കിപ്പറിപ്പവര്‍,
സംസാരമായസെസ്സസ്‌മിതം നോക്കുവോര്‍,
ക്ളേശങ്ങളെ മടികേറ്റി ലാളിപ്പവര്‍,
നാശമകിഞ്ചനത്വത്താലകറ്റുവോര്‍.''

ഈ ഉദ്ധൃതഭാഗത്തില്‍ ഏതാനും ഈരടി സ്ഥാനഭ്രംശം വരുത്തി നാം ചര്‍ച്ച ചെയ്യുന്ന വൈലോപ്പിള്ളിക്കവിതയില്‍ ആ നിശ്ചിതഖണ്ഡികയില്‍ നെയ്‌തു ചേര്‍ത്താലും പ്രകരണപ്പൊരുത്തം നിലനിര്‍ത്തിക്കൊള്ളും എന്നതല്ലേ നേര് ? എന്നുവെച്ചാലോ, വൃത്തത്തിന്റേതില്‍ക്കവിഞ്ഞ് സത്തയെത്തന്നെ സ്‌പര്‍ശിക്കുന്ന സാദൃശ്യം ഇവയ്‌ക്കു തമ്മില്‍ ഉണ്ട് എന്നുതന്നെ അര്‍ഥം.

വന്നുവന്ന് ഏതായാലും വൃത്തത്തില്‍ എത്തിയല്ലോ. അതിന്റെ സംഗതി അല്‍പംകൂടി വികസിപ്പിക്കയാവും വിഹിതം. കാകളിയാണല്ലോ ഈ രണ്ടുരചനകളിലെയും വൃത്തം. വിഖ്യാതമായ ഈ കിളിപ്പാട്ടുവൃത്തം, കേക കഴിഞ്ഞാല്‍, മലയാളകവിതയില്‍ ഏറ്റവും വ്യാപകമായി വിന്യസിക്കപ്പെട്ടിരിക്കുന്നു എന്നത്രേ എന്റെ മതിപ്പ്. കണക്കെടുപ്പിന്റെ അടിസ്ഥാനത്തിലല്ല, എളിയ കാവ്യപരിചയത്തിന്റെ അനുഭവത്തില്‍ മാത്രം നടത്തുന്ന നിരീക്ഷണമാണിത്. വ്യാപകമായ ഈ വിന്യാസത്തിനിടെ ഭാവത്തിന്റെ മാറിമാറിയുള്ള വൈവിധ്യങ്ങള്‍ക്ക് കാകളി മാധ്യമമായിട്ടുണ്ടാവാം. ആട്ടെ, പൈതൃകത്തില്‍നിന്നു പ്രാണബലം തേടുക എന്ന പ്രായേണ സീമിതമായ ഭാവം കാകളിയില്‍ സവിശേഷമായ സ്വീകാര്യത കണ്ടെത്തുന്നുണ്ടോ? വീണ്ടുമതെ, ഗവേഷണത്തിന്റെ പിന്‍ബലം കൂടാതെത്തന്നെ, എഴുത്തച്‌ഛന്‍ മഹാഭാരതം കിളിപ്പാട്ടിലെ ഒരു ഈരടി അതിന്റെ ദൂരധ്വനികളാര്‍ന്ന പ്രഭാവംകൊണ്ട് എന്നെ വിസ്‌മയിപ്പിക്കുന്നു. പദ്മവ്യൂഹത്തിലകപ്പെട്ട അഭിമന്യു അല്‍പംപോലും പതര്‍ച്ച അനുഭവപ്പെടാതെ സാഹസികമായ പരാക്രമത്തിന് ആരംഭിക്കയാണ്. സുമിത്രന്‍ എന്ന സൂതന്‍ അപ്പോള്‍ ആശങ്കപ്പെടുന്നു: മഹാരഥന്‍മാരുടെ അത്ര വലിയ അണിയാണ് അപ്പുറത്ത്; അതിനോട് എതിര്‍ക്കാന്‍ ഇനിയും കൌമാരം കടന്നിട്ടില്ലാത്ത അഭിമന്യുവോ?... ഈ ആശങ്കയ്‌ക്ക് ഉത്തരമായി അഭിമന്യുവിന്റെ ഓജസ്സാര്‍ന്ന വാക്യം ഉരുത്തിരിയുന്നു:

"ഞാനൊരു ബാലനശക്തനെന്നാകിലും
മാനിയാമെന്നുടെ താതനെയോര്‍ക്ക നീ''

ഇവിടെ കാകളിയുടെ ഈണം ആത്മവിശ്വാസത്തിന്റെയും ആന്തരവീര്യത്തിന്റെയും വാഹകമാവുന്നുണ്ട് എന്നതല്ലേ വാസ്‌തവം? കാകളിക്ക് മറ്റു പല സന്ദര്‍ഭങ്ങളിലും ഈ ധന്യത കൈവരുന്നുണ്ടാവും എന്നാകുന്നു എന്റെ സങ്കല്‍പം. വള്ളത്തോള്‍ എന്നപോലെ വൈലോപ്പിള്ളിയും ഒട്ടേറെ ദൃഷ്‌ടാന്തങ്ങളിലൂടെ പ്രസ്‌തുതസങ്കല്‍പത്തിന് ആക്കം കൂട്ടുന്നു എന്ന് ആ വശം സംഗ്രഹിക്കട്ടെ.

ഒരു കൊട്ടാരത്തിനും അധീശരല്ലല്ലോ നാം. ഇന്നത്തെക്കാലത്ത് അവ ഏറെയും സ്‌മാരകങ്ങളായി മാറിയിരിക്കുന്നു. സ്‌മാരകങ്ങള്‍ സന്ദര്‍ശിക്കാം, സമയം കഴിഞ്ഞാല്‍ തിരിച്ചുപോരികയും ചെയ്യാം. വൈലോപ്പിള്ളിയുമതെ, തന്റെ മടക്കം അടയാളപ്പെടുത്തിക്കൊണ്ടാണ് 'പത്മനാഭപുരത്തില്‍' അവസാനിപ്പിക്കുന്നത്. അപ്പോഴോ അഴിച്ചുവെച്ച ചെരിപ്പു വീണ്ടും ധരിക്കുന്നു.

"ആ നിലം വിട്ടു തിരിക്കയാ, യെന്‍ വര്‍ത്ത-
മാനകാലത്തിന്‍ ചെരുപ്പികളിട്ടു ഞാന്‍.''

ഈ നിലം വിട്ടുതിരിക്കലും അപ്പോള്‍ വര്‍ത്തമാനകാലത്തിന്റെ ചെരിപ്പു ധരിക്കലും നിര്‍ണായകം തന്നെ. ഭൂതകാലത്തോടുള്ള അഭിനിവേശവും ആരാധനയും കാല്‍പനികതയുടെ പലായനത്തിനുള്ള വാസനയായി വ്യാഖ്യാനിക്കപ്പെടാറുണ്ട്. ഇവിടെ അതല്ല അവസ്ഥ. ഭൂതകാലത്തെ ഒരഭയസ്ഥാനമായിട്ടല്ല, അവാഹന സാധ്യതയായിട്ടാവാം വൈലോപ്പിള്ളി വ്യാവര്‍ത്തിക്കുന്നത്. എന്നിരിക്കേ, ഇടയ്‌ക്കു ഭൂതകാലം അയവിറക്കുക, അതിന്റെ സംസ്‌കാരം സമകാലികതയിലേയ്‌ക്കു സംക്രമിപ്പിക്കുക എന്നെല്ലാമല്ലാതെ, വര്‍ത്തമാനത്തില്‍നിന്നു രക്ഷപ്പെടുക എന്ന വശം വൈലോപ്പിള്ളിയെ വ്യമോഹിപ്പിക്കുന്നില്ല. താന്‍ തിരിച്ചിറങ്ങവേ, ആകാശത്ത് ചന്ദ്രക്കല കാണായി. 'ഊരിയോരൊറ്റച്ചിലമ്പുപോല്‍' എന്ന് ഈ ചാരുചന്ദ്രക്കലയ്‌ക്കു സാദൃശ്യം ചമച്ചിരിക്കുന്നു. ഇതു സാകൂതം: കണ്ണകിയുടെ സ്‌മരണ ഇതിലൂടെ ഉന്നീതമാവുന്നു. വഞ്ചന, രാജനീതിയിലെ വൈകല്യം, സഹനത്തിന്റെ പരമകാഷ്‌ഠയില്‍ സ്‌ത്രീ വഹിക്കുന്ന സ്‌ഫോടകത്വം, അതു വഴി അവള്‍ക്കു ലഭിക്കുന്ന ദൈവികത്വം - ഇങ്ങനെ, ഭാവബന്ധങ്ങളുടെ ഒരു പരമ്പര ഉണര്‍ത്താന്‍ ആ സ്‌മരണ സമര്‍ഥമാണല്ലോ. പിന്നാലെ പ്രത്യക്ഷപ്പെടുന്നതാവട്ടെ, 'എങ്കിലും' വിപരീതാര്‍ഥകമായ ഘടകപദമാണ്. ഇത് എങ്ങനെ പ്രകരണത്തിലേയ്‌ക്ക് ഇണക്കാം - എനിക്കു തീര്‍ച്ച പോരാ. ഞാന്‍ ഏതാണ്ടൊരു നില്‍ക്കക്കള്ളിയില്‍ എത്തിപ്പിടിക്കുന്നു എന്നേ വിചാരിക്കേണ്ടൂ.

അന്ന് കണ്ണകി ഊരിയെറിഞ്ഞ ചിലമ്പില്‍നിന്ന് ആളിയ തീയില്‍ ഒരു മഹാനഗരം എരിഞ്ഞു. സ്‌ത്രീയുടെ തിരിച്ചടി എത്ര ദാഹകം എന്ന പാഠം, എന്നിട്ടും, അതില്‍നിന്ന് ഉണര്‍ന്നുവോ? ഇവിടെയാകുന്നു 'എങ്കിലും' സുഘടിതമാകുന്നത്. ഇന്ന് കണ്ണകിയുടെ എത്രയോ സഹോദരിമാര്‍ നിത്യേന എന്ന വണ്ണം അത്യാചാരങ്ങള്‍ക്ക് ഇരയാവുന്നു. ഉയര്‍ത്തിപ്പിച്ച ചിലമ്പ് എന്ന ഓര്‍മ ആര്‍ക്കെങ്കിലും താക്കീതാവുന്നുണ്ടോ? ഇന്നത്തെ കണ്ണകിമാരുടെ വിധി സ്വയം എരിഞ്ഞോളുക എന്നതായിരിക്കുന്നു. സമൂഹത്തിനോ ഭരണാധികാരത്തിനോ വല്ലൊരു മനസ്‌താപവും അതു സംബന്ധിച്ച് അനുഭവപ്പെടുന്ന ലക്ഷണമേ ഇല്ല. 'എങ്ങും പകയും വ്യഥയും' എന്ന് വൈലോപ്പിള്ളി വ്യാകരിച്ചത് 1955-ലാണല്ലോ. ഈ അഞ്ചില്‍പ്പുറം ദശകത്തിനിടെ ആ അവസ്ഥ ദൃഢപ്പെട്ടിട്ടില്ലേ ഉള്ളൂ? 'പനയ്‌ക്കു മേലെല്ലു കടിച്ചു പൊടിക്കുന്ന യക്ഷി' എന്നതിന് വൈലോപ്പിള്ളി ഒരു പക്ഷേ നേരിട്ടുള്ള അര്‍ഥമേ ഉദ്ദേശിച്ചിരിക്കൂ. ഇന്ന് 'യക്ഷി'ക്ക് പ്രതീകാത്മകമായ അര്‍ഥം പെരുത്തിരിക്കയല്ലേ? പനയ്‌ക്കുമേലല്ല, പാതയില്‍ത്തന്നെ യക്ഷിവിളയാട്ടം, യക്ഷന്മാരും വിളയാട്ടത്തില്‍ സജീവമാവുന്നു. 'എല്ലു കടിച്ചുപൊടിക്കല്‍' എന്നാവില്ല, 'ഇറച്ചി വലിച്ചു രുചിക്കല്‍' എന്നൊക്കെയായി അവരുടെ വിളയാട്ടം വിപുലമാവുന്നു....

ഇതിലൊന്നും പതറരുത് എന്ന പാഠമത്രേ പത്മനാഭപുരം പഠിപ്പിക്കുന്നത്. സി.വി.യുടെ ചരിത്രനോവലുകളില്‍ കടുത്ത സംഘര്‍ഷത്തിന്റെയും സന്ദേഹത്തിന്റെയും അന്തരീക്ഷം നാം ശ്വസിക്കുന്നുണ്ടല്ലോ. എന്നാല്‍ ധര്‍മത്തിന്റെ, ധൈര്യത്തിന്റെ, ശക്തികള്‍ സാധിക്കുന്ന അതിജീവനത്തിലാണ് അവ അവസാനിക്കുന്നത്. ഇവിടെയുമതെ, പത്മനാഭപുരത്തില്‍നിന്ന് കവി ഇറങ്ങിയത് 'ഇളക്കിവെച്ചുറപ്പിച്ച' ഇരട്ടി പ്രാണബലത്തോടെത്തന്നെ.

"ഏതുമേ കൂസലില്ലാതെ നടന്ന ഞാന്‍
നൂതനജീവിതാഹ്ളാദമദത്തൊടേ''

എന്നാകുന്നു അതിന്റെ പ്രായോഗികസംഭാവന. പാര്യന്തികസാഫല്യമോ:

"കല്ലു കണക്കായ്ച്ച മഞ്ഞൊരെന്‍ മാനസം
വെല്ലുവിളിച്ചൂ വിപത്തിനെയൊക്കെയും!''

എന്ന വിളംബരത്തില്‍ വ്യക്തമാകയും ചെയ്യുന്നു. ചരിത്രപാഠം വിവേകത്തോടെ ഉരുത്തിരിച്ചാല്‍ എങ്ങനെ ജീവിതദര്‍ശനമായി പരിണമിക്കുന്നു എന്നാണല്ലോ ഇവിടെ ഉദാഹരിക്കപ്പെടുന്നത്.

(അനുബന്ധം : പത്മനാഭപുരം കൊട്ടാരത്തിന്റെ ഇപ്പോഴത്തെ പാലനം അത്ര തൃപ്‌തികരമല്ല എന്നുണ്ടോ? പഴയ ചരിത്രത്തോട് ആ സ്‌മാരകത്തെ പര്യാപ്‌തമായി ഇണക്കാന്‍, അവിടെയെത്തുന്ന സന്ദര്‍ശകരിലേയ്‌ക്ക് അതിന്റെ ചൈതന്യം ഫലപ്രദമായി ചുരത്താന്‍ - ഒക്കെ ഉതകുന്ന ശ്രദ്ധയോ ശിക്ഷണമോ മാര്‍ഗദര്‍ശികള്‍ക്ക് ലഭിച്ച ലക്ഷണമില്ല. അഞ്ചാറുകൊല്ലം മുന്‍പ് വിഷ്‌ണുനാരായണന്‍ നമ്പൂതിരിയും ഞാനും കുടുംബാംഗങ്ങളോടുകൂടി കൊട്ടാരം കാണാന്‍ ചെന്നു. ഞങ്ങള്‍ക്ക് 'പത്മനാഭപുരത്തില്‍' എന്ന കവിത അതിന്റെ പിറവിക്കു പ്രേരകമായ മണ്ഡപത്തിലിരുന്ന് ആലപിക്കുവാനുള്ള പ്രചോദനം അനിരോധ്യമായിരുന്നു. ഞങ്ങള്‍ അത് ചെയ്‌തു. അത്രയും നേരം കാര്യമായി സന്ദര്‍ശകരാരും കടന്നുവന്നില്ല. സ്ഥാപനത്തിലെ ഉത്തരവാദപ്പെട്ടവര്‍ ആ കാവ്യാലാപനത്തിന്റെ ഉന്‍മത്തത കണ്ടഭാവം നടിച്ചതുമില്ല. അവര്‍ക്കെന്തു കവിത, എന്തുചരിത്രം - അത്തരം ഒരു ആലസ്യമാണ് ആകെ അനുഭവപ്പെട്ടത്. അവസാനം തിരിച്ചുപോരുമ്പോള്‍, ഉന്മത്തതയുടെ ഉച്‌ഛിഷ്‌ടം എന്നു വെച്ചോളൂ, സന്ദര്‍ശകര്‍ക്കുള്ള പുസ്‌തകത്തില്‍ ഈ കവിതയെ ഓര്‍മിപ്പിക്കുന്ന കുറിപ്പ് ഞങ്ങള്‍ ഉള്‍പ്പെടുത്തി. വിഷ്ണുനാരായണന്‍ നമ്പൂതിരി വേറൊരു നിര്‍ദേശം കൂടി ഉണര്‍ത്തി: ഈ കവിതയുടെ കോപ്പികള്‍ വെടിപ്പായി അടിച്ച് ലാമിനേറ്റ് ചെയ്‌തു വില്‍പനയ്‌ക്ക് ഏര്‍പ്പാടാക്കി നോക്കൂ; ഇതിന്റെ ശബ്‌ദരേഖ മാതൃകയ്‌ക്കു കേള്‍പ്പിക്കാന്‍കൂടി വ്യവസ്ഥയുണ്ടായാല്‍, വിറ്റുപൊയ്‌ക്കോളും, വരുമാനത്തിന് എളിയൊരു സ്രോതസ്സായിക്കോളും. ഒരെണ്ണം, വേണമെങ്കില്‍ അറിയിച്ചാല്‍ മതി, സ്വന്തം ഒത്താശയില്‍ എത്തിച്ചുകൊടുക്കാം എന്ന് ഏല്‍ക്കുകയും ചെയ്‌തു. ആപ്പീസില്‍ അപ്പോഴുണ്ടായിരുന്ന പെണ്‍കിടാവ്, അകൃത്രിമം എന്ന് വിചാരിക്കാവുന്ന അനുഭാവത്തോടെ വിഷ്‌ണുനാരായണന്‍ നമ്പൂതിരിയെ ശ്രദ്ധിക്കാതിരുന്നില്ല. അത്രതന്നെ പിന്നെ, സര്‍ക്കാര്‍ കാര്യം മുറപോലെ എന്ന പ്രകൃതം സ്ഥാപനം ഇപ്പോഴും പുലര്‍ത്തുകയാവണം.....

അല്ലെങ്കില്‍, സ്ഥാപനത്തെ എന്തിനു വിരല്‍ചൂണ്ടണം. നമ്മുടെ സഹൃദയത്വം തന്നെ 'പത്മനാഭപുരത്തില്‍' എന്ന കവിതയെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ വിലയിരുത്തിയിട്ടില്ല എന്നതല്ലേ പരമാര്‍ഥം?)


******

കെ.പി. ശങ്കരന്‍, കടപ്പാട് : ഗ്രന്ഥാലോകം, ജൂണ്‍ 2010

അധിക വായനയ്‌ക്ക് :

1.
മൃതസഞ്ജീവനി
2. എല്ലാം സ്വന്തം കാവ്യജീവിതത്തിനുവേണ്ടി
3. വൈലോപ്പിള്ളിക്കവിതയിലെ അന്തഃസംഘര്‍ഷങ്ങള്‍
4. 'എന്നുടെയൊച്ച കേട്ടുവോ വേറിട്ട് ?'
5. വൈലോപ്പിള്ളിയുടെ സ്‌ത്രീസങ്കല്പം
6. വൈലോപ്പിള്ളിക്കവിതയുടെ സാമൂഹിക ഭൂമിക
7. `കവിതക്കാര'ന്റെ ഓര്‍മകളിലൂടെ
8. വൈലോപ്പിള്ളി - മലയാളത്തിലെ 'റിയലിസ്‌റ്റ് ' മഹാകവി
9. പ്രകൃതിപാഠങ്ങള്‍

No comments: