Thursday, September 30, 2010

ബിഎസ്ആര്‍ബിയുടെ സമകാലിക പ്രസക്തി

വന്‍തോതില്‍ ബാങ്കു നിയമനം നടക്കുന്നുവെന്ന പ്രതീതിയാണ് പത്രപ്പരസ്യങ്ങളിലൂടെ പുറത്തുവരുന്നത്. ബാങ്കുകളിലാകട്ടെ മതിയായ ജീവനക്കാരില്ലാത്തതുമൂലം ഇടപാടുകാര്‍ക്ക് അനുഭവിക്കേണ്ടിവരുന്ന കഷ്‌ടതകള്‍ ദുസ്സഹമാണ്. എന്നാല്‍, ജീവനക്കാരെ നിയമിക്കുന്ന കാര്യത്തില്‍ ഇപ്പോള്‍ ബാങ്കുകള്‍ അവലംബിക്കുന്ന രീതി ചൂഷണാധിഷ്‌ഠിതവും ഉദ്യോഗാര്‍ഥികളെ വലയ്‌ക്കുന്ന വിധത്തിലുമാണ്. ഓരോ ബാങ്കും വെവ്വേറെ അപേക്ഷാഫീസ് വാങ്ങി ടെസ്‌റ്റും ഇന്റര്‍വ്യൂവും നടത്തുമ്പോള്‍ തൊഴില്‍രഹിതര്‍ക്കുണ്ടാകുന്ന ധനനഷ്‌ടവും ക്ളേശവും നിസ്സാരമല്ല. ബാങ്കുകള്‍ നാമമാത്രമായിട്ടേ നിയമനം നടത്തുന്നുള്ളു എന്നതിനാല്‍ മഹാഭൂരിപക്ഷം പേര്‍ക്കും നിരാശയാണ് നീക്കിബാക്കി. ടെസ്‌റ്റില്‍ കടന്നുകൂടാന്‍ ഉദ്യോഗാര്‍ഥികളെ സഹായിക്കുന്നതിനായി ‘എന്‍ട്രന്‍സ് കോച്ചിങ് ’ മാതൃകയില്‍ വിവിധ പ്രദേശങ്ങളില്‍ ബാങ്ക് ടെസ്‌റ്റ് പരിശീലന കേന്ദ്രങ്ങളും പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. ഇത്തരം കോച്ചിങ് സെന്ററുകളില്‍ പരിശീലനം നേടിയ ഒരേ ഉദ്യോഗാര്‍ഥികളാണ് എല്ലാ ബാങ്കുകളിലും റാങ്ക് ലിസ്‌റ്റുകളില്‍ ആദ്യ റാങ്കുകാരായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

എന്‍ജിനിയറിങ് - പ്രൊഫഷണല്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് ക്ളറിക്കല്‍ തസ്‌തികയില്‍ വന്നുപെടുന്നതെന്നതിനാല്‍ അവര്‍ ആ ജോലിയില്‍ തുടരുമെന്നതിന് ഒരുറപ്പുമില്ല. ഒഴിവുകള്‍ കുറച്ചുകാണിക്കുന്നതിനാല്‍ ആദ്യ റാങ്കുകാര്‍ക്കു മാത്രമേ നിയമനം ലഭിക്കാറുള്ളു. ഇവരില്‍ പലരും ആദ്യം ലഭിക്കുന്ന ബാങ്കില്‍ ജോലിക്കു കയറുമെങ്കിലും, പിന്നീട് മെച്ചപ്പെട്ട, സൌകര്യപ്രദമായ ജോലിതേടി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ, ബിഎസ്എന്‍എല്ലിലോ പോയി നിലയുറപ്പിക്കുന്നതായാണ് കണ്ടുവരുന്നത്. തന്മൂലം ഇത്തരക്കാര്‍ ആദ്യം ചേര്‍ന്ന ബാങ്കുകളിലെ ഒഴിവുകള്‍ നികത്തപ്പെടാതെ കിടക്കുന്നു. ഇതുമൂലം ജോലി ലഭിക്കാമായിരുന്ന നിരവധിപേരുടെ അവസരം നഷ്‌ടപ്പെടുത്തുന്നതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ബാങ്ക് ഒഴിവുകളുടെ പരസ്യങ്ങള്‍ കാണുമ്പോള്‍ തൊഴില്‍രഹിതരില്‍ മോഹങ്ങള്‍ കിളിര്‍ക്കുന്നത് സ്വാഭാവികം. ഓടിയെത്തുന്ന അവരില്‍നിന്ന് വന്‍ തുകയാണ് അപേക്ഷാഫീസിനത്തില്‍ ഈടാക്കുന്നത്. പ്രൊബേഷനറി ഓഫീസര്‍ക്ക് 500 രൂപ, ക്ളര്‍ക്കിന് 300 രൂപ നിരക്കില്‍ എല്ലാ ബാങ്കിലും അപേക്ഷ നല്‍കുമ്പോള്‍ സമാന്യം നല്ല തുക ചെലവാകുമെന്ന് തീര്‍ച്ച. ബാങ്കുകളാകട്ടെ ഇതൊരു വരുമാന മാര്‍ഗമായി കാണുന്നു എന്നതാണ് ഏറ്റവും ക്രൂരമായ വശം. അപേക്ഷാ ഫീസിനത്തില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാത്രം സമാഹരിച്ചത് 100 കോടി 12 ലക്ഷം രൂപയാണ്. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ 2009ല്‍ മാത്രം ഈ ഇനത്തില്‍ 90 കോടി രൂപ വരുമാനമുണ്ടാക്കി. ഇങ്ങനെ കനറാ ബാങ്കും ബാങ്ക് ഓഫ് ബറോഡയും വന്‍ തുകകളാണ് അപേക്ഷാഫീസിനത്തില്‍ തൊഴില്‍രഹിതരില്‍ നിന്ന് ഈടാക്കിയിട്ടുള്ളത്. മുന്‍ പ്രതിപാദിച്ച കാരണങ്ങളാല്‍ ഒഴിവുകള്‍ പൂര്‍ണമായി നികത്താനാകാത്തതിനാല്‍ വീണ്ടും വീണ്ടും റിക്രൂട്ട്മെന്റ് പരസ്യങ്ങള്‍ നല്‍കി ബാങ്കുകള്‍ വരുമാനമുണ്ടാക്കുകയും ഉദ്യോഗാര്‍ഥികള്‍ കബളിപ്പിക്കപ്പെടുകയും ചെയ്യുന്നു. തൊഴിലന്വേഷകരുടെ ഉദ്വേഗത്തെയും തൊഴിലിനായുള്ള കാത്തിരിപ്പിനെയും ചൂഷണംചെയ്‌ത് വരുമാനമുണ്ടാക്കുന്ന ബാങ്കുകളുടെ മനോഭാവം അധിക്ഷേപാര്‍ഹമാണ്. ബാങ്ക് നിയമനരീതിയുടെ അശാസ്‌ത്രീയതയാണ് ഈ ദുരവസ്ഥയ്‌ക്കു കാരണം.

1969ല ബാങ്ക് ദേശസാല്‍ക്കരണം ഇന്ത്യന്‍ ബാങ്കിങ് വ്യവസായത്തിന്റെ മുഖച്‌ഛായ മാറ്റാനിടയാക്കിയ ഒരു ചരിത്രസംഭവമാണ്. തന്മൂലം വ്യവസായത്തിന് ആവശ്യമായി വന്ന ജീവനക്കാരെ നിയമിക്കാന്‍ നിയുക്തമായ സംവിധാനമായിരുന്നു 1978ല്‍ സ്ഥാപിതമായ ബാങ്കിങ് സര്‍വീസ് റിക്രൂട്ട്മെന്റ് ബോര്‍ഡ് (ബിഎസ്ആര്‍ബി). ഭാരതത്തിന്റെ വൈവിധ്യം കണക്കിലെടുത്ത് രൂപീകൃതമായ 15 മേഖലാ ഓഫീസുകള്‍കൂടി പ്രവര്‍ത്തനക്ഷമമായതോടെ എല്ലാ ബാങ്കിലേക്കും വേണ്ട ജീവനക്കാരെ കണ്ടെത്തുന്ന കേന്ദ്ര റിക്രൂട്ടിങ് ഏജന്‍സിയായി അതു മാറി. മെറിറ്റും സംവരണവും മാനദണ്ഡമാക്കി സ്വതന്ത്രവും കാര്യക്ഷമവുമായി ബിഎസ്ആര്‍ബി രാജ്യത്താകമാനം പൊതുപരീക്ഷകള്‍ നടത്തി. അങ്ങനെ തയ്യാറാക്കിയ റാങ്ക് ലിസ്‌റ്റില്‍നിന്നാണ് ഓരോ ബാങ്കും ആവശ്യപ്പെടുന്ന മുറയ്‌ക്ക് ജീവനക്കാരെ നല്‍കിവന്നിരുന്നത്.

ഒരു നീതീകരണവുമില്ലാതെ 2001ല്‍ ബിഎസ്ആര്‍ബി പിരിച്ചുവിട്ടു. ബാങ്കിങ് രംഗത്ത് നടപ്പാക്കിയ പരിഷ്‌കരണ നടപടികളുടെ തുടര്‍ച്ചയായിട്ടായിരുന്നു ഇത്. തുടര്‍ന്ന് നിയമനങ്ങളൊന്നും നടക്കാതായി. ഓരോ ബാങ്കും തീര്‍ത്തും ആശാസ്യമല്ലാത്ത വിധം മാനദണ്ഡങ്ങളെല്ലാം ഗോപ്യമാക്കിക്കൊണ്ട് ജീവനക്കാരെ നിയമിക്കുന്ന സമ്പ്രദായം ഉടലെടുത്തു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പിന്‍വാതില്‍ നിയമനവും സ്വജനപക്ഷപാതവും അഴിമതിയും ജന്മമെടുക്കുന്നത് സ്വാഭാവികം. തൊഴിലില്ലായ്‌മയെന്ന സാമൂഹ്യദുരന്തത്തെപ്പോലും ചൂഷണംചെയ്‌ത് ബാങ്കുകള്‍ വരുമാമനമുണ്ടാക്കുകയും ബാങ്കുകളില്‍ ആവശ്യത്തിനു ജീവനക്കാരെ നിയമിക്കാതിരിക്കുകയും ചെയ്യുന്ന ഇന്നത്തെ ബാങ്ക് നിയമന സമ്പ്രദായം ഏതുവിധേനയും തിരുത്തപ്പെടേണ്ടതാണ്.

ബാങ്കുകളില്‍ ഇപ്പോള്‍ വലിയ തോതില്‍ ഒഴിവുകള്‍ പ്രത്യക്ഷപ്പെടുന്നതിന് ഒരു പശ്ചാത്തലമുണ്ട്. 1969 ലെ ബാങ്ക് ദേശസാല്‍കരണത്തെത്തുടര്‍ന്ന് ഉണ്ടായ വ്യവസായ അഭിവൃദ്ധിയുടെ ഫലമായി വന്‍ തോതില്‍ നിയമനങ്ങള്‍ നടക്കുകയുണ്ടായി. അങ്ങനെ 1970-80 കാലയളവില്‍ ബാങ്ക് നിയമനം ലഭിച്ച ലക്ഷക്കണക്കിന് ബാങ്ക് ജീവനക്കാര്‍ റിട്ടയര്‍ചെയ്യുന്ന കാലയളവാണിത്. വരുന്ന രണ്ടുമൂന്നുവര്‍ഷത്തിനകം ഇപ്പോള്‍ ബാങ്കുകളില്‍ ജോലിചെയ്യുന്ന മൂന്നില്‍രണ്ട് ജീവനക്കാരും വിരമിക്കും. തന്മൂലമുണ്ടാകുന്ന കൂട്ട ഒഴിവുകളും ബിസിനസ് വര്‍ധനയുടെ ഭാഗമായി വേണ്ടിവരുന്ന ആവശ്യങ്ങളും കണക്കിലെടുത്താല്‍ ചുരുങ്ങിയത് 5 ലക്ഷം പേര്‍ക്കെങ്കിലും തൊഴില്‍ നല്‍കാന്‍ ബാങ്കിങ് മേഖലയ്‌ക്കുകഴിയും. ബാങ്കിങ് സ്ഥാപനങ്ങളെ കൂടുതലായി ഗ്രാമീണതലത്തിലെത്തിക്കുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനവും നിലനില്‍ക്കുന്നുണ്ട്.

നാട്ടിലെ അഭ്യസ്‌തവിദ്യരായ യുവതീയുവാക്കള്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്ന ഈ സംരംഭത്തെ സുതാര്യമായും കാര്യക്ഷമമായും പ്രയോഗിക്കാന്‍ ഇന്നത്തെ നിയമനരീതി തീര്‍ത്തും അപര്യാപ്‌തമാണ്. പബ്ളിക് സര്‍വീസ് കമീഷന്‍ മാതൃകയില്‍, ബാങ്ക് നിയമനങ്ങള്‍ക്കായി ഒരു കേന്ദ്ര റിക്രൂട്ടിങ് ഏജന്‍സിയെ നിയമിക്കണമെന്ന ആവശ്യം ഏറെ പ്രസക്തമാണിന്ന്. ഡിവൈഎഫ്ഐ, ബിപിഡബ്ള്യു, ബെഫി സംഘടനകളും ഈ ആവശ്യം ഉന്നയിച്ച് വലിയ പ്രചാരണ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയുണ്ടായി. ബിഎസ്ആര്‍ബി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിയും കേന്ദ്രസര്‍ക്കാരിന് കത്തെഴുതിയിരുന്നു. കേരളത്തിലെ പ്ളസ് വൺ പ്രവേശനത്തിന് അവലംബിക്കുന്ന ഏകജാലക സംവിധാനംപോലെ എല്ലാ ബാങ്കിലും ജീവനക്കാരെ നിയമിക്കുന്നതിനായി ഒരു പൊതു കവാടം സജ്ജമാക്കുകയെന്നതാണ് ഏറ്റവും കരണീയമായ പരിഹാരമാര്‍ഗം.

ബാങ്കുകളാകട്ടെ ഇന്നത്തെ സാഹചര്യത്തെ തുറന്ന മനസ്സോടെയല്ല നോക്കിക്കാണുന്നത്. മതിയായ ജീവനക്കാരെ നിയമിച്ച് മെച്ചപ്പെട്ട സേവനം നല്‍കി ബാങ്കിങ് വ്യവസായത്തെ കാര്യക്ഷമമാക്കാനുള്ള ചിന്തകള്‍ നടക്കുന്നേയില്ല. മറിച്ച് ഉദ്യോഗാര്‍ഥികളെ ലഭിക്കുന്നില്ലെന്ന വ്യാജപ്രചാരണം നടത്തി ബാങ്ക് ജോലികള്‍ പുറം ഏജന്‍സികള്‍ക്ക് കരാറായി നല്‍കുന്ന സമ്പ്രദായത്തിലേക്കാണ് അവര്‍ നീങ്ങുന്നത്. ആള്‍ക്ഷാമത്തിന്റെ പേരു പറഞ്ഞ് സാധാരണക്കാര്‍ക്ക് നല്‍കിവരുന്ന സേവന സൌകര്യങ്ങള്‍ പടിപടിയായി വെട്ടിക്കുറയ്‌ക്കുന്ന നടപടികളും ആരംഭിച്ചുകഴിഞ്ഞു. ജീവനക്കാരുടെ എണ്ണത്തിലുണ്ടാകുന്ന കുറവിനെ മുന്‍പറഞ്ഞ വിധത്തില്‍ തരണംചെയ്യാനാണ് ബാങ്കുകളുടെ ശ്രമം. ഐസിഐസിഐ, എച്ച്ഡിഎഫ്‌സിപോലുള്ള നവസ്വകാര്യ ബാങ്കുകള്‍ നിയോഗിച്ച പുറം കരാര്‍ ഏജന്‍സികളുടെ വഴിവിട്ട പ്രവര്‍ത്തനാനുഭവങ്ങള്‍ ഇത്തരുണത്തില്‍ എല്ലാവര്‍ക്കും പാഠമാകേണ്ടതാണ്. ബാങ്ക് രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തതിനും ബാങ്ക് തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കിയതിന്റെ പേരിലും 42 പുറംകരാര്‍ ഏജന്‍സികളുടെ സേവനം റദ്ദാക്കാനും അവരെ കരിമ്പട്ടികയില്‍പ്പെടുത്താനും റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടതും ഈയിടെയാണ്.

വിശ്വസനീയതയും സുരക്ഷിതത്വവുമാണ് ബാങ്കിങ്ങിനെ വളര്‍ത്തി വലുതാക്കുന്ന കാതലായ ഘടകങ്ങള്‍. അതു പരിഗണിക്കാതെ പുറംകരാര്‍ ഏജന്‍സികളുടെ ദയാദാക്ഷിണ്യത്തിലേക്ക് ബാങ്കുകള്‍ പ്രവേശിക്കുന്നതോടെ ബാങ്കിടപാടുകാരുടെ താല്‍പ്പര്യങ്ങളാണ് ഹനിക്കപ്പെടാന്‍ പോകുന്നത്. ഇന്ത്യന്‍ ബാങ്കിങ് സംവിധാനത്തിന്റെ അടിവേരറുക്കുന്ന ഇത്തരം പ്രതിലോമ ചിന്തകള്‍ക്കെതിരെ വലിയ സാമൂഹ്യരോഷം ഉയര്‍ന്നുവരേണ്ടതുണ്ട്.

ഇന്ത്യയില്‍ പുതിയ സ്വകാര്യബാങ്കുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തു വന്നുകഴിഞ്ഞു. സ്വകാര്യ ബാങ്കുകള്‍ക്ക് പ്രാമുഖ്യം ലഭിക്കുന്നതോടെ ബാങ്കുകളുടെ ലാഭാധിഷ്‌ഠിത ചിന്തകളുടെ മുകുളങ്ങള്‍ വര്‍ധിക്കും. ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകള്‍ തങ്ങളുടെ ജന്മലക്ഷ്യത്തെ തലകീഴാക്കി നിര്‍ത്തുന്നവിധം പ്രവര്‍ത്തിച്ചു തുടങ്ങിയാല്‍ വന്‍ വിപത്തായിരിക്കും പരിണതഫലം. ഒരിക്കല്‍ അപഥസഞ്ചാരത്തിലേക്ക് വഴുതിവീണാല്‍ തിരിച്ചുകൊണ്ടുവരിക എളുപ്പമല്ല.

വരുന്ന 2-3 വര്‍ഷങ്ങള്‍ ഇന്ത്യന്‍ ബാങ്കുകളെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. ആഗോള സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ച സ്ഥാപനങ്ങളെന്ന ഖ്യാതി ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകള്‍ക്കുണ്ട്. ഒരു സ്ഥാപനത്തിന്റെ മികവ് അവിടെയുള്ള തൊഴില്‍ശക്തിയുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ടതാണ്. വന്‍തോതില്‍ നിയമനം നടക്കാന്‍ സാഹചര്യമുള്ള ബാങ്കിങ് വ്യവസായത്തിലെ റിക്രൂട്ട്മെന്റ് നയത്തിന് അതിനാല്‍ വലിയ പ്രസക്തിയുണ്ട്. ഇന്ത്യന്‍ ബൌദ്ധിക സമ്പത്തിനെ സമാഹരിച്ചുകൊണ്ട് കരുത്തുറ്റ, ഗുണമേന്മയുള്ള ഒരു മാനവശേഷിയെ രൂപപ്പെടുത്തിയെടുക്കാന്‍ ബാങ്കുകളെ പ്രേരിപ്പിക്കേണ്ട സമയമാണിത്. പൊതുസമൂഹം ഈ പ്രശ്‌നത്തെ ഗൌരവകരമായി ഏറ്റെടുക്കേണ്ടതുണ്ട്.

ബാങ്ക് നിയമന രീതികളില്‍ നിലനില്‍ക്കുന്ന അശാസ്‌ത്രീയ സമീപനത്തെ അനാവരണംചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ബാങ്ക് ജീവനക്കാരും യുവതീ യുവാക്കളും പൊതുസമൂഹവും കേന്ദ്രസര്‍ക്കാരില്‍ കടുത്ത സമ്മര്‍ദം ചെലുത്താനായാല്‍ വലിയൊരു സാമൂഹ്യനേട്ടം കൈവരിക്കാനാകുമെന്ന് തീര്‍ച്ചയാണ്.


*****


ടി നരേന്ദ്രന്‍, കടപ്പാട് : ദേശാഭിമാനി

( ബി ഇ എഫ് ഐ സംസ്‌ഥാന കമ്മിറ്റ് അംഗമാണ് ലേഖകൻ)

2 comments:

വര്‍ക്കേഴ്സ് ഫോറം said...

1969ല ബാങ്ക് ദേശസാല്‍ക്കരണം ഇന്ത്യന്‍ ബാങ്കിങ് വ്യവസായത്തിന്റെ മുഖച്‌ഛായ മാറ്റാനിടയാക്കിയ ഒരു ചരിത്രസംഭവമാണ്. തന്മൂലം വ്യവസായത്തിന് ആവശ്യമായി വന്ന ജീവനക്കാരെ നിയമിക്കാന്‍ നിയുക്തമായ സംവിധാനമായിരുന്നു 1978ല്‍ സ്ഥാപിതമായ ബാങ്കിങ് സര്‍വീസ് റിക്രൂട്ട്മെന്റ് ബോര്‍ഡ് (ബിഎസ്ആര്‍ബി). ഭാരതത്തിന്റെ വൈവിധ്യം കണക്കിലെടുത്ത് രൂപീകൃതമായ 15 മേഖലാ ഓഫീസുകള്‍കൂടി പ്രവര്‍ത്തനക്ഷമമായതോടെ എല്ലാ ബാങ്കിലേക്കും വേണ്ട ജീവനക്കാരെ കണ്ടെത്തുന്ന കേന്ദ്ര റിക്രൂട്ടിങ് ഏജന്‍സിയായി അതു മാറി. മെറിറ്റും സംവരണവും മാനദണ്ഡമാക്കി സ്വതന്ത്രവും കാര്യക്ഷമവുമായി ബിഎസ്ആര്‍ബി രാജ്യത്താകമാനം പൊതുപരീക്ഷകള്‍ നടത്തി. അങ്ങനെ തയ്യാറാക്കിയ റാങ്ക് ലിസ്‌റ്റില്‍നിന്നാണ് ഓരോ ബാങ്കും ആവശ്യപ്പെടുന്ന മുറയ്‌ക്ക് ജീവനക്കാരെ നല്‍കിവന്നിരുന്നത്.

ഒരു നീതീകരണവുമില്ലാതെ 2001ല്‍ ബിഎസ്ആര്‍ബി പിരിച്ചുവിട്ടു. ബാങ്കിങ് രംഗത്ത് നടപ്പാക്കിയ പരിഷ്‌കരണ നടപടികളുടെ തുടര്‍ച്ചയായിട്ടായിരുന്നു ഇത്. തുടര്‍ന്ന് നിയമനങ്ങളൊന്നും നടക്കാതായി. ഓരോ ബാങ്കും തീര്‍ത്തും ആശാസ്യമല്ലാത്ത വിധം മാനദണ്ഡങ്ങളെല്ലാം ഗോപ്യമാക്കിക്കൊണ്ട് ജീവനക്കാരെ നിയമിക്കുന്ന സമ്പ്രദായം ഉടലെടുത്തു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പിന്‍വാതില്‍ നിയമനവും സ്വജനപക്ഷപാതവും അഴിമതിയും ജന്മമെടുക്കുന്നത് സ്വാഭാവികം. തൊഴിലില്ലായ്‌മയെന്ന സാമൂഹ്യദുരന്തത്തെപ്പോലും ചൂഷണംചെയ്‌ത് ബാങ്കുകള്‍ വരുമാമനമുണ്ടാക്കുകയും ബാങ്കുകളില്‍ ആവശ്യത്തിനു ജീവനക്കാരെ നിയമിക്കാതിരിക്കുകയും ചെയ്യുന്ന ഇന്നത്തെ ബാങ്ക് നിയമന സമ്പ്രദായം ഏതുവിധേനയും തിരുത്തപ്പെടേണ്ടതാണ്.

Anonymous said...

അതെ എന്‍ ജിനീയറിംഗ്‌ എന്‍ ട്റന്‍സു പോലെയായി ബാങ്ക്‌ ടെസ്ക്‌ കോച്ചിംഗ്‌ സെണ്റ്ററുകള്‍, ആരെയും എടുക്കുന്നില്ല എന്നതും സത്യം തന്നെ, എടുത്തവറ്‍ക്കു നിലവാരവും തോന്നുന്നില്ല

എസ്‌ ബീ ഐയില്‍ പുതുതായി കയറിയവറ്‍ കൌണ്ടറില്‍ ഇരിക്കാതെ ചായ കുടിക്കാനും അശ്രധമായി ജോലി ചെയ്യാനും നടക്കുന്നത്‌ കണ്ടപ്പോള്‍ ഞാന്‍ മാനേജരോട്‌ കമ്പ്ളെയിണ്റ്റ്‌ പറഞ്ഞു അപ്പോള്‍ അദ്ദേഹം പറയുന്നത്‌ അവരെല്ലം എന്‍ ജിനീയറിംഗ്‌ ഗ്രാജുവേറ്റാണു വേറെ ജോലി ആയിരിക്കുന്നവരാണു പറഞ്ഞാല്‍ ഒന്നും കേള്‍ക്കുന്നില്ല എന്നാണു വല്ലാത്ത അവസ്ഥ തന്നെ.

യൂണിയന്‍ നേതാക്കളും വെറുതെ ഇവറ്‍ ക്കുവേണ്ടി (യൂണിയനില്‍ ചേറ്‍ക്കാന്‍ കാന്‍ വാസ്‌) മുറി കണ്ടു പിടിക്കാനും മെസ്സ്‌ ഏറ്‍പ്പെടുത്താനും നടന്നത്‌ വെറുതെയായി

മര്യാദക്കു പണി ചെയ്യാതെ കസ്റ്റമറെ ശല്യപ്പെടുത്തുന്നു, കമ്പ്യൂട്ടറ്‍ ഉപയോഗിക്കാനോ മൌസ്‌ പിടിക്കാനോ ഒന്നും ശ്രമിക്കാതെ കോളേജിലെ പോലെ മൊബൈല്‍ സംസാരം ആയി നടക്കുന്നു, പോടാ പുല്ലേ എന്ന മട്ടാണെന്നു എന്തു ചെയ്യാനാണു, ഇപ്പോള്‍ എവിടെ തിരിഞ്ഞാലും എന്‍ ജിനീയറ്‍മാരാണു , അതിനാല്‍ ബീ എസ്‌ സിക്കാരെ ആറ്‍ക്കും വേണ്ട, എന്നാല്‍ എച്‌ സി എല്‍ വിപ്റോ എന്നിവറ്‍ ബീ എസ്‌ സിക്കാരെയാണു പ്റിഫര്‍ ചെയ്യുന്നത്‌ കാരണം ജോലി കളഞ്ഞു ഓടിപ്പോവില്ല എന്നത്‌ തന്നെ